വലതു രാഷ്ട്രീയത്തിന്റെ പ്രായോഗിക മുഖം: കെഎം മാണിയെക്കുറിച്ച്

കെ.എം. മാണി എന്നത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അടവുനയത്തിന്റേയും പ്രായോഗിക രാഷ്ട്രീയത്തിന്റേയും പേരാണ്.
വലതു രാഷ്ട്രീയത്തിന്റെ പ്രായോഗിക മുഖം: കെഎം മാണിയെക്കുറിച്ച്

കെ.എം. മാണി എന്നത് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അടവുനയത്തിന്റേയും പ്രായോഗിക രാഷ്ട്രീയത്തിന്റേയും പേരാണ്. ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ ആരംഭിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം 2019 ഏപ്രില്‍ മാസം അവസാനിക്കുമ്പോള്‍ ആറര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തെ ഒരളവില്‍ നിയന്ത്രിച്ച ജീവിതത്തിനാണ് തിരശ്ശീല വീണത്. പഠിച്ചിട്ടു സംസാരിക്കുന്ന നിയമസഭാ സാമാജികരുടെ എണ്ണം കുറയുന്ന വര്‍ത്തമാനകാലത്ത് കണ്ടുപഠിക്കേണ്ട ഒരാളായിരുന്നു. അദ്ദേഹത്തിനു മുന്‍പോ അദ്ദേഹത്തിനൊപ്പമോ ആ കഴിവുണ്ടായിരുന്ന ബി. വെല്ലിംഗ്ടണും സി.ബി.സി വാര്യരും ടി.എം. ജേക്കബ്ബുമൊക്കെ അദ്ദേഹത്തിനു മുന്‍പുതന്നെ കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞുപോയി. നിയമസഭ പഠിക്കാനും പഠിപ്പിക്കാനും കൂടി ഉള്ളതായിരുന്നു കെ.എം. മാണിയുടെ സഭയിലെ പ്രകടനം. നിയമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അറിവ് അതിന് ഏറെ സഹായിച്ചു എന്നു വേണം വിലയിരുത്താന്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായി ചരിത്രത്തില്‍ ഇടംപിടിച്ച കെ.എം. മാണി ഏറിയ പങ്കും ധനകാര്യമന്ത്രി എന്ന നിലയിലാണ് തിളങ്ങിയത്. 24 വര്‍ഷമാണ് കെ.എം. മാണി മന്ത്രിസ്ഥാനത്തിരുന്നത്. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നിലയിലും ചരിത്രത്തില്‍ ഇടം നേടി.

കേരള കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി കേരള രാഷ്ട്രീയത്തില്‍ പ്രധാനപ്പെട്ട ശക്തിയായി മാറിയതിനു പിന്നില്‍ വലിയ പങ്കാണ് കെ.എം. മാണിക്കുള്ളത്. താല്പര്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളില്‍ പലപ്പോഴും പിളരുകയും പിന്നീട് ഒന്നാകുകയുമൊക്കെ ചെയ്യുമ്പോഴും അതിന്റെയെല്ലാം കേന്ദ്രസ്ഥാനത്ത് കെ.എം. മാണി എന്ന നായകനുണ്ടായിരുന്നു. സ്ഥാപകനേതാവ് കെ.എം. ജോര്‍ജ് പോലും മാണിക്കു ചുറ്റും കറങ്ങിയ ഉപഗ്രഹമായി മാറി എന്നതാണ് വസ്തുത. ചെറിയൊരു ഇടവേള ഒഴിച്ചുനിര്‍ത്തിയാല്‍ താന്‍ കൂടിച്ചേര്‍ന്നു രൂപം നല്‍കിയ ഐക്യജനാധിപത്യമുന്നണിക്കുള്ളില്‍ സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ കുറുമുന്നണിയുണ്ടാക്കി വിലപേശല്‍ തന്ത്രങ്ങള്‍ പയറ്റിയ അദ്ദേഹം ബൂര്‍ഷ്വാ രാഷ്ട്രീയം എങ്ങനെയാകണമെന്നു കാണിച്ചു തരികയായിരുന്നു. മുന്നണിക്കുള്ളിലും ഒരളവില്‍ പാര്‍ട്ടിക്കുള്ളിലും തന്റെ അപ്രമാദിത്വം കാത്തു സൂക്ഷിക്കാന്‍ കെ.എം. മാണിക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ അസാധാരണമായ ബുദ്ധികൊണ്ടായിരുന്നു. മുന്നണിക്കുള്ളില്‍ തന്റെ മേല്‍ക്കൈ നഷ്ടപ്പെടുന്ന അവസ്ഥയിലൊക്കെ അദ്ദേഹം സമ്മര്‍ദ്ദരാഷ്ട്രീയം പുറത്തെടുത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍ ഇടതുപക്ഷത്തേയ്ക്ക് എന്ന പ്രതീതി സൃഷ്ടിച്ചു, മറ്റൊരവസരത്തില്‍ ബി.ജെ.പിയുമായി അയിത്തമില്ലെന്നു പ്രഖ്യാപിച്ചു. പെരുമാറ്റത്തില്‍ പുലര്‍ത്തിയിരുന്ന സൗമ്യതയും അളന്നുമുറിച്ചു പറയുന്ന വാക്കുകളും അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതത്തിനു സഹായകരമായി. 


വിവാദങ്ങള്‍ എല്ലാക്കാലത്തും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു, ആരോപണങ്ങളും. ഒടുവില്‍ വന്ന ബാര്‍ക്കോഴ ആരോപണം അവസാന കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തെത്തന്നെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു എന്നു വേണം വിലയിരുത്താന്‍. കടുത്ത സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് 2015-ല്‍ ബാര്‍ക്കോഴ വിവാദങ്ങളുടെ പേരില്‍ അദ്ദേഹത്തിനു രാജിവയ്‌ക്കേണ്ടിവന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. അതിനെയെല്ലാം അതിജീവിച്ച് വീണ്ടും ഐക്യജനാധിപത്യമുന്നണിയില്‍ സജീവമായി പ്രവര്‍ത്തിക്കെയാണ് മരണം അദ്ദേഹത്തെ കവര്‍ന്നത്. കേരള കോണ്‍ഗ്രസ്സില്‍ എല്ലാക്കാലത്തും തന്റെ വിമര്‍ശകനും ചില ഘട്ടങ്ങളില്‍ കടുത്ത എതിരാളിയുമായി മാറിയിട്ടുള്ള പി.ജെ. ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയാണ് കെ.എം. മാണി അവസാനം വിവാദ പാത്രമായത്. മകന്‍ ജോസ് കെ. മാണിയെ തന്റെ പിന്‍ഗാമിയാക്കാനുള്ള നീക്കങ്ങളിലാണ്  അവസാന കാലത്ത് പലപ്പോഴും അദ്ദേഹത്തിന് അടിപതറിയത്. മന്നത്ത് പദ്മനാഭന്‍ തിരികൊളുത്തിയ കേരള കോണ്‍ഗ്രസ്സ് ഒടുവില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ കള്ളിയിലേക്ക് ഒതുക്കപ്പെട്ടു എന്ന ആരോപണം വിരല്‍ചൂണ്ടിയതും കെ.എം. മാണിയിലേക്കായിരുന്നു. മുന്‍ സഹപ്രവര്‍ത്തകര്‍ തന്നെ അദ്ദേഹത്തെ ബജറ്റുകള്‍ വിറ്റ ആള്‍ എന്ന ആരോപണമുയര്‍ത്തി. തനിക്കു നേരെ വീശിയടിച്ച ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും നേരെ ചിരിയോടെ മാത്രം നേരിട്ടിരുന്ന അദ്ദേഹം പല ആരോപണങ്ങള്‍ക്കു മുന്‍പിലും  തന്ത്രപരമായ മൗനം പാലിച്ചു. 

പി.ടി. ചാക്കോ എന്ന വന്മരത്തിന് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ നേരിടേണ്ടിവന്ന അപമാനമാണ് കേരള കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ പിറവിക്കു കാരണമായത്. കെ.എം. ജോര്‍ജും മാത്തച്ചന്‍ കുരുവിനാല്‍ക്കുന്നേലും ആര്‍. ബാലകൃഷ്ണപിള്ളയും കെ.എം. മാണിയുമെല്ലാം സ്ഥാപക നേതാക്കളായിരുന്ന കേരള കോണ്‍ഗ്രസ്സ് പല ഘട്ടങ്ങളിലും പിളരുകയും സ്ഥാപകര്‍തന്നെ പലവഴിക്കു പിരിയുകയും ചെയ്‌തെങ്കിലും കെ.എം. മാണി ശിലപോലെ ഉറച്ചുനിന്നു. മറ്റുവഴികളില്ലാതെ പിരിഞ്ഞവര്‍ തിരികെ എത്തിയപ്പോഴും അദ്ദേഹം കരുത്തനായി നിന്നു. ഓരോ പിളര്‍പ്പും യഥാര്‍ത്ഥത്തില്‍ കെ.എം. മാണിയെ കരുത്തനാക്കുകയായിരുന്നു. പാലായിലേയും ചങ്ങനാശ്ശേരിയിലേയും കത്തോലിക്ക അരമനകളാണ് കെ.എം. മാണിയുടെ ശക്തി എന്നത് അദ്ദേഹത്തിനെതിരെയുള്ള വെറും ആരോപണമായിരുന്നില്ല. മലയോര കര്‍ഷകരായിരുന്നു കേരള കോണ്‍ഗ്രസ്സിന്റെ ശക്തി, കെ.എം. മാണിയുടേയും. കമ്യൂണിസത്തിനു ബദലായി അധ്വാനവര്‍ഗ്ഗസിദ്ധാന്തം അവതരിപ്പിച്ച അദ്ദേഹം കേരളത്തിലെ മറ്റു പല വലതുപക്ഷ നേതാക്കളേയുംപോലെ വിമോചന സമരത്തിന്റെ ഹാങ്ഓവറില്‍ ജീവിച്ചു എന്നുവേണം പറയാന്‍. 

കേരളത്തിന്റെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തലസ്ഥാനമായി കോട്ടയത്തെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ്സിനും കെ.എം. മാണിക്കുമുള്ള പങ്ക് ചരിത്രമാണ്. പാര്‍ട്ടിയുടെ പല പിളര്‍പ്പുകള്‍ക്കും കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് ഓഫീസ് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും അത് എല്ലാക്കാലത്തും കെ.എം. മാണിയുടെ രണ്ടാമത്തെ വീടായി. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അരമനയായിരുന്നു ഒരര്‍ത്ഥത്തില്‍ ആ ഓഫീസ്. 

കോട്ടയം ജില്ലയിലെ പാല കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രധാനപ്പെട്ട ഒന്നായി മാറുന്നത് കെ.എം. മാണിയിലൂടെയാണ്. അദ്ദേഹത്തിന്റെ അടിസ്ഥാന തട്ടകവും അതായിരുന്നു. തുടര്‍ച്ചയായി പന്ത്രണ്ടുതവണ അവിടെനിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 54 വര്‍ഷം ജനപ്രതിനിധിയായി. ഒരിക്കല്‍പ്പോലും പാല മാണിയെ കൈവിട്ടില്ല എന്നര്‍ത്ഥം. അതേസമയം കെ.എം. മാണിയാകട്ടെ, സര്‍വ്വ പരിലാളനകളും പാലയ്ക്കുമേല്‍ ചൊരിഞ്ഞുകൊണ്ടിരുന്നു.

മുന്നണി മാറിനിന്നപ്പോഴും അതികായര്‍ ഏറ്റുമുട്ടിയപ്പോഴും പാല കെ.എം. മാണിയെ കൈവിട്ടില്ല. പിറവവും തൊടുപുഴയും കൊട്ടാരക്കരയുമൊക്കെ പലപ്പോഴും കുത്തകയാക്കിവച്ചിരുന്ന കേരള കോണ്‍ഗ്രസ്സ് നേതാക്കന്മാരെ കൈവിട്ടപ്പോള്‍ പാല ഇത്തരമൊരു പ്രതിഭാസത്തിലൂടെ ഇത്രയും കാലം എങ്ങനെ പിന്നിട്ടു എന്നത് ഇനിയും പഠിക്കേണ്ടതാണ്. അവിടെയാണ് കെ.എം. മാണി എന്ന ജനപ്രിയന്‍ ചരിത്രത്തില്‍ ഇനി വായിക്കാന്‍ പോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com