ദാരിദ്ര്യത്തിന് എതിരേയുള്ള അവസാന യുദ്ധം: ഡോ. പിഎ മാത്യു എഴുതുന്നു

മൂലധനത്തിന്റെ ഉല്‍പ്രേരകം എന്ന റോളല്ല, മറിച്ച് സമ്പദ്വ്യവസ്ഥയില്‍ സക്രിയമായി ഇടപെടുന്ന റോളായിരിക്കും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്തുടരുക.
ദാരിദ്ര്യത്തിന് എതിരേയുള്ള അവസാന യുദ്ധം: ഡോ. പിഎ മാത്യു എഴുതുന്നു

കിഴക്കന്‍ സ്വിറ്റ്സര്‍ലാന്റില്‍ ആല്‍പ്സ് പര്‍വ്വതമേഖല ഉള്‍പ്പെടുന്ന ഗ്രോബെന്‍ഡന്‍ ഭൂപ്രദേശത്തുള്ള മനോഹര നഗരമാണ് ദാവോസ്. ദാവോസ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക ലോക സാമ്പത്തിക ഉച്ചകോടി (വേള്‍ഡ് ഇക്കണോമിക് ഫോറം) എന്ന പേര് കൂടിയാവും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ലോകനേതാക്കളും വ്യവസായികളും സാമ്പത്തിക വിദഗ്ദ്ധരും പത്രപ്രവര്‍ത്തകരും സെലിബ്രിറ്റികളും ഉള്‍പ്പെടെ ഓരോ വര്‍ഷവും രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന വന്‍ സമ്മേളനത്തിനെത്തുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാരയുദ്ധങ്ങള്‍ മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വിവിധ വിഷയങ്ങളെപ്പറ്റിയുള്ള സുദീര്‍ഘ ചര്‍ച്ചകളും ആഗോളതല പ്രശ്‌നപരിഹാരവുമാണ് ലക്ഷ്യം.

ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ സമ്മേളിച്ച ലോക സാമ്പത്തിക ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയം 'ആഗോളവല്‍ക്കരണം 4: നാലാം വ്യവസായ വിപ്ലവത്തിന്റെ കാലഘട്ടത്തില്‍ ഒരു ആഗോളക്രമം രൂപപ്പെടുത്തല്‍' എന്നതായിരുന്നു. മുന്‍പ് എക്കാലത്തേക്കാളും ശക്തമായി ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയെക്കുറിച്ചായിരുന്നു ഒരു പാനല്‍ ചര്‍ച്ച. സാമ്പത്തിക അസന്തുലിതാവസ്ഥ വിലയിരുത്തപ്പെടുന്ന രീതി തന്നെ കീഴ്മേല്‍ മാറേണ്ടതുണ്ടെന്ന അഭിപ്രായക്കാരായിരുന്നു സാമ്പത്തിക വിദഗ്ദ്ധരില്‍ പലരും. സമ്പന്നരില്‍നിന്ന് കൂടുതല്‍ നികുതി ഈടാക്കണമെന്ന ചരിത്രകാരന്‍ റൂതര്‍ ബര്‍ഗ്മാന്റെ നിര്‍ദ്ദേശം മുതല്‍ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ടേണ്‍ പരിചയപ്പെടുത്തിയ ന്യൂസിലാന്റ് സന്തുഷ്ടി ബജറ്റ് വരെയുള്ള ആശയങ്ങളുടെ കാതല്‍ ഒന്നുതന്നെയായിരുന്നു. അനുദിനം വര്‍ദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ എങ്ങനെ കഴിയുമെന്ന കാര്യം.

രണ്ട് വിവാഹങ്ങളും രണ്ട് മരണാനന്തര ചടങ്ങുകളും
ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തികശക്തിയെന്ന നിലയില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രാതിനിധ്യം വലുതായിരുന്നു. മൂന്ന് മുഖ്യമന്ത്രിമാര്‍- മധ്യപ്രദേശില്‍നിന്ന് കമല്‍നാഥ്, ആന്ധ്രയുടെ ചന്ദ്രബാബു നായിഡു, മഹാരാഷ്ട്രയില്‍നിന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്. നൂറോളം വന്‍ വ്യവസായികള്‍; പലരും കുടുംബസമേതം. അസീം പ്രേംജി പുത്രന്‍ റിഷാദിനൊപ്പം, മുകേഷ് അംബാനിയും ഭാര്യ നിതയും മക്കള്‍ക്കുമൊപ്പം, ലക്ഷ്മി മിത്തലും പുത്രന്‍ ആദിത്യയും, ഗൗതം അദാനി, ഉദയ് കോട്ടക്, എന്‍. ചന്ദ്രശേഖരന്‍, നന്ദന്‍ നിലേകനി, ആനന്ദ് മഹീന്ദ്ര, അജയ് സിങ്, അജയ് പിരാമല്‍... പ്രമുഖരുടെ നിര വലുതായിരുന്നു. ദാവോസിലേക്ക് തിരിക്കുന്നതിനു തൊട്ടുമുന്‍പ് അവരില്‍ പലരും ഇന്ത്യന്‍ മാധ്യമങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയ ഒരു വിവാഹമാമാങ്കത്തിലും പങ്കെടുത്തിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ പുത്രി ഇഷയുടേയും ആനന്ദ് പിരാമലിന്റേയും വിവാഹം. മുകേഷ് അംബാനിയുടെ പിതാവും റിലയന്‍സ് സാമ്രാജ്യത്തിന്റെ അധിപനുമായിരുന്ന ധിരുഭായ് അംബാനിയുടെ തുടക്കം യെമനിലെ ഒരു പെട്രോള്‍ ബങ്ക് ജീവനക്കാരന്‍ എന്ന നിലയില്‍ നിന്നായിരുന്നു. 1953-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പഞ്ചവത്സരപദ്ധതിക്ക് തുടക്കമിട്ട അതേ നാളുകളില്‍.

ആഘോഷങ്ങളുടെ ആദ്യഘട്ടം സെപ്റ്റംബറില്‍ ഇറ്റലിയിലെ കോംബോ തടാകതീരം വേദിയാക്കിയ വിവാഹനിശ്ചയ ചടങ്ങായിരുന്നു. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങള്‍ ഉദയ്പൂരിലായിരുന്നു. 200 ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റുകളാണ് ഉദയ്പൂര്‍ റാണാ എയര്‍പോര്‍ട്ടിലേക്ക് അതിഥികളെ എത്തിക്കാന്‍ പറന്നത്. നഗരത്തിലെ മുഴുവന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും ബുക്ക് ചെയ്യപ്പെട്ടിരുന്നു. ആഡംബര കാറുകളുടെ നീണ്ട നിര: പോര്‍ഷെ, ബി.എം.ഡബ്ല്യു, ജഗ്വാര്‍, ഓഡി... അതിഥികള്‍ക്കായി നിരത്തുകളിലൂടെ ഒഴുകി നീങ്ങി.
അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയിലെ ഗംഭീര ചടങ്ങിന് അതിഥികളായെത്തിയത് പ്രമുഖരുടെ നിര. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, മുന്‍ യു.എസ്. പ്രഥമ വനിതാ ഹിലാരി ക്ലിന്റണ്‍, സെലിബ്രിറ്റി ദമ്പതികളായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും, ബച്ചന്‍ കുടുംബം എന്നിങ്ങനെ വമ്പന്മാരുടെ നീണ്ട നിര. വിവാഹത്തിനു ശേഷം വധൂവരന്മാര്‍ പോയത് 450 കോടി രൂപ വിലമതിക്കുന്ന, 50000 ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന തങ്ങളുടെ കടല്‍ത്തീര ആഡംബര വസതിയായ ഗലീറ്റയിലേക്ക്. വജ്ര പശ്ചാത്തലത്തില്‍ ഒരുക്കിയ പ്രത്യേക മുറിയും ഇറക്കുമതി ചെയ്ത അത്യാഡംബരങ്ങളും ഗലീറ്റയെ വേറിട്ടതാക്കുന്നു.

അതിപ്രശസ്തമായ മറ്റൊരു വിവാഹംകൂടി ആ നാളുകളില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചു. പ്രശസ്ത ബോളിവുഡ്-ഹോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് സംഗീതജ്ഞന്‍ നിക്ക് ജോനാസുമായുള്ള വിവാഹമായിരുന്നു ആദ്യത്തേത്. ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ നടന്ന അത്യാഡംബര ചടങ്ങിലും തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും നടന്ന രണ്ട് റിസപ്ഷനുകളിലുമായി ആകെ പങ്കെടുത്തത് പ്രത്യേകം ക്ഷണിക്കപ്പെട്ട 225 അതിഥികള്‍. ന്യൂഡല്‍ഹിയിലെ താജ് പാലസില്‍ നടന്ന റിസപ്ഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. ആഡംബര വിവാഹത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രിക്ക് പക്ഷേ, അതിന് ആഴ്ചകള്‍ക്കു മുന്‍പ് മഹാരാഷ്ട്രയിലെ നാസിക്കില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യചെയ്ത ഉള്ളി കര്‍ഷകരായ തത്യഭാവ്‌ഖൈര്‍നാര്‍, മനോജ് ധോണ്ട്ഗേ എന്നിവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയമുണ്ടായിരുന്നില്ല.

കര്‍ഷക ആത്മഹത്യകള്‍
ബി.ജെ.പിയുടെ ഫഡ്‌നാവി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2015 മുതല്‍ 2018 ഡിസംബര്‍ വരെയുള്ള 4 വര്‍ഷക്കാലത്ത് മഹാരാഷ്ട്രയില്‍ 12006 കര്‍ഷക ആത്മഹത്യകള്‍ നടന്നെന്ന് റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കുന്നു. 2015-ല്‍ 3263, 2016-ല്‍ 3063, 2017-ല്‍ 2917, 2018-ല്‍ 2761 എന്നിങ്ങനെയാണ് സ്ഥിതിവിവരക്കണക്കുകള്‍. ഇത് മഹാരാഷ്ട്രയിലെ മാത്രം സ്ഥിതിവിശേഷമല്ല. രാജ്യത്തെ കാര്‍ഷിക കേന്ദ്രങ്ങളായ വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ ജില്ലകളിലെ സ്ഥിതി ഇങ്ങനെയാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് 2013 മുതല്‍ കാര്‍ഷിക മേഖലയില്‍ പ്രതിവര്‍ഷം ശരാശരി 12000 ത്തോളം ആത്മഹത്യകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2015-ല്‍ കാര്‍ഷികമേഖലയില്‍ സംഭവിച്ച 12062 (രാജ്യത്തെ മൊത്തം ആത്മഹത്യകളുടെ 9.4%) ആത്മഹത്യകളില്‍ 8007 കര്‍ഷകരും 4595 കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്നു. 4291 ആത്മഹത്യകളുമായി മഹാരാഷ്ട്രയാണ് ലിസ്റ്റില്‍ മുന്നിലുള്ളത്. കര്‍ണാടക (1569), തെലുങ്കാന (1400), മധ്യപ്രദേശ് (1290), ഛത്തീസ്ഗഡ് (954), ആന്ധ്രപ്രദേശ് (916), തമിഴ്നാട് (606) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍. ഈ ഏഴ് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കാര്‍ഷികമേഖലയില്‍ നടക്കുന്ന ആത്മഹത്യകളില്‍ 87.5 ശതമാനവും.
പകുതിയിലധികം ജനങ്ങള്‍ കാര്‍ഷികമേഖലയെ ഉപജീവനോപാധിയായി കരുതുന്ന ഒരു രാജ്യത്ത് ഇതൊരു ദുരന്തമാണ്. എന്നാല്‍, ഈ ദുരന്തത്തിന്റെ അടിസ്ഥാന കാരണം മറ്റൊന്നാണ്; രൂക്ഷമായ സാമ്പത്തിക അസമത്വം.

ഓക്സ്ഫാം റിപ്പോര്‍ട്ട്
ദാവോസിലെ ആഘോഷദിനങ്ങള്‍ ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ആഗോളതലത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട സന്നദ്ധസംഘടനകളില്‍ ഒന്നായ ഓക്സ്ഫാം (OXFAM) അവരുടെ വാര്‍ഷിക പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തികശക്തിയായ ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രസക്തമായ ഒന്ന്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഒന്‍പത് ശതകോടീശ്വരന്മാര്‍ ചേര്‍ന്ന് കൈയാളുന്നത് ആകെ സ്വത്തിന്റെ 50 ശതമാനം! സമ്പത്തില്‍ മുന്നിലുള്ള 10 ശതമാനം പേരുടെ കീഴിലുള്ള രാജ്യത്തെ ആകെ സ്വത്തിന്റെ 77.4 ശതമാനം! സമ്പദ്വ്യവസ്ഥയുടെ താഴെത്തട്ടിലുള്ള 60 ശതമാനം വരുന്ന ബഹുഭൂരിപക്ഷത്തിന് സ്വന്തമായുള്ളത് ആകെ സമ്പത്തിന്റെ 4.8 ശതമാനം മാത്രം. 2018-ലെ റിപ്പോര്‍ട്ട് അനുസരിച്ച് സമ്പത്തില്‍ പിന്നിലുള്ള 50 ശതമാനം പേരുടെ സമ്പത്തില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ ശതകോടീശ്വരന്മാരുടെ സമ്പത്തില്‍ പ്രതിദിനം 2200 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സമ്പത്തില്‍ 39 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. അതേവര്‍ഷം ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടത് 18 പേര്‍. രാജ്യത്തെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം 119. അവരുടെ മൊത്തം സമ്പത്താകട്ടെ, 28 ലക്ഷം കോടി രൂപയും. 2018-നും 2022-നുമിടയില്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 70 മില്യണയര്‍മാര്‍ എന്ന തോതില്‍ സമ്പന്നരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

ലോകവും സാമ്പത്തിക അസമത്വവും (അസന്തുലിതാവസ്ഥയും)
കാലാകാലങ്ങളായി അസമത്വം ലോകത്ത് ഒരു വിവാദവിഷയമാണ്. ഇതേ വിഷയവുമായി ബന്ധപ്പെട്ടുള്ള അസംഖ്യം ചര്‍ച്ചകള്‍ എക്കാലവും ചരിത്രത്തില്‍ നിറഞ്ഞിരുന്നു. സാമ്പത്തിക അസമത്വത്തിന് പല തലങ്ങളുണ്ട്. അത് വ്യക്തികള്‍ സ്വന്തമാക്കുന്ന സമ്പത്തിന്റെ വിതരണത്തിലാവാം, തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ കാര്യത്തിലാവാം. രാജ്യങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക അസമത്വം പോലെ തന്നെ പ്രധാനമാണ് വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തുന്ന വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മിലുള്ള സാമ്പത്തിക അസമത്വങ്ങളും. സാമ്പത്തിക അസമത്വം പ്രധാനമായും കണക്കാക്കുന്നത് സമ്പത്ത്, ശമ്പളം, ഉപഭോഗം എന്നിവയെ അടിസ്ഥാനമാക്കിയാണ്.

അസമത്വത്തിന്റെ അളവ് നിര്‍ണ്ണയിക്കുന്നതിന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ പല സൂചികകളും ഉപയോഗപ്പെടുത്താറുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരമുള്ള ഒരു സൂചികയാണ് ഗിനി കോഎഫിഷ്യന്റ്. സമത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പരിഗണിക്കപ്പെടുന്നത് തുല്യത, ഫലപ്രാപ്തിയിലുള്ള സമത്വം, അവസര സമത്വം എന്നിവയാണ്. ആഗോളവല്‍ക്കരണത്തെ സംബന്ധിച്ചുള്ള പ്രശസ്തവും പ്രധാനവുമായ ഒരു വിലയിരുത്തല്‍ ഇപ്രകാരമാണ്: ''ആഗോളതലത്തിലുള്ള അസമത്വത്തില്‍ കുറവ് വരുത്താന്‍ ആഗോളവല്‍ക്കരണംകൊണ്ട് കഴിഞ്ഞു; അതേസമയം രാജ്യങ്ങള്‍ക്കുള്ളിലെ അസമത്വം വര്‍ദ്ധിക്കാനും അത് കാരണമായി.''

തോമസ് പിക്കറ്റിയും സാമ്പത്തിക അസമത്വവും
ലോകമെങ്ങും ആഗോളവല്‍ക്കരണത്തിന്റെ ഗുണദോഷങ്ങളെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ നടക്കവെ തോമസ് പിക്കറ്റി എന്ന ഫ്രെഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ലോകമെമ്പാടുമുള്ള നിരവധി സാമ്പത്തിക ശാസ്ത്രജ്ഞരോടൊപ്പം അസമത്വത്തെപ്പറ്റിയുള്ള പഠനങ്ങളിലായിരുന്നു. ഫ്രെഞ്ച് ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പിക്കറ്റിയുടെ പഠനങ്ങള്‍ ആഗോള ശ്രദ്ധ നേടി. 2014-ല്‍ ആര്‍തര്‍ ഗോള്‍ഡ്ഹാര്‍മര്‍ അവ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. തുടര്‍ന്ന് നിരവധി ഭാഷകളില്‍ പിക്കറ്റിയുടെ പഠനങ്ങള്‍ ആഗോളതലത്തില്‍ പ്രസിദ്ധമായി. സാമ്പത്തികശാസ്ത്ര പുസ്തകങ്ങള്‍ക്ക് ഏതാനും ആയിരം വായനക്കാരെ ലഭിക്കുന്നതുപോലും വിരളമായ ഈ കാലത്ത് തോമസ് പിക്കറ്റിയുടെ എഴുനൂറോളം പേജുകളുള്ള 'ക്യാപിറ്റല്‍ ഇന്‍ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന പുസ്തകം മുപ്പത് ഭാഷകളിലായി 20 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു. തികഞ്ഞ അധ്യാപകന്‍ കൂടിയായ പിക്കറ്റി ദശലക്ഷക്കണക്കിനു വായനക്കാരുടെ പിന്‍ബലത്തില്‍ ഒരു സെലിബ്രിറ്റി ആയി മാറിയ ഈ പ്രതിഭാസം 'പിക്കറ്റി പ്രതിഭാസം' എന്ന പേരില്‍ പ്രശസ്തമായി.

തോമസ് പിക്കറ്റി
തോമസ് പിക്കറ്റി


ഗവേഷണ ജേണലുകള്‍ മാത്രമല്ല, ദിനപത്രങ്ങളും മാഗസിനുകളുമെല്ലാം 'ക്യാപിറ്റല്‍ ഇന്‍ ട്വന്റി ഫസ്റ്റ് സെഞ്ച്വറി'യുടെ റിവ്യൂ ആവേശത്തോടെ അവതരിപ്പിച്ചു. ടെലിവിഷനിലും റേഡിയോയിലും ലോകമെമ്പാടുമുള്ള പ്രമുഖ സാമ്പത്തിക ഫോറങ്ങളിലും മറ്റും തോമസ് പിക്കറ്റി മുഖ്യാതിഥിയായി മാറി. 2015-ല്‍ അമേരിക്കന്‍ ഇക്കണോമിക് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലെ ഒരു സെഷന്‍ മുഴുവനായി പിക്കറ്റിയുടെ ബുക്കിനെക്കുറിച്ചുള്ള അവലോകനത്തിനു നീക്കിവച്ചു. 2014-ലെ 'ബിസിനസ് ബുക്ക് ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുക്കപ്പെട്ടതും 'ക്യാപിറ്റല്‍ ഇന്‍ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' തന്നെ. 'ഫ്രെഞ്ച് ലിജിയന്‍ ഓഫ് ഓണര്‍' അവാര്‍ഡ് ജേതാവായി തോമസ് പിക്കറ്റിയെ തെരഞ്ഞെടുത്തെങ്കിലും അദ്ദേഹം അത് നിരസിച്ചു.

പിക്കറ്റിയുടെ വാദങ്ങള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജനാധിപത്യ സാമൂഹിക കാലഘട്ടത്തില്‍ (1945-1980) 'ഗ്ലോബല്‍ നോര്‍ത്ത്' (യു.എസ്, കാനഡ, യൂറോപ്പ്, ഇസ്രയേല്‍, ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്വാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളെ സൂചിപ്പിക്കുന്നു) മേഖലയില്‍ സാമ്പത്തിക, വ്യാവസായിക മേഖലകളിലെ പുരോഗതിക്കൊപ്പം സമത്വവാദവും ശക്തിപ്രാപിച്ചു. അതിനൊരു പ്രധാന കാരണം ജനങ്ങളുടെ വരുമാനത്തിലെ അസമത്വം തുലോം കുറവായിരുന്നു എന്നതുതന്നെ. വരുമാനം, തൊഴില്‍, സമ്പത്ത് എന്നിവയെ അടിസ്ഥാനമാക്കിയുള്ള വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളും കുറവായിരുന്നു.

ജനാധിപത്യ സാമൂഹ്യ ക്ഷേമാധിഷ്ഠിതമായ രാഷ്ട്രം എന്ന ആശയം യാഥാര്‍ത്ഥ്യമായത് സമ്പന്നരുടെ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങളുടെ വീഴ്ചയോടെയാണെന്നാണ് പിക്കറ്റിയുടെ വാദം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും നികുതിക്കു ശേഷമുള്ള വരുമാന അസമത്വം ഇല്ലാതാക്കാന്‍ സാമൂഹ്യ ഇന്‍ഷുറന്‍സ്, ഉയര്‍ന്ന തൊഴില്‍ നിലവാരം, അടിസ്ഥാന സൗകര്യ വികസനം എന്നിവയെക്കാള്‍ കൂടുതല്‍ സഹായകരമായത് യുദ്ധങ്ങളും പുരോഗമനപരമായ നികുതിവ്യവസ്ഥയുമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. മൂലധനത്തെ ഇല്ലാതാക്കുന്ന വൈരുദ്ധ്യമാണ് യുദ്ധങ്ങള്‍; അതിനു സമാനമാണ് അസമത്വത്തില്‍ വരുന്ന കുറവും.

ജനാധിപത്യ സാമൂഹിക കാലഘട്ടത്തിന് (1945-1980) തൊട്ടു മുന്‍പുള്ള യൂറോപ്യന്‍ കാലഘട്ടം ബെല്ലെ എപ്പൊക് എന്നും അമേരിക്കന്‍ കാലഘട്ടം ഫസ്റ്റ് ഗില്‍ഡഡ് ഏജ് എന്നും അറിയപ്പെട്ടു. ഈ കാലഘട്ടത്തില്‍ പൈതൃകമായി കൈമാറി ലഭിച്ച ഭാരിച്ച സ്വത്തുക്കള്‍ ഭരണകൂടത്തെ നിയന്ത്രിക്കുന്നതിലും സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിലും ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. വരുമാന-സാമ്പത്തിക അസമത്വം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു.

ഇന്ന് നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നു?
ഇതൊരു രൂപാന്തരത്തിന്റെ ഘട്ടമാണെന്ന് പിക്കറ്റി പറയുന്നു. സമ്പത്തിന്റെ കേന്ദ്രീകരണം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലേതുപോലെ ഏറ്റവും ഉയര്‍ന്ന തോതിലാണ്. സമ്പത്തില്‍ മുന്‍പന്തിയിലുള്ള ഒരു ശതമാനത്തിന്റെ വരുമാനം മൂലധന നിക്ഷേപത്തില്‍ നിന്നുള്ളതിനേക്കാള്‍ തൊഴില്‍ മേഖലയില്‍നിന്നാണ്. മൂലധനവരുമാനത്തിലെ അസമത്വം രണ്ടായിരാമാണ്ട് മുതല്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു; അതേസമയം, തൊഴില്‍ വരുമാനത്തിലെ അസമത്വം സ്ഥിരമായി നില്‍ക്കുന്നു. സമ്പദ്രംഗത്തെ ശക്തമായ ചലനങ്ങള്‍ നമ്മളെ മറ്റൊരു ഗില്‍ഡഡ് ഏജ് കാലഘട്ടത്തിലേക്കു കൊണ്ടുപോവുകയാണ്. അളവറ്റ പണം ഭരണകൂടത്തെ നിയന്ത്രിക്കുന്നതിലും സമ്പദ്വ്യവസ്ഥ രൂപപ്പെടുത്തുന്നതിലും ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന പഴയ നാളുകളിലേക്ക്.
വരാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം വരുമാന അസമത്വത്തിന്റെ വര്‍ദ്ധനവാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സാര്‍വ്വത്രികമായ പുരോഗതി ഒരു ചെറിയ വിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തും.

പിക്കറ്റി തിയറി
തോമസ് പിക്കറ്റിയുടെ അഭിപ്രായത്തില്‍ സമ്പത്തിനേയും വരുമാനത്തേയും കുറിച്ച് കാര്യകാരണസഹിതമുള്ള നിയമസംഹിത എന്നതിനേക്കാള്‍ സമ്പത്തിന്റേയും വരുമാനത്തിന്റേയും വിതരണത്തിന്റെ ചരിത്രം പ്രതിപാദിക്കുകയാണ് തന്റെ പഠനത്തിന്റെ ഉദ്ദേശ്യം. പുസ്തകത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കവും അതുതന്നെ. സ്ഥാപനങ്ങള്‍, നയങ്ങള്‍, നിയമങ്ങള്‍, അധികാരം... ഇവയെല്ലാം അസമത്വത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് പ്രധാന പ്രതിപാദ്യം. കാല്‍ഡര്‍, കഷ്നെറ്റ്സ്, സോളോ തുടങ്ങിയ സാമ്പത്തിക ശാസ്ത്രജ്ഞരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് പിക്കറ്റിയുടെ പഠനം മുന്നോട്ടുപോവുന്നത്. മൂലധനം, തൊഴില്‍, സാങ്കേതികവിദ്യ എന്നിവയെ അടിസ്ഥാനത്തില്‍ മാതൃകാ ഉല്പാദന പ്രക്രിയയെപ്പറ്റിയുള്ള തിയറി ഒരു ഉദാഹരണം. വ്യവസായ വിപ്ലവത്തിന്റെ നാളുകള്‍ മുതല്‍ ഇന്നുവരെയുള്ള മുന്നൂറ് വര്‍ഷത്തെ വിശദമായ ഡാറ്റ സാംപിളിന്റെ കൂടി പിന്‍ബലത്തില്‍ അദ്ദേഹം 2 പ്രധാന നിഗമനങ്ങളില്‍ എത്തുന്നുണ്ട്. 1. ക്യാപിറ്റലിസ്റ്റിക് രാജ്യങ്ങളില്‍ മൂലധന വരുമാനത്തിന്റെ നിരക്ക് വളര്‍ച്ചാനിരക്കിനേക്കാള്‍ അധികമായിരിക്കും. 2. മൂലധനത്തിന്റെ ഉടമസ്ഥാവകാശം ഏതാനും പേരിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ മൂലധന വരുമാനത്തിന്റെ വിതരണം തീര്‍ത്തും കാര്യക്ഷമമല്ല. ഇതുകൊണ്ട് സംഭവിക്കുന്ന പ്രധാന കാര്യം സാമ്പത്തിക പുരോഗതിക്ക് അനുസൃതമായി മൂലധനവരുമാനത്തിലും സമ്പത്തിന്റെ അളവിലും കാര്യമായ വര്‍ദ്ധനയുണ്ടെങ്കിലും അത് അസമത്വം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. മൂലധനവരുമാനത്തില്‍ ഏറിയ പങ്കും തൊഴിലാളികളേക്കാള്‍ മൂലധന ഉടമകളുടെ കൈകളിലാണ് എത്തിച്ചേരുന്നതെന്ന് ഈ കാലയളവുകളിലെ ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെ അറിയാന്‍ കഴിയും.

പിക്കറ്റി സ്ട്രാറ്റജി
കാലാതിദേശങ്ങള്‍ക്കതീതമായി ലഭ്യമായ എല്ലാ വിവരങ്ങളെക്കുറിച്ചുമുള്ള പ്രാഥമിക വിശകലനത്തിനു ശേഷം മാത്രം പഠനത്തിലേക്കു കടക്കുന്ന സ്ട്രാറ്റജിയാണ് തോമസ് പിക്കറ്റിയുടേത്. തങ്ങളുടെ പഠനത്തിനു പുതിയ ദിശാബോധം നല്‍കാന്‍ തക്കവിധമുള്ള ഒരു അടിത്തറ കെട്ടിപ്പടുക്കാന്‍ പിക്കറ്റിയും സഹപ്രവര്‍ത്തകരായ ബെര്‍ക്ക്‌ലി യൂണിവേഴ്സിറ്റി പ്രൊഫസര്‍ എമ്മാനുവല്‍ സായ്‌സ്, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ആന്റണി അറ്റ്കിന്‍സണ്‍ എന്നിവരും കഠിനാധ്വാനം ചെയ്തു.

കാലാതിദേശങ്ങള്‍ക്കതീതമായ താരതമ്യ പഠനത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ പിക്കറ്റി ഉപയോഗിച്ച ഒരു സ്ട്രാറ്റജി വെല്‍ത്ത് ഇന്‍കം കണക്കാക്കുന്ന കാര്യത്തിലായിരുന്നു. ഇത്തരത്തില്‍ വെല്‍ത്ത് ഇന്‍കം എത്ര എന്നത് വര്‍ഷങ്ങളുടെ എണ്ണത്തിലൂടെ കണക്കാക്കാന്‍ കഴിഞ്ഞു.
പിക്കറ്റിയുടെ പഠനത്തിന്റെ കാതല്‍ ഇതാണ്: വരുമാനത്തിന്റെ തോത് വളര്‍ച്ചയുടെ തോതിനെക്കാള്‍ ഉയര്‍ന്നതായിരിക്കുമ്പോള്‍ സമ്പന്നരുടെ വരുമാനത്തിന്റേയും സമ്പത്തിന്റേയും വര്‍ദ്ധന ജോലിയില്‍ നിന്നുള്ള വരുമാന വര്‍ദ്ധനയെക്കാള്‍ ഉയര്‍ന്നതായിരിക്കും. അതായത്, ഈ അവസ്ഥയില്‍ ഒരാളുടെ യോഗ്യതകൊണ്ട് ആര്‍ജ്ജിക്കുന്ന വരുമാനത്തേക്കാള്‍ പ്രാധാന്യം പൈതൃകമായി ലഭിച്ച സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള വരുമാനത്തിനു ലഭിക്കുന്നു. ഇത്തരത്തില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുകയും അത് കഴിവിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വ്യവസ്ഥയ്‌ക്കെതിരെ നിലയുറപ്പിക്കുകയും ചെയ്യുമ്പോള്‍ വിജയം സ്വാഭാവികമായും സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നിടത്താവും. ഇത് സമൂഹത്തിലെ അസമത്വം കൂടുതല്‍ രൂക്ഷമാക്കും.

മൂലധനത്തിന്റെ വിതരണം തീര്‍ത്തും അസന്തുലിതമാണെന്ന് പിക്കറ്റി പറയുന്നു. ഉദാഹരണത്തിന് അമേരിക്കയില്‍ സാമ്പത്തിക ശേഷിയില്‍ മുന്നിലുള്ള 10 ശതമാനത്തിന്റെ നിയന്ത്രണത്തിലാണ് മൂലധനത്തിന്റെ 70 ശതമാനം. ആ മൂലധനത്തിന്റെ പകുതിയും അതിസമ്പന്നരായ 1 ശതമാനത്തിന്റെ നിയന്ത്രണത്തിലും. 40 ശതമാനം വരുന്ന മിഡില്‍ ക്ലാസ്സ് വിഭാഗത്തിന് 25 ശതമാനം മൂലധനത്തിന്റെ നിയന്ത്രണമുണ്ട്. ആകെ ജനസംഖ്യയുടെ പകുതിയോളം വരുന്ന താഴ്ന്ന വരുമാനക്കാരുടെ നിയന്ത്രണത്തിലുള്ളത് 5 ശതമാനം മാത്രം. സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയുള്ള തന്റെ പഠനങ്ങളുടെ വെളിച്ചത്തില്‍ പിക്കറ്റി മുന്‍പോട്ടു വയ്ക്കുന്ന നിഗമനം പലരുടേയും ഉറക്കം കെടുത്താന്‍ പോന്നതാണ്; മോഡേണ്‍ ക്യാപിറ്റലിസം മുന്നോട്ടുവയ്ക്കുന്ന സാമൂഹിക മാതൃക അസമത്വത്തിന്റേതാണെന്ന് അത് വ്യക്തമാക്കുന്നു.

വിമര്‍ശനങ്ങള്‍
പിക്കറ്റിയുടെ പഠനങ്ങള്‍ക്കെതിരേയുള്ള പ്രധാന വിമര്‍ശനം അത് സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളേയും സാങ്കേതികവിദ്യയില്‍ ഊന്നിയുള്ള ആഗോളവല്‍ക്കരണം കൂടുതല്‍ അസമത്വങ്ങള്‍ക്ക് കാരണമാകുന്നതിനേയും കണക്കിലെടുക്കുന്നില്ല എന്നതാണ്. ഉല്പാദനക്ഷമതയിലും സാമ്പത്തിക വളര്‍ച്ചയിലും അതുവഴിയുള്ള പുരോഗതിയിലും സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒപ്പം സാങ്കേതികവിദ്യ വിദഗ്ദ്ധ തൊഴിലാളികള്‍ക്ക് അവിദഗ്ദ്ധ തൊഴിലാളികളേക്കാള്‍ മുന്‍തൂക്കം നല്‍കുന്നു; സാങ്കേതികവിദ്യ തൊഴില്‍ വരുമാനത്തേക്കാള്‍ മൂലധന വരുമാനത്തിന്റെ വളര്‍ച്ചയ്ക്ക് വഴിതെളിക്കുന്നു. സാങ്കേതികവിദ്യ ആഗോളവല്‍ക്കരണത്തെ ദ്രുതഗതിയിലാക്കുകയും വന്‍തോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കളമൊരുക്കുകയും ഒപ്പം മധ്യവര്‍ത്തികളായ തൊഴിലാളികളുടെ ആനുകൂല്യവര്‍ദ്ധനയ്ക്ക് പ്രതിബന്ധമായി നില്‍ക്കുകയും (പ്രത്യേകിച്ച് നിര്‍മ്മാണരംഗത്തും വാണിജ്യസേവന രംഗത്തും) ചെയ്യുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. അതേസമയം തന്നെ സെലിബ്രിറ്റികളുടേയും സൂപ്പര്‍ താരങ്ങളുടേയും മറ്റും പ്രതിഫലം കുത്തനെ ഉയര്‍ന്നു. ഇങ്ങനെ ലഭിച്ച കണക്കില്ലാത്ത പ്രതിഫലം ലോകത്തിന്റെ വിവിധ കോണുകളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപമായി മാറി. അസന്തുലിതാ വിപണികളില്‍ വസ്തുവിലയിലും വാടകയിലും മറ്റും ഇത് വലിയ വര്‍ദ്ധനവിനു കാരണമായി.

പിക്കറ്റി തിയറിയിലെ ടു ഫാക്ടര്‍ പ്രൊഡക്ഷന്‍ ഫങ്ഷനിലാണ് സാങ്കേതികവിദ്യയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഉല്പാദന പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിലൂടെ സാങ്കേതികവിദ്യ വളര്‍ച്ചയുടെ ചാലകശക്തിയായി മാറുകയും മൂലധന വരുമാനത്തിന്റെ ഉയര്‍ച്ചയ്ക്കും സാങ്കേതികവിദ്യ സഹായകമാവുന്നു. എന്നാല്‍, മൂലധനം/തൊഴില്‍ ലഭ്യത അനുപാതത്തിന്റെ ഇലാസ്റ്റിസിറ്റി ഓഫ് സബ്സ്റ്റിട്യൂഷന്‍ മൂല്യം ഒന്നിനേക്കാള്‍ കുറവാണെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. അങ്ങനെയെങ്കില്‍ 1980-കളിലെ സാങ്കേതികവിദ്യാ മുന്നേറ്റത്തെത്തുടര്‍ന്ന് വിവിധ വ്യവസായരംഗങ്ങളില്‍ ഉണ്ടായ മൂലധനവരുമാനത്തിലെ വര്‍ദ്ധനവും തൊഴില്‍ വരുമാനത്തിലെ കുറവും തമ്മിലുള്ള ബന്ധം കൃത്യമായി വിശദീകരിക്കുന്നതില്‍ പിക്കറ്റിക്കു പിഴവു പറ്റി എന്ന് കരുതേണ്ടിവരും. കംപ്യൂട്ടര്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ സാധ്യമായ ഉയര്‍ന്ന മൂലധന നിക്ഷേപവും വരുമാനവും സാങ്കേതിക വിദഗ്ദ്ധരുടെ ആവിര്‍ഭാവവും 1980-കളുടെ രണ്ടാം പകുതിയില്‍ കടന്നുവന്ന വലിയൊരു മാറ്റമായിരുന്നു. പിക്കറ്റിയുടെ സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ ഫങ്ഷന്‍ മൂലധനത്തിന്റെ ഭൗതിക തലത്തെ (ഫിസിക്കല്‍ ക്യാപിറ്റല്‍) മാത്രമാണ് പരിഗണിച്ചത്; ഡിജിറ്റല്‍ ക്യാപിറ്റലിന്റെ പ്രാധാന്യം ഇവിടെ വേണ്ടത്ര കണക്കിലെടുത്തില്ല. എന്നാല്‍ 'ദ സെക്കന്റ് മെഷീന്‍ ഏജ്' എന്ന പുസ്തകത്തിന്റെ രചയിതാക്കളായ ബ്രയന്‍ ജോഫ്സണ്‍, മെക്കഫി എന്നിവര്‍ ഫിസിക്കല്‍ ക്യാപിറ്റല്‍, ഡിജിറ്റല്‍ ക്യാപിറ്റല്‍ എന്നിവ തമ്മിലുള്ള വ്യത്യാസത്തെ കൃത്യമായിത്തന്നെ നിര്‍വ്വചിക്കുന്നുണ്ട്. ഇരു മൂലധന നിക്ഷേപങ്ങളും നല്‍കുന്ന വരുമാനം (റിട്ടേണ്‍) രണ്ടു തരത്തിലുള്ളതാണെന്നും ഡിജിറ്റല്‍ ക്യാപിറ്റല്‍ നല്‍കുന്ന വരുമാനം കൂടുതലാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ആഗോള വരുമാനത്തില്‍ ഏറിയ പങ്കും ഡിജിറ്റല്‍ ക്യാപിറ്റല്‍ റിട്ടേണ്‍ തന്നെയാണെന്നും ബ്രയന്‍ ജോഫ്സണും മെക്കഫിയും പറയുന്നു. ഡിജിറ്റല്‍ മൂലധനത്തില്‍ അധിഷ്ഠിതമായ ചുരുക്കം ചില കമ്പനികള്‍ നേടുന്ന വന്‍ വരുമാനം ശരാശരി വരുമാനത്തിന്റെ അനേകമടങ്ങ് വരും.

പോംവഴി എന്ത്?
നവീന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വികസനത്തേയും മൂലധന വളര്‍ച്ചയേയും ഉള്‍ക്കൊണ്ട് തന്നെ സമൂഹത്തിലെ അസമത്വവും മുതലാളിത്ത വ്യവസ്ഥിതിയുടെ പോരായ്മകളും മറികടക്കാന്‍ നയനിര്‍മ്മാതാക്കള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? നികുതി വെട്ടിപ്പിന് ആര്‍ക്കും ഇടകൊടുക്കാത്ത രീതിയില്‍ ആഗോളതലത്തില്‍ തന്നെ പുരോഗമനപരമായ ഒരു നികുതിവ്യവസ്ഥയാണ് പിക്കറ്റി നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗം. നികുതിയില്‍നിന്ന് രക്ഷനേടാന്‍ അതിസമ്പന്നര്‍ സ്വിറ്റ്‌സര്‍ലാന്റിലേക്കും മൗറീഷ്യസിലേക്കും പറക്കുന്നതിന് തടയിടണമെന്ന് പറയുന്നു അദ്ദേഹം. ആഗോള നികുതിയെന്ന ആശയം പ്രാവര്‍ത്തികമല്ലെന്ന് തിരിച്ചറിയുന്ന അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന ബദല്‍മാര്‍ഗ്ഗം റീജിയണല്‍ ടാക്സ് ആണ്. ഒരു മില്യണ്‍ യൂറോ വരെയുള്ള സമ്പത്തിന് 0 ശതമാനം, 1 മില്യണ്‍ - 5 മില്യണ്‍ 1 ശതമാനം, 5 മില്യണ്‍ യൂറോയിലധികം വരുന്ന സമ്പത്തിന് 2 ശതമാനം എന്നിങ്ങനെ നികുതിയാണ് പിക്കറ്റി നിര്‍ദ്ദേശിക്കുന്നത്. യൂറോപ്പിനെ മൊത്തത്തില്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരത്തില്‍ മൂലധനത്തിന്‍ മേലുള്ള നികുതികൊണ്ട് വരുമാനത്തിലും മൂലധന വളര്‍ച്ചയിലുമുള്ള അസന്തുലിതാവസ്ഥ 1.5 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു.

കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ പ്രകാശനം ചെയ്തപ്പോള്‍
കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ പ്രകാശനം ചെയ്തപ്പോള്‍


സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ എല്ലാ സാമ്പത്തിക ശാസ്ത്രജ്ഞരും ഏകാഭിപ്രായം പുലര്‍ത്തുന്ന ഒരു മേഖല വിദ്യാഭ്യാസം തന്നെയാണ്. തൊഴില്‍ വരുമാനത്തിലെ അസമത്വത്തിന്റെ പ്രധാന കാരണം വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ദ്ധ്യവും കൈവരിക്കുന്നതിലെ കിടമത്സരം തന്നെയാണെന്ന് പിക്കറ്റി അഭിപ്രായപ്പെടുന്നു. നോര്‍ഡിക് രാജ്യങ്ങളെ (ഫിന്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, സ്വീഡന്‍, നോര്‍വെ, ഐസ്ലന്റ്) അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എല്ലാവര്‍ക്കും ലഭ്യമാകുന്ന ഉന്നത നിലവാരത്തിലുള്ള നിര്‍ബന്ധിത വിദ്യാഭ്യാസം ഈ രാജ്യങ്ങളിലെ സാമ്പത്തിക അസമത്വം ഏറ്റവും കുറയാന്‍ കാരണമാകുന്നു. അതേസമയം യു.എസ്.എ പോലുള്ള രാജ്യങ്ങളിലെ കടുത്ത സാമ്പത്തിക അസമത്വം ഉന്നത വിദ്യാഭ്യാസം നേടുന്നതിലും സാങ്കേതിക വൈദഗ്ദ്ധ്യം കൈവരിക്കുന്നതിലുമുള്ള അസമത്വത്തിലേക്ക് വഴിതെളിക്കുന്നു. ഇത് ഉയര്‍ന്ന തൊഴില്‍ വരുമാനം നേടുന്നതിനു വീണ്ടും വിലങ്ങുതടിയാവുന്നു. തീര്‍ച്ചയായും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവുക, അസമത്വം പടിപടിയായി ഇല്ലാതാക്കുക വഴി വളര്‍ച്ച ഉറപ്പുവരുത്തുകയും മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ തുല്യതയോടെ ലഭ്യമാക്കുകയും അതുവഴി വരുമാനത്തിലെ അസമത്വം കുറച്ചുകൊണ്ടുവരികയും ചെയ്യുന്ന ഒരു സമീപനമാവും.

പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം ആരംഭിച്ച്, തുടര്‍ വിദ്യാഭ്യാസവും വിദഗ്ദ്ധ പരിശീലനവും നൈപുണ്യ വികസനവും ഉന്നതനിലവാരത്തില്‍ തുടര്‍ച്ചയായി നല്‍കണമെന്നും ഒരു ജോലിയില്‍നിന്നു മറ്റൊന്നിലേക്ക് ആവശ്യമെങ്കില്‍ മാറാന്‍ പ്രാപ്തരാക്കുന്ന തരത്തില്‍ പരിശീലനം നല്‍കണമെന്ന് അഭിപ്രായപ്പെടുന്ന ശാസ്ത്രജ്ഞരുമുണ്ട്. അതേസമയം ഭാവിയിലേക്കാവശ്യമായ വൈദഗ്ദ്ധ്യങ്ങളും നിപുണതകളും മറ്റും ഏതാണെന്നു കൃത്യമായി മനസ്സിലാക്കാന്‍ മുന്‍കൂട്ടി കഴിയില്ലെന്ന പോരായ്മയുമുണ്ട്. പ്രധാന കാരണം സാങ്കേതികവിദ്യ പതിവായി മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നതും അത് നിലവിലുള്ള തൊഴില്‍ മേഖലകളെ എത്തരത്തില്‍ ബാധിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്തതുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ പുരോഗതി, ഒരു പതിറ്റാണ്ടിനപ്പുറം തൊഴില്‍രംഗം എങ്ങനെയാവും എന്ന വിലയിരുത്തല്‍ തികച്ചും അസാധ്യമാക്കുന്നു.

ദാവോസില്‍ എത്തിയ പ്രമുഖരുടെ സ്വകാര്യ വിമാനങ്ങള്‍
ദാവോസില്‍ എത്തിയ പ്രമുഖരുടെ സ്വകാര്യ വിമാനങ്ങള്‍

സാമൂഹിക ആനുകൂല്യങ്ങളും വരുമാന പിന്തുണയും
സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കിടയിലെ ഒരു ഗ്ലോബല്‍ സെലിബ്രിറ്റി തന്നെയാണ് തോമസ് പിക്കറ്റി. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ള അദ്ദേഹം വാര്‍ത്തകളില്‍ നിറയുന്നത് 2019-ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് എന്ന 'രാഷ്ട്രീയ നാടക'ത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്. മുദ്രാവാക്യങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള, ഓരോ നിമിഷത്തേയും വാര്‍ത്താ തലക്കെട്ടുകള്‍ ഒന്നിനു പിറകെ ഒന്നായി മിന്നിമറയുമ്പോള്‍ എല്ലാ വിഷയങ്ങളും വാര്‍ത്തകളാണ്. അവിടെ 'പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തും കാര്യമുണ്ട്'.

ബി.ജെ.പിയുടെ തീവ്ര ദേശീയ പ്രചാരണത്തിനു മറുപടിയായി ഈ അടുത്ത നാളുകളില്‍ മാത്രം കാലം നിറഞ്ഞ രാഹുല്‍ ഗാന്ധിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ കാതല്‍ എന്ന നിലയില്‍ മിനിമം ഗ്യാരന്റീഡ് ഇന്‍കം എന്ന പ്രഖ്യാപനം നടത്തിയത്. 'ന്യായ്' എന്ന് പേരുള്ള ഈ മിനിമം ഗ്യാരന്റീഡ് ഇന്‍കം പദ്ധതി രാജ്യത്തെ താഴ്ന്ന വരുമാനക്കാരായ 5 കോടി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ വീതം ഉറപ്പ് നല്‍കുന്നു. 25 കോടി ജനങ്ങള്‍ക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം ഗവണ്‍മെന്റിന് 3.6 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച ഈ പദ്ധതി തോമസ് പിക്കറ്റിയുമായി കൂടി ആലോചിച്ചു രൂപപ്പെടുത്തിയ രൂപരേഖയാണെന്നും അദ്ദേഹം ഇതിനെ അനുകൂലിച്ചെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ അത് സാമ്പത്തിക ശാസ്ത്രലോകത്തിനും കൗതുകമായി. ക്യാപിറ്റല്‍ ഇക്കോണമി രാജ്യങ്ങളിലെ സാമൂഹിക സുരക്ഷാപദ്ധതികളെ നിരന്തരം പഠനവിധേയമാക്കുകയും അതില്‍ വേണ്ടത്ര പരിഷ്‌കാരങ്ങളിലൂടെയേ സാമ്പത്തിക സമത്വം സാധ്യമാവൂ എന്നും വിലയിരുത്തുന്ന തോമസ് പിക്കറ്റിക്ക് സ്വാഭാവികമായും ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുമ്പോള്‍ തീര്‍ച്ചയായും അതിന്റെ ഭാഗമാവാന്‍ താല്പര്യമുണ്ടാവും.

ഒരേസമയം സാങ്കേതികവിദ്യ കൂടുതല്‍ ശക്തമാവുകയും സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുകയും ഇടുക്കിയിലേയും വയനാട്ടിലേയും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തില്‍ സമ്പൂര്‍ണ്ണമായ ഒരു പരിഹാരമാര്‍ഗ്ഗത്തിനായി ലോകം കൈകോര്‍ത്തേ തീരൂ. ഇതുവരെ നമ്മള്‍ തുടര്‍ന്നുവന്ന രീതികളൊന്നും ഇനി പ്രായോഗികമല്ല തന്നെ.
ഇത്തരത്തില്‍ സമ്പദ്വ്യവസ്ഥയേയും സാമ്പത്തിക അസമത്വത്തേയും ഇഴചേര്‍ത്തുകൊണ്ടുള്ള ഒരു വിലയിരുത്തലിലേക്ക് ലോകത്തെ നയിക്കാന്‍ കഴിഞ്ഞു എന്നതാണ് പാരീസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ തലവന്‍ കൂടിയായ തോമസ് പിക്കറ്റിയുടെ ഏറ്റവും വലിയ സംഭാവന.

(ലേഖകന്‍ ഫിസാറ്റ് ബിസിനസ് സ്‌കൂള്‍ മുന്‍ ഡയറക്ടറും ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയുമായിരുന്നു)

വിവര്‍ത്തനം- ജിന്‍സ് ജോസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com