കേരളത്തില്‍ തോറ്റതാര്, തോല്‍പ്പിച്ചതാര്

കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാന്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കോണ്‍ഗ്രസ്സിനെ സഹായിച്ചപ്പോള്‍ കേരളത്തിന്റ ഇടതുമുന്നണിയുടെ പരാജയം കനത്തതായി.
കേരളത്തില്‍ തോറ്റതാര്, തോല്‍പ്പിച്ചതാര്

കേന്ദ്രത്തില്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്താതിരിക്കാന്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കോണ്‍ഗ്രസ്സിനെ സഹായിച്ചപ്പോള്‍ കേരളത്തിന്റ ഇടതുമുന്നണിയുടെ പരാജയം കനത്തതായി. മോദിഭരണത്തിനു തുടര്‍ച്ചയുണ്ടാകുന്നത് മതേതര, ജനാധിപത്യ ശക്തികള്‍ക്കു നല്‍കുന്ന രാഷ്ട്രീയ തിരിച്ചടിക്കൊപ്പമാണ് കേരളത്തിലെ ഇടതുപരാജയത്തിന്റെ ആഘാതവും. കേരളം ഇത്തവണയും എന്‍.ഡി.എയ്ക്കു വാതില്‍ തുറന്നുകൊടുത്തില്ല എന്നതാണ് ഇതിനിടയിലും എല്‍.ഡി.എഫിനും മതനിരപേക്ഷ വാദികള്‍ക്കും ഏക ആശ്വാസം; ബി.ജെ.പിക്കു നിരാശയും. ബി.ജെ.പി ഏറെ പ്രതീക്ഷ വച്ച തിരുവനന്തപുരവും പത്തനംതിട്ടയും അവരെ രക്ഷിച്ചില്ല. എന്‍.ഡി.എയുടെ സാന്നിധ്യം ശക്തമായ ത്രികോണ മത്സരത്തിനു കാരണമായ ആറ് മണ്ഡലങ്ങളില്‍ അഞ്ചിലും അവര്‍ മൂന്നാമതായി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവയാണ് ത്രികോണ മത്സരങ്ങള്‍ നടന്നത്. അതില്‍ത്തന്നെ കോട്ടയത്ത് പി.സി. തോമസും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും വ്യക്തിപ്രഭാവം കൊണ്ടുകൂടി ത്രികോണ മത്സരം സൃഷ്ടിച്ചവരാണ്. എന്നാല്‍, ബി.ജെ.പി കൂടുതല്‍ ശ്രദ്ധയും പ്രതീക്ഷയും വയ്ക്കുകയും ശബരിമലയുടെ നേട്ടം കൊയ്യുമെന്നു കരുതുകയും ചെയ്ത കുമ്മനം രാജശേഖരനും കെ. സുരേന്ദ്രനും സുരേഷ് ഗോപിയും തോറ്റു. മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയാകാന്‍ ഇടയുണ്ടായിരുന്ന കുമ്മനത്തിന്റെ തോല്‍വി രാജ്യസഭാംഗം വി. മുരളീധരനു ഗുണം ചെയ്‌തേക്കും. അദ്ദേഹം മന്ത്രിയാകാന്‍ സാധ്യത. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ എന്‍.ഡി.എയില്‍ ചേര്‍ന്ന പി.സി. ജോര്‍ജ്ജിന് സുരേന്ദ്രനെ സഹായിക്കാനൊട്ടു സാധിച്ചുമില്ല.

രണ്ടു മുന്നണികളില്‍ നിന്നുമായി ഒന്‍പത് എം.എല്‍.എമാര്‍ മത്സരിച്ചു. മൂന്നു പേരാണ് ജയിച്ചത്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ. മുരളീധരന്‍ വടകരയിലും കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ എറണാകുളത്തും വിജയിച്ചു. ഈ മൂന്നു മണ്ഡലങ്ങള്‍ക്കു പുറമേ കെ.എം. മാണിയുടെ വിയോഗം മൂലം ഒഴിവു വന്ന പാലായിലും നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളാണ് ഇനി നിര്‍ണ്ണായകം. വട്ടിയൂര്‍ക്കാവ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാമതു വന്ന മണ്ഡലമാണ്. 

സമീപകാലത്തൊരിക്കലും ലോക്സയിലേക്കും കേരളനിയമസഭയിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടാകാതിരുന്ന യു.ഡി.എഫിന് ഇത്തവണ ഒരാളെ വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനായി. അത് ദളിത് സ്ത്രീയാണ് എന്നതും പ്രത്യേകതയായി. ആലത്തൂരില്‍ രമ്യാ ഹരിദാസ് ജയിച്ചപ്പോള്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ ഇഞ്ചോടിഞ്ച് പൊരുതിത്തോറ്റു.
2004-ലെ എല്‍.ഡി.എഫ് തരംഗത്തേക്കാള്‍ മികച്ചതാണ് ഇപ്പോള്‍ യു.ഡി.എഫ് നേടിയ വിജയം. 2004-ല്‍ എല്‍.ഡി.എഫിന് പതിനെട്ടു സീറ്റും മുസ്ലിം ലീഗിന് ഒരു സീറ്റും എന്‍.ഡി.എയ്ക്ക് (പി.സി. തോമസ്) ഒരു സീറ്റുമാണ് ലഭിച്ചത്. കോണ്‍ഗ്രസ്സ് ഒരിടത്തുപോലും ജയിച്ചില്ല. 

ശശി തരൂര്‍ തിരുവനന്തപുരത്തു മൂന്നാം തവണയാണ് ജയിക്കുന്നത്. മൂന്നാം തവണയും അവിടെ എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി മൂന്നാമതായി. 2009-ലെയും 2014-ലെയും തോല്‍വി മറികടക്കാനാണ് സി.പി.ഐ അവിടെ കിട്ടാവുന്നതില്‍ മികച്ച സ്ഥാനാര്‍ത്ഥിയായ സി. ദിവാകരന്‍ എം.എല്‍.എയെ മത്സരിപ്പിച്ചത്. ബി.ജെ.പി തിരുവനന്തപുരത്ത് മൂന്നാംവട്ടവും രണ്ടാമതെത്തി. ആറ്റിങ്ങലില്‍ മൂന്നാം വിജയം ഉറപ്പിച്ചു നിന്ന മികച്ച പാര്‍ലമെന്റേറിയന്‍ എ. സമ്പത്തിന്റെ തോല്‍വി നിസ്സാരമല്ല. ജയം ഉറപ്പിച്ച മണ്ഡലത്തിലാണ് ഈ പരാജയം. സി.പി.എമ്മിനൊപ്പം നില്‍ക്കുന്നുവെന്നു ഭാവിച്ച വെള്ളാപ്പള്ളി ആറ്റിങ്ങലില്‍ നിന്നത് അടൂര്‍ പ്രകാശിനൊപ്പമാണോ എന്ന വിലയിരുത്തല്‍ സജീവം. കൊല്ലത്ത് എന്‍.കെ. പ്രേമചന്ദ്രനെ ഇത്തവണ തോല്പിച്ചേ മതിയാകൂ എന്ന വാശിയോടെയാണ് സി.പി.എം കെ.എന്‍. ബാലഗോപാലിനെ മത്സരിപ്പിച്ചത്. എന്നാല്‍, ലോക്സഭയിലേക്കുള്ള കന്നി മത്സരത്തില്‍ അദ്ദേഹത്തിനു ജയിക്കാനായില്ല. പ്രേമചന്ദ്രന്റെ വിജയത്തിനാകട്ടെ, പത്തരമാറ്റാണ്. തോറ്റിരുന്നെങ്കില്‍ പ്രേമചന്ദ്രന്റെ രാഷ്ട്രീയ ഭാവിതന്നെ പ്രതിസന്ധിയിലാകുമായിരുന്നു. പത്തനംതിട്ടയില്‍ സി.പി.എം പ്രതീക്ഷയോടെയാണ് ആറന്‍മുള എം.എല്‍.എ വീണാ ജോര്‍ജ്ജിനെ മത്സരിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ജയിക്കാനായിരുന്നെങ്കില്‍ അത് ഏതു തോല്‍വിയേയും മറികടക്കുന്ന രാഷ്ട്രീയ വിജയമാകുമായിരുന്നു. അവിടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇല്ലാതിരിക്കുകയും പിന്നീട് കെ.പി.സി.സി ഉള്‍പ്പെടുത്തുകയും ചെയ്ത ആന്റോ ആന്റണിക്കാണ് ജയം. സുരേന്ദ്രനു ലഭിക്കേണ്ട വോട്ടുകളിലൊരു ഭാഗം കൂടി അതിനു സഹായകമായി.


ആലപ്പുഴയിലും എം.എല്‍.എയെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതു വിജയം കണ്ടു. ഷാനിമോള്‍ ഉസ്മാന് തരംഗത്തിന്റെ ഭാഗമാകാന്‍ ഭാഗ്യമില്ലാതെ പോവുകയും ചെയ്തു. സ്വന്തം നാട്ടിലാണ് ഈ പരാജയം എന്നത് അവരുടെ രാഷ്ട്രീയ നിലനില്പിനെ താല്‍ക്കാലികമായെങ്കിലും ബാധിച്ചേക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസ്സിലെ തോമസ് ചാഴികാടന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത് അപ്രതീക്ഷിതമായിരുന്നു. പി.ജെ. ജോസഫ് കോട്ടയത്ത് മത്സരിക്കാന്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ അതിന് അനുവദിക്കാതെ കെ.എം. മാണി ചാഴികാടനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മാണി അവസാനമായി പങ്കെടുത്ത പൊതുപരിപാടിയും ചാഴികാടന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായിരുന്നു. അവിടെ മുന്‍ മാണി കേരള കോണ്‍ഗ്രസ്സ് നേതാവ് പി.സി. തോമസ് പിടിക്കുന്ന വോട്ടുകള്‍ എല്‍.ഡി.എഫിന് അനുകൂലമാകും എന്ന പ്രതീക്ഷ ഫലം കണ്ടില്ല. 

ഇടുക്കിയില്‍ 2014-ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജിനെ സഹായിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കത്തോലിക്കാ സഭയുടെ പിന്തുണയും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇത്തവണ തുണച്ചില്ല. അന്നു തോറ്റ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിന് ഇത് അഭിമാനകരമായ തിരിച്ചുവരവായി. മുന്‍ ജില്ലാ സെക്രട്ടറിയും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി. രാജീവിനെക്കൊണ്ട് സി.പി.എം തിരിച്ചുപിടിക്കാന്‍ ശ്രമിച്ച എറണാകുളത്ത് കെ.വി. തോമസിനെ മാറ്റി ഹൈബി ഈഡന്‍ എം.എല്‍.എയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയതിനു ഫലമുണ്ടായി. ചാലക്കുടിയില്‍ കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രനായിരുന്ന ഇന്നസെന്റിനെ ഇത്തവണ പാര്‍ട്ടിചിഹ്നത്തിലാണ് മത്സരിപ്പിച്ചത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനെ അവിടെ ഇന്നസെന്റ് തോല്‍പ്പിക്കും എന്ന് സി.പി.എം ഉറച്ചു വിശ്വസിച്ചിരുന്നു. 

തൃശൂരില്‍ ജയം ഉറപ്പില്ലെന്ന് കെ.പി.സി.സി യോഗത്തില്‍ പറഞ്ഞ ടി.എന്‍. പ്രതാപന്‍ പിന്നീട് അതു പരസ്യമായി നിഷേധിച്ചു. എങ്കിലും അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് ജയിക്കും എന്ന പ്രതീതി പരന്നു. എന്‍.ഡി.എ ആദ്യം സ്ഥാനാര്‍ത്ഥിയാക്കിയ തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിയെ നേരിടാന്‍ വയനാട്ടിലേക്കു പോയപ്പോഴാണ് സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായത്. പക്ഷേ, അത് പ്രതാപന്റെ സാധ്യതയെ ബാധിക്കും എന്ന വിലയിരുത്തല്‍ പൊളിയുന്നതാണ് കണ്ടത്.
എല്‍.ഡി.എഫിനേയും സി.പി.എമ്മിനേയും ഞെട്ടിച്ച പ്രധാന പരാജയം പാലക്കാട് മണ്ഡലത്തിലേതാണ്. എം.ബി. രാജേഷ് മൂന്നാം വട്ടവും അനായാസം ജയിക്കും എന്നായിരുന്നു കേരളത്തില്‍ എല്‍.ഡി.എഫിനു തകര്‍ച്ച പ്രവചിച്ചവര്‍പോലും വിലയിരുത്തിയത്. അവിടെ കോണ്‍ഗ്രസ്സിലെ വി.കെ. ശ്രീകണ്ഠന്റെ ജയത്തിന് അടിയൊഴുക്കുകളേറെയുണ്ട്. ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെ ഗംഭീര വിജയത്തെ സഹായിച്ചത് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്റെ വിവാദ മലപ്പുറം പ്രസംഗം കൂടിയാണ്. രമ്യാ ഹരിദാസിന്റെ സ്ത്രീത്വത്തെ അദ്ദേഹം അപമാനിച്ചു എന്ന വിവാദവും കേസുമുണ്ടായി. എന്നാല്‍, പി.കെ. ബിജുവിന്റെ തോല്‍വിയെക്കുറിച്ചു പരസ്യമായല്ലെങ്കിലും എല്‍.ഡി.എഫ് വൃത്തങ്ങള്‍ മുന്‍പേ പറഞ്ഞിരുന്നു. അതിന് ഇനിയും പുറത്തുവരാനിരിക്കുന്ന മറ്റു കാരണങ്ങളുമുണ്ട്. കോഴിക്കോട് മണ്ഡലത്തില്‍ എം.കെ. രാഘവന്‍ മൂന്നാമതും ജയിക്കുന്നതു തടയാന്‍ സി.പി.എം മത്സരിപ്പിച്ച എ. പ്രദീപ് കുമാര്‍ എം.എല്‍.എ രാഘവനെപ്പോലെ തന്നെ ജനകീയനെന്നാണ് പ്രചരിച്ചത്. അത് അതിശയോക്തിയായിരുന്നുമില്ല. പക്ഷേ, രാഘവനെ പ്രതിരോധത്തിലാക്കിയ ഒളിക്ക്യാമറ വെളിപ്പെടുത്തലിനും അതിന്റെ പേരിലുണ്ടായ കേസിനും ശേഷമുണ്ടായ വിജയത്തിനു തിളക്കമേറെ. 
പൊന്നാനിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയെ ഇറക്കി ഇ.ടി. മുഹമ്മദ് ബഷീറിനെ നേരിട്ട സി.പി.എമ്മിനു കനത്ത തിരിച്ചടിയാണ് കിട്ടിയത്. തോറ്റാല്‍ പൊതുജീവിതം അവസാനിപ്പിക്കും എന്ന അന്‍വറിന്റെ 'വാഗ്ദാനം' നിലനില്‍ക്കുന്നു. കഴിഞ്ഞ തവണ സി.പി.എം സ്വതന്ത്രന്‍ വി. അബ്ദുറഹിമാനെതിരെ ലഭിച്ചതിനേക്കാള്‍ അഞ്ചിരട്ടിയാണ് ഇത്തവണ ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം. ചെറുതെങ്കിലും ജയം ഉണ്ടായിക്കൂടായ്കയില്ല എന്നൊരു പ്രതീക്ഷ പൊന്നാനിയെക്കുറിച്ച് സി.പി.എം വച്ചുപുലര്‍ത്തിയിരുന്നു. മലപ്പുറത്ത് സി.പി.എമ്മിന്റെ യുവ സ്ഥാനാര്‍ത്ഥി വി.പി. സാനുവിന്റെ തോല്‍വിയാണ് യാദൃച്ഛികമല്ലാത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി ഭൂരിപക്ഷം ഉയര്‍ത്തുകയും ചെയ്തത് സ്വാഭാവികം. 
വടകരയില്‍ കെ. മുരളീധരന്റെ വിജയത്തേക്കാള്‍ പ്രധാനമാണ് പി. ജയരാജന്റെ തോല്‍വി. ജയരാജനെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി ആരാകും എന്ന ചോദ്യത്തിന് എളുപ്പത്തിലല്ല കോണ്‍ഗ്രസ്സ് ഉത്തരം കണ്ടെത്തിയത്. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ വടകരയില്‍ 1991-ലെ കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യത്തിനു വീണ്ടും ശ്രമിക്കുകയാണ് എന്ന ആരോപണം സി.പി.എം ഉയര്‍ത്തിയിരുന്നു. പിണറായി വിജയനെപ്പോലെതന്നെ സംഘപരിവാറിന് അനഭിമതനായ പ്രമുഖ സി.പി.എം നേതാവാണ് പി. ജയരാജന്‍ എന്നതും മുരളീധരന്റെ മികച്ച വിജയവും തമ്മിലുള്ള ബന്ധം ചര്‍ച്ചയായി മാറിയേക്കും. ജില്ലാ സെക്രട്ടറിയല്ലാതായ ജയരാജനെ സി.പി.എം ഇനി പാര്‍ട്ടിയുടെ ഏതു ചുമതലയിലേക്കു മാറ്റാന്‍ പോകുന്നു എന്നതും പ്രധാനം. 'പാര്‍ട്ടിക്കും മുകളിലായ' പി. ജയരാജനെ ഒതുക്കാനാണ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്നു വിലയിരുത്തിയവരുമുണ്ട്. 

കണ്ണൂരിലെ സി.പി.എം സംഘടനാ സംവിധാനം സമീപ മണ്ഡലമായ വടകരയിലേക്കു കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അത് പി.കെ. ശ്രീമതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളെപ്പോലും ബാധിച്ചു എന്നും വന്നു. പക്ഷേ, കെ. സുധാകരന്റെ വിജയത്തില്‍ അതിനേക്കാള്‍ പ്രധാനമായ രാഷ്ട്രീയ അടിയൊഴുക്കുകളുണ്ട്. ബി.ജെ.പി സുധാകരനെ എത്രത്തോളം സഹായിച്ചു എന്നതും പ്രധാനം. ശബരിമല വിഷയത്തില്‍ ബി.ജെ.പിയെക്കാള്‍ ആവേശം സുധാകരന്‍ പ്രകടിപ്പിച്ചിരുന്നു. കാസര്‍ഗോഡ് മണ്ഡലത്തില്‍ കാലങ്ങളായി ജയിച്ചുവന്ന സി.പി.എം ഇത്തവണ കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് കെ.പി. സതീശ് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍പ് ഒരു മത്സരത്തിലും ജയിക്കാത്ത രാജ്മോഹന്‍ ഉണ്ണിത്താന് കന്നിവിജയം നേടാന്‍ സംസ്ഥാനവ്യാപക കോണ്‍ഗ്രസ്സ് തരംഗം കാരണമായി. പക്ഷേ, തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ദിവസങ്ങള്‍ക്കു മുന്‍പു മാത്രം നടന്ന പെരിയ ഇരട്ടക്കൊല കൂടി അവിടെ ജനവികാരം എല്‍.ഡി.എഫിന് എതിരാക്കി എന്നു മനസ്സിലാക്കേണ്ടിവരും. രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതും അവരുടെ ദരിദ്രമായ ജീവിത ചുറ്റുപാടുകളും കേരളത്തെ പിടിച്ചുകുലുക്കുകതന്നെ ചെയ്തു. അത് മറ്റു മണ്ഡലങ്ങളിലെ വിജയത്തെക്കൂടി സ്വാധീനിക്കുകയും ചെയ്തു. 
ന്യൂനപക്ഷ സമുദായ വോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷ സമുദായങ്ങളില്‍നിന്നുള്ള വോട്ടുകൂടി യു.ഡി.എഫിനെ സഹായിച്ചിട്ടുണ്ടോ എന്ന് ഇഴകീറി പരിശോധിക്കാന്‍ ഇനിയും സമയമുണ്ട്. ശബരില വിഷയം ബി.ജെ.പിക്ക് ഗുണകരമായില്ലെങ്കിലും അത് സി.പി.എമ്മിനെതിരായ വികാരമാക്കി മാറ്റിക്കൊണ്ട് സംഘപരിവാര്‍ വിതച്ചത് യു.ഡി.എഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് കൊയ്‌തെടുത്തതാണ് കേരളം കണ്ടത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ ന്യൂനപക്ഷങ്ങളും സി.പി.എമ്മിനെതിരെ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഭൂരിപക്ഷങ്ങളും തീരുമാനിച്ചപ്പോള്‍ ഫലം യു.ഡി.എഫ് തരംഗമായി. അത്യധ്വാനം ചെയ്യാതെ നേടിയ ഗംഭീര വിജയം. 
വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടിയ മികച്ച വിജയം കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും യു.ഡി.എഫിനും അഭിമാനിക്കാന്‍ വക നല്‍കുന്നു. പക്ഷേ, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ വയനാട്ടില്‍ മത്സരിച്ചത് ന്യൂനപക്ഷ കേന്ദ്രീകരണത്തിനു കൂടുതല്‍ കരുത്തു പകര്‍ന്നുവെന്ന അവകാശവാദത്തിനു തെരഞ്ഞെടുപ്പിനു ശേഷമുള്ള ദേശീയസാഹചര്യത്തില്‍ തിളക്കം നഷ്ടപ്പെട്ടിരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com