ആറ്റൂരിനെ കണ്ടു മടങ്ങുമ്പോള്‍: കരുണാകരന്‍ എഴുതുന്നു

ആ ദിവസങ്ങളില്‍, ഒരു വൈകുന്നേരം, പ്രൊഫസര്‍ പി. നാരായണമേനോനൊപ്പം ഞാന്‍ ആറ്റൂരിനെ ആദ്യമായി കാണാന്‍ പോയി. 
ആറ്റൂരിനെ കണ്ടു മടങ്ങുമ്പോള്‍: കരുണാകരന്‍ എഴുതുന്നു

രു പുസ്തകപ്രകാശനമേ എനിക്കുണ്ടായിട്ടുള്ളൂ - എന്റെ ആദ്യ കഥാസമാഹാരത്തിന്. വര്‍ഷങ്ങള്‍ കഴിഞ്ഞു. തൃശൂരിലെ 'പാഠഭേദം'  പ്രസിദ്ധീകരിച്ച ആ പുസ്തകം, 'മകരത്തില്‍ പറയാനിരുന്നത്', പ്രകാശനം ചെയ്തത് ആറ്റൂര്‍ രവിവര്‍മ്മയായിരുന്നു. പുസ്തകം വാങ്ങിയത് ആഷാമേനോനും. 

അന്ന്, ആറ്റൂരിനെ കണ്ടു ചോദിക്കാന്‍ പറഞ്ഞത് സിവിക് ചന്ദ്രനാണ്. സിവിക്കാണ് പുസ്തകത്തിന്റെ കെട്ടും മട്ടും ആദ്യാന്തം നോക്കുന്നത്. പുസ്തകത്തിന്റെ കവര്‍ച്ചിത്രം ഞാന്‍ വരച്ചുകൊടുത്തു. 
ആ ദിവസങ്ങളില്‍, ഒരു വൈകുന്നേരം, പ്രൊഫസര്‍ പി. നാരായണമേനോനൊപ്പം ഞാന്‍ ആറ്റൂരിനെ ആദ്യമായി കാണാന്‍ പോയി. 
എഴുത്തുകാരെ സന്ദര്‍ശിക്കുക എളുപ്പമല്ല, അവര്‍ തങ്ങളുടെ ഇരിപ്പുമുറി, നില്‍ക്കുന്ന ഇടം, എല്ലാം, എപ്പോഴും ഒരു കാവല്‍ വലയത്തില്‍ നിര്‍ത്തുന്നു - അങ്ങനെ അല്ല എന്നു തോന്നിക്കുമ്പോഴും. എഴുത്തിന് ഇന്നും ജീവിതത്തില്‍നിന്നും ഒരകലമുണ്ട്. 

ആറ്റൂര്‍ രവിവര്‍മ്മയെ കാണാന്‍ പോകുന്നു, ആറ്റൂരിന്റെ കവിത 'പിറവി'യാണ് എന്റെ മനസ്സില്‍, ''പുള്ളിയുള്ളാകാശമെന്‍കൂടെ/നാലുകാലിന്‍മേല്‍ നീങ്ങുന്നു'' എന്ന് ഓര്‍ക്കുകയോ കാണുകയോ ചെയ്യുന്നുണ്ട്. 
അക്കാലത്തും ഇന്നുമെന്നപോലെ, ഒരു കാലം ഉള്ളില്‍ കലങ്ങുന്നുണ്ട്, എഴുത്തുജീവിതവുമായി അക്കാലത്തും ഇന്നുമെന്നപോലെ ഉള്ളില്‍ പൊന്തിവരുന്നുണ്ട്. ആറ്റൂര്‍ എന്നോട് നാടും വീടും ചോദിച്ചു. പട്ടാമ്പിയിലാണ് വീട്, തിരുവേഗപ്പുറയ്ക്കടുത്ത് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ സ്ഥലത്തിനോടുള്ള ഒരു ഇഷ്ടം എനിക്കും നീട്ടിയപോലെ തോന്നി. പട്ടാമ്പി കോളേജില്‍ പഠിപ്പിച്ച കാലം ഓര്‍ത്തു, ഭാരതപ്പുഴയെപ്പറ്റി പറഞ്ഞു, ആ പ്രദേശത്തെ മണ്ണിന്റെ നിറവ്യത്യാസം പറഞ്ഞു. അന്ന്, പക്ഷേ, അധിക നേരമൊന്നും സംസാരിച്ചില്ല. കഥയെപ്പറ്റി, കവിതയെപ്പറ്റി ചിലത് പറഞ്ഞു. നാട് വിടുന്നവരെപ്പറ്റിയും. ''അവിടെ ഇരുന്ന് ഇവിടത്തെ കഥ എഴുതുകയാണോ'''എന്നു ചോദിച്ചു ചിരിച്ചു. ഞാന്‍ എന്റെ പുസ്തകത്തെപ്പറ്റി പറഞ്ഞു. പുസ്തകം ആറ്റൂര്‍ പ്രകാശനം ചെയ്യണമെന്ന് ആഗ്രഹം, ഞാന്‍ മാഷെ ക്ഷണിച്ചു. തീയതി, സമയം, സ്ഥലം, നാരായണമേനോന്‍ മാഷ് പറഞ്ഞു. ആറ്റൂര്‍ എന്നെ നോക്കി പുഞ്ചിരിച്ചു. വരുമെന്നോ വരില്ലെന്നോ പറഞ്ഞില്ല. 

ആറ്റൂരിന്റെ വീട്ടില്‍നിന്നും മടങ്ങുമ്പോള്‍ നാരായണമേനോന്‍ മാഷ് ആറ്റൂര്‍ വരുമോ എന്നു സംശയം പറഞ്ഞു. അധികം വേദികളിലൊന്നും ആറ്റൂര്‍ വരാറില്ല, സാരമില്ല, മാഷ് വന്നില്ലെങ്കില്‍ നമുക്ക് അന്നു വേറെ എന്തെങ്കിലും ചെയ്യാം. നാരായണ മേനോന്‍ മാഷ് എന്നെ സമാധാനിപ്പിച്ചു. 
അതെന്നെ നിരാശനൊന്നും ആക്കിയില്ല. 

മാത്രമല്ല, രാത്രി പട്ടാമ്പിയിലേക്കു മടങ്ങുമ്പോള്‍ ആറ്റൂരിനെ കണ്ട സന്തോഷം എന്റെ ഉള്ളില്‍ നിറഞ്ഞിരുന്നു. ഒരു കാലമാണ് ഇപ്പോള്‍ കണ്ടുമടങ്ങുന്നത് എന്നു തോന്നിയിരുന്നു, ആയുസ്സിന് ഒരു കനം കിട്ടി എന്ന മട്ടില്‍. 
അല്ലെങ്കില്‍ എഴുത്തുകാര്‍ക്ക് (Authors) അവരുടെ പുസ്തകങ്ങള്‍ ഓരോ വേര്‍പാടാണ്, അവര്‍ വിട്ടുപോരുന്ന ഒരു കര, ഓര്‍മ്മയിലെ ഒരു സഞ്ചാരം, അത് അന്നും എനിക്കു തീര്‍ച്ചയായിരുന്നു. 

വാസ്തവത്തില്‍, ഒരാളുടെ കഥകളുടെ വായനപോലെയല്ല, അല്ലെങ്കില്‍ അയാളുടെ കഥാപുസ്തകത്തിന്റെ പ്രകാശനം. ഒരു വേദിയില്‍ ആള്‍ക്കാര്‍ക്കു മുന്‍പില്‍നിന്നു കഥാകൃത്ത് തന്റെ കഥ വായിക്കുമ്പോള്‍ അയാളുടെ കഥയ്ക്കു തന്റെ ശബ്ദം ഒരു സംരക്ഷണവലയം ഉണ്ടാക്കുന്നു. ഇടറിയാലും ഒപ്പം ഉണ്ടെന്നു വരുത്തുന്നു. പറഞ്ഞപോലെ കൂടെ നില്‍ക്കുന്നു. എന്നാല്‍, അയാളുടെ പുസ്തകപ്രകാശനം അങ്ങനെയല്ല, അതു കഥയുടെ നിശ്ശബ്ദതയെത്തന്നെ ഉപേക്ഷിക്കുന്നു, പകരം തിയേറ്ററിന്റെ പൊലിമ വരിക്കുന്നു. അവിടെ അയാളുടെ എല്ലാ നീക്കവും നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. 

എങ്കില്‍, എന്റെ പുസ്തകപ്രകാശനം ഒരു 'ദരിദ്ര നാടകവേദി'യെ ഓര്‍മ്മിപ്പിക്കും. ഞാനും സുഹുത്തുക്കളുമായി പട്ടാമ്പിയില്‍നിന്നു മൂന്നോ നാലോ പേര്‍. അന്നു ഞാന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയ പെണ്‍കുട്ടി എന്നെ വന്നുകണ്ട് ആശംസിച്ചു വീട്ടില്‍ വൈകിച്ചെല്ലാന്‍ പറ്റില്ല എന്നു പറഞ്ഞു മുന്‍പേ മടങ്ങിപ്പോയിരുന്നു. ഞാന്‍ വിചാരിച്ചു, എത്ര ഒറ്റയ്ക്കാണ് ഒരാള്‍, അയാളുടെ എഴുത്ത് ചുറ്റും നില്‍ക്കുമ്പോഴും. 'പാഠഭേദ'ത്തില്‍നിന്ന് നാരയണമേനോന്‍ മാഷ്, സിവിക്ക് ചന്ദ്രന്‍, വി.ജി. തമ്പി - പുസ്തകത്തിന്റെ അവതരണക്കുറിപ്പ് അദ്ദേഹമായിരുന്നു എഴുതിയത് - വടക്കേടത്ത് പദ്മനാഭന്‍ അങ്ങനെ. പിന്നെ അവര്‍ ക്ഷണിച്ചിട്ടു വന്ന, ഞാന്‍ ആദ്യമായി കാണുന്ന മൂന്നോ നാലോ എഴുത്തുകാര്‍ - ആഷാമേനോന്‍, അഷ്ടമൂര്‍ത്തി, കെ. അരവിന്ദാക്ഷന്‍. പിന്നെ വേറെയും കുറച്ച് ആളുകള്‍ സദസ്സില്‍, ഒരുപക്ഷേ, 22 പേര്‍, പക്ഷേ, എല്ലാവര്‍ക്കും ഒന്നില്‍ കൂടുതല്‍ നിഴലുള്ള പോലെ ഒരു പെരുപ്പം, ആ 22-ഉം കടന്നുപോയിരുന്നു. സാഹിത്യ അക്കാദമിയിലെ ഒരു ഹാളിലായിരുന്നു ചടങ്ങ്, ആ ഹാളാകട്ടെ, പ്രകാശം കുറഞ്ഞ ഒരു ട്യൂബ് ലൈറ്റില്‍ ഇരുട്ടോ പകലോ ആയി വേര്‍പിരിയാത്ത ഒരു നേരവും കാണിച്ചു. 

എന്തായാലും, എന്റെ പുസ്തകത്തിന്റെ പ്രകാശനം, ആറ്റൂര്‍ മാഷില്ലാതെ തുടങ്ങാം എന്നായി സംഘടാകര്‍. സമയം ആവുന്നു, ആറ്റൂര്‍ മാഷ് എത്തിയിട്ടില്ല. സിവിക്ക്, അറിയാലോ, അദ്ദേഹത്തിന്റെ സംഭാഷണത്തിനേക്കാള്‍ വേഗത്തിലാണ് തന്റെ തീരുമാനങ്ങളുടേയും ഉള്ളടക്കത്തിലെത്തുക. നിങ്ങള്‍ക്ക് അറിയുമോ, താന്‍ എഴുതുന്ന ലേഖനത്തിന്റെ തലക്കെട്ട് അദ്ദേഹം ആദ്യം പരസ്യപ്പെടുത്തുന്നു. പിന്നെ ആലോചിക്കാന്‍ തുടങ്ങുന്നു, അതാണ് രീതി. പഴയ ബന്ധമാണ് എനിക്ക്, എന്റെ ആദ്യത്തെ പത്രാധിപര്‍. എന്നോട് സിവിക്ക് പറഞ്ഞു, നമുക്കു ചടങ്ങ് തുടങ്ങാം, ചടങ്ങല്ലെ. താന്‍ ഒരു കാര്യം ചെയ്യൂ, തന്റെ പുസ്തകത്തിലെ ഒരു കഥ വായിക്കണം, കഥ തിരഞ്ഞെടുത്തോളൂ. നമുക്ക് അങ്ങനെ തുടങ്ങാം. 
ഞാന്‍ കഥ തിരഞ്ഞു. 

കഥ വായിക്കുമ്പോള്‍ ഓരോ കഥയുടേയും കാലം ഓര്‍ക്കാറുണ്ടോ, അതു നമ്മുടെ പിറകില്‍നിന്നും വരുന്നു. എന്നാല്‍, കഥയെഴുതുമ്പോള്‍ കാലം അങ്ങനെ പിറകില്‍നിന്നും പുറപ്പെടുന്നില്ല. മറിച്ച്, അതു വഴിയില്‍ കണ്ടുമുട്ടുന്ന ഒന്നാണ്. കഥയെ അതു തൊട്ടുപോകുന്നു, പിറകിലേക്ക് അതിന്റെ നിഴലെറിഞ്ഞു പോകുന്നു. ആ നിഴലാണ്, പിന്നെ, വാസ്തവംപോലെ തെളിയുന്ന 'സ്പേസ്' - അതില്‍ കഥ അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു...
വായിക്കാന്‍, ഞാന്‍ എന്റെ 'കൊളംബസ്' എന്ന കഥയെടുത്ത്, പേജിന്റെ ഒരു കുഞ്ഞറ്റം അടയാളമാക്കി പുസ്തകം മടക്കിവെച്ചു. പെരുകുന്ന നിഴലുകളിലേക്കു നോക്കി. ആ സമയം, ഹാളിന്റെ തൊട്ടടുത്ത്, മുറ്റത്ത് ഒരു ഓട്ടോ വന്നു, ആറ്റൂര്‍ രവിവര്‍മ്മ, ഓട്ടോവില്‍നിന്നും ഇറങ്ങി, മുണ്ട് ഒന്നുകൂടി മുറുക്കിയുടുത്ത് ധൃതിയില്‍ മുറിയിലേക്കു കയറിവന്നു. 
വൈകിയ സമയം ഒക്കെ ഒറ്റയടിക്കു മാഞ്ഞു. 
പിന്നെ ഒക്കെ നിശ്ചയിച്ചപോലെ നടന്നു. 
ആറ്റൂരിന്റെ ആ വരവാണ്, എനിക്ക് ആദ്യത്തെ 'ഓട്ടോവിന്‍പാട്ട്', രണ്ടാമതുവരും ആ കവിത. 

പിന്നെ വരുംവര്‍ഷങ്ങളിലൊക്കെ അവധിക്കു വരുമ്പോള്‍ ഞാന്‍ ആറ്റൂരിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. അതേ പെണ്‍കുട്ടിയെ, അതേ യുവതിയെ പിന്നെ കല്യാണം കഴിച്ച് തൃശ്ശൂരിലേക്കു മാറിയപ്പോള്‍ ഞങ്ങള്‍ രണ്ടുപേരുംകൂടി കാണാന്‍ ചെന്നു, ചിലപ്പോള്‍ രാത്രിയിലും വൈകി ഇറങ്ങി. പിന്നെ കുട്ടികളുമായി കാണാന്‍ ചെന്നു. 

ഓരോ കൂടിക്കാഴ്ചയും നല്ല ഓര്‍മ്മകളായി. ഒറ്റയ്ക്കു ചെല്ലുമ്പോള്‍, ചിലപ്പോള്‍, വീടിന്റെ മുകളിലെ മുറിയോടു ചേര്‍ന്ന ചെറിയ ബാല്‍ക്കണിയില്‍ ഇരുന്ന് മാഷ് തന്റെ പുതിയ കവിത വായിച്ചു കേള്‍പ്പിച്ചു. ചിലപ്പോള്‍ കവിതയെപ്പറ്റി പറഞ്ഞു. ഒരിക്കല്‍, തന്റെ പുതിയ കവിതാ സമാഹാരത്തിനൊരു പഠനം എഴുതിത്തരണം എന്നു പറഞ്ഞ് ഇവിടെയ്ക്ക്, കുവൈറ്റിലേക്കു കവിതകള്‍ ഒരു പുസ്തകംപോലെ തുന്നിക്കെട്ടി അയച്ചുതന്നു - അതെന്നെ വല്ലാതെ അദ്ഭുതപ്പെടുത്തി. കരുണാകരന്‍ ഒന്നോ രണ്ടോ വര്‍ഷം എടുത്തോളൂ സമയമുണ്ട് എന്നു പറഞ്ഞു. ('ഒരു തിടുക്കവുമില്ല'/താങ്കള്‍ക്ക് മൂന്നാള്‍ പൊക്കം - എന്ന് ആ സമയം ഇന്നു രാവിലെ വായിച്ച അനിത തമ്പിയുടെ കവിതയിലും (ആറ്റൂരിന്) ഞാന്‍ കണ്ടുമുട്ടുന്നു.) 

എഴുത്തിന്റെ ജീവിതാംശത്തെ ദിനേനയുള്ള ഓര്‍മ്മപോലെ സൂക്ഷിക്കാന്‍, സാധാരണ ജീവിതത്തിലെ ഭാഷയുടെ കണ്ടെത്തല്‍പോലെ എഴുത്തിനെ കണ്ടുപിടിക്കാന്‍, ആ കൂടിക്കാഴ്ചകള്‍ എന്നെ ശീലിപ്പിച്ചു. കര്‍ണാടക സംഗീതത്തോടുള്ള എന്റെ ആകര്‍ഷണത്തിനു പല നിലകള്‍ സമ്മാനിച്ചു.
ഒരിക്കല്‍ ഫോണിലൂടെ എനിക്കൊരു ഉപദേശം തന്നു, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ആയിടെ എന്റെ ഒരു കഥ അച്ചടിച്ചു വന്നിരുന്നു. ആറ്റൂര്‍ അതു വായിച്ചിരിക്കുന്നു. ഞാന്‍ അവധിക്കു വന്നതാണ്, കാണാന്‍ വരുന്നു എന്നു പറയാന്‍ ഞാന്‍ ഫോണില്‍ വിളിച്ചു. കരുണാകരന്‍, ഞാന്‍ കഥ വായിച്ചു ട്ടൊ എന്നു പറഞ്ഞു. നല്ല പ്രസാദമുള്ള കഥ. ആറ്റൂര്‍ പറഞ്ഞു. എനിക്കു സന്തോഷം തോന്നി. പിന്നെയാണ് ഉപദേശം : ചില സ്ഥലത്ത് വെറുതെ ഇരിക്കേണ്ടിടത്ത് വെറുതെത്തന്നെ ഇരിക്കണം, അവിടെ പദ്മാസനത്തില്‍ ഇരിക്കേണ്ട. എനിക്കത് അപ്പോള്‍ത്തന്നെ കൃത്യമായി മനസ്സിലായി. പിന്നെ കണ്ടപ്പോള്‍ അതിനെപ്പറ്റി പറയുകയോ വിവരിക്കുകയോ ചെയ്തതുമില്ല. 

എപ്പോള്‍ ഞാന്‍ കാണാന്‍ ചെല്ലുമ്പോഴും മലയാളത്തിലെ പുതിയ കഥയെപ്പറ്റിയും പുതിയ കഥാകൃത്തുക്കളെപ്പറ്റിയും പറയാന്‍ പറയും. ഞാന്‍ പറയും. ചിലതൊക്കെ വായിച്ചിട്ടുണ്ടാകും. ''ഗീതയായിരുന്നു (ഗീതാഹിരണ്യന്‍) എന്നെ കഥയിലേക്ക് കൊണ്ടുപോയിരുന്നത്, വായിക്കേണ്ട കഥ പറഞ്ഞുതരും.''
ഒരു വരിയില്‍, രണ്ടോ മൂന്നോ വരിയില്‍ ചിലപ്പോള്‍ ആറ്റൂര്‍ മെയിലുകള്‍ അയക്കും, കവിതകള്‍ പോലെത്തന്നെ. ഞാന്‍ ചിലപ്പോള്‍ അതില്‍ക്കൂടുതല്‍ എഴുതി അയയ്ക്കും. അസുഖം എഴുത്തിനെ ബാധിച്ചതു പറയുന്നുണ്ടായിരുന്നു. നടക്കാന്‍ പോകുന്നില്ല എന്നു പറയുന്നതും എഴുതാന്‍ പറ്റുന്നില്ല എന്നു പറയുന്നതും ഒരുപോലെയാണ് - ആ ദൂരം ആറ്റൂരില്‍ കൂടിക്കൂടി വന്നു. ഇപ്പോള്‍ കത്തുകള്‍ ഇല്ല. ഏഴു കൊല്ലം മുന്‍പ്, 'ആറ്റൂര്‍ കവിതകള്‍' ഇറങ്ങിയപ്പോള്‍ അതിന്റെ ഒരു കോപ്പിയില്‍ ''എത്രയോ പ്രിയപ്പെട്ട കരുണാകരന്'' എന്ന് എഴുതി എനിക്കു തന്നു. എനിക്ക് എന്റെ ആദ്യ പുസ്തക പ്രകാശനം ഓര്‍മ്മ വന്നു. 
കഴിഞ്ഞ മാസം, കെ.സി. നാരായണന്‍ വീട്ടില്‍ വന്നപ്പോള്‍, ഞങ്ങള്‍ രണ്ടുപേരും കൂടി ആറ്റൂരിനെ കാണാന്‍ പോയി. അതു പലപ്പോഴും പതിവായിരുന്നു. കെ.സിയോടൊപ്പം ആറ്റൂരിനെ കണ്ടുനോക്കൂ, കവിതയില്‍ അവര്‍ ഓര്‍മ്മകളുടെ അനവധി വഴികള്‍ വെട്ടും, നമ്മളെ ഒപ്പം കൂട്ടും. കേട്ട് ഇരുന്നുപോകും. ഇപ്പോള്‍, കരുണാകരനെ കണ്ടിട്ട് കുറേ കാലമായല്ലോ എന്നു പറഞ്ഞു. ആ കുട്ടി കഴിഞ്ഞ വര്‍ഷവും അവധിക്കു വന്നപ്പോള്‍ ഇവിടെ രണ്ടു പ്രാവശ്യം വന്നല്ലോ എന്ന് ആറ്റൂരിന്റെ പത്‌നി ഓര്‍മ്മിപ്പിച്ചു. പക്ഷേ, അതോര്‍ത്തില്ല. ഓര്‍മ്മ കുറേശ്ശേ മങ്ങാന്‍ തുടങ്ങിയിരിക്കുന്നു. എഴുത്തില്ല എന്നു പറഞ്ഞു. വായനയും ഇല്ല എന്നു പറഞ്ഞു. ഞങ്ങളോടുള്ള വര്‍ത്തമാനത്തില്‍ മറവിയും ഓര്‍മ്മയും കൂടിക്കലര്‍ന്നു. ''സൂര്യനെ മറന്ന പുലര്‍ച്ചപോലെ'' എന്ന ഒരു വരി ആറ്റൂരിന്റെ 'മറവി' എന്ന കവിതയിലും മുന്‍പേ വന്നിട്ടുണ്ട്.  

ഇടയ്ക്ക് ''തുപ്പേട്ടന്‍ മരിച്ചു, അറിഞ്ഞോ'' എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അറിഞ്ഞു എന്നു തലയാട്ടി. പിന്നെ തന്റെ പ്രിയ സ്‌നേഹിതനെപ്പറ്റി ഞങ്ങളോട് സംസാരിച്ചു. ഇടയ്ക്ക് 'വന്നന്ത്യേ കാണാം' എന്ന നാടകത്തെപ്പറ്റി ഓര്‍ത്തു ചിലതു ഞാന്‍ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചു. 
വേര്‍പാടുകളേയും തഴുകുന്ന ഒരോര്‍മ്മ, കലയുടെ അസുലഭമായ ഒരു സന്ദര്‍ഭം, ആറ്റൂരിനെ തൊട്ടപോലെ. 
ചിലപ്പോള്‍ എനിക്കു തോന്നും, ഒരിക്കല്‍ യുവാവായിരുന്നു എന്ന് ഓര്‍ക്കുന്നതുപോലെ, കലയിലും ജീവിതത്തിലും നീണ്ടുനില്‍ക്കുന്ന ഒരു കാലം ഒരാള്‍ക്കു വേറെയില്ല എന്ന്. 
വാര്‍ദ്ധക്യത്തിന്റെ നിശൂന്യതയേയും ചിലപ്പോള്‍ അതു നേരിടുന്നു. 
കാട്ടുതീ കത്തുന്ന പോലൊന്ന്
കണ്ണടച്ചാലും ഞാന്‍ കാണുന്നു
കടല് കേറുന്ന പോലൊന്ന്
കാലുകളിന്മേല്‍ തടയുന്നു
കൊടുംകാറ്റ് ഇളകുന്ന പോലൊന്ന്
കാതുകള്‍ രണ്ടിലും മൂളുന്നു. 
ആറ്റൂരിന്റെ 'പിറവി' എന്ന കവിതയിലാണ് ഈ വരികള്‍, എഴുതാനുള്ള പ്രേരണയാണ് അത്. ചിലപ്പോള്‍ എഴുതേണ്ട എന്നു വെയ്ക്കാനും അതു പ്രേരണയാവുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com