കേരളത്തില്‍ ബിജെപി കടന്നുകയറേണ്ടത് കമ്യൂണിസ്റ്റ് കോട്ടകളില്‍: കെവിഎസ് ഹരിദാസ് സംസാരിക്കുന്നു

ഈ ഘട്ടത്തില്‍ ഇന്ത്യയിലേയും കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ചും ബി.ജെ.പിയുടെ ഭാവിയെക്കുറിച്ചും ജന്മഭൂമി മുന്‍ പത്രാധിപര്‍ കെ.വി.എസ്. ഹരിദാസ് സംസാരിക്കുന്നു. 
കെവിഎസ് ഹരിദാസ് 
കെവിഎസ് ഹരിദാസ് 

രാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥയുടെ അടിത്തറ പണിത നെഹ്രുവിയന്‍ ആശയങ്ങളില്‍നിന്നുള്ള പൂര്‍ണ്ണമായ വിടുതല്‍ നാം പ്രഖ്യാപിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇന്ത്യന്‍ ജനത ഒരു തീരുമാനമെടുക്കുമെന്നതാണ്  ഈ തെരഞ്ഞെടുപ്പിന്റെ വലിയ സവിശേഷതകളിലൊന്ന്. ഇന്ത്യയും പാകിസ്താനും ഒക്കെ ഉള്‍പ്പെടുന്ന അഖണ്ഡഭാരതം 2025-ഓടുകൂടി യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പ്രസ്താവിച്ചതും ഇനിയൊരു പൊതുതെരഞ്ഞെടുപ്പ് ഈ നിലയിലുണ്ടാകില്ലെന്ന് സംഘ്പരിവാര്‍ നേതാവ് സാക്ഷി മഹാരാജ് പ്രസ്താവിച്ചതും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ്. രാജ്യനന്മയ്ക്കാണോ അല്ലയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെങ്കിലും അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തിനു വന്നുചേരുമെന്ന കൃത്യമായ സൂചന ഈ പൊതുതെരഞ്ഞെടുപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഈ മാറ്റങ്ങളോട് വിമര്‍ശനാത്മക നിലപാട് സ്വീകരിക്കുന്ന ഒരു ജനവിഭാഗം, പ്രബലമായ സമൂഹമാണ് കേരളത്തിലേത്. ഈ ഘട്ടത്തില്‍ ഇന്ത്യയിലേയും കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ചും ബി.ജെ.പിയുടെ ഭാവിയെക്കുറിച്ചും ജന്മഭൂമി മുന്‍ പത്രാധിപര്‍ കെ.വി.എസ്. ഹരിദാസ് സംസാരിക്കുന്നു. 
----
 മോദി തന്നെ വീണ്ടും അധികാരത്തില്‍ വരണമെന്നു, വരുമെന്നു പറയുന്നതിനു പിറകിലെ യുക്തി എന്താണ്?
2014 രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു ദിശാമാറ്റത്തെ കുറിച്ചു. അനവധി വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ലോകസഭയില്‍ ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയുണ്ടായി. 1984-ല്‍ രാജീവ് ഗാന്ധിക്കു ശേഷം അധികാരത്തില്‍ ഒരു കക്ഷിക്ക് പൂര്‍ണ്ണനിയന്ത്രണം. എന്റെയൊരു വിലയിരുത്തല്‍ അത് നരേന്ദ്ര മോദിക്ക് വളരെയേറെ സഹായകമായിട്ടുണ്ട്. ഘടകകക്ഷികളുടെ അനാവശ്യ സമ്മര്‍ദ്ദങ്ങളില്ലാതെ, ഉണ്ടായാല്‍ത്തന്നെ അതിനു വഴങ്ങാത്ത ഒരു നിലപാടെടുത്തു മുന്‍പോട്ടു പോകാന്‍ മോദിക്ക് അതുകൊണ്ടുതന്നെ കഴിഞ്ഞു. പ്രണബ് മുഖര്‍ജി ഒരു അഭിമുഖത്തില്‍ പറഞ്ഞത് മുന്‍പ് പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടില്ലാത്ത ഒരാള്‍ ഇങ്ങനെ ഡല്‍ഹിയിലെ സങ്കീര്‍ണ്ണമായ അധികാരബന്ധങ്ങളെ വിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്നത് അദ്ഭുതമാണെന്നായിരുന്നു. പ്രണബ് മുഖര്‍ജിയെപ്പോലുള്ളവര്‍ മോദിക്ക് എല്ലാ കാര്യങ്ങളേയും കുറിച്ച് കൃത്യവും വിശദവുമായ കാഴ്ചപ്പാടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും പരിഹാരം കാണാനും കഴിവുണ്ടെന്നും നിരീക്ഷിച്ചിട്ടുണ്ട്. ക്ലേശം നിറഞ്ഞ ഒരു കര്‍മ്മതലത്തില്‍ കാര്യങ്ങളെ മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷം നമ്മള്‍ കണ്ടത് മോദിക്ക് ഓരോ കാര്യത്തിലും ക്ലിയര്‍ കട്ട് ഐഡിയാസ് ഉണ്ടായിരുന്നു. കണ്‍വിക്ഷന്‍ ഉണ്ടായിരുന്നുവെന്നതാണ്. ആ കണ്‍വിക്ഷനില്‍ ഊന്നിനിന്നുകൊണ്ട് അദ്ദേഹം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. അദ്ദേഹത്തില്‍നിന്നു പഠിക്കേണ്ടതാണ് ഈ ഗുണമെന്ന് പ്രണബ് മുഖര്‍ജി ഒരു അഭിമുഖത്തില്‍ പറഞ്ഞു കേട്ടത് ഓര്‍മ്മയുണ്ട്. അതാണ് മോദിയുടെ ഒരു സവിശേഷത. 2014-ല്‍ എന്‍.ഡി.എ കുറച്ചു പാര്‍ട്ടികള്‍ മാത്രം ഉള്‍പ്പെട്ട ഒരു മുന്നണിയായിരുന്നു. ബി.ജെ.പിക്കു പുറമേ ശിവസേന, രാംവിലാസ് പാസ്വാന്റെ പാര്‍ട്ടി എന്നിങ്ങനെ ജനകീയാടിത്തറയുള്ള വളരെ കുറച്ചു പാര്‍ട്ടികള്‍. ഇന്നിപ്പോള്‍ എന്‍.ഡി.എയുടെ അടിത്തറ കൂടുതല്‍ വിശാലമായിരിക്കുന്നു. 2019-ല്‍ നിരവധി പാര്‍ട്ടികള്‍ ഇന്ന് ബി.ജെ.പി നയിക്കുന്ന മുന്നണിയിലുണ്ട്. പ്രത്യേകിച്ചും നോര്‍ത്ത് ഈസ്റ്റിലെ നിരവധി കക്ഷികള്‍. മുന്‍പ് അസ്സമിലെ എ.ജി.പി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ത്രിപുരയില്‍ എന്‍.എഫ്.പി.ടിയും മറ്റും ഇപ്പോള്‍ കൂടെയുണ്ട്. മുന്‍പ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ലെന്നു പറഞ്ഞ് മുന്നണി വിട്ട ജെ.ഡി(യു) ഇപ്പോള്‍ എന്‍.ഡി.എയിലേക്കുതന്നെ തിരിച്ചുവന്നിരിക്കുന്നു. തമിഴ്നാട്ടിലെ പുതിയ സഖ്യനീക്കം നിര്‍ണ്ണായകമാണ്. അവിടെ എ.ഡി.എം.കെയ്ക്കു 25 ശതമാനം വോട്ടും ബി.ജെ.പിക്ക് എട്ടു ശതമാനവും പി.എം.കെയ്ക്ക് മൂന്നുശതമാനവും വോട്ട് ഉണ്ട്. വിജയകാന്തിന്റെ പാര്‍ട്ടിയും മുന്നണിയിലുണ്ടാകും. തമിഴ്നാട്ടില്‍ ചുരുങ്ങിയത് 40 ശതമാനം സീറ്റുകള്‍ നേടുമെന്നു കണക്കുകൂട്ടാം. ഏതായാലും ദക്ഷിണേന്ത്യയില്‍ വലിയ മാറ്റമുണ്ടാകും. ആന്ധ്രയിലേയും തെലങ്കാനയിലേയും സ്ഥിതി വ്യത്യസ്തമാണ്. ടി.ആര്‍.എസ് ആയാലും ടി.ഡി.പിയായാലും ജഗ്മോഹന്റെ പാര്‍ട്ടിയായാലും അവര്‍ കോണ്‍ഗ്രസ്സിന്റെ കൂടെ ചേരാന്‍ പോകുന്നില്ല. ഒരു മഹാഗഡ്ബന്ധന്റെ ഭാഗമാകാന്‍ ടി.ആര്‍.എസിനൊന്നും താല്പര്യമില്ല. ഏതായാലും ടി.ആര്‍.എസ്സിന്റേയും ടി.ഡി.പിയുടേയും വിജയിച്ചു കയറുന്ന സീറ്റുകള്‍ എന്‍.ഡി.എയെ സംബന്ധിച്ചിടത്തോളം സേഫ് ഡെപ്പോസിറ്റ് പോലെയാണ്. മഹാരാഷ്ട്രയില്‍ ശിവസേന തിരിച്ചുവന്നു. ആ സംസ്ഥാനത്ത് ഒരു ത്രികോണമത്സരം ഉണ്ടായാല്‍പ്പോലും ബി.ജെ.പിക്ക് നല്ല സാധ്യതയുണ്ട് എന്നതായിരുന്നു അവസ്ഥ. ശിവസേന വന്നതോടുകൂടി ഒരു 80 ശതമാനം സീറ്റുകളിലും ബി.ജെ.പി മുന്നണി ജയിക്കും. ശരദ് പവാറിന്റെ ഒരു പ്രവചനം കേട്ടല്ലോ. ബി.ജെ.പി തിരിച്ചുവരും, പക്ഷേ, മോദിയായിരിക്കില്ല തലപ്പത്ത് എന്ന്. ബി.ജെ.പി തിരിച്ചുവരും എന്നതെങ്കിലും ചുരുങ്ങിയ പക്ഷം അദ്ദേഹത്തിന് അംഗീകരിക്കേണ്ടിവന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണ്. അഞ്ചു. വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ തന്നെ തിരിച്ചുവരവിന് ധാരാളമാണ്. ഈ ഗവണ്മെന്റ് ജനങ്ങള്‍ക്ക് ഒരുപാട് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനതയ്ക്ക് പാചകവാതക കണക്ഷനുകള്‍ നല്‍കിയത്, ഒരേക്കര്‍ സ്ഥലമുള്ളയാള്‍ക്ക് 6000 രൂപ നല്‍കുന്നത്, ഗ്രാമീണ റോഡുകളുടെ വികസനം തുടങ്ങി അങ്ങനെ പലതും. ഉത്തരേന്ത്യയില്‍ എവിടെപ്പോയാലും മാറ്റം ദൃശ്യമാണ്. ഗ്രാമപ്രദേശങ്ങളില്‍ എല്ലാ വീടുകളിലും കക്കൂസുകളായി എന്നത് വലിയൊരു നേട്ടമാണ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വലിയൊരു മുന്നേറ്റമാണിത്.  1.9 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകളാണ് പുതുതായി ഉണ്ടായത്. ഏഴുകോടി എല്‍.പി.ജി കണക്ഷനുകളാണ് നല്‍കിയത്. മൂന്നരക്കോടി വീടുകളില്‍ സൗജന്യമായി എല്‍.പി.ജി എത്തി. ഒന്നരക്കോടി പാവപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചുകൊടുത്തു. കേന്ദ്രം പണം കൊടുത്ത് സംസ്ഥാനങ്ങള്‍ നടപ്പാക്കിയതാണ് ഇവ. വൈദ്യുതി 2.4 കോടി വീടുകളിലെത്തി. ഇവയെല്ലാം കേന്ദ്രം ആവിഷ്‌കരിച്ചവയാണ്. പലപ്പോഴും ഇതൊക്കെ സംസ്ഥാനങ്ങളുടെ കണക്കിലെഴുതിപ്പോകും. എന്നാല്‍, ഇതെല്ലാം കൃത്യമായി നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്താനായത് കേന്ദ്രത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണ്. ഇതൊക്കെ സാധാരണക്കാരായ വോട്ടര്‍മാരെ എന്‍.ഡി.എക്ക് അനുകൂലമാക്കി മാറ്റുന്ന ഘടകങ്ങളാണ്. 

ബി.ജെ.പിക്ക് പരമ്പരാഗതമായി ശക്തിയുള്ള ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നിയമ സഭാതെരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ ആശാവഹമായ സൂചനകളല്ലല്ലോ നല്‍കിയത്. പഴയ അവസ്ഥയിലേക്ക് പാര്‍ട്ടി തിരിച്ചുവരുമോ?
ഗുജറാത്തില്‍ പട്ടീദാര്‍മാരുടെ സംവരണപ്രക്ഷോഭം കോണ്‍ഗ്രസ്സ് സ്‌പോണ്‍സര്‍ ചെയ്യുന്നതാണെന്ന് അക്കാലത്തുതന്നെ ആരോപണമുണ്ടായിരുന്നു. പിന്നീട് അത് സത്യമാണെന്ന് തെളിഞ്ഞില്ലേ? കഴിഞ്ഞ ദിവസം ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തു. തൊഗാഡിയയും മോദിയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നെന്ന് യാഥാര്‍ത്ഥ്യമാണ്. ഇന്ന് തൊഗാഡിയയുടെ വലംകൈയായിരുന്നയാള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രഭാരിയാണ്. ഗുജറാത്ത്, ജമ്മു-കശ്മീര്‍, മറ്റ് അതിര്‍ത്തി സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ജമ്മു-കശ്മീരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയസുരക്ഷ എന്ന മുദ്രാവാക്യം വലിയ സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍ സംഘടിപ്പിക്കുന്ന ഒരു ഏജന്‍സിയുടെ ചുമതലക്കാരന്‍ എന്നോടു പറയുകയുണ്ടായി. ദേശീയ സുരക്ഷപോലുള്ള വിഷയങ്ങള്‍ തീര്‍ച്ചയായും ഒരു തെരഞ്ഞെടുപ്പ് അജന്‍ഡയിലേക്ക് ചുരുക്കുന്നതില്‍ ശരികേടുണ്ട്. പക്ഷേ, അതാണ് യാഥാര്‍ത്ഥ്യം. അടുത്തിടെ കോണ്‍ഗ്രസ്സ് നേതാവ് അശോക് ഗെഹ്ലോട്ട് പ്രസ്താവിച്ചത് യു.പി.എ കാലത്ത് 12 സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നാണ്. ഗെഹ്ലോട്ടിന് ഇങ്ങനെയൊരു പ്രസ്താവന നടത്തേണ്ടിവന്നതിന് ഒരു കാരണമുണ്ട്. സര്‍ജിക്കല്‍ സ്ട്രൈക്ക് ജനമനസ്സുകളില്‍ ഒരു ഇംപാക്ട് സൃഷ്ടിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി പറഞ്ഞത് ഞങ്ങളും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്, ആരും അറിയാതെയായിരുന്നു എന്നൊക്കെയായിരുന്നു. 

നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടന്ന അഞ്ചു വര്‍ഷമാണ് കടന്നുപോയതെന്ന് നേരത്തെ വിശദീകരിച്ചല്ലോ. എന്‍.ഡി.എ നേതൃത്വത്തിലുള്ള ഒരു കേന്ദ്ര ഗവണ്‍മെന്റിനു മാത്രമാണ് ഇവ സാധ്യമാക്കാനായത് എന്ന സന്ദേശം ഫലപ്രദമായി ഗ്രാസ്‌റൂട്ടസിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആ മുന്നണിക്കു വിജയം സുസാധ്യമാകും. നടപ്പാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളെക്കണ്ട് അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്തമായ ഒരു സംഘടനായന്ത്രം ഉണ്ടായാല്‍ മതി. അതിനുപറ്റിയ ഒരു സംവിധാനം അമിത്ഷാ വിഭാവനം ചെയ്ത് നടപ്പാക്കിവരുന്നുണ്ട്. വോട്ടര്‍പട്ടികയില്‍ ഒരു പേജിനു രണ്ടുപേരെ വെച്ചു നിയോഗിക്കണം. ഒരു പേജില്‍ ആറോ ഏഴോ കുടുംബങ്ങള്‍ കാണും. അതായത് മുപ്പത്തിയഞ്ചോ നാല്പതോ പേര്‍. അവരെ ദിനേനയെന്നോണം ബന്ധപ്പെടാന്‍ രണ്ടുപേര്‍ സ്ഥിരമായി കാണും. സര്‍സംഘ്ചാലകായി മോഹന്‍ഭാഗവത് വന്നതിനുശേഷം ബി.ജെ.പിയും സംഘവും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ് എന്ന സംഘടനയുടെ ശക്തമായ ഇടപെടല്‍ ഏതു രംഗത്തും ഏതു ഘട്ടത്തിലും ഉണ്ടാകുന്നുണ്ട്. സര്‍സംഘ് ചാലക് ആയ മോഹന്‍ഭാഗവത് സര്‍കാര്യവാഹ് ഭയ്യാജി ജോഷിയും ബി.ജെ.പിയുടെ പ്രഭാരിയായ കൃഷ്ണഭയ്യാജിയും അമിത്ഷായും മോദിയുമൊത്ത് മാസത്തില്‍ ഒരു തവണയെങ്കിലും കൂടിയിരിക്കുന്നുണ്ട്. ശക്തമായ ഇന്റര്‍ ആക്ഷന്‍ അവര്‍ തമ്മിലുണ്ട്. മോദിജി എടുക്കുന്ന ചില തീരുമാനങ്ങള്‍ കടുത്തതായിരുന്നു. ഉദാഹരണത്തിനു നോട്ടുനിരോധനം, ജി.എസ്.ടി എന്നിവ. എന്നാല്‍, ഇത്തരം നീക്കങ്ങള്‍ ശക്തമായ എതിര്‍പ്പു വിളിച്ചുവരുത്തുന്നതാണെങ്കിലും അനിവാര്യമായവ ആയിരുന്നു. ബി.ജെ.പിയെ പിന്തുണയ്ക്കുന്ന പ്രബലമായ ഒരു വിഭാഗം, ചെറുകിട സംരംഭകരും കച്ചവടക്കാരും ആ നീക്കങ്ങളെ താല്പര്യത്തോടെയല്ല കണ്ടത് എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും അങ്ങനെയൊരു നീക്കം നടത്തിയത് പരിഷ്‌കരണം അനിവാര്യമായതുകൊണ്ടും അതിന് സംഘടനാപരമായ ബോധ്യം ഉണ്ടായതുകൊണ്ടും മാത്രമാണ്. നോട്ടുനിരോധനം കരിമ്പണം തടയുന്നതിനു സഹായകമായി. 99 ശതമാനം പണവും തിരിച്ചുവന്നുവെന്നുപറഞ്ഞാല്‍ അതിന് ഉറവിടമുണ്ടായി എന്നാണര്‍ത്ഥം. അത് നികുതിക്ക് വിധേയമായി എന്നര്‍ത്ഥം. കള്ളനോട്ട് വ്യാപകമായി ഉണ്ടായിരുന്നു. അത് നാടുനീങ്ങി. അത് കൈവശം വെച്ചവര്‍ക്ക് അത് കത്തിച്ചുകളയുകയോ മറ്റോ ചെയ്യേണ്ടിവന്നു. കുറേയൊക്കെ വിദേശത്തേക്ക് കടത്തിയെന്നാണ് അറിവ്. നരേന്ദ്രമോദി തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അത് തിരിച്ചുകൊണ്ടുവരാന്‍ ഒരു അവസരം കിട്ടും എന്നാണ് അവര്‍ വിചാരിക്കുന്നത്. തീര്‍ച്ചയായും നോട്ടുനിരോധനം ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാക്കിയിട്ടുണ്ടാവും. ഒരു തണുപ്പന്‍ പ്രതികരണം വാണിജ്യമേഖലയിലൊക്കെ ഉണ്ടാക്കിയിട്ടുണ്ടാവും. ഏതായാലും നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ ഇത്തരം പരിഷ്‌കാരങ്ങളും നീക്കങ്ങളുമൊക്കെ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആലോചിക്കാതെയൊന്നുമാകില്ല മോദിയും ധനമന്ത്രാലയവുമൊക്കെ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്.

മോദിയും അദ്വാനിയും
മോദിയും അദ്വാനിയും

നോട്ടുനിരോധനവും ജി.എസ്.ടിയും പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലേ? 
അത്തരം പ്രശ്‌നങ്ങളൊക്കെ ഇന്ന് സൈഡ് ലൈന്‍ ചെയ്യപ്പെട്ടിരിക്കുന്നുവെന്നാണ് എന്റെയൊരു വിലയിരുത്തല്‍. അതൊന്നും ഇന്ന് ആരുടേയും മനസ്സിലില്ല. ജി.എസ്.ടി പാസ്സാക്കാന്‍ വേണ്ടി പിന്തുണച്ച കോണ്‍ഗ്രസ്സുകാര്‍ പുറത്തിറങ്ങി പ്രസംഗിച്ചതെന്തെന്ന് കേട്ടു. രാഹുല്‍ ഗാന്ധി ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്നൊക്കെയാണ് പരിഹസിച്ചു പറഞ്ഞത്. എന്നാല്‍, ഇന്ന് അവസ്ഥ കുറേ മാറി. അത്തരം നീക്കങ്ങളൊക്കെ പീപ്പിള്‍സ് ഫ്രണ്ട്ലി ആയി മാറുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. അതിന്റെ തുടക്കത്തിലുണ്ടായിരുന്ന ആശയക്കുഴപ്പവുമൊക്കെ ഇന്ന് മാറി. ഇനിയും കുറച്ചൊക്കെ പ്രശ്‌നങ്ങള്‍ ഇതു സംബന്ധിച്ചു പരിഹരിക്കാനുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജി.എസ്.ടിയൊക്കെ വലിയ പ്രശ്‌നമായിരുന്നു. ഇന്ന് അത്തരം കാര്യങ്ങളൊന്നും ഒരു പ്രത്യാഘാതവും ഉണ്ടാക്കാന്‍ പോകുന്നില്ല. ഭരണവിരുദ്ധവികാരമെന്ന ഘടകം ഒട്ടുമില്ലാത്ത ഒരു പൊതുതെരഞ്ഞെടുപ്പാണ് നടക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ക്ക് ഉന്നയിക്കാന്‍ കിട്ടിയ ഒരേയൊരു കാര്യം റഫാല്‍ മാത്രമാണ്. ഇന്നലെ സുപ്രീംകോടതിയില്‍ ഗവണ്‍മെന്റ് ഒരു അഫിഡവിറ്റ് നല്‍കി. അതില്‍ ഊന്നല്‍ കൊടുത്തിട്ടുള്ള കാര്യം ഇവര്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത് ഭാഗികമായ വസ്തുതകള്‍ മാത്രമാണ്. ഞാന്‍ മനസ്സിലാക്കുന്നത് ഗവണ്‍മെന്റ് ചോദിച്ച രേഖകളെല്ലാം കോടതിയില്‍ നല്‍കിയിട്ടുണ്ട് എന്നാണ്. അത് മുദ്രവെച്ച കവറിലാണ് നല്‍കിയിട്ടുള്ളത്. അതില്‍ എന്തെല്ലാമുണ്ട് എന്ന് എനിക്കോ നിങ്ങള്‍ക്കോ പറയാനാകില്ല. കോടതി പരിശോധിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ അതിലെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കോടതിക്ക് തോന്നിയിട്ടില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്തെങ്കിലും മറച്ചുവെയ്ക്കാനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയൊരു പ്രകൃതമല്ല നരേന്ദ്ര മോദിയുടേത് എന്ന് വിചാരിക്കുന്നയാളാണ് ഞാന്‍. ഹിന്ദുപത്രം പുറത്തുവിട്ടത് ഇന്‍ഡ്യന്‍ നെഗോഷ്യേറ്റിങ് ടീമില്‍ (ഐ.എന്‍.റ്റി) വന്നിട്ടുള്ള വിയോജനക്കുറിപ്പുകളാണ്. അവര്‍ ഓരോ വിഷയത്തിനും വിശകലനം ചെയ്യാന്‍ ഓരോ ഗ്രൂപ്പുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത കോണുകളില്‍നിന്ന് വസ്തുതകളെ വിശകലനം ചെയ്യും. അതിനുശേഷം ഐകകണ്‌ഠ്യേനയുള്ള ഒരു തീരുമാനത്തിലെത്തും. അവരുടെ തീരുമാനമെന്തായിരുന്നുവെന്ന് നമുക്കറിയില്ല. അതിന്റെ രേഖകള്‍ ഹിന്ദുവില്‍ ഇന്നുവരെ കണ്ടിട്ടുമില്ല. ഐ.എന്‍.ഡിയുടെ ഏകീകരിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് റഫാലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഐ.എന്‍.റ്റിയെക്കൊണ്ട് സമ്മര്‍ദ്ദം ചെലുത്തി ഏകകണ്ഠമായ തീരുമാനത്തിലെത്തിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞുനടക്കുന്നുണ്ട്. അതായത് ഐ.എന്‍.റ്റിയില്‍ ഏകകണ്ഠമായ ഒരു തീരുമാനമുണ്ടായെന്ന് കോണ്‍ഗ്രസ്സുകാര്‍ സമ്മതിക്കുന്നുവെന്നര്‍ത്ഥം. ഡിഫന്‍സ് ഒഫിഷ്യല്‍സും എക്‌സ്‌പെര്‍ട്‌സുമെല്ലാം അങ്ങനെയൊരു തീരുമാനം സമ്മര്‍ദ്ദത്തിനു വഴങ്ങി കൈക്കൊണ്ടുവെന്ന് പറയുന്നുണ്ടെങ്കില്‍ അത് നമ്മള്‍ വിശ്വസിക്കേണ്ടതുണ്ടോ എന്നു മാത്രമേ ചോദിക്കാനുള്ളൂ. ഗുജറാത്തില്‍ ദീര്‍ഘകാലം ഭരണാധികാരിയായിരുന്നയാളാണ് മോദി. എതിരാളികള്‍ക്ക് എന്തെല്ലാം ആക്ഷേപങ്ങളുണ്ടായിരുന്നാലും ശരി ഒരു അഴിമതി ആരോപണം അദ്ദേഹത്തിനെതിരെ ആരെങ്കിലും ഉന്നയിച്ചതായി ഞാന്‍ കേട്ടിട്ടില്ല. അങ്ങനെയാരു ട്രാക്ക് റെക്കോര്‍ഡല്ല മോദിക്കുള്ളത്. അരുണ്‍ ജയ്റ്റ്‌ലിയേയും മനോഹര്‍ പരീക്കറിനേയും കുറിച്ച് അങ്ങനെയൊന്നും പറയാനില്ല. 

മോദിയുടെ പ്രവര്‍ത്തനശൈലി സംബന്ധിച്ച് ഏറെ ആക്ഷേപങ്ങളുണ്ടായിരുന്നു. മാധ്യമങ്ങളെ കാണുന്നില്ല. സഭാസമ്മേളനങ്ങള്‍ നടത്തുന്നില്ല, പ്രതിപക്ഷശബ്ദത്തെ ഗൗനിക്കുന്നില്ല എന്നിങ്ങനെ. ഈ ആരോപണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ തകര്‍ന്നുതരിപ്പണമായ തെരഞ്ഞെടുപ്പായിരുന്നു 2014-ലേത്. കോണ്‍ഗ്രസ്സിനു പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭ്യമാകില്ലെന്ന അവസ്ഥ. അങ്ങനെയൊരു പശ്ചാത്തലത്തില്‍ ഗവണ്‍മെന്റുമായി സഹകരിച്ചുപോകുന്ന ഒരു പ്രതിപക്ഷത്തെയാണ് എല്ലാവരും പ്രതീക്ഷിക്കുക. അതിനു പകരം നമ്മുടെ പ്രതിപക്ഷം ചെയ്തത് എന്താണ്? രാജ്യസഭയില്‍ അവര്‍ക്ക് സാങ്കേതികമായ ഭൂരിപക്ഷം ഉണ്ടായി. ലോകസഭയില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവനാണ് വരിക. രാജ്യത്തിന്റെ ഭരണം കൈയാളുക. അവരുമായി സഹകരിക്കുകയാണ് സാധാരണയായി രാജ്യസഭയിലെ ഭൂരിപക്ഷം ചെയ്യാറുള്ളത്. അതൊരു ധാര്‍മ്മികബോധമാണ്. അതെപ്പോഴും പ്രതിപക്ഷകക്ഷികള്‍ കാണിച്ചിട്ടുണ്ട്. വാജ്‌പേയിയുടെ ഭരണകാലത്തും രാജ്യസഭയില്‍ അവര്‍ക്കായിരുന്നു ഭൂരിപക്ഷം. അന്ന് ഗവണ്‍മെന്റുമായി നല്ല രീതിയില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ്സുകാരും പ്രതിപക്ഷവും തയ്യാറായിട്ടുണ്ട്. യു.പി.എ അധികാരത്തില്‍ വന്ന സമയത്ത് എന്‍.ഡി.എക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടുണ്ട്. അന്ന് പ്രതിപക്ഷമെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും എന്‍.ഡി.എ രാജ്യസഭയില്‍ ഗവണ്‍മെന്റുമായി സഹകരിച്ചിട്ടുണ്ട്. എന്നാല്‍, മോദിയെ ഒരു നിലയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന കാഴ്ചപ്പാടാണ് ഇത്തവണ കോണ്‍ഗ്രസ്സും പ്രതിപക്ഷവും സ്വീകരിച്ചത്.

വാജ്‌പേയിയുടെ കാലത്തൊന്നും ഇങ്ങനെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞു. പ്രതിപക്ഷവുമായി നല്ല ബന്ധം നിലനിന്നിരുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇത്തവണ ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്?
പ്രതിപക്ഷ നേതൃനിരയില്‍ അന്നത്തെപ്പോലെ പക്വതയും കാര്യബോധവുമുള്ള നേതാക്കളില്ല. തമ്മില്‍ ഭേദം രാജ്യസഭയാണ്. ഗുലാംനബി ആസാദിനെപ്പോലുള്ള ആളുകളുണ്ട് അവിടെ എന്നുള്ളതുകൊണ്ട്. പക്ഷേ, ആ നേതാക്കള്‍ക്കൊന്നും മുകളില്‍നിന്നുള്ള സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാറില്ലായിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ കൂടുതലായി മനസ്സിലാകണമെങ്കില്‍ പി.ജെ. കുര്യന്‍ മനസ്സുതുറന്നു സംസാരിക്കണമെന്നാണ് എന്റെയൊരു വിലയിരുത്തല്‍. രാജ്യസഭയിലെ പ്രതിപക്ഷ നിലപാടുകള്‍ ഗവണ്‍മെന്റിനു വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനു മുന്‍പൊന്നും ഇമ്മാതിരി വൈരനിര്യാതനബുദ്ധിയോടെ ഒരു പ്രതിപക്ഷവും സര്‍ക്കാരുകളോട്  പെരുമാറിയിട്ടില്ല. 


പാര്‍ട്ടിയുടെയുള്ളില്‍ ചിലര്‍ക്ക് മോദിയുടെ കാര്യത്തില്‍ ചില അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അദ്വാനിയുടെ കാര്യമാണെങ്കില്‍ അദ്ദേഹം മുന്‍പേത്തന്നെ, മോദിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ രംഗത്തുനിന്ന് പിന്‍മാറേണ്ടതായിരുന്നു. 2005-ല്‍ മുംബൈയില്‍ നടന്ന ബി.ജെ.പി സമ്മേളനത്തിലാണ് പാര്‍ട്ടി അധ്യക്ഷപദവി അദ്ദേഹത്തിന് ഒഴിയേണ്ടിവരുന്നത്. ആര്‍.എസ്.എസിന് ചില നിലപാടുകളുണ്ട്. അതോടു ചേര്‍ന്നുനില്‍ക്കുന്ന നേതൃത്വമാണ് പാര്‍ട്ടിക്കു വേണ്ടത്. എന്നിട്ടും പാര്‍ട്ടി അദ്ദേഹത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിട്ടുണ്ട്. പ്രായാധിക്യമുള്ളവരെ പാര്‍ട്ടിയുടെ പ്രധാന ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്നത് ആര്‍.എസ്.എസ് എടുത്തിട്ടുള്ള നിലപാടാണ്. അതിനര്‍ത്ഥം അവരെ അവഗണിക്കുകയെന്നതല്ല. അവരുടെ ഉപദേശവും നിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വത്തിനു ബാധ്യതയുണ്ട്. അതനുസരിച്ചാണ് അദ്വാനിയേയും മറ്റും മാര്‍ഗ്ഗനിര്‍ദ്ദേശക് മണ്ഡലില്‍ ഉള്‍പ്പെടുത്തിയത്. പ്രായമായവര്‍ സംഘടനാരംഗത്തു നിന്ന് മാറിനില്‍ക്കുകയെന്നത് എല്ലാ സംഘ്പരിവാര്‍ സംഘടനകള്‍ക്കുമുള്ള ഗൈഡ്ലൈന്‍ ആണ്. 

കേരളത്തില്‍ ബി.ജെ.പിയുടെ ശക്തിദൗര്‍ബ്ബല്യങ്ങള്‍ എന്തെല്ലാമാണ്?
കേരളത്തില്‍ നമ്മുടെ ക്യാംപയിന്റെ പോരായ്മകള്‍ അനുഭവപ്പെടുന്നത് എന്റെ വ്യക്തിപരമായ വിലയിരുത്തലില്‍ ചുരുങ്ങിയത് നാലുതലമുറകള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ സക്രിയമായിട്ടുണ്ട്. ഈ നാലുതലമുറയും ഒന്നിച്ചു മുന്നോട്ടുപോകുകയാണ് വേണ്ടത്. എന്നാല്‍, സംഘടനകള്‍ക്കുള്ളില്‍ നിസ്സാരമായ ചില ആഭ്യന്തരപ്രശ്‌നങ്ങളുണ്ട്. ബി.ജെ.പിക്കുള്ളിലെ ചില പടലപ്പിണക്കങ്ങള്‍ ഉണ്ട്. അതൊക്കെയും വ്യക്തിപരമാണ്. യാതൊരു ആദര്‍ശാടിത്തറയും ആ ഭിന്നതകള്‍ക്കില്ല. നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് ബി.ജെ.പിയില്‍ ഇന്ന് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. അമിത്ഷാ എന്ന അധ്യക്ഷന്റെ ശൈലി അതാണ്. ഓരോ സമ്മേളനത്തിലും അതത് പ്രദേശത്തെ പ്രവര്‍ത്തനത്തെ സംബന്ധിച്ച മുഴുവന്‍ ഡാറ്റയുമായാണ് അദ്ദേഹമെത്തുക. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പാര്‍ലമെന്റില്‍ രണ്ടാം സ്ഥാനത്തേക്ക് വളരാന്‍ ജനസംഘത്തിനു കഴിഞ്ഞു. കേരളത്തിനു ചില പ്രത്യേകതകളുണ്ട്. ഒന്നാമത്തെ കാര്യം ഇവിടെ 50 ശതമാനം ന്യൂനപക്ഷ മതസ്ഥരാണ് എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം ഇവിടുത്തെ ഏറ്റവും വലിയ ഹിന്ദുപാര്‍ട്ടി സി.പി.ഐ.എമ്മാണ് എന്നുള്ളതാണ്. ബി.ജെ.പിക്ക് വളരണമെങ്കില്‍ കമ്യൂണിസ്റ്റ് കോട്ടകളില്‍ പാര്‍ട്ടി കടന്നുകയറണം. ന്യൂനപക്ഷ പിന്തുണ വലിയതോതിലുണ്ടാകില്ല. മുസ്ലിം വോട്ടുകള്‍ ഒട്ടും പ്രതീക്ഷിക്കേണ്ട. അതേസമയം യാക്കോബൈറ്റ്- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യന്‍ മതവിശ്വാസികളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, പരമപ്രധാനം കമ്യൂണിസ്റ്റ് കോട്ടകളില്‍ കടന്നുകയറുകയെന്നതുതന്നെയാണ്. അതിനു സാധ്യമായാല്‍ മാത്രമേ ബി.ജെ.പിക്ക് വളരാന്‍ സാധിക്കൂ. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളായ ഹിന്ദുക്കളില്‍ ശബരിമല പ്രശ്‌നം വലിയ ചില ചലനങ്ങളൊക്കെ സൃഷ്ടിച്ചിട്ടുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എന്നാല്‍, അതിന്റെ ഫലം കിട്ടണമെങ്കില്‍ കോണ്‍ഗ്രസുകാരെക്കാള്‍ നല്ല സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിക്ക് രംഗത്തിറക്കാന്‍ കഴിയണം. ശബരിമല പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും സര്‍ക്കാരിനെതിരായിരുന്നു എന്ന് ഓര്‍ക്കണം. അതുകൊണ്ട് പരമാവധി ഹിന്ദുവോട്ടുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നല്ല സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെങ്കില്‍ അത് കോണ്‍ഗ്രസ്സിനാണ് സഹായകമാകുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com