മയക്കോവ്‌സികിയുടെ കവിതയും വചനസംസ്‌കാരവും: ദേശമംഗലം രാമകൃഷ്ണന്‍ എഴുതുന്നു

''ഇങ്ങനെ മാത്രമേ കവിത എഴുതാവൂ എന്ന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ളവയല്ല മയക്കോവ്സ്‌കിയുടെ രചനകള്‍.
മയക്കോവ്‌സികി
മയക്കോവ്‌സികി

Necessity is the mother of invention എന്നു പറയാറുണ്ടല്ലോ. അതുപോലെ Necessity is the mother of translation എന്നും പറയാമെന്നു തോന്നുന്നു. ആധുനികതയുടെ പ്രമാണമാതൃകയെന്ന് പലരും വിശേഷിപ്പിക്കുന്ന 'വേസ്റ്റ്ലാന്റ്' മലയാളിക്ക് പരിചയപ്പെടുത്തുക എന്നത് ഒരത്യാവശ്യമായിരുന്നു. അങ്ങനെയാണ് പണിക്കര്‍ 'തരിശുഭൂമി' തയ്യാറാക്കിയത്. അതേപോലെതന്നെയാണ് മയക്കോവ്‌സ്‌കി കവിതകളുടെ വിവര്‍ത്തനവും അയ്യപ്പപ്പണിക്കര്‍ നിര്‍വ്വഹിച്ചത് (1984). അതിനു മുന്‍പേ കെ.പി.ജി. നമ്പൂതിരി മയക്കോവ്‌സ്‌കിയുടെ 'ലെനിന്‍' അപൂര്‍ണ്ണമായി വിവര്‍ത്തനം ചെയ്തിരുന്നു. ശ്രദ്ധേയനായ ഒരു ഇരുപതാം ശതക കവിയുടെ അതിശ്രദ്ധേയമായ ചില രചനകളുടെ മലയാള വിവര്‍ത്തനമാണ് പണിക്കരുടെ ''മയക്കോവ്‌സ്‌കി - കവിത, പ്രണയം, ആത്മകഥ'' എന്ന പുസ്തകത്തിലുള്ളത്. പണിക്കര്‍ പറയുന്നു: 

''ഇങ്ങനെ മാത്രമേ കവിത എഴുതാവൂ എന്ന് നിര്‍ബന്ധിക്കുന്ന തരത്തിലുള്ളവയല്ല മയക്കോവ്സ്‌കിയുടെ രചനകള്‍. ഇന്നും എഴുതിക്കൊണ്ടിരിക്കുന്ന പലരേയും ചൊടിപ്പിക്കാന്‍ പോന്ന പ്രമേയപരവും രൂപശില്പപരവും വൃത്തപരവുമായ സവിശേഷതകള്‍ ഈ രചനകളില്‍ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാത്തവിധം ജ്വലിച്ചുനില്‍ക്കുന്നു... മറ്റു റഷ്യന്‍ കവികള്‍ക്കാര്‍ക്കുമില്ലാത്ത ഒരു പരിവേഷം കവിയും കാമുകനും വിപ്ലവകാരിയുമായിരുന്ന മയക്കോവ്‌സ്‌കിക്കുണ്ട്. ഈ വിവര്‍ത്തനങ്ങളില്‍നിന്ന് ആ പരിവേഷത്തിന്റെ ഏകദേശ രൂപമെങ്കിലും കിട്ടുമെങ്കില്‍ കവിതാവിവര്‍ത്തന സാഹസം പൊറുക്കാവുന്നതേയുള്ളൂ.''
അന്നത്തെ കേരള സര്‍വ്വകലാശാല റഷ്യന്‍വകുപ്പ് മേധാവിയായ ഡോ. ഗോവിന്ദന്‍നായരുമായി ചര്‍ച്ച ചെയ്ത് റഷ്യന്‍ മൂലപാഠവും ഇംഗ്ലീഷ് വിവര്‍ത്തനവും ഒത്തുനോക്കിയാണ് പണിക്കര്‍ ഈ തര്‍ജ്ജമ നിര്‍വ്വഹിച്ചിട്ടുള്ളത്. 

മയക്കോവ്‌സ്‌കിയുടെ ആന്തരിക വൈരുധ്യങ്ങളോടും സംഘര്‍ഷങ്ങളോടും സ്വതന്ത്രമായ എഴുത്തുരീതിയോടും മനോധര്‍മ്മങ്ങളോടും താദാത്മ്യപ്പെടുന്ന ഒരു രചനാരീതിയും സര്‍ഗ്ഗ മനഃസ്ഥിതിയുമാണ് പണിക്കര്‍ക്കും ഉള്ളത്. പണിക്കരുടെ ഉപഹാസ സര്‍ഗ്ഗാത്മകതയ്ക്ക് പ്രചോദനമേകുന്ന എത്രയോ പ്രകരണങ്ങള്‍ മയക്കോവ്‌സ്‌കി കവിതയിലുണ്ട്. ആകയാല്‍ തന്റെ ഒരത്യാവശ്യം നിറവേറ്റല്‍കൂടിയായി തീരുന്നുണ്ട് ഈ വിവര്‍ത്തനങ്ങള്‍. (2018 മയക്കോവ്‌സ്‌കിയുടെ 125-ാം ജന്മവര്‍ഷമാണ്, ജനനം: 1893 ജൂലൈ 7.)

അയ്യപ്പപ്പണിക്കര്‍
അയ്യപ്പപ്പണിക്കര്‍

വ്‌ലാഡിമീര്‍ ഇലിയിച്ച് ലെനിന്‍

Dragging word by word
from memory's Coffers
Won't suit either me
or you who read
'ഓര്‍മ്മയുടെ പേടകത്തില്‍നിന്നു
വാക്കുകള്‍ ഓരോന്നായി വലിച്ചെടുത്താല്‍ 
അതെനിക്കിണങ്ങില്ല
വായനക്കാരായ നിങ്ങള്‍ക്കും''
പക്ഷേ, ആശ്രയിക്കാന്‍ ഓര്‍മ്മകളേ ഉള്ളൂ; ഓര്‍മ്മകളുടെ മൊഴികളേ ഉള്ളൂ. ജീവിതം വൃഥാ കളയുന്നതിനെ വ്യഞ്ജിപ്പിക്കുന്ന ഒരു രൂപകമുണ്ട് ഈ കവിതയില്‍: 'each grinds his water in his own pet mortar'- ''സ്വന്തം ചാണയില്‍/ഓരോരുത്തനും അവനവന്റെ വെള്ളം അരയ്ക്കുന്നു''- ഈ സവിശേഷാര്‍ത്ഥ പ്രയോഗം മലയാളിക്ക് പരിചിതമാണെന്ന് തോന്നുന്നില്ല. അതിനു പാകത്തിലുള്ള  ഇണയോ തുണയോ മലയാളത്തില്‍ കണ്ടെത്താന്‍ ശ്രമിക്കാമായിരുന്നു. പക്ഷേ, മൂലകവിയുടെ വാക്യഉരുവം അതേപടി പകരാനാണ് ലക്ഷ്യഭാഷാകവി നിശ്ചയിച്ചത്. 'ചാണ' പോലെ അഭിവ്യക്തി സാധ്യതയുള്ള ഒരു മൂര്‍ത്തബിംബം ഇതാ:
Snow - tears
from the flag's red eye-lids run
കൊടികളുടെ ചുവന്ന കണ്‍പോളകളില്‍നിന്ന് 
കണ്ണീര്‍മഞ്ഞ് ഒഴുകുന്നു. 
മയക്കോവ്സ്‌കിയുടെ ലെനിന്‍ കവിതയില്‍ ആക്രോശങ്ങളും പ്രഘോഷണങ്ങളും ഉണ്ടെങ്കിലും 'കൊടികളുടെ ചുവന്ന കണ്‍പോളകള്‍'/ 'കണ്ണീര്‍മഞ്ഞ്' എന്നതു പോലുള്ള കല്പനാ ചിത്രങ്ങള്‍ക്കാണ് പ്രസക്തി. ലെനിന്റെ മരണത്തില്‍ വിലപിക്കുന്ന നിരാലംബരുടെ സങ്കടം ഈ കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു. ''കുട്ടികള്‍ ചോദിക്കും: എന്താണ് മുതലാളിത്തം?'' എന്ന ഭാഗത്ത് സര്‍ ചക്രവര്‍ത്തിയെ ഉപഹാസജനകമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവിടെ മൂലകവിയുടെ വാക്യഘടനാ പാറ്റേണുകള്‍ അതേ വ്യാകരണബോധത്തോടെ മലയാളമാക്കി തന്നിരിക്കയാണ്. 'തരിശുഭൂമി'യിലെ പദാനുപദ വാക്യാനുവാക്യ വിവര്‍ത്തനരീതി കുറേയൊക്കെ ലെനിന്‍വിവര്‍ത്തനത്തിലും കാണാം; ഒപ്പം മലയാളഘടന പുലര്‍ത്താനുള്ള ശ്രമവും ഉണ്ട്. 

ഉറക്കെ, നേരിട്ട് 

സഖാവുജീവിതവും കവിതാജീവിതവും സമന്വയിപ്പിക്കുന്ന തരത്തിലുള്ള ആവേഗവും ആവേശവും നിറഞ്ഞ സൃഷ്ടിയാണ് മയക്കോവ്‌സ്‌കിയുടെ 'ഉറക്കെ, നേരിട്ട്' (Aloud and Straight) എന്ന കവിത. ''ചൂടുവെള്ളത്തിന്റെ കവിയെ / പച്ചവെള്ളത്തിന്റെ ബദ്ധശത്രുവാം കവിയെ'' ഇവിടെ മുഖതാവില്‍ കാണാം. 
I,
muck-cleaner and water-carter             - അഴുക്കു നീക്കുന്നവന്‍ വെള്ളം കോരുന്നവന്‍ 
mobilised and enlisted by the October call-up,    - ഒക്ടോബര്‍ വിളിച്ചുവരുത്തി സംഘടിപ്പിച്ച് പട്ടികയില്‍ ചേര്‍ത്ത ഞാന്‍
went to the front from the manor garden of Poetry (wanton old trollop!)    -    (അലവലാതി കുഴഞ്ഞാട്ടക്കാരി ) കവിതയുടെ തറവാട്ടു തോപ്പുവിട്ടു മുന്നണിയിലേക്കു പോയി. 
Cottage,    - കുടില്
Pottage    - കഞ്ഞി
Lawn and orchard    - തകിടി തോപ്പ്
daughter, water - what a beauty!    - മകള്‍, വെള്ളം - എന്തൊരു ചന്തം!
മയക്കോവ്‌സ്‌ക്കി എന്ന കവിസഖാവിന്റെ ജീവിതത്തിനും കവിതയ്ക്കും വന്ന മാറ്റങ്ങളുടെ പ്രത്യക്ഷ പത്രമാണ് ഈ കവിത. അതില്‍ പദ-പദാംഗങ്ങളുടേയോ വാക്യ-വാക്യാനുബന്ധങ്ങളുടേയോ ലേശാംശം പോലും വിട്ടുകളയാതെ വിവര്‍ത്തകന്‍ പകര്‍ന്നുതന്നിരിക്കുന്നു. അതേസമയം പല പദപ്രകടനങ്ങളും മലയാളമട്ടു വഴിയുന്നതുമായിട്ടുണ്ട്. 
Fancy - Nancy plants an orchard, an' she'll water it to boot!    - കുഞ്ഞിപ്പെണ്ണു ചെടികള്‍ നട്ടു കോരിയൊഴിക്കുന്നെന്തൊരു വെള്ളം
Some grow poems by the acre, others sow 'em by the pinch    - ഏക്കര്‍ കണക്കില്‍ കവിത വളര്‍ത്തോര്‍ നുള്ളിത്തുള്ളി വിതയ്ക്കുന്നോര്‍ ചിലര്‍
Curly - whirly like Mitreikin, fuddle - muddle like Kudreiko    - മിത്രൈക്കിന്‍ പോല്‍ ചുരുണ്ടുപുളഞ്ഞോര്‍ കുദ്രൈക്കോപോല്‍ കുഴഞ്ഞുമറിഞ്ഞോര്‍ 
തന്റെ കുട്ടനാടന്‍ ചിത്രങ്ങളിലെ സംസ്‌കാരം മയക്കോവ്‌സ്‌ക്കിയില്‍ ഉപസ്‌കൃതമാണെന്ന കണ്ടെത്തലോടെയാവാം പണിക്കര്‍ ഈ ഭാഗം വിവര്‍ത്തനം ചെയ്തതെന്ന് തോന്നിപ്പോകും. കാവ്യകൃഷിയും ജീവസന്ധാരണത്തിനായുള്ള മണ്ണിലെ കൃഷിയും സാത്മീകൃത രഞ്ജനയായിക്കാണുന്നു റഷ്യന്‍കവിയും മലയാളകവിയും. ഏറെ വിതച്ച്  ഏറെ കൊയ്യുന്നവരുണ്ട്. നുള്ളി വിതച്ച് അല്പം മാത്രം കൊയ്യുന്നവരുണ്ട്. അക്കൂട്ടത്തില്‍ മേനി കൊയ്യുന്നവരുമുണ്ടാകാം. കര്‍ഷകര്‍ മാത്രമല്ല, കവികളും അങ്ങനെത്തന്നെ. മയക്കോവ്‌സ്‌ക്കിയുടെ കാലത്തെ യുവകവികള്‍ - (മിത്രൈക്കിന്‍, കുദ്രൈക്കോ) ചുരുണ്ടുപുളഞ്ഞ, കുഴഞ്ഞുമറിഞ്ഞ കാവ്യകൃഷിക്കാര്‍ - കൂടി ഇവിടെ കൃഷിരൂപകത്തിലൂടെ സൂചിതമാകുന്നു. റഷ്യന്‍ കാവ്യകാലങ്ങളുടെ പരോക്ഷ സൂചനകള്‍ ഈ കവിതയില്‍ പലേടത്തും അനുഭവപ്പെടുന്നുണ്ട്. 
''ഇത്രയ്ക്കു കാല്പനികത്വം കലര്‍ത്തിയാല്‍ 
കത്രിക വേണ്ടിവരുമെന്നു മാത്രമേ
ഇപ്പോള്‍ പറയേണ്ടതുള്ളൂ, നിലംതൊടാ-
പദ്യങ്ങള്‍ പഥ്യങ്ങളായിത്തുടരുന്നൂ''
('എന്നേ മറന്നുകഴിഞ്ഞിരിക്കുന്നു ഞാന്‍')
എന്നു പറഞ്ഞ അയ്യപ്പപ്പണിക്കരുടെ മുന്നോടിയാണ് മയക്കോവ്‌സ്‌ക്കിയുടെ 'ഭാവഗാന വില്‍പ്പനക്കാരുടെ പീറച്ചവറുകള്‍'ക്കെതിരെയുള്ള പരിഹാസം:
''എനിക്കും 
പ്രേമഗാനരചനതന്നെ രസം
അതാണു ഭേദം-
മനസ്സിനും മടിശ്ശീലയ്ക്കും
എന്നാലും ഞാന്‍ -
എന്റെ കവിതയുടെ തൊണ്ടയില്‍ ചവിട്ടും
എന്നെത്തന്നെ അമര്‍ത്താന്‍ വേണ്ടി''
മയക്കോവ്‌സ്‌ക്കിയുടേതായ ഈ നിയന്ത്രണം ഗൗരവതരമായോ നിസ്സാരവല്‍കൃതമായോ ഉപഹാസത്വരയോടെയോ പണിക്കര്‍കവിതകളിലുമുണ്ടല്ലോ. തന്റെ കവിതയെ 'മൃതമായ നക്ഷത്രത്തിന്റെ വൈകിവന്ന രശ്മിയാകുവാന്‍, വിട്ടുകൊടുത്തില്ല, മയക്കോവ്‌സ്‌ക്കി. എന്നാല്‍, യാഥാര്‍ത്ഥ്യങ്ങളുടെ കൂര്‍പ്പില്‍ സങ്കല്പനക്ഷത്രങ്ങള്‍ വിടര്‍ത്തിയേ അദ്ദേഹം എഴുതിയിരുന്നുള്ളൂ. തന്റെ ശില്പചാതുരിയുടെ രഹസ്യങ്ങളുമായി ശവക്കുഴിയിലേക്കു പോയ കവിയല്ല മയക്കോവ്‌സ്‌ക്കി. ''ചന്ദ്രികയും ശരല്‍ക്കാലവും കളകാഞ്ചിയും കൈകാര്യം ചെയ്യുന്ന പഴയ നിയമാവലി നിഷ്പ്രയോജനം തന്നെ. എങ്ങനെയാണ് ജനകീയ സംഭാഷണശൈലി കവിതയില്‍ കൊണ്ടുവരേണ്ടത്, ജനകീയ ഭാഷണത്തില്‍നിന്ന് എങ്ങനെ കവിത ഉറുത്തിയെടുക്കാന്‍ കഴിയും'' - ഈ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ശില്പചാതുരിയുടെ രഹസ്യം ('എങ്ങനെയാണ് പദ്യം ചമയ്ക്കുന്നത്': മയക്കോവ്‌സ്‌ക്കിയുടെ ലേഖനം, വിവ. പണിക്കര്‍). അയ്യപ്പപ്പണിക്കരുടെ ശിഥിലവും സങ്കീര്‍ണ്ണവുമായ ആദ്യകാല രചനകള്‍ക്കും 'കുരുക്ഷേത്രം' പോലുള്ള ഉദ്ദേശ്യാധിഷ്ഠിത ബിംബസമവായങ്ങള്‍ക്കും ശേഷമുള്ള കവിതകളിലും ഇപ്പറഞ്ഞ ജനകീയ ഭാഷണശൈലിക്കാണല്ലോ ഊന്നല്‍. 
വിപ്ലവപ്രവര്‍ത്തനത്തേയും കാവ്യപ്രവര്‍ത്തനത്തേയും സമന്വയിപ്പിക്കുന്ന സാദൃശ്യോക്തിയിലൂടെ മയക്കോവ്‌സ്‌കി പറയുന്നതും ഇവിടെ ശ്രദ്ധേയമാകുന്നു:
''കവിതാരചനയില്‍ രചനാരംഭത്തെപ്പറ്റി വളരെക്കുറച്ചു പൊതുനിയമങ്ങളേ ഉള്ളൂ. ഈ നിയമങ്ങള്‍തന്നെ വെറും സാങ്കേതികങ്ങളാണ്, ചതുരംഗത്തിലെപ്പോലെ. ആദ്യത്തെ നീക്കങ്ങള്‍ ഏതാണ്ടു ചിട്ടപ്പെടുത്തിയവയാണ്. അതൊന്നു കഴിഞ്ഞാല്‍ പിന്നെ, ഒരു പുതിയ ആക്രമണത്തിനുള്ള വഴി ആലോചിക്കുകയായി. ഏറ്റവും പ്രചോദനമുള്‍ക്കൊള്ളുന്ന നീക്കംപോലും അടുത്ത കളിയിലെ ലഭ്യമായ ഒരു സന്ദര്‍ഭത്തിലും ആവര്‍ത്തിക്കാന്‍ സാധ്യമല്ല. അപ്രതീക്ഷിതമായ നീക്കത്തിനു മാത്രമേ എതിരാളിയെ ഉറക്കത്തില്‍ പിടിക്കാന്‍ സാധിക്കുകയുള്ളൂ'' (മയക്കോവ്‌സ്‌ക്കി- കവിത പ്രണയം ആത്മകഥ: വിവ. അയ്യപ്പപ്പണിക്കര്‍).
''വാക്കുകള്‍കൊണ്ട് 
ചെവി തലോടാന്‍ എനിക്കു പരിചയമില്ല. 
അതിന്റെ ചുളിവുകളില്‍ പതിയിരിക്കുന്ന
കന്നിക്കാതില
അര്‍ധാശ്ലീലം കേട്ട്
ഭാവം പകരുക മാത്രമല്ല
ഞെട്ടി ലജ്ജിക്കും.''
എന്നുകൂടി പറയുന്ന മയക്കോവ്‌സ്‌ക്കി തന്റെ കവിതയെ പടയണിനിരയാക്കി മാറ്റുന്നത് അയ്യപ്പപ്പണിക്കര്‍ പ്രത്യക്ഷവല്‍ക്കരിക്കുന്നു: 
''നോക്കൂ-
എന്റെ പേജുകളുടെ പടയണിനിര ഉതിര്‍ക്കുന്നു.
പ്രൗഢശാന്തതയോടെ 
ശ്ലോകപുരോഭാഗത്ത് 
ഞാന്‍ മാര്‍ച്ചു ചെയ്യുന്നു
......................................
വെടിമരുന്നു നിറച്ച് 
മുഖത്തോടുമുഖം ഉരുമ്മി 
വന്‍ കവിതകള്‍ 
അവയുടെ മരതകത്തലപ്പുകളുയര്‍ത്തുന്നു.
..........................................
കൂര്‍ത്തമുനയുള്ള പ്രാസങ്ങള്‍ 
ചൊടിച്ചുവിട്ടാല്‍ മുട്ടില്‍ത്തന്നെ ഇറുക്കുന്നവര്‍
ആര്‍പ്പുവിളിയോടെ മുന്നോട്ടു കുതിക്കാന്‍
തയ്യാറായവര്‍-
ശ്ലേഷവും നര്‍മ്മോക്തിയും-
ദ്രുതപാദരായ എന്റെ കുതിരപ്പട''

വ്യവസ്ഥാപിത കാല്പനിക പ്രവണതകള്‍ക്കെതിരെയുള്ള തന്റെ കവിതയുടെ ചെറുത്തുനില്‍പ്പും കടന്നുകയറ്റവും കൂടി മയക്കോവ്‌സ്‌ക്കി, വിപ്ലവസന്നാഹങ്ങള്‍ക്കൊപ്പം നിര്‍വ്വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുനവെച്ച പ്രാസവും തരംഗതാളവും ശ്ലേഷനര്‍മ്മോക്തികളും പണിക്കരുടെ വിവര്‍ത്തനത്തിലൂടെ അനുഭവവേദ്യമാവുന്നു. 
മയക്കോവ്‌സ്‌ക്കിയുടെ നര്‍മ്മധര്‍മ്മങ്ങളോടും രൂക്ഷപരിഹാസങ്ങളോടുമുള്ള ആഭിമുഖ്യം പണിക്കരുടെ കാവ്യജീവിതത്തിന്റെ ഉള്ളറകള്‍ തള്ളിത്തുറന്നിട്ടുണ്ടാവണം. ''ജീനിയസ്സുകളുടെ കൂമ്പാരത്തില്‍ കണ്ണീര്‍ വീഴ്ത്തുന്ന കീര്‍ത്തിവിധവ''യും  ''കീഴ്നിരയിലെ സാധാരണക്കാരെപോലെ സമരം ചെയ്തു മരിച്ചു വിസ്മൃതമാകുന്ന കവിത''യും പണിക്കരുടെ ഭാഷാന്തരണത്തില്‍ തെളിഞ്ഞുവരുന്നുണ്ട്. 
''ഓടുകൊണ്ടുള്ള ഘനസ്മാരകങ്ങള്‍ 
എനിക്കൊരു ചുക്കുമല്ല 
വെണ്ണക്കല്ലിന്റെ ഉറഞ്ഞ കുഴമണ്ണ്
എനിക്കൊരു ചുക്കുമല്ല
നാമെല്ലാം സഖാക്കള്‍''

ഇതിന്റെ ഇംഗ്ലീഷ് പാഠം:
The hell I care
for bronze's weight memorial, 
The hell I care
for marble's frozen slime!
we're comrades all -
ഇവിടെ 'The hell I care' -ന്റെ രൂപാന്തരണവും സ്ഥാനീകരണവും - 'എനിക്കൊരു ചുക്കുമല്ല' - ഔചിത്യവേദിയായ വിവര്‍ത്തകന്റെ മലയാള മനോധര്‍മ്മംകൊണ്ടു സഫലമായിരിക്കുന്നു. 
For you
of iron health
and steely muscle knots
a poet licked away
consumptive's clots
With the rough tongue of 
Posters that he made.

'ആയുരാരോഗ്യവും
ഉരുക്കുമാംസപേശികളുമുള്ള 
നിങ്ങള്‍ക്കുവേണ്ടി
താനുണ്ടാക്കിയ പോസ്റ്റര്‍ എന്ന 
പരുക്കന്‍ നാക്കുകൊണ്ട് 
ഒരു കവി ക്ഷയരോഗിയുടെ 
കഫക്കട്ട നക്കിത്തുടച്ചുമാറ്റി'' 
കവിത എന്തിന് എന്നതിന് ഉത്തരം നല്‍കുന്നു, മയക്കോവ്‌സ്‌ക്കി. പോസ്റ്റര്‍ - നാക്കുകൊണ്ട് ക്ഷയരോഗിയുടെ കഫക്കട്ട നക്കിത്തുടച്ചു മാറ്റുന്ന കവി, മയക്കോവ്‌സ്‌ക്കി തന്നെ. അദ്ദേഹത്തിന്റെ കാവ്യജീവിതത്തിലെ ഏറ്റവും മഹത്തായ, ദുരന്തോപഹാസ നിര്‍ഭരമായ, കല്പനായാഥാര്‍ത്ഥ്യമാണ് ഈ രൂപകം. 

''ചരിത്രത്തിന്റെ പുകപടലത്തിലൂടെ കാണുന്ന 
ഒരു ദീര്‍ഘവാലന്‍ ഭീകരജീവിയെപ്പോലെ
കാലത്തിന്റെ വാലുംപിടിച്ച് 
ഒരവശിഷ്ടവസ്തുവായിത്തീരുകയാണു ഞാന്‍
വരൂ, 
സഖാവുജീവിതമേ
x x x x x x x x x x x x x x x x x x x
കവിതകൊണ്ടു നേടിയ ഒറ്റ റൂബിള്‍ പോലും
എന്റെ പണപ്പെട്ടിയിലില്ല
പറഞ്ഞു തീര്‍പ്പിച്ച മഹാഗണി ഉരുപ്പടിയൊന്നും
എനിക്കില്ല 
തുറന്നുപറയട്ടെ സുഹൃത്തുക്കളേ
ഈ ലോകത്തില്‍ ഞാന്‍ ആകെ മതിക്കുന്നത്
വൃത്തിയുള്ള രണ്ടു കുപ്പായം മാത്രം''

'സഖാവുജീവിത'ത്തിലൂടെ സന്തര്‍പ്പണം ചെയ്യപ്പെടാതെ പോയ കവിസ്വത്വത്തിന്റെ വിങ്ങലാണിത്. വൈരുധ്യാത്മക സ്വത്വസംഘര്‍ഷത്തില്‍ ആത്മാവ് അറുത്തിട്ടു കടന്നുപോയി, മയക്കോവ്‌സ്‌ക്കി. കവിയുടെ മരണപത്രമാണ് ഇക്കവിത എന്നു പറയാം. ദൃഢത കൂടിക്കൂടി പതുക്കെപ്പതുക്കെ ദുര്‍ബ്ബലമാകുന്നതായ ഒരു സ്വരം... ആത്മപരീക്ഷയില്‍ പിടയുന്നതായ ഒരു സ്വത്വം... നേടാതെ പോയ സഖാവുജീവിതത്തിന്റെ തേങ്ങല്‍... ആ 'അവശിഷ്ട വസ്തു' ബിംബത്തില്‍ ത്രസിക്കുന്നത്, കവിയുടെ അവസാന നാളുകളാണ്. ഒഴിഞ്ഞ പണപ്പെട്ടിയുമായി, വൃത്തിയുള്ള രണ്ടു കുപ്പായത്തിനുള്ള മോഹവുമായി ഇരിക്കുന്ന ആ മയക്കോവ്‌സ്‌ക്കിയെ കാണാന്‍, കേരളത്തിലെ വിപ്ലവകാലത്ത് ആവുന്നത്ര ഉച്ചത്തില്‍ പാടിയ കവികള്‍ക്കു കഴിയാതെ പോയി എന്ന് ചിന്തിപ്പിക്കാനും കൂടിയാവണം പണിക്കര്‍ ഈ കവിത വിവര്‍ത്തനം ചെയ്തത്. 

III

വചനജ്വാലകള്‍

'തരിശുഭൂമി'യിലും മയക്കോവ്‌സ്‌ക്കി കവിതകളിലും അനുഭവപ്പെടുന്നപോലെ മൂലാനുസാരിത്വം മികവോടെ പാലിച്ചിട്ടുള്ളതാണ് അയ്യപ്പപ്പണിക്കരുടെ വചനകവിതാവിവര്‍ത്തനവും. കന്നടയിലെ വീരശൈവഭക്തകവികളുടെ നൂറ്റൊന്നു വചനങ്ങള്‍ അടങ്ങുന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് Naming the Nameless. 1981-ല്‍ പ്രഭുശങ്കരയാണ് അത് പണിക്കര്‍ക്കു കൊടുത്തത്. ഇവ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമം അന്നുതൊട്ടേ തുടങ്ങിയിരുന്നു. പിന്നീട് കന്നടരൂപം ദേവനാഗരിലിപിയിലും മലയാളലിപിയിലും പ്രഭുശങ്കര പകര്‍ത്തിച്ചുകൊടുക്കുകയുമുണ്ടായി.  മൈസൂറിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് ഓരോ കവിതയും വിവര്‍ത്തനവും വായിച്ച് കഴിയുന്നത്ര മൂലാനുസാരിയാക്കാന്‍ പണിക്കര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ''പാകപ്പിഴകള്‍ ഇപ്പോഴും കണ്ടേയ്ക്കാം. ഇല്ലെങ്കിലേ അത്ഭുതമുള്ളൂ'' എന്ന് വിവര്‍ത്തകന്‍ സമാധാനപ്പെടുന്നു. 

നേരത്തേ പറഞ്ഞപോലെ, ഇതിന്റെ വിവര്‍ത്തനവും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ഒരത്യാവശ്യമാണെന്നു തോന്നിയതിന്റെ ഫലമാണ്. ഭക്തിയുടെ ഏകാഗ്രവും ഉദാത്തവുമായ ഭാവങ്ങളെ, സാധാരണക്കാരന് സാധിക്കുന്ന ഭാഷയില്‍, കവിത്വത്തോടെയും സഹൃദയത്വത്തോടെയും ആവിഷ്‌കരിച്ചിട്ടുള്ള ഗദ്യരൂപമാണ് വചനം. 
വചനകവിത ദളിതജന്മമാണ്. വചനകവികളില്‍ ഏറെപ്പേരും അധഃകൃത ജാതികളില്‍ പിറന്നവരായിരുന്നു. കുലത്തൊഴിലുകള്‍കൊണ്ടായിരുന്നു അവരുടെ ഉപജീവനം. ആകയാല്‍ അധ്വാനത്തിന്റെ മഹത്വത്തെ വാഴ്ത്തുന്നവയാകുന്നു വചനകവിതകള്‍. സൈദ്ധാന്തികതകളെ മറികടക്കുന്ന ഈശ്വരസങ്കല്പവും യോഗാത്മകാനുഭൂതിയുടെ ഉദാത്തതയും പ്രസരിപ്പിക്കുന്നവയാണ് വചനകവിതകള്‍. ജാതിവ്യത്യാസങ്ങള്‍ അപ്രസക്തവും നിരര്‍ത്ഥകവുമാണെന്ന് പ്രഖ്യാപിക്കുന്നു, അവ. ഓരോ വചനവും മാനസികൈക്യത്തില്‍ ഊന്നുന്നു- ഈ ശക്തിസ്രോതസ്സുകളാണ് മധ്യകാല ഭാരതീയ സാഹിത്യത്തില്‍ വചനകവിതയ്ക്ക് സുപ്രധാനമായ സ്ഥാനം നേടിക്കൊടുത്തത്. 

അക്കമഹാദേവിയുടെ പ്രതിമ
അക്കമഹാദേവിയുടെ പ്രതിമ


കായക്കെ നെളലാഗി കാഡിത്തു മായെ; - ഉടലിനു നിഴല്‍പോലെ നോവേകുന്നൂ മായ 
പ്രാണക്കെ മനവാഗി കാഡിത്തു മായെ; - പ്രാണനു മനസ്സുപോലെ നോവേകുന്നൂ മായ
മനക്കെ നെനഹാഗി കാഡിത്തു മായെ; - മനസ്സിനു നിനവുപോലെ നോവേകുന്നൂ മായ
നെനഹിംഗെ അറിവാഗി കാഡിത്തു മായെ; - നിനവിന്നു അറിവെന്നോണം നോവേകുന്നൂ മായ 
ജഗദ ജംഗുളിഗെ ബെംഗോലനെത്തി കാഡിത്തു മായെ;  - ജഗത്തിന്‍മീതെയുയര്‍ത്തിയ  ചാട്ടവാര്‍പോലെ നോവേകുന്നൂ മായ
ചെന്നമല്ലികാര്‍ജുനാ, നീനൊഡ്‌സിദ മായെയനാരു ഗെലബാരദു - ചെന്നമല്ലികാര്‍ജുനാ നിന്‍മായയെ വെല്ലാനാളല്ലാരും
(അക്കമഹാദേവി)

പരസ്പരം മൊഴിപരവും പൊരുള്‍പരവുമായ പ്രകാശം ചൊരിഞ്ഞുനില്‍ക്കുന്നവയാണ് സ്രോതപാഠവും ലക്ഷ്യപാഠവും. എന്നാല്‍, രണ്ടു പാഠങ്ങളിലേയും എല്ലാ ഘടകങ്ങള്‍ക്കും ഘടനകള്‍ക്കും വേണ്ടത്ര തത്തുല്യതയോ സമമൂല്യതയോ ഉണ്ടാകുന്നുമില്ല. അതാണ് വിവര്‍ത്തനത്തിലെ സ്ഥായിയായ പ്രശ്‌നം. സ്രോതപാഠത്തിന്റെ ഏറെക്കുറെ സമീപസ്ഥവും സ്വാഭാവികവുമായ ഒരു ലക്ഷ്യപാഠം ചമയ്ക്കലായിത്തീരുന്നു വിവര്‍ത്തനം. പണിക്കര്‍ സ്വാഭാവികത കൈവരുത്താനാണ് ശ്രമിച്ചിട്ടുള്ളത്. പൊതുവെ അക്കാമഹാദേവി, ബസവണ്ണ തുടങ്ങിയ കന്നടവചനകവികളുടെ രചനകള്‍ ഗദ്യവടിവിലാണെങ്കിലും നൈസര്‍ഗ്ഗികമായ ഒരു ഭാവതാളം ഉള്‍ച്ചേര്‍ന്നവയാണ്. അതുകണ്ടറിഞ്ഞാണ് പണിക്കരുടെ മൊഴിമാറ്റം. 

ഒരേ ഗോത്രം/ ഒരേ സംസ്‌കാരം എന്ന അവസ്ഥയിലുള്ള ഭാഷകള്‍ക്കു തമ്മില്‍ വിവര്‍ത്തനസാധ്യത  കൂടുതലായുണ്ട്. തമിഴും മലയാളവും ഉദാഹരണം. ഒരേ ഗോത്രം/ വ്യത്യസ്ത സംസ്‌കാരം എന്ന അവസ്ഥയില്‍ മൂല-ലക്ഷ്യ ഭാഷകള്‍ തമ്മിലുള്ള മൊഴിമാറ്റ സാധ്യത കുറഞ്ഞിരിക്കും. ഉദാഹരണം കന്നട, മലയാളം. ഇവിടെ ഒരേ ഗോത്രമെങ്കിലും ഇരു ഭാഷകളിലേയും രൂപാവലികള്‍ക്കു തമ്മില്‍ ഏറെ വ്യത്യാസമുണ്ട്; സാംസ്‌കാരികമായ അര്‍ത്ഥവിതാനങ്ങളിലും അകല്‍ച്ച കൂടുതലാണ്. ആകയാല്‍ കന്നടപാഠത്തിലെ ഭാഷാരൂപങ്ങളുടെ ലക്ഷ്യസ്ഥാനാന്തരണത്തിലും പ്രശ്‌നങ്ങള്‍ കൂടിവരുന്നു. സ്രോതപാഠത്തില്‍നിന്ന് ഏതാനും സംസ്‌കൃതപദങ്ങള്‍ അതേപടി സ്വീകരിക്കാന്‍ പറ്റും. എന്നാല്‍, കന്നട വാങ്മയ സംസ്‌കാരത്തിന്റെ വിവര്‍ത്തനം പ്രയാസകരമായിത്തന്നെ നില്‍ക്കും. മലയാളത്തിന്റെ അര്‍ത്ഥവിതാനത്തോടു  പൊരുത്തപ്പെടുന്ന പൊതു ദ്രാവിഡശബ്ദങ്ങളും വിവര്‍ത്തനത്തില്‍ ചേര്‍ക്കാന്‍ കഴിയും. എന്തായാലും കന്നടപദങ്ങളായിരിക്കും കൂടുതലും. 
അംദംദെ ഹുട്ടിത്തു, അംദംദെ ഹൊംദിത്തു; 
കൊംദവരുളിദരെ കൂഡലസംഗമദേവാ
(ബസവണ്ണ)

ബസവണ്ണയുടെ പ്രതിമ
ബസവണ്ണയുടെ പ്രതിമ


''അന്നുതന്നെ ജനിച്ചു അന്നുതന്നെ മരിച്ചു
കൊന്നവന്‍ അതിജീവിച്ചോ കൂഡലസംഗമദേവാ'' എന്ന പരിഭാഷ നോക്കുക. ഇവിടെ മൂലപാഠത്തിലെ കന്നടവാങ്മയ രൂപങ്ങള്‍ക്ക് തത്തുല്യമോ സമീപസ്ഥമോ ആയ മലയാള രൂപങ്ങള്‍ കണ്ടെത്താന്‍ കന്നട വശമായിരിക്കുകതന്നെ വേണം. പ്രഭുശങ്കരയുടെ സഹായം ഉണ്ടായതുകൊണ്ടാണ് പണിക്കര്‍ക്ക് വിവര്‍ത്തനത്തില്‍ കന്നട ജീവന്‍ ആവാഹിക്കാന്‍ കഴിഞ്ഞത്. 
വൈരുധ്യങ്ങളുടെ സംഘര്‍ഷത്തില്‍നിന്ന് ബോധപ്രകാശവും പുതുഭാവുകത്വവും ഉളവാക്കുന്ന ഒരു കലാതന്ത്രം വചനകവിതയിലുണ്ട്. 
''തെരണിയ ഹുളുതന്ന സ്‌നേഹദല്ലി മനെയമാഡി
തന്ന നൂലു തന്ന സുത്തി സാവതെരനംതെ'' (അക്കമഹാദേവി)
''സ്വന്തം പശയാല്‍ വീടുനെയ്തിടും പട്ടുനൂല്‍പ്പുഴു
സ്വന്തം നൂലുചുറ്റിച്ചാകുന്നു''
''ഹബ്ബക്കെ തംദ ഹരകെയ കുരി
തോരണക്കെ തംദ തളിരു മേയിത്തു'' (ബസവണ്ണ)
''ഉത്സവത്തിനു കൊണ്ടുവന്ന ബലിയാട്
തോരണത്തിനു കൊണ്ടുവന്ന തളിരു തിന്നുതീര്‍ത്തു''
ഇത്തരം ഭാഗങ്ങലിലെ പട്ടുനൂല്‍പ്പുഴു, ബലിയാട് മുതലായ പ്രതീകങ്ങളില്‍ കുടികൊള്ളുന്ന സാദൃശ്യമൂലകത്വവും ദൃഷ്ടാന്തസ്വരൂപവും അന്യാപദേശ ഛായകളും പണിക്കരുടെ വിവര്‍ത്തനത്തില്‍ സമമൂല്യമായിത്തന്നെ കടന്നുവന്നിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ആത്മീയപ്രകാശം വികിരണം ചെയ്യുന്ന കല്പനാകുണ്ഡമാണ് ഓരോ വചനവും. ഔപമ്യങ്ങളും വാസ്തവോക്തികളും അന്യാപദേശത്തിന്റെ നിഴല്‍-വെളിച്ചങ്ങളും ദൃഷ്ടാന്തമുദ്രകളുംകൊണ്ട് അനുവാചകഹൃദയത്തില്‍  ഇടംപിടിക്കുന്നവയാണ് വചനങ്ങള്‍. ഭക്തനിലും സക്തനിലും ആധ്യാത്മിക നൈസര്‍ഗ്ഗികതയുടെ സംവേദന പ്രേരണയാകുന്നു ഓരോ വചനവും. അതുകൊണ്ടുതന്നെയാണ് കന്നട കവിതാചരിത്രത്തിലെ മിക്ക കവികളുടേയും രചനകളില്‍ വാക്കായും സവിശേഷാര്‍ത്ഥ പ്രയോഗമായും ശൈലിയായും രൂപകത്വമായും വചനസംസ്‌കാരം മുന്നിട്ടുനില്‍ക്കുന്നത്. 

സമാപനം

കവിയായ അയ്യപ്പപ്പണിക്കരിലൂടെ വിവര്‍ത്തന സംസ്‌കാരത്തിലേക്കും അദ്ദേഹം നിര്‍വ്വഹിച്ച വിവര്‍ത്തനങ്ങളിലൂടെ കാവ്യസംസ്‌കൃതിയിലേക്കും അല്പനേരം സഞ്ചരിച്ചപ്പോള്‍ മൊഴിയും പൊരുളും സംലയിച്ചുള്ള ഒരു മമതയാണ് അനുഭവപ്പെട്ടത്. ജീവിതം സംസ്‌കാരമയമാകുന്നതിന് വിവര്‍ത്തനം അനുപേക്ഷണീയമാണ്. ഓരോ ഭാഷാസാംസ്‌കാരിക ലോകങ്ങളിലേയും അനുഭവരാശിയും നാനാവിധമായ പ്രകാശനരീതികളും പകര്‍ന്നുകിട്ടേണ്ടതായുണ്ട്, പകര്‍ന്നു കൊടുക്കേണ്ടതായുമുണ്ട്, അതാണ് സാംസ്‌കാരിക പാരസ്പര്യം. ആകയാല്‍, ''പൂക്കാതിരിക്കാനെനിക്കാവതില്ലേ'' എന്ന പണിക്കര്‍വചനത്തെ വെച്ചുകൊണ്ട്, 'വിവര്‍ത്തനം ചെയ്യാതിരിക്കാന്‍ നമുക്കാവതില്ലേ' എന്നല്ലേ പറയേണ്ടത്?

നൂറുശതമാനം സൗന്ദര്യം, നൂറുശതമാനം വിശ്വാസ്യത അഥവാ ആധികാരികത-വിവര്‍ത്തനത്തില്‍ അസാധ്യം. ''അട്ടത്തുള്ളതെടുക്കുകയും വേണം, കക്ഷത്തുള്ളത് പോകയുമരുത്'' എന്ന വിചാരം പോലെയാണിത്. എന്നാല്‍, നഷ്ടത്തോടൊപ്പം നേട്ടം കൈവരിക്കാനുള്ള ശ്രമമാണ് വിവര്‍ത്തനം. 
മൂന്നു ദശകങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തുവെച്ചുള്ള ഒരു ദക്ഷിണേന്ത്യന്‍ വിവര്‍ത്തനക്യാമ്പില്‍ കന്നട, തമിഴ്, തെലുങ്കു, മലയാളം എന്നീ ഭാഷകളിലെ കവികള്‍ പങ്കെടുത്തിരുന്നു. മൂലകവിയും ലക്ഷ്യകവിയും മുഖാമുഖം ഇരുന്ന്, മൂല-ലക്ഷ്യഭാഷകള്‍ വഴിയും സമ്പര്‍ക്കഭാഷയായ ഇംഗ്ലീഷുവഴിയും കഴിയുന്നത്ര ആത്മാര്‍ത്ഥമായ പരിഭാഷ നിര്‍വ്വഹിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. അന്ന് നാലുഭാഷകളിലേയും സമകാലിക കവികള്‍ അന്യോന്യ വിവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയുണ്ടായി. 
അന്ന് പണിക്കര്‍സാറിന് തോന്നിയ ഒരു ഐറണി ഇതാണ്: 
''ഒരു കിളവനുണ്ടായിരുന്നൂ മലപ്പുറ-
ത്തയാളൊരു ചാരിത്ര്യഭക്തന്‍
ചിതവരെ ഭാര്യയെ കന്യകയാക്കിവെ-
ച്ചൊടുവിലയാളും മരിച്ചേ''
വിവര്‍ത്തനം മൂലകൃതിയുടെ ചാരിത്ര്യഭംഗമാവും എന്നു കരുതി കൃതിയെ നിത്യകന്യകയാക്കി വെയ്ക്കാനാവുമോ എന്നാണ് കവി ചോദിക്കുന്നത്; എങ്കില്‍ അത് മലപ്പുറത്തെ കിളവന്റെ മനഃസ്ഥിതിയാവുമല്ലോ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com