'മൂത്തോന്‍; ഇടങ്കയ്യനായ സ്വവര്‍ഗ്ഗാനുരാഗിയും അയാളുടെ ഊമയായ പ്രണയിയും'- ഗീതു, എവിടുന്നു കിട്ടി ഈ ചിന്ത

'മൂത്തോന്‍; ഇടങ്കയ്യനായ സ്വവര്‍ഗ്ഗാനുരാഗിയും അയാളുടെ ഊമയായ പ്രണയിയും'- ഗീതു, എവിടുന്നു കിട്ടി ഈ ചിന്ത

​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചലച്ചിത്രം സ്വവർ​ഗ പ്രണയത്തിന്റെ പരിപ്രേക്ഷ്യത്തിൽ കാണുമ്പോൾ

രു സ്വവര്‍ഗ്ഗാനുരാഗി എന്ന നിലയില്‍ ജീവിതത്തിലെ ഏറ്റവും വലിയ നിരാശകളില്‍ ഒന്ന് എനിക്കും എന്നെപ്പോലെയുള്ളവര്‍ക്കും പ്രണയവുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന ദൃശ്യവര്‍ണ്ണനകള്‍ മലയാളസിനിമയില്‍ കൃത്യമായി രേഖപ്പെട്ടിട്ടില്ല എന്നുള്ളതായിരുന്നു. ഏതൊരു കഥാപാത്രത്തെ കാണുമ്പോഴും ആ കഥാപാത്രം, ബൈ ഡീഫോള്‍ട്, ഹെറ്ററോസെക്ഷ്വല്‍ ആയിരിക്കും എന്ന നിബന്ധന നിലനില്‍ക്കുന്ന മലയാള സിനിമാപ്രേക്ഷകരുടെ മുന്നിലേക്ക് അമീറിന്റേയും അക്ബറിന്റേയും അതിമനോഹര പ്രണയരംഗങ്ങള്‍ ഇന്ന് 'മൂത്തോന്‍' എന്ന സിനിമയില്‍ കാണാന്‍ കഴിഞ്ഞത്. ഹെറ്ററോസെക്ഷ്വല്‍ അനുരാഗ ഗാനരംഗങ്ങള്‍ നിറഞ്ഞ സ്ഥിരം സിനിമകളില്‍നിന്നും മോചനം ഉണ്ട് മൂത്തോനിലെ പ്രണയത്തിന്.

പ്രണയം വെളിപ്പെടുത്താനാവാതെ ജീവനൊടുക്കേണ്ടിവന്ന സ്വവര്‍ഗ്ഗാനുരാഗികളായ സുഹൃത്തുക്കളെ ഓര്‍ക്കാതെ എനിക്ക് ഈ സിനിമ കണ്ടുതീര്‍ക്കാനായില്ല. ആണ്‍മയുടെ വിവിധ ഭേദങ്ങള്‍ എത്ര രസമായിട്ടാണ് നിവിന്‍ അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ കഥാപാത്രം ഏറ്റവും സന്തുഷ്ടനായി കാണുന്ന ഒരു രംഗമുണ്ട്. കണ്ണാടിക്കു മുന്നില്‍ നാണത്തോടെ പുഞ്ചിരിച്ചു നില്‍ക്കുന്ന ഒരു രംഗം. 'ബാംഗ്ലൂര്‍ ഡേയ്‌സി'ലെ കുട്ടന്‍ പി.പിയും 'ഹേയ് ജൂഡി'ലെ ജൂഡ് എന്ന കഥാപാത്രവും സ്വവര്‍ഗ്ഗാനുരാഗികള്‍ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുന്ന സ്വവര്‍ഗ്ഗാനുരാഗികളായ ആണുങ്ങള്‍ക്ക് അക്ബര്‍ തങ്ങളെപ്പോലുള്ള ഒരാളാണെന്നുള്ള കാര്യം നല്‍കുന്ന ആനന്ദം ചെറുതല്ല. ഇതിലെ ആണ്‍-ആണ്‍ പ്രണയികളുടെ സാമൂഹിക പശ്ചാത്തലത്തിന് ഒട്ടനേകം സവിശേഷതകളുണ്ട്. ലക്ഷദ്വീപിലെ ഇസ്ലാം കുടുംബങ്ങള്‍, കുത്ത് റാത്തീബ്, സ്വവര്‍ഗ്ഗപ്രണയം ഉള്‍ക്കൊള്ളാനാവാത്ത ഉറ്റവര്‍, അമീറിന്റെ നിശ്ശബ്ദ പ്രണയം, കടലോരവാസികളായ സുഹൃത്തുക്കള്‍ അങ്ങനെ കുറേ കാര്യങ്ങള്‍. സിനിമ മുഴുവനായി കൈകാര്യം ചെയ്യുന്ന വിഷയം പലതുമുണ്ട്: ലൈംഗിക തൊഴില്‍, ബാലവേല, അധോലോകം, മയക്കുമരുന്ന് മാഫിയ മുതലായവ. ഈ സിനിമയെ ജിയോ-ഹ്യൂമാനിറ്റിസ് എന്ന വളര്‍ന്നുവരുന്ന പഠനമേഖലയുമായി ബന്ധപ്പെടുത്താം. സ്വവര്‍ഗ്ഗസാമൂഹിക (ഹോമോസോഷ്യല്‍) സ്വര്‍ഗ്ഗമായ കേരളം പോലുള്ള ഇടങ്ങളില്‍ ആണ്‍-ആണ്‍ സൗഹൃദങ്ങളുടെ ചില സവിശേഷതകള്‍ ഒപ്പിയെടുത്തത് ക്വിയര്‍ സിദ്ധാന്തങ്ങള്‍ ചേര്‍ത്ത് സ്വവര്‍ഗ്ഗാനുരാഗ സാധ്യതകള്‍ ചില സിനിമാവായനകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അത്തരം വായനകളില്‍ക്കൂടെ മാത്രം സ്വവര്‍ഗ്ഗപ്രണയത്തെ കുറിക്കാന്‍ നിര്‍ബന്ധിതരായിരുന്ന മലയാളി സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് പ്രിയപ്പെട്ടവരാവുകയാണ് അക്ബറും അമീറും.

ഒരു ആണിന് മറ്റൊരാണിനോട് തോന്നുന്ന പ്രണയത്തെ എങ്ങനെ രേഖപ്പെടുത്താം എന്നതിന് വളരെ സുന്ദരമായ മറുപടിയാണ് അമീറിന്റെയും അക്ബറിന്റേയും അനുരാഗചിന്തകളുടെ വിനിമയം. നിലാവും കുളിരും സാക്ഷിയായി പരസ്പരപ്രണയം മനസ്സിലാക്കുന്ന ആ ഒരൊറ്റ രംഗം ഇപ്പോഴും എന്റെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറയ്ക്കുന്നു. കുത്ത് റാത്തീബ് പ്രകടനത്തിനു അഭിനന്ദനമറിയിച്ചുകൊണ്ട് ആരംഭിച്ച അനുരാഗവിനിമയത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നിലാക്കുളിര്‍ പുല്‍കിയ ഇവരുടെ നിശ്ശബ്ദത 'മൂണ്‍ലൈറ്റ്' എന്ന ഇംഗ്ലീഷ് സിനിമയിലെ ശിരോണ്‍-കെവിന്‍ പ്രണയികളുടെ പ്രണയത്തേയും കോണ്ട്രാകൊറിയാന്റെ എന്ന സ്പാനിഷ് സിനിമയിലെ സാന്റിയാഗോ-മിഗുവേല്‍ കമിതാക്കളുടെ കടല്‍ത്തീരത്തുള്ള പ്രണയരംഗത്തേയും ഓര്‍മ്മിപ്പിച്ചു. സ്വവര്‍ഗ്ഗപ്രണയികളുടെ അനുരാഗം; അതേ, അതെത്ര മനോഹരമാണ്; കൂടുതല്‍ ഹെറ്ററോസെക്ഷ്വല്‍ ആളുകള്‍ അത് മനസ്സിലാക്കട്ടെ! ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍, മാമി ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശന ഇടം നേടിയ മൂത്തോന് ഇനിയും അംഗീകാരങ്ങള്‍ ലഭിക്കട്ടെ.

പ്രണയമലക്കുകളായ അമീറും അക്ബറും മനസ്സില്‍നിന്നും മായില്ല, കാരണം അവര്‍ ഞങ്ങളാണ്, സ്വവര്‍ഗ്ഗാനുരാഗികളാണ്: ക്വിയര്‍ റീഡിങ് സാധ്യമാവുന്ന ബ്രോമാന്‍സ്-സൗഹൃദങ്ങളും അവിവാഹിത കഥാപാത്രങ്ങളും  മലയാളസിനിമയില്‍ നേരത്തേയും സംഭവിച്ചിട്ടുണ്ട്. 'അദൈ്വതം' സിനിമയിലെ ജയറാമിന്റേയും മോഹന്‍ലാലിന്റേയും സവിശേഷ ചങ്ങാത്തം, 'ഫ്രണ്ട്സ്' എന്ന സിനിമയിലെ ജയറാമിന്റേയും മുകേഷിന്റേയും പ്രത്യേക കൂട്ടുകെട്ട്, 'സ്‌നേഹവീട്' സിനിമയിലെ മോഹന്‍ലാലിന്റെ കഥാപാത്രവുമൊക്കെ. എന്നാല്‍, സ്വവര്‍ഗ്ഗാനുരാഗത്തെ  ഐഡന്റിറ്റി പൊളിറ്റിക്സ് എന്ന കോണില്‍ക്കൂടി നോക്കുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു മേല്‍പ്പറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി താരതമ്യപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. ഇതേക്കുറിച്ച് യാതൊരു ദൃശ്യപ്രതിനിധാനവുമില്ലാത്ത നാളുകളില്‍ ഇത്തരം പുനര്‍വായനകള്‍ ക്വിയര്‍ പഠനമേഖലയ്ക്ക് സംഭാവന നല്‍കുമെന്നതല്ലാതെ. ഇവിടെയാണ് ഈ കൊല്ലം ഗേ-കപ്പിള്‍ ആയി വെളിപ്പെടുത്തല്‍  നടത്തിയ  നികേഷ്-സോനു ദമ്പതികളുടെ പ്രണയം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്. സ്വവര്‍ഗ്ഗാനുരാഗികളുടെ ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന 'റൊമാന്റിക് അഫര്‍മേഷന്റെ' രാഷ്ട്രീയം എടുത്തുപറയേണ്ടതുണ്ട്. പ്രണയം പൂവണിയുക എന്ന ഉപമപോലും ഹെറ്ററോനോര്‍മേറ്റിവ് ആയി എനിക്കു തോന്നിയിട്ടുണ്ട്. വേറേതോ നാട്ടിലുള്ളതോ നമ്മുടെ സാംസ്‌കാരിക പരിസരങ്ങള്‍ക്കു പുറത്തുനില്‍ക്കുന്നതോ എന്ന് കരുതിയേക്കാവുന്ന സ്വവര്‍ഗ്ഗപ്രണയം ദൈനംദിന ജീവിത ഇടങ്ങളില്‍ എവിടെയും കാണാം എന്നും കൂടി അവതരിപ്പിക്കുന്നു ഈ സിനിമ. ഫെമിനിസ്റ്റ്-ക്വിയര്‍-ട്രാന്‍സ് നിരീക്ഷണങ്ങളുടെ ആമാടപ്പെട്ടിയായ 'മൂത്തോന്‍' സിനിമയോടുള്ള മലയാളി ഹെറ്ററോ-ആണ്‍ബോധത്തിന്റെ അസഹിഷ്ണുത ഒന്നുമാത്രം മതി കേരളം ക്വിയര്‍-സൗഹാര്‍ദ്ദപരമാണെന്നുള്ള വാദങ്ങള്‍ക്കു മുന്നില്‍ വെയ്ക്കാന്‍! 'മുംബൈ പൊലീസ്' സിനിമ ഇറങ്ങിയശേഷം ആന്റണി മോസസ് എന്ന കഥാപാത്രത്തിന്റെ ചിത്രം ഉപയോഗിച്ച് സ്വവര്‍ഗ്ഗാനുരാഗികളെ അവഹേളിക്കാന്‍ പോസ്റ്ററുകളും മീമുകളും ഇറക്കിയവര്‍ മൂത്തോന്റെ പേരിലും ഇതേ കാര്യം ചെയ്‌തേക്കാം. 'മൈ ലൈഫ് പാര്‍ട്ണര്‍', 'അച്ചായന്‍സ്' എന്നീ മലയാളസിനിമകളില്‍ യഥാക്രമം പുരുഷ-സ്ത്രീ സ്വവര്‍ഗ്ഗപ്രണയം പ്രമേയമായി വന്നെങ്കിലും അവ സ്വവര്‍ഗ്ഗ ലൈംഗികതയെ പതോളജൈസ് ചെയ്യുന്ന തരത്തില്‍ ഉള്ളവയായിരുന്നു. ഇതില്‍നിന്നും വ്യത്യസ്തമായി പ്രധാനമായും ഡിജിറ്റല്‍ ലോകത്ത് കണ്ടുമുട്ടുന്ന ഇപ്പോഴത്തെ തലമുറയിലെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും സ്വവര്‍ഗ്ഗസംമോഹികതയുടെ (homoosciality) മെച്ചം നിലനില്‍ക്കുന്ന ഇടങ്ങളില്‍ സൗഹൃദത്തിലായ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ഒരേപോലെ ബന്ധപ്പെടുത്താന്‍ സാധ്യമാവുന്ന പ്രണയത്തെ മൂത്തോനില്‍ കാണാം.

മൂത്തോന്റേയും അമീറിന്റേയും വിശ്വാസപശ്ചാത്തലം വിശ്വാസികളായ LGBTIQ ആളുകള്‍ക്കു സാമൂഹിക/മത സഹാനുഭൂതി തേടേണ്ടതിന്റെ ആവശ്യത്തിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗി എന്നു വെളിപ്പെടുത്തിയ ഒരാളെക്കാളും ഒരുപക്ഷേ, ഒരു മുസ്ലിം സ്വവര്‍ഗ്ഗാനുരാഗി എന്നു വെളിപ്പെടുത്തുന്ന വ്യക്തിക്കു നേരിടേണ്ടിവരുന്ന അധിക ആള്‍ക്കൂട്ട ആക്രമണവും മതമൗലികവാദികളുടെ ഹിംസാത്മകമായ സമീപനത്തെക്കുറിച്ചും ആലോചിക്കേണ്ടതുണ്ട്. ഇതിനെപ്പറ്റി  'ഫെയ്ത്ത് ആന്‍ഡ് സെക്ഷ്വലിറ്റി' എന്ന വിഷയത്തില്‍  'അനേക' എന്ന സംഘടനയുടെ സഹകരണത്തോടെ എറണാകുളം കലൂരില്‍ ഉള്ള റിന്യൂവല്‍ സെന്റര്‍ എന്ന കാതോലിക്കാ ഇടത്തില്‍വെച്ച് 'ക്വിയറള' സംഘടിപ്പിച്ച ഏകദിന സംഭാഷണത്തില്‍ സുഹൃത്ത് മുഹമ്മദ് ഉനൈസ് ഈ കാര്യം പ്രതീകമായി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ക്വിയര്‍ മുന്നേറ്റം ഒരു പരിധിവരെ മാതൃകാപരമായിരിക്കുമ്പോഴും ദേശീയതാവാദം അധികമായുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്വിയര്‍ മുസ്ലിം ആളുകള്‍ക്കായി ശബ്ദിക്കാന്‍ 'ക്വിയര്‍ മുസ്ലിം പ്രൊജക്റ്റ്' എന്നൊരു കൂട്ടായ്മ 'റൈഫുല്‍ ആലം' എന്ന വ്യക്തി ആരംഭിച്ചു തുടര്‍ന്നു കൊണ്ടുപോവുന്നു. ഇംഗ്ലണ്ടിലെ ബിര്‍മിംഗ്ഹാം നഗരത്തിലെ 2019-ലെ LGBTIQ പ്രൈഡിന്റെ നേതൃത്വം ഇത്തവണ മുസ്ലിം LGBTIQ ആളുകളായിരുന്നു.

സ്വവര്‍ഗ ലൈംഗികതയും ആത്മനാശവും

ലോക മാനസികാരോഗ്യദിനത്തിന്റെ 2019-ലെ വിഷയം ആത്മഹത്യാനിയന്ത്രണം ആയിരുന്നു. ഓരോ നാല്‍പ്പതു സെക്കന്റിലും ഓരോ ആള്‍ ആത്മഹത്യ ചെയ്യുന്നു എന്ന ലോകാരോഗ്യ സംഘടനയുടെ കണക്കില്‍നിന്നും ശീര്‍ഷകം ഉള്‍ക്കൊണ്ടുകൊണ്ട് 2019-ലെ മാനസികാരോഗ്യ ദിന-പ്രചാരണ-ബോധവല്‍ക്കരണപരിപാടികളുടെ വിഷയം '40 സെക്കന്‍ഡ്സ് ഓഫ് ആക്ഷന്‍' എന്നുള്ളതായിരുന്നു. ഇതേ പേരില്‍ ക്വിയറള റെയിന്‍ബോ നെസ്റ്റില്‍വെച്ച് ഒരു കമ്മ്യൂണിറ്റി മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഞാനുള്‍പ്പെടെ ആത്മഹത്യയ്ക്കു ശ്രമിക്കുകയോ ആത്മഹത്യ ചെയ്ത ക്വിയര്‍ ആളുകളെ നേരിട്ടറിയാവുന്നതോ ആയ 27 LGBTIQ ആളുകള്‍ പങ്കെടുത്ത ആ പരിപാടിയില്‍ പലരുടേയും കയ്യിലും മറ്റുമായി കത്തി കൊണ്ട മുറിവിന്റെ പാടുകളുണ്ടായിരുന്നു. ചിലരുടെ കൈകളില്‍ എണ്ണാവുന്നതിലും കൂടുതലായിരുന്നു ഉണങ്ങാത്ത ഈ പാടുകള്‍. എന്തുകൊണ്ടാവാം ഈ പാടുകള്‍ ഇവര്‍ക്ക് പേറേണ്ടിവന്നിട്ടുണ്ടാവുക? ക്വിയറളയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് ഇന്നേവരെ (2013 മെയ് മുതല്‍) നമ്മളെ പരിചയപ്പെട്ട/നമുക്ക് നേരിട്ടറിയാവുന്ന 19 മലയാളി പുരുഷ സ്വവര്‍ഗ്ഗാനുരാഗികളാണ് ജീവനൊടുക്കിയിട്ടുള്ളത്. ഇവരില്‍ മിക്കവരുടേയും വീട്ടില്‍ ഇവരെന്തിനാണ് ജീവനെടുത്തതെന്നുപോലുമറിയില്ല. ചിലരാണെങ്കില്‍ വിവാഹസമയമാവുമ്പോള്‍ അതു വേണ്ട എന്ന് എത്ര പറഞ്ഞിട്ടും വീട്ടുകാരാല്‍ അതിഭീകര വയലന്‍സ് (ശാരീരികമായോ/മാനസികമായോ/വൈകാരികമായോ) നേരിട്ടതിനാല്‍ ആത്മഹത്യ ചെയ്തവരുമുണ്ട്: അമീറിനെപ്പോലെ! സ്വവര്‍ഗ്ഗാനുരാഗികളുടെ ആത്മഹത്യാക്കുറിപ്പുകളില്‍ ചിലത് ഓര്‍ത്തെടുക്കുമ്പോള്‍ അവയിലൊക്കെ പൊതുവായി വായിക്കാവുന്നത് അവര്‍ക്ക് അവരായിത്തന്നെ ജീവിക്കാനുള്ള കൊതിയെ കെടുത്തിയ ചുറ്റുമുള്ളവരുടെ അസഹിഷ്ണുതയാണ്. സ്വവര്‍ഗ്ഗാനുരാഗികളോടുള്ള ഈ അസഹിഷ്ണുതയ്ക്ക് വില കൊടുക്കേണ്ടിവരുന്നത് ഞങ്ങളുടെ ജീവിതങ്ങള്‍ തന്നെയാണ്. അമീറിനും സംഭവിച്ചത് അതു തന്നെ.

അമീറിന് അയാള്‍ക്ക് വിവാഹം വേണ്ട എന്ന് എത്ര തവണ വീട്ടുകാരെ അറിയിച്ചിട്ടും അത് എന്തുകൊണ്ടാണെന്ന് തുടക്കത്തില്‍ വീട്ടുകാര്‍ മനസ്സിലാക്കിയിരുന്നില്ല എങ്കിലും കാരണം മനസ്സിലാക്കിയ വീട്ടുകാര്‍ അയാളെ നിര്‍ബന്ധിച്ചു വിവാഹപ്രക്രിയയില്‍ പിടിച്ചിരുത്തുന്നു. നമ്മളെ ശ്രവിക്കുന്നവര്‍ ഉണ്ടാവുക എന്നുള്ളതാണ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു മിക്കപ്പോഴും കേള്‍ക്കുന്ന ഒരു ചൊല്ല്. എന്നാല്‍, സംസാരശേഷിയില്ലാത്ത ഒരാളെങ്ങനെ ഇത് അവതരിപ്പിക്കും എന്നുള്ളതും അമീറിനു തടസ്സമാവുന്നു. കേരളത്തിലെ പലയിടങ്ങളില്‍നിന്നുമുള്ള സ്വവര്‍ഗ്ഗാനുരാഗികള്‍ അവരുടെ സ്വവര്‍ഗ്ഗ ലൈംഗികതാ തന്മയെ (Homosexual Identity) സ്വയം തിരിച്ചറിയുന്ന നിമിഷം മുതല്‍ അനുഭവിക്കുന്ന വ്യഥയും ഇതുതന്നെ. എങ്ങനെ ഉറ്റവരോട് കാര്യം പറയുമെന്നുള്ളത്. സൂയിസൈഡ് എന്ന സെല്‍ഫ് ഹാര്‍മിങ്ങ് ആണ് അമീര്‍ തെരഞ്ഞെടുത്തതെങ്കില്‍ സ്വന്തം മനസ്സിനെ പീഡിപ്പിക്കുന്ന നോണ്‍ സൂയിസൈഡല്‍ രീതിയായ മയക്കുമരുന്നുപയോഗം ആണ് അക്ബര്‍ ഖാന്‍ തിരഞ്ഞെടുത്തത്. രണ്ടിനും കാരണമായതോ, അവരുടെ പ്രണയം ഹെറ്ററോനോര്‍മേറ്റീവ്തരം അല്ല എന്നുള്ളതുകൊണ്ടുമാത്രം.

മാനസികാരോഗ്യ/മനഃശാസ്ത്രരംഗത്ത് കൂടുതലായി കേള്‍ക്കുന്ന ഒരു പദമാണ് ബിലോങ്ങിങ്നെസ്സ് . നമ്മുടെ നാട്ടില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് 'ബിലോങ്ങിങ്നെസ്സ്' തോന്നുന്ന എത്ര ഇടങ്ങളുണ്ട്? ഓരോ തവണയും സ്വവര്‍ഗ്ഗാനുരാഗികളെ ചികിത്സിച്ചു 'നേരെ'യാക്കാം എന്നവകാശപ്പെടുന്ന ഡോക്ടര്‍മാര്‍/കൗണ്‍സിലേഴ്സ് എന്നിവരെക്കുറിച്ച് ഗേ സുഹൃത്തുക്കളില്‍ നിന്നറിയുമ്പോള്‍ ഈ വിഷയം ഇവിടുത്തെ മെഡിക്കല്‍ കൂട്ടായ്മകളോട് കാര്യം ഗൗരവമായി അവതരിപ്പിക്കാറുണ്ട്. മാനസികാരോഗ്യത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്ന ഓരോ ചര്‍ച്ചയിലും ഇടപെടലുകളിലും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്ന നോണ്‍-heterosexual-orientations-നെക്കുറിച്ചും അവയോടുള്ള ഭൂരിഭാഗ അസഹിഷ്ണുതകളെക്കുറിച്ചും പ്രായോഗിക ചിന്തകള്‍ ഉടലെടുക്കേണ്ടതുള്ളപ്പോള്‍ ഒരൊറ്റ മെഡിക്കല്‍ കൂട്ടായ്മപോലും ഈ കാര്യം കേരളത്തില്‍ വിലക്കെടുക്കാറില്ല. സ്ഥിരം മറുപടി ആയ 'നിങ്ങള്‍ ഗേ ആളുകളോട് അത്തരം കൗണ്‍സിലേഴ്സിന്റെ അടുത്തേക്ക് പോവേണ്ട എന്ന് പറ, റീഹാബിറ്റിലേഷന്‍ കൗണ്‍സിലിനു പരാതി അയക്കൂ' എന്നിവയല്ലാതെ. അവിടെയാണ് നമുക്ക് അത്രമേല്‍ പരിചിതമല്ലാത്ത സാമൂഹിക/തൊഴില്‍/ഭൂപരിസരത്തില്‍ ജീവിക്കുന്ന ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ മുതലായ വിനിമയ ഉപാധികള്‍ ഉപയോഗിക്കാത്ത കാലസാഹചര്യത്തില്‍ ജീവിക്കുന്ന പാരസ്പര്യത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ മാത്രം പരസ്പരപ്രണയം തിരിച്ചറിഞ്ഞ രണ്ടു പേര്‍ക്ക് സെല്‍ഫ് ഹാര്‍മിങ്ങില്‍ അഭയം തേടേണ്ടിവന്നത്. അമീറിന് ആത്മഹത്യയും അയാളെ പ്രണയിച്ച നാട്ടില്‍നിന്നും പലായനം ചെയ്യേണ്ടിവന്ന അക്ബറിനു ഡ്രഗ്സും ആയിരുന്നു ആ ഉപാധികള്‍!

നാടുവിട്ട് പോവുന്ന സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ക്വിയര്‍ ആളുകള്‍ക്കും പൊതുവെ പറയാനുള്ള ഒരു കാര്യമാണ് നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്തതുകൊണ്ട് മാത്രമാണ് അവിടം വിട്ടതെന്ന്. പല ഇടങ്ങളിലും പഠനവിഷയമായിട്ടുള്ള 'പലായനവും ക്വിയര്‍ വ്യക്തികളും' എന്ന ഗൗരവവിഷയം മൂത്തോനിലും കാണാം. സര്‍ക്കാര്‍-സാംസ്‌കാരിക സംവിധാനങ്ങള്‍ മുഴുവന്‍ കുടുംബം (പെണ്‍-ആണ്‍ വൈവാഹിക രീതിയില്‍) അടിസ്ഥാനമാക്കിയുള്ള ക്ഷേമപദ്ധതികളും മറ്റും സൃഷ്ടിക്കുമ്പോള്‍ LGBTIQ വിഭാഗക്കാര്‍ 'സഹജീവനസ്വീകാര്യത'യുള്ള ഇടങ്ങളിലേക്കു ചേക്കേറാറുണ്ട്. പൗരന്മാര്‍ക്കായുള്ള അനേകം വികസനപദ്ധതികള്‍ കുടുംബകേന്ദ്രീകൃതമാവുന്നത് കൊണ്ടുതന്നെ ചില  LGBTIQ ആളുകള്‍ അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള വിവാഹവും കുടുംബവും വേണമെന്നാഗ്രഹിക്കുന്നു. പലായനം ഒരു അന്താരാഷ്ട്ര മാനവിക വിഷയമാവുന്ന വേളകളില്‍ ഒരുപക്ഷേ വിട്ടുപോവുന്ന ആളുകളും LGBTIQ കമ്മ്യൂണിറ്റി തന്നെ. ഉദാ: ചില രാജ്യങ്ങളില്‍നിന്നും അമേരിക്കന്‍ ഐക്യനാടുകളിലേക്കും മറ്റും പലായനം ചെയ്ത് ആയിരക്കണക്കിന് ആളുകള്‍ എത്തുമ്പോള്‍ അതില്‍ 'കുടുംബം' ഉള്ള ആളുകള്‍ക്കാണ് മുന്‍ഗണനയും ക്ഷേമപദ്ധതികളുടെ പ്രഥമ ഗുണങ്ങളും ലഭിക്കാന്‍ സാധ്യത. ചെമ്മീന്‍, അമരം തുടങ്ങി തീരദേശങ്ങളുടെ കഥാശ്രേണിയിലേക്ക് മൂത്തോനും ചേരുമ്പോള്‍ ഭൂമിശാസ്ത്രമാനവികത എന്ന പഠനകോണില്‍നിന്നും വായിക്കാന്‍ സാധിക്കുന്ന ഒരു സിനിമ കൂടിയാവുന്നു ഇത്.

കുത്ത് റാത്തീബ് അവതരണസംഘത്തിലെ അംഗമായിരുന്ന അക്ബറിനെ ശരീരം മുറിവേല്‍പ്പിക്കുന്ന രംഗങ്ങള്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇടംകൈ വശമായിട്ടുള്ള ഒരാളിനെ കാണുമ്പോള്‍ തോന്നുന്ന കൗതുകത്തേക്കാള്‍ ഇടംകയ്യനായ ഒരു താരം സ്വവര്‍ഗ്ഗാനുരാഗിയായി വന്നപ്പോള്‍ ആ രംഗം എന്റെയുള്ളില്‍ വല്ലാതെ പതിഞ്ഞു. 'ഇടങ്കയ്യനായ സ്വവര്‍ഗ്ഗാനുരാഗിയും അയാളുടെ പ്രണയി, ഊമയായ സ്വവര്‍ഗ്ഗാനുരാഗിയും.' ഗീതു എവിടുന്ന് കിട്ടി ഈ ചിന്ത, നേരില്‍ കാണുമ്പോള്‍ എനിക്കാരായാനുള്ള കുറേ ചോദ്യങ്ങളില്‍ ഒരെണ്ണം ഇതാണ്. 'ഈ കാര്യങ്ങള്‍ തിരക്കഥയില്‍ ഉള്‍പ്പെടാനുണ്ടായ ചിന്താ-പ്രേരണ എന്താണ്?' ഇത്തരം വിവേകം കൂടുതല്‍ ആളുകള്‍ക്ക് വെച്ചിരുന്നെങ്കില്‍!

നിലാവത്ത് ജലത്തിനു സമീപത്തായി അങ്ങോട്ടുമിങ്ങോട്ടും യിങ്-യാങ് മത്സ്യങ്ങളെപ്പോലെ ചരിഞ്ഞുകിടക്കുന്ന സുറുമകണ്ണന്‍ അക്ബറും നിലാസൗന്ദര്യമുള്ള അമീറും എന്നെ വേട്ടയാടുന്നു. ആത്മഹത്യ ചെയ്യണ്ടിവന്ന 19 മലയാളി ആണ്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കൊപ്പം.

സ്വവര്‍ഗാനുരാഗത്തിന്റെ പ്രശാന്തത

നമ്മുടെ ഒക്കെ ജീവിതങ്ങളുടെ ഏറ്റവും മനോഹരകാര്യങ്ങളില്‍ ഒന്നായ പ്രണയം എങ്ങനെയോ അതങ്ങനെതന്നെ ബന്ധപ്പെടുത്താന്‍ സാധിക്കാതെ ഒരൊറ്റ സിനിമപോലുമില്ലാത്ത നാട്ടില്‍ അധികപക്ഷവും പ്രണയപല്ലവികള്‍ നിറച്ച സിനിമകളെക്കുറിച്ച് ഒരു സ്വവര്‍ഗ്ഗാനുരാഗി എന്ത് പറയാന്‍. എന്തിനും ഏതിനും ഹെറ്ററോ-എന്ത് ഏബിള്‍ഡ് ആയിട്ടുള്ള ആളുകള്‍ മാത്രമാണല്ലോ അവതരണയോഗ്യമായി നമുക്ക് മുന്നിലേക്കെത്തുന്നത്. അതിപ്പോ ഒരു അപാര്‍ട്ട്‌മെന്റ് ബില്‍ഡേഴ്സിന്റെ പരസ്യമായാലും (കുടുംബം എന്ന കാര്യത്തെ എങ്ങനെ പരസ്യങ്ങളില്‍ കാണിക്കുന്നു എന്നോര്‍ക്കുക), ഒരു മാര്‍ക്കറ്റ് പ്രോഡക്റ്റ്(പ്രണയം പിടിച്ചു പറ്റാനുള്ള/ പ്രകടിപ്പിക്കാനുള്ള ഉപാധിയായി ഇന്ന പ്രൊഡക്ട് ഉപയോഗിക്കൂ എന്ന തരത്തില്‍, അല്ലെങ്കില്‍ കുടുംബത്തിലെ ആളുകളെ പ്രീതിപ്പെടുത്താനുതകുന്ന ഭക്ഷണമുണ്ടാക്കാന്‍ വേണ്ട ഉല്പന്നങ്ങള്‍ എന്ന തരത്തില്‍) ആയാലും ഹെറ്ററോ-നോര്‍മേറ്റിവ് ഏബിളിസം വിട്ടൊരു കാര്യമില്ല. അങ്ങനത്തെ അവതരണങ്ങള്‍ മാത്രം 'കണ്ടും' 'കേട്ടും' 'മിണ്ടിയും' വ്യാപിക്കുന്ന ഇടത്തേക്ക് അക്ബറിന്റേയും അമീറിന്റെയും പ്രണയവുമായി ഗീതു എത്തുന്നത്. കാണുക, കേള്‍ക്കുക, സംസാരിക്കുക ഇവയൊക്കെ സാധ്യമാവാത്ത ആളുകള്‍ക്കു പ്രണയം എങ്ങനെ റിലേറ്റ് ചെയ്യാനാവുമെന്നു നമ്മുടെ സാംസ്‌കാരിക പരിസരങ്ങളില്‍നിന്നും മനസ്സിലാക്കാമെങ്കിലും അവയെ അവതരിപ്പിക്കാനോ മെയിന്‍സ്ട്രീം ഡിസ്‌കോഴ്സുകളുടെ ഭാഗമാക്കാനോ നാം മിനക്കെട്ടിട്ടില്ല.

കേരളത്തിലെ കലാലയങ്ങളില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട സെന്‍സിറ്റിസേഷന്‍ പരിപാടികള്‍ക്കും യുവജന പരിശീലനക്കളരികള്‍ക്കും മറ്റും പങ്കെടുക്കുമ്പോള്‍ ഞാന്‍ ആളുകളോട് സ്ഥിരം ആയിരുന്നൊരു സംഗതിയുണ്ട്. നിങ്ങള്‍ ആരെങ്കിലും സ്വവര്‍ഗ്ഗപ്രണയം ആസ്പദമാക്കി ഒരു സിനിമയോ കഥയോ ചെയ്യുകയാണെങ്കില്‍ അതില്‍ സ്വവര്‍ഗ്ഗപ്രണയിയായ ആളെ എങ്ങനെ അവതരിപ്പിക്കും എന്ന്. എപ്പോഴും കേള്‍ക്കുന്ന ഉത്തരം ഒന്നുതന്നെ 'ലുക്സ്' വഴിയായി അവതരിപ്പിക്കും എന്ന്, കഥകളില്‍ ആണേല്‍ 'ഗേ/ലെസ്ബിയന്‍' എന്നീ വാക്കുകള്‍ പരാമര്‍ശിക്കും എന്ന് ചിലര്‍ പറയും. ഹെറ്ററോസെക്ഷ്വല്‍ പ്രണയവുമായി ബന്ധപ്പെട്ടുള്ള സിനിമയില്‍ നിന്നുള്ള ഇവരുടെ ഏറ്റവും ഊഷ്മളയായ ഓര്‍മ്മകള്‍ ചോദിച്ചാലോ ഏതെങ്കിലും ഹെറ്ററോസെക്ഷ്വല്‍-പ്രണയഗാന ശകലങ്ങളോ പ്രണയപ്രകടന സംഭാഷണങ്ങളോ ഒക്കെ പങ്കുവെയ്ക്കും. ഇനി അക്ബര്‍ അമീറുകളിലേക്കു തിരിച്ചുവരാം. മേല്‍പ്പറഞ്ഞതില്‍ ഏതു കാര്യമാണ് ഇവരുടെ പ്രണയാവതരണത്തില്‍ നടന്നിട്ടുള്ളത്. ഊമയായ അമീര്‍, പ്രണയാനുഭവത്തിന്റെ സര്‍വ്വസൗന്ദര്യവും നിറഞ്ഞ പുഞ്ചിരിയില്‍ നിറച്ച അക്ബറും എങ്ങനെയാണ് പ്രണയം കൈമാറുന്നത്; അവര്‍ക്ക് പശ്ചാത്തലം മുഖരിതമാക്കാന്‍ ഗാനങ്ങള്‍ ഇല്ല. അനുരാഗത്തെ കീര്‍ത്തിക്കാന്‍ ബഹുവര്‍ണ്ണ ഫ്രെയിമുകള്‍ ഇല്ല; പ്രേമാഭിലാഷം പങ്കുവയ്ക്കാന്‍ ഒരു ദീര്‍ഘസംഭാഷണം പോലുമില്ല. എനിക്ക് ഒരിക്കലെങ്കിലും നിന്റെ പേര് വിളിക്കണം എന്ന് അമീര്‍ തീവ്ര ആഗ്രഹം പ്രകടിപ്പിച്ച രംഗം കണ്ടപ്പോള്‍ ഞാന്‍ വിതുമ്പുകയായിരുന്നു. ഇത് എഴുതുമ്പോള്‍ക്കൂടി കണ്ണുനീര്‍ ഒഴുകുകയാണ്... അതേ, ഞാന്‍ കരയുകയാണ് അക്ബര്‍-അമീര്‍ പ്രണയത്തെ ഓര്‍ത്ത്.

ഇതിന് മുന്നേ ഞാന്‍ ഇതുപോലൊന്ന് കരഞ്ഞത് സ്വീറ്റിയുടേയും (സോനം കപൂര്‍) കുഹുവിന്റേയും (റെജീന കസാന്‍ഡ്ര) പ്രണയമറിയുന്ന വീട്ടുകാരുടെ ബഹളത്തിനൊടുവില്‍ സ്വീറ്റിയുടെ സ്വവര്‍ഗ്ഗ ലൈംഗികതാന്മകതയെ(homosexual ഐഡന്റിറ്റി)ക്കുറിച്ച് മനസ്സിലാക്കുന്ന അവളുടെ അച്ഛന്റെ രംഗങ്ങള്‍ കണ്ടപ്പോള്‍ ആയിരുന്നു. പക്ഷേ, ആ സിനിമയും (ഏക് ലഡ്കി കൊ ദേഖാ തോ ഐസാ ലഗാ) കപൂര്‍ ആന്‍ഡ് സണ്‍സ്, ഈവനിംഗ് ഷാഡോസ് തുടങ്ങി സ്വവര്‍ഗ്ഗാനുരാഗികള്‍ കേന്ദ്രകഥാപാത്രങ്ങളായി കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ വന്ന സിനിമകളിലെ കഥാപാത്രങ്ങളുടെ സാമൂഹിക-സാംസ്‌കാരിക പരിസരങ്ങള്‍ എനിക്കോമലയാളി സ്വവര്‍ഗ്ഗാനുരാഗികള്‍ക്കോ കാര്യമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല. ഈ സിനിമകള്‍ ഒക്കെയും പ്രാഥമികമായി 'കമിങ് ഔട്ട്' കാര്യവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ആനുകാലിക ഇന്ത്യയില്‍ കമിങ് ഔട്ട് സ്വവര്‍ഗ്ഗാനുരാഗികളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണെങ്കില്‍ക്കൂടി ചുറ്റുമുള്ളവരുടെ ഹൈപ്പര്‍ -വിസിബിള്‍ പ്രണയാവലംബങ്ങള്‍ക്കു നടുവില്‍ നിശ്ശബ്ദമായി ജീവിക്കുന്നവര്‍ക്ക് മനസ്സ് നിറയുന്ന തങ്ങളുടെതന്നെ തരത്തിലുള്ള അനുരാഗം കണ്ട് സന്തോഷിക്കാന്‍ മൂത്തോന്‍ വേണ്ടിവന്നു. പ്രണയത്തിന്റെ ഉള്‍ത്തിരകള്‍ സമ്മാനിച്ച കടല്‍മീനുകള്‍ അക്ബറിന്റെ ബോട്ടിലേക്കല്ല അയാളുടെ മനസ്സിലേക്കും സ്വവര്‍ഗ്ഗാനുരാഗികളായ ഓരോരുത്തരുടെ മനസ്സിലേക്കുമാണ് ചാകരയായി നിറഞ്ഞണഞ്ഞത്.

കടല്‍ തീരം തഴുകുന്ന ഇടത് ഭാഗമുള്ള നാടായ മലയാളക്കരയിലെ സിനിമാഗാന ശകലങ്ങളെ എപ്പോഴും സ്വാധീനിച്ചിട്ടുള്ള ഒരു കാര്യമാണല്ലോ തിരയുംതീരവും, മുകിലുംമഴയും, നിലാവുംആമ്പലുകളും ഒക്കെ ഈ പ്രണയോപമകളില്‍ പ്രണയിക്കുന്ന ആളുകളുടെ ജെന്‍ഡര്‍ വരുന്നില്ലെങ്കിലും ഇതേ ഉപമകളെ നമ്മള്‍ ഹെറ്ററോനോര്‍മേറ്റിവ്-പ്രണയ-പരുവപ്പെടുത്തലിന്റെ പരോക്ഷപ്രത്യക്ഷ സ്വാധീനത്തില്‍ ആണ്‍-പെണ്‍ പ്രണയരംഗങ്ങളാക്കി ചുരുക്കിക്കളയും. ഇങ്ങനെയുള്ളത് മാത്രം ദശകങ്ങളായി കണ്ടുവരുന്ന ആളുകള്‍ക്കിടയിലെ യുവജനങ്ങളോട് പ്രണയാവതരണം ഇതല്ലാതേയും ഉണ്ടെന്ന് ഉള്ള് നിറഞ്ഞു ചൂണ്ടിക്കാണിക്കാന്‍ എനിക്കിപ്പോള്‍ ഇടംകയ്യനായ മൂത്തോന്റെ നിലാവത്തെ പ്രണയമുണ്ട്. അയാളെ വളരെ സ്വാഭാവികമായി ആ അതിമനോഹര അനുഭവത്തിലേക്കെത്തിച്ചതോ, പ്രാവുകളെ വളരെ ഇഷ്ടപ്പെടുന്ന അമീറിന്റെ നിശ്ശബ്ദ സംഭാഷണങ്ങളും! ജലമധ്യത്തിലുള്ള നീലനിറത്തിന്റെ ഊഷ്മളത ആവോളമൊപ്പിയ അവരുടെ ആ പ്രണയരംഗമൊന്ന് മതി പ്രണയാവതരണത്തിന്റെ സവിശേഷ ചാരുതയായി ജീവിതകാലത്തോളം മനസ്സില്‍ സൂക്ഷിക്കാന്‍. സിനിമയില്‍ അക്ബര്‍ അമീര്‍മാരുടെ ചുംബനമുണ്ടായിരുന്നെങ്കില്‍ എന്ന് പല ഗേ സുഹൃത്തുക്കളും ആശിച്ചിരുന്നു. അമീറിന്റെ സിഗരറ്റ് മണം തുടര്‍ന്നങ്ങോട്ട് ദൈനംദിന ജീവിതത്തിന്റെ ആക്കുകയായിരുന്നില്ലേ അക്ബര്‍. അയാളുടെ സ്വകാര്യത്തിലുള്ള ഓരോ വലിയും കണ്ണുകള്‍കൊണ്ട് പ്രണയിച്ച അമീറിനുള്ള ചുംബനങ്ങള്‍ തന്നെ.

377 വിധിയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര 'ചരിത്രം LGBTIQ കമ്യൂണിറ്റിയോട് മാപ്പ് പറയേണ്ടിയിരിക്കുന്നു' എന്ന വളരെ പ്രധാനപെട്ട പ്രസ്താവന രേഖപ്പെടുത്തിയിരുന്നു. ഇന്നിപ്പോള്‍ മലയാള സിനിമ/റിയാലിറ്റി-കോമഡിഷോസ് തുടങ്ങിയവ സ്വവര്‍ഗ്ഗാനുരാഗികളോട് കാണിച്ച ദ്രോഹങ്ങള്‍ക്ക് ഒരു മധുരമാപ്പ് കൂടിയായി മാറുന്നു നമ്മുടെ സ്വന്തം മൂത്തോന്‍. കാലം ആവശ്യപ്പെടുന്ന പ്രണയനീതി അവതരിപ്പിച്ച മൂത്തോന്‍ സിനിമയുടെ മുഴുവന്‍ അണിയറ പ്രവര്‍ത്തകരും അഭിനന്ദനമര്‍ഹിക്കുന്നു, പ്രത്യേകിച്ചും ഞങ്ങളുടെ സ്വന്തം അമീറും അക്ബറും അവരെ സൃഷ്ടിച്ച ഗീതുവും. ഈ കഥാതന്തു തിരക്കഥാരചനാചിന്തയില്‍ തികച്ചും ഭാവനാപരമായി വന്നുചേര്‍ന്നതാണോ, അതോ അവരുടെ സുഹൃത്-വലയത്തില്‍ വളരെയടുത്ത ഏതെങ്കിലും ഗേ സുഹൃത്തോ/സുഹൃത്തുക്കളോ ഉണ്ടായതിന്റെ പ്രതിഫലനം ആയിരുന്നോ എന്ന് സംവിധായകയില്‍നിന്നു നേരിട്ട് ചോദിച്ചറിയേണ്ടതുണ്ട്...  ഓസ്‌കാര്‍, ഗ്രാമി, എമ്മി മുതലായ അന്തര്‍ദ്ദേശീയ ചലച്ചിത്ര/സംഗീത പുരസ്‌കാര വേദികളില്‍ മുന്‍പത്തേക്കാളധികമായി സമകാലീന രാഷ്ട്രീയ-മനുഷ്യാവകാശ-പാരിസ്ഥിതിക-സ്ത്രീപക്ഷ- LGBTIQ വിഷയങ്ങളില്‍ പുരസ്‌കാര ജേതാക്കള്‍ അഭിപ്രായപ്രകടനം നടത്താറുണ്ട്. പ്രത്യേകിച്ചും 2019-ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങളില്‍ കുറെ എണ്ണം സ്വവര്‍ഗ്ഗപ്രണയവും ആത്മബന്ധങ്ങളുമായി ബന്ധപ്പെട്ട സിനിമകള്‍ക്കു ലഭിച്ചപ്പോള്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള പുരസ്‌കാര ജേതാക്കളുടെ പ്രതികരണം LGBTIQ പ്രേക്ഷകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇത്തരം ഒരു പുരസ്‌കാരവേദി ഗീതുവിനു ലഭിക്കട്ടെ.

വിഷയവുമായി ബന്ധപ്പെട്ട് സിനിമയ്ക്കതീതമായും  ക്വിയര്‍ പ്രൈഡില്‍ ഉള്ള പങ്കാളിത്തത്തിനും അപ്പുറത്തേക്ക്  ഇവരെപ്പോലെ ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരുടെ പ്രതികരണം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. LGBTIQ മുന്നേറ്റം ലൈംഗിക തൊഴില്‍ ചെയ്യുന്നവരുടെ അവകാശപ്രശ്‌നങ്ങള്‍, ഫെമിനിസം എന്നിവയുമായി ചരിത്രപരമായുള്ള സാഹോദര്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രങ്ങള്‍, ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ എന്നിവരുടെ സിനിമയിലെ പ്രധാന സാന്നിധ്യം വഴിയായി സൂചിപ്പിക്കുന്ന സിനിമയിലെ മുല്ല എന്ന കുട്ടിയുടെ ജെന്‍ഡര്‍ ഐഡന്റിറ്റി പ്രേക്ഷകര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കും എന്ന വിമര്‍ശനം ഇതോടൊപ്പം രേഖപ്പെടുത്തുന്നു. മലയാളത്തിലെ സ്വകാര്യ ചാനലുകള്‍ മികച്ച താരജോഡികള്‍ ആയി നിവിന്‍ പോളിക്കും റോഷനും പുരസ്‌കാരം നല്‍കുമോ എന്ന് കണ്ടറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com