മുഹമ്മദ് നബി ഉയര്‍ത്തിപ്പിടിക്കാത്ത 'സംസ്‌കാര വിശുദ്ധി' അദ്ദേഹത്തിന്റെ അനുയായികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല

മുഹമ്മദ് നബി ഉയര്‍ത്തിപ്പിടിക്കാത്ത 'സംസ്‌കാര വിശുദ്ധി' അദ്ദേഹത്തിന്റെ അനുയായികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല
മുഹമ്മദ് നബി ഉയര്‍ത്തിപ്പിടിക്കാത്ത 'സംസ്‌കാര വിശുദ്ധി' അദ്ദേഹത്തിന്റെ അനുയായികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ ടീമിന്റെ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' എന്ന ചലച്ചിത്രത്തിനെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സാമൂതിരി രാജാവിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലിമരക്കാര്‍ നാലാമനാണ് സിനിമയിലെ മുഖ്യ കഥാപാത്രം. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച മരക്കാരുടെ പാത്രാവിഷ്‌കാരം അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്നത്രേ മരക്കാരുടെ പിന്‍മുറയില്‍പ്പെട്ട പരാതിക്കാരിയുടെ വാദം. മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തും വിധം മരക്കാര്‍ ചിത്രീകരിക്കപ്പെട്ടതായും ഹര്‍ജിക്കാരി ആരോപിക്കുന്നു.

സ്ത്രീകളോടൊപ്പം ആടുകയും പാടുകയും ചെയ്യുന്ന 'റൊമാന്റിക് ഹീറോ' ആയി കുഞ്ഞാലിമരക്കാര്‍ എന്ന ചരിത്രപുരുഷന്‍ അവതരിപ്പിക്കപ്പെട്ടു എന്നതാണ് ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന പരാതികളിലൊന്ന്. അവിവാഹിതനായിരുന്ന മരക്കാര്‍ക്ക് പ്രണയബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചിത്രീകരണം മരക്കാര്‍ കുടുംബത്തിന്റെ പിന്‍തലമുറകള്‍ക്ക് അപകീര്‍ത്തികരമാണെന്നവര്‍ പറയുന്നു. രണ്ടാമത്തെ പരാതി മരക്കാരുടെ വസ്ത്രവുമായി ബന്ധപ്പെട്ടതാണ്. സിനിമയില്‍ വരുന്ന മരക്കാരുടെ തലപ്പാവിന്റെ മധ്യത്തില്‍ ഗണപതി മുദ്രയുണ്ട്. മതനിഷ്ഠയില്‍ കണിശക്കാരനായിരുന്ന കുഞ്ഞാലിമരക്കാര്‍ ഇസ്ലാമികമല്ലാത്ത അത്തരം മുദ്രയോടുകൂടിയ വസ്ത്രം ഒരിക്കലും ധരിക്കില്ലെന്നും അതിനാല്‍ത്തന്നെ ആ ചിത്രീകരണം അധിക്ഷേപകരമാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. 

ഇതില്‍ ആദ്യം പറഞ്ഞ പരാതിയിലേക്ക് ചെല്ലാം. 'നെയ്വല്‍ ഹീറോ' (Naval hero) ആയിരുന്ന കുഞ്ഞാലിമരക്കാര്‍ റൊമാന്റിക് ഹീറോ കൂടിയായിരുന്നു എന്ന തോന്നല്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് പരാതിക്കാരിയുടെ ആശങ്ക. ചരിത്രവ്യക്തിത്വങ്ങളുടെ ജീവിതം മുന്‍നിര്‍ത്തി സാഹിത്യാവിഷ്‌കാരമോ ചലച്ചിത്രാവിഷ്‌കാരമോ നടത്തുമ്പോള്‍ പലപ്പോഴും സമ്പൂര്‍ണ്ണ ചരിത്രകൃത്യത ഉണ്ടായിക്കൊള്ളണമെന്നില്ല,. സ്മര്യപുരുഷനു പ്രണയജീവിതമുണ്ടായിരുന്നില്ലെങ്കിലും ചിലപ്പോള്‍ സിനിമയിലും നോവലിലുമൊക്കെ ആ വികാരത്തിന്റെ ആവിഷ്‌കാരം കടന്നുവരുന്നത് അത്ര അസ്വാഭാവികമാണെന്നു പറയുക വയ്യ. പ്രണയവികാരത്തിന്റെ  ഏതെങ്കിലും തലത്തിലൂടെ കടന്നുപോകാത്തവര്‍ അത്യന്തം അപൂര്‍വ്വമാണെന്നിരിക്കേ വിശേഷിച്ചും. തീര്‍ത്തും മനുഷ്യസഹജമായ അത്തരം വികാരത്തിന്റെ ചിത്രീകരണം ബന്ധപ്പെട്ട ചരിത്രപുരുഷനേയോ അനന്തരഗാമികളേയോ അപമാനിക്കലായി കരുതേണ്ടതില്ല. 

രണ്ടാമത്തെ പരാതി കൂടുതല്‍ ഗൗരവമുള്ളതും ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടതുമാണ്. സാമൂതിരിയുടെ കപ്പല്‍പ്പടത്തലവനായിരുന്ന കുഞ്ഞാലിമരക്കാരുടെ റോളില്‍ പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിന്റെ തലപ്പാവില്‍ ഗണപതിമുദ്രയുണ്ട്. മരക്കാര്‍ ഗണപതിച്ചിത്രമുള്ള തലപ്പാവ് ധരിച്ചിരുന്നു എന്ന ധാരണ അതുണ്ടാക്കുമെന്ന വാദം അസ്ഥാനത്താണെന്നു പറയാവതല്ല. പക്ഷേ, ആ മുദ്ര ഇസ്ലാമിക നിഷ്ഠ പുലര്‍ത്തിയ മരക്കാര്‍ ധരിച്ചിരിക്കില്ല എന്നു ഖണ്ഡിതമായി പറയുന്നത് അത്ര യുക്തിഭദ്രമാണോ? സാമൂതിരിയുടെ അധീനതയിലുള്ള രാജ്യത്ത് സേനാമേധാവികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഔദ്യോഗിക വേഷവിധാനത്തിന്റെ ഭാഗമായി അത്തരം മുദ്രകള്‍ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കില്‍, അത് കുഞ്ഞാലിമരക്കാര്‍ക്കും ബാധകമാക്കുമെന്നത് നിസ്തര്‍ക്കമാണല്ലോ. 

അത്തരം നിഷ്‌കര്‍ഷ സാമൂതിരിയുടെ ഭരണകാലത്ത് ഉണ്ടായിരുന്നില്ല എന്നതിനു തെളിവുകളില്ല എന്നു വാദിക്കാവുന്നതാണ്. യഥാര്‍ത്ഥ കുഞ്ഞാലിമരക്കാര്‍ ധരിച്ചിട്ടില്ലാത്ത വേഷഭൂഷാദികള്‍ സിനിമയിലെ കുഞ്ഞാലിമരക്കാര്‍ക്ക് സംവിധായകനും സംഘവും ചാര്‍ത്തിക്കൊടുക്കുകയായിരുന്നു എന്നു ചൂണ്ടിക്കാട്ടുകയുമാവാം. പക്ഷേ, ആ സന്ദര്‍ഭത്തില്‍ ഒരു ചോദ്യം വരും. ഗണപതിമുദ്രയില്‍ മതാത്മകത കാണേണ്ടതുണ്ടോ എന്നതാണത്. പ്രിയദര്‍ശന്റെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ഞാലിമരക്കാരുടെ തലപ്പാവില്‍ മുദ്രിതമായ ഗണപതിച്ചിത്രം ഏതെങ്കിലും മതത്തെ സൂചിപ്പിക്കുന്നതിനു പകരം ഏതെങ്കിലും സാംസ്‌കാരിക പാരമ്പര്യത്തെ  സൂചിപ്പിക്കുന്നതായിക്കൂടേ?

ഇവിടെയാണ് സാംസ്‌കാരിക മതനിരപേക്ഷതയുടെ പ്രശ്‌നം കടന്നുവരുന്നത്. മതനിരപേക്ഷത രണ്ടുണ്ട്. ഒന്ന് രാഷ്ട്രീയ മതനിരപേക്ഷത. മറ്റൊന്ന് സാംസ്‌കാരിക മതനിരപേക്ഷത. മതം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് രാഷ്ട്രീയ മതനിരപേക്ഷതയുടെ കാതലെങ്കില്‍ മതം വേറെ, സംസ്‌കാരം വേറെ എന്നതാണ് സാംസ്‌കാരിക മതനിരപേക്ഷതയുടെ കാതല്‍. ഗണപതി ഇന്ത്യന്‍ മിതോളജിയുടെ ഭാഗമാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അംശമായ ആ മിതോളജി ഇന്ത്യക്കാര്‍ക്കെല്ലാം ഒരേപോലെ അവകാശപ്പെട്ടതുമാണ്. സാമൂതിരി എന്ന ഇന്ത്യക്കാരന് ഇന്ത്യന്‍ മിതോളജിയുടെ ഭാഗമായ ഗണപതിയിലുള്ള അതേ അവകാശം കുഞ്ഞാലിമരക്കാര്‍ എന്ന ഇന്ത്യക്കാരനുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ സാമൂതിരിയെപ്പോലെ ഇന്ത്യയില്‍ പിറന്നു ഇന്ത്യയില്‍ ജീവിച്ച കുഞ്ഞാലിമരക്കാരുടെ തലപ്പാവില്‍ ഗണപതിമുദ്ര കാണുന്നതില്‍ ആര്‍ക്കെന്തിനു തലവേദനയനുഭവപ്പെടണം?

സംസ്‌കാരത്തെ മതവുമായി കൂട്ടിക്കെട്ടുമ്പോഴാണ് കുഴപ്പങ്ങളെല്ലാം കടന്നുവരുന്നത്. ഇസ്ലാമിക പാരമ്പര്യത്തില്‍ ഗണപതിയില്ല എന്നതിനാല്‍ കുഞ്ഞാലിമരക്കാരുടെ തലപ്പാവില്‍ ഗണപതിമുദ്ര വന്നുകൂടെന്നു ഹര്‍ജിക്കാരിയും സമാനമനസ്‌കരും ശഠിക്കുന്നു. ഇസ്ലാമിക മതപാരമ്പര്യത്തിലില്ലാത്തത് ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിലുണ്ടെങ്കില്‍ അത് ഇന്ത്യക്കാരനായ (അറേബ്യക്കാരനല്ലാത്ത) മുസ്ലിമിനു വര്‍ജ്ജ്യമാകേണ്ടതുണ്ടോ? ഇസ്ലാമിക പാരമ്പര്യത്തിലുള്ള പേരല്ല കുഞ്ഞാലിമരക്കാരുടെ പേര്. ഇസ്ലാമിക സാംസ്‌കാരിക പാരമ്പര്യം എന്നു വ്യവഹരിക്കപ്പെടുന്ന അറേബ്യന്‍ സാംസ്‌കാരിക പാരമ്പര്യത്തില്‍ കുഞ്ഞാലിമരക്കാര്‍ എന്ന പേര് മഷിയിട്ടു നോക്കിയാല്‍പ്പോലും കാണില്ല. ആ പേരിലെ കുഞ്ഞും മരക്കാരും ഇന്ത്യന്‍ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായ കേരളീയ (മലയാളി) സാംസ്‌കാരിക പാരമ്പര്യത്തിന്റെ അംശമാണ്. ഇസ്ലാമിക സാംസ്‌കാരിക പാരമ്പര്യത്തിലില്ലാത്ത ഒരു നാമധേയം സ്വീകരിച്ചതുകൊണ്ട് കുഞ്ഞാലിമരക്കാര്‍ക്ക് ഇസ്ലാമികത്വം നഷ്ടപ്പെടുകയില്ലെങ്കില്‍, ഇസ്ലാമിക സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമല്ലാത്ത ഗണപതിമുദ്രയണിഞ്ഞതുകൊണ്ട് ആ ചരിത്രപുരുഷന് ഇസ്ലാമികത്വം നഷ്ടപ്പെടുമെന്നു പറയുന്നതില്‍ വല്ല യുക്തിയുമുണ്ടോ?

സമന്വയിത സംസ്‌കാരം

സാംസ്‌കാരിക മതനിരപേക്ഷതയിലേക്ക് ഉയരുന്നില്ലെങ്കില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഈ രാജ്യത്തിന്റെ സാംസ്‌കാരിക സമ്പത്തില്‍ മിക്കതും അനിസ്ലാമികമെന്ന പേരില്‍ തള്ളിക്കളയേണ്ടിവരും. 

ഇന്ത്യന്‍ പുരാണങ്ങള്‍ക്കു മാത്രമല്ല, ഇന്ത്യന്‍ തത്ത്വചിന്തയുടെ ഭാഗമായ വേദോപനിഷത്തുകള്‍ക്കും പ്രാചീന ഇന്ത്യന്‍ സാഹിത്യത്തിന്റെ ഭാഗമായ രാമായണത്തിനും മഹാഭാരതത്തിനുമെല്ലാം അവര്‍ക്ക് അസ്പൃശ്യത കല്പിക്കേണ്ടിവരും. ഉപനിഷത്തുകളെ ആദരപൂര്‍വ്വം വീക്ഷിക്കുകയും അവ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത മുഗള്‍ രാജകുമാരന്‍ (ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്ത മകന്‍) ദാരാ ഷിക്കോയെ കാഫിറുടെ പട്ടികയില്‍പ്പെടുത്തേണ്ട സാഹചര്യവും അവര്‍ക്ക് വന്നുചേരും. നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നതും ഇന്ത്യന്‍ പുരാവൃത്തങ്ങളുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങളില്‍നിന്നെല്ലാം അവര്‍ക്കു വിട്ടുനില്‍ക്കേണ്ടതായും വരും. എന്തിന്, നാഥുറാം വിനായക് ഗോദ്‌സെയുടെ വെടിയേറ്റു വീഴുമ്പോള്‍ ഗാന്ധിജി ഉരുവിട്ട 'ഹേ റാമി'ല്‍പ്പോലും അവര്‍ക്ക് അപര സംസ്‌കാരഗന്ധം അനുഭവപ്പെട്ടേക്കും. 

സംസ്‌കാരത്തെ വൈയക്തികമതവുമായി ബന്ധപ്പെടുത്താതിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. മതങ്ങളെ പലമട്ടില്‍ ഭേദിക്കുന്നതാണ് ഓരോ നാടിന്റേയും സംസ്‌കാരം. അനേകം മതങ്ങളുടെ സാന്നിധ്യമുള്ള രാജ്യത്ത് വിവിധ മതവിഭാഗങ്ങളുടെ സാംസ്‌കാരിക ആദാനപ്രദാനം ചരിത്രപരമായ അനിവാര്യതയാണ്. അത്തരം ആദാനപ്രദാനങ്ങളില്‍നിന്നു സ്വാഭാവികമായി ഉരുത്തിരിയുന്ന സമന്വയിത സംസ്‌കാരം സത്തയില്‍ മതനിരപേക്ഷമായിരിക്കും. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'അറബിക്കടലിന്റെ സിംഹ'ത്തില്‍ ചിത്രീകരിക്കപ്പെടുന്ന കുഞ്ഞാലി മരക്കാരുടെ തലപ്പാവില്‍ കാണുന്ന ഗണപതിമുദ്ര അത്തരം സമന്വയിത സംസ്‌കാരത്തിന്റെ ഭാഗമായി വേണം വിലയിരുത്തപ്പെടാന്‍. അതില്‍ മതം കണ്ടെത്തുന്നവര്‍ ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ പ്രവാചകനായി രംഗപ്രവേശം ചെയ്ത മുഹമ്മദ് നബി അറേബ്യയിലെ പ്രാഗ് ഇസ്ലാമിക സംസ്‌കാരങ്ങളില്‍നിന്നു ഒട്ടേറെ അംശങ്ങള്‍ സ്വായത്തമാക്കിയിരുന്നുവെന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കരുത്. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കാത്ത 'സംസ്‌കാര വിശുദ്ധി' അദ്ദേഹത്തിന്റെ അനുയായികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല. സംസ്‌കാരങ്ങളുടെ കലര്‍പ്പിന്റെ പേരു കൂടിയാണ് ബഹുസ്വരത. ഏകസ്വരത പുറന്തള്ളല്‍ സംസ്‌കാരത്തിലേക്ക് നയിക്കുമ്പോള്‍ ബഹുസ്വരത ഉള്‍ക്കൊള്ളല്‍ സംസ്‌കാരത്തിലേക്ക് നയിക്കുന്നു. ഗണപതിമുദ്രയും ചന്ദ്രക്കലയും കുരിശടയാളവും ശാസ്ത്രസൂചകചിഹ്നങ്ങളുമെല്ലാം കൂടിച്ചേരുമ്പോള്‍ ജനിക്കുന്നത് മതേതര ബഹുസ്വര ഇന്ത്യന്‍ സംസ്‌കാരമാണ്. അതിന്റെ ഭാഗമാവാനാണ്, അല്ലാതെ അതില്‍നിന്നു കുതറിമാറി നില്‍ക്കാനല്ല ഇന്ത്യന്‍ പൗരന്മാര്‍, അവരുടെ മതമേതായാലും ശീലിക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com