തെരഞ്ഞെടുപ്പ് വേദിയിലെ പെണ്ണനുഭവം

കഴിവുള്ള സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു
എ.കെ. പ്രേമജം/ ഫോട്ടോ: മനു ആര്‍. മാവേലില്‍/എക്‌സ്പ്രസ്
എ.കെ. പ്രേമജം/ ഫോട്ടോ: മനു ആര്‍. മാവേലില്‍/എക്‌സ്പ്രസ്

ദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. സ്ഥാനാര്‍ത്ഥിത്വവും സീറ്റ് വിഭജനവും ചൂടന്‍ ചര്‍ച്ചകളും പ്രചാരണങ്ങളുമൊക്കെയായി തെരഞ്ഞെടുപ്പിന്റെ ആവേശം മുറുകുകയാണ്. രണ്ട് തവണ കോഴിക്കോട് മേയറും രണ്ട് തവണ ലോക്സഭാ എം.പിയുമായ എ.കെ. പ്രേമജം കോഴിക്കോട് അരയിടത്തുപാലത്തിനടുത്തുള്ള വീട്ടിലിരുന്ന് തെരഞ്ഞെടുപ്പിനേയും രാഷ്ട്രീയത്തിലെ സ്ത്രീകളേയും അനുഭവങ്ങളേയും കുറിച്ച് സംസാരിക്കുകയാണ്. 

1995-ലാണ് ആദ്യം മേയറായത്. പിന്നീട് 2010-ല്‍ വീണ്ടും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998-ലും 1999-ലും വടകര മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്കും എത്തി. ദീര്‍ഘകാലം കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജില്‍ ചരിത്രാദ്ധ്യാപികയായിരുന്നു. 1994-ല്‍ പ്രിന്‍സിപ്പലായി റിട്ടയര്‍ ചെയ്തു. റിട്ടയര്‍മെന്റിനു ശേഷമാണ് എ.കെ. പ്രേമജം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. തൊട്ടടുത്ത വര്‍ഷം തന്നെ കോഴിക്കോട് കോര്‍പ്പറേഷനില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മേയറാവുകയായിരുന്നു.

രാഷ്ട്രീയത്തിലേക്ക്

''ഏതു തെരഞ്ഞെടുപ്പ് വരുമ്പോഴും ആവേശമാണ്. റിട്ടയര്‍ ചെയ്തതിനു ശേഷമാണ് പാര്‍ട്ടി എന്നെ എം.പിയും മേയറും ആക്കിയത്. ആ തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളാണ് എനിക്കു മനസ്സിലേക്കു വരിക. വളരെ ആവേശത്തോടെ നടത്തുന്ന പ്രചാരണങ്ങള്‍, നമുക്കുവേണ്ടി വോട്ടു തേടിയിറങ്ങുന്ന സാധാരണ പ്രവര്‍ത്തകര്‍, മറ്റ് ലീഡര്‍മാര്‍...

ഞാന്‍ ഏറ്റവും അധികം ഓര്‍ക്കുന്നത് സഖാവ് എം. ദാസനെയാണ്. അദ്ദേഹം ഇപ്പോള്‍ നമ്മളോടൊപ്പമില്ല. റിട്ടയര്‍ ചെയ്യുന്ന സമയത്ത് 1994-ല്‍ അദ്ദേഹം എന്നെ വിളിച്ചു. പെന്‍ഷന്‍ ആവുന്നതു മുതല്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞു. എനിക്കും സന്തോഷമായിരുന്നു. എന്റേത് ഒരു കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. കമ്യൂണിസ്റ്റ്കാരനായതുകൊണ്ട് 1948-ല്‍ ജയിലില്‍ പോയ ആളാണ് എന്റെ അച്ഛന്‍.  അച്ഛന്‍ തയ്യല്‍ക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ പത്തു പന്ത്രണ്ട് തൊഴിലാളികളും ഉണ്ടായിരുന്നു. അമ്മ സ്‌കൂള്‍ ടീച്ചറായിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ അമ്മയേയും ജോലിയില്‍നിന്നു പുറത്താക്കി. കമ്യൂണിസ്റ്റുകാരന്റെ ഭാര്യയായതിന്റെ പേരിലാണ് അമ്മയ്ക്ക് ജോലി നഷ്ടമായത്.  ഇ.എം.എസ്. മന്ത്രിസഭ വന്നശേഷം ഒരു നിവേദനം കൊടുത്തു. ആ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിച്ച്  അമ്മയ്ക്ക് ജോലി തിരിച്ചുകിട്ടി.  അത്തരം പശ്ചാത്തലത്തിലായിരുന്നു വളര്‍ന്നത്. പ്രത്യേകിച്ച് മൂത്ത മകള്‍ എന്ന നിലയില്‍ ആ ബുദ്ധിമുട്ടുകളും അതിന്റെ സുഖസൗകര്യങ്ങളും അനുഭവിച്ച വ്യക്തിയായിരുന്നു. അന്ന് തൊട്ടേ പാര്‍ട്ടിയോട് താല്പര്യമായിരുന്നു.

പഠിക്കുന്ന കാലത്ത് എസ്.എഫ് പ്രവര്‍ത്തകയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എം.എയ്ക്ക് പഠിക്കുന്ന കാലത്ത് മാഗസിന്‍ എഡിറ്ററായി. കോളേജ് കാലത്ത് ഡാന്‍സൊക്കെ ചെയ്യും. കോളേജ് യൂണിയന്റെ എല്ലാ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ബിരുദം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍.

എം.എ കഴിഞ്ഞയുടന്‍ കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ അദ്ധ്യാപികയായി. മൂന്നുവര്‍ഷം അവിടെ പഠിപ്പിച്ചു. പിന്നീട് പി.എസ്.സി എഴുതി. രണ്ടാം റാങ്കോടെ സെലക്ഷന്‍ കിട്ടി. അങ്ങനെ കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജില്‍ എത്തി. ഏറെക്കാലം അവിടെ ജോലിചെയ്തു. കുറച്ചുകാലം യൂണിവേഴ്സിറ്റി കോളേജിലും പഠിപ്പിച്ചു.

പാര്‍ട്ടി അങ്ങേയറ്റത്തെ പിന്തുണ എനിക്കു തന്നിട്ടുണ്ട്. സര്‍ക്കാര്‍ കോളേജില്‍ ആയതുകൊണ്ട് ആ കാലത്തൊന്നും പാര്‍ട്ടിയില്‍ സജീവമാകാന്‍ പറ്റിയില്ല. റിട്ടയര്‍ ആയതിന്റെ പിറ്റേ മാസം തന്നെ ഏരിയകമ്മിറ്റിയിലെടുത്തു. 1995-ല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു. പാര്‍ട്ടിപ്രവര്‍ത്തകര്‍ നന്നായി പ്രവര്‍ത്തിച്ചു. ജയിച്ചു. മേയറും ആയി. എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമായിരുന്നു. ആദ്യ തവണ കൗണ്‍സിലറായി ജയിച്ചയുടനെയൊന്നും സാധാരണഗതിയില്‍ മേയറാകില്ല. പ്രത്യേകിച്ച് എന്റെ പ്രായത്തില്‍. ഞാന്‍ റിട്ടയര്‍ ചെയ്തിട്ടല്ലേ വരുന്നത്.

പൊതുനന്മയാകണം ലക്ഷ്യം

കോളേജ് അദ്ധ്യാപികയായിരുന്നതിനാല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനു പോകാനൊന്നും ബുദ്ധിമുട്ട് തോന്നിയില്ല. ആളുകളുമായി ഇടപെടാനൊന്നും ബുദ്ധിമുട്ടിയില്ല. ദീര്‍ഘകാലം കോഴിക്കോട് തന്നെ അദ്ധ്യാപികയായിരുന്നല്ലോ. എന്നെ പലര്‍ക്കും അറിയാം. എന്റെ വിദ്യാര്‍ത്ഥികളുമുണ്ടാകുമല്ലോ. പ്രസംഗിക്കാനും ബുദ്ധിമുട്ടിയില്ല. ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും എനിക്ക് പ്രശ്നമൊന്നും തോന്നിയില്ല. വടകരഭാഗത്തുനിന്നൊക്കെയുള്ള ധാരാളം പേര്‍ വന്ന് പഠിക്കുന്ന സ്ഥലമായിരുന്നു അക്കാലത്ത് ഗവണ്‍മെന്റ് ആര്‍ട്സ് കോളേജ്. അതുകൊണ്ടുതന്നെ അപരിചിതത്വം ഒന്നുമുണ്ടായില്ല. പാര്‍ട്ടിക്കാരല്ലാത്തവരും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കുപരിയായി ഒരു മുന്‍തൂക്കം ആര്‍ട്സ് കോളേജിലെ അദ്ധ്യാപിക എന്ന നിലയില്‍ എനിക്ക് കിട്ടിയിരുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ലേ വോട്ട് ചെയ്യൂ. എനിക്കങ്ങനെയായിരുന്നില്ല. പ്രത്യേകം പാര്‍ട്ടി താല്പര്യങ്ങളൊന്നുമില്ലാത്തവരൊക്കെ എനിക്ക് വോട്ട് ചെയ്തു. എന്റെ വിദ്യാര്‍ത്ഥികളുടെ കുടുംബക്കാരും. പ്രചരണമൊക്കെ കാര്യമായി നടത്തിയിരുന്നു. പക്ഷേ, അതുകൊണ്ടുമാത്രം കാര്യമില്ലല്ലോ. പ്രചരണം എല്ലാവരും നടത്തും. പക്ഷേ, ജയിക്കുന്നത് ഒരാള്‍ മാത്രമല്ലേ. 

സാധാരണ മേയര്‍ പോലുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നവരൊക്കെ റോഡ് നിര്‍മ്മാണമാണ് പ്രധാനമായും ചെയ്യുന്നത്. ഞാന്‍ റോഡ് നിര്‍മ്മാണം മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ്  മുന്നോട്ടുപോയത്. നമ്മുടെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക പ്രധാനമാണ്. കുടുംബശ്രീയുടെ കാര്യത്തിലും വേണ്ടത്ര പ്രാധാന്യം കൊടുത്തു. പല സ്ത്രീകള്‍ക്കും ഉപജീവനമാര്‍ഗ്ഗം ഉണ്ടാക്കാന്‍ ഇതിലൂടെ സാധിച്ചു. ആളുകള്‍ക്ക് ആവശ്യം ആത്മവിശ്വാസമാണ്. അതുണ്ടാക്കലാണ് തലപ്പത്ത് ഇരിക്കുന്നവര്‍ ചെയ്തുകൊടുക്കേണ്ടത്. സാധാരണക്കാര്‍ വിളിക്കുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ധനാഢ്യന്മാരെ പിന്തുണയ്ക്കുന്ന ആളാണ് എന്നൊരു തോന്നല്‍ മേയര്‍ ഉണ്ടാക്കരുത്. ഞാന്‍ ആ രീതിയിലാണ് പ്രവര്‍ത്തിച്ചത്. കുടുംബശ്രീയുടെയൊക്കെ ഏതു മീറ്റിങ്ങിനും ഞാന്‍ പോകുമായിരുന്നു. അവരോടൊപ്പം ഭക്ഷണം കഴിക്കും. ഞങ്ങളിലൊരാളാണ് എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. പൊതുനന്മയ്ക്കുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്താല്‍ ജനങ്ങള്‍ നമ്മളെ അംഗീകരിക്കും. വെറുതെ ഷോപ്പിംഗ് കോംപ്ലക്സ് എടുക്കലും കെട്ടിടം നിര്‍മ്മിക്കലും മാത്രമല്ല വികസനം. 

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാദേശികമായ കാര്യങ്ങളാണ് കൂടുതല്‍ ചര്‍ച്ചയ്ക്ക് വരികയെങ്കിലും ഇത്തവണ ഇപ്പോഴത്തെ സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങള്‍ കൂടി സ്വാധീനിക്കും. എതിര്‍പാര്‍ട്ടികള്‍ ഇത് ഉന്നയിക്കും. പാര്‍ട്ടിക്കു കൃത്യമായി അത് ആരോപണങ്ങള്‍ മാത്രമാണ് എന്ന് ആളുകളെ ബോധ്യപ്പെടുത്തി കൂടെ നിര്‍ത്താന്‍ കഴിയണം.

1998-ലാണ് ആദ്യം പാര്‍ലമെന്റില്‍ എത്തിയത്. ആദ്യം ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ ഒരു ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു. പക്ഷേ, കാര്യങ്ങള്‍ മനസ്സിലാക്കാനും സംസാരിച്ചു ഫലിപ്പിക്കാനും ബുദ്ധിമുട്ടുണ്ടാവില്ല എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഇംഗ്ലീഷ് അറിയാമായിരുന്നു. ഹിന്ദിയും മനസ്സിലാക്കാന്‍ പറ്റും. പാര്‍ട്ടി നോക്കാതെ എല്ലാവരോടും അവിടെ സൗഹൃദം ഉണ്ടാക്കാന്‍ പറ്റി. പാര്‍ട്ടി പുറത്തുള്ള സംഗതിയാണ്. പാര്‍ലമെന്റില്‍ അംഗങ്ങളെല്ലാം ഒരേപോലെയാണ്. അത് ഏതു പാര്‍ട്ടി എന്ന് നോക്കേണ്ട കാര്യമില്ല. ഡല്‍ഹിയില്‍ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുമായി സംസാരിച്ച് അവരുടെ ഉപദേശവും കൂടി സ്വീകരിച്ചാണ് പല കാര്യങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുന്നതും ഗുണമായി. അങ്ങനെ പാര്‍ലമെന്റില്‍ ശ്രദ്ധിക്കപ്പെടാന്‍ പറ്റി.

വടകര മണ്ഡലത്തിലെ റെയില്‍വേ ഗേറ്റുകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. റെയില്‍വേ ഗേറ്റ് അടച്ചിടുന്നതു കാരണം വടകര കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഒക്കെ വരുന്ന ചില രോഗികള്‍ മരിച്ചിട്ടുണ്ട്. അതെനിക്കു നേരിട്ടറിയാവുന്നതാണ്. ഞാന്‍ തന്നെ പലര്‍ക്കും വേണ്ടി മെഡിക്കല്‍ കോളേജില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. പക്ഷേ, എല്ലാവരും നമ്മളെ വിളിക്കണമെന്നില്ല. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ ഫലമായി മേല്‍പ്പാലം പണിതു.

ഞങ്ങളുടെ കല്യാണത്തിന്റെ മുഹൂര്‍ത്തം തെറ്റിച്ചതും റെയില്‍വേ ഗേറ്റായിരുന്നു. തൃശൂരില്‍ നിന്നും വന്ന ഭര്‍ത്താവും കൂട്ടരും ഇവിടെ കുടുങ്ങി. മുഹൂര്‍ത്തം തെറ്റിയാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്. എല്ലാര്‍ക്കും പേടിയായിരുന്നു. പക്ഷേ, അതുകൊണ്ട് ഒരു കുഴപ്പവും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്തായാലും ചോറോട് ഓവര്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമായി. അത്തരം സാധാരണക്കാര്‍ക്കുവേണ്ടിയുള്ള വികസന കാര്യങ്ങളൊക്കെ ചെയ്യാന്‍ പറ്റി. അതിന്റെ ഗുണവും ഉണ്ടായി. മുന്‍പത്തെപ്പോലെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ എന്റെ പ്രായംകൊണ്ട് കഴിയില്ല. എന്നാലും പാര്‍ട്ടി എന്നോട് കാണിച്ച താല്പര്യം കൊണ്ടുതന്നെ കുറച്ച് ബുദ്ധിമുട്ടിയാലും പാര്‍ട്ടിക്കു വേണ്ടി ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യും.

സ്ത്രീ പ്രാതിനിധ്യം

ഭരണഘടനാപ്രകാരം സ്ത്രീയും പുരുഷനും തുല്യരാണ്. മേയര്‍ സ്ത്രീയും പുരുഷനുമുണ്ട്. പക്ഷേ, എത്ര സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ അധികാരം ഉപയോഗിക്കാന്‍ പറ്റുന്നുണ്ട്. അത് അധികാരത്തിലുള്ള പാര്‍ട്ടി സമ്മതിക്കില്ല. പാര്‍ട്ടി കമ്യൂണിസ്റ്റായാലും സോഷ്യലിസ്റ്റായാലും കോണ്‍ഗ്രസ്സായാലും ബി.ജെ.പിയായാലും സ്ത്രീകളെ താഴ്ത്തി നിര്‍ത്തുന്ന പരിപാടിയുണ്ട്. എല്ലാവരും എന്ന് ഞാന്‍ പറയില്ല. പക്ഷേ, അങ്ങനെയുണ്ട്. ഇപ്പോഴുമുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ തന്റേടം സ്ത്രീകള്‍ക്കു വേണം. പക്ഷേ, ധിക്കാരപരമായി അത് ചോദ്യം ചെയ്യാനും കഴിയില്ല. അപ്പോള്‍ നമ്മള്‍ പാര്‍ട്ടിയില്‍നിന്നു പുറത്തുപോകും. ജനറല്‍ സീറ്റില്‍ ഇപ്പോഴും സ്ത്രീകള്‍ അധികം വരുന്നില്ല. സംവരണം ഉള്ളതുകൊണ്ട് സ്ത്രീകള്‍ക്ക് അധികാരത്തില്‍ വരാന്‍ സാധിക്കുന്നുണ്ട്. പക്ഷേ, കഴിവുള്ള സ്ത്രീകളെ ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അങ്ങനെ ചെയ്യാറുണ്ടായിരുന്നു. സഖാവ് എം. ദാസനെപ്പോലുള്ളവരൊക്കെ അതിന് മുന്‍കൈ എടുത്തിരുന്നു. അതുകൊണ്ടാണല്ലോ എനിക്ക് എം.പിയും മേയറും ഒക്കെ ആകാന്‍ കഴിഞ്ഞത്. അത് മറക്കാന്‍ കഴിയില്ല. എനിക്ക് പാര്‍ട്ടിയില്‍ നല്ല അംഗീകാരം കിട്ടിയിട്ടുണ്ട്.

ഒരു പാര്‍ട്ടിയും പൊതുതത്ത്വം അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശമാണുള്ളത്. അതിലൂടെ തുല്യ അധികാരമാണ് എന്നത് അംഗീകരിക്കുന്നില്ല. പുരുഷന്‍മാര്‍ക്ക് മാത്രമാണ് കഴിവ് എന്നെങ്ങനെയാണ് പറയാന്‍ പറ്റുക. നന്നായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്ലേ. അടുക്കളയില്‍ സ്ത്രീ നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഹോട്ടലില്‍നിന്ന് വീട്ടിലെല്ലാവര്‍ക്കും ഭക്ഷണം കൊണ്ടുവരേണ്ടിവരില്ലേ. അപ്പോള്‍ ആ സ്ത്രീയുടെ കഴിവ് അടുക്കളയില്‍ മാത്രമല്ല, മറ്റുള്ളിടത്തും പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും എന്ന തത്ത്വം ഓരോ വീട്ടിലേയും പുരുഷന്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു പ്രശ്നവും ഇല്ല. അങ്ങനെ അംഗീകരിച്ചതുകൊണ്ടാണ് എനിക്ക് പുറത്തുപോകാന്‍ കഴിഞ്ഞത്. ''നീ വീട്ടിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതി'' എന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് കൗണ്‍സിലറാകാനോ മേയറാകാനോ എം.പിയാകാനോ പറ്റില്ലായിരുന്നു. നമ്മുടെ കുടുംബങ്ങളില്‍ പുരുഷമേധാവിത്വം തന്നെയാണ്. വീട്ടിലെ പുരുഷന്‍ സ്നേഹപൂര്‍വ്വം അനുവാദം തന്നാല്‍ നമുക്കു പോകാന്‍ സാധിക്കും. 

ഫ്രിഡ്ജ് ഒക്കെ ഉള്ളതുകൊണ്ട് ഭക്ഷണം ഉണ്ടാക്കിവെയ്ക്കാം. അങ്ങനെ ചെയ്യുകയാണെങ്കില്‍ വീട്ടിലെ ആള്‍ക്കാര്‍ നമുക്ക് പിന്തുണ നല്‍കും. അങ്ങനെ ശാന്തമായ, സ്നേഹമായ അന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്കു പൊതുപ്രവര്‍ത്തനം നടത്താന്‍ പറ്റും. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇല്ലെങ്കില്‍ സ്ത്രീകള്‍ പണ്ടത്തെ മാതിരിതന്നെ അടിമകളായി തുടരും. പുരുഷന്‍ പോകേണ്ട എന്നു പറഞ്ഞാല്‍ നമുക്ക് എതിര്‍ക്കാന്‍ പറ്റുമോ? നമുക്ക് കുടുംബമല്ലേ വലുത്. ഓരോ കുടുംബവും നല്ലതായാലല്ലേ സമൂഹം നല്ലതാവൂ. കുടുംബത്തില്‍ കലഹമില്ലാത്ത രീതിയില്‍ ഭാര്യയും ഭര്‍ത്താവും യോജിച്ചു പ്രവര്‍ത്തിക്കാമെങ്കില്‍ ഏതൊരു സ്ത്രീക്കും ഉന്നത സ്ഥാനങ്ങളില്‍ വളരെ വിജയപ്രദമായി ഇരിക്കാന്‍ പറ്റും.

വെറ്ററിനറി ഡോക്ടറായ ഡോ. രവീന്ദ്രനാഥാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ വീട് തൃശൂര്‍ മുല്ലശ്ശേരി ആണ്. അന്യോന്യം കാര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് മുന്നോട്ടുപോകുന്നതാണ് ഞങ്ങളുടെ ജീവിതം. എന്റെയൊക്കെ പ്രായത്തിലുള്ള ഒരാള്‍ ഒരു പൊതുപ്രവര്‍ത്തകയാകണമെങ്കില്‍ ഭര്‍ത്താവിന്റേയും ഭര്‍ത്താവിന്റെ കുടുംബത്തിന്റേയും സമ്മതം വേണം. നമ്മുടെ സമൂഹത്തിന്റെ സ്ഥിതി എന്താണ്. പ്രത്യേകിച്ച് എന്റെയൊക്കെ തലമുറയിലുള്ള സ്ത്രീകളെ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ വിടില്ല. പാര്‍ട്ടി ചെലപ്പോള്‍ തീരുമാനിച്ചേക്കും, പക്ഷേ, അയ്യോ എനിക്ക് വയ്യ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറേണ്ടിവരും. പാര്‍ട്ടി തീരുമാനിച്ചാല്‍ മാത്രം എല്ലാ സ്ത്രീകള്‍ക്കും സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോ? വ്യക്തി എന്ന നിലയില്‍ ഓരോരുത്തര്‍ക്കും അഭിപ്രായങ്ങളുണ്ടാകും. എങ്കിലും നീക്കുപോക്ക് നടത്തി ഒറ്റക്കെട്ടായ് മുന്നോട്ട് പോയാലെ അഭിവൃദ്ധി ഉണ്ടാവൂ എന്നതാണ് എന്റെ അനുഭവം.

ജനിക്കുന്ന പശ്ചാത്തലത്തില്‍നിന്ന് മറ്റൊരു പശ്ചാത്തലത്തിലേക്ക് നമ്മളെത്തുമ്പോള്‍ അതിനനുസരിച്ച് ചില കാര്യങ്ങളില്‍ മാറ്റം വരുത്തണം. പ്രത്യേകിച്ച് സ്ത്രീകള്‍. നമ്മുടെ സമൂഹത്തില്‍ എന്ത് സ്വാതന്ത്ര്യം എന്നു പറഞ്ഞാലും സ്ത്രീകള്‍ക്കു പരിമിതികളുണ്ട്. അങ്ങനെ പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ടോ നമുക്ക്. ചെറുപ്പത്തില്‍ അച്ഛനുമമ്മയും അമ്മാവന്‍മാരും പറയുന്നതും കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവ് പറയുന്നതിനും ഒക്കെ അനുസരിച്ചല്ലേ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റൂ. വീട്ടുകാര്‍  സമ്മതിച്ചാല്‍ മാത്രമേ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയൂ. 

ഭര്‍ത്താവ് പുരുഷമേധാവിത്വത്തിന്റെ ആളാണെങ്കില്‍ സ്ത്രീക്ക് എന്ത് കഴിവുണ്ടെങ്കിലും നില്‍ക്കാന്‍ പറ്റില്ല. ഞാന്‍ മേയറും എം.പിയുമായി. അതേസമയം എന്റെ ഭര്‍ത്താവ് പൊതു പ്രവര്‍ത്തനത്തിനേ വന്നിട്ടില്ല. നീ പോകേണ്ട എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പറ്റില്ല. അല്ലെങ്കില്‍ ധിക്കാരപരമായി ഞാന്‍ വാശിപിടിക്കുകയാണെങ്കില്‍ കുടുംബം തകരും. നമുക്ക് കുടുംബവും വേണം പൊതുപ്രവര്‍ത്തനവും വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com