കറുത്ത പൊന്‍മയെ കാത്ത്: കെആര്‍ മീര എഴുതുന്നു (തുടര്‍ച്ച)

കറുത്ത പൊന്‍മയെ കാത്ത്: കെആര്‍ മീര എഴുതുന്നു (തുടര്‍ച്ച)

'കുമാരി' വാരികയില്‍നിന്നു 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലേക്ക് ഒന്നര പതിറ്റാണ്ട് ദൂരമുണ്ടായിരുന്നു. ആ ദൂരം താണ്ടുന്നതിനിടയില്‍ ഒരിക്കല്‍  മാത്രമേ ഞാന്‍ ഒരു സാഹിത്യസൃഷ്ടി ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തിന് അയച്ചിട്ടുള്ളൂ.  
പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ആയിരുന്നു അത്. കഥയുടെ പേര് 'കറുത്ത പൊന്‍മയെ കാത്ത്.' കറുത്ത പൊന്‍മ, മരണമാണ്. അത് ഒ.എന്‍.വി. സാറിന്റെ കവിതയിലെ ബിംബമാണ്. ആ കവിതകള്‍ കാണാപ്പാഠമായിരുന്നതുകൊണ്ട് കറുത്ത പൊന്‍മയെ ഞാനങ്ങെടുത്തു. 

കഥ വളരെ തീവ്രമായിരുന്നു. കാല്പനികയായ ഒരു പെണ്‍കുട്ടിയാണ് നായിക എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അവള്‍ ആശുപത്രിയിലാണ്. കാന്‍സര്‍ വന്നു മരിക്കാന്‍ കിടക്കുകയാണ്. അവളുടെ അച്ഛന്‍ ഒരു മദ്യപനാണ്. അസ്തിത്വ ദു:ഖത്തിനു പുറമെ ആ ദു:ഖവും അവള്‍ക്കുണ്ട്.  ജനാലയിലൂടെ നോക്കിയാല്‍ നീലപ്പൊന്‍മാന്‍ വെള്ളത്തില്‍നിന്നു മീന്‍ കൊത്തി പറക്കുന്ന കാഴ്ച കാണാം. അതുപോലെ മരണം തന്നെ കൊത്തിയെടുത്തു പറക്കുമെന്ന് അവള്‍ക്ക് അറിയാം. അപ്പോഴതാ അവിടെ സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ചികിത്സയ്ക്കെത്തുന്നു. അയാളും മരണാസന്നനാണ്. അവര്‍ പ്രേമിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. പ്രേമകഥ എഴുതി അച്ഛനെ കൊലപാതകിയാക്കാന്‍ എനിക്കു ധൈര്യമില്ല. വേണമെങ്കില്‍ പ്രേമിക്കാം പ്രേമിക്കാതിരിക്കാം എന്ന മട്ടില്‍ അവസാനിപ്പിച്ചു. പ്രേമിച്ചാലും പ്രേമിച്ചില്ലെങ്കിലും രണ്ടു പേരും തട്ടിപ്പോകും. അതെഴുതുമ്പോള്‍ എം.ടിയുടെ  മഞ്ഞ് ഞാന്‍ വായിച്ചിട്ടില്ല. കറുത്ത പൊന്‍മ എന്ന രൂപകം ഒഴിച്ചാല്‍ മറ്റെല്ലാം എന്റെ സ്വന്തം ശിരസ്സില്‍നിന്ന് ഉറവപൊട്ടിയതാണ്. കഥ വളരെ കാവ്യാത്മകമായിരുന്നു. വായിച്ച് എന്റെ സ്വന്തം കണ്ണുപോലും നിറഞ്ഞൊഴുകി. 

ആ കഥയും താര കണ്ടുപിടിച്ചു. വായിച്ചു. എന്റെ നേരെ കണ്ണുരുട്ടി. 
''ഇയാള്‍ക്ക് എന്തൊരു ചങ്കൂറ്റമാടേ മീരച്ചേച്ചീ? കേറിക്കേറി അച്ഛന്റെ നെഞ്ചത്തായോ കഥയെഴുത്ത്?''
''അതിനു ഞാനങ്ങനെയൊന്നും...''
''കള്ളം, കള്ളം! ഇത് അച്ഛനെക്കുറിച്ചു തന്നാ. ബ്രാന്‍ഡി കുപ്പികള്‍ അലമാരയുടെ പിറകിലെന്നൊക്കെ എഴുതിയതു ഞാന്‍ ഇപ്പം അച്ഛനെ കാണിച്ചുകൊടുക്കും. എന്നാലും സ്വന്തം അച്ഛനെക്കുറിച്ച് ഇങ്ങനെയൊക്കെ ഇയാള്‍ എഴുതിപ്പിടിപ്പിച്ചല്ലോടേ?''
''എടീ ഇതൊരു കഥയല്ലേ?'' 
''സ്വന്തം അച്ഛനെക്കുറിച്ചു തോന്നിവാസം എഴുതിപ്പിടിപ്പിച്ചിട്ട് കഥയാണെന്നു പറഞ്ഞാല്‍ മതിയല്ലോ?'' 
''താരേ, പ്ലീസ്...''
''ഞാന്‍ അച്ഛനെ കാണിക്കണോ വേണ്ടായോ?''
''എന്റെ പൊന്നു വാവയല്ലേ...'' 
ശരി... ഇതു വായിച്ചാല്‍ അച്ഛന്‍ ഇയാളെ തല്ലിക്കൊല്ലും എന്നോര്‍ത്ത് ഞാന്‍ വേണ്ടെന്നു വയ്ക്കുന്നു. പക്ഷേ, എന്റെ ഈ നല്ല മനസ്സ് ഇയാള് എപ്പോഴും ഓര്‍മ്മയില്‍ വയ്ക്കണം.''
അവള്‍ അന്ന് എന്തൊക്കെ കൈക്കൂലി വാങ്ങി എന്ന് എനിക്കോര്‍മ്മയില്ല. ഏതായാലും ഒരു കഥയ്ക്കു കൊടുക്കാവുന്നതില്‍ ഏറ്റവും ഉയര്‍ന്ന വിലതന്നെ ഞാന്‍ കൊടുത്തു.  അന്നു മാത്രമല്ല, തുടര്‍ന്നും. 
വൈകാതെ സംഗതി അമ്മയുടെ കയ്യിലുമെത്തി. അമ്മയ്ക്ക് കഥ വളരെ ഇഷ്ടപ്പെട്ടു. പതിവുപോലെ എം.ഡി. രത്‌നമ്മ ടീച്ചറിനെ പിടിച്ചിരുത്തി വായിപ്പിച്ചു. 'മീരയുടെ ഭാഷ മനോഹരമാണ്' എന്നു ടീച്ചര്‍ അഭിനന്ദിച്ചു. ''ഇത് ഏതെങ്കിലും മാസികയ്ക്ക് അയച്ചുകൊടുക്കൂ'' എന്നു നിര്‍ദ്ദേശിച്ചു. പ്രീഡിഗ്രി പരീക്ഷയുടെ വേളയാണ്. മകളെ എം.ബി.ബി.എസും എന്‍ജിനീയറിങ്ങും കൂടാതെ വേറെ വല്ല കോഴ്സുമുണ്ടെങ്കില്‍ അതും എങ്ങനെ പഠിപ്പിക്കാം എന്ന് അച്ഛന്‍ തലപുകയ്ക്കുന്ന കാലമാണ്. കണ്ണില്‍പ്പെട്ടാലുടന്‍ 'അല്പാഹാരം, ജീര്‍ണ്ണ വസ്ത്രം, ശ്വാനനിദ്ര' എന്നൊക്കെ ഉരുവിട്ടു ഭീഷണിപ്പെടുത്തുകയാണ്. 

അതിനു തൊട്ടുമുന്‍പ് കോളേജ് മാഗസിനില്‍ ഞാന്‍ 'കപ്പല്‍യാത്രക്കുറിപ്പുകള്‍' എന്നൊരു കഥ എഴുതിയിരുന്നു. ആധുനിക കഥയാണ്. അതിഭയങ്കര തത്ത്വജ്ഞാനം. ആ കഥ വായിച്ചാണ് അമ്മയുടെ സഹപ്രവര്‍ത്തകയും എന്റെ അദ്ധ്യാപികയുമായ സി. ചന്ദ്രമതി ടീച്ചര്‍ എന്നെ മാനസ പുത്രിയായി അംഗീകരിച്ചത്. ചില സഹൃദയര്‍ കഥ നന്നായി എന്ന് അച്ഛനോടു പറഞ്ഞു. അപ്പോള്‍ അച്ഛന് എന്നോടു കോപമുണ്ടായി. കാരണം, അത് അത്യാധുനികമായതിനാല്‍ ഞാന്‍ എന്താണു പറയാന്‍ ശ്രമിക്കുന്നത് എന്ന് അച്ഛന് ഒട്ടും മനസ്സിലായില്ല. മറ്റു ചിലര്‍ അതു വായിച്ചിട്ട്  ''ഒന്നും മനസ്സിലായില്ലല്ലോ സാറേ'' എന്നു പറഞ്ഞു. അപ്പോഴും അച്ഛന് കോപമുണ്ടായി. കാരണം, മറ്റുള്ളവര്‍ മോശപ്പെട്ടതെന്നു പറയുന്ന കഥയെഴുതിയത് അച്ഛനു നാണക്കേടായി. എന്നെ കാണുമ്പോഴൊക്കെ ഉണ്ടക്കണ്ണുരുട്ടി, കൊമ്പന്‍മീശ പിരിച്ച് ''അവള്‍ക്ക് എന്തെല്ലാം പഠിക്കാനുണ്ട്, അതിനിടയിലാണ് കഥ'' എന്നൊക്കെ മുരണ്ടുമുരണ്ടു നടക്കുകയാണ് അച്ഛന്‍.   അതിനിടയിലാണ് എന്റെ കറുത്ത പൊന്‍മ. 

ഞാന്‍ കഥ എഴുതുകയും തിരുത്തി എഴുതുകയും ചെയ്തുകൊണ്ടിരുന്നു. കടലാസില്‍ ഉരുട്ടിപ്പിടിച്ചെഴുതുകയാണ്. ഒരുപാടു നേരമെടുക്കും. വെട്ടും തിരുത്തും വന്നാല്‍ മാറ്റി മറ്റൊരു പേപ്പറില്‍ എഴുതും. വലിയ അധ്വാനമാണ്. ഒളിച്ചും പാത്തും ഞാന്‍ സംഗതി പ്രസിദ്ധീകരണത്തിനു സജ്ജമാക്കി. കവറും സ്റ്റാമ്പും സംഘടിപ്പിച്ചു. ഒറ്റയ്ക്കു പോസ്റ്റ് ഓഫീസില്‍ പോയി. പോസ്റ്റ് ചെയ്തു. വലിയ സാഹസമാണ്. അന്നു കലാകൗമുദിക്ക് ഉണ്ടായിരുന്ന  വിമന്‍സ് മാഗസിന്‍ എന്ന പ്രസിദ്ധീകരണത്തിനാണ് അയച്ചുകൊടുത്തത്. എന്തുകൊണ്ട് വിമന്‍സ് മാഗസിന്‍? കാരണമുണ്ട്. അത് അന്ന് ഒരു ചെറിയ മാസികയാണ്. അപ്പോള്‍ അവിടെ കോംപറ്റീഷന്‍ താരതമ്യേന കുറവായിരിക്കും.  അടുത്ത ലക്കത്തില്‍ത്തന്നെ അച്ചടിച്ചു വരും. ശുഭാപ്തിവിശ്വാസം കത്തിജ്വലിച്ചു. ആത്മവിശ്വാസം വെട്ടിത്തിളച്ചു. 

ആഴ്ചകള്‍ കഴിഞ്ഞു. സ്റ്റഡി ലീവ് തുടങ്ങി. അയച്ചുപോയ കഥയെക്കുറിച്ചു വിവരമൊന്നുമില്ല. അതിനിടയില്‍ അപ്പച്ചിമാരില്‍ (അച്ഛന്റെ സഹോദരി)  ഒരാള്‍ക്ക്  മലപ്പുറത്തെ ഒരു സ്‌കൂളില്‍ ജോലിക്ക് സാധ്യത തെളിഞ്ഞു. അമ്മയും അച്ഛനും കൂടി മലപ്പുറത്തേക്കു പുറപ്പെട്ടു. മൂന്നോ നാലോ ദിവസത്തെ ട്രിപ്പ് ആണ്. മലപ്പുറം എന്നൊക്കെ പറഞ്ഞാല്‍ ശാസ്താംകോട്ടക്കാര്‍ക്കു ഭൂമിയുടെ മറ്റേ അറ്റത്ത് എവിടെയോ ആണ്.  എനിക്കും താരയ്ക്കും കൂട്ടായി അപ്പച്ചി വീട്ടില്‍ ഉണ്ട്.  ഞാന്‍ പഠിത്തത്തിന്റെ തിരക്കിലാണ്. 
ദിവസങ്ങള്‍ പെട്ടെന്നു കടന്നുപോയി. അച്ഛനും അമ്മയും തിരിച്ചെത്തുകയായി. അച്ഛന്‍ പടിഞ്ഞാറെ മുറിയിലേക്കു കയറുന്നതും ചാരുകസേരയില്‍ ഇരിക്കുന്നതും ടീപ്പോയ്മേല്‍ ഇരുന്ന വെളുത്ത കവര്‍ എടുത്തു നോക്കുന്നതും ഞാന്‍ കണ്ടു. പക്ഷേ, ഒട്ടും ഗൗനിച്ചില്ല. അച്ഛനു വന്ന ഏതോ കത്ത് - ഞാനെന്തിനു ഗൗനിക്കണം?   പിന്നെ കേട്ടത് ''മീരേ'' എന്ന ഗര്‍ജ്ജനമാണ്.  ഞാന്‍ ഓടിച്ചെന്നു. അച്ഛന്റെ ഒരു കയ്യില്‍ കവര്‍ ഉണ്ട്. അതിനുള്ളില്‍നിന്നെടുത്ത ഒരു കടലാസ് മറ്റേ കയ്യിലുണ്ട്. അച്ഛന്റെ കണ്ണുകള്‍ കോപംകൊണ്ട് ചുവന്നു കലങ്ങിയിരിക്കുന്നു. നോക്കിയാല്‍ പേടി തോന്നും. ചാട്ടവാറടിപോലെയാണ് ചോദ്യങ്ങള്‍: നീ കഥയെഴുതിയോ? അത് ആര്‍ക്കെങ്കിലും അയച്ചുകൊടുത്തോ? നിനക്ക് കവര്‍ എവിടുന്നു കിട്ടി? സ്റ്റാംപ് എങ്ങനെ വാങ്ങിച്ചു? പോസ്റ്റ് ചെയ്തത് ആരാണ്? നീ തനിച്ച് പോസ്റ്റ് ഓഫീസില്‍ പോയോ? ആരോടു ചോദിച്ചോണ്ടു പോയി? എപ്പോള്‍ പോയി? എങ്ങനെ പോയി? ഇതിനു മുമ്പ് നീ പോസ്റ്റ് ഓഫീസില്‍ പോയിട്ടുണ്ടോ? പതിവായി പോകാറുണ്ടോ? 
 

ഞാന്‍ നിന്നു വിറയ്ക്കുകയായിരുന്നു. ക്രൂരമായ അധിക്ഷേപങ്ങളും ശാപവചനങ്ങളുമാണ്. എല്ലാം ഏറ്റുവാങ്ങി പിടയുമ്പോള്‍ അപ്പച്ചി എത്തിനോക്കുന്നത് എനിക്കു കാണാം. ആ കവര്‍ തപാലില്‍ നേരത്തെ വന്നതാണ്. പെണ്‍കുട്ടികള്‍ക്കുള്ള കത്തുകള്‍ അവരുടെ അച്ഛനാണ് ആദ്യം വായിക്കേണ്ടത് എന്ന സദാചാര ബോധ്യത്തില്‍ അപ്പച്ചി അത് അച്ഛന്റെ ടീപ്പോയ്മേല്‍ വച്ചതാണ്. അത്രയും കാര്യങ്ങള്‍ സുവ്യക്തമായിരുന്നു. പക്ഷേ, കവറില്‍ എന്താണ് എന്ന് അറിയില്ല. കുറേ കഴിഞ്ഞ്, കരഞ്ഞു കരഞ്ഞു തളര്‍ന്നുകഴിഞ്ഞ്, അച്ഛന്‍ വന്ന് ആ കവര്‍  എന്റെ മുഖത്തേക്ക് എറിഞ്ഞുതന്നു. അതില്‍ ഒരു കത്ത് ഉണ്ടായിരുന്നു. അതിലെ വാക്യങ്ങള്‍ ഏകദേശം ഇങ്ങനെയായിരുന്നു: 
''പ്രിയപ്പെട്ട മീര, കഥ കിട്ടി. മീരയ്ക്ക് എഴുതാന്‍ കഴിവുണ്ട്. പക്ഷേ, എഡിറ്റിങ്ങിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത് വേണ്ടത് മനസ്സിലാണ്. മീരയുടെ കഥയില്‍ ചോദ്യങ്ങള്‍ കുറേയുണ്ട്.  അതൊക്കെ കഥയുടെ ഭംഗി കെടുത്തുന്നു. ഒന്നുകൂടി മാറ്റിയെഴുതി അയച്ചു തരൂ. സസ്നേഹം സുധാവാര്യര്‍.''
 ഒപ്പം എന്റെ കഥയും. 
അല്ലെങ്കില്‍ത്തന്നെ ഞാന്‍ തകര്‍ന്നിരിക്കുകയായിരുന്നു.  അതിനിടയിലാണ് സുധാവാര്യരുടെ ഒരു ഗീതോപദേശം! ഞാന്‍ കത്തും കഥയും വലിച്ചുകീറി ദൂരെയെറിഞ്ഞു. കലങ്ങിയ കണ്ണും അഴിച്ചിട്ട മുടിയുമായി ഒരുഗ്ര ശപഥവും എടുത്തു:

 ഇനി ഒരു കഥ ഈ ഞാന്‍ പ്രസിദ്ധീകരണത്തിന് അയയ്ക്കുമെങ്കില്‍ അത് എഡിറ്റര്‍മാര്‍ക്കു കഥ തിരിച്ചയയ്ക്കാന്‍ സ്വന്തമായി ഒരു മേല്‍വിലാസവും എനിക്കു വരുന്ന കത്തുകള്‍ മറ്റാരും സെന്‍സര്‍ ചെയ്യാത്ത  കാലവും ഉണ്ടാകുമ്പോള്‍ മാത്രം!  
എന്നിട്ടും കലി അടങ്ങിയില്ല. അടുത്ത ലക്കം വിമന്‍സ് മാഗസിനുവേണ്ടി ഞാന്‍ കാത്തിരുന്നു. അതില്‍ ശോഭാവാര്യര്‍ എന്ന എഴുത്തുകാരിയുടെ കഥയുണ്ടായിരുന്നു. അതിനോടൊപ്പം ഊഞ്ഞാലാടുന്ന ഒരു ചിത്രവും കണ്ടതായി ഓര്‍മ്മയില്‍ ഒരു മിന്നായമുണ്ട്. സുധാവാര്യരുടെ ബന്ധുവായിരിക്കും ശോഭാവാര്യര്‍ എന്നു ഞാന്‍ തിടുക്കപ്പെട്ടു തീരുമാനിച്ചു. നിരസിക്കപ്പെട്ടതിന്റെ രോഷവും അപമാനവും മനസ്സില്‍ തിളച്ചുമറിഞ്ഞു. ഒട്ടും മടിച്ചില്ല. ഒരു കവറും സ്റ്റാമ്പും കൂടി ഞാന്‍ ചെലവാക്കി. ഒരു തവണ കൂടി ജീവന്‍ പണയം വച്ച് പോസ്റ്റ് ഓഫീസില്‍ പോയി. 
ആ കത്ത് ഏകദേശം ഈ മട്ടില്‍ ആയിരുന്നു : 
''പ്രിയപ്പെട്ട മാഡം, എന്റെ കഥയുടെ കുഴപ്പങ്ങള്‍ ഒക്കെ പറഞ്ഞല്ലോ.  ഈ ലക്കത്തില്‍ നിങ്ങള്‍ പ്രസിദ്ധീകരിച്ച ശോഭാവാര്യരുടെ കഥ വായിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. ഇതുപോലെയുള്ള കഥകളാണ് മാഡത്തിന് ആവശ്യം എന്നു ഞാന്‍ അറിഞ്ഞില്ല.''
 -എന്റെ കത്തിന്  മറുപടി വന്നില്ല. പിന്നെ ഞാന്‍ കഥ എഴുതാന്‍ തുനിഞ്ഞതുമില്ല. 
ഒന്നോ രണ്ടോ കഥകള്‍ തിരിച്ചുവന്നാല്‍ ഹൃദയം തകരുന്നവനാണ് നിങ്ങളെങ്കില്‍ കഥയെഴുത്തു നിങ്ങള്‍ക്കു പറ്റിയ പണിയല്ല എന്ന് എം.ടി. വാസുദേവന്‍നായര്‍ 'കാഥികന്റെ പണിപ്പുര'യില്‍ എഴുതിയത് ആ പ്രീഡിഗ്രിക്കാരി അന്നു വായിച്ചിട്ടില്ല. അവള്‍ അക്കൊല്ലമാണ് എം.ടി. വാസുദേവന്‍നായര്‍ എന്ന എഴുത്തുകാരന്റെ ഒരു രചന ആദ്യമായി വായിക്കുന്നതുതന്നെ. അതും യാദൃച്ഛികമായി. അമ്മയുടെ സഹപ്രവര്‍ത്തകനും അച്ഛന്റെ നാട്ടുകാരനുമായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി സാറിന്റെ വീട്ടില്‍ വച്ച്. 

എംടി വാസുദേവന്‍നായര്‍
എംടി വാസുദേവന്‍നായര്‍


ഫോര്‍ത്ത് ഓപ്ഷനല്‍ ആയി കണക്കു പഠിച്ചിരുന്നതിനാല്‍ ട്യൂഷന്‍ ആവശ്യമായിരുന്നു. കണക്കു പഠിപ്പിച്ചത് പ്രസന്നന്‍ സാറാണ്. എഴുത്തുകാരന്‍ മനോജ് ജാതവേദരുടെ ചേട്ടന്‍. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി സാറിന്റെ ഭാര്യ. പോറ്റി സാറിന്റെ മകള്‍ ഗീതയെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ അദ്ദേഹം ശാസ്താംകോട്ടയില്‍ എത്തിയിരുന്നത്. അത് എന്നെപ്പോലെ കുറച്ചു കുട്ടികള്‍ക്കു കൂടി അനുഗ്രഹമായി. ഇത്രയും വ്യക്തമായും കൃത്യമായും കണക്കു പഠിപ്പിക്കാന്‍ സിദ്ധിയുള്ള അദ്ധ്യാപകര്‍ കുറവാണ്. പ്രസന്നന്‍ സാര്‍ പഠിപ്പിക്കുമ്പോള്‍ കണക്ക് മുന്തിരിച്ചാര്‍ കണക്കെയാകും. 

ഉണ്ണിക്കൃഷ്ണന്‍ പോറ്റി സാറിന്റെ വീട്ടില്‍ വച്ചാണ് പ്രസന്നന്‍ സാര്‍ ക്ലാസ്സ് എടുത്തിരുന്നത്. ക്ലാസ്സെടുക്കുന്ന മുറിയില്‍ ബെഞ്ചിനു പകരം ഒരു കട്ടിലും ഏതാനും കസേരകളും ഉണ്ടായിരുന്നു. കട്ടിലില്‍ ഭിത്തിയോടു ചേര്‍ത്ത് വാരികകള്‍  അടുക്കിവച്ചിരുന്നു. അതേ കട്ടിലിലാണ് ഞങ്ങള്‍ ഇരിക്കുന്നത്. എന്റെ കണ്ണുകള്‍ എപ്പോഴും പാഠപുസ്തകങ്ങള്‍ അല്ലാത്ത പുസ്തകങ്ങളിലാണല്ലോ. പ്രസന്നന്‍ സാര്‍ ഒരു കണക്ക് പഠിപ്പിച്ച് അതിന്റെ ഉദാഹരണങ്ങള്‍ ചെയ്യിപ്പിച്ച് മറ്റുള്ളവരുടെ ബുക്കുകള്‍  പരിശോധിക്കുമ്പോഴേക്ക് കുറച്ചു സമയം കിട്ടും. അത്രയും നേരം ഞാന്‍ സൂത്രത്തില്‍ പിന്നിലിരിക്കുന്ന വാരികകള്‍ തിരയും. അങ്ങനെയാണ് 'രണ്ടാമൂഴം' കണ്ടെത്തിയത്. 'രണ്ടാമൂഴം' തടസ്സങ്ങളില്ലാതെ വായിക്കാന്‍ വേണ്ടി ഞാന്‍ കണക്കുകളൊക്കെ പയറു പയറു പോലെ തീര്‍ത്തു. എം.ടിയുടെ പേര് അപ്പോള്‍ത്തന്നെ മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. 

അതിനു പുറമേ പ്രീഡിഗ്രിക്കാലത്ത് ഞാന്‍ വായിച്ചിരുന്നത് 'ഗാന്ധിസാഹിത്യസര്‍വ്വസ്വം'  ആണ്. അതിന്റെ മുഴുവന്‍ വാള്യങ്ങളും വീട്ടില്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ്സു വരെ പ്രസംഗമത്സരങ്ങള്‍ക്ക് ഉദ്ധരണികള്‍ക്കുവേണ്ടിയാണ് ഞാന്‍ അവ മറിച്ചുനോക്കിയിരുന്നത്.  പക്ഷേ, പ്രീഡിഗ്രിക്കാലത്ത് എനിക്ക് ഗാന്ധിജിയോടു വലിയ ആരാധനയുണ്ടായി. ഞാന്‍ ആത്മാര്‍ത്ഥതയോടെ ഗാന്ധിജിയെ വായിച്ചു തുടങ്ങി. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് ആണ് ഏറ്റവും മഹത്തായ രാഷ്ട്രീയസങ്കല്പനം എന്നായിരുന്നു ആ പ്രായത്തില്‍ എന്റെ വിശ്വാസം. ഈ പ്രായത്തിലും അതു മാറിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

'കറുത്ത പൊന്‍മ'യിലേക്കു തിരികെ വരാം. പത്രപ്രവര്‍ത്തകയായതില്‍പ്പിന്നെ ഞാന്‍ ഈ സുധാവാര്യരെ ഒരുപാട് തിരഞ്ഞു. അപ്പോഴേക്ക് സുധാവാര്യര്‍ അയച്ച ആ കത്ത് എത്ര സദുദ്ദേശ്യത്തോടെയായിരുന്നു എന്നു തിരിച്ചറിയാനുള്ള പക്വത ലഭിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ സുധാവാര്യരെ നന്ദിയോടെയാണ് ഓര്‍ക്കുന്നത്.  എന്റെ കഥ അവര്‍ ശ്രദ്ധിച്ചു വായിച്ചിരുന്നു. അതില്‍ എന്തോ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണല്ലോ, കത്ത് അയയ്ക്കാന്‍ മെനക്കെട്ടത്. ''മാറ്റി എഴുതി വീണ്ടും അയയ്ക്കൂ'' എന്നു നിര്‍ദ്ദേശിച്ചത്. പക്ഷേ,  പ്രീഡിഗ്രിക്കാലത്ത് ഞാനത് മനസ്സിലാക്കിയില്ല. അവര്‍ മന:പൂര്‍വ്വം എന്റെ കഥ ഒഴിവാക്കുകയായിരുന്നു എന്ന് എടുത്തുചാടി തീരുമാനിച്ചു. അവരെ കണ്ടുപിടിച്ച് ഒരു സോറി പറയണമെന്ന ആഗ്രഹം ഒന്നുരണ്ടു പുസ്തകങ്ങളൊക്കെ പ്രസിദ്ധീകരിച്ച കാലത്ത് പ്രബലമായി. എവിടെച്ചെന്ന് അന്വേഷിക്കാന്‍? വിമന്‍സ് മാഗസിന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരുന്നു.  പക്ഷേ, ഞാന്‍ ഈ പേരു തേടിക്കൊണ്ടിരുന്നു. ഒടുവില്‍ ഒരു സുധാവാര്യരെ കണ്ടെത്തി. സുലോചന രാംമോഹന്റെ അമ്മ. ഞാന്‍ ആവേശത്തോടെ ഈ കഥ സുലോചനച്ചേച്ചിയോടു പറഞ്ഞു. ആ സുധാവാര്യര്‍ അല്ല ഈ സുധാവാര്യര്‍ എന്ന് അപ്പോഴാണ് അറിഞ്ഞത്.  സുലോചനച്ചേച്ചിയുടെ അമ്മ സുധാവാര്യര്‍ വിമന്‍സ് മാഗസിനില്‍ ജോലി ചെയ്തിട്ടില്ല. പിന്നെ ആരായിരുന്നു ആ സുധാവാര്യര്‍? ഒരു നന്ദിയുടേയും ഒരു സോറിയുടേയും കടം ഇപ്പോഴും അവശേഷിപ്പിക്കുന്ന ആ എഡിറ്റര്‍? 

അറിയില്ല. പക്ഷേ, മനസ്സിലാണ് കഥ എഡിറ്റ് ചെയ്യേണ്ടത് എന്ന സുധാവാര്യരുടെ ഉപദേശം ഞാന്‍ ഓര്‍മ്മയില്‍  കൊത്തിവച്ചിട്ടുണ്ട്. മനസ്സില്‍ എഡിറ്റ് ചെയ്യുക എന്നാല്‍ എന്താണെന്ന് എനിക്ക് ഇന്നും അറിയില്ല. എഴുതിത്തുടങ്ങുമ്പോള്‍ എന്റെ മനസ്സില്‍ കഥ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വിങ്ങല്‍ മാത്രമേ ഉണ്ടാകാറുള്ളൂ.  എഴുതാന്‍ പോകുന്ന കഥയില്‍ കഥയുണ്ടോ ഇല്ലയോ എന്നു തീരുമാനിക്കുന്നത് ആ വിങ്ങലിന്റെ തീവ്രതയില്‍നിന്നാണ്.  'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എഴുതിയ നൊബേല്‍ സമ്മാന ജേതാവായ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്‍  ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് പുതിയ എഴുത്തുകാരോടു പറഞ്ഞത്, ''നിങ്ങള്‍ അനുഭവിച്ചത് എന്തെങ്കിലും എഴുതുന്നതാണ് നല്ലത്, എന്തെന്നാല്‍  അനുഭവിച്ചതും അനുഭവിക്കാത്തതും വായനക്കാര്‍ക്കു പെട്ടെന്നു തിരിച്ചറിയാം'' എന്നാണ്. ഞാന്‍ ആദ്യം  കഥ സൃഷ്ടിക്കേണ്ട വിങ്ങലും ആഘാതവും ആത്മാവില്‍ അറിയുന്നു. അതില്‍ ഞാന്‍ ഉരുകുകയും ഉറയ്ക്കുകയും ചെയ്യുന്നു. അപ്പോള്‍ കഥ എന്നെ അതിന്റെ സ്വേച്ഛയാ മെനഞ്ഞെടുത്തു തുടങ്ങുന്നു.  
അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് കഥ എഴുതേണ്ടത് എന്ന് എനിക്കറിയില്ല. 


ജീവിതത്തിലെ പക്ഷികള്‍

'കറുത്ത പൊന്‍മയെ കാത്ത്' മടങ്ങിവന്നതില്‍പ്പിന്നെ ഞാന്‍ വീട്ടില്‍ താമസിക്കാന്‍ ആഗ്രഹിച്ചില്ല. ഇനി പഠിത്തം ഉണ്ടെങ്കില്‍ അതു ഹോസ്റ്റലില്‍ നിന്നുമാത്രം എന്നു ഞാന്‍ വാശി പിടിച്ചു. അപ്പോഴേക്ക് ഞാന്‍ ഒരു റിബല്‍ ആയിക്കഴിഞ്ഞിരുന്നു. അച്ഛനോടു തര്‍ക്കുത്തരം പറയാനും അമ്മയെ ഭീഷണിപ്പെടുത്താനും ഒക്കെ അത്യാവശ്യം ധൈര്യം ആര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ കൊല്ലത്ത് ശ്രീനാരായണ വനിതാ കോളജില്‍ ഞാന്‍ ബി.എസ്സി. കെമിസ്ട്രിക്കു ചേര്‍ന്നു.  
കൊല്ലത്തെപ്പറ്റി പറയാതെ എന്റെ കഥ ഒരിക്കലും പൂര്‍ണ്ണമല്ല. ശാസ്താംകോട്ടയിലെ കുട്ടിക്കാലത്ത് കൊല്ലം ആയിരുന്നു ഞങ്ങളുടെ ന്യൂയോര്‍ക്കും പാരീസും. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പും ഓണത്തിനും പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ കൊല്ലത്തേക്ക് ഒരു യാത്ര പതിവായിരുന്നു. അന്നു ഞങ്ങളുടെ ഗ്രാമത്തില്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ കിട്ടിയിരുന്നില്ല. കൊല്ലത്തു പോകുന്നതിന്റെ തലേന്ന് ഞാനും താരയും സന്തോഷത്തിലായിരിക്കും. നേരത്തെ ഉണര്‍ന്നു കുളിച്ചൊരുങ്ങി തയ്യാറാകും. കന്നിമേലഴികത്തു ജംഗ്ഷനില്‍ നിന്നാല്‍ അരമണിക്കൂര്‍ ഇടവിട്ടു കൊല്ലത്തേക്കു കെ.എസ്.ആര്‍.ടി.സി. ബസ് ഉണ്ടാകും. ബസിനുള്ളില്‍ ജനല്‍ സീറ്റിനുവേണ്ടി ഞാനും താരയും അടികൂടും. 

ഓടുന്ന ബസില്‍ പാടങ്ങളും തെങ്ങിന്‍തോപ്പുകളും ഒക്കെ കണ്ടുകൊണ്ടു യാത്ര ചെയ്യുന്നത് എനിക്കു വളരെ ഇഷ്ടമായിരുന്നു.  പച്ചപ്പ് കാണുമ്പോള്‍ മനസ്സില്‍ കഥകള്‍ മുളയ്ക്കും. ശലഭങ്ങളേയും പക്ഷികളേയും കാണുമ്പോള്‍ കഥകള്‍ ചിറകടിക്കും. ടൈറ്റാനിയം ഫാക്ടറിക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയിലെ മണ്ട പോയ തെങ്ങുകള്‍ക്കിടയില്‍ കാട്ടുചെടികള്‍ വളര്‍ന്ന വീടുകളുടെ ദൃശ്യവും നീണ്ടകര പാലവും ആയിരുന്നു പ്രചോദനാത്മകമായ കാഴ്ചകള്‍. നീണ്ടകര പാലത്തില്‍ കയറും മുന്‍പെ മീന്‍ മണം നമ്മളെ സ്വാഗതം ചെയ്യും. കടലു കാണാന്‍വേണ്ടി ഞങ്ങള്‍ ബസിലെ ജനാലയിലൂടെ കഴിയുന്നത്ര എത്തിനോക്കും. ആകാശത്തു പരുന്തുകളും കടലില്‍ അടുക്കിയടുക്കിയിട്ട ബോട്ടുകളുമുള്ള നീണ്ടകര ഒരു വലിയ ആവാസവ്യവസ്ഥയായിരുന്നു. ഞാന്‍ അറിഞ്ഞിട്ടില്ലാത്ത ലോകമായിരുന്നു അത്. 

ചിന്നക്കടയില്‍ ബസ് ഇറങ്ങിയാല്‍ ആദ്യം ആസാദ് ഹോട്ടലിലേക്ക്. അവിടുന്ന് ബിരിയാണി കഴിക്കും. പിന്നെ രത്‌നമഹാളിലോ ശീമാട്ടിയിലോ കയറും. ഉടുപ്പുകള്‍ വാങ്ങിക്കഴിഞ്ഞാല്‍ ഗ്രാന്‍ഡിലോ പ്രിന്‍സിലോ പോയി മാറ്റിനി കാണും. അതുകഴിഞ്ഞ് ഓട്ടോയിലോ ബസിലോ ബസ് സ്റ്റേഷനില്‍ എത്തും. ബസ് സ്റ്റേഷനുള്ളില്‍ ഒരു ബുക്സ്റ്റാള്‍ ഉണ്ടായിരുന്നു. അമ്പിളി അമ്മാവന്‍, സിന്‍ഡിക്കറ്റ് കോമിക്കുകള്‍ എന്നീ വിശിഷ്ട പുസ്തകങ്ങള്‍ അവിടെ കിട്ടും. അതും വാങ്ങി ഞങ്ങള്‍ ബസില്‍ കയറും. തിരിച്ചുള്ള യാത്രയില്‍ സീറ്റിന് അടിപിടിയില്ല. കാരണം ഞങ്ങള്‍ രണ്ടുപേരും വായനയോടു വായനയായിരിക്കും. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ് കൊല്ലത്തേതാണ്. കായല്‍ത്തീരത്താണ് വിശാലമായ സ്റ്റാന്‍ഡ്. അവിടെ നില്‍ക്കുമ്പോള്‍ത്തന്നെ ഞാന്‍ റൊമാന്റിക് ആകും. കൊല്ലത്തു വച്ചാണ് ഞാന്‍ പ്രേമിച്ചിട്ടുള്ളത്. അവിടെ വച്ചാണ് കല്യാണം കഴിച്ചതും. 

ചിന്നക്കട, കൊല്ലം
ചിന്നക്കട, കൊല്ലം

കൊല്ലം പട്ടണമായിരുന്നു എന്റെ രുചികളുടേയും പറുദീസ. പൊറോട്ട, ബിരിയാണി, ഐസ്‌ക്രീം തുടങ്ങിയ വിശിഷ്ടവിഭവങ്ങള്‍ അവിടെയാണ് ആദ്യം കഴിച്ചത്.  ബിരിയാണി കേരളത്തില്‍ ഇറങ്ങിയ കാലത്ത് അതെന്താണ് എന്ന് അറിയാന്‍ അമ്മയും രത്‌നമ്മ ടീച്ചറും കൂടി കൊല്ലത്ത് പോയ കഥയുണ്ട്. ആണിപോലെ എന്തോ  ഒന്നാണ് അവര്‍ പ്രതീക്ഷിച്ചത്. കോഫി ഹൗസില്‍ പോയി ബിരിയാണി ഓര്‍ഡര്‍ ചെയ്തു. ഒരു കുന്നോളം ചോറും അതിനു മുകളില്‍ കമഴ്ത്തിയ മുട്ടയും കണ്ടപ്പോള്‍ ''ങ്ഹാഹാ, ഇതാണോ ബിരിയാണി, ഇതു ചോറല്ലേ'' എന്നു പരസ്പരം ചോദിച്ചതായാണ് കഥ. കോഫി ഹൗസില്‍നിന്നാണ് ഞാന്‍ കട്ലെറ്റ് കഴിക്കുന്നത്. അവിടുത്തെ ബോംബെ ടോസ്റ്റും മട്ടന്‍ ഓംലെറ്റും വലിയ ആകര്‍ഷണങ്ങളായിരുന്നു.  ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഹോട്ടല്‍ സുദര്‍ശന്‍ ആയി ഏറ്റവും വലിയ പ്രലോഭനം. അവിടെനിന്നാണ് ഞാന്‍ ആദ്യമായി ഫ്രൈഡ് റൈസ് കഴിച്ചത്. ചില്ലിച്ചിക്കന്‍ അവിടുത്തെ സുപ്രീം ബേക്കേഴ്സില്‍നിന്നുള്ള കണ്ടെത്തലായിരുന്നു. 

എനിക്കു വായനയുടെ ആകാശം തുറന്നുതന്നതും കൊല്ലം ആയിരുന്നു. റിബല്‍ ആകാന്‍ ഇറങ്ങിപ്പുറപ്പെട്ട സ്ഥിതിക്ക് ഒന്നും പേടിക്കാനുണ്ടായിരുന്നില്ല. അച്ഛന്‍ അറിയാതെ ഐച്ഛികം ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് അച്ഛന്‍ അറിയാതെ ചെയ്യണമെന്നു നിര്‍ബന്ധമായിരുന്നു. അതിലേ ഒരു ത്രില്‍ ഉണ്ടായിരുന്നുള്ളൂ.  അങ്ങനെ ഞാന്‍ ഒറ്റയ്ക്ക് ഒരു സാമ്രാജ്യം തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പോരാളിയെപ്പോലെ കോളേജ് ഓഫീസില്‍നിന്ന്  അപേക്ഷാ ഫോം വാങ്ങിവച്ചു. ഐച്ഛികം മാറാനുള്ള അവസാന ദിവസം വരെ കാത്തിരിക്കുകയും അതിനുശേഷം രഹസ്യം പുറത്തുവിടുകയും ആയിരുന്നു എന്റെ പ്ലാന്‍.  പക്ഷേ, അവസാന തീയതിയുടെ തൊട്ടു തലേന്നു രാത്രി എന്റെ വല്യമ്മൂമ്മ - അമ്മയുടെ അമ്മൂമ്മ - മരണമടഞ്ഞു. വെളുപ്പിനെ എന്നെ വിളിക്കാന്‍ ഹോസ്റ്റലില്‍ ആളു വന്നു. അങ്ങനെ ഐച്ഛികം മാറാനുള്ള അവസാന അവസരം നഷ്ടപ്പെട്ടു. എങ്കിലും പരാജയപ്പെടാന്‍ ഒരുക്കമായിരുന്നില്ല. ശിഷ്ട ജീവിതത്തില്‍ സാഹിത്യം മെയിനും കെമിസ്ട്രി ഓപ്ഷനലും ആയിരിക്കുമെന്നു ഞാന്‍ എന്നോടു തന്നെ ശപഥം ചെയ്തു. പുറത്തു പറയാന്‍ ധൈര്യപ്പെട്ടില്ലെങ്കിലും. 

കോളേജ് ഹോസ്റ്റലില്‍ ഞങ്ങള്‍ ആറു പേരായിരുന്നു ഒരു മുറിയില്‍. കുലശേഖരത്തുള്ള ആശ, നങ്ങ്യാര്‍കുളങ്ങരയില്‍നിന്നുള്ള താര, മുതുകുളത്തുനിന്നുള്ള രേഖ, കുണ്ടറയില്‍നിന്നുള്ള ജയ കോശി, കോന്നിയില്‍നിന്നുള്ള ശ്രീലത, പിന്നെ ഞാനും. അക്കാലത്തു നടന്ന ഒരു സംഭവം ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. പല ഐച്ഛികങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഒന്നിച്ചായിരുന്നു മലയാളം ക്ലാസ്സുകള്‍.  പ്രീഡിഗ്രിക്കു ഹിന്ദിയായിരുന്നു എന്റെ രണ്ടാം ഭാഷ. പക്ഷേ, ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഞാന്‍ മലയാളം എടുത്തു.   ആദ്യ വര്‍ഷം ഞങ്ങള്‍ക്ക് ക്രിസ്മസ് പരീക്ഷ ഉണ്ടായിരുന്നു. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം യൂണിവേഴ്സിറ്റി പരീക്ഷകളുടെ മാതൃകയില്‍ നമ്മളെ ക്ലാസ്സില്‍  പഠിപ്പിക്കാത്ത അധ്യാപകരാണ് നിര്‍വ്വഹിച്ചിരുന്നത്. ഒരു ദിവസം ജയ കോശിയും രേഖയും വന്നു പറഞ്ഞു:
''ഇന്നൊരു സംഭവമുണ്ടായി. ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന ലൈല ടീച്ചര്‍ ക്ലാസ്സില്‍ വന്നു. ഒരു ഉത്തരക്കടലാസ് കാണിച്ചു. ഇങ്ങനെയാണ് മലയാളം പരീക്ഷയ്ക്ക് ഉത്തരമെഴുതേണ്ടത്, നോക്കെടോ, ഭാഷയുടെ സൗന്ദര്യം എന്നു പറഞ്ഞു.  ആരുടെ പേപ്പര്‍ ആയിരുന്നു അത് എന്നറിയാമോ?''
''ആരുടെ?''- ഞാന്‍ ചോദിച്ചു. 
''നിന്റെ!''
ജയ എന്നെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. 
ഞാന്‍ അമ്പരന്നുപോയി. കാര്യമായി വായിച്ചു പഠിച്ച് എഴുതിയ പരീക്ഷയൊന്നും ആയിരുന്നില്ല അത്.  കുറച്ചുകൂടി നന്നായി പഠിച്ചിട്ട് കുറച്ചുകൂടി നന്നായി എഴുതാമായിരുന്നു എന്നു ഞാന്‍  പശ്ചാത്തപിച്ചു. കാരണം, മരണം ദുര്‍ബ്ബലം, മായ, കാട്ടുകുരങ്ങ്, ഗുരു തുടങ്ങിയ നോവലുകളുടെ രചയിതാവായ കെ. സുരേന്ദ്രന്റെ അച്ഛന്റെ സഹോദരിപുത്രിയാണ് ലൈല ടീച്ചര്‍.  ഉപന്യാസ മത്സരത്തിന് ഞാന്‍ എഴുതിയതു വായിച്ചിട്ട് ''ഇതാരാണ് ഈ മീര'' എന്ന് അന്വേഷിച്ചു കണ്ടെത്തിയ ഒരു അദ്ധ്യാപിക കൂടിയുണ്ട്, എസ്.എന്‍. വിമന്‍സില്‍- ശാന്തകുമാരി ടീച്ചര്‍.  ആ ഉപന്യാസ മത്സരത്തിന് പേരു കൊടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ആദ്യ ക്ലാസ്സില്‍ ഏറ്റവും പിറകിലത്തെ ബെഞ്ചില്‍ ഒറ്റയ്ക്കിരുന്ന എന്നെ ഒരു ചോദ്യവും ഉത്തരവുംകൊണ്ട് സ്പോട്ട് ചെയ്ത അരുണ ടീച്ചര്‍ ആയിരുന്നു. മലയാളം ക്ലാസ്സുകള്‍ നടത്തിയിരുന്ന കെട്ടിടത്തിന്റെ ഒരു വശത്ത് ജനാലകള്‍ക്കു പകരം പുറത്തുനില്‍ക്കുന്നവരെ അകത്തുനിന്നും അകത്തുനില്‍ക്കുന്നവരെ പുറത്തുനിന്നും കാണാന്‍ സാധിക്കാത്ത എയര്‍ഹോളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആ ഭിത്തിക്കപ്പുറം മെന്‍സ് കോളേജിന്റെ വളപ്പായിരുന്നു എന്നതാണ് കാരണം. കൊല്ലത്തിന്റെ താരമായിരുന്ന കെ.പി. അപ്പന്‍ സാര്‍ പഠിപ്പിച്ചിരുന്നത് മെന്‍സ് കോളേജിലാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ ക്ലാസ്സില്‍ ഇരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭാര്യ ഓമന ടീച്ചറിന്റെ ഓര്‍ഗാനിക് കെമിസ്ട്രി ക്ലാസ്സില്‍ ഇരിക്കാന്‍ അവസരമുണ്ടായി. അപ്പന്‍ സാറിനെ നേരില്‍ കാണുന്നത് ഒരു പതിറ്റാണ്ടിനു ശേഷമാണ്- 'കരിനീല'യ്ക്ക് തോപ്പില്‍ രവി സ്മാരകര അവാര്‍ഡ് കിട്ടിയ ദിവസം.

കോളേജ് ഹോസ്റ്റലിലെ റൂം മേറ്റ്സ് നല്ലവരായിരുന്നെങ്കിലും ചിട്ടകള്‍ കര്‍ശനമായിരുന്നു.  ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ കരച്ചിലും പിഴിച്ചിലുമായി. അമ്മ എന്നെ എന്‍.എസ്.എസ്. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലേക്കു മാറ്റി. അമ്മയോട് എനിക്കുള്ള കടപ്പാട് അതാണ്.  എന്റെ സ്വാതന്ത്ര്യബോധത്തില്‍ അമ്മയ്ക്ക് ഒരിക്കലും കലിയിളകിയില്ല. അതിനെ അമ്മ ചോദ്യം ചെയ്തതുമില്ല. അമ്മയ്ക്കും അതേ മനസ്സായിരുന്നു എന്നതുകൊണ്ടാകാം. അക്കാലത്തെ സാമ്പത്തിക പ്രാരബ്ധങ്ങള്‍ക്ക് ഇടയിലും അമ്മ  വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ എനിക്ക് ഒരു സിംഗിള്‍ റൂം എടുത്തുതന്നു.  തീരെച്ചെറിയ മുറിയാണ്. കഷ്ടിച്ച് ഒരാള്‍ക്കു മാത്രം ഇടം. പക്ഷേ, അതെനിക്ക് ഒരു പറുദീസയായിരുന്നു. അതിനു കാരണം ആ ഹോസ്റ്റലില്‍ ഞാന്‍ കണ്ടുമുട്ടിയ രണ്ടു പേരാണ് -  ആദ്യത്തെയാള്‍ പി.ഇ. ഉഷ. ഉഷച്ചേച്ചി അന്ന് എം. എ. പാസ്സായി വിവാഹം കഴിഞ്ഞ് കൊല്ലത്തെ  ഒരു എന്‍.ജി.ഒയില്‍ ജോലി ചെയ്യുകയാണ്. ഗര്‍ഭിണിയാണ്. രണ്ടാമത്തെയാള്‍ എം. നൂര്‍ജഹാന്‍ എന്ന നിമ്മിച്ചേച്ചി. ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്ന് എസ്.ബി.ടിയില്‍ ജോലി കിട്ടി കൊല്ലത്തെത്തിയതാണ്.  മലപ്പുറത്തുനിന്ന് സ്ഥലംമാറ്റം കിട്ടി വന്ന ഒരു മാലിനിച്ചേച്ചി കൂടിയുണ്ടായിരുന്നു അവര്‍ക്കൊപ്പം. 
ഉഷച്ചേച്ചിയും നിമ്മിച്ചേച്ചിയും എന്റെ ലോകത്തെ മാറ്റിമറിച്ചു. ഞാന്‍ കണ്ടിട്ടുള്ള ലോകവും ഞാന്‍ കണ്ടിട്ടുള്ള ജീവിതവും അല്ലാതെ മറ്റൊരു ലോകവും ജീവിതങ്ങളും നിലവിലുണ്ട് എന്നു ഞാന്‍ തിരിച്ചറിഞ്ഞു. ഉഷച്ചേച്ചിക്കു മലയാളം സാഹിത്യത്തിലും നിമ്മിച്ചേച്ചിക്ക് ഇംഗ്ലീഷ് സാഹിത്യത്തിലുമുള്ള അറിവ് എനിക്ക് ഉപകാരപ്പെട്ടു. എന്റെ വായനയെ ദിശ തിരിച്ചുവിടുന്നതില്‍ രണ്ടുപേരും ഒരുപാടു സഹായിച്ചു.

നിമ്മിച്ചേച്ചിയാണെങ്കില്‍ എന്റെ മൊത്തം കാഴ്ചപ്പാടിനെ മാറ്റി മറിച്ചു.  ആര്‍ജവം, സത്യസന്ധത എന്നിവയുടെ മൂര്‍ത്തിമദ്ഭാവമായിരുന്നു നിമ്മിച്ചേച്ചി. നിമ്മിച്ചേച്ചി എന്നെ റാഷനലിസ്റ്റും നിരീശ്വരവാദിയുമാക്കി. എയ്ന്‍ റാന്‍ഡിനെ ആരാധിക്കാന്‍ പഠിപ്പിച്ചു. റിച്ചഡ് ബാക്കിന്റെ ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ വായിപ്പിച്ചു. അതുവരെ ഞാന്‍ വീണുകിടന്നിരുന്ന ഫ്യൂഡല്‍ മിഡില്‍ക്ലാസ്സ് സങ്കുചിതത്ത്വങ്ങളുടെ പൊട്ടക്കിണറ്റില്‍നിന്നു പുറത്തെ സൂര്യപ്രകാശത്തിലേക്കും വിശാലതയിലേക്കും എന്നെ കൈപിടിച്ചു കയറ്റി. 
എസ്.എന്‍. വിമന്‍സില്‍ എന്റെ സഹപാഠിയായിരുന്നു ബീന. നടന്‍ മധുവിന്റെ അനന്തരവളാണ്. ബീനയുടെ അച്ഛന് കൊല്ലം പബ്ലിക് ലൈബ്രറിയില്‍ ലൈഫ് മെംബര്‍ഷിപ്പ് ഉണ്ടായിരുന്നു. കുടുംബത്തിലെ എല്ലാവര്‍ക്കും കാര്‍ഡുകള്‍ ഉപയോഗിക്കാം എന്നോ മറ്റോ ആയിരുന്നു അതിന്റെ സൗകര്യം. മൂന്നു കാര്‍ഡുകള്‍ ബീന എനിക്കു തന്നു.  ആ കാര്‍ഡുകള്‍ ഉപയോഗിച്ചു ഞാന്‍ പുസ്തകങ്ങള്‍ എടുത്തു.  അങ്ങനെ എന്‍.എസ്.എസ്. ഹോസ്റ്റലിലേക്കു മാറിയതിനുശേഷം വായനയോടു വായന. മലയാളത്തിലേയും ഇംഗ്ലീഷിലേയും എല്ലാ ക്ലാസ്സിക് പുസ്തകങ്ങളും ലിസ്റ്റ് ഉണ്ടാക്കി എടുത്തു വായിച്ചു. 'അവകാശികള്‍' നാല് വോള്യങ്ങളും നാലു ദിവസം കൊണ്ടു തീര്‍ക്കുന്നത്ര വേഗമേറിയ വായനയാണ്. അന്നു നല്ല വായനക്കാരനായ ഒരു കൂട്ടുകാരനും ഉണ്ടായി. പുസ്തകങ്ങളായിരുന്നു അന്നത്തെ എല്ലാ സൗഹൃദങ്ങളുടേയും ഇഷ്ടങ്ങളുടേയും കാരണങ്ങള്‍.  പുസ്തകങ്ങള്‍ തന്നെയായിരുന്നു ജീവിതത്തിലെ ആഹ്ലാദം. പ്രചോദനവും.  


ഉഷച്ചേച്ചി ഒന്നോ രണ്ടോ മാസമേ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നുള്ളൂ. മാലിനിച്ചേച്ചിയും വിട്ടുപോയി. അതോടെ ഹോസ്റ്റലില്‍ നിമ്മിച്ചേച്ചിക്കു ഞാന്‍ മാത്രമായി കൂട്ട്. ശനിയാഴ്ച ബാങ്ക് പ്രവൃത്തി സമയം രണ്ടു മണിക്ക് അവസാനിക്കും. നിമ്മിച്ചേച്ചി ജോലി കഴിഞ്ഞെത്തിയാല്‍ ഞങ്ങള്‍ പുറത്തുപോകും.  നിമ്മിച്ചേച്ചി എല്ലാ ആഴ്ചയിലും പുസ്തകങ്ങള്‍ വാങ്ങും. എന്റെ കയ്യില്‍ പൈസയില്ല. ഡി.സി. ബുക്സിന്റെ ഷോറൂമില്‍ ഞാന്‍ പുസ്തകങ്ങള്‍ തിരിച്ചും മറിച്ചും നോക്കിനില്‍ക്കും.  നിമ്മിച്ചേച്ചി ''മീരയ്ക്ക് ഞാന്‍ അതു വാങ്ങിച്ചു തരട്ടെ''  എന്നു ചോദിച്ച് വാങ്ങിത്തരും. സ്വന്തം അനിയത്തിയെപ്പോലെയാണ് നിമ്മിച്ചേച്ചി എന്നെ കൊണ്ടു നടന്നത്. സിനിമ കാണാന്‍ ടിക്കറ്റെടുത്തു തന്നു, റസ്റ്റോറന്റില്‍ കൊണ്ടുപോയി ഭക്ഷണം വാങ്ങിത്തന്നു. സങ്കടങ്ങളില്‍ സാന്ത്വനം തന്നു, അധൈര്യങ്ങളില്‍ ആത്മവിശ്വാസം പകര്‍ന്നു. നിമ്മിച്ചേച്ചിക്കു പകരം നല്‍കാന്‍ എന്റെ കയ്യില്‍ ഭാഷയും വാക്കുകളും മാത്രമേയുണ്ടായിരുന്നുള്ളൂ. അഷ്ടികഷ്ടി സംസാരിക്കാം എന്നല്ലാതെ നിമ്മിച്ചേച്ചിക്കു മലയാളം അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ നിമ്മിച്ചേച്ചിക്കു മലയാളം പുസ്തകങ്ങള്‍ വായിച്ചു കൊടുത്തു. കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചു. ഒ.എന്‍.വിയുടേയും സുഗതകുമാരിയുടേയും കവിതകള്‍ മുഴുവന്‍ ഞാന്‍ മന:പാഠമാക്കിയത് നിമ്മിച്ചേച്ചിക്ക് ചൊല്ലിക്കേള്‍പ്പിച്ച് അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ വേണ്ടിയായിരുന്നു. 

ചില വൈകുന്നേരങ്ങളില്‍ നിമ്മിച്ചേച്ചിയും ഞാനും നടക്കാന്‍ പോകും.  അപ്പോള്‍ ''ആ മരത്തിന്റെ പേരെന്താ'', ''ഈ കിളിയുടെ പേരെന്താ'' എന്നൊക്കെ നിമ്മിച്ചേച്ചി ചോദിക്കും. നിമ്മിച്ചേച്ചിക്കു പറഞ്ഞുകൊടുക്കാന്‍ വേണ്ടി ഞാന്‍ പക്ഷികളുടെ പേരു പഠിച്ചു തുടങ്ങി. അധികം വൈകാതെ കേരളത്തിലെ പക്ഷികളെക്കുറിച്ച് എനിക്ക് സാമാന്യം നല്ല ജ്ഞാനമുണ്ടായി. പക്ഷി നിരീക്ഷക ആയിട്ടുതന്നെ വേറെ കാര്യം എന്നു ഞാന്‍ തീരുമാനിച്ചു. ഓര്‍ണിത്തോളജി പഠിക്കാനും ജോലി സമ്പാദിക്കാനും വേണ്ടി അന്വേഷണമായി. നിമ്മിച്ചേച്ചിയുടെ മുറിയുടെ ചുവരില്‍ അക്കാലത്തെ എസ്.ബി.ടിയുടെ കലണ്ടര്‍ ഉണ്ടായിരുന്നു. കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നാത്ത പക്ഷികളുടെ അതിമനോഹര ചിത്രങ്ങള്‍. അവ എടുത്തത് സുരേഷ് ഇളമണ്‍ ആണെന്നു കണ്ടു.  അദ്ദേഹവും എസ്.ബി.ടിയില്‍ ആണ് എന്ന് അറിഞ്ഞു. മടിച്ചുമടിച്ച് ഞാന്‍ സുരേഷ് ഇളമണ് കത്തെഴുതി. അച്ഛന്‍ അറിഞ്ഞാല്‍ മരണം സുനിശ്ചിതമാണ്.  പക്ഷേ, ഞാന്‍ ആ റിസ്‌ക് എടുത്തു.  എന്നെ അനിയത്തിയായി അംഗീകരിച്ച് അദ്ദേഹം മറുപടിയെഴുതി. അങ്ങനെ അദ്ദേഹം എനിക്ക് ഏട്ടനായി. പക്ഷിവിദഗ്ദ്ധയ്ക്കു ജോലി കിട്ടാന്‍ മാര്‍ഗ്ഗമില്ല എന്നു മനസ്സിലായതോടെ ഞാന്‍ ഓര്‍ണിത്തോളജി മോഹം ഉപേക്ഷിച്ചു. പക്ഷേ, ഹൃദയത്തില്‍നിന്നു പക്ഷികള്‍ ഒരിക്കലും കൂടൊഴിഞ്ഞില്ല. അതുകൊണ്ടാണ്, എഴുതാനിരിക്കുമ്പോള്‍ പക്ഷികളും മരങ്ങളും ആകാശവും എന്നെ ആവേശിക്കുന്നത്.

സുരേഷ് ഇളമണ്‍
സുരേഷ് ഇളമണ്‍


ഓര്‍ണിത്തോളജിസ്റ്റ് ആകാന്‍ സാധിച്ചിരുന്നെങ്കിലോ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയിത്തീര്‍ന്നിരുന്നെങ്കിലോ എന്നൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്. എങ്കില്‍,  ഞാന്‍ എഴുത്തുകാരി ആകുമായിരുന്നില്ല. കാരണം, ആഹ്ലാദത്തില്‍നിന്നും സ്വസ്ഥതയില്‍നിന്നും മനസ്സമാധാനത്തില്‍നിന്നും എഴുത്തുകാര്‍ ഉണ്ടായ ചരിത്രമില്ല. അവര്‍ ഉണ്ടായിട്ടുള്ളത് നരകയാതനയില്‍നിന്നു മാത്രമാണ്.  എഴുത്തുകാരനാകാന്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ക്രിയേറ്റീവ് റൈറ്റിങ് ക്ലാസ്സില്‍ കിട്ടുന്ന ഒരു ഉത്തരമേ ഉള്ളൂ: മറ്റാരെങ്കിലും ആയിത്തീരാന്‍ ശ്രമിക്കുക. ശ്രമിച്ചാല്‍ മാത്രം പോരാ, പരാജയപ്പെടുകയും വേണം.  പതിന്നാലു വയസ്സു മുതല്‍  പരാജയപ്പെട്ടുകൊണ്ടിരിക്കണം. പരാജയങ്ങളുടെ ആകത്തുകയായിരിക്കും, എഴുത്തുകാരന്‍ എന്ന നിലയിലുള്ള നിങ്ങളുടെ വിജയം. 
എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും പത്രപ്രവര്‍ത്തകനും തമ്മിലുള്ള ഈ അഭിമുഖസംഭാഷണം ഓര്‍മ്മവയ്ക്കുന്നത് നന്ന്: 

ചോദ്യം : ജീവിതത്തില്‍ വിജയിക്കാന്‍ എന്താണു മാര്‍ഗ്ഗം?   
ഉത്തരം : ശരിയായ തീരുമാനങ്ങള്‍. 

ചോദ്യം : ശരിയായ തീരുമാനങ്ങള്‍ക്ക് എന്താണു മാര്‍ഗ്ഗം?  
ഉത്തരം : അനുഭവപരിചയം. 

ചോദ്യം : അനുഭവ പരിചയത്തിന് എന്താണു മാര്‍ഗ്ഗം? 
ഉത്തരം : തെറ്റായ തീരുമാനങ്ങള്‍. 

പേരറിയാത്ത കിളികള്‍

സ്വന്തമായി മേല്‍വിലാസം ഉണ്ടാകുന്നതുവരെ ഇനി കഥകള്‍ പ്രസിദ്ധീകരണത്തിന് അയയ്ക്കില്ല എന്നായിരുന്നു പ്രീഡിഗ്രി കാലത്തെ ശപഥം. ഡിഗ്രിക്കാലത്ത് മറ്റൊരു ശപഥം എടുത്തു. അതിനു  കാരണക്കാരായത് എഴുത്തുകാരായ ടി. പത്മനാഭനും എം.ടിയും മാധവിക്കുട്ടിയും ആനന്ദും എം. മുകുന്ദനും എസ്.വി. വേണുഗോപന്‍ നായരും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ്, പേള്‍ എസ് ബക്ക്  മുതല്‍പേരുമായിരുന്നു.  ഇവരൊക്കെ എഴുതുന്നതുപോലെ എഴുതാന്‍ കഴിയുന്ന കാലത്തേ ഇനി കഥയെഴുതുന്നുള്ളൂ എന്നായിരുന്നു ആ ശപഥം. 

എം. മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികളു'ടെ അവസാന അദ്ധ്യായം വായിച്ചു വാരിക മടക്കി വച്ചുകൊണ്ട്, പല്ലു ഞെരിച്ച്, കണ്ണു നിറഞ്ഞ് ആ തീരുമാനം എടുത്തത് ഇപ്പോഴും ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. ഒരു മുന്‍സൂചനയുമില്ലാതെ എം. മുകുന്ദന്‍ ഞങ്ങളുടെ വാടകവീട്ടിലേക്കു കടന്നു വന്ന പ്രഭാതത്തില്‍, ഞാന്‍ ഈ ഫ്‌ലാഷ് ബാക്ക് അനുസ്മരിച്ചു വിഹ്വലയായി. 'മയ്യഴിപ്പുഴയുടെ തീരങ്ങളോ' 'ഡല്‍ഹി'യോ 'ഹരിദ്വാറില്‍ മണി മുഴങ്ങുന്നു'വോ ഒന്നുമല്ല,  എം. മുകുന്ദന്റെ 'ദൈവത്തിന്റെ വികൃതികള്‍' ആണ് എന്നെ ഇളക്കിമറിച്ച നോവല്‍. അതുപോലെ ഒരെണ്ണം എഴുതാന്‍ കഴിയുമെന്ന് ഇന്നും എനിക്ക് ആത്മവിശ്വാസമില്ല.  പിന്നെ അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ. മുകുന്ദേട്ടനോടും   മേല്‍പ്പറഞ്ഞ മറ്റുള്ളവരോടും  മത്സരിച്ചു ജയിക്കാനുള്ള  കോപ്പൊന്നും കയ്യില്‍ ഇല്ലാതിരുന്ന നിസ്സഹായതയില്‍ എനിക്ക് മുഖം രക്ഷിക്കാന്‍ 'മുന്തിരിങ്ങ പുളിക്കും' എന്നു വിചാരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. 'ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി പിറകേ വരല്ലേ വരല്ലേ' എന്നു ചൊല്ലിക്കൊണ്ട് ഞാന്‍ സാഹിത്യമോഹങ്ങളോടു വിടപറഞ്ഞു. അടുത്ത വഴി എന്ത് എന്നു തല പുകച്ചു.  

എന്റെ ഡിമാന്‍ഡുകള്‍ വളരെ സിംപിള്‍ ആയിരുന്നു. വളരെ വ്യത്യസ്തമായ ഒരു ജോലി വേണം. അതില്‍ സ്ത്രീകള്‍ കുറവായിരിക്കണം. അതില്‍ ഭാഷ ഉപയോഗിക്കാന്‍ കഴിയണം.  കാരണം, എഴുത്തുകാരിയാകാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടെങ്കിലും  ഭാഷാ പ്രാവീണ്യത്തെക്കുറിച്ചുള്ള അഹങ്കാരം അപ്പോഴും ഉണ്ട്. എഴുതേണ്ടാത്ത ഒരു ജോലിയിലും ഞാന്‍ വിജയിക്കാന്‍ പോകുന്നില്ല എന്ന അധൈര്യവും ഉണ്ട്. ഭാഗ്യമെന്നു പറയാം, അക്കാലത്താണ് ചിത്ര സുബ്രഹ്മണ്യം ബോഫോഴ്സ് റിപ്പോര്‍ട്ടുകളുമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചിത്ര സുബ്രഹ്മണ്യമായി, എന്റെ മനസ്സിലെ വീരനായിക. സങ്കല്‍പ്പിച്ചു സങ്കല്‍പ്പിച്ചു ഞാന്‍ പത്രപ്രവര്‍ത്തനത്തെ എന്റെ വാഗ്ദത്ത ഭൂമിയാക്കി മാറ്റി. പത്രപ്രവര്‍ത്തകയാകുകയാണ് എന്റെ നിയോഗം എന്നെനിക്കു വെളിപ്പെട്ടു. അതില്‍പ്പിന്നെ സാഹിത്യരചന വെറും രണ്ടാം ക്ലാസ്സ് പരിപാടിയായി. ഈ ഭൂമിയിലെ ഏറ്റവും മഹത്തായ കര്‍മ്മം പത്രപ്രവര്‍ത്തനമായി. ഇരുപത്തിനാലു മണിക്കൂറും അതെപ്പറ്റിയായി  ചിന്ത. അതുപക്ഷേ, ആളുകളോടു തുറന്നു പറഞ്ഞില്ല.  വളരെ അടുപ്പമുള്ളവരോട് കുറേശ്ശെ കുറേശ്ശെയായി രഹസ്യത്തിന്റെ അറ്റവും മുറിയും വെളിപ്പെടുത്തിയിരുന്നെങ്കിലും ആഗ്രഹത്തിന്റെ തനിരൂപം ഞാന്‍ കഴിയുന്നത്ര ഒളിച്ചുവച്ചു. ക്ലാസ്സില്‍ ഇരിക്കുമ്പോഴും നടക്കുമ്പോഴും പത്രപ്രവര്‍ത്തനം പഠിക്കാന്‍ വേണ്ടി ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.   


ജനപ്രിയ സാഹിത്യരചന സംബന്ധിച്ച് ഒരു പാഠമുണ്ട്. അതിന്റെ വായനക്കാരെ പിടിച്ചിരുത്തണമെങ്കില്‍ കഥയില്‍ എല്ലാം പ്രതീക്ഷിതമായിരിക്കണം. കഥാപാത്രങ്ങളുടെ സ്വഭാവം, കഥാസന്ദര്‍ഭങ്ങള്‍, കഥാന്ത്യം എന്നിങ്ങനെ എല്ലാം അവര്‍ക്കു പരിചിതവും വിശ്വസനീയവുമായിരിക്കണം. പക്ഷേ, കഥാന്ത്യത്തിലേക്ക് എത്തുന്ന മാര്‍ഗ്ഗം മാത്രം അപ്രതീക്ഷിതമായിരിക്കണം. എഴുത്തിലേക്ക് ഞാന്‍ നയിക്കപ്പെട്ട കഥയും അത്തരമൊന്നായിരുന്നു. എല്ലാം പ്രതീക്ഷിതമായി. ഒന്നൊഴികെ- അതിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്ന വഴി. 
ഡിഗ്രിക്കാലത്ത് ഞാന്‍ സാഹിത്യമൊന്നും എഴുതിയില്ലെന്നല്ല. ചിലപ്പോഴൊക്കെ എന്നിലെ സാഹിത്യമുകുളം  പ്രതിജ്ഞ മറക്കുകയും താനേ വിടര്‍ന്നു പരിലസിക്കുകയും ചെയ്തിട്ടുണ്ട്. ചുമ്മാ, ഒരു റിലാക്സേഷന്. അങ്ങനെയാണ്, കോളേജ് മാഗസിനുവേണ്ടി ഒരു കഥ എഴുതിയത്.  അത് ശാന്തകുമാരി ടീച്ചര്‍ ആവശ്യപ്പെട്ടിട്ടാണ് എന്നാണ് എന്റെ ഓര്‍മ്മ.  'പേരറിയാത്ത കിളികള്‍' എന്നായിരുന്നു പേര്. ആപാദചൂഡം ദു:ഖവും ഏകാന്തതയും മരണവാഞ്ഛയും ഒക്കെയായിരുന്നു എന്ന് ഉറപ്പാണ്.  മാഗസിനില്‍ അത് അച്ചടിച്ചു വന്നപ്പോള്‍ ഒരു ദുരന്തം സംഭവിച്ചു. പേജുകള്‍ തമ്മില്‍ തിരിഞ്ഞുപോയി. അതോടെ എനിക്ക് ആ മാഗസിന്‍ മറിച്ചുനോക്കാന്‍ പോലും മടിയായി. ആ കഥ കൂടാതെ രണ്ടുമൂന്നു കവിതകളും അക്കാലത്തെ സൃഷ്ടികളില്‍ ഉള്‍പ്പെടുന്നു. താര കൂമ്പോടെ നുള്ളിയിട്ടും കാവ്യ ലതിക പൊടിച്ചുകൊണ്ടിരുന്നു. എങ്ങനെ പൊടിക്കാതിരിക്കും?   പത്തിരുപതു വയസ്സിന്റെ കാല്പനിക പ്രേമം മനസ്സില്‍ അലയടിക്കുകയായിരുന്നല്ലോ. എന്റെ പ്രേമമൊക്കെ പ്രേമത്തോടായിരുന്നു എന്നു തിരിച്ചറിയാന്‍ പിന്നെയും എത്രയോ കാലം ജീവിച്ചു തീര്‍ക്കേണ്ടിയിരുന്നു. 
അന്നെഴുതിയ ഒരു കവിതയുടെ വരികള്‍ ഒരു പഴയ ഡയറിയില്‍നിന്ന് ഈയിടെയാണ് കണ്ടുകിട്ടിയത്: 

ചിത്ര സുബ്രഹ്മണ്യം
ചിത്ര സുബ്രഹ്മണ്യം

നമുക്കു ചുറ്റുമീ തണുത്ത രാവിന്റെ 
കറുത്ത മെഴുതിരിയെരിയവേ, കാറ്റില്‍
ഇലകളേതോ സാന്ദ്രശോകത്തില്‍ 
ഉരുകിയിറ്റിറ്റു വീഴവേ 
നിന്റെ വയലിനില്‍ വീണ്ടുമേതു സുസ്വരം 
ചിറകുകള്‍ കുടഞ്ഞുണരുന്നു... 

-  ഒ.എന്‍.വിയും സുഗതകുമാരിയും സമാസമം. 
പക്ഷേ, അത് എന്റെ കുറ്റമല്ല. തനിച്ചിരിക്കുമ്പോഴൊക്കെ ഇവരുടെ കവിതകള്‍ ഉരുവിട്ടു കൊണ്ടിരുന്നതിന്റെ കുഴപ്പമാണ്. എങ്കിലും, പത്തൊന്‍പത് - ഇരുപതു വയസ്സില്‍ എത്ര കൂട്ടിയിട്ടും ഇത്രയേ കൂടിയുള്ളൂ.  അതുകൊണ്ട് കവി അനിത തമ്പിയോടുള്ള ഈര്‍ഷ്യ ഇപ്പോഴും ബാക്കി. അക്കാലത്ത്, കലാകൗമുദിയില്‍ അനിതയുടെ പാതിരിപ്പൂക്കള്‍ എന്ന കവിത അച്ചടിച്ചു കണ്ടതില്‍പ്പിന്നെയുളള ശുദ്ധമായ കണ്ണുകടി. 

നിഷേധവും അധൈര്യവും മൂലം എടുത്തതാണെങ്കിലും പ്രസിദ്ധീകരിക്കണ്ട എന്ന തീരുമാനം ഉചിതമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. പ്രസിദ്ധീകരണമല്ല, എഴുത്തിന്റെ ലക്ഷ്യം. അതിനു കിട്ടുന്ന സ്വീകാര്യതയോ അംഗീകാരങ്ങളോ അല്ല. എഴുത്തിന്റെ ജൈവികത അനുഭവിക്കലാണ്. 
വസന്തത്തില്‍ പുഷ്പങ്ങള്‍ വിടരുന്നത് പൂക്കടകള്‍ക്കോ പുഷ്പശ്രീ അവാര്‍ഡിനോ വേണ്ടിയല്ല.  


ഗാന്ധിഗ്രാം ദിനങ്ങള്‍

ഡിഗ്രി ഒന്നാം വര്‍ഷത്തെ പരീക്ഷ നടന്ന ദിവസം അവിചാരിതമായ പ്രതിസന്ധി മൂലം വളരെ വൈകിയാണ് ഞാന്‍ ഹാളില്‍ എത്തിയത്. അതൊരു വല്ലാത്ത ദിവസമായിരുന്നു. മനസ്സ് തകര്‍ന്നിരുന്നു. മൈഗ്രേയ്ന്‍ മൂര്‍ച്ഛിച്ചു പരീക്ഷാ സമയത്ത് ഛര്‍ദ്ദിച്ചു. ആ പേപ്പറിനു പാസ്സാകാനുള്ള മാര്‍ക്ക് കിട്ടിയില്ല. രണ്ടാം വര്‍ഷം രണ്ടു പേപ്പറും കൂടി എഴുതി. ഞാന്‍ കണക്കു പഠിപ്പിച്ച മൂന്നു കൂട്ടുകാരികളും ജയിച്ചു. ഞാന്‍ തോറ്റു. റി വാല്വേഷനു കൊടുക്കാന്‍ മെനക്കെട്ടില്ല. കോഴ്സ് തോല്‍ക്കാതെ ഒരു തവണ കൂടി എഴുതാന്‍ സാധിക്കുമായിരുന്നു. പക്ഷേ, ആ പരീക്ഷ മെയിന്‍ പരീക്ഷയ്ക്കു ശേഷമാണു നടന്നത്. അതിനാല്‍  റിസല്‍ട്ട് വരാന്‍ വളരെ വൈകി. അങ്ങനെ കൂടെ പഠിച്ചവരെല്ലാം ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നപ്പോള്‍ എനിക്കു മാര്‍ക്കും കാത്ത് വീട്ടില്‍ ഇരിക്കേണ്ടിവന്നു.  

പക്ഷേ, ഉര്‍വ്വശീശാപം ഉപകാരമായി. അതുകൊണ്ട്, എനിക്കു ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാന്‍ സാധിച്ചു. അന്ന് ഗാന്ധിഗ്രാം ഡീംഡ് യൂണിവേഴ്സിറ്റിയാണ്. യു.ജി.സിയുടെ നേരിട്ടുള്ള ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുകയാണ്. അമ്മയുടെ വിചാരം എനിക്കു ഗാന്ധിഗ്രാമിനോടുള്ള താല്പര്യം ഗാന്ധിസാഹിത്യം വായിച്ചതില്‍നിന്നാണ് എന്നായിരുന്നു.  വാസ്തവത്തില്‍ എനിക്കു ഗാന്ധിഗ്രാമിനോടുള്ള താല്പര്യത്തിനു ഹേതു മറ്റൊന്നായിരുന്നു. എന്റെ കൂട്ടുകാരി രേഖയുടെ കസിന്‍ സേതുമാധവന്‍  അവിടെയാണ് പഠിച്ചത്. രേഖയുടെ വീട്ടില്‍വച്ച് സേതുവണ്ണനെ പരിചയപ്പെട്ടപ്പോള്‍ ഗാന്ധിഗ്രാമില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഒരു കോഴ്സ് ഉണ്ടെന്നും അതില്‍ ഒരു പേപ്പര്‍ ജേണലിസം ആണെന്നും ഗാന്ധിഗ്രാമില്‍ത്തന്നെയാണ് മീര പഠിക്കേണ്ടത്  എന്നും അദ്ദേഹം ഉപദേശിച്ചു.

എന്റെ തലയില്‍ ഒരു വെളിച്ചം മിന്നി.   അച്ഛനെ വെട്ടിച്ച് ജേണലിസം പഠിക്കാനുള്ള ഏറ്റവും നല്ല സാധ്യതയാണ് ഗാന്ധിഗ്രാം എന്നെനിക്കു വെളിപ്പെട്ടു. 
അതുകൊണ്ട്, ഇനി കെമിസ്ട്രി പഠിക്കാന്‍ വയ്യെന്ന് ഞാന്‍ വീട്ടില്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ആണ് ഞാന്‍ പഠിക്കാന്‍ പോകുന്നത് എന്ന് അച്ഛനും തീരുമാനിച്ചു. അതുകഴിഞ്ഞ് ഏതെങ്കിലും കോളേജില്‍ കാശു കൊടുത്തെങ്കിലും ജോലി വാങ്ങാം എന്ന് നിഷ്‌കളങ്കനായ അച്ഛന്‍ കണക്കുകൂട്ടി.  ഭാഗ്യത്തിന്,  ലിറ്ററേച്ചര്‍ എം.എയെക്കാള്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എം.എയ്ക്കാണ് ജോലി സാധ്യത എന്ന് ആരോ അച്ഛനെ ബോധവല്‍ക്കരിച്ചു. അങ്ങനെ അച്ഛന്‍ എന്നെയും കൊണ്ട് ഗാന്ധിഗ്രാമില്‍ അഡ്മിഷന്‍ ടെസ്റ്റിനു പോയി. ചെന്നു കണ്ടപ്പോള്‍ അച്ഛനു സ്ഥലം നന്നേ ബോധിച്ചു. മകള്‍ വഴിതെറ്റിപ്പോകാന്‍ യാതൊരു വഴിയുമില്ലാത്ത ഒരിടം. ഒന്നാമതു കുഗ്രാമം. രണ്ടാമത് അതീവ കര്‍ശനമായ ചിട്ടകളുള്ള ഹോസ്റ്റല്‍. മൊത്തത്തില്‍ കുശാല്‍. അങ്ങനെ ഞാന്‍ ഗാന്ധിഗ്രാമിലെ വിദ്യാര്‍ത്ഥിനിയായി. കുടുംബജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു അത്. പക്ഷേ, എഴുത്തിന്റേയും വായനയുടേയും അറിവിന്റേയും കാര്യത്തില്‍ അത് ഏറ്റവും പ്രയോജനപ്രദമായ കാലമായി. ഡോ. സി.എല്‍. ലക്ഷ്മി, ഡോ. എം.എന്‍.കെ. ബോസ്, ഡോ. ജയരാജു, ഡോ. ജോസഫ് ദുരൈരാജ്, എം.എസ്. പ്രഭാകരന്‍ എന്നിവരായിരുന്നു എന്റെ അദ്ധ്യാപകര്‍. അതുവരെ പരിചയിച്ചതില്‍നിന്നു വ്യത്യസ്തമായിരുന്നു അവരുടെ അദ്ധ്യാപനരീതി. ഗാന്ധിഗ്രാമില്‍നിന്ന് എനിക്കു രണ്ടു നേട്ടങ്ങളുണ്ടായി: ഒന്ന്, മാര്‍ക്ക് അല്ല, പാണ്ഡിത്യമാണ് യഥാര്‍ത്ഥ വിജയം എന്ന പാഠം. രണ്ട്, കലവറയില്ലാത്ത അംഗീകാരത്തിലൂടെ അദ്ധ്യാപകര്‍ പകര്‍ന്നു തന്ന ആത്മവിശ്വാസം. 

ഡിഗ്രി പാസ്സായതിനുശേഷം ഗാന്ധിഗ്രാമിലെ പഠനം തീരുംവരെ രണ്ടുമൂന്നു വര്‍ഷം ഞാന്‍ മലയാളത്തില്‍ കഥയോ കവിതയോ എഴുതിയില്ല. അതൊക്കെ മനസ്സില്‍നിന്നു തേഞ്ഞുമാഞ്ഞു കഴിഞ്ഞിരുന്നു. ഗാന്ധിഗ്രാം കാലത്ത് വായിച്ചതെല്ലാം ഇംഗ്ലീഷ് പുസ്തകങ്ങളാണ്. എഴുത്തും വായനയും ഒക്കെ ഇംഗ്ലീഷില്‍. Extensive Reading  എന്ന  പേപ്പറിനുവേണ്ടി ഓരോ സെമസ്റ്ററിലും പതിനഞ്ചു പുസ്തകങ്ങള്‍ വായിച്ചു റിവ്യൂ എഴുതേണ്ടിയിരുന്നു. നാലു സെമസ്റ്ററിലും കൂടി വേണ്ടത് അറുപതു പുസ്തകങ്ങള്‍. പക്ഷേ, നാലാം സെമസ്റ്ററിന്റെ അവസാനം ഞാന്‍ 200 പുസ്തകങ്ങള്‍ വായിച്ചു റിവ്യൂ എഴുതി. അക്കാലത്ത് മലയാളത്തില്‍ ഞാന്‍ രണ്ട് എഴുത്തുകാരെ മാത്രമേ വായിച്ചിരുന്നുള്ളൂ - ടി. പത്മനാഭനും എസ്.വി. വേണുഗോപന്‍നായരും.  'പ്രകാശം പരത്തുന്ന പെണ്‍കുട്ടി'യും എസ്.വി. വേണുഗോപന്‍ നായരുടെ 'ആദിശേഷനും' 'രേഖയില്ലാത്ത ഒരാളും' 'ഭൂമിപുത്രന്റെ വഴിയും' എന്റെ കയ്യില്‍ എപ്പോഴുമുണ്ടായിരുന്നു. അക്കാലത്തു പിറന്നാള്‍ സമ്മാനമായി കിട്ടിയ 'ഗൗരി' ഞാന്‍ മന:പാഠം പഠിച്ചിരുന്നു.  എം.എ. കഴിഞ്ഞ് ഡല്‍ഹിയില്‍ പഠിക്കുന്നതും അതുകഴിഞ്ഞ് ഇംഗ്ലീഷ് പത്രമാസികകളില്‍ ജോലി നേടുന്നതും ഞാന്‍ സ്വപ്നം കണ്ടിരുന്നു. 

കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് കോഴ്സിന്റെ നാലാം സെമസ്റ്ററിലെ ഒരു പേപ്പര്‍  'ക്രിയേറ്റീവ് റൈറ്റിങ്' ആയിരുന്നു. ഡോ. ജോസഫ് ദുരൈരാജ് ആയിരുന്നു അദ്ധ്യാപകന്‍. സര്‍ഗ്ഗാത്മക രചനയെക്കുറിച്ചുള്ള കടുകട്ടി ലേഖനങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. തിയറി പേപ്പര്‍ കൂടാതെ പ്രാക്ടിക്കല്‍ പരീക്ഷകളും ഉണ്ട്. കവിത എഴുതുക, കഥ എഴുതുക, ഒരു കവിതയുടെ മൂന്നു ഖണ്ഡികകള്‍ തന്നിട്ട് നാലാമത്തെ ഖണ്ഡിക പൂര്‍ത്തിയാക്കുക, ഒരു തലക്കെട്ടില്‍നിന്ന് പരമാവധി കഥകള്‍ ഉണ്ടാക്കുക എന്നിങ്ങനെ പലതും.  അന്നു പഠിച്ച തിയറിയുടെ ഒരു വാക്യം പോലും ഇന്ന് ഓര്‍മ്മയില്ല. പക്ഷേ, അന്ന്, ആ പേപ്പര്‍ എനിക്കു വളരെ എളുപ്പമായിരുന്നു.  അക്കാലത്ത് യൂണിവേഴ്സിറ്റി മാഗസിനുവേണ്ടി ഞാന്‍ 'കോര്‍മറാന്റ്' എന്നൊരു കവിതയും എഴുതി. 'കോര്‍മറാന്റ്' എന്നാല്‍ നീര്‍ക്കാക്ക. കറുത്ത്, കഴുത്തു നീണ്ട നീര്‍പക്ഷിയാണ് നീര്‍ക്കാക്ക. വെള്ളത്തില്‍ ഊളിയിട്ടു മീന്‍ പിടിക്കേണ്ടതുകൊണ്ട് അതിന്റെ ചിറകുകളില്‍ മറ്റു പക്ഷികള്‍ക്കുള്ള എണ്ണഗ്രന്ഥികളില്ല. അതുകൊണ്ട് ഓരോ തവണ വെള്ളത്തില്‍ മുങ്ങിയതിനുശേഷവും അതിന് ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ച് ഉണക്കിയെടുത്തിട്ടു മാത്രമേ പറക്കാന്‍ സാധിക്കുകയുള്ളൂ. ദു:ഖത്തിന്റെ ജലാശയത്തില്‍ മുങ്ങിയതിനാല്‍ ചിറകുണങ്ങാന്‍ കാത്തിരിക്കുന്ന നീര്‍ക്കാക്കയാണ് ഞാന്‍ എന്നോ മറ്റോ ആണ് എന്റെ കോര്‍മറാന്റ് കവിതയുടെ സാരം.  അന്നും അസ്തിത്വദു:ഖം വിട്ടു കളഞ്ഞിരുന്നില്ല എന്ന് അര്‍ത്ഥം.  ഈ കവിതാവികൃതിയൊക്കെ ഞാന്‍ അന്നേ മറന്നു കളഞ്ഞതാണ്.  കുറച്ചുകാലം മുന്‍പ് ഇന്‍ബോക്സില്‍ സന്ദേശമയച്ച ജെസി ഏബ്രഹാം ആണ് എന്നെ അതേക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്.  അക്കാലത്ത് അതു വായിച്ച ഒരാള്‍ ഇന്നും അതോര്‍മ്മ വയ്ക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. കാലത്തിന്റെ അടരുകള്‍ക്കടിയില്‍നിന്ന് ഒരു പഴയ കളിപ്പാട്ടം തിരികെ കിട്ടിയ സന്തോഷവും തോന്നി. 
ഗാന്ധിഗ്രാമില്‍ എനിക്ക് ഏറ്റവും അടുപ്പം രണ്ടുപേരോടായിരുന്നു - ഒന്ന്, എന്റെ റൂം മേറ്റും ഇപ്പോള്‍ കരുവാറ്റ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ  വി. അമ്പിളിയോട്. രണ്ട്, എന്റെ സീനിയറും ഇപ്പോള്‍ മാതൃഭൂമി കൊച്ചി യൂണിറ്റില്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ വി. ജയകുമാറിനോട്. എന്റെ തൊട്ടുമുന്‍പുള്ള ബാച്ചില്‍ റാങ്ക് ജേതാവും അദ്ധ്യാപകരുടെ പ്രിയ വിദ്യാര്‍ത്ഥിയുമായിരുന്നു ജയകുമാര്‍. ജേണലിസം തന്നെയായിരുന്നു ജയകുമാറിന്റേയും സ്വപ്നം. ജയകുമാറിന്റെ പഴയ പുസ്തകങ്ങളും നോട്ടുകളും വച്ചാണ് ഞാന്‍ എം.എയ്ക്കു പഠിച്ചത്. കോഴ്സ് കഴിഞ്ഞയുടനെ ജയകുമാറിന് മാതൃഭൂമിയില്‍ ജോലി കിട്ടി. എന്റെ വൈവാ പരീക്ഷയ്ക്കു തലേന്ന് ജയകുമാര്‍ അയച്ച ഒരു നീണ്ട കവര്‍ കിട്ടി. അതിനുള്ളില്‍ മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന പരിശീലന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പേപ്പര്‍ കട്ടിങ് ഉണ്ടായിരുന്നു. ഇതിന് അപേക്ഷിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന കത്തും.   
അന്നു ഗാന്ധിഗ്രാമില്‍ ഇടിവെട്ടി മഴ പെയ്ത ദിവസമായിരുന്നു. വൈദ്യുതി ഉണ്ടായിരുന്നില്ല.  ഇരുട്ടത്തു മെഴുകുതിരി കത്തിച്ചു വച്ച് ഞാന്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരുന്ന ലേഖനം എഴുതി.  'കെ.എസ്.ആര്‍.ടി.സി രണ്ടായിരാമാണ്ടില്‍' എന്നോ മറ്റോ ആയിരുന്നു വിഷയം. ആ ഹോസ്റ്റല്‍ മുറിയില്‍ ആ ഇരുണ്ട രാത്രിയില്‍ റഫറന്‍സിന് പുസ്തകങ്ങളോ പത്രങ്ങളോ ഒന്നും ലഭ്യമായിരുന്നില്ല. ആര്‍. ബാലകൃഷ്ണപിള്ളയേയും അദ്ദേഹത്തിന്റെ പിതാവ് കീഴൂട്ട് രാമന്‍ പിള്ളയേയും കുറിച്ചൊക്കെ പരാമര്‍ശിച്ച് ഞാന്‍ ഒരു ലേഖനം തട്ടിക്കൂട്ടി. പരീക്ഷയ്ക്കു പോകുന്നതിനു മുന്‍പ് അതു പോസ്റ്റ് ചെയ്യുകയും അതോടെ മറക്കുകയും ചെയ്തു. 

വൈവാ കഴിഞ്ഞ് ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്തു വീട്ടിലെത്തി ജെ.എന്‍.യുവിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലും ഒക്കെ അപേക്ഷിക്കാനുള്ള വഴി അന്വേഷിക്കുമ്പോഴാണ് മനോരമയില്‍നിന്ന് എഴുത്തുപരീക്ഷയ്ക്കു വിളിക്കുന്ന കത്ത് കിട്ടിയത്. ഒരു പരീക്ഷയല്ലേ എഴുതി നോക്ക് എന്ന് അമ്മ നിര്‍ബന്ധിച്ചതുകൊണ്ട് ഞാന്‍ കോട്ടയത്തിനു പുറപ്പെട്ടു.  മൂന്നു വര്‍ഷത്തിനുശേഷം മലയാളം എഴുതുമ്പോള്‍ ഉദ്ദേശിക്കുന്ന വാക്കു കിട്ടാതെ കുഴങ്ങിയതും ഇംഗ്ലീഷ് വാക്കുകളുടെ മലയാളം ഓര്‍ത്തെടുക്കാന്‍ ശ്രമപ്പെട്ടതും എനിക്കിന്നും ഓര്‍മ്മയുണ്ട്.  അങ്ങനെയാണ്, ഞാന്‍ ആ വലിയ സത്യം മനസ്സിലാക്കിയത്- ഭാഷയും സാഹിത്യവും നിത്യോപാസന ആവശ്യമുള്ള മൂര്‍ത്തികളാണ്. ഇടയ്ക്കിടെ മാത്രം വണങ്ങുന്നവരില്‍ അവര്‍ വേണ്ടത്ര പ്രസാദിക്കുകയില്ല. 

ഡോ. ജോസഫ് ദുരൈരാജ്
ഡോ. ജോസഫ് ദുരൈരാജ്


എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് എനിക്കു ജോലി കിട്ടി.  ആ സന്തോഷവര്‍ത്തമാനം അറിയിച്ചുകൊണ്ട് ഞാന്‍ ഗാന്ധിഗ്രാമിലെ അദ്ധ്യാപകര്‍ക്കെല്ലാം കത്തുകള്‍ അയച്ചു. ഒപ്പം ജോസഫ് സാറിനും.  എന്നെ അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തുകൊണ്ട് എല്ലാ അദ്ധ്യാപകരും മറുപടി അയച്ചു.  ജോസഫ് സാറിന്റെ കത്തുമാത്രം കുറച്ചു വ്യത്യസ്തമായിരുന്നു:

''മീര ഇഷ്ടമുള്ള ജോലിയായ പത്രപ്രവര്‍ത്തനത്തില്‍ പ്രവേശിച്ചതില്‍ അഭിനന്ദനം. പക്ഷേ, ക്രിയേറ്റിവ് റൈറ്റിങ് അവഗണിക്കരുത്.''
അതു വായിച്ച് ഞാന്‍ ചിരിച്ചു. ക്രിയേറ്റിവ് റൈറ്റിങ് ക്ലാസ്സില്‍ ഞാന്‍ എടുത്ത ഞുണുക്കു വിദ്യകള്‍ കണ്ണുമടച്ചു വിശ്വസിക്കാന്‍ മാത്രം പാവമായിപ്പോയല്ലോ ദുരൈരാജ് സാര്‍ എന്നു വിചാരിച്ചു. ഞാന്‍ ക്രിയേറ്റിവ് റൈറ്റിങ്  മനസ്സില്‍നിന്ന് എന്നേ മായ്ചുകളഞ്ഞിരുന്നു. സ്വപ്നങ്ങളില്‍ നിറയെ പത്രപ്രവര്‍ത്തനം മാത്രമായിരുന്നു. എഴുതാന്‍ പോകുന്ന റിപ്പോര്‍ട്ടുകള്‍, ഇന്റര്‍വ്യൂകള്‍, സ്‌കൂപ്പുകള്‍...!

പില്‍ക്കാലത്ത്  കഥകള്‍ പ്രസിദ്ധീകരിച്ചു  തുടങ്ങിയപ്പോള്‍, പെട്ടെന്ന് ഒരു ദിവസം എനിക്ക് ആ കത്തിന്റെ കാര്യം ഓര്‍മ്മവന്നു. അതു നഷ്ടപ്പെട്ടു പോയിരുന്നു. എങ്കിലും അതിലെ വരികള്‍ സത്യമായി ഭവിച്ചതോര്‍ത്ത് എനിക്കു രോമാഞ്ചം ഉണ്ടായി. ക്രിയേറ്റീവ് റൈറ്റിങ് ഉപേക്ഷിക്കരുത് എന്ന് എന്നോടു പറയാന്‍ ദുരൈരാജ് സാറിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും എന്നു ഞാന്‍ ഇടയ്ക്കിടെ ചിന്തിക്കാറുണ്ട്. അദ്ദേഹത്തോടു ചോദിച്ചാല്‍ ഉത്തരം കിട്ടുമോ? അതൊക്കെ ഇപ്പോഴും ഓര്‍ത്തുവയ്ക്കുന്നുണ്ടാകുമോ? എനിക്ക് അറിയില്ല.  
ലൈല ടീച്ചറിനെപ്പോലെ, ശാന്തകുമാരി ടീച്ചറിനെപ്പോലെ, ജോസഫ് ദുരൈരാജ് സാറും എന്റെ ഉത്തരക്കടലാസുകളില്‍ കണ്ട ക്രിയേറ്റിവ് റൈറ്റിങ്ങിന്റെ പ്രകാശം എന്തായിരുന്നു? അത് അറിയാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിക്കുന്നു. അത് അറിഞ്ഞാല്‍, ഒരുപക്ഷേ, എങ്ങനെയാണ്  മനസ്സില്‍ കഥ ഉണ്ടാകുന്നത് എന്ന് എനിക്കും മനസ്സിലാകുമായിരിക്കും. അതു മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കാന്‍ സാധിക്കുമായിരിക്കും. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com