ഫ്രാന്‍സ്; കലയുടെ മഹാനഗരം എന്ന് ഉണരും?

കൊവിഡിനു മുന്നില്‍ ഫ്രാന്‍സ് പരിപാലിച്ചുപോന്ന ആരോഗ്യത്തിനുപോലും പിടിച്ചു നില്‍ക്കാനായില്ല
ലോകത്തിലെ ഏറ്റവും വലിയ കലാ മ്യൂസിയങ്ങളിലൊന്നാണ് പാരിസിലെ ലുവ്റ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫിലിപ്പ് രണ്ടാമൻ നിർമിച്ച ആയുധക്കലവറയാണ് പിന്നീട് മ്യൂസിയമാക്കി മാറ്റിയത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം മ്യൂസിയം പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു. കോവിഡ് 19 വ്യാപകമായ
ലോകത്തിലെ ഏറ്റവും വലിയ കലാ മ്യൂസിയങ്ങളിലൊന്നാണ് പാരിസിലെ ലുവ്റ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഫിലിപ്പ് രണ്ടാമൻ നിർമിച്ച ആയുധക്കലവറയാണ് പിന്നീട് മ്യൂസിയമാക്കി മാറ്റിയത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം മ്യൂസിയം പൊതു സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു. കോവിഡ് 19 വ്യാപകമായ

ലോകത്ത് കലയുടെ ഈറ്റില്ലം എന്നോ കളിത്തൊട്ടില്‍ എന്നോ വിശേഷിപ്പിക്കുന്ന ഇടം ഫ്രാന്‍സ് ആണ്. ഏതാണ്ട് 700 വര്‍ഷക്കാലമായി തുടര്‍ന്നുവരുന്ന കലാസപര്യയുടെ ഭാഗമായാണ് ലോകമെങ്ങുമുള്ള ജനതയെ ഒരേപോലെ ആകര്‍ഷിക്കുന്ന സാംസ്‌കാരിക ഭൂപരിസരമായി ഫ്രാന്‍സ് മാറിയത്. ഇത് ഫ്രാന്‍സിന്റെ ഉല്‍പ്പന്നമായ കലാകാരന്മാരുടെ മാത്രം കരവിരുതിന്റെ സമര്‍പ്പണം കൊണ്ട് സാധ്യമായതായിരുന്നില്ല. ഒട്ടേറെ ഇറ്റാലിയന്‍ ശില്പികളുടേയും സ്പാനിഷ് കലാകാരന്മാരുടേയും ദശാബ്ദങ്ങള്‍ നീണ്ടുനിന്ന സര്‍ഗ്ഗാത്മക സമര്‍പ്പിതം കൂടിയായിരുന്നു ഫ്രാന്‍സില്‍ കാണാനാവുന്നത്. ഭൗതികമായ ഈയൊരു അടിത്തറയുടെ പിന്‍ബലം കൊണ്ടുകൂടിയാണ് ലോകത്തിന്റെ പല ഭാഗത്തുള്ള കലാകാരന്മാരേയും സ്ഥിരവാസത്തിനായുള്ള പരിസരമായി ഫ്രാന്‍സിനെ ആകര്‍ഷിക്കാനായത്. ഇങ്ങനെയൊരു സാംസ്‌കാരിക പരിസരമുള്ള നാട് കൊവിഡ് 19-ന്റെ ആര്‍ത്തലച്ചുള്ള വരവില്‍ ശീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോകുമ്പോള്‍ ആരാണ് അതിശയിച്ചു പോകാത്തത്.

കൊവിഡ് 19-ന്റെ ദുരന്ത പെയ്ത്തില്‍ ചൈനയില്‍നിന്നും തുടക്കം കുറിക്കുമ്പോള്‍ അത് ഇരുന്നൂറോളം രാജ്യങ്ങളെ വിഴുങ്ങുന്ന മഹാമാരിയാകുമെന്നോ ലോകജനതയുടെ ജീവിതവ്യവസ്ഥ തന്നെ അട്ടിമറിക്കപ്പെടുന്ന ഒന്നായി തീരുമെന്നോ ആരും കരുതിയിരിക്കില്ല. ഫ്രെഞ്ച് ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പോടെ ഈ ലേഖകന് അവിടെ കലാപഠനം നടത്താനിടയായപ്പോള്‍ ബോധ്യപ്പെട്ടത്, ലോകത്ത് ഏറെ മെച്ചപ്പെട്ട കലാ സംരക്ഷകരുടെ നാടാണ് ഫ്രാന്‍സ് എന്നാണ്. ഇതിനെല്ലാം പുറമെ മര്യാദയുടെ കാര്യത്തിലും ആരോഗ്യ പരിരക്ഷയുടെ കാര്യത്തിലും അനുകരണീയ മാതൃക തന്നെയായിരുന്നു. ഇതിനകം 22,000-ല്‍ അധികം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയായിരുന്നു കൊവിഡ് 19 ഫ്രാന്‍സില്‍. ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ച നാട് വേറെ ഉണ്ടെന്നത് മറക്കുന്നില്ല.

മാഡ്രിഡിലെ ആളൊഴിഞ്ഞ എൽപ്രാദോ മ്യൂസിയം
മാഡ്രിഡിലെ ആളൊഴിഞ്ഞ എൽപ്രാദോ മ്യൂസിയം

സ്‌പെയിനിലെ മലാഗയില്‍ ജനിച്ച പാബ്ലോപിക്കാസോ ഒരുപാട് കാലം ജീവവായു ശ്വസിക്കുകയും കലാപ്രവര്‍ത്തനത്തില്‍ ഇടപെടുകയും ചെയ്തത് ഫ്രാന്‍സിലാണ്. പാരീസിലെ പിക്കാസോ മ്യൂസിയത്തിലെ അദ്ദേഹത്തിന്റെ ചിത്രങ്ങളും ശില്പങ്ങളും കണ്‍കുളിര്‍ക്കെ കണ്ട് പുറത്തിറങ്ങുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശിരസ്സ് നമിക്കും. ഒരു മനുഷ്യായുസ്സില്‍ ഇത്രയധികം ചിത്രങ്ങള്‍ രചിക്കുകയും ശില്പനിര്‍മ്മാണം നിര്‍വ്വഹിക്കുകയുമോ... ഇതിനെല്ലാം പുറമെ മറ്റു പ്രധാനപ്പെട്ട ഗാലറികളില്‍ ഇദ്ദേഹത്തിന്റെ കലാവസ്തുക്കള്‍ വേറെയും.

ലോകത്തിലെ ഏറ്റവും വലിയ കലാമ്യൂസിയങ്ങളിലൊന്നായി ലോകം രേഖപ്പെടുത്തിയിട്ടുള്ളതാണ്  ഫ്രാന്‍സിലെ ലൂവ്‌റ് മ്യൂസിയം (Louvre). ഇവിടെ പന്ത്രണ്ടായിരത്തില്‍പ്പരം കലാവസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നീണ്ട നീണ്ട ക്യൂവില്‍നിന്നു മാത്രമേ അതിനകത്ത് എത്താനാവൂ. ഏത് ദിവസത്തേയും കാഴ്ച. പാരീസ് നഗരത്തിന്റെ ഏത് ഭാഗത്ത് കണ്ണോടിച്ചാലും കാണാനാവുന്നത് ആര്‍ട്ട് ഗാലറികള്‍ തന്നെ. പ്രശസ്തവും അപ്രശസ്തവുമായ ഗാലറികള്‍. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ തിരികെ പോകുമ്പോള്‍ ഒരു കയ്യില്‍ പെയിന്റിംഗും വാങ്ങി കൊണ്ടു വെക്കുന്നത് എന്നും കാണാം.

ലോകത്തിലെ സപ്താബ്ദങ്ങളില്‍ ഒന്നായി വാഴ്തത്തപ്പെടുന്ന ഈഫര്‍ (Eiffel) ടവര്‍ പ്രമുഖ എന്‍ജിനീയറായ ഗുസ്താവ് ഈഫലിന്റെ ക്രിയാത്മക സംഭാവന ആണ്. ദിനേനയെന്നോണം പതിനായിരങ്ങള്‍ വന്നു ചേരുന്ന ഇടം തന്നെയാണ് ഈ ടവര്‍. വാന്‍ഗോഗിന്റെ അവസാനകാല രചനകള്‍ പ്രദര്‍ശിപ്പിക്കുന്ന ലൂവ്‌റ് മ്യൂസിയത്തിന്റെ ഒരു ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള ഗാലറിയിലെത്താന്‍ ഉച്ചഭക്ഷണവുമായി ക്യൂ നില്‍ക്കുന്ന മനുഷ്യരുടെ കാഴ്ച ഇനി എന്നാണ് തിരികെ വരിക.

ക്ലൗദ് മൊനെ
ക്ലൗദ് മൊനെ

ക്ലൗദ് മൊനെ (Claude Monet) എന്ന വിഖ്യാത ഇംപ്രഷണിസ്റ്റ് ചിത്രകാരന്‍ ഉണ്ടാക്കിയ ജലപൂന്തോട്ടവും പാരീസ് നഗരത്തിലെ എണ്ണൂറിലധികം ഗാലറികളും ലോകമെങ്ങുമുള്ള കലാവിദ്യാര്‍ത്ഥികള്‍ക്കും  ആസ്വാദകര്‍ക്കുമായി എന്നാണ് തുറന്നുകിട്ടുക. ലോക സാംസ്‌കാരിക ഭൂപടത്തിലെ പാരീസും അവിടുത്തെ പിക്കാസോ മ്യൂസിയവും ഒര്‍സ്സെ മ്യൂസിയവും ഈഫര്‍ ടവറും സാംസ്‌കാരിക സമ്പന്നതയും എന്നാണ് കലാഭൂപടത്തില്‍ വീണ്ടും തിളങ്ങി നില്‍ക്കുക.

ദുരന്തം വിതറിയെറിഞ്ഞ വൈറസിനു സാംസ്‌കാരിക മഹിമയേയും ഒറ്റയടിക്ക് വിഴുങ്ങാന്‍ സാധിക്കുകയാണ്. അറുപത് വര്‍ഷത്തോളം ഫ്രാന്‍സില്‍ ജീവിച്ച സൗണ്ട് എന്‍ജിനീയറായിരുന്നു പരേതനായ നാരാ കൊല്ലേരി (Nara Kollery). മലയാളത്തെ അങ്ങേയറ്റം മതിപ്പോടെ സ്‌നേഹിക്കുന്ന അദ്ദേഹം എപ്പോഴും മലയാളത്തില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഈ ലേഖകനോട് അവിടെ നിന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് കേരളത്തിലെ തിരക്കുപിടിച്ച നഗരത്തേയും ജീവിതത്തേയും കുറിച്ചായിരുന്നു. ജനസാന്ദ്രത ഏറെ കുറഞ്ഞ ഫ്രാന്‍സ് നിയന്ത്രിച്ചുകൊണ്ടിരുന്നത്  ജനപ്പെരുപ്പത്തെയായിരുന്നു. അതുകൊണ്ടു തന്നെ ജനപ്പെരുപ്പത്തില്‍ ശ്വാസം മുട്ടില്ല എന്ന ഉറപ്പാണ്. അക്കാരണത്താല്‍ തന്നെ എല്ലായിടവും തികഞ്ഞ വൃത്തിയോടെ കാണാന്‍ കഴിയുന്ന ഇടമായി ഫ്രാന്‍സ് മാറുന്നു. എത്രയും പരിശുദ്ധിയോടെ സംരക്ഷിക്കുന്ന നഗരവും സര്‍ഗ്ഗാത്മകതയുടെ ചരിത്രവും ആരോഗ്യരംഗത്തെ വന്‍ സാധ്യതകളും എല്ലാം ഉണ്ടായിട്ടും ഈയാം പാറ്റകള്‍പോലെ മനുഷ്യന്‍ മരണത്തിലേക്ക് നിര്‍ബാധം കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോള്‍  ഓര്‍ത്തുപോയതും നാരാ കൊല്ലേരിയെ. എന്തുകൊണ്ടെന്നാല്‍ യാതൊരു നിയന്ത്രണവും ഇല്ലാതെ തിങ്ങിനിറഞ്ഞ കേരളത്തിന്റെ സഞ്ചാരവും ഭക്ഷണരീതിയും ഒക്കെ ഏറെ വിമര്‍ശനത്തോടെയായിരുന്നു  അദ്ദേഹം കണ്ടത്.

എന്നാല്‍, ഈ മഹാവ്യാധിയുടെ ദുരന്തപ്പെയ്ത്തിനു മുന്നില്‍ തിരക്കുപിടിച്ച, ഈ കേരളത്തിനു പകച്ചുനില്‍ക്കാതെ കൊവിഡ് 19-നെ മറ്റു രാജ്യങ്ങളേക്കാള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചത് കേരളത്തിന്റെ അതി മഹത്തായ ജാഗ്രത കൊണ്ടുതന്നെയാണ്. അവശ്യം ആവശ്യമായിരിക്കുന്ന ഈ ജാഗ്രതയേയും കരുതലിനേയും കുറിച്ചുള്ള മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ മുന്നറിയിപ്പും അക്ഷരാര്‍ത്ഥത്തില്‍ അംഗീകരിക്കാനും ഏക മനസ്സോടെ അകന്നിരിക്കാനും കേരളത്തിനു സാധിച്ചു. ഇക്കാരണം കൊണ്ടാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള സുമനസ്‌കരുടെ ഹൃദയൈക്യം ഊഷ്മളതയോടെ പകര്‍ന്നുകിട്ടാന്‍ കാരണം. ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ കൊച്ചു കേരളത്തിനു സാധിച്ചത്. ഇതൊക്കെ കൊണ്ടുകൂടിയാണ്. തല്‍ക്കാലം അകന്നിരിക്കുന്നത് പിന്നീട് അടുത്തിരിക്കാന്‍ വേണ്ടിയുള്ള ജാഗ്രത കൊണ്ടാണെന്ന് കേരളം തിരിച്ചറിഞ്ഞു.

ഫ്രാന്‍സിന്റെ ആരോഗ്യം

കലാപഠനത്തിനായി ഫ്രാന്‍സിലേക്ക് പോകുമ്പോള്‍ത്തന്നെ അത്യാവശ്യത്തിനുള്ള മരുന്ന് കരുതിയിരുന്നു. എന്നാല്‍, അതൊക്കെ തീര്‍ന്നുപോയാല്‍ എന്തുചെയ്യുമെന്ന ആധി ഏറെയുണ്ടായിരുന്നു. പുറത്തിറങ്ങുന്ന മിക്ക ദിവസവും അതീവ താല്‍പ്പര്യത്തോടെ ഒരു ഫാര്‍മസി എവിടെ എന്ന് നോക്കിക്കൊണ്ടായിരുന്നു. പാരീസ് നഗരത്തില്‍പോലും ഒരു കിലോമീറ്ററെങ്കിലും നടന്നാലേ ഒരു ഫാര്‍മസി കാണാനാവുന്നുള്ളൂ. രണ്ട് ഫാര്‍മസിക്കിടയില്‍ പത്ത് പുസ്തകക്കടകളും ഇരുപത് വൈന്‍ ഷോപ്പുകളും കണ്ടെന്നുവരും. പത്തോ പതിനഞ്ചോ ആര്‍ട്ട് ഗാലറിയും ഇത്രയും അകലത്തില്‍ കണ്ടെന്നു വരും.

മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ അവിടെ ഏത് രക്ഷിതാവും ആഗ്രഹിക്കുന്നത് അഥവാ മുഖ്യ പരിഗണന, അവര്‍ കലാകാരന്മാരായി വളരണം എന്നാണ്. അങ്ങനെ സാധിച്ചെങ്കില്‍ അവര്‍ ധന്യതയോടെ ആഹ്ലാദം കൊള്ളും. അതല്ലെങ്കില്‍ നല്ല ഫുട്‌ബോള്‍ കളിക്കാരാനാകാന്‍ ആഗ്രഹിക്കുന്നു. ഇതിനായി നല്ല നിലയില്‍ പരിശീലനം നല്‍കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ അവിടെ കാണാം. എന്നാല്‍, ആരോഗ്യ കാര്യത്തിലും അതീവ ജാഗ്രതയാണ് അവര്‍ കാണിക്കുന്നത്. ആറോ എട്ടോ വര്‍ഷമെങ്കിലും പഠിച്ചാല്‍ മാത്രമേ രോഗികളെ ചികിത്സിക്കാനുള്ള ഡോക്ടറായി ഒരാള്‍ക്ക് പുറത്തു കടക്കാനാവൂ. ആരോഗ്യമേഖലയില്‍ കാണുന്ന പരിമിതികള്‍, വ്യാപകമായി പൊടുന്നനെ പെയ്തിറങ്ങിയ കൊവിഡിനെ തടയുന്നതിന് വലിയ വിഘാതം ഉണ്ടാക്കിയതായി നിസ്സംശയം പറയാം. ഇന്ത്യയെപ്പോലെ ജനസാന്ദ്രത കൂടിയ രാജ്യമായിരുന്നു ഫ്രാന്‍സ് എങ്കില്‍ ഒരുപക്ഷേ, അമേരിക്കയേയും കടത്തിവെട്ടുന്ന മരണസംഖ്യ ഉണ്ടാകുമായിരുന്നു.

കലയുടെ കേദാരമായ വെനീസിലെ സെന്റ് മാർക്ക് സ്ക്വയർ- ഒരു കോവിഡ്കാല കാഴ്ച
കലയുടെ കേദാരമായ വെനീസിലെ സെന്റ് മാർക്ക് സ്ക്വയർ- ഒരു കോവിഡ്കാല കാഴ്ച

ഇംപ്രഷണിസ്റ്റ് ചിത്രശൈലിയുടെ പ്രമുഖ സ്ഥാനീയനായിരുന്ന ക്ലൗദ് മൊനെ (Claude Monet) വിലയ്ക്കു വാങ്ങിയ തോടും തോട്ടിനു കരയും ജലത്തില്‍ വളര്‍ത്തിയെടുത്ത പൂന്തോട്ടവും ലോകമെങ്ങുമുള്ള കലാഹൃദയരെ ആകര്‍ഷിക്കുന്നതായിരുന്നു. ജാപ്പാനീസ് മാതൃകയിലുള്ള പാലത്തിന്റെ മുകളില്‍നിന്നു ജലപൂന്തോട്ടത്തിന്റെ ചിത്രം വരക്കാന്‍ ടിക്കറ്റെടുത്ത് ക്യൂ നില്‍ക്കുന്ന ചിത്രകാരന്മാരെ കാണാമായിരുന്നു.
ലോകത്തിന്റെ പല ഭാഗത്തുമുള്ള ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും മറ്റു ഗവേഷകന്മാരും ദീര്‍ഘകാലം നടത്തിയ ഗവേഷണത്തിന്റെ ഫലമായി കണ്ടെത്തിയ ഒരു കാര്യം പെയിന്റിംഗുകള്‍ കാണുന്നത്, ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു എന്നതാണ്. ഭിന്ന നിറങ്ങള്‍, വിവിധ രീതിയില്‍ മനുഷ്യശരീരത്തല്‍ അനുഭവപ്പെടുന്ന വേദനയുടെ സംഹാരിയായി വര്‍ത്തിക്കുന്നു എന്നത് ശരിയുമാണ്. ഒരു പരിധിവരെ നിലനിര്‍ത്തി കൊണ്ടുപോയ ഫ്രാന്‍സിന്റെ ആരോഗ്യത്തിന്, ഇതുകൂടി കാരണമായേക്കാം. എന്നാല്‍, കൊവിഡിനു മുന്നില്‍ ഫ്രാന്‍സ് പരിപാലിച്ചുപോന്ന ആരോഗ്യത്തിനുപോലും പിടിച്ചു നില്‍ക്കാനാകില്ല എന്നു സാരം.

കൊവിഡ് 19 കേവലമായ ആരോഗ്യപ്രശ്‌നമായി മാത്രം കാണാവുന്നതേയല്ല. സൂക്ഷ്മവൈറസ്സിന്റെ കടന്നാക്രമണത്തില്‍ അകാലമൃത്യു അടഞ്ഞവരുടെ ഭീമാകാരമായ കണക്ക് കൊണ്ടുമാത്രം പ്രത്യേകത അര്‍ഹിക്കുന്നതല്ല ഈ മഹാവിപത്ത്. സമ്പദ്‌സമൃദ്ധിയുടെ നെടുങ്കന്‍കോട്ടകള്‍ എന്നും ലോക സാമ്പത്തിക വ്യവസ്ഥയുടെ അവസാന വാക്കെന്ന് ഉദ്‌ഘോഷിച്ചിരുന്ന അമേരിക്ക ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടേയും സാമ്പത്തിക ജീവിത ജീവിത ഘടനയെത്തന്നെ പാടേ തകിടം മറിക്കുന്നതായിരുന്നു ഈ വിപത്ത്. ശുഭാപ്തിവിശ്വാസം ജനങ്ങള്‍ക്കു നല്‍കി കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെടുന്ന ഭരണ സംവിധാനം ഇവിടെ ഉള്ളതിനാല്‍ എന്തിനു ഭയപ്പെടണം. തലശ്ശേരിക്കാരനായ പ്രേരതനായ  പ്രമുഖ കഥാകൃത്ത് യു.പി. ജയരാജ് തന്റെ 'ഓക്കിനാവായിലെ  പതിവ്രതകള്‍' എന്ന കഥയുടെ അവസാന ഭാഗത്ത്  പതിവ്രതകളെക്കൊണ്ട്  പാടിക്കുന്നത്  'വീ ഷാള്‍ ഓവര്‍ കം' എന്നാണ്.  തീര്‍ച്ചയായും നമുക്ക് അതിജീവിക്കാനാവും. ഫ്രാന്‍സിനും. കാരണം, ലോകമെങ്ങും മുഴങ്ങുന്നത് മേലുദ്ധരിച്ച പാട്ടുതന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com