ശക്തമായ സാമൂഹ്യ ശബ്ദങ്ങളുടെ കവിയല്ല ഞാന്‍: പോര്‍ച്ചുഗീസ് കവി മാനുവല്‍ ഡി ഫ്രെയ്റ്റാസ് സംസാരിക്കുന്നു

എന്റെ ചെറുപ്പത്തില്‍ ഞാന്‍ വായിച്ച പല കവികളും എന്നെ പഠിപ്പിച്ചത് എങ്ങനെ കവിതയെഴുതരുത് എന്നാണ്.
മാനുവല്‍ ഡി ഫ്രെയ്റ്റാസ്
മാനുവല്‍ ഡി ഫ്രെയ്റ്റാസ്

പോര്‍ച്ചുഗല്‍ കവി മാനുവല്‍ ഡി ഫ്രെയ്റ്റാസുമായി സംഭാഷണം
 

താങ്കളുടെ കവിത ഒരു നിരീക്ഷകനില്‍നിന്ന് അഥവാ മിനിമലിസ്റ്റില്‍ (Minimalist) നിന്ന് ഉണ്ടാകുന്നതാണ് എന്ന് എന്റെ വായനയില്‍ തോന്നുന്നു.  എന്താണ് മറുപടി?
എനിക്ക് വ്യക്തമായി അറിയാം, എന്റെ കവിത എല്ലായ്പ്പോഴും ഒരു നിരീക്ഷണത്തില്‍ നിന്നാണ് തുടങ്ങുന്നത്. പ്രാഥമികമായി, എന്നെക്കുറിച്ചുതന്നെയും ഒട്ടും ഒഴിച്ചുകൂടാനാവാത്തതായ എന്റെ ചുറ്റുവട്ടങ്ങളില്‍നിന്നും ആണത്. ലാളിത്യബോധം എന്ന അര്‍ത്ഥത്തിലോ, ഏതെങ്കിലുമൊന്ന് വീണ്ടും അതുതന്നെയായി ആവര്‍ത്തിക്കപ്പെടുന്നതായ സംഗീതാത്മകമായ അര്‍ത്ഥത്തിലോ, മിനിമലിസ്റ്റ് (Minimalist) എന്ന സംജ്ഞയും അനുചിതമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും തീര്‍ച്ചയായും എന്തുകൊണ്ടും അതിസൂക്ഷ്മമായ വിവരത്തിലേക്കും മനപ്പൂര്‍വ്വമായ ശ്രദ്ധയുണ്ട്. എന്നാല്‍ എണ്ണമറ്റ കവികളിലും എഴുത്തുകാരിലും വ്യത്യസ്തമായ ശില്പഘടനയിലും ഉദ്ദേശ്യങ്ങളിലും ഇത് നമുക്ക് കാണാന്‍ കഴിയും.

പോര്‍ച്ചുഗീസിലോ മറ്റേതെങ്കിലും ഭാഷകളിലോ താങ്കളെ മറ്റാരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ? ഒരുപക്ഷേ, സെസാരിയൊ വെര്‍ദേ, ബെര്‍ണാര്‍ഡോ സോറസ്, പെസ്സോവ, ജോ മിഗ്വെല്‍ ഫെര്‍നാന്‍ഡസ് ജോര്‍ജെ.
അനുകൂലമായോ പ്രതികൂലമായോ മിക്കവാറും എല്ലാം അവസാനിക്കുന്നത് നമ്മെ സ്വാധീനിച്ചിട്ടാണ്. എന്റെ ചെറുപ്പത്തില്‍ ഞാന്‍ വായിച്ച പല കവികളും എന്നെ പഠിപ്പിച്ചത് എങ്ങനെ കവിതയെഴുതരുത് എന്നാണ്. അതും അതിപ്രധാനമായതും സ്വാധീനത്തിന്റേതായ രീതിയിലുള്ള സ്വാധീനത്തിലും ആയിരുന്നു. എളുപ്പത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്ത സ്ഥായിയായുള്ള ഈ പകര്‍ച്ചയെ എളുപ്പത്തില്‍ വിവരിക്കാന്‍ കഴിയില്ലയെങ്കിലും, സംഗീതമാണ് യഥാര്‍ത്ഥത്തില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളത്. വ്യത്യസ്ത കാലഘട്ടങ്ങളിലും രീതിയിലും (ഇപ്പോഴും) സെസാര്‍ വെര്‍ദെയും ജോ മിഗ്വെല്‍ ഫെര്‍നാന്‍ഡസ് ജോര്‍ജെയും എനിക്ക് ഏറെ പ്രമുഖരായ കവികളാണ്. ഫെര്‍നാന്‍ഡോ പെസ്സോവയോട് പ്രത്യേകിച്ച് ഒരു കടപ്പാടും എനിക്കുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. കുറേയൊക്കെ ആവശ്യത്തിലധികം മൂല്യം കല്‍പ്പിക്കപ്പെട്ടയാളാണ് അദ്ദേഹം എന്നു പറയാം. പോര്‍ച്ചുഗീസ് കവിതയില്‍ പരിഗണിക്കേണ്ടുന്നതില്‍ ഏറ്റവും ഉന്നതരില്‍ ഒരാള്‍  കാമിലോ പെസ്സാനാ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഭാഷയില്‍ എഴുതപ്പെട്ടതില്‍ ഏറ്റവും സമൃദ്ധമായ കാലഘട്ടങ്ങളിലൊന്ന്  ട്രൗബദോര്‍ ലിറിക്കിന്റേതാണെന്ന് (troubadour lyric) ഞാന്‍ കരുതുന്നു. പിന്നെ കമൂണ്‍സ് (Camoons) തീര്‍ച്ചയായും പരാമര്‍ശം അര്‍ഹിക്കുന്നു. മറ്റു ഭാഷകളുടെ കാര്യമെടുത്താല്‍ എന്നില്‍ എന്നെന്നും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ചില കണ്ടുപിടിത്തങ്ങള്‍ തെളിഞ്ഞുനില്‍ക്കുന്നു. ഫ്രാങ്കോയിസ് വില്ലൊന്‍, ചാള്‍സ് ബോദലേര്‍, എമിലി ഡിക്കിന്‍സണ്‍, ജയിം ഗില്‍ ദെ ബൈദ്മ, ഫിലിപ് ലാര്‍ക്കിന്‍.

'90-കള്‍ക്കും അതിനപ്പുറത്തേക്കുമുള്ള കവിത, പോര്‍ട്ടുഗീസ് കവിതയുടെ രൂപത്തിലും മാറ്റത്തിലും എന്ത് പങ്ക് വഹിച്ചു? ജോ മിഗ്വെല്‍ ഫെര്‍നാന്‍ഡസ് ജോര്‍ജെ, ജോക്വിം മാനുവല്‍ മഗലേസ് എന്നിവരിലൂടെ വായിക്കുമ്പോള്‍.
പരിഗണനാര്‍ഹമായ ഒരു താല്‍ക്കാലിക വിടവിനെ ആസ്പദമാക്കിയാണ് താങ്കളുടെ ഈ കുരുക്കുചോദ്യമെന്ന് ആദ്യമേ ഞാന്‍ പറയട്ടെ. ജോ മിഗ്വെല്‍ ഫെര്‍നാന്‍ഡസ് ജോര്‍ജെ, ജോക്വിം മാനുവല്‍ മഗലേസ് എന്നിവര്‍ 70-കളിലാണ് എഴുതിത്തുടങ്ങിയത്. അതേ കാലഘട്ടത്തില്‍ വേറൊരു കവി കടന്നുവന്നു. അന്റോണിയോ ഫ്രാങ്കോ അലക്സാന്‍ഡ്രേ. സത്യസന്ധമായി പറഞ്ഞാല്‍, പിന്നീട് വന്നത് പോര്‍ച്ചുഗീസ് കവിതയെ രൂപപ്പെടുത്തുകയും മാറ്റുകയും ചെയ്തു. മറ്റു കവികള്‍ പ്രത്യക്ഷപ്പെട്ടു. അത്രമാത്രം.

യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങിവന്നാല്‍, ഭാഷാപരമായി ഏറെ അബ്സ്ട്രാക്റ്റ് ആകുന്ന കവിതയും,  ആ ഭാഷ തന്നെയും, എന്റെ അഭിപ്രായത്തില്‍ പൊതുസമൂഹത്തില്‍നിന്ന് കവിതയെ ഒഴിവാക്കാന്‍ ഒരു പങ്ക് വഹിക്കുമായിരുന്നു. കവിത മൈക്രോ നരേറ്റീവിലേക്ക് മടങ്ങുന്നു എന്ന് ജോര്‍ജ് ഗോമസ് മിരാന്‍ഡ, റുയി പിരെ കബ്രാല്‍. Poetry returns to the micro-narrative. (From Jorge Gomes Miranda and Rui Pires Cabral)

ഞാന്‍ തീര്‍ത്തും അവിശ്വസിക്കുന്ന ഒരു തത്ത്വമാണ് ഈ മടങ്ങിപ്പോക്ക്  ('യാഥാര്‍ത്ഥ്യത്തിലേക്ക്', 'ദൈനംദിനത്തിലേക്ക്', 'മിത്തിക്കല്‍ വിവരണങ്ങള്‍'). വളരെ ലളിതമായ ന്യൂനവല്‍ക്കരണത്തിന്റെ കാഴ്ചപ്പാടാണതെന്ന് എനിക്കു തോന്നുന്നു. സെസേറിയോ വെര്‍ദെയുടെ 'Sentimento de um Occident'  ('സെന്റിമെന്റോ ദി യം ഓക്സിദന്റ്')നെക്കാള്‍ മികച്ച ഒരു മൈക്രോ നരേറ്റീവ് താങ്കള്‍ക്ക് ആവശ്യമുണ്ടോ?  ഫെര്‍നാന്‍ഡോ അസ്സിസ് പചെക്കോയുടെ കവിതയിലും മഹത്തായ മൈക്രോ നരേറ്റീവുകള്‍ ദര്‍ശിക്കാം. 'കവിതയില്‍നിന്ന്  പൊതുസമൂഹത്തെ മാറ്റിനിര്‍ത്തുന്നതിന്' ഇത് നേരത്തേയുള്ള സാക്ഷ്യപത്രമാണ്. കവികള്‍ അതിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടതില്ല. വളരെ ചുരുക്കം ചിലരെ ഒഴിച്ചുനിര്‍ത്തിയാല്‍, സമകാലികരായ പാവം കവികള്‍ക്കു മാത്രമാണ് വിപുലമായി വായനക്കാരുണ്ടാകാന്‍ സാദ്ധ്യത.   

ദൈനംദിന ജീവിതത്തിന്റെ അത്ര സാരമല്ലാത്ത സംഗതികളില്‍പ്പോലും പെട്ടെന്നു കടന്നുവന്ന് ശക്തമായി പിടിമുറുക്കുന്ന അനാവരണവും സ്വത്വബോധവും. താങ്കള്‍ക്കെന്ത് തോന്നുന്നു? 
ഞാനത് കവിതകള്‍ക്കായി സൂക്ഷിച്ചുവെക്കുന്നു. വെറുതേ ഒരു നിമിഷത്തില്‍ സംഭവിക്കുന്നതായ  കാര്യങ്ങളില്‍  എനിക്ക് ഒരു അഭിപ്രായവുമില്ല. ജീവിതത്തിലോ കവിതയിലോ എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കില്‍.

കാരണങ്ങളേയും പാരമ്പര്യത്തേയും ഉന്നം വെച്ചുകൊണ്ട് കാലത്തേയും ഇടത്തേയും നോക്കിക്കാണുന്നത്. താങ്കള്‍ അതെക്കുറിച്ച് എന്ത് കരുതുന്നു?
ഒരു കവിയെന്ന നിലയില്‍ കാരണങ്ങളോ ശാഠ്യങ്ങളോ എന്നെ അലട്ടുന്നതേയില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഞാനവയെ ഒരിക്കലും അത്രത്തോളം ഇഷ്ടപ്പെട്ടിട്ടില്ല (അത് മറ്റെല്ലാവരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും). മറിച്ച് എനിക്ക് അവഗണിക്കാന്‍ കഴിയാത്തതോ അവഗണിക്കാന്‍ പാടില്ലാത്തതോ ആയ ഒന്നാണ് പാരമ്പര്യം. മാര്‍ട്ടിം കൊഡാക്സ്, കമിയോ അല്ലെങ്കില്‍ മരിയൊ സെസാറിനി എന്നിവരുടെ ഭാഷയില്‍ ഞാന്‍ എഴുതുന്നുവെങ്കില്‍ എനിക്ക് ഭാരിച്ച ഉത്തരവാദിത്വം പേറേണ്ടിവരും. എന്നിരുന്നാലും ഡാന്റേ, എലിയട്ട്, മിഷോ എന്നിവരുടെ ഇടം മറക്കാവതല്ല. ആത്യന്തികമായി നാം ഇപ്പോഴില്ലാത്തവരുമായി സംവദിക്കുന്നത് ഇപ്പോഴില്ലാത്തവരുമായാണ്. ജീവിച്ചിരിക്കുന്നവരില്‍ നമ്മെ യഥാര്‍ത്ഥത്തില്‍ കേള്‍ക്കുന്നവര്‍ വിരലിലെണ്ണാവുന്നവരാണ്. വളരെ കുറച്ച് മാത്രം.  
 
2000-ങ്ങളില്‍ നിങ്ങളുടെ കവിത അതിന്റെ ശക്തമായ സാമൂഹ്യസ്വരവും സാന്നിദ്ധ്യവും വീണ്ടെടുത്തു. വിഷയാധിഷ്ഠിതവും തനതുമായ ശബ്ദങ്ങളുടെ മുദ്രണങ്ങളിലൂടെ, പ്രത്യേകിച്ച് ജോസ് മിഗ്വെല്‍ സില്‍വയും മാനുവേല്‍ ഡി ഫ്രേറ്റ എന്ന താങ്കളും. ഇതേക്കുറിച്ച് താങ്കള്‍ എന്ത് പറയുന്നു?
ഈ 'ശക്തമായ സാമൂഹ്യശബ്ദങ്ങളില്‍' എന്നെ ഞാന്‍ കാണുന്നതേയില്ല. പൊതുവായി പറഞ്ഞാല്‍, ഞാന്‍ തീര്‍ത്തും അവിശ്വാസിയും, ഒരിക്കലും വോട്ട് ചെയ്യാത്തയാളും, ഇനിയൊരിക്കലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും വോട്ട് ചെയ്യാനുദ്ദേശിക്കാത്തയാളും ആണ്. 'വിഷയാധിഷ്ഠിതവും തനതുമായ ശബ്ദങ്ങളുടെ മുദ്രണം' എന്ന വിശേഷണം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും താങ്കള്‍ തന്നതില്‍ സന്തോഷം. എന്നാല്‍ ഏത് കവിയും കവിയാണെങ്കില്‍ കാലക്രമത്തില്‍ വിജയിക്കും. ഇതേക്കുറിച്ച് എനിക്ക് പറയാനുള്ളത് ഇതാണ്. ജോസ് മിഗ്വെല്‍ സില്‍വയും ഞാനും ഏതാണ്ട് ഒരേസമയം എഴുതിത്തുടങ്ങുകയും പരസ്പര സമാനമായ താല്പര്യങ്ങള്‍ അനുഭവിക്കുകയും ചെയ്തു. എന്റെ 'അനുമാനത്തില്‍' (പ്രത്യേകിച്ച് 'ഗെയിം ഓവര്‍', 'ഇമ്മോഡസ്റ്റി') ലിസ്ബണും ലോകവും തിരിച്ചുപോക്കില്ലാത്ത വിധത്തില്‍ അടിച്ചേല്പിക്കപ്പെട്ട സ്ഥാനഹത്യയ്ക്ക് ഇരയായി.

കാമിലോ പെസ്സാന
കാമിലോ പെസ്സാന

ഏറ്റവും മോശമെന്നത്, വര്‍ഷങ്ങളായി, നഷ്ടമതേതരത്വത്തോടു കൂടിയതും മൂല്യശോഷണവും സ്വഭാവവീഴ്ചയുമുള്ളതുമായ ഒരു വിഭാഗത്തിന്റെ പ്രത്യക്ഷമായ വളര്‍ച്ചയും സ്ഥാനമുറപ്പിക്കലും ആണെന്ന് പറയാം. ഭാവിയിലെ നാശോന്മുഖത മുന്‍കൂട്ടി കാണാന്‍ എന്നെക്കാള്‍ കൂടുതല്‍ കഴിഞ്ഞത്  ജോസ് മിഗ്വെല്‍ സില്‍വയ്ക്ക് ആയിരിക്കുമെങ്കിലും (തീര്‍ച്ചയായും എന്നെക്കാള്‍ മികച്ച കവിയും), ഈ പോക്ക് നന്മയിലേക്കല്ല എന്ന ഉത്തമബോദ്ധ്യത്തിലേക്ക്, മേല്‍പ്പറഞ്ഞത് ഞങ്ങളെ ഒരുമിപ്പിച്ചു. അങ്ങനെയൊരു ലോകവീക്ഷണം സ്വന്തമാക്കാന്‍ നമ്മള്‍ അതിസമര്‍ത്ഥന്മാര്‍ ആകണമെന്നില്ല.  

ഫെര്‍ണാന്‍ഡോ പെസ്സോവ
ഫെര്‍ണാന്‍ഡോ പെസ്സോവ

നവസാമൂഹികതയുടെ
ദര്‍ശനങ്ങള്‍

1972-ല്‍ ജനിച്ചു. 1990 മുതല്‍ ലിസ്ബണില്‍ ജീവിക്കുന്നു. പോര്‍ച്ചുഗീസും ഫ്രെഞ്ചും അടിസ്ഥാനമാക്കി ആധുനിക ഭാഷയിലും സാഹിത്യത്തിലും ബിരുദം. Todos Contentes e Eu Também എന്ന കൃതിയിലൂടെ 2000-ത്തില്‍ തുടക്കം കുറിച്ച കവി, പതിനെട്ടോളം കൃതികളും, സമകാലിക പോര്‍ച്ചുഗീസ് കവിത സംബന്ധമായി നിരവധി ലേഖനങ്ങളും, Poetas Sem Qualidades (Poets without Qualities) എന്ന പ്രകോപനപരമായ തലക്കെട്ടില്‍, തന്റെ സമകാലിക തലമുറയിലെ എടുത്തുപറയാവുന്ന കവികളായ റുയി പിരെ കബ്രല്‍, ജോസെ മിഗ്വെല്‍ സില്‍വ, അന പൗല ഇനാഷ്യോ തുടങ്ങി ചിലരേയും ഉള്‍പ്പെടുത്തി ഒരു കവിതാശേഖരവും പ്രസിദ്ധീകരിച്ചു. അദ്ദേഹം ഒരു പരിഭാഷകന്‍ കൂടിയാണ്. ലിസ്ബണ്‍ പബ്ലിഷിങ് ഹൗസ് എന്ന പേരില്‍ തദ്ദേശീയരും വിദേശീയരുമായ കവികളുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു കൂടാതെ, വര്‍ഷങ്ങള്‍ക്കിപ്പുറം പോര്‍ച്ചുഗീസ് സാഹിത്യത്തില്‍ നിലവിലുള്ള ഏറ്റവും ശ്രദ്ധേയമായ Telhados de Vidro എന്ന സാഹിത്യമാസികയും പുറത്തിറക്കുന്നു. സ്വന്തം കവിതകളുടെ പ്രാമുഖ്യത്തിലൂടെയും ലേഖകനും വിമര്‍ശകനും പത്രാധിപരും എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കവേ പോര്‍ച്ചുഗീസ് കവിതയുടെ കേന്ദ്രകഥാപാത്രം മാനുവെല്‍ ഡി ഫ്രെയ്റ്റ ആണെന്നു പറയാം. 
വിപണിശക്തികള്‍ക്ക് അടിയറവെച്ച ഒരു ലോകത്ത് മിഥ്യകളില്‍നിന്നു മുക്തമായ ഒരു യാഥാര്‍ഥ്യ ലോകത്തിലേക്ക് കവിതയെ നയിക്കുവാന്‍ 1970-80കളില്‍ പ്രവര്‍ത്തിച്ച കവികളുടെ പ്രയത്‌നങ്ങള്‍ തുടര്‍ന്ന ഒരു കവിയായി മാനുവെല്‍ ഡി ഫ്രെയിറ്റയെ അടയാളപ്പെടുത്തുന്നു. 

അദ്ദേഹത്തിന്റെ കവിതകളില്‍ ഒരു നവസാമൂഹ്യ റിയലിസത്തിന്റെ ദര്‍ശനങ്ങളുണ്ട്. നിയോ റിയലിസം പോര്‍ച്ചുഗലില്‍ തൊഴിലാളികളേയും കര്‍ഷകരേയും സ്‌നേഹിക്കയും ഉജ്ജ്വലമായ നാളെകളില്‍ വിശ്വാസമുണ്ടാക്കുകയും ചെയ്തു. ലോകം മാറ്റിമറിക്കാമെന്ന മിഥ്യാധാരണകള്‍ ഊട്ടിക്കൊടുക്കുന്നതിനെ നിഷേധിച്ച കവിക്ക് ലിസ്ബണിലെ മദ്യശാലകളിലെ കുടിയന്മാരോടാണ് ആഭിമുഖ്യം. ''ഒരുപക്ഷേ, എല്ലാം മാറിയേക്കാം'' എന്നു പറയുമ്പോഴും ''എനിക്കറിയില്ല, എനിക്കറിയണമെന്നില്ല, എനിക്ക് അതേക്കുറിച്ച് ഒരു രൂപവുമില്ല'' എന്നും മാനുവെല്‍ പറയുന്നു. അതാണ് യാഥാര്‍ത്ഥ്യമെന്നതിനാല്‍ ഈ നിസ്സംഗതപോലും രോഷത്തിന്റെ ഒരു മുഖം മൂടിയാണ്. ''നമ്മള്‍ ജീവിക്കുന്നതുപോലെ മൂല്യങ്ങളില്ലാത്ത ഒരുകാലത്ത്, മൂല്യങ്ങളില്ലാത്ത കവികളെയല്ലാതെ നമുക്ക് ശഠിക്കാനാവില്ല'' എന്നും.
മറ്റ് എല്ലാ പ്രമേയങ്ങള്‍ക്കും ഇരുണ്ട പശ്ചാത്തലമായി വര്‍ത്തിക്കുന്ന മൃത്യുവാണ് അദ്ദേഹത്തിന്റെ എല്ലാ കവിതകളുടേയും പ്രതിപാദ്യമെന്നു തോന്നാം. സംഗീതം, മദ്യശാലകള്‍, ബാല്യത്തിന്റെ ഏറ്റുമുട്ടലുകള്‍, നേരത്തേയുള്ള പ്രായപൂര്‍ത്തി; തുടക്കം മുതലേ എല്ലാം നഷ്ടമായി എന്ന് ഫ്രെയ്റ്റ അറിയുന്നു. പക്ഷേ, തനിക്ക് എപ്പോഴേ നഷ്ടമായതിനു പിന്നാലെ വീണ്ടുമുണ്ടാകുന്ന നഷ്ടങ്ങളുടേയും നൊമ്പരങ്ങളുടേയും വിധിയെ അദ്ദേഹം സ്വയം ദര്‍ശിക്കുന്നു. ഹ്രസ്വമായ ചില സന്തുഷ്ട നിമിഷങ്ങളുടെ വല്ലപ്പോഴുമുണ്ടാകുന്ന തിളക്കത്തിന്റെ സാന്ത്വനം മാത്രം. പ്രസ്തുത നിമിഷങ്ങളില്‍ മരണം തന്നെ വഴിമാറുകയോ, സ്വന്തം ശ്രദ്ധ മരണത്തില്‍നിന്നു വഴിമാറുകയോ ചെയ്യുന്നു എന്നും മാനുവെല്‍ ഡി ഫ്രെയിറ്റ പറയുന്നു.

മാനുവല്‍ ഡി ഫ്രെയിറ്റിന്റെ
കവിതകള്‍

എല്ലാമുരിഞ്ഞ്

മുതുക്കന്‍
കഷണ്ടി
വകയ്ക്കു കൊള്ളാത്തവന്‍
ഭോഗത്തിന്
തന്നെ സഹിക്കാനാവതുളള 
ആളെത്തിരയുന്നു
ഒപ്പം വിശ്വസിക്കുന്നു (വല്ലപ്പോഴും)
ഉയിര്‍ത്തെഴുന്നേല്‍പ്പില്‍
വായിച്ചിട്ടേയില്ല പുസ്തകങ്ങള്‍
ഏറെ തുപ്പും
കൂര്‍ക്കം വലിക്കും

ഏറ്റവും ഗൗരവമായ കാര്യം
ഒറ്റയ്ക്ക് ചാവരുത്


ബെഷെറോവ്ക എന്ന ഔഷധ മദ്യം

അവിശ്വസനീയമാംവിധം
കറുത്ത മുടിയും
എപ്പോഴും പുഞ്ചിരിച്ച മുഖവും
ഉയരവുമുള്ള നോര്‍വേക്കാരി
ശരിക്കും ദു:ഖിതനായ എന്നോട്
അങ്ങനെയാവരുതെന്ന്
അപേക്ഷിച്ചവള്‍
'നിങ്ങളെന്തു ചെയ്യുന്നു' എന്ന്
എന്നോട് ചോദിക്കുന്നതിനു മുന്‍പ്
എന്റെ അവസാനത്തെ പെഗ്ഗിന്
പണം കൊടുത്തതും
അവളാണെന്ന് തോന്നുന്നു

മരണത്തെക്കുറിച്ചെഴുതുന്നത്
കൃത്യമായും ഒരു തൊഴിലല്ല
പക്ഷേ, എന്റെ മറുപടിയായി
എന്റെ കര്‍മ്മമെന്തെന്ന്
ഒരു നാപ്കിന്‍ കടലാസിലോ മറ്റോ
അവള്‍ക്കുവേണ്ടി മാത്രം
ചുരുക്കിപ്പറഞ്ഞത്
അതായിരുന്നു
ഞാന്‍ കുത്തിക്കുറിച്ചത്
അവള്‍ക്ക് മനസ്സിലായോ എന്ന്
എനിക്കൊരിക്കലും അറിയില്ല
അവള്‍ എന്റെ പുസ്തകങ്ങള്‍
വാങ്ങിയിട്ടുണ്ടോ എന്നും
ആ രാത്രിയില്‍
എന്റെ പൊട്ട ഫ്രെഞ്ച് ഭാഷയില്‍
ഞാന്‍ പറയാനുദ്ദേശിച്ചതെന്തെന്ന്
കേട്ടുവോ എന്നതും
നിരാശാജനകമായ നഷ്ടമായി
ഏറെക്കുറേ ഓരോ കവിതയും ഇതു തന്നെ
മാപ്പര്‍ഹിക്കാത്ത ഒരുതരം പറച്ചില്‍
നമ്മുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം
അത്രയേറെ അടുപ്പമുണ്ടായ
ഒരു ശരീരത്തെ
സ്പര്‍ശിക്കുന്നതേയില്ല
മിന്നിമായുന്ന ഒരു പേരുപോലുമത്
അവശേഷിപ്പിക്കുന്നുമില്ല


വിശുദ്ധ മൃത്യു

അത് അത്ര കലാമേന്മയുള്ള
ഒരു ഫോട്ടോ ഒന്നുമല്ല
അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍
അതിനെക്കുറിച്ച് പറയില്ലായിരുന്നു
ഒരുമിച്ചൊരു ബൊഗൈന്‍ വില്ലച്ചുവട്ടില്‍
എന്റെ മുത്തശ്ശന് സമീപം ഞാന്‍
നല്ല സന്തോഷത്തിലാണ് അദ്ദേഹവും
പുഞ്ചിരിക്കുന്നുണ്ട് രണ്ടാളും
പഴഞ്ചന്‍ ഫെല്‍റ്റ് ഹാറ്റ് ധരിച്ച്
വെറുതേ ഒരു മുത്തശ്ശന്‍
അവിടെയിരിക്കുന്നുവെന്ന
ലാളിത്യമാര്‍ന്ന പ്രസന്നത
എന്റെ സന്തോഷം
കയ്യിലടുക്കിപ്പിടിച്ചിരിക്കുന്ന
ഒരു പെട്ടിയും
ഒരു തീരുമാനം
നിഷ്‌കളങ്കമായി അനുസരിച്ച്
കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ട
നാസി പട്ടാളക്കാര്‍ ആണതിനുള്ളില്‍

ഇപ്പോഴുമുണ്ടോ കളിക്കോപ്പ് പട്ടാളക്കാര്‍?
ആ ചിത്രത്തില്‍ കാണുന്ന
എന്റെ പ്രായമുള്ള കുട്ടികള്‍
ഇക്കാലത്ത് തോക്കുകള്‍ ചൂണ്ടുന്നു
കൊല്ലുന്നു
ഇടനിലക്കാരാരും ഇല്ലാതെ
അഭിനയമൊന്നുമല്ലാതെ
കളിക്കയാണെന്ന
മൂടുപടവുമില്ലാതെ തന്നെ
എനിക്കറിയില്ല
ഒരുപക്ഷേ, അവരായിരിക്കാം ശരി
തീര്‍ച്ചയായും കൂടുതല്‍ ഫലമുണ്ടാക്കുന്നത്
അവര്‍ തന്നെയാണ്
കൊല്ലണമെന്ന് ആഗ്രഹിക്കുന്നതിനു പകരം
അവര്‍ ശരിക്കും കൊല്ലുന്നു
മനുഷ്യത്വമെന്നു വിളിക്കപ്പെടുന്ന
ഈ ചാണകവളത്തിന്റെ ആയുധപ്പുര
മനോഹരമാണെന്നത്
എക്കാലത്തും നാമറിഞ്ഞിരുന്നു
ഫോട്ടോയിലുള്ളവര്‍ ആരുംതന്നെ
ജീവിച്ചിരിക്കുന്നുമില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com