'ലുനാന- എ യാക്ക് ഇന്‍ ദ ക്ലാസ് റൂം'- നല്ല സിനിമ പിറക്കുന്നതിന് പിന്നിലെ ചോദന സമ്പത്തല്ല

ഭൂട്ടാനിലെ ലുനാന ഗ്രാമത്തിലെ ഏകാധ്യാപക വിദ്യാലയത്തിന്റെ കഥപറയുന്ന പാവോ ചോയ്നിങ് ദോര്‍ജി സംവിധാനം ചെയ്ത 'ലുനാന-എ യാക്ക് ഇന്‍ ദ ക്ലാസ് റൂം' എന്ന ചലച്ചിത്രത്തെക്കുറിച്ച്
ലുനാന- എ യാക്ക് ഇന്‍ ദ ക്ലാസ് റൂം
ലുനാന- എ യാക്ക് ഇന്‍ ദ ക്ലാസ് റൂം

ലയില്‍ ഓര്‍മ്മിക്കേണ്ട പ്രധാന സംഗതി അതു കഴിയുന്നിടത്തോളം ലളിതമായിരിക്കണം എന്നതാണ്. അതേസമയം ഉള്ളില്‍ ജീവിതദര്‍ശനങ്ങളെ ഒളിപ്പിക്കാന്‍ സാധിച്ചിട്ടുമുണ്ടാവണം. പുറമേയ്ക്ക് നോക്കുമ്പോള്‍ ശാന്തമായി കാണപ്പെടുന്ന ഒരു നദി ഉള്ളില്‍ ചുഴികളും ഒഴുക്കുകളും ഗര്‍ത്തങ്ങളും അതിലധികം ദൃശ്യങ്ങളും ഒളിപ്പിച്ചുവച്ച് ഒഴുകുന്നതുപോലെ. നദിയിലിറങ്ങുന്ന ഒരുവനു മാത്രമേ ആ അന്തര്‍രഹസ്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. ജനമനസ്സുകളെ കീഴടക്കിയിട്ടുള്ള കലാവിദ്യകളിലും ഈ സത്യം ഒളിഞ്ഞിരിക്കുന്നതു കാണാം. അതു സാഹിത്യത്തിലായാലും സംഗീതത്തിലായാലും ചിത്രകലയിലായാലും സിനിമയിലായാലും. പ്രത്യക്ഷത്തില്‍ നിഗൂഢതകളോ അമ്പരപ്പുകളോ ഉളവാക്കാതിരിക്കുകയും അനുഭവിച്ചു തീരുമ്പോള്‍ വിസ്മയം മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്ന സാഹിത്യപുസ്തകങ്ങള്‍ എത്രയാണ്. അതുപോലെ സിനിമകളും. 

അടുത്തിടെ സമാപിച്ച 25-ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച 'ലുനാന-എ യാക്ക് ഇന്‍ ദ ക്ലാസ് റൂം' (2019) അത്തരത്തില്‍ മികവുറ്റ സിനിമാനുഭവമായി. 109 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചലച്ചിത്രം സംവിധാനം ചെയ്തിട്ടുള്ളത് ഭൂട്ടാന്‍ സിനിമയ്ക്ക് ലോക സിനിമാഭൂപടത്തില്‍ വ്യക്തമായ ഇടവും വിപണനവും സാധ്യമാക്കിയ സംവിധായകന്‍ പാവോ ചോയ്നിങ് ദോര്‍ജിയാണ്. ലണ്ടന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ത്തന്നെ ചലച്ചിത്ര നിരൂപകരുടെ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് 'ലുനാന-എ യാക്ക് ഇന്‍ ദി ക്ലാസ് റൂം.' അദ്ദേഹം മുന്‍പ് സംവിധാനം ചെയ്ത 'ഹേമ ഹേമ: സിംഗ് മി എ സോംഗ് വൈല്‍ ഐ വെയ്റ്റ്'-ഉം ലോക ചലച്ചിത്രവേദികളില്‍ ഭൂട്ടാന്‍ സിനിമയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തിട്ടുള്ളതാണ്. പ്രതിവര്‍ഷം വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രം നിര്‍മ്മിക്കപ്പെടുന്ന രാജ്യമാണ് ഭൂട്ടാന്‍. ഒറ്റപ്പെട്ട് മാത്രം മികച്ച സിനിമകളുണ്ടാകുന്ന ആ രാജ്യത്തുനിന്നും ലോകശ്രദ്ധ നേടിയിട്ടുള്ള അത്യപൂര്‍വ്വം സംവിധായകരിലൊരാളുമാണ് പാവോ ചോയ്നിങ് ദോര്‍ജി. ഹേമ ഹേമയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച ഛായാഗ്രാഹകന്‍ ജിഗ്മേ ടെന്‍സിങാണ് ലുനാന-എ യാക്ക് ഇന്‍ ദി ക്ലാസ് റൂമിന്റേയും ഛായാഗ്രാഹകന്‍. 

ഒരര്‍ത്ഥത്തില്‍ ഡോക്യുമെന്ററി ഫിലിമിന്റെ ഛായയിലൂടെ മുന്നേറുന്ന ലുനാന-യാക്ക് ഇന്‍ ദി ക്ലാസ് റൂം പൂര്‍ണ്ണമായും തദ്ദേശീയരെ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുള്ള ഫീച്ചര്‍ ഫിലിമാണ്. ഭൂട്ടാനിലെ ഗാസ വില്ലേജിലെ ഒരു ബ്ലോക്കാണ് ലുനാന ജിവോഗ്. അതിന്റെ കേന്ദ്രസ്ഥാനമാണ് കഥ നടക്കുന്ന യഥാര്‍ത്ഥ ലുനാന ഗ്രാമം. കേവലം 56 പേരുമാത്രമാണ് ലുനാനയിലെ ജനസംഖ്യ എന്നിടത്ത് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഗ്രാമമെന്ന വിശേഷണം നേടിയെടുക്കുന്നതിന് ലുനാനയ്ക്ക് മുന്നില്‍ മറ്റൊന്നും തടസ്സമാവുന്നില്ല. ഭൂട്ടാനും തിബത്തുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് കിടക്കുന്ന ലുനാനയിലെ ജനങ്ങള്‍ ആയുര്‍വ്വേദ മരുന്നുകളുടെ സമ്പാദനവും കൃഷിയും ആടുമേയ്ക്കലുമായി ജീവിക്കുന്നവരാണ്. ഭൂട്ടാന്റെ യാക്ക് എന്ന ഔദ്യോഗിക ദേശീയമൃഗമാണ് പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. രാജ്യത്ത് വിമാനത്താവളമുള്ള പാരോ പോലും ഒരു ഗ്രാമമാണെന്നിരിക്കേ തലസ്ഥാനമായ തിമ്പു മാത്രമാണ് ഭൂട്ടാനിലെ ഒരേയൊരു നഗരമെന്നു കാണാം. തിമ്പു കഴിഞ്ഞാല്‍ പിന്നെയെല്ലാം കാടുകളോ വളരെ കുറച്ചുപേര്‍ മാത്രം കഴിഞ്ഞുകൂടുന്ന അപരിഷ്‌കൃത ഗ്രാമങ്ങളോ ആണ്.

പാവോ ചോയ്നിങ് ദോര്‍ജി
പാവോ ചോയ്നിങ് ദോര്‍ജി

ലുനാന ഗ്രാമജീവിതം

തിമ്പുവിലെ നഗരസമ്പന്നതയില്‍ ജനിച്ചുവളര്‍ന്ന കഥാനായകനായ ഉജ്യന്‍ (ഷെറാബ് ദോര്‍ജി) മുത്തശ്ശിയോടും സുഹൃത്തുക്കളോടുമൊപ്പം സുഖമായി ജീവിക്കുകയാണെങ്കിലും അവനിഷ്ടം ഭൂട്ടാന്‍ ജീവിതമല്ല, വിദേശവാസമാണ്. ഭൂട്ടാന്റെ പരിമിതികളെപ്പറ്റി തികഞ്ഞ ബോധ്യമുള്ള ഉജ്യന്‍ തനിക്കു ഭാവിയില്‍ ജീവിക്കാനായി കണ്ടുവയ്ക്കുന്നത് ആസ്ട്രേലിയയാണ്. ആസ്ട്രേലിയയില്‍ ഗാനരചയിതാവും ഗായകനുമെന്ന നിലയില്‍ പേരെടുക്കാമെന്നും സുഖമായി ജീവിക്കാമെന്നുമാണ് ഉജ്യന്‍ സ്വപ്നം കാണുന്നത്. തിമ്പുവിലെ ഹോട്ടലുകളില്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി പാടിയും മുത്തശ്ശിക്കൊപ്പം എല്ലാവിധ നഗരസൗഭാഗ്യങ്ങളോടെ ജീവിക്കുകയും ചെയ്യുന്ന ഉജ്യന് നിര്‍ബ്ബന്ധിത അദ്ധ്യാപകവൃത്തി ഏറ്റെടുക്കേണ്ടിവരുന്നതാണ് കഥയിലെ ആദ്യ വഴിത്തിരിവ്. ബുദ്ധിസ്റ്റ് കര്‍മ്മത്തില്‍ മനമര്‍പ്പിക്കുന്ന ഭൂട്ടാന്‍ ജനതയെ സംബന്ധിച്ച് അവരുടെ എല്ലാമെല്ലാം രാജ്യത്തിന്റെ രാജാവും രാജ്യത്തിന്റെ നിയമങ്ങളുമാണ്. അദ്ധ്യാപകവൃത്തി ചെയ്യാനായി ഉജ്യനു ലഭിക്കുന്നത് തിമ്പുവില്‍നിന്നും ഏറ്റവും അകലെ കിടക്കുന്നതും ജനസംഖ്യ വളരെ കുറഞ്ഞതും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലാത്തതുമായ ലുനാന എന്ന ഗ്രാമമാണ്. ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം വേണമെന്ന രാജ്യനയമാണ് ഇത്രയും അകലെ കിടക്കുന്ന വിദ്യാലയത്തില്‍ അദ്ധ്യാപകനെ നിയമിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നത്. പോകാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന ഉജ്യനുമേല്‍ നിര്‍ബ്ബന്ധിത രാജ്യസേവനമെന്ന നിയമം അടിച്ചേല്‍പ്പിക്കപ്പെടുന്നു. പൗരന്റെ ഇച്ഛകള്‍ക്കുമേല്‍ രാജ്യം നടത്തുന്ന ഈ അധികാരത്തിനു മുന്നില്‍ ഉജ്യനു കീഴടങ്ങേണ്ടതായി വരുന്നു. ഉജ്യന്‍ തിമ്പു വിട്ട് ലുനാനയിലേയ്ക്കു പോകാന്‍ തയ്യാറെടുക്കുന്നു. 

ലുനാനയിലെ ഗ്രാമമുഖ്യന്‍ പുതിയ അധ്യാപകനെ വരവേല്‍ക്കുന്നതിനായി അവിടെ എല്ലാത്തരത്തിലുമുള്ള ഒരുക്കങ്ങള്‍ നടത്തി കാത്തിരിക്കുകയാണ്. തിമ്പുവില്‍നിന്നും തന്റെ സന്തതസഹചാരിയായ ഐപാഡുമായി ബസില്‍ കയറി ഗാസയിലെത്തുന്ന ഉജ്യനെ കാത്തിരിക്കുന്നത് ലുനാനയിലെ ഗ്രാമമുഖ്യന്‍ അയച്ചുകൊടുത്തിട്ടുള്ള രണ്ട് യുവ വഴികാട്ടികളാണ്. മൈക്കനും (ഉജ്യന്‍ നോര്‍ബു ഷെന്‍ഡപ്) സിങ്ജ്യേ (ഷെറിങ് ദോര്‍ജി) യും ഉജ്യനെ സ്വീകരിച്ച് ലുനാനയിലേയ്ക്കു പോകുന്നു. ഗാസയില്‍നിന്നുമുള്ള യാത്ര കൊടുങ്കാട്ടിലൂടെയും നദീതീരത്തിലൂടെയും മലകള്‍ കയറിയിറങ്ങിയുമാണ്. വഴിയില്‍ മൂന്നുപേര്‍ മാത്രം ജനവാസമുള്ള ഒരിടത്താവളത്തില്‍ അവര്‍ ഒരു രാത്രി വിശ്രമിക്കുന്നു. അല്ലാത്തപ്പോള്‍ കൂടാരമടിച്ച് നദീതീരത്തും. രണ്ടു കുതിരകളാണ് അവരുടെ ഭാരം ചുമക്കുന്നത്. 

തിമ്പുവിലെ കടയില്‍നിന്നും പെണ്‍സുഹൃത്തിന്റെ നിര്‍ദ്ദേശത്തോടെ മഴയിലും വെള്ളത്തിലും ഉപയോഗിക്കാമെന്നു കരുതി വാങ്ങുന്ന ഷൂ ആ ട്രെക്കിങ്ങിനിടയില്‍ ഉജ്യനു പ്രയോജനരഹിതമായിത്തീരുന്നു. എല്ലാ യാത്രാദുരിതങ്ങളിലും ഉജ്യനു തുണയാകുന്നത് ഫോണും അതിലൂടെ കേള്‍ക്കുന്ന അവന്റെ പ്രിയപ്പെട്ട സംഗീതവുമാണ്. അവന്‍ പലപ്പോഴും തികച്ചും ഗ്രാമീണരായ വഴികാട്ടികളെപ്പോലും നിസ്സംഗമായി അവഗണിക്കുന്നുണ്ട്. ലുനാനക്ക എന്ന ഗ്രാമ്യഭാഷ സംസാരിക്കുന്ന ലുനാനയില്‍ എത്തിച്ചേരുമ്പോഴാകട്ടെ, നിരാശകളുടെ ഒരു കൂട്ടമാണ് ഉജ്യനെ കാത്തിരിക്കുന്നത്. പള്ളിക്കൂടമെന്നു പറയപ്പെടുന്നത് മേല്‍ക്കൂരയും ചുമരുകളും മാത്രമുള്ള ഒരു കെട്ടിടമാണ്. അവനു താമസിക്കാന്‍ കൊടുക്കുന്ന മുറിയാകട്ടെ, തൊഴുത്തുപോലെ വൃത്തികെട്ടതും പ്രാഥമിക സൗകര്യങ്ങളില്ലാത്തതും. 

ആദ്യ ദര്‍ശനത്തില്‍ത്തന്നെ സര്‍വ്വവും മടുത്ത ഉജ്യന്‍ യാതൊരു മടിയുമില്ലാതെ ഗ്രാമമുഖ്യനോട് തനിക്കിവിടെ തീരെ പിടിച്ചില്ലെന്നും സന്തോഷത്തോടെ ജീവിക്കാനാവില്ലെന്നും എത്രയും വേഗം മടങ്ങി തിമ്പുവിലെത്തണമെന്നും അവിടെനിന്നും വിസ ശരിയാകുന്നതോടെ ആസ്ട്രേലിയയ്ക്ക് പറക്കണമെന്നും പറയുന്നു. നിരാശനായ ഗ്രാമമുഖ്യന്‍ അവന്റെ ജീവിതപശ്ചാത്തലം മനസ്സിലാക്കിക്കൊണ്ടുതന്നെ പ്രായോഗികമായ ഒരു ബുദ്ധിമുട്ട് പറയുന്നു. അത് ഒരാഴ്ചയോളമെടുക്കുന്ന മലയിറക്കത്തിന് ഉടനെ വഴികാട്ടികള്‍ക്കു പ്രയാസമുണ്ടെന്നും അവരുടെ ക്ഷീണം മാറിയാല്‍ ഉടനെ തിരിച്ചുവിടാമെന്നും അതുവരെ സഹിക്കണമെന്നുമാണ്. അതിനകം ബാറ്ററി നിലച്ചു പ്രവര്‍ത്തനരഹിതമായ ഫോണ്‍ മാറ്റിവച്ചു തല്‍ക്കാലത്തേയ്ക്ക് അവിടെ തുടരാന്‍ ഉജ്യന്‍ തീരുമാനിക്കുന്നു. മുടങ്ങി മുടങ്ങി ശരിയാകുന്ന സോളാര്‍ പവര്‍ ഉപയോഗിച്ചാണ് ലുനാനയിലെ ജനങ്ങള്‍ അല്പമെങ്കിലും ആധുനികമാവുന്നത്. 

ഹിമാലയനിരകളുടെ മനോഹരമായ പശ്ചാത്തലത്തില്‍ കഴിഞ്ഞുകൂടുന്ന ജനതയോടൊപ്പം അവിടുത്തെ പരിമിതികളില്‍ ഉജ്യന്‍ കുറച്ചു ദിവസങ്ങള്‍ ജീവിക്കാന്‍ തീരുമാനിച്ചു. എന്നെങ്കിലും ചാര്‍ജ്ജ് ചെയ്യപ്പെട്ടേക്കുമെന്നു കരുതി സോളാര്‍ പവ്വര്‍ ചാര്‍ജ്ജറില്‍ ഫോണ്‍ കുത്തി വയ്ക്കുന്നുണ്ടെങ്കിലും അതൊരു വ്യാമോഹം മാത്രമാണെന്നു മനസ്സിലാക്കുന്ന ഉജ്യന്‍ പള്ളിക്കൂടത്തിനോട് ചേര്‍ന്ന മുറിയില്‍ കിടന്നുറങ്ങുന്നു. തണുപ്പടിച്ചു കയറുന്ന ആ മുറിയില്‍ കടലാസ്സൊട്ടിച്ച ജനാലകളാണുള്ളത്. കിടക്കാന്‍ കിടക്കയോ ഉപയോഗിക്കാന്‍ നല്ല അടുക്കളയോ ഇല്ല. 

ഉറങ്ങിപ്പോയ ഉജ്യനെ പിറ്റേന്ന് ഒന്‍പത് മണിക്ക് വിളിച്ചുണര്‍ത്തുന്നത് ക്ലാസ്സ് ലീഡറായ പെണ്‍കുട്ടി പേം സാം ആണ്. എട്ടരയ്ക്ക് സാധാരണ ക്ലാസ്സ് തുടങ്ങാറുണ്ടെന്നും സമയമിപ്പോള്‍ ഒന്‍പതായെന്നും മാസ്റ്ററെ കാണാഞ്ഞിട്ട് താന്‍ തേടിവന്നതാണെന്നും മിടുക്കിയായ പേം സാം അറിയിക്കുന്നു. തന്റെ നിവൃത്തികേട് തിരിച്ചറിഞ്ഞ ഉജ്യന്‍ ക്ലാസ്സില്‍ പോകാന്‍ തയ്യാറാകുന്നു. കുട്ടികള്‍ക്കു പഠിക്കാന്‍ വേണ്ടത്ര പാഠപുസ്തകങ്ങളോ എഴുതാന്‍ കടലാസോ പേനകളോ ഇല്ലാത്ത പള്ളിക്കൂടത്തില്‍ ഉപയോഗിക്കാന്‍ ബ്ലാക് ബോര്‍ഡുപോലുമില്ല. ആദ്യ ദിവസം കുട്ടികളുടെ പേര് ചോദിച്ചു പരിചയപ്പെടുന്ന ഉജ്യന്‍ അവരോട് ആരായിത്തീരണമെന്നു ചോദിക്കുമ്പോള്‍ അതിലൊരുവന്‍ തനിക്ക് ഉജ്യനെപ്പോലെ ഒരു അദ്ധ്യാപകനാകണമെന്നു പറയുന്നു. ഭാവിയെ കീഴടക്കാന്‍ അദ്ധ്യാപകനു മാത്രമേ കഴിയൂ എന്നവന്‍ ഉജ്യനെ ഉദ്ബോധിപ്പിക്കുന്നു. ഉജ്യനെ തന്റെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഉണര്‍ത്തുന്നത് ഈ പ്രബോധനമാണെന്നു കാണാം. ചുമരില്‍ കരിക്കട്ടയുപയോഗിച്ച് എഴുതിയാണ് ഉജ്യന്‍ കുട്ടികളെ പഠിപ്പിച്ചു തുടങ്ങുന്നത്. 

മെല്ലെ മെല്ലെ ലുനാനയിലെ കുട്ടികളോടും അവിടുത്തെ ജീവിതത്തോടും ഉജ്യന്‍ ഇണങ്ങുന്നു. വിറകടുപ്പ് കത്തിക്കാന്‍ അറിയാത്ത ഉജ്യനെ യാക്കിന്റെ ഉണങ്ങിയ ചാണകം ഉപയോഗിച്ചാണ് ഗ്രാമീണര്‍ തീ പിടിപ്പിക്കുന്നതെന്നു പഠിപ്പിക്കുന്ന മൈക്കന്‍ നഗരജീവികള്‍ക്കു പരിചിതമല്ലാത്ത പുതിയ പുതിയ അറിവുകള്‍ പഠിപ്പിക്കുന്നു. ഉജ്യന്‍ അദ്ധ്യാപകനും അതേസമയം വിദ്യാര്‍ത്ഥിയുമായി മാറുന്നത് അതിജീവനത്തിനു വേണ്ടിയാണ്. പിറ്റേദിവസം യാക്കിന്റെ ചാണകം ശേഖരിക്കാന്‍ മല കയറുന്ന ഉജ്യന്‍ അവിടെവച്ച് ആട്ടിടയയായ സാല്‍ഡനെ (ഖെല്‍ദന്‍ ലാമോ ഗുരുങ്) കണ്ടുമുട്ടുന്നത് മറ്റൊരു വഴിത്തിരിവ്. ഗ്രാമത്തിലെ നാടോടിഗാനം പാടി ഉയര്‍ന്ന മലനിരകളെ നോക്കിയിരിക്കുന്ന സുന്ദരിയായ സാല്‍ഡന്‍ ലുനാനയിലെ ജീവിതത്തിന്റെ അടിസ്ഥാനമെന്നു പറയാവുന്ന നിശ്ചലതയെപ്പറ്റി ഉജ്യനെ ബോധവാനാക്കുന്നു. അവര്‍ക്കിടയില്‍ ഉണ്ടാകുന്ന മൈത്രി വളരുമ്പോള്‍ ഉജ്യനു ചാണകം കിട്ടാനുള്ള സൗകര്യത്തിനായി ഒരു യാക്കിനെ പള്ളിക്കൂടത്തില്‍ താമസിപ്പിക്കാന്‍ സാല്‍ഡന്‍ നല്‍കുന്നു. പിന്നീടുള്ള ക്ലാസ്സുകള്‍ നടക്കുന്നത് ഈ യാക്കിന്റെ സാന്നിദ്ധ്യത്തിലാണ്. കുട്ടികളെ പഠിപ്പിക്കാനായി ബ്ലാക് ബോര്‍ഡ് ഉണ്ടാക്കാനും ചോക്ക് ഉണ്ടാക്കാനും ഉജ്യനെ മൈക്കന്‍ സഹായിക്കുന്നു. മാത്രമല്ല, പേം സാമിന്റെ കുടിയനായ അച്ഛനെ ഉപേക്ഷിച്ച് അവളുടെ അമ്മ പോയതും പ്രായമായ മുത്തശ്ശിയോടൊപ്പമാണ് പേം സാം കഴിയുന്നതെന്നുമുള്ള ഗ്രാമജീവിത യാഥാര്‍ത്ഥ്യങ്ങളും പരിചയപ്പെടുത്തുന്നു. ഇത്തരം ദുരിതങ്ങള്‍ക്കിടയിലും അതീവ സന്തോഷവതിയായി ജീവിക്കുന്ന പേം സാമാണ് ഉജ്യനെ ആന്തരികമായി പരിവര്‍ത്തനപ്പെടുത്തുന്ന പ്രധാന കഥാപാത്രം. 

ഗ്രാമീണതയും നാഗരികതയും

പാട്ടിനോടിഷ്ടമുള്ള ഉജ്യന്‍ ലുനാനയിലെ പാട്ടുകള്‍ പഠിക്കാനായി സാല്‍ഡനെ കൂട്ടുപിടിക്കുന്നു. തിമ്പുവില്‍ ഭാഷയില്‍നിന്നും അകല്‍ച്ചയുള്ള ഗ്രാമഭാഷയിലെ നാടോടിഗാനം കഷ്ടപ്പെട്ട് ഉജ്യന്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നു. എഴുതാന്‍ കടലാസ്സില്ലാത്ത സാഹചര്യത്തില്‍ കൂടെക്കൊണ്ടുനടക്കുന്ന ആസ്ട്രേലിയയെ സംബന്ധിച്ച ലീഫ്ലെറ്റിന്റെ അക്ഷരങ്ങളില്ലാത്ത ഭാഗങ്ങളിലാണ് ഉജ്യന്‍ പാട്ടെഴുതിയെടുക്കുന്നത്. ഈ ലീഫ്ലെറ്റുപോലും സിനിമയിലെ നിശ്ശബ്ദനായ ഒരു കഥാപാത്രമാകുന്നുണ്ട്. ഇതിനിടയില്‍ ക്ഷീണം മാറിയ വഴികാട്ടികളോടൊപ്പം തിരിച്ചുപോകാന്‍ ഉജ്യനെ ഗ്രാമമുഖ്യന്‍ അനുവദിക്കുന്നുണ്ടെങ്കിലും  അവനതിനു തയ്യാറാകുന്നില്ല. 

തിമ്പുവിലെ ഉജ്യന്റെ സുഹൃത്തുക്കള്‍ കൊടുത്തയക്കുന്ന പൊതികളും ഏറ്റുവാങ്ങിയാണ് അടുത്ത തവണ ഗാസയില്‍ പോയി വരുന്ന മൈക്കന്‍ എത്തുന്നത്. ലുനാനയിലെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളാണ് പൊതികളില്‍. അങ്ങനെ ആദ്യമായി ബ്രഷും പേസ്റ്റും ഉപയോഗിച്ച് ലുനാനയിലെ കുട്ടികള്‍ പല്ല് വൃത്തിയാക്കുന്നു. അവര്‍ക്കു കളിക്കാന്‍ പുതിയ പന്ത് കിട്ടുന്നു. അതിലെല്ലാം ഉപരിയായി ഉജ്യനു ലഭിക്കുന്നത് അവന്റെ സഹചാരിയായിരുന്ന ഗിറ്റാറാണ്. ഒപ്പം ആസ്ട്രേലിയയ്ക്കു പോകാനുള്ള അംഗീകാരപത്രവും. പക്ഷേ, ലുനാനയ്ക്കും ആസ്ട്രേലിയയ്ക്കും ഇടയിലായി മനസ്സുടക്കുന്ന ഉജ്യന്‍ തന്റെ കാലാവധി പൂര്‍ത്തീകരിക്കാനായി ലുനാനയില്‍ തുടരുന്നു. ലുനാനയിലെ കുട്ടികള്‍ക്ക് ഗിറ്റാറുപയോഗിച്ച് പുതിയ പാട്ടുകള്‍ പഠിപ്പിച്ചും കണക്കും ഇംഗ്ലീഷും പഠിപ്പിച്ചും ഉജ്യന്‍ അവരുടെ പ്രിയപ്പെട്ടവനാകുന്നു. ഒരിക്കല്‍ കുട്ടികള്‍ക്ക് എഴുതാന്‍ കൊടുക്കാന്‍ കടലാസ്സില്ലാതാവുമ്പോള്‍ തന്റെ മുറിയില്‍ തണുത്ത കാറ്റടിക്കാതിരിക്കാന്‍ ഒട്ടിച്ച കടലാസ് കീറിയെടുത്താണ് ഉജ്യന്‍ നല്‍കുന്നത്. 

അടുത്ത മഞ്ഞുകാലം വരാറാവുന്നതോടെ ഉജ്യന്റെ കാലാവധി പൂര്‍ത്തിയാകുകയാണ്. ലുനാന വിട്ട് ഉജ്യനു പോയേ തീരൂ എന്നാവുന്നു. പേം സാമിനേയും സാല്‍ഡനേയും പിരിയേണ്ടിവരുന്നതില്‍ വളരെയധികം മന:പ്രയാസം അനുഭവിക്കുന്ന ഉജ്യന്‍ ലുനാന വിടാനുള്ള മടി ഗ്രാമമുഖ്യനെ അറിയിക്കുന്നു. പക്ഷേ, മഞ്ഞുകാലമായാല്‍ ഗാസയിലേക്കുള്ള യാത്ര മാസങ്ങള്‍ കഴിഞ്ഞാലേ പുനരാരംഭിക്കാനാവൂ എന്നും അതിനാല്‍ നഗരവാസിയായ ഉജ്യന്‍ തിരിച്ചുപോയേ പറ്റൂ എന്നും ഗ്രാമമുഖ്യന്‍ അറിയിക്കുന്നു. എല്ലാവരോടും യാത്ര പറഞ്ഞ്, സാല്‍ഡനോടും വിട ചൊല്ലി ഉജ്യന്‍ തിരികെ പോകാന്‍ തയ്യാറെടുപ്പ് തുടങ്ങി. അപ്പോളേക്കും അവന്റെ ഫോണും ഉപയോഗിക്കാന്‍ സജ്ജമായി. ഉജ്യന്‍ ക്ലാസ്സ് മുറിയില്‍നിന്നും യാക്കിനെ അഴിച്ചു പുറത്തു കെട്ടുന്ന രംഗം ഏറെ കാവ്യാത്മകമാണ്. വന്നപ്പോഴുള്ള ഉജ്യനായിട്ടല്ല ശേഷം തിരിച്ച് അവന്‍ മലയിറങ്ങുന്നത്. ലുനാനയിലെ ജനതയുടെ പ്രാദേശിക ചര്യകളോടും വിശ്വാസങ്ങളോടും ഇണങ്ങിക്കഴിഞ്ഞ ഒരുവനായിട്ടാണ്.
 
അങ്ങയെപ്പോലുള്ള ഒരു മാസ്റ്ററെ തങ്ങള്‍ക്ക് ഇനിയൊരിക്കലും ലഭിക്കുകയില്ലെന്ന് പേം സാം പറയുന്നുണ്ട്. മാത്രമല്ല, സ്വന്തം കിടപ്പുമുറിയിലെ കടലാസുമറ കീറിയാണ് തങ്ങള്‍ക്ക് എഴുതാന്‍ തന്നിരുന്നതെന്നു തനിക്കറിയാമെന്നും ആ മിടുക്കി പറയുന്നു. ഗ്രാമമുഖ്യനും അവനെ വേണ്ടവിധം തിരിച്ചറിഞ്ഞാണ് യാത്രയയപ്പുവേളയില്‍ സംസാരിക്കുന്നത്. മഞ്ഞുകാലം കഴിഞ്ഞാല്‍ പുതിയ അദ്ധ്യാപകനെ സര്‍ക്കാര്‍ നിയോഗിക്കും. ഒരാള്‍ വരികയും ചെയ്യും. കാരണമത് നിര്‍ബ്ബന്ധിത സേവനമാണ്. എന്നാല്‍, ഉജ്യനെപ്പോലെ ഒരാള്‍ ഇനി വരില്ല. ഗ്രാമമുഖ്യന്‍ പറഞ്ഞു. അതുതന്നെ മൈക്കനും വ്യക്തമാക്കി. പക്ഷേ, അവര്‍ക്കിടയില്‍ വേര്‍പാട് അനിവാര്യമാകുന്നു. എത്രയോ ലളിതമായാണ് ഈ തത്വചിന്ത സിനിമയില്‍ പ്രതിഷ്ഠിതമാകുന്നതെന്നു  നോക്കൂ. 

ആസ്ട്രേലിയയിലെ സിഡ്നിയില്‍ എത്തിച്ചേരുന്ന ഉജ്യന്‍ അവിടെയൊരു റെസ്റ്റോറന്റില്‍ ഗായകനായി ജോലി നേടിയെങ്കിലും അവന്റെ ഹൃദയം പാടുന്നത് കേള്‍ക്കാന്‍ അവിടെയാരുമുണ്ടാകുന്നില്ല. ആഘോഷിച്ചു ജീവിക്കുന്ന തിരക്കുപിടിച്ച പുത്തന്‍ നാഗരികതയില്‍ തനിക്കു നഷ്ടപ്പെട്ടതെന്താണെന്ന് ഉജ്യനു മനസ്സിലാകുന്നു. മലകളെ നോക്കി നിതാന്തമായി പാടിയിരുന്ന സാല്‍ഡന്‍ ആ പാട്ടുകളിലൂടെ തനിക്കു പകര്‍ന്നുതന്ന ജീവിതത്തെ സംബന്ധിച്ച സാരാംശമെന്തെന്ന് ഉജ്യന്‍ തിരിച്ചറിയുന്നു. സ്വരാജ്യത്തെ വിദൂരമായ മലയില്‍ വച്ച് സാല്‍ഡന്‍ പഠിപ്പിച്ച പാട്ട് നിറകണ്ണുകളോടെ സിഡ്നിയിലിരുന്ന് ഉജ്യന്‍ പാടുന്നിടത്ത് സിനിമ അവസാനിക്കുന്നു. 

ഉജ്യനും ഒ.വി. വിജയനും

വളരെ ചെറിയ സിനിമയാണ് 'ലുനാന-എ യാക്ക് ഇന്‍ ദി ക്ലാസ് റൂം.' അതേസമയം അതു ഗര്‍ഭത്തില്‍ വഹിക്കുന്നതാകട്ടെ, ജീവിതത്തിന്റെ മായികതയെ സംബന്ധിച്ച വലിയ തിരിച്ചറിവുകളും. ഏറെക്കുറെ പരിചിതമായ ഈ കഥാസാഹചര്യത്തെ പാവോ ചൊയ്നിങ് ദോര്‍ജി ദൃശ്യവല്‍ക്കരിക്കുന്നതും അതീവ ലളിതമായിട്ടാണ്. പ്രവചനാത്മകമായിട്ടാണ് കഥ നീങ്ങുന്നതെങ്കിലും അതൊരിടത്തും ഒരിക്കല്‍പ്പോലും നമ്മളെ മടുപ്പിക്കുന്നില്ല എന്നിടത്ത് സംവിധായകന്‍ തന്റെ പ്രതിഭയുടെ മാറ്റ് കാണിക്കുന്നു. കഥയെ മുന്നോട്ടുന്തുന്നതിനായി ഒരുവേളയിലും അനാവശ്യമായ സംഘര്‍ഷം കഥയുടെ വഴിത്തിരിവുകളിലുണ്ടാക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുമില്ല. പ്രവചനാത്മകമെന്നു കഥയെ വിലയിരുത്തുമ്പോള്‍ത്തന്നെ അതു സാമ്പ്രദായികമായ മുന്‍വിധികളെ താലോലിക്കുന്നില്ലെന്നും കാണാം. 

വ്യക്തിബന്ധങ്ങളുടെ വിശദീകരണത്തിലൂടെ ജീവിതത്തെ സംബന്ധിച്ച സങ്കീര്‍ണ്ണതകളേയും അതിനെ നിര്‍മ്മമമായി ചുറ്റിപ്പൊതിയുന്ന വേദനകളെ മറികടക്കാന്‍ തന്റെ കര്‍മ്മത്തെ നിസ്സംഗമായി കൂട്ടുപിടിക്കുന്ന സാധാരണ മനുഷ്യരുടെ അവസ്ഥയേയും കാണിച്ചുതരികയാണ് പാവോ ചൊയ്നിങ് ദോര്‍ജി. ഇതൊരു കലാവിജയമാണ്. ഉദാഹരണത്തിനു ഭാര്യയെ നഷ്ടപ്പെട്ട് ഏക മകളോടൊപ്പം താമസിക്കുന്ന ഗ്രാമമുഖ്യനും മദ്യപാനിയായി പകലന്തിയോളം പെരുവഴിയില്‍ കിടക്കുന്ന പിതാവിന്റെ പുത്രിയായ പേം സാമും തന്റെ യൗവ്വനത്തിനു യഥാര്‍ത്ഥത്തിലുള്ളതും അര്‍ഹിക്കുന്നതുമായ അംഗീകാരം ഒരിക്കലും ലഭിക്കുകയില്ലെന്നു തിരിച്ചറിഞ്ഞ് ജീവിക്കുന്ന സാല്‍ഡനും ഈ കഥയിലെ വലിയ കഥാപാത്രങ്ങളാണ്. പക്ഷേ, ഗ്രാമവാസികളായ അവരാരും താന്താങ്ങളുടെ താളം വിട്ട് മറ്റൊന്നിലേയ്ക്കു മാറാന്‍ ആഗ്രഹിക്കുന്നില്ല. മാറ്റം ആഗ്രഹിക്കുന്നത് വിദ്യാഭ്യാസവും ലോകബോധവുമുള്ള നാഗരികനാണ്. തിരക്കഥയില്‍ ഇത്തരം വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞ രചനാചാതുര്യമാണ് സിനിമയെ ഇത്രത്തോളം ആഴമേറിയതാക്കുന്നത്. 

ലുനാന- എ യാക്ക് ഇന്‍ ദ ക്ലാസ് റൂം
ലുനാന- എ യാക്ക് ഇന്‍ ദ ക്ലാസ് റൂം

അയല്‍രാജ്യമായ ഇന്ത്യയിലെ വാണിജ്യ ഹിന്ദി സിനിമകളുടേയും ടെലിവിഷന്‍ പരമ്പരകളുടേയും സ്വാധീനത്തില്‍ ആകൃഷ്ടരായ ജനതയായിട്ടാണ് എനിക്ക് ഭൂട്ടാനികളെ മനസ്സിലായിട്ടുള്ളത്. ഭൂട്ടാനില്‍ ചെന്ന സമയത്ത് കണ്ടിട്ടുള്ള സിനിമകളും വളരെ മോശം അഭിപ്രായം മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. കലാപരമായും സാങ്കേതികമായും ദുര്‍ബ്ബലമായ അത്തരം സിനിമകള്‍ക്കിടയിലെ വേറിട്ട സംവിധാനയകനാണ് പാവോ ചൊയ്നിങ് ദോര്‍ജി. ലുനാന- യാക്ക് ഇന്‍ ദി ക്ലാസ്സ് റൂമില്‍ മിതത്വത്തോടെ ഉപയോഗിച്ചിട്ടുള്ള സംഗീതവും ഭൂട്ടാന്‍ സിനിമയില്‍ പ്രതീക്ഷിക്കാന്‍ കഴിയുന്നതിനു മുകളിലായി നില്‍ക്കുന്ന ഛായാഗ്രഹണവും അഭിനേതാക്കളുമാണ് ഈ സിനിമയെ സമ്പന്നമാക്കുന്നത്. ലുനാനയിലെ അഭിനയപരിചയമില്ലാത്ത തികച്ചും ഗ്രാമീണവാസികളാണ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളതാണെന്നതാണ് മറ്റൊരു പ്രത്യേകത. പേം സാമിനെ അവതരിപ്പിച്ച കുട്ടിയുടെ യഥാര്‍ത്ഥ ജീവിതവും സിനിമയില്‍ പറയുന്നതുപോലെ ആണത്രേ. ആദ്യമായി അഭിനയിക്കുകയാണെന്ന യാതൊരു പരിചയക്കേടുമില്ലാതെ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങളെ ഈ സിനിമയില്‍ മികച്ചതാക്കിയിരിക്കുന്നു. ഷെറാബ് ദോര്‍ജി, പേം സാമിനെ അവതരിപ്പിച്ച പെണ്‍കുട്ടി, ഗ്രാമമുഖ്യനെ അവതരിപ്പിച്ച മനുഷ്യന്‍, സാല്‍ഡനെ അവിസ്മരണീയയാക്കിയ ഖെല്‍ദന്‍, മൈക്കനു ജീവന്‍ പകര്‍ന്ന ഉജ്യന്‍ നോര്‍ബു എന്നിങ്ങനെ ഈ സിനിമയിലെ പല അഭിനേതാക്കളേയും പടം കഴിയുമ്പോള്‍ പ്രേക്ഷകനു മറക്കാന്‍ സാധിക്കുകയില്ല. സാധാരണ മനുഷ്യരെ തന്റെ കഥാപാത്രങ്ങളാക്കി ഇണക്കിയെടുക്കുന്നതില്‍ വിജയിക്കുന്ന സംവിധായകനു മറ്റെന്തും, ടെക്നോളജിയുടെ പരിമിതികള്‍ ഉള്‍പ്പെടെ വിധേയപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം. ചിത്രീകരണ സഹായത്തിന് ഉതകുന്നതൊന്നും ലഭ്യമല്ലാത്ത ലുനാനയിലെ ഷൂട്ടിംഗും ഏറെ ശ്രമകരമായിരുന്നിരിക്കാമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനെയെല്ലാം കുറ്റമറ്റ രീതിയില്‍ മറികടക്കാന്‍ സാധിച്ചിടത്താണ് പാവോ ചൊയ്നിങ് ദോര്‍ജിയുടെ കലാപാടവം കുടികൊള്ളുന്നത്. കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തില്‍ സിനിമ അവതരിപ്പിച്ച് സംസാരിക്കുമ്പോള്‍ സംവിധായകന്‍ ഇക്കാര്യങ്ങളെക്കുറിച്ച് ചിലതെല്ലാം സൂചിപ്പിക്കുകയുണ്ടായി. 

ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് കേരളത്തിലെ ഇടമലക്കുടിയിലേയും വയനാട്ടിലേയും അട്ടപ്പാടിയിലേയും പ്രാഥമിക വിദ്യാലയങ്ങളേയും ഏകാദ്ധ്യാപക വിദ്യാലയങ്ങളേയും ഓര്‍മ്മ വന്നിരുന്നു. ലുനാന പോലെ ഒരു റിമോട്ട് വില്ലേജ് ഇന്ന് കേരളത്തിലുണ്ടോ എന്നത് സംശയമാണ്. ഉണ്ടെങ്കില്‍ത്തന്നെ ഇത്രത്തോളം പ്രാഥമിക സൗകര്യങ്ങളുടെ അഭാവം അവിടങ്ങളിലുണ്ടോ എന്ന കാര്യവും. ലുനാനയിലെ ഏകാധ്യാപക വിദ്യാലയത്തിലെത്തുന്ന ഉജ്യന് ആ ഒരേയൊരു കാര്യത്തില്‍ മാത്രം പൂര്‍വ്വമാതൃകയുണ്ട് മലയാള സാഹിത്യത്തില്‍. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയാണത്. രവിയും ഉജ്യനുമായി അതല്ലാതെ മറ്റൊരു സാമ്യവും ഇതിലില്ലെങ്കിലും. അതേസമയം ഇത്രത്തോളമല്ലെങ്കിലും വിദ്യ പകരാനായി ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഉള്‍നാടുകളില്‍ കഷ്ടപ്പെടുന്ന അദ്ധ്യാപകരെ സംബന്ധിച്ചു പലപ്പോഴായി ആനുകാലികങ്ങളില്‍ വായിച്ചിട്ടുള്ള റിപ്പോര്‍ട്ടുകളും ഓര്‍മ്മവന്നു. അറിയപ്പെടാത്ത ഇത്തരം കഷ്ടതകളിലേക്ക് ക്യാമറയുമായി കടന്നുചെല്ലാനുള്ള ശ്രമമാണ് ഒരു കലാകാരനെ വേറിട്ടതാക്കുന്നത്. അതുകൊണ്ടുതന്നെ ലുനാന-യാക്ക് ഇന്‍ ദ ക്ലാസ്സ് റൂം പലപ്പോഴും വിദൂരമായി ഡോക്യുമെന്ററി സിനിമയുടെ ഗതിയേയും ഓര്‍മ്മിപ്പിക്കും. നല്ലൊരു കലാനുഭവത്തെ സംബന്ധിച്ച് അത്തരത്തിലുള്ള തരംതിരിവിനു പ്രസക്തിയില്ലെങ്കിലും. 

ഈ സിനിമ നല്‍കിയ പാഠം സിനിമയുടെ നിര്‍മ്മാണത്തിനും കഥാസ്വീകരണത്തിനും വലുപ്പങ്ങളുടെ ആവശ്യമില്ല എന്നതാണ്. സമ്പത്തല്ല നല്ല സിനിമയുടെ പിറവിയുടെ പിന്നിലെ ചോദനയെന്നും അതു പ്രതിഭയും മാനുഷികതയോടുള്ള കറകളഞ്ഞ സമീപനവും സമ്മാനിക്കുന്നതാണെന്നും ഈ സിനിമ അടിവരയിടുന്നു. അതല്ലെങ്കില്‍ മറ്റെന്താണ് മികച്ച ലോകസിനിമകള്‍ പ്രേക്ഷകനു നല്‍കിയിട്ടുള്ളത്? 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com