കവിയും കവിയുടെ ജീവിതങ്ങളും; അലക്‌സാണ്ടര്‍ ഹെമോന്‍ എഴുതിയ The Conductor എന്ന കഥയെപ്പറ്റി

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു തൊണ്ണൂറുകളില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ ചെറുപ്പക്കാരില്‍  ദേശവും രാഷ്ട്രീയവും പിന്നീട് തങ്ങളുടെ എഴുത്തിന്റെ തന്നെ ഉറവയാവുന്നത് ഹെമോന്റെ എഴുത്തിലുമുണ്ട്.
അലക്‌സാണ്ടര്‍ ഹെമോന്‍x
അലക്‌സാണ്ടര്‍ ഹെമോന്‍x


 
യിടെ മരിച്ച മുതിര്‍ന്ന ഒരു കവിയെപ്പറ്റി പറഞ്ഞും ഓര്‍ത്തും ജീവിതത്തെപ്പറ്റിയും കവിതയെപ്പറ്റിയും ചില സമയങ്ങളില്‍ തങ്ങളുടെ രാജ്യത്തെപ്പറ്റിയും പറയുന്ന കഥയാണ്, അലക്‌സാണ്ടര്‍ ഹെമോന്‍ എഴുതിയ The Conductor.  (Love and Obstacles/Aleksandar Hemon). കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു തൊണ്ണൂറുകളില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ ചെറുപ്പക്കാരില്‍  ദേശവും രാഷ്ട്രീയവും പിന്നീട് തങ്ങളുടെ എഴുത്തിന്റെ തന്നെ ഉറവയാവുന്നത് ഹെമോന്റെ എഴുത്തിലുമുണ്ട്. ഒപ്പം, സംസ്‌കാരങ്ങളുടെ അഭിമുഖീകരണം എന്ന അര്‍ത്ഥത്തില്‍ 'പ്രവാസ'വും 'കുടിയേറ്റ'വും സാഹിത്യത്തിന്റെ തന്നെ  ആവശ്യമാകുന്നതും. 

സാരാജേവോവില്‍നിന്നും തൊണ്ണൂറ്റിരണ്ടില്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയ ഹെമോന്‍ ഇംഗ്ലീഷില്‍ എഴുതുന്നു. ഇംഗ്ലീഷ് കഥാസാഹിത്യത്തിലെത്തന്നെ വേറെയൊരു ഭാഷയും സ്ഥലവും ഓര്‍മ്മിപ്പിക്കുന്നു. ഏഷ്യയില്‍നിന്നും ആഫ്രിക്കയില്‍നിന്നും ഒരിക്കല്‍ അഭയാര്‍ത്ഥികളോ കുടിയേറ്റക്കാരോ ആയി പോയവരുടെ ഇംഗ്ലീഷ് എഴുത്തില്‍ ഇപ്പോള്‍ ഭൂപടത്തിലെ വേറെയും രാജ്യങ്ങള്‍ വേറെയും ജീവിതമോ ഓര്‍മ്മയോ ആയി കൂടിച്ചേരുന്നു. പഴയ സോവിയറ്റ് ബ്ലോക്കില്‍നിന്നും വിടുതി നേടിയ രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാര്‍ അങ്ങനെകൂടിയാണ് ശ്രദ്ധേയരാകുന്നത്. ഹെമോന്റെ ഈ കഥ- The Conductor, എനിക്ക് ഇഷ്ടമുള്ള കഥയാണ്. അതില്‍ രാജ്യവും ഭാഷയും കവിതയും ഒരേസമയം ഓര്‍മ്മിക്കപ്പെടുന്നു. മരിച്ചുപോയ മുതിര്‍ന്ന കവിയെ വായിച്ചും പരിഹസിച്ചും വിമര്‍ശിച്ചും വെറുത്തും അപ്പോഴൊക്കെയും സ്‌നേഹിച്ചും ഒരു യുവകവി ഓര്‍ക്കുന്നതാണ് കഥ. തങ്ങളുടെ സ്വന്തം ഭാഷയിലെ കവിതയെ, രാജ്യത്തെ, ആഭ്യന്തരയുദ്ധകാലത്തെ ജീവിതത്തെപ്പറ്റിയും കഥ പറയുന്നു. 

കഥയുടെ തുടക്കം തന്നെ മുതിര്‍ന്ന കവിയെ പരിഹസിച്ചുകൊണ്ടാണ്: 1989-ല്‍ പുറത്തിറങ്ങിയ 'സമകാലീന ബോസ്നിയന്‍ കവിതകള്‍' എന്ന പുസ്തകത്തിലെ നാല് കവിതകള്‍ മുഹമ്മദ് ഡി യുടെയാണ്. എന്റെ കയ്യില്‍ ഉണ്ടായിരുന്ന ആ സമാഹാരത്തിന്റെ കോപ്പി യുദ്ധത്തിന്റെ കാലത്ത് നഷ്ടമായി, മാത്രമല്ല, എനിക്ക് ആ കവിതകളുടെ പേരും ഓര്‍മ്മയില്ല, പക്ഷേ, അവയിലെ വിഷയം നല്ല ഓര്‍മ്മയുണ്ട്: ഒന്നാമത്തെ കവിത, റമദാന്‍ കാലത്ത് സാരാജേവോവിലെ പള്ളികളുടെ മിന്നാരങ്ങള്‍ രാത്രികാലത്തെ വെളിച്ചത്തില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നതിനെപ്പറ്റിയാണ്. രണ്ടാമത്തെ കവിത, ബധിരനായ ബിഥോവന്‍ തന്റെ ഒന്‍പതാം സിംഫണി വായിക്കുന്നതാണ്. കാണികള്‍ തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചത് കേള്‍ക്കാനായി സംഗീതം നിയന്ത്രിച്ചിരുന്ന ആള്‍ അദ്ദേഹത്തിന്റെ ചുമലില്‍ പിടിച്ച് തിരിച്ചു നിര്‍ത്തുന്നതൊക്കെ പറയുന്ന കവിത.
യുവകവിയുടെ ഇരുപതുകളുടെ തുടക്കത്തിലാണ് ഈ സമാഹാരം വരുന്നത്.

യുവകവിയാകട്ടെ, എല്ലാ ദിവസവും ഒരു കവിതയെങ്കിലും എഴുതുന്ന കാലവും. അയാള്‍ ആ പുസ്തകം വാങ്ങിക്കുന്നതുതന്നെ തന്റെ കവിതകള്‍ ബോസ്നിയന്‍ കവിതയുടെ ഏത് ജനുസ്സില്‍പ്പെടും എന്നറിയാനാണ്. മുഹമ്മദ് ഡിയുടെ കവിതകള്‍ നിസ്സാരവും വ്യാജവുമായാണ് യുവകവിക്ക് തോന്നുന്നത്. ബിഥോവനെക്കുറിച്ചുള്ള കവിത പ്രച്ഛന്നമായും. പോരാത്തതിനു മുതിര്‍ന്ന കവിയുടെ മിസ്റ്റിസിസം, അത് തന്റെ റോക്ക് ആന്റ് റോള്‍ കാലത്തിന് അന്യമായും യുവകവി കരുതുന്നു. പക്ഷേ, പുസ്തകത്തിന്റെ റിവ്യൂകള്‍ യുവകവിയെ കൂടുതല്‍ അരിശം  കൊള്ളിക്കുന്നു. ''മുഹമ്മദ് ഡി മഹാനായ ബോസ്നിയന്‍ കവി മാത്രമല്ല, അദ്ദേഹം മാത്രമേ സത്യത്തില്‍ ജീവിക്കുന്നുള്ളൂ'' എന്ന മട്ടിലായിരുന്നു അതിലൊന്ന്. 


യുവകവിയുടെ ഒരു കവിതപോലും എവിടെയും വന്നിട്ടില്ല. ഒരു മാസികയ്ക്കും അയാളുടെ കവിത വേണ്ട. ''പക്ഷേ, എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു ഞാന്‍ മുഹമ്മദ് ഡിയേക്കാള്‍ എത്രയോ ഭേദപ്പെട്ട, ആത്മാവുള്ള കവിയാണ് എന്ന്.'' ''എത്ര കവിതകള്‍ താന്‍ എഴുതിയിരിക്കുന്നു, എത്ര മത്സരങ്ങള്‍ക്ക് അയച്ചിരിക്കുന്നു, എനിക്ക് ഓര്‍മ്മയില്ല, കാരണം ഞാനിപ്പോള്‍ കവിതകള്‍ എഴുതാറില്ല. എങ്കിലും തീര്‍ച്ചയായും ആ കവിതകളില്‍ ചിലത് മുഹമ്മദ് ഡിയുടെ രണ്ടായിരം കവിതകളെക്കാള്‍ എത്രയോ മികച്ചതാണ്.'' ''എന്തിനെപ്പറ്റിയാണ് ഞാന്‍ എഴുതിയത് എന്ന് ഓര്‍മ്മയില്ല, പക്ഷേ, ഞാനാ കവിതകളില്‍ വിശ്വസിച്ചു.'' തന്റെ ചില കവിതകളുടെ പേരുകള്‍ യുവകവി ഓര്‍ത്തു, 'പീറ്റര്‍ പാനും സ്വവര്‍ഗ്ഗാനുരാഗികളും', 'പ്രണയവും തടസ്സങ്ങളും' പോലെ ചിലത്. ആ കവിതകള്‍ തനിക്കുതന്നെ എത്താന്‍ പറ്റാത്ത നിഷ്‌കളങ്കമായ ഒരു തലം തൊടുകയോ കാംക്ഷിക്കുകയോ ചെയ്തിരുന്നു എന്നാണ് യുവകവി ഓര്‍ക്കുന്നത്. കവികളും കവിതകളും ഒരേ കാലത്തുതന്നെ തങ്ങളെ പകുക്കുന്നു എന്നാണ് ഇതു വായിക്കുമ്പോള്‍ നമുക്ക് തോന്നുക. അല്ലെങ്കില്‍, ഭാവനയുടെ ശിഥിലമായ ഓര്‍ ഘടനയെ ഇത് ഓര്‍ക്കുന്നു. 

തൊണ്ണൂറ്റിയൊന്നിലെ ഒരു ദിവസമാണ് മുഹമ്മദ് ഡിയെ ആദ്യമായി യുവകവി കാണുന്നത്. പ്രശസ്തമായ ഡോം പിസാക്കാ എന്ന കഫെയില്‍ വെച്ച് - Writer's Club എന്നാണ് കഫെയുടെ മറ്റൊരു പേര്. അവിടെ മുഹമ്മദ് ഡി. എപ്പോഴും ഉണ്ടാകും. ചുറ്റും കവിയുടെ സുഹൃത്തുക്കളും ആരാധകരും ഉണ്ടാകും. ആണും പെണ്ണും അടങ്ങുന്ന ആ ചെറിയ സദസ്സില്‍ മുഹമ്മദ് ഡി. തന്റെ കാവ്യജീവിതം പൊലിമയോടെ അവതരിപ്പിക്കുകയാണ് പതിവ്. അവര്‍ക്കിടയില്‍ അദ്ദേഹം 'Dedo' എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അന്നു യുവകവി അവിടെ ചെല്ലുമ്പോള്‍ വേറെയും മുതിര്‍ന്ന കവികള്‍ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍ മുഹമ്മദ് ഡി., 'Dedo', തന്റെ അനിഷേധ്യമായ സാന്നിധ്യത്തോടെയും ഇരിക്കുന്നുണ്ടായിരുന്നു. മുഹമ്മദ് ഡിയോടൊപ്പമുള്ള മറ്റു കവികളെ കഥയില്‍ പറയുന്നത്, 'who all wore the suffering faces of the sublime, as though they were forever imprisoned in the lofty dominion of poetry' എന്നാണ്.

യുവകവി താന്‍ പട്ടണങ്ങളില്‍നിന്നും വരുന്ന ചെറുപ്പക്കാരുടെ വേഷത്തിലായിരുന്നു അന്ന് അവിടെ പോയത് എന്ന് ഓര്‍ക്കുന്നു. ആ സദസ്സിലേക്ക് ഒരു കടന്നുകയറ്റക്കാരനെപ്പോലെയും. മുഹമ്മദ് ഡി. പക്ഷേ, തന്റെ സദസ്സിലേക്ക് വന്ന പുതിയ ചെറുപ്പക്കാരന് ഒരു ഇരിപ്പിടം കാണിച്ചുകൊടുത്തു, അവിടെ ഇരുന്നോളാന്‍ പറഞ്ഞു. പിന്നെ, എന്തുകൊണ്ടായിരിക്കും എന്ന് ഒരു പിടിയും കൊടുക്കാതെ യുവകവിയെ തന്റെ സദസ്സിനു പരിചയപ്പെടുത്തി. കവിയായല്ല, ഓര്‍ക്കെസ്ട്രാ കണ്ടക്ടര്‍ ആയിട്ട്...

''My objections were drowned out as the other poets started howling the 'Ode to Joy' while making conducting gestures, and I was instantly nicknamed 'Dirigent' - Conductor - thereby becoming safely and permanently marked as a nonpoet. I stopped trying to correct the mistake as soon as I realized that it didn't matter : It was my role to be only an audience for their drunken, anthological greatness.'
അവരുടെ പിന്നീടുള്ള കൂടിക്കാഴ്ചകളെപ്പറ്റിയും Dedo എന്ന 'ഓമനപ്പേരില്‍' അറിയപ്പെട്ടിരുന്ന മുഹമ്മദ് ഡിയെപ്പറ്റിയും പിന്നീട് വായിച്ച അദ്ദേഹത്തിന്റെ കവിതകളെപ്പറ്റിയും ബോസ്‌നിയന്‍ യുദ്ധം അവരെ രണ്ടുപേരെയും തങ്ങളുടെ രാജ്യത്തേയും മാറ്റിയതൊക്കെയും കഥയില്‍ പിന്നീട് വരുന്നു. കഥയില്‍ ഒരിടത്ത് പറയുന്നപോലെ, ''എന്റെ കഥ നിങ്ങളെ മുഷിപ്പിക്കുന്നുണ്ടാകും'' എന്ന വിധം ആ വിവരണങ്ങള്‍ കഥയില്‍ ദീര്‍ഘമായുണ്ട്. ഒരുപക്ഷേ, യുദ്ധവും ദുരിതവും ജീവിതത്തെ എന്നപോലെ ചിലപ്പോള്‍ എഴുത്തിനേയും അസംബന്ധമാക്കുന്നു എന്നു കണ്ടെത്തുകയുമായിരിക്കും. അല്ലെങ്കില്‍ത്തന്നെ കഥയില്‍ ചിലപ്പോള്‍ നാം അഭിമുഖീകരിക്കുന്ന വിരസത എന്താണ്? ഒരു സന്ദര്‍ഭത്തെ, വിരസവും സങ്കടകരവുമായ സമയം, മുന്‍പേ വന്നു വലയം ചെയ്തിരിക്കുന്നു എന്നല്ലാതെ, അതു നമ്മളെ 'dull' ആക്കുന്നു എന്ന ഓര്‍മ്മയല്ലാതെ? 

ഇതിനിടയ്ക്ക്, ബോസ്നിയന്‍ യുദ്ധം യുവകവിയെ വീണ്ടും കവിത എഴുത്തിലേയ്ക്ക് കൊണ്ടുവന്നിരുന്നു. അല്ലെങ്കില്‍, ശ്വാസംമുട്ടുന്ന തന്റെതന്നെ  നിശ്ശബ്ദത അയാളെ വീണ്ടും കവിതയിലേയ്ക്കു കൊണ്ടുവന്നിരുന്നു. കൊടുമ്പിരികൊണ്ട ബോസ്നിയന്‍ യുദ്ധസമയത്ത് അയാള്‍ അമേരിക്കയിലാണ്. ടെലിവിഷനില്‍ തന്റെ രാജ്യം കടന്നുപോകുന്ന ദുരന്തം അയാള്‍ കാണുന്നുണ്ട്, അപ്പോഴും തന്റെ രാജ്യത്തെപ്പറ്റിയും യുദ്ധത്തെപ്പറ്റിയും അവിടെത്തന്നെ പാര്‍ത്ത് എഴുതുന്ന മുഹമ്മദ് ഡിയെ യുവകവി വായിക്കുന്നുമുണ്ട്. കവിതകള്‍ യുവകവി വീണ്ടും എഴുതാന്‍ തുടങ്ങുന്നതുതന്നെ മുഹമ്മദ് ഡി. എന്ന Dedo-യോട് ഭാവനയില്‍ കലഹിച്ചും സംവദിച്ചും കൊണ്ടാണ് എന്നും പറയുന്നു. അങ്ങനെ ഒരു ശൈത്യകാലത്ത് ഒരു ദിവസം 'മാദിസ'നില്‍  കവിത വായിക്കാന്‍ യുവകവിയും ക്ഷണിക്കപ്പെടുന്നു. 'Then, last winter, I was invited to read in Madison and hesitantly accepted. Dedo was the reason for both the hesitation and the acceptance, for I was told that he would be one of the other readers.'

യൂണിവേഴ്സിറ്റിയുടെ വലിയ ഓഡിറ്റോറിയത്തിലേക്ക്, അന്ന്, യുവകവി പ്രവേശിക്കുമ്പോള്‍ത്തന്നെ കുറച്ചു ദൂരെയായി മുഹമ്മദ് ഡി. നില്‍ക്കുന്നതു കണ്ടു. പണ്ടു കണ്ടപോലെ. ഉയരം കുറഞ്ഞ അതേ മനുഷ്യന്‍. കഷണ്ടിയില്‍ വെളിച്ചം വെട്ടുന്നുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ കൂടുതല്‍ വൃദ്ധനായിരിക്കുന്നു, തടി വല്ലാതെ കുറഞ്ഞിരിക്കുന്നു, ക്ഷീണിച്ചിരിക്കുന്നു. യുവകവി മുഹമ്മദ് ഡി.യുടെ അരികിലേക്ക് ചെന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. 'Dedo' I said. 'Sta ima?'

മുഹമ്മദ് ഡി. തിരിഞ്ഞുനോക്കി. ഉറക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്നപോലെ. പുഞ്ചിരിച്ചതൊന്നുമില്ല. വാസ്തവത്തില്‍, യുവകവിയെ മുതിര്‍ന്ന കവി തിരിച്ചറിഞ്ഞതേ ഇല്ല. അത് യുവകവിയെ വിഷമിപ്പിച്ചു. അയാള്‍ പണ്ട് Writer's Club-ല്‍ വെച്ച് കണ്ടിരുന്നത് മുഹമ്മദ് ഡിയെ ഓര്‍മ്മിപ്പിച്ചു, അന്ന് അദ്ദേഹം ചൊല്ലിയിരുന്ന കവിതകള്‍ ഓര്‍മ്മിപ്പിച്ചു, ആ ദിവസങ്ങള്‍ ഇടയ്‌ക്കൊക്കെ താന്‍ ഓര്‍ക്കാറുള്ളത് പറഞ്ഞു. പക്ഷേ, മുഹമ്മദ് ഡി. യുവകവിയെ ഓര്‍ത്തതേ ഇല്ല. യുവകവി ഇപ്പോള്‍ മറ്റൊരു അടവ് എടുത്തു. അയാള്‍ മുതിര്‍ന്ന കവിയെ പുകഴ്ത്താന്‍ തുടങ്ങി. അദ്ദേഹം ഇതുവരെയും എഴുതിയിട്ടുള്ള എല്ലാ കവിതകളും വായിച്ചിട്ടുണ്ട് എന്നു പറഞ്ഞു. എത്ര മനോഹരമാണ് അവ എന്നു പറഞ്ഞു.

''ഒരു ബോസ്നിയക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് എന്ത് അഭിമാനമാണെന്നൊ'', യുവകവി മുഹമ്മദ് ഡിയോട് പറഞ്ഞു. ''എനിക്ക് ഉറപ്പാണ് ഒരു നൊബേല്‍ പ്രൈസ് ഇതാ ഇവിടെ എത്തിക്കഴിഞ്ഞു.'' ഈ പുകഴ്ത്തല്‍ മുതിര്‍ന്ന കവിക്കും ഇഷ്ടമായി. അദ്ദേഹം എല്ലാറ്റിനും തലയാട്ടിക്കൊണ്ട് നിന്നു. പക്ഷേ, അപ്പോഴും ആ ഓര്‍മ്മയില്‍ യുവകവി ഉണ്ടായിരുന്നതേ ഇല്ലാത്തപോലെ. അവസാനം, വേറെ നിവൃത്തിയില്ലാതെ യുവകവി പറഞ്ഞു, താങ്കള്‍ എന്നെപ്പറ്റി വിചാരിച്ചിരുന്നത് ഒരു 'കണ്ടക്ടര്‍' എന്നാണ്. 'Dirigent' അദ്ദേഹം അദ്ഭുതത്തോടെ പറഞ്ഞു. യുവകവിയെ നോക്കി പുഞ്ചിരിച്ചു. അവസാനം വെളിച്ചത്തിലേയ്ക്ക് തന്നെ നീക്കി നിര്‍ത്തിയപോലെ എന്നാണ് യുവകവി ആ മുഹൂര്‍ത്തം ഓര്‍മ്മിക്കുന്നത്. മുഹമ്മദ് ഡി. യുവകവിയെ ആലിംഗനം ചെയ്തു. അയാളുടെ നെഞ്ചില്‍ മുതിര്‍ന്ന കവിയുടെ കവിളുകള്‍ ഉരസി, വിലക്ഷണമായി. താന്‍ ഒരിക്കലും ഒരു സംഗീതപരിപാടിയും കണ്ടക്റ്റ് ചെയ്തിട്ടില്ലാ എന്നും ഇപ്പോഴും അതങ്ങനെയാണ് എന്നു പറയാനും യുവകവി തുടങ്ങിയതാണ്, പക്ഷേ, അതിനും മുന്‍പേ അവര്‍ രണ്ടു പേരെയും സ്റ്റേജിലേയ്ക്കു വിളിച്ചുകഴിഞ്ഞിരുന്നു. 

'എല്ലായിടങ്ങളും'
സന്നിഹിതമാകുന്ന 'ഇവിടം'

അഴുകിയ പഴത്തിന്റെപോലെ ഒരു മണമായിരുന്നു മുതിര്‍ന്ന കവിക്ക് അപ്പോള്‍ എന്നു യുവകവി പറയുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മാംസത്തിന്റെതന്നെ മണം. സ്റ്റേജിലേയ്ക്കുളള പടികള്‍ അല്പം മുന്‍പിലേക്ക് കുനിഞ്ഞുകൊണ്ടാണ് മുതിര്‍ന്ന കവി കയറിയത്. അവിടെ സ്റ്റേജില്‍ ഇരിക്കുമ്പോള്‍ യുവകവി ഐസ് പകര്‍ന്ന വെള്ളം ഒരു ഗ്ലാസ്സില്‍ ഒഴിച്ചുകൊടുത്തു. അതിനു നന്ദി പറയുന്നതിനു പകരം മുതിര്‍ന്ന കവി യുവകവിയോടു പറഞ്ഞു: നിനക്കറിയുമോ, ഞാന്‍ നിന്നെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്. 

അന്ന് അവിടെ കവിത അവതരിപ്പിക്കുമ്പോള്‍ യുവകവിയുടെ ശ്രദ്ധ, അല്ലെങ്കില്‍ അയാള്‍ ആലോചിക്കുന്നതു തന്നെ, താന്‍ കാണാതെ കാണുന്ന, തന്റെ പിറകിലിരുന്നു തന്നെത്തന്നെ നോക്കുന്ന മുഹമ്മദ് ഡിയെയാണ്. തന്നെ കവിയായി ഓര്‍ക്കാത്ത, തന്റെ കവിസ്വത്വത്തെ മറ്റൊരു പേരുകൊണ്ട്, The Conductor, എന്നന്നേയ്ക്കുമായി ഇല്ലാതാക്കിയ തന്റെ ഭാഷയിലെ വലിയ കവിയെയാണ്. തന്നെക്കുറിച്ച് മുഹമ്മദ് ഡി. എഴുതിയ കവിത എന്തായിരിക്കും എന്നാണ്. ആരായിരിക്കും താന്‍ ആ കവിതയില്‍?

എന്നാല്‍, യുവകവി തന്റെ കവിത വായിച്ച് സീറ്റില്‍ വന്നിരുന്നപ്പോള്‍ മുഹമ്മദ് ഡി. അയാളെ അഭിനന്ദിച്ച് 'Super' എന്നു പറഞ്ഞു. അതു വിശ്വസിക്കണോ അതോ വെറുതെ പറഞ്ഞതാണോ എന്നു യുവകവിക്ക് അറിയില്ലായിരുന്നു. പിന്നെയാണ് മുഹമ്മദ് ഡി. തന്റെ കവിതകള്‍ അവതരിപ്പിക്കാനായി മൈക്കിന്റെ അരികിലേയ്ക്ക് നടക്കുന്നത്. അവിടെ, മൈക്കിനു പിറകില്‍ ആ ചെറിയ രൂപം, കാണാന്‍തന്നെ ഇല്ലാത്തവിധം നിന്നു.

ഞാന്‍ എന്റെ ചില കവിതകള്‍ ഇവിടെ അവതരിപ്പിക്കുകയാണ് മുഹമ്മദ് ഡി. പറഞ്ഞു. അതും എന്റെ മാലാഖപോലത്തെ ഭാര്യ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്തത്. മുഹമ്മദ് ഡിയുടെ ഇംഗ്ലീഷ് തന്റെ ഇംഗ്ലീഷിനെക്കാള്‍ പോക്കായിരുന്നു എന്നാണ് യുവകവി ഓര്‍ക്കുന്നത്. അത് അയാളെ സന്തോഷിപ്പിക്കുന്നുമുണ്ട്. മുഹമ്മദ് ഡിയുടെ ഇംഗ്ലീഷ് ഉച്ചാരണം കുളമായിരുന്നു. 'the' വന്നിടത്തൊക്കെ 'duh' എന്ന് ഉച്ചരിച്ചു. വവല്‍സ് ഫ്‌ലാറ്റായി. 'r' എന്ന അക്ഷരം ശരിയായി വന്നതേയില്ല. കഥയില്‍ ഇത് ഒരേസമയം സ്വന്തം ഭാഷയില്‍നിന്നും ജന്മഭൂമിയില്‍നിന്നും തെറിച്ചുപോയ ഒരാളുടെ നില്‍പ്പായിട്ടും നമുക്കു വായിക്കാം. ഗ്രഹണംപോലെ നീണ്ടുനില്‍ക്കുന്ന പ്രവാസത്തിന്റെ ഓര്‍മ്മയില്‍ സ്വന്തം ഭാഷയില്‍നിന്നുള്ള വേര്‍പെടല്‍ ചിലപ്പോള്‍ എത്ര വികൃതമാണെന്നു പറഞ്ഞതുമാകാം. പക്ഷേ, തന്തയ്ക്കു പിറക്കാത്തവന്‍  തന്റെ വരികളില്‍ കരിഞ്ഞുകൊണ്ട്, തടസ്സമില്ലാതെ തെളിയുന്ന ആത്മബോധത്തോടെ, തന്റെ കവിതകള്‍ ചൊല്ലുകയായിരുന്നു എന്നാണ് മുഹമ്മദ് ഡിയുടെ കവിതാവായനയെപ്പറ്റി പറയുന്നത്. അയാളായിരുന്നു ശരിക്കും ഒരു 'കണ്ടക്ടറെപ്പോലെ' കൈകള്‍ വിടര്‍ത്തിയത്. ഒരു സമയം മുഹമ്മദ് സദസ്സില്‍ മുന്‍പിലിരിക്കുന്ന രണ്ടു 'കറുത്ത പെണ്ണുങ്ങളെ' മാത്രം നോക്കി, അവരെ വശീകരിക്കുന്ന വിധം ഒച്ച താഴ്ത്തി, ഇങ്ങനെ മന്ത്രിച്ചു: 
Nobody is old anymore
Either dead or young.
Your wrinkles straighten up, 
the feet no longer flat. 
Cowering behind garbage containers, 
flying away from the nsipers
everybody is gorgeous body
stepping over the dead ones, knowing :
We are never as beautiful as now.

ആ രാത്രി മുഴുവന്‍ അവര്‍ രണ്ടുപേരും -മുഹമ്മദ് ഡിയും യുവകവിയും  അവിടെയുള്ള ബാറുകള്‍ കയറി ഇറങ്ങി മദ്യപിച്ച് ലക്കുകെട്ടു നടന്നു. അമേരിക്കയെ തെറിപറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനെ തെറിപറഞ്ഞു. ബോസ്നിയയെ ഓര്‍ത്തു വിലപിച്ചു. അവിടെയുള്ള കവികളെ ഓര്‍ത്തു. ചത്തവരെ വിളിച്ചു. ചിലരെപ്പറ്റി പരദൂഷണം പറഞ്ഞു. ചിലര്‍ക്ക് ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടാക്കി. കവിതകള്‍ ചൊല്ലി. നാടന്‍ പാട്ടുകള്‍ പാടി. പിന്നെ, മുഹമ്മദ് ഡി. യുവകവിയുമായി, വളരെ വൈകി, മാലാഖപോലത്തെ തന്റെ ഭാര്യയെ പരിചയപ്പെടുത്താന്‍, അദ്ദേഹം താമസിക്കുന്നിടത്തേയ്ക്കു ചെന്നു. ഓ! കഥയില്‍ ഒരിടത്ത് മുഹമ്മദ് ഡി. തന്റെ ഒരമേരിക്കന്‍ ആരാധികയെ വിവാഹം ചെയ്ത് അമേരിക്കയില്‍ എത്തിയത് യുവകവി പറഞ്ഞിരുന്നു. ഞാനത് പറയാന്‍ വിട്ടതാണ്. അവളോടൊപ്പമായിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്. എന്നാല്‍, ആ രാത്രി, മുഴുക്കുടിയന്മാരെപ്പോലെ വന്ന അവരെ രണ്ടു പേരെയും തന്റെ വീട്ടില്‍ കയറാന്‍ അവള്‍ അനുവദിച്ചില്ല. ഇറങ്ങിപ്പോകാന്‍ പറഞ്ഞു. നീ എന്റെ അതിഥിയെ അപമാനിക്കരുത് എന്ന് മുഹമ്മദ് ഡി. അവളോട് ഒച്ചവെച്ചു. ഇയാള്‍ കണ്ടക്ടര്‍ ആണ്. യുവകവി ആ സമയം ഒരു മ്യൂസിക് കണ്ടക്ടറെപ്പോലെ കൈകള്‍ വിടര്‍ത്തി അഭിനയിച്ചു. അന്നത്തെപ്പോലെ ഞാന്‍ ഇന്നും പൊലീസിനെ വിളിക്കണോ എന്നോ അവള്‍ ചോദിച്ചു. നിനക്ക് ഞാന്‍ ആരാണ് എന്നറിയുമോ, മുഹമ്മദ് ഡി. ഭാര്യയോട് ചോദിച്ചു. ഞാന്‍ ബോസ്നിയയിലെ ജീവിച്ചിരിക്കുന്ന വലിയ കവിയാണ്. മഹാനായ കവി-യുവകവി പറഞ്ഞു. 

''You are a fucking midget, is what you are!' അവള്‍ അലറി. 
വീണ്ടും ആ രാത്രി അവര്‍ രണ്ടുപേരും- ബോസ്നിയയുടെ ആ രണ്ടു കവികള്‍ തെരുവിലൂടെ അപമാനിതരെപ്പോലെ അലഞ്ഞു. ഒരു സമയം ഒരു വീടിന്റെ അടുക്കളയുടെ ജനാലക്കല്‍ ഒരു സ്ത്രീ നില്‍ക്കുന്നത് അവര്‍ കണ്ടു. കയ്യില്‍ ചുവന്ന വീഞ്ഞ് നിറച്ച ഗ്ലാസ്സ് പിടിച്ച് അവള്‍, അവര്‍ക്ക് കാണാന്‍ പറ്റാത്ത എന്തോ, വലം വെയ്ക്കുന്നു. ആ കാഴ്ച അവരെ രണ്ടുപേരെയും ഏതോ ഓര്‍മ്മയില്‍ കുറച്ചുനേരം അവിടെ നിര്‍ത്തി.   പുലര്‍ച്ചയോടെ യുവകവി താമസിക്കുന്ന ഹോട്ടലില്‍ മുഹമ്മദ് ഡിയുമായി യുവകവി എത്തി. ഹോട്ടലിലേക്ക് ടാക്‌സിയില്‍ വരുമ്പോള്‍ വീണ്ടും യുവകവിയോട് ഞാന്‍ നിന്നെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട് എന്ന് മുഹമ്മദ് ഡി. പറഞ്ഞു. തണുപ്പും മദ്യവും അപമാനവും അതിനകം മുഹമ്മദ് ഡിയെ ക്ഷീണിതനാക്കിയിരുന്നു. ലിഫ്റ്റില്‍നിന്ന് ഒരു ചാക്കുക്കെട്ടുപോലെയാണ് അയാളെ യുവകവി തന്റെ മുറിയിലേയ്ക്ക് വലിച്ചിഴച്ചു കിടത്തുന്നത്. അവിടെ നിലത്ത് അയാളെ കിടത്തി. അയാളുടെതന്നെ കോട്ട് ഊരി പുതപ്പിച്ചു. അയാളുടെ അടുത്തുതന്നെ, അയാളുടെ വിയര്‍പ്പുമണം ശ്വസിച്ച് യുവകവിയും കിടന്നു. അപ്പോഴും മുഹമ്മദ് എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു. പിന്നെ എല്ലാം നിന്നു. മുഖം ശാന്തമായി. ഒരു നീണ്ട നെടുവീര്‍പ്പ് അയാളുടെ ദേഹത്തില്‍ത്തന്നെ ഒടുങ്ങുകയായിരുന്നു, സന്ധ്യ അവസാനിക്കുന്നപോലെ എന്നാണ് കഥയിലെ വരി. He was a beautiful human being. And then on Tuesday, last Tuesday, he died. 
ദേശവും ഭാഷയും കവിതയും ഒരാളെ എങ്ങനെയെല്ലാം കൊണ്ടുപോകുന്നു, എവിടെയെല്ലാം എത്തിക്കുന്നു എന്ന് ഈ കഥ വായിച്ചപ്പോഴൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. കലയിലും സാഹിത്യത്തിലും നമ്മള്‍ എപ്പോഴും പറയാറുള്ള 'തലമുറകളുടെ വിടവ്' എഴുത്തിന്റെ ആവശ്യമേ അല്ല എന്നും തോന്നും ഈ കഥ വായിക്കുമ്പോള്‍: കല, അവസാനമായി, ആഗ്രഹിക്കുന്നത് ഒരാളില്‍ത്തന്നെയുള്ള നല്ല ആളുകളുടെ  കൂട്ടത്തെ കണ്ടുപിടിക്കാനാണ്.  നാട് വിട്ടുള്ള എന്റെ ദീര്‍ഘകാലത്തെ ജീവിതംകൊണ്ടുമാകാം, ഈ കഥ വായിക്കുമ്പോള്‍, എപ്പോഴും പരിചയമില്ലാത്ത ഒരു മണ്ണ് ചവിട്ടി നടക്കുന്ന എന്നെത്തന്നെ ഞാന്‍ സങ്കല്‍പ്പിക്കുകയും ചെയ്യുന്നു. 
''Everywhere is here.' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com