നടന്നും സൈക്കിള്‍ ചവിട്ടിയും ട്രക്കിനുള്ളില്‍ ഒളിച്ചിരുന്നും അവര്‍ യാത്രയിലാണ്; പ്രഖ്യാപിക്കപ്പെടുന്ന പാക്കേജുകളിലൊന്നും ഇല്ലാത്തവര്‍

സ്വന്തം വീടുകളിലേക്കുള്ള രക്ഷപ്പെടലിനിടയില്‍ റോഡില്‍ മരിച്ചുവീഴുന്ന മനുഷ്യരാണ് ഈ ലോക്ഡൗണിലെ ദയനീയകാഴ്ച
അഹമ്മദാബാദിൽ റെയിൽവേ ട്രാക്കിലൂടെ നടന്ന വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ
അഹമ്മദാബാദിൽ റെയിൽവേ ട്രാക്കിലൂടെ നടന്ന വീടുകളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ

സ്വന്തം വീടുകളിലേക്കുള്ള രക്ഷപ്പെടലിനിടയില്‍ റോഡില്‍ മരിച്ചുവീഴുന്ന മനുഷ്യരാണ് ഈ ലോക്ഡൗണിലെ ദയനീയകാഴ്ച. പണിയില്ലാതെ, വരുമാനമില്ലാതെ പട്ടിണിയിലായിപ്പോയ ആയിരക്കണക്കിനു പേരാണ് രാജ്യത്തെ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നത്. നടന്നും സൈക്കിള്‍ ചവിട്ടിയും ട്രക്കിനുള്ളില്‍ ഒളിച്ചിരുന്നും സ്വന്തം നാടുകളിലേക്കുള്ള യാത്രയിലാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടിയേറ്റത്തൊഴിലാളികള്‍. ഒരു ഭരണാധികാരിയും ഈ ജീവിതങ്ങള്‍ ചര്‍ച്ചയാക്കുന്നില്ല. പ്രഖ്യാപിക്കപ്പെടുന്ന പാക്കേജുകളിലൊന്നും ഇവരുടെ ദുരന്തങ്ങള്‍ വിഷയമാകുന്നുമില്ല. ഒളിച്ചും പാത്തും സ്വന്തം നാടുകളിലേക്ക് കടക്കുമ്പോള്‍ പലയിടങ്ങളിലും പൊലീസിന്റെ ക്രൂരതകള്‍ക്കും ഇരയാകേണ്ടിവരുന്നു. ഇതിനുപുറമെ അപകടമരണങ്ങളും. മാര്‍ച്ച് 24-ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം മെയ് പകുതിവരെയുള്ള കണക്കില്‍ 139 കുടിയേറ്റത്തൊഴിലാളികളാണ് പലായനങ്ങള്‍ക്കിടെ അപകടത്തില്‍ മരിച്ചത്. ട്രക്കുകള്‍ കൂട്ടിയിടിച്ചും ട്രയിനിടിച്ചും നിരത്തില്‍ വാഹനങ്ങള്‍ പാഞ്ഞുകയറിയും ഭക്ഷണം കിട്ടാതെ തളര്‍ന്നുവീണും ജീവന്‍ പൊലിയുകയാണ്. ഇതിനിടയിലും ആളുകള്‍ യാത്ര തുടരുകയാണ്. 

അപകടങ്ങള്‍ തുടര്‍ക്കഥ

ആയിരത്തിലധികം കിലോമീറ്റര്‍ ദൂരെയുള്ള സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോകുകയായിരുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് മേലെയാണ് മഹാരാഷ്ട്രയില്‍ ഗുഡ്സ് ട്രെയിന്‍ കയറിയിറങ്ങിയത്. 20 പേരുണ്ടായിരുന്ന സംഘത്തിലെ 16 പേരും മരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. 40 കിലോമീറ്ററോളം റോഡ് വഴി നടന്നശേഷം രാത്രി ഔറംഗാബാദിനടുത്ത് റെയില്‍വെ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന ഇവരെ ട്രെയിനിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ഇരുപതിനും മുപ്പതിനുമിടയില്‍ പ്രായമുള്ളവരാണ്. മഹാരാഷ്ട്രയിലെ ജാല്‍നയില്‍ സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളികളാണിവര്‍. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണിയില്ലാതായി. 

തൊഴിലാളികള്‍ക്കെല്ലാം ശമ്പളം കൊടുക്കണമെന്ന് സര്‍ക്കാരുകള്‍ വാക്കാല്‍ പറയുന്നുണ്ടെങ്കിലും അതെവിടെയും പാലിക്കപ്പെടുന്നില്ല എന്നതും വ്യക്തമാണ്. രണ്ടുമാസമായി ഇവര്‍ക്കു ശമ്പളമില്ല. കയ്യില്‍ ഉണ്ടായിരുന്ന പൈസ തീര്‍ന്നു. ഭക്ഷണംപോലും കിട്ടാതെ പട്ടിണിയിലായി. എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാനുള്ള വഴിയെങ്കിലും ഉണ്ടാക്കിത്തരണമെന്ന് കോണ്‍ട്രാക്ടറോട് അപേക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഈ ദുരിതകാലത്ത് ഇവരെ സമീപിച്ചില്ല. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കണം എന്ന കാര്യവും ഇവര്‍ക്കറിയില്ലായിരുന്നു. മുന്നില്‍ ഒറ്റ വഴിയേ ഉള്ളൂ- വീട്ടിലേക്ക് നടക്കുക. 

മരിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് വീടുകളിലേക്കു വിളിച്ച് ഇവരില്‍ പലരും ദുരിതങ്ങള്‍ പങ്കുവെച്ചിരുന്നു. പട്ടിണിയാണെന്നും ഭക്ഷണം കഴിച്ചില്ലെന്നും വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള കുറെ ദൂരം റെയില്‍വേ ട്രാക്ക് വഴി നടന്നുപോകാനായിരുന്നു ഉദ്ദേശിച്ചത്. അതിനിടയില്‍ തളര്‍ന്നു കിടന്ന് ഉറങ്ങിപ്പോയതാണ്. പുലര്‍ച്ചെയായിരുന്നു അപകടം. ദിശതെറ്റാതെ നാടെത്താനും പൊലീസിന്റെ ചെക്കിംഗും ഒഴിവാക്കാനാണ് പലരും റെയില്‍പ്പാളം വഴിയുള്ള നടത്തം തെരഞ്ഞെടുക്കുന്നത്. അത്തരം ഒരു യാത്രയാണ് പകുതിവഴിയില്‍ ഈ ചെറുപ്പക്കാരുടെ ജീവനെടുത്തത്. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അന്വേഷണം പ്രഖ്യാപിച്ചു, നരേന്ദ്രമോദിയും മറ്റു നേതാക്കളും അനുശോചിച്ചു. എന്നാല്‍, അനുശോചനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമപ്പുറം ഇനിയും പലയിടങ്ങളില്‍ ബാക്കിയായ മനുഷ്യരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഇപ്പോഴും അപൂര്‍ണ്ണമാണ്. 

മറ്റൊരു വലിയ അപകടം ഉത്തര്‍പ്രദേശിലെ ഔരിയയില്‍ ട്രക്കും ലോറിയും കൂട്ടിയിടിച്ച് 25 കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചതാണ്. രാജസ്ഥാനില്‍നിന്നും വരികയായിരുന്ന ട്രക്കില്‍ 50 കുടിയേറ്റ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ജാര്‍ഖണ്ഡ്, യു.പി., പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ടവരായിരുന്നു ട്രക്കില്‍ കയറിപ്പറ്റിയത്. 15 പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സാധനങ്ങളുമായി അതിര്‍ത്തികടക്കുന്ന ട്രക്കുകളിലും ലോറികളിലുമാണ് തൊഴിലാളികള്‍ ഒളിച്ചിരുന്നു സ്വന്തം നാടുകളിലേക്കു പോകുന്നത്. പിടിക്കപ്പെട്ടാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലും മര്‍ദ്ദനവും പീഡനവും വേറെയുണ്ട്. അപകടം വലിയ വാര്‍ത്തയായതോടെ തൊഴിലാളികള്‍ വരുന്നത് തടയാന്‍ അതിര്‍ത്തി ജില്ലകള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. തൊഴിലാളികളുമായി വരുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനും നിര്‍ദ്ദേശമുണ്ട്. ഒപ്പം അരക്ഷിതമായ യാത്രാമാര്‍ഗ്ഗങ്ങള്‍ ആളുകള്‍ സ്വീകരിക്കരുത് എന്ന ഉപദേശം കൂടിയുണ്ട്. ആളുകള്‍ എന്തിനാണ് ഇങ്ങനെ അതിസാഹസികമായി യാത്രചെയ്ത് വീടുകളിലേക്ക് എത്തുന്നത് എന്ന് അധികാരികളില്‍ പലര്‍ക്കും ഇപ്പോഴും ബോധ്യം വന്നിട്ടില്ല. ഇവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ബസ് ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ആയിരക്കണക്കിനു തൊഴിലാളികള്‍ക്ക് തീര്‍ത്തും അപര്യാപ്തമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍.

ഹൈദരാബാദില്‍നിന്നും യു.പി.യിലേക്ക് മാങ്ങകളുമായി കയറ്റിയെത്തിയ ട്രക്ക് മറിഞ്ഞപ്പോള്‍ മരിച്ചത് അഞ്ച് കുടിയേറ്റ തൊഴിലാളികളാണ്. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ട്രക്കില്‍ സാധനങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയിരുന്നു ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് വരികയായിരുന്നു ആ തൊഴിലാളികള്‍. പഞ്ചാബില്‍നിന്നും ബിഹാറിലേക്ക് കാല്‍നടയായി പോകുകയായിരുന്ന തെഴിലാളികള്‍ക്കുമേല്‍ സര്‍ക്കാര്‍ ബസ് പാഞ്ഞുകയറി മരിച്ചത് ആറുപേരാണ്. മഹാരാഷ്ടയില്‍നിന്നും ഉത്തര്‍പ്രദേശിലേക്ക് നടന്നുപോകുകയായിരുന്ന മൂന്നു പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെയാണ് മരിച്ചുവീണത്. 40 ഡിഗ്രിക്ക് മുകളിലാണ് ഉത്തരേന്ത്യയിലെ ചൂട്. ബീഹാറില്‍നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന മൂന്നു പേര്‍ തെലങ്കാനയിലും വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് മാത്രം 2000 വാഹനാപകടങ്ങള്‍ രാജ്യത്തുണ്ടായി എന്നാണ് കണക്ക്.

വീട്ടിലേക്കുള്ള വഴിയിലെ മരണം 

അപകടങ്ങളും മരണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്, ഒപ്പം പലായനവും. ലോക്ഡൗണ്‍ തുടങ്ങിയ ശേഷം മെയ് 16 വരെ രാജ്യത്ത് 139 കുടിയേറ്റത്തൊഴിലാളികളാണ് വീട്ടിലേക്കുള്ള മടക്കയാത്രയില്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ നടന്നെന്ന് റോഡപകടങ്ങളെക്കുറിച്ചു പഠിക്കുന്ന സംഘടനയായ സെയ് വ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുകള്‍ പറയുന്നു. അപകടങ്ങളോ മരണങ്ങളോ യാത്രയിലോ ബുദ്ധിമുട്ടുകളോ ആളുകളെ പിന്തിരിപ്പിക്കുന്നില്ല. അതിനേക്കാള്‍ വലുതാണ് വിശപ്പും നിസ്സഹായതയും.

രാജ്യത്തെ 14.3 ലക്ഷം കുടിയേറ്റത്തൊഴിലാളികള്‍ക്ക് 37,978 റിലീഫ് കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട് എന്നാണ് ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. 16.5 ലക്ഷം തൊഴിലാളികള്‍ക്ക് താമസവും ഭക്ഷണവും അവരവരുടെ തൊഴിലുടമകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍, തൊഴിലാളികളുടെ പരക്കംപാച്ചില്‍ കാണിച്ചുതരുന്നത് പാളിപ്പോയ സര്‍ക്കാര്‍ വാഗ്ദാനങ്ങളെയാണ്. അതിര്‍ത്തികള്‍ അടച്ചിട്ടുകൊണ്ടുള്ള ലോക്ഡൗണാണ് തുടക്കത്തില്‍ ഉണ്ടായത്. കുടിയേറ്റ പ്രശ്‌നം രൂക്ഷമായതോടെ മെയ് ഒന്നിനാണ് രാജ്യത്ത് ആദ്യത്തെ ശ്രമിക് ട്രെയിന്‍ ഓടിയത്. അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഇതുവരെ 1000 ട്രയിനുകളെങ്കിലും പല സംസ്ഥാനങ്ങളിലേക്കും ഓടിച്ചിട്ടുണ്ട്. ഏകദേശം 10 ലക്ഷം പേരെ അതത് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, 10 കോടിയിലധികം കുടിയേറ്റത്തൊഴിലാളികളുള്ള ഒരു രാജ്യത്ത് തീര്‍ത്തും അപര്യാപ്തമാണ് നിലവില്‍ ഒരുക്കിയ സൗകര്യങ്ങള്‍. തൊഴിലാളികളുടെ ദുരിതങ്ങള്‍ വലിയ വാര്‍ത്തയായതോടെ പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ കുടിയേറ്റത്തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന സര്‍വ്വീസുകള്‍ക്ക് പുറമെയാണിത്.

കൊറോണയുടെ പ്രതിരോധ പ്രവര്‍ത്തനത്തിനിടയില്‍ ഭരണാധികാരികള്‍ കുടിയേറ്റത്തൊഴിലാളികളുടെ തിരിച്ചുവരവിനെക്കുറിച്ച് ഓര്‍ത്തില്ല എന്നതാണ് സത്യം. കഷ്ടപ്പാടുകള്‍ സഹിക്കാന്‍ പറ്റാതെ നാടുവിട്ടിറങ്ങാന്‍ തുടങ്ങിയതോടെയാണ് 'ഇങ്ങനെയൊരു വിഭാഗ'ത്തിന്റെ ദുരിതം ചര്‍ച്ചകളില്‍ വരുന്നത്. പല ചര്‍ച്ചകള്‍ക്കൊടുവില്‍ പരിമിതമെങ്കിലും ബസുകളും ശ്രമിക് ട്രയിനുകളും ഓടിക്കാന്‍ തീരുമാനമെടുക്കുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു. മാത്രവുമല്ല, ആളുകളുടെ എണ്ണം കണക്കാക്കി, കൃത്യമായ രീതിയില്‍ ഒരു ഗതാഗത സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 

മറുനാട്ടില്‍നിന്നു വരുന്നവരെല്ലാം കൊറോണവാഹകരാണ് എന്നും സംസ്ഥാനത്ത് നിലവിലുള്ളവരെ രക്ഷപ്പെടുത്തുന്നതിനിടയില്‍ ഇവര്‍ വരുന്നത് അധികപ്പറ്റാണെന്നും ചില സംസ്ഥാനങ്ങള്‍ ചിന്തിക്കുന്നതും കാര്യങ്ങള്‍ വഷളാക്കുകയാണ്. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്ത് പത്തും പതിനഞ്ചും ദിവസം കാത്തിരുന്നിട്ടും ഫലമില്ലാതായ നിസ്സഹായരായ മനുഷ്യരാണ് പലായനം ചെയ്യുന്നവരില്‍ ഏറെപ്പേരും. ഇതിനൊന്നും വയ്യാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിനു മനുഷ്യര്‍ ഇപ്പോഴും പല സംസ്ഥാനങ്ങളിലുമുണ്ട്. സ്വന്തം വാഹനമോ വലിയതുക കൊടുത്ത് വാഹനങ്ങള്‍ ഏര്‍പ്പാടാക്കാന്‍ കഴിയുന്നവരോ മാത്രമാണ് ഇപ്പോഴും പല സംസ്ഥാനങ്ങളുടെയും അതിര്‍ത്തി കടക്കുന്നത്. 

ഭക്ഷണത്തിനു വേണ്ടിയും തിരിച്ചുപോകാനുള്ള സൗകര്യമേര്‍പ്പെടുത്താനും തൊഴിലാളികള്‍ പലയിടങ്ങളിലും കൂട്ടത്തോടെ ഇറങ്ങി പ്രതിഷേധിക്കുന്നുണ്ട്. കേരളത്തിലടക്കം ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ അഹമ്മദാബാദില്‍ തൊഴിലാളികളും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായി. എല്ലായിടത്തും ചെയ്തതുപോലെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് ഈ സംഭവത്തിലും ഉണ്ടായത്. പലതട്ടിലായി മനുഷ്യരുള്ള ഇന്ത്യപോലുള്ള ഒരു രാജ്യത്ത് എല്ലാവരെയും ഒരുപോലെ കണ്ടുള്ള ഒരു പ്രതിരോധപ്രവര്‍ത്തനം അസാധ്യമാണെന്നും പാടില്ലാത്തതാണെന്നും അധികാരികള്‍ക്കു മനസിലാവാന്‍ ഇനിയും എത്രനാള്‍ കൂടി വേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com