കാർഷിക നയങ്ങൾക്കെതിരായ സമരം/ പിടിഐ
കാർഷിക നയങ്ങൾക്കെതിരായ സമരം/ പിടിഐ

ത്രിശൂലവും കൃപാണും; കര്‍ഷക സമരത്തിലെ ഉള്‍പ്പോരാട്ടങ്ങള്‍

എന്തുകൊണ്ട് പഞ്ചാബ് ഇത്ര തീക്ഷണതയോടെ  കര്‍ഷക സമരത്തില്‍ പങ്കാളികളായി? 

ര്യവസാനത്തെക്കുറിച്ചുള്ള ചിന്തകളല്ല ഒരു സമരത്തെ രൂപപ്പെടുത്തുന്നതും നയിക്കുന്നതും. ശുഭപര്യവസാനമെന്നത് പോരാട്ടങ്ങള്‍ക്ക് അന്തിമതീര്‍പ്പുകല്‍പ്പിക്കലുമല്ല. വിജയിച്ചാലും അടിച്ചമര്‍ത്തപ്പെട്ടാലും രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളിലെ ജനമുന്നേറ്റത്തിന് ചില രാഷ്ട്രീയമാനങ്ങള്‍ കൂടിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ ഈ സമരം. കൊറോണ വൈറസ് രോഗത്തിന്റെ വ്യാപനവും അത് നിയന്ത്രിക്കാനുള്ള ലോക്ക്ഡൗണുകളും നടക്കുന്നതിനിടയിലാണ് മൂന്ന് നിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ വിദഗ്ധമായി പാസാക്കിയെടുത്തത്. ആദ്യം ഓര്‍ഡിനന്‍സുകള്‍ വന്നു. പിന്നെ, ഹ്രസ്വകാലത്തേക്ക് പാര്‍ലമെന്റ് വിളിച്ചുകൂട്ടി അവതരിപ്പിച്ചു. ലോക്സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉള്ളതിനാല്‍ ചര്‍ച്ചകള്‍ ഒന്നുമില്ലാതെ 2020 സെപ്റ്റംബര്‍ 20-ന് ബില്ലുകള്‍ പാസാക്കി. രാജ്യസഭയില്‍ ആ ബില്ലുകളെ അനുകൂലിക്കുന്നവര്‍ക്ക് കക്ഷികളുടെ അംഗബലമനുസരിച്ച് ഭൂരിപക്ഷം ലഭിക്കരുതായിരുന്നു. എന്നാല്‍, പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും ഉപാധ്യക്ഷന്‍ പാര്‍ലമെന്ററി സംവിധാനത്തെ പോലും അട്ടിമറിച്ച് ശബ്ദ വോട്ടെടുപ്പ് നടത്തി. അങ്ങനെ മൂന്നു ബില്ലുകളും പാസ്സായതായി പ്രഖ്യാപിച്ചു. രാഷ്ട്രപതി ഒപ്പുവച്ച് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്താല്‍ അവ നിയമങ്ങളുമാകും. 

ഇങ്ങനെ, ജനാധിപത്യത്തിന്റെ എല്ലാ നടപടിക്രമങ്ങളും തെറ്റിച്ച് പാര്‍ലമെന്റ് ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങി. സെപ്റ്റംബറില്‍ തുടങ്ങിയ സമരത്തോടുള്ള അവഗണനയാണ് ശൈത്യം വകവയ്ക്കാതെ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. ഇതുപ്രകാരം, അഖിലേന്ത്യ കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 26-ന് ദില്ലി ചലോ മാര്‍ച്ച് തുടങ്ങി. 32 ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നു. ചെറുത്തുനില്‍പ്പല്ലാതെ മറ്റുവഴികള്‍ അവര്‍ക്കില്ലായിരുന്നു. നിയമം കൊണ്ടുവന്നതിനു ശേഷം മുതല്‍ ദില്ലി ചലോ മാര്‍ച്ച് തുടങ്ങിയ ദിവസം വരെ പഞ്ചാബില്‍ മാത്രം 13 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. അഞ്ചുദിവസം നീളുന്ന അവരുടെ യാത്ര തടസപ്പെടുത്താന്‍ ഭരണകൂടം കഴിവതും ശ്രമിച്ചു. തലസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. അറസ്റ്റുകളുണ്ടായി. കണ്ണീര്‍വാതകം പ്രയോഗിച്ചു, ലാത്തിച്ചാര്‍ജ് നടത്തി. യാത്ര മുടക്കാന്‍ ദേശീയപാതകള്‍ വെട്ടിമുറിച്ചു. വലിയ കണ്ടെയ്നര്‍ ലോറികളും ട്രെയിലറുകളും റോഡിനു കുറകെയിട്ടു. 

ഇതെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലെത്തിയത്. ബാരിക്കേഡുകള്‍ പുഴയിലെറിഞ്ഞും ടിയര്‍ഗ്യാസുകള്‍ തട്ടിത്തെറിപ്പിച്ചും പ്രതിരോധങ്ങളെ മറികടന്ന കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തമായി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലുള്ള സിംഘുവിലും തിക്രിയിലും  പൊലീസ് കര്‍ഷകരെ തടഞ്ഞു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടേക്ക് കൂടുതല്‍ കര്‍ഷകരെത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരത്തിലുണ്ടെ ങ്കിലും പഞ്ചാബില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. അവരില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്‍മാര്‍. മണ്ഡികളില്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ട ാകും, താങ്ങുവില ഉറപ്പാക്കാം എന്നൊക്കെയുള്ള ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ നേരത്തേ തന്നെ തള്ളിയിരുന്നു. 

ഹിന്ദുത്വവും സിഖുകാരുടെ പോരാട്ടവും

ഏറ്റവും വലിയ കര്‍ഷക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പോലും തീവ്രമാകാത്ത സമരം പഞ്ചാബില്‍ എങ്ങനെ തീക്ഷ്ണമായി? എണ്‍പതുകളില്‍ മഹേന്ദ്രസിങ് ടികായത്തിന്റെ നേതൃത്വത്തില്‍ ഭാരതീയ കിസാന്‍ യൂണിയന്റെ പേരില്‍ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭത്തിനു സമാനമാണ് ഇത്തവണത്തെ പോരാട്ടമെന്നാണ് പലരും ഈ സമരത്തെ അടയാളപ്പെടുത്തിയത്. ഹരിയാനയിലെ കര്‍ഷകര്‍ സമരത്തില്‍നിന്ന് വിട്ടുനിന്നുവെന്നു പറഞ്ഞ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഒരുപടി കൂടി കടന്ന് ഖലിസ്ഥാന്‍ തീവ്രവാദമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും കുതന്ത്രങ്ങള്‍ പിഴയ്ക്കുന്നതാണ് കണ്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സമരങ്ങളടക്കം മറ്റെല്ലാ സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങളെ ബി.ജെ.പി നേരിട്ടത് ചില രാഷ്ട്രീയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ദേശീയതയും വര്‍ഗീയതയും. ഇത് രണ്ടും പഞ്ചാബില്‍ വിലപ്പോയില്ല. ഹിന്ദുക്കളാണെങ്കിലും ഹിന്ദുരാഷ്ട്ര സങ്കല്പത്തോട് സിഖുകാര്‍ക്ക് അത്ര മമതയില്ല. മുന്‍പുമില്ല, ഇപ്പോഴുമില്ല. ഇതാദ്യമല്ല ഹിന്ദുത്വത്തെ പഞ്ചാബ് തിരസ്‌കരിക്കുന്നതും. 

മോദിയുടെ വ്യക്തിപ്രഭാവം, ഹിന്ദുത്വ ധ്രുവീകരണം, അഴിമതിരഹിത ഭരണം, ദേശീയത, മുസ്ലിം വിരുദ്ധത എന്നീ ആയുധങ്ങള്‍ പ്രയോഗിച്ച് ബി.ജെ.പി അധികാരത്തിലെത്തിയ 2014-ല്‍ ഈ തന്ത്രങ്ങളെല്ലാം പഞ്ചാബില്‍ പരാജയപ്പെട്ടിരുന്നു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടി. പത്തുവര്‍ഷത്തിനുശേഷമാണ് ശിരോമണി അകാലിദള്‍-ബി.ജെ.പി സര്‍ക്കാര്‍ താഴെയിറങ്ങിയത്. 2019-ലെ തെരഞ്ഞെടുപ്പിലും അവര്‍ക്ക് ആഹ്ലാദിക്കാനുള്ള വകയുണ്ടായില്ല. യു.പി.എയ്ക്ക് എട്ട് സീറ്റും എന്‍.ഡി.എയ്ക്ക് നാലു സീറ്റുമാണ് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയത്. മോദിയുടെ പ്രചരണതന്ത്രം പാളിയ ഏക വടക്കന്‍ സംസ്ഥാനവും പഞ്ചാബായിരുന്നു. ഉത്തരേന്ത്യ പിടിച്ചെടുക്കുകയെന്ന ലക്ഷ്യംവച്ച് ഹിന്ദുത്വപ്രചരണം നടത്തിയ മോദിക്ക് ഹരിയാനയിലും ഹിമാചലിലും വരെ നേട്ടമുണ്ടാക്കാനായി. എന്നാല്‍, പഞ്ചാബ് അത് ചെറുത്തുതോല്‍പ്പിച്ചു. ശിരോമണി അകാലിദളിന്റെ പിന്തുണയുണ്ടായിട്ടും ദേശീയ നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയെയും ഹര്‍ദീപ് സിങ് പുരിയെയും ബി.ജെ.പിക്ക് വിജയിപ്പിക്കാനായില്ല. അമൃത്സറില്‍ മോദിയുടെ വിശ്വസ്തനായ ജെയ്റ്റ്ലിയെ തോല്‍പ്പിച്ചത് മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ്ങായിരുന്നു. ഹിന്ദുത്വത്തെ തിരസ്‌കരിച്ച ഭൂമിയില്‍ ജൂനിയര്‍ പങ്കാളിയായി നിന്നിരുന്ന ബി.ജെ.പിക്ക് കര്‍ഷക ബില്ലുകള്‍ വന്നതോടെയാണ് പാടേ അടിതെറ്റിയത്. 

കര്‍ഷകരോഷത്തിന്റെ തീവ്രതയെന്തെന്ന് ബി.ജെ.പിയെ ബോധ്യപ്പെടുത്തിയാണ് ഏറ്റവും പഴയ സഖ്യകക്ഷിയായ പഞ്ചാബിലെ ശിരോമണി അകാലിദള്‍ ബാദല്‍ എന്‍.ഡി.എ വിട്ടത്. ലോക്സഭയില്‍ ബില്‍ പാസാക്കിയ ദിവസം ഏക മന്ത്രി ഹര്‍സിമ്രത് കൗറിനെ രാജിവെപ്പിച്ച് പ്രതിഷേധിച്ച പാര്‍ട്ടി ദീര്‍ഘ ചര്‍ച്ചകള്‍ക്കു ശേഷമാണ് മുന്നണി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബിര്‍ സിങ് ബാദല്‍ തന്നെ മുന്നണി വിട്ടകാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്‍.ഡി.എ രൂപീകരണത്തില്‍ത്തന്നെ മുഖ്യപങ്ക് വഹിച്ച പാര്‍ട്ടിയാണ് ശിരോമണി അകാലിദള്‍ എന്ന് എടുത്തുപറഞ്ഞാണ് ബാദല്‍ മുന്നണി വിട്ടത്. പഞ്ചാബിലും രാജ്യത്തും സമാധാനം ഉറപ്പുവരുത്തുകയും രാജ്യത്തിന്റെയും പ്രത്യേകിച്ച് പഞ്ചാബികളുടെയും അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിനും ആയിരുന്നു എന്‍.ഡി.എ മുന്നണി രൂപീകരിച്ചതെന്ന് ബാദല്‍ ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ചാണ് പടിയിറങ്ങിയത്. നഖവും മാംസവും തമ്മിലുള്ള ബന്ധം പോലെയാണ് അകാലിദള്‍-ബി.ജെ.പി ബന്ധം എന്നായിരുന്നു എക്കാലവും പാര്‍ട്ടി സ്ഥാപകനായിരുന്ന പ്രകാശ് സിങ് ബാദല്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. അകാലിദളിനെ കൂടെ കൂട്ടിയെങ്കിലും അത് താല്‍ക്കാലിക രാഷ്ട്രീയസന്ധി മാത്രമായിരുന്നുവെന്ന തിരിച്ചറിവ് ഇന്ന് ബി.ജെ.പിക്കുണ്ട്. ഇതിനെല്ലാം കാരണം ഒന്നു മാത്രമായിരുന്നു സിഖുകാര്‍ക്ക് അവരുടെ പ്രതാപത്തിന് പകരംവയ്ക്കാനാവുന്നതായിരുന്നില്ല ഹിന്ദുത്വം എന്ന തിരിച്ചറിവ്. 

പഞ്ചാബില്‍ ബി.ജെ.പിക്ക് വേരുപിടിക്കണമെങ്കില്‍ പുതിയൊരു രാഷ്ട്രീയതന്ത്രം അനിവാര്യമാണെന്ന ചിന്ത മോദിക്കും അമിത്ഷായ്ക്കും ഇപ്പോഴെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ടാകും. ഉത്തര്‍പ്രദേശിലെ പോലെ, ഗുജറാത്തിലേതു പോലെ ഹിന്ദു-മുസ്ലിം വര്‍ഗീയത പ്രചരിപ്പിക്കാന്‍ പഞ്ചാബില്‍ കഴിഞ്ഞില്ല. ബംഗാളില്‍ പോലും ബി.ജെ.പി അതില്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, പഞ്ചാബിലെ സ്ഥിതി വ്യത്യസ്തമാണ്. ഹിന്ദുക്കളായ സിഖുകാരുടെ മനസ്സില്‍ മുസ്ലിങ്ങള്‍ അത്രകണ്ട് ശത്രുക്കളല്ല. ഗുരു ഗോബിന്ദ് സിങ്ങിന്റെ കാലം മുതല്‍ സിഖുകാരുടെ സംരക്ഷണവും സ്നേഹവും ഏറ്റുവാങ്ങിയവരാണ് പഞ്ചാബിലെ മുസ്ലിങ്ങള്‍. മലേര്‍കോട്ലയുടെ ചരിത്രം അത് പറയും. 

ഔറംഗസേബിന്റെ കാലത്ത് കോട്ലയിലെ നവാബായിരുന്നു ഷേര്‍ മുഹമ്മദ് ഖാന്‍. പത്താമത്തെ സിഖ് ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിങ്ങുമായി ഔറംഗസേബ് യുദ്ധം ചെയ്തപ്പോള്‍ നവാബ് ഔറംഗസേബിനെ പിന്തുണച്ചു. എന്നാല്‍, യുദ്ധത്തില്‍ ഗുരു ഗോവിന്ദ് സിങ്ങിന്റെ രണ്ട് ചെറിയ കുട്ടികളെ തടവുകാരായി പിടിച്ച് അവരെ കൊന്നുകളയാന്‍ ഔറംഗസേബിന്റെ സൈന്യം തീരുമാനിച്ചു. അതിനെ നവാബ് എതിര്‍ത്തു. ഇത് ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നു പറഞ്ഞ് ഔറംഗസേബിന് തുറന്ന കത്തെഴുതി. നവാബിന്റെ ഈ നീക്കം ഗുരു ഗോവിന്ദ് സിങ്ങിനെ സ്വാധീനിച്ചു. കൃപാണം നല്‍കി അദ്ദേഹം നവാബിനെ ആദരിച്ചു. അതിനുശേഷം സിഖുകാര്‍ ഒരിക്കലും മലേര്‍കോട്ല ആക്രമിച്ചിട്ടില്ല. ഗുരു ഗോവിന്ദ് സിങ്ങിനെ മുസ്ലിങ്ങളുടെ രക്ഷകനായാണ് കോട്ലയിലെ മുസ്ലിങ്ങള്‍ കാണുന്നതും.

ചുരുക്കിപ്പറഞ്ഞാല്‍ സിക്കുകാര്‍ ഹിന്ദുക്കള്‍ തന്നെയാണ്. അവരുടെ ഗുരുക്കന്‍മാര്‍ പോരാടിയതും ജീവന്‍കളഞ്ഞതുമൊക്കെ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ്. ഇന്ത്യയുടെ വാളേന്തിയ കൈയാണ് പഞ്ചാബ് എന്നാണ സിഖുകാര്‍ വിശേഷിപ്പിക്കുക. പക്ഷേ, ബി.ജെ.പി പ്രചരിപ്പിക്കുന്ന ഹിന്ദുത്വവാദത്തില്‍നിന്നും ദേശീയതയില്‍നിന്നും വിഭിന്നമാണെന്നര്‍ത്ഥം. ഹിന്ദുത്വം ഒരുകാലത്തും അവരെ ത്രസിപ്പിച്ചിട്ടില്ല. ഭിന്ദ്രന്‍വാലയുടെ കാലത്തുപോലും സിക്കുകാര്‍ ഹിന്ദുക്കള്‍ക്കെതിരേ തിരിഞ്ഞുവെന്ന് ആര്‍.എസ്.എസ്സും പറഞ്ഞിട്ടില്ല. സര്‍സംഘ്ചാലകായ ബലാസഹേബ് ദിയറ പോലും അവരെ തള്ളിപ്പറഞ്ഞിട്ടില്ല. കേശധാരികളായ ഹിന്ദുക്കള്‍ എന്നാണ് സിക്കുകാര്‍ക്ക് അദ്ദേഹം നല്‍കിയ വിശേഷണം. 1960-കളില്‍ സിഖുകാരുടെ രാഷ്ട്രീയപാര്‍ട്ടിയായ അകാലിദളുമായി ഹിന്ദുത്വം ഏറ്റുമുട്ടലിലായിരുന്നു. പഞ്ചാബി സംസാരിക്കുന്ന സംസ്ഥാനമായിരുന്നു അകാലിദളിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടതോടെ പിന്നീട് കോണ്‍ഗ്രസ്സിന് പഞ്ചാബില്‍ പിന്തുണയും കിട്ടി. ഹിന്ദി സംസാരിക്കുന്ന പ്രദേശം ഹരിയാനയും ഹിമാചലുമായി. ചണ്ഡിഗഡ് കേന്ദ്രഭരണപ്രദേശമായി. 

പഞ്ചാബിനുവേണ്ടിയുള്ള അകാലിദളിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടതോടുകൂടി അവരുടെ ജനസമ്മതി വര്‍ദ്ധിച്ചു. പാര്‍ട്ടി രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും 1967-ലെയും 1969-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനു വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍, 1972-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ജയിച്ചു. തല്‍ഫലമായി ശിരോമണി അകാലിദള്‍ അവരുടെ നിലപാട് മാറ്റി. ഇതിനു വേണ്ടിയുള്ള സമ്മേളനം ആനന്ദ്പൂര്‍ സാഹിബ് ഗുരുദ്വാരയിലാണ് വിളിച്ചു ചേര്‍ത്തത്. പഞ്ചാബ് ഒരു സ്വയംഭരണ സംസ്ഥാനമായി നിലനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഈ സമ്മേളനം ആവശ്യപ്പെട്ടു. സ്വന്തമായ ഭരണഘടന ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നായിരുന്നു പ്രമേയം. ഈ നിലപാടുമായി മുന്നോട്ടുപോയ ഭിന്ദ്രന്‍വാല ഹിന്ദുക്കളെയും ആധുനിക വാദികളായ സിഖുകാരേയും ഒരുപോലെ എതിര്‍ത്തിരുന്നു. എന്നാല്‍, ജാട്ടുകള്‍ക്ക് ഭിന്ദ്രന്‍വാലയുടെ  ഈ നിലപാട് സ്വീകാര്യമായിരുന്നു. സഞ്ജയ് ഗാന്ധിയുടെ പരോക്ഷമായ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. ബ്ലൂസ്റ്റാര്‍ ഓപ്പറേഷനും സിഖ് കൂട്ടക്കൊലകള്‍ക്കും വഴിതെളിച്ച സംഭവവികാസങ്ങള്‍ ഇതാണ്. 

അടിയന്തരാവസ്ഥക്കാലത്താണ് അകാലിദളും ജനസംഘവുമായി പിന്നെ കൂടിച്ചേരുന്നത്. സിഖുകാരെയും ഹിന്ദുക്കളെയും ഒന്നിപ്പിച്ചാല്‍ മാത്രമേ പഞ്ചാബില്‍ നിലനില്‍ക്കാനാകൂവെന്ന തിരിച്ചറിവിലാണ് വാജ്‌പേയിയും അദ്വാനിയുമടങ്ങുന്ന നേതാക്കള്‍ ജയിലില്‍വച്ച് ചര്‍ച്ച നടത്തുന്നത്. അങ്ങനെയാണ് ജനസംഘത്തിനൊപ്പം ശിരോമണി അകാലിദള്‍ ചേരുന്നത്. മദന്‍ലാല്‍ ഖുറാന, ജെപി മാഥുര്‍, കെ.എല്‍. ശര്‍മ എന്നിവരെല്ലാം പഞ്ചാബില്‍ നിന്നുള്ള ജനസംഘം-ബി.ജെ.പി നേതാക്കളായിരുന്നു. ഇവരെല്ലാം ഹിന്ദു-സിഖ് രാഷ്ട്രീയസഖ്യത്തിനായി വാദിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ പ്രക്ഷോഭകാലത്ത് വിഘടനവാദമുയര്‍ത്തിയ അകാലിനേതാക്കളുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ വാജ്‌പേയിക്കും അദ്വാനിക്കുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു, എന്നാല്‍ ഇന്ത്യന്‍ ദേശീയതയ്ക്ക് അനുകൂലമായി മിതപ്രസ്ഥാനമായി മാറാന്‍ അകാലിദളിന് പിന്തുണവേണമെന്നായിരുന്നു വാജ്പേയിയുടെ നിലപാട്. തുടര്‍ന്ന്, സംസ്ഥാനത്ത് ബി.ജെ.പി ജൂനിയര്‍ പങ്കാളിയായി നിന്നപ്പോള്‍ കേന്ദ്രത്തില്‍ സിഖ് പ്രാതിനിധ്യത്തിന് ബി.ജെ.പി മുന്‍തൂക്കം നല്‍കി. പ്രകാശ് സിങ് ബാദലിനെപ്പോലെയുള്ളവര്‍ കേന്ദ്രമന്ത്രിസഭകളില്‍ തുടര്‍ന്നു. എന്നിട്ടും സാംസ്‌കാരികമായും ഭാഷാപരമായും മതപരമായും വ്യത്യസ്തമായി നിന്നു. അതായത് വഡോദരയിലോ വിദര്‍ഭയിലോ ഉള്ള ഹിന്ദുക്കളെപ്പോലെയായിരുന്നില്ല സിഖുകാര്‍. അവര്‍ ഹിന്ദുക്കളാണ്, പക്ഷേ ആത്യന്തികമായി സിഖുകാരാണ്.
  
എന്നാല്‍, സിഖ് കൂട്ടക്കുരുതിയെ കുറിച്ച് നിശിതമായി കോണ്‍ഗ്രസ്സിനെതിരെ വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും അജണ്ടകള്‍ വിലയിരുത്തപ്പെട്ടില്ല. കലാപത്തിന് നേതൃത്വം നല്‍കിയ സജ്ജന്‍ കുമാറിനെ 2018 ഡിസംബര്‍ 17-ന് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചപ്പോള്‍ കേന്ദ്രമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത് ''ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ വംശഹത്യയാണ് സിഖ് വിരുദ്ധ കലാപം. അതിന്റെ പൈതൃകം കോണ്‍ഗ്രസ്സിന്റെയും ഗാന്ധി കുടുംബത്തിന്റെയും കഴുത്തില്‍ തൂങ്ങിക്കിടക്കും'' എന്നാണ്. തുടര്‍ന്ന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും ബി.ജെ.പിയും രാഷ്ട്രീയ താല്പര്യങ്ങള്‍ക്കുവേണ്ടി സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ്സിന്റെ പങ്കിനെ ഉയര്‍ത്തിക്കാട്ടുകയും രാജീവ് ഗാന്ധിയുടെ വിവാദപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. ഇതൊന്നും പഞ്ചാബില്‍ രാഷ്ട്രീയമായ മുന്നേറ്റത്തിന് ഉതകിയില്ലെന്ന് മാത്രം. കലാപത്തെ ആര്‍.എസ്.എസ് എതിര്‍ത്തിരുന്നില്ലെന്ന് മാത്രമല്ല കലാപകാരികള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. അമരീന്ദര്‍ സിങ്ങിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച് ആര്‍.എസ്.എസ്സുകാര്‍ ഉള്‍പ്പെട്ട പതിനാലോളം കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കര്‍ഷകസമരം പിടിവള്ളി

കേന്ദ്ര നിയമത്തെ മറികടക്കുന്നതിന് പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് പ്രത്യേക നിയമം കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ, അത് യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പില്ല. കാരണം പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ മറികടക്കുംവിധം സംസ്ഥാന നിയമസഭ കൊണ്ടുവന്ന നിയമം പ്രാബല്യത്തിലാകണമെങ്കില്‍ രാഷ്ട്രപതി ഒപ്പുവെക്കണം. രാഷ്ട്രപതി ഭവന്‍ അനുകൂല തീരുമാനം എടുത്തില്ല. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചാബിന്റെ നിയമം രാഷ്ട്രപതി അംഗീകരിച്ചാലും മറ്റ് സംസ്ഥാനങ്ങളിലുള്ള കര്‍ഷകുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല. 

പഞ്ചാബിലെ അകാലിദളിന്റെ മുഖ്യ വോട്ടുബാങ്ക് കര്‍ഷകരാണ്. നിയമവുമായി സഹകരിക്കുന്ന ജനപ്രതിനിധികളെ മണ്ഡലത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല എന്നുവരെ മാല്‍വയിലെ കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കടുത്ത നിലപാട് എടുക്കാന്‍ ശിരോമണി അകാലിദള്‍ നിര്‍ബന്ധിതമായത്. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട പാര്‍ട്ടിയാണ് എസ്.എ.ഡി. ആകെയുള്ള 117 സീറ്റുകളില്‍ അവര്‍ക്ക് ആകെ കിട്ടിയത് 17 സീറ്റുകള്‍ മാത്രം. 2017-ല്‍ അധികാരം നഷ്ടപ്പെടും മുന്‍പ് 2007 മുതല്‍ രണ്ട ുവട്ടം തുടര്‍ച്ചയായി പഞ്ചാബ് ഭരിച്ചിട്ടുള്ള പാര്‍ട്ടിയാണ് അകാലിദള്‍. കോണ്‍ഗ്രസ്സില്‍നിന്ന് സംസ്ഥാനം തിരിച്ചുപിടിക്കണമെങ്കില്‍ കര്‍ഷകരെ കൂടെ നിര്‍ത്തിയേ മതിയാകൂ എന്ന തിരിച്ചറിവാണ് പ്രക്ഷോഭം നയിക്കാന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നത്. ബി.ജെ.പിയാകട്ടെ അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനിരിക്കുകയാണ്. പഞ്ചാബില്‍ ബി.ജെ.പിക്കു വളരണമെങ്കില്‍ അകാലിദളിന്റെ നിഴലില്‍നിന്നു പുറത്തേക്കു വരികയാണു വേണ്ട തെന്ന കാഴ്ചപ്പാട് ശക്തമാണ്. എന്നാല്‍, പൊടുന്നനെ മാറിയ രാഷ്ട്രീയസാഹചര്യം ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com