മനുഷ്യവംശം ആവിര്‍ഭവിച്ച  കാലം മുതല്‍ 'അവര്‍' നമ്മുടെ കൂടെയുണ്ട്

രോഗാണുവാണ് രോഗത്തിനു കാരണമാകുന്നത് എന്ന ധാരണ ലോകത്തിനുണ്ടായിട്ട് അധിക കാലമായിട്ടില്ല
മനുഷ്യവംശം ആവിര്‍ഭവിച്ച  കാലം മുതല്‍ 'അവര്‍' നമ്മുടെ കൂടെയുണ്ട്

നാം മനുഷ്യര്‍ ഒന്നാകെ അനിശ്ചിതത്വത്തിന്റെ ഇരുള്‍മുഖത്തേക്കു തുറിച്ചുനോക്കുന്ന നിമിഷത്തിലാണ് രോഗത്തേയും രാഷ്ട്രീയത്തേയും ചരിത്രത്തേയും സാമ്പത്തികശാസ്ത്രത്തേയുമൊക്കെ ബന്ധപ്പെടുത്തി സംസാരിക്കാന്‍ ശ്രമിക്കുന്നത് എന്നത് ചിലര്‍ക്കെങ്കിലും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍, നാം മനുഷ്യര്‍ അവന്റെ അവസാനശ്വാസം വരേയും നിര്‍ബ്ബന്ധമായി പുലര്‍ത്തേണ്ടുന്ന ശുഭചിന്തയുടെ ഭാഗം തന്നെയാണ് ഈ ശ്രമമെന്നു തീര്‍ച്ചയായും ന്യായീകരിക്കപ്പെടും. ഈ വരികളെഴുതുമ്പോള്‍ ലോകത്തെമ്പാടുമായി 1,70000-ത്തിലധികം പേര്‍ ഈ രോഗം കൊണ്ടു മരിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതേസമയം ആറര ലക്ഷത്തോളം പേര്‍ രോഗവിമുക്തി നേടുകയും ചെയ്തിട്ടുണ്ടെന്നും പറഞ്ഞുകൊള്ളട്ടെ. ആ നിലയ്ക്ക് ഇന്നു ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത രോഗമില്ലെന്നു തന്നെ പറയാം. എന്നാല്‍, ചികിത്സിച്ചു മാറ്റാന്‍ കഴിയാത്തത് രോഗം മാറുമെന്നും മനുഷ്യരാശി വീണ്ടും പഴയ ജീവിതത്തിന്റെ ഊര്‍ജ്ജസ്വലതയിലേക്കും ചടുലതയിലേക്കും തിരിച്ചു പോകുമെന്ന പ്രതീക്ഷയാണ്. ഒരു ഉത്ഥാനമിത്തിന്റെ പകര്‍പ്പുകള്‍ അനുനിമിഷം വരച്ചെടുക്കാനുള്ള മനുഷ്യമനസ്സിന്റെ പ്രവണതയാണ്. 

എന്താണ് അചികിത്സ്യകമായ ഈ ശുഭചിന്തയുടെ പൊരുള്‍? നമുക്ക് നമ്മുടെ ഭൂതകാലജീവിതവും അതു നല്‍കിയ അനുഭവങ്ങളും പ്രദാനം ചെയ്ത അറിവില്‍ നിന്നുണ്ടാകുന്നതാണ് ഈ ശുഭചിന്ത എന്നുമാത്രം ഇപ്പോള്‍ അടിവരയിട്ടു പറയാം. നാലര ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ, നമ്മുടെ സൗരയൂഥം രൂപംകൊള്ളുമ്പോള്‍ തിളച്ചുമറയുന്ന അവസ്ഥയിലായിരുന്നു നമ്മുടെ ഗ്രഹം എന്നാണ് ശാസ്ത്രം പറയുന്നത്. നാലു ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമി തണുത്തു തുടങ്ങുകുയും ജീവന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. പിന്നീട് ഒന്നര ബില്യണ്‍ വര്‍ഷത്തോളം ഭൂമി വാണത് എക്സ്ട്രീമോഫില്‍സ് എന്ന ജീവരൂപങ്ങളായിരുന്നു. ഏറ്റവും പ്രതികൂലമായ കാലാവസ്ഥകളില്‍ അതിജീവനമെന്ന കല അതിവിദഗ്ദ്ധമായി അഭ്യസിച്ച ജീവന്റെ സൂക്ഷ്മരൂപങ്ങള്‍. 

ജലത്തിലാദ്യമായി കുരുത്ത ജീവന്റെ തുടര്‍ച്ചയായിട്ടാണല്ലോ മനുഷ്യനെ എണ്ണിപ്പോരുന്നത്. ശരിക്കും പറഞ്ഞാല്‍ ഈ മനുഷ്യന്‍ എന്ന ജീവിക്ക് ഏറെ സ്വഭാവൈക്യമുള്ള മുതുമുത്തശ്ശന്‍ എക്സ്ട്രീമോഫീലുകളാണ് എന്നുതന്നെ പറയേണ്ടിവരും. ഏതു പ്രതികൂലാവസ്ഥയേയും മറികടക്കാന്‍ കഴിവുള്ള ജീവരൂപിയാണ് തന്റെ മുതുമുത്തശ്ശനെപ്പോലെ അവനും. ഈ സന്ദര്‍ഭത്തില്‍ ചരിത്രം നല്‍കുന്ന പാഠങ്ങളില്‍നിന്നു ബോധമാര്‍ജ്ജിക്കുന്ന ഒരാള്‍ക്കും ശുഭാപ്തി വിശ്വാസിയാകാതിരിക്കാന്‍ വയ്യ.

ഡൊറോത്തി എച്ച് ക്രോഫോർഡ്
ഡൊറോത്തി എച്ച് ക്രോഫോർഡ്

മനുഷ്യരാശിയും രോഗാണുക്കളും 

രോഗാണുവാണ് രോഗത്തിനു കാരണമാകുന്നത് എന്ന ധാരണ ലോകത്തിനുണ്ടായിട്ട് അധിക കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ 19-ാം നൂറ്റാണ്ടിലെ രണ്ടാം പകുതിയില്‍ സംഭവിച്ച ലബോറട്ടറി റവലൂഷനോടുകൂടിയാണ് രോഗം വരുത്തുന്നത് രോഗാണുവാണെന്ന കാഴ്ചപ്പാട് ശക്തമാകുന്നത്. ജലദോഷപ്പനിയും മീസില്‍സുമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാകുന്നത് ബാക്ടീരിയ, വൈറസ്, ഫംഗസുകള്‍, പ്രോട്ടോസോവ തുടങ്ങിയവയുടെ ഗണത്തില്‍ പെടുന്ന 1415 തരം സൂക്ഷ്മാണുക്കളാണ് മനുഷ്യരില്‍ രോഗകാരണമാകുന്നത് എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതായത് ഭൂമുഖത്ത് ആകെയുള്ള സൂക്ഷ്മാണുക്കളുടെ ഒരു ശതമാനം. ഡൊറോത്തി ക്രോഫോര്‍ഡ് തന്റെ പുസ്തകമായ ഡെഡ്‌ലി കംപാനിയന്‍സ്: ഹൗ മൈക്രോബ്സ് ഷേയ്പ്ഡ് അവര്‍ ഹിസ്റ്ററി എന്ന പുസ്തകത്തില്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റി ജേണലില്‍ ലൂയി എച്ച്. ടെയ്ലറും സോഫിയ എം. ലഥാമും മാര്‍ക്ക് ഇ.ജെ. വുഡ്ഹൗസും ചേര്‍ന്നെഴുതിയ 'റിസ്‌ക് ഫാക്ടേഴ്‌സ് ഫോര്‍ ഹ്യൂമന്‍ ഡിസീസ് എമര്‍ജന്‍സ്' എന്ന പ്രബന്ധത്തെ ഉദ്ധരിച്ചുകൊണ്ട് വ്യക്തമാക്കുന്നു. 

ശരീരത്തിനുള്ളിലെ പ്രത്യേക സൂക്ഷ്മജീവികളുടെ സാന്നിധ്യവും പ്രവര്‍ത്തനവുമാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് രോഗാണു സിദ്ധാന്തം പറയുന്നത്. രോഗാണു സിദ്ധാന്തത്തിനു പ്രാബല്യം ലഭിക്കുന്നതിനു മുന്‍പ് രോഗമുണ്ടാകുന്നതു സംബന്ധിച്ച്, അവ പടര്‍ന്നുപിടിക്കുന്നതു  സംബന്ധിച്ചു വ്യത്യസ്തങ്ങളായ ധാരണകളാണ് ഉണ്ടായിരുന്നത്. 

ചരിത്രാതീത കാലത്ത്, പുരാതന ഈജിപ്തുകാരും നമ്മുടെ പൂര്‍വ്വികരെപ്പോലെ, ദുരാത്മാക്കളേയോ ദൈവകോപത്തേയോ രോഗത്തിനു നിദാനമെന്നു കുറ്റപ്പെടുത്തി. ചില ഈജിപ്ഷ്യന്‍ വൈദ്യശാസ്ത്രകാരന്മാര്‍ക്കു മറ്റു ചില ആശയങ്ങള്‍ ഉണ്ടായിരുന്നു. ശരീരത്തിനുള്ളിലെ തടസ്സപ്പെട്ട ചാനലുകളെയാണ് അവര്‍ കുറ്റപ്പെടുത്തിയത്. പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രമടക്കമുള്ള ഇതര വൈദ്യശാസ്ത്ര പാരമ്പര്യങ്ങളില്‍ ഈ സിദ്ധാന്തം പ്രതിധ്വനിക്കുന്നുണ്ട്. പുരാതന ഗ്രീസില്‍ ഹിപ്പോക്രാറ്റസ് ശരീരത്തെക്കുറിച്ചു മറ്റൊരു സിദ്ധാന്തമാണ് മുന്നോട്ടുവച്ചത്, അത് ഹ്യൂമറുകളെ കേന്ദ്രീകരിച്ചായിരുന്നു, ഹിപ്പോക്രാറ്റസിന്റേതിനു സമാനമായ സിദ്ധാന്തങ്ങള്‍ ലോകമെമ്പാടുമുണ്ട്. ആയുര്‍വ്വേദത്തില്‍. രോഗം കഫം, പിത്തം, വാതം എന്നിവയുടെ അനുപാതത്തിലുള്ള ക്രമക്കേടാണ്, അഥവാ ത്രിദോഷങ്ങളാണ്. ഹിപ്പോക്രാറ്റസിന്റെ ഗ്രീക്ക് വൈദ്യശാസ്ത്ര ചിന്ത ക്രമേണ ഗ്രീസിനെ കീഴടക്കി റോമക്കാര്‍ക്കിടയില്‍ വേരുറപ്പിച്ചു, അവിടെനിന്ന് ഗാലന്റെ രചനകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രചരിക്കുകയും നൂറുകണക്കിനു വര്‍ഷങ്ങളായി ലോകത്തെ സ്വാധീനിക്കുകയും ചെയ്തു. ജന്തുക്കളുടെ ശരീരം ചീഞ്ഞളിയുമ്പോഴൊക്കെ ഉണ്ടാകുന്ന ദുഷിച്ച വായുവാണ് രോഗങ്ങളുണ്ടാക്കുന്നതെന്നതെന്ന മിയാസ്മ സിദ്ധാന്തത്തിനും രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നതെന്നു കണ്ടെത്തുന്നതുവരെ വലിയ പ്രചാരമുണ്ടായിരുന്നു. 

ശാസ്ത്രീയ അടിത്തറ അവകാശപ്പെടാനാവില്ല എങ്കില്‍പ്പോലും ഇത്തരം സിദ്ധാന്തങ്ങള്‍ രോഗകാരണത്തെക്കുറിച്ചുള്ള യുക്തിസഹമായ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. അതേസമയം, ഇവ ലോകമെമ്പാടും സ്വാധീനം ചെലുത്തിയിരുന്നെങ്കിലും പൊതുസമൂഹത്തിന്റെ ഭയാശങ്കകള്‍ക്ക് വിരാമമൊന്നുമുണ്ടാക്കിയില്ല. ഉദാഹരണത്തിനു വ്യവസായവിപ്ലവത്തിനു മുന്‍പുള്ള യൂറോപ്പ് ക്ഷയരോഗബാധയെ രക്തരക്ഷസ്സെന്ന വിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് കണ്ടിരുന്നത്. ഈ രോഗം പകരുന്ന തരത്തിലുള്ളതാകയാല്‍ രോഗം ബാധിച്ചു മരിച്ച കുടുംബത്തില്‍ ബാക്കിയുള്ളവരില്‍ ഏറിയ കൂറും പിന്നീട് രോഗബാധിതരാകും. നേരത്തെ മരിച്ചയാള്‍ രക്തരക്ഷസ്സായി (Vampire) തീര്‍ന്നു ബാക്കിയുള്ളവരുടെ ഓജസ്സും ജീവനും വലിച്ചെടുക്കുന്നു എന്നായിരുന്നു വിശ്വാസം. ആധുനികകാലത്തുപോലും പ്രാര്‍ത്ഥനകൊണ്ടു രോഗം ഭേദമാക്കാമെന്നു വിശ്വസിക്കുന്നവരുണ്ടെങ്കില്‍ പഴയ കാലത്തെ സ്ഥിതി എന്താണെന്നു ഊഹിക്കാവുന്നതേയുള്ളൂ. രോഗത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകള്‍ ഈയടുത്തകാലത്തു മാത്രമാണ് മാറിയത്. നമ്മുടെ നാട്ടില്‍ത്തന്നെയുള്ള വസൂരിമാലയും പെരുമാരിയുമൊക്കെ ഉദാഹരണം. 

1800-കളുടെ മധ്യം തൊട്ടാണ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നതെന്ന സിദ്ധാന്തം ക്രമേണയായിട്ടാണെങ്കിലും സ്വീകാര്യത നേടുന്നത്. ഒടുവില്‍ നിലവിലുള്ള മിയാസ്മയേയും ഇതര പകര്‍ച്ചവ്യാധി സിദ്ധാന്തങ്ങളേയും മറികടക്കുകയും ചെയ്തു.  പില്‍ക്കാലത്ത് രോഗത്തെ സംബന്ധിച്ച വൈദ്യശാസ്ത്രധാരണകളെത്തന്നെ അടിമുടി മാറ്റി. സമകാലിക ബയോമെഡിസിന്‍ അടിവരയിടുന്ന ഒരു മാര്‍ഗ്ഗദര്‍ശക സിദ്ധാന്തമായി ഇന്നും ഇത് തുടരുന്നു.

രോഗാണുക്കളുടെ ഭൗതികമായ നിലനില്‍പ്പിനെക്കുറിച്ചുള്ള അവബോധം രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നതെന്നു കണ്ടെത്തുന്നതിനു രണ്ട് നൂറ്റാണ്ടു മുന്‍പേ ഉണ്ടായിരുന്നു. പിന്നീട് നിരവധിപേരുടെ കണ്ടെത്തലുകള്‍ രോഗാണു സിദ്ധാന്തത്തിലേക്കു നയിച്ചു. 1677-ല്‍ അന്റോണി വാന്‍ ലീവന്‍ഹോക്ക് തന്റെ ആദ്യത്തെ ലളിതമായ മൈക്രോസ്‌കോപ്പ് നിര്‍മ്മിച്ചപ്പോള്‍, അദ്ദേഹം പരിശോധിച്ചുകൊണ്ടിരുന്ന വെള്ളത്തുള്ളികളില്‍ ചെറിയ ജീവികളെ കണ്ടപ്പോള്‍ അതിശയിച്ചു. അവയെ അദ്ദേഹം 'അനിമല്‍സ്‌ക്യൂളുകള്‍' എന്നാണ് വിളിച്ചത്. അതായത് ചെറുജന്തുക്കള്‍. എന്നാല്‍, ഇവയ്ക്ക് രോഗം എന്ന ശാരീരിക-സാമൂഹിക സ്ഥിതിവിശേഷവുമായി ബന്ധമുണ്ടെന്നു കണ്ടെത്താനൊന്നും അദ്ദേഹം തുനിഞ്ഞില്ല. പില്‍ക്കാല ശാസ്ത്രജ്ഞര്‍ രോഗം ബാധിച്ചവരുടെ രക്തത്തിലെ അണുക്കളെ നിരീക്ഷിച്ചുവെങ്കിലും, രോഗാണുക്കള്‍ രോഗത്തിന്റെ ഫലമായിട്ടുണ്ടായതാകാമെന്നാണ് അവര്‍ കരുതിയത്. അന്നു പ്രചാരത്തിലുണ്ടായിരുന്ന ശാസ്ത്രധാരണകളുമായി അതു യോജിച്ചുപോകുകയും ചെയ്തു. 

ഇഗ്‌നാസ് സെമ്മല്‍വെയ്‌സ്, ജോസഫ് ലിസ്റ്റര്‍, ജോണ്‍ സ്‌നോ എന്നിവരുടെ നിരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും പില്‍ക്കാലത്തു രോഗാണു സിദ്ധാന്തത്തിന്റെ സ്വീകാര്യതയ്ക്ക് കാരണമായി. എന്നാല്‍, 1860-കളില്‍ ലൂയി പാസ്ചറിന്റേയും തുടര്‍ന്നുള്ള ദശകങ്ങളില്‍ റോബര്‍ട്ട് കോച്ചിന്റേയും ലബോറട്ടറി ഗവേഷണങ്ങളാണ് രോഗാണു സിദ്ധാന്തത്തിനു ശാസ്ത്രീയ തെളിവ് നല്‍കിയത്. രോഗമുണ്ടാക്കുന്ന അണുക്കളെ തിരിച്ചറിയുന്നതിനും ജീവന്‍ രക്ഷിക്കാനുള്ള ചികിത്സകള്‍ക്കുള്ള ഗവേഷണത്തിലേക്കും ആണ് അവരുടെ പ്രവര്‍ത്തനം വാതില്‍ തുറന്നു നല്‍കിയത്. 

രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നത് എന്നു തിരിച്ചറിഞ്ഞതോടെ മനുഷ്യന്‍ ഭൂതകാലത്തിലും അവയെ തിരഞ്ഞു. ഇവരെത്ര കാലമായി നമ്മുടെ കൂടെയുണ്ടെന്നും എങ്ങനെ നമ്മുടെ ചരിത്രത്തെ രൂപപ്പെടുത്തിയെന്നും അന്വേഷിച്ചു തുടങ്ങി. ചരിത്രം രേഖപ്പെടുത്തപ്പെട്ട, പഴയ കാലത്തെഴുതപ്പെട്ട സാഹിത്യകൃതികളിലും തത്ത്വചിന്താഗ്രന്ഥങ്ങളിലും നാം അവയെ അന്വേഷിച്ചെങ്കിലും നമുക്ക് കാണാനായത് രോഗങ്ങളെ മാത്രമാണ്. എന്നാല്‍, സൂക്ഷ്മജൈവശാസ്ത്രത്തിന്റേയും തന്മാത്രാജീവശാസ്ത്രത്തിന്റേയും ആവിര്‍ഭാവത്തോടേയും വളര്‍ച്ചയോടേയും ഇന്നു മനുഷ്യനെ ബാധിക്കുന്ന രോഗങ്ങള്‍ക്കു കാരണമാകുന്ന രോഗാണുക്കളുടെ പരിണാമവും ചരിത്രവും ഏറെക്കുറെ നമുക്ക് അന്വേഷിച്ചറിയാനാകുന്നുണ്ട്. 

പാറ്റ്ഷിപ്പ്മാൻ
പാറ്റ്ഷിപ്പ്മാൻ

പ്രോട്ടെറോസോയിക് യുഗത്തിലെ ആദമും ഹവ്വയും 

ആദര്‍ശാത്മകമായ പ്രകൃതി പാരസ്പര്യത്തിന്റെ ദര്‍ശനം എപ്പോഴും മുന്നോട്ടുവെച്ചിട്ടുള്ള ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ ആദിയില്‍ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളുടെ കഥയില്‍നിന്നുതന്നെ തുടങ്ങാം. ഒരു ജീവബിന്ദു മറ്റൊരു ജീവബിന്ദുവില്‍ കുടിപാര്‍പ്പു തുടങ്ങുകയും സസ്യങ്ങളും ജന്തുക്കളുമായി വേര്‍പിരിയാന്‍ തുടങ്ങുകയും ചെയ്തു തുടങ്ങിയ ഒരു കാലത്തെക്കുറിച്ചു പറഞ്ഞുകൊണ്ടും.. ഭൂമി തണുത്തുതുടങ്ങിയ കാലം തൊട്ട് ഇവിടം അടക്കിവാണത് മൈക്രോബുകള്‍ അഥവാ സൂക്ഷ്മജീവികളായിരുന്നു. 270 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് അവയില്‍ ഒരു കൂട്ടര്‍ ഫോട്ടോസിന്തസിസ് എന്ന വിദ്യ സ്വന്തമാക്കി. സ്യാനോ ബാക്ടീരിയകള്‍ അഥവാ പച്ച-നീല ആല്‍ഗ എന്നുമാണ് അവയെ വിളിക്കുന്നത്. സൂര്യരശ്മികളുടെ സഹായത്തോടെ ഊര്‍ജ്ജസമ്പുഷ്ടമായ കാര്‍ബോഹൈഡ്രേറ്റുകള്‍ നിര്‍മ്മിക്കുന്ന വിദ്യ. ഇതിന്റെ ഫലമായി അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി വര്‍ദ്ധിച്ചതോടെ സൂക്ഷ്മജീവികളുടെ നിലനില്പ് പരുങ്ങലിലായി. ആദ്യ ജീവരൂപങ്ങള്‍ക്ക് ഓക്‌സിജന്‍ വിഷമയമായ ഒന്നായിരുന്നു. എന്നാല്‍, ഒരുവേള പഴക്കമേറിയാല്‍ ഇരുളും വെളിച്ചമായി വന്നിടാമെന്ന കണക്കേ അവയില്‍ ചിലത് പുതിയ പരിതസ്ഥിതികളുമായി ഇണങ്ങിച്ചേരാന്‍ തുടങ്ങി. ഓക്‌സിജന്‍ ഊര്‍ജ്ജോദ്പാദനത്തിനു പ്രയോജനപ്പെടുത്താന്‍ തുടങ്ങി. ഏതു എതിരവസ്ഥകളേയും നേരിടാനും സാഹചര്യത്തോടു പൊരുത്തപ്പെടാനുമുള്ള കഴിവ് ജീവനു സ്വതസിദ്ധമാണ്. ഓക്‌സിജന്‍ വര്‍ദ്ധിച്ചുവരുന്ന ആ അവസ്ഥയേയും ഉപയോഗപ്പെടുത്തി മുന്നോട്ടു പോകാനുള്ള കഴിവ് അവയില്‍ ചിലത് ക്രമേണ ആര്‍ജ്ജിച്ചു. അങ്ങനെ കൂടുതല്‍ സങ്കീര്‍ണ്ണമായ ജീവരൂപങ്ങള്‍ പിറവിയെടുത്തുതുടങ്ങി. 

എന്നാല്‍, പരിണാമം എന്ന മഹത്തായ പ്രക്രിയയ്ക്ക് തുടക്കമാകുന്നതിനു ലോകത്തിനു പിന്നേയും ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്നുണ്ട്. യൂക്കാരിയോട്ടുകളെന്ന (1)  കൂടുതല്‍ ഉയര്‍ന്ന ജീവരൂപങ്ങളുടെ ഉദ്ഭവത്തോടെയാണ് അതു സാധ്യമാകുന്നത്. സ്വതന്ത്രാസ്തിത്വമുള്ളതും ഫോട്ടൊസിന്തസിസ് വഴി ഊര്‍ജ്ജം കണ്ടെത്തുന്നതുമായ നേരത്തെ പരാമര്‍ശിച്ച സ്യനോബാക്ടീരിയ മറ്റൊരുതരം ഏകകോശമുള്ള ആദിമസൂക്ഷ്മജീവികളുടെ ഉള്ളില്‍ കുടിപാര്‍പ്പു തുടങ്ങി. അങ്ങനെ ക്ലോറോപ്ലാസ്റ്റോടു കൂടിയ ആദ്യ സസ്യകോശങ്ങള്‍ ഉണ്ടായി. 

സമാനമായ മറ്റൊരു സംഭവവികാസത്തില്‍ ഓക്‌സിജനെ ആശ്രയിക്കുന്ന ആല്‍ഫാ പ്രോട്ടിയോബാക്ടീരിയ വേറൊരുതരം ആദിമ സൂക്ഷ്മജീവികളില്‍ കുടിപാര്‍പ്പു തുടങ്ങി. കോശത്തിലെ മൈറ്റോകോണ്‍ഡ്രിയ എന്ന ഊര്‍ജ്ജസംഭരണിയായി അവ മാറി. കാലക്രമേണ അവ ഒരൊറ്റ ജീവിയായി മാറുകയും ചെയ്തു. എന്‍ഡോസിംബയോസിസ് എന്നാണ് ശാസ്ത്രം ഈ പരസ്പരബന്ധത്തെ  വിളിക്കുന്നത്. 
മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ പരിണാമചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഇതെന്ന് ഡൊറോത്തി ക്രോഫോര്‍ഡ് ഡെഡ്ലി കംപാനിയന്‍സ്-ഹൗ മൈക്രോബ്സ് ഷേപ്പ്ഡ് അവര്‍ ഹിസ്റ്ററി എന്ന തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. (2) എന്നാല്‍ പിന്നെയും കോടിക്കണക്കിനു വര്‍ഷങ്ങള്‍  കാത്തിരിക്കേണ്ടി വന്നു ഭൂമിയില്‍ യൂക്കാരിയോട്ട് ബഹുകോശജീവികളുടെ  പരിണാമത്തിനു  വേദിയൊരുങ്ങാനും  ഇന്നു കാണുന്ന  രീതിയില്‍ സസ്യങ്ങളും ജന്തുക്കളുമായി അവ വേര്‍പിരിയാനും..
 
ഏകദേശം ആറര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു പൊതുപൂര്‍വ്വികനില്‍നിന്നും വേറിട്ട് ഹോമോ സാപിയന്‍സിന്റെ പൂര്‍വ്വഗാമികള്‍ സ്വതന്ത്രമായ അസ്തിത്വം സ്ഥാപിച്ചു തുടങ്ങിയ നാളുകളില്‍ത്തന്നെ അവനോടൊത്തു അവന്റെ ശരീരത്തില്‍ സൂക്ഷ്മപരാദങ്ങളുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ഓരോ ജന്തു സ്പീഷിസിനോടൊപ്പവും അവരില്‍ ആശ്രയിച്ചു ജീവിക്കുന്ന ഒരു കൂട്ടം സൂക്ഷ്മപരാദങ്ങളും പരിണമിച്ചു വന്നിട്ടുണ്ട്. എന്നാല്‍, ആഫ്രിക്കന്‍ ഉഷ്ണമേഖലാവനങ്ങളിലെ പാരിസ്ഥിതിക സന്തുലനം നിമിത്തമായിരിക്കണം ഈ സൂക്ഷ്മപരാദങ്ങള്‍ മനുഷ്യന്റെ പൂര്‍വ്വഗാമികളെ ഇല്ലാതാക്കുന്നതില്‍ വിജയിച്ചില്ല അതേസമയം അവര്‍ മനുഷ്യനെ വിട്ടുപോയതുമില്ല. 

ഒന്നരദശലക്ഷം മുതല്‍ രണ്ടുദശലക്ഷം വരെയുള്ള കാലഘട്ടത്തിലെപ്പോഴോ ആണ് ആഫ്രിക്കയില്‍ ആധുനിക മനുഷ്യന്‍ അഥവാ ഹോമോസാപിയന്‍സിന്റെ ഉല്പത്തി. രണ്ടുതവണകളിലായി ആഫ്രിക്കയില്‍നിന്നു കുടിയേറിപ്പാര്‍പ്പുണ്ടായി. ഏതാണ്ട് ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ കിഴക്കന്‍ ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയിലേക്കു കുടിയേറാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നാണ് നരവംശശാസ്ത്രവും പുരാവസ്തുശാസ്ത്രവും നല്‍കുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിരവധി ഘടകങ്ങള്‍ ഈ പരാജയത്തിലേക്കു നയിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. അവയിലൊന്ന് സൂക്ഷ്മപരാദങ്ങളുടെ സാന്നിധ്യമാണ്. മാറിയ കാലാവസ്ഥയില്‍ ഈ സൂക്ഷ്മപരാദങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കാനും ഹോമോ സാപ്പിയന്‍സ് രോഗങ്ങള്‍ക്കു കീഴടങ്ങി ചത്തൊടുങ്ങിയിരിക്കാനും ഇടയുണ്ടെന്നും അനുമാനമുണ്ട്. അതേസമയം ആഫ്രിക്കയില്‍നിന്നു ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ കുടിയേറിപ്പാര്‍പ്പ് ആരംഭിച്ച ഹോമോ ഇറക്ടസും (നിവര്‍ന്നുനില്‍ക്കുന്ന മനുഷ്യന്‍) ഹോമോ ഇറക്ടസില്‍നിന്നും മറ്റുമായി പരിണമിച്ചുണ്ടായ മറ്റനവധി ഹോമിനിഡുകളും യൂറേഷ്യന്‍ മേഖലയിലും ഓസ്ട്രേലിയയിലുമടക്കം ജീവിച്ചു പോന്നിരുന്നു. ചെറിയ തോതില്‍ ആയുധങ്ങള്‍ ഉണ്ടാക്കാനും ഭാഷ ഉപയോഗിക്കാനുമൊക്കെ കഴിവുള്ളവയായിരുന്നു അവയില്‍ മിക്കവയും. ഇവയുടെയൊക്കെ ജനിതക മുദ്രകള്‍ ആധുനിക മനുഷ്യനിലുണ്ടെങ്കിലും അവയെല്ലാം എങ്ങനെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി എന്നതുസംബന്ധിച്ച അന്വേഷണങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ല. കുഴക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം തേടി പാലിയന്ത്രപ്പോളജിസ്റ്റുകള്‍ ഇന്നും നിരന്തരം അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

ഹോമോ സാപിയന്‍സിന്റെ എവലൂഷണറി കസിന്‍സ് എന്നു വിളിക്കാവുന്ന നിയാണ്ടര്‍താല്‍ മനുഷ്യന്റെ തിരോധാനമാണ് അവയില്‍ മുഖ്യം. ഹോമോ സാപിയന്‍സിനെപ്പോലെ ഹോമോ ഇറക്ടസില്‍നിന്നുതന്നെ പരിണമിച്ചുണ്ടായതെന്നു തെളിയിക്കപ്പെട്ട നിയാണ്ടര്‍താല്‍ മനുഷ്യര്‍ കായികമായി ഹോമോ സാപിയന്‍സിനേക്കാള്‍ കായികബലം ഉള്ളവരും സമാധാനപ്രിയരുമായിരുന്നുവത്രേ. കിഴക്കേ ആഫ്രിക്കയില്‍നിന്ന് ലെവന്റിലേക്കുള്ള ഹോമോ സാപിയന്‍സിന്റെ ആദ്യ കുടിയേറിപ്പാര്‍പ്പു ശ്രമം പരാജയപ്പെട്ടതില്‍ നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്കു കൂടി പങ്കുണ്ടായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. 1000 കോഴിക്ക് അരക്കാട എന്നൊക്കെ പറയുംപോലെ അഞ്ഞൂറു സാപ്പിയന്‍സിനെ നേരിടാന്‍ 50 നിയാണ്ടര്‍താല്‍ മനുഷ്യര്‍ മതിയായിരുന്നുവത്രെ. പശ്ചിമേഷ്യയിലേയും യൂറോപ്പിലേയും ആധുനിക മനുഷ്യരില്‍ ഇവരുടെ ജനിതകമുദ്രകളുണ്ടെന്നു ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഒരുപക്ഷേ, സാപ്പിയന്‍സില്‍ ലയിച്ചു ചേര്‍ന്നിരിക്കാം. ഇരുകൂട്ടര്‍ക്കും ഇടയില്‍ ഇണചേരല്‍ സാധ്യമായിരുന്നുവെന്നാണ് തെളിവുകള്‍ നല്‍കുന്ന വിവരം. കൂട്ടത്തോടെ കൊന്നൊടുക്കിയിരിക്കാനിടയുണ്ടെന്നും അവരുടെ സ്ഥാനത്ത് ഹോമോ സാപ്പിയന്സ് പെറ്റുപെരുകിയെന്നുമാണ് മറ്റൊരു നിഗമനം. എന്നാല്‍, ഇന്ന് ഇത് ശാസ്ത്രം സംശയത്തോടെ വീക്ഷിക്കുന്ന അഭിപ്രായമാണ്. ആധുനികമനുഷ്യനില്‍ കാണുന്ന നരവംശപരമായ വ്യതിയാനങ്ങള്‍ക്ക് കാരണമായിട്ടുള്ളത് കാലാവസ്ഥയും ചുറ്റുപാടുകളും മാത്രമല്ലെന്നും നിയാണ്ടര്‍താല്‍ മനുഷ്യരടക്കുമുള്ളവരുമായുള്ള കലര്‍പ്പുകളാണെന്നും യുവാല്‍ നോഹ ഹരാരിയെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  മറ്റൊന്ന് ഭക്ഷണത്തിനുവേണ്ടിയുള്ള മത്സരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപാധികളാര്‍ജ്ജിച്ച ആഫ്രിക്കയില്‍നിന്നുള്ള പുതിയ കൂട്ടര്‍ അവരെ തോല്പിച്ചു എന്നതാണ്. രണ്ടു ലക്ഷം വര്‍ഷങ്ങള്‍ മുതല്‍ ഏതാണ്ട് മുപ്പത്തിനായിരമോ മുപ്പത്തിയയ്യായിരമോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വരെ യൂറേഷ്യന്‍ പ്രദേശങ്ങള്‍ അടക്കിവാണ നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്ക് വംശനാശം വരുന്നത് 70,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് സാപ്പിയന്‍സിന്റെ കുടിയേറ്റത്തോടെയത്രേ. ഇതേ കാലയളവിലാണ് യൂറോപ്പില്‍ ഹോമോ സാപ്പിയന്‍സിന്റെ കുടിയേറ്റം ശക്തിപ്പെടുന്നതും. (3) 

ഏതാണ്ട് ഒരു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ കിഴക്കന്‍ ആഫ്രിക്കയില്‍നിന്നു കുടിയേറി പാര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര ജനിതമുദ്രകള്‍ അവശേഷിപ്പിക്കാന്‍ തക്കവണ്ണം പശ്ചിമേഷ്യയില്‍ നിന്നു പിഴക്കാന്‍ കഴിയാതെ പരാജയപ്പെട്ട ചരിത്രമുള്ള ഹോമോ സാപ്പിയന്‍സ് രണ്ടാംഘട്ടത്തില്‍ ലോകത്ത് വെല്ലുവിളിക്കാന്‍ കഴിയാത്തവരായി മാറിയതിനു പല ഘടകങ്ങളുണ്ട്. യൂറോപ്പിലെ നിയാണ്ടര്‍താല്‍ മനുഷ്യരുടെ വംശനാശത്തെക്കുറിച്ചും പുതു മാനവസംസ്‌കൃതിയുടെ ഉദയത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് ഭാഷ, മെച്ചപ്പെട്ട ബുദ്ധിശക്തി, കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങള്‍, മൃഗങ്ങളെ ഇണക്കി വളര്‍ത്താനാരംഭിച്ചത് തുടങ്ങിയവയൊക്കെ ആധുനികമനുഷ്യന്റെ നിലനില്പിനു കൂടുതല്‍ സഹായകമായി എന്നതാണ്. അതോടൊപ്പം ആഫ്രിക്കയില്‍നിന്നു വന്ന പുതിയ കൂട്ടര്‍ ചില രോഗാണുക്കളെക്കൂടി കൂടെ കൊണ്ടുവന്നു. നിയാണ്ടര്‍താല്‍ മനുഷ്യരുമായി കലര്‍ന്ന അവര്‍ ചില രോഗങ്ങള്‍ കൂടി അവര്‍ നില്‍കിയിരിക്കാം. നിയാണ്ടര്‍താല്‍ മനുഷ്യരുടെ ശാരീരിക സവിശേഷതകള്‍ ഈ രോഗങ്ങള്‍ക്കു കാരണമാകുന്ന സൂക്ഷ്മജീവികളോടു ചെറുത്തു നില്‍ക്കാന്‍ കഴിയാത്തവരായിരുന്നുവെന്നും ഇതു സംബന്ധിച്ചുനടത്തിയ അന്വേഷണങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ കൊളോണിയല്‍ വ്യാപനത്തില്‍ കലാശിച്ച അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ യൂറോപ്യന്‍ കുടിയേറ്റങ്ങള്‍ അവിടത്തെ ആദിമ ഇന്ത്യക്കാരുടെ വിഭവങ്ങള്‍ കൊള്ളയടിക്കുകയും വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്. സ്മാള്‍ പോക്‌സ് അടക്കമുള്ള അന്നേവരെ അവര്‍ക്കജ്ഞാതമായ പുതിയ രോഗങ്ങള്‍ കൂടി അവര്‍ക്കു സമ്മാനിക്കുകയും ചെയ്തു. ഈ അനുഭവം നിയാണ്ടര്‍താല്‍ മനുഷ്യരിലേക്കു രോഗാണുക്കളെ ആഫ്രിക്കയില്‍നിന്നെത്തിയ പുതിയ കൂട്ടര്‍ പകര്‍ത്തിയിരിക്കാമെന്ന നിഗമനത്തെ ശരിവയ്ക്കുന്നുണ്ട്. (4) 

ഇര തേടുന്ന സിംഹക്കൂട്ടം: 33.000മുതൽ 30,000 വർഷങ്ങൾക്കിടയിൽ വരച്ചതെന്ന് കരുതപ്പെടുന്ന ഷോവെറ്റ് ​ഗുഹാ പെയിന്റിങ്
ഇര തേടുന്ന സിംഹക്കൂട്ടം: 33.000മുതൽ 30,000 വർഷങ്ങൾക്കിടയിൽ വരച്ചതെന്ന് കരുതപ്പെടുന്ന ഷോവെറ്റ് ​ഗുഹാ പെയിന്റിങ്

നായ എന്ന മൃഗം വേട്ട എന്ന കേളി 

അദ്ധ്വാനവും തൊഴില്‍ ഉപകരണങ്ങളും മറ്റു ഉദ്പാദനോപാധികളും ചരിത്രത്തെ ചലിപ്പിച്ചുവെന്ന് മാര്‍ക്‌സ്. മൃഗങ്ങളെ ഇണക്കിവളര്‍ത്താനും തൊഴിലില്‍ അദ്ധ്വാനത്തെ ലഘൂകരിക്കുന്നതിനു അവയെ ഉപയോഗിക്കാന്‍ തുടങ്ങിയതും ചരിത്രത്തില്‍ ചാലകശക്തിയാകുന്നുണ്ട്. നിയാണ്ടര്‍താല്‍ മനുഷ്യരുടെ ശരീരത്തിനു പോരാടിയോ ചെറുത്തുനിന്നോ പരിചയമില്ലാത്ത രോഗാണുക്കളെ ഹോമോ സാപ്പിയന്‍സിനൊപ്പം എത്തിയ വളര്‍ത്തുമൃഗങ്ങളായ നായ്കള്‍ കൊണ്ടുവന്നു എന്നതും അവരുടെ വംശനാശത്തിനു നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

നിയാണ്ടര്‍താല്‍ മനുഷ്യര്‍ എങ്ങനെ തിരോഭവിച്ചു എന്നതു സംബന്ധിച്ച് നടത്തുന്ന അന്വേഷണങ്ങളില്‍നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ അറിവും നായ എന്ന മൃഗം മനുഷ്യന്റെ സഹചാരിയായി തീര്‍ന്നതിന്റെ പ്രത്യാഘാതം ചൂണ്ടിക്കാണിക്കുന്നുണ്ട്. പാറ്റ് ഷിപ്പ്മാന്‍ എന്ന അമേരിക്കന്‍ നരവംശശാസ്ത്രജ്ഞ എഴുതിയ The Invaders: How Humans and Their Dogs Drove Neanderthals to Extinction എന്ന പുസ്തകം വിശദമായി പ്രതിപാദിക്കുന്നത് ഇക്കാര്യമാണ്. കാര്‍ഷിക സംസ്‌കാരത്തിന്റെ ആവിര്‍ഭാവത്തോടെയാണ് മനുഷ്യന്‍ നായ്ക്കളെ ഇണക്കി വളര്‍ത്താനാരംഭിച്ചത് എന്നായിരുന്നു ഒരു കാലത്ത് നാം കരുതിപ്പോന്നത്. എന്നാല്‍, ഷിപ്പ്മാന്‍ ആ ധാരണ തിരുത്തുന്നു. ബെല്‍ജിയത്തില്‍നിന്നും സൈബീരിയയില്‍നിന്നും കണ്ടെടുക്കപ്പെട്ട ഫോസിലുകളാണ് അവര്‍ തെളിവായി എടുത്തുകാട്ടുന്നത്. ഹിമയുഗത്തിന്റെ അന്ത്യഘട്ടത്തില്‍ ജീവിച്ചിരുന്ന നായ്ക്കളുടെ ഫോസിലുകളാണ് അവ. ഇണക്കി വളര്‍ത്തലിന്റെ (Domestication) കൃത്യമായ തെളിവുകള്‍ ആ ഫോസിലുകളിലുണ്ടെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. ഷിപ്പ്മാന്‍ പറയുന്നതു പ്രകാരം വേട്ടയാടലില്‍ നിപുണരായ മൂന്നു ജന്തുസമൂഹങ്ങളാണ് അന്ന് യൂറോപ്പിലുണ്ടായിരുന്നത്. ഹോമോസാപ്പിയന്‍സ് സാപ്പിയന്‍സ്, ഹോമോസാപ്പിയന്‍സ് നിയാണ്ടര്‍താലിസ്, പ്ലെയ്റ്റോസീന്‍ ചെന്നായ്ക്കള്‍. അവര്‍ക്ക് എതിരിടേണ്ടി വന്നതാകട്ടെ വൂളി മാമത്തുകള്‍, എല്‍ക്കുകള്‍ തുടങ്ങിയ വലിയ മൃഗങ്ങളേയും. ആഫ്രിക്കയില്‍നിന്നും യൂറോപ്പിലെത്തിയ ഹോമോ സാപ്പിയന്‍സ് വളരെ വൈകാതെ ഈ ചെന്നായ്ക്കളെ മെരുക്കിയെടുക്കാനും ഏറെക്കുറെ ഇണക്കി വളര്‍ത്താനും വേട്ടയാടലില്‍ കൂട്ടുചേര്‍ക്കാനും ആരംഭിച്ചതോടെയാണ് യൂറോപ്പില്‍ നിയാന്‍ഡര്‍താല്‍ മനുഷ്യര്‍ക്കു മീതെ ഹോമോ സാപ്പിയന്‍സിനു മേല്‍ക്കൈ നേടാനായതെന്നു അവര്‍ വാദിക്കുന്നു. ചെന്നായ്ക്കള്‍ക്കും ഹോമോ സാപ്പിയന്‍സിനും ഒരുപോലെ കണ്ണുകളില്‍ വെളുത്തനിറമുള്ളതാണ് അവര്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നതിനം ആശയവിനിമയത്തിനും സാധ്യതയുണ്ടാക്കിയതെന്നും ഷിപ്പ്മാന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

യൂറോപ്പില്‍ ഏതാണ്ട് അയ്യായിരത്തിലധികം വര്‍ഷങ്ങള്‍ ഇരു മനുഷ്യവര്‍ഗ്ഗങ്ങളും ഒരുമിച്ചു കഴിഞ്ഞിരുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിനിടയില്‍ ഒരുപക്ഷേ, ഹോമോ സാപ്പിയന്‍സുമായി അവര്‍ ഇടകലരുകയും അവരെപ്പോലെ നായ്ക്കളെ ഇണക്കി വളര്‍ത്താന്‍ ശ്രമിച്ചിരിക്കാനും സാധ്യതയുണ്ട്. കൂട്ടത്തില്‍ നായ്ക്കളില്‍നിന്നും മറ്റും രോഗങ്ങള്‍ നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്കിടയിലേക്ക് പടര്‍ന്നിരിക്കാനും ഇടയുണ്ട്.

എന്നാല്‍, ജന്തുക്കളില്‍നിന്നും പകരുന്ന ഏതെങ്കിലും രോഗം (Zoonoses) നിയാണ്ടര്‍താല്‍ മനുഷ്യര്‍ക്കു ബാധിച്ചിരുന്നോ എന്നറിയാനൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. ചരിത്രത്തില്‍ ഇത്തരത്തില്‍ ജന്തുജന്യരോഗങ്ങള്‍ മൃഗങ്ങളെ ഇണക്കിവളര്‍ത്തി പരിചയമില്ലാത്ത സമൂഹങ്ങളെ തുടച്ചുനീക്കിയ ഉദാഹരണങ്ങളില്‍നിന്നാണ് ഇങ്ങനെ സംഭവിക്കാനിടയുണ്ട് എന്നു അനുമാനിക്കപ്പെടുന്നത്. യൂറോപ്യന്മാരെപ്പോലെ മൃഗങ്ങളെ ഇണക്കി വളര്‍ത്തുന്നവരല്ലാത്തവരായിരുന്നു ഒരുകാലത്ത് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ ആദിമനിവാസികള്‍. അതുകൊണ്ട് ആദിമ അമരിന്ത്യന്മാര്‍ യൂറോപ്യന്മാരുമായി ഇടപഴകല്‍ ആരംഭിച്ചതോടെ അവരുടെ രോഗപ്രതിരോധ സംവിധാനത്തിനു അന്നേവരെ അവരുടെ നാട് കണ്ടിട്ടില്ലാത്ത പുതിയതരം രോഗാണുക്കളെ കൈകാര്യം ചെയ്യേണ്ടിവന്നു. അമേരിക്കയിലെ തദ്ദേശീയരെ വന്‍തോതില്‍ വസൂരിരോഗം കൊന്നൊടുക്കുന്നത് അങ്ങനെയാണ്. എന്നാല്‍, നിയാണ്ടര്‍താല്‍ മനുഷ്യരുടെ സമൂഹങ്ങള്‍ ഒറ്റയൊറ്റയായി കഴിഞ്ഞിരുന്നതുകൊണ്ട് വന്‍തോതിലുള്ള ഉന്മൂലനം സംഭവിച്ചിരിക്കാനിടയില്ലെന്നും ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

65,000 വര്‍ഷങ്ങള്‍ക്കു മുന്‍പേയാണ് ഇന്ത്യയിലേക്കുള്ള ഹോമോ സാപ്പിയന്‍സിന്റെ കുടിയേറ്റം എന്നാണ് ഇതുവരെ ലഭ്യമായ തെളിവുകള്‍ വെച്ച് അനുമാനിക്കപ്പെടുന്നത്. ഏതാണ്ട് ഇതേ കാലയളവിലാണ് പശ്ചിമേഷ്യയിലേക്കുള്ള കുടിയേറ്റം ഉണ്ടാകുന്നത്. വീണ്ടും ഒരു 20,000 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ യൂറോപ്പിലെത്തുകയും നിയാണ്ടര്‍താല്‍ മനുഷ്യരുമൊത്ത് സഹവസിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലും യൂറോപ്പിലും അവര്‍ നിയാണ്ടര്‍താല്‍ മനുഷ്യരുമായി കലര്‍ന്നു.
 
യൂറോപ്പില്‍നിന്നു കണ്ടെടുക്കപ്പെട്ട ആധുനികമനുഷ്യനെ ക്രോ മാഗ്നന്‍ മനുഷ്യന്‍ എന്നാണ് വിളിക്കുന്നത്. വേട്ടയാടുകയും അന്യമൃഗങ്ങള്‍ കൊന്നിട്ടവയുടെ അവശിഷ്ടങ്ങള്‍ തേടിത്തിന്നുകയുമാണ് ക്രോ മാഗ്നന്‍ അടക്കമുള്ള ആദിമ മനുഷ്യരുടെ അന്നത്തെ പതിവ്. നായാടികളും പെറുക്കിത്തീനികളും (Hunter-Gatherer) എന്നു വിളിക്കപ്പെടുന്നവര്‍. പൂര്‍വ്വികന്‍ വഴി നമ്മുടെ കസിനെന്നു വിളിക്കാവുന്ന നിയാണ്ടര്‍താല്‍ മനുഷ്യരേക്കാള്‍ പരിഷ്‌കാരി. ചിത്രകലയിലും സാങ്കേതികവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. വസ്ത്രങ്ങളുണ്ടാക്കുകയും തണുപ്പില്‍നിന്നു രക്ഷനേടാന്‍ പാര്‍പ്പിടങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു അവരുടെ കയ്യില്‍. മറ്റു മൃഗങ്ങളെ ഭയക്കാതെ വേട്ടയാടി ജീവിക്കാന്‍ അവരെ അതു സഹായിച്ചു. ആദ്യമായി മനുഷ്യന്‍ ഭക്ഷ്യശൃംഖലയുടെ ഉയര്‍ന്ന ശിഖരത്തെ അലങ്കരിച്ചു. നായാടിക്കഴിയുകയും പെറുക്കിത്തിന്നുകയും ചെയ്തിരുന്ന ഇക്കൂട്ടര്‍ ചെറുസംഘങ്ങളായി നാടോടി ജീവിതമാണ് നയിച്ചിരുന്നത്. ഋതുക്കളുടെ മാറ്റങ്ങള്‍ക്കനുസരിച്ചു അവര്‍ സഞ്ചരിച്ചു. ഇരകളാക്കാവുന്ന, സംഘം ചേര്‍ന്നു ജീവിക്കുന്ന മൃഗങ്ങളുടെ പിറകേ. വേട്ടയാടുകയും കെണിവെച്ചു പിടിക്കുകയും ചെറിയ തോതില്‍ മത്സ്യബന്ധനം നടത്തിയും കാട്ടുപഴങ്ങളും കിഴങ്ങുകളും ഇലകളും വിത്തുകളും ശേഖരിക്കുകയും തിന്നുകയും ചെയ്തു. 10,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൃഷിയും സംസ്‌കാരവും ആരംഭിക്കുന്നതുവരെ ഇതായിരുന്നു ആധുനികമനുഷ്യന്റെ ജീവിതചര്യ. 

സാധാരണഗതിയില്‍ നായാടികളും പെറുക്കിത്തീനികളുമായ ഇവരുടെ ഒരു കൂട്ടത്തില്‍ 30 മുതല്‍ 50 പേര്‍ വരെയാണ് ഉണ്ടാകുക. ഒരു കൂട്ടു കുടുംബം എന്നു വിളിക്കാം. ഈ കൂട്ടം അയഞ്ഞ ഘടനയുള്ള വലിയൊരു സംഘത്തിന്റെ ഭാഗമായിരിക്കും പൊതുവേ. മരണം, വിവാഹം തുടങ്ങിയ വിശേഷാവസരങ്ങളില്‍ അവര്‍ ഒന്നിച്ചുചേരുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഓരോ കൂട്ടത്തിനും വേട്ടയാടുന്നതിനും ഭക്ഷണം തേടുന്നതിനും ഭക്ഷണത്തിന്റെ ലഭ്യതയനുസരിച്ച് ഒരു പ്രത്യേക മേഖല നിശ്ചയിച്ചിരിക്കും. ഒരാള്‍ക്ക് ഒരു സ്‌ക്വയര്‍ മൈല്‍ എന്നതായിരുന്നു കണക്ക്. ഭക്ഷ്യദൗര്‍ലഭ്യമില്ലെങ്കിലും കൂട്ടത്തിന്റെ അംഗസംഖ്യ വര്‍ദ്ധിക്കുന്നത് അവരുടെ നിലനില്പ് അവതാളത്തിലാക്കും. വേട്ടയാടലിനും ഭക്ഷണം തേടലിനുമായി സ്വന്തം കൂട്ടത്തിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്നത് വാഹനങ്ങളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത അക്കാലത്ത് വാസസ്ഥലത്തേയ്ക്ക് ഭക്ഷണം കൊണ്ടുവരുന്നത് പ്രയാസകരമാക്കുമെന്നതായിരുന്നു വലിയ പ്രശ്‌നം. അതുകൊണ്ട് അംഗസംഖ്യ വളരുന്നതിനനുസൃതമായി കൂട്ടം ഒന്നിലധികമായി വിഭജിക്കപ്പെടുകയും പുതിയ പ്രദേശങ്ങള്‍ തേടി വിഭജിക്കപ്പെട്ട കൂട്ടം നീങ്ങുകയും അവര്‍ ചെയ്തിരിക്കണം.

കൂട്ടത്തിലെ അംഗങ്ങള്‍ പൊതുവേ പരസ്പരം ആശ്രയിക്കുകയും പരസ്പരം പിന്തുണ നല്‍കിപ്പോരുകയും ചെയ്തിരുന്നു. വര്‍ഗ്ഗവിഭജനമോ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യവിഭജനമോ അവര്‍ക്കിടയിലുണ്ടായിരുന്നില്ല. ആദിമ കമ്യൂണിസ്റ്റ് വ്യവസ്ഥ. ഒരിടത്തുനിന്നു പാര്‍പ്പ് മറ്റൊരിടത്തേയ്ക്ക് ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുകയെന്നതായിരുന്നു ഈ ജീവിതശൈലിയുടെ ഒരു സവിശേഷത. ഭക്ഷണവും വേട്ടമൃഗങ്ങളും തേടിയുള്ള ഈ യാത്ര ചിലപ്പോള്‍ ആഴ്ചകളും മാസങ്ങളും നീണ്ടെന്നിരിക്കും. മുതിര്‍ന്ന ആരോഗ്യവാന്മാരായ ആളുകള്‍ക്കു മാത്രമായിരുന്നു ജീവിക്കാന്‍ അര്‍ഹത. രോഗികള്‍ക്കും അവശര്‍ക്കും പ്രായം ചെന്നവര്‍ക്കുമൊന്നും കാര്യമായ പരിഗണന കൊടുത്തിരുന്നില്ല. പരുക്കേറ്റ് കിടക്കേണ്ടി വന്നാലോ രോഗം വന്നാലോ ചിലപ്പോഴൊക്കെ അവര്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തുപോന്നിരുന്നുവെന്നാണ് ആര്‍ക്കിയോളജിക്കല്‍ അവശിഷ്ടങ്ങള്‍ തെളിയിക്കുന്നത്. അര്‍ഹതയുള്ളത് അതിജീവിക്കുമെന്നായിരുന്നു നയം. മനുഷ്യരുടെ സാമൂഹിക ജീവിതത്തിന്റെ ആദിമദശകളെ മിക്കപ്പോഴും ആളുകള്‍ അത്യന്തം കാല്പനികമായാണ് കണ്ടുപോരാറുള്ളത്. പക്ഷേ, 17-ാം നൂറ്റാണ്ടിലെ പ്രശസ്ത ചിന്തകന്‍ തോമസ് ഹോബ്സ് ചൂണ്ടിക്കാണിച്ചതുപോലെ പ്രകൃതിയിലുള്ള ജീവിതം എല്ലാവര്‍മെതിരെ നയിക്കുന്ന എല്ലാവരുടേയും യുദ്ധമായിരുന്നു. (Life in nature is a 'War of all against all' -Bellum omnium contra omnus) 

ഏതായാലും കാലം പുരോഗമിച്ചപ്പോള്‍ ആ ആദിമവ്യവസ്ഥയുടെ നന്മകള്‍ ഏറെക്കുറേ ഉപേക്ഷിക്കപ്പെട്ടുവെന്നാല്‍പോലും ഈ കാലഘട്ടത്തില്‍പോലും അതിന്റെ ചില സവിശേഷതകള്‍ ഇല്ലാതായില്ലെന്നു പറയാന്‍ വേണ്ടത്ര തെളിവുകളുണ്ട്. ഇറ്റലിയില്‍, വലിയൊരു വിഭാഗം പൗരന്മാരെ കൊവിഡ് ബാധിച്ച സമയത്ത് വെന്റിലേറ്ററുകളുടേയും ചികിത്സാസൗകര്യങ്ങളുടേയും അപര്യാപ്തതയെ മുന്‍നിര്‍ത്തി അതിജീവനത്തിനു സാധ്യതയുള്ള യുവാക്കള്‍ക്കും മറ്റും മുന്‍ഗണന നല്‍കിയത് ഓര്‍ക്കുക. രോഗവ്യാപനമോ ദുരന്തങ്ങളോ ഒന്നും ബാധിക്കാത്ത സാധാരണ സമയങ്ങളിലും നമ്മുടെ നാഗരികതയും മുതലാളിത്തവും പൊതുവേ യുവതയെ, ആരോഗ്യമുള്ളവരെ മാത്രം അഭിസംബോധന ചെയ്തുപോരുന്നുവെന്നതാണ്  അനുഭവം. 

നേരത്തെ സൂചിപ്പിച്ച ആദിമ മനുഷ്യര്‍ക്കിടയിലെ മറ്റൊരു പ്രത്യേകതയായിരുന്നു ശിശുഹത്യ. ചെറിയ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കൂട്ടത്തിന്റെ ചലനക്ഷമതയെ ബാധിക്കും. അവര്‍ക്ക് ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്കു സഞ്ചരിക്കുന്നതു പ്രയാസകരമായിരിക്കും. അതുകൊണ്ട് ആവശ്യത്തിലധികമെന്നു തോന്നുന്നപക്ഷം കുട്ടികളെ അവര്‍ കൊന്നുകളഞ്ഞു! ചുരുങ്ങിയത് നാലുവര്‍ഷത്തെ അകലം ഓരോ കുടുംബത്തിലും ജനിക്കുന്ന കുട്ടികള്‍ക്കിടയില്‍ അവര്‍ നിലനിര്‍ത്തിപ്പോന്നു.

ജനസംഖ്യാ നിയന്ത്രണമായിരുന്നില്ല ആത്യന്തികലക്ഷ്യം. ചലനക്ഷമത ഉറപ്പുവരുത്തലാണ്. ജനസംഖ്യ പൊതുവേ കുറവായതുകൊണ്ട് ഭക്ഷ്യലഭ്യത ഒരു പ്രശ്‌നമല്ലായിരുന്നു. അതേസമയം ആധുനികയുഗത്തില്‍ ജനസംഖ്യാനിയന്ത്രണം ഭക്ഷണമുള്‍പ്പെടെയുള്ള വിഭവങ്ങളുടെ ലഭ്യതയെ മുന്‍പില്‍ കണ്ടുകൊണ്ടാണ്. (5) 
നായാട്ടുനടത്തുകയും പെറുക്കിത്തിന്നുകയും ചെയ്യുന്ന വിഭാഗങ്ങളുടെ സാന്നിദ്ധ്യം ആധുനിക കാലത്തുമുണ്ട്. ആസ്‌ട്രേലിയന്‍ അബോറിജിനുകള്‍, ബുഷ്‌മെന്‍ തുടങ്ങിയ വിഭാഗങ്ങളെ ഇക്കൂട്ടത്തിലാണ് പെടുത്തിയിട്ടുള്ളത്. പൊതുവേ ആരോഗ്യവാന്മാരും ദൃഢഗാത്രരും മെലിഞ്ഞ ശരീരഘടനയുള്ളവരുമാണ് ഈ വിഭാഗം ജനങ്ങള്‍. പൗരാണികകാലത്തും സ്ഥിതി മറിച്ചായിരുന്നില്ല. വിരളമായി മാത്രമേ വേണ്ടത്ര ഭക്ഷണമുണ്ടാകാതിരുന്നിട്ടുള്ളൂ. അതുകൊണ്ട് സാധാരണ നിലയില്‍ ആവശ്യമായ പോഷകങ്ങളൊക്കെ അവര്‍ക്ക് ഭക്ഷണത്തില്‍നിന്നു ലഭ്യമായിരുന്നു. എന്നിട്ടും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമാണ് പഴയ കാലത്ത് ഈ വിഭാഗത്തിന് ഉണ്ടായിരുന്നത്. ഇരുപത്തിയഞ്ചോ മുപ്പതോ വയസ്സാകുമ്പോഴേക്കും മിക്കവരും മരിച്ചുപോകുന്നതായിരുന്നു പതിവ്. ആയിരം ശിശുക്കള്‍ ജനിച്ചാല്‍ 150 മുതല്‍ 250 വരെയുള്ള ശിശുക്കള്‍ മരിച്ചുപോകുമായിരുന്നു. ഇന്ന്, വികസിത നാടുകളിലെ ആയുര്‍ദൈര്‍ഘ്യം 70 വയസ്സിനു മുകളിലാണെന്നും ശിശുമരണനിരക്ക് മൂന്നുമുതല്‍ പത്തുവരെയാണെന്നും ഉള്ള വസ്തുത കണക്കിലെടുക്കുമ്പോള്‍ മനുഷ്യരാശി എത്രമാത്രം പുരോഗമിച്ചുവെന്നു മനസ്സിലാകും. എന്നാല്‍, 19-ാം നൂറ്റാണ്ടില്‍ ലബോറട്ടറി റവലൂഷന്‍ അരങ്ങേറുന്നതുവരെ ചരിത്രാതീതകാലത്തെ ആയുര്‍ദൈര്‍ഘ്യ നിരക്കില്‍നിന്നു ഏറെ വ്യത്യാസമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ശിശുമരണനിരക്കും ഏറെയായിരുന്നു. 

കണ്ടെടുക്കപ്പെട്ട അസ്ഥികൂടങ്ങളുടെ ഭാഗങ്ങളില്‍നിന്നു വ്യക്തമാകുന്ന ഒരു കാര്യം നായാട്ടുകാരും പെറുക്കിത്തീനികളുമായ ആദ്യകാല മനുഷ്യര്‍ സാധാരണഗതിയില്‍ പട്ടിണി കൊണ്ടല്ല മരിച്ചത് എന്നതാണ്. പരിക്കു പറ്റിയോ ഭക്ഷണത്തില്‍നിന്നു ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാകാത്തതുകൊണ്ടോ അല്ല അവര്‍ മരിച്ചതെന്നും സ്പഷ്ടമാണ്. എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചാണ് അവര്‍ മരിച്ചതെന്നതിനും തെളിവുകളില്ല. സാധാരണ സൂക്ഷ്മാണുക്കള്‍ അവരുടെ സാന്നിധ്യത്തിനു ഫോസില്‍ തെളിവുകള്‍ അവതരിപ്പിക്കാറില്ല എന്നതുതന്നെ കാരണം. ക്ഷയരോഗം, സിഫിലിസ്, കുഷ്ഠം എന്നീ രോഗങ്ങള്‍ക്കു കാരണമാകുന്ന സൂക്ഷ്മജീവികളല്ലാതെ മറ്റൊന്നും എല്ലുകളേയും സന്ധികളേയും ബാധിക്കാറില്ല. ഈ രോഗങ്ങളൊന്നും നമ്മുടെ ഈ പൂര്‍വ്വിക ഗോത്രങ്ങളെ ബാധിച്ചതായി കാണുന്നില്ല. പിന്നെയെങ്ങനെയാണ് ഈ മനുഷ്യര്‍ ഇപ്പോള്‍ നാം യൗവ്വനം എന്നു പറയുന്ന കാലഘട്ടത്തില്‍ത്തന്നെ മരണമടഞ്ഞതെന്ന ചോദ്യം അന്വേഷകരെ കുഴക്കുന്നുണ്ട്. 

എന്നാല്‍, മിക്ക വിദഗ്ദ്ധരും ഗവേഷകരും വിശ്വസിക്കുന്നത് പകര്‍ച്ചവ്യാധികള്‍ക്കിരയായിട്ടാണ് ഇവര്‍ മരണമടഞ്ഞത് എന്നുതന്നെയാണ് എന്ന് ഡൊറോത്തി ക്രോഫോര്‍ഡിന്റെ മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, എന്തായിരുന്നു ഈ രോഗങ്ങളുടെ പ്രകൃതമെന്നു ഊഹിക്കണമെങ്കില്‍ ഇന്നത്തെ പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള അറിവുപയോഗിച്ചും ആധുനിക തന്മാത്രാശാസ്ത്ര വിദ്യകളും നല്‍കുന്ന ഉള്‍ക്കാഴ്ചകളും പ്രയോജനപ്പെടുത്തിക്കൊണ്ടും മാത്രമേ സാധ്യമാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

(തുടരും)

അടിക്കുറിപ്പുകളും  വിശദീകരണങ്ങളും
   
1. വ്യക്തമായ ന്യൂക്ലിയസ് ഉള്ള കോശങ്ങളുള്ള ജീവി. ബാക്ടീരിയ, നീല ഹരിത ആല്‍ഗകള്‍ ഒഴികെയുള്ള ജീവികളെല്ലാം യൂക്കാരിയോട്ടുകളാണ്. .
2. Deadly Companions: How Microbes Shaped Our History  Page 11 
3. Charles River Editors. The Neanderthals: The History of the Extinct Humans Who Were Contemporaries of Homo Sapiens in Europe . Charles River Editors. Page 43
4. ഇതേ പുസ്തകം പേജ്  54
5. ജനസംഖ്യാപരമായ നടപടികള്‍ക്ക് ആധുനികലോകം ആസ്പദമാക്കുന്നത് തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് 1798-ല്‍ എഴുതിയ ഏന്‍ എസ്സെ ഓണ്‍ ദ പ്രിന്‍സിപ്പ്ള്‍ ഓഫ് പോപുലേഷന്‍ എന്ന പുസ്തകത്തേയും മാല്‍ത്തൂസ്യന്‍ സിദ്ധാന്തങ്ങളേയുമാണ്. ഭക്ഷ്യലഭ്യതയും ജനസംഖ്യയും ആനുപാതികമായിരിക്കണം എന്നതാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. അതായത് ഭക്ഷ്യലഭ്യതയനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കണം എന്നര്‍ത്ഥം. സമ്പത്ത് ഒരു ചെറുന്യൂനപക്ഷത്തിന്റെ കയ്യില്‍ കേന്ദ്രീകരിക്കുന്നുവെന്ന വസ്തുതയും വിഭവങ്ങളുടെ അസന്തുലിതമായ വിതരണത്തേയും കണക്കിലെടുക്കാത്ത സാമ്പത്തിക മൗലികവാദികള്‍ പൊതുവേ ആശ്രയിക്കുന്നത് ഈ മാല്‍ത്തൂസ്യന്‍ സിദ്ധാന്തത്തെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com