ദത്ത് സാഹേബിന്റെ താരദിനങ്ങള്‍ (തുടര്‍ച്ച)

നര്‍ഗീസിന്റെ താരപദവിയെ അതിവര്‍ത്തിക്കുന്ന നിലയിലേക്ക് ഉയര്‍ന്നില്ലെങ്കിലും സുനില്‍ ദത്ത് ബോളിവുഡിലും ബോംബെ രാഷ്ട്രീയത്തിലും തന്റേതായ ഇടം നേടിയെടുത്തു.
ദത്ത് സാഹേബിന്റെ താരദിനങ്ങള്‍ (തുടര്‍ച്ച)

ര്‍ഗീസിന്റെ താരപദവിയെ അതിവര്‍ത്തിക്കുന്ന നിലയിലേക്ക് ഉയര്‍ന്നില്ലെങ്കിലും സുനില്‍ ദത്ത് ബോളിവുഡിലും ബോംബെ രാഷ്ട്രീയത്തിലും തന്റേതായ ഇടം നേടിയെടുത്തു. ആള്‍ക്കാര്‍ അദ്ദേഹത്തെ ആദരവോടെ അഭിസംബോധന ചെയ്തിരുന്നത് ദത്ത് സാഹേബ് എന്നാണ്. 1964-ല്‍ 'യാദേന്‍' എന്ന സിനിമയിലൂടെ അദ്ദേഹം സംവിധാനരംഗത്തും ചുവടുറപ്പിച്ചു. 'ഒറ്റ അഭിനേതാവ് മാത്രമുള്ള ആദ്യ ചലച്ചിത്രം' (World's First one actor movie monument) എന്ന പരസ്യവാചകത്തോടെയാണ് ആ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ധീരമായ ഒരു ഉദ്യമമായിരുന്നത്. ചിത്രത്തിലെ ഏക കഥാപാത്രമായ അനില്‍ മെഹ്‌റയെ അവതരിപ്പിച്ചത് സുനില്‍ദത്ത് തന്നെയാണ്. അവസാനരംഗത്ത് ഒരു നിഴല്‍രൂപമായി നര്‍ഗീസും പ്രത്യക്ഷപ്പെടുന്നുണ്ട് യാദേനില്‍. ശക്തമായ കഥാതന്തുവിനെ ആഴമുള്ളൊരു ചലച്ചിത്രാനുഭവമാക്കി തീര്‍ക്കുന്നതില്‍ യാദേന്‍ പരാജയപ്പെട്ടു. മനഃശാസ്ത്രപരമായ ഉള്‍ക്കാഴ്ചയും വൈകാരികമായ തീക്ഷ്ണതയും കുറഞ്ഞുപോയ ചിത്രത്തില്‍ നിറഞ്ഞുനിന്നത് ഉപരിപ്ലവമായ നാടകീയത ആണെന്നാണ് 1965 ഫെബ്രുവരി ഏഴിലെ ടൈംസ് ഓഫ് ഇന്ത്യയില്‍, പത്രത്തിന്റെ സിനിമാ നിരൂപണം കൈകാര്യം ചെയ്തിരുന്നയാള്‍ നടത്തുന്ന വിലയിരുത്തല്‍. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ബ്ലാക്ക് ആന്റ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും നേടിയെടുത്ത യാദേന്‍ തിയേറ്ററുകളില്‍ തകര്‍ന്നുവീണു. രേഷ്മ ഔര്‍ ഷേര (1971), ഡാക്കു ഓര്‍ ജവാന്‍ (1978), റോക്കി (1981), ദര്‍ദ് കാ രിഷ്താ (1982), യേ ആഗ്കബ് ഭുജേഗി (1991) തുടങ്ങിയ ചിത്രങ്ങളും സുനില്‍ദത്ത് സംവിധാനം ചെയ്യുകയുണ്ടായി. ഇതില്‍ പലതും അദ്ദേഹം തന്നെ നിര്‍മ്മിച്ചവയുമായിരുന്നു. രേഷ്മ ഔര്‍ ഷേരയിലെ അഭിനയത്തിനാണ് വഹീദാ റഹ്മാന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. സിനിമയിലെ പരമ്പരാഗത വഴികളില്‍നിന്നു മാറി പരീക്ഷണങ്ങള്‍ നടത്താന്‍ തല്‍പ്പരനായിരുന്നു ദത്ത്. പക്ഷേ, അത്തരം പരീക്ഷണങ്ങളൊക്കെത്തന്നെ കച്ചവട പരാജയങ്ങള്‍ ഏറ്റുവാങ്ങി എന്നതായിരുന്നു യാഥാര്‍ത്ഥ്യം. തന്റെ സഹോദരനായ സോം ദത്തിനെ അവതരിപ്പിക്കാന്‍ സുനില്‍ നിര്‍മ്മിച്ച മന്‍ കാ മീത് (1968) അടക്കമുള്ള സിനിമകളുടെ സ്ഥിതി ശോചനീയമായിരുന്നു. പരമ്പരാഗത സിനിമാ വഴികളിലൂടെ പോയപ്പോഴൊക്കെ വിജയം അദ്ദേഹത്തെ പുണര്‍ന്നു. മുഝേ ജീനേ ദോയിലെ പ്രകടനം സുനില്‍ദത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടിക്കൊടുത്തു. കാന്‍ ചലച്ചിത്രമേളയില്‍ ആ ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു. ഖണ്ഡനിലെ അഭിനയത്തിന് 1966-ലും സുനില്‍ ദത്ത് ഫിലിം ഫെയര്‍ പുരസ്‌കാരം നേടുകയുണ്ടായി. സാധന (1958), സുജാത (1959), ഛായ (1961), മേം ചുപ് രഹൂംഗി (1962), യേ രാസ്‌തേ ഹേ പ്യാര്‍ കേ (1963), മുഝേ ജീനേ ദോ (1963), ഗുംറാഹ് (1963), ഖണ്ഡന്‍ (1965), വഖ്ത് (1965), പഡോസാന്‍ (1967), ഹംറാസ് (1967), ഹീര (1973), ഗീതാ മേരാ നാം (1973), പ്രാണ്‍ ജായേ പര്‍ വചന്‍ ന ജായേ (1974), നാഗിന്‍ (1976), നെഹ്ലെ പേ ഡെഹ്ല (1976), ജാനി ദുശ്മന്‍ (1979) തുടങ്ങിയവയൊക്കെ സുനില്‍ദത്ത് അഭിനയിച്ച ശ്രദ്ധേയങ്ങളായ ചലച്ചിത്രങ്ങളായിരുന്നു.

സുനില്‍ ദത്ത്
സുനില്‍ ദത്ത്

തന്റെ സഹപ്രവര്‍ത്തകരോടൊക്കെ നന്നായി ഇടപെടാന്‍ ശ്രദ്ധിച്ചിരുന്ന സുനില്‍ ദത്ത് രാജ്കപൂറിനോട് പോലും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. രാജ്കപൂര്‍ ന്യൂയോര്‍ക്കില്‍ ചികിത്സ തേടിയപ്പോള്‍ ഓങ്കോളജി വിദഗ്ദ്ധനായ ഡോ. മന്‍ജിത് എസ്. ബേയന്‍സിനെ അദ്ദേഹത്തിനു പരിചയപ്പെടുത്തി കൊടുത്തതുപോലും സുനിലായിരുന്നു. രാജ്കപൂര്‍ പിന്‍വാങ്ങിയ ഒഴിവിലാണ് മിലന്‍ സിനിമയില്‍ സുനില്‍ദത്ത് എത്തിപ്പെടുന്നത്. രാജ്കപൂറിനെ ഉദ്ദേശിച്ച് ലക്ഷ്മീകാന്ത്-പ്യാരേലാല്‍ ടീം ചിട്ടപ്പെടുത്തി മുകേഷ് ആലപിച്ച 'സാവന്‍ കാ മഹീനാ' എന്ന ഗാനം സുനിലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായി മാറുകയും ചെയ്തു. എസ്.ഡി. ബര്‍മ്മന്റെ സംഗീത സംവിധാനത്തില്‍ തലത് മെഹബൂബ് ആലപിച്ച 'ജല്‍ത്തേ ഹെ ജിസ് കേലിയേ' എന്ന ഗാനവും സുനിലിന്റെ കരിയറില്‍ എടുത്തു പറയേണ്ടതായ ഒന്നു തന്നെ. ബിമല്‍ റോയ് സംവിധാനം ചെയ്ത സുജാതയിലെ ആ ഗാനം മുഴുവന്‍ നൂതന്‍ അവതരിപ്പിച്ച കഥാപാത്രത്തെ സുനില്‍ദത്തിന്റെ നായകപാത്രം ടെലിഫോണിലൂടെ പാടിക്കേള്‍പ്പിക്കുന്നത് ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അത്തരം അവതരണം അന്ന് ബോളിവുഡില്‍ ഒരു പുതുമയായിരുന്നു. 'കൈയൊപ്പ്' എന്ന രഞ്ജിത് സിനിമയില്‍ ഗൃഹാതുരത ഉണര്‍ത്തുന്ന ഈ ഗാനം സമര്‍ത്ഥമായി വീണ്ടും ഉപയോഗിച്ചിരിക്കുന്നത് കാണാന്‍ കഴിയും.

1984 മുതല്‍ 1996 വരെയും 1999 മുതല്‍ 2005 വരെയും വെസ്റ്റ് ബോംബെ മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസ്സ് ട്രിക്കറ്റില്‍ പാര്‍ലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു സുനില്‍ദത്ത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി തുടങ്ങിയ പ്രസിദ്ധരും പ്രഗത്ഭരുമായ വ്യക്തികളോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന സുനില്‍ദത്ത് പൊതുപ്രവര്‍ത്തനത്തിലും സാമൂഹ്യക്ഷേമ കാര്യങ്ങളിലുമൊക്കെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു. ഇന്ത്യാ സന്ദര്‍ശനവേളയില്‍, സര്‍ക്കാര്‍ സൗകര്യമൊരുക്കി കൊടുക്കാതിരുന്നപ്പോള്‍ സ്വന്തം നിലയില്‍ തന്റെ സുഹൃത്തായ സുനിലിനെ കാണാന്‍ ജിമ്മി കാര്‍ട്ടര്‍ സമയം കണ്ടെത്തിയതിനെക്കുറിച്ച് ബോളിവുഡ് എ ഹിസ്റ്ററി എന്ന ഗ്രന്ഥത്തില്‍ മിഹിര്‍ബോസ് പറയുന്നുണ്ട്. യാഷ് ചോപ്രയുടെ പരമ്പരയും ജെ.പി. ദത്തയുടെ ക്ഷത്രിയയും ഒഴിച്ചുനിര്‍ത്തിയാല്‍ തൊണ്ണൂറുകളില്‍ സുനില്‍ദത്ത് അഭിനയിച്ച ചിത്രങ്ങളൊന്നും പുറത്തുവന്നില്ല. വിനോദ് ഖന്നയും അമീര്‍ഖാനും സെയ്ഫ് അലിഖാനുമൊക്കെ അണിനിരന്ന താരനിബിഢമായൊരു സിനിമയായിരുന്നു പരമ്പര. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദത്തില്‍ അഭിനയം നിര്‍ത്തിവച്ച് മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി അദ്ദേഹം. 2004-2005 കാലത്ത് മന്‍മോഹന്‍ സിങ് മന്ത്രിസഭയിലെ കായിക-യുവജനക്ഷേമ മന്ത്രിയുമായി സുനില്‍.

സുനില്‍ദത്തും നര്‍ഗീസും വിവാഹിതരായതിനു തൊട്ടടുത്ത വര്‍ഷം ജൂലൈ 29-നാണ് സഞ്ജയ്ദത്ത് ജനിക്കുന്നത്. ഉര്‍ദു ഭാഷയിലുള്ള സിനിമാ-സാംസ്‌കാരിക മാസികയായ ഷാമ വായനക്കാരോട് സുനില്‍-നര്‍ഗീസ് ദമ്പതികളുടെ കുഞ്ഞിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരുപാട് ആള്‍ക്കാര്‍ അന്നു നിര്‍ദ്ദേശിച്ച പേരുകളില്‍ ഒന്നായിരുന്നു. സഞ്ജയ് കുമാര്‍. പേര് നിര്‍ദ്ദേശിച്ച, ആഗ്രക്കാരിയായ പുഷ്പ അഗര്‍വാളിന് നര്‍ഗീസ് കയ്യൊപ്പിട്ട ഫോട്ടോയും കത്തും അയച്ചു കൊടുത്തെന്ന് ഷാമയുടെ 1959 നവംബര്‍ ലക്കത്തില്‍ പറയുന്നുണ്ട്. സഞ്ജയ് ജനിച്ചു രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സുനില്‍ദത്ത് സ്വന്തം നിര്‍മ്മാണക്കമ്പനിയായ അജന്ത ആര്‍ട്‌സ് ആരംഭിച്ചു. 1962-ലും 1966-ലും സഞ്ജയ്ദത്തിന് രണ്ട് സഹോദരിമാരെക്കൂടി ലഭിച്ചു. നമ്രതയും പ്രിയയും. ചെറിയ പ്രായത്തില്‍ എല്ലാവരാലും ലാളിച്ചു വളര്‍ത്തപ്പെട്ട 'സഞ്ജു ബാബ' വഷളായിപ്പോകുമോ എന്ന് സുനിലും നര്‍ഗീസും ആശങ്കപ്പെട്ടിരുന്നു. കുടുംബ സുഹൃത്തായ ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഞ്ജയ് ദത്തിനെ അവര്‍ പട്ടാളച്ചിട്ടയ്ക്ക് പ്രസിദ്ധമായ സനാവര്‍ ലോറന്‍സ് സ്‌കൂളില്‍ ചേര്‍ത്തത്. മാതാപിതാക്കളുടെ സാമീപ്യത്തില്‍നിന്ന് ബോര്‍ഡിങ്ങ് സ്‌കൂളിലേയ്ക്കുള്ള ആ പറിച്ചുനടല്‍ കുട്ടിയായ സഞ്ജയ്ക്ക് സഹിക്കാവുന്നതിലപ്പുറമുള്ള ആഘാതമായിരുന്നു. അവന്റെ വൈകാരികമായ രൂപപ്പെടലിനേയും ഭാവിജീവിതത്തെ തന്നെയും ബാധിച്ചൊരു തീരുമാനമായിരുന്നു അത്.

എഴുപതുകളുടെ തുടക്കത്തില്‍ 'ബോബി' ഹിന്ദി സിനിമയില്‍ ഒരു തരംഗം സൃഷ്ടിച്ചിരുന്നു. റിഷി കപൂറിന്റെ നായികയായ ഡിംപിള്‍ കപാഡിയ, നര്‍ഗീസിന്റേയും രാജ്കപൂറിന്റേയും സ്‌നേഹബന്ധത്തിലുണ്ടായ സന്താനമാണെന്നൊരു പിന്നാമ്പുറക്കഥ പ്രചരിച്ചിരുന്നു അക്കാലത്ത്. ഡിംപിളുമായി അടുക്കുന്നതില്‍നിന്ന് മകനെ രാജ്കപൂര്‍ അകറ്റിയത് അവര്‍ റിഷിയുടെ അര്‍ദ്ധസഹോദരിയായതുകൊണ്ടാണെന്ന മട്ടിലുള്ള അപവാദപ്രചരണം ആളിപ്പടര്‍ന്നിരുന്നു. ലോറന്‍സ് സ്‌കൂളിലെ തലതെറിച്ച സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ജയ്യെ കുത്തിനോവിക്കാന്‍ ആ കള്ളക്കഥ ധാരാളമായിരുന്നു. ചെറുപ്പത്തില്‍ സനാവറില്‍ നേരിട്ട ഒറ്റപ്പെടലും അനുഭവിച്ച അപമാനങ്ങളും മുതിര്‍ന്ന വിദ്യാര്‍ത്ഥിയായപ്പോള്‍ ലഭിച്ച ദുഃസ്വാതന്ത്ര്യവുമൊക്കെയാണ് സഞ്ജയ്ദത്തിന്റെ പ്രത്യേകം സ്വഭാവത്തെ വാര്‍ത്തെടുത്തതെന്നു പറയാം.

സിനിമയിലെത്തിയ സഞ്ജുബാബ
1971-ലെ സ്‌കൂള്‍ അവധിക്കാലത്ത് 'രേഷ്മ ഔര്‍ ഷേര'യുടെ സെറ്റ് സന്ദര്‍ശിക്കുകയുണ്ടായി പന്ത്രണ്ട് വയസ്സുകാരനായ സഞ്ജയ്. സുനില്‍ദത്തും വഹീദാ റഹ്മാനും വിനോദ് ഖന്നയും രാഖിയും താരതമ്യേന പുതുമുഖമായ അമിതാഭ് ബച്ചനുമൊക്കെ അഭിനയിച്ച ആ സിനിമയുടെ ഷൂട്ടിങ്ങ് രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍നിന്ന് എണ്‍പത് കിലോമീറ്റര്‍ അകലെയുള്ള പോച്ചിന ഗ്രാമത്തിലായിരുന്നു. 'സാലിം മേരി ഷരാബ് മേ യേ ക്യാ മിലാ ദിയാ' എന്ന ഖവാലി ഗാനം ചിത്രീകരിക്കുമ്പോള്‍ അതില്‍ മുഖ്യഗായകന്റെ സഹായിയായി അഭിനയിക്കാന്‍ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സുനില്‍ദത്ത് തന്റെ മകനോടാവശ്യപ്പെട്ടു. കൊച്ചു സഞ്ജയ്യെ അഭിനയിപ്പിക്കാന്‍ മടിയില്ലാതിരുന്ന സുനില്‍ദത്തിന് രേഷ്മ ഔര്‍ ഷേരയില്‍ അമിതാഭ് ബച്ചനെക്കൊണ്ട് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യിപ്പിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. (സ്വരം നന്നല്ലെന്നു പറഞ്ഞ് ഓള്‍ ഇന്ത്യാ റേഡിയോയും ബച്ചനെ ഒരു ഓഡിഷനില്‍ ഒഴിവാക്കിയിരുന്നു. മമ്മൂട്ടി, ഓം പുരി തുടങ്ങിയ ഒരുപാട് നടന്മാര്‍ക്ക് സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.) എസ്. സുഖ്‌ദേവ് സംവിധാനം ചെയ്ത 'രേഷ്മ ഓര്‍ ഷേര'യുടെ 'റഷസ്' കണ്ട് നിരാശനായ സുനില്‍ദത്ത് പിന്നീടതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും മുഴുവന്‍ രംഗങ്ങളും രണ്ടാമത് ചിത്രീകരിക്കുകയുമായിരുന്നു. മൂന്നു ദേശീയ പുരസ്‌കാരങ്ങള്‍ നേടിയെങ്കിലും ആ സിനിമ പരാജയപ്പെടുകയും സുനില്‍ ദത്തിനെ സാമ്പത്തിക പ്രാരാബ്ധത്തില്‍ ആഴ്ത്തുകയും ചെയ്തു.

1977-ല്‍ ലോറന്‍സ് സ്‌കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തിയ പതിനെട്ടുകാരനായ സഞ്ജയ്ദത്ത് അച്ഛന്റെ കടുത്ത നിര്‍ബന്ധത്തെ തുടര്‍ന്ന് എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. അക്കാലം തൊട്ടായിരുന്നു അയാള്‍ മയക്കുമരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ക്ലാസ്സില്‍ കയറാതെ ഒരു വര്‍ഷം കറങ്ങി നടന്ന സഞ്ജയ് പഠനം അവസാനിപ്പിക്കാനും അഭിനയത്തില്‍ ഒരു കൈ നോക്കാനും തീരുമാനിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ മൂന്ന് താരപുത്രന്മാരുടെ രംഗപ്രവേശത്തിന് ബോളിവുഡ് സാക്ഷ്യം വഹിച്ചു. ധര്‍മ്മേന്ദ്രയുടെ മകനായ സണ്ണി ഡിയോള്‍, രാജേന്ദ്ര കുമാറിന്റെ മകനായ കുമാര്‍ ഗൗരവ്, സുനില്‍ദത്തിന്റെ മകനായ സഞ്ജയ്ദത്ത് എന്നിവരായിരുന്നു അവര്‍. ദീവാര്‍, തൃശൂല്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്ന ഗുല്‍ഷന്‍ റായിയുടെ പിന്തുണയോടെ അമര്‍ ജീത്തിന്റെ നളന്ദ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങിയ 'റോക്കി'യിലായിരുന്നു സഞ്ജയ്യുടെ നായക പ്രവേശം. ടീനാ മുനിമും രാഖിയും ശക്തി കപൂറും അംജദ്ഖാനും ഗുല്‍ഷന്‍ ഗ്രോവറും അഭിനയിച്ച 'റോക്കി'യില്‍ സംവിധായകനായ സുനില്‍ദത്തും ഒരു അതിഥി വേഷം കൈകാര്യം ചെയ്തിരുന്നു. പക്ഷേ, മകനുമായുള്ള 'കോംബിനേഷന്‍ സീന്‍' അതിലുണ്ടായിരുന്നില്ല. ചിത്രത്തിലെ നായികയായ ടീനാ മുനിമുമായി ഷൂട്ടിങ്ങിനിടെത്തന്നെ സഞ്ജയ്ദത്ത് അടുപ്പത്തിലായിത്തീര്‍ന്നു. ഫെമിനയുടെ കവര്‍ ഗേളായ ടീനയെ കണ്ടെത്തിയതും ദേശ് പര്‍ദേശിലൂടെ (1978) സിനിമയില്‍ അവതരിപ്പിച്ചതും ദേവ് ആനന്ദായിരുന്നു. സുഭാഷ് ഘായിയുടെ കര്‍സില്‍ ടീനാ മുനിം റിഷി കപൂറിന്റെ നായികയായി അഭിനയിക്കുകയുണ്ടായി. റിഷിയും ടീനയും തമ്മില്‍ അടുപ്പത്തിലാണെന്നു കരുതി സഞ്ജയ്ദത്ത്. ഗുല്‍ഷന്‍ ഗ്രോവറിനേയും കൂട്ടു പിടിച്ച് റിഷി കപൂറിനെ കണക്കിന് കൈകാര്യം ചെയ്യാന്‍ വീട്ടില്‍ കയറിച്ചെന്ന സഞ്ജയ്യെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി നയത്തില്‍ പിന്തിരിപ്പിച്ചത് റിഷിയുടെ ഭാര്യയും രണ്‍ബീര്‍ കപൂറിന്റെ അമ്മയുമായ നീതു സിങ്ങായിരുന്നു.

റോക്കിയുടെ ജോലികള്‍ നടക്കുന്ന സമയത്ത് തന്നെയാണ് നര്‍ഗീസിന്റെ പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിച്ചിരിക്കുന്നെന്ന വാര്‍ത്ത ദത്ത് കുടുംബത്തെയാകെ ഞെട്ടിച്ചുകളഞ്ഞത്. ബ്രീച്ച് ക്യാന്‍ഡി ആശുപത്രിയിലും ന്യൂയോര്‍ക്കിലുമായി നര്‍ഗീസിന്റെ ചികിത്സാ കാര്യങ്ങള്‍ക്കായി സുനില്‍ദത്ത് അലയുമ്പോള്‍ ലഹരി ജീവിതത്തിനു പിന്നാലെ പായുകയായിരുന്നു സഞ്ജയ്. തന്റെ സുഹൃത്തും സംവിധായകനുമായ രാജ് ഖോസ്ലെയ്ക്ക് ഫോണിലൂടെ ഓരോ രംഗവും വിശദമായി പറഞ്ഞു കൊടുത്താണ് സുനിലിന് റോക്കി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്. 1981 മാര്‍ച്ച് ആയപ്പോഴേയ്ക്ക് അമേരിക്കയിലെ ചികിത്സയ്ക്കുശേഷം ബോംബെയിലേക്ക് മടങ്ങാന്‍ കഴിയുന്ന സ്ഥിതിയായി നര്‍ഗീസിന്. റോക്കിയുടെ റിലീസ് നേരത്തെയാക്കാന്‍ അവര്‍ നിര്‍ബന്ധം പിടിച്ചു. നര്‍ഗീസ് ആഗ്രഹിച്ചതുപോലെ റോക്കിയുടെ പ്രീമിയര്‍ ഷോ 1981 മേയ് എട്ടാം തീയതി തന്നെ നടന്നു. പക്ഷേ, ബോംബെയിലെ ഗംഗാ സിനിമാഹാളില്‍ ബന്ധുക്കളും സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരുമടങ്ങുന്ന നിറഞ്ഞ സദസ്സിനു മുന്‍പില്‍ റോക്കി പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ നര്‍ഗീസിനുവേണ്ടി കരുതിവെച്ചിരുന്ന ഇ-15 എന്ന സീറ്റ് മാത്രം ഒഴിഞ്ഞുകിടന്നു. മേയ് മൂന്നാം തീയതി പുലര്‍ച്ചെ തന്നെ നര്‍ഗീസ് എന്ന നക്ഷത്രം എന്നന്നേയ്ക്കുമായി പൊലിഞ്ഞുപോയിരുന്നു.

'റോക്കി' ഒരു ശരാശരി വിജയം മാത്രമായിരുന്നു. വിധാതാ (1982), മേം ആവാരാ ഹൂം (1983) എന്നീ സിനിമകള്‍ നല്ല രീതിയില്‍ പോയെങ്കിലും സഞ്ജയ്യെക്കുറിച്ചുള്ള മോശം കഥകള്‍ സിനിമാരംഗത്താകെ പ്രചരിക്കുന്നുണ്ടായിരുന്നു. 1983-ല്‍ സാവന്‍ കുമാറിന്റെ 'സൗടെന്‍' റിലീസായതോടെ രാജേഷ് ഖന്നയേയും ടീനാ മുനിമിനേയും ചേര്‍ത്ത് പ്രണയകഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. പത്തുവര്‍ഷമായ രാജേഷ് ഖന്ന-ഡിംപിള്‍ കപാഡിയ വിവാഹബന്ധത്തിന്റേയും സഞ്ജയ്-ടീന പ്രണയബന്ധത്തിന്റേയും ശവപേടകത്തില്‍ അവസാനത്തെ ആണിയടിച്ചു ആ കഥകള്‍. സഞ്ജയ് ദത്ത് രേഖയെ വിവാഹം കഴിച്ചെന്ന കിംവദന്തി പരന്നതും ആ സമയത്താണ്. ലഹരിമരുന്നുകള്‍ക്ക് പൂര്‍ണ്ണമായും അടിമയായിത്തീര്‍ന്ന സഞ്ജയ് 1984-ന്റെ തുടക്കത്തില്‍ സുനില്‍ ദത്തിനൊപ്പം അമേരിക്കയിലേക്ക് പോവുകയും സൗത്ത് മിയാമിയിലുള്ള ഒരു ആശുപത്രിയില്‍ അഡ്മിറ്റാവുകയും ചെയ്തു. ലഹരിമോചന ചികിത്സയ്ക്കുശേഷം സെപ്റ്റംബറിലാണ് അയാള്‍ തിരിച്ചെത്തുന്നത്. അപ്പോഴേയ്ക്കും സഞ്ജയ്യുടെ സഹോദരി നമ്രതയും നടനായ കുമാര്‍ ഗൗരവും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു ശേഷമുള്ള പൊതുതെരഞ്ഞെടുപ്പില്‍ എം.പി. സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സുനില്‍ദത്തിനോട് രാജീവ് ഗാന്ധി ആവശ്യപ്പെടുകയുണ്ടായി. സഞ്ജയ്ദത്തിന് ഈ രണ്ടു കാര്യങ്ങളോടും വലിയ യോജിപ്പില്ലായിരുന്നു. സിനിമാഭിനയത്തില്‍ താല്‍പ്പര്യം നശിച്ച് അമേരിക്കയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്ന സമയത്താണ് സഞ്ജയ്ദത്തിനെ നിര്‍മ്മാതാവ് പപ്പു വര്‍മ്മ 'ജാന്‍ കി ബാസി' എന്ന സിനിമയില്‍ അഭിനയിപ്പിക്കുന്നത്. 1985-ല്‍ പുറത്തിറങ്ങിയ ചിത്രം തരക്കേടില്ലാത്ത തിയേറ്റര്‍ കളക്ഷന്‍ നേടിയതോടെ അമേരിക്കയിലേക്ക് മടങ്ങാനുള്ള പദ്ധതി സഞ്ജയ് ഉപേക്ഷിച്ചു.

മന്‍സിലേന്‍ ഔര്‍ ഭി ഹൈ (1974), അര്‍ത്ഥ് (1982), സാരംശ് (1984) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിരുന്ന മഹേഷ് ഭട്ട് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്നൊരു കച്ചവടസിനിമയൊരുക്കാന്‍ കാത്തിരിക്കുന്ന സമയമായിരുന്നത്. തെറ്റിനും ശരിക്കുമിടയില്‍ പെട്ടുപോകുന്ന രണ്ട് സഹോദരന്മാര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നൊരു കഥ മഹേഷിന്റെ മനസ്സില്‍ രൂപം കൊണ്ടിരുന്നു. ലവ് സ്റ്റോറി എന്ന ഹിറ്റിനുശേഷം കാര്യമായ വിജയങ്ങളൊന്നുമില്ലായിരുന്ന കുമാര്‍ ഗൗരവിന് മഹേഷിന്റെ പ്രമേയം ഇഷ്ടമായി. അയാള്‍ ആ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തു. അതേ തുടര്‍ന്നാണ് തിരക്കഥാകൃത്തായ സലിംഖാനെ അവര്‍ സമീപിക്കുന്നത്. ഇന്നത്തെ തലമുറ സല്‍മാന്‍ ഖാന്റെ പിതാവ് എന്ന നിലയിലാകും സലിം ഖാനെ അറിയുക.

സലിം ഖാന്റെ രണ്ടാം ഭാര്യയായ ഹെലനെ ഒരുപക്ഷേ, ഇപ്പോള്‍ അദ്ദേഹത്തെക്കാള്‍ കൂടുതലായി ആള്‍ക്കാര്‍ അറിയുന്നുണ്ടാകും. അതേപോലെ, സിനിമാചരിത്രത്തെപ്പറ്റി വലിയ പിടിപാടില്ലാത്തവര്‍ക്ക് ഫര്‍ഹാന്‍ അഖ്തറിന്റേയും സോയ അഖ്തറിന്റേയും പിതാവും ഹിന്ദി പാട്ടെഴുത്തുകാരനും മാത്രമായിരിക്കാം ജാവേദ് അഖ്തര്‍. അദ്ദേഹം രണ്ടാമത് വിവാഹം ചെയ്ത ശബാന ആസ്മിയേയും ആള്‍ക്കാര്‍ക്ക് ഇന്നു കൂടുതലായി അറിയുമായിരിക്കാം. എന്നാല്‍, സലിം-ജാവേദ് എന്ന കൂട്ടുകെട്ട് ഒരുകാലത്ത് എഴുതിത്തിരുത്തിയത് ഹിന്ദി സിനിമയുടെ വ്യാപാരജാതകം തന്നെയായിരുന്നെന്നു തിരിച്ചറിയുന്നൊരു തലമുറ ഇവിടെ ഇപ്പോഴും അസ്തമിച്ചുപോയിട്ടൊന്നുമില്ല.

സിനിമയിലെ മുഖ്യതാരത്തെക്കാള്‍ പ്രതിഫലം സിനിമയുടെ തിരക്കഥാകൃത്തിനു കിട്ടുന്ന കാലം എന്നെങ്കിലും വരുമോ എന്നൊരു ചോദ്യം തലമുതിര്‍ന്ന തിരഴുത്തുകാരനായ അബ്‌റാര്‍ അല്‍വിയുടെ അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ സലിം ഖാന്‍ ചോദിച്ചിരുന്നു. എഴുത്തുകാരെ ഗുമസ്തന്മാരെക്കാള്‍ കഷ്ടമായി പരിഗണിച്ചിരുന്നൊരു സമയമായിരുന്നത്. അബ്‌റാര്‍ അല്‍വി സലിമിന്റെ സംശയം തമാശയായി ചിരിച്ചുതള്ളി. പക്ഷേ, 1980-ല്‍ 'ദോസ്താന' ഇറങ്ങുമ്പോള്‍ അമിതാഭ് ബച്ചനെക്കാള്‍ കൂടിയ പ്രതിഫലം വാങ്ങുന്ന നിലയിലെത്തിയിരുന്നു തിരക്കഥാകൃത്തുക്കളായ സലിം ഖാനും ജാവേദ് അഖ്തറും. ഷമ്മി കപൂറും ഹേമമാലിനിയും മുഖ്യവേഷത്തലും രാജേഷ് ഖന്ന അതിഥിവേഷത്തിലും അഭിനയിച്ച 'അന്ദാസിലാ'യിരുന്നു (1971) സലിം-ജാവേദ് ജോടിയുടെ എഴുത്തിന്റെ തുടക്കം. ഇഷ്ടപ്പെട്ട ഒരു സിനിമയുടെ പേര് മാത്രം പറയാന്‍ ആവശ്യപ്പെട്ടാല്‍ ഇക്കാലത്തും ബഹുഭൂരിപക്ഷം ഹിന്ദി സിനിമാ പ്രേക്ഷകരും തെരഞ്ഞെടുക്കുക 'ഷോലെ' ആയിരിക്കുമെന്നാണ് പലരും നടത്തിയിട്ടുള്ള അഭിപ്രായ സര്‍വ്വേകള്‍ അടിവരയിട്ട് ഉറപ്പിക്കുന്നത്. ഷോലെയുടെ തിരക്കഥാകൃത്തുക്കള്‍ എന്നതില്‍ കൂടുതലൊരു വിശേഷണം സലിം ഖാനേയും ജാവേദ് അഖ്തറിനേയും പരിചയപ്പെടുത്താന്‍ ആവശ്യമാകില്ല. 'സഞ്ജീര്‍' സിനിമ ഇറങ്ങുന്ന സമയത്ത് പോസ്റ്ററുകളില്‍പോലും അവരുടെ പേര് അച്ചടിച്ചിരുന്നില്ല. സ്വന്തം ചെലവില്‍ ഒരു പെയിന്ററെക്കൊണ്ട് 'റിട്ടണ്‍ ബൈ സലിം-ജാവേദ്' എന്ന് പോസ്റ്ററുകളിലൊക്കെ സ്റ്റെന്‍സില്‍ ഉപയോഗിച്ച് എഴുതിക്കേണ്ടിവന്ന എഴുത്തുകാരുടെ പേര് ഡോണ്‍ ഇറങ്ങിയപ്പോള്‍ തലക്കെട്ടിനെക്കാള്‍ വലുതായി പോസ്റ്ററില്‍ അച്ചടിക്കുന്ന നിലയായി. അമിതാഭ് ബച്ചനേയും അംജദ്ഖാനേയും പോലുള്ള താരങ്ങള്‍ ഉണ്ടായതുതന്നെ സലിം-ജാവേദുമാരുടെ എഴുത്തിന്റെ പച്ചയിലാണെന്നു പറയാം. അന്ദാസ് (1971), ഹാഥി മേരാ സാഥി (1971), സീതാ ഔര്‍ ഗീതാ (1972), സഞ്ജീര്‍ (1973), യാദോം കി ബാരാത് (1973), ഹാഥ് കി സഫായി (1974), മജ്ബൂര്‍ (1974), ദീവാര്‍ (1975), ആഖ്രി ദാവോ (1975), ഷോലെ (1975), ഇമാന്‍ ധരം (1977), ചാച്ചാ ഭട്ടിജ (1977), തൃശൂല്‍ (1978), ഡോണ്‍ (1978), കാലാ പഥര്‍ (1979), ദോസ്താന (1980), ക്രാന്തി (1981), ശക്തി (1982), സമാന (1985), മിസ്റ്റര്‍ ഇന്ത്യ (1987) എന്നിങ്ങനെ അവര്‍ ഒരുമിച്ച ചിത്രങ്ങളില്‍ പത്തെണ്ണത്തില്‍ അമിതാഭ് ബച്ചനുണ്ടായിരുന്നു. 'രോഷാകുലനായ ചെറുപ്പക്കാരന്‍' എന്ന താരം പ്രതിച്ഛായ ബച്ചനില്‍ ഉറപ്പിച്ചത് സലിം-ജാവേദുമാര്‍ ആയിരുന്നു. ഹിന്ദി സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളും തലമുറകള്‍ പറഞ്ഞു നടക്കുന്ന സംഭാഷണങ്ങളും സംഭാവന ചെയ്തു ആ കൂട്ടുകെട്ട്. 2009-ല്‍ ഓസ്‌കാര്‍ അവാര്‍ഡ് വാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തില്‍ എം.ആര്‍ റഹ്മാന്‍ പോലും ദീവാറിലെ 'മേരെ പാസ് മാ ഹൈ' എന്ന വാചകം കടമെടുക്കുകയുണ്ടായി. പക്ഷേ, ഒരുമിച്ചുള്ള എഴുത്ത് മുന്നോട്ട് തുടരേണ്ടതില്ലെന്ന് ഒരു ഘട്ടത്തില്‍ രണ്ടുപേരും ചേര്‍ന്നു തീരുമാനിച്ചു. 1981-ലായിരുന്നു ആ തീരുമാനം കൈക്കൊണ്ടതെങ്കിലും അതിനുശേഷവും അവര്‍ നേരത്തേ എഴുതിയ തിരക്കഥകളില്‍ ഒരുക്കിയ സിനിമകള്‍ പുറത്തുവന്നു. 1987-ല്‍ ശേഖര്‍ കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അനില്‍ കപൂര്‍-ശ്രീദേവി ചിത്രമായ 'മിസ്റ്റര്‍ ഇന്ത്യ'യായിരുന്നു അതില്‍ അവസാനത്തേത്.


കൂട്ടുകെട്ട് പിരിഞ്ഞതിനുശേഷം കുറച്ചുകാലം സലിം ഖാന്‍ സിനിമകളൊന്നും എഴുതിയില്ല. കൂട്ടെഴുത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിരുന്നത് ജാവേദ് അഖ്തറാണെന്നൊരു ധാരണ പലര്‍ക്കും ഉണ്ടായിരുന്നതിനാല്‍ അത് തിരുത്തേണ്ടത് സലിമിന്റെ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ തിരിച്ചു വരവിനു പറ്റിയൊരു സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. മഹേഷ് ഭട്ടിന്റെ ആദ്യ കൊമേഴ്സ്യല്‍ സിനിമാ സംരംഭമായിരുന്നു 'നാം'. ഹിറ്റ് സംവിധായകന്‍ എന്ന് പേരെടുക്കേണ്ടത് മഹേഷിന്റേയും ആവശ്യമായിരുന്നു. ലഹരിമോചന കേന്ദ്രത്തില്‍നിന്നു മടങ്ങിയെത്തിയ സഞ്ജയ്ദത്തിന്റെ സ്ഥിതിയും മെച്ചമായിരുന്നില്ല. കുമാര്‍ ഗൗരവും നിര്‍മ്മാതാവായ രാജേന്ദ്ര കുമാറും മുന്‍നിര താരങ്ങളായിരുന്നില്ല ആ സമയത്ത്. ചിത്രം വിജയിച്ചാല്‍ അതിന്റെ ഖ്യാതി വലിയ അളവില്‍ തനിക്കു ലഭിക്കുമെന്ന് സലിം ഖാന്‍ കണക്കുകൂട്ടി. കുമാര്‍ ഗൗരവിനെ വീണ്ടും മുഖ്യധാരയില്‍ സജീവമാക്കാന്‍ ഉദ്ദേശിച്ചാണ് 'നാം' നിര്‍മ്മിക്കപ്പെട്ടതെങ്കിലും ചിത്രത്തില്‍ കുമാറിന്റെ സഹോദരനും പിന്നീട് ജീവിതത്തില്‍ ഭാര്യാ സഹോദരനുമായ സഞ്ജയ്ദത്തിനാണ് ആ സിനിമയുടെ ഗുണം കൂടുതലായി കിട്ടിയത്. 'നാം' ആ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രമായി. പില്‍ക്കാലത്ത് ലഗാന്‍, സ്വദേശ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത അശുതോഷ് ഗവാരികര്‍ ഒരു ടാക്‌സിഡ്രൈവറായി നാമില്‍ അഭിനയിച്ചിരുന്നു എന്നൊരു കൗതുകം കൂടിയുണ്ട്. താന്‍ മനസ്സില്‍ ആഗ്രഹിച്ച വിജയം സലിം ഖാന്‍ നാമിലൂടെ നേടിയെടുത്തു. സഞ്ജയ്ദത്തും കുമാര്‍ ഗൗരവും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചിലുണ്ടായതില്‍ ആ സിനിമയ്ക്കുമൊരു പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇക്കാലത്ത് ഫിലിപ്പീന്‍സുകാരിയായ ഒരു എയര്‍ഹോസ്റ്റസുമായും കിമി കാട്കറുമായും അടുപ്പം പുലര്‍ത്തിയിരുന്നു സഞ്ജയ്. ഹം സിനിമയിലെ 'ജുമ്മാ ചുമ്മാ ദേ ദേ' എന്ന ഗാനരംഗത്തിലൂടെയാണ് ചലച്ചിത്രപ്രേമികള്‍ കിമിയെ ഓര്‍ത്തിരിക്കുന്നത്. ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്‌സിന്റെ വിഖ്യാത നോവലായ ശാന്താറാമില്‍ കിമി കാട്കറുടെ ജീവിതവും അസംസ്‌കൃത വസ്തുവായിരുന്നു. ചങ്കി പാണ്ടെയും കിമിയും അഭിനയിച്ച പാഞ്ച് പാപിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു ഓസ്‌ട്രേലിയക്കാരനായ ഗ്രിഗറി. ആത്മകഥാപരമായ നോവലില്‍ അദ്ദേഹം തന്റെ ഇന്ത്യന്‍ അനുഭവങ്ങളൊക്കെ ഉള്‍ക്കൊള്ളിച്ചിരുന്നല്ലോ. കിമിയുമായുള്ള സഞ്ജയ്യുടെ ബന്ധം അധികകാലം നീണ്ടില്ല. 1985-ല്‍ 'ഹം നൗ ജവാന്‍' എന്ന ചിത്രത്തിലൂടെ റിച്ചാ ശര്‍മ്മ എന്ന നടി ഹിന്ദി സിനിമാലോകത്തേയ്ക്ക് അവതരിപ്പിക്കപ്പെട്ടിരുന്നു. സീനത്ത് അമ്മനേയും ടീനാ മുനിമിനേയുമൊക്കെ തിരലോകത്തേയ്ക്ക് എത്തിച്ച ദേവ് ആനന്ദായിരുന്നു റിച്ചയേയും കണ്ടെത്തിയത്. തന്റെ ഒരു സിനിമയുടെ പൂജാവേളയില്‍ സീ റോക്ക് ഹോട്ടലില്‍ വച്ച് റിച്ചയെ ആദ്യമായി കണ്ട സഞ്ജയ്ദത്ത് രണ്ട് വര്‍ഷത്തിനുശേഷം അവരുടെ ഭര്‍ത്താവായി മാറി. 1987 ഒക്ടോബറില്‍ വിവാഹിതനായ സഞ്ജയ്ദത്തിന് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ തൃഷാല എന്ന മകളെ ലഭിച്ചു. പക്ഷേ, നാളുകള്‍ക്കുള്ളില്‍ റിച്ചയ്ക്ക് തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചെന്ന ദുരന്തവാര്‍ത്ത ദത്ത് കുടുംബത്തെ തേടിയെത്തി. നര്‍ഗീസ് ചികിത്സ തേടിയ ന്യൂയോര്‍ക്കിലെ സ്ലോവാന്‍ കെറ്റെ റിങ്ങ് ആശുപത്രിയില്‍ത്തന്നെ റിച്ചയും പ്രവേശിപ്പിക്കപ്പെട്ടു.

ഇതിനോടടുത്ത സമയത്താണ് 'സാഗര്‍' എന്ന സിനിമയ്ക്ക് ശേഷം രമേഷ് സിപ്പി ചിത്രീകരിച്ച 'സമീന്‍' പകുതിവഴിക്ക് ഉപേക്ഷിക്കപ്പെടുന്നത്. സാഗറില്‍ റിഷി കപൂറും കമലഹാസനും ഡിംബിള്‍ കപാഡിയയും നാദിറയും സയ്യദ് ജാഫ്രിയുമൊക്കെയായിരുന്നു താരങ്ങള്‍. സഞ്ജയ്ദത്തും രജനികാന്തും വിനോദ് ഖന്നയും അണിനിരന്ന 'സമീന്‍' പുറത്തിറങ്ങിയിരുന്നെങ്കില്‍ ശ്രീദേവിയും മാധുരി ദീക്ഷിതും ഒന്നിച്ചഭിനയിച്ച ഏക സിനിമയാകുമായിരുന്നു അത്. ആമിര്‍ ഖാന്റേയും സല്‍മാന്‍ ഖാന്റേയും രംഗപ്രവേശമുണ്ടായതും ഈ കാലത്തായിരുന്നു. 1988-ല്‍ ഖയാമത്ത് സേ ഖയാമത്ത് തക്കിലൂടെ ആമിറും 1989-ല്‍ മേ നേ പ്യാര്‍ കിയായിലൂടെ സല്‍മാനും തങ്ങളുടെ വരവറിയിച്ചു. 1989-ല്‍ പുറത്തിറങ്ങിയ, ജെ.പി. ദത്തയുടെ ഹത്യാര്‍ സഞ്ജയ്ദത്തിന്റെ മികച്ച പ്രകടനമുള്ള ചിത്രങ്ങളില്‍ ഒന്നായിരുന്നു. വലിയ ഹിറ്റൊന്നുമായിരുന്നില്ലെങ്കിലും ഹിന്ദി സിനിമാപ്രേമികള്‍ക്കിടയില്‍ പ്രത്യേകമായൊരു പദവി നേടിയെടുക്കാന്‍ ഹത്യാറിനു കഴിഞ്ഞു. ധര്‍മ്മേന്ദ്രയും റിഷി കപൂറുമൊക്കെയുണ്ടായിരുന്ന ചിത്രത്തിലെ അവിനാശ് എന്ന തോക്കു പ്രേമിയായ സഞ്ജയ് കഥാപാത്രം ശ്രദ്ധേയമായി. രാം ഗോപാല്‍ വര്‍മ്മയുടെ സത്യ, സഞ്ജയ് തന്നെ അഭിനയിച്ച വാസ്തവ് തുടങ്ങിയ പില്‍ക്കാല സിനിമകളുടെ പൂര്‍വ്വമാതൃകയായി കണക്കാക്കപ്പെടുന്ന ചിത്രമാണ് ഹത്യാര്‍.

ശസ്ത്രക്രിയകളുടെ പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന റിച്ചയുമായുള്ള സഞ്ജയ്യുടെ ബന്ധം തകര്‍ച്ചയുടെ വക്കില്‍ എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. അമൃതാ സിങ്ങ്, ഏക്ത, അനു അഗര്‍വാള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് സഞ്ജയ്യുടെ പേരില്‍ പ്രചരിച്ചിരുന്ന കഥകള്‍ അതിന് ആക്കം കൂട്ടി. താനേദാര്‍ (1990), ഫാതേഹ് (1991) എന്നീ സഞ്ജയ് സിനിമകള്‍ പ്രദര്‍ശന വിജയം നേടിയിരുന്നു. താനേദാറില്‍ മാധുരി ദീക്ഷിതിനൊപ്പം സഞ്ജയ് അവതരിപ്പിച്ച നൃത്തരംഗവും അതിലെ ഗാനവും നന്നായി പ്രചാരം നേടി. ഖാത്‌റോന്‍ കേ ഖിലാഡി, കാനൂന്‍ അപ്നാ അപ്നാ എന്നിവയില്‍ ഒന്നിച്ച് അഭിനയിച്ച മാധുരിയോടൊപ്പം സഞ്ജയ്യുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ഖല്‍നായക്, സാഹിബാ, മഹാന്‍താ തുടങ്ങിയ സിനിമകളുടെ അറിയിപ്പു കൂടി വന്നതോടെ ബോളിവുഡിലെ പിന്നാമ്പുറത്ത് മസാലക്കഥകള്‍ വെന്ത് തുടങ്ങി. റിച്ചയുമായുള്ള സഞ്ജയ്യുടെ ബന്ധത്തില്‍ അവ കൂനിന്മേല്‍ കുരുക്കളായി ഭവിച്ചു.

ഛായാഗ്രാഹകനായിരുന്ന ലോറന്‍സ് ഡിസൂസ സംവിധാനം ചെയ്ത ത്രികോണ പ്രണയകഥയായ സാജന്‍ 1991-ല്‍ പുറത്തിറങ്ങി. സാഗര്‍ എന്ന തൂലികാനാമത്തില്‍ എഴുതുന്ന അമന്‍ എന്ന കവി കഥാപാത്രത്തെ സഞ്ജയ് ദത്തും ആരാധികയായ പൂജ എന്ന കഥാപാത്രത്തെ മാധുരിയും അമന്റെ സഹോദരനായ ആകാശ് എന്ന കഥാപാത്രത്തെ സല്‍മാന്‍ ഖാനുമാണ് സാജനില്‍ അവതരിപ്പിച്ചത്. ആമിര്‍ ഖാന്‍ നിരസിച്ച വേഷമാണ് സത്യത്തില്‍ സഞ്ജയില്‍ വന്നുചേര്‍ന്നത്. അതുവരെ അയാള്‍ കൈകാര്യം ചെയ്ത വേഷങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമായിരുന്നു സാജനിലെ കഥാപാത്രം.

സാജനും സാജനിലെ സഞ്ജയ് ഹെയര്‍സ്‌റ്റൈലും നദീം-ശ്രാവണ്‍ ടീമിന്റെ സംഗീതവുമൊക്കെ ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗമായി മാറി. 'ദേഖാ ഹൈ പെഹലി ബാറും' 'ജിയേ തോ ജിയേയും' 'ബഹുത് പ്യാര്‍ കര്‍തേ ഹേയും' 'മേരാ ദില്‍ ഭി കിത്നാ പാഗല്‍ ഹേയു'മൊക്കെ ഇന്നും ജനപ്രിയ ഗാനങ്ങളായി തുടരുന്നു. 1991-ല്‍ത്തന്നെ പുറത്തുവന്ന സഞ്ജയ് സിനിമകളായ ഖൂന്‍ കാ കര്‍സും യോദ്ധയും തരക്കേടില്ലാത്ത കച്ചവടവിജയം നേടിയിരുന്നു. ആ വര്‍ഷം അവസാനം മഹേഷ് ഭട്ടിന്റെ 'സഡക്ക്' കൂടി പുറത്തിറങ്ങിയപ്പോള്‍ ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരമായി മാറി സഞ്ജയ്.
മൂന്ന് വര്‍ഷത്തെ ചികിത്സയ്ക്കു ശേഷം രോഗമുക്തയായ റിച്ചാ ശര്‍മ്മ മകളേയും കൂട്ടി 1992 ഒക്ടോബറില്‍ ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നു. പക്ഷേ, അവരെ കൂട്ടിക്കൊണ്ട് പോകാന്‍ സഞ്ജയ് ചെന്നില്ല. അടുത്ത വര്‍ഷമായപ്പോഴേയ്ക്കും റിച്ചയുമായുള്ള ബന്ധം പിരിയുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങി സഞ്ജയ്. 1993 മദ്ധ്യത്തോടെ റിച്ച വീണ്ടും രോഗബാധിതയായി. അവരോട് കാട്ടിയ മനുഷ്യത്വമില്ലായ്മയുടെ പേരില്‍ സഞ്ജയ് മാധ്യമങ്ങളുടെ കടുത്ത വിമര്‍ശനങ്ങളേറ്റുവാങ്ങി. സഞ്ജയ്ദത്ത് മാധുരി ദീക്ഷിതിനെ എപ്പോള്‍ വിവാഹം കഴിക്കുമെന്നതായിരുന്നു അപ്പോള്‍ ചലച്ചിത്ര വാരികകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പ്രധാന ചര്‍ച്ചകളില്‍ ഒന്ന്.

ബോളിവുഡിന്റെ ബാഡ് ബോയ് 
1991 ഡിസംബറില്‍ 'യാല്‍ഗാര്‍' എന്ന സിനിമയുടെ ചിത്രീകരണം ദുബായ് നഗരത്തില്‍ നടക്കുമ്പോള്‍ സംവിധായകനായ ഫിറോസ് ഖാന്‍, സഞ്ജയ് ദത്തിനെ അധോലോക രാജാവായ ദാവൂദ് ഇബ്രാഹിമിനെ പരിചയപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിം യാല്‍ഗാറിന്റെ സെറ്റില്‍ പലതവണ എത്തുകയും സഞ്ജയ്യുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ദാവൂദ് സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ ഫിറോസ് ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, ജോണി ലിവര്‍, ഗോവിന്ദ, അനില്‍ കപൂര്‍, ജിതേന്ദ്ര, ജയപ്രദ, ആദിത്യ പഞ്ചോളി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം സഞ്ജയ്ദത്തും പങ്കെടുത്തിരുന്നെന്ന് ഗോഡ് ഫാദേര്‍സ് ഓഫ് ക്രൈം എന്ന പുസ്തകത്തില്‍ ഷീലാ റാവല്‍ എഴുതുന്നുണ്ട്. അത്തരം ബന്ധങ്ങള്‍ തന്റെ ജീവിതത്തെ വഴിതിരിച്ചു വിടാന്‍ പോകുന്നതെങ്ങോട്ടാണെന്ന് സഞ്ജയ്ദത്തിന് അപ്പോള്‍ യാതൊരു ഊഹവുമുണ്ടായിരുന്നില്ല. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബറി പള്ളി യു.പിയില്‍ തകര്‍ന്നതിനൊപ്പം ബോംബെ നഗരത്തിന്റെ സമാധാനാന്തരീക്ഷം കൂടിയാണ് പൊളിഞ്ഞുവീണത്. 1992 ഡിസംബറിലും 1993 ജനുവരിയിലുമായി അനേകം പേരുടെ ജീവനെടുത്ത കലാപങ്ങള്‍ക്ക് ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം സാക്ഷിയായി. എം.പിയായിരുന്ന സുനില്‍ദത്തിന്റെ വീട് കലാപദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനുള്ള മരുന്നും ഭക്ഷണവും ശേഖരിച്ച് വിതരണം ചെയ്യുന്ന കേന്ദ്രമായി മാറിയിരുന്നു അക്കാലത്ത്. മുസ്ലിങ്ങളെ മാത്രമേ സഹായിക്കുന്നുള്ളൂ എന്ന് ആരോപിച്ച് സുനില്‍ദത്തിന്റെ ഇടപെടലുകളെ നിരന്തരം താഴ്ത്തിക്കെട്ടാനും വിമര്‍ശിക്കാനും ശിവസേന ശ്രമിച്ചിരുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് ഭരണകൂടത്തിന് കലാപത്തെ ഫലപ്രദമായി നേരിടാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് 1993 ജനുവരിയില്‍ തന്റെ എം.പി സ്ഥാനം തന്നെ ഒഴിയാന്‍ തീരുമാനിച്ചതായിരുന്നു സുനില്‍. രാജി സ്വീകരിക്കപ്പെട്ടില്ലെങ്കിലും മഹാരാഷ്ട്ര കോണ്‍ഗ്രസ്സിലെ ദത്ത് വിരുദ്ധരെ ആ നീക്കം ചൊടിപ്പിച്ചു. ബോംബെ നഗരത്തിന്റെ ദുഃഖവെള്ളിയായി മാറിയ ദിവസമായിരുന്നു 1993 മാര്‍ച്ച് 12. രണ്ടേകാല്‍ മണിക്കൂര്‍ സമയത്തിനുള്ളില്‍ ബോംബെയുടെ പല ഭാഗങ്ങളിലായി നടന്ന പന്ത്രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ 257 പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ജനജീവിതം മുള്‍മുനയിലാവുകയും ചെയ്തു അന്ന്. ജയ്പൂരില്‍ സുല്‍ത്താന്‍ അഹമ്മദിന്റെ ജയ് വിക്രാന്തയുടെ സെറ്റിലായിരുന്നു അപ്പോള്‍ സഞ്ജയ്ദത്ത്. ഏപ്രില്‍ രണ്ടിന് സഞ്ജയ്ഗുപ്തയുടെ ആതിഷില്‍ അഭിനയിക്കുന്നതിനുവേണ്ടി മൗറീഷ്യസിലേയ്ക്ക് പറന്നു സഞ്ജയ്. ദാവൂദും അനീസും മേമന്‍ സഹോദരങ്ങളുമൊക്കെ ചേര്‍ന്ന് ആസൂത്രണം ചെയ്ത സ്‌ഫോടന പരമ്പരയെക്കുറിച്ച് പൊലീസ് അന്വേഷിച്ച് തുടങ്ങുമ്പോഴേയ്ക്ക് പ്രധാന പ്രതികളൊക്കെ പാകിസ്താനിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമൊക്കെ കടന്നു കളഞ്ഞിരുന്നു.

സ്‌ഫോടന ഗൂഢാലോചനകള്‍ക്ക് പിന്നില്‍ ബോളിവുഡിനും ചില ബന്ധങ്ങളുണ്ടെന്നു പൊലീസിനു പിടികിട്ടുന്നത് ഏപ്രില്‍ മധ്യത്തോടെയായിരുന്നു. മാഗ്‌നം വീഡിയോസ് ഉടമകളും സിനിമാ നിര്‍മ്മാതാക്കളുമായ ഹനീഫ് കഡാവാലയേയും സമീര്‍ ഹിംഗോറയേയും ചോദ്യം ചെയ്തപ്പോഴാണ് രാകേഷ് മരിയ നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തിലെത്തിയ ഉദ്യോഗസ്ഥരോട് സഞ്ജയ് ദത്തിനുള്ള പങ്കിനെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്. മനീഷാ കൊയ്രാള നായികാ വേഷത്തിലെത്തിയ സഞ്ജയ് സിനിമയായ സനം നിര്‍മ്മിച്ചത് ഫനീഫ്-സമീര്‍ കൂട്ടുകെട്ടായിരുന്നു. സഞ്ജയ്‌ക്കെതിരെയുള്ള ആരോപണം ആദ്യം അവിശ്വാസത്തോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കേട്ടത്. സ്‌ഫോടനത്തില്‍ ഉപയോഗിച്ച് ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തപ്പെടുന്ന കാര്യം സഞ്ജയ്ദത്തിന് ഒരുപക്ഷേ, അറിയാമായിരുന്നിരിക്കണം എന്ന സാധ്യതയെ ഗൗരവമില്ലാതെ തള്ളിക്കളയാന്‍ പൊലീസിന് ആകുമായിരുന്നില്ല. ഏപ്രില്‍ 12-ന് പൊലീസ് കമ്മിഷണര്‍ അമര്‍ജീത് സിങ്ങ് സമ്ര നടത്തിയ പത്രസമ്മേളനത്തില്‍, ബോംബെ സ്‌ഫോടന പരമ്പരയില്‍ സിനിമാരംഗത്തെ ചിലരുടെ പങ്കിനെക്കുറിച്ചു സംശയമുണ്ടെന്ന സൂചന മാത്രമേ നല്‍കിയിരുന്നുള്ളൂ. പക്ഷേ, സഞ്ജയ് ദത്തിന് സ്‌ഫോടനങ്ങളിലുള്ള പങ്കാളിത്തത്തെക്കുറിച്ച് പിറ്റേന്നുതന്നെ പത്രങ്ങള്‍ അഭ്യൂഹങ്ങള്‍ നിരത്തിത്തുടങ്ങി. ഖല്‍നായകില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടതിലൂടെ പ്രതിഫലക്കാര്യത്തില്‍ ഒരു കോടി ക്ലബ്ബില്‍ കടന്നതിന്റെ സന്തോഷത്തിലായിരുന്നു ആ സമയത്ത് സഞ്ജയ്. ഏപ്രില്‍ 19-ന് മൗറീഷ്യസില്‍ നിന്നെത്തിയ സഞ്ജയ്ദത്തിനെ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുതന്നെ ഉദ്യോഗസ്ഥര്‍ ബാന്ദ്ര ക്രൈം ബ്രാഞ്ചിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് പൊലീസ് ആസ്ഥാനത്ത് വച്ച് ജെ.സി.പി എം.എന്‍. സിങ്ങും രാകേഷ് മരിയയും ചോദ്യം ചെയ്തപ്പോള്‍ ആരോപണങ്ങളൊക്കെ സഞ്ജയ് നിഷേധിച്ചു. ഫനീഫിനേയും സമീറിനേയും പൊലീസ് തന്ത്രപരമായി മുന്നിലെത്തിച്ചതോടെ സഞ്ജയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതായി. കലാപകാലത്ത് ഹിന്ദുമത മൗലികവാദികളില്‍നിന്നു നിരന്തരം ഭീഷണി നേരിട്ടിരുന്നെന്നും മുന്‍കരുതല്‍ എന്ന നിലയില്‍, ഫനീഫിന്റേയും സമീറിന്റേയും ഒപ്പം എത്തിയ അബു സലിമില്‍നിന്ന് എ.കെ. 56 തോക്കുകളും ഗ്രനേഡുകളും കൈപ്പറ്റിയെന്നും അയാള്‍ സമ്മതിച്ചു. സ്വന്തം ഫിയറ്റ് കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച തോക്കുകളും സ്‌ഫോടകവസ്തുക്കളും രണ്ടു ദിവസം കഴിഞ്ഞ് മടക്കി നല്‍കിയെന്നും ഒരു തോക്കും കുറച്ച് തിരകളും മാത്രമാണ് താന്‍ സൂക്ഷിച്ചതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. സുഹൃത്തായ യൂസുഫ് നുള്‍വാലയ്ക്ക്, ആ തോക്കഴിച്ച് ഭാഗങ്ങളാക്കി നശിപ്പിക്കാന്‍ മൗറീഷ്യസിലായിരുന്ന സമയത്ത് സഞ്ജയ് നിര്‍ദ്ദേശം നല്‍കിയിരുന്നത്രെ. ഉരുക്കിയും അറുത്ത് മുറിച്ചും കളഞ്ഞ തോക്കിന്റെ ഭാഗങ്ങളില്‍ അവശേഷിച്ച ഒരു സ്പ്രിങ്ങും ഇരുമ്പ്ദണ്ഡും കേര്‍സി അഡാജാനിയ എന്നയാളുടെ ഗോഡൗണില്‍നിന്ന് പൊലീസ് കണ്ടെടുത്തു. സഞ്ജയ്ക്ക് ആയുധങ്ങള്‍ എത്തിച്ചവരും പിന്നീട് പൊലീസും കേസിന് ആസ്പദമായ തോക്കുകളേയും ഗ്രനേഡുകളേയും 'ഗിത്താറുകളും ടെന്നീസ് ബോളുകളും' എന്നാണ് പരാമര്‍ശിച്ചിരുന്നത്.

(തുടരും)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com