അക്രമങ്ങളില്‍പ്പെടുന്നവരുടെ ജാതി: പാര്‍ട്ടിഗ്രാമങ്ങളിലെ ജാതിജീവിതത്തെക്കുറിച്ച്

മലബാര്‍ മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരുകളുള്ളപ്പോള്‍ത്തന്നെ അവിടെ ജാതിവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണ് അവ പ്രവര്‍ത്തിക്കുന്നത്
അക്രമങ്ങളില്‍പ്പെടുന്നവരുടെ ജാതി: പാര്‍ട്ടിഗ്രാമങ്ങളിലെ ജാതിജീവിതത്തെക്കുറിച്ച്

നാധിപത്യം, പ്രത്യയശാസ്ത്രങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്നിവ സമൂഹത്തിന്റെ താഴെത്തട്ടില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുത്? മുഖ്യധാരാ സംവാദങ്ങളില്‍ പലപ്പോഴും കണ്ടുവരുന്ന പുരോഗമന മൂല്യങ്ങളും സമത്വബോധവും ഒക്കെ ജനങ്ങളില്‍ ഉണ്ടാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ സാധാരണ ജീവിതത്തില്‍ പാര്‍ട്ടിയും പ്രത്യയശാസ്ത്രവും ജനാധിപത്യവും എന്താണ്? പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ രാഷ്ട്രീയ നരവംശശാസ്ത്രത്തില്‍ ഗവേഷണബിരുദം പൂര്‍ത്തിയാക്കിയ കോഴിക്കോട് മുക്കം സ്വദേശി നിസാര്‍ കണ്ണങ്കരയുടെ പഠനവിഷയം ഇതായിരുന്നു. കേരളത്തിലെ മുഖ്യധാരാ പാര്‍ട്ടികള്‍ അതിന്റെ താഴെത്തട്ടില്‍ എങ്ങനെയാണ് നിലനില്‍ക്കുന്നത്? അത് ജനങ്ങളുമായി ഇടപെടുന്നത് എങ്ങനെയാണ് എന്നറിയാന്‍ നടത്തിയ പഠനം അടുത്തിടെയാണ് പൂര്‍ത്തിയായത്. പഠനത്തിന്റെ ഭാഗമായി കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ സി.പി.എം, ആര്‍.എസ്.എസ് പാര്‍ട്ടി ഗ്രാമങ്ങളില്‍ മൂന്നുവര്‍ഷത്തോളം അദ്ദേഹം താമസിക്കുകയുമുണ്ടായി. 1985 മുതല്‍ 2016 വരെ തലശ്ശേരി-നാദാപുരം ഭാഗങ്ങളില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വിശകലനവും ഇതിന്റെ ഭാഗമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരുള്ളപ്പോള്‍ തന്നെ മലബാര്‍ മേഖലയില്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പാര്‍ട്ടിഗ്രാമങ്ങളെക്കുറിച്ചും അവിടത്തെ സംഘര്‍ഷങ്ങളുടെ ഘടനകളെ കുറിച്ചും നിസാര്‍ സംസാരിക്കുന്നു. 
------
ദൈനംദിന ജനാധിപത്യത്തിലും രാഷ്ട്രീയത്തിലും പൊളിറ്റിക്കല്‍ ആന്ത്രോപ്പോളജിയുടെ സാധ്യതകള്‍ എന്താണ്? 
നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ശാസ്ത്രമാണ് ആന്ത്രോപ്പോളജി. നമ്മുടെ പാഠ്യപദ്ധതിയില്‍ ആ വിഷയം ഇല്ല. ആന്ത്രോപ്പോളജിയിലെ ഒരു സ്പെഷലൈസേഷനാണ് പൊളിറ്റിക്കല്‍ ആന്ത്രോപ്പോളജി. സമൂഹത്തിന്റെ അടിത്തട്ടിലെ രാഷ്ട്രീയഘടനയെ വളരെ കാര്യക്ഷമമായി മനസ്സിലാക്കാനുള്ള ഉപാധികളും രീതിശാസ്ത്രവും ഇതിലുണ്ട്. 1970-കള്‍ക്കു ശേഷം ജനാധിപത്യം, മതേതരത്വം, ദേശീയത എന്നിവയെക്കുറിച്ചൊക്കെ നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവെച്ച പഠനങ്ങള്‍ നടന്നിട്ടുള്ള മേഖലയാണ് പൊളിറ്റിക്കല്‍ ആന്ത്രപ്പോളജിയുടേത്. പലപ്പോഴും പൊളിറ്റിക്കല്‍ സയന്‍സ് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ വരെ അത് വലിയ രീതിയില്‍ മാറ്റിമറിച്ചിട്ടുണ്ട്.
കേരളത്തില്‍ ആകെ നരവംശശാസ്ത്രപഠന വകുപ്പ് ഉള്ളത് കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലാണ്. ഉള്ള സ്ഥലങ്ങളില്‍ത്തന്നെ കൊളോണിയല്‍ ഹാങ്ങോവറിലുള്ള പഠനങ്ങളാണ് ഏറെയും നടക്കുന്നത്. പൊളിറ്റിക്കല്‍ ആന്ത്രോപ്പോളജി എന്ന സ്പെഷലൈസേഷനില്ല. അതുകൊണ്ട് നമുക്ക് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ എന്താണ് എന്ന് അറിയാന്‍ പറ്റില്ല. അതിനായി നമ്മള്‍ എപ്പോഴും ചരിത്രകാരന്മാരെയാണ് ആശ്രയിക്കുന്നത്. നമ്മുടെ പാഠ്യപദ്ധതികളുടെ ചട്ടക്കൂടിനകത്ത് സാമൂഹ്യശാസ്ത്രത്തെ പുരോഗമനപരമായി ഉപയോഗിക്കുന്നതില്‍ നാം പരാജയപ്പെട്ടുപോകുന്നു. സോഷ്യല്‍ സയന്‍സിന്റെ പ്രധാന സാധ്യത നമുക്ക് പ്രയോജനപ്പെടുന്നില്ല. ചരിത്രകാരന്മാരും സാഹിത്യവിദഗ്ദ്ധരും ഒക്കെയാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെടുന്നത്. അതിന്റെ പ്രശ്നം എന്താണെന്നുവെച്ചാല്‍ അങ്ങനെയുള്ള പഠനങ്ങളൊന്നും നയരൂപീകരണത്തില്‍ പ്രതിഫലിക്കില്ല. നയരൂപീകരണത്തിനെ സ്വാധീനിക്കുന്ന തരത്തില്‍ സാമൂഹ്യശാസ്ത്രത്തെ ഉപയോഗിക്കാന്‍ കഴിയണം. അതിന് ആ രീതിയിലുള്ള പഠനങ്ങള്‍ ഉണ്ടാകണം. ജനാധിപത്യം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു മനസ്സിലാക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനകീയതലത്തിലുള്ള പഠനങ്ങളില്ല. നമ്മള്‍ സങ്കല്പങ്ങള്‍ ഉണ്ടാക്കി അതിനുള്ളിലാണ് പഠനം നടത്തുന്നത്. അതിനു യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവും ഉണ്ടാകണമെന്നില്ല. അങ്ങനെ വരുമ്പോള്‍ ജനാധിപത്യത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആലോചിക്കാതേയും പരിഹരിക്കപ്പെടാതേയും കിടക്കും. 

എന്തുകൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലം പഠനവിഷയമാക്കിയത്? 
പൊളിറ്റിക്കല്‍ ആന്ത്രപ്പോളജിയുടെ തിയറി അനുസരിച്ച് ഒരേ പാര്‍ട്ടിതന്നെ പ്രാദേശിക സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കും. പ്രാദേശികമായ ഈ വ്യതിയാനങ്ങള്‍ അവഗണിക്കാവുന്നതല്ല. കേരളത്തിലെ ആര്‍.എസ്.എസും ഉത്തര്‍ പ്രദേശിലെ ആര്‍.എസ്.എസും മഹാരാഷ്ട്രയിലെ ആര്‍.എസ്.എസും വ്യത്യസ്തമാണ്. കേരളത്തില്‍ സി.പി.എമ്മിന്റെയത്ര പ്രോബ്ലമാറ്റിക് ആയി ആര്‍.എസ്.എസ്. മാറിയിട്ടില്ല. ചില കാര്യങ്ങളില്‍ കമ്യൂണിസ്റ്റുകാരെക്കാള്‍ ആദര്‍ശം കേരളത്തിലെ ആര്‍.എസ്.എസുകാര്‍ സംസാരിക്കുന്നതു കാണാം. എല്ലാ പാര്‍ട്ടിയും പ്രത്യയശാസ്ത്രവും മതങ്ങളും ഏകശിലാനിര്‍മ്മിതമായ സ്ഥാപനങ്ങളാണ് എന്ന മിത്ത് മാറ്റിവെച്ചാണ് പാര്‍ട്ടികളേയും അതിന്റെ പ്രവര്‍ത്തനരീതികളേയും സമീപിക്കേണ്ടത്. പൊതുവേ പാര്‍ട്ടികളെ മനസ്സിലാക്കുന്നത് അതിന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്കകത്തുനിന്നാണ്. അത് എല്ലായ്പോഴും ശരിയാവണമെന്നില്ല. ദൈനംദിന യാഥാര്‍ത്ഥ്യങ്ങള്‍ വെച്ചുവേണം മനസ്സിലാക്കാന്‍. പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതുകൊണ്ടാണ് നമ്മുടെ പ്രവചനങ്ങളൊക്കെയും തെറ്റുന്നത്. ആളുകള്‍ പ്രത്യയശാസ്ത്രം മനസ്സിലാക്കിയിട്ടാവണമെന്നില്ല പാര്‍ട്ടിയില്‍ ചേരുന്നത്. വിചാരധാര വായിച്ചവരോ മൂലധനം വായിച്ചവരോ അല്ല കൂടുതല്‍ സംഘപ്രവര്‍ത്തകരും കമ്യൂണിസ്റ്റുകാരും. അതിനു പല സാമൂഹികപരമായ കാരണങ്ങള്‍ ഉണ്ട്. ഐഡിയോളജി അല്ല ഒരാളെ നിര്‍മ്മിച്ചെടുക്കുന്നത്. എന്തൊക്കെ കാര്യങ്ങളാണ് പ്രാദേശികമായി പാര്‍ട്ടിയേയും അതിന്റെ അണികളേയും നിര്‍മ്മിക്കുന്നതില്‍ പങ്കുവഹിക്കുന്നത് എന്നു മനസ്സിലാക്കാന്‍ പൊളിറ്റിക്കല്‍ ആന്ത്രോപ്പോളജിയുടെ സമീപനംകൊണ്ട് കഴിയും. കേരളത്തിലെ ആര്‍.എസ്.എസും സി.പി.എമ്മും സവിശേഷതകളുള്ളതാണ്. ആധിപത്യമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി ഉപയോഗിക്കുന്ന പല അടിച്ചമര്‍ത്തല്‍ രീതികളും ആര്‍.എസ്.എസ്. പ്രയോഗിക്കുന്നില്ല. അത് ആധിപത്യമുള്ള സംഘടനയുമല്ല. എന്നാല്‍, അവരുടെ സാധ്യതകള്‍ സജീവമായി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ച് നിങ്ങളുടെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. എന്തൊക്കെയാണ് നിരീക്ഷണങ്ങള്‍? 
അവിടെ നടക്കുന്ന സംഭവങ്ങളെ 'കണ്ണൂര്‍ വയലന്‍സ്' എന്നു പറയാനാവില്ല. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇതിനകത്തു വരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്ക്, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് എന്നിങ്ങനെ അടുത്തടുത്തുള്ള രണ്ടു മേഖലകളിലാണ് അക്രമം കൂടുതലായും നടക്കുന്നത്. തലശ്ശേരി, പാനൂര്‍, വടകര, നാദാപുരം ഭാഗങ്ങളില്‍ നടക്കുന്ന അത്രയും തീവ്രമായ അക്രമങ്ങളൊന്നും മറ്റിടങ്ങളിലില്ല. കണ്ണൂരിന്റെ വടക്ക് പഴയ ചിറക്കല്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളൊക്കെ ബ്രാഹ്മണ ഗ്രാമങ്ങള്‍ ഉണ്ടായിരുന്ന സ്ഥലമാണ്. ആ ഭാഗത്ത് അടുത്തകാലത്തായി മാത്രമേ ചെറിയ രീതിയിലുള്ള അക്രമങ്ങള്‍ തുടങ്ങിയിട്ടുള്ളൂ. ഈ മേഖലയില്‍ കുറച്ചുകൂടി സമാധാനപരമായ രാഷ്ട്രീയമാണ് ഉള്ളത്.

നിസാര്‍ കണ്ണങ്കര
നിസാര്‍ കണ്ണങ്കര


പക്ഷേ, വേറൊരു രീതിയില്‍ ഈ സ്ഥലത്ത് വയലന്‍സ് ഉണ്ട്. 1940 മുതല്‍ ചിറക്കല്‍ താലൂക്കിന്റെ ഭാഗമായ പ്രദേശങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. ആ ഭാഗത്ത് മറ്റു പാര്‍ട്ടികള്‍ക്ക് അധികം പ്രവേശനം ഉണ്ടായിരുന്നില്ല. അവിടെ നടക്കുന്നത് നമ്മള്‍ പറയുന്ന തരത്തിലുള്ള അക്രമമല്ല. മറ്റ് പ്രത്യയശാസ്ത്രമുള്ള ഒരാള്‍ക്ക് അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ സ്ഥലങ്ങളില്‍ കമ്യൂണിസത്തെ കൂടാതെയുള്ളത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. അതിനു കാരണം കമ്യൂണിസം വരുന്നതിന് മുന്‍പ് കോണ്‍ഗ്രസ്സിനു വേരോട്ടമുള്ള സ്ഥലങ്ങളായിരുന്നു ഇവ. അവര്‍ കമ്യൂണിസത്തിലേക്ക് മാറുകയാണ് ചെയ്തത്. കണ്ണൂരിന്റെ വടക്കുഭാഗത്ത് കരിവെള്ളൂരിനെ എടുക്കുകയാണെങ്കില്‍ ആ പഞ്ചായത്ത് രൂപീകരിച്ചതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതെ വേറൊരു പാര്‍ട്ടിയും ഭരിച്ചിട്ടില്ല. പാര്‍ട്ടിഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ക്ക് പ്രചാരണം നടത്താനോ പോസ്റ്ററൊട്ടിക്കാനോ ക്യാംപെയ്ന്‍ നടത്താനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. ആ തരത്തിലുള്ള വയലന്‍സ് ആണ് അത്തരം സ്ഥലങ്ങളില്‍ ഉള്ളത്.

അപ്പോള്‍ പാര്‍ട്ടിഗ്രാമങ്ങളിലുള്ള വയലന്‍സ് എന്താണ്? 
ഗവേഷണത്തിന്റെ ഭാഗമായി ഞാന്‍ ആദ്യം പോയി താമസിച്ചത് തലശ്ശേരിയിലായിരുന്നു. പിന്നീട് നോര്‍ത്ത് കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലേക്ക് പോയി. എങ്ങനെയാണ് പാര്‍ട്ടിക്ക് ആധിപത്യമുള്ള ഇടങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാവുന്നത് എന്നു മനസ്സിലാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. തലശ്ശേരിയൊന്നും പാര്‍ട്ടിഗ്രാമമല്ല. അവിടെ ഉള്ളത് ഒറ്റ പാര്‍ട്ടിയല്ല. യാത്രചെയ്താല്‍ തന്നെ ഒരു കിലോമീറ്ററിനുള്ളില്‍ത്തന്നെ ഒന്നിലധികം പാര്‍ട്ടികളുടെ ശക്തികേന്ദ്രങ്ങള്‍ കാണാം. പോസ്റ്ററുകള്‍, ഫ്‌ലക്‌സ് ബോര്‍ഡ്, ബസ് വെയ്റ്റിങ് ഷെല്‍ട്ടര്‍, വൈദ്യുതിത്തൂണുകള്‍ ഒക്കെ കണ്ടാല്‍ നമുക്ക് മനസ്സിലാകും. പല പാര്‍ട്ടികളുടേയും പോസ്റ്ററുകള്‍ ഉണ്ടാകും. എന്നാല്‍, പാര്‍ട്ടിഗ്രാമങ്ങള്‍ ഇതുപോലെയല്ല. ഒരു പഞ്ചായത്തു മുഴുവനും ഒരു പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരിക്കും. പാര്‍ട്ടി കേന്ദ്രങ്ങളിലുള്ള അക്രമങ്ങളുടെ പ്രത്യേകത എന്താണെന്നുവെച്ചാല്‍ പല രീതിയിലുള്ള മര്‍ദ്ദക സംവിധാനങ്ങള്‍ അവര്‍ ഉപയോഗിക്കും. അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ശക്തിപ്പെടുത്താനും നിലനിര്‍ത്താനും വേണ്ടി മറ്റു പ്രത്യയശാസ്ത്രങ്ങള്‍ക്ക് കടന്നുവരാത്തവിധം അടിച്ചമര്‍ത്തുന്ന രീതികളുണ്ടാകും. ആളുകളെ ബഹിഷ്‌കരിക്കും. ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വന്നു വീടുവെച്ച് താമസിച്ച് ചെറിയ രീതിയില്‍ ഇടപെടല്‍ തുടങ്ങിയാല്‍ പിന്നീട് അയാള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഒറ്റപ്പെടുത്തും. കല്യാണങ്ങള്‍ പോലുള്ള ചടങ്ങുകള്‍ക്ക് വിളിക്കാതെ സാമൂഹ്യ ഇടപെടലുകളില്‍നിന്ന് അകറ്റിനിര്‍ത്തും. അതും ഒരുതരത്തിലുള്ള വയലന്‍സ് ആണ്.

വ്യത്യസ്തമായ പ്രത്യയശാസ്ത്രം ഉള്ള ഒരാള്‍ക്ക് വേണമെങ്കില്‍ ഈ സ്ഥലങ്ങളില്‍ വളരെ ജനകീയനായിത്തന്നെ ജീവിക്കാം. പക്ഷേ, രാഷ്ട്രീയം പറയുമ്പോള്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഞാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിഗ്രാമത്തില്‍ താമസിച്ചിരുന്നു. അവിടെ കോണ്‍ഗ്രസ്സിനു സ്ഥാനാര്‍ത്ഥി ഒക്കെ ഉണ്ടാകും. ഒരാചാരം പോലെ വീടുകളില്‍ കയറി വോട്ടുചോദിക്കും. എങ്കിലും പോസ്റ്ററുകളോ മറ്റോ കാര്യമായി ഉണ്ടാവില്ല. ഗൗരവത്തിലുളള പ്രചാരണമൊന്നും നടത്താന്‍ സമ്മതിക്കില്ല. പോളിങ് ബൂത്തില്‍ ഉച്ചയ്ക്ക് ഒരു രണ്ടു മണിവരെയൊക്കെ ഏജന്റുമാരായി കോണ്‍ഗ്രസ്സുകാരുണ്ടാകും. രണ്ടുമണിയൊക്കെ കഴിഞ്ഞാല്‍ കള്ളവോട്ടു ചെയ്യാനുള്ള സമയമാണ്. അപ്പോഴേക്കും ഇവര്‍ ഇറങ്ങണം. പോയില്ലെങ്കില്‍ കശപിശയാകും. ഇവരുടെ അധീശത്വത്തിനോ നിലനില്‍പ്പിനോ ഭീഷണി ഉണ്ടാക്കുന്ന രീതിയില്‍ നിന്നാല്‍ പ്രശ്‌നമാകും. അത് അടിച്ചമര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളിലേക്ക് നീങ്ങും. അതുവരെ ഒരു പ്രശ്‌നവുമില്ല. ഒരു ശത്രു ഇവര്‍ക്കും വേണം. മറ്റു പാര്‍ട്ടികളുടെ സാന്നിധ്യം ഇവര്‍ക്കു വേണം. പക്ഷേ, അത് നിലനില്‍പ്പിനെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് മാറിയാല്‍ പ്രശ്‌നമാകും. അതു പാര്‍ട്ടിക്കകത്ത് തന്നെയുള്ള വിമത സ്വരങ്ങളോടും അങ്ങനെയാണ്.

നവമാര്‍ക്‌സിസ്റ്റ് ചിന്തകനായ അല്‍ത്തൂസറിന്റെ ഭരണകൂടത്തിന്റെ ഉപകരണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തമുണ്ട്. ഭരണകൂടം അതിന്റെ അധീശത്വം നിലനിര്‍ത്താന്‍ വേണ്ടി കുറേ സംവിധാനങ്ങള്‍ ഉപയോഗിക്കും. കോടതി, മീഡിയ, പൊലീസ്, സാംസ്‌കാരികോപാധികള്‍ എന്നിങ്ങനെ. ഇതേ രീതിയും സംവിധാനവും പാര്‍ട്ടി ഗ്രാമത്തിലുമുണ്ട്. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം ആദ്യം തീര്‍പ്പാക്കുന്നത് പാര്‍ട്ടിയായിരിക്കും. അപ്പോള്‍ അവര്‍ക്ക് കോടതി ഉണ്ട് എന്നു പറയാം. ഇതു പോലുള്ള പ്രശ്‌നത്തില്‍ ചോദ്യം ചെയ്യാനും മറ്റുമൊക്കെയായി പാര്‍ട്ടി പൊലീസിങ് സംവിധാനവും ഉണ്ട്.

പാര്‍ട്ടിഗ്രാമങ്ങളില്‍ പ്രത്യയശാസ്ത്രബോധമാണോ ജനങ്ങളെ നയിക്കുന്നത്? അതോ അവിടെ ജാതിവ്യവസ്ഥപോലുള്ള കാര്യങ്ങളുടെ സ്വാധീനം ഉണ്ടോ?  
ജാതിയും പ്രത്യയശാസ്ത്രവും സഹവര്‍ത്തിത്വത്തോടെയാണ് ഇവിടെ നിലനില്‍ക്കുന്നത്. കേരളത്തിലെ മറ്റേത് സ്ഥലത്തേക്കാളും ഹിന്ദുമതവികാരം നിലനില്‍ക്കുന്ന സ്ഥലമാണ് വടക്കന്‍ കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍. ഉദാഹരണത്തിനു ജാതിമാറിയുള്ള വിവാഹങ്ങളെ ഇവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നു നോക്കിയാല്‍ മതി. വാണിയ സമുദായത്തിന്റെ തെയ്യമാണ് മുച്ചിലോട്ട് ഭഗവതി. പലപ്പോഴും മിശ്രവിവാഹം കഴിച്ചവരുടെ വീടുകളില്‍ മുച്ചിലോട്ട് ഭഗവതിയുടെ എഴുന്നള്ളത്ത് പോകില്ല. ചിലപ്പോള്‍ ഈ ഭഗവതി കെട്ടുന്നയാള്‍ ഡി.വൈ.എഫ്.ഐയില്‍ അംഗത്വമുള്ളയാളായിരിക്കാം. മിശ്രവിവാഹം കഴിച്ചയാളും അതേ പാര്‍ട്ടിപ്രവര്‍ത്തകനാകാം. പക്ഷേ, സാമുദായികമായ സംഗതികള്‍ നിലനിര്‍ത്താന്‍ അവര്‍ ശ്രമിക്കും. ജാതി അധിഷ്ഠിതമായിട്ടുള്ള ഹിന്ദുമതകാര്യങ്ങള്‍ അതേപടി നിലനിര്‍ത്തും. അതേസമയം രാഷ്ട്രീയമായി ഇവ കമ്യൂണിസ്റ്റ് ഇടങ്ങളുമായിരിക്കും. 

തെരഞ്ഞെടുപ്പൊക്കെ വരുമ്പോള്‍ എതിര്‍പ്പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ എല്ലാവരും സി.പി.എമ്മിനു വോട്ട് ചെയ്യും. എന്നുവെച്ച് സാമൂഹ്യസമത്വം സൂക്ഷിക്കുന്നവരൊന്നുമല്ല. നിലനില്‍ക്കുന്ന ഒരു സ്ഥലത്തെ ജാതിബോധം പാര്‍ട്ടി പ്രവര്‍ത്തകരിലും ഉണ്ടാകും. അവിടെ പാര്‍ട്ടി ഒരു ബാഹ്യരൂപം മാത്രമായാണ് നിലനില്‍ക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നായര്‍ തൊട്ട് ഈഴവര്‍ വരെയുള്ള പല ജാതികളുണ്ട്. എണ്ണംകൊണ്ട് ആധിപത്യം ഉള്ളത് അവര്‍ക്കാണ്. ഇവരാണ് പൊതുഇടങ്ങളും സ്ഥാപനങ്ങളും സ്ഥാനങ്ങളും കൈകാര്യം ചെയ്യുന്നത്. അതില്‍ പുലയരോ പറയരോ ചക്ലിയരോ പോലുള്ള ജാതികളില്‍പ്പെട്ടവര്‍ ഉണ്ടാവില്ല. ബ്രാഹ്മണരും കുറവായിരിക്കും. ഇടയിലുള്ള ജാതികളുടെ സംരംഭമായിട്ടാണ് പാര്‍ട്ടിഗ്രാമങ്ങളിലെ പാര്‍ട്ടി. അവിടെ ഒരിക്കലും പുലയ സമുദായത്തില്‍പ്പെട്ട ഒരാള്‍ പാര്‍ട്ടിയുടെ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കാണാനാവില്ല.

പക്ഷേ, ഒരു ആര്‍.എസ്.എസിന്റെ പാര്‍ട്ടിഗ്രാമത്തില്‍ അതു കാണാന്‍ പറ്റും. ആര്‍.എസ്.എസിനേയും സി.പി.എമ്മിനേയും താരതമ്യപ്പെടുത്തുമ്പോള്‍ ജാതിവ്യവസ്ഥയെ പുരോഗമനപരമായി ഉപയോഗിക്കുന്നത് ആര്‍.എസ്.എസ് ആണ്. അവര്‍ അതിനെക്കുറിച്ച് നിശ്ശബ്ദരായിരിക്കും. ആര്‍.എസ്.എസിന്റെ ശാഖയില്‍ ധ്വജം ചൊല്ലാനും മറ്റുമൊക്കെ പുലയ, കാവുതീയ്യ സമുദായത്തില്‍നിന്നുള്ള ആളുകളെ ഉപയോഗിക്കുന്നുണ്ട്. അവരുടെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഇവര്‍ക്ക് നല്ല പ്രാതിനിധ്യവുമുണ്ട്. ഉന്നതനേതൃത്വത്തിലേക്കൊന്നും പോകുന്നില്ലെങ്കിലും പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ഈ ജാതികളിലുള്ളവര്‍ക്ക് പ്രാതിനിധ്യവും സ്വാധീനവും ലഭിക്കുന്നുണ്ട്. 

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നായര്‍, മണിയാണി, അടിയോടി, ഈഴവ തുടങ്ങിയ ജാതിയില്‍പ്പെട്ടവരായിരിക്കും കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക. താഴ്ന്ന സമുദായങ്ങളില്‍ നിന്നുള്ളവര്‍ ചിലപ്പോള്‍ ബ്രാഞ്ച്, ഏരിയാ കമ്മിറ്റി വരെയൊക്കെ എത്തിയേക്കാം. അതിനപ്പുറം എത്താന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, അവരുടെയൊക്കെ വോട്ട് സി.പി.എമ്മിനായിരിക്കും. അതിനു കാരണം അവരുടെ പൊതുകാര്യങ്ങള്‍ക്കൊക്കെ പഞ്ചായത്തംഗങ്ങളെ സമീപിക്കേണ്ടിവരും. അവരുടെ അത്തരം കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത് വാര്‍ഡ് മെമ്പറായിരിക്കും. അത് ഒരുതരത്തില്‍ നോക്കിയാല്‍ ജന്മി-കുടിയാന്‍ ബന്ധം പോലെ ഒരു മേല്‍-കീഴ് ബന്ധം ഇവിടെ ഉണ്ട്. അത് കമ്യൂണിസ്റ്റ് ബന്ധമല്ല. നിങ്ങള്‍ ഞങ്ങളുടെ വോട്ടു ബാങ്കാണ്, അതുകൊണ്ട് നിങ്ങള്‍ക്ക് വേണ്ട കാര്യങ്ങളൊക്കെ ഞങ്ങള്‍ ചെയ്തുതരും എന്ന മട്ട്. പരമ്പരാഗതമായ രീതിയില്‍ ജാതി ഇപ്പോഴും നിലനില്‍ക്കുന്നത് സി.പി.എമ്മിനകത്താണ്. ആര്‍.എസ്.എസ് ഗ്രാമത്തില്‍ അത് കുറവാണ്.

കമ്യൂണിസ്റ്റ് ഗ്രാമങ്ങളില്‍ ജാതിബോധത്തിന് മാറ്റം വന്നിട്ടില്ല എന്നൊക്കെ പറയുന്നത് ഒരുതരം കടന്നുപറച്ചിലല്ലേ? 
ശവമടക്കില്‍പ്പോലും കൃത്യമായി ജാതിയുള്ള സ്ഥലങ്ങളാണ് പാര്‍ട്ടിഗ്രാമങ്ങള്‍. തീയ്യര്‍ക്ക് പ്രത്യേക ശ്മശാനം, നായന്മാര്‍ക്ക് പ്രത്യേക ശ്മശാനം, മണിയാണിമാര്‍ക്ക് വേറെ ശ്മശാനം, മറ്റുള്ളവര്‍ക്ക് പൊതുശ്മശാനം ഇങ്ങനെയൊക്കെയാണ് പല പാര്‍ട്ടി സ്വാധീനമേഖലകളിലും. ഒരു കമ്യൂണിസ്റ്റുകാരന്‍ മരിച്ചാല്‍ നായര്‍ ആണെങ്കില്‍ നായര്‍ ശ്മശാനത്തിലും തീയ്യനാണെങ്കില്‍ തീയ്യ ശ്മശാനത്തിലും പുലയനോ മാവിലനോ ആണെങ്കില്‍ പൊതുശ്മശാനത്തിലും ആയിരിക്കും സംസ്‌കരിക്കുക. പലയിടങ്ങളിലും പൊതുശ്മശാനങ്ങള്‍ നോക്കിനടത്തുന്നതുപോലും അവിടത്തെ ബ്രാഞ്ചു കമ്മിറ്റിയൊക്കെയായിരിക്കും. ഇവരൊക്കെ മുന്‍കൈ എടുത്ത് നിര്‍മ്മിച്ചതാണെങ്കില്‍പ്പോലും മരിച്ചയാളുടെ ജാതി നോക്കി മാത്രമേ കാര്യങ്ങള്‍ തീരുമാനിക്കൂ.

സര്‍ക്കാരിന്റെ തന്നെ പട്ടികജാതി-വര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ കീഴിലുള്ള കിര്‍ത്താഡ്സിന്റെ ട്രൈബല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഒരിക്കല്‍ ഇങ്ങനെയൊരു ഗ്രാമത്തില്‍ പോയിരുന്നു. ആദിവാസി ഭക്ഷ്യമേളയും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍, പ്രദേശവാസികളാരും കഴിക്കാന്‍ വന്നില്ല. ആദിവാസികള്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ പാടില്ല എന്നു കമ്യൂണിസ്റ്റുകള്‍ പോലും ചിന്തിക്കുന്നു. വടക്കന്‍ കേരളത്തില്‍ കമ്യൂണിസം സാമൂഹ്യ അവസ്ഥയെ ഒരിക്കലും പരിവര്‍ത്തിപ്പിച്ചിട്ടില്ല. ഇപ്പോഴുള്ള പ്രശ്‌നം എന്താണെന്ന് ഉള്‍ക്കൊള്ളാനോ അതേക്കുറിച്ച് ചിന്തിക്കാനോ അവര്‍ തയ്യാറല്ല. മറിച്ച് 1940 കളില്‍ നടന്ന വിപ്ലവത്തിന്റെ ഓര്‍മ്മകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. അന്നത് വിപ്ലവം തന്നെയായിരുന്നു. പക്ഷേ, ഇപ്പോഴുള്ള പ്രശ്‌നം എന്താണ്? സാമൂഹ്യ അവസ്ഥ എന്താണ്? എന്ത് മാറ്റം വരുത്തണം എന്ന രീതിയിലുള്ള ആലോചനകളിലേക്ക് പോകില്ല.

തലശ്ശേരിയിലും വടകരയിലും ഉണ്ടാകുന്ന അക്രമങ്ങള്‍ ഒരേപോലെയല്ലല്ലോ? ഒരോ സ്ഥലത്തും വ്യത്യസ്ത പാര്‍ട്ടികളല്ലേ? 
തലശ്ശേരിയില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ്. നാദാപുരം ഭാഗത്ത് സി.പി.എമ്മും മുസ്ലിം സംഘടനകളും തമ്മിലാണ് പലപ്പോഴും സംഘര്‍ഷം. തലശ്ശേരിയില്‍ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം നടത്തുന്ന പ്രചാരണം മുസ്ലിങ്ങള്‍ക്ക് ആര്‍.എസ്.എസ് ഭീഷണിയാണെന്നും മുസ്ലിങ്ങളെ കമ്യൂണിസ്റ്റുകള്‍ സംരക്ഷിക്കുമെന്നും മട്ടിലുള്ളതാണ്. നാദാപുരത്താണെങ്കില്‍ ഭൂരിപക്ഷം മുസ്ലിങ്ങളും മുസ്ലിംലീഗിന്റെ കൂടെയാണ്. എതിര്‍ഭാഗത്ത് സി.പി.എമ്മിലെ ശക്തമായ ഒരു വിഭാഗം തീയരാണ്. അവിടെ തീയ്യ സമുദായത്തെ പ്രീണിപ്പിക്കുന്ന രീതിയിലാണ് സി.പി.എമ്മിന്റെ പ്രചാരണം. ഇങ്ങനെ വൈരുദ്ധ്യം നിറഞ്ഞ പ്രചാരണങ്ങളാണ് തൊട്ടടുത്തുള്ള രണ്ട് സ്ഥലങ്ങളില്‍ പാര്‍ട്ടി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ഉപചാപങ്ങളാണ് ഇത്. 
നാദാപുരത്ത് മുസ്ലിംലീഗിനും സി.പി.എമ്മിനും നിലനില്‍ക്കണമെങ്കില്‍ വയലന്‍സ് ഉണ്ടാകണം. വയലന്‍സിന്റെ ഉല്പന്നമായാണ് അവിടുത്തെ മുസ്ലിംലീഗും സി.പി.എമ്മും ജനാധിപത്യത്തില്‍ നിലനില്‍ക്കുന്നത്. പോള്‍ ബ്രാസ്സിന്റെ സിദ്ധാന്തമനുസരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉപയോഗിക്കുന്ന പല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വയലന്‍സ്. നാദാപുരത്ത് ഈ രണ്ട് പാര്‍ട്ടിക്കും അതിന്റെ ഗുണം ലഭിക്കുന്നു. 

നാദാപുരത്ത് നടക്കുന്ന സി.പി.എം-ബി.ജെ.പി. സംഘര്‍ഷങ്ങള്‍ വളരെ ചെറിയ സമയത്തിനുള്ളില്‍ നിര്‍ത്താന്‍ പറ്റും. ഉദാഹരണത്തിന് ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷം ഉണ്ടായി. ''നമ്മള്‍ ഇങ്ങനെ കളിച്ചാല്‍ മുസ്ലിങ്ങള്‍ ഇവിടെ ശക്തിപ്പെടും'' എന്നൊരു വ്യാഖ്യാനം വളരെ പെട്ടെന്നുതന്നെ പ്രചരിച്ചു. അതോടെ ആ പ്രശ്‌നം തീര്‍ന്നു. നാദാപുരത്ത് ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം ഉണ്ടായാല്‍ അതു ഗുണം ചെയ്യുക ആര്‍.എസ്.എസിനായിരിക്കും. മുസ്ലിം വിരുദ്ധത മുതലെടുത്ത് സി.പി.എമ്മിനേക്കാള്‍ മൈലേജ് ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയും. അതിന്റെ ഗുണം ആര്‍.എസ്.എസിനു കൊടുക്കാതെ പിടിച്ചുനില്‍ക്കുകയാണ് നാദാപുരത്തെ സി.പി.എം രാഷ്ട്രീയം. സംഘര്‍ഷ സമയത്ത് അത് വര്‍ഗ്ഗീയതലത്തിലേക്കാണ് പോകുന്നത്. പേര് ചോദിച്ച് അടിക്കുക എന്നൊരു 'ആചാരം' തന്നെയുണ്ട് അവിടെ. മറ്റു സമയങ്ങളില്‍ നല്ല രീതിയില്‍ പരസ്പരം സഹകരണത്തോടെ ജീവിക്കുന്ന ആളുകളാണ് ഇവിടെ. 
ഇത്തരം സംഭവങ്ങള്‍ തലശ്ശേരിയില്‍ നടക്കില്ല. അവിടെ സോഷ്യലിസ്റ്റ് മുസ്ലിങ്ങളും കോണ്‍ഗ്രസ്സ് മുസ്ലിങ്ങളും കൂടുതലുണ്ട്. അവിടെ ഒരിക്കലും സി.പി.എമ്മിന് മുസ്ലിം സംരക്ഷണമേ പറയാന്‍ പറ്റൂ. 

അക്രമങ്ങളില്‍പ്പെടുന്നവരുടെ ജാതിയേയും സാമ്പത്തികനിലയേയും കുറിച്ചുള്ള നിരീക്ഷണങ്ങള്‍ എന്താണ്?  
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു അധികാര ഘടനയുണ്ട്. ഒരു പാര്‍ട്ടിഗ്രാമം എടുത്താല്‍ ഏരിയാ കമ്മിറ്റികളിലൊക്കെ ഇടത്തരം സവര്‍ണ്ണ ജാതിയില്‍പ്പെട്ടവരായിരിക്കും. അങ്ങനെയുള്ളവര്‍ സംഘര്‍ഷങ്ങള്‍ക്കൊന്നും പോകില്ല. അവരുടെ മക്കളേയും വിടില്ല. പ്രാദേശികതലത്തിലുള്ള ഇടപെടലുകളില്‍ ഏറെയും നടത്തുന്നത് തീയസമുദായത്തില്‍പ്പെട്ടവരാണ്. അവരാണ് പലപ്പോഴും സംഘര്‍ഷങ്ങളില്‍ പെടുന്നവരും. പാര്‍ട്ടിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച ആളുകളായിരിക്കും ഇവര്‍. പലയിടങ്ങളിലും ഇങ്ങനെയുള്ള ചെറുപ്പക്കാരെ 'കളിക്കാര്‍' എന്നാണ് പറയുക. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് താല്പര്യമുള്ളപോലെ 'കളിക്കാം.' 

ഒരു പാര്‍ട്ടിഗ്രാമം എടുത്താല്‍ അവിടെ ഒരു മാഷ് ഉണ്ടാകും. എല്ലാവര്‍ക്കും ആദരവൊക്കെയുള്ള വെള്ള വസ്ത്രമൊക്കെ ധരിക്കുന്ന മാന്യമായ ഒരു സ്ഥാനമുള്ള ആള്‍. അയാളായിരിക്കും അവിടുത്തെ ബ്രാഞ്ച്/ഏരിയാ കമ്മിറ്റികളുടെയൊക്കെ നേതാവ്. പിന്നെയുള്ളത് അച്ചടക്കത്തോടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന ഒരു വിഭാഗം. കള്ളുകുടിക്കില്ല, സംഘര്‍ഷങ്ങള്‍ക്കൊന്നും പോകില്ല-അങ്ങനെയുള്ളവര്‍. ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ എത്തിക്കുക, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകള്‍ തോറും കയറിയിറങ്ങുക ഇതൊക്കെ ചെയ്യുന്നത് ഈ വിഭാഗമായിരിക്കും. എല്ലാവരാലും ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും. 

പിന്നെയുള്ളതാണ് നേരത്തെ പറഞ്ഞ ആളുകള്‍. പാര്‍ട്ടിയെ ശക്തമായി പിന്തുണയ്ക്കുന്ന തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍. അവരില്‍ ഒരു വിഭാഗമാണ് സംഘര്‍ഷങ്ങളിലൊക്കെ പോകുന്നത്. എല്ലാ പാര്‍ട്ടിയിലും ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത്. എല്ലാ പാര്‍ട്ടിയിലും 'കളിക്കാന്‍' മാത്രമായി ഒരു വിഭാഗം ഉണ്ട്. താരതമ്യേന മറ്റു രണ്ടുവിഭാഗങ്ങളെക്കാള്‍ പാര്‍ട്ടി വികാരം കൂടുതല്‍ ഇവര്‍ക്കായിരിക്കും. പാര്‍ട്ടി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുരുക്കമായേ ഇവര്‍ പോകൂ. 'കളിക്കാരുടെ' എണ്ണം കൂടുന്നത് നേതാക്കന്മാര്‍ക്കും പാര്‍ട്ടിയിലെ മറ്റു വിഭാഗത്തിനും സന്തോഷമുള്ള കാര്യമാണ്.

സംഘര്‍ഷങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടിയുള്ളതും അല്ലാത്തതും ഉണ്ടാകും. ബി.ജെ.പിയിലെ 'കളിക്കാരും' സി.പി.എമ്മിലെ 'കളിക്കാരും' തമ്മിലുള്ള പ്രാദേശിക സംഘര്‍ഷങ്ങളൊക്കെ ചിലപ്പോള്‍ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ടിവരും. എല്ലാ സംഭവങ്ങളും പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊള്ളണമെന്നില്ല. പാര്‍ട്ടി ഒത്തുതീര്‍ത്ത പ്രശ്‌നങ്ങള്‍ വരെ ഇത്തരക്കാരുടെ ആവേശം കൊണ്ട് ചിലപ്പോള്‍ വീണ്ടും വലിയ സംഘര്‍ഷത്തിലെത്തുകയും പ്രതിരോധത്തിലാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുമുണ്ട്.

കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടികളില്‍ ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? 
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ സ്വഭാവം എന്നുപറയുന്നത് ഏരിയ, ബ്രാഞ്ച് കമ്മിറ്റികളില്‍ വരെയൊക്കെ മാത്രമാണ്. അല്ലാതെ ആര്‍.എസ്.എസിന് ഉള്ളതുപോലെ താഴെത്തട്ടില്‍ സി.പി.എമ്മിനു കേഡര്‍ സ്വഭാവമില്ല. താഴെത്തട്ടിലുള്ളവര്‍ ഏറെയും നേരത്തെ പറഞ്ഞ കളിക്കാരാണ്. അവരുമായുള്ള ആശയവിനിമയം കേഡര്‍ സ്വഭാവത്തിലുള്ളതൊന്നുമല്ല. ഉദാഹരണത്തിനു വേഷത്തിന്റെ കാര്യം എടുക്കാം. ആര്‍.എസ്.എസുകാരന് അവരുടെ കേഡര്‍ യൂണിഫോം നന്നായി തയ്ക്കുന്ന ആള്‍ എവിടെയാണ് ഉള്ളത് എന്ന് ഓരോ കേഡറ്റിനും അറിയും. അവരത് സ്വന്തമായി ഓര്‍ഡര്‍ ചെയ്തു സൂക്ഷിക്കുകയും ശാഖ നടക്കുമ്പോഴോ മറ്റോ ഒക്കെ വളരെ സൂക്ഷ്മമായി ഇട്ടുകൊണ്ടുപോകുകയും ചെയ്യും. ആ രീതിയിലുള്ള കേഡര്‍ സ്വഭാവം അവര്‍ക്കുണ്ട്. 

സി.പി.എമ്മിന്റെ വളണ്ടിയര്‍ മാര്‍ച്ചിന്റെ വേഷമൊക്കെ പലപ്പോഴും തട്ടിക്കൂട്ടാണ്. പാര്‍ട്ടി ഒന്നായി ഓര്‍ഡര്‍ ചെയ്ത് കൊണ്ടുവന്നു കൊടുക്കുന്ന യൂണിഫോമാണ് മാര്‍ച്ചിന് ഇടുന്നത്. ഇട്ടുനോക്കി പാകമാകുന്നത് ഓരോരുത്തരും തിരഞ്ഞെടുക്കും. പാകമാകാത്ത വേഷമിട്ടവരും ഉണ്ടാകും. സി.പി.എമ്മിന്റെ കേഡര്‍ സ്വഭാവം മിത്താണ്. ബ്രാഞ്ച്-ഏരിയാ കമ്മിറ്റിക്കുള്ളിലുള്ളവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ചിലയാളുകള്‍ ഉണ്ടാകാം. പറഞ്ഞാല്‍ കേള്‍ക്കാത്തവരും ഉണ്ടാകും.

എന്തുകൊണ്ട് തലശ്ശേരി-നാദാപുരം ഭാഗങ്ങളില്‍ മാത്രം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു? 
സംഘര്‍ഷങ്ങളുടെ കാരണങ്ങള്‍ പലരീതിയില്‍ വ്യാഖ്യാനിക്കാവുന്നതാണ്. നിലവില്‍ സാമ്പത്തികശാസ്ത്രത്തിന്റെ മാനങ്ങളിലാണ് നാദാപുരത്തേയും തലശ്ശേരിയിലേയും സംഘര്‍ഷങ്ങള്‍ മനസ്സിലാക്കി വരുന്നത്. മുസ്ലിം പ്രമാണി-തീയ്യ കുടിയാന്‍ ബൈനറി അതിന്റെ ഉല്പന്നമാണ്. അത് തെറ്റും അല്ല. മറിച്ച് കുറെ അധികം കാരണങ്ങള്‍കൂടി അതിനുണ്ട്. സംഘര്‍ഷങ്ങള്‍ ഈ ഒരു മേഖലയില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിലെ കൗതുകത്തെ നരവംശശാസ്ത്രപരമായി പഠിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതില്‍ പ്രധാനമായും ഈ ഒരു ഭൂമിശാസ്ത്രത്തിന്റെ സാമൂഹികമായ സവിശേഷതകള്‍ ഉണ്ട്. അതായത് പാട്രിയാര്‍ക്കിയല്‍ നമ്പൂതിരി സംസ്‌കാരത്തിന്റെ സ്വാധീനക്കുറവ്, മുസ്ലിം ഫ്യൂഡലിസത്തിന്റെ സ്വാധീനം തുടങ്ങിയവ. മുസ്ലിം ആധിപത്യമുള്ള ഏറനാട് താലൂക്കില്‍പ്പോലും മുസ്ലിങ്ങള്‍ കുടിയാന്മാരായിരുന്നു. പക്ഷേ, തലശ്ശേരിയിലും പാനൂരും നാദാപുരത്തുമൊക്കെയുള്ള മുസ്ലിങ്ങള്‍ ഭൂവുടമകളും കച്ചവടക്കാരുമായിരുന്നു. മുസ്ലിം ഫ്യൂഡലിസ്റ്റുകള്‍ ഉണ്ടായിരുന്ന ഒരു സ്ഥലമാണിത്. അതുപോലെ പ്രധാനമാണ് പ്രാക്തന മാട്രിയാര്‍ക്കിയല്‍ കള്‍ച്ചറല്‍ എലമെന്റ്‌സ് ഇവിടെ കൂടുതല്‍ ആണ് എന്നതും. മാട്രിയാര്‍ക്കല്‍ സിസ്റ്റത്തിന്റെ ഒരു പ്രത്യേകത തെരുവില്‍ വയലന്‍സ് നടക്കും എന്നതാണ്. കളിക്കാര്‍ എന്നു പറയപ്പെടുന്നവരുടെ കൂടെ വീടുകളില്‍ പോയപ്പോള്‍ മനസ്സിലായത് തെരുവില്‍ വലിയ ഗുണ്ടകളെപ്പോലെയൊക്കെ നടക്കുന്ന ആളുകള്‍ വീട്ടില്‍ എത്തിയാല്‍ പാവങ്ങളാണ് എന്നതാണ്. വീട്ടില്‍ ആധിപത്യം സ്ത്രീകള്‍ക്കാണ്.

ഇതൊക്കെ എങ്ങനെയാണ് വയലന്‍സ് ഉണ്ടാക്കുക എന്നത് ലളിതമായി പറഞ്ഞവതരിപ്പിക്കാവുന്നതല്ല. അതുപോലെ നമ്മുടെ ജനാധിപത്യത്തിന് ഘടനാപരമായി തകരാറുകള്‍ ഉണ്ടെന്നും അത് പലരീതിയില്‍ ഉള്ള സംഘര്‍ഷങ്ങള്‍ ഉല്പാദിപ്പിക്കും എന്ന പോള്‍ ബ്രാസ്, ജോണ്‍ കീനേ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളും ഈ സംഘര്‍ഷങ്ങളുടെ കാര്യകാരണങ്ങള്‍ മനസ്സിലാക്കാന്‍ വളരെ പ്രധാനപ്പെട്ടതാണ്.

ദൈവവിശ്വാസം, അമ്പലങ്ങള്‍ എന്നിവയുടെ കാര്യങ്ങളെ പാര്‍ട്ടികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു?  
ശരാശരി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരൊക്കെ അമ്പലത്തിലൊക്കെ പോയതിനുശേഷം പാര്‍ട്ടി ക്ലാസ്സില്‍ പോകുന്ന ആളുകളാണ്. അമ്പലവുമായി ബന്ധമുള്ളവരാണ്. കണ്ണൂരിലെ ഏരിയാകമ്മിറ്റി, ജില്ലാ കമ്മിറ്റികളിലൊക്കെയുള്ള പല ആളുകളുടേയും വീട്ടില്‍ പൂജാമുറിയും വിഗ്രഹങ്ങളും എല്ലാമുണ്ട്. അമ്പലങ്ങളും വിശ്വാസങ്ങളും ഒക്കെ മാര്‍ക്‌സിസ്റ്റ് തിയറിയില്‍ പറയുന്ന ഉപരിഘടന (സൂപ്പര്‍സ്ട്രക്ച്ചര്‍) ആണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സൂപ്പര്‍ സ്ട്രക്ച്ചറിനെ കാര്യമായി അഭിസംബോധന ചെയ്തിട്ടില്ല. സമൂഹത്തിനു രണ്ട് തട്ടുകളുണ്ട്. അടിത്തറയും (ബേസ്) ഉപരിഘടനയും. അടിത്തറയില്‍ പെടുന്നതാണ് കൂലി, ഭൂമി, തൊഴില്‍ പോലുള്ള കാര്യങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ കുറേയൊക്കെ പരിഹരിക്കപ്പെട്ടെങ്കിലും എങ്ങുമെത്താതെ നിന്നുപോയി. വിശ്വാസങ്ങളും പ്രമാണങ്ങളും ഉള്‍പ്പെടുന്ന സൂപ്പര്‍ സ്ട്രക്ച്ചറില്‍ ഒരു ശ്രമവും നടത്തിയതുമില്ല. അതിന്റെ ഒരു പ്രതിസന്ധി കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. അതിലൊരു നിലപാടില്ല അവര്‍ക്ക്. ശബരിമല വിഷയത്തിലൊക്കെ പരാജയപ്പെടുന്നതിന്റെ കാരണവും അതാണ്. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ അവഗണിച്ച ഇക്കാര്യമാണ് ഇനി അവര്‍ക്ക് വെല്ലുവിളിയാകാന്‍ പോവുന്നത്. കാരണം ബി.ജെ.പി പോലുള്ള പാര്‍ട്ടികളുടെ അടിസ്ഥാനം തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി അവഗണിക്കുന്ന ഉപരിഘടനയാണ്.

അക്രമങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത്? 
സംഘര്‍ഷങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഗുണമുണ്ടാക്കുന്ന കാര്യമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഈ പ്രദേശത്ത് ഇടയ്ക്കിടയ്ക്ക് വയലന്‍സ് ഉണ്ടാകണം. മുന്‍പുള്ളതിനേക്കാള്‍ ഇപ്പോള്‍ സംഘര്‍ഷങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ വ്യാപകമായതൊക്കെ ഒരു കാരണമായി കാണാം. ആളുകളുടെ പകയും ദേഷ്യവും ഒക്കെ ട്രോള്‍ ആയിട്ട് മാറാം. തമാശയായിട്ട് മാറാം. ആ രീതിയില്‍ കാര്യങ്ങള്‍ സുഗമമാകുന്നുണ്ട് പലയിടങ്ങളിലും. എല്ലാ പാര്‍ട്ടികള്‍ക്കും ട്രോള്‍ ഗ്രൂപ്പുകളുമുണ്ട്. ട്രോളുകളും മീംസും ഒക്കെ വേറെ രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ ആളുകളെ പ്രാപ്തരാക്കുന്നുണ്ട്. 

'കളിക്കാരുടെ' ഗ്രൂപ്പിന് വിദ്യാഭ്യാസവും തൊഴിലും ഒക്കെ കിട്ടി പോകുന്നതോടെ ഇതു കുറയും. നിലവില്‍ ഇവര്‍ക്കിടയില്‍ തൊഴിലില്ലായ്മ ഉണ്ട്. വിദ്യാഭ്യാസവും കുറവാണ്. ഇത്തരം കളിക്കാര്‍ ഇല്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ്സ് കുറേക്കാലമായി ഈ വയലന്‍സില്‍ ഉള്‍പ്പെടാത്തത്. കോണ്‍ഗ്രസ്സുകാരുടെ കുടുംബം കുറച്ചുകൂടെ മുന്‍പന്തിയിലായിരിക്കും. സാഹചര്യങ്ങള്‍ മാറുമ്പോള്‍ വയലന്‍സും കുറയും.  
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ ബി.ജെ.പിയും അക്രമങ്ങളുടെ സ്വഭാവം മാറ്റിയിട്ടുണ്ട്. 2014-ല്‍ ബി.ജെ.പി. അധികാരത്തില്‍ വന്ന ശേഷം നടന്ന പല വയലന്‍സിലും മരിക്കുന്നതിനു പകരം ഗുരുതരമായ രീതിയില്‍ പരിക്കേല്‍പ്പിക്കുകയാണ്. മരണം നടന്നാല്‍ അതിന് ദേശീയ ശ്രദ്ധ കിട്ടുമെന്നതിനാലാണ് ഇത്.

അക്രമങ്ങളെ പലപ്പോഴും നേതാക്കള്‍ ന്യായീകരിക്കുന്ന അവസ്ഥയുമുണ്ട്...? 
നേതാക്കള്‍ പൊതുയിടങ്ങളില്‍ സംസാരിക്കുന്നതൊന്നും സത്യമായ കാര്യങ്ങളൊന്നുമല്ല. അണികള്‍ക്ക് നിലനില്‍ക്കാനുള്ള ന്യായീകരണങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുക മാത്രമാണ്. എല്ലാ പാര്‍ട്ടിയിലും അങ്ങനെയാണ്. ആ ന്യായീകരണം അവര്‍ക്ക് സന്തോഷം നല്‍കുന്നു. പാര്‍ട്ടി എന്നു പറയുന്നത് സത്യവും നീതിയും ഒന്നുമല്ല. അടിസ്ഥാനപരമായി താല്പര്യങ്ങളാണ്. സാമൂഹ്യമാറ്റം ഉണ്ടാക്കാന്‍ പാര്‍ട്ടിയില്‍ ചേരുന്നവരൊന്നുമല്ല ആളുകള്‍. അവരുടെ താല്പര്യങ്ങള്‍ നിലനിര്‍ത്തി കൊണ്ടുപോകുക മാത്രമാണ്. പാര്‍ട്ടിയില്‍നിന്ന് ഏതെങ്കിലും തരത്തിലുള്ള ഗുണം കിട്ടാതെ ആരും പാര്‍ട്ടിയില്‍ നില്‍ക്കുന്നുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com