മീശ; വടക്കന്‍ കുട്ടനാടിന്റെ ഭാവനയും ചരിത്രവും

വടക്കന്‍ കുട്ടനാടിന്റെ കഥകള്‍ പറയുന്നതിനൊപ്പം ജലജീവികളുടേയും പക്ഷികളുടേയും ഇഴജന്തുക്കളുടേയും പറവകളുടേയും സസ്യജാലങ്ങളുടേയും  ആടിത്തിമിര്‍ക്കല്‍ എസ്. ഹരീഷിന്റെ നോവല്‍ മീശ അനുഭവിപ്പിക്കുന്നു
മീശ; വടക്കന്‍ കുട്ടനാടിന്റെ ഭാവനയും ചരിത്രവും

''എണ്ണമറ്റ പാടങ്ങള്‍... എങ്ങു നോക്കിയാലും പാടങ്ങള്‍... വിതച്ചതും വിതയ്ക്കാത്തതുമായി പരന്നു പരന്നു കിടന്നു... എത്ര നടന്നാലും ലോകത്തിന്റെ അറ്റത്തെത്താത്തപോലെ ഈ പാടങ്ങള്‍ക്കും അറ്റമില്ല.''

ഈ പാടങ്ങള്‍ക്ക് ശുദ്ധമായ ഒരു കഥയുണ്ട്. ആ കഥയാണ് എസ്. ഹരീഷിന്റെ ആദ്യ നോവലായ 'മീശ.' ശുദ്ധം എന്നു പറഞ്ഞാല്‍ നാടന്‍പാട്ടുകള്‍ പോലെ നാടോടിക്കഥകള്‍ പോലെ ശുദ്ധം. വടക്കന്‍ കുട്ടനാടാണ് 'മീശ' നോവലിന്റെ പ്രധാന പശ്ചാത്തല ഭൂമിക. അതായത് വൈക്കം, അയ്മനം, ആര്‍പ്പൂക്കര, കൈപ്പൂഴ, നീണ്ടൂര്‍, കുമരകം, തിരുവാര്‍പ്പ്, ഒളശ്ശ, പരിപ്പ്, കുറിച്ചി എന്നീ പ്രദേശങ്ങളും അവയുടെ ഉള്‍പ്രദേശങ്ങളുമാണ് നോവലിലെ ദേശം. ചങ്ങനാശ്ശേരിക്കപ്പുറമുള്ള കുട്ടനാടും കിഴക്കന്‍പ്രദേശങ്ങളും സാന്ദര്‍ഭികമായി നോവലില്‍ പരാമര്‍ശിക്കപ്പെടുന്നുമുണ്ട്. നസ്രാണികളും ഈഴവരും നായന്മാരും വാലന്മാരും പുലയരും പറയരും രണ്ടു ബ്രാഹ്മണ ഇല്ലക്കാരുമാണ് അവിടെ വസിക്കുന്നത്.  ശ്രീനാരായണഗുരു, ഹെന്റി സായിപ്പ്, ബേക്കര്‍ സായിപ്പ്, സ്വാതിതിരുന്നാള്‍, ഉത്രം തിരുന്നാള്‍ എന്നിവരെക്കുറിച്ചും  'പാട്ടബാക്കി' നാടകം (1938),  കൊല്ലവര്‍ഷം 1099-ലെ മഹാമാരി എന്നിവയെക്കുറിച്ചും നോവലില്‍  പരാമര്‍ശമുള്ളതുകൊണ്ട്  നോവലിലെ  കാലം 19, 20 നൂറ്റാണ്ടുകളാണെന്നു പറയാം. നാടോടിക്കഥയുടേയോ നാടന്‍പാട്ടിന്റേയോ ആഖ്യാനരീതി സ്വീകരിച്ചിരിക്കുന്നതുകൊണ്ട് ക്രമബദ്ധമായ ഒരു കഥ പറച്ചില്‍ ഈ നോവലില്‍നിന്നു പ്രതീക്ഷിക്കരുത്. ആഖ്യാനശൈലിയില്‍ 'മീശ'യോട് സാമ്യപ്പെടുത്താവുന്ന ഒരു നോവല്‍ മലയാളത്തില്‍ ഇല്ല എന്നുതന്നെ പറയാം.

എഴുത്തുകാരന്‍ കഥ കേള്‍ക്കാന്‍ കൗതുകമുള്ള തന്റെ മകനോട് പറയുന്നതുപോലെയാണ് നോവലിന്റെ അവതരണം. ഈ അവതരണത്തില്‍ എഴുത്തുകാരന് അഭിരമിക്കാവുന്ന ആനന്ദം ഹരീഷിലെ എഴുത്തുകാരന്‍ ആവോളം നുകരുന്നുണ്ട്. മകനോട് പറയാന്‍ പറ്റാവുന്നവ, അല്ലാത്തവ എന്നൊന്നും ഇല്ലെന്നു പറഞ്ഞ് തന്റെ  സ്വാതന്ത്ര്യത്തിന്റെ ആകാശത്തെ വിപുലപ്പെടുത്തുന്നുമുണ്ട് നോവലിസ്റ്റ്. നോവല്‍ യുക്തിഭദ്രമായിരിക്കില്ല എന്ന് ആദ്യ അധ്യായങ്ങളില്‍ത്തന്നെ സൂചിപ്പിക്കുന്നു. പഞ്ചതന്ത്രം കഥപോലെ, കഥാസരിത് സാഗരം കഥപോലെ, രാമായണം കഥ പോലെയാണ് നോവല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തെ ആവിഷ്‌കരിക്കുമ്പോള്‍ സാധാരണ പരാമര്‍ശിക്കപ്പെടുന്ന സ്വതന്ത്ര്യസമരമോ കമ്യൂണിസ്റ്റ് ആശയങ്ങളുടെ കടന്നുവരവോ ഒന്നും ഈ നോവലില്‍ ഇല്ല. എന്നാല്‍ ഇവിടെ ഉണ്ടായിരുന്ന ജാതീയതയുടെ നഗ്‌നയാഥാര്‍ത്ഥ്യങ്ങള്‍ നോവലില്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നു.

മീശ എന്ന പേരില്‍ത്തന്നെ പിന്നീട് അറിയപ്പെടുന്ന വാവച്ചനാണ് നോവലിലെ കേന്ദ്രകഥാപാത്രം. വടക്കന്‍ കുട്ടനാട് ഭാഗത്തെ ചോഴിയപ്പാറപ്പാടത്തിന്റെ കെട്ടുവരമ്പില്‍ താമസിക്കുന്ന പവിയാന്റേയും ചെല്ലയുടേയും ആറു മക്കളില്‍ മൂന്നാമന്‍. പാടത്തും വരമ്പത്തും ആറ്റിലുമാണ് അവന്റെ ജീവിതം പിച്ചവെയ്ക്കുന്നത്. ശ്രീരാമന്റെ ജാതകം ആണെന്ന് പറയുന്നുണ്ടെങ്കിലും രാവണനെപ്പോലെ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമാണ് മീശവാവച്ചന്‍. ആ പ്രദേശത്ത് 'കുടിയാന്‍' എന്ന നാടകം അവതരിപ്പിക്കാനെത്തുന്ന എഴുത്തച്ഛനും സുഹൃത്ത് ദാമോദരനും  നാടകത്തിലെ മീശയുള്ള പൊലീസുകാരന്റെ വേഷം അഭിനയിക്കാന്‍ പറ്റിയ ഒരാളെ അന്വേഷിച്ചു നടക്കവേ കരിപോലെ കറുത്ത വാവച്ചനെ കാണുന്നു. അവന്‍ വെള്ളത്തിലിറങ്ങിയാല്‍ കറുപ്പ് കലര്‍ന്ന വെള്ളം ഇരുണ്ടുപോകും. ഉയര്‍ന്നു ചാടി ആകാശത്ത് തൊട്ടാല്‍ കറുത്തമഴ പെയ്യും. അതുപോലെ കറുപ്പ്... പക്ഷേ, ഒരു പുലയനും കാണാത്ത രീതിയില്‍ അവന്റെ മുഖത്ത് രോമം മുറ്റിത്തഴച്ചു വളര്‍ന്നിരുന്നു. വാവച്ചനെ കണ്ടമാത്രയില്‍ത്തന്നെ എഴുത്തച്ഛന്‍ തന്റെ നാടകത്തിലെ മീശയുള്ള പൊലീസിന്റെ ഭാഗം ഇവനുതന്നെയെന്ന് ഉറപ്പിച്ചു. മീശപ്പൊലീസായി വാവച്ചന്‍ അരങ്ങിലെത്തിയപ്പോള്‍ നാടകത്തിലെഴുതിയിട്ടില്ലെങ്കിലും കാര്യസ്ഥന്റെ ഭാഗം അഭിനയിച്ച ആള്‍ അവനെക്കണ്ട് ഓച്ഛാനിച്ചു നിന്നുപോയി. രക്ഷസ്സ്, മാക്കാന്‍ എന്നൊക്കെ രൂപമില്ലാതെ മനസ്സില്‍ കൊണ്ടുനടന്ന ഭീതികള്‍ ആകാരമെടുത്തതായി നാടകം കണ്ടവര്‍ക്കു തോന്നി. മറ്റു കഥാപാത്രങ്ങളുടെ സംഭാഷണം മുന്നിലിരിക്കുന്നവര്‍ മാത്രമാണ് കേട്ടതെങ്കില്‍ മീശപ്പൊലീസ് മൂളിയതും അമറിയതും ഗര്‍ജ്ജനം പോലെ ഏറ്റവും പിന്നില്‍ ഇരുന്നവര്‍ വരെ വ്യക്തമായി കേട്ടു. നാടകത്തിലെ ഒരു കഥാപാത്രത്തെ നോക്കിയുള്ള മീശപ്പൊലീസിന്റെ അലര്‍ച്ച അവിടെ കൂടിയിരുന്നവരെ മുഴുവനും ഭയപ്പെടുത്തി. നാടകക്കളി അവസാനിച്ച്  വീട്ടില്‍ തിരിച്ചെത്തിയ വാവച്ചന്റെ ശബ്ദവും രൂപവും കണ്ട് ചെല്ലയും ഭയപ്പെട്ടുപോയി.  പിന്നീട് ഒരിക്കലും അവന് പഴയ വാവച്ചനാകാന്‍ സാധിക്കുന്നില്ല. നാടകത്തിലെ പൊലീസുകാരന്‍, വാവച്ചന്റെ ജീവിതത്തില്‍നിന്നും ഇറങ്ങിപ്പോയെങ്കിലും ആ കഥാപാത്രത്തിന്റെ ആത്മാവായ മീശ വാവച്ചനോടൊപ്പം കൂടി. മീശ വളരുന്നതിനോടൊപ്പം വാവച്ചന്റെ ജീവിതത്തിലെ കഥകളും കെട്ടുകഥകളും പെരുകിപ്പെരുകി വന്നു. അപ്പന്‍ പവിയാനോടൊപ്പം കുട്ടിയായിരിക്കുമ്പോള്‍ നടത്തിയ ഒരു യാത്രയില്‍  മലയായിലേയ്ക്ക് എന്നു പറഞ്ഞ് സന്തോഷിച്ചു പോകുന്ന രണ്ടുപേരെ കണ്ടതിനുശേഷം മലയാരാജ്യം വാവച്ചന്റെ ഒരു സ്വപ്നദേശമായിത്തീരുന്നു.

മീശവാവച്ചന്റെ രൂപഭാവങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. മീശയ്ക്കെതിരെ പ്രവൃത്ത്യാര്‍ ശങ്കുണ്ണിമേനോന്‍ ഏറ്റുമാനൂര്‍ തഹസീല്‍ദാര്‍ക്ക് പരാതി കൊടുക്കുന്നതിനുവരെ അതു കാരണമായി. ഒരു പുലയച്ചെറുക്കന്‍ ഇങ്ങനെ വിളയുന്നത് ശങ്കുണ്ണിമേനോന് ഒട്ടും പിടിച്ചില്ല. വാവച്ചനെക്കണ്ട് സ്ത്രീകള്‍ ബോധരഹിതരാകുന്നു, ആര്‍പ്പൂക്കരക്ഷേത്രത്തിലെ തിരുമേനി ഭയപ്പെട്ട് ബോധരഹിതനായതിനാല്‍ ക്ഷേത്രം തുറക്കാനായില്ല, പുഞ്ചനിലങ്ങളിലും ആളില്ലാത്ത സ്ഥലങ്ങളിലും ഒളിച്ചിരിക്കുന്നു, ഒടിവിദ്യ വശമുണ്ട് തുടങ്ങി നിരവധി പരാതികള്‍ ശങ്കുണ്ണിമേനോന്‍ വാവച്ചനെതിരെ എഴുതിക്കൊടുത്തു. എന്നാല്‍, പരാതിയില്‍ പറയുംപോലെ ഭയപ്പാടല്ല, ആരാധനയായിരുന്നു അന്നാട്ടിലെ സ്ത്രീജനങ്ങള്‍ക്ക് മീശയോടുണ്ടായിരുന്നത്.  സ്ഥലത്തെ പ്രമാണിയായ കേശവപിള്ളയുടെ രഹസ്യക്കാരി വാണിയത്തിയുടെ കുടിലില്‍ അയാള്‍ മീശയെ കണ്ടു എന്നു മാത്രമല്ല, തന്റെ ഭാര്യയുടെ മനസ്സില്‍പ്പോലും ആ കൊമ്പന്‍ മീശക്കാരനോടുള്ള ഇഷ്ടമാണുള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.

 മറ്റൊരു പ്രമാണിയായ പുളിങ്ങയില്‍ മത്തയുടെ കുടുംബത്തില്‍ കെട്ടിവന്ന അല്പം ബുദ്ധിക്കുറവുള്ള പെണ്ണും മീശയെ കാണാന്‍ ഇറങ്ങിപ്പുറപ്പെടുന്നുണ്ട്. ''മീശവെച്ചാല്‍ ആണുങ്ങളുടെ മുഖം സിംഹത്തെപ്പോലെയിരിക്കും''  എന്നാണ് നോവലിലെ ഒരു പ്രധാന കഥാപാത്രമായ കുട്ടത്തിയുടെ അഭിപ്രായം. അന്നാട്ടിലെ പണിക്കാരിപ്പെണ്ണുങ്ങളുടെ സംസാരത്തില്‍ നിറഞ്ഞുനിന്നത് മീശവാവച്ചന്റെ വിശേഷങ്ങളാണ്. വാവച്ചനെതിരെ അണിനിരക്കാന്‍ അവിടുത്തെ ആണുങ്ങളെ പ്രേരിപ്പിച്ചതിനു പിന്നിലെ പ്രധാന കാരണവും ഇതുതന്നെയാവണം.

എല്ലാവരും പേടിച്ച മീശയെ പേടിക്കാത്ത പെണ്ണായിരുന്നു സീത. ഉള്ളാടത്തി കവലക്കാത്തു എടത്വാ പള്ളിപ്പെരുന്നാളിനു പോയി വന്നപ്പോള്‍ കൂടെപ്പോന്ന പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള പെണ്ണ്. നോവലിന്റെ തുടക്കത്തില്‍ത്തന്നെ വാഴക്കുല വെട്ടാന്‍ വന്ന പവിയാനേയും വാവച്ചനേയും അവള്‍ തെറിപറഞ്ഞോടിക്കുന്നുണ്ട്.  ഒന്നിനേയും പേടിയില്ലാത്ത കുത്തുന്ന കാളയെ കണ്ടാലും മുതുകു തടവി നോക്കുന്ന പെണ്ണാണ് സീത. പാടത്ത് പണിക്കിറങ്ങാത്ത സുന്ദരിയായ അവളോട് പണിക്കാരിപ്പെണ്ണുങ്ങള്‍ക്കെല്ലാം അസൂയയായിരുന്നു. അവളുടെ വിയര്‍പ്പിന് പഴുത്ത ആത്തച്ചക്കയുടേയും കറുത്തിരണ്ട മുടിക്ക് പുഴുക്കനെല്ലിന്റേയും മണമായിരുന്നു.

മലയായിലേയ്ക്കുള്ള വഴിയും അന്വേഷിച്ചു നടന്ന മീശവാവച്ചന്‍ സീതയുടെ വീടിനു സമീപമെത്തി. വിശന്നുവലഞ്ഞ അവന്‍ കഞ്ഞിക്കലത്തില്‍ കണ്ട കഞ്ഞിയെടുത്തു കുടിച്ചു. ഓടിവന്ന സീത അവനെ അടിക്കുകയും മാന്തുകയും ചെയ്തു. അപ്പോഴാണവന്‍ അവളെ ബലമായി കീഴ്പ്പെടുത്തുന്നത്. അവശയായ അവളെ വാവച്ചന്‍ പോയതിനുശേഷം പലരും പ്രാപിക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. അപ്പോഴേയ്ക്കും അവള്‍ക്ക് വസൂരിദീനവും പിടിപെട്ടു. വാവച്ചനെ അവളുടെ ഗന്ധം അലോസരപ്പെടുത്താന്‍ തുടങ്ങി. എത്ര ഓര്‍ത്തിട്ടും അയാള്‍ക്ക് ആ മുഖം ഓര്‍ത്തെടുക്കാനായില്ല. മലയായേയും  സീതയേയും തേടിയുള്ള മീശവാവച്ചന്റെ അന്വേഷണം ഇവിടെത്തുടങ്ങുന്നു.  

സീതാന്വേഷണം

മീശവാവച്ചന്റെ സീതാന്വേഷണം നോവലിലെ ഒരു പ്രധാന സംഗതിയാണ്. ഒരിക്കല്‍ ആളുകളെ പേടിച്ച് പതിനെട്ടോരം പാടത്ത് ഒട്ടല്‍ച്ചെടിക്കൂട്ടത്തില്‍ വാവച്ചന്‍ ഒളിച്ചിരിക്കുന്നു. ഇവിടെ ഒരു തമാശ, ആളുകളെ പേടിച്ച് ഒളിച്ചിരിക്കുന്ന വാവച്ചനെ പേടിച്ച് അവനെ കീഴ്പ്പെടുത്താന്‍ നടക്കുകയാണ് ആളുകള്‍ എന്നതാണ്. ഈ ഭാഗത്ത് കരാമയും വെള്ളാമയും തമ്മിലുള്ള ഒരു സംഭാഷണം നോവലിസ്റ്റ് ചേര്‍ക്കുന്നുണ്ട്. കരാമ മനുഷ്യനെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക, ''അവര്‍ക്കെല്ലാം ഭ്രാന്താണ്. ഒരു സമാധാനവുമില്ല. നമ്മെപ്പോലെ എന്തെങ്കിലും കഴിച്ച് സന്തോഷത്തോടെ ഈ തോടും പാടവുമായി കഴിഞ്ഞാല്‍ പോരേ?''

''അവര് ഈ ലോകം ഉരുണ്ടിരിക്കുന്നെന്ന് പറയുന്നു. കരാമ ചിരിച്ചു മറിഞ്ഞു.'' സീതാന്വേഷണവുമായി ഈ സംഭാഷണത്തിനു ബന്ധമില്ലെങ്കിലും ലോകോത്തര ജീവിയെന്ന മേന്മ നടിക്കുന്ന മനുഷ്യനെ നന്നായി പരിഹസിക്കുകയാണ് ഇവിടെ നോവലിസ്റ്റ്.

ആ ഒട്ടല്‍ച്ചെടിക്കൂട്ടത്തില്‍നിന്ന് എഴുന്നേല്‍ക്കാതെ വാവച്ചന്‍ അവിടെത്തന്നെ ഇരുന്നു. ആ ചെടി പൂത്ത് തോടാകെ ചുവപ്പുനിറമായി. ആ നിറം വാവച്ചന്റെ സീതാന്വേഷണത്തിനു പ്രതീക്ഷ കൂട്ടുന്നു. അവിടെ കണ്ട ഒരു കടത്തുകാരനോട് വാവച്ചന്‍ സീതയെ അന്വേഷിക്കുന്നു. അടച്ചു കെട്ടിയ ഒരു വള്ളത്തിലിരുന്ന് ഒരു പെണ്ണ് കരയുന്നതു കണ്ടു എന്നും അവള്‍ രഹസ്യമായി ഒരു മുടിയിഴ പറിച്ചുതന്നെ അന്വേഷിച്ചു വരുന്നവനു കൊടുക്കണം എന്നു പറഞ്ഞ് തന്നിരുന്നുവെന്നും അയാള്‍ പറയുന്നു. സീതയുടെ ആ മുടിയിഴ അയാള്‍ വാവച്ചനു കൊടുത്തു.

''ആ എണ്ണമയമില്ലാത്ത മുടി ആ നെടുങ്കന്‍ മീശയിലേയ്ക്ക് എത്തിപ്പിടിച്ച് ചുറ്റിപ്പിണഞ്ഞു. സങ്കടം വന്നതുപോലെ ആ ഭയങ്കരന്റെ മീശയുടെ അഗ്രം വിറയ്ക്കുന്നത് ആ കട്ടകുത്തുകാരന്‍ നോക്കി നിന്നു.'' നോവലില്‍ വാവച്ചനും സീതയും തമ്മിലുള്ള മനോഹരമായ പ്രണയവര്‍ണ്ണനകളൊന്നും നോവലിസ്റ്റ് നടത്തുന്നില്ല, എങ്കിലും മുകളില്‍ പരാമര്‍ശിച്ച ഭാഗത്ത് അസാധാരണമായ ഒരു പ്രണയം ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട്. പ്രണയത്തില്‍ ഗന്ധത്തിനുള്ള, ഒരുപക്ഷേ, ഗന്ധത്തിനു മാത്രമുള്ള ബാന്ധവം ഇത്ര ഭംഗിയായി ചേര്‍ത്തുവെച്ചിരിക്കുന്ന ഒരു വാക്യം മലയാള സാഹിത്യം മുഴുവന്‍ പരതിയാലും കാണുവാനാകുമെന്നു തോന്നുന്നില്ല. കാരണം തന്റെ പ്രണയിനിയെ തിരിച്ചറിയുവാന്‍ മീശയ്ക്കുള്ള ഏകവഴി ആ മാദകഗന്ധം മാത്രമാണല്ലോ.

കവടപ്പറിക്കാനെത്തിയ പെണ്ണുങ്ങളില്‍നിന്നും വാവച്ചന്‍ സീതയെക്കുറിച്ച് കേള്‍ക്കുന്നു. അവിടെ ഒരു തോട്ടുവക്കില്‍ സീത എറിഞ്ഞിട്ടുപോയ തോര്‍ത്ത്  മുഖത്തോടടുപ്പിച്ച് അവളുടെ ഗന്ധം അവന്‍ തിരിച്ചറിഞ്ഞു.

''പൂവാലിപ്പരലേ, വാലേല്‍പൊട്ടിപ്പരലേ നീയൊരു പെണ്ണിനെ കണ്ടോ'' എന്ന് ഭ്രാന്തുപിടിച്ച സീതാന്വേഷണമാണ് പിന്നെ കാണുന്നത്.

മീശവാവച്ചന്റെ സീതാന്വേഷണം പലപ്പോഴും രാമായണത്തിലെ ശ്രീരാമന്റെ സീതാന്വേഷണത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. രാമായണം പല ദേശത്തും പല കഥയാകുന്നതു പോലെ ഇവിടെയും കഥകള്‍ പലതാണ്.

സീതാന്വേഷണത്തിനിടയില്‍ വാവച്ചന്‍ ഒരു തോട്ടില്‍ വെള്ളം കുടിക്കാനിറങ്ങുമ്പോഴാണ് തന്റെ മീശ അയാള്‍ കാണുന്നത്. പടര്‍ന്നുപന്തലിച്ച തന്റെ മീശ ഇനി വെട്ടിയൊതുക്കുകയോ താടിരോമങ്ങള്‍ വടിച്ചുകളയുകയോ ചെയ്യേണ്ട കാര്യമില്ല എന്നയാള്‍ വിചാരിച്ചു. കാരണം അത് തന്നത്താന്‍ ഒതുങ്ങാന്‍ തുടങ്ങി. ബുദ്ധിയും മര്യാദയും ദേഷ്യവും ഉള്ള മറ്റൊരു മനുഷ്യനായി തന്റെ മീശ മാറിയതായി വാവച്ചനു തോന്നി.

നോവലിലെ അസാധാരണ സൗന്ദര്യം നിറഞ്ഞ ഭാഗമാണ് കൈനടി ദേശത്തെ മീശയുടെ മരണവും മറ്റു ദേശങ്ങളിലെ മീശയുടെ തുടര്‍ച്ചയും. മീശയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞുപറഞ്ഞ് അത് വലുതാകുകയും പലതാകുകയും ചെയ്തു. അവനെക്കുറിച്ച് പല പാട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങി. പാട്ടുകളില്‍ കൈനടി ഭാഗത്തേക്കു പോയ മീശ അവിടെവെച്ചു മരിച്ചു. എന്നാല്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ എല്ലാം അവനുണ്ട്. അവര്‍ക്കെല്ലാം അവനെ പേടിയാണുതാനും. തന്നെക്കുറിച്ചുള്ള പാട്ടുകള്‍ മീശ കേള്‍ക്കുന്നുമുണ്ട്. ആ പാട്ടിലൊക്കെ അവന്‍ അന്വേഷിച്ചു നടക്കുന്ന സീത അവന്റെ കൂടെയാണ്. തന്നെക്കുറിച്ചു പാടുന്നതുപോലെയുള്ള പാട്ടുകള്‍ അവന്‍ മുമ്പേ തന്നെ പാടി കേട്ടിട്ടുണ്ട്. ചങ്കിനും നെറ്റിക്കും പുള്ളിയുള്ള, പക്ഷി പറക്കുന്ന വേഗതയുള്ള ഒരു കാളയെക്കുറിച്ചുള്ള പാട്ടായിരുന്നു അത്. അതാണ് ഇപ്പോള്‍ തന്നെക്കുറിച്ചുള്ള പാട്ടായി മാറിയിരിക്കുന്നതെന്ന് മീശ തിരിച്ചറിഞ്ഞു. ഈ പാട്ടുകള്‍ മീശയോടൊപ്പം കേട്ട ഔസേപ്പ് എന്ന ചെറിയ സായിപ്പ് അവനോട് ചോദിക്കുന്നത് ഇങ്ങനെ:

''കേട്ടിട്ട് നിന്നെപ്പോലെയുണ്ട്. എന്നാല്‍ നീയല്ല താനും. നീയുണ്ടാകുന്നതിനു മുന്‍പുള്ള പാട്ടിലൊക്കെ നീയെങ്ങനെ വന്നു? അതോ പണ്ടുമുതലേ നിന്നെപ്പോലെയുള്ളവരുണ്ടോ?''

 എല്ലാ പാട്ടുകളിലും മീശയോടൊപ്പം സീതയുണ്ട്. പക്ഷേ, സീത അവനെ കാത്തിരിക്കുകയും അവനെത്തേടി അലയുകയുമാണ്. അവനാകട്ടെ, പെണ്ണുങ്ങളുടെ വശീകരണത്തിനു വഴങ്ങാതെ കല്ലിനു കാറ്റുപിടിച്ച തരക്കാരനും. വേറെ ചില പാട്ടുകളില്‍ അവര്‍ ഒന്നിച്ചശേഷം മീശ സീതയെ വിട്ടുപോകുകയാണ്. അമ്മ പറഞ്ഞതു പ്രകാരം പിന്നെ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞേ തിരിച്ചു വരാവൂ. വേറെ ചില പാട്ടുകളില്‍ സീത വാശിപിടിച്ച് മീശയോടൊപ്പം പോകുന്നു. പുള്ളുകളായും പരുന്തുകളായും വേഷം മാറി അവളെ തട്ടിക്കൊണ്ടു പോകാന്‍ കാത്തിരിക്കുന്നവരുമുണ്ട്. സീതയെ കാണാതായതിനുശേഷം അവന്‍ അന്വേഷിച്ചു നടക്കുന്ന പാട്ടുകളും ഉണ്ട്. കഥ മെനയാനും പറയാനും പ്രചരിപ്പിക്കാനുമുള്ള മനുഷ്യരുടെ സ്വഭാവം ഈ പലവിധ കഥകളില്‍ കുടിയേറിയിട്ടുണ്ട്. കഥകളില്‍ മീശയോടൊപ്പം ഒരു പാച്ചുപിള്ളയുണ്ട്. പക്ഷേ, അതാരാണെന്ന് മീശയ്ക്ക് അറിയില്ല താനും. എഴുത്തുകാരന്‍ കൂട്ടിച്ചേര്‍ത്തതാവാനും വഴിയുണ്ട്. കാരണം, അയാളുടെ മുത്തച്ഛനാണ് പാച്ചുപിള്ളയെന്ന് ഒരു പരാമര്‍ശം നോവലിന്റെ അവസാനം ഉണ്ട്.

പിന്നെയും കഥ വഴിമാറുന്നു. യഥാര്‍ത്ഥ മീശക്കാരന്റെ വ്യാജപ്പതിപ്പായി മറ്റൊരു മീശ കടന്നു വരുന്നു. അയാളോടും സീതയെക്കുറിച്ചും മലയായെക്കുറിച്ചും മീശ അന്വേഷിക്കുന്നു. മലയായെക്കുറിച്ച് അറിയില്ല എങ്കിലും സീത എവിടെയുണ്ടെന്ന് അയാള്‍ക്കറിയാം. അവളെ തട്ടിക്കൊണ്ടു പോയവനെ തടഞ്ഞപ്പോള്‍ രണ്ടു കൈകളും വെട്ടിമുറിക്കാന്‍ ശ്രമിച്ചതിന്റെ പഴുത്തുണങ്ങിയ മുറിവുകള്‍ അയാള്‍ മീശയെ കാണിച്ചുകൊടുത്തു. അവസാനം, ചിലപ്പോള്‍ പാമ്പായും ചിലപ്പോള്‍ മനുഷ്യനായും മാറുന്ന കട്ടപ്പുളവന്റെ അടുക്കല്‍ മീശ സീതയെ കണ്ടെത്തി. മൂന്നാമത്തെ തവണയാണ് അവന്‍ അവളെ കാണുന്നത്. എത്ര പറഞ്ഞിട്ടും മീശയോടൊപ്പം വരാന്‍ അവള്‍ കൂട്ടാക്കിയില്ല. ''സ്വന്തം കരയില്‍ മാത്രം അപാരശക്തിയുള്ള ഭഗവതിയായി അവളവിടെ തുള്ളിയുറഞ്ഞ് നിന്നു.'' മീശ അവളെ ബലമായി പിടിച്ചുകൊണ്ടു പോന്നു.

''എന്നിട്ട് മീശ രാജാവും സീത റാണിയുമായി നൂറുവര്‍ഷം ജീവിച്ചു, അല്ലേ?'' സ്ഥിരം കേള്‍ക്കുന്ന കഥകളുടെ അവസാനം ഇങ്ങനെ ശുഭപര്യവസായി ആകുമെന്ന ഓര്‍മ്മയില്‍ കഥ കേള്‍ക്കുന്ന മകന്‍ എഴുത്തുകാരനോട് ചോദിക്കുന്നതാണിത്. ജീവിതം മുഴുക്കെ നല്ലതാണെന്നും വലിയൊരു ലക്ഷ്യത്തിലേക്ക് കുതിക്കുന്നതാണെന്നും കുട്ടികളെ ധരിപ്പിക്കുവാന്‍ വേണ്ടി നന്മ വിജയിക്കുന്ന കഥകള്‍ നാം അവരോട് പറയുന്നതെന്തിനാണ് എന്നൊരു ചിന്ത എഴുത്തുകാരനില്‍ ഉണരുന്നു. എളിയവരുടെ ജീവിതം മുഴുവനും ഇരുളാണെന്ന പാഠത്തിനു പകരം ബുദ്ധിയില്ലാത്ത മണ്ടന്മാരാണെന്നു പറഞ്ഞ് ചിരിക്കാനുള്ള വകയാണ് നാം മണ്ണാങ്കട്ടയുടേയും കരിയിലയുടേയും കഥയിലൂടെ കുട്ടികള്‍ക്ക് പകരുന്നത്. ''നന്മ വിജയിക്കുന്ന കഥകള്‍, സോദ്ദേശ്യ കഥകള്‍ എന്നിവയെപ്പോലെ അസംബന്ധം ലോകത്തുണ്ടോ'' എന്നും എഴുത്തുകാരന്റെ അസ്വസ്ഥത വായനക്കാരിലേയ്ക്ക് പകരുന്നുണ്ട് ഇവിടെ. രാജാവും റാണിയും ഒന്നിച്ചു സസുഖം വാഴുന്ന ശുഭപര്യവസായിയായ അവസാനം അല്ല മീശയ്ക്കും സീതയ്ക്കും ഉള്ളത്. വീണ്ടും വേറെ കഥ കടന്നു വരുന്നു. ചേര്‍ത്തല ഗ്രാമത്തിലെ ആണുങ്ങളൊക്കെയും മീശ വച്ചിരിക്കുന്നു. അവരുടെ മീശ വെട്ടിക്കാന്‍ സര്‍ക്കാരും കഞ്ഞികുടിക്കാന്‍ വകയുള്ളവരുമായ പ്രമാണിമാരും ശ്രമിക്കുന്നു. മീശക്കാരെ നേരിടാന്‍ പട്ടാളം തോക്കുമായി ഇറങ്ങിയിരിക്കുകയാണ്. മീശവാവച്ചനെ തങ്ങളുടെ നേതാവാക്കുക എന്ന ഉദ്ദേശ്യത്തോടെ ചേര്‍ത്തലയില്‍നിന്നും ഒരാള്‍ എത്തി. ചേര്‍ത്തലക്കാര്‍ മീശവാവച്ചന്‍ വരുന്നതിനെക്കുറിച്ച് പാട്ടുകളുണ്ടാക്കി പട്ടാളത്തെ തോല്‍പ്പിക്കാന്‍ കസര്‍ത്തെടുക്കുകയാണെന്നും ഒക്കെ മീശയോടു പറഞ്ഞിട്ടും അയാളോടൊപ്പം പോകാന്‍ മീശ തയ്യാറാകുന്നില്ല.

പട്ടാളക്കാര്‍ ചേര്‍ത്തലയിലെ മീശക്കാരെയെല്ലാം തറപറ്റിച്ച ശേഷം ഈ വലിയ മീശക്കാരനേയും അന്വേഷിച്ചു വന്നു. മീശ സീതയേയുംകൊണ്ട് അവിടുന്ന് മുങ്ങി. പിന്നീട് കാടു വെട്ടിത്തെളിച്ച് കൃഷിയിടമുണ്ടാക്കാന്‍ മലകയറിയവരുടെ കൂടെയും കോട്ടയം - കുമളി റോഡ് പുതുക്കിപ്പണിയാന്‍ മലതുരക്കാന്‍ വന്ന ബുള്‍ഡോസര്‍ ഓപ്പറേറ്ററുടെ കൂടെയും ഒരു മീശക്കാരനുണ്ടായിരുന്നുവെന്ന് കഥകളുണ്ട്. അവിടെ വെച്ച് വസൂരി രോഗം വീണ്ടും വന്ന് സീത മരിക്കുന്നു. മരിക്കുംവരെയും മീശയെ ഇഷ്ടപ്പെടാന്‍ സീതയ്ക്കായില്ല. മരിക്കുന്നതിനു തൊട്ടു മുന്‍പും അവള്‍ മീശയുടെ മുഖത്തു തുപ്പുന്നുണ്ട്. എത്ര ബലം പിടിച്ചാലും കിട്ടുന്നതല്ല ഒരു പെണ്ണിന്റെ മനസ്സ്. അതിന് അവള്‍ക്കു തോന്നണം. സീതയെ ആ മലമ്പ്രദേശത്ത് എവിടെയോ അടക്കിയതിനു ശേഷം മീശ വീണ്ടും നീണ്ടൂര്‍ ഭാഗത്ത് തിരിച്ചെത്തി.

നോവലിലെ ആദ്യഭാഗം തൊട്ട് അവസാനത്തോട് അടുക്കുന്ന ഭാഗം വരെ നീണ്ടുകിടക്കുന്ന സീതാന്വേഷണത്തിന്റെ  സംഗ്രഹരൂപമാണിത്. നാടോടിക്കഥയുടെ രൂപഘടനയില്‍നിന്ന് ഈ കഥാസംഗ്രഹം സൃഷ്ടിക്കുക ശ്രമകരമായിരുന്നു. പക്ഷേ, അതുതന്നെയായിരുന്നു ഈ നോവല്‍ വായനയുടെ സൗഖ്യവും.

വഴിതെറ്റിക്കുന്നവര്‍

''പാതിരയായാല്‍ ഭഗവതിമാര്‍ ദൂരെയുള്ള അമ്പലങ്ങളില്‍ പ്രതിഷ്ഠയായി ഉറച്ചുപോയ തങ്ങളുടെ കൂട്ടുകാരികളേയും ഭര്‍ത്താക്കന്മാരേയും അച്ഛനമ്മമാരെയുമൊക്കെ കാണാന്‍ ഇറങ്ങി നടക്കും. ദിവസവും രാത്രി ഈ പാടങ്ങളും കായലുകളുമൊക്കെ കടന്ന് അര്‍ത്തുങ്കല്‍ വരെ നടന്നുപോയി കടല്‍ത്തീരത്തുവെച്ച് വെളുത്തച്ചനെ കണ്ട് തിരികെപ്പോരുന്ന ഒരു ഭഗവതിയുണ്ട്...''

ഇങ്ങനെ എന്തെല്ലാം കഥകള്‍. ഗന്ധര്‍വനും ദേവിയും യക്ഷിയും പൂതവും ഗതികിട്ടാത്ത ആത്മാക്കളും നിറഞ്ഞാടിയിരുന്നു നമ്മുടെ നാട്ടില്‍. ചരിത്രരേഖകള്‍ അല്ലാത്ത ഈ കെട്ടുകഥകള്‍ക്കു പിന്നില്‍ പറഞ്ഞറിയിക്കാനാവാത്ത ചില നൊമ്പരങ്ങളുണ്ടാവും. പട്ടിണി കിടന്നു മരിച്ചവരുടേയും സ്നേഹപൂര്‍ത്തി കിട്ടാതെ മരിച്ചവരുടേയും കഥയാണത്. ഇവരുടെ കഥ കൂടിയാണ് ഈ നോവല്‍.

നോവലിലെ ആദ്യ അധ്യായത്തിന്റെ പേര് 'വഴിതെറ്റിക്കുന്നവര്‍' എന്നാണ്. പവിയാനും മകന്‍ വാവച്ചനും വള്ളത്തില്‍ നീണ്ടൂര്‍ - കൈപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. പവിയാനാണ് വള്ളം തുഴയുന്നത്. ആ യാത്രയില്‍ പവിയാനും മകന്‍ വാവച്ചനും ജീവിതത്തിലാദ്യമായി ദിക്ക് മറന്ന് തെറ്റായ സ്ഥലങ്ങളില്‍ അലയാന്‍ തുടങ്ങി. മനസ്സില്‍ സൂക്ഷിച്ച ഒരടയാളവും അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ''പെട്ടെന്ന് താന്‍ പുല്ലു ചെത്തിയ സ്ഥലത്തെക്കുറിച്ച് അയാള്‍ പേടിയോടെ ഓര്‍ത്തു. സമര്‍ത്ഥനായ ഒരു ചെമ്പല്ലിമീന്‍ ഒത്ത ചോവോനെ കൊന്ന സ്ഥലമാണത്.'' ചോവോത്തിയുടെ വാക്കിനെ മറികടന്ന് കള്ള് ചെത്താന്‍ പോയ ചോവോന്‍ പിന്നെ തിരിച്ചെത്തിയില്ല. ഗതികിട്ടാത്ത ആ ചോവോന്റെ ആത്മാവ് ആ സ്ഥലത്ത് എത്തുന്നവരുടെ ദിക്കും സമയവും തെറ്റിച്ചുവിടും.

'കഞ്ഞി ചോദിക്കുന്ന പ്രേതം' എന്ന അധ്യായത്തില്‍ മുറുക്കാന്‍ പൊതിയുമായി പെണ്‍കുട്ടികളെ പിടിക്കാന്‍ നടക്കുന്ന കാര്‍ന്നോരും കഞ്ഞി ചോദിക്കുന്ന പ്രേതവുമുണ്ട്. നിറവയറുമായി ഉറങ്ങുന്നവന് പ്രേതത്തെ കണ്ടാല്‍ പിന്നെ ഭക്ഷണത്തോട് വിരക്തിയാവും. ഒഴിഞ്ഞ വയറുമായി തളര്‍ന്നുറങ്ങുന്നവനാണ് ആ അനുഭവം ഉണ്ടാകുന്നതെങ്കില്‍ പിന്നെ ആ നാട്ടില്‍നിന്ന് കഞ്ഞി കുടിക്കാമെന്ന് കരുതേണ്ട. അവന് ആഹാരത്തിനായി ലോകം മുഴുവനും അലയേണ്ടിവരും. മൂന്നു പ്രാവശ്യം സദ്യ ഉണ്ടതിനു പിടിക്കപ്പെട്ട് അപമാനിതനായി വീടിനു പുറത്തിറങ്ങാതെ പട്ടിണി കിടന്നു മരിച്ചവന്റെ ആത്മാവും ഇവിടെ അലയുന്നുണ്ട്. എന്നാല്‍, വൈദ്യുതി വന്നതോടെ പ്രേതങ്ങള്‍ക്ക് അലഞ്ഞുതിരയാനുള്ള സ്വാതന്ത്ര്യം പോലും നഷ്ടമായെന്ന് നോവലിസ്റ്റ് ചിന്തിക്കുന്നു.

''മനുഷ്യന്‍ ചുമ്മാ കിടുകിടെ വിറയ്ക്കുന്നത് കാണുന്നതു മാത്രമാണ് ആത്മാക്കളുടെ സംതൃപ്തി.'' ഇത് പെരുമാടന്‍ എന്ന ആത്മാവിനെക്കുറിച്ചാണ്. ''ആരുമില്ലാത്ത വഴി, ആരുമില്ലാത്ത പാടം, ആരുമില്ലാത്ത പറമ്പ്, ആളനക്കമില്ലാത്ത കാട് - ഇവിടങ്ങളില്‍ ഉച്ചകഴിഞ്ഞ് പെരുമാടനെ കാണാം.'' സീതയെ അന്വേഷിച്ചു പോകുന്ന വാവച്ചനെ പെരുമാടന്‍ തടയുന്നുണ്ട്. തെങ്ങോളം പൊക്കമുള്ള പെരുമാടന്‍ ഉപദ്രവകാരിയല്ല. പക്ഷേ, അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞാല്‍ മാത്രമേ അയാള്‍ മുന്‍പോട്ടു വിടൂ.

ഇട്ടിച്ചന്‍, തറമ്മ എന്നു രണ്ടുപേരു കൂടിയുണ്ട് നോവലില്‍. ''തെക്ക് ഓണാട്ടുകര മുതല്‍ വടക്ക് കരപ്പുറം വരെ ആരെ മൂര്‍ഖന്‍ കൊത്തിയാലും പെട്ടെന്നു വള്ളത്തേക്കേറ്റിയാ മതി. വള്ളത്തിന്റെ തുഞ്ചം കരുമാത്രഭാഗത്തേയ്ക്ക് തിരിക്കുമ്പോഴേ പകുതി വിഷമിറങ്ങും... ഇട്ടിച്ചന്റെ കൈയില്‍ വെഷകണ്ഠ ചൂഡാമണിയുണ്ട്.'' ഈ ഇട്ടിച്ചന്റെ കഥയ്ക്ക് തന്റെ ജീവിതത്തിലെ പല സംഭവങ്ങളുമായും സാമ്യമുണ്ടെന്ന് മീശ തിരിച്ചറിഞ്ഞു. തന്നെപ്പോലെ തന്നെ കാലന്റെ പുസ്തകം എടുത്തുകൊണ്ടോടി ഇട്ടിച്ചനും വായിച്ചിട്ടുണ്ടത്രേ. തന്റെ ജീവിതം ജീവിച്ച ഇട്ടിച്ചനെ കാണാനുള്ള യാത്രയിലാണ് കൈനടി ഭാഗത്ത് മീശ മരിക്കുന്നത്. നാലോ അഞ്ചോ മാസം ഗര്‍ഭിണിയായ തറമ്മ എന്ന കന്യാസ്ത്രീ മരിച്ച കയവും അവിടെയുണ്ട്. കഥ കേള്‍ക്കാന്‍ കൗതുകത്തോടെയിരിക്കുന്ന എഴുത്തുകാരന്റെ മകനെപ്പോലെ വായനക്കാരും കൗതുകത്തോടെ ഇട്ടിച്ചന്റേയും തറമ്മയുടേയും പെരുമാടന്റേയും ചോവോന്റേയും മറ്റ് ആത്മാക്കളുടേയും കഥ കേട്ടിരിക്കും. ഈ കഥകൂടെ ചേരുമ്പോഴാണ് നമ്മുടെ ചരിത്രം നമ്മുടേതാകുന്നത്.

ഭൂതകാലത്തില്‍നിന്നും കുടിയേറിയവര്‍

ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം അനുഭവിച്ച സ്ത്രീ ആയിരുന്നു വാവച്ചന്റെ അമ്മ  ചെല്ല. താന്‍ അനുഭവിച്ചതാകെ ദുരിതങ്ങള്‍ ആണെന്ന് അവര്‍ അറിഞ്ഞിരുന്നുവോ ആവോ... വിവാഹപ്പിറ്റേന്നുതന്നെ അവളെ തനിച്ചാക്കി പഴയ ലോഹ്യക്കാരിയെത്തേടി പോയവനാണ് ചെല്ലയുടെ കെട്ടിയോന്‍ പവിയാന്‍. കുറേ നാളുകള്‍ക്കുശേഷം ഒന്നിനും കൊള്ളാത്തവനായി തിരിച്ചെത്തിയ അയാളെ പരിചരിച്ച് രണ്ടാളുടെ പണി ചെയ്യുന്നവനാക്കി മാറ്റുന്നുണ്ട് ചെല്ല. മച്ചിയാണെന്ന പരിഹാസം കുറേനാള്‍ കേട്ടുവെങ്കിലും പിന്നെ ചെല്ലയ്ക്ക് തുടര്‍ച്ചയായി ആറു മക്കള്‍ ഉണ്ടാവുന്നു. അതിലൊരു പെണ്ണ് ചത്തുപോവുകയും ചെയ്തു. പാമ്പുകടിയേറ്റാണ് ചെല്ല മരിക്കുന്നത്.  ചെല്ലയുടെ മരണദിവസം പ്രഭാതം മുതല്‍ മരണം മെല്ലെമെല്ലെ ഒരാളെ കവര്‍ന്നെടുക്കുന്നതിന്റെ ചിത്രീകരണമാണ്. ആ അന്തരീക്ഷം പോലും മരണം വിളിച്ചുപറയുന്നതായി നമുക്കു തോന്നും. ചെല്ലയെ കുഴിച്ചിട്ടതിനരികെ മറ്റൊരു കുഴിയില്‍ കിടക്കുമ്പോഴാണ് കാലന്റെ വരവ് വാവച്ചന്‍ കാണുന്ന കഥ നോവലിസ്റ്റ് മകന്‍ പൊന്നുവിനോട് പറയുന്നത്. കാലന്റെ പുസ്തകം എടുത്തുകൊണ്ടോടി ഭൂതവും വര്‍ത്തമാനവും ഭാവിയും വായിച്ചറിഞ്ഞ മീശയേയും പുസ്തകത്തിനുവേണ്ടി അവന്റെ പുറകേ പായുന്ന കാലനേയുംപ്പറ്റി കേട്ട് പൊന്നു ആര്‍ത്തുചിരിക്കുന്നതുപോലെ ഈ ഭാഗം നമ്മെയും ചിരിപ്പിക്കും. ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയേയും നാം ആടിക്കൊണ്ടിരിക്കുന്ന വിഡ്ഢിത്തരങ്ങളേയും കുറിച്ച്  കുറച്ച് ചിന്തിപ്പിക്കുകയും ചെയ്യും.

നോവലിലെ അസാമാന്യനായ ഒരു കഥാപാത്രമാണ് വാവച്ചന്റെ ചാച്ചന്‍ പവിയാന്‍. വിശപ്പുകണക്കിലെടുക്കാത്ത മനുഷ്യന്‍. കുറേ നാളത്തേയ്ക്ക് അയാളൊന്നും കഴിക്കുന്നത് ആരും കാണാറില്ല. എന്നാല്‍, എങ്ങാനും ഒത്തുകിട്ടിയാല്‍ ഒറ്റയിരുപ്പിന് രണ്ടുപേര്‍ക്കുള്ളത് ഒന്നിച്ചു കഴിക്കുകയും ചെയ്യും. നിന്നനില്‍പ്പില്‍ കാണാതാകുന്ന പ്രകൃതവും അയാള്‍ക്കുണ്ട്. തന്റെ കൈയില്‍ കടിച്ചുതൂങ്ങിയ പാമ്പിനെ ഒരു പുഴുവിനെ എടുത്തുകളയുന്നപോലെയാണ് വാവച്ചന്‍ വലിച്ചെറിയുന്നത്. ഒരിക്കല്‍ പവിയാന്‍ ലൂക്കാമാപ്പിളയുടെ അടുത്ത് കുറച്ച് നെല്ലും കപ്പയും ചോദിച്ച് എത്തി. പവിയാനെ കളിയാക്കാനായി അവിടെയിരിക്കുന്ന വാര്‍പ്പ് വേണമെങ്കില്‍ കൊണ്ടുപൊയ്ക്കോളാന്‍ മാപ്പിള പറഞ്ഞു. അത് രണ്ടുപേരു പിടിച്ചാല്‍പോലും അനക്കാനാവാത്തതാണ്. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോള്‍ വാര്‍പ്പും തലയില്‍വെച്ചു പോകുന്ന പവിയാനില്‍നിന്ന് അരച്ചാക്കു കപ്പയും ഇടങ്ങഴി നെല്ലും കൊടുത്ത് മാപ്പിളയ്ക്ക് വാര്‍പ്പ് തിരികെ വാങ്ങേണ്ടി വന്നു. വാവച്ചന്റെ മീശയുടെ പേരില്‍ പവിയാന് കുറച്ചൊന്നുമല്ല വിഷമിക്കേണ്ടി വന്നത്. വാവച്ചന്റെ മീശവെട്ടാനും അവനെ പിടിക്കാനും നടക്കുന്ന പവിയാനെ നോവലില്‍ കാണാം. മനുഷ്യരെക്കാളേറെ മനുഷ്യേതര കഥാപാത്രങ്ങളോടാണ് പവിയാന്റെ സംസര്‍ഗ്ഗം. ഈനാംപേച്ചിയും പവിയാനും തമ്മിലുള്ള സംഭാഷണം നോവലിന്റെ തുടക്കത്തില്‍ത്തന്നെയുണ്ട്. നെല്ലുചാക്കു തലയില്‍വെച്ചു പോകുന്ന പവിയാനോട്  സൂക്ഷിച്ചോണേ എന്നു വിളിച്ചുപറയുന്ന തവളയുണ്ട് നോവലില്‍. പവിയാന്റെ ചാച്ചന്റെ ചാച്ചന് സ്വന്തമായി ഒരു മുതലയുണ്ടായിരുന്നു. അദ്ദേഹം തോട്ടുവക്കത്തു നിന്ന് 'വാടാ കൊച്ചേ' എന്നു പറഞ്ഞാല്‍ മുതല കേറിവരും, 'പോടാ ചെറുക്കാ' എന്നു പറഞ്ഞാല്‍ അതു തിരിച്ചുപോകും. ഒരിക്കല്‍ തുടലിമുള്‍ക്കാട്ടില്‍ കുടുങ്ങിയ പത്തുമുട്ടകള്‍ വയറ്റിലുള്ള ഒരു മുതലയെ കാടുവെട്ടി പവിയാന്‍ രക്ഷപ്പെടുത്തി.  തുടര്‍ന്ന്  അതിന്റെ പുറത്തു കയറി പവിയാന്‍ വീടിനു സമീപമിറങ്ങുന്നു. തോക്കുമായി ബോട്ടില്‍ കറങ്ങിനടക്കുന്ന സായിപ്പിന്റെ ഉപദ്രവം മുതല പവിയാനോട് പറയുന്നു. ആ യാത്രയ്ക്കിടയില്‍ വാവച്ചനെ പിടിക്കാന്‍ പോകുന്ന ആളുകളെ മുതല പവിയാന് കാണിച്ചുകൊടുത്തു. പവിയാന്‍ അതിന്റെ പുറകേ പോയപ്പോള്‍  കുറച്ചുനേരം വിശ്രമിക്കാന്‍ തെങ്ങിന്‍ചോട്ടില്‍ കയറിക്കിടന്ന അതിനെ അവിടെക്കൂടിയ ദുഷ്ടമനുഷ്യര്‍  കോടാലിക്കു വെട്ടി ശരിപ്പെടുത്തിക്കളഞ്ഞു.

കൊടുതുരത്ത്  തോടിനു കുറുകെയുള്ള തടിപ്പാലത്തിനുമുണ്ട് പവിയാനോടൊരു ബന്ധം. പവിയാന്‍ നെല്ലുമായി അതിന്റെ ഒത്തനടുക്കെത്തിയപ്പോള്‍ തെങ്ങിന്‍തടി ഒടിയുന്നതുപോലൊന്നു ഞരങ്ങി. നെല്ലുപോകുമെന്നോര്‍ത്ത്  പവിയാന്‍ അയ്യോ എന്നു ഒച്ചവെച്ചു. ഒച്ച കേട്ടപ്പോള്‍ ഇത് പണ്ട് തന്റെ ജനനത്തിനു കാരണക്കാരനായ കങ്കാളിയുടെ മകന്‍  പവിയാനാണെന്ന് ഓര്‍ത്തെടുത്ത തെങ്ങ് നടുവുനിവര്‍ത്തി ശ്വാസം ആഞ്ഞുവലിച്ച് ഒടിയാതെ നില്‍ക്കുന്നു. അസാധാരണ ശക്തിവിശേഷം ഉണ്ടായിരുന്നിട്ടും ശരീരം നുറുങ്ങി പണിചെയ്തിട്ടും വയറുനിറയ്ക്കാനാവാതിരുന്ന അധ്വാനവര്‍ഗ്ഗത്തിന്റെ പ്രതീകമായിരുന്നു പവിയാന്‍.

നോവലില്‍ വളരെ മിഴിവോടെ അവതരിപ്പിക്കുന്ന മറ്റൊരു കഥാപാത്രമാണ് കുട്ടത്തി. എന്തിനും പോന്ന ഒരു പെണ്ണാണവള്‍. തന്റെ ശരീരം മോഹിച്ചെത്തുന്നവരെക്കൊണ്ടാണ് അവള്‍ ജീവിക്കുന്നത്. തനിക്കു കീഴിലുള്ള ഉദ്യോഗസ്ഥരെ വെറും ഭോഷരായിക്കാണുന്ന പേഷ്‌ക്കാരുടെ സര്‍വ്വ അഹങ്കാരത്തേയും കുട്ടത്തി ഒരു നിമിഷംകൊണ്ട് തകര്‍ത്തുകളയുന്നത് നോവലിലെ രസകരമായ ഒരു ഭാഗമാണ്. മീശയെക്കുറിച്ചും സീതയെക്കുറിച്ചും പാട്ടുകളുള്ളതുപോലെ കുട്ടത്തിയെക്കുറിച്ചും പാട്ടുകളുണ്ട്. വിയര്‍പ്പിനും മുടിക്കും സ്വതവേതന്നെ സുഗന്ധമുള്ള കുട്ടത്തിയുടെ വിഷമം ഒതുക്കാന്‍ കരിങ്കറുപ്പുള്ള മീശ വേണം എന്ന് പാട്ടുകളില്‍ ഉണ്ടെങ്കിലും പാട്ടുകള്‍ ഉണ്ടായി എത്രയോ കാലം കഴിഞ്ഞാണ് അവര്‍ കണ്ടുമുട്ടുന്നത്. ''യഥാര്‍ത്ഥമല്ലാത്ത വരമ്പിലെ  യഥാര്‍ത്ഥമല്ലാത്ത വീട്ടില്‍ അയഥാര്‍ത്ഥമായ വിളക്കു തെളിച്ച് കഥകളിലും പാട്ടുകളിലും മാത്രമായി കുട്ടത്തിയും മീശയും ഇരുന്നു.''  ഇത്തരം വാക്കുകളുടെ അര്‍ത്ഥവും അര്‍ത്ഥാന്തരന്യാസവും തേടിപ്പോകാതെ അതു നല്‍കുന്ന വിഭ്രാമകതയുടെ കായലില്‍ മുങ്ങിപ്പൊങ്ങുമ്പോഴാണ് ആസ്വാദനത്തിന്റെ തീവ്രസുഖം അനുഭവിക്കാനാവുക.

വള്ളങ്ങളില്‍ ചരക്കുകടത്തുന്നവര്‍ ചരക്ക് മുങ്ങിപ്പോയപ്പോഴും മുക്കിയെടുത്തപ്പോഴും രക്ഷപ്പെടാന്‍ പറഞ്ഞ കളവുകളാണ് മീശയെക്കുറിച്ചുള്ള കഥകളായി മാറുന്നത്. ഈ കഥകള്‍ കേട്ട് മീശയില്‍നിന്ന് നാട്ടുപ്രമാണിമാരുടെ സ്വത്തു സംരക്ഷിക്കാന്‍ എത്തുന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറാണ് താണുലിംഗ നാടാര്‍. രാജഭരണം നായര്‍ക്കു മാത്രം കനിഞ്ഞുനല്‍കിയിരുന്ന പൊലീസ് ഉദ്യോഗം ഒരു നാടാര്‍ക്കു ലഭ്യമായതിന്റെ പിന്നിലുള്ള കഥയുടെ പിന്നാമ്പുറമാണ് രേഖപ്പെടുത്താനിടയില്ലാത്ത യഥാര്‍ത്ഥ ചരിത്രം. ഗാംഭീര്യമില്ലാത്ത ശബ്ദത്തെ ശരീരഭാഷകൊണ്ട് മറികടന്ന; നിര്‍ത്തിക്കുത്ത്, കണ്ണെഴുതീര്, ഗരുഡന്‍തൂക്കം തുടങ്ങിയ സവിശേഷ മര്‍ദ്ദനമുറകള്‍ പൊലീസിനു സംഭാവന ചെയ്ത നാടാരുടെ അകമ്പടിയാണ് ആറ്റിങ്ങല്‍ റാണിപോലും ആവശ്യപ്പട്ടിരുന്നതത്രേ. വാവച്ചനെ ജീവനോടെയോ കൊന്നോ പിടിക്കുക, അല്ലെങ്കില്‍ കൊച്ചീരാജ്യത്തിന്റെ ഭാഗത്തേക്ക് ഓടിക്കുക ഇതാണ് നാടാരുടെ ലക്ഷ്യം.

പക്ഷേ, അതിനുമുന്‍പ് നാടാരുടെ സര്‍വ്വ പ്രതാപങ്ങളേയും ദയനീയമായി റദ്ദാക്കുന്ന രീതിയിലുള്ള മരണം സംഭവിച്ചു. ചെല്ലയുടേയും മാച്ചോവന്റേയും പാമ്പുകടിയേറ്റുള്ള മരണത്തിലും എത്രയോ ഭീകരമായാണ് നാടാരുടെ മരണം നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. താണുലിംഗ നാടാരെ  അവതരിപ്പിക്കുമ്പോഴാണ് താഴേക്കിടയിലുള്ള ഒരു ജനത അനുഭവിക്കേണ്ടിവന്ന സ്വാതിതിരുന്നാളിന്റെ 'ഉടുത്തഭ്രാന്തി'നെക്കുറിച്ചും ഉത്രംതിരുന്നാളിന്റെ 'ഉടുക്കാത്തഭ്രാന്തി'നെക്കുറിച്ചും നോവലിസ്റ്റ് പരാമര്‍ശിക്കുന്നത്.  ഈ രാജഭരണംകൊണ്ട് കാലഘട്ടം സൗവര്‍ണ്ണശോഭയോടെയിരുന്നത് ആരുടേതെല്ലാമെന്ന് ഇനിയും ചിന്തിച്ചു തുടങ്ങുന്നതേയുള്ളൂ. ഏതായാലും അത് ജീവനോടെ കുഴിച്ചുമൂടപ്പെട്ട ആക്കന്‍പുലയന്റെ വര്‍ഗ്ഗത്തിന്റേയോ ഏതോ കടമപോലെ പരീക്ഷണശാലയിലേയ്ക്ക് സ്വന്തം ശരീരം വിട്ടുകൊടുത്ത നാടാരുടെ വര്‍ഗ്ഗത്തിന്റേയോ സുവര്‍ണ്ണകാലമായിരുന്നില്ല എന്നു തീര്‍ച്ചയാണ്. അവരുടെയൊക്കെ മണ്‍മറഞ്ഞ നിശ്ശബ്ദ നിലവിളികളിലാണ് കുട്ടനാടിന്റെ ഇതിഹാസം ചുരുണ്ടുകൂടിയിരിക്കുന്നത്.

പ്രത്യേകമായ സ്വഭാവവിശേഷണങ്ങളുള്ള ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ നോവലില്‍ ഇനിയുമുണ്ട്. നാടകത്തിലെ മീശയെ സൃഷ്ടിച്ച എഴുത്തച്ഛനും സുഹൃത്ത്  ദാമോദരനും മീശയെപ്പോലെ നാടകത്തിലെ വേഷം അഴിച്ചുവെയ്ക്കാത്ത കൃഷ്ണന്‍ തട്ടാനും മീശയ്ക്കെതിരെ പരാതിയെഴുതി തയ്യാറാക്കുന്ന പ്രവൃത്ത്യാര്‍ ശങ്കുണ്ണിമേനോനും സഹായി ചിതല്‍ക്കുറുപ്പും തഹസീല്‍ദാര്‍ സുബ്രഹ്മണ്യയ്യരും പേഷ്‌ക്കാര്‍ സഹസ്രനാമയ്യരും ജാതിവ്യവസ്ഥിതിയുടെ നീചത്വം മുഴുവനും പ്രകടിപ്പിക്കുന്ന കേശവപിള്ളയും കുഞ്ഞച്ചനും പുളിങ്ങയില്‍ മത്തയും പോത്തന്‍ മാപ്പിളയും അവരെയൊക്കെ പിന്താങ്ങുന്ന തടത്തിമാക്കലച്ചനും തുടങ്ങി ചിരിയും ചിന്തയും നിറയ്ക്കുന്ന കഥാപാത്രങ്ങളെ നല്ല കൈവിരുതോടെ നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്.  നാട്ടുപ്രമാണിമാര്‍ക്കുവേണ്ടി കണ്ണെത്താത്ത പാടം മുഴുവനും നിലമൊരുക്കലും ചിറകെട്ടലും വിതയ്ക്കലും കൊയ്ത്തും മെതിയുമെല്ലാം ചെയ്താലും പാവപ്പെട്ട അവന്റെ ഭക്ഷണം വെള്ളയ്ക്കയും ചൊറിയെനത്തിന്റെ ഇലയും കപ്പയുടെ ഇളംവേരുകളും മറ്റുമായിരുന്നെന്ന സത്യം നോവലിലിരുന്ന്  പരിഹാസത്തോടെ ചിരിക്കുന്നുണ്ട്. നോവലില്‍ പലയിടത്തും വര്‍ണ്ണിക്കുന്ന മനുഷ്യവിസര്‍ജ്ജ്യത്തിന്റെ ധാരാളിത്തവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. നോവലിന്റെ ഭാഷ ഈ കഥനത്തോടു ചേര്‍ത്തുവെയ്ക്കാനും ഹരീഷിനു കഴിയുന്നുണ്ട്.

എല്ലാ ജാതിക്കാരും ഒരേ അവസ്ഥ പ്രാപിച്ചത് വസൂരിരോഗത്തിന്റെ മുന്‍പിലാണ്. വസൂരി ബാധിച്ചവരെ നോക്കുന്ന മഠപതി നോവലിലെ മിഴിവുറ്റ ഒരു കഥാപാത്രം തന്നെ. വെള്ളപ്പൊക്കത്തില്‍ തകരാതെ പിടിച്ചുനില്‍ക്കുന്ന അവറാച്ചനും പാച്ചുപിള്ളയും മീശയോടൊപ്പം അവസാനഭാഗത്തു കാണുന്ന ചെറിയ സായിപ്പും  നൂറുകണക്കിനു ജലജീവികളേയും പക്ഷികളേയും ദൈവം കൂടെയില്ലാത്ത മനുഷ്യരേയും കണ്ട് കവണാറിന്റെ തീരത്തുതന്നെ ബാക്കിജീവിതം ജീവിക്കുന്ന ബേക്കര്‍ സായിപ്പും ചിലപ്പോള്‍ മനുഷ്യനായും ചിലപ്പോള്‍ പാമ്പായും മാറുന്ന കട്ടപ്പുളവനും അങ്ങനെ ഭൂതകാലത്തില്‍നിന്നും കുടിയേറിയ എത്രയോ കഥാപാത്രങ്ങളാണ് ഈ നോവലില്‍ അവരുടെ ഭാഗം ജീവിച്ചുതീര്‍ക്കുന്നത്. മാത്രമല്ല, ജലജീവികളുടേയും പക്ഷികളുടേയും ഇഴജന്തുക്കളുടേയും പറവകളുടേയും സസ്യജാലങ്ങളുടേയും ആടിത്തിമിര്‍ക്കല്‍ അനുഭവിപ്പിക്കുന്ന നോവലുകൂടിയാണ് മീശ.

മുതലയും പാമ്പുകളും മീനുകളും തത്തകളും മറ്റും മനുഷ്യനേയും മനുഷ്യന്‍ തിരിച്ചും ഉപദ്രവിക്കുന്നുണ്ടെങ്കിലും അകന്നുമാറിക്കഴിയേണ്ടവരാണ് തങ്ങളെന്ന ചിന്ത ഇവര്‍ക്കിടയിലില്ല. 'പാമ്പുകള്‍' എന്ന അധ്യായത്തില്‍ പ്രളയത്തിനുശേഷം ഒഴുകിവരുന്ന മൃതദേഹങ്ങളില്‍ പുഴുക്കള്‍ പോലെ പുളയുന്ന പാമ്പുകളെ വാവച്ചന്‍ കാണുന്നുണ്ട്. വെള്ളിവരയന്‍, വില്ലൂന്നി, ശംഖുവരയന്‍, ചുരുട്ട, മണ്ഡലി, വെള്ളിക്കെട്ടന്‍, മൂര്‍ഖന്‍, രാജവെമ്പാല തുടങ്ങി പലയിനം പാമ്പുകള്‍ ഈ അധ്യായത്തില്‍ മാത്രമല്ല,  നോവലില്‍ പല ഭാഗത്തും സ്വതന്ത്രമായി ഇഴഞ്ഞുനടക്കുന്നതു കാണാം. ചായമുണ്ടി, പുള്ളിക്കാടക്കൊക്ക്, മണല്‍ക്കോഴി, താറാവ്, കാല്‍മണ്ണാത്തിപ്പക്ഷി, കുളക്കോഴി, താമരക്കോഴി, തത്ത, ഞാറപ്പക്ഷി, നീര്‍ക്കാക്ക, പരുന്ത്, തുപ്പലുകൊത്തി, പള്ളത്തി, കാരി, മത്തി, സ്രാവ്, കല്ലെരണ്ട, പേത്തെരണ്ട, കരാമ, വെള്ളാമ, മാക്രി, വയല്‍ക്കോതപ്പൂമ്പാറ്റ, സ്വാമിത്തുമ്പികള്‍, ചുട്ടിനിലത്തന്മാര്‍, ഈനാംപേച്ചി തുടങ്ങിയ ജീവജാലങ്ങളുടെ സമൃദ്ധികണ്ട് ആനന്ദിക്കാവുന്ന നോവലുകൂടിയാണ് മീശ. പക്ഷേ, ഈ കാലത്ത് ഇവരെയൊക്കെ ആരോര്‍ക്കാനാണ്... ഒരുപാടാണ്ടുകള്‍ പണിക്കാര്‍ തിരക്കുകൂട്ടി നടന്ന, ഉഴവുകാരുടെ കൂക്കുവിളികളും പെണ്ണുങ്ങളുടെ വിശേഷങ്ങളും നിറഞ്ഞ സ്ഥലം ശൂന്യമായിരിക്കുന്നു. കായല്‍ അതിന്റെ സ്ഥലം ഏറ്റെടുത്തില്ലെങ്കില്‍ അവിടെ ഉയരുക റിസോര്‍ട്ടുകളാവും. ''ഈ പാടത്തൊന്നും ഒറ്റ പാട്ടുകളും ഉയരുന്നില്ല. ഒറ്റ കഥകളും ആരുടേയും ഓര്‍മ്മയില്‍ ശേഷിക്കുന്നില്ല. എല്ലാവരും എല്ലാം മറന്നുപോയി.'' മണ്ണിന്റെ, പാടത്തിന്റെ ഈ നൊമ്പരമാണ് നോവല്‍ അവശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com