ആ കവി, ഗായകന്‍ എങ്ങോട്ടുപോയി?: ചൈനീസ് കവി അബ്ദുറഹിമാന്‍ ഹെയിറ്റിനെക്കുറിച്ച്

മരിച്ചവര്‍ സംസാരിക്കുന്ന അത്തരം വീഡിയോകള്‍ അവര്‍ മുന്‍പും പലതവണ കണ്ടിട്ടുണ്ട്. അതാണ് ആ പ്രദേശത്തിന്റെ, ഭാഷയുടെ സംസ്‌കാരത്തിന്റെ ചരിത്രം.
തോക്കിന്‍ നിഴലില്‍ ഒരു ജീവിതം: ചൈനയിലെ ഷിന്‍ജ്യാങ് പ്രവിശ്യയിലെ ഉയ്ഗുര്‍ ജനത
തോക്കിന്‍ നിഴലില്‍ ഒരു ജീവിതം: ചൈനയിലെ ഷിന്‍ജ്യാങ് പ്രവിശ്യയിലെ ഉയ്ഗുര്‍ ജനത

ഭൂമുഖത്തുനിന്നു ഒരു കവിയെക്കൂടി കാണാതായിരിക്കുന്നു. ദുത്താര്‍ മീട്ടി, സ്വന്തം കവിതകള്‍ പാടി ലോകശ്രദ്ധയിലേക്കു വന്നുകൊണ്ടിരുന്ന ഗായകന്‍ കൂടിയായ ഒരു കവിയെ. കവിതയാണോ സംഗീതമാണോ മികച്ചതെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം രണ്ടു സിദ്ധികളുമുണ്ടായിരുന്ന ഒരു പ്രതിഭ. അബ്ദുറഹിം ഹെയിറ്റ് എന്ന ഉയ്ഗുര്‍ (Uyghur) കവിയേയാണ് ഇത്തവണ കാണാതായത്. അദ്ദേഹത്തെ കാണാതായിട്ട് രണ്ടു വര്‍ഷത്തിലധികമായി. അദ്ദേഹം എവിടെയാണ്, എന്തുപറ്റി എന്നു ബന്ധുക്കളും സുഹൃത്തുക്കളും ചോദിക്കുന്നു. കൃത്യമായ മറുപടി എവിടെനിന്നും ലഭിക്കുന്നില്ല. കൊല്ലപ്പെട്ടു എന്നു ചില മാധ്യമങ്ങള്‍ പറയുന്നു. ക്ഷീണിതമായ ശബ്ദത്തില്‍ ''തനിക്കിവിടെ സുഖമാണെന്ന്'' കവി പറയുന്ന സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ട്, അദ്ദേഹത്തിന്റെ അപ്രത്യക്ഷമാകലിന് ഉത്തരവാദികളായവര്‍ അതു നിഷേധിക്കുന്നു. ആരും അതു വിശ്വസിക്കുന്നില്ല. മരിച്ചവര്‍ സംസാരിക്കുന്ന അത്തരം വീഡിയോകള്‍ അവര്‍ മുന്‍പും പലതവണ കണ്ടിട്ടുണ്ട്. അതാണ് ആ പ്രദേശത്തിന്റെ, ഭാഷയുടെ സംസ്‌കാരത്തിന്റെ ചരിത്രം.

ചൈനയുടെ വടക്കുപടിഞ്ഞാറ് അതിര്‍ത്തിയില്‍ ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കുമെന്‍സ്ഥാന്‍, കസാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഷിന്‍ജ്യാങ്ങ് (Xinjiang) പ്രവിശ്യയിലെ ഉയ്ഗുര്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട കവിയാണ് അബ്ദുറഹിമാന്‍ ഹെയിറ്റ്. അതായത്, ചൈനയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി വളരെയധികം പ്രാധാന്യമുള്ള പ്രദേശങ്ങളിലൊന്നില്‍ ജീവിക്കുന്നയാള്‍. അങ്ങനെയുള്ള ഒരാള്‍ ജനങ്ങളില്‍ സ്വാധീനമുള്ള ഒരു കലാകാരന്‍ കൂടിയാകുമ്പോള്‍ രാജ്യത്തിന്റെ ശ്രദ്ധ അയാളില്‍ കൂടുതല്‍ പതിയും. അയാളുടെ വാക്കുകള്‍, ഈണങ്ങള്‍ പൊലീസും പട്ടാളവും കൂടുതല്‍ കാതോര്‍ക്കും. അത് ചൈനയിലായാലും ഇന്ത്യയിലായാലും അമേരിക്കയിലായാലും ക്യൂബയിലായാലും. രാജ്യത്തിന്റെ പട്ടികയില്‍ അയാള്‍ എപ്പോഴും ഒരു ഭീഷണിയാകാം, ജനങ്ങളെ വഴിതെറ്റിക്കാം, സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വിള്ളലേല്പിക്കാം. ഇതുതന്നെയാണ് ഹെയിറ്റിന്റെ ദുരൂഹമായ അപ്രത്യക്ഷമാകലിലും സംഭവിച്ചത്.

ടര്‍ക്കിക്ക് പാരമ്പര്യമുള്ള ഇസ്ലാംമത വിശ്വാസികളും ടര്‍ക്കിക്ക് പാരമ്പര്യത്തിലുള്ള ഭാഷ സംസാരിക്കുന്നവരുമാണ്  ഉയ്ഗുറുകള്‍. പുരാതന സില്‍ക്കുപാത കടന്നുപോകുന്നത് ഈ പ്രദേശത്തുകൂടിയായതിനാല്‍ വാണിജ്യ-വ്യാവസായിക രംഗങ്ങളില്‍ ചൈനയിലെ മറ്റു പ്രദേശങ്ങളെക്കാള്‍ ഏറെ പുരോഗമിച്ചതാണ് ഉയ്ഗുര്‍ മേഖല. ആ കാരണം കൊണ്ടുതന്നെ ഷിന്‍ജ്യാങ്ങ് പ്രവിശ്യ അധീനതയിലാക്കാന്‍ അയല്‍രാജ്യങ്ങള്‍ ചരിത്രത്തിലുടനീളം ശ്രമിച്ചിട്ടുണ്ട്. ഏറ്റവും അവസാനത്തേതാണ് ചൈനയുടെ ആധിപത്യം. സ്വാതന്ത്ര്യം നല്‍കിയും അതു തിരിച്ചെടുത്തും സ്വയംഭരണ പദവി നല്‍കിയും അതു രേഖകളില്‍ മാത്രം നിലനിര്‍ത്തിയും ചൈന ഇവിടെ ഇടപെട്ടുകൊണ്ടിരുന്നു. ഇപ്പോഴും അതു ചെയ്തുകൊണ്ടിരിക്കുന്നു. 'രാജ്യതാല്പര്യങ്ങളുടെ' ഈ ചതുരംഗത്തില്‍ അനാഥമാക്കപ്പെട്ടത് ഒരു ജനതയാണ്. നമ്മുടെ കശ്മീരിലെന്നപോലെ. അതിന്റെ ഇരകളാണ് അബ്ദുറഹിമാന്‍ ഹെയിറ്റിനെപ്പോലുള്ള കവികളും ബുദ്ധിജീവികളും.
ഒരു ജനതയെ തകര്‍ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അവരുടെ ഭാഷയും സംസ്‌കാരവും വിശ്വാസവും തകര്‍ക്കുകയാണ് എന്നത് ചരിത്രത്തില്‍ ഒരു പുതിയ കാര്യമല്ല. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ദേശീയ രാഷ്ട്രീയ മുഖ്യധാരയില്‍ വേണ്ടപോലെ ലയിച്ചുചേരാന്‍ ഉയ്ഗുറുകള്‍ക്ക് കഴിയാതിരുന്നത് അവരുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വം കൊണ്ടാണ്. ചൈനയിലേക്കോ ചൈനീസ് ഭാഷകളിലേക്കോ അല്ല അവരുടെ ചരിത്രത്തിന്റേയും വേരുകള്‍ നീണ്ടുചെല്ലുന്നത്. അവ ചെന്നെത്തുന്നത് മദ്ധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ വേറിട്ടൊരു ജനതയാണെന്നും സംസ്‌കാരമാണെന്നും അവര്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ അടിത്തറ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഉയ്ഗുര്‍ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത്. ഭരണകൂടത്തിന്റെ ഈ തന്ത്രങ്ങള്‍ക്ക് ഹെയിറ്റിന്റെ കവിതകളും സംഗീതവും തടസ്സമാകുന്നു എന്ന തോന്നലാണ് കവിയെ ജനങ്ങളുടെ കാഴ്ചയില്‍നിന്നും കേള്‍വിയില്‍നിന്നും പെട്ടെന്ന് ഇല്ലാതാക്കിയത്.

തങ്ങളുടെ ലക്ഷ്യം നടപ്പാക്കാന്‍ ചൈനീസ് ഭരണകൂടം ആദ്യം ചെയ്തത് സ്‌കൂള്‍ തലത്തില്‍ ഉയ്ഗുര്‍ ഭാഷ നിരോധിക്കുക എന്നതായിരുന്നു. നിരോധിക്കുക മാത്രമല്ല, ആരെങ്കിലും പഠിച്ചാലോ പഠിപ്പിച്ചാലോ അതു കുറ്റകരമാക്കുകയും ചെയ്തു. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആ ഭാഷയില്‍ എഴുതുകയും പാടുകയും ചെയ്യുന്നവര്‍ എന്തുചെയ്യും? മക്കള്‍ക്ക് അച്ഛനമ്മമാര്‍ എങ്ങനെ മാതൃഭാഷയുടെ ആദ്യാക്ഷരം ചൊല്ലിക്കൊടുക്കും? അവര്‍ക്ക് വഴങ്ങാത്ത, ഹാന്‍വംശത്തിന്റെ ചുവയുള്ള ചൈനീസില്‍ അവരെങ്ങനെ മനസ്സു തുറക്കും?

വിശ്വാസത്തിലായിരുന്നു ഭരണകൂടത്തിന്റെ അടുത്ത ചുവട്. അഗാധ മതവിശ്വാസികളാണ് ഉയ്ഗുറുകള്‍. ഉറവിടം മദ്ധ്യ-പൂര്‍വ്വേഷ്യയായതുകൊണ്ട്  ഇസ്ലാമാണ് അവരുടെ മതം. അതില്‍ തീവ്രവാദത്തിന്റെ നിഴല്‍പോലുമുണ്ടായിരുന്നില്ല, പോയ കാലങ്ങളിലൊന്നും. പക്ഷേ, ഇത്രയധികം ഗാഢമായ വിശ്വാസമുള്ള ഒരിടത്തു കേന്ദ്രീകരിക്കുക അപകടകരമാണെന്നു മനസ്സിലാക്കിയ ഭരണകൂടം ഹാന്‍ വംശജരുടെ കുടിയേറ്റത്തിനു പ്രോത്സാഹനം നല്‍കി. ഷിന്‍ജ്യാങ്ങിന്റെ സാമ്പത്തിക പുരോഗതിയും കുടിയേറ്റത്തിനു കാരണമായിരുന്നു. മതങ്ങള്‍ ഇടകലര്‍ന്നു, വംശങ്ങള്‍ ഇടകലര്‍ന്നു, ഭാഷകള്‍ ഇടകലര്‍ന്നു, സംസ്‌കാരങ്ങള്‍ ഇടകലര്‍ന്നു. നല്ലത്. പക്ഷേ, ഉയ്ഗുറുകളെ സംബന്ധിച്ചിടത്തോളം ഈ ഇടകലരല്‍ നന്മയെക്കാള്‍ കൂടുതല്‍ തിന്മയായിരുന്നു സൃഷ്ടിച്ചത്. തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും അനുസരിച്ച് തങ്ങളുടെ ഭാഷ ഭയം കൂടാതെ സംസാരിച്ച് ജീവിക്കാന്‍ കഴിയുന്ന ഒരു ഇടം അവര്‍ ആഗ്രഹിച്ചു. ആവശ്യപ്പെടാന്‍ തുടങ്ങി. ചൈനയുടെ ഭരണനിയന്ത്രണത്തില്‍ അത് അസാദ്ധ്യമെന്നു ചിലര്‍, വിശേഷിച്ച് വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും വാദിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതായി അവരുടെ തുടര്‍ന്നുള്ള സ്വപ്നം, പരിശ്രമം.

അബ്ദുറഹിമാന്‍ ഹെയ്റ്റ്‌
അബ്ദുറഹിമാന്‍ ഹെയ്റ്റ്‌

ഭരണകൂടത്തിന്റെ വിലയിരുത്തലില്‍, വിദേശത്തു പോയി പഠിച്ചുവന്നവരും പുസ്തകങ്ങള്‍ വായിക്കുന്നവരുമാണ് ഈ മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്നത്. ചൈനയുടെ ഔദ്യോഗിക പത്രമായ 'ഗ്ലോബല്‍ ടൈംസി'ല്‍ 2017 ആഗസ്റ്റില്‍ വന്ന ഒരു റിപ്പോര്‍ട്ടു പ്രകാരം: ''മുന്‍പുണ്ടായിരുന്നതിനെക്കാള്‍  വേഗത്തിലും തീവ്രവുമായിട്ടാണ് രാജ്യത്ത് മതതീവ്രവാദം വളരുന്നത്. സമൂഹത്തില്‍ അതിന്റെ സ്വാധീനം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. അത് നഗരങ്ങളേയും സര്‍വ്വകലാശാല കാമ്പസ്സുകളേയുമാണ് കൂടുതല്‍ ബാധിക്കുന്നത്.''
ഉയ്ഗുര്‍ മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിദേശത്തു പഠിക്കാന്‍ പോകുന്നത് ഈജ്പ്തിലും തുര്‍ക്കിയിലുമാണ്. കുറച്ചു പേര്‍ ഫ്രാന്‍സിലും ആസ്‌ട്രേലിയയിലും അമേരിക്കയിലുമുണ്ട്. അങ്ങനെ പുറത്തുപോയി പഠിച്ചു വരുന്നവരിലൂടെയാണ്  മതതീവ്രവാദം ദേശത്തെത്തുന്നത് എന്ന നിഗമനത്തില്‍, ഷിന്‍ജ്യാങ്ങ് പ്രവിശ്യയിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ വിദേശത്തു പഠിക്കാന്‍ പോകുന്നത് 2017-ല്‍ ചൈനീസ് സര്‍ക്കാര്‍ നിരോധിച്ചു. മാത്രമല്ല, വിദേശത്തുള്ളവരോട് തിരിച്ചെത്താനും നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ സ്വമേധയാ തിരിച്ചുവരുന്നില്ലെങ്കില്‍, അവരെ തിരിച്ചയയ്ക്കണമെന്ന് മറ്റു രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

ഇതനുസരിച്ച്, ചൈനയുമായി സൗഹാര്‍ദ്ദത്തിലുള്ള രാജ്യങ്ങള്‍ നൂറുക്കണക്കിനു വിദ്യാര്‍ത്ഥികളെയാണ്  തിരിച്ചയച്ചത്. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ലോക ഉയ്ഗുര്‍ കോണ്‍ഗ്രസ്സ്' പ്രതിനിധികള്‍ യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ 2017 ജൂലൈയില്‍ നടത്തിയ പ്രസ്താവന പ്രകാരം തന്നെ ഈജിപ്ത് പൊലീസ് ചൈനീസ് മുസ്ലിം വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ടു പിടിക്കാന്‍ തുടങ്ങിയിരുന്നു. കെയ്‌റോയിലെ അല്‍-അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നൂറു കണക്കിനു കുട്ടികളാണ് തടഞ്ഞുവെക്കപ്പെട്ടത്. അവരെ ചൈനയിലേക്ക് നിര്‍ബ്ബന്ധപൂര്‍വ്വം തിരിച്ചയക്കുകയാണ്. അവര്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളിലേയും ഭരണകൂടങ്ങള്‍ ഒന്നും പറയുന്നില്ല. 'വേള്‍ഡ് യൂണിവേഴ്സിറ്റീസ്' ന്യൂസില്‍ വന്ന ഒരു വാര്‍ത്തയനുസരിച്ച് കെയ്‌റോ നഗരത്തിനു പുറത്തുള്ള ടോറാ ജയിലില്‍ നൂറിലധികം ചൈനീസ് മുസ്ലിം വിദ്യാര്‍ത്ഥികള്‍ തടവില്‍ കിടക്കുകയാണത്രേ. ഈജിപ്തിലെ ആഭ്യന്തര സുരക്ഷാവിഭാഗം ഇത് നിഷേധിച്ചിട്ടുണ്ട്. എങ്കിലും, ആ കുട്ടികള്‍ എവിടെയാണെന്നു പറയുന്നില്ല.

പഠനം നിര്‍ത്തി കുട്ടികള്‍ തിരിച്ചെത്തുന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. അവരുടെ വീടുകളില്‍ ഉദ്യോഗസ്ഥരും പൊലീസും നിരന്തരമായി ചെല്ലുകയും തിരിച്ചുവരാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അച്ഛനമ്മമാരെ വീട്ടുതടങ്കലില്‍ വെയ്ക്കുന്നതിനു തുല്യമാണ് ഈ നിരന്തരം നിരീക്ഷണവും ചോദ്യം ചെയ്യലും എന്നാണ് ലോക ഉയ്ഗുര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നത്.
തിരിച്ചെത്തിയാല്‍ വീടുകളിലേക്കു പോകാമെന്ന് വിദ്യാര്‍ത്ഥികളും അച്ഛനമ്മമാരോ പ്രതീക്ഷിക്കേണ്ടതില്ല. വിദേശ പഠനകാലത്ത് അവരുടെ തലച്ചോറിലും മനസ്സിലും കയറിക്കൂടിയ 'മതതീവ്രവാദ ചിന്തകള്‍' നശിപ്പിച്ച്, നല്ല പൗരന്മാരാക്കി മാറ്റാനുള്ള 'പുനര്‍ വിദ്യാഭ്യാസ കേന്ദ്രത്തിലേക്കാണ് (Re-Education Center) അവരെ കൊണ്ടുപോകുക. കുട്ടികള്‍ മാത്രം പോയാല്‍ പോര ക്യാമ്പുകളില്‍. രക്ഷിതാക്കളും പോകണം. ഇപ്പോള്‍ പത്തു ലക്ഷത്തിലധികം പേര്‍ അത്തരം ക്യാമ്പുകളിലുണ്ട് എന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്.

2017 അവസാനം കുറച്ചു മാസങ്ങള്‍ ചൈനയില്‍ യാത്ര ചെയ്യാന്‍ അവസരം കിട്ടിയപ്പോഴാണ് ഷിന്‍ജ്യാങ്ങ് പ്രവിശ്യയെപ്പറ്റിയും ഉയ്ഗുര്‍ ജനതയെപ്പറ്റിയും അബ്ദുറഹിമാന്‍ ഹെയിറ്റ് എന്ന കവിയെപ്പറ്റിയും ആദ്യമായി കേട്ടത്. അവിടെ പോകാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോള്‍ അത്ര അനുകൂലമായിരുന്നില്ല ചൈനീസ് ആതിഥേയ സംഘടനയുടെ പ്രതികരണം. ഷിന്‍ജ്യാങ്ങിലെത്തുന്ന വിദേശികളെ സംശയത്തോടെയാണ് നാട്ടുകാരും പൊലീസും കാണുന്നത് എന്നതായിരുന്നു ആ നിരുത്സാഹപ്പെടുത്തലിന്റെ കാരണം. എന്റെ കാര്യത്തില്‍ മറ്റൊരു വസ്തുത കൂടിയുണ്ടായിരുന്നു. അരുണാചലിലെ സംഘര്‍ഷത്തിനുശേഷം ഇന്ത്യാക്കാര്‍ക്കെതിരെ അക്രമങ്ങള്‍ പലയിടത്തും നടക്കുന്നു എന്ന വാര്‍ത്തയും വരുന്നുണ്ടായിരുന്നു.

നിക്കോളാസ് കട്രോവിച്ച്
നിക്കോളാസ് കട്രോവിച്ച്


''അനുവാദത്തോടെ പോകാന്‍ പറ്റില്ല. അതേസമയം യാത്ര ചെയ്യാന്‍ വിലക്കുകളുമില്ല. സ്വന്തം നിലയില്‍ വേണമെങ്കില്‍ പോകാം'', ആസ്‌ട്രേലിയക്കടത്തുള്ള, പണ്ട് ഫ്രെഞ്ച് അധീനതയിലായിരുന്ന ന്യൂകാലിഡോണിയ എന്ന ദ്വീപില്‍നിന്നുള്ള കവി നിക്കോളാസ് കുട്രോവിച്ച് പറഞ്ഞു. നേരത്തെ ന്യൂ കാലിഡോണിയയില്‍; വിദ്യാഭ്യാസം, സംസ്‌കാരം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു സര്‍വ്വകലാശാലാ അദ്ധ്യാപകന്‍ കൂടിയായ നിക്കോളാസ്. ടര്‍ക്കിക്ക് ഭാഷകളും സംസ്‌കാരവുമായിരുന്നു അദ്ദേഹത്തിന്റെ പഠനവിഷയം. അതുകൊണ്ട് തനിച്ചു യാത്ര ചെയ്യാന്‍ നിക്കോളാസ് തീരുമാനിച്ചിരുന്നു.
''കൂടെ ഞാനും വരട്ടെ, ഒരു സഹായിയായി'', ഞാന്‍ ചോദിച്ചു. കുട്രോവിച്ച് ഹൃദ്യമായി ചിരിച്ചു.

ഷംനായില്‍നിന്ന് ഷിന്‍ജ്യാങ്ങ് പ്രവിശ്യയിലെ ഉറുംഖി എന്ന നഗരത്തിലേക്കുള്ള 46 മണിക്കൂര്‍ തീവണ്ടി യാത്രയിലാണ്, ഉയ്ഗുര്‍ മുസ്ലിങ്ങളെപ്പറ്റിയും അവരുടെ ഓയിറാത്തു ഭാഷയെപ്പറ്റിയും കവിതയെപ്പറ്റിയും സംഗീതത്തെപ്പറ്റിയും നിക്കോളാസ് കുട്രോവിച്ച് പറഞ്ഞത്. 'മനോഹരമായ പുല്‍മേട്' എന്നാണ് ഉറുംഖി എന്ന വാക്കിന്റെ അര്‍ത്ഥം. വെറും അര്‍ത്ഥമല്ല, അനുഭവം തന്നെയാണ് ആ ഭൂവിഭാഗം എന്ന് ആ യാത്ര ഞങ്ങളെ ബോധ്യപ്പെടുത്തി.
ഉറുംഖിയിലെ നാലു ദിവസത്തെ താമസത്തിനിടയില്‍ നിക്കോളാസ് കാണാന്‍ ആഗ്രഹിച്ചതും ശ്രമിച്ചതും അബ്ദുറഹിമാന്‍ ഹെയിറ്റ് എന്ന കവിയായ ഗായകനെയായിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ നിക്കോളാസ് നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു. ചിലത് വിവര്‍ത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ചോദിച്ചവര്‍ക്കാര്‍ക്കും ഹെയിറ്റ് എവിടെയാണെന്ന് അറിയില്ല. ആ ദിവസങ്ങളില്‍ മാത്രമല്ല, അതിനുശേഷം ഇന്നേവരെ ആരും കവിയെ കണ്ടിട്ടില്ല. അതിനിടയിലാണ് ഈ മാസം ആദ്യം അദ്ദേഹം ചൈനീസ് തടവറയില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന വീഡിയോ ചൈന പുറത്തുവിട്ടതും. ഒരുപക്ഷേ, 'പ്രതിലോമ' കവിതയുടേയും സംഗീതത്തിന്റേയും ബാധ ഇറങ്ങാതെ അദ്ദേഹം ഏതെങ്കിലും പുനര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ തന്നെയുണ്ടാകും. തന്റെ വരികള്‍ ആവര്‍ത്തിച്ചു ആലപിച്ചുകൊണ്ട്:
ജീവിക്കുന്നതെന്തിനു നീ
ചോദിക്കുന്നു മനസ്സാക്ഷി.
എന്റെ നാടിനുവേണ്ടി
എന്റെ ജനങ്ങള്‍ക്കുവേണ്ടി
ഞാന്‍ മറുപടി പറയുന്നു.
ഇതാണെന്റെ ജീവിതപ്പാത,
വിട്ടുപോകില്ല ഞാനൊരിക്കലും
ബലികഴിക്കും
എല്ലാം ഞാന്‍.

ഹൃദയമേ ഖേദിക്കുക
ഒരായിരം ഖേദങ്ങള്‍.
ഒരിക്കലും നിര്‍ത്തരുത്
സൃഷ്ടിയുടെ ചോദ്യങ്ങള്‍
എന്റെ മുഖം വിളറി
പുഞ്ചിരി മാഞ്ഞു
എന്റെ ഹൃദയം സംതൃപ്തം
ചോദ്യങ്ങളില്ല, ശാന്തം
(മനസ്സാക്ഷിയുടെ ചോദ്യം, അബ്ദുറഹിമാന്‍ ഹെയിറ്റ്).

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com