ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ കുരുതിനിലങ്ങള്‍: പോള്‍ തേലക്കാട്ട് എഴുതുന്നു

ഇന്ത്യയുടെ ഹിന്ദി മേഖലകളില്‍ വളര്‍ന്നുവലുതാകുന്ന ഭീകര സത്വമാണ് 'തല്ലിക്കൊല്ലല്‍.' ഇത്തരം ഭീകരജീവികളെക്കുറിച്ചു നാട്ടിലും വിദേശത്തും ധാരാളം കഥകളുണ്ട്.
ആള്‍ക്കൂട്ട രാഷ്ട്രീയത്തിന്റെ കുരുതിനിലങ്ങള്‍: പോള്‍ തേലക്കാട്ട് എഴുതുന്നു

ന്ത്യയുടെ ഹിന്ദി മേഖലകളില്‍ വളര്‍ന്നുവലുതാകുന്ന ഭീകര സത്വമാണ് 'തല്ലിക്കൊല്ലല്‍.' ഇത്തരം ഭീകരജീവികളെക്കുറിച്ചു നാട്ടിലും വിദേശത്തും ധാരാളം കഥകളുണ്ട്. ഭീമന്‍ ബകനു ചോറു കൊണ്ടുപോകുന്ന കഥ മഹാഭാരതത്തിന്റേതാണ്. ദിനംപ്രതി ഒരാളെ കൊന്നുതിന്നുന്ന രാക്ഷസനെയാണ് ഭീമന്‍ നശിപ്പിക്കുന്നത്. ഭാരതപാരമ്പര്യത്തില്‍ ചിരഞ്ജീവികളുണ്ട്. അതിലൊന്നാണല്ലോ അശ്വത്ഥാമാവ്. 

സോഫോക്ലിസിന്റെ ഈഡിപ്പസ് നാടകത്തില്‍ ഇങ്ങനെയൊരു ഭീകരസത്വത്തിന്റെ കഥയുണ്ട്. ഈഡിപ്പസ് തേബസ് രാജ്യത്തിലേക്കു ചെല്ലുമ്പോള്‍ അവിടെ സ്പിന്‍ക്‌സ് എന്ന യക്ഷി ജനങ്ങളെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ നാലു കാലിലും ഉച്ചയ്ക്കു രണ്ടു കാലിലും വൈകുന്നേരം മൂന്നു കാലിലും നടക്കുന്ന ജന്തു ഏത്? ഉത്തരം പറയാത്തവര്‍ കൊല്ലപ്പെടുന്നു. ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം പറഞ്ഞാണ് ഈഡിപ്പസ് യക്ഷിയെ ഇല്ലായ്മ ചെയ്യുന്നത്. അദ്ദേഹത്തെ നാട്ടുകാര്‍ രാജാവാക്കി. നാടിനെ വേട്ടയാടുന്ന ഭീകരസത്വങ്ങളെ അമര്‍ച്ച ചെയ്യുന്നവരാണ് രാജാക്കന്മാര്‍. കേരളത്തില്‍ പ്രതിദിനം 60 പേരെ കൊല്ലുന്ന ഒരു ഭീകരസത്വമുണ്ട്. അതിനു നാം ശാസ്ത്രീയമായി പറയുന്ന പേരാണ് കാന്‍സര്‍. ദിനംപ്രതി 12 പേരെ കേരളത്തില്‍ കൊല്ലുന്ന മറ്റൊരു സത്വത്തിന് ഇന്നു പറയുന്നു പേരാണ് റോഡ് അപകടം. ഇന്നു പഴയ സത്വങ്ങള്‍ക്കു പേരുകള്‍ മാറി എന്നുമാത്രം. പക്ഷേ, കാര്യം ഒന്നുതന്നെയല്ലേ? ഈ ഭീകരസത്വങ്ങളെ അമര്‍ച്ച ചെയ്യാനാണ് നാം അധികാരികളെ തെരഞ്ഞെടുക്കുന്നത്. പക്ഷേ, ആരാണീ സത്വം എന്ന ചോദ്യം പ്രസക്തമാണ്. 

അധികാരത്തെക്കുറിച്ചു ദരീദ എഴുതിയ ഗ്രന്ഥത്തിന്റെ പേര് The Beast and the Soverign എന്നാണ്. ഈ രണ്ടു പദങ്ങളും ആ വിധത്തില്‍ ഒന്നാണ്, ഒന്നാകുകയും ചെയ്യുന്നു. എന്നാല്‍, പരസ്പരവിരുദ്ധവുമാണ്. അക്രമവും അക്രമത്തെ അമര്‍ച്ച ചെയ്യുന്ന അക്രമവും. ബലവാന്റെ നിയമവും നിയമത്തിന്റെ ബലവും രണ്ടാണ്. പക്ഷേ, അവ ഒന്നുമാകാം. സര്‍വ്വത്തേയും നിയന്ത്രിക്കുന്ന ഭീകരതയുടെ പേരുതന്നെ രാഷ്ട്രീയാധികാരമാകും - അതാണ് ഹോബസും മക്കിയവെല്ലിയും ലെവിയാത്തനെക്കുറിച്ചു പറയുന്നത്. മനുഷ്യന്‍ മനുഷ്യനോടു കുറുക്കനാണ്. മനുഷ്യനാണ് മനുഷ്യനോടു ഭീകരതയുണ്ടാക്കുന്നത്. ഈഡിപ്പസ് നാടകം ഒരാളുടെ സത്യാന്വേഷണ കഥയാണ്. ഈഡിപ്പസ് താന്‍ ആരാണ് എന്ന് അന്വേഷിക്കുന്നു. അതു മനുഷ്യന്‍ മനുഷ്യനെ അറിയുന്ന നടപടിയാണ്. സ്പിന്‍ക്സ് ചോദിക്കുന്ന ചോദ്യത്തിന്റെ പ്രസക്തിയും അതാണ്. മനുഷ്യനാണ് എന്ന തിരിച്ചറിവുള്ളവനാണ് ഈഡിപ്പസ്; പക്ഷേ, രാജാവായി. അദ്ദേഹത്തിനും അമര്‍ച്ച ചെയ്യേണ്ടിവന്നതു മറ്റൊരു വസന്തയാണ്. രാജഘാതകന്‍ വരുത്തിയ ശാപം. ആ കൊലയാളിയെ അന്വേഷിക്കുന്ന രാജാവ് വസന്ത നാട്ടില്‍നിന്ന് അകറ്റാന്‍. അവസാനം ഈഡിപ്പസിനു കേള്‍ക്കേണ്ടിവന്നു: ''നീ വേട്ടയാടുന്ന കൊലയാളി നീ തന്നെ.'' ഞാന്‍ തന്നെ കൊലയുടെ ഭീകരനാണ് എന്നറിയുന്നു ഈഡിപ്പസ്. അദ്ദേഹം അവിടെ ബലിമൃഗമാക്കപ്പെട്ടു. രാജാവ് ബലിയാടായി. രാജാവും മൃഗവും ഒന്നായി. ഒന്ന് അംഗീകൃത അക്രമവും മറ്റേത് നിയമവിരുദ്ധമായ അക്രമവും.

ഭാരതത്തില്‍ വളരുന്ന ആള്‍ക്കൂട്ടത്തിന്റെ തല്ലിക്കൊല്ലല്‍ എന്തുകൊണ്ട് ഉണ്ടാകുന്നു? അതിനു രാജാവുമായുള്ള ബന്ധവും പ്രസക്തമാണ്. ഈ തല്ലിക്കൊല്ലല്‍ പഠിക്കുമ്പോള്‍ അതില്‍ പ്രകടമാകുന്നതു രണ്ടു കാര്യങ്ങളാണ്. ഇതു പശുഭക്തിയുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തേത് കൊല്ലപ്പെടുന്നതു പലപ്പോഴും മുസ്ലിങ്ങളോ താഴ്ന്ന ജാതിക്കാരോ ആണ്. ഇവിടെ ഭീകരരായി മാറുന്നതു ഭക്തന്മാരാണ്. ഈ ഭക്തന്മാര്‍ക്ക് ഇതില്‍ കൊല്ലപ്പെടുന്നവരോടു വ്യക്തിപരമായ വിരോധമോ വെറുപ്പോ ഇല്ല. കുറുക്കന്‍ കുഞ്ഞാടിനെ കൊല്ലുന്നതില്‍ കുറുക്കനു ന്യായീകരണങ്ങള്‍ എപ്പോഴുമുണ്ട്. കുഞ്ഞാടിനു കൊല്ലാതിരിക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ പറയുന്നുമുണ്ട്. 

ഈ തല്ലിക്കൊല്ലല്‍ സംബന്ധിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് 2018 ആഗസ്റ്റില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചു. ഈ തല്ലിക്കൊല്ലല്‍ നടത്തുന്ന ആള്‍ക്കൂട്ടത്തില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. നമ്മുടെ ഭരണാധികാരികള്‍ പറയുന്ന കണക്കനുസരിച്ച് 20 വയസ്സില്‍ താഴെയുള്ളവര്‍ 600 ദശലക്ഷമാണ്. ഓരോ മാസവും 10 ലക്ഷം യുവാക്കളാണ് ജോലി തേടുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനും തൊഴില്‍ ലഭിക്കുന്നില്ല. തൊഴിലില്ലാത്ത യുവാക്കന്മാരുടെ നിരാശയും തൊഴിലില്ലായ്മയും സമൂഹത്തിലേക്കു എങ്ങനെയാണ് ചാലു കീറുന്നത്? അതിന് അധികാരികള്‍ എങ്ങനെയാണ് ചാലുകീറി കൊടുക്കുന്നത്? തൊഴിലില്ലായ്മയോടൊപ്പം ഗൗരവമായ മറ്റൊരു പ്രശ്‌നമാണ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രകടമായ പെണ്‍കുട്ടികളുടെ ആനുപാതികമായ വലിയ കുറവ്. ഫലമായി 37 ദശലക്ഷം യുവാക്കന്മാരാണു ഭാര്യയെ കിട്ടാത്തവരായി കഴിയുന്നത്. അവര്‍ 'വിവാഹരഹിതബോംബു'കളായി വാഷിംഗ്ടണ്‍ പോസ്റ്റ് വിലയിരുത്തുന്നു. അമേരിക്കയിലെ ഇതേ പത്രം 2018 ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച വിശദമായ പഠനറിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലും ചൈനയിലും ഭാര്യമാരെ കിട്ടാത്ത പുരുഷന്മാരുടെ എണ്ണം അപകടകരമായി വളരുന്നു എന്നു കാണിക്കുന്നു. ഈ രണ്ടു രാജ്യങ്ങളിലും പെണ്‍കുഞ്ഞുങ്ങളെക്കാള്‍ ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്ന സംസ്‌കാരം നിലനില്‍ക്കുന്നു. ഒരു കുട്ടിയേ പാടുള്ളൂ എന്ന നിയമം ചൈനയില്‍ നിലനിന്നു. ഫലമായി പോളണ്ടിന്റെ ജനസംഖ്യയോളം വരുന്ന പുരുഷന്മാര്‍ക്ക്-അതായത് 34 ദശലക്ഷം-സ്ത്രീകളെ ലഭിക്കാതിരിക്കുന്നു. ഇന്ത്യയില്‍ പെണ്‍ഭ്രൂണം തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്നതു ഹിന്ദിമേഖലയില്‍ വ്യാപകമാണ്. ഫലമായി 3.7 കോടി യുവാക്കന്മാര്‍ക്കു ഭാര്യമാരില്ല. 

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടമര്‍ദനത്തില്‍ കൊല്ലപ്പെട്ട തബ്‌റോസ് അന്‍സാരി
ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടമര്‍ദനത്തില്‍ കൊല്ലപ്പെട്ട തബ്‌റോസ് അന്‍സാരി

മനുഷ്യപ്രകൃതിയില്‍ ഇടപെട്ട് സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഫോടനാത്മകമായ അവസ്ഥയാണിത്. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട തല്ലിക്കൊല്ലലിന്റെ പിന്നില്‍ രണ്ടു സാമൂഹിക കാരണങ്ങളുണ്ട്. തൊഴിലില്ലായ്മയും ഭാര്യമാരില്ലാത്ത സ്ഥിതിയും. ഇതുണ്ടാക്കുന്ന നിരാശയും അമര്‍ഷവും അര്‍ത്ഥരാഹിത്യവും ശൂന്യതാബോധവും നിഷേധവികാരമായി പൊട്ടിയൊലിക്കും. ഈ അക്രമവാസന വികാരങ്ങള്‍ എങ്ങനെ അധികാരത്തിലിരിക്കുന്നവര്‍ ചാലുകീറുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ തല്ലിക്കൊല്ലലില്‍ പങ്കുചേരുന്നവരുടെ പ്രതികരണങ്ങള്‍. ഇവിടെയാണു രാഷ്ട്രീയാധികാരം ജനങ്ങള്‍ക്കു സൃഷ്ടിച്ചുകൊടുക്കുന്ന ശത്രു ആര് എന്നു ശ്രദ്ധിക്കേണ്ടത്. സര്‍ക്കാരും പ്രധാനമന്ത്രി മോദിയും ആവര്‍ത്തിക്കുന്ന ഒരു സിദ്ധാന്തമുണ്ട്. കഴിഞ്ഞ 1200 വര്‍ഷങ്ങളായി ഹിന്ദുക്കള്‍ പീഡിതരാണ്-മുഗളന്മാര്‍ തൊട്ടു ബ്രിട്ടീഷുകാര്‍ വരെ. ഈ പീഡനബോധം ഉണ്ടാക്കി ശത്രുക്കളായി മുദ്ര കുത്തപ്പെടുന്നതു പ്രധാനമായും മുസ്ലിങ്ങളാണ്. തല്ലിക്കൊല്ലലില്‍ പങ്കെടുത്ത ശര്‍മ്മ പറയുന്നു: ''ഞങ്ങളുടെ മാതാപിതാക്കള്‍ മുസ്ലിങ്ങളെക്കുറിച്ചു മോശമായൊന്നും ഞങ്ങളോടു പറഞ്ഞില്ല. മദ്രസകള്‍ ഹിന്ദുക്കളെ വെറുക്കാന്‍ പഠിപ്പിക്കുന്നു. ഈ മനുഷ്യര്‍ എത്ര മോശമാണെന്നു ഞങ്ങള്‍ അടുത്ത തലമുറയെ പഠിപ്പിക്കും.'' തങ്ങള്‍ പീഡിതരാണ് എന്ന ബോധം വളര്‍ത്തി ഒരു ഘര്‍വാപ്പസി നടത്തുമ്പോള്‍ പീഡിതര്‍ പീഡകരായി മാറുന്നു. കുമാര്‍ എന്ന ബി.ജെ.പിക്കാരന്‍ പറയുന്നു: ''നെഞ്ചത്തും തലയ്ക്കും അടിക്കരുത് എന്നു ഞങ്ങളെ പഠിപ്പിച്ചു. അതു മരണകാരണമാകും. കാലുകളിലും പിന്നിലും അടിച്ചാല്‍ കാര്യം ഗൗരവമായി അവര്‍ക്കു പിടികിട്ടും. അവര്‍ മരിക്കുകയുമില്ല. അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസുണ്ടാകും.'' യോഗി ആദിത്യ വന്നതിശേഷം ഉത്തര്‍പ്രദേശില്‍ ഭയപ്പെടേണ്ടതില്ല എന്നു ശര്‍മ്മ പറയുന്നു: ''സര്‍ക്കാര്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുമെന്നു ഭയപ്പെട്ടിരുന്നു. യോഗിയുടെ സര്‍ക്കാര്‍ വന്നതിനുശേഷം ഭയമില്ല. ഈ കള്ളക്കടത്തുകാര്‍ ചത്താലും ഞങ്ങള്‍ക്കു പ്രശ്‌നമില്ല.'' ഇതെല്ലാം ഗോസംരക്ഷകരാണ്. അക്രമത്തിനും വികാരവിക്ഷോഭത്തിനും ഉപകരിക്കുന്ന ബിംബമാണ് പശു. 

അക്രമത്തിനു ചാലുകീറുന്ന ബിംബമാക്കപ്പെട്ടിരിക്കുന്നു പശു. മതാത്മകത വെറുപ്പിന്റെ വികാരമായി മാറ്റപ്പെടുന്നു എന്നതു ഗൗരവമായി കാണണം. ബൈബിള്‍ പിശാചിനെ നിര്‍വ്വചിക്കുന്നത് അയല്‍ക്കാരനെ ദൂഷണം പറയുന്നവന്‍ എന്നാണ്. വിദ്വേഷത്തിനും അക്രമത്തിനും മതപരമായ സാധുത ഉണ്ടാക്കപ്പെടുന്നു. ഇതാണു പൈശാചികം. ഈ പൈശാചികത നാട്ടില്‍ പടരുക മാത്രമല്ല, അതിനു ബലിയാടുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു. ശത്രുവിനു പേരിടുകയാണ്. അതു ഭൂരിപക്ഷ, ന്യൂനപക്ഷ വിഭജനത്തിലാണ്. ന്യൂനപക്ഷത്തെ ശത്രുവാക്കി അവര്‍ക്കെതിരെ സംഘബോധത്തിന്റെ വികാരം ജ്വലിപ്പിക്കുന്നു. ഈ വിഭാഗിയത സൃഷ്ടിക്കുന്ന മാധ്യമം പ്രൊപ്പഗാന്റയാണ്. ആധുനിക കമ്പോള വ്യവസ്ഥയുടെ തന്ത്രങ്ങളും ബലഹീനതകളും ചൂഷണം ചെയ്യുന്നു. ഈ പ്രവണതയുടെ പിന്നിലെ ചേതോവികാരങ്ങളുടെ ഉല്പത്തിയും വളര്‍ച്ചയും പ്രകടനവും വ്യക്തമാക്കുന്ന ഫ്രെഞ്ചു ചിന്തകനാണ് റെനെ ജിരാര്‍ദ്. 
ഏതു നാഗരികതയുടേയും സത്ത അതിന്റെ സാംസ്‌കാരിക മാനവികതയുടെ ചരിത്രവും വികാസവുമാണ്. ഏതു സമൂഹവും നശിക്കുന്നതു പുറത്തുനിന്നുള്ള ശത്രുക്കളില്‍ നിന്നല്ല, അകത്തുനിന്നുണ്ടാകുന്ന അനന്തമായ സ്പര്‍ധകളും കിടമത്സരങ്ങളില്‍നിന്നുമാണ്. ആധുനിക കമ്പോള വ്യവസ്ഥിതിയുട ആന്തരിക ഊര്‍ജ്ജം സ്വകാര്യ താല്‍പ്പര്യത്തിന്റെ ആഗോളവല്‍ക്കരണമാണ്. '

സ്വകാര്യമാണ് പ്രമുഖം. അവിടെ നിതാന്തമായി ഉണ്ടാകുന്നത് അനുകരണം ഉണ്ടാക്കുന്ന സ്പര്‍ധയാണ്. അനുകരണത്തിലൂടെയാണ് ആഗ്രഹിക്കുന്നത്. ഉല്‍പ്പന്നങ്ങളല്ല വലിയ താല്‍പ്പര്യമുണ്ടാക്കന്നത്, ഉല്‍പ്പന്നങ്ങള്‍ അയല്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നതിലാണ്. അയല്‍ക്കാര്‍ അഗ്രഹിക്കുന്നതാണ് ഞാനും ആഗ്രഹിക്കുന്നത്. അയല്‍ക്കാരന്‍ ഒരേസമയം മാതൃകയും അതേസമയം തടസ്സവുമാകുന്നു. അയല്‍ക്കാരനു കാറുണ്ട്; അതുകൊണ്ട് എനിക്കും കാറു വേണമെന്നു വരുന്നു. പക്ഷേ, സാവധാനം കാറ് എനിക്കില്ലാതാകുന്നതിന്റെ കാരണക്കാരന്‍ അയല്‍ക്കാരനാകും. അയാള്‍ക്ക് കാറ് ഇല്ലാതാകുന്നതു ഞാന്‍ ആഗ്രഹിക്കുന്നു-അതു കത്തിയാല്‍ ഉള്ളുകൊണ്ടു ഞാന്‍ സന്തോഷിക്കുന്നു. അയല്‍ക്കാരനെ മാച്ച് എന്നോടു ഒപ്പമാക്കാന്‍ ഞാന്‍ ശ്രമിക്കും. കൊച്ചു കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ കൊടുക്കും. ഒരു കുട്ടി ഒരു കളിപ്പാട്ടം എടുക്കുമ്പോള്‍ മറ്റേ കുട്ടിയും അതേ കളിപ്പാട്ടത്തിനു കൈ നീട്ടുന്നു. മറ്റെല്ലാ കളിപ്പാട്ടങ്ങളും അവിടെ പ്രസക്തമല്ല. അവന്റെ കളിപ്പാട്ടം കിട്ടാതാകുമ്പോള്‍ കരച്ചിലും ബഹളവുമായി. ഇതാണ് അനുകരണം സൃഷ്ടിക്കുന്ന മോഹത്തിന്റെ വസന്ത. ഈ വസന്ത നരകങ്ങള്‍ ഉണ്ടാക്കും. അതു സ്പര്‍ധ മാത്രമായി അക്രമമായി മാറിയായിരിക്കും. അതു മത്സരത്തിലൂടെയാണ്. ഇതു വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമാകാം. പരസ്യക്കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നം നല്ലതാണ് എന്നല്ല പറയുക. അതു സുന്ദരിമാരും സുന്ദരന്മാരും വലിയവരും താരങ്ങളുമൊക്കെ മോഹിക്കുന്ന വിഷയമാണ് എന്നാണ്. സുന്ദരമായി നുണ പറഞ്ഞു പരസ്യങ്ങള്‍ ഉല്‍പ്പന്നത്തെ സ്പര്‍ധയുടെ വിഷയമാക്കുകയാണ്. വര്‍ദ്ധിച്ച തോതിലുള്ള സമത്വബോധത്തിന്റെ ജനാധിപത്യത്തിലാണല്ലോ നാം ജീവിക്കുന്നത്. അത് എനിക്ക് അവന്റേയും അവളുടേയും ഒപ്പമാകാന്‍ ആവശ്യപ്പെടുന്നതായിട്ടാണ് മനസ്സിലാക്കുന്നത്. ഒപ്പം എത്താതാകുമ്പോള്‍ ഉണ്ടാകുന്നതു കോപവും നിരാശയുമാണ്. അപ്പോള്‍ എന്റെ പരാധീനതയ്ക്കു കാരണക്കാരായവരെ രാഷ്ട്രീയം ചൂണ്ടിക്കാണിക്കുന്നു, പേരു വിളിക്കുന്നു. 

ഇവിടെ വെറുപ്പ് പൊട്ടി ഒഴുകി അതിന്റെ ഇരകളെ തേടുന്നു. പഴയ ചരിത്രകഥനം എന്റെ അധോഗതിയുടെ പ്രതികളെ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, അവര്‍ ഇവിടെ ഇല്ലല്ലോ. പകരക്കാരെ കണ്ടെത്തും, കാണിക്കപ്പെടും. അവരാണ് ബലിയാടുകള്‍. ഭാര്യ അകാരണമായി പൂച്ചയെ തല്ലുന്നു, കുട്ടികളോടു കയര്‍ക്കുന്നു. ഭര്‍ത്താവ് ചോദിച്ചു: ''ഇന്ന് ഏതു ടീച്ചറുമായിട്ടാണ് സ്‌കൂളില്‍ വഴക്കുണ്ടായത്?'' അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന ചൊല്ല് സാര്‍ത്ഥമാകുന്നു. ഇതുണ്ടാക്കുന്നത് ബലിമൃഗമാണ്. ''നീയല്ലെങ്കില്‍ നിന്റെ തന്ത വെള്ളം കലക്കി'' എന്ന കുറുക്കന്റെ ന്യായീകരണം. 

മുസ്ലിങ്ങള്‍ ഹിന്ദുക്കളുടെ പീഡകരാകുന്നത് പഴയ ചരിത്രത്തിലെ പീഡകരുടെ മക്കളാകുന്നതുകൊണ്ടാണ്. ഇതേ യുക്തിയാണ് നാസികള്‍ ഗ്യാസ് ചേമ്പറുകള്‍ ഉണ്ടാക്കാനും കാരണം. സ്റ്റാലിന്‍ ബോധപൂര്‍വ്വം പട്ടിണി ഉണ്ടാക്കിയത് അവര്‍ ബൂര്‍ഷ്വകളുടെ അവശേഷിപ്പുകളായതുകൊണ്ടാണ്. ശത്രുക്കളുടെ പ്രതിനിധികളെ വേട്ടയാടുമ്പോള്‍ അതുണ്ടാക്കുന്നതു സംഘബോധത്തിന്റെ സംത്രാസമാണ്. വര്‍ഗ്ഗീയത കാലിക്കൂട്ടത്തിന്റെ ഒരുമയുടെ ഉത്ഭവമത്രേ. ഇതു വലിയ മതവികാരമായി പ്രകീര്‍ത്തിതമാണ്. ഇതു രാഷ്ട്രീയമായ യഥാര്‍ത്ഥ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധതിരിച്ച് അന്യവല്‍ക്കരിക്കാന്‍ ഉതകുന്നു. ശത്രുവേട്ട സംഘബോധം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സംഘത്തില്‍നിന്നു വിമര്‍ശനമുയര്‍ത്തുന്നവരെ കുലത്തെ മടുപ്പിക്കുന്ന കോടാലിക്കയ്യായി പുറന്തള്ളാനും എളുപ്പമാകും. അങ്ങനെ ആന്തരികമായ ആത്മവിമര്‍ശകരെ ശത്രുപക്ഷത്താക്കി വേട്ടയാടുകയും ചെയ്യാം. മാത്രമല്ല, പാവങ്ങള്‍ പണക്കാരുടെ മോഹങ്ങളില്‍ കുടുങ്ങി സ്വന്തം പ്രശ്‌നങ്ങള്‍പോലും കാണാന്‍ കണ്ണില്ലാത്തവരാകും. പശുഭക്തിയും രാമക്ഷേത്രവും മറ്റും സാമുദായിക തനിമയുടെ പ്രശ്‌നങ്ങളായി മാറുന്നു. ബൈബിളില്‍ സോളമന്‍ രാജാവിന്റെ അടുക്കല്‍ ഒരു കുഞ്ഞിന്റെ അവകാശത്തര്‍ക്കവുമായി രണ്ടു അഭിസാരികമാര്‍ വന്നു. രണ്ടുപേരും കുട്ടിയെ തനിക്കു കിട്ടണം എന്ന് ആവശ്യപ്പെട്ടു. രാജാവു കുട്ടിയെ വെട്ടി പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. അതിന് ഒരു സ്ത്രീക്ക് ഒരു വിയോജിപ്പും ഉണ്ടായില്ല. ആ കുട്ടിയെ കൊല്ലുന്നതില്‍ അവര്‍ക്കു വിഷമമില്ല. ആ കുട്ടിയോടു വിരോധം തോന്നാന്‍ കാരണവുമില്ല. പിന്നെ എന്തിനു കുട്ടിയെ കൊല്ലാന്‍ അവര്‍ തയ്യാറാകുന്നു? മറ്റേ സ്ത്രീയെ തോല്പിക്കാന്‍ മാത്രം. ഇതാണ് സ്പര്‍ധയും അനുകരണവും സൃഷ്ടിക്കുന്നത്.

രാജാവിനെ കൊന്ന ഒരു പഴയ സംഭവത്തിന്റെ പ്രേതവും ശാപവും സമൂഹത്തെ ബാധിച്ചിരിക്കുന്നു. അതിനുള്ള പ്രതിവിധി എന്താണ് എന്ന് ഈഡിപ്പസ് ക്രെയോണിനോടു ചോദിക്കുന്നു. ''അതിനുള്ള ശുദ്ധീകരണ അനുഷ്ഠാനം എന്താണ്?'' ക്രെയോണ്‍ മറുപടി നല്‍കുന്നു: ''കുറ്റക്കാരനെ നാടു കടത്തുക, അല്ലെങ്കില്‍ ചോരയ്ക്കു ചോരകൊണ്ടു പരിഹാരം ചെയ്യുക.'' ചോര ചിന്തുന്ന അനുഷ്ഠാനമാണ് സൂചിതം. ഇതു ബലിയാണ്. അക്രമത്തില്‍നിന്നു ശുദ്ധമാക്കാന്‍ അനുഷ്ഠാനങ്ങള്‍ക്കു കഴിയും എന്ന ധാരണ നിലനിന്നിടത്ത് ഈഡിപ്പസ് എത്തുന്നത് ധര്‍മ്മബോധത്തിലാണ്. തത്തയെ ആശ്രയിക്കുന്ന കൈനോട്ടക്കാരനും ബുദ്ധിയെ ആശ്രയിക്കുന്ന ഈഡിപ്പസും ഇവിടെ സംഘട്ടനത്തിലാണ്. ഇവിടെ നടന്നുകഴിഞ്ഞ ഒരു അനീതിയെ തിരുത്തുന്നതു മറ്റൊരനീതികൊണ്ടാണ്. അക്രമത്തിനു പകരം അക്രമം. ഇവിടെ അക്രമം നിര്‍ദോഷിയെ ഇരയാക്കിയാണ്. മാര്‍ക്‌സ് പ്രൊമിത്തിയൂസിനെ പ്രതിഷേധവിപ്ലവത്തിന്റെ വിശുദ്ധനായി കണ്ടു. നീതി നടപ്പിലാക്കുന്ന യുദ്ധത്തില്‍ രാഷ്ട്രീയം വെറുപ്പിന്റെ യുദ്ധങ്ങള്‍ അഴിച്ചുവിട്ട്, ഗ്യാസ് ചേമ്പറുകള്‍ സൃഷ്ടിച്ചു-ഭീകരസത്വങ്ങള്‍ ജനിച്ചു നീതിനടത്തിപ്പിന്റെ പേരില്‍. ഈഡിപ്പസ് അറിയുന്നതു താന്‍ തന്നെ രാജാവും രാജഘാതകനുമാണ് എന്നാണ്. വ്യാസന്‍ അതുകൊണ്ടുതന്നെ കൃഷ്ണനേയും അശ്വത്ഥാമാവിനേയും മനുഷ്യഹൃദയത്തില്‍ കുടിയിരുത്തി. ഈ തിരിച്ചറിവില്‍നിന്നു പിന്നോട്ടാണ് ഭാരതം നടക്കുന്നത്.

അതു ബലിയിലേക്കുള്ള തിരിച്ചുപോക്കാണ്. ഈ തിരിച്ചുപോക്ക് മതത്തിന്റെ തന്നെ തിരിച്ചുപോക്കാണ്. ധര്‍മ്മബോധത്തില്‍നിന്നു മതം ഘര്‍വാപ്പസി നടത്തുന്നു. പഴയ കാലങ്ങളിലും ചില സംസ്‌കാരങ്ങളിലും നിലനിന്ന നരബലിയെക്കുറിച്ചു ജെ. വാട്സനും മറ്റുള്ളവരും ചേര്‍ന്ന് എഴുതി: ''കര്‍ശനമായ വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള സാമൂഹിക വ്യവസ്ഥിതി കെട്ടിപ്പടുക്കാനും പൊതുവായ സാമൂഹിക അസമത്വങ്ങള്‍ നിലനിര്‍ത്താനും നരബലി സഹായിച്ചിരുന്നതായി ഞങ്ങള്‍ മനസ്സിലാക്കുന്നു.'' സാമൂഹിക ക്രമങ്ങളെ ധര്‍മ്മനീതികള്‍കൊണ്ടു നിയന്ത്രിക്കുന്നതിനു മുന്‍പ് 'നരബലി' പോലുള്ള അനുഷ്ഠാനങ്ങള്‍ നിലനിന്നു. ഇങ്ങനെ ബലിയര്‍പ്പിക്കാനുള്ളവരെ പിടികൂടിയിരുന്നത് അയല്‍ വര്‍ഗ്ഗങ്ങളില്‍നിന്നോ ജാതികളില്‍നിന്നോ അധികാരികളുമായി തെറ്റിയവരുടെ മക്കളില്‍നിന്നോ ആയിരുന്നു. അധികാര ശ്രേണികളെ നിലനിര്‍ത്താനാണ് ഈ ബലികള്‍ നടന്നത്. ഈ കൊലകള്‍ വിശുദ്ധമായി പരിഗണിച്ചു. കൊല്ലപ്പെടുന്നവര്‍ ആദരണീയരുമായി. ഋഗ്വേദത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഉത്ഭവം നിലകൊള്ളുന്നത് ആയിരം തലകളം കണ്ണുകളും കാലുകളും കൈകളുമുള്ള പുരുഷന്റെ ശരീരത്തിന്റെ ബലിയില്‍നിന്നാണ്. ശിരസ്സില്‍നിന്നു ബ്രാഹ്മണനും വക്ഷസ്സില്‍നിന്നു ക്ഷത്രിയരും അങ്ങനെ കീഴോട്ട് മറ്റു ജാതികളും ഉണ്ടായി. ഈ ബലിയുടെ ആദിയാണ് ജാതിഭേദങ്ങള്‍ക്കു സാധൂകരണം നല്‍കുന്നത്. 

എല്ലാ തല്ലിക്കൊല്ലലുകളും ബോംബായി പൊട്ടിത്തെറിക്കുന്ന ആത്മഹത്യക്കാരും എല്ലാം ഒന്നായി മാറുന്നത് അതിന്റെ മതാത്മകതയിലാണ്. അവിടെ മതം എവിടെ നില്‍ക്കുന്നു? ബലിയെ സാധൂകരിക്കുന്നവര്‍ അതിനെ ബലിയായി കാണുന്നു. അത് ഒരുതരം നരബലിയാണ്. അക്രമത്തിനു സാധൂകരണം നല്‍കുന്നത് മതമാണ്. ബലിയുടെ മതം. മറിച്ച് ഇങ്ങനെ കൊല്ലപ്പെടുന്ന ഇരകളോടൊപ്പമുള്ള നിലപാട് ബലിവിരുദ്ധമാണ്; ആരും ബലിയാടാക്കപ്പെടരുത് എന്നതാണ്. ഇതു വിഘടനത്തിന്റെ അടിസ്ഥാന ധര്‍മ്മബോധമാണ്, ബലിയാക്കപ്പെടുന്നവരെ സംരക്ഷിക്കുന്ന മാനവികതയാണ്. ഈഡിപ്പസ് നാടകം ഫ്രോയിഡിന്റെ ലൈംഗികതയുടെ കഥയാണോ? രാജഘാതകന്‍ നാട്ടില്‍നിന്നു നാടുകടത്തപ്പെട്ട കഥയാണ്. അക്രമത്തിന്റെ ആത്മാവബോധം ബലിയിലേക്കോ അനുഷ്ഠാനങ്ങളിലേക്കോ അല്ല നീങ്ങേണ്ടത്. അതു ധര്‍മ്മത്തിന്റെ വെളിവിലേക്കാണ്. ഈഡിപ്പസില്‍നിന്നു സോക്രട്ടീസിലേക്കുള്ള ദൂരം വലുതല്ല. സോക്രട്ടീസിലാണ് നിയമത്തിന്റെ രാജകീയാധികാരവും ആത്മാവബോധത്തിന്റെ സ്വയം ശാസിത ധാര്‍മ്മികബോധവും ഏറ്റുമുട്ടുന്നത്. അതുകൊണ്ടാണ് ഹെഗല്‍ സോക്രട്ടീസിനെ ധാര്‍മ്മികതയുടെ കണ്ടുപിടുത്തക്കാരന്‍ എന്നു വിശേഷിപ്പിച്ചത്. ഇതു ധാര്‍മ്മികമായി ദുരന്തത്തെ നേരിടലായി. ദുരന്തം-ട്രാജഡി എന്ന ഗ്രീക്കു പദം ആട് (rago) എന്നതില്‍നിന്നാണ്. സമൂഹത്തിന്റെ പാപങ്ങള്‍ ആടിന്റെ മേല്‍ കെട്ടിവച്ച് ആടിനെ കൊന്നു സമൂഹം സൗഖ്യം നേടുന്നു. അനുഷ്ഠാനം അര്‍ത്ഥശൂന്യമാക്കുന്ന ധര്‍മ്മബോധത്തിന്റെ എതിര്‍പ്പ്. ധാര്‍മ്മികതയുടെ ആന്തരികാഗ്‌നിയുടെ സഹനകഥയാണ് എസക്കിലസ് നാടകമാക്കിയത്. പ്രോമിത്തിയൂസിനെയാണ് മാര്‍ക്‌സ് ഏറ്റവും ''ശ്രേഷ്ഠനായ വിശുദ്ധനും രക്തസാക്ഷിയുമായി'' വിശേഷിപ്പിച്ചത്. ഇവിടെ അദ്ദേഹത്തിന്റെ ജീവിതം ബലിയാകുന്നതു കൊലപാതകമായിട്ടല്ല; മനുഷ്യനുവേണ്ടി നടത്തുന്ന ത്യാഗമായിട്ടാണ്. അതു വിധിയെ തടുക്കുന്നതിലുള്ള സഹനമാണ്, വിധിക്കനുസരിച്ചു സഹനം ഏറ്റുവാങ്ങലല്ല, വിധിയോടുള്ള അനുസരണവുമല്ല. അതുകൊണ്ടാണ് പ്രൊമിത്തിയൂസിനെ ക്രിസ്തുവായി ഗോഥേ കാവ്യത്തില്‍ വിവരിച്ചത്. ബലികള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ജീവത്യാഗമായിരുന്നു അത്. ആരെയും ബലി ചെയ്യാത്ത സാമൂഹികതയിലേക്കു വളരാതെ ആളുകളെ ബലിക്കു വിട്ടുകൊടുക്കുന്നതും ബലി ചെയ്യുന്നതുമായ മതത്തിലേക്കു മടങ്ങുന്ന ഭീകരത നാം നേരിടുന്നു. ഇവിടെ മതത്തിന്റെ പരിശുദ്ധി ജീവന്‍ ഹോമിക്കുന്ന നരബലിയാണ്. ബലിയാടുകളെ ഉണ്ടാക്കാത്ത മതത്തിന്റെ സാദ്ധ്യത തേടണം. ബലി ചെയ്യപ്പെടുന്നവരുടെ കൂടെ നില്‍ക്കുന്ന ഒരു ദൈവികത അന്വേഷിക്കണം. മതം അക്രമത്തിലേക്കു കൂപ്പുകുത്തുന്ന അപകടത്തിലാണു നാം. 

യഹൂദമതത്തിന്റെ പ്രധാന പുരോഹിതനായ കയ്യാഫസ് പറഞ്ഞ ഒരു വാചകം യോഹന്നാന്റെ സുവിശേഷത്തിലുണ്ട്: ''ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ല'' (യോഹ. 11:50). ഈ വാചകം ബലിയാടുകളാക്കി കൊല്ലുന്നതിനെ ന്യായീകരിക്കുന്നു. ഇവിടെയാണ് ഭീകരമായ തിന്മയുടെ തുടക്കം. അങ്ങനെ കൊല്ലപ്പെട്ടവന്റെ പേരിലുള്ള ക്രിസ്തുമതം പോലും ചില കാലങ്ങളില്‍ കയ്യാഫസിന്റെ പൗരോഹിത്യം സ്വീകരിച്ചു. ആളുകളെ കത്തിക്കുകയും കൊല്ലുകയും ചെയ്തു. ഇപ്പോഴും 'അവളെ കല്ലെറിയുക' എന്ന മുദ്രാവാക്യവും അപഹാസ്യമായ വര്‍ത്തമാനങ്ങളും അപകടകരമായ മനോഭാവങ്ങളും ഇവിടത്തെ ക്രൈസ്തവ സമൂഹത്തില്‍നിന്നു ഉയരുന്നു. കള പറിക്കാന്‍ വേവലാതി കൂട്ടുകയും കണ്ണില്‍ കരുണയില്ലാതെ കാര്യങ്ങള്‍ കാണുകയും ചെയ്യുന്നതു ചെയ്യുന്നവരില്‍ ബലിയുടെ ഉന്മാദത്തിന്റെ ഭാവരൂപങ്ങള്‍ തെളിയുന്നു. ''ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്'' (മത്തായി 9:13) ഇതു പ്രഖ്യാപിച്ചവന്‍ ലോകത്തില്‍ എവിടെയും ഉണ്ടാകുന്ന സഹനം എന്റെയും ഉത്തരവാദിത്വമാക്കുന്ന ഒരു മാനവികത ഉണ്ടാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com