കൊറോണ വൈറസ് ജൈവായുധമോ?

കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ് 
കൊറോണ വൈറസ് ജൈവായുധമോ?

കൊറോണ വൈറസ് ജൈവായുധമായി ഉപയോഗിക്കാനുള്ള പദ്ധതികളെക്കുറിച്ച് അമേരിക്കയിലെ വെളുത്ത വംശീയവാദികള്‍ ചിന്തിക്കുന്നതായി എഫ്.ബി.ഐ കണ്ടെത്തിയതായി വാര്‍ത്ത. അവരില്‍ ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചാല്‍ അതു പരമാവധി ആളുകളിലേക്ക് പടര്‍ത്താന്‍ അവര്‍ തീരുമാനമെടുത്തിരുന്നുവത്രേ. കൊറോണ വൈറസിനെക്കുറിച്ച് വൈറ്റ് റേസിയല്‍ മോട്ടിവേറ്റഡ് വയലന്റ് എക്സ്ട്രിമിസ്റ്റ്സ് ചര്‍ച്ച ചെയ്തതായി അമേരിക്കന്‍ ആഭ്യന്തര സുരക്ഷാവകുപ്പിന്റെ ഒരു ഡിവിഷനില്‍ (Department of Homeland Securtiy DHS) നിന്നുള്ള 2020 ഫെബ്രുവരി 17 മുതല്‍ ഫെബ്രുവരി 24 വരെയുള്ള ആഴ്ചയിലേക്കുള്ള പ്രതിവാര രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപാലകരേയും പ്രത്യേകിച്ചും 'വെളുത്തവരല്ലാത്ത'വരേയും ലക്ഷ്യമിടാന്‍ വംശീയവാദികള്‍ തീരുമാനിച്ചുവത്രേ. ഇതിനായി ചില പൊതുസ്ഥലങ്ങള്‍ ലക്ഷ്യമിടാനും അവര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി ഓഫീസ് വാതിലുകളില്‍ ഉമിനീര്‍ പരട്ടുക, എലിവേറ്റര്‍ ബട്ടണുകളില്‍ തുപ്പുക, ''കറുത്ത വംശജര്‍ കൂടുതലുള്ള ഇടങ്ങളില്‍ വൈറസിനെ പടര്‍ത്തുക, പരമാവധി പൊതുയിടങ്ങളില്‍ അടുത്ത സമ്പര്‍ക്കം സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ അവര്‍ ചെയ്തിരുന്നു. ജീവീയഭീകരവാദത്തെ (Bioterrorism) ഒരു ജനപ്രിയ വിഷയമാക്കി മാറ്റാനും തീവ്ര ചിന്താഗതിയുള്ള വംശീയ വാദികള്‍ പരിശ്രമിക്കുകയാണ്. 'ഉപരോധ സംസ്‌കാരം' (Siege Culture) എന്നറിയപ്പെടുന്ന ഒരു നവനാസിതത്ത്വ ചിന്തയ്ക്കായി നീക്കിവെച്ച ഒരു ടെലിഗ്രാം ചാനലിലാണ് ചര്‍ച്ച നടന്നതെന്ന് യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തരയുദ്ധത്തിനു തുടക്കമിടാന്‍ വംശീയ ഭീകരതയെ നിലവിലെത്തിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളായിരുന്നു ഇതു സംഘടിപ്പിച്ചത്. അതേസമയം, ആഭ്യന്തര ഭീകരതയ്ക്കും ശ്വേതദേശീയത(White Nationalism)യ്ക്കുമെതിരെ പോരാടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രതിജ്ഞയെടുത്ത് മുഖം മിനുക്കി. എന്നാല്‍, പോയ വര്‍ഷം ആഭ്യന്തര ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ചുമതലപ്പെടുത്തപ്പെട്ട പല സര്‍ക്കാര്‍ ഏജന്‍സികളേയും ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു.

അമേരിക്കന്‍ നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഈ പ്രശ്‌നത്തെ നേരിടാന്‍ അടുത്ത കാലങ്ങളിലായി കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാല്‍, ഈ വിലയിരുത്തല്‍ സംബന്ധമായ സൂചനകളില്‍ ഭൂരിഭാഗവും വലതുപക്ഷ തീവ്രവാദികളുടെ വംശീയതാപ്രേരിത അക്രമങ്ങള്‍ക്കു കാരണമായി. അത്തരം വിധ്വംസക സിദ്ധാന്തങ്ങളും അവ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍ ലിങ്കുകളും വൈറ്റ് ഹൗസിലേക്കും ട്രംപിന്റെ ട്വിറ്റര്‍ ഫീഡിലേക്കുപോലും പ്രവേശിച്ചു. വൈറസിനെ 'ചൈനീസ് വൈറസ്' എന്നു വിശേഷിപ്പിച്ചതിന് ട്രംപ് കടുത്ത തിരിച്ചടി നേരിടേണ്ടിവന്നു. ഇതു വംശീയത ചുവയ്ക്കുന്ന പദമാണെന്നു വിമര്‍ശനമുയര്‍ന്നു. തകര്‍ന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് സെനറ്റ് തത്ത്വത്തില്‍ അംഗീകരിക്കുകയുണ്ടായി. കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ, ഇറ്റാലിയന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ്, ഇറാനിലെ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്, ടോം ഹാങ്ക്സും ഭാര്യ റീത്ത വില്‍സണും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ എന്നിവരും അവസാനമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും കൊറോണ ബാധിതരായി. ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ അഭൂതപൂര്‍വ്വമായ മാന്ദ്യം കണ്ടു.

കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചു ധാരാളം അഭൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കൊവിഡ് 19 ഒരു ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്തതാണോ? ചൈനയുടെ സാമ്പത്തിക മേധാവിത്വം അവസാനിപ്പിക്കാന്‍ വികസിപ്പിച്ചെടുക്കപ്പെട്ട ഒരു ജൈവായുധമാണോ അത്? എന്നിവയാണ് പ്രധാന ചോദ്യങ്ങള്‍. വൈറസ് ലബോറട്ടറിയില്‍ ഉദ്ദേശ്യത്തോടെ നിര്‍മ്മിച്ചതാണോ അതോ ലബോറട്ടറിയില്‍ നിര്‍മ്മിച്ച വൈറസ് യാദൃശ്ചികമായി ലബോറട്ടറിയില്‍നിന്നു പുറത്തെത്തിയതാണോ എന്നതാണ് അനുബന്ധമായ ചോദ്യം. 'ലാബ് എസ്‌കേപ്പ്' എന്നത് ഇന്നുവരേയ്ക്കും വ്യാപകമായി അംഗീകരിക്കപ്പെട്ട അഭൂഹ സിദ്ധാന്തം മാത്രമാണ്. സോഷ്യല്‍ മീഡിയക്കാര്‍ ആഴ്ചകളോളം ഇതു പ്രചരിപ്പിച്ചിരുന്നു, 2020 ഫെബ്രുവരി അവസാനം ന്യൂയോര്‍ക്ക് പോസ്റ്റില്‍ ഇതു സംബന്ധമായി ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്നാണ് അതിനു കൂടുതല്‍ വിശ്വാസ്യത കൈവന്നത്. സാമൂഹ്യ ശാസ്ത്രജ്ഞനായ സ്റ്റീവന്‍ മോഷര്‍ (Steven Mosher) കൊവിഡ് 19-നു കാരണമായ വൈറസ്, ചൈനയിലെ നാഷണല്‍ ബയോ സേഫ്റ്റി ലബോറട്ടറിയായ വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ പ്രചരിച്ചിരുന്നിരിക്കാമെന്നു വിശ്വസിക്കുന്നു. അതിന് അദ്ദേഹം വിശദീകരണവും നല്‍കുന്നു. വവ്വാലുകളില്‍ കാണുന്ന കൊറോണ വൈറസുകളെക്കുറിച്ചു പഠിക്കുകയായിരുന്നു അവിടെയുള്ള ഗവേഷകര്‍. ഈ ഗവേഷണശാല കൊവിഡ് 19 കേസുകള്‍ ആദ്യം കണ്ടെത്തപ്പെട്ട സമുദ്രവിഭവ മാര്‍ക്കറ്റില്‍നിന്നു 10 മൈലില്‍ താഴെ മാത്രം ദൂരെയായിരുന്നുവെന്നത് മോഷര്‍ ചൂണ്ടിക്കാട്ടുന്നു. വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയില്‍ അപകടകരമായ രോഗകാരികളെ സൂക്ഷിക്കാനും അവയെ ജൈവായുധങ്ങളായി വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നിരുന്നതുമായി മോഷര്‍ വിശ്വസിക്കുന്നു. 2003-ലെ SARS പൊട്ടിപ്പുറപ്പെട്ടപ്പോള്‍, SARSCoV വൈറസ് ചൈനയിലെ വൈറോളജി ലാബുകളില്‍നിന്നു പുറത്തെത്തിയവയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനീസ് വൈറോളജിസ്റ്റും ബയോവെപ്പണ്‍ വിദഗ്ദ്ധനുമായ മേജര്‍ ജനറല്‍ ചെന്‍ വെയ് (Chen Wei) 2020 ജനുവരിയില്‍ സൈനിക ശാസ്ത്രജ്ഞരുമായി വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സന്ദര്‍ശിച്ചത് അപ്രതീക്ഷിതമായ അപകട സാഹചര്യങ്ങള്‍ നിയന്ത്രിക്കാനുള്ള മിലിട്ടറി നടപടികളുടെ ഭാഗമായിരുന്നുവെന്നും മോഷര്‍ കരുതുന്നു.

കാട്ടുവവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക്  

ആദ്യം ഈ വൈറസുകള്‍ കാട്ടുവവ്വാലുകളിലാണ് നിലനിന്നിരുന്നത്. അവയില്‍നിന്നും 'ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ്' എന്നു വിളിക്കപ്പെടുന്ന മറ്റൊരു ജീവിയിലൂടെ മനുഷ്യരിലേക്കു വ്യാപിച്ചു. അങ്ങനെയാണ് SARSCoV മനുഷ്യരിലേക്കെത്തിയത്. അതേസമയം MERS എന്ന ചുരുക്കപ്പേരിലറിയപ്പെട്ട മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രോം വൈറസിന്റെ കാര്യത്തില്‍ ഒട്ടകങ്ങള്‍ ആയിരുന്നു മനുഷ്യനും പ്രാഥമിക വൈറസ് സ്രോതസ്സിനുമിടയിലെ കണ്ണി. അതുപോലെ, കൊറോണ വൈറസ് പരീക്ഷണശാലയില്‍ വെച്ചു കൃത്രിമമായി നിര്‍മ്മിച്ച ഒന്നല്ല എന്നു വാദിക്കുന്നവരുമുണ്ട്. അതിന് അവര്‍ ധാരാളം തെളിവുകള്‍ നിരത്തുന്നുമുണ്ട്. കൊറോണ വൈറസ് യഥാര്‍ത്ഥത്തില്‍ വന്യജീവികളില്‍നിന്നാണ് വന്നതെന്നാണ് അവര്‍ പറയുന്നത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ SARSCoV2ന്റെ ജനിതക വിശകലനം സൂചിപ്പിക്കുന്നത് കൊവിഡ് 19 വൈറസിന്റെ ജീനോം വവ്വാലുകളില്‍ കാണപ്പെടുന്ന കൊറോണ വൈറസിന്റേതിനോട് സമാനമാണെന്നതാണ്. ലാബ് പരീക്ഷണമോ ജനിതക കൃത്രിമത്വ(Genetic Manipulation)ങ്ങളോ നടത്താതെ തന്നെ വൈറസിന് ഒരു ജീവിയില്‍നിന്നും മറ്റൊരു ജീവിയിലേക്കെത്താനാവുമെന്നത്  ജനിതക ശാസ്ത്രജ്ഞരും സമ്മതിക്കുന്ന കാര്യമാണ്.

SARSCoVയുടേതായി മരപ്പട്ടി (Cive)യില്‍ കാണുന്ന വൈറസ് പതിപ്പ് മനുഷ്യരില്‍ കണ്ടെത്തിയതിനോട് 99.8 ശതമാനം സമാനമായിരുന്നതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. മനുഷ്യരില്‍ കാണുന്ന SARSCoV2 വൈറസിനെക്കാള്‍ മരപ്പട്ടികളിലേതിനോട് ഇവയ്ക്കു ജനിതകപരമായി വളരെ അടുത്ത ബന്ധമുണ്ട്. അതേസമയം, പുതിയ വൈറസ് വവ്വാലുകളില്‍നിന്നും മനുഷ്യരിലെത്തുന്നതിനു മുന്‍പ് 'ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ്' ആയി ഒരു ജീവിയിലൂടെക്കൂടി കടന്നുപോയിട്ടുണ്ട്. ഈ ജീവി ഏതാണെന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നേച്ചര്‍ എന്ന ജേണല്‍ പറയുന്നു. എവിടെ നിന്നായിരിക്കാം നേരിട്ട് വൈറസ് ബാധയേറ്റത് എന്നതിന്റെ അന്വേഷണം വവ്വാലുകളിലേക്കാണെത്തിയത്. ചൈനയില്‍ കാണുന്ന കുതിരലാട വവ്വാലു(Chinese Rufous Horseshoe Bsta Rhinolophus sinicu)കളില്‍നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന ഒരു വിശദീകരണം ഉടലെടുത്തിരുന്നു. അതു പിന്നീട് ഉറുമ്പുതീനി(Pangolin)യെപ്പോലുള്ള മറ്റു മൃഗങ്ങളിലേക്കു പടര്‍ന്നു. അങ്ങനെ ഉറുമ്പുതീനികളെ ആഹാരമാക്കുന്ന മനുഷ്യരിലേക്ക് അത് എത്തപ്പെട്ടു. പിന്നീട് ആളുകള്‍ കഴിച്ചു. ഇത്തരത്തില്‍ ജീവികളില്‍നിന്നും ജീവികളിലേക്കു പടരാനാവുന്നത് കൊറോണ വൈറസുകളുടെ പൊതുവായ സ്വഭാവ സവിശേഷതയാണെന്നു ശാസ്ത്രജ്ഞരും സാക്ഷ്യപ്പെടുത്തുന്നു.

മനുഷ്യരില്‍ കാണപ്പെടുന്ന കൊറോണ വൈറസും ഉറുമ്പുതീനികളില്‍ കാണപ്പെടുന്ന വൈറസും തമ്മിലുള്ള ജനിതകപരമായ സമാനതയാണ് മനുഷ്യരില്‍ കൊറോണ പരന്നത് ഈനാംപേച്ചികളില്‍ നിന്നാവാമെന്നു ശാസ്ത്രജ്ഞര്‍ സംശയിക്കാന്‍ കാരണം. മനുഷ്യരില്‍ പ്രചരിക്കുന്ന കൊറോണ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ള വൈറസ് ആയിരുന്നു ഈനാംപേച്ചികളില്‍നിന്നും കണ്ടെത്തിയത്. എന്നാല്‍, വാവല്‍ ഉറുമ്പുതീനി മനുഷ്യന്‍ എന്ന കൊറോണ വൈറസിന്റെ ഈ പകര്‍ച്ചാപഥം സംശയലേശമെന്യേ ഉറപ്പിക്കാം എന്നാണോ ഇതിനര്‍ത്ഥം? അങ്ങനെയല്ല എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിനു വളരെ മുന്‍പേ ചൈനീസ് നഗരമായ വുഹാനിലെ വന്യജീവികളുടെ ഇറച്ചിച്ചന്തയില്‍ ജോലി ചെയ്തിരുന്ന ഡസന്‍ കണക്കിനു ജീവനക്കാര്‍ക്ക് കൊറോണ ബാധിച്ചിരുന്നു. പക്ഷേ, ഇവരില്‍നിന്നുള്ള സാമ്പിള്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ചെങ്കിലും വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ നാളിതുവരെയായും കഴിഞ്ഞിട്ടില്ല.

കൃത്രിമവൈറസ് എന്ന സംശയം 

സ്വാഭാവികമായി സ്വയം ജനിതക വ്യതികരണം പ്രാപിച്ച വൈറസ്, പരിണമിച്ച വൈറസ് ഏതോ ഒരു പരീക്ഷണശാലയില്‍ന്ന് അബദ്ധത്തില്‍ പുറത്തുവന്നതാണെന്ന സാധ്യതയെക്കുറിച്ചു പറയുമ്പോള്‍ത്തന്നെ, കൊറോണ വൈറസ് ജനിതക രൂപകല്‍പ്പനയുടെ സൃഷ്ടിയാണെന്ന വാദവും മുന്നിലേക്കെത്തുന്നുണ്ട്. അമേരിക്കയും ചൈനയുമുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ ഗവേഷകര്‍ കൃത്രിമമായ ജനിതക മിശ്രണത്തിലൂടെ ഹൈബ്രിഡ് ഇനത്തില്‍പ്പെട്ടതും ജൈവായുധമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായ കൊറോണ വൈറസുകള്‍ സൃഷ്ടിക്കുന്നതില്‍ ഗവേഷണം നടത്തിയതായി സംശയിക്കാമെങ്കിലും ഇതിനു തെളിവുകളേതുമില്ല.

പുതിയ വൈറസിന്റെ ജീനോമിക് വിശകലനം ഇത്തരം സംശയങ്ങളെ സാധൂകരിക്കുന്നില്ല എന്നുതന്നെ പറയാം. സ്വയമേവയുള്ള ജനിതക വ്യതികരണം അഥവാ ഇന്‍ഹെറന്റ് മ്യൂട്ടേഷനുകള്‍ (Inherent Mutations) കാരണം നിലവില്‍ ഇന്നറിയപ്പെടുന്ന ഇതര വൈറസുകളുമായി പുതിയ കൊറോണ വൈറസിനു ചില ജനിതക വ്യതിയാനങ്ങളുണ്ടെങ്കിലും, ഇതു മനുഷ്യജന്യമായ ഒരു പ്രവൃത്തിയുടെ ഫലമാണെന്നതിനു തെളിവുകളൊന്നുമില്ല. കൊറോണാ വൈറസില്‍ ജനിതക എന്‍ജിനീയറിംഗ് സാങ്കേതികവിദ്യ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അതിനുള്ള തെളിവുകള്‍ അതിന്റെ ജീനോമില്‍ ഉണ്ടാവുമെന്നത് തീര്‍ച്ചയാണ്. അതു യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. എന്നാല്‍, നിലവിലുള്ള പുതിയ കൊറോണ വൈറസില്‍ അവ കാണപ്പെടുന്നില്ല. കൊറോണ വൈറസും അറിയപ്പെടുന്ന മറ്റു വൈറസുകളും തമ്മിലുള്ള ജനിതകസാമ്യം മനുഷ്യസൃഷ്ടം എന്നതിനെക്കാള്‍ യാദൃച്ഛികം മാത്രമായിരിക്കാമെന്ന് ഒരുപക്ഷം കരുതുന്നു. ചുരുക്കത്തില്‍, കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് എത്തപ്പെടാനുള്ള സാധ്യതയെ അടിവരയിടുന്ന തരത്തിലുള്ള ചിന്തയ്ക്കാണ് വിശ്വാസ്യത ഏറിനില്‍ക്കുന്നത്. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ്. SARS, SARSCoV, MERSCoV എന്നിങ്ങനെയുള്ള മൂന്ന് വൈറസുകളും വാവലുകളില്‍നിന്നും ഉത്ഭവിച്ചവയാണെതിനു ജനിതകമായ തെളിവുകളുണ്ട്.

നിലവിലെ സ്ഥിതി 

അമേരിക്കന്‍ ഐക്യനാടുകളില്‍ കൊറോണ പടരുന്നതും ശവക്കൂനകള്‍ സൃഷ്ടിക്കുന്നതും വലിയ തോതിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അതേസമയം, ചില വലതുപക്ഷ വാര്‍ത്താ ഏജന്‍സികളും സോഷ്യല്‍ മീഡിയയും ഈ ആരോഗ്യ പ്രതിസന്ധിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഒരു അഭ്യൂഹം അപകടകരമാംവിധം പ്രചരിപ്പിക്കുന്നുണ്ട്. രണ്ട് പ്രധാന പതിപ്പുകളാണ് നിലവില്‍ ഈ അഭ്യൂഹത്തിനുള്ളത്. അതേസമയം രണ്ടിനേയും ഒന്നുചേര്‍ക്കുന്ന ഒരിഴ അവയ്ക്കിടയില്‍ പൊതുവായി നിലനില്‍ക്കുന്നുമുണ്ട്: കൊറോണ വൈറസ്, SARSCoV2 എന്നിവ, വുഹാനിലെ അത്യന്ത സുരക്ഷാസംവിധാനങ്ങളോടുകൂടിയ (ബയോ സേഫ്റ്റി ലെവല്‍ 4 ആയ) ഗവേഷണ ലബോറട്ടറിയില്‍നിന്നാണ് ഉത്ഭവിച്ചത് എന്നതാണ് എന്നതാണ് രണ്ടിനേയും ബന്ധിപ്പിക്കുന്ന പൊതുവായ കാര്യം. അഭ്യൂഹത്തിന്റെ ഒന്നാം പതിപ്പിനെ പിന്‍പറ്റുന്നവര്‍ പറയുന്നു: ജൈവായുധമായി നിര്‍മ്മിക്കപ്പെട്ട ഒരു മാരക ബയോവെപ്പണ്‍ ആയിരുന്നു കൊറോണ വൈറസ്. അഭ്യൂഹത്തിന്റെ രണ്ടാം പതിപ്പിനെ പിന്താങ്ങുന്നവര്‍ പറയുന്നു: മൃഗങ്ങളില്‍ വേര്‍തിരിച്ചു സൂക്ഷിച്ചിരുന്ന വൈറസ്, സുരക്ഷാ സംവിധാനങ്ങളിലെ പാളിച്ചമൂലം ഗവേഷണശാലയില്‍നിന്നും 'രക്ഷപ്പെടുക'യോ അല്ലെങ്കില്‍ 'പുറത്തെത്തുക'യോ ചെയ്തു.

വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഒരു ഫിക്ഷണല്‍ ഇടമല്ല. അങ്ങനെയൊരു ഗവേഷണശാല ചൈനയില്‍ യഥാര്‍ത്ഥത്തില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, കൊറോണ വൈറസിന്റെ യഥാര്‍ത്ഥ ഉത്ഭവ ഇടം ഇപ്പോഴും ഒരു പ്രഹേളികയാണ്. കൊറോണ വൈറസിന്റെ ജനിതകഘടന പഠനവിധേയമാക്കിയ വൈറോളജിസ്റ്റുകള്‍ പറയുന്നത്, പുതിയ വൈറസ് മനുഷ്യസൃഷ്ടമല്ല, പ്രകൃതിജന്യമാണ് എന്നത്രേ. ഒന്നിലധികം രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകര്‍ നടത്തിയ ജനിതകവിശകലനങ്ങള്‍ ഉദ്ധരിച്ച് അവരിലെ ഒരു സംഘം ദ ലാന്‍സെറ്റ് (The Lance) എന്ന ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനപ്രബന്ധത്തില്‍ പറയുന്നത് കൊറോണ വൈറസ് ഉത്ഭവിച്ചത് വന്യജീവിയില്‍നിന്നാണെന്ന വസ്തുത സ്ഥിരീകരണം അര്‍ഹിക്കുന്നതാണെന്നാണ്. അതീവ സുരക്ഷാസംവിധാനങ്ങളോടുകൂടിയ പരീക്ഷണശാല സ്ഥിതിചെയ്യുന്ന അതേ നഗരത്തില്‍നിന്നുതന്നെയുള്ള വൈറസിന്റെ ആവിര്‍ഭാവം യാദൃച്ഛികം മാത്രമാണെന്നും പ്രബന്ധകാരന്മാര്‍ പറയുന്നു.

വലതുപക്ഷ ബുദ്ധിജീവികളും ചിന്തകരുമാണ് കൊറോണ വൈറസ് ഒരു ജൈവായുധമാണെന്ന അഭിപ്രായത്തെ പിന്താങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെങ്കിലും അവര്‍ അത് ചൈനയുടെ തലയിലാണ് കെട്ടിവെയ്ക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചിട്ടുള്ള പ്രമുഖ വലതുപക്ഷ റേഡിയോ പ്രക്ഷേപകന്‍ റഷ് ലിംബോ (Rush Limbaugh) വൈറസിനെക്കുറിച്ച് കൊറോണയെക്കുറിച്ച് ഇങ്ങനെ പറയുന്നു: ''ലോകത്തിലെ എല്ലാ സൈനികശക്തികള്‍ക്കും ബയോവെപ്പണ്‍ സംബന്ധമായ ഗവേഷണ പദ്ധതികളും പരീക്ഷണശാലകളുമുണ്ട്.''

കൊറോണ വൈറസ് തീര്‍ച്ചയായും ഒരു പരീക്ഷണശാലയുടെ സൃഷ്ടിയാണെന്നാണ് അമേരിക്കന്‍ സെനറ്റ് അംഗമായ ടോം കോട്ടണ്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മുന്‍പാകെയും മാധ്യമങ്ങളോടും പ്രസ്താവിച്ചത്. എന്നാല്‍, വൈറ്റ് ഹൗസിലെ മുന്‍ ഉപദേശകരിലൊരാളായ സ്റ്റീവ് ബാനന്‍ (Steve Bannon) ടോം കോട്ടണെ പ്രതിരോധിക്കാന്‍ ഫോക്‌സ് ന്യൂസ് ചാനലില്‍ പോയി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും കോവിഡ് 19-ന്റെ ഉത്ഭവത്തെക്കുറിച്ച് എന്തെങ്കിലും മറച്ചുവെക്കുന്നുണ്ടെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സ്വയം മുന്നോട്ടു വന്ന് ഇക്കാര്യത്തില്‍ എല്ലാം തുറന്നു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിലെ ഓണ്‍ലൈന്‍ ഫോറങ്ങളിലും സമാനമായ കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ചൈനയിലെ പരീക്ഷണശാലയില്‍നിന്നും വൈറസ് പുറത്തുചാടിയതായുള്ള ഒരു വാര്‍ത്ത 2020 ഫെബ്രുവരി 20-ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി. ഒരാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ കിംവദന്തികള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. പരീക്ഷണശാലയിലെ മൃഗങ്ങളെ വന്യജീവികളുടെ ഇറച്ചി വിപണനം നടത്തുന്നവര്‍ക്കു വിറ്റതായി വുഹാന്‍ ആസ്ഥാനമായുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മേധാവിയായ വാങ് യാനി (Wang Yanyi) സ്വകാര്യ സംഭാഷണത്തിനിടെ തന്നോട് പറഞ്ഞതായി അതേ സ്ഥാപനത്തിലെ ഗവേഷകനായ ചെന്‍ ക്വാഞ്ചിയാവോ (Chen Quanjiao) പ്രസ്താവിക്കുകയുണ്ടായി. എന്നാല്‍, വിവരങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ അതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കുകയായിരുന്നു എന്നായിരുന്നു വാങ് യാനിയുടെ പ്രതികരണം. ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശാസ്ത്രീയമായ തെളിവുകളില്ലെങ്കിലും അമേരിക്കയുടെ ചില ഭാഗങ്ങളിലെങ്കിലുമുള്ള കോവിഡ് പ്രതിരോധശ്രമങ്ങള്‍ക്കു തടസ്സമാവാന്‍ ഇതു കാരണമാവുന്നുവെന്നാണ് വിലയിരുത്തല്‍. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കൊറോണ വൈറസ് ഒരു ജൈവായുധമാണെന്ന വാര്‍ത്ത അലബാമ കൗണ്ടിയിലെ താമസക്കാര്‍ക്ക് കോവിഡ് പ്രതിരോധശ്രമങ്ങളോടുള്ള അവരുടെ പ്രതികരണം നിശ്ചേഷ്ടമാവാന്‍ കാരണമായെന്നാണ്. ''മനുഷ്യനിര്‍മ്മിത വൈറസുകളെക്കുറിച്ചുള്ള അഭ്യൂഹസിദ്ധാന്തങ്ങള്‍ പുതിയതല്ല. എയ്ഡ്സ് വൈറസിനെ ഉണ്ടാക്കിയതും അതിനെ ആഫ്രിക്കയില്‍ അവതരിപ്പിച്ചതും അമേരിക്ക ആണെന്ന ആരോപണം വളരെക്കാലം മുന്‍പേ ഉണ്ടായിരുന്നു.'' ബോസ്റ്റണ്‍ സര്‍വ്വകലാശാലയുടെ നാഷണല്‍ എമര്‍ജിംഗ് ഇന്‍ഫെഷ്യസ് ഡിസീസസ് ലബോറട്ടറികളുടെ അസോസിയേറ്റ് ഡയറക്ടറായ ജെറാള്‍ഡ് ക്യൂഷ് പറയുന്നു.

ജനിതക തെളിവുകള്‍  

2019 ഡിസംബര്‍ അവസാനം വുഹാനില്‍ പുതിയ വൈറസ് പടരുന്നതായി ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്ന ഉടനേ തന്നെ ശാസ്ത്രജ്ഞര്‍ അതിന്റെ ജനിതക രൂപരേഖ (ജീനോം) കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ജനുവരി പകുതിയോടെ അവര്‍ അത് അനാവരണം ചെയ്യുകയും അതു സംബന്ധമായ വിവരങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി പങ്കിടുകയും ചെയ്തു. താമസിയാതെ, പുതിയ വൈറസ് വവ്വാലുകളില്‍ പ്രചരിക്കുന്ന വൈറസുകളുമായി ജനിതക സാമ്യമുള്ളതായും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ''ഞങ്ങള്‍ പുതിയ വൈറസിന്റെ ജനിതകക്രമം പരിശോധിച്ചു. വവ്വാലിലുള്ള വൈറസിന്റേതുമായി അത് ഏകദേശം 96 ശതമാനത്തോളം സമാനമാണ്. ഉറുമ്പുതീനിയെന്ന ഒരു ഇന്റര്‍മീഡിയറ്റ് ഹോസ്റ്റിനെക്കുറിച്ചു കേള്‍ക്കുന്നു. പക്ഷേ, അതിനു സാധ്യതയുണ്ടെന്നു കരുതുന്നില്ല'' - ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ നാഷണല്‍ ലബോറട്ടറിയുടെ തലവന്‍ ജിം ലെഡ്യൂക് പറയുന്നു. 

ചൈനയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടത്തോടെയുള്ള കൊറോണ ബാധയ്ക്ക് കാരണമായ വൈറസിന് ചൈനീസ് വന്യജീവി വിപണിയുമായി ബന്ധമുണ്ടെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതോടെ കൊറോണ വൈറസ് മനുഷ്യരിലേക്കെത്തിയത് വന്യജീവി വിപണിയില്‍ നിന്നാണെന്ന അഭ്യൂഹത്തെ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പക്ഷേ, സംഭവിച്ചതെന്തെന്നത് അപ്പോഴും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന പ്രത്യൗഷധങ്ങളേയും മരുന്നുകളേയും ഒരു കുറിപ്പ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ എഴുതുന്നതിലൂടെ ശ്രദ്ധേയരായ മൂന്നു ഗവേഷകരുടെ അഭിപ്രായത്തില്‍ ''ജനിതക തെളിവുകളും പകര്‍ച്ചവ്യാധിയുടെ സ്വഭാവ സംബന്ധമായ എപ്പിഡെമോളജിക്കല്‍ വിവരങ്ങളും ചൈനയിലെ വന്യജീവി വിപണികളില്‍ വില്‍ക്കപ്പെട്ട ഏതോ ഒരു മൃഗത്തില്‍നിന്നുള്ള രോഗപ്പകര്‍ച്ചയേയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍, ഈ ജന്തുസ്പീഷീസ് ഏതാണെന്നു തിരിച്ചറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.'' സൂറിച്ചിലെ സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ബയോസിസ്റ്റംസ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗവേഷകയായ തഞ്ച സ്റ്റാഡ്ലര്‍ (Tanja Stadler) നടത്തിയ ജനിതക വിശകലനമനുസരിച്ച്, 2019 നവംബര്‍ ആദ്യ പകുതിയോടെത്തന്നെ ചൈനയില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരാന്‍ തുടങ്ങിയിരുന്നു. ''എന്നാല്‍ അതിനുമുന്‍പ് മനുഷ്യരില്‍ ഈ പുതിയ വൈറസ് നിലനില്‍ക്കുകയും പടരുകയും ചെയ്യാനുള്ള സാധ്യതയെ ഞങ്ങളുടെ ഡാറ്റ ഫലപ്രദമായി നിരാകരിക്കുന്നു'' - തഞ്ച സ്റ്റാഡ്ലര്‍ പറയുന്നു. 

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വടക്കൻ ചൈനയിലെ ഒരു സ്കൂൾ സന്ദർശിക്കുന്നു. സിൻഹ്വ ന്യൂസ് ഏജൻസി പുറത്തുവിട്ട ചിത്രം
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വടക്കൻ ചൈനയിലെ ഒരു സ്കൂൾ സന്ദർശിക്കുന്നു. സിൻഹ്വ ന്യൂസ് ഏജൻസി പുറത്തുവിട്ട ചിത്രം

തിരിച്ചറിയാനാവാത്ത ഇടക്കണ്ണി 

കൊറോണ വൈറസ് എങ്ങനെയാണ് മനുഷ്യരിലേക്കെത്തിയത് എന്നതിനാണ് ഇപ്പോഴും വ്യക്തതയില്ലാത്തത്. ഒരുപക്ഷേ, രോഗബാധയുള്ള മൃഗത്തെ ഭക്ഷിക്കുന്നതിലൂടെയോ അല്ലെങ്കില്‍ രോഗബാധിതനായ ഒരാളുടെ ശരീരദ്രവങ്ങളിലൂടെയോ ആവാം. ''കൊറോണ വൈറസിന്റെ വിദൂരസ്രോതസ്സ് വവ്വാലുകളായിരുന്നു എന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ, വവ്വാലുകളില്‍നിന്നും മനുഷ്യരിലേക്കു പടരുന്നതിനിടെ ഉണ്ടായിരുന്ന ഇന്റര്‍മീഡിയറ്റ് ഹോസ്റ്റ് ഏതായിരുന്നുവെന്നു ഞങ്ങള്‍ക്കറിയില്ല'' - കൊളംബിയയിലെ ഇമ്മ്യൂണോളജി പ്രൊഫസറായ വിന്‍സന്റെ് റാക്കാനിയല്ലോ (Vincent Racaniello) പറയുന്നു. അടുത്തിടെ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഒരു പ്രബന്ധം കൊറോണ പുതിയ വൈറസാണെന്നു സമ്മതിക്കുന്നു. എന്നാല്‍, അതിനെ ജനിതക എന്‍ജിനീയറിങ്ങിലൂടെ മനുഷ്യര്‍ക്കു സൃഷ്ടിക്കാനാവില്ലെന്ന് പ്രബന്ധം സമര്‍ത്ഥിക്കുന്നു. SARSCoV2 ലബോറട്ടറി നിര്‍മ്മിതമായ വൈറസ് അല്ല എന്നതാണ് അവരുടെ പ്രധാന കണ്ടെത്തല്‍. 2020 ഫെബ്രുവരിയില്‍ http://irological.orgലേക്ക് അപ്ലോഡ് ചെയ്യപ്പെട്ട ഈ പ്രബന്ധം SARSCoV2മിന്റെ ജനിതകഘടനയെ സൂക്ഷ്മമായി വിശകലനം ചെയ്തശേഷം തയ്യാറാക്കപ്പെട്ടതാണ്. 

കൊറോണ വൈറസ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പടര്‍ന്നതിന് (സൂണോട്ടിക് ട്രാന്‍സ്ഫര്‍ എന്നു വിളിക്കപ്പെടുന്ന പ്രക്രിയയിലൂടെ) മുന്‍പും അതിനുശേഷവും അതു രണ്ടു തരത്തിലുള്ള തിരഞ്ഞെടുപ്പുകള്‍ക്കു വിധേയമായിട്ടുണ്ട്. ജന്തുക്കള്‍ക്കിടയില്‍ മാത്രം നിലനിന്നിരുന്ന കാലത്ത് ഏതു ജന്തുസ്പീഷീസിലാണ് നിലനില്‍ക്കാന്‍ കഴിയുന്നത് എന്നതു സംബന്ധിച്ച് അവ ഡാര്‍വിന്‍ സിദ്ധാന്തം പറയുന്ന തരത്തിലുള്ള പ്രകൃതി നിര്‍ദ്ധാരണ(Natural Selection)ത്തിനു വിധേയമായിരുന്നു. അതുപോലെ മനുഷ്യരിലേക്കെത്തിയതിനുശേഷവും ഏതു വകഭേദത്തിനാണ് മനുഷ്യരെ എളുപ്പത്തില്‍ ബാധിച്ചു കീഴടക്കാനും നിലനില്‍ക്കാനും കഴിയുമെന്നതിലും ഡാര്‍വിന്റെ 'പ്രക്യതി നിര്‍ദ്ധാരണം' എന്ന പ്രക്രിയ ഉള്‍പ്പെട്ടിരുന്നതായി പ്രബന്ധം പറയുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കൊറോണ വൈറസിന്റെ അനതിസാധാരണമായ ജനിതക സവിശേഷതകളും അതില്‍നിന്നുളവായ അതിന്റെ അനന്യമായ രാസജൈവ വൈചിത്ര്യങ്ങളുടേയും തിരഞ്ഞെടുപ്പിലേക്ക് പ്രകൃതി കടന്നുവന്നിരുന്നു. പക്ഷേ, ഗവേഷകര്‍ക്ക് ഇത്തരമൊരു സാധ്യത സ്വപ്നം കാണാന്‍പോലും കഴിയുമായിരുന്നില്ല, തന്റെ പോഡ്കാസ്റ്റില്‍ റാക്കാനിയല്ലോ   പറയുന്നു. അതോടൊപ്പം, ലോകത്തെവിടെയുമുള്ള അറിയപ്പെടുന്ന ഒരു ലാബും ഇതുപേലെയുള്ള ഒരു കൊറോണ വൈറസില്‍ ഗവേഷണം നടത്തുന്നില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന കൊറോണ വൈറസിന്റെ ഏറ്റവും അടുത്ത ബന്ധു ചൈനയിലെ വുഹാനില്‍നിന്ന് 1,000 മൈല്‍ അകലെയുള്ള ഒരു ഗുഹയില്‍നിന്നു കണ്ടെത്തിയ വാവല്‍ വൈറസാണെന്നും റാക്കാനിയല്ലോ കരുതുന്നു.

ജൈവായുധമോ? 

ജൈവായുധം എന്ന നിലയില്‍ കൊറോണ വൈറസ് ഒരു മോശം കാന്‍ഡിഡേറ്റ് ആയിരിക്കുമെന്നാണ് റാക്കാനിയല്ലോ അടക്കമുള്ള പല ശാസ്ത്രജ്ഞരുടേയും അഭിപ്രായം. ''അതൊരു ബയോവെപ്പണ്‍ ആയിരിക്കുമെന്ന അഭിപ്രായം ഈ മേഖലയിലെ പല വിദഗ്ദ്ധരും എന്നോട് പറഞ്ഞു, അതിലൊന്നും ഒരര്‍ത്ഥവുമില്ല. കാരണം: മറ്റു രോഗകാരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കോവിഡ് 19 അതീവ മാരകമായതോ അതിവേഗത്തില്‍ പകരുന്നതോ അല്ല. ഇത് ഒരു ബയോവെപ്പണ്‍ ആക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നന്നുവെങ്കില്‍, അതിനെക്കാള്‍ ഭയാനകവും പകര്‍ച്ചവ്യാധിയെന്ന തരത്തില്‍ കൂടുതല്‍ വേഗതയാര്‍ജ്ജിച്ചതുമായ രോഗകാരികള്‍ വേറെ എത്രയോ ഉണ്ട്.'' ബോസ്റ്റണ്‍ സര്‍വ്വകലാശാലയുടെ നാഷണല്‍ എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ലബോറട്ടറീസിന്റെ തലവന്‍ ജെറാള്‍ഡ് ക്യൂഷ് (Gerald Keusch) പറയുന്നു. ഉദാഹരണത്തിന്, എബോളയും വെസ്റ്റ് ആഫ്രിക്കന്‍ ലസ്സാ വൈറസും (West African Lassa Viru) കോവിഡ് 19 വൈറസിനെക്കാള്‍ മാരകമാണ്. അത് ചൈനയിലെ വുഹാന്‍ പരീക്ഷണശാലപോലെ ബയോസേഫ്റ്റി ലെവല്‍ 4 ആയ ലാബുകളില്‍ മാത്രമേ പഠിക്കാന്‍ കഴിയൂ. ടിക്ക് എന്ന ചെറുപ്രാണി പരത്തുന്ന ക്രിമിയന്‍കോംഗോ ഹെമറാജിക് പനിക്ക് 30 മുതല്‍ 50 ശതമാനം വരെ മരണനിരക്കുയര്‍ത്താന്‍ കഴിയും. അതേസമയം, നാം മഹാമാരിയെന്നു കരുതുന്ന കോവിഡ് 19-ന്റെ ആഗോള മരണനിരക്ക് ഇപ്പോഴും ഏകദേശം മൂന്നു ശതമാനം മാത്രമാണ്. മാത്രമല്ല, അതു പ്രാദേശികമായും ഭൂമേഖലയുടെ അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പെട്ടെന്ന് ആള്‍ക്കാരെ കൊന്നൊടുക്കാന്‍ കഴിയുന്ന ഒരു ജൈവായുധം വികസിപ്പിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കോവിഡിനെക്കാള്‍ മാരകമായ അനവധി രോഗകാരികളുണ്ട്. അമേരിക്കയിലും യൂറോപ്പിലുമുള്ള മികച്ച ബയോസേഫ്റ്റി ലാബുകളിലുള്ള അതേ സുരക്ഷാ പ്രോട്ടോക്കോളുകള്‍ വുഹാന്‍ലാബും പാലിക്കുന്നുണ്ട്. എന്നാല്‍, ന്യൂയോര്‍ക്ക് പോസ്റ്റിലെ തന്റെ ലേഖനത്തില്‍, വുഹാന്‍ ലാബിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്  സ്റ്റീവ് മോഷര്‍ സംശയമുയര്‍ത്തുന്നു. 

ടെക്‌സാസ് സര്‍വ്വകലാശാലയുടെ കീഴില്‍ വരുന്ന ഗാല്‍വെസ്റ്റണ്‍ ബയോകണ്‍ടൈന്‍മെന്റ് ലാബോറട്ടറിയിലെ വിദഗ്ദ്ധന്മാരാണ് വുഹാന്‍ ലാബിലെ സുരക്ഷാസങ്കേതങ്ങള്‍ ക്രമീകരിക്കുന്നതിനും അവരെ ഉപദേശിക്കുന്നതിനുമായി ചൈനീസ് ശാസ്ത്രജ്ഞരുമായിച്ചേര്‍ന്ന് ആറ് വര്‍ഷമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ യു.എസിലേയും യൂറോപ്പിലേയും ഏതു ലാബിനും തുല്യമാണ് വുഹാനിലെ ലാബ് എന്ന് ഗാല്‍വെസ്റ്റണ്‍ ലാബിലെ ജെയിംസ് ഡീല്യൂക്ക് വിശ്വസിക്കുന്നു. ഉദാഹരണത്തിന്, മാരകമായ രോഗാണുക്കള്‍ അടങ്ങിയ കുപ്പികള്‍ ട്രാക്കു ചെയ്യാനും സംഭരണത്തിനുള്ള സ്ഫടികച്ചിമിഴുകള്‍ കണ്ടെത്താനും അവരും റേഡിയോ തരംഗങ്ങളെത്തന്നെയാണ് ഉപയോഗിക്കുന്നത്. സുരക്ഷാപ്പാളിച്ചകള്‍ ഏതുമില്ലെന്നു കരുതാനാവില്ലെങ്കിലും അമേരിക്കയിലെ ഏതു ലാബിനേക്കാളും പ്രോട്ടോക്കോളും ശേഷിയും അവകാശപ്പെടാന്‍ വുഹാന്‍ ലാബിനു കഴിയുമെന്നും ഡീല്യൂക്കു കരുതുന്നു. 

ചൈനയിലെ മൃഗവിപണി 

കോവിഡ് 19-നോടുള്ള പ്രതികരണം വിലയിരുത്തുന്നതിനായി ചൈനയിലേക്കുള്ള ലോകാരോഗ്യ സംഘടനാ ദൗത്യസംഘത്തിനു നേതൃത്വം നല്‍കിയ ബ്രൂസ് എയ്ല്‍വാര്‍ഡ് (Bruce Aylward) എന്ന എപ്പിഡെമിയോളജിസ്റ്റ് പറയുന്നതനുസരിച്ച്, മനുഷ്യരിലേക്ക് കൊറോണ വൈറസ് എങ്ങനെ എത്തപ്പെട്ടു എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലാത്ത സ്ഥിതിയാണ്. വുഹാന്‍ മൊത്തവ്യാപാര സമുദ്രോല്‍പ്പന്ന വിപണി, അതിനുള്ളിലെ വന്യജീവി വിപണി, മറ്റു പ്രാദേശിക കമ്പോളങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സംഘം അന്വേഷണം നടത്തിയത്. SARS പടര്‍ന്നുപിടിച്ച കാലം മുതല്‍, ഇത്തരം വിപണികളില്‍ ഏതൊക്കെ മൃഗങ്ങളെ വില്‍ക്കുന്നു, അവയെ എവിടെ നിന്നാണ് വാങ്ങുന്നത് തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുണ്ടായിരുന്നു. ഏഴ് പ്രവിശ്യകളില്‍നിന്നുള്ള 10 ഇടനിലക്കാരുടെ ഒരു ലിസ്റ്റ് ഇപ്പോള്‍ നിലവിലുണ്ട്. അതുകൊണ്ട് ഈ വിപണിയില്‍ വില്‍ക്കപ്പെടുന്ന മൃഗങ്ങള്‍ എവിടെ നിന്നു വന്നു എന്നു കണ്ടെത്തുക പ്രയാസമുള്ളതല്ല. ചൈനയില്‍ കോവിഡ് പകര്‍ച്ച ഇപ്പോള്‍ ഏറെക്കുറെ നിലച്ച അവസ്ഥയിലാണ്. പുതിയ കോവിഡ് കേസുകളും മരണങ്ങളും കുറയുന്ന സാഹചര്യത്തില്‍ ദൗത്യസംഘത്തിനു വിപണിയില്‍നിന്നും ഇടനിലക്കാരില്‍നിന്നും വില്‍പ്പനയ്ക്കുള്ള മൃഗങ്ങളുടെ വിവരങ്ങള്‍ തേടുന്നതിനു കൂടുതല്‍ സമയം ലഭിക്കുമെന്നു പ്രതീക്ഷിക്കാം. മൃഗങ്ങളെ പരീക്ഷിക്കുന്നതിനും തിരിയാന്‍ കഴിയും. കൊറോണപോലെയുള്ള വൈറസുകള്‍ വീണ്ടും മനുഷ്യരിലേക്കു പടരുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതിനായി വൈറസുകളുടെ ഉറവിടം തിരിച്ചറിയുന്നത് നിര്‍ണ്ണായകമാവുമെന്ന് റാക്കാനിയല്ലോ കരുതുന്നു. ചൈനയില്‍നിന്നുള്ള കൊറോണ വൈറസിന്റെ ഉത്ഭവം ഒരു ചെറിയ പാളിച്ചയോ അശ്രദ്ധയോ ലോകജനതയുടെ ആരോഗ്യ സുസ്ഥിതിക്ക് എത്ര കണ്ട് ഭീഷണിയായിത്തീരാം എന്നതിനുള്ള വ്യക്തമായ സന്ദേശമായിത്തീരണം, ജെയിംസ് ഡീല്യൂക്ക് പറയുന്നു. ''ചൈനയില്‍ SARS, SARSCoV2 തുടങ്ങിയ കൊറോണ സരണിയിലുള്ള വൈറസുകള്‍ പടരുന്നതിനു കാരണം, അവര്‍ക്ക് മൃഗങ്ങളെ കൂട്ടിലടച്ചിട്ടിരിക്കുന്ന വിപണനശാലകള്‍ ഉള്ളതാണ്. അവര്‍ മൃഗങ്ങളെ കൂട്ടത്തോടെ കൊണ്ടുവന്ന് അവയെ ഒരു കൂട്ടിനു മുകളില്‍ മറ്റൊന്ന് എന്ന തരത്തില്‍ വളരെ ഇടുങ്ങിയ ഇടങ്ങളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ഇതു വൈറസിന്റെ സ്വാഭാവിക സ്രോതസ്സായ ജീവികളില്‍നിന്നും അങ്ങനെയല്ലാത്ത ജീവസ്പീഷീസുകളിലേക്കും വൈറസ് പടരുന്നതിനു കാരണമാവുന്നു'' - ഡീല്യൂക്ക് പറയുന്നു.

ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്

അമേരിക്കന്‍ ജൈവായുധം? 

അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കുമുള്ള കൊറോണ വൈറസിന്റെ വിനാശകരമായ വ്യാപനം, 2020 മാര്‍ച്ച് 20-ന് സാമൂഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസ് ഒരു ജൈവായുധമാണെന്ന ചിന്തയെ വീണ്ടും ഇളക്കിവിട്ടു. എന്നാല്‍, ഇത്തവണ ആ ആയുധത്തിന്റെ 'ബ്രാന്‍ഡ് നെയിം' മാറിയിരുന്നു. ചൈനയിലെ ഒരു ലബോറട്ടറിയില്‍നിന്ന് ആകസ്മികമായോ മനഃപൂര്‍വ്വമായോ പുറത്തുവന്ന വൈറസ് എന്ന 'തിയറി'യെ കാണാനില്ലായിരുന്നു. 1.4 ബില്യണിലധികം ജനങ്ങളുള്ള ഒരു രാജ്യത്തെ, അമേരിക്കയ്ക്കുശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി വിശേഷിപ്പിക്കപ്പെടുന്ന ചൈനയെ സാമ്പത്തികമായി അസ്ഥിരപ്പെടുത്തുന്നതിനായി അമേരിക്ക രഹസ്യമായി അവതരിപ്പിച്ച ജൈവായുധമായിരുന്നു കോവിഡ് 19 എന്ന വാദമായിരുന്നു ശക്തിയാര്‍ജ്ജിച്ചത്. എന്നാലപ്പോഴും അമേരിക്കന്‍ സെനറ്റര്‍ ടോം കോട്ടണ്‍ ഈ വൈറസ് ചൈനീസ് സൃഷ്ടിയാണെന്ന ആരോപണം ആവര്‍ത്തിക്കുകയായിരുന്നു. അമേരിക്കയിലെ ഒരു ന്യൂനപക്ഷം അത് ഉത്തരകൊറിയയുടെ സൃഷ്ടിയായും വിലയിരുത്തി സായൂജ്യമടഞ്ഞു. 

കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്നു വിശേഷിപ്പിക്കുന്നതിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 'വംശീയ പരാമര്‍ശം' നടത്തിയെന്ന പുലിവാലു പിടിച്ചു. എന്നാല്‍, ഒരു വസ്തുത അപ്പോഴും പലരും കാണാതെ പോവുന്നു. ജൈവായുധങ്ങളുടെ വിനാശകരമായ ശക്തിയെ സംബന്ധിച്ച പൊതുബോധം, ജൈവായുധ നിയന്ത്രണ ഉടമ്പടി നിലവില്‍ വന്ന 1975 കാലത്തോളം നീണ്ടുപോവുന്നു. മൈക്രോസോഫ്റ്റ് കമ്പനിയുടെ സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് 2015-ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇങ്ങനെ പ്രവചിക്കുകയുണ്ടായി: ''അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ 10 ദശലക്ഷത്തിലേറെ മനുഷ്യരെയെങ്കിലും എന്തെങ്കിലും കൊന്നാല്‍, അതു യുദ്ധമായിരിക്കില്ല. ഉയര്‍ന്ന പകര്‍ച്ചാക്ഷമതയുള്ള ഏതെങ്കിലും വൈറസായിരിക്കും.'' രണ്ടു വര്‍ഷത്തിനുശേഷം, 2017-ല്‍ ഡാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ബില്‍ ഗേറ്റ്സ് ഇതേ മുന്നറിയിപ്പ് ആവര്‍ത്തിച്ചു: ''ഇനിയുള്ള കാലം ആണവ മിസൈലുകളായിരിക്കില്ല, ശവക്കൂനകള്‍ തീര്‍ക്കുന്നത്, സൂക്ഷ്മജീവികളായിരിക്കും. എന്നാല്‍, ഇതിനെതിരെ എത്രമാത്രം തയ്യാറെടുപ്പുകളുണ്ടെന്നതു പരിതാപകരമായ അവസ്ഥയിലാണ്.'' മാര്‍ച്ചില്‍ സിയാറ്റിലില്‍ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സിനെ അഭിസംബോധന ചെയ്തുകൊണ്ട് ബില്‍ ഗേറ്റ്സ്, ഇങ്ങനെ പ്രവചിച്ചിരുന്നു: സഹാറന്‍ ആഫ്രിക്ക, തെക്കേ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കോവിഡ് 19 വ്യാപിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അസാധാരണമായ തലങ്ങളിലേക്കായിരിക്കും എത്തിപ്പെടുക. ഇന്നാകട്ടെ അതു സംഭവിക്കുകയും ചെയ്തിരിക്കുന്നു! ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ കോവിഡ് 19-നെതിരായുള്ള പ്രതിരോധശ്രമങ്ങള്‍ക്കായി 100 മില്യണ്‍ ഡോളര്‍ സഹായധനമായി നല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

എന്താണ് ബയോവെപ്പണ്‍  

സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകയായ ഡോ. ഫിലിപ്പ ലെന്റ്സോസ് (Filippa Letnzos) പറയുന്നതനുസരിച്ച്, ഒരു രോഗകാരിയായ സൂക്ഷ്മജീവിയും അതിനെ പുറത്തെത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ഡെലിവെറി സംവിധാനവും ഉള്‍ക്കൊള്ളുന്നതാണ് ഏതൊരു ജൈവായുധവും. ഏത് വൈറസിനേയും ആയുധമായി ഉപയോഗിക്കാമെങ്കിലും സാധാരണയായി അതിനായി തിരഞ്ഞെടുക്കപ്പെടുന്നത് ആന്ത്രാക്‌സ്, ബ്രൂസേല്ലൊസിസ്, ക്യു പനി, തുലാരീമിയ, വെനിസ്വേലന്‍ എക്വിന്‍ എന്‍സഫെലൈറ്റിസ്, ഗ്ലാന്‍ഡേഴ്സ്, പ്ലേഗ്, മാര്‍ബര്‍ഗ് വൈറസ് രോഗം, വസൂരി എന്നിവയ്ക്ക് കാരണമാവുന്ന സൂക്ഷ്മജീവികളെയാണ്. ആയുധങ്ങള്‍ എന്തു ഉദ്ദേശ്യത്തോടെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും രോഗാണുക്കളുടെ തിരഞ്ഞെടുപ്പ് എന്നും ലെംത്ജൊസ് ചൂണ്ടിക്കാട്ടുന്നു. എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിരോധനമുണ്ടായിട്ടും ഇപ്പോഴും ജൈവായുധങ്ങള്‍ നിര്‍മ്മിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന രാജ്യങ്ങളുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിനുള്ളില്‍, ഏകദേശം 25-ഓളം രാജ്യങ്ങള്‍ ജൈവായുധ നിര്‍മ്മാണ ഗവേഷണ പദ്ധതികള്‍ കൈവശം വയ്ക്കുന്നുണ്ട്. എങ്കിലും വന്‍തോതിലുള്ള നാശനഷ്ടങ്ങളോ വിപുലമായ സാമ്പത്തികനാശമോ സൃഷ്ടിക്കാന്‍ കഴിയുന്ന രണ്ട് രാജ്യങ്ങളേയുള്ളൂ: അമേരിക്കയും റഷ്യയും. ലണ്ടനിലെ കിംഗ്സ് കോളേജിലെ സീനിയര്‍ റിസര്‍ച്ച് ഫെലോ കൂടിയായ ഡോ. ലെന്റ്സോസ് അവിടെ നടന്ന ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: ഫലപ്രദമായ പ്രതിരോധ മരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടില്ലെങ്കില്‍ കൊവിഡ് ബാധ മൂലം ബ്രിട്ടണില്‍ 2,50,000-ത്തിലധികം പേരും അമേരിക്കയില്‍ ഒരു ദശലക്ഷത്തിലധികം പേരും കൊല്ലപ്പെടും. ലോകത്തിലെ വന്‍സൈനികശക്തികള്‍ക്കുള്ള ജൈവായുധ പദ്ധതികളെക്കുറിച്ചുള്ള പൊതുജനങ്ങള്‍ക്കു പ്രാപ്യമാവുന്ന വിവരങ്ങള്‍ പരിമിതമാണ്. ഇന്നത്തെ പ്രധാന ആശങ്ക രാജ്യങ്ങള്‍ക്കു കുറ്റകരമായ ജൈവയുദ്ധ പദ്ധതികളുണ്ടെന്നതല്ല, മറിച്ച് അവ ഒരു ജൈവായുധത്തിനുതന്നെ ഇരട്ട ആക്രമണശേഷി വളര്‍ത്തുന്നു എന്നതാണ്, ഡോ. ടലന്റ്സോസ് പറയുന്നു. ഒന്നാം ലോക മഹായുദ്ധസമയത്ത് സഖ്യസേനയുടെ കുതിരപ്പടയുടെ മുന്നേറ്റം തടയുന്നതിനായി ജര്‍മ്മനി കുതിരകളെ ബാധിക്കുന്ന രോഗം പടര്‍ത്തുന്ന രോഗാണുക്കളെ ജൈവായുധമായി അതീവ രഹസ്യമായി ഉപയോഗിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ ചൈനയ്‌ക്കെതിരായും ജര്‍മ്മനിക്കെതിരെ യൂറോപ്പിലും ജൈവായുധ പ്രയോഗങ്ങള്‍ നടന്നിരുന്നു. ജൈവായുധ പ്രയോഗങ്ങള്‍ നിയമപരമായി നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട ഉടമ്പടിയാണ് ബയോളജിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ (Biological Weapons Convention). 1972 ഏപ്രില്‍ 10-ന് ലോകരാജ്യങ്ങളുടെ ഒപ്പുവെയ്ക്കലിനായി സമര്‍പ്പിക്കപ്പെട്ട ബയോളജിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്‍ 1975 മാര്‍ച്ച് 26-ന് പ്രാബല്യത്തില്‍ വന്നു. നിലവില്‍ 182 രാജ്യങ്ങള്‍ ഇതില്‍ ഒപ്പുവെച്ചിട്ടുണ്ട്. എന്നാല്‍, ചാഡ്, കൊമോറോസ്, ജിബൂട്ടി, എറിത്രിയ, ഇസ്രയേല്‍, കിരിബതി, മൈക്രോനേഷ്യ, നമീബിയ, ദക്ഷിണ സുഡാന്‍, തുവാലു എന്നിവയുള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ ഈ ഉടമ്പടിയെ അംഗീകരിക്കുകയോ ഒപ്പുവെയ്ക്കുകയോ ചെയ്തിട്ടില്ല.

ഇസ്രായേലും അമേരിക്കന്‍ 'ഡീപ് സ്റ്റേറ്റും' 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനോടൊപ്പം അതിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അനവധി അഭ്യൂഹങ്ങള്‍ അറബ് മാധ്യമങ്ങളിലും പ്രത്യേകിച്ച് പലസ്തീന്‍ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ഇസ്രയേലുമായി സഹകരിച്ചുകൊണ്ടാവും കൊറോണക്കെതിരെ നടപടിയെടുക്കുകയെന്നാണ് പലസ്തീനിയന്‍ സര്‍ക്കാര്‍ വക്താവായ ഇബ്രാഹിം മില്‍ഹെം (Ibrahim Milhem) പറഞ്ഞത്. എന്നാല്‍, പലസ്തീന്‍ മാധ്യമങ്ങളില്‍ ചിലത് വിവിധ കാരണങ്ങളാല്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്നാണ് കൊറോണ വൈറസ് ലോകത്ത് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ചു. ചൈനയേയും ഇറാനേയും ദുര്‍ബ്ബലപ്പെടുത്തുന്നതിനും ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയം വീണ്ടും അനായാസമാക്കുന്നതിനും പലസ്തീന്‍ മേഖല ഇസ്രയേലിനു കൈവശപ്പെടുത്തുന്നതിനും കൊറോണയെന്ന ജൈവായുധം വഴിയൊരുക്കുമെന്നായിരുന്നു അവരുടെ പക്ഷം. കിഴക്കന്‍ ജറുസലേം ആസ്ഥാനമായുള്ള പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന്‍ (പി.എഫ്.എല്‍.പി) പ്രവര്‍ത്തകനും ഫലസ്തീന്‍ ദിനപത്രമായ അല്‍കുഡ്സിന്റെ കോളമിസ്റ്റുമായ റാസം അബിദത്ത് പറയുന്നതനുസരിച്ച്, കൊറോണ വൈറസ് ഉപയോഗിക്കാന്‍ തീരുമാനിച്ച ജൈവ ആയുധമാണ്. പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെ ചൈനയേയും ഇറാനേയും ഉപദ്രവിക്കുന്നതില്‍ പരാജയപ്പെട്ട അമേരിക്കയും ഇസ്രയേലും ആഗോളവല്‍ക്കരണത്തിന്റേയും ക്രൂര മുതലാളിത്തത്തിന്റേയും മറക്കുട ചൂടിക്കൊണ്ട് വികസിപ്പിച്ചെടുത്ത ജൈവായുധമാണ് കൊറോണാ വൈറസ്. സ്വന്തം താല്‍പ്പര്യങ്ങളും ലാഭവുമല്ലാതെ അവര്‍ മറ്റൊന്നും പരിഗണിക്കുന്നില്ല. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ പ്രമുഖ സാമ്പത്തിക സൂപ്പര്‍ പവര്‍ ആവുന്ന ചൈന അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തിക്കൊണ്ട് ചൈനയുടെ സാമ്പത്തിക പുരോഗതി തടയാന്‍ അമേരിക്ക ശ്രമിച്ചു, എന്നാല്‍, സമാനമായ ഉപരോധങ്ങളിലൂടെത്തന്നെ പ്രതികരിക്കുന്നതിലൂടെ ചൈന അത്. അതിനാല്‍, സ്വാഭാവികമായും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും അമേരിക്കന്‍ മിലിട്ടറി സ്പോണ്‍സര്‍ ചെയ്യുന്ന വലിയ മാഫിയകള്‍ക്കും ചൈനീസ് സമ്പദ്വ്യവസ്ഥയെ പരാജയപ്പെടുത്താന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടിവന്നു. ഇറാന്റെ ആണവപദ്ധതി സംബന്ധമായ കരാറില്‍നിന്നും അമേരിക്ക പിന്മാറിയെങ്കിലും മനുഷ്യ ചരിത്രത്തില്‍പ്പോലും കേട്ടുകേള്‍വിയില്ലാത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഇറാനെതിരെ അമേരിക്ക തുടര്‍ന്നു. എന്നാല്‍, ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്കും ഉപരോധക്കുമിടയിലും സിറിയ, ലെബനിലെ ഹിസ്ബുള്ള, ഇറാഖിലെ അല്‍ഹഷ്ദ് അല്‍ഷാബി, യെമനിലെ ഹൂത്തികള്‍, പലസ്തീനിലെ പ്രതിരോധസേന തുടങ്ങിയവയുടെ പിന്തുണയോടെ ഇറാന്‍ അതിന്റെ നിലപാടുകളില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയും അതിന്റെ ശക്തിയും പ്രാദേശിക സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇത് അമേരിക്കയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥ സംജാതമായി. മതപരവും വിഭാഗീയവുമായ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യങ്ങളെ വിഘടിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭരണസംവിധാനങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നായക സ്ഥാനത്തേക്ക് ഇസ്രായേലിനെ പുനരവതരപ്പിക്കാന്‍ അമേരിക്ക വിഭാവനം ചെയ്ത രഹസ്യപദ്ധതികളുടെ അവസാന ബഹിസ്ഫുരണങ്ങളിലൊന്നാണത്രേ കൊവിഡ് എന്ന ജൈവായുധം. 

അമേരിക്കയുടെ ചെയ്തികളെയെല്ലാം നിയന്ത്രിക്കുന്ന ഒരു 'ഡീപ് സ്റ്റേറ്റ്' നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുന്നത്. സാമ്പത്തിക എതിരാളിയായ ചൈനയെ തകര്‍ക്കുക, മറ്റു ലോക രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുക. ശപിക്കപ്പെട്ട ഈ വൈറസ് അമേരിക്കന്‍ ലാബുകളില്‍ നിര്‍മ്മിച്ചതല്ലെന്നു പറഞ്ഞാലും, അമേരിക്കയെ നിയന്ത്രിക്കുന്ന 'ഡീപ് സ്റ്റേറ്റ്' ലോക സമ്പദ്വ്യവസ്ഥയെ, പ്രത്യേകിച്ച് ചൈന, ഇറാന്‍, റഷ്യ, യൂറോപ്പ് എന്നിവയുടെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്നതിനും ചൈനീസ് ഡ്രാഗണിനെ സാമ്പത്തിക മത്സരരംഗത്തുനിന്നു നീക്കം ചെയ്യാനും ഇത്തരമൊരു ജൈവായുധത്തിലൂടെ പരിശ്രിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും നല്ല തെളിവ് മാധ്യമങ്ങളുടെ പണപ്പെരുപ്പമാണ്. വൈറസ് പടരുന്നതായി അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഭയം വിതയ്ക്കുന്നതിനും പരിഭ്രാന്തി പരത്തുന്നതിനും അവയ്ക്കു കഴിയുന്നു. ലോക രാജ്യങ്ങളെക്കൊണ്ട് കോടിക്കണക്കിനു ഡോളര്‍ നഷ്ടപ്പെടുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിപ്പിക്കാന്‍ ഈ 'മീഡിയ ഹൈപ്പി'നു കഴിഞ്ഞിട്ടുണ്ട്. അതേസമയം, ഈ വൈറസില്‍നിന്നുള്ള മരണനിരക്കു മറ്റു പകര്‍ച്ചവ്യാധികളേക്കാള്‍ വളരെ കുറവാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സ്ഥിതിവിവരക്കണക്കുകളും സൂചിപ്പിക്കുന്നത്. ഉദാഹരണമായി, അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഒരു ദിവസം പട്ടിണി മൂലം മരിക്കുന്നവരുടെ എണ്ണം 2,8,000 ആണ്. ഒരു പലസ്തീന്‍ വെബ്സൈറ്റിലെ ലേഖനം ഇങ്ങനെ തുടരുന്നു.

ഐസ് ഓഫ് ഡാര്‍ക്ക്നെസ് 

1981-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ദ ഐസ് ഓഫ് ഡാര്‍ക്ക്നെസ് എന്ന ശാസ്ത്രനോവല്‍ വുഹാന്‍ 400 എന്ന പേരുള്ള ഒരു ബയോവെപ്പണിനെക്കുറിച്ചു പറയുന്നുവെന്നത് അതിശയമാണ്. ഡീന്‍ കൂന്റ്സ് (Dean Kootnz) എന്ന അമേരിക്കന്‍ നോവലിസ്റ്റിന്റെ ഈ ഭാവനാസൃഷ്ടി, കോവിഡ് 19 എന്ന ഇന്നത്തെ പകര്‍ച്ചവ്യാധിയുടെ നാള്‍വഴിയുമായി അസാധാരണമാംവിധം പൊരുത്തപ്പെടുന്നു. വുഹാന്‍ എന്ന ചൈനീസ് നഗരത്തെ അതിന്റെ പ്രഭവകേന്ദ്രം എന്നു വിളിക്കുന്ന എഴുത്തുകാരന്‍ വുഹാന്‍ 400 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. ഏതാണ്ട് ഏതാണ്ട് 40 വര്‍ഷത്തിനുശേഷം ലോകം ആ നോവലിലെ അതേ രംഗങ്ങള്‍ ഇപ്പോള്‍ നേരില്‍ കണ്ടുകൊണ്ടിരിക്കുന്നു! മാനവരാശിയെ ബാധിക്കുന്ന ഏഴാമത്തെ കൊറോണ വൈറസാണ് SARSCoV2 എന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. HKU1, NL63, OC43, 229E, SARSCoV, MERSCoV, SARSCoV2 എന്നിവയായിരുന്നു മറ്റുള്ളവ. എന്നാല്‍, ഇവയില്‍ ആദ്യത്തെ നാലെണ്ണം മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര അപകടകാരികള്‍ ആയിരുന്നില്ല. എന്നാല്‍, അവസാനത്തെ മൂന്നെണ്ണം: SARSCoV, MERSCoV, SARSCoV2 എന്നിവ നാശകാരികളായിരുന്നു. ആദ്യ  രണ്ടെണ്ണത്തിന്റെ വരവോടെയാണ് ലോകം അല്പമൊന്നു പകച്ചുനിന്നത്. ഇവയില്‍ ഒടുവിലത്തേതായ SARSCoV2 ആണ് മനുഷ്യരാശിയുടെ ഇപ്പോഴത്തെ ശത്രു. കൊറോണ വൈറസ് (SARSCoV2) മനുഷ്യനിലെ ശരീരകോശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നു വിശകലനം ചെയ്യുന്നതിനിടെ, ACE2 എന്ന പ്രോട്ടീനുമായി അതിന് അതിയായ ബന്ധനോത്സുകതയുള്ളതായി കണ്ടെത്തി. എന്നാല്‍, ഈ ബന്ധനം അനന്യമായ ഒന്നല്ല എന്നാണ് പിന്നീട് കണ്ടെത്തപ്പെട്ടത്. ACE2 എന്ന മനുഷ്യനിലെ പ്രോട്ടീനുമായി ആവേശകരമായ ഒരു പ്രതിപത്തി നിലനില്‍ക്കുന്നില്ല എന്നാണ് ഇതിനര്‍ത്ഥം. അതായത് മനുഷ്യ ACE2 പ്രോട്ടീനിനു സമാനമായ പ്രോട്ടീനുകള്‍ ഇതര സസ്തനികളില്‍ ലഭ്യമാവുന്ന അവസ്ഥയുണ്ടായാല്‍ SARSCoV2 മനുഷ്യനെ വിട്ട് അതിന്റെ പുറകേ പോവും. SARSCoV2 എന്നത് ജൈവായുധമെന്ന തരത്തില്‍ ഏതെങ്കിലും പരീക്ഷണശാലയില്‍ നിര്‍മ്മിക്കപ്പെട്ടതല്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവായാണ് ശാസ്ത്രജ്ഞര്‍ ഇതിനെ കാണുന്നത്. വീണ്ടും മുന്‍പറഞ്ഞ ശാസ്ത്രനോവലിലേക്കു തിരിച്ചുവരാം. അതില്‍ പറയുന്ന വുഹാന്‍ എന്ന വൈറസും പെട്ടെന്നു നിഷ്‌ക്രമിക്കുന്ന സ്വഭാവമുള്ളതാണ്. വൈറസ് 100 ശതമാനം മരണനിരക്ക് സൃഷ്ടിക്കാന്‍ തക്കവണ്ണം ശക്തമാണ്. എന്നാല്‍, വൈറസ് ബാധിതനായ ആള്‍ മരിച്ചു ശരീരതാപനില താഴുന്നതോടെ വൈറസും നശിക്കും. ഇത് ജൈവായുധ പ്രയോഗത്തിലൂടെ 'നിലംപരിശാക്കിയ' ഇടങ്ങളിലേക്ക് അണുബാധ ഭീഷണിയില്ലാതെ കടന്നു ചെല്ലാന്‍ ചൈനീസ് മിലിട്ടറിയെ സഹായിക്കുന്നതിനുവേണ്ടിയുള്ള മനഃപൂര്‍വ്വമായ രൂപകല്‍പ്പനയായിരുന്നുവെന്നാണ് കഥാകാരന്‍ പറയുന്നത്. എങ്കിലും പ്രത്യേകമായ ശാരീരിക സവിശേഷതകളുള്ളവയെ കോവിഡ് 19 ബാധിക്കൂ എന്നതുപോലെയുള്ള വംശീയ സങ്കല്‍പ്പനങ്ങള്‍ക്ക് ആക്കം കൂട്ടിയതിനാല്‍ കൂട്ടുന്നവയെന്ന തരത്തില്‍ ജൈവായുധം എന്ന അര്‍ത്ഥസത്യത്തെ നിരുത്സാഹപ്പെടുത്തിയേ തീരൂ. കൊറോണ അടിസ്ഥാനമായുള്ള വംശീയ വിദ്വേഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അമേരിക്കയില്‍നിന്നു മാത്രമല്ല, ഇന്ത്യയില്‍നിന്നും വന്നിട്ടുണ്ട്. വടക്കുകിഴക്കേ ഇന്ത്യയില്‍നിന്നുള്ള ഒരു സ്ത്രീയെ ദില്ലിയില്‍ വംശീയമായി ആക്രമിച്ച സംഭവമുണ്ടായി. വടക്കുകിഴക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സമാനമായ 22 ആക്രമണസംഭവങ്ങള്‍ ഒരു എന്‍.ജി.ഒ അടുത്തിടെ പുറത്തുവിടുകയുണ്ടായി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി (Wang Yi) ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള ടെലിഫോണിക് സംഭാഷണത്തില്‍ കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' മുദ്രകുത്താനുള്ള ശ്രമത്തിനെതിരെ നയതന്ത്രതലത്തില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി എന്നതും ഈയവസരത്തില്‍ ശ്രദ്ധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com