ഇത് ഇന്ത്യന്‍ റിപ്പബ്ലിക്ക് അല്ല, അംബാനി റിപ്പബ്ലിക്ക്: ഡോ. കെ.എന്‍. പണിക്കര്‍ സംസാരിക്കുന്നു

കഴിഞ്ഞ അഞ്ചുകൊല്ലം വികസനത്തില്‍ ഏതുവിഭാഗത്തിനാണ് മുന്‍തൂക്കം കിട്ടിയത് കോര്‍പ്പറേറ്റ് മൂലധനത്തിന് സഹായകരമായ നയങ്ങളാണ് എല്ലാ മേഖലകളിലും കാണാന്‍ കഴിയുക. 
ഇത് ഇന്ത്യന്‍ റിപ്പബ്ലിക്ക് അല്ല, അംബാനി റിപ്പബ്ലിക്ക്: ഡോ. കെ.എന്‍. പണിക്കര്‍ സംസാരിക്കുന്നു

ഈ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിനു നിര്‍ണ്ണായകമാണെന്നതില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും യോജിക്കുന്നു. എത്രത്തോളം നിര്‍ണ്ണായകമാണ്, ഏതുവിധത്തില്‍?
ഭാവിയിലെ ഇന്ത്യന്‍ രാഷ്ട്രീയവുമായി ബന്ധമുള്ള ഒരു തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് പ്രധാനമായും നിര്‍ണ്ണായകമെന്നു പറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ ഒരു ടേണിംഗ് പോയന്റിലാണ് വന്നുനില്‍ക്കുന്നത്. ഒരു സാധ്യത, ഏകാധിപത്യ ശക്തികള്‍ക്ക് വിജയം ലഭിക്കുക എന്നുള്ളതാണ്. മറ്റൊന്ന്, ഇതുവരെ ഇന്ത്യയില്‍ നിലനിന്ന മതേതരത്വം, ജനാധിപത്യം എന്നിവയ്ക്ക് കരുത്തു തിരിച്ചുകിട്ടുന്ന മാറ്റം സംഭവിക്കാന്‍ പോകുന്നു എന്നതാണ്. ഈ രണ്ടു സാധ്യതകളില്‍ ഏതു വിജയിച്ചാലും നിര്‍ണ്ണായകമാണ്. ഒന്ന്, ഇന്ത്യയുടെ അടിസ്ഥാനപരമായ സ്വഭാവം നിലനിര്‍ത്താന്‍ ശ്രമിക്കുകയും മറ്റേത് അതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നതാണ്. ഇവ രണ്ടിന്റേയും ചിന്താധാരകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. അതുകൊണ്ടാണ് ഞാന്‍ ഇതിനെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായി നോക്കിക്കാണുന്നത്. 

മുന്‍പും ഇന്ത്യയിലെ ജനാധിപത്യം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയും അതു നടപ്പാക്കിയ ഭരണാധികാരിയും ഉണ്ടായി. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ  അഞ്ച് വര്‍ഷത്തെ ഭരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതികളും അതിനെക്കാളൊക്കെ മാരകമാണെന്ന് വിലയിരുത്തുന്നുണ്ടോ? 
ഒരു കാര്യം മനസ്സിലാക്കേണ്ടത് അടിയന്തരാവസ്ഥയും ഇന്നു വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന സാഹചര്യവും തമ്മില്‍ ബന്ധമില്ല എന്നതാണ്. അടിയന്തരാവസ്ഥ ജനാധിപത്യ വിരുദ്ധമായിരുന്നു, സ്വേച്ഛാധിപത്യപരമായിരുന്നു. പക്ഷേ, അടിയന്തരാവസ്ഥ ഉണ്ടായത് ജനാധിപത്യത്തിനുള്ളില്‍ നിന്നുതന്നെയാണ്. ജനാധിപത്യ പ്രക്രിയ അതിനെ അവസാനിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇന്നു കാണുന്നത് അതല്ല, വളരെ വ്യക്തമായ ഫാസിസ്റ്റ് പ്രവണതയാണ്. അതുകൊണ്ട് അടിയന്തരാവസ്ഥയും ഇതും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല. വേറൊരു വ്യത്യസ്ത രാഷ്ട്രീയ വ്യവസ്ഥയിലേക്കാണ് ഇന്ത്യയെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. 
ബി.ജെ.പിയുടെ ഭരണം വാസ്തവത്തില്‍ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്സാണ്. ഒരര്‍ത്ഥത്തില്‍ ആര്‍.എസ്.എസ്സിന്റെ ഭരണമാണ്. മറ്റു രാഷ്ട്രീയ കക്ഷികളെപ്പോലെ ഒരു രാഷ്ട്രീയ കക്ഷിയല്ല ബി.ജെ.പി. മറ്റു കക്ഷികള്‍ക്കെല്ലാം അവരുടെ പോഷക സംഘടനകളുണ്ട്. പക്ഷേ, ബി.ജെ.പി എന്ന് പറയുന്നത് ആര്‍.എസ്.എസ്സിന്റെ പോഷക സംഘടനയാണ്; അല്ലാതെ ആര്‍.എസ്.എസ്സ് ബി.ജെ.പിയുടെ പോഷക സംഘടനയല്ല. അതുകൊണ്ട് ആര്‍.എസ്.എസ്സിന്റെ അജന്‍ഡ എന്താണോ അതാണ് ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് മറ്റു ഭരണങ്ങളെപ്പോലെയല്ല ഈ ഭരണം എന്നു പറയുന്നത്. മറ്റു ഭരണങ്ങളില്‍നിന്ന് ഈ ഭരണത്തിന്റെ പ്രധാനപ്പെട്ട വ്യത്യാസം ആര്‍.എസ്.എസ്സിന്റെ നിയന്ത്രണമാണ്. 

ബാബറി മസ്ജിദ് തര്‍ക്കം പരിഹരിക്കുന്നതിന് സുപ്രീംകോടതി മൂന്നംഗ ഉന്നതതല സമിതിയെ വയ്ക്കുകയും എട്ടാഴ്ച കാലാവധി നിശ്ചയിക്കുകയും ചെയ്തിരിക്കുകയാണല്ലോ. എന്നാല്‍, ആര്‍.എസ്.എസ്സ് അതിനെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത് എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?
ആര്‍.എസ്.എസ് ഭരണഘടനാ സ്ഥാപനങ്ങളോട് യാതൊരുവിധ ബഹുമാനവുമില്ലാത്ത സംഘടനയാണ്. ഭരണഘടനയില്‍ അടിസ്ഥാനപരമായി പറയുന്നതൊന്നും അവര്‍ അംഗീകരിക്കുന്നില്ല. ഭരണഘടനയുടെ അടിസ്ഥാനപരമായ ആശയങ്ങളിലൊന്ന് ഫെഡറലിസമാണ്. രണ്ടാമത് മതേതരത്വമാണ്. ഇതിനു രണ്ടിനും എതിരായാണ് ആര്‍.എസ്.എസ്സ് പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ ആശയങ്ങള്‍ ഫലപ്രദമായി കൊണ്ടുവരിക എന്നതാണ് ഇവരുടെ അജന്‍ഡ തന്നെ. ഈ അജന്‍ഡയുടെ കേന്ദ്ര ആശയം ഹിന്ദുത്വമാണ്. ഹിന്ദുത്വം എന്നത് ഹിന്ദുമതമല്ല, പൊളിറ്റിക്കല്‍ ഹിന്ദുയിസമാണ്. ആ പൊളിറ്റിക്കല്‍ ഹിന്ദുത്വം പറയുന്നത് ഇന്ത്യയില്‍ ഹിന്ദുക്കളല്ലാത്തവര്‍ക്ക് ഒരു സ്ഥാനവുമില്ല എന്നാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാ പൗരന്മാരും ഇല്ലാതിരിക്കുക സാധ്യമല്ല. ബാബരി മസ്ജിദ് പൊളിച്ചതുതന്നെ ഭരണഘടനയ്‌ക്കെതിരായ ഒരു പ്രവൃത്തിയായിരുന്നു. ഗവണ്‍മെന്റും കോടതിയുമൊക്കെ നിരോധിച്ചിട്ടുപോലും ശക്തി ഉപയോഗിച്ചാണല്ലോ ബാബരി മസ്ജിദ് തകര്‍ക്കുന്നത്. ഒരു സാധാരണ സാഹചര്യത്തില്‍ ഉണ്ടാകേണ്ട കാര്യങ്ങളില്‍നിന്നു വ്യത്യസ്തമായാണ് അതു സംഭവിച്ചത്. അങ്ങനെ വീണ്ടും അസാധാരണമായതു സംഭവിപ്പിക്കാന്‍ വേണ്ടിയാണ് വാസ്തവത്തില്‍ ആര്‍.എസ്.എസ്സ് ശ്രമിക്കുന്നത്. ഇതുവരെ രാജ്യത്തിന് അതിനെ തടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയതു സാധിക്കുമോ എന്നു പറയാന്‍ വയ്യ. ഇതൊരു ദേശീയ വിഷയമാതുകൊണ്ട്, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള വിഷയമാണെന്നു പരക്കെ സ്ഥാപിച്ചെടുക്കാന്‍ അവര്‍ക്കു സാധിച്ചിട്ടില്ല. അതൊരു വലിയ പ്രശ്‌നമായി വരുമ്പോള്‍ത്തന്നെ ജനങ്ങള്‍ അതിനെ സ്വീകരിച്ചിട്ടില്ല എന്നാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് എങ്ങനെയും ഹിന്ദുവല്‍ക്കരിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസ്സ് അജന്‍ഡ നടപ്പാകണമെങ്കില്‍ അത്തരമൊരു ഹിന്ദുവല്‍ക്കരണം ഉണ്ടാകണം. ആ ഹിന്ദുവല്‍ക്കരണത്തെക്കുറിച്ച് ബാബരി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ട് ആളുകള്‍ക്ക് വളരെയധികം സംശയങ്ങളുണ്ട്. സാധാരണക്കാരായ ഹിന്ദുക്കള്‍ക്ക് സംശയമുണ്ട്.

അഞ്ചു വര്‍ഷത്തെ നരേന്ദ്ര മോദി ഭരണംകൊണ്ട് ഗുണപരമായ എന്തെങ്കിലും മാറ്റം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിനു നല്‍കിയതായി പറയാന്‍ കഴിയുമോ?
എനിക്കു തോന്നുന്നത്, ഇന്നയിന്ന നല്ല കാര്യങ്ങള്‍ ചെയ്തു എന്നും ഇത്രയൊക്കെ ചീത്ത കാര്യങ്ങള്‍ ചെയ്തു എന്നും വെവ്വേറെ കോളങ്ങളില്‍ എഴുതാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ എല്ലാ ഗവണ്‍മെന്റുകളും ചില നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്. അത് അവരുടെ മാത്രം പ്രവര്‍ത്തനമല്ല. അഞ്ചു കൊല്ലം കൊണ്ട് തങ്ങള്‍ എന്തൊക്കെയോ ചെയ്തുവെന്ന് ഇവര്‍ പറയുമ്പോള്‍ കഴിഞ്ഞ അഞ്ചു കൊല്ലത്തിനു മുന്‍പ് ഒന്നും സംഭവിച്ചിട്ടില്ല എന്നാണോ. പലതും മുന്‍പുള്ളതിന്റെ തുടര്‍ച്ചയാണ്. അടിസ്ഥാനപരമായ കാര്യം എന്താണെന്നാണ് നോക്കേണ്ടത്. ഇന്ത്യ ഒരു ദിശയിലാണ് വളര്‍ന്നു വന്നിരുന്നത്. തെറ്റുകളും കുറവുകളുമൊക്കെ ധാരാളം ഉണ്ടായിട്ടുണ്ട്. മതേതരത്വത്തില്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുള്ള അത്തരം വീഴ്ചകളെ ശക്തമായി വിമര്‍ശിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇന്നുവരെയുള്ള ഗവണ്‍മെന്റുകളുടെ ഭരണത്തില്‍ പല വീഴ്ചകളുമുണ്ട്. പക്ഷേ, ഈ ഭരണത്തിന്റെ സ്വഭാവങ്ങള്‍ മുന്‍ ഭരണങ്ങള്‍ക്ക് ഉണ്ടായിട്ടില്ല. പല മേഖലകളിലും അതു കാണാന്‍ കഴിയും. ഒന്ന്, കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ വികസനമുണ്ടായതില്‍ ഏതു വിഭാഗത്തിനാണ് മുന്‍തൂക്കം കിട്ടിയിട്ടുള്ളത്? കോര്‍പ്പറേറ്റ് മൂലധനത്തിനു സഹായകമായ നയങ്ങളാണ് എല്ലാ മേഖലകളിലും കാണാന്‍ കഴിയുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക് ഏകദേശം ഒരു അംബാനി റിപ്പബ്ലിക്കായി മാറിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സാമ്പത്തിക മേഖലയില്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാവുകയാണ് ചെയ്തിട്ടുള്ളത്. ബിഹാറിലും ഒഡീഷയിലും രാജസ്ഥാനിലുമൊക്കെ കര്‍ഷകരുടെ പ്രയാസങ്ങള്‍ ഇത്രയും ഉണ്ടായിട്ടുള്ള കാലം വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് സമൂഹത്തെ ബാധിച്ചിട്ടുള്ളത് എന്തു താല്പര്യങ്ങളാണ് എന്നതും എന്തു തരത്തിലുള്ള വികസനത്തിനാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. 

ഡീമോണിറ്റൈസേഷന്‍, ജി.എസ്.ടി, റഫാല്‍ അഴിമതി വിവാദം തുടങ്ങിയവ അതീവ മോശമാക്കിയ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ ദേശീയ വികാരം ജ്വലിപ്പിച്ചുകൊണ്ട് മറികടക്കാനുള്ള ശ്രമത്തെ എങ്ങനെ കാണുന്നു. അങ്ങനെ മറികടക്കാന്‍ സാധിക്കുമോ?
താല്‍ക്കാലികമായി സാധിച്ചെന്നു വരും. മോദി അധികാരത്തില്‍ വന്നതുതന്നെ എങ്ങനെയാണെന്ന് നോക്കൂ. ഒരുപാട് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി. നടപ്പാക്കാന്‍ സാധ്യമല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന വാഗ്ദാനങ്ങള്‍ മുന്നില്‍ വച്ചു. അതൊന്നും ശരിയല്ല എന്ന് അറിയാമെങ്കിലും ആളുകള്‍ വിശ്വസിച്ചുപോയി. തങ്ങള്‍ എപ്പോഴും മാറ്റത്തിനു വേണ്ടി നില്‍ക്കുന്നു എന്നാണല്ലോ അവര്‍ പറയുന്നത്. മാറ്റം എന്നു പറഞ്ഞാല്‍, കള്ളപ്പണത്തിനു മേല്‍ നിയന്ത്രണം കൊണ്ടുവരും എന്നായിരുന്നു ഒരു വാഗ്ദാനം. ഇവിടുത്തെ സ്ഥിതി എനിക്ക് അറിയില്ല. ഡല്‍ഹിയിലൊക്കെ ഒരു ഫ്‌ലാറ്റ് വാങ്ങണമെങ്കില്‍ എഴുപത്തിയഞ്ച് ശതമാനം ബ്ലാക്കായി നല്‍കണം. കള്ളപ്പണം എല്ലായിടത്തുമുണ്ട്. അപ്പോള്‍ ആളുകള്‍ വിശ്വസിച്ചുപോയി ഇദ്ദേഹം പറയുന്നത് ശരിയാണെന്ന്. മാറ്റം വരണമെന്നും ആഗ്രഹിച്ചു. അങ്ങനെ നടക്കാത്ത വാഗ്ദാനങ്ങള്‍ ഓരോ മേഖലയിലും നല്‍കിക്കൊണ്ടാണ് കഴിഞ്ഞ തവണ ഇവര്‍ തെരഞ്ഞെടുപ്പു ജയിച്ചത്; നിരാശരായിട്ടുള്ള ഒരു ജനതയ്ക്ക് അത്തരം വാഗ്ദാനങ്ങള്‍ കൊടുത്തിട്ട്. പക്ഷേ, അതുതന്നെ സ്ഥിരമായി ചെയ്യാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടാല്‍ പുതിയതായി ഒന്നുമില്ല. എല്ലാം പഴയതിന്റെ ആവര്‍ത്തനം തന്നെയാണ്. ഗ്രാമങ്ങളിലെ പ്രയാസങ്ങള്‍ വളരെ ഗൗരവത്തില്‍ എടുത്തുകൊണ്ട് ഇതിനെതിരായ പ്രചാരണം നടത്തേണ്ടതുണ്ട്.  

നരേന്ദ്ര മോദി എന്ന രാഷ്ട്രീയ വിഗ്രഹത്തെ ആസൂത്രിതമായി രൂപപ്പെടുത്തി കൊണ്ടുവന്നാണല്ലോ പ്രധാനമന്ത്രിയാക്കിയത്. പക്ഷേ, അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിനെതിരെത്തന്നെ സംഘപരിവാറിനുള്ളില്‍ ശബ്ദങ്ങളുണ്ട്. മോദിക്കു പകരം ബി.ജെ.പിയിലെ മറ്റേതെങ്കിലും 'മിതവാദി' നേതാവ് നയിക്കുന്ന സര്‍ക്കാര്‍ എന്ന ആശയം പ്രചരിപ്പിക്കപ്പെടുന്നത് എത്രത്തോളം സ്വീകാര്യമാണ്? അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമാണോ?
ബി.ജെ.പി തെരഞ്ഞെടുപ്പില്‍ ജയിക്കുമോ ഇല്ലയോ എന്നുള്ളത് ആര്‍.എസ്.എസ് എന്തു നിലപാടെടുക്കും എന്നതിനെ അനുസരിച്ചാണിരിക്കുന്നത്. ബി.ജെ.പിയുടെ ശക്തി ആര്‍.എസ്.എസ്സാണ്. ആര്‍.എസ്.എസ്സിന് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പ്രചാരകന്മാരുണ്ട്, രാജ്യത്ത് വേറെ ആര്‍ക്കും സാധിക്കാത്ത വിധത്തില്‍ അവര്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ആര്‍.എസ്.എസ്സ് ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് കഴിഞ്ഞ പ്രാവശ്യം അവര്‍ ജയിച്ചത്. അങ്ങനെ ഇത്തവണയും ഒറ്റക്കെട്ടായി നില്‍ക്കുമോ എന്നതാണ് പ്രശ്‌നം. ആര്‍.എസ്.എസ്സിനിടയില്‍ മോദിക്കെതിരെ ഇപ്പോഴൊരു അഭിപ്രായം രൂപപ്പെട്ടു വരുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ പൂര്‍ണ്ണമായ അജന്‍ഡയില്‍നിന്നു തെറ്റിക്കൊണ്ട് മോദി കുത്തക മുതലാളിമാര്‍ക്കു കീഴടങ്ങുകയും ഒരു സെല്‍ഫ് പ്രമോഷനുമായി മുന്നോട്ടു പോവുകയും ചെയ്യുകയാണുണ്ടായത്. എനിക്ക് തോന്നുന്നത് മോദിയുടെ ആശയം വാസ്തവത്തില്‍ ഇന്ത്യയിലെ ജനാധിപത്യരീതി മാറ്റി പ്രസിഡന്‍ഷ്യല്‍ രീതി കൊണ്ടുവരികയും അദ്ദേഹത്തിന് ആജീവനാന്തം പ്രസിഡന്റായിരിക്കുക എന്നതുമാണ് എന്നാണ്. അതിന് ഒരുപക്ഷേ, ആര്‍.എസ്.എസ് കൂടെ നില്‍ക്കുന്നില്ല. അവിടെയാണ് അഭിപ്രായ ഭിന്നത വരുന്നത്. അങ്ങനെയുള്ള ഒരു സ്ഥിതിയില്‍ മോദിക്ക് നിര്‍ണ്ണായകമായ ഒരു വിജയം കിട്ടാതെ വരികയാണെങ്കില്‍ ബി.ജെ.പിക്ക് സ്വാഭാവികമായും മറ്റു കക്ഷികളുടെ സഹായം വേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മോദി സ്വീകാര്യനാകുമോ എന്നത് സംശയമാണ്. പക്ഷേ, പകരം വേറൊരു മുഖം ബി.ജെ.പിക്കുള്ളില്‍ നിന്നു വളര്‍ന്നു വന്നിട്ടില്ല. പക്ഷേ, ആ സാധ്യത നിഷേധിക്കാന്‍ കഴിയില്ല.

പ്രതിപക്ഷ കക്ഷികളുടെ വിശാല ഐക്യം തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ രൂപപ്പെടേണ്ടത് അനിവാര്യമാണോ? മോദി വിരുദ്ധ രാഷ്ട്രീയ നിലപാടില്‍ യോജിക്കുന്നവര്‍ തന്നെ പരസ്പരം മല്‍സരിക്കുന്ന സ്ഥിതി ഉണ്ടായാല്‍ എന്താകും പ്രത്യാഘാതം?
പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രം സജീവമാകുന്നു എന്നതാണ് നമ്മള്‍ കാണുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലം നിരവധി കാര്യങ്ങള്‍ മോദി ഗവണ്‍മെന്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അതിലൊന്നും വേണ്ടത്ര രീതിയില്‍ പ്രതിപക്ഷത്തിന്റെ പ്രതികരണം ഉണ്ടായില്ല. ചില പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കാനൊക്കെ ശ്രമിച്ചെങ്കിലും ജനങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം കണ്ടില്ല. ജനങ്ങളെ സംഘടിപ്പിക്കാതെ, അവരെ ബോധവാന്മാരാക്കാതെ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യമൊന്നും എവിടെയുമെത്താന്‍ പോകുന്നില്ല. ഒരു വലിയ വിഭാഗം ജനങ്ങള്‍ വോട്ടു ചെയ്യുന്നത് ഒരു പാര്‍ട്ടിയുടേയും നിര്‍ദ്ദേശം അനുസരിച്ചല്ല. ഇന്ത്യയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രതിപക്ഷം ഒന്നും ചെയ്തതായി കാണാന്‍ കഴിയുന്നില്ല. ഉദാഹരണത്തിന്, വളരെ ദുഃഖകരമായ ഒരു കാര്യം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വളര്‍ന്നുവന്നിട്ടുള്ളത് സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയാണ്. യു.പി, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഹിന്ദു, മുസ്ലിം വിഭജനം യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു. ഇത് വളരെ വലിയ ആപത്താണ്. അതിന്റെ മുകളിലാണ് ബി.ജെ.പി നിലനില്‍ക്കുന്നത്. മോദി ഗവണ്‍മെന്റ് ചെയ്തിട്ടുള്ള ഒന്ന് സമുദായങ്ങള്‍ തമ്മിലുള്ള ഈ അകല്‍ച്ചയെ കൂടുതല്‍ വലുതാക്കാന്‍ ശ്രമിച്ചു എന്നതാണ്. ബീഫിന്റെ കാര്യത്തിലൊക്കെ അതുതന്നെയാണ് ചെയ്തിട്ടുള്ളത്. അതിനെ കൗണ്ടര്‍ ചെയ്‌തെങ്കില്‍ മാത്രമേ മതേതരത്വത്തിനു വേണ്ടി വര്‍ഗ്ഗീയതയെ അല്ലെങ്കില്‍ ആര്‍.എസ്.എസ്സിനേയും ബി.ജെ.പിയേയും എതിര്‍ക്കാന്‍ സാധിക്കുകയുള്ളു. അന്തിമമായി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരാന്‍ സാധ്യതയുള്ള ഒരു വലിയ അപകടം ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ്. ഹിന്ദുക്കള്‍ ജാതിയുടെ പേരില്‍ ഭിന്നിച്ചു നില്‍ക്കുന്നതുകൊണ്ട് ഒന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒന്നിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവസ്ഥാ വിശേഷം ഭയങ്കരമാകുമായിരുന്നു. അതിനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. 

ഇതിനെതിരെ ഇടതുപക്ഷത്തിന്റെ റോള്‍ എത്രത്തോളമാണ്?
ഇടതുപക്ഷത്തിന്റെ റോള്‍ വളരെ പരിമിതമാണ്. കേരളത്തിലല്ലാതെ മറ്റെവിടെയും അവര്‍ക്ക് ഇപ്പോള്‍ നിര്‍ണ്ണായക സ്വാധീനമില്ല. പക്ഷേ, പല സ്ഥലത്തും മാര്‍ജിനലായിട്ടുള്ള സ്വാധീനമുണ്ടുതാനും. ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പിലും പ്രസക്തി പോയിട്ടൊന്നുമില്ല. പക്ഷേ, അതു പറയുമ്പോള്‍ത്തന്നെ ഇടതുപക്ഷത്തിന്റേത് സ്വാഭാവികമായും ആശയപരമായ പ്രസക്തിയാണ്. അതുകൊണ്ട് അവര്‍ നിലകൊള്ളുന്നത് വ്യത്യസ്തമായ കാഴ്ചപ്പാടിലാണെന്നും അത് മോദി ഗവണ്‍മെന്റിന്റെ നിലപാടുകള്‍ക്ക് എതിരാണെന്നും മോദി ഗവണ്‍മെന്റും ബി.ജെ.പി രാഷ്ട്രീയവും രാജ്യത്തിന്റെ സുസ്ഥിരതയ്ക്ക് എതിരാണെന്നുമുള്ള ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ശ്രമം നടത്തണം. അതിലാണ് ഇടതുപക്ഷത്തിന്റെ പ്രാധാന്യം. രാഷ്ട്രീയമായി എണ്ണത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷം വലിയ ഒരു ശക്തിയായി മാറുമെന്ന് വിചാരിക്കാന്‍ നിവൃത്തിയില്ല. പക്ഷേ, ആശയപരമായ അവരുടെ പ്രാധാന്യം എത്രമാത്രം ജനങ്ങളില്‍ എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് ജനങ്ങള്‍ക്കിടയില്‍ അവരുടെ റോള്‍. 

ബി.ജെ.പി ഇതര സര്‍ക്കാരുണ്ടായാല്‍ അതിലെ മുഖ്യപങ്കാളിയും നേതൃസ്ഥാനത്തുള്ള പാര്‍ട്ടിയും കോണ്‍ഗ്രസ് ആകാനുള്ള സാധ്യത എത്രത്തോളമാണ്? രാഹുല്‍ ഗാന്ധിയല്ലെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും രാഷ്ട്രീയ യോഗ്യതയും സാധ്യതയുമുള്ള നേതാവിനേയോ നേതാക്കളേയോ ചൂണ്ടിക്കാണിക്കാനുണ്ടോ?
കോണ്‍ഗ്രസ്സായിരിക്കും പ്രതിപക്ഷത്തുനിന്നുളള ഏറ്റവും വലിയ കക്ഷി എന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ്സിനു പുറമേ വേറൊരു അഖിലേന്ത്യാ പാര്‍ട്ടി ഇടതുപക്ഷമല്ലാതെ വേറെയില്ല. ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞുപോയതുകൊണ്ട് ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസ് തന്നെയായിരിക്കും. പക്ഷേ, കോണ്‍ഗ്രസ് തന്നെ ഗവണ്‍മെന്റിനു നേതൃത്വം കൊടുക്കണം എന്നു നിര്‍ബന്ധം പിടിക്കുന്നതു ശരിയായിരിക്കില്ല. കാരണം, പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ പ്രാധാന്യം കിട്ടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. പ്രാദേശിക പാര്‍ട്ടികളുള്‍പ്പെടുന്ന പൊതുവേദിയാണെങ്കിലും കോണ്‍ഗ്രസ്സിന് അതില്‍ സുപ്രധാന പങ്ക് വഹിക്കാനുണ്ട്. പക്ഷേ, സ്ഥാനങ്ങള്‍ ആര്‍ക്കു വേണമെന്നു തീരുമാനിക്കുന്നത് സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പക്ഷേ, ആശയപരമായിട്ടുള്ള ചെറുത്തുനില്‍പ്പും കൂട്ടായ്മയും ശക്തമാക്കിയില്ലെങ്കില്‍ വേറെ എന്തു ചെയ്തിട്ടും കാര്യമില്ല. അതുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ ഭരണം കിട്ടിയാല്‍ ചെയ്യാന്‍ പോകുന്നതു സംബന്ധിച്ച ഒരു പൊതു മിനിമം പരിപാടിക്കു രൂപം നല്‍കണം. ഏതെങ്കിലും രണ്ടോ മൂന്നോ പാര്‍ട്ടികള്‍ ചേര്‍ന്ന്, മറ്റുള്ളവരുടെ സഹായം തേടിക്കൊണ്ട് ചെയ്യണം. അതില്‍നിന്നു വ്യതിചലിക്കാതെ ഒരു കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പറ്റുമെങ്കില്‍ അതിനു രാജ്യത്തിന്റെ ഭാവിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാനും അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ബി.ജെ.പിയുടെ ശക്തി കുറയ്ക്കാനും സാധിക്കും. ജനങ്ങളുടെ ഇച്ഛ മാനിക്കുന്ന തരത്തിലുള്ള പൊതു മിനിമം പരിപാടിയാണ് വേണ്ടത്. പ്രത്യേകിച്ചും ഗ്രാമീണ ജനതയുടെ പ്രയാസങ്ങള്‍ കാണണം. നഗരവല്‍ക്കരണം ഗ്രാമങ്ങളെ ആകെ തകര്‍ത്തിരിക്കുകയാണ്. കഴിയുമെങ്കില്‍ തെരഞ്ഞെടുപ്പിനു മുന്‍പുതന്നെ അതുണ്ടാക്കണം. കാരണം, ബി.ജെ.പി കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ ചെയ്ത ഒരു മോശം സേവനം ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെയൊക്കെ അവര്‍ നശിപ്പിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്തു എന്നതാണ്. ചെറുതും വലുതുമായ സ്ഥാപനങ്ങള്‍; പാര്‍ലമെന്റ് മുതല്‍ ചരിത്ര കൗണ്‍സില്‍ വരെ. എല്ലാ സ്ഥാപനങ്ങളേയും അവര്‍ മോശമാക്കി. മോദി പാര്‍ലമെന്റിനെ കണക്കിലെടുക്കാറില്ലല്ലോ. പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ അവര്‍ നടത്തിയ ഇടപെടലുകളാണ് ഏറ്റവും അപകടകരമായ കാര്യം. 

പ്രിയങ്ക ഗാന്ധിയുടെ വരവു പോലുള്ള വ്യക്ത്യാധിഷ്ഠിത സാന്നിധ്യം കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നു വിലയിരുത്തുന്നുണ്ടോ? പൊതുവില്‍ ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തില്‍ പ്രിയങ്ക എത്രത്തോളം 'തരംഗം' സൃഷ്ടിക്കും?
കോണ്‍ഗ്രസ്സിലെ നേതാക്കള്‍ക്ക് ആദ്യകാലത്ത് വലിയ സ്വാധീനം ചെലുത്താന്‍ പറ്റിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ആദ്യകാലത്ത് നെഹ്‌റു വലിയ ആവേശമായിരുന്നു. അതിന് സ്വാതന്ത്ര്യ സമരത്തിന്റെ ഒരു വലിയ ചരിത്രവും പശ്ചാത്തലവുമുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത്തരമൊരു ആവേശം സൃഷ്ടിക്കാന്‍ മോദിക്ക് കഴിഞ്ഞു. പക്ഷേ, ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടേയും അടിത്തറ സംഘടനയാണ്. ഒരു സംഘടനയില്ലാതെ ഇന്ത്യ പോലുള്ള രാജ്യത്ത് ഒരാള്‍ പെട്ടെന്നു കയറി വന്ന് ഞാന്‍ പ്രധാനമന്ത്രിയാകാം എന്നു പറഞ്ഞാല്‍ ജനം അംഗീകരിക്കില്ല. വ്യക്തിപ്രഭാവം രൂപപ്പെടുത്തുന്നത് സംഘടനയാണ്. അങ്ങനെയൊന്ന് പ്രിയങ്ക ഗാന്ധിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. അവര്‍ പെട്ടെന്നു വന്നിറങ്ങുകയാണ് ചെയ്തത്. ഒരുപക്ഷേ, യു.പി.യിലോ മറ്റോ ഒരു ചലനം ഉണ്ടാക്കിയേക്കാം. പക്ഷേ, അഖിലേന്ത്യാ തലത്തില്‍ ഒരു സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഇന്ദിരാ ഗാന്ധിയെപ്പോലെ ആസൂത്രിതമായി പരിശീലനം കൊടുത്തു ദേശീയ തലത്തില്‍ വളര്‍ത്തിക്കൊണ്ടു വന്ന ആളല്ല പ്രിയങ്ക. ഇന്ദിരാ ഗാന്ധിക്ക് മടങ്ങിവരാന്‍ സാധിച്ചതുതന്നെ അത്തരമൊരു പ്രൊജക്ഷന്റെ ഭാഗമായിട്ടാണ്. അടുത്ത തെരഞ്ഞെടുപ്പിലും ഏക വ്യക്തി എന്ന നിലയില്‍ സാധ്യതയുള്ള ഒരാള്‍ മോദി തന്നെയാണ്. മോദിക്ക് ഇപ്പോഴും ഒരു വിഭാഗം ജനങ്ങളില്‍നിന്നുള്ള വലിയ ഒരു ആവേശമുണ്ട്. തെറ്റായോ ശരിയായോ അങ്ങനെ വ്യക്തിപ്രഭാവം നിലനിര്‍ത്താന്‍ കഴിയുന്നു എന്നത് പ്രധാനമാണ്.

അതിനെ കൗണ്ടര്‍ ചെയ്യാന്‍ കഴിയുന്ന വ്യക്തിപ്രഭാവം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ആര്‍ക്കുമില്ല എന്നാണോ?
അതെ. രാഹുല്‍ ഗാന്ധി മുതിര്‍ന്ന നേതാവായി മാറിയെങ്കിലും ഒരു ദേശീയ നേതാവിനു വേണ്ട പരിവേഷം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കുന്നു.

ശബരിമല വിഷയം ദക്ഷിണേന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമോ? ശബരിമല വിഷയത്തിന്റെ രാഷ്ട്രീയ ഗുണഭോക്താക്കളാകാന്‍ ബി.ജെ.പിക്കു കഴിയുമെന്നു കരുതുന്നുണ്ടോ?
ശബരിമല ഒരു തെരഞ്ഞെടുപ്പു വിഷയമായി വരുമെന്നു തോന്നുന്നില്ല. ശബരിമലപോലുള്ള ഒരു വിഷയം ഒരു പ്രശ്‌നമാക്കി മാറ്റണമെങ്കില്‍ അതൊരു മതവൈരത്തിന്റെ പേരില്‍ മാത്രമേ സാധിക്കുകയുള്ളു. ഏതെങ്കിലും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമോ അഭിപ്രായഭിന്നതയോ ഇവിടെ ഈ വിഷയത്തില്‍ ഇല്ല. എന്തു പറഞ്ഞിട്ടാണ് അതിനെ ഇഷ്യുവാക്കാന്‍ സാധിക്കുക? ആചാരങ്ങള്‍ നിഷേധിക്കുന്നു എന്ന വാദം ഉന്നയിച്ചാണ് ഒരു ഇഷ്യു ഉണ്ടാക്കാന്‍ കഴിയുക. അങ്ങനെ അതൊരു സംവാദവിഷയമാക്കി മാറ്റാന്‍ കഴിഞ്ഞേക്കും. അതിന്റെ സ്വാധീനം വാസ്തവത്തില്‍ മധ്യവര്‍ഗ്ഗത്തിനിടയിലാണ്. ആ മധ്യവര്‍ഗ്ഗത്തിന് ഇക്കാര്യത്തില്‍ രണ്ട് അഭിപ്രായങ്ങളാണുള്ളത്. ഒന്ന്, ശബരിമലയില്‍ സ്ത്രീസ്വാതന്ത്ര്യം തടയുന്നു എന്നത്. മറ്റേത് ഹിന്ദുമത ആചാരമാണ് പ്രധാനമെന്നു പറയുന്ന ആളുകള്‍. ഈ രണ്ട് അഭിപ്രായമുള്ളവരും പല പാര്‍ട്ടികളിലുമുണ്ട്, ഏതെങ്കിലും പാര്‍ട്ടിയില്‍ മാത്രമായല്ല. അതുകൊണ്ട് ഇതൊരു ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയമാണ്. സ്ത്രീകളുടെ തുല്യതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ക്ക് ഈ വിഷയത്തില്‍ വിയോജിപ്പുണ്ട്. വിശ്വാസത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വേണമെന്നു പറയുന്ന ആളുകളെ വിശ്വാസികളുടെ ഇടയിലും കാണാന്‍ കഴിയുന്നുണ്ട്. പുരുഷ മേധാവിത്വത്തിന്റെ ഒരു കണിശമായ രീതിയാണ് സ്ത്രീകളോടു ശബരിമല ക്ഷേത്രപ്രവേശനത്തില്‍ കാണിക്കുന്ന വിവേചനം എന്ന് അവര്‍ കരുതുന്നു. പക്ഷേ, രാഷ്ട്രീയമായി എങ്ങനെ അവര്‍ ഇതിനോടു പ്രതികരിക്കും എന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. 

ശബരിമല വിഷയത്തില്‍നിന്നു രാഷ്ട്രീയ നേട്ടമുണ്ടായാല്‍ അതിന്റെ ഗുണഭോക്താക്കളാകാന്‍ ആര്‍ക്കാണു കഴിയുക?
രാഷ്ട്രീയ ഗുണഭോക്താക്കളാകാന്‍ ബി.ജെ.പിക്കാണ് കഴിയുക. ആര്‍ക്കെങ്കിലും നഷ്ടം വരാന്‍ പോകുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സിനായിരിക്കും. കോണ്‍ഗ്രസ്സിന് എക്കാലത്തും ഒരു ലിബറല്‍ അടിത്തറയുണ്ട്. അവര്‍ക്ക് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ നിലപാട് സ്വീകാര്യമല്ല. അതുകൊണ്ട് നഷ്ടം സംഭവിക്കാന്‍ പോകുന്നത് കോണ്‍ഗ്രസ്സിനാണ്. കോണ്‍ഗ്രസ് നിലപാടിനെ ശബരിമലക്കാര്യത്തില്‍ പിന്തുണയ്ക്കുന്നവര്‍ ബി.ജെ.പിയില്‍ പോകാനായിരിക്കും താല്പര്യം കാണിക്കുക. ഭാവിയില്‍ ഇതൊരു വിഷയമായി വരുമ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായേക്കും അവരുടെ നിലപാട്.

എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും സ്വീകരിച്ചിരിക്കുന്ന പരസ്യ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുമോ. പ്രത്യേകിച്ചും സമദൂരം ഉപേക്ഷിച്ച് എന്‍.എസ്.എസ് സ്വീകരിച്ചിരിക്കുന്ന നിലപാട്?
സാമുദായിക സംഘടനകള്‍ക്ക് വോട്ടു ബാങ്ക് ഉണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഇങ്ങനെയുള്ള വിഷയത്തിന്റെ പേരില്‍ സംഘടനാ നേതൃത്വം നല്‍കുന്ന നിര്‍ദ്ദേശം എത്രത്തോളം അവരുടെ പ്രവര്‍ത്തകര്‍ സ്വീകരിക്കും എന്നതില്‍ സംശയമുണ്ട്. കേരളത്തിലെ രാഷ്ട്രീയം അത്തരമൊരു നേരിട്ടുള്ള രാഷ്ട്രീയ സ്വാധീനത്തിനല്ലാതെ അടിമപ്പെടുമോ എന്നു സംശയമാണ്. എന്‍.എസ്.എസ്സിലെയൊക്കെ പ്രബുദ്ധരായ ആളുകള്‍, അവര്‍ എന്‍.എസ്.എസ്സിന്റെ കൂടെ നില്‍ക്കുന്നവരാണെങ്കിലും രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാന്‍ മടിയില്ലാത്തവരാണ്. 

കേരളത്തില്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും പതിയെപ്പതിയെ അവരുടെ അടിത്തറ വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ രാഷ്ട്രീയ ഫലം ഉണ്ടായിട്ടില്ല. എന്നാല്‍, ഈ തെരഞ്ഞെടുപ്പില്‍ അതില്‍നിന്നു വ്യത്യസ്തമായി ഒരു ത്രികോണ മല്‍സരത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാന്‍ സാധിച്ചത് മനപ്പൂര്‍വം സൃഷ്ടിക്കുന്നതാണോ?
ആര്‍.എസ്.എസ്സ് കേരളത്തില്‍ ആദ്യമായി നേരിട്ട് ഇടപെട്ടത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. അതിനു മുന്‍പ് അങ്ങനെയായിരുന്നില്ല. അതിന്റെ ഫലമായി ബി.ജെ.പിക്ക് കൂടുതല്‍ വോട്ട് ഷെയര്‍ കിട്ടി. ഈ തെരഞ്ഞെടുപ്പില്‍ അതിന്റെ തുടര്‍ച്ചയായി അവര്‍ കൂടുതല്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് ബി.ജെ.പി ഇവിടെ ഒരിടത്തെങ്കിലും ജയിക്കുമെന്നു കരുതുന്നില്ല. ഒരു സീറ്റിലെങ്കിലും ജയിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം. അതല്ല പ്രധാനം. എത്ര വോട്ടു കിട്ടാന്‍ പോകുന്നു എന്നതാണ് പ്രധാനം. വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് അവരുടെ വോട്ട് അഞ്ച്-ആറ് ശതമാനത്തില്‍നിന്ന് പതിനഞ്ച് ശതമാനമായി മാറിയല്ലോ. ഒരു അഞ്ച് ശതമാനം വോട്ടുകൂടി ബി.ജെ.പിക്ക് കിട്ടുകയാണെങ്കില്‍- കിട്ടിക്കൊള്ളണമെന്നില്ല. പക്ഷേ, കിട്ടുകയാണെങ്കില്‍- കേരള രാഷ്ട്രീയമാകെ മാറും. ഇന്നില്ലാത്ത ഒരു സ്ഥിതിവിശേഷത്തിലേക്കു കേരള രാഷ്ട്രീയം മാറും. ഇപ്രാവശ്യം ത്രികോണ മല്‍സരമാകില്ല. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ത്തന്നെയാണ് യഥാര്‍ത്ഥ മല്‍സരം. പക്ഷേ, നിരീക്ഷിക്കേണ്ടത്, നോക്കേണ്ടത് അവര്‍ക്ക് എത്ര ശതമാനം വോട്ടുകള്‍ എവിടെയൊക്കെ കിട്ടും എന്നുള്ളതാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു. അത് സെക്കുലര്‍ പാര്‍ട്ടികള്‍ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ആര്‍.എസ്.എസ്സ് എല്ലാക്കാലത്തും വളരെ താഴേത്തട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബം വരെ അവര്‍ എത്തുന്നു. നിരന്തരമായ സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ശക്തി വര്‍ദ്ധിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിലൊക്കെ എത്രയോ കൊല്ലങ്ങളായി കണ്ടിട്ടുള്ളതാണ് അത്. അതാണ് ഇപ്പോള്‍ കേരളത്തിലും ചെയ്യുന്നത്. അതിന്റെ ഫലം ഈ തെരഞ്ഞെടുപ്പിലും കാണാനിരിക്കുകയാണ്. അതിനെ നേരിടേണ്ടത് ആര്‍.എസ്.എസ്സിനെക്കുറിച്ച് എഴുതിയിട്ടോ സംസാരിച്ചിട്ടോ അല്ല. താഴേത്തട്ടു വരെ ഇടപെടാനുള്ള, നിരന്തരമായി ഇടപെടാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. അതിന് കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി തയ്യാറാകുന്നതായി കാണുന്നില്ല. കേരളത്തിലെ പാര്‍ട്ടികള്‍ ആളുകളെ കൂട്ടുന്നത് വ്യത്യസ്തമായ ഒരു തരത്തിലാണ്. രാഷ്ട്രീയത്തെക്കാള്‍ പ്രാധാന്യം ജാതിക്കും ഹര്‍ത്താലിനുമൊക്കെ കിട്ടുന്ന സ്ഥലമാണ്. രാഷ്ട്രീയമായ ചെറുത്തുനില്‍പ്പു ശ്രമങ്ങള്‍ മുന്‍പത്തെപ്പോലെ നടക്കുന്നില്ല.

മറുവശത്ത് മുസ്ലിം തീവ്രവാദ രാഷ്ട്രീയം കേരളത്തില്‍ ശക്തിപ്പെടുന്നതിനെ എങ്ങനെയാണ് കാണുന്നത്. മുസ്ലിം തീവ്രവാദികളുടെ താവളമാണ് കേരളം എന്നുവരെ സംഘപരിവാര്‍ ആരോപിക്കാറുണ്ടല്ലോ?
അതൊരു വളരെ പഴയ സ്ലോഗനാണ്. മുസ്ലിങ്ങള്‍ കേരളത്തില്‍ ജനസംഖ്യാടിസ്ഥാനത്തില്‍ മുന്നിലായതുകൊണ്ട് അത്തരമൊരു ആരോപണം ഉയര്‍ത്തി ഒരു ശത്രുവിനെ എതിര്‍പക്ഷത്ത് പ്രതിഷ്ഠിക്കുന്ന രീതിയാണത്. പിന്നെ, മുസ്ലിം സമുദായത്തില്‍ വന്ന മാറ്റങ്ങള്‍. മുസ്ലിങ്ങള്‍ സാമ്പത്തികമായി മുന്നേറുന്നുവെന്നും ഹിന്ദുക്കള്‍ സാമ്പത്തികമായി പിന്നോട്ടു പോയി എന്നും പ്രചാരണം നടക്കുന്നുണ്ട്. കഴിഞ്ഞ ഇരുപത് ഇരുപത്തിയഞ്ചു കൊല്ലത്തിനിടയില്‍ നമ്മുടെ കണ്‍മുന്നിലുണ്ടായിട്ടുള്ള മാറ്റം, സാധാരണക്കാരായ, ഭൂമി നഷ്ടപ്പെട്ട അല്ലെങ്കില്‍ ജോലിയില്ലാത്ത ഹിന്ദുക്കളില്‍ കുറേയെങ്കിലും അത് വിശ്വസിക്കുകയും ചെയ്തിരിക്കുന്നു എന്നതാണ്. മുസ്ലിങ്ങളെ ഉന്നം വയ്ക്കുക എന്നതൊരു രാഷ്ട്രീയ തന്ത്രമാണ്. ആ തന്ത്രം ആര്‍.എസ്.എസ്സിന്റെ ആശയപരമായ പരിപ്രേക്ഷ്യവുമായി ഒത്തുചേര്‍ന്നുപോകുന്ന ഒന്നാണു താനും. മുസ്ലിങ്ങള്‍ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവുമില്ല എന്നതാണല്ലോ അവരുടെ അടിസ്ഥാനപരമായ വിശ്വാസം. ഹിന്ദു രാഷ്ട്രം വന്നാല്‍ പുറത്താക്കപ്പെടേണ്ടവരാണ് മുസ്ലിങ്ങള്‍ എന്ന വളരെ അപകടകരമായ ആശയമാണ് അവര്‍ പ്രചരിപ്പിക്കുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലായിക്കൂടി ഈ തെരഞ്ഞെടുപ്പ് മാറുന്നതിന്റെ ഫലം കേരളത്തില്‍ എങ്ങനെയാകും പ്രതിഫലിക്കുക?
ഭരണപക്ഷ വിരുദ്ധ വികാരമുണ്ടാക്കുക എന്നത് പ്രതിപക്ഷത്തിന്റെ ജോലിയാണല്ലോ. അവരുടെ പ്രവര്‍ത്തനമാണത്. പക്ഷേ, ഈ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കുമ്പോള്‍ താരതമ്യേന നല്ല ഭരണമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒന്ന്, ഭരണത്തിനൊരു കൃത്യതയും കാര്യക്ഷമതയുമുണ്ട്. ഭരിക്കുന്നവര്‍ക്കൊരു നിലപാടുണ്ട്. പ്രത്യേകിച്ചും ഓഖി ചുഴലിക്കാറ്റ്, പ്രളയം, ശബരിമല വിഷയം ഇതൊക്കെ വന്നപ്പോള്‍ സര്‍ക്കാരിനൊരു ഉറച്ച നിലപാടുണ്ട്. ജനങ്ങളുടെ പക്ഷത്തു നില്‍ക്കുന്ന നിലപാട്. അതു വളരെ വ്യക്തമാണ്. രണ്ടാമതായി, കേരളത്തിന്റെ പുരോഗതിയുടെ കാര്യത്തില്‍ പല മേഖലകളിലും പ്രധാനപ്പെട്ട നേട്ടങ്ങളിലേക്ക് എത്താന്‍ സാധിച്ചു. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖലയിലുമൊക്കെ വളരെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട്, കേരളത്തിന്റെ പോസിറ്റീവായ കാര്യങ്ങള്‍ എടുത്തു നോക്കുകയാണെങ്കില്‍ കേരളം ഈ ഗവണ്‍മെന്റിനൊപ്പം നില്‍ക്കാനാണ് സാധ്യത. എല്ലാ തെരഞ്ഞെടുപ്പിലേയും പോലെ ഈ തെരഞ്ഞെടുപ്പിലും സംസ്ഥാന ഭരണവും ചര്‍ച്ചയാകും. അങ്ങനെ ചര്‍ച്ചയാകുമ്പോള്‍ ഭരിക്കുന്നവര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കു വിശദീകരിച്ചു കൊടുക്കണം. എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും വിശദീകരിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com