ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും കെടി ജലീല്‍ മത മൗലിക ലോക വീക്ഷണത്തിന്റെ പിടിയില്‍ തന്നെ

തന്റെ അറിവ് ലേഖനത്തില്‍ ജലീല്‍ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ല. അതേസമയം, കൂടുതല്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുപായിക്കാന്‍ അദ്ദേഹം മടിക്കുകയും ചെയ്യുന്നു
ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും കെടി ജലീല്‍ മത മൗലിക ലോക വീക്ഷണത്തിന്റെ പിടിയില്‍ തന്നെ

സി.പി.എമ്മിന്റെ ഔദ്യോഗിക നാവായ ദേശാഭിമാനി പത്രം പത്തുവര്‍ഷം മുന്‍പ് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇടതുമുന്നണി സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കെ കിനാലൂര്‍ വ്യവസായ കേന്ദ്രത്തിനു നേരെ ജമാഅത്തിന്റെ യുവജനവിഭാഗമായ സോളിഡാരിറ്റി പ്രക്ഷോഭരംഗത്തിറങ്ങിയ സന്ദര്‍ഭത്തിലായിരുന്നു അത്. മൗദൂദിസ്റ്റ് പ്രസ്ഥാനത്തിന്റെ മതമൗലികതയും വര്‍ഗ്ഗീയതയും ജനവിരുദ്ധതയുമൊക്കെ തുറന്നു കാട്ടുകയായിരുന്നു പരമ്പരയുടെ ലക്ഷ്യം. ജനങ്ങള്‍ അസ്പൃശ്യത കല്‍പ്പിക്കേണ്ട കൊടുംവര്‍ഗ്ഗീയ പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്ലാമിയെന്നു ദേശാഭിമാനി അന്നു പറഞ്ഞുവെച്ചു.

ഒരു ദശകത്തിന്റെ ഇടവേളയ്ക്കുശേഷം ഇപ്പോള്‍ വീണ്ടുമിതാ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പത്രത്തില്‍ ജമാഅത്ത് (മൗദൂദിസ) വിമര്‍ശനം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 17, 18 തീയതികളില്‍ അച്ചടിച്ചുവന്ന ഇപ്പോഴത്തെ വിമര്‍ശനത്തിനു ഒരു പ്രത്യേകതയുണ്ട്. മുന്‍ വിമര്‍ശന പരമ്പരയില്‍ ഭാഗഭാക്കായ എഴുത്തുകാരില്‍ മൗദൂദിസ്റ്റ് പശ്ചാത്തലത്തില്‍ നിന്നുവന്ന ആരുമുണ്ടായിരുന്നില്ല. പുതിയ വിമര്‍ശനത്തിന്റെ രചയിതാവ് മൗദൂദിസ്റ്റ് പശ്ചാത്തലത്തില്‍നിന്നു വന്നയാളാണ്. ഇടതു മുന്നണി മന്ത്രിസഭയില്‍ അംഗമായ കെ.ടി. ജലീലാണ് പുതയ വിമര്‍ശകന്‍. ഗോള്‍വര്‍ക്കറേയും മൗദൂദിയേയും താരതമ്യപ്പെടുത്തിക്കൊണ്ടും യഥാക്രമം അവരുടെ കൃതികളായ 'വിചാരധാര'യുടേയും 'ഖുത്തുബാത്തി'ന്റേയും സദൃശതയിലേയ്ക്ക് വിരല്‍ചൂണ്ടിക്കൊണ്ടുമാണ് ജലീല്‍ കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. 
മൗദൂദിസ വിമര്‍ശനം നടത്താന്‍ എന്തുകൊണ്ടും യോഗ്യനാണ് കെ.ടി. ജലീല്‍. അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമം ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി-യയുവജന വിഭാഗമായി 1977 ഏപ്രില്‍ 25-നു പിറവികൊണ്ട 'സിമി'യുമാണ്. (ഇതേ സിമിയാണ്  പില്‍ക്കാലത്ത് മെറ്റമോര്‍ഫോസിസ് വഴി 'പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ'യായി ഭാവപ്പകര്‍ച്ച നേടിയതെന്ന വസ്തുത സാന്ദര്‍ഭികമായി ഓര്‍ക്കാം). 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ചുമരെഴുത്ത് സിമി നാടാകെ നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ജലീല്‍. അദ്ദേഹം പഠിച്ചതാകട്ടെ മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി എന്നുദ്‌ഘോഷിച്ച ജമാഅത്തെ ഇസ്ലാമിക്കാരുടെ അറബി കോളേജിലാണു താനും. മൗദൂദിസ്റ്റ് പ്രസ്ഥാനത്തിന്റെ അടുക്കള (അരമന) രഹസ്യങ്ങളെല്ലാം അദ്ദേഹത്തിനു നന്നായി അറിയാനുള്ള സാധ്യതയുണ്ടെന്നു സാരം.

തന്റെ അറിവ് ജലീല്‍ ദേശാഭിമാനി ലേഖനത്തില്‍ ഉപയോഗപ്പെടുത്താതിരുന്നിട്ടില്ല. മൗദൂദിസത്തിന്റെ ഉള്‍ക്കാമ്പ് ജനാധിപത്യ നിഷേധത്തിലും മതനിരപേക്ഷ വിരുദ്ധതയിലുമധിഷ്ഠിതമായ  ഇസ്ലാമിക രാഷ്ട്രവാദമാണെന്നു അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. അവിഭജിത ഇന്ത്യയില്‍ 1941-ല്‍ നിലവില്‍ വന്ന ജമാഅത്തെ ഇസ്ലാമി രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍നിന്നു വിട്ടുനില്‍ക്കുക മാത്രമല്ല, അത്തരം വിട്ടുനില്‍പ്പിന് ''ഇസ്ലാമിക' ന്യായീകരണം ചമയ്ക്കുക കൂടി ചെയ്തു എന്ന് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സ്വതന്ത്രഭാരതം നിലവില്‍ വന്നശേഷം ആദ്യ ദശകങ്ങളില്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അവിഭക്ത ഭാഗമായ പൊതു തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്ലിങ്ങളെ മതേതര ഇന്ത്യയുടെ മുഖ്യധാരയില്‍നിന്നു അകറ്റിനിര്‍ത്താന്‍ അഹോരാത്രം ശ്രമിക്കുകയും ചെയ്ത ജമാഅത്തെ ഇസ്ലാമി പില്‍ക്കാലത്ത് സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി (വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയതിലെ വൈരുദ്ധ്യത്തിലേയ്ക്കും കാപട്യത്തിലേയ്ക്കും കൈചൂണ്ടുകയും ചെയ്തിട്ടുണ്ട് ലേഖകന്‍.

അതേസമയം ജമാഅത്തെ ഇസ്ലാമിയെ അല്പം വെള്ളപൂശാനുള്ള ശ്രമവും ജലീല്‍ നടത്തിയിട്ടുണ്ടെന്നതാണ് കൗതുകകരം. ആര്‍.എസ്.എസ്സിനേയും ജമാഅത്തിനേയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായി വിലയിരുത്തിയ വിമര്‍ശകന്‍ മറ്റൊരിടത്ത് പറയുന്നു, ജമാഅത്തെ ഇസ്ലാമിക്കാര്‍ ആര്‍.എസ്.എസ്സുകാരെപ്പോലെ അക്രമാസക്തരല്ല എന്ന്. വസ്തുതകളുമായി ഒത്തുപോകാത്ത ഇമ്മട്ടിലൊരു 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' മൗദൂദിസ്റ്റ് സംഘടനയ്ക്ക് നല്‍കാന്‍ വിമര്‍ശകനെ പ്രേരിപ്പിച്ച ചേതോവികാരമെന്തായാലും യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണുചിമ്മുകയാണദ്ദേഹം ചെയ്യുന്നതെന്നു പറഞ്ഞേ തീരൂ.

വസ്തുതകളുടെ തമസ്‌കരണവും

ഇന്ത്യയില്‍ രണ്ട് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചുപോരുന്നുണ്ട്. ഒന്ന്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് (ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി). രണ്ട്, കശ്മീര്‍ ജമാഅത്തെ ഇസ്ലാമി. ഒരേ സംഘടന ഒരേ രാജ്യത്ത് രണ്ടുപേരില്‍ പ്രവര്‍ത്തിക്കുന്നതിലെ 'യുക്തി' ജലീലിന് അറിയാതിരിക്കാന്‍ വഴിയില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശം എന്ന നിലയില്‍ കശ്മീര്‍ താഴ്വരയില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത് തികഞ്ഞ ആക്രാമക ശൈലിയിലാണ്. ഇക്കാര്യം മൗദൂദിസ്റ്റ് വാരികയായ പ്രബോധനം പ്രസിദ്ധപ്പെടുത്തിയ 'ജമാഅത്തെ ഇസ്ലാമിയുടെ 50-ാം വാര്‍ഷികം വിശേഷാല്‍ പതിപ്പി'ല്‍ വന്ന ലേഖനത്തില്‍ വെളിപ്പെടുത്തപ്പെട്ടതുമാണ്. കശ്മീര്‍ ജമാഅത്തിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ 'ജംഇയ്യത്തുത്തുലബ' 1980-കളില്‍ മുഴക്കിയ മുദ്രാവാക്യം മതി  അവരുടെ ആക്രമണോത്സുകതയ്ക്ക് തെളിവായി. 'ഇന്ത്യന്‍ പട്ടികള്‍ കശ്മീര്‍ വിടുക' എന്നതായിരുന്നു അവര്‍ മുഴക്കിയ മുദ്രാവാക്യം. തങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യക്കാര്‍ എന്ന നിലയില്‍ കശ്മീരില്‍ ജീവിക്കുന്ന സൈനികരടക്കമുള്ളവര്‍ സ്ഥലം വിട്ടുകൊള്ളണമെന്നുമായിരുന്നു മൗദൂദിസ്റ്റ് കുഞ്ഞാടുകള്‍ ആക്രോശിച്ചത്.

കശ്മീരിനു വെളിയില്‍ ഇന്ത്യന്‍ യൂണിയന്റെ ഇതര ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരും ജലീല്‍ പറയുന്നതുപോലെ അത്ര സമാധാനപ്രിയരൊന്നുമല്ല. 1979-ല്‍ ജാംഷെഡ്പൂരില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ ആര്‍.എസ്.എസ്സിന്റെയെന്നപോലെ ജമാഅത്തെ ഇസ്ലാമിയുടേയും പങ്ക് ആ കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് ജിതേന്ദ്ര നാരായണ്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വര്‍ഗ്ഗീയ കലാപങ്ങളെ തങ്ങള്‍ക്കു വളരാനുള്ള 'സുവര്‍ണ്ണാവസര'മായി മൗദൂദിസ്റ്റ് സംഘടന പ്രയോജനപ്പെടുത്തിപ്പോന്നതിനെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പലപ്പോഴും എഴുതിയ കാര്യവും ഇവിടെ അനുസ്മരിക്കാവുന്നതാണ്.

ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ജമാഅത്തെ ഇസ്ലാമി എന്നതും വിമര്‍ശകനു അറിയാവുന്ന കാര്യമാണ്. പാകിസ്താനിലും ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്ന മൗദൂദിസ്റ്റ് സംഘടന എത്രമാത്രം ഹിംസാത്മകവും അക്രമാസക്തവുമാണെന്നതിന്റെ തെളിവുകളിലൊന്നാണ് 1953-ല്‍ പാകിസ്താനില്‍ ആ സംഘടന അഹമ്മദിയ്യ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ കലാപം. 1971-ല്‍ ശെയ്ഖ് മുജീബു റഹ്മാന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടന്ന വിമോചന പ്രക്ഷോഭനാളുകളില്‍ പാകിസ്താന്‍ സൈനികരോടൊപ്പം ചേര്‍ന്നു അന്നാട്ടിലെ സ്വാതന്ത്ര്യദാഹികള്‍ക്കെതിരെ മൗദൂദിസ്റ്റുകള്‍ അഴിച്ചുവിട്ട  നരനായാട്ടാണ് മറ്റൊരു തെളിവ്. ചോരക്കൊതിയില്‍ ജമാഅത്തെ ഇസ്ലാമികള്‍ ഒട്ടും പിന്നിലല്ലെന്നു സാക്ഷ്യപ്പെടുത്തുന്ന മേല്‍ സംഭവങ്ങള്‍ക്കു പുറമെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്താനിലും ബംഗ്ലാദേശിലും സ്വതന്ത്രചിന്തകള്‍ക്കു നേരെ മൗദൂദിസ്റ്റുകള്‍ പുലര്‍ത്തിവരുന്ന ഭ്രാന്തമായ രോഷവും അസഹിഷ്ണുതയും മുന്‍ സിമി പ്രവര്‍ത്തകനായ ജലീല്‍ മറച്ചു പിടിക്കുന്നു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രികൂടിയായ വിമര്‍ശകന്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും പരമാചാര്യനുമായ അബുല്‍ അഅ്ല മൗദൂദിയുടെ ആശയങ്ങള്‍ എത്രമേല്‍ ഭീകരവാദോല്‍പാദകമാണെന്ന  ഇരുണ്ട വസ്തുതയ്ക്ക് നേരെയും കണ്ണടയ്ക്കുകയാണ്. ചുരുങ്ങിയത്, 2014 സെപ്റ്റംബര്‍ ഒന്‍പതിന് ബ്രിട്ടീഷ് പത്രമായ 'ഗാര്‍ഡിയനി'ല്‍ കെവിന്‍ മെക്‌ഡൊണാള്‍ഡ് വെളിപ്പെടുത്തിയ കാര്യങ്ങളെങ്കിലും അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു. വര്‍ത്തമാന ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയായ 'ഇസ്ലാമിക് സ്റ്റെയ്റ്റ് ഓഫ് ഇറാഖ്  ആന്‍ഡ് സിറിയ' (ISIS)യുടെ അമരക്കാരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 2014 ജൂലായില്‍ ഖിലാഫത്ത് പ്രഖ്യാപിച്ചുകൊണ്ട് മൊസൂളിലെ അല്‍ നൂരി മസ്ജിദില്‍ നടത്തിയ പ്രസംഗത്തില്‍ സമൃദ്ധമായി ഉദ്ധരിച്ചത് മൗദൂദിയെയായിരുന്നു എന്നു മെക്‌ഡൊണാള്‍ഡ് വ്യക്തമാക്കുന്നു. ഇസ്ലാമിക് സ്റ്റെയ്റ്റ് (ഇസ്ലാമിക രാഷ്ട്രം) എന്ന സമകാലിക സംജ്ഞയുടെ ഉപജ്ഞാതാവായ മൗദൂദിയുടെ ആശയങ്ങളാല്‍ അതിഗാഢമായി സ്വാധീനിക്കപ്പെട്ട ഭീകരവാദിയാണ് ബാഗ്ദാദി എന്നു കൂടി കെവിന്‍ മെക്‌ഡൊണാള്‍ഡ് എടുത്തു പറയുന്നുണ്ട്.

മൗദൂദിയന്‍ ചിന്തകളില്‍ തീവ്രജിഹാദിസം ഒരനിഷേധ്യ യാഥാര്‍ത്ഥ്യമായിരിക്കേ ജമാഅത്തെ ഇസ്ലാമി ആര്‍.എസ്.എസ്സിനെപ്പോലെ അക്രമാസക്തമല്ല എന്നു ജലീല്‍ എഴുതുമ്പോള്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്? മൗദൂദിസ്റ്റ് പ്രസ്ഥാനത്തോടും അതിന്റെ 'കോന്തല സംഘടന'കളോടും ഒരു 'സോഫ്റ്റ് കോര്‍ണര്‍' അദ്ദേഹം ഇപ്പോഴും വെച്ചുപുലര്‍ത്തുന്നു എന്നുതന്നെ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മൗദൂദിസ്റ്റ് സിമിയില്‍നിന്നു എം.എസ്.എഫിലേക്കും യൂത്ത് ലീഗിലേക്കും അവിടെനിന്നു ഇടതുമുന്നണിയിലേക്കും ചേക്കേറിയ ജലീല്‍ ലോകവീക്ഷണപരമായി ഒട്ടും മാറിയിട്ടില്ല. ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും മതമൗലിക ലോകവീക്ഷണത്തിന്റെ പിടിയില്‍ തന്നെയാണദ്ദേഹം. അതുകൊണ്ടാണ് കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി മുസ്ലിം ചെറുപ്പക്കാര്‍ കമ്യൂണിസ്റ്റ് ചേരിയിലെത്താതിരിക്കാന്‍ നടത്തുന്ന കഠിനയത്‌നങ്ങളെപ്പറ്റി അദ്ദേഹം മിണ്ടായിരിക്കുന്നത്. ഒരു വശത്ത് ആത്മീയതയും (മരണാനന്തര സ്വര്‍ഗ്ഗം) മറുവശത്ത് ഭൗതികതയും (വീട് നിര്‍മ്മാണ സഹായം, സഹോദരിയുടെ വിവാഹ നടത്തിപ്പ്, വിദേശജോലി സമ്പാദനം) സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കമ്യൂണിസത്തിലേക്ക് വഴുതാവുന്ന മുസ്ലിം യുവതയെ മൗദൂദിസ്റ്റുകള്‍ സ്വചേരിയില്‍ പിടിച്ചു നിര്‍ത്തുന്നത്. കേരളത്തിലിരുന്നു ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്ന ലേഖകന്‍ ഈ മൗദൂദിസ്റ്റ് കുടിലതന്ത്രം എന്തേ തമസ്‌കരിച്ചത്?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com