വെണ്‍മയുടെ ജൈത്രയാത്ര: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെക്കുറിച്ച്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ട് ദശാബ്ദം പിന്നിടുമ്പോഴും ആ കാവ്യലോകം അതേ കരുത്തോടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം.
വെണ്‍മയുടെ ജൈത്രയാത്ര: കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയെക്കുറിച്ച്

''മണ്ണിന്നമൃത സ്വരരുചി വിണ്ണില്‍ ചിന്നിയ ധന്യ കവിയാണ്'' വിഷ്ണുനാരായണന്‍ നമ്പൂതിരി. ഇരുപതാം നൂറ്റാണ്ടിന്റെ ഏഴാം ദശാബ്ദ അവസാനത്തില്‍ തന്നെ മലയാള കവിതയ്ക്ക് ആ ദശാബ്ദത്തിന്റെ ഏറ്റവും വലിയ ഉപലബ്ധിയായി തന്റെ കവിതയെ വിലയിരുത്താന്‍ എന്‍.വി. കൃഷ്ണവാരിയരെപ്പോലെ ഒരാളെക്കൊണ്ട് സാധിച്ച വരിഷ്ഠകവി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ട് ദശാബ്ദം പിന്നിടുമ്പോഴും ആ കാവ്യലോകം അതേ കരുത്തോടെ നില്‍ക്കുന്നു എന്നതാണ് പ്രധാനം. 'പച്ചമണ്ണില്‍' ചവുട്ടിനില്‍ക്കുകയും ഉയിരിന്‍ നട തുറക്കുമ്പോഴും പച്ചമണ്ണില്‍ ചവുട്ടി നീങ്ങുകയും ചെയ്യുന്നു എന്നതാണ് ആ കാവ്യപ്രപഞ്ചത്തിന്റെ വ്യതിരിക്തത. ഭാരതത്തിന്റെ ദാര്‍ശനിക സമനിലയെ തിരസ്‌കരിക്കാതെ തന്നെ പുത്തന്‍ ചന്തങ്ങളും ചാരുതകളും ക്ഷോഭങ്ങളും ആകാംക്ഷകളും ചാര്‍ത്തുന്ന മുദ്രകളെ അംഗീകരിക്കാന്‍ തനിക്കു വൈമുഖ്യമില്ലെന്ന് തെളിയിച്ച ഈ കവി ആ നിലപാടുകളില്‍നിന്ന് തെന്നിമാറുന്നതേയില്ല.

പാരമ്പര്യത്തെ സമൂലം വിച്ഛേദിക്കാതെ തന്നെ വര്‍ത്തമാനകാലത്തെ ചുറ്റുപാടുകളെ നിരീക്ഷിച്ച് സ്വാംശീകരിച്ച് ഭാവികാല ചൈതന്യത്തെ രൂപപ്പെടുത്താന്‍ പാകത്തില്‍ കവിതയെ ഒരു സാംസ്‌കാരിക സ്വാധീനമാക്കി മാറ്റാന്‍ സാധിച്ച വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയുടെ മികവിനെ എന്‍.വി. കൃഷ്ണവാരിയര്‍ പ്രശംസിച്ചിട്ടുണ്ട്. (സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം - അവതാരിക). മുത്തച്ഛന്‍ പകര്‍ന്ന കാവ്യപരിചയവും ഗുരുവായ പ്രൊഫ. ഷെപ്പേര്‍ഡില്‍നിന്നും സ്വായത്തമാക്കിയ പാശ്ചാത്യ കവിതാതാല്പര്യവുമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയിലെ കവിയെ ഉണര്‍ത്തിയത്. അങ്ങനെ സംസ്‌കൃത മലയാള കവിതാപാരമ്പര്യത്തിന്റെ വളക്കൂറുള്ള മണ്ണില്‍ വേരുറപ്പിച്ച് പാശ്ചാത്യ സംസ്‌കൃതിയുടെ വായുവും വെളിച്ചവും ഉള്‍ക്കൊണ്ട് ആ കാവ്യലോകം തിടംവെച്ചു. വേദാന്തത്തിലൂടെ വേദത്തോളം വളര്‍ന്ന കാളിദാസനും ശങ്കരാചാര്യരും ടാഗോറും നാരായണഗുരുവും ആശാനും വള്ളത്തോളും ഇടശ്ശേരിയും എന്‍.വിയും ജിയും വൈലോപ്പിള്ളിയും ഷേക്സ്പിയറും ഷെല്ലിയും കീറ്റ്‌സും യേറ്റ്‌സും ആ കാവ്യപഥത്തിലെ വഴിവിളക്കുകളായി. പഠിപ്പിക്കുന്ന അറിവുകളെക്കാള്‍ വേദം മൊഴിയുന്ന അനുഭൂതികള്‍ക്കു കാതോര്‍ക്കാനാണ് ഈ കവിക്ക് എന്നും താല്പര്യം. വിരക്തി തന്നെ ഒരു കാലത്തും ആകര്‍ഷിച്ചിട്ടില്ലെന്ന് കവി തുറന്നുപറഞ്ഞിട്ടുണ്ട് (വേനലില്‍ കിനിയുന്ന മധുരം - ശ്രീവല്ലി, ആമുഖം)

കാളിദാസ സ്വാധീനം
ഭൂമിയോടൊട്ടിനില്‍ക്കുന്നോന്‍ ഭൂമിഗീതങ്ങളോര്‍ക്കുവോന്‍-
ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ
എന്നു പറയുന്ന കവിയുടെ കവിതകളെല്ലാം തന്നെ ഭൂമിയിലെ ജീവിതത്തോടുള്ള അഗാധമായ മമതയില്‍നിന്നുയിര്‍ക്കൊണ്ടവയാണ്. മണ്ണിലെ വാഴ്വിനെ വിണ്ണാക്കി മാറ്റാന്‍ പോന്ന ഭൂരാഗത്തിന്റെ വിസ്മയങ്ങളെക്കുറിച്ച് അദ്ദേഹം പേര്‍ത്തും പേര്‍ത്തും പാടുന്നു. 'ഭൂമി ഗീതങ്ങള്‍' എന്ന തന്റെ സമാഹാരത്തിനു മുന്നുരയായി അദ്ദേഹം ചേര്‍ത്തിരിക്കുന്നത് ''അഹോ, ഉദഗ്രരമണീയാ പൃഥ്വിവീ!'' എന്ന കാളിദാസ വാക്യമാണ്. 'ഋതുസംഹാരം' തര്‍ജ്ജമയും നിര്‍വ്വഹിച്ചു. 'ഹേ കാളിദാസ', 'ഉജ്ജയിനിയിലെ രാപ്പകലുകള്‍', 'ഹിമഗന്ധം' തുടങ്ങിയ കവിതകള്‍ രചിച്ചു എന്നതില്‍ മാത്രം ഒതുക്കാവുന്നതല്ല ഈ കവിയുടെ കാളിദാസ സ്വാധീനം. മറിച്ച് സന്തുലിതമായ ഒരു ദാര്‍ശനിക പാരമ്പര്യത്തെ ലോകസമക്ഷം അവതരിപ്പിച്ച കാളിദാസന്റെ സൗന്ദര്യവും സമൃദ്ധിയും ഉള്‍ക്കൊണ്ട് കവിതകള്‍ രചിച്ചു എന്നതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ മികവ്. ഉത്തമമായ ആത്മീയത ഭൂമിയുടെ വികാരം തന്നെയാണെന്നാണ് പ്രപഞ്ചാനുരാഗിയായ കവിയുടെ പക്ഷം. മുഗ്ദ്ധ പ്രണയത്തെക്കുറിച്ചും ഭഗ്‌ന പ്രണയത്തെക്കുറിച്ചും സര്‍വ്വോപകാരക്ഷമമെന്നു കാളിദാസന്‍ വിവക്ഷിക്കുന്ന ഗാര്‍ഹസ്ഥ്യത്തിന്റെ ഭിന്നഭാവങ്ങളെക്കുറിച്ചും അദ്ദേഹം നിരവധി കവിതകളെഴുതി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ രചനകളില്‍ ഉജ്ജീവകമായി പ്രത്യക്ഷപ്പെടുന്ന കാളിദാസീയതയെക്കുറിച്ച് ഡോ. എം. ലീലാവതിയും (കവിതയുടെ വിഷ്ണുലോകം) കെ.പി. ശങ്കരനും (കാളിദാസീയതയുടെ കാവ്യരേഖ) സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ജീവിതത്തിലെ നന്മതിന്മകളെ സന്ദര്‍ഭാനുസാരിയായി വിലയിരുത്താന്‍ പോന്ന മാനസിക വൈപുല്യം കൈവരിച്ച കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ജീവിതത്തേയും അതിന്റെ ചാരുതകളേയും അംഗീകരിക്കുന്ന ഒരു മനസ്സിലെ 'ഉര്‍വ്വശീനൃത്തം', 'അഹല്യാമോക്ഷം' 'മിത്രാവതി' പോലുള്ള ശക്തമായ സ്ത്രീപക്ഷ കവിതകള്‍ പിറക്കൂ. 'ആദമും ദൈവവും' എന്ന കവിതയ്ക്കു സ്ഥാനമുണ്ടാകൂ. 

ഭവത്ക്കാല വീക്ഷണം:
കുലപൈതൃകമായി കിട്ടിയ വാസനകളെ കാലാനുസാരിയായി വികസിപ്പിക്കാനും പരിവര്‍ത്തിപ്പിക്കാനും കഴിഞ്ഞു എന്നതാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയുടെ മികവ്. അതതു കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രശ്‌നങ്ങളെ കവിതയിലൂടെ സഫലമായിത്തന്നെ കവി അഭിസംബോധന ചെയ്തുപോന്നിട്ടുണ്ട്. മറ്റേതൊരാധുനിക കവിയേയും പോലെ യുദ്ധവും സാങ്കേതികവിദ്യകളുടെ കുതിപ്പും നഗരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഈ കവിയേയും സന്ദേഹിയാക്കുന്നു. 'നരബലി'യും 'ശവരാഷ്ട്രീയവും' അദ്ദേഹത്തെ  ആകുലനാക്കുന്നു. ഇരുട്ടിന്റെ ഗര്‍ഭം പിളര്‍ന്നെത്തേണ്ട ഉഷസ്സിനു പകരം കിഴക്കിന്റെ മുഖത്ത് നിണത്തുള്ളി തെറിക്കുമ്പോള്‍ പകയ്ക്കുന്നു. പുര തീപിടിച്ചതു കണ്ട് വ്യാകുലപ്പെടുന്നു. 

കിണറ്റിലീ മണ്ണില്‍ 
ഉറവ, യുണ്ടതില്‍
കുളുര്‍ക്കുകില്ലേതു 
കനല്‍? പക്ഷേ കോരി-
യെടുക്കും വിദ്യ നാം
മറന്നുപോയാലോ എന്ന് കുണ്ഠിതപ്പെടുന്ന വരണ്ട കാറ്റില്‍ കാകോളം നാറുകയും കിണറ്റില്‍നിന്ന് കാകോളം കോരുകയും ചെയ്യുന്ന ആഗോള വിശേഷങ്ങള്‍ കേട്ട് തളരുന്നു.
വെള്ളമെന്തിനു മര്‍ത്ത്യര്‍ക്ക് 
കള്ളെമ്പാടുമൊലിക്കുകില്‍ 
മറ്റെന്തമൃതം ആശിക്കാം 
പുത്തന്‍ സമ്പദ്വ്യവസ്ഥയില്‍ എന്ന് നര്‍മ്മത്തില്‍ പൊതിഞ്ഞ് പരിദേവനം കാഴ്ചവെയ്ക്കുന്നു. 
സമകാലിക ജീവിതത്തിലെ നൈതികവും ധാര്‍മ്മികവുമായ ച്യുതികളെ പ്രതി കാളിദാസീയ ദര്‍ശനത്തിന്റെ അടിത്തറയില്‍ പണിത മനോഹരമായ കവിതയാണ് 'ഉജ്ജയിനിയിലെ രാപ്പകലുകള്‍.' മഴയും വരള്‍ച്ചയും ഇതില്‍ മികച്ച പ്രതീകങ്ങളായി മാറുന്നു. ഇത്തരമൊരവസ്ഥയിലും ശുഭാപ്തിവിശ്വാസത്തിന്റെ നേര്‍ത്ത വെളിച്ചം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ വീണുകിടക്കുന്നുണ്ട് 
പിന്‍തള്ളപ്പെടുകില്ലെന്റെ 
നാട് സംക്രാന്തി നാള്‍കളില്‍ 
അതിന്നു കഴിവുണ്ടല്ലോ
ശീപോതിയെ വരിക്കുവാന്‍ എന്ന ഇടശ്ശേരി വചനം ഉദ്ധരിച്ചുകൊണ്ടുള്ള കവിതയില്‍ (ജയം) ഇന്ത്യയെന്ന വികാരം ജാഡ്യം വെടിഞ്ഞ് ഉണരുമെന്ന പ്രതീക്ഷയില്‍ അന്തഃകരണ പുഷ്പത്താല്‍ അതിനെ കവി അര്‍ച്ചിക്കുന്നു. 

സ്വാതന്ത്ര്യവും സ്വത്വബോധവും
സ്വാതന്ത്ര്യത്തിന്റെ ഭൗതികവും ആത്മീയവുമായ വശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. അദ്ദേഹത്തിന്റെ ആദ്യ പ്രകാശിത കവിതാസമാഹാരത്തിന്റെ പേരു തന്നെ 'സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം' എന്നാണ്. 'ആഗസ്റ്റ് 15', 'ക്വിറ്റിന്ത്യാസ്മരണ', 'കന്നിപ്പത്ത്' തുടങ്ങി നിരവധി കവിതകളില്‍ രാഷ്ട്രീയമായ അസ്വാതന്ത്ര്യം വ്യക്തിയേയും ജനതതിയേയും എങ്ങനെ ഞെരുക്കുന്നു എന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തില്‍ മംഗളമയിയായ ദേവിയെ ഭാവനയുടെ മണിദീപമുഴിഞ്ഞാണ് കവി അര്‍ച്ചന ചെയ്യുന്നത് (സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം). എന്നാല്‍, രാഷ്ട്രീയമായി സ്വാതന്ത്ര്യം ലഭിച്ചതുകൊണ്ടു മാത്രം മനസ്സ് സ്വസ്ഥമാകുമോ എന്ന ചിന്ത അദ്ദേഹത്തെ അലട്ടുന്നുണ്ട് (ഒരു സ്വകാര്യക്കത്ത്). അഭിപ്രായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് ഇടംവലം നോക്കാതെ ഇളവിനു കൊതിക്കാതെ കുതിച്ചു മുന്നേറുവാനാണ് അദ്ദേഹം സഹജരോടാഹ്വാനം ചെയ്യുന്നത് (കുതിക്കുക സുഹൃത്തേ). 
യന്ത്രവല്‍ക്കൃത ലോകത്തില്‍ സ്വത്വം നഷ്ടപ്പെടുന്നതിന്റെ വേദന ആധുനിക കവികളെല്ലാം തന്നെ പങ്കുവെച്ചിട്ടുള്ളതാണ്. ഈ നഷ്ടപ്പെടലിന്റെ സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാകാം. ചിത്രം, ജാഥ, ഛായ എന്ന മൂന്നു ഖണ്ഡങ്ങളിലൂടെ 'മുഖമെവിടെ' എന്ന കവിതയില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത് സ്വത്വനഷ്ടബോധമാണ് സ്വാതന്ത്ര്യത്തിന്റെ അഭാവത്തില്‍ വ്യക്തിക്കനുഭവിക്കേണ്ടിവരുന്ന വ്യഥകളേയും സമ്മര്‍ദ്ദങ്ങളേയും തത്തയുടേയും തിത്തിരിപ്പക്ഷിയുടേയും ജീവിതം സാമ്യപ്പെടുത്തി 'തൈത്തരീയം' എന്ന കവിതയിലും അദ്ദേഹം ആവിഷ്‌കരിക്കുന്നുണ്ട്. ആചാരത്തെ അന്ധമായി പിന്തുടരുന്നവര്‍ക്ക് കീഴടങ്ങുകയെന്നത് ഭീരുത്വമാണെന്ന സന്ദേശമാണ് 'ഒരു ദേശാടനത്തിന്റെ കഥ' എന്ന കവിതയില്‍ നല്‍കുന്നത്. സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ രചിച്ച ഈ കവിതയില്‍, വിശുദ്ധി പാലിക്കുവാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യര്‍ കെട്ടിപ്പടുക്കുന്ന മതിലുകള്‍ അതിരുകള്‍ നിശ്ചയിക്കുന്നത് തെറ്റാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. 

ഭൗതികശാസ്ത്രവും വൈരുദ്ധ്യാത്മക ഭൗതികവാദവും
ഊര്‍ജ്ജതന്ത്രം ബിരുദതലത്തില്‍ ഐച്ഛിക വിഷയമായി പഠിച്ചതുകൊണ്ടു മാത്രമല്ല വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് ശാസ്ത്രപ്രതിപത്തിയുണ്ടാവുന്നത്. പരല്‍പ്പേരിന്റെ അസ്തിവാരമിട്ടും സമാങ്കരഹസ്യം പറഞ്ഞുകൊടുത്തും നിശിതമായ യുക്തിയും വ്യക്തതയും വ്യക്തിസത്തയില്‍ വിലയിപ്പിച്ചും ഗ്രന്ഥപദ്യവസിതമല്ലാത്ത ദമവും ഗമവും സ്വായത്തമാക്കി അതു പകര്‍ന്നും നല്‍കിയ വിഷ്ണു അമ്മാവന്റെ പരിശീലനം, ഉടലാണ്ട വേദചൈതന്യത്തിന്റെ സാന്നിദ്ധ്യം, കവിയിലെ ശാസ്ത്രബോധത്തിന് അടിത്തറ പാകാന്‍ സഹായിച്ചു. (അമൃതസ്മൃതി 1994).

ശാസ്ത്രത്തിന്റെ വിജയക്കുതിപ്പുകളെ അത്ഭുതാദരങ്ങളോടെ കാണുകയും ആഹ്ലാദം കൊള്ളുകയും ചെയ്ത വ്യക്തിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ശാസ്ത്രസാഹിത്യപരിഷത്തുമായി അദ്ദേഹം ഗാഢബന്ധം പുലര്‍ത്തിയിരുന്നു. 
ഈടുറ്റ സങ്കേത പരീക്ഷണാഗ്‌നി
ച്ചൂടേറ്റുയിര്‍ക്കും ചിറകാഞ്ഞുവീശി
ഗോളാന്തര വ്യോമതലം കടന്നു
പായും മനുഷ്യപ്രതിഭാപ്രകര്‍ഷം എന്നാണ് നാസയെ കവി വിശേഷിപ്പിക്കുന്നത്. എന്നാല്‍, പുറമേയുള്ള ആകാശത്തെ കയ്യടക്കുമ്പോള്‍ ഉള്ളിലുള്ള ആകാശം മറന്നുപോകുന്നുണ്ടോ എന്നദ്ദേഹം സന്ദേഹിക്കുന്നു. അണുബോംബും ജനങ്ങളെ ചതിച്ചുകൊല്ലുന്ന രാജ്യതന്ത്രവും ശാസ്ത്രത്തെ തെറ്റായ വഴിയിലൂടെ കൊണ്ടുപോകുമോ എന്ന് അദ്ദേഹം ആശങ്കപ്പെടുന്നു. ദെക്കാര്‍ത്തയുടെ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ഭൗതികശാസ്ത്രാടിത്തറയെക്കുറിച്ച് ഉയര്‍ത്തുന്ന ചോദ്യമാണ് 'പരാവിദ്യ' എന്ന കവിത. 'Expanding Universe' എന്ന പരികല്പനയെ ബ്രഹ്മസത്യത്തോടു ചേര്‍ത്തുവച്ചു വായിക്കുന്ന ഉജ്ജ്വലമായ കവിതയാണ് 'ഐന്‍സ്‌റ്റൈന്റെ അതിഥി.' ഐന്‍സ്‌റ്റൈന്റേയും ഹൈസന്‍ ബര്‍ഗിന്റേയും കൂടിക്കാഴ്ചയെ ആസ്പദമാക്കി രചിച്ച ഈ കവിതയില്‍ അനിയതത്വത്തെക്കുറിച്ചാണ് കവി ഓര്‍മ്മിപ്പിക്കുന്നത്. 
വൈരുദ്ധ്യാത്മക ഭൗതികവാദം സാമാന്യം നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. കാറല്‍ മാര്‍ക്‌സിനെ അദ്ദേഹം ആരാധിക്കുന്നു. എന്നാല്‍, ആ പ്രത്യയശാസ്ത്രത്തിന് നിസ്വരുടെ വേദന തുടച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന തോന്നല്‍ പല കവിതകളിലും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ജനാധിപത്യം പണാധിപത്യമായി മാറുന്നുവെന്ന ആശങ്ക 'ഒരു സ്വകാര്യക്കത്ത്' എന്ന കവിതയില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. കൊച്ചുകുഞ്ഞിന്റെ കണ്ണില്‍ ജ്വലിക്കുന്ന വൃഥാമര്‍ഷങ്ങള്‍ അലട്ടുന്നതിന്റെ വേദന 'ബാല്യദര്‍ശനം' എന്ന കവിതയില്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു. സ്വാതന്ത്ര്യം സുരക്ഷിതമായാല്‍ എല്ലാമായി എന്ന ചിന്ത തെറ്റാണെന്ന് പല രാജ്യചരിത്രങ്ങളും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. നിസ്വരായ മനുഷ്യരുടെ കൂടെ നില്‍ക്കുന്ന കവി അതേക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന കവിതയാണ് 'കുറേ റഷ്യന്‍ കവികളോട്.' ആര്‍ത്ഥിക സമത്വവാദത്തിനു നേരെ പിടിച്ച ശക്തമായ കവിതയാണ് 'ശോണമിത്രന്‍.' ശിഷ്ടമൂല്യം അമിത ധനമാകുന്നു എന്നതും ശിഷ്ടയത്‌നത്തിനായ് ലോകര്‍ പീഡിപ്പിക്കപ്പെടുന്നുമുള്ള യാഥാര്‍ത്ഥ്യമാണ് ശോണമിത്രനെ അലട്ടുന്നത്. എന്നാല്‍, ശിഷ്ടയത്‌നത്തിനായ് പീഡിപ്പിക്കുക എന്ന ചരിത്രം ആവര്‍ത്തിക്കുമ്പോള്‍ പ്രകമ്പിതനാകുന്നത് ശോണമിത്രനാണ്. 'കര്‍മ്മം എമ്മട്ടു കയ്ക്കുന്നു ഫലമാകവെ' എന്ന വലിയൊരു ചോദ്യം എറിയുന്ന ഗംഗാനാരായണനും ഉള്ളുണര്‍ത്തുന്ന കവിത തന്നെ. 

പാരിസ്ഥിതികാവബോധം
അഹിംസയുടെ മാല കഴുത്തിലും ഹിംസയുടെ മഴു മനസ്സിലും ധരിക്കുന്നതിന്റെ വൈരുദ്ധ്യത്തെക്കുറിച്ച് ഏറെ ബോധവാനാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. 'കാടിന്റെ വിളി' എന്ന കവിതയില്‍ ഇക്കാര്യം അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ത്തന്നെ 'യുഗളപ്രസാദന്‍' എന്ന കവിത രചിക്കുകയും നിശ്ശബ്ദ താഴ്വര സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പ്രതിബദ്ധതയോടെ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. എന്നാല്‍, പ്രകൃതി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒരാവേശം മാത്രമല്ല. പ്രകൃതി സ്വന്തം ഹൃദയത്തുടിപ്പാണ്. 'സാക്ഷാല്‍ക്കാരം' എന്ന കവിതയില്‍ ഇതദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ണിലുറച്ച് വിണ്ണിന്‍നേര്‍ക്ക് ചില്ലകള്‍ വീശുന്ന മരം ഒരാത്മാപദേശമായി കവി തിരിച്ചറിയുന്നു. കതിരിനേയും കിളിയേയും അമ്മയുടെ വരായുധമായിട്ടാണ് കവി അവതരിപ്പിക്കുന്നത് (കതിരും കിളിയും) തന്റെ നിരവധി ഹിമാലയ യാത്രകള്‍ക്കുശേഷം പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വരുന്നുണ്ട്. 'അണക്കെട്ടുകളും' 'തേഹരിയും' ഉദാഹരണം. 'ഉത്തരായണ'ത്തിലെ നിരവധി കവിതകള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നു. വികസ്വരമായ പാരിസ്ഥിതികാവബോധം പുതിയൊരു ആരണ്യക സംസ്‌കാരത്തിന്റെ പ്രസക്തി അദ്ദേഹത്തില്‍ ഉണര്‍ത്തുന്നുണ്ട്. 'മരമുത്തച്ഛന്മാര്‍', 'ഒപ്പുമരം' എന്നീ കവിതകള്‍ ഇതിനു നിദര്‍ശനങ്ങളാണ്. 

ആത്മീയത
ശാസ്ത്രീയ വസ്തുതകളേയും പുരുഷസൂക്തത്തേയും ഇണക്കിക്കൊണ്ട് 'വിരാട് പുരുഷ സങ്കല്പം- ഒരു ദര്‍ശനം' എന്ന ഒരു കവിത വിഷ്ണുനാരായണന്‍ നമ്പൂതിരി രചിച്ചിട്ടുണ്ട്. മലയാളത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരു കവിതയാണത്. ശരീരവും മനസ്സും അല്ലല്‍പ്പെടാതെ വാഴുന്ന അവസ്ഥയിലേ ആദ്ധ്യാത്മികത വാഴൂ എന്ന് 'വിവേകാനന്ദം' എന്ന കവിതയില്‍ അദ്ദേഹം സൂചിപ്പിക്കുന്നു. അതുകൊണ്ടാകാം ആത്മതപ:ശക്തിക്കായിരം പ്രണാമം അര്‍പ്പിക്കുമ്പോഴും പ്രണയത്തെ വാഴ്ത്താന്‍ അദ്ദേഹം സങ്കോചപ്പെടാത്തത്. താന്‍ വ്യപദേശിക്കുന്ന ആത്മീയതയെ ഏതെങ്കിലും മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ കള്ളികളില്‍ തളച്ചിടാന്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി താല്പര്യപ്പെടുന്നില്ല. 'ബദരീശ സുപ്രഭാതം' എഴുതുന്ന അതേ ഭക്ത്യാദരങ്ങളോടെ 'അഥീനാസ്തുതി'യും അദ്ദേഹം എഴുതിവെച്ചു. മനുഷ്യവംശത്തിനായുള്ള മംഗളഗീതമാണ് അദ്ദേഹത്തിനു പഥ്യം. ജീവിതരതികൊണ്ട് ആര്‍ദ്രമായ സര്‍വ്വഭൂതൈക്യബോധമെന്നതിനെ വിശേഷിപ്പിക്കാം. 


പുറത്തെന്നപോലെ അകത്തുള്ള ആകാശത്തേയും മനുഷ്യന്‍ മെരുക്കേണ്ടതിനെക്കുറിച്ച് 'നാസ' എന്ന കവിതയില്‍ വിഷ്ണനാരായണന്‍ നമ്പൂതിരി സൂചിപ്പിക്കുകയുണ്ടായി. ആത്മീയ സത്യദര്‍ശനമാണ് ഏറ്റവും കരണീയം. പ്രപഞ്ചസംബന്ധിയായ വൈദികവും ഔപനിഷദകവുമായ ദര്‍ശനത്തില്‍നിന്നുയിര്‍ക്കൊണ്ടതാണ് 'യാമീനീയോഗം' എന്ന കവിത. ഞാന്‍ ഇല്ലാതാവുന്നു എന്ന തോന്നലുണര്‍ത്തുന്ന വികാരമാണ് 'ചിദംബരം.' അഹന്തയെ ഹോമിക്കുന്ന അനുഷ്ഠാനമാണ് യജ്ഞം. വൈയക്തിക ഭൗതികാഗ്‌നികള്‍ പ്രപഞ്ച ചേതസ്സെന്ന അഗ്‌നിയില്‍ അര്‍പ്പിക്കേണ്ടതായിട്ടുണ്ട് (തീയെരിയുന്നു). കളരിവിടാന്‍ നേരമായി എന്ന തോന്നല്‍ തന്നില്‍ ഉണരുന്നു എന്ന് 'ബാല്യഗീതം' എന്ന കവിതയില്‍ കവി സ്ഫുരിച്ചിട്ടുള്ളതാണ്. മോചനമില്ലാതെ ഇവിടത്തന്നെ ഒടുങ്ങണം എന്ന ചിന്ത 'അമൃതചുംബനം' എന്ന കവിതയിലും അദ്ദേഹം ആവിഷ്‌കരിക്കുന്നു. അതോടെ ഈശ്വരസാന്നിദ്ധ്യാവബോധത്തിന്റെ സുഗന്ധം അദ്ദേഹത്തിന്റെ പല കവിതകളിലും വന്നുചേരുന്നു. 'പിന്നില്‍ ഒരാള്‍', 'നിനച്ചിരിക്കാതെ', 'നീ വന്നു', 'ആരോര്‍ത്തു' എന്നിവ ഉദാഹരണം. ഇത്തരത്തില്‍ മനം പാകപ്പെടുമ്പോള്‍ വിശ്വാംബികയുടെ സാന്ത്വനസ്പര്‍ശം താനനുഭവിക്കുന്നതിന്റെ ഹൃദ്യത 'പഞ്ചമി ചന്ദ്രന്‍' എന്ന കവിതയില്‍ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പ്രപഞ്ചാനുഭൂതിയുടെ പതിനഞ്ചു തത്ത്വങ്ങള്‍ പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയുക എന്ന ഉപനിഷദ് ദര്‍ശനമാണ് 'പരിണാമ സങ്കീര്‍ത്തനം' എന്ന കവിത. അനുഭൂതികളുടെ സഞ്ചയമായ ഉണ്‍മയെ ഭൂദേവതയ്ക്കു തന്നെ തിരിച്ചുകൊടുക്കേണ്ടതുണ്ട്. പഞ്ചഭൂതത്തിലേക്കുള്ള ശരീരത്തിന്റെ പരിണാമത്തെ ആര്‍ഷ സംസ്‌കൃതിയുടെ പശ്ചാത്തലത്തില്‍ അനുഭവപ്പെടുത്തിത്തരുന്ന ഉജ്ജ്വലമായ ഒരു കവിതയാണിത്. 
തന്റെ കാവ്യലോകത്തെക്കുറിച്ച് പറയുമ്പോള്‍ 'വഴികാട്ടിയല്ല ചെറുതുണ മാത്രമെന്‍ കവിത' (പഴയ ചങ്ങാതിമാര്‍) എന്നാണ് വിനയപുരസ്സരം വിഷ്ണുനാരായണന്‍ നമ്പൂതിരി പറഞ്ഞുവെച്ചത്. എന്നാല്‍, ചിന്തകള്‍ അസ്തമിക്കാന്‍ തുടങ്ങവേ, എല്ലാം വെച്ചുപൂട്ടി കയ്പു തേടും ഹൃദയത്തോടും അമര്‍ത്തിടും ഉള്‍ക്കണ്ണീരോടും പാതയിലേക്കിറങ്ങി ഈശ്വരനെ മുഖാമുഖം കാണ്‍കെ 
ജീവിതത്തില്‍ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്‍മയും
പൂവിനുള്ള സുഗന്ധവും അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും 
നേരിനായ് മുറിവാര്‍ന്ന തന്‍ ജീവനാല്‍ 
പാരിനേകും മംഗളാശംസയും (പ്രത്യായനം) എന്നാണ് തന്റെ അന്തരംഗം ഉരുക്കഴിക്കുക എന്ന ചാരിതാര്‍ത്ഥ്യമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി എന്ന കവിയുടെ കാവ്യപ്രപഞ്ചത്തിന്റെ കരുത്തും സാര്‍ത്ഥതയും. കെട്ടകാലത്ത് മനുഷ്യസംസ്‌കാരത്തിന്റെ ചില സുകൃതങ്ങളിലേക്ക് ഈ കാവ്യപ്രപഞ്ചം നമ്മെ നയിക്കുന്നു. 

*വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ഒരു കവിതയുടെ ശീര്‍ഷകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com