തടാകം, കവിത, കണക്ക്: കണക്കില്‍ താല്‍പര്യമുള്ളൊരു കവിയെക്കുറിച്ച് 

കണക്കില്‍ താല്പര്യമുള്ള ഒരു കവിയേയോ കവിതയില്‍ താല്പര്യമുള്ള ഒരു ഗണിതകാരനേയോ ഞാന്‍ കാണുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
തടാകം, കവിത, കണക്ക്: കണക്കില്‍ താല്‍പര്യമുള്ളൊരു കവിയെക്കുറിച്ച് 

രുപക്ഷേ, എന്റെ അനുഭവത്തിന്റേയും വായനയുടേയും പരിമിതിയായിരിക്കും, കണക്കില്‍ താല്പര്യമുള്ള ഒരു കവിയേയോ കവിതയില്‍ താല്പര്യമുള്ള ഒരു ഗണിതകാരനേയോ ഞാന്‍ കാണുകയോ വായിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. എല്ലാ ജ്ഞാനമേഖലകളും ശ്ലോകത്തിലായിരുന്ന കാലത്ത് ജ്യോതിഷം, വാസ്തുവിദ്യ, വൈദ്യശാസ്ത്രം മുതലായവ കൈകാര്യം ചെയ്തിരുന്നവര്‍ നേരംപോക്കിനെന്നപോലെ ചില രചനാ ഉദ്യമങ്ങള്‍ കവിതയിലും നടത്തി എന്നുള്ളതൊഴിച്ചാല്‍ കാവ്യചരിത്രത്തില്‍ ഇടം നേടിയ രചനകള്‍ ഉണ്ടായിട്ടുണ്ടോ എന്നും അറിയില്ല. കണക്കിനെപ്പറ്റിയും കവിതയെപ്പറ്റിയുമുള്ള ഈ മുന്‍വിധി തിരുത്തിത്തന്ന കവിയാണ് കായ ടിയന്‍ഷിന്‍ (Cai Tianxin). പരത്തിപ്പറച്ചിലും അമൂര്‍ത്തമാക്കലും നീട്ടിപ്പാടലും കവിതയിലും പൊണ്ണത്തടി (obesity) വളര്‍ത്തുന്ന ഈ കാലത്ത്, ഈ കവിയുടെ 'ശാന്തമായ ജീവിതത്തിന്റെ ഗാനം' (Song of Quiet Life) പോലുള്ള സമാഹാരങ്ങളിലെ കവിതകളുടെ വായനയും അവയിലെ ആവിഷ്‌കാര ഭാഷാനുഭവവും മലയാള കവിതയുടേയും ആരോഗ്യത്തിനു നല്ലതാണെന്നു തോന്നുന്നു. 

പുതിയ കാലത്തെ ചൈനീസ് കവിതയില്‍, കവികളുടെ കൂട്ടങ്ങളില്‍ വിശ്വസിക്കാത്ത കവിയാണ് ഹാങ്ങ് ദൊവിലെ (Hangzhou) ഷെജിയാണ് (Zhejiang) സര്‍വ്വകലാശാലയിലെ ഗണിതശാസ്ത്രം പ്രൊഫസറായ കായ് ടിയാന്‍ഷിങ്ങ്. ലോക സഞ്ചാരി. എണ്‍പതോളം രാജ്യങ്ങളില്‍ സഞ്ചരിച്ചു, ഏറ്റവും കൂടുതല്‍ യാത്ര ചെയ്ത ചൈനീസ് കവിയായി. കവികള്‍ സാധാരണ ചെയ്യാറുള്ളതുപോലെ കാവ്യോത്സവങ്ങളില്‍ പങ്കെടുക്കാനായിരുന്നില്ല യാത്രകളിലധികവും. ഗണിതശാസ്ത്ര സമ്മേളനങ്ങളില്‍ പങ്കെടുക്കാനായിരുന്നു. പക്ഷേ, ആ യാത്രാനുഭവങ്ങളെല്ലാം ഭാഷ കണ്ടെത്തിയത് കവിതയില്‍. ഗണിതശാസ്ത്രത്തികവോടെ. 'കവികളും ഗണിതശാസ്ത്രവും' എന്ന ലേഖനത്തില്‍ കായ് എഴുതുന്നു:

ഗണിതം ഒരു സത്യഭാഷയാണ്. ആശയങ്ങള്‍ രേഖപ്പെടുത്തുകയും ചിന്താരീതികള്‍ ആവിഷ്‌കരിക്കുകയും മാത്രമല്ല അതു ചെയ്യുന്നത്. അതിന്റേതായ കവികളിലൂടെയും എഴുത്തുകാരിലൂടെയും അത് സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യന്റെ ഏറ്റവും സ്വതന്ത്രമായ ബൗദ്ധിക പ്രവൃത്തിയാണ് കവിതയും ഗണിതവും എന്നു പറയേണ്ടിയിരിക്കുന്നു. സ്വത്വപരമായ അന്തസ്സുള്ള ഒരു കവി തീര്‍ച്ചയായും അനിവാര്യമായും ഭരണവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ ഉല്ലംഘിക്കും. പ്രവാചകരുടെ വെളിപാടുപോലെയാണ് കവിതകള്‍. കവികള്‍-പ്രവാചകര്‍, അദ്ഭുതം നിറഞ്ഞതും അപരിചിതവുമായ ലോകത്തിന്റെ രഹസ്യങ്ങള്‍ മാന്ത്രിക വരികള്‍കൊണ്ടും ബിംബങ്ങള്‍കൊണ്ടും അനാവരണം ചെയ്യുന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ ജര്‍മന്‍ കാല്പനിക ചിന്തകനായ നോവാലിസിനെ (Novalis) അവസാന വരികള്‍ ഓര്‍മ്മിപ്പിക്കുമെങ്കിലും പ്രവാചക വെളിപാടുകളിലും കവിതകളിലും പൊതുവായി കാണുന്ന ഭാഷാപരമായ കൃത്യത, രൂപകത്തികവ്, ബിംബസൂചനയീത്വം മുതലായവയെപ്പറ്റി പുതിയ ആലോചനകളിലേക്കു നയിക്കുന്നതാണ് കായിയുടെ കവിതകളും ലേഖനങ്ങളും. 'അക്കവും പനിനീരും' (The Number and the Rose) എന്ന കവിത.
ഭിന്നകങ്ങള്‍ പരികല്പന ചെയ്യുമ്പോള്‍
ത്രികോണത്തിന്റെ കര്‍ണ്ണത്തില്‍
പൈത്തഗോറസ് ഈണം വായിച്ചു.
ഏജിയന്‍ കടല്‍ത്തീരത്ത്
പളുങ്കുപോലെ സുതാര്യമായ ദുര്‍ഘടദുര്‍ഗ്ഗം
അയാളുടെ വീട്.
ചെറുപ്പത്തില്‍, സലോണിക്കയിലെ
സുന്ദരിമാരുടെ ആകര്‍ഷണത്തില്‍
അയാള്‍ അകപ്പെട്ടിരുന്നില്ല.
അക്കങ്ങളായിരുന്നു അയാളുടെ ഹൃദയത്തിന്റെ
അമൂല്യമായ പനിനീര്‍പ്പൂക്കള്‍,
ചുകപ്പ്, ഓറഞ്ച്, മഞ്ഞ, തൂവെള്ള
പൂക്കളായിരുന്നു അയാളുടെ
തുല്യതയില്ലാത്ത മനസ്സിന്റെ
പൂര്‍ണ്ണമായ ആവിഷ്‌കാരങ്ങള്‍.
'എല്ലാം അക്കങ്ങളാണ്' എന്ന ഉറപ്പിലേക്ക്
അവ അയാളെ നയിച്ചു.
ഒരിക്കല്‍, ഫ്‌ലോറന്‍സില്‍
സുന്ദരിയായ ജനിവ്രയുടെ വശ്യത മറന്ന്
ലിയോണാര്‍ഡോ
ഈ സിദ്ധാന്തത്തിനു പിന്നാലെ പോയി.
ഒടുവില്‍, നമുക്കറിയാത്ത കാരണത്താല്‍
തിരിച്ചു നടന്നു.
ചൈനയിലെ ഷൈജിയാണ് പ്രവിശ്യയിലെ ഹാങ്ങ്‌ദൊ നഗരത്തിന്റെ കവിയാണ് താനെന്നാണ് കായ് ടിയന്‍ഷിങ്ങ് പറയുക. ബീജിങ്ങില്‍നിന്ന് ആയിരത്തിയെഴുന്നൂറിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് 'ഗ്രാന്‍ഡ് കനാല്‍' വന്നുചേരുന്ന പടിഞ്ഞാറന്‍ തടാക(West Lake)ക്കരയിലാണ് ഈ നഗരം. അതുകൊണ്ട്, താന്‍ നഗരത്തിലാണ് ജീവിക്കുന്നതെങ്കിലും തന്റെ കവിത യഥാര്‍ത്ഥത്തില്‍ തടാകത്തിന്റെ കവിതയാണെന്നുകൂടി പറയും കവി. കവിതയെപ്പറ്റിയും കവിതയിലേക്കു എത്തിയ വഴികളെപ്പറ്റിയും ചോദിച്ചാല്‍, പടിഞ്ഞാറന്‍ തടാകത്തെപ്പറ്റിയും തടാകക്കരയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ച കവികള്‍ മുതല്‍ പറഞ്ഞുതുടങ്ങും.

കായ് ടിയന്‍ഷിനൊപ്പം ലേഖകന്‍
കായ് ടിയന്‍ഷിനൊപ്പം ലേഖകന്‍

''ജലമാര്‍ഗ്ഗമാണ് ഞാന്‍ കവിതയിലെത്തിയത്, കരമാര്‍ഗ്ഗം കണക്കിലും. എട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ബായ് ജൂയി(Bai Juyi)യുടേയും പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന എന്റെയും കവിതകളുടെ ഞരമ്പുകളില്‍ ഒഴുകുന്നത് ഈ തടാകജലമാണ്'', പടിഞ്ഞാറന്‍ തടാകക്കരയില്‍, കവികളുടെ സ്മാരകമന്ദിരത്തിലിരുന്ന് കായ് ടിയന്‍ഷിങ്ങ് പറഞ്ഞു.
ചൈനീസ്  നാടോടിക്കഥകളിലെ വിധ്വംസകകളായ നാലു സുന്ദരിമാരില്‍ ഒരുവളായ ക്‌സിഷി(Xishi)യുടെ പുനര്‍ജന്മമാണ് പടിഞ്ഞാറന്‍ തടാകം. സൈന്യങ്ങളെ തകര്‍ത്തെറിയുന്നവളും സാമ്രാജ്യങ്ങള്‍ മുച്ചൂടും മുടിക്കുന്നവളുമായിരുന്നു ആ സുന്ദരി. അതുതന്നെയായിരുന്നു പടിഞ്ഞാറന്‍ തടാകത്തിന്റേയും ആദ്യകാല സ്വഭാവം. കണ്ണെത്താ ദൂരത്തോളമുള്ള പരപ്പും വിസ്തൃതിയും കൊണ്ട് അതു ജനപഥങ്ങളെ അന്യോന്യം  അറിയാത്തവരായി അകറ്റി. വേനലില്‍ വറ്റിവരണ്ടും മഴയില്‍ കവിഞ്ഞൊഴുകിയും ഗ്രാമങ്ങളെ കരയിപ്പിച്ചു. തടാകസൗന്ദര്യത്തിന്റെ ആ സംഹാരകേളികള്‍ക്ക് അവസാനമുണ്ടായത് എട്ടാം നൂറ്റാണ്ടിന്റെ അവസാനം, ടാങ്ങ് വംശഭരണകാലത്ത് ബായ് ജൂയി ഗവര്‍ണ്ണറായി വന്നതോടെയാണ്.
പ്രഗത്ഭനായ ഭരണാധികാരിയും എന്‍ജിനീയറുമായിരുന്നു ബായ് ജൂയി. അതുപോലെത്തന്നെ പ്രശസ്തനായ കവിയും. മറ്റെല്ലാവരേയും പോലെ പടിഞ്ഞാറന്‍ തടാകത്തിന്റെ മാന്ത്രി സൗന്ദര്യത്തില്‍ ആ ഭരണാധികാരിയും  ആകൃഷ്ടനായി. ഭരണനിര്‍വ്വഹണത്തിനിടയിലും തടാകക്കരയില്‍ ഇരുന്നും നടന്നും ബായ് കവിതകള്‍ എഴുതി. വാക്കുകള്‍കൊണ്ടു വരച്ച തടാക ചിത്രങ്ങളാണ് ആ കവിതകളില്‍ അധികവും.

ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ വെറും നേരംപോക്കായിരുന്നില്ല ബായ് ജൂയിക്ക് കവിത. ജനങ്ങളുമായി സംവദിക്കാന്‍ അനുയോജ്യമായ ഭാഷ തേടിയുള്ള യാത്ര കൂടിയായിരുന്നു. ശക്തവും നേര്‍വിനിമയം സാധ്യമാകുന്നതുമായ ഭാഷയ്ക്കുവേണ്ടിയുള്ള അന്വേഷണം. അതിനുവേണ്ടി എഴുതിത്തീര്‍ന്ന കവിതയുമായി കവി ഗ്രാമങ്ങളിലേക്കു ചെന്നു. ഏറ്റവും ദരിദ്രരും നിരക്ഷരരുമായ ഗ്രാമീണരെ കണ്ടെത്തി അവര്‍ക്കു കവിത വായിച്ചുകൊടുത്തു. അവര്‍ക്കു ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍ കവിക്കു തൃപ്തിവന്നു. ജനങ്ങളുടെ പ്രതികരണം പ്രോത്സാഹനജനകമല്ലെങ്കില്‍, തിരിച്ചു ചെന്നു കവിത തിരുത്തിയെഴുതി. ഇങ്ങനെ പലതവണ വായിച്ചും ഗ്രാമീണരുമായി സംവദിച്ചും തിരുത്തിയെഴുതിയും ബായ്  ജൂയി തെളിയിച്ചെടുത്തത് പടിഞ്ഞാറന്‍ തടാകത്തിലെ തെളിനീര്‍പോലെ തെളിമയാര്‍ന്ന ഭാഷയും കവിതയുമായിരുന്നു. അത്തരം ഒരു കവിതയാണ് 'വസന്തകാലത്ത് പടിഞ്ഞാറന്‍ തടാകക്കരയില്‍ നടക്കുമ്പോള്‍.'
മലമുകളിലെ ഏകാന്തക്ഷേത്രത്തിനു വടക്ക്
ജിയ പ്രദര്‍ശനമണ്ഡപത്തിനു പടിഞ്ഞാറ്
ജലത്തിന്റെ പ്രതലം, മൃദു.
താഴെ, മേഘപാദങ്ങള്‍.
ചെല്ലുന്നിടത്തെല്ലാം അപ്പോള്‍ വിരിഞ്ഞ
മഞ്ഞക്കിളികള്‍ തിരക്കുകൂട്ടുന്നു
ഏറ്റവും ചൂടുള്ള വൃക്ഷശാഖകള്‍ക്കുവേണ്ടി.
വസന്തമണ്ണില്‍ പൊട്ടിത്തഴക്കുന്ന
ഊരുകുരുവികള്‍ക്ക് എന്താണ് വേണ്ടത്?
ഇനി അധികമില്ല, പൂമൊട്ടുകളും കലാപം
കണ്ണുകളെ വിസ്മയിപ്പിക്കും
പുല്‍പ്പരപ്പുകള്‍ക്കു കുതിരക്കുളമ്പുകളുടെ
അടയാളങ്ങള്‍ മായ്ക്കാന്‍ കഴിയാതാകും,
തടാകത്തിനു കിഴക്ക്, വിലോമരത്തണലില്‍
എനിക്കു വേണ്ടത്ര നടക്കാന്‍ കഴിയാത്തിടത്ത്
വെള്ളമണലിന്റെ നടവഴി.

തടാകത്തിന്റേയും അതിനെ ചുറ്റിനില്‍ക്കുന്ന കുന്നുകളുടേയും ഭംഗി ഇങ്ങനെ ഭാഷയില്‍ പകര്‍ത്തിവെച്ചപ്പോള്‍ത്തന്നെ തടാകത്തിന്റെ ആഴം കൂട്ടി പ്രളയം നിയന്ത്രിക്കാനും വേനലില്‍ വരണ്ടുണങ്ങാതിരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും ഗവര്‍ണ്ണര്‍ എന്ന നിലയില്‍ ബായ് ജൂയി ചെയ്തു. അങ്ങനെ എടുത്തുമാറ്റിയ മണ്ണുകൊണ്ടാണ് തടാകത്തിന്റെ വിദൂര കരകളെ ബന്ധിപ്പിക്കുന്ന, ഇന്ന് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന നീളംകൂടിയ നടവരമ്പുകള്‍ പണിതത്. ഗവര്‍ണ്ണര്‍ സ്ഥാനം ഒഴിഞ്ഞുപോകുമ്പോള്‍, ബായ് ജൂയി നാട്ടിലേക്കു കൊണ്ടുപോയത് പടിഞ്ഞാറന്‍ തടാകക്കരയിലെ രണ്ടു ഉരുളന്‍ കല്ലുകളും അവിടെ ധ്യാനിക്കാന്‍ വരാറുണ്ടായിരുന്ന ഒരു കൊക്കിനേയുമാണ്. ബാക്കി സമ്പാദ്യമെല്ലാം കവി ഗ്രാമീണര്‍ക്ക് ദാനം നല്‍കി. കവിതകള്‍ ഭാഷയ്ക്കും.
പടിഞ്ഞാറെ തടാകത്തിനും അതിനു ചുറ്റും പാര്‍ത്തിരുന്ന ജനങ്ങള്‍ക്കും അവിടുത്തെ പ്രകൃതിക്കും രണ്ടു നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവന്നു ബായ് ജൂയിക്കു ഒരു പിന്‍തുടര്‍ച്ചക്കാരനെ കിട്ടുവാന്‍. പതിനൊന്നാം നൂറ്റാണ്ടില്‍, സോങ്ങ് രാജവംശക്കാലത്ത് ഹാങ്ങ്‌ദൊ ഗവര്‍ണ്ണറായി വന്ന സുഷി (Su Shi) ആയിരുന്നു അത്. തടാകത്തിലെ മണ്ണുനീക്കിയും കുറുകെ പാതപണിതും ബായ് ജൂയി തുടങ്ങിയ പദ്ധതികള്‍ക്ക് ഇരുനൂറു കൊല്ലങ്ങള്‍ക്കുശേഷം  തുടര്‍ച്ച ലഭിച്ചു. ജലസേചനം, ലോഹഖനനം തുടങ്ങിയ മേഖലകളിലും സുഷി ശ്രദ്ധിച്ചു. ഈ കാലയളവിലാണ് ഹാങ്ങ്‌ദൊ ചൈനയില ഒരു പ്രധാന വ്യവസായ നഗരമായി വളര്‍ന്നത്. ഇലക്ട്രിക്ക്, ഇലക്ട്രോണിക്‌സ്, കടലാസ്, തുണി മേഖലകളില്‍ ആ വളര്‍ച്ച ഇന്നും നിലനില്‍ക്കുന്നു.

കവിതയിലും ബായ് ജൂയിയുടെ പിന്‍ഗാമിയായിരുന്നു സുഷി. പടിഞ്ഞാറന്‍ തടാകം തന്നെയാണ് കവിതയിലേക്ക് കൊണ്ടുപോയത്. തടാകത്തിലെ ജലത്തില്‍ സുഷി ലഹരി പകര്‍ന്നു. അതുവഴി ബായ് ജൂയിയുടെ നിശ്ചല പ്രകൃതിദൃശ്യങ്ങള്‍ ചലനാത്മകമായി, തടാകക്കരയിലെ വെറും നടപ്പ് പാനോത്സവങ്ങളായി.
വെള്ളത്തില്‍ വെളിത്തിന്റെ കാലിടറുന്നു
ആകാശത്ത് ലീലയാടുകയാണ് സൂര്യന്‍
കുന്നുകള്‍ക്കു കുറുകെ നിറങ്ങള്‍ അലിഞ്ഞുതീരുന്നു
മഴ അവ കഴുകിവെക്കുന്നു.
പടിഞ്ഞാറന്‍ തടാകത്തെ,
പടിഞ്ഞാറന്‍ സുന്ദരിയോട്
നിങ്ങള്‍ക്കു ഉപമിക്കണമെങ്കില്‍
പരാഗങ്ങളില്‍ കുളിച്ചു വരിക
അതുമതി.
(തടാകക്കരയിലെ പാനോത്സവം: ആദ്യം തെളിഞ്ഞ ആകാശം, പിന്നെ മഴ-സുഷി)
നൂറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്ന്  ഉത്ഭവിച്ച്, പടിഞ്ഞാറന്‍ തടാകത്തില്‍ വന്നുചേരുന്ന കവിതയുടെ ഈ കൈവഴിയിലൂടെ തുഴഞ്ഞെത്തിയ കവിയാണ് കായ് ടിയാന്‍ഷിന്‍. 'തടാകത്തിലെ വെള്ളം' എന്ന കവിതയില്‍ ആ ധാര ഗണിതശാസ്ത്ര സൂക്ഷ്മതയോടെ പുനര്‍ജനിക്കുന്നു:
തടാകത്തിലെ വെള്ളത്തിന്റെ തുറസ്സാണ് കര
തടാകത്തിലെ വെള്ളത്തിന്റെ തുറസ്സാണ് ആകാശം
നഗരം, വീട് എല്ലാം
തടാകത്തിലെ വെള്ളത്തിന്റെ തുറസ്സുകള്‍.
കുത്തനെ നില്‍ക്കുന്ന തടാകവെള്ളമാണ് ഭിത്തി
മടക്കിവെച്ച തടാകവെള്ളമാണ് കസേര
ചുരുട്ടിവെച്ച തടാകവെള്ളമാണ് ചായപ്പാത്രം
തൂക്കിയിട്ട തടാകവെള്ളമാണ് തൂവാല
സുതാര്യമായ തടാകവെള്ളമാണ് സൂര്യവെളിച്ചം
ഒഴുകുന്ന തടാകവെള്ളമാണ് സംഗീതം
പരസ്പരം തലോടുന്ന തടാകവെള്ളമാണ് പ്രണയം
സങ്കല്പത്തിലെ തടാകവെള്ളമാണ് സ്വപ്നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com