മരിച്ചാലും നീതികിട്ടാത്ത മനുഷ്യര്‍

ടൗണിനടുത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ ഒരു പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടം ആയിരുന്നു അക്കാലത്ത് എ.എസ്.പിയുടെ ഓഫീസ്
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)
എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)

എ.എസ്.പി ആയി കുന്നംകുളത്ത് ജോലി ചെയ്യുമ്പോഴുണ്ടായ ഒരനുഭവം വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ചാര്‍ജെടുത്ത് അധികദിവസമായിരുന്നില്ല. ടൗണിനടുത്ത് പൊലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലെ ഒരു പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടം ആയിരുന്നു അക്കാലത്ത് എ.എസ്.പിയുടെ ഓഫീസ്. അന്നും പതിവുപോലെ കാലത്ത് 9 മണിയോടെ ഓഫീസിലെത്തി. അത്യാവശ്യം ചെയ്തുതീര്‍ക്കേണ്ട ചില ജോലികള്‍ തുടങ്ങിയതേയുള്ളു. പെട്ടെന്ന് ചെറുപ്പക്കാരിയായ ഒരു സ്ത്രീ മുറിയിലേയ്ക്ക് കടന്നുവന്നു. അനുവാദമൊന്നും ചോദിക്കാതെയാണ് അവര്‍ ധൃതിയില്‍ എന്റെ ഓഫീസ് മുറിയിലേയ്ക്ക് കടന്നത്. അവിടെ സ്ഥിരം പാറാവുകാരനൊന്നുമില്ലായിരുന്നെങ്കിലും സാധാരണയായി സന്ദര്‍ശകര്‍ എ.എസ്.പിയെ കാണുന്നത് തൊട്ടപ്പുറത്തെ മുറിയിലുണ്ടായിരുന്ന പൊലീസുകാരോടോ മറ്റു സ്റ്റാഫിനോടോ അനുമതി തേടിയ ശേഷമായിരുന്നു. ഞാനാ സ്ത്രീയെ നോക്കി. അവരുടെകൂടെ അമിത വളര്‍ച്ചയുണ്ടായിരുന്ന വിരൂപനായി കാണപ്പെട്ട ആണ്‍കുട്ടിയുമുണ്ടായിരുന്നു. അവര്‍ വല്ലാത്ത പാരവശ്യത്തിലാണെന്നു പ്രകടം. ഞാനാ സ്ത്രീയേയും കൂടെയുണ്ടായിരുന്ന കുട്ടിയേയും നോക്കി. കുട്ടി മന്ദബുദ്ധിയായിരിക്കാമെന്ന് മനസ്സില്‍ കരുതി. ഒന്നും പറയാതെ അവരോട് മുന്നിലെ കസേരയില്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അവര്‍ ഇരുന്നില്ല. നിന്നുകൊണ്ടുതന്നെ പെട്ടെന്നാ സ്ത്രീ എന്നോട് പറഞ്ഞു. ''സാറേ, ആ ഇന്‍സ്പെക്ടര്‍ സാറെന്നെ അടിച്ചു.'' പറയുന്നതോടൊപ്പം അവര്‍ ഇടത് കൈയുടെ മുകള്‍ ഭാഗത്തേയ്ക്ക് വിരല്‍ ചൂണ്ടി. നോക്കുമ്പോള്‍ അവിടെ മുട്ടിനു മുകളിലായി ചോരതുടിക്കുംപോലെ ചുവന്ന പാടുകള്‍. നാലു വിരലുകള്‍ പതിഞ്ഞുകിടക്കുന്നു. അതൊട്ടും സുഖകരമായ കാഴ്ചയായിരുന്നില്ല. എന്തിനാണ് പൊലീസുദ്യോഗസ്ഥര്‍ ഇപ്രകാരം ക്രൂരമായി ഒരു സ്ത്രീയെ മര്‍ദ്ദിക്കുന്നത് എന്നൊക്കെ ചിന്തിച്ചുകൊണ്ട് ഞാനവരോട് ഇരുന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പറഞ്ഞു.

പറഞ്ഞുതീരും മുന്‍പെ തൊട്ടടുത്ത മുറിയില്‍നിന്ന് പൊലീസുകാരന്‍ രാമനാഥന്‍ വേഗത്തില്‍ എന്റെ മുറിയിലേയ്ക്ക് കടന്നുവന്ന് ആ സ്ത്രീയെ രൂക്ഷമായി നോക്കി. എന്നിട്ട് പുറത്തേയ്ക്ക് കൈചൂണ്ടി അല്പം ഉച്ചത്തില്‍ പരുഷമായ ഭാഷയില്‍ പറഞ്ഞു: ''കടക്കെടി പുറത്ത്.'' എന്നെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള ഈ അധികാരപ്രയോഗത്തിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയില്ല. ''നിങ്ങെളെന്താണിക്കാട്ടുന്നത്? അവര്‍ പരാതിക്കാരിയല്ലേ?'' ഇങ്ങനെ ചോദിച്ചുകൊണ്ട് ഞാനാ പൊലീസുകാരനെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. പക്ഷേ, അയാള്‍ അടങ്ങിയില്ല. ''ഇവള് മഹാ ചീത്തയാണ് സാര്‍, ഇവിടെ കേറ്റാന്‍ കൊള്ളത്തില്ല. അസത്ത്.'' അരുതാത്തതെന്തോ സംഭവിച്ചുവെന്നതിലുള്ള ധാര്‍മ്മികരോഷത്തോടെയും ഏതാണ്ടൊരു അക്രമണോത്സുകതയോടെയുമാണ് അയാളില്‍നിന്നും വാക്കുകള്‍ പുറത്തുവന്നത്. പെട്ടെന്ന് എന്റെ തലയില്‍ ലൈറ്റ് മിന്നി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥ ഓര്‍മ്മയില്‍ വന്നു. 'പാവപ്പെട്ടവരുടെ വേശ്യ.' ആ സ്ത്രീ എന്നെ നോക്കി. പുതിയ തിരിച്ചറിവോടെ ഞാനറിയാതെ എന്റെ സമീപനവും മാറി. മന്ദബുദ്ധിയായ കുട്ടിയും മര്‍ദ്ദനത്തിന്റെ കാഠിന്യം വ്യക്തമാക്കുന്ന പാടും സൃഷ്ടിച്ച സഹാനുഭൂതി കുറേശ്ശ അപ്രത്യക്ഷമായി. പൊലീസുകാരന്‍ രാമനാഥന്റെ 'സ്പിരിറ്റ്' ചെറുതായി എന്നെയും ആവേശിക്കാന്‍ തുടങ്ങി എന്നതാണ് സത്യം. പക്ഷേ, ആ പ്രക്രിയ അത്ര സുഗമമായിരുന്നില്ലെന്നു തോന്നുന്നു. കുറച്ച് ദേഷ്യം ഭാവിച്ചുകൊണ്ട് ഞാനാ സ്ത്രീയോട് ചോദിച്ചു: ''തോന്നിയപോലെ നടക്കുകയാണ് അല്ലേ?'' അവിടെ അരങ്ങേറിയ നാടകമൊന്നും അവരെ കാര്യമായി ബാധിച്ചില്ലെന്നു തോന്നി. വളരെ സാധാരണമെന്ന മട്ടില്‍ ശാന്തയായി അവര്‍ പറഞ്ഞു: ''ശരിയാ സാറെ. ആഴ്ചയില്‍ രണ്ടു തവണ എങ്കിലും ഞാന്‍ പുറത്ത് ഇറങ്ങും. സുഖമില്ലാത്ത എന്റെ ഈ മോന് മരുന്നു വാങ്ങണം. ജീവിക്കണ്ടേ സാര്‍.'' ഈ മറുപടി എന്നിലെ മനുഷ്യത്വത്തെ സ്പര്‍ശിച്ചെങ്കിലും നിയമപാലകനെ പ്രകോപിപ്പിച്ചു. വീണ്ടും ദേഷ്യഭാവത്തില്‍ ഭീഷണിയുടെ സ്വരത്തില്‍ ഞാന്‍ പറഞ്ഞു: ''ജയിലില്‍ കിടക്കും,  ഓര്‍മ്മിച്ചോ.'' അതൊരു വജ്രായുധമായിരിക്കുമെന്ന ഭാവത്തിലാണ് ജയില്‍ഭീഷണി പ്രയോഗിച്ചത്. വജ്രായുധത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു അവരുടെ മറുപടി. ''എവിടെ വേണമെങ്കിലും കിടക്കാം സാറെ.''  'കിടക്കാം' എന്ന വാക്കില്‍ പരിഹാസവും ലേശം ധിക്കാരവുമെല്ലാം കലര്‍ത്തിയിരുന്നെന്നു തോന്നുന്നു. പിന്നെ എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ആയുധംവച്ച് കീഴടങ്ങി എന്നതാണ് സത്യം. പൊലീസുകാരന്‍ രാമനാഥന്‍ നിയന്ത്രണം ഏറ്റെടുത്തു. കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കിയ പരാതിക്കാരി ഈ നാടകങ്ങളൊന്നും മനസ്സിലാകാതെ നിന്ന മന്ദബുദ്ധിയായ മകനേയും പിടിച്ചുകൊണ്ട് പതുക്കെ നടന്നുപോയി - ഒരാശ്വാസവും കിട്ടാതെ. പിന്നീട് രാമനാഥന്‍ അവരുടെ 'ചരിത്രവും' 'ഇവറ്റകളെ' അടിച്ചൊതുക്കുന്ന പൊലീസിന്റെ സാമര്‍ത്ഥ്യവും വിവരിക്കാന്‍ തുടങ്ങി. ഞാനതൊന്നും ആസ്വദിക്കുന്നില്ലെന്ന തിരിച്ചറിവുകൊണ്ടാകാം, പെട്ടെന്ന് കഥ അവസാനിപ്പിച്ചു പുറത്തുപോയി. ഒറ്റയ്ക്കായപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചും അതിന്റെ ശരിതെറ്റുകളെക്കുറിച്ചും ഉള്ള ചില സന്ദേഹങ്ങള്‍ മനസ്സില്‍ കടന്നുവന്നു. ഇത്തരം 'അപഥ' ചിന്തകള്‍ മനസ്സിന്റെ ചില്ലയില്‍ കൂടുകൂട്ടാന്‍ തുടങ്ങുമ്പോഴേയ്ക്കും വയര്‍ലെസ്സിലൂടെ വിവരം, ടൗണിനോട് ചേര്‍ന്ന ഒരു സ്ഥലത്ത് ആര്‍.എസ്.എസ്-സി.പി.എം ഏറ്റുമുട്ടല്‍, സംഘര്‍ഷം. പിന്നെ ഞാന്‍ ക്രമസമാധാനപാലനത്തിന്റെ തിരക്കില്‍ കര്‍മ്മനിരതനായി. അതോടെ രാവിലത്തെ അനാവശ്യ ചിന്തകളെല്ലാം മനസ്സില്‍നിന്നു പറപറന്നു. ഈ 'തിരക്കും' 'കര്‍മ്മനിരതത്വവും' ഒക്കെ എന്തൊരനുഗ്രഹമാണ്- പ്രത്യേകിച്ച് പൊലീസുദ്യോഗസ്ഥര്‍ക്കും അധികാരം കയ്യാളുന്ന മറ്റുള്ളവര്‍ക്കും.

'സദാചാര'ത്തിനു വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാട്ടില്‍ ഒരു സ്ത്രീ വേശ്യ എന്ന് മുദ്ര കുത്തപ്പെടുന്നതോടെ എല്ലാവിധ മനുഷ്യാവകാശങ്ങളും ഇല്ലാതാകുന്നു എന്നതായിരുന്നു അവസ്ഥ. ഇന്നും അതില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത്തരം മനുഷ്യവാകാശ ലംഘനങ്ങളില്‍ പൊലീസും പൊതുജനങ്ങളും നല്ല മൈത്രിയിലാണുതാനും. ഏതെങ്കിലും പട്ടണത്തിന്റെ ഇരുണ്ട കോണുകളോ ബസ്സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളോ അസാന്മാര്‍ഗ്ഗിക നടപടിക്കാരുടെ സാന്നിദ്ധ്യവും സൈ്വരവിഹാരവും സാമൂഹ്യപ്രശ്നമായി മാറുമ്പോള്‍ പൊലീസ് ഇടപെടല്‍ അനിവാര്യമായി വരും. പക്ഷേ, അത്തരം പൊലീസ് നടപടികള്‍ മിക്കപ്പോഴും നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തി തികച്ചും ഏകപക്ഷീയമായി സ്ത്രീകള്‍ക്കെതിരായ നടപടിയായി ഭവിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. പഴയ പൊലീസ് ആക്ടിലെ 47-ാം വകുപ്പായിരുന്നു പൊലീസിന്റെ മുഖ്യ ആശ്രയം. നിയമം നല്‍കുന്ന അധികാരത്തിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് മിക്കപ്പോഴും നടപടി. ഇക്കാര്യത്തില്‍ പൊതുസമൂഹവും മാധ്യമങ്ങളും ജുഡിഷറിയുമെല്ലാം പൊലീസിനൊപ്പമായിരുന്നു. സാക്ഷരത, അവകാശബോധം, രാഷ്ട്രീയപ്രബുദ്ധത തുടങ്ങിയവയിലൊക്കെ ഒരു വശത്ത് മേനിപറയുന്ന നമ്മുടെ നാട്ടില്‍ തന്നെയാണ് ഇതും അരങ്ങേറിയിരുന്നത്. ഏതാനും ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് ചെറിയ മാറ്റം സൃഷ്ടിക്കാന്‍ സഹായിച്ചിട്ടുണ്ട്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഈ രംഗത്തെ പ്രവര്‍ത്തനം പലപ്പോഴും പ്രശ്നം നിയന്ത്രിക്കുന്നതിനു സഹായകമായില്ല എന്നുമാത്രമല്ല ഫലത്തില്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. പൊലീസ് കസ്റ്റഡിയിലാകുന്ന സ്ത്രീകള്‍ക്ക് വക്കീലിനും കോടതി ഫൈന്‍ അടയ്ക്കുന്നതിനും പണം ചെലവാക്കേണ്ടിവരുമല്ലോ. ഈ പണം കണ്ടെത്തുന്നതിനു വേണ്ടിയും അസാന്മാര്‍ഗ്ഗിക നടപടി തുടരേണ്ടിവരും. നീതിന്യായ പ്രക്രിയ മനുഷ്യനെ തെറ്റില്‍നിന്നും പിന്‍തിരിപ്പിച്ച് ശരിയായ മാര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുകയാണല്ലോ വേണ്ടത്. ഇവിടെ ആ പ്രക്രിയതന്നെ കൂടുതല്‍ കുറ്റകൃത്യത്തിലേയ്ക്ക് നീങ്ങുവാനുള്ള പ്രേരകശക്തിയായി മാറുന്നു എന്നതാണ് സത്യം. 

സാധാരണയായി കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ 'ഇര', 'വേട്ടക്കാരന്‍' എന്നീ പദങ്ങള്‍ കൊണ്ടു വിവക്ഷിക്കുന്ന അര്‍ത്ഥം  ഇവിടെ നഷ്ടപ്പെടുന്നു. അറസ്റ്റ് ചെയ്യപ്പെടുന്ന സ്ത്രീകളാണ് യഥാര്‍ത്ഥ ഇര. ഒരു വശത്ത് എല്ലാ കുറ്റകൃത്യങ്ങളും പൊലീസ് ശക്തമായി 'അടിച്ചൊതുക്കേണ്ടതാണ്' എന്ന അലസമായ മദ്ധ്യവര്‍ഗ്ഗചിന്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പല പൊലീസുദ്യോഗസ്ഥരുടേയും കൈക്കരുത്ത് തെളിയിച്ച് സമൂഹത്തില്‍ സൈ്വരജീവിതം ഉറപ്പാക്കുന്നുവെന്ന് ആത്മസംതൃപ്തി നേടാനുളള ആഗ്രഹം സഫലമാകുന്നതിന്റെ ഇരകള്‍ ഇവരാണ്. അതിനപ്പുറമുള്ള ചൂഷണങ്ങളും വിരളമല്ല എന്ന് ക്രമേണ ഞാന്‍ മനസ്സിലാക്കി. അതിലൊന്ന് ഇത്തരം ലൈംഗിക ചൂഷണം ഏതാണ്ടൊരു 'വ്യവസായം' പോലെ നടത്തുന്ന, പലപ്പോഴും നഗരകേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകളാണ്. എസ്.പിയായി ജോലി ചെയ്ത ഒരു നഗരത്തില്‍ ഇത്തരം ചില അനുഭവങ്ങളുണ്ടായി. അവിടെ ഞാന്‍ ചാര്‍ജെടുത്ത ഉടനെ തന്നെ ചെറുപ്പക്കാരനായ ഒരു എസ്.ഐ നിരന്തരം ചില ഹോട്ടലുകള്‍ റെയ്ഡ് ചെയ്ത് അസാന്മാര്‍ഗ്ഗികളായ സ്ത്രീകളെ അറസ്റ്റ്‌ചെയ്ത് വാര്‍ത്ത സൃഷ്ടിച്ചു. എല്ലാം പെറ്റികേസുകളാണ് ചാര്‍ജ്ജ് ചെയ്തിരുന്നത്. ഇത്തരം നടപടികള്‍കൊണ്ട് പൊലീസ് സജീവമാണെന്ന മിഥ്യാബോധം സൃഷ്ടിക്കുന്നതിനപ്പുറം കാര്യമായ ഫലമുണ്ടായിരുന്നുവെന്ന് എനിക്കു ബോദ്ധ്യമില്ലായിരുന്നു. വെറുതെ വാര്‍ത്ത സൃഷ്ടിക്കുന്നതിലെനിക്ക് ഒരു താല്പര്യവുമില്ലായിരുന്നുതാനും. നിരന്തരമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കുപ്രസിദ്ധമായ ചില ഹോട്ടലുകാര്‍ക്ക് പൊലീസ് നടപടിയോട് എതിര്‍പ്പുമില്ലായിരുന്നു. അവരുടെ 'ബിസിനസ്സ്' വളര്‍ത്താനേ അത് സഹായിച്ചുള്ളു. അവര്‍ക്കൊരു ബുദ്ധിമുട്ടുമുണ്ടായില്ല; കാരണം നിയമനടപടിക്ക് വിധേയരാകുന്നത് സ്ത്രീകള്‍ മാത്രമല്ലേ. പല സ്റ്റേഷനുകളിലും കേസുകള്‍ക്ക് ക്വാട്ടവരെ ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. നിരന്തരം കേസും വാര്‍ത്തയും ആകുമ്പോള്‍ പൊലീസിന്റെ ഇമേജും ഗംഭീരം. ഇതൊക്കെ പണമാക്കി മാറ്റുന്നവര്‍ക്ക് അതിനും അവസരം. ഈ പരിപാടി ഉടന്‍ അവസാനിപ്പിക്കണമെന്ന ചിന്തയോടെ എസ്.ഐയോട് അടുത്ത തവണ റെയ്ഡ് നടത്തുമ്പോള്‍ എന്നെക്കൂടി അറിയിക്കണമെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് എസ്.ഐയുടെ ഫോണ്‍കോള്‍ വന്നു. ''സാര്‍, ഇന്നും ഒരു ഹോട്ടലില്‍നിന്നും അഞ്ചെണ്ണത്തിനെ കിട്ടിയിട്ടുണ്ട്. ഇതിവിടെ സ്ഥിരം ഏര്‍പ്പാടാണ് സാര്‍.'' സ്ഥിരം കേന്ദ്രമാണെങ്കില്‍ അതിന്റെ നടത്തിപ്പുകാരെക്കൂടി കസ്റ്റഡിയിലെടുക്കാനും ഹോട്ടലുടമയെക്കൂടി പ്രതിയാക്കി കാാീൃമഹ ഠൃമളളശര ജൃല്‌ലിശേീി അര േപ്രകാരം എഫ്.ഐ.ആര്‍ ഇടാനും നിര്‍ദ്ദേശിച്ചു. സ്ത്രീകള്‍ക്കെതിരെ മാത്രം പെറ്റിക്കേസെടുത്ത് വിടുന്ന 'കലാപരിപാടി' ഇനി നമുക്ക് വേണ്ടെന്നും നിര്‍ദ്ദേശിച്ചു. കേസന്വേഷണത്തിന് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ വന്നു. കേസിലുള്‍പ്പെട്ട ഹോട്ടലിന്റെ ഉടമസ്ഥാവകാശം അദ്ദേഹത്തിനു വളരെ വേണ്ടപ്പെട്ട സ്ത്രീയുടെ പേരിലായിരുന്നു. സാങ്കേതികമായ അവകാശത്തിനപ്പുറം അവര്‍ക്ക് ഹോട്ടല്‍ നടത്തിപ്പുമായി ഒരു ബന്ധവുമില്ലായിരുന്നു. മാത്രവുമല്ല, ജീവിതത്തിന്റെ ആ ഘട്ടത്തില്‍ അവര്‍ ഗുരുതരമായ ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുകയായിരുന്നുതാനും. ഇതെല്ലാം കേട്ടപ്പോള്‍ എനിക്കും സഹതാപം തോന്നി. എങ്കിലും അതൊന്നും പ്രകടിപ്പിക്കാതെ, എന്റെ പരിമിതമായ ലക്ഷ്യം ഹോട്ടല്‍, സ്ഥിരം വ്യഭിചാര കേന്ദ്രമാകുന്ന ബിസിനസ്സ് അവസാനിപ്പിക്കണം എന്നതു മാത്രമാണെന്നു പറഞ്ഞു. സാന്ദര്‍ഭികമായി ഒരു സത്യം പറയട്ടെ, ഇത്തരം ചില നിയമനടപടികള്‍ സ്വീകരിച്ചപ്പോഴാണ് ഈ 'പ്രസ്ഥാനം' എത്ര വലുതാണെന്നും അതിന്റെ അദൃശ്യകണ്ണികള്‍ എത്ര ഉയരങ്ങളിലാണ് ചെന്നുമുട്ടുന്നതെന്നും വ്യക്തമാകുന്നത്. കര്‍ട്ടനു പിറകിലുള്ള ശക്തികളാണ് ഈ കഥയിലെ യഥാര്‍ത്ഥ വില്ലന്‍മാര്‍. പക്ഷേ, നിയമത്തിന്റെ ചിലന്തിവലയില്‍ കുടുങ്ങുന്നത് മിക്കവാറും ചൂഷണത്തിനിരയാകുന്ന സ്ത്രീകള്‍ മാത്രവും. ഏതാനും അപഥസഞ്ചാരിണികളുടെ അഴിഞ്ഞാട്ടമാണിതെന്നും കൈക്കരുത്തുള്ള എസ്.ഐമാര്‍ക്ക് അടിച്ചൊതുക്കാവുന്ന പ്രശ്‌നമാണ് ഇതെന്നും ഉള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട് - പൊലീസിന്റെ, പൊതുസമൂഹത്തിന്റെ. 

ഇങ്ങനെയുള്ള സ്ത്രീകള്‍ എത്ര വലിയ അക്രമത്തിനിരയായാലും അതൊന്നും പൊതുസമൂഹത്തില്‍ വലിയ വിഷയമാകാറില്ല. മാന്യന്മാര്‍ക്കു ചേര്‍ന്ന വിഷയമല്ലല്ലോ അത്. എന്തിനേറെ, ഇവര്‍ കൊലചെയ്യപ്പെട്ടാല്‍പ്പോലും, അത്തരം കേസുകള്‍ സാമൂഹ്യപ്രശ്നമായി മാറുന്നില്ല. അതുകൊണ്ടുതന്നെ കേസന്വേഷണം 'സര്‍ക്കാര്‍ കാര്യം മുറപോലെ' എന്ന മട്ടില്‍ ഇഴഞ്ഞുനീങ്ങുകയേ ഉള്ളു. എവിടെയെങ്കിലും ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്‍ ആര്‍ക്കും വേണ്ടാത്ത ഇത്തരം കേസില്‍ തന്റെ തൊഴില്‍പരമായ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ചാലും കേസന്വേഷണത്തില്‍ പല പ്രതിബന്ധങ്ങളേയും നേരിടേണ്ടിവരും. തൃശൂരില്‍ എസ്.പി. ആയിരിക്കുമ്പോള്‍ അത്തരം ഒരു സംഭവമുണ്ടായി. ചാവക്കാടിനടുത്തുള്ള ബീച്ചില്‍ ഭാഗികമായി കുഴിച്ചിട്ട നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുക്കപ്പെട്ടു. അന്നവിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന ശശികുമാര്‍ എന്ന ഉദ്യോഗസ്ഥന്‍ ഈ കേസിനെക്കുറിച്ച് ആത്മാര്‍ത്ഥമായ അന്വേഷണം നടത്തി. അന്വേഷണത്തില്‍ ഈ സ്ത്രീ 'ലൈംഗികത്തൊഴിലില്‍' ഏര്‍പ്പെട്ടിരുന്ന വ്യക്തിയായിരുന്നെന്നു മനസ്സിലായി. കേസന്വേഷണത്തിനു കാര്യമായ സാമൂഹ്യ സമ്മര്‍ദ്ദമൊന്നുമില്ലായിരുന്നുവെങ്കിലും ശശികുമാര്‍ തികഞ്ഞ പ്രതിബദ്ധതയോടെ മുന്നോട്ട് പോയി. അവസാനം കുറ്റവാളികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് അന്വഷണ ഉദ്യോഗസ്ഥന്റെ കഠിനശ്രമംകൊണ്ടു മാത്രമാണ്. അപ്പോഴും ഒരു കാര്യത്തില്‍ പൊലീസ് വിഷമിച്ചു- മരണപ്പെട്ട സ്ത്രീയുടെ യഥാര്‍ത്ഥ വിവരങ്ങള്‍  കണ്ടെത്തുന്നതിനു വലിയ പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചില സൂചനകളുടെ വെളിച്ചത്തില്‍ അയല്‍ജില്ലയിലേയ്ക്കും കാര്യമായ അന്വേഷണം നീണ്ടുവെങ്കിലും അതും ഫലം കണ്ടില്ല. ഒരുപക്ഷേ, തിരിച്ചറിയാതിരിക്കുന്നതിലായിരിക്കാം ബന്ധപ്പെട്ടവരുടെ താല്പര്യം. പ്രസക്തമായ മറ്റൊരനുഭവം തലസ്ഥാന നഗരത്തില്‍ ഡി.സി.പിയായി ജോലി ചെയ്യുമ്പോഴുണ്ടായതാണ്. പഴയ തെളിയിക്കപ്പെടാത്ത കൊലപാതക കേസുകളും സംശയാസ്പദ മരണകേസുകളും അവലോകനം ചെയ്യുന്നതിനായി ഫയലുകള്‍ വരുത്തി പരിശോധിച്ചു. ഒരു കേസ് പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. ഏതാണ്ട് 10 വര്‍ഷം മുന്‍പുണ്ടായ മരണമാണ്. മരിച്ചത് സ്ത്രീയാണ്. 35-40 വയസ്സുണ്ടാകും. ഒരജ്ഞാത സ്ത്രീയുടെ മൃതദേഹം കടല്‍ത്തീരത്തോടടുത്ത പ്രദേശത്ത് കാണപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. ഫയല്‍ പരിശോധിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. അതൊരു കൊലപാതകമാണെന്നു മനസ്സിലാക്കാന്‍ വലിയ കുറ്റാന്വേഷണ വൈദഗ്ദ്ധ്യമൊന്നും വേണ്ടായിരുന്നു. പക്ഷേ, വര്‍ഷം പത്ത് കഴിഞ്ഞിട്ടും സംശയാസ്പദം എന്നതില്‍നിന്നു കൊലപാതകത്തിലേയ്ക്ക് പുരോഗമിച്ചില്ല. എന്നുമാത്രമല്ല, ദീര്‍ഘമായ ഈ കാലയളവില്‍ അന്വേഷണം നിശ്ചലമായിരുന്നു. അജ്ഞാതയായ ആ സ്ത്രീ ആരെന്നു കണ്ടെത്തുവാനോ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ എടുക്കാനോ ഒന്നും ഒരു ശ്രമവും നടന്നിട്ടില്ല. അവിശ്വസനീയമായിരുന്നു അന്വേഷണത്തിലെ നിഷ്‌ക്രിയത്വം. അതും നിസ്സാര സംഭവങ്ങള്‍പോലും വിവാദമാക്കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള നമ്മുടെ നാട്ടില്‍. ഞാനുടനെ ബന്ധപ്പെട്ട അസിസ്റ്റന്റ് കമ്മിഷണറെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. കേസന്വേഷണത്തില്‍ കണ്ട ഗുരുതരമായ അനാസ്ഥ, കൃത്യവിലോപം തുടങ്ങിയവയെക്കുറിച്ച് ഞാന്‍ ചോദിച്ചു, അല്പം ധാര്‍മ്മികരോഷത്തോടെ. എല്ലാം കേട്ടുകഴിഞ്ഞ് പരിചയസമ്പന്നനായ ആ ഉദ്യോഗസ്ഥന്റെ മറുപടി: ''ആ, അതൊരു പ്രോസ്റ്റിറ്റിയൂട്ടായിരുന്നു സാര്‍.'' കൂടുതല്‍ ഒന്നും പറയേണ്ടുന്നതിന്റെ ആവശ്യമില്ല എന്ന ഭാവത്തില്‍ അദ്ദേഹം നിര്‍ത്തി. ''അതേയതെ, മരിച്ചത് ശീലാവതിയാണെങ്കില്‍ പീനല്‍കോഡ് വേറെ ആണല്ലോ. ഇരയുടെ സദാചാരം നോക്കിവേണോ കേസന്വേഷണം.'' ഇങ്ങനെ ചില വാചകങ്ങള്‍ നാവിന്‍തുമ്പില്‍ വന്നെങ്കിലും പറഞ്ഞില്ല. അനാഥത്വം മനുഷ്യനു മാത്രമല്ല, കൊലപാതകക്കേസുകളും ചിലപ്പോള്‍ അനാഥമാണ്. ചില കൊലപാതകങ്ങള്‍ വലിയ ഉത്സവമാണ് -  രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ആക്ഷന്‍ കൗണ്‍സിലുകാര്‍ക്കും എല്ലാം. എന്നാലിതുപോലുള്ള കേസുകളാകട്ടെ, തീര്‍ത്തും അനാഥവും. മരിച്ചാലും നീതികിട്ടാത്ത മനുഷ്യര്‍.?

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com