ചിനാര്‍ മരങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍: കശ്മീരില്‍ അരങ്ങേറാന്‍ പോകുന്ന രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച്

ചിനാര്‍ മരങ്ങള്‍ കാവല്‍നില്‍ക്കുന്ന ആപ്പിളും പിയറും വിളയുന്ന ചരിത്രത്തിന്റെ സുഗന്ധവഴികള്‍ നിറഞ്ഞ സുന്ദരന്മാരുടേയും സുന്ദരിമാരുടേയും ഈ താഴ്വരയുടെ ഭാവി എന്തായിരിക്കും?
ചിനാര്‍ മരങ്ങള്‍ക്ക് തീപിടിക്കുമ്പോള്‍: കശ്മീരില്‍ അരങ്ങേറാന്‍ പോകുന്ന രാഷ്ട്രീയ കരുനീക്കങ്ങളെക്കുറിച്ച്


ച്ചവെയിലില്‍ ശ്രീനഗര്‍ ജ്വലിച്ചുനിന്നു. വിമാനമിറങ്ങുമ്പോള്‍ ടിന്‍ഷീറ്റുകള്‍ മേഞ്ഞ വീടുകളുടെ മേല്‍പ്പുരകള്‍ കത്തിച്ച വിളക്കുകള്‍പോലെ തിളങ്ങി. കശ്മീരിന്റെ അസാധാരണ കാഴ്ച വെളിവാക്കിയ കാലാവസ്ഥയായിരുന്നു എയര്‍പോര്‍ട്ടില്‍ അനുഭവപ്പെട്ടത്. 
എയര്‍പോര്‍ട്ടിനു പുറത്ത് നഗരം വിറങ്ങലിച്ചു നില്‍ക്കുന്നു. എങ്ങും യന്ത്രത്തോക്കേന്തിയ പട്ടാളക്കാരും കവചിത സൈനിക വാഹനങ്ങളുമാണ്. മണല്‍ച്ചാക്കുകള്‍ കൂട്ടിയുണ്ടാക്കിയ കൂടുകളില്‍നിന്ന് തോക്കിന്‍കുഴലുകള്‍ പുറത്തേക്ക് നീങ്ങുന്നു. സൗന്ദര്യത്തിന്റെ ഭൂമികയ്ക്ക് വന്യതയുടെ മുഖാവരണമിട്ടതുപോലുണ്ട്. തെരുവുകളില്‍ വാഹനങ്ങള്‍ ചൂടില്‍ കിതക്കുന്നു. 

താമസിക്കുന്ന ഹോട്ടലില്‍ കയറി സാധനങ്ങള്‍വെച്ച് മുഖം കഴുകി പുറത്തിറങ്ങി. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ ഇടപാടുകാരോട് ഉദാസീന മനോഭാവം. ഭക്ഷണം ലഭിക്കാന്‍ കാലതാമസമുണ്ടായി. ഓര്‍ഡര്‍ നല്‍കി ലഭിച്ച ഭക്ഷണത്തിന് ചൂടും സവിശേഷ സ്വാദുമുണ്ട്. കടകളിലെ ജോലിക്കാര്‍ എല്ലാവരും പുരുഷന്മാരാണ്. 

ജൂലൈ ഒടുവിലാണ് ഈ സുന്ദരഭൂമിയിലെത്തിയത്. നാടിന്റെ വടക്കേയറ്റത്ത് രണ്ട് രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാനമായ കശ്മീര്‍ എന്ന ഭൂമികയിലൂടെയാണ് ചരിത്രത്തിന്റെ സഞ്ചാരങ്ങള്‍ നടന്നത്. പട്ടുപാതയിലൂടെ പടയോട്ടങ്ങളും കുടിയേറ്റങ്ങളും കടന്നുവന്നു. പേര്‍ഷ്യയില്‍നിന്നും വണിക്കുകളും സഞ്ചാരികളും വന്നു. യൂറോപ്പിലേക്ക് യാത്രാപഥങ്ങള്‍ നീണ്ടു. അലക്സാണ്ടര്‍ ചക്രവര്‍ത്തി ഗ്രീസില്‍ നിന്നെത്തി രണ്ടുമാസത്തെ വേനല്‍ക്കാലമൊഴിച്ച് കട്ടിമഞ്ഞില്‍ ശരീരവും മുഖവുമൊളിപ്പിക്കുന്ന ഈ മനോഹര താഴ്വരയെ നോക്കി ജഹാംഗീര്‍ ചക്രവര്‍ത്തിയാണ് ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് അതിതാണ് എന്ന് പറഞ്ഞത്. 

നിഗൂഢമായ സൗന്ദര്യം ഒളിപ്പിച്ചുവയ്ക്കുന്ന ഈ മനോഹാര താഴ്വര രാഷ്ട്രീയ സംഘര്‍ഷങ്ങളാല്‍ പലപ്പോഴും അശാന്തമായി. യുദ്ധങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ കരുനീക്കങ്ങളും ഈ താഴ്വരയെ ശാന്തിയില്‍നിന്നകറ്റി. ജമ്മുവും കശ്മീരും ലഡാക്കുമായി നിലനിന്ന വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതിന് പല തവണ സംഘര്‍ഷങ്ങള്‍ ഏറ്റുവാങ്ങി. സ്ഥിരമായ പട്ടാള സാന്നിധ്യം താഴ്വരയുടെ ധവളിമയില്‍ ചോരപ്പാടുകള്‍ വീഴ്ത്തിയ സന്ദര്‍ഭങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ നിരവധിയുണ്ടായി. സുന്ദരികളും സുന്ദരന്മാരുമായ ജനങ്ങളുടെ നാട് കലാപഭൂമി എന്ന പേരില്‍ സ്ഥിരമായി പ്രതീകവല്‍ക്കരിക്കപ്പെട്ടു. സൈനിക നീക്കങ്ങള്‍ സ്ഥിരമായി നടമാടിയ മണ്ണില്‍ വേദനയും അമര്‍ഷവും സ്ത്രീകളുടേയും കുട്ടികളുടേയും നിസ്സഹായതയും സങ്കടവും പുകഞ്ഞു. 

റബീലും നിയാസുമാണ് സാരഥികളായി ഞങ്ങളെ നയിച്ചത്. പ്രതിമാസം 11,000 രൂപയാണ് ടെംപോ ട്രാവലര്‍ ഓടിക്കുന്നതിന് ഇരുവര്‍ക്കുമുള്ള പ്രതിഫലം. അതില്‍ 6,000 രൂപ കുട്ടിയുടെ സ്‌കൂള്‍ ഫീസിന് ഉള്ളതാണ്. രണ്ടുപേര്‍ക്കും ഓരോ കുട്ടികളാണ്. ശ്രീനഗറില്‍ നേരമിരുട്ടുന്നത് വൈകിട്ട് ഏഴര മണിക്കാണ്. പട്ടണമധ്യത്തിലുള്ള കശ്മീരിന്റെ കിരീടത്തിലെ രത്‌നം എന്നറിയപ്പെടുന്ന 26 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദാല്‍ തടാകത്തിലേക്കാണ് അവര്‍ ഞങ്ങളെ നയിച്ചത്. രണ്ടുപേര്‍ക്കിരിക്കാവുന്ന പുറകിലിരുന്ന് തോണിക്കാരന്‍ തുഴയുന്ന നൂറുകണക്കിന് ഷിക്കാരകള്‍ തടാകത്തിലെങ്ങും നിറഞ്ഞിട്ടുണ്ട്. വശങ്ങളില്‍ തടാകത്തിന്റെ ഓരത്തായി സ്ഥിരതാമസത്തിന് കെട്ടിയുറപ്പിച്ച ഹൗസ് ബോട്ടുകളും കാണാം. ഷിക്കാരവെള്ളത്തിന്റെ ഈടുവഴികളിലൂടെയും വിശാലമായ ഓളപ്പരപ്പുകളിലൂടെയും ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരമാണ് നമ്മെ നയിക്കുന്നത്. വശങ്ങളില്‍ പലയിടത്തും ഒഴുകുന്ന പൂന്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളുമുണ്ട്. ഷിക്കാരകളില്‍ വിവിധ കച്ചവടക്കാര്‍ നമ്മെ പിന്തുടരും. കുങ്കുമപ്പൂവ്, കരകൗശലവസ്തുക്കള്‍, കുല്‍ഫി, ചായ, കടികള്‍, തുണിത്തരങ്ങള്‍, മുറിച്ച പഴക്കഷണങ്ങള്‍ എന്നിങ്ങനെ ജലപ്പരപ്പില്‍ വച്ച് തന്നെയാണ് കച്ചവടം നടത്തുന്നത്. വശങ്ങളില്‍ കശ്മീരി കരകൗശല വസ്തുക്കളും വസ്ത്രങ്ങളും വില്‍പ്പനയ്ക്കുവച്ച ഷോറൂമുകളുമുണ്ട്. തോണിക്കാര്‍ക്ക് അവിടെ ഞങ്ങളെ കൊണ്ടുപോകാന്‍ വലിയ ഉത്സാഹമാണ്. 

ഇളംകാറ്റില്‍ ഹിമാലയന്‍ പര്‍വ്വതങ്ങളുടെ പാര്‍ശ്വഭാഗങ്ങളില്‍ നിബിഡമായി വളര്‍ന്ന പൈന്‍മരക്കാടുകള്‍ കണ്ട് ഉയരത്തിലുള്ള ശങ്കരാചാര്യ ക്ഷേത്രവും ദാല്‍ തടാകക്കരയിലുള്ള ഹസ്രത്ബാല്‍ പള്ളിയും കണ്ട് നടത്തുന്ന ഷിക്കാരയാത്ര നവ്യാനുഭൂതിയാണ് പ്രദാനം ചെയ്യുന്നത്. നിരവധി നവമിഥുനങ്ങളെയും ഷിക്കാരകളില്‍ കാണാം. കശ്മീരി വസ്ത്രങ്ങളണിഞ്ഞ് ഫോട്ടോ എടുത്ത് അപ്പോള്‍ത്തന്നെ പോളറൈസ് ക്യാമറ വഴി ലഭിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. മഞ്ഞുകാലത്ത് ദാല്‍ തടാകത്തിലെ ജലം മഞ്ഞുകട്ടയായി മാറുകയും വൃക്ഷങ്ങള്‍ മഞ്ഞിന്റെ ധവളാഭയില്‍ മുങ്ങുകയും ചെയ്യും. ഹബീബ് റഹ്മാന്‍ എന്ന തോണിക്കാരനോട് സീസണ്‍ എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ കാലാവസ്ഥ നല്ലതായതിനാല്‍ ഈ സീസണ്‍ തരക്കേടില്ലായിരുന്നു എന്ന് മറുപടി. കൂട്ടത്തിലെ ചെറുപ്പക്കാരായ ജിനേഷും നയനയും കശ്മീരി വസ്ത്രങ്ങള്‍ അണിഞ്ഞ് തനി കശ്മീരികളായി മാറി. 
രാത്രിയിലും തണുപ്പില്ലാതെ ഫാന്‍ ഇട്ടുറങ്ങേണ്ടിവന്ന ശ്രീനഗര്‍ ഞങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിച്ചു. കൊണ്ടുവന്ന ഷാളുകളും സ്വെറ്ററും വൃഥാവിലായോ എന്ന് സംശയമായി. 

പിറ്റേന്ന് സോനാമാര്‍ഗിലേക്കാണ് യാത്ര. ലേ-ലഡാക്കിലേക്കും അമര്‍നാഥിലേക്കും നീങ്ങുന്ന ദേശീയപാതയിലൂടെയാണ് പോകുന്നത്. നെല്‍പ്പാടങ്ങളും ചിനാര്‍, പൈന്‍ മരക്കാടുകളും ആപ്പിള്‍, പിയര്‍ തോട്ടങ്ങളും പിന്നീട് സ്വപ്നസദൃശമായ കലണ്ടര്‍ ചിത്രങ്ങള്‍ക്ക് ജീവന്‍വച്ച പോലുള്ള പ്രകൃതി പരിസരങ്ങളിലൂടെയാണ് യാത്ര. ശ്രീനഗറില്‍നിന്ന് കുറച്ചകലെ കാംഗനില്‍ മിലിട്ടറി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ നല്ല സിന്ധ് നന്ദി കളാകളാരവം മുഴക്കി തെളിഞ്ഞ ജലപ്രവാഹമായി കുത്തിയൊഴുകി വരുന്നു. വെള്ളത്തിന് നല്ല തണുപ്പാണ്. മറ്റെവിടെയും കാണാത്ത നീല, വയലറ്റ്, മഞ്ഞപ്പൂക്കളാണെവിടെയും പൂത്തുനില്‍ക്കുന്നത്. പട്ടാളക്കാരുടെ സാന്നിധ്യം പാടവരമ്പുകളില്‍ ഉള്‍പ്പടെ കാണാം. 

മലകള്‍ കയറുമ്പോള്‍ ചെറിയ തണുപ്പ് വരുന്നുണ്ട്. ഈ പാതയിലൂടെ കാര്‍ ഓടിച്ചുവന്ന അനുഭവം സംഘാംഗമായ നിതിനുണ്ട്. പട്ടാള ക്യാമ്പുകളും  അമര്‍നാഥ് തീര്‍ത്ഥാടകരുടെ ബേസിക് ക്യാമ്പും വഴിയോരത്ത് കാണാം. നൂറോളം കിലോമീറ്റര്‍ പിന്നിടുമ്പോള്‍ സോനാര്‍മാര്‍ഗമയി. സ്വര്‍ണ്ണത്തിന്റെ മൈതാനം എന്നറിയപ്പെടുന്ന സോനാമാര്‍ഗില്‍ പച്ച പുതച്ച മലനിരകളും ഇടയില്‍ വെള്ളിയുരുക്കി ഒഴിച്ചപോലുള്ള മഞ്ഞിന്‍പ്രവാഹങ്ങളുമുണ്ട്. രണ്ടു മാസം മാത്രമാണ് സോനാമാര്‍ഗ് മഞ്ഞില്‍നിന്ന് പുറത്തുവരിക. 


സമുദ്രനിരപ്പില്‍നിന്നും 2800 മീറ്റര്‍ ഉയരത്തിലുള്ള സോനാമാര്‍ഗില്‍ കുതിരക്കാരും വാഹനങ്ങളുടെ ഡ്രൈവര്‍മാരും യാത്രികരെ പരിസരകാഴ്ചകള്‍ കാണാന്‍ ക്ഷണിക്കുന്നു. ടാറ്റാ സുമോവിന് സോച്ചുലാ പാസും സീറോ പോയന്റും കാണാന്‍ 8000 രൂപയാണ് ആവശ്യപ്പെടുന്നത്. ആളൊന്നിന് 1100 രൂപ നിരക്കില്‍ വാടക നിശ്ചയിച്ച് 4 ടാറ്റാ സുമോ വണ്ടികളില്‍ ഞങ്ങള്‍ യാത്ര തുടങ്ങി. 
യാത്ര 2 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ മലയിടിഞ്ഞ് ഒന്നര മണിക്കൂര്‍ കാത്തിരിപ്പ് വേണ്ടിവന്നു. സോജിലാപാസ് വഴി വാഹനങ്ങള്‍ നിരനിരയായി അങ്ങോട്ടുമിങ്ങോട്ടും പോകുന്നു. ലേ-ലഡാക് യാത്രാപാതയാണിത്. കാര്‍ഗിലിലേക്ക് ഇവിടെനിന്ന് സുമാര്‍ 50 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഉള്ളത്. ഇളകിനില്‍ക്കുന്ന മലഞ്ചെരിവുകളിലൂടെ ചുറ്റിവളഞ്ഞ് പോകുന്ന ചുരം റോഡിലൂടെ ടോറസ് ലോറികള്‍ ഉള്‍പ്പെടെ സൈഡ് നല്‍കി അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന കാഴ്ച ശ്വാസമടക്കിപ്പിടിച്ചേ കാണാനാകൂ. ഇടയ്ക്കിടെ കല്ലുകള്‍ മുകളില്‍നിന്നിടിഞ്ഞ് വീഴുന്നുണ്ട്. മഴയില്ലാത്തത് ഏറെ ആശ്വാസകരമായി. പട്ടുപാതയിലൂടെ ചരിത്രത്തിന്റെ സുഗന്ധം കടന്നെത്തിയ ഈ വഴികളില്‍നിന്ന് ഹിമാലയ താഴ്വാരങ്ങളും നദീജലപ്രവാഹങ്ങളും സുന്ദരകാഴ്ചകളായി അനുഭവിക്കാം. 

2 മണിക്കൂര്‍ പിന്നിട്ട് സീറോ പോയന്റിലെത്തിയപ്പോള്‍ വിശാലമായ മലഞ്ചെരിവില്‍ സ്ഥിതി ചെയ്യുന്ന വലിയ ഗ്ലേസിയറിന്റെ മുന്നിലാണെത്തിയത്. ഐസ് സ്‌കൂട്ടറില്‍ സവാരിക്കും സ്‌കേറ്റിങ്ങിനും ഇവിടെ സൗകര്യമുണ്ട്. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ മഞ്ഞുപാളികളില്‍ വഴുക്കിവീഴുമെന്ന് അനുഭവിച്ച് അറിയാറായി. ഇവിടെനിന്ന് നോക്കിയാല്‍ ടൈഗര്‍ ഹില്ലും അമര്‍നാഥ് മലകളും കാര്‍ഗില്‍ മലകളും കാണാം. അമര്‍നാഥ് മലകളില്‍നിന്നുള്ള നീരൊഴുക്കാണ് ഗ്ലേസിയറായി പരിണമിച്ചിരിക്കുന്നത്. മഞ്ഞും തണുപ്പും ഇവിടെ അനുഭവിച്ചു. 3 മണിയോടെ താഴ്വരയെ വിജനമാക്കി യാത്രാസംഘങ്ങള്‍ സോജുലാപാസ് വഴി മടങ്ങി സോനാമാര്‍ഗിലെത്തി. 5 മണിക്ക് ഭക്ഷണം കഴിഞ്ഞ് കുതിച്ചുപാഞ്ഞാണ് കാംഗനിലെ മിലിട്ടറി ചെക്ക്‌പോസ്റ്റ് അടയ്ക്കുന്ന ആറര മണിക്ക് മൂന്ന് മിനിട്ടുള്ളപ്പോള്‍ എത്തിയത്. അല്ലെങ്കില്‍ അന്നുരാത്രി അവിടെ കുടുങ്ങിയത് തന്നെ. ചോളവും നെല്ലും കൃഷി ചെയ്യുന്ന വിശാലമായ പാടശേഖരങ്ങള്‍ താണ്ടി 7 മണിക്ക് ശ്രീനഗറിലെത്തി. 

വിഖ്യാതമായ ഹസ്രത്ബാല്‍ പള്ളി പേര്‍ഷ്യന്‍ അറേബ്യന്‍ വാസ്തുശില്പകലയുടെ പ്രതീകമാണ്. ഷാജഹാന്‍ എ.ഡി. 1634-ല്‍ പണികഴിപ്പിച്ച ഈ പള്ളിയില്‍ ഔറംഗസേബിന്റെ കാലത്ത് പ്രവാചകകേശം എത്തിയതായി പറയുന്നു. ദാല്‍ തടാകതീരത്തു സ്ഥിതിചെയ്യുന്ന പള്ളിയും പരിസരവും അതീവ മനോഹരമാണ്. പള്ളിക്കു പുറത്ത് ദാല്‍ തടാകത്തിലേക്ക് പടവുകള്‍ വെട്ടിയിറക്കിയിട്ടുണ്ട്. പള്ളിക്കു പുറത്തെ തെരുവില്‍ ഒരു കുടയുടെ വലിപ്പത്തില്‍ റൊട്ടി പൊരിച്ചെടുക്കുന്നു.

പിറ്റേന്ന് തുള്ളിക്കൊരു കുടം എന്ന മട്ടില്‍ പെയ്ത മഴയും ഇടിവെട്ടുമാണ് രാവിലെ എതിരേറ്റത്. പട്ടണമാകെ വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളത്തിലൂടെ പട്ടണം കടന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഗുല്‍മാര്‍ഗിലേക്കാണ് യാത്ര. വഴിയോരത്ത് ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ സൗകര്യമുണ്ട്. ഒരുതരം ഫാം ടൂറിസമാണിത്. അവിടെ ചായക്കടയും മറ്റ് സൗകര്യങ്ങളുമുണ്ട്. ആപ്പിള്‍ പഴുക്കുന്നതേയുള്ളു. സെപ്തംബറിലാണ് പറിക്കുന്നത്. കൃഷിക്കാര്‍ക്ക് ചെറിയ വിലയാണ് ലഭിക്കുന്നത്. 


ഗുല്‍മാര്‍ഗ് എന്നാല്‍ പുഷ്പങ്ങളുടെ മൈതാനം എന്നാണ് അര്‍ത്ഥം. സമുദ്രനിരപ്പില്‍നിന്ന് 2780 അടി ഉയരത്തിലാണ് ഈ ഹില്‍സ്റ്റേഷന്‍. നിരവധി ഇന്ത്യന്‍ സിനിമകള്‍ക്ക് പശ്ചാത്തല ഭൂമികയായി നിലകൊണ്ട ഗുല്‍മാര്‍ഗ് 2 മാസം മാത്രമേ മഞ്ഞില്‍നിന്ന് പുറത്തുവരികയുള്ളൂ. പന്ത്രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള അടിവാരത്തില്‍നിന്ന് ഗംബൂട്ടുകളും ഫര്‍കോട്ടുകളും വാടകയ്‌ക്കെടുത്താണ് ഗുല്‍മാര്‍ഗിലേക്ക് നീങ്ങുന്നത്. പുഷ്പങ്ങളുടെ വൈവിധ്യം മനോഹരമാക്കുന്ന പുല്‍മേടുകളും പൈന്‍, ചിനാര്‍, ദേവദാരു മരങ്ങളും കോടമഞ്ഞും താണ്ടി ഗുല്‍മാര്‍ഗിലേക്ക് നടത്തുന്ന യാത്ര ഹൃദ്യമാണ്. ഗുല്‍മാര്‍ഗ് ഭരിക്കുന്നത് കുതിരക്കാരാണ്. ഗൊണ്ടോള റൈസ് നടത്താനുള്ള കേബിള്‍ കാര്‍ സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം നടന്നോ കുതിരപ്പുറത്തോ പ്രത്യേക മോട്ടോര്‍വാഹനത്തിലോ പോകാം. ഗുല്‍മാര്‍ഗില്‍നിന്ന് കോംഗ്ദൂരിലേക്കും അവിടെനിന്ന് 2-ാം ഘട്ടമായ അഫ്രാവതിയിലേക്കും 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോടമഞ്ഞിലൂടെ നടത്തുന്ന കേബിള്‍ കാര്‍ യാത്ര ശ്വാസമടക്കിപ്പിടിച്ചേ സാധ്യമാവൂ. കാലാവസ്ഥ അനുവദിച്ചാല്‍ മാത്രമേ ഈ യാത്ര നടക്കുകയുള്ളൂ. ആദ്യഘട്ടം പിന്നിട്ട് കോംഗ്ദൂരിലെത്തിയപ്പോള്‍ കോടനിറഞ്ഞ് ഒന്നും കാണാതായി. കേബിള്‍ കാര്‍ കയറിപ്പോകുന്ന വഴിയില്‍ ചെമ്മരിയാടുകളെ മേയ്ക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ ഗ്രാമവും കുടിലുകളും കാണാനായി. 

കേബിള്‍ കാര്‍ തിരിച്ചിറങ്ങിവന്നപ്പോള്‍ മുന്നിലെത്തിയ കശ്മീരി കുടുംബവുമായി ചേര്‍ന്ന് ഫോട്ടോ എടുക്കാന്‍ പലര്‍ക്കും ആശയുണ്ടായി. നിറഞ്ഞ ചിരിയോടെ സൗഹൃദത്തിന് അതിര്‍ത്തികളില്ലെന്ന് സൂചിപ്പിച്ച് അവര്‍ ഫോട്ടോവിന് പോസ് ചെയ്തു. ഫോട്ടോയെടുത്ത് അഡ്വ. ശാന്തകുമാരിയേയും നന്ദിനിയേയും കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കാനും അവര്‍ മറന്നില്ല. 
ഗുല്‍മാര്‍ഗില്‍ നിന്നിറങ്ങുമ്പോള്‍ കവചിത സൈനിക വാഹനങ്ങള്‍ നിരനിരയായി മുകളിലേക്ക് നീങ്ങുന്നു. അന്തരീക്ഷത്തിനു മുന്‍പില്ലാത്ത പിരിമുറുക്കം കൈവരുന്നു. ആപ്പിള്‍ തോട്ടങ്ങള്‍ക്കരികിലൂടെ തിരിച്ച് ശ്രീനഗറിലേക്ക്. 

ശ്രീനഗറിലെ ശങ്കരാചാര്യര്‍ സ്ഥാപിച്ച ശിവക്ഷേത്രം കുന്നിന്‍മുകളിലാണ്. വാഹനം കുറേ ദൂരം സഞ്ചരിച്ചശേഷം 400 പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍. വൃത്താകൃതിയിലുള്ള ശ്രീകോവിലിനു പുറത്ത് ഷഡ്‌കോണാകൃതിയില്‍ മതിലാവരണം തീര്‍ത്തിട്ടുണ്ട്. സാളഗ്രാമംകൊണ്ടുണ്ടാക്കിയ ശിവപ്രതിഷ്ഠയാണ്. ഷാജഹാന്‍ പുതുക്കിപ്പണിത ഈ ക്ഷേത്രം പുരാവസ്തുവകുപ്പ് സംരക്ഷിക്കുന്നു. ശ്രീനഗറിന്റെ ആകാശക്കാഴ്ച ക്ഷേത്രത്തില്‍നിന്ന് കാണാം. പഞ്ചാബുകാരനായ അമിത്സിംഗും കുടുംബവും പായസം വച്ച് എല്ലാവര്‍ക്കും നല്‍കി. ഞങ്ങള്‍ ശങ്കരാചാര്യരുടെ നാട്ടില്‍നിന്നാണ് എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് സാക്ഷരതയുണ്ട്. രാഷ്ട്രീയ പ്രതിബദ്ധതയുണ്ട് അതിനാല്‍ മോദിതരംഗം തടഞ്ഞുനിറുത്തി എന്ന് പ്രതികരണം. ഒപ്പം നിറുത്തി ഫോട്ടോ എടുത്തേ അവര്‍ വിട്ടുള്ളു. 

അടുത്ത ദിവസം പൂന്തോട്ടങ്ങള്‍ കാണാന്‍ നീക്കിവച്ചു. ശ്രീനഗര്‍ പൂന്തോട്ടങ്ങളുടെ നഗരമാണ്. മുഗള്‍ഭരണകാലത്ത് തീര്‍ത്ത പൂന്തോട്ടങ്ങളാണ് എല്ലാം. വലിപ്പത്തില്‍ വലിയത് ഷാലിമാറാണ്. നൂറേക്കറില്‍ സ്ഥിതിചെയ്യുന്ന ഷാലിമാറും രണ്ടാമത്തെ വലിയ തോട്ടമായ നിഷാദ്ബാഗും നല്ല നിലയിലാണ് സംരക്ഷിച്ചു നിറുത്തിയിരിക്കുന്നത്. ചിനാര്‍മരങ്ങള്‍ എവിടെയുമുണ്ട്. നിഷാദ്ബാഗ് ദാല്‍ തടാകക്കരയിലാണ്. ചഷ്മഷാഹി പൂന്തോട്ടം ഷാജഹാന്‍ പണികഴിച്ചതാണ്. നിഷാദ്ബാഗ് 1633-ല്‍ നൂര്‍ജഹാന്റെ ജ്യേഷ്ഠന്‍ ആസിഫ്ഖാന്‍ പണിതീര്‍ത്തതാണ്. ഷാലിമാര്‍ 1619-ല്‍ ജഹാംഗീര്‍, പന്തി നൂര്‍ജഹാനുവേണ്ടി പണികഴിപ്പിച്ചതാണ് പരമ്പരാഗത കശ്മീരി വസ്ത്രങ്ങള്‍ അണിഞ്ഞ് ഫോട്ടോ എടുക്കുന്നവര്‍ക്ക് നല്ല തിരക്കാണ്. കൗതുകം കൊണ്ട് പലരും ഫോട്ടോ എടുത്തു. ഉച്ചഭക്ഷണം കഴിഞ്ഞ് എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. ഇന്ന് ആഗസ്റ്റ് 2 ആണ്. റോഡില്‍ പട്ടാളവണ്ടികളുടെ ആധിക്യം. എയര്‍പോര്‍ട്ടിനു പുറത്ത് കര്‍ശന പരിശോധനകള്‍ക്കുശേഷമാണ് ഉള്ളില്‍ കയറുന്നത്.

വിമാനം ബോംബെയിലിറങ്ങിയപ്പോഴാണ് വാര്‍ത്താവിനിമയ ബന്ധങ്ങള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. കശ്മീരില്‍ പോസ്റ്റ് പെയ്ഡ് ഫോണുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതൊട്ട് ലഭിക്കുകയുമില്ല എന്ന അവസ്ഥയായിരുന്നു. ഹോട്ടല്‍ മുറികളിലെ വൈഫൈ സംവിധാനവും ദുര്‍ബ്ബലമായിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനവഴികളില്‍ സ്‌ഫോടനവസ്തുക്കള്‍ കണ്ടതിനെത്തുടര്‍ന്ന് യാത്ര നിറുത്തിയെന്നും യാത്രികരും വിനോദസഞ്ചാരികളും കശ്മീര്‍ വിട്ടുപോകണമെന്ന അധികൃതരുടെ അറിയിപ്പ് മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് നാട്ടില്‍നിന്ന് പലരും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com