'കര വിഴുങ്ങി കടല്‍'- തീരങ്ങള്‍ മായുമ്പോള്‍

കഴിഞ്ഞ രണ്ട് വര്‍ഷവും കടല്‍ക്കയറ്റമുണ്ടായത് വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവിടങ്ങളിലാണ്. മൂന്നിടത്തേയും ദുരന്തത്തിനു കാരണം മനുഷ്യനിര്‍മ്മിതമായിരുന്നു
'കര വിഴുങ്ങി കടല്‍'- തീരങ്ങള്‍ മായുമ്പോള്‍

നിര്‍ബ്ബന്ധിത അടച്ചുപൂട്ടലും തൊഴിലില്ലായ്മയും ഒപ്പം രൂക്ഷമായ കടലാക്രമണവും ചേര്‍ന്ന ദുരന്തമുഖത്താണ് കേരളതീരം. ശംഖുംമുഖത്തും ആലപ്പാട്ടും ആറാട്ടുപുഴയിലും ചെല്ലാനത്തുമൊക്കെയുള്ള തീരങ്ങളില്‍ കടല്‍ക്കയറ്റം വലിയ പ്രതിസന്ധിയാണ് ഈ കൊവിഡ് കാലത്തുണ്ടാക്കിയത്. കാലാകാലങ്ങളായി കാലവര്‍ഷം ശക്തിപ്രാപിക്കുന്ന മാസങ്ങളില്‍ പൊതുവേ കടല്‍ക്ഷോഭം കൂടുതലാണ്. അതിന്റെ ഭാഗമായി നിരന്തരമായ തീരശോഷണവും ഉണ്ടാകാറുണ്ട്. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. ഇപ്പോള്‍ കൂടുതല്‍ സംഹാരശക്തിയോടെ കര കടലെടുക്കുകയാണ്. കാലവര്‍ഷം കഴിയുന്നതോടെ പല തീരങ്ങളിലും കര തന്നെ ഇല്ലാതാകും.

കാലാവസ്ഥാവ്യതിയാനം ഭൗമാന്തരീക്ഷത്തിന്റെ സ്വഭാവവും ഘടനയും മാറ്റിത്തീര്‍ക്കുന്ന  കാലത്ത് പ്രകൃതി ക്രമരഹിതമായ താളത്തിലേക്കും ഗതിയിലേക്കും പോകുന്നത് സാധാരണമാണ്. തീവ്രവും പ്രവചനാതീതവുമായി കാലാവസ്ഥ പലയിടങ്ങളിലും വിനാശം വിതയ്ക്കുന്നെങ്കിലും ദുരന്തം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത് സമുദ്രങ്ങളിലും തീരപ്രദേശങ്ങളിലുമാണ്. സമുദ്രജലനിരപ്പിലെ വര്‍ധനയാണ് തീരശോഷണം രൂക്ഷമാകാന്‍ ഒരു കാരണം.  കാലാവസ്ഥയിലെ ഈ വ്യതിയാനത്തിനൊപ്പം വേണ്ടത്ര ശാസ്ത്രീയ പഠനങ്ങളില്ലാതെ നടത്തുന്ന ഖനനവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും തീരങ്ങളില്‍ നാശത്തിനു വഴിതെളിക്കുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനു വേണ്ടിയുള്ള ഡ്രഡ്ജിങ്ങാണ് തിരുവനന്തപുരം ജില്ലയിലെ തീരങ്ങളുടെ നാശത്തിന് വഴിതെളിച്ചത്. കൊല്ലം ജില്ലയിലെ ആലപ്പാടാകട്ടെ, വര്‍ഷങ്ങളായി നടക്കുന്ന കരിമണല്‍ ഖനനവും. ആലപ്പുഴ ജില്ലയിലെ പുറക്കാട് മുതല്‍ ചെല്ലാനം വരെ അശാസ്ത്രീയമായി നിര്‍മ്മിക്കപ്പെട്ട ഹാര്‍ബറുകളാണ് ആറാട്ടുപുഴയടക്കമുള്ള ഈ തീരങ്ങള്‍ ഇല്ലാതാക്കിയത്. വടക്കാകട്ടെ, പൊന്നാനിയില്‍ 1955-ല്‍ പതിനായിരങ്ങള്‍ അണിനിരന്ന മുസ്ലിംലീഗ് സമ്മേളനം നടന്ന മരക്കടവ് തീരം ഇന്നില്ല. മുറിഞ്ഞഴിയിലും പുതുപൊന്നാനിയിലുമൊക്കെ കടല്‍ കയറുന്നു.

ശംഖുമുഖം ബീച്ച്/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ശംഖുമുഖം ബീച്ച്/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

കടലെടുക്കുന്ന 390 കിലോമീറ്റര്‍

തീരദേശത്തേയും കടലിലേയും കാലാവസ്ഥാമാറ്റത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് കടല്‍ജലനിരപ്പ് ഉയരല്‍. പ്രതിവര്‍ഷം 120 മില്യണ്‍ ജനങ്ങള്‍ ലോകത്തെമ്പാടും പലതരത്തിലുള്ള കടല്‍ക്ഷോഭത്തിന് ഇരകളാകുന്നതായാണ് കണക്കുകള്‍. ലോകത്ത് ഏറ്റവും രൂക്ഷമായ കാലാവസ്ഥാവ്യതിയാനം സംഭവിക്കുന്ന 17 ഹോട്ട്സ്പോട്ടുകളില്‍ ഇന്ത്യന്‍ തീരങ്ങളും ഉള്‍പ്പെടും. ഈ മേഖലകള്‍ ലോകത്തെ മറ്റു സമുദ്രതീരങ്ങളേക്കാള്‍ 90 ശതമാനം വേഗത്തില്‍ അപകടത്തിലേക്ക് നീങ്ങുകയാണെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. 390 കിലോമീറ്ററോളം കേരളതീരം പല കാരണങ്ങളാല്‍ ശോഷണത്തിനു വിധേയമാകുന്നതായാണ് കണക്ക്. അതായത്, മുഴുവന്‍ തീരത്തിന്റെ 63 ശതമാനത്തിലധികം കടലെടുക്കുന്നു. 1993-2015 കാലയളവില്‍ അറേബ്യന്‍ കടലുള്‍പ്പെടെയുള്ള ഇന്ത്യന്‍ സമുദ്രങ്ങളില്‍ 3.3 മില്ലിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെന്ന് ഭൗമശാസ്ത്ര മന്ത്രാലയം ഈ വര്‍ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 54 വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ കൊച്ചി തീരത്തെ സമുദ്രജലനിരപ്പില്‍ പ്രതിവര്‍ഷം 1.75 മില്ലിമീറ്റര്‍ വര്‍ധനയുണ്ട്. ഈ തീരങ്ങളിലെ 169 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഈ കാരണമൊന്നുകൊണ്ടുമാത്രം  വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നുണ്ട്.

കിഴക്ക് കായലും പടിഞ്ഞാറു കടലുമുള്ള ചെല്ലാനത്ത് രണ്ടുദശാബ്ദമായി കടല്‍ക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കുന്നു. കൊച്ചി തുറമുഖത്തിനുവേണ്ടി കപ്പല്‍ ചാനലില്‍ ആഴം കൂട്ടുന്നതിനു വേണ്ടി നടത്തുന്ന ഡ്രഡ്ജിംഗ് തുടങ്ങിയ കാലം മുതല്‍ ചെല്ലാനം ഉള്‍പ്പെടെ എറണാകുളത്തിന്റെ പല തീരപ്രദേശങ്ങളിലും തീരശോഷണം ഉണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് ചെല്ലാനത്ത് പ്രശ്നം കൂടുതല്‍ രൂക്ഷമായത്. ഇതിന് പ്രധാന കാരണം ചെല്ലാനം തെക്ക് നിര്‍മ്മിച്ച കൃത്രിമ ഫിഷിംഗ് ഹാര്‍ബറാണ്. നബാര്‍ഡില്‍നിന്നും 29.9 കോടി രൂപ 2010-ല്‍ വായ്പയെടുത്ത് നിര്‍മ്മിച്ച ഈ കൃത്രിമ ഹാര്‍ബറിന്റെ തെക്കേ പുലിമുട്ടിന്റെ നീളം 570 മീറ്ററാണ്. വടക്കേ പുലിമുട്ടിനാകട്ടെ, 150 മീറ്ററും. ഇവയുടെ നിര്‍മ്മാണമാണ് ഇതിന് വടക്കുള്ള ചെല്ലാനം മേഖലയില്‍ തീരശോഷണം രൂക്ഷമാക്കിയത്. ഈ പുലിമുട്ടിനു തെക്കുള്ള തീരത്ത് മണ്ണടിയുന്നുണ്ട്. ഇപ്പോള്‍ തീരശോഷണം കൂടുതലുള്ള മേഖലയിലെ മണലാണ് പുലിമുട്ട് നിര്‍മ്മാണ ശേഷം അടിയുന്നതും അക്കാരണം കൊണ്ട് തിരികെ തീരം നഷ്ടമായിടത്തേക്ക് പോകാതിരിക്കുന്നതെന്നും തിരിച്ചറിയണം. ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ഇവിടത്തെ മീന്‍പിടുത്തക്കാര്‍ക്ക് ഗുണം ചെയ്‌തെന്ന് വാദിക്കുന്നവരുണ്ടാകാം. അതില്‍ തര്‍ക്കത്തിനുമില്ല. പക്ഷേ, ആ വികസനത്തിന്റെ അനന്തരഫലം കൂടിയാണ് ചെല്ലാനത്തെ കടലേറ്റ ദുരിതത്തിന് കാരണമെന്നുകൂടി അംഗീകരിച്ചേ മതിയാകൂ. അങ്ങനെ കോടികള്‍ മുടക്കി വിലയ്ക്ക് വാങ്ങിയ ഒരു ദുരന്തമാണ് ഇപ്പോള്‍ ചെല്ലാനത്ത് നാം കണ്ടുകൊണ്ടിരിക്കുന്നതെന്ന് പറയുന്നു എ.ജെ. വിജയന്‍.

ചെല്ലാനത്തെ മാത്രം കാഴ്ചയല്ല, തെക്കുനിന്ന് തുടങ്ങുകയാണെങ്കില്‍ പൊഴിയൂരില്‍നിന്നുതന്നെ നമ്മുടെ തീരനഷ്ടവും തുടങ്ങുന്നു. കേരളത്തിലെ ഒന്‍പത് തീരജില്ലകളില്‍ ഏറ്റവും ശക്തമായ തീരശോഷണത്തിനു വിധേയമാകുന്നത് തിരുവനന്തപുരത്താണ്. തമിഴ്നാട് തേങ്ങാപ്പട്ടണത്ത് പൂര്‍ത്തിയാക്കിയ ഹാര്‍ബറാണ് ആ തീരത്തെയാകെ ഇല്ലാതാക്കാന്‍ തുടങ്ങിയത്. കടലാക്രമണം രൂക്ഷമായതോടെ തമിഴ്നാട് സര്‍ക്കാര്‍ കൂറ്റന്‍ കടല്‍ഭിത്തികളിട്ടു. കൊല്ലങ്കോട് മുതല്‍ എഴുപത്തിയഞ്ച് മീറ്ററോളം ദൂരത്തിലാണ് പുലിമുട്ട് ഇട്ടത്. ഇതോടെ തിരയടി ശക്തമായി. പൊഴിയൂരും പരുത്തിയൂരും തെക്കെ കൊല്ലങ്കോടുമൊക്കെ വള്ളമിറക്കാന്‍ പോലും കഴിയില്ലെന്ന് ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇതിനു പരിഹാരമായി പരുത്തിയൂരില്‍ ഹാര്‍ബര്‍ സ്ഥാപിക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ ഉയര്‍ത്തുന്ന ആവശ്യം.

തിരുവനന്തപുരം വലിയതുറയിലുള്ള ഡേവിഡിന്റെ വീട് പൂർണമായും കടലെടുത്തത് കഴിഞ്ഞ വർഷം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
തിരുവനന്തപുരം വലിയതുറയിലുള്ള ഡേവിഡിന്റെ വീട് പൂർണമായും കടലെടുത്തത് കഴിഞ്ഞ വർഷം/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

വലിയതുറ, പൂന്തുറ, പനത്തുറ മേഖലകളേയും കടല്‍കയറ്റം ഇത്തവണ രൂക്ഷമായി ബാധിച്ചു. ശംഖുംമുഖം മുതല്‍ വലിയതുറ എഫ്.സി.ഐ ഗോഡൗണ്‍ വരെയുള്ള ഇരുന്നൂറോളം വീടുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന നിലയിലായി. ശംഖുമുഖത്തെ പഴയ ബീച്ച് പൂര്‍ണ്ണമായും കടലെടുത്തു. വിമാനത്താവളത്തിലേക്കുള്ള പഴയ പാതയുടെ പകുതിയോളം കടലെടുത്തു.  തുറമുഖ നിര്‍മ്മാണത്തിനായി വിഴിഞ്ഞത്ത് തീരക്കടലിലെ മണല്‍ കോരി അദാനി പോര്‍ട്ട് തീരം നികത്തിയപ്പോള്‍ അവഗണിക്കപ്പെട്ടത് ഒരിടത്തുനിന്നും മണല്‍ കോരിയെടുത്താല്‍ വേറൊരിടത്ത് തീരം ഇല്ലാതാകും എന്ന ലളിതമായ കടലറിവായിരുന്നു. മുതലപ്പൊഴിയില്‍ ഉണ്ടാക്കിയ പുലിമുട്ട് കാരണം താഴമ്പള്ളി മുതല്‍ മാമ്പള്ളി വരെയുള്ള അഞ്ചുതെങ്ങ് പ്രദേശം മുഴുവനായും കടലെടുത്ത് പോയത് മറ്റൊരു ഉദാഹരണം. കഴിഞ്ഞ രണ്ട് വര്‍ഷവും രൂക്ഷമായ കടല്‍ക്കയറ്റമുണ്ടായത് വിഴിഞ്ഞത്തെ വലിയതുറ, കൊല്ലത്തെ ആലപ്പാട്, കൊച്ചിയിലെ ചെല്ലാനം എന്നിവിടങ്ങളിലാണ്. മൂന്നിടത്തും ദുരന്തത്തിനു കാരണം മനുഷ്യനിര്‍മ്മിതമാണെന്നു വ്യക്തമാണ്. വലിയതുറയില്‍ വിഴിഞ്ഞവും ആലപ്പാട് മണല്‍ഖനനവും ചെല്ലാനത്ത് കൊച്ചി-വല്ലാര്‍പാടം തുറമുഖങ്ങളുമാണ് വില്ലന്മാര്‍.

സാങ്കേതികമായി മാത്രമാണ് കേരളത്തിലെ ബാക്കി 37 ശതമാനം തീരം ഗുരുതരമായ തീരശോഷണ പ്രശ്നങ്ങളില്‍നിന്ന് ഒഴിവാണെന്ന് പറയാന്‍ കഴിയൂവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇതില്‍ 24 ശതമാനവും കായലുകളോട് അതിര്‍ത്തി പങ്കിടുന്ന മേഖലകളാണ്. എറണാകുളം ജില്ലയില്‍ വേമ്പനാട് കായലാണ് കടലിന്റെ അതിര്‍ത്തിയില്‍. സാങ്കേതികാര്‍ത്ഥത്തില്‍ ഇവ തീരങ്ങളല്ല. അങ്ങനെ കണക്കുകൂട്ടിയാല്‍ കേരളത്തിലെ 590 കിലോമീറ്റര്‍ തീരദേശത്തില്‍ എട്ട് ശതമാനം മാത്രമാണ് തീരശോഷണത്തിനു വിധേയമാകാത്തത് എന്ന് കണക്കാക്കേണ്ടിവരും. എന്‍.സി.എസ്.സി.എം (നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ്) പഴയ റിപ്പോര്‍ട്ട് അനുസരിച്ച് കേരളതീരത്ത് മണ്ണൊലിപ്പ് കൂടിയ മേഖലയുടെ വ്യാപ്തി 0.40 ശതമാനമാണ്. മിതമായ മണ്ണൊലിപ്പുള്ള മേഖല 1.57 ശതമാനവും. കൃത്രിമതീരം 52.69 ശതമാനം. സുസ്ഥിരതീരം 7.87 ശതമാനവും.

ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ തകർന്ന വീട്. കഴിഞ്ഞ വർഷം 25 വീടുകളാണ് തകർന്നത്. ഇത്തവണയും കടൽക്കയറ്റം രൂക്ഷമായിരുന്നു/ ഫോട്ടോ: അരുൺ ഏഞ്ജല/ എക്സ്പ്രസ്
ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ തകർന്ന വീട്. കഴിഞ്ഞ വർഷം 25 വീടുകളാണ് തകർന്നത്. ഇത്തവണയും കടൽക്കയറ്റം രൂക്ഷമായിരുന്നു/ ഫോട്ടോ: അരുൺ ഏഞ്ജല/ എക്സ്പ്രസ്

ജനസാന്ദ്രതയും പ്രശ്‌നപരിഹാരങ്ങളും

590 കിലോമീറ്റര്‍ നീളവും 120 കിലോമീറ്റര്‍ വരെ വീതിയുമുള്ള കേരളത്തിന്റെ വിസ്തൃതി 38863 ചതുരശ്ര കിലോമീറ്ററാണ്. കടലില്‍നിന്ന് ഏഴര മീറ്റര്‍ വരെ പൊക്കമുള്ള പ്രദേശമാണ് തീരപ്രദേശം എന്നറിയപ്പെടുന്നത്. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 10.25 ശതമാനം (3979 ച.കി.മീ.) മാത്രം വരുന്ന ഈ പ്രദേശത്ത് ജനസാന്ദ്രത കൂടുതലുമാണ്. കേരളത്തിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 810 ആണ്. തീരപ്രദേശത്ത് ഇത് 2168 വരും. കടലോര ഗ്രാമമായ തിരുവനന്തപുരത്തെ കരികുളം പഞ്ചായത്തില്‍ ഇത് 11,000-വും വിഴിഞ്ഞം പോലുള്ള സ്ഥലങ്ങളില്‍ 10,000-വും വരും. വൈപ്പിന്‍, ചെല്ലാനം പഞ്ചായത്തുകളിലും ജനസാന്ദ്രത വളരെയധികമാണ്.

കടലേറ്റത്തില്‍ വീടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നവരെ താല്‍ക്കാലികമായി സഹായിക്കാനോ മാറ്റിപ്പാര്‍പ്പിക്കാനോ അല്ലെങ്കില്‍ കുറച്ച് മണല്‍ച്ചാക്കുകളും കരിങ്കല്ലുകളും തീരത്തു കൊണ്ടുവന്നിടാനും ഒക്കെയായിരിക്കാം തീരസംരക്ഷണത്തിന്റെ പേരിലെ പണം ചെലവഴിക്കുക. എന്നാല്‍, കടലേറ്റമെന്ന പ്രശ്നത്തിനു കാരണം എന്തെന്ന് ശാസ്ത്രീയമായി മനസ്സിലാക്കി പ്രതികരിക്കാന്‍ ഭരണാധികാരികളോ തീരദേശത്തുള്‍പ്പെടെയുള്ള പൊതുസമൂഹമോ തയ്യാറായി കാണുന്നില്ലെന്ന് പറയുന്നു എ.ജെ. വിജയന്‍. സ്വാഭാവികമായ പ്രകൃതിദുരന്തം അല്ലെങ്കില്‍ കടല്‍ ജലനിരപ്പ് ഉയരുന്നത് തുടങ്ങിയ കാരണങ്ങള്‍ പറയുന്നതോടൊപ്പം കടല്‍ഭിത്തികളും പുലിമുട്ടുകളും ശരിയായി വേണ്ടത്ര നിര്‍മ്മിക്കാത്തതാണ് കടലേറ്റം രൂക്ഷമാക്കുന്നതെന്ന് വാദിക്കാനുമാണ് മാധ്യമങ്ങള്‍ പോലും ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകളോ സര്‍ക്കാരോ കടലിലും കടലോരത്തും നടത്തുന്ന തെറ്റായ നിര്‍മ്മാണ പ്രവൃത്തികളും ഒപ്പം മണല്‍ഖനനവുമാണ് കടലേറ്റത്തിനു മുഖ്യ കാരണം- അദ്ദേഹം പറയുന്നു.

തിരുവനന്തപുരത്ത് ബീമാപള്ളിയിൽ കടലാക്രമണത്തിൽ തകർന്നുപോയ വീട്. 2017- 2019 കാലയളവിൽ 183 വീടുകളാണ് ഇവിടെ കടലെടുത്തത്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്
തിരുവനന്തപുരത്ത് ബീമാപള്ളിയിൽ കടലാക്രമണത്തിൽ തകർന്നുപോയ വീട്. 2017- 2019 കാലയളവിൽ 183 വീടുകളാണ് ഇവിടെ കടലെടുത്തത്/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ/ എക്സ്പ്രസ്

സാഗര്‍മാല നിര്‍മ്മിതികളുടെ കടല്‍

'സാഗര്‍മാല' പദ്ധതിയിലുള്‍പ്പെടുത്തി അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ 200 പദ്ധതികള്‍ തീരദേശത്ത് നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായുള്ള 'സ്വദേശ് ദര്‍ശന്‍ സ്‌കീം' പ്രകാരം പതിനൊന്ന് തീംബേസ്ഡ് ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും പതിന്നാല് കോസ്റ്റല്‍ ഇക്കണോമിക് സോണുകളുടെ ഭാഗമായ ക്ലസ്റ്റര്‍ വ്യവസായങ്ങളും തുടങ്ങുമെന്നും പ്രഖ്യാപനമുണ്ട്. ഭാരത്മാല പദ്ധതിയുടെ ഭാഗമായി 2,000 കിലോമീറ്റര്‍ റോഡുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്.  2035-നകം പൂര്‍ത്തീകരിക്കേണ്ട 550 പ്രോജക്ടുകളുമുണ്ട്. പുതിയ ആറ് തുറമുഖങ്ങള്‍ നിര്‍മ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 3,91,987 കോടി രൂപ നിക്ഷേപിക്കുന്നുണ്ട്. 550 പ്രൊജക്ടുകള്‍ക്കായി എട്ടു ലക്ഷം കോടിരൂപയാണ് മുടക്കിയിരിക്കുന്നത്. ഈ നിര്‍മ്മാണപ്രവൃത്തികള്‍ തീരദേശത്തെ സവിശേഷതകള്‍ പരിഗണിച്ചായിരിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതെത്രമാത്രം പ്രായോഗികമാകുമെന്ന് സംശയമുണ്ട്. തീരദേശത്തിന്റെ സവിശേഷതകളൊന്നും കണക്കിലെടുക്കാതേയും പരിസ്ഥിതി നിയമങ്ങള്‍ അട്ടിമറിച്ചുമാണ് ഈ നിര്‍മ്മിതികളൊക്കെയും നടത്താന്‍ പോകുന്നത്. ഈ ലക്ഷ്യത്തോടെയാണ് 2011-ല്‍ പ്രഖ്യാപിച്ച തീരദേശ പരിപാലന വിജ്ഞാപനം പുതുക്കി 2019 ഫെബ്രുവരിയില്‍ പുതിയ വിജ്ഞാപനവും പുറപ്പെടുവിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു.  

എ.ബി. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തു രൂപീകരിക്കപ്പെട്ട സാഗരമാല പദ്ധതി മത്സ്യത്തൊഴിലാളി സമൂഹത്തിനു ഗുണകരമാകില്ലെന്നു മാത്രമല്ല, തീരത്തെ വലിയ പാരിസ്ഥിതിക നാശത്തിനാകും അത് വഴിതെളിക്കുകയെന്ന് എന്‍.എ.പി.എം പറയുന്നു. തുറമുഖങ്ങളുടെ നിര്‍മ്മാണം തീരശോഷണത്തിന് ആക്കം കൂട്ടും. ചെന്നൈയിലെ എന്നൂര്‍ തുറമുഖത്തിന്റെ വികസനം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്താനിരുന്നതാണ്. എന്നാല്‍ കടുത്ത എതിര്‍പ്പാണ് മത്സ്യത്തൊഴിലാളികളില്‍നിന്ന് ഉയരുന്നത്. ഗുജറാത്തിലെ കച്ചില്‍ അദാനി നിര്‍മ്മിച്ച തുറമുഖത്തിന്റെ പ്രത്യാഘാതങ്ങള്‍ മുന്‍ഡ്രയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അനുഭവിച്ചുവരികയാണ്. സെസിന്റെ പരിധിയില്‍പ്പെടുത്തി വ്യാപകമായി ഭൂമി ഏറ്റെടുത്തു. എല്ലാവിധ പാരിസ്ഥിതിക അനുമതികളും അട്ടിമറിച്ചായിരുന്നു ഇത്. 2500 ഏക്കര്‍ വരുന്ന കണ്ടല്‍വനങ്ങളാണ് അന്ന് നികത്തപ്പെട്ടത്. 25 കിലോമീറ്റര്‍ വരുന്ന തീരം വിഷമയമായി. സമീപഭാവിയില്‍ കേരളതീരത്തും ഇതൊക്കെ ആവര്‍ത്തിക്കപ്പെട്ടേക്കാമെന്ന് എന്‍.എ.പി.എം മുന്നറിയിപ്പ് നല്‍കുന്നു.

ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്

പരിഹാരമെന്ത്?

ഭരണകൂടങ്ങള്‍ തദ്ദേശീയ അറിവുകളെ മാനിക്കണമെന്ന നിര്‍ദ്ദേശമാണ് മത്സ്യത്തൊഴിലാളികള്‍ ആദ്യം ഉയര്‍ത്തുന്ന ആവശ്യം. ഒരു വശത്ത് ഖനനം നടന്നാല്‍ അതിന്റെ വടക്ക് വശം പോകും, അതുതന്നെയാണ് ഹാര്‍ബറിനുവേണ്ടി വലിയ പുലിമുട്ടുകള്‍ ഇട്ടാലും സംഭവിക്കുകയെന്ന് തിരിച്ചറിയണമെന്ന് പറയുന്നു ഇവര്‍. പുതിയ ഹാര്‍ബര്‍ എന്ന സങ്കല്പം തന്നെ ഉപേക്ഷിക്കണം. ആവശ്യത്തിന് ഹാര്‍ബറുകളുള്ള കേരളത്തില്‍ ഇനിയും ഹാര്‍ബറുകള്‍ അനാവശ്യമാണ്. തദ്ദേശീയരെക്കൂടി ഉള്‍പ്പെടുത്തി ശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ ഒരു പരിധിവരെ കടല്‍ക്കയറ്റത്തെ നേരിടാനാകുമെന്ന് ഇവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com