പേരന്‍പ്: അത്രമേല്‍ ലഹരിയോടും ലാവണ്യാത്മകതയോടും കൂടി

മനുഷ്യനും പ്രകൃതിയും അടിമുടി മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സംജ്ഞകളാണ്. അവസ്ഥാ വ്യതിയാനത്തിന്റെ നൈരന്തര്യങ്ങളിലൂടെ അപഥസഞ്ചാരം നടത്തുന്ന അവയുടെ സ്ഥായീഭാവമളക്കല്‍ ശ്രമകരവുമാണ്.
പേരന്‍പ്: അത്രമേല്‍ ലഹരിയോടും ലാവണ്യാത്മകതയോടും കൂടി

Two road diverged in a wood, and I
I took the one less travelled?
And that has made all the difference.'
                 -Robert Frost

നുഷ്യനും പ്രകൃതിയും അടിമുടി മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സംജ്ഞകളാണ്. അവസ്ഥാ വ്യതിയാനത്തിന്റെ നൈരന്തര്യങ്ങളിലൂടെ അപഥസഞ്ചാരം നടത്തുന്ന അവയുടെ സ്ഥായീഭാവമളക്കല്‍ ശ്രമകരവുമാണ്. വൈകാരിക സംഘര്‍ഷങ്ങളുടെ നിമ്നോന്നതികളിലൂടെ തേരുരുള്‍ പായിച്ച് ഏതിരുള്‍ക്കുഴിമേലുരുണ്ടാലും ജൈവികതയെ   വിടാതെ പിടികൂടുമെന്ന (ഇടശ്ശേരി) ആലോചനയാണ് ഇരു പ്രതിഭാസങ്ങളുടേയും കൊടിയടയാളം. വെറുപ്പില്‍ തുടങ്ങി അലിവില്‍ ഒടുങ്ങുന്ന ആഖ്യാന സ്വഭാവമുള്ള മനുഷ്യപ്രകൃതിയുടെ ആഴമളക്കുകയും അമ്പരപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുകയാണ് സംവിധായകന്‍ റാം 'പേരന്‍പ്' എന്ന തമിഴ് സിനിമയിലൂടെ. ബന്ധങ്ങളുടെ തീവ്രതയെ വാറ്റി പാകപ്പെടുത്തി അത്രമേല്‍ ലഹരിയോടും ലാവണ്യാത്മകതയോടും കൂടി ആവിഷ്‌കരിച്ചിരിക്കുകയാണ്.
ഉപരിതലത്തില്‍ ശാന്തമായും അധോതലത്തില്‍ അത്യഗാധമായ അടിയൊഴുക്കോടേയും പ്രവചനാതീതമായും പിടിതരാതേയും തിരയെന്നോ നുരയെന്നോ തിട്ടപ്പെടുത്താനാകാത്ത നദിയാഴങ്ങളും സാഗരഗരിമയും ഉള്‍ച്ചേര്‍ന്ന തിരക്കഥയാണ് പേരന്‍പിന്റേത്. പ്രകൃതിയുടെ നാനാത്വത്തില്‍ ജീവിതത്തിന്റെ ഏകത്വം വിഭാവനം ചെയ്യുന്ന 12  ഖണ്ഡങ്ങളിലായാണ് കഥ പറയുന്നത്. നായകനായ അമുദവനാണ് (മമ്മൂട്ടി) ആഖ്യാതാവ്. ''എന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങള്‍ ഞാനിവിടെ പകര്‍ത്തുകയാണ്. നിങ്ങളുടേത് എത്രമേല്‍ അനുഗ്രഹീതമായ ജീവിതമാണെന്ന് നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഞാനിതെഴുതുന്നത്'' എന്ന ആമുഖത്തോടെ സിനിമ തുടങ്ങുന്നു. ഒരു ദശകക്കാലത്തെ പ്രവാസജീവിതത്തിനു ശേഷമാണ് അമുദവന്‍ നാട്ടിലെത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന രോഗം ബാധിച്ച പതിന്നാലുകാരിയായ മകള്‍ പാപ്പയെ (സാധന) ഉപേക്ഷിച്ച്, ഒരു കത്തുമെഴുതിവെച്ച് അയാളുടെ ഭാര്യ ആ സമയം മറ്റൊരാള്‍ക്കൊപ്പം നാടുവിട്ടിരുന്നു. കുട്ടിയുമായോ അവളുടെ മാറാവ്യാധിയുമായോ അയാള്‍ക്ക് അന്നേരം വരെ പുലബന്ധമുണ്ടായിരുന്നില്ല. അപ്പോള്‍ മുതല്‍ പാപ്പയെക്കാള്‍ നിസ്സഹായനും നിരാലംബനുമായി മാറുകയാണ് അമുദവന്‍. പാപ്പയുടെ ബഹളത്തില്‍ ഭയന്നും ജന്മസിദ്ധമായ രോഗം പകരുമെന്ന ഭീതിയാലും കഴിഞ്ഞുകൂടുന്ന പരിസര ജീവിതം വേഗത്തില്‍ ഉപേക്ഷിക്കേണ്ടി വരുന്ന അമുദവന്‍ മനുഷ്യനില്ലാത്തതും പക്ഷികള്‍ ചാകാത്തതുമായ ഒരിടമന്വേഷിച്ച് പോകുകയാണ്. 

പൊയ്കയ്ക്ക് കുറുകെ കാട്ടില്‍ മഞ്ഞുപടലങ്ങളുടെ മാസ്മരിക പ്രപഞ്ചത്തില്‍ പരസ്പരമറിയാത്ത രണ്ടാത്മാക്കള്‍, ഒരച്ഛനും അയാളുടെ മകളും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വ്യഗ്രതപ്പെടുന്നതിനിടയിലേയ്ക്കാണ് വിജയലക്ഷ്മിയെന്ന വിജി (അഞ്ജലി) പ്രത്യക്ഷപ്പെടുന്നത്. അപ്പോഴേക്കും പാപ്പ ഋതുമതിയായിത്തീര്‍ന്നിരുന്നു. അമുദവനിലെ പിതാവ് നിസ്സഹായനും പരാജിതനുമാകുന്നിടങ്ങളിലൊക്കെ ഒരു പ്രതിമാതാവാ(counter mother)കുകയാണ് വിജി. അവരുടെ വിവാഹം കഴിയുന്നുവെങ്കിലും കഥ ഗതിമാറുകയാണ്. തുടര്‍ന്ന് നഗര/നരക ജീവിതത്തിലേക്ക് പുറന്തള്ളപ്പെടുന്ന അമുദവന്റെ ആത്മ:ദുഖങ്ങളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്.

അമുദവന്‍ എന്ന കാലാവസ്ഥാ വ്യതിയാനം

പേരന്‍പ് എന്നാല്‍ ഇംഗ്ലീഷില്‍ (compassion) എന്നാണര്‍ത്ഥം. മലയാളത്തില്‍ അലിവ് എന്ന് തര്‍ജ്ജമ ചെയ്യാം. ആ അര്‍ത്ഥത്തില്‍ അലിവിന്റെ മനുഷ്യരൂപമാണ് അമുദവന്‍. അച്ഛന്‍-മകള്‍ ബന്ധം മുന്‍പും സിനിമയ്ക്ക് വിഷയീഭവിച്ചിട്ടുണ്ടെങ്കിലും അമുദവനും പാപ്പയും തമ്മിലുള്ള ആഴക്കടലിനു നടുവില്‍ ഇതുവരെയൊരു ഇന്ത്യന്‍ സിനിമയും അകപ്പെട്ടിട്ടുണ്ടാകില്ല. മകള്‍ എന്നതടക്കമുള്ള സകല സ്‌നേഹസര്‍വ്വനാമങ്ങളിലും പിതാവിന് അപ്രാപ്യമായ ധാര്‍മ്മിക ലോകങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട് സദാചാര സമൂഹം. ഇവിടെ അമുദവനും അതിന്റെയെല്ലാം ചട്ടക്കൂടില്‍ നില്‍ക്കുന്നയാളാണ്. എന്നാല്‍, സമൂഹം ഇതുവരേയും സൃഷ്ടിക്കാത്ത വളയങ്ങളെയാണ് അയാള്‍ക്ക് മറികടക്കേണ്ടതും അതിജീവിക്കേണ്ടതും. 

നീണ്ട പത്ത് കൊല്ലക്കാലം മകളെ തിരിഞ്ഞുനോക്കാത്ത അച്ഛനാണ് അമുദവന്‍. അക്കാലത്തിനിടയില്‍ നൂറു ദിവസംപോലും നിങ്ങള്‍ നാട്ടില്‍ വന്നില്ലെന്നതാണ് ഭാര്യ കത്തില്‍ ആരോപിക്കുന്ന പ്രധാന കാര്യം. പിറന്നത് സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകളാണെന്നും അവള്‍ക്ക് കൈസഹായത്തിന് ആകെ അമ്മ മാത്രമേയുള്ളുവെന്നും അറിയാത്തയാളാകില്ല അമുദവന്‍. എന്നാല്‍, സാമ്പത്തിക ഭദ്രതയാലോചിച്ചാകണം അയാളവിടെ സ്വയം തളച്ചിട്ടത്. മകളെ നോക്കുന്നില്ലെന്ന/ഭാര്യയ്ക്ക് തണലേകുന്നില്ലെന്ന കുറ്റബോധത്തിന്റെ ഒരു പതിറ്റാണ്ടാണ് അമുദവന്റെ പ്രവാസമെന്നു കരുതണം. താന്‍ അകപ്പെട്ട അസ്വാതന്ത്ര്യത്തിന്റെ കെണിയില്‍നിന്നും രക്ഷപ്പെടാനുള്ള വ്യഗ്രത അയാള്‍ക്കുണ്ടായിക്കാണണം. എന്നാല്‍, അതിലേക്കായി അമുദവനെടുത്ത കാലയളവ് ചെറുതല്ല. മാറാരോഗ ബാധിതയായ മകളെ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടിവന്ന അമ്മയുടെ തിരോധാനമെന്ന നിലയില്‍ അയാളുടെ ഭാര്യയെടുത്ത തീരുമാനം അതിസ്വാഭാവികമാണ്. അതേറ്റവും കൃത്യമായി/ഗഹനമായി മനസ്സിലാക്കിയയാള്‍ അമുദവനുമാണ്. കത്തിനൊപ്പം കാത്തുവെച്ച നിധിയേയുമേല്പിച്ച് ഭാര്യ മറ്റൊരാളുടെ ജീവിതത്തിലേക്ക് പോയെന്നറിഞ്ഞ നാള്‍ മുതല്‍ അതിതീവ്രമായ കുറ്റബോധത്തിന്റെ സംഘര്‍ഷഭരിതമായ അടരുകളിലായിരുന്നു അമുദവന്‍ എന്ന പിതൃജീവിതം. പേരന്‍പിലുടനീളം നിഴലിക്കുകയും പ്രകമ്പനം കൊള്ളുകയും ചെയ്യുന്ന അയാളുടെ അലിവിന്റെ പൊരുളന്വേഷിച്ചാല്‍ നമ്മള്‍ ചെന്നെത്തുന്നതും ഈ കുറ്റബോധത്തിലേക്കു തന്നെയാകും. 

ഗള്‍ഫില്‍നിന്നും വീട്ടിലേക്ക് തിരിച്ചെത്തുന്ന അമുദവന്‍ ദേഷ്യവും വിദ്വേഷവും മുന്‍ശുണ്ഠിയുമൊക്കെയുള്ള ഒരു സാധാരണക്കാരന്‍ മാത്രമാണ്. മകളെ എന്തുചെയ്യണം എന്നറിയാതെയുള്ള ഒരു മരവിപ്പ് അയാളെ പിടികൂടുകയാണ്. 14 കൊല്ലം മകളെയറിയാത്ത അച്ഛനാണല്ലോ അയാള്‍. സ്വന്തക്കാര്‍പോലും പാപ്പയില്‍നിന്നു പാലിക്കുന്ന അകലം അയാളെ തളര്‍ത്തുന്നുണ്ട്. പ്രതിവിധിയോ പോംവഴിയോ കൈവശമില്ലതാനും. പുറത്ത് കാണിക്കുന്നില്ലെങ്കിലും ഓടിപ്പോയ ഭാര്യയോട് അയാള്‍ക്ക് അടങ്ങാത്ത കലിയുണ്ട്. ഇതെല്ലാം വെളിപ്പെടുകയും പൊട്ടിച്ചിതറുകയും ചെയ്യുന്ന സന്ദര്‍ഭം സിനിമയില്‍ ശ്രദ്ധിക്കുക; അര്‍ദ്ധപ്രാണനിലൊരു കുരുവി ടെറസ്സില്‍ കിടക്കുന്നത് പാപ്പയുടെ ശ്രദ്ധയില്‍പ്പെടുകയാണ്. അമുദവനോട് അതുവരെ ഒരടുപ്പവും കാണിക്കാത്ത പാപ്പ ആ കുരുവിയെ രക്ഷിക്കാന്‍ ആംഗ്യേന ആവശ്യപ്പെടുന്നു. രക്ഷിക്കാന്‍ മനസ്സുവെച്ച് അയാളതിനെ കൈവെള്ളയിലൊതുക്കുന്നു. അതേസമയത്താണ് പാപ്പയുടെ നിലവിളി മൂലമുള്ള ശബ്ദശല്യം റിപ്പോര്‍ട്ട് ചെയ്യാനും മാറിത്താമസിക്കാന്‍ വ്യംഗ്യേന ആവശ്യപ്പെടാനുമായി റെസിഡന്റ് അസോസിയേഷന്‍കാര്‍ വരുന്നത്. സഹനത്തിന്റെ പരകോടി ശിഷ്ടസമയം കൊണ്ട് തകരുന്ന ഹ്രസ്വ പാകത മാത്രം രൂപപ്പെട്ടിട്ടുള്ള അമുദവന്റെ ക്ഷമ നിമിഷാര്‍ധംകൊണ്ട് നശിക്കുമ്പോള്‍, മകള്‍ രക്ഷിക്കാന്‍ കെഞ്ചിയ കിളിയെ വലിച്ചെറിയുകയാണ് അമുദവന്‍ ചെയ്യുന്നത്. എന്നാല്‍, നിലനില്‍ക്കുന്ന കത്തുന്ന സന്ദര്‍ഭത്തിലേക്ക് എണ്ണയൊഴിക്കാനാണ്, കുറ്റബോധത്തെ ഇരട്ടിപ്പിക്കാനാണ് അതയാളെ സഹായിക്കുന്നത്. തന്റെ മകളോട് മറ്റുള്ളവര്‍ ഇതുപോലെയാണ് പെരുമാറുന്നതെന്ന് തിരിച്ചറിയുന്ന അമുദവന്റെ പിതൃഹൃദയം/മാനവഹൃദയം വേഗത്തില്‍ വിമലീകരിക്കപ്പെടുന്നു. കൃത്യമായി പറഞ്ഞാല്‍ അയാളിലെ പേരന്‍പ് അവിടെവെച്ചാണ് പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. 

മനുഷ്യനില്ലാത്ത, കിളികള്‍ ചാകാത്ത ഇടമന്വേഷിച്ച് കാനനഹൃദയത്തിലെത്തുന്ന അമുദവന് മകള്‍ക്കന്യമായ (താന്‍ നഷ്ടപ്പെടുത്തിയതടക്കമുള്ള) നിതാന്ത സ്‌നേഹത്തെ തിരിച്ചുകൊടുക്കണമെന്ന ഒരൊറ്റ ആഗ്രഹം മാത്രമാണുള്ളത്. ശിഷ്ടജീവിതം അതിലേക്ക് വകമാറ്റാന്‍ അയാള്‍ പക്വത പ്രാപിച്ചുകഴിഞ്ഞിരുന്നു. ഒരു മനുഷ്യന്‍/പിതാവ് ഏറ്റവുമധികം നിസ്സഹായനാകുന്ന സന്ദര്‍ഭം സ്വന്തം മകള്‍ക്ക് താനാണ് അച്ഛനെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നിടത്താകണം. അതിനായുള്ള അമുദവന്റെ ആലോചനകള്‍ കാണികളുടെ കരളലിയിക്കും. ''താന്‍ സൂര്യനാകുമ്പോള്‍ അവള്‍ ചന്ദ്രനാകും, താന്‍ ചന്ദ്രനാകുമ്പോള്‍ അവള്‍ സൂര്യനും'' എന്ന നരേഷനില്‍ എല്ലാം അന്തര്‍ലീനമാണ്. നല്‍കിയ ഭക്ഷണം പാപ്പ രുചിയോടെ കഴിക്കുന്നുവോയെന്നറിയാന്‍ മേല്‍ക്കൂരയിലെ ഓടിനിടയിലെ വിടവിലൂടെ നോക്കി മനസ്സിലാക്കേണ്ട അച്ഛനാണയാള്‍. പാപ്പയെ ഹൃദയത്തോടു ചേര്‍ക്കാന്‍ അയാള്‍ നടത്തുന്ന കോമാളിത്തങ്ങളുടെ/ആത്മാര്‍ത്ഥതയുടെ ആകെത്തുകയാണ് അപ്പോള്‍ അമുദവന്റെ ജീവിതം. എന്നാല്‍, സ്വാതന്ത്ര്യത്തിന്റെ വിഹായസ്സന്വേഷിക്കുന്ന ഒരു കുരുവിയെ വെളിച്ചത്തിലേക്ക് നയിക്കുന്നതോടെ അലോഹ്യത്തിന്റെ അഗ്‌നിപര്‍വ്വതം തകരുകയും സ്‌നേഹത്തിന്റെ ഏറ്റവും പൊള്ളുന്ന ഉറവ പൊട്ടുകയും ചെയ്യുകയാണ്. 
പില്‍ക്കാല ജീവിതത്തോട് അമുദവന്‍ പുലര്‍ത്തുന്ന സത്യസന്ധതയാണ് പേരന്‍പിനെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. ആദ്യ ഭാര്യയിലുള്ള ആത്മവീഴ്ചകള്‍ പരിഹരിക്കാനെന്നോണമാകണം വിജിയെ വേഗത്തില്‍ അയാള്‍ വിവാഹം കഴിക്കുന്നത്. അനാഥയായ ഒരുവളെ സനാഥയാക്കുന്നതോടെ നേരത്തെ സൂചിപ്പിച്ച കുറ്റബോധത്തിന്റെ ആഴം കുറയ്ക്കാനുള്ള ശ്രമമാകണമത്. ഇത്തവണ കൂടുതല്‍ ബലമുള്ള വീഴ്ച സംഭവിക്കുന്നുണ്ടെങ്കിലും അമുദവന്‍ തകര്‍ന്നുപോകുന്നതേയില്ലെന്നത് ശ്രദ്ധിക്കണം. പേരന്‍പ് എന്ന ടൈറ്റില്‍ അയാളില്‍/സിനിമയില്‍ അപ്പോള്‍ അന്വര്‍ത്ഥമായിക്കഴിഞ്ഞിട്ടുണ്ട്. 
അമുദവനായി വേഷമിട്ട മമ്മൂട്ടിയെക്കുറിച്ചുകൂടി ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്. സമകാലത്ത് മമ്മൂട്ടിയിലെ നടനെ അതിവിദഗ്ധമായി ഉപയോഗിച്ച സിനിമയാണ് പേരന്‍പ്. ആ അഭിനയചാതുരിയില്‍ പ്രേക്ഷകന്‍ ഭൗതികമായി അത്ഭുതപ്പെടുകയും ആത്മീയമായി ആഴത്തില്‍ വേദനിക്കുകയും ചെയ്യുന്ന തരത്തിലുള്ള അനിതര സാധാരണവും അപാരവുമായ കഥാപാത്രമാണ് അമുദവന്‍. അഭിനയകലയോടുള്ള മമ്മൂട്ടിയുടെ പേരന്‍പ് കൂടിയാണീ പടം. ''സ്വയം മതിമറന്ന് അഭിനയിക്കുക എന്ന അവസ്ഥ അഭിനയത്തിന്റെ കാര്യത്തില്‍ നല്ലതല്ലെന്നും, ഒരു നടന്‍ താന്‍ അഭിനയിക്കുകയാണ് എന്ന് എപ്പോഴും ഓര്‍ക്കണമെന്നും'' മുന്‍പൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. ഈ പ്രസ്താവനയെ ചേര്‍ത്താണ് അമുദവനെ വിലയിരുത്തേണ്ടത്. അത്രമേല്‍ സൂക്ഷ്മമായാണ് ആ നടനവൈഭവം പ്രതിപ്രവര്‍ത്തിക്കുന്നത്. കഥാപാത്രത്തേയും സ്വത്വത്തേയും വേര്‍തിരിച്ചെടുക്കാവുന്ന/വേര്‍തിരിച്ചെടുക്കാനാകാത്ത തരത്തില്‍ വിളക്കിച്ചേര്‍ത്തുണ്ടാക്കിയ പത്തരമാറ്റാണ് മമ്മൂട്ടിയുടെ പ്രകടനം. 

മകളുടെ ഹൃദയസ്വീകാര്യതക്കായുള്ള തീവ്ര ശ്രമത്തിനിടയില്‍ അമുദവന്‍ അവളെ രസിപ്പിക്കാനായി നടത്തുന്ന ആറുമിനിറ്റോളം ദൈര്‍ഘ്യമുള്ളൊരു ഷോട്ടുണ്ട് പേരന്‍പില്‍. കരയാതെ കണ്ണെടുക്കണമെങ്കില്‍ നെഞ്ച് കനക്കണം, കരിങ്കല്ലാകണം. അതുമുതലങ്ങോട്ട് പാപ്പയുമായി അമുദവന്‍ നടത്തുന്ന വൈകാരിക സഞ്ചാരത്തിന്റെ ഭാവസാന്ദ്രത പടാനുപടം എണ്ണിപ്പറയാം, നൂറില്‍ നൂറാണ്. വ്യക്തി, സമൂഹം, ദേശം അങ്ങനെ സ്‌നേഹാധിക്യത്താല്‍ ദുര്‍ബ്ബലനായ ഒരു മനുഷ്യനെ പ്രതിലോമകതമായി പിടികൂടാവുന്ന വിഭവങ്ങള്‍ സമാഹരിക്കപ്പെട്ട അമുദവന്റെ ജീവിതത്തിലെ ആഴവും പരപ്പും വഴിയും ചുഴിയും വ്യാഖ്യാനിക്കുന്ന മമ്മൂട്ടി അഭിനയമെന്ന സാര്‍വ്വലൗകിക കലയുടെ ഹൃദയമിടിപ്പാകുകയാണിവിടെ. അമുദവന്റെ ജീവിതത്തില്‍ ഹാജരായ മൂന്നു സ്ത്രീകളില്‍ രണ്ട് പേര്‍ അയാളെ വിചാരണ കൂടാതെ തൂക്കിലേറ്റിയവരാണ്. ആ നഷ്ടങ്ങള്‍ അയാളെ അമ്മ എന്ന സങ്കല്പത്തെ മകള്‍ക്ക് റിയലൈസ് ചെയ്യാന്‍ പാകത്തിലുള്ള വളര്‍ച്ച വികസിച്ച അച്ഛനാക്കുകയാണ് ചെയ്തത്. അതികഠിനമായി ഏതൊരു പുരുഷനും ഏതൊരഭിനേതാവും പകച്ചുവിറങ്ങലിക്കുന്ന ജീവിതത്തിന്റെ ഈ ദ്വന്ദ സ്വഭാവം മമ്മൂട്ടി ആവിഷ്‌കരിക്കുന്നത് എത്രമാത്രം ആത്മസാക്ഷാല്‍ക്കാരത്താലാണ്! ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ അച്ഛന്മാര്‍/അമ്മമാര്‍ തിയേറ്ററില്‍ പോയി അമുദവനെ നോക്കിയാല്‍ സ്‌ക്രീന്‍ കൂടുമാറി കണ്ണാടിയാകും. നിങ്ങളെക്കാള്‍ തീക്ഷ്ണമായ ഒരു നിങ്ങളെ അവിടെ കാണും. മമ്മൂട്ടി ചെയ്തില്ലെങ്കില്‍ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നെന്ന്  സംവിധായകന്‍ റാം പറഞ്ഞത് വെറുതെയല്ല.

ട്രാന്‍സ് സെക്ഷ്വലില്‍ നിന്ന് മനൈവിയിലേക്ക് 

രണ്ടാം പകുതിയില്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കാന്‍ റാം കരുതിവെച്ച കഥാപാത്രമാണ് മീര (അഞ്ജലി അമീര്‍) ടാക്‌സി ഡ്രൈവറായി പരിണമിക്കുന്ന അമുദവന്റെ ഉറക്കച്ചടവിലേക്ക് ഒരു നിലവിളിയോടെയാണ് ട്രാന്‍സ് സെക്ഷ്വലായ മീര കയറിവരുന്നത്. സാധാരണ തൊഴിലുകള്‍ക്ക് പൊതുസമൂഹം വിലക്കു കല്‍പ്പിച്ചതിനാല്‍ ലൈംഗിക തൊഴിലെടുത്താണ് അവളുടെ ജീവിതം. മുഖത്തും ശരീരത്തിലും പിടിച്ചുവലിയുടെ രക്തവര്‍ണ്ണവുമായി വലിയൊരു നടുക്കത്തോടെ, വേദനയോടെ മീര അമുദവന്റെ/പ്രേക്ഷകന്റെ യാത്രയിലേക്കു പ്രവേശിക്കുന്നു. കാറില്‍ അടഞ്ഞ ഗ്ലാസ്സ് ചില്ലിലെ കൃത്രിമ പ്രകൃതിയെ പൊളിച്ച് ശിരസ്സ് വെളിയിലിട്ട് പരപീഡയെ കാറില്‍/കാറ്റില്‍ പറത്തുന്ന മീര പിന്നീടങ്ങോട്ട് അമുദവന്റെ ജീവിതത്തെ കൂടുതല്‍ നിര്‍ണ്ണായകമാക്കുകയാണ്. അയാള്‍ക്ക് കിടപ്പാടം കണ്ടെത്തി നല്‍കാന്‍ അവള്‍ നിമിത്തമാകുന്നു. പാപ്പയെ സന്ദര്‍ശിക്കാന്‍ സുഹൃത്തുമായെത്തുന്ന മീരയെ തെറ്റിദ്ധരിച്ച് അമുദവന്‍ വീട്ടില്‍നിന്നും ഇറക്കിവിടുകയാണ്, എങ്കിലും പിന്നീടുള്ള അയാളുടെ ജീവിതത്തെ പ്രസക്തമാക്കുന്നത് അവള്‍ മാത്രമാണ്. 


ട്രാന്‍സ് സെക്ഷ്വല്‍ ജീവിതത്തോട് ഡയറക്ടര്‍ റാം പുലര്‍ത്തുന്ന നീതിബോധം മറ്റ് സിനിമാകാരന്മാര്‍ക്ക് പാഠമാകുകയാണീ സീക്വന്‍സുകളില്‍. പുരോഗമന നാട്യക്കാരും ഇടത് ബോധ്യമുള്ളവരുമായ നമ്മുടെ സംവിധായകര്‍ ട്രാന്‍സ് നടീനടന്മാര്‍ക്ക് നല്‍കിവരുന്ന കോണ്‍ക്രീറ്റ് ക്ലീഷേ നിര്‍മ്മിതികള്‍ തകര്‍ക്കുന്ന, പൊതുസമൂഹം ഈ സെക്കന്റുകളില്‍ ചര്‍ച്ചചെയ്യുന്ന ലിംഗസമത്വമുള്‍പ്പെടെയുള്ള ഏറ്റവും പുരോഗമന ചിന്ത മുന്നോട്ട് വെയ്ക്കുന്ന സിനിമയാകുന്നു പേരന്‍പ്. മീരയുടെ വീട്ടിലെത്തുന്ന അമുദവന്‍ അവരുടെ ജീവിതം കാണുന്നുണ്ട്. ഹ്രസ്വമായാണെങ്കിലും ട്രാന്‍സ് സിറ്റ്വേഷന്‍ ചിത്രീകരിക്കാന്‍ റാം ഫ്രെയിം കണ്ടെത്തുന്നത് കാണാം. ഏറ്റവുമൊടുവില്‍ പന്ത്രണ്ടാമധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന മീര നായിക മാത്രമല്ല, അമുദവന്റെ മനൈവിയാണ്. പ്രമേയ പരിസരങ്ങളുടെ വേലിവിട്ട് പുറത്തുകടന്നാല്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളുടെ മനൈവിയായി, ഭാര്യയായി ഒരു ട്രാന്‍സ് സെക്ഷ്വല്‍ അവതരിപ്പിക്കപ്പെടുന്നു എന്ന സിനിമാലോചനകളിലെ അതിദ്രുത മാറ്റം റാം പ്രോദ്ഘാടനം ചെയ്യുന്നു. 

ഈ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയിലെ പ്രഥമ ട്രാന്‍സ് സെക്ഷ്വല്‍ നായികയായി അഞ്ജലി അമീര്‍ മാറുകയാണ്. പുതുമുഖത്തിന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് അവരുടെ അരങ്ങേറ്റം. മീരയെ അവതരിപ്പിക്കുന്ന ആദ്യ സീന്‍ ശ്രദ്ധിക്കുക. അക്രമത്തിനിടയില്‍ വേദനകൊണ്ട് പുളഞ്ഞ് രക്ഷപ്പെടുകയാണ് വേണ്ടത്, എന്നാല്‍, പൊടുന്നനെ ഒരാളെ കാണുമ്പോള്‍ വേദന പ്രകടിപ്പിക്കുവാനും വയ്യ. ഈ ഘട്ടത്തില്‍ അമ്പരപ്പിക്കുന്ന ഭാവധാരണ പുലര്‍ത്തുന്നുണ്ട് അഞ്ജലി. ആ സീനില്‍നിന്ന് വേഗത്തില്‍ കാണിയുടെ മനസ്സൊഴിയില്ല. അമുദവന്റെ വീട്ടില്‍നിന്നും രക്ഷപ്പെടുമ്പോള്‍, ബ്രാത്തല്‍ സെന്ററന്വേഷിക്കുന്ന അയാളോട് കയര്‍ക്കുമ്പോള്‍, കടലിന്റെ മൃതിമുനയില്‍നിന്ന് പാപ്പയെ വലിച്ചുകയറ്റുമ്പോള്‍ എല്ലാം അഞ്ജലി അമീറിലെ അഭിനയപ്രതിഭ മാറ്റുരയ്ക്കുന്നത് കാണാം. കഥ പറഞ്ഞവസാനിപ്പിക്കുന്ന നായകന്റെ പ്രാണനായികയായി പ്രകൃതിയിലേക്കിറങ്ങി പ്രേക്ഷകനില്‍ പ്രണയം നിറയ്ക്കുന്ന അഞ്ജലി അമീര്‍ പേരന്‍പിന്റെ കണ്ടെത്തലാണ്.

പാപ്പയ്ക്കായുള്ള കരുതലുകള്‍

അമുദവന്റെ സിനിമയാണ് പേരന്‍പ്, അയാളുടെ കരുതലുകളുടെ കഥ. സമ്പത്ത്, സ്‌നേഹം, സഹാനുഭൂതി, സുരക്ഷ എന്നിവയൊക്കെ ഏതു സാധാരണ രക്ഷിതാവിനേയും പോലെ (ഇത്തരം ആതുരാവസ്ഥയില്‍ അക്കാര്യങ്ങള്‍ സാധ്യമാകാത്ത രക്ഷിതാക്കളുണ്ടെന്നതിന് സിനിമയില്‍ അമുദവന്റെ ഭാര്യ, റെസ്‌ക്യു ഹോമിലെ കുട്ടിയുടെ പിതാവ് എന്നിവര്‍ ഉദാഹരണം) അമുദവനും ചെയ്യുന്നുണ്ട്. എന്നാല്‍, മകളുടെ ലൈംഗികത സംബന്ധിച്ച അയാളുടെ ആധി ഉള്ളുപൊള്ളിക്കും. നമ്മുടെ സിനിമ ഇതുവരെ അടയാളപ്പെടാത്ത ഭൂപടമാണത്.
കാനനവാസം ഉപേക്ഷിച്ച് നഗരപ്രയാണത്തിനിടയില്‍ വിജി അമുദവനെ ഓര്‍മ്മപ്പെടുത്തുന്നത് പാപ്പ മുതിര്‍ന്ന കുട്ടിയാണ്, ഏത് മനുഷ്യരേയും പോലുള്ള പ്രാഥമികാവശ്യങ്ങള്‍ അവള്‍ക്കുമുണ്ട് എന്നതാണ്. ആ സമയം ആ പ്രസ്താവന കാര്യമാക്കേണ്ട അവസ്ഥയിലല്ലല്ലോ അമുദവന്‍. എന്നാല്‍, പിന്നീടങ്ങോട്ട് പാപ്പ മുതിര്‍ന്നുവെന്ന ബോധ്യം അയാള്‍ക്കു കൈവരികയാണ്. പാസ്റ്റിക് ബാധിതരായവരില്‍ സകല വൈകാരികതകളും പരകോടിയാണെന്ന തിരിച്ചറിവില്‍ അയാള്‍ തന്റെ ധര്‍മ്മസങ്കടങ്ങള്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറുമായി (സമുദിരക്കനി) പങ്കുവെയ്ക്കുന്നു. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോ ഫൂട്ടേജുകള്‍ കണ്ട് മുഴുമിക്കാന്‍ കഴിയുന്നില്ലെങ്കിലും കാര്യ ഗൗരവമുള്ള പിതാവാകുകയാണയാള്‍. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത രോഗം ബാധിച്ച് നരകതുല്യമായി ജീവിക്കേണ്ടിവരുന്ന ഒരാളുടെ ലൈംഗികതയെക്കുറിച്ച് അമുദവന്‍ നടത്തുന്ന ആലോചനയെ കേവലം പിതൃപുത്രീബന്ധങ്ങളാല്‍ അളക്കാനാകില്ല. അത് പൊതുസമൂഹത്തിന്റെ ചിന്താധാരയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടേണ്ടതാണ്. നമ്മുടെ സാമാന്യ യുക്തികള്‍ക്ക് അജ്ഞാതമായ വൈകാരിക ലോകങ്ങളെക്കുറിച്ചോര്‍ക്കാന്‍ സ്ഫോടനശേഷിയുള്ള ഒരു സീന്‍ റാം ഒരുക്കിയിട്ടുണ്ട്. അവിടെ അമുദവന്റെ കരണത്തേല്‍ക്കുന്ന പ്രഹരം നമ്മള്‍ പ്രേക്ഷകരാണ് ഏറ്റുവാങ്ങുന്നത്. നമ്മുടെ വൈകാരികാവിഷ്‌കാരങ്ങള്‍ ഇത്ര പരമിതമായിരുന്നോയെന്ന് ഞെട്ടലോടെ ആ അടിയില്‍ തിരിച്ചറിയാം.

പേരന്‍പ് എന്ന അഭ്രാനുഭവത്തിന് സംവിധായകന്‍ റാമിനോട് സിനിമാസമൂഹം കടപ്പെട്ടിരിക്കുന്നു. റാമിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ മമ്മൂട്ടിയിലെ നടനവിസ്മയത്തില്‍ മാറ്റുരയ്ക്കുന്നത് അവിസ്മരണീയാനുഭൂതി പകരുന്നു. ഇത്രയും കൃത്യമായ തിരക്കഥ സമകാലിക ഇന്ത്യന്‍ സിനിമ കണ്ടിട്ടില്ല. സാഹിത്യനിബിഢമായ സംഭാഷണങ്ങളില്‍ മമ്മൂട്ടിയുടെ ശബ്ദഗരിമ കത്തിപ്പടരുന്നതോടെ, കൊടൈക്കനാല്‍ സീക്വന്‍സുകളില്‍ കാണുന്ന മഞ്ഞുപടല സഞ്ചാരം പോലെ കാണിയെ പിന്നീടൊരിക്കലും പറിഞ്ഞുപോകാത്തത്ര പാകത്തില്‍ പേരന്‍പ് വേവിച്ചെടുക്കുന്നു. ആ പൊള്ളലിലാണ് ഒരാഴ്ചക്കാലമായി തിയേറ്ററുകള്‍.

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം എടുത്ത് പറയണം. പ്രമേയത്തിന്റെ ഭാവത്തെ പഞ്ഞിക്കെട്ടുപോലെ പറത്തുന്ന ബീജീയെമ്മാണ് പടമുടനീളം. തേനി ഈശ്വറിന്റെ വശ്യമായ ഫ്രെയിമുകളില്‍നിന്ന് കണ്ണുപറിയില്ല. പ്രകൃതിയുടെ ആന്തോളജിക്കിടയില്‍, ആദ്യ പകുതിയില്‍ എക്സ്ട്രീം ലോങ്/വൈഡ് ഷോട്ടുകളാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങള്‍ ഒബ്ജക്ട് മാത്രമാകുന്ന അത്തരം സന്ദര്‍ഭങ്ങളാണ് സംവിധായകന്റെ ഐഡിയല്‍ കഥാപശ്ചാത്തലങ്ങളാകുന്നത്. നഗരം കേന്ദ്രീകരിക്കുന്ന രണ്ടാം പകുതി ക്ലോസപ്പുകളും മിഡ്ഡുകളും ചേര്‍ത്ത് കഥാപാത്രത്തിലേക്ക് കഥയെ തിരിച്ചിറക്കുന്ന രീതിയിലുള്ളതാണ്.
അവസാനിപ്പിക്കുന്നതിങ്ങനെയാണ്: 'മനുഷ്യന്‍ ഹാ എത്ര മനോഹര പദം' എന്നോര്‍മ്മിപ്പിക്കുന്നൊരു സിനിമയിതാ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com