മറഡോണ; നേപ്പിള്‍സിന്റെ ചെകുത്താനും ദൈവവും

മറഡോണയുടെ ജീവചരിത്രത്തിന്റെ സംഗ്രഹമാണ് നേപ്പിള്‍സിലെ ജീവിതം. അയാള്‍ നേരിട്ട ഉയര്‍ച്ചതാഴ്ചകളുടേയും പ്രകടിപ്പിച്ച സകല വിരുദ്ധഭാവങ്ങളുടേയും ആകെത്തുക അവിടെ ജീവിച്ച ഏഴു വര്‍ഷം അടയാളപ്പെടുത്തിയിട്ടുണ്ട്
മറഡോണ; നേപ്പിള്‍സിന്റെ ചെകുത്താനും ദൈവവും

''ജീവിതത്തിലെ ഏറ്റവും മഹത്തായ മുഹൂര്‍ത്തം...!''

ദ്യോഗോ അര്‍മാന്‍ഡോ മറഡോണ ഇങ്ങനെ പറഞ്ഞത് അര്‍ജന്റീന ലോകകപ്പ് നേടിയപ്പോഴായിരുന്നില്ല. പിന്നെയും ഒരു വര്‍ഷത്തിനപ്പുറം നാപ്പോളി ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരായപ്പോഴായിരുന്നു. അര്‍ജന്റീനയെന്നാല്‍ മറഡോണയും മറഡോണയെന്നാല്‍ അര്‍ജന്റീനയും ആയിക്കഴിഞ്ഞിരുന്ന കാലത്തുതന്നെ അതു പറയാന്‍ അയാള്‍ക്ക് വ്യക്തമായ ന്യായങ്ങളുണ്ടായിരുന്നു.

നിങ്ങളൊരു ലോകകപ്പ് ജേതാവല്ലേ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അയാള്‍ അന്നത്തെ ചിലമ്പിച്ച ശബ്ദത്തില്‍ മറുപടി നല്‍കി: ''ഞാന്‍ ലോകകപ്പ് നേടിയത് സ്വന്തം നാട്ടില്‍ വച്ചല്ലല്ലോ, അതിനുള്ള അവസരം 1978-ല്‍ അവരെനിക്കു തന്നില്ലല്ലോ...''

നേപ്പിള്‍സിലെ വീട്

കാലം 1984. ഇറ്റലിയിലെ ഒരുപക്ഷേ, യൂറോപ്പിലെ തന്നെ ഏറ്റവും ദരിദ്രമായ നഗരമാണ് അന്നത്തെ നേപ്പിള്‍സ്. ബാഴ്സലോണയുടെ പ്രൗഢിയും പാരമ്പര്യവും ഉപേക്ഷിച്ച് ലോകത്തെ ഏറ്റവും വിലയേറിയ താരം അവിടേക്കാണ് ചെന്നുകയറുന്നത്. ആ നഗരത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ തന്നെയായിരുന്നു നാപ്പോളി എന്ന ഫുട്‌ബോള്‍ ക്ലബ്ബും. സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന സമയത്ത് മറഡോണയെപ്പോലൊരു സൂപ്പര്‍താരത്തെ ടീമിലെത്തിക്കുക എന്നത് ഇന്നത്തെ ക്ലബ്ബ് ഫുട്‌ബോള്‍ വ്യവസായത്തിന്റെ സാമ്പത്തിക സമവാക്യങ്ങളില്‍ ഒതുങ്ങുന്ന യുക്തിയല്ല.

അയാള്‍ക്കു താമസിക്കാന്‍ ഒരു വീട് വേണമായിരുന്നു. പക്ഷേ, നാപ്പോളിക്കു താങ്ങാവുന്നതില്‍ അധികമായിരുന്നു ആ ഡിമാന്‍ഡ്. അവരൊരു അപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ചു കൊടുത്തു. പിന്നെ അയാള്‍ക്ക് സഞ്ചരിക്കാന്‍ ഒരു ഫെരാരി വേണമായിരുന്നു. നാപ്പോളി കൊടുത്ത ഫിയറ്റില്‍ അയാള്‍ക്കു തൃപ്തനാകേണ്ടിവന്നു.

പക്ഷേ, ചോദിക്കാതെ തന്നെ കിട്ടിയ ഒരുപിടി കാര്യങ്ങള്‍ അയാളെ മറ്റെന്നത്തെക്കാളും സംതൃപ്തനാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. 85,000 പേരാണ് തങ്ങളുടെ രക്ഷകനെ സ്വീകരിക്കാന്‍ കാത്തുനിന്നത്. അയാള്‍ മെല്ലെ തിരിച്ചറിയുകയായിരുന്നു, നേപ്പിള്‍സുകാര്‍ ജീവിക്കുന്നത് അവരവര്‍ക്കു വേണ്ടിയല്ല; കുടുംബം പോറ്റാന്‍ പോലുമല്ല; ഓരോ ഞായറാഴ്ചയും നാപ്പോളിയുടെ കളി കാണാന്‍ വേണ്ടിയാണ്. ബാഴ്സലോണയില്‍ കിട്ടാത്ത പലതും അവിടെ അയാള്‍ക്ക് കിട്ടി, നിര്‍വ്യാജമായ സ്‌നേഹം, അതിലുപരി ബഹുമാനം... അയാളുടെ വീടായി മാറുകയായിരുന്നു നേപ്പിള്‍സ്; ഇറ്റലി മുഴുവനായല്ല, നേപ്പിള്‍സ് എന്ന നഗരം മാത്രം...

തെക്കും വടക്കും

എവേ ഗ്രൗണ്ടുകളില്‍ നാപ്പോളി കളിക്കാനിറങ്ങിയപ്പോഴൊക്കെ കൂക്കുവിളികള്‍ ഉയര്‍ന്നു. ഇറ്റലിയുടെ അഴുക്കുചാലെന്ന് മിലാന്റേയും യുവന്റസിന്റേയും ആരാധകര്‍ അവരെ പരിഹസിച്ചു. കുളിക്കാതെ കോളറ പിടിച്ചവരെന്നു ബാനറെഴുതി. ഇറ്റലിയിലെ ആഫ്രിക്കക്കാരെന്നായിരുന്നു വംശീയതയുടെ പാരമ്യത്തിലെ മറ്റൊരു വിശേഷണം! ഇറ്റലിയുടെ തെക്കും വടക്കും തമ്മിലുള്ള അന്തരം ഓരോ എവേ മത്സരത്തിലൂടെയും കൂടുതല്‍ വ്യക്തമായി തിരിച്ചറിയുകയായിരുന്നു മറഡോണ. അതു റേസിസം തന്നെയായിരുന്നു എന്നയാള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്; താന്‍ അന്നു പ്രതിനിധീകരിച്ചിരുന്നത് ഇറ്റലിയിലെ വിവേചനം നേരിടുന്ന ഒരു മേഖലയെ തന്നെയായിരുന്നു എന്നും.

കോപം, പ്രതിസന്ധികള്‍ക്കെതിരായ പോരാട്ടം- ഇതു രണ്ടുമായിരുന്നു അയാളുടെ ഊര്‍ജ്ജം; രണ്ടും എവേ ഗ്രൗണ്ടുകളില്‍ സുലഭവും! നാപ്പോളിക്കാര്‍ അവര്‍ക്കുള്ളതെല്ലാം അവനു നല്‍കി, സ്വയമൊരു നാപ്പോളിറ്റാനോയായി അവനവരുടെ കടം വീട്ടി. തന്റെ ഗോളുകള്‍ക്കു നീല നിറമാണെന്ന് അന്നയാള്‍ പറഞ്ഞത് അര്‍ജന്റീനയുടെ ആകാശനീലയെക്കുറിച്ചായിരുന്നില്ല, നേപ്പിള്‍സിന്റെ കടല്‍നീലയെക്കുറിച്ചായിരുന്നു.

അവിടെ ജീവിക്കാത്ത ഒരാള്‍ക്കും അവിടത്തുകാര്‍ നേരിടുന്ന കഷ്ടപ്പാടുകളും വിവേചനങ്ങളും മനസ്സിലാക്കാന്‍ കഴിയില്ലെന്ന മറഡോണയുടെ വാക്കുകളില്‍ വിയാ ഫിയോറിറ്റയിലെ ചേരിയുടെ ബാല്യകാല സ്മരണകള്‍ ഇഴചേര്‍ന്നു കിടന്നു.

ഡീഗോയും മറഡോണയും

ശരാശരി ക്ലബ്ബിലേക്ക് താരപ്പൊലിമയുമായി ചെന്നുകയറുന്നൊരു വിദേശ കളിക്കാരന്‍ എന്നതിലപ്പുറമൊന്നും ഫുട്‌ബോള്‍ പണ്ഡിതര്‍ അന്നു പ്രതീക്ഷിച്ചിട്ടില്ല. താരസാന്നിധ്യംകൊണ്ട് കിട്ടാവുന്ന അധിക വരുമാനവും ഫസ്റ്റ് ഡിവിഷനില്‍നിന്നുള്ള തരംതാഴ്ത്തല്‍ ഒഴിവാക്കാന്‍ മാത്രം പോയിന്റുകളുമല്ലാതെ ക്ലബ്ബ് അധികൃതരും അധികം ആഗ്രഹിച്ചിട്ടില്ല.

പക്ഷേ, കളിക്കളത്തില്‍ പൂര്‍ണ്ണത തേടുന്ന ഫുട്‌ബോളര്‍ക്ക് തുടക്കത്തില്‍ ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ലാറ്റിനമേരിക്കയുടെ താളമല്ല ഇറ്റാലിയന്‍ ഫുട്‌ബോളിന്. ടെക്നിക്കും വേഗവും ക്രമപ്പെടുത്താന്‍ നന്നേ ബുദ്ധിമുട്ടിയ ആ കാലത്താണ് ഫെര്‍ണാണ്ടോ സിഗ്നോറിനോ എന്ന പേഴ്സണല്‍ ട്രെയ്നര്‍ അയാളുടെ ജീവിതത്തിനു പുതിയൊരു ഉള്‍ക്കാഴ്ച നല്‍കുന്നത്.

''നിന്റെയുള്ളില്‍ രണ്ടു പേരുണ്ട്; ഒന്ന്, അരക്ഷിതാവസ്ഥയുടെ നടുവില്‍ നില്‍ക്കുന്ന ദ്യോഗോ എന്ന കുട്ടി. രണ്ട്, ഫുട്‌ബോള്‍ എന്ന വ്യവസായത്തിന്റേയും മാധ്യമങ്ങളുടേയും പ്രതീക്ഷകളെ നിരന്തരം അഭിമുഖീകരിക്കേണ്ടിവരുന്ന മറഡോണ. ആ രണ്ടാമന്‍ ഒരിക്കലും തളര്‍ച്ച പുറത്തു കാണിക്കാന്‍ പാടില്ല.''

മറഡോണ എന്ന മനുഷ്യനിലെ ദ്വന്ദ്വവ്യക്തിത്വത്തെ ആദ്യമായി തിരിച്ചറിഞ്ഞത് ഒരുപക്ഷേ, സിഗ്നോറിനോ ആയിരിക്കും. പ്രവചനീയതകള്‍ക്ക് അതീതമായൊരു ജീവിതത്തെ അത്രയും മുന്‍കൂട്ടി നിര്‍വചിക്കുകയായിരുന്നിരിക്കണം അയാള്‍. പിന്നീടുള്ള മറഡോണയുടെ സുപ്രധാന ജീവിതമുഹൂര്‍ത്തങ്ങളിലെല്ലാം വ്യക്തമാണ് ദേവാസുര സമാനമായ ഈ ദ്വന്ദ്വഭാവങ്ങള്‍- 'ദൈവത്തിന്റെ കരസ്പര്‍ശമുള്ള ഗോളിനും' നൂറ്റാണ്ടിന്റെ ഗോളിനും ഒരേ മത്സരത്തില്‍ ഉടയോനായവന്‍; ക്ലോഡിയയെ ചങ്ക് പകുത്ത് സ്‌നേഹിക്കുമ്പോഴും ക്രിസ്റ്റിയാന സിനാഗ്രയുടെ കുട്ടിക്ക് അച്ഛനായവന്‍; തെളിഞ്ഞ നീലയില്‍ അര്‍ജന്റീനയേയും ഇരുണ്ട നീലയില്‍ നാപ്പോളിയേയും ഒരുമിച്ച് പുതച്ചവന്‍; കന്യാമറിയത്തിന്റെ ചിത്രത്തിനും നഗ്‌നയായ മോഡലിന്റെ ചിത്രത്തിനും ക്യാമറയ്ക്കു മുന്നില്‍ ഒറ്റ ശ്വാസത്തില്‍ മുത്തം കൊടുത്തവന്‍; ക്രൂശിതരൂപത്തിനൊപ്പം നേപ്പിള്‍സുകാരുടെ വീടുകളിലെ ചില്ലുകൂടുകളില്‍ കുടിയിരുന്നപ്പോഴും മാഫിയ ബന്ധത്തിന്റെ ദുസ്വാദുകള്‍ ആവോളം നുകര്‍ന്നവന്‍.

കമോറ വലയം

ക്ലബ്ബുമായി കരാറിലെത്തിയ മറഡോണയെ നാപ്പോളി അധികൃതര്‍ ആദ്യമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ചപ്പോള്‍ ഉയര്‍ന്ന ഒന്നാമത്തെ ചോദ്യം ഫുട്‌ബോളിനെക്കുറിച്ചായിരുന്നില്ല.

''കമോറ പണത്തെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല ബോധ്യവുമുണ്ടോ?''

അജ്ഞാതനായ ഏതോ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം കേട്ട സൂപ്പര്‍താരം അന്തംവിട്ടിരിക്കുമ്പോള്‍, ക്ലബ്ബ് പ്രസിഡന്റ് കൊറാഡോ ഫെര്‍ലെയ്നോയാണ് മറുപടി നല്‍കിയത്, ചോദ്യകര്‍ത്താവിനെ ഹാളില്‍നിന്നു പുറത്താക്കിക്കൊണ്ട്!

അടുക്കാന്‍ പാടില്ലാതിരുന്ന ഒന്നിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുകയായിരുന്നു മറഡോണ, പില്‍ക്കാലത്ത് തന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ പോകുന്ന കമോറയെക്കുറിച്ച്, പതിനേഴാം നൂറ്റാണ്ട് മുതല്‍ ഇറ്റലിയിലെ സമാന്തര സമ്പദ്വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന ക്രിമിനല്‍ മാഫിയസംഘങ്ങളെക്കുറിച്ച്...

അയാളുടെ ചിത്രം ചുവരിലൊട്ടിക്കാത്ത വീടുകള്‍ നാപ്പോളിയില്‍ ഇല്ലെന്നായി. അപ്പോഴാണ് ദൈവത്തിന് കിങ്കരന്‍മാരുണ്ടാകുന്നത്. കമോറ വംശത്തിലെ കരുത്തന്‍മാരായിരുന്ന ഗിലിയാനോ കുടുംബം ആ ദൈവത്തെ തങ്ങളുടെ സ്വകാര്യ അഹങ്കാരമാക്കിക്കൊണ്ടിരിക്കുകയായിരുന്നു, അയാള്‍ പോലുമറിയാതെ.

നൈറ്റ് പാര്‍ട്ടികളും സംഗീതവിരുന്നുകളും ഓരോ സന്ദര്‍ശനത്തിലും കൈത്തണ്ടയില്‍ അണിയിച്ച സ്വര്‍ണ്ണ റാഡോ വാച്ചുകളും... അവിടംകൊണ്ടും അവസാനിക്കാതെ അന്ത്യകാലം വരെ വരിഞ്ഞുമുറുക്കിയ ലഹരിയുടെ വലക്കണ്ണികളിലെ ആദ്യത്തെ കുരുക്കും ഗിലിയാനോമാര്‍ അന്നവന്റെ കഴുത്തിലണിയിച്ചുകൊടുത്തു. ഇരുകയ്യിലും വാച്ചും സിരകളില്‍ ലഹരിയുടെ ദംശനവുമായി അവന്റെ രാത്രികളോരോന്നും ഗിലിയാനോമാരുടെ ഉരുക്കുമുഷ്ടികളില്‍ ഞെരിഞ്ഞുകൊണ്ടിരുന്നു.

മറഡോണ ഭാര്യ ക്ലൗഡിയ വിൽഫെയ്നും മകളും. 1989ലെ ചിത്രം
മറഡോണ ഭാര്യ ക്ലൗഡിയ വിൽഫെയ്നും മകളും. 1989ലെ ചിത്രം

ക്ലോഡിയയും ക്രിസ്റ്റിയാനയും

പതിന്നാലുകാരിയായ ക്ലോഡിയയെ പരിചയപ്പെടുമ്പോള്‍ മറഡോണയ്ക്ക് പതിനഞ്ചാണ് പ്രായം. അമ്മയെ ഒളിച്ചും ക്യാമറകളെ ഒളിക്കാതേയും നേപ്പിള്‍സിലും അവന്റെയൊപ്പം അവളുണ്ടായിരുന്നു.

''ഞാന്‍ ക്ലോഡിയയുമായി പ്രണയത്തിലാണ്. പക്ഷേ, ഞാനൊരു വിശുദ്ധനൊന്നുമല്ല....'', രാത്രിജീവിതത്തെക്കുറിച്ചുള്ള മാധ്യമവിചാരണയ്ക്ക് അവന്‍ മറുപടി നല്‍കി. പുകഴ്പെറ്റ ഇറ്റാലിയന്‍ പ്രതിരോധത്തെപ്പോലും പന്തുകളിക്കുമ്പോള്‍ തന്റെ താളത്തിനൊത്തു തുള്ളിച്ചവന്‍ ഏതു സംഗീതത്തിനൊപ്പവും നൃത്തം വയ്ക്കാന്‍ പോന്ന താളബോധത്തിനും ഉടമയായിരുന്നു. അവനൊപ്പം ആടിയവരും പാടിയവരും ഉറങ്ങിയവരുമെല്ലാം ഗോസിപ്പ് കോളങ്ങള്‍ നിറച്ചപ്പോഴൊക്കെ ക്ലോഡിയയ്ക്കു മുന്നില്‍ ക്ഷമാപണവുമായി നിന്നിട്ടുണ്ട് ദ്യോഗോ.

പക്ഷേ, അങ്ങനെയൊരു ക്ഷമാപണത്തില്‍ പെട്ടെന്നങ്ങു മാഞ്ഞുപോകുന്നതായിരുന്നില്ല ക്രിസ്റ്റ്യാന സിനാഗ്രയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്നുതുടങ്ങിയ ദ്യോഗോയുടെ ജീവാംശം. പതിനഞ്ചാം വയസ്സ് മുതല്‍ അച്ഛനമ്മമാര്‍ക്കു വീട് വയ്ക്കാന്‍ സമ്പാദിച്ചു തുടങ്ങിയപ്പോള്‍ നഷ്ടമായ ജീവിതാഘോഷങ്ങള്‍, നിശാടനങ്ങള്‍ക്കും നിദ്രാടനങ്ങള്‍ക്കുമൊക്കെ ഉചിതമായ ന്യായമായിരുന്നു അവന്. പക്ഷേ, കുട്ടിയുണ്ടാകുക എന്നൊക്കെ പറഞ്ഞാല്‍ അതൊന്നും ഉള്‍ക്കൊള്ളാനാവുന്ന പാകത വന്നിട്ടില്ല അന്നത്തെ ദ്യോഗോയ്ക്ക്.

അപ്പോഴേക്കും മെക്സിക്കോയില്‍ ലോകകപ്പിനു കളമൊരുങ്ങിക്കഴിഞ്ഞിരുന്നു. അപരിചിതമല്ലാത്ത പതിവ് ശൈലിയില്‍ അവസാന നിമിഷം തട്ടിമുട്ടി യോഗ്യത ഉറപ്പിച്ചിരുന്നു അര്‍ജന്റീന. ആരാധകര്‍ക്കുപോലും വിശ്വാസമില്ലാതിരുന്ന ഒരു ടീം.

പക്ഷേ, മറഡോണയുടെ ഇടങ്കാല്‍ ഇറ്റലിയുടെ ഇടനെഞ്ച് തകര്‍ത്തതോടെ പ്രതീക്ഷകള്‍ക്കു പുതിയ ചൂടും ചൂരുമായി. ഇത് മറഡോണയുടെ ലോകകപ്പ് ആകുമെന്ന് മാധ്യമങ്ങള്‍ അച്ചുനിരത്തി. ഇതു മറഡോണയുടെ ലോകകപ്പാണെങ്കില്‍ ഇതു അര്‍ജന്റീനയുടെ ലോകകപ്പ് ആയിരിക്കുമെന്ന് മറഡോണ മറുപടി പറഞ്ഞു.

കളത്തിലിറങ്ങിയാല്‍ കളിയല്ലാത്ത സകലതും, ജീവിതം പോലും മറക്കുമെന്ന സ്വയം വിലയിരുത്തല്‍പോലെ അവന്‍ മെക്സിക്കോയില്‍ ഡീഗോയെ മാറ്റിനിര്‍ത്തി; മറഡോണയായി; ക്രിസ്റ്റിയാനയെ മറന്നു.

ഫാക്ക്ലാന്‍ഡിന്റെ അവകാശത്തിനുവേണ്ടി ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധം ചെയ്തിരുന്ന കാലത്ത് മെക്സിക്കോയിലെ കളിക്കളത്തില്‍ മറ്റൊരു യുദ്ധത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. പില്‍ക്കാലത്ത് മറഡോണയെ വെറുക്കപ്പെട്ടവനാക്കിയ ഗോളും അനശ്വരനാക്കിയ ഗോളും ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിറന്നു.

ഫസ്റ്റ് ഡിവിഷന്‍ കളിച്ച് കുറച്ച് കാശുണ്ടാക്കി അച്ഛനമ്മമാരെ ചേരിയില്‍നിന്നൊന്നു മാറ്റി താമസിപ്പിക്കാന്‍ മാത്രം മോഹിച്ചവന്‍ ഒടുവില്‍ പശ്ചിമ ജര്‍മനിയേയും മുട്ടുകുത്തിച്ച് സ്വര്‍ണക്കപ്പും സ്വര്‍ണ്ണപ്പന്തുമായാണ് നാട്ടിലേക്കു മടങ്ങിയത്.

നേപ്പിള്‍സിനു പിന്നാലെ അര്‍ജന്റീനയും രക്ഷകനെ വാഴ്ത്തി. നേപ്പിള്‍സിലെ ആശുപത്രിയില്‍ ക്രിസ്റ്റ്യാന പ്രസവിച്ചു. അവളാ കുട്ടിക്ക് ഡീഗോ അര്‍മാന്‍ഡോ ജൂനിയര്‍ എന്നു പേരിട്ടു. അതു മറഡോണയുടെ മകനാണെന്ന് ലോകത്തോടു മുഴുവന്‍ വിളിച്ചുപറഞ്ഞു. ക്ലോഡിയയ്ക്കു മുന്നില്‍ ഡീഗോ ഒരിക്കല്‍ക്കൂടി മുട്ടുകുത്തി, കണ്ണീരൊഴുക്കി, ക്രിസ്റ്റിയാനയേയും കുട്ടിയേയും തള്ളിപ്പറഞ്ഞു. അവള്‍ പിന്നെ ക്രിസ്റ്റ്യാനയെക്കുറിച്ച് ചോദിച്ചില്ല, ക്രിസ്റ്റിയാനയും പിന്നെ അവനോടും ഒന്നും ചോദിച്ചില്ല.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ യുവന്റസോ മിലാനോ തങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങുമ്പോള്‍ നാപ്പോളിയുടെ ആരാധകര്‍ ആഹ്ലാദം താങ്ങാനാവാതെ ബോധംകെട്ടു വീണു, ചിലര്‍ക്ക് ഹൃദയാഘാതമുണ്ടായി. പക്ഷേ, അവിശ്വസനീയതകളുടെ തമ്പുരാന്റെ അത്ഭുതപ്രവൃത്തികള്‍ അവിടെ അവസാനിച്ചില്ല. ഒറ്റപ്പെട്ട വിജയങ്ങളല്ല, അപ്രമാദിത്വം മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. അതിനു പ്രതിബന്ധം പ്രതിഭകളുടെ കുറവല്ല, മനോഭാവം മാത്രമാണെന്നു കൃത്യമായി തിരിച്ചറിയാന്‍ മറഡോണയ്ക്കായി.

അയാള്‍ക്കൊപ്പമുള്ള ആദ്യ സീസണില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത നാപ്പോളി 1986-'87 സീസണില്‍ ലീഗ് ചാംപ്യന്‍മാരായി; നേപ്പിള്‍സിലെ ആഘോഷങ്ങള്‍ രണ്ടു മാസം നീണ്ടുനിന്നു.

ബൈബിളില്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത ഇസ്രായേല്യരായിരുന്നെങ്കില്‍ ഫുട്‌ബോളില്‍ മറഡോണയുടെ തെരഞ്ഞെടുക്കപ്പെട്ട ജനതയായി നേപ്പിള്‍സുകാര്‍ സ്വയം വിശേഷിപ്പിച്ചു; അവനെ രക്ഷകനെന്നു വിളിച്ചു. അതു വെറും വിശേഷണമായിരുന്നില്ല, നഗരത്തിന്റെ പാലകപുണ്യവാളനായ സെയ്ന്റ് ഗെന്നാരോയ്‌ക്കൊപ്പമാണ് അവര്‍ മറഡോണയ്ക്കു നല്‍കിയ സ്ഥാനം. പരിശോധനയ്ക്കുവേണ്ടി അയാളുടെ ബ്ലഡ് സാമ്പിള്‍ ശേഖരിച്ച നഴ്സ് ആ കുപ്പി സെയ്ന്റ് ഗെന്നാരോയുടെ പള്ളിയില്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചു.

മറഡോണ അപ്പോഴും ആളുകളുടെ സന്തോഷത്തിനുവേണ്ടി കളിക്കുകയും ഡീഗോ സ്വന്തം സന്തോഷത്തിനുവേണ്ടി ജീവിക്കുകയും ചെയ്തു.

ലീഗ് കിരീടത്തിനു പിന്നാലെ ഇറ്റാലിയന്‍ കപ്പും മറഡോണയുടെ സംഘം നേപ്പിള്‍സിലേക്കു കൊണ്ടുവന്നു. അവര്‍ അയാളെ സ്‌നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. സിനിമയ്‌ക്കോ ഷോപ്പിങ്ങിനോ ഒന്നും പോകാനാവാതെ, ആള്‍ക്കൂട്ടത്തെ ഒളിക്കാതെ പുറത്തിറങ്ങാന്‍പോലുമാകാതെ ഡീഗോയ്ക്ക് ശ്വാസംമുട്ടി. ഗിലിയാനോമാരുടെ നിഗൂഢ സങ്കേതകങ്ങള്‍ അയാള്‍ക്ക് അഭയമായി; ലഹരിയുടെ മോഹാലസ്യങ്ങളില്‍ അയാളെ എന്നേയ്ക്കുമായി തളച്ചിടാന്‍ മാത്രം ആഴമുണ്ടായിരുന്നു അവരുടെ കൊടിയ വിഷലിപ്തമായ ആതിഥ്യത്തിന്. ഡീഗോ പൂര്‍ണ്ണമായി മറഡോണയായി മാറുകയായിരുന്നു എന്നാണ് ക്ലോഡിയ പിന്നീട് ദുഃഖത്തോടെ ആ സമയത്തെ ഓര്‍ത്തെടുത്തത്.

ആ മാറ്റം പൂര്‍ണ്ണമാകുന്നതിനു തൊട്ടുമുന്‍പ് എപ്പോഴോ അയാളും അതു തിരിച്ചറിഞ്ഞിട്ടുണ്ടാകണം. മറ്റേതെങ്കിലും നാട്ടില്‍ പോയി കുറച്ചു കാലം കൂടി പന്തു തട്ടി ശാന്തമായി കരിയര്‍ അവസാനിപ്പിക്കാന്‍ അയാള്‍ ആഗ്രഹിച്ചു; തന്നെ വില്‍ക്കാന്‍ ക്ലബ്ബിനോട് അപേക്ഷിച്ചു. ഫെര്‍ലെയ്നോ വഴങ്ങിയില്ല. ഏതു ലഹരിയുടെ മായികവലയത്തിലായാലും അയാള്‍ കളിക്കളത്തില്‍ മറഡോണയായി തുടരുന്ന കാലത്തോളം ക്ലബ്ബിന് അയാളെ വില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

അന്നത്തെ യൂറോപ്യന്‍ ക്ലബ്ബ് കിരീടമായിരുന്ന യുവേഫ കപ്പും നാപ്പോളിയുടെ ഷോക്കേസിലെത്തിയപ്പോള്‍, തന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഫെര്‍ലെയ്നോ അഭിമാനിച്ചു. പക്ഷേ, ആ പിടിവാശിക്കു മുന്നില്‍ മറഡോണയില്‍നിന്ന് ഡീഗോയുടെ അവസാനത്തെ കണികയും ചോര്‍ന്നുപോകുകയായിരുന്നു. ലഹരിയില്‍ മുങ്ങിയ നിശാന്ത്യങ്ങളില്‍ വീട്ടില്‍ ചെന്നു കയറി പെണ്‍മക്കളുടെ മുഖത്തു നോക്കാന്‍ ത്രാണിയില്ലാതെ അയാള്‍ കുളിമുറിയില്‍ ഒളിച്ചിരുന്നു കരഞ്ഞു.

മറഡോണ പിന്നെയും നാപ്പോളിയുടെ നീലക്കുപ്പായമിട്ട് പന്തുതട്ടി. ഡോപ്പ് ടെസ്റ്റുകള്‍ക്ക് കാര്‍ക്കശ്യമേറും മുന്‍പുള്ള ആ കാലത്ത് മറ്റാരുടെയെങ്കിലും മൂത്രസാമ്പിളുകള്‍ പരിശോധനയ്ക്കു നല്‍കി അവരയാളെ 'സംരക്ഷിച്ചു' പോന്നു. പരുക്കുകളുടെ വേദനയറിയാതെ കളത്തിലിറങ്ങാന്‍ അവരയാളുടെ മുതുകില്‍ അതിലും വേദനയുള്ള കുത്തിവയ്പ്പുകള്‍ കൊടുത്തു. അവരുടെ ശേഖരത്തിലേക്ക് ഒരു ലീഗ് കിരീടം കൂടി വന്നുചേര്‍ന്നു. അതെ, മറഡോണയുടെ നേപ്പിള്‍സ് പിന്നെയും ജയിച്ചുകൊണ്ടിരുന്നു, പക്ഷേ, ക്ലോഡിയയുടെ ഡീഗോ മരിച്ചുകഴിഞ്ഞിരുന്നു.

ഇറ്റലിയെ പിളര്‍ത്തിയ ദൈവവചനങ്ങള്‍

ഇറ്റാലിയ 90, സ്വന്തം മണ്ണില്‍ ഇറ്റലി ലോകകപ്പ് ഉയര്‍ത്തുമെന്നുറപ്പിച്ച് കാത്തിരിക്കുന്ന ഗാലറികള്‍. അത്രയ്ക്ക് സുശക്തമായ ടീമായിരുന്നു വാള്‍ട്ടര്‍ സെംഗയുടെയും ഫ്രാങ്കോ ബരേസിയുടേയും പൗലോ മാള്‍ഡീനിയുടേയും റോബര്‍ട്ടോ ഡോണാഡോണിയുടേയും റോബര്‍ട്ടോ ബാജിയോയുടേയും സാല്‍വദോര്‍ ഷിലാച്ചിയുടേയും ഇറ്റലി, വാതുവയ്പ്പുകാരുടെ ഹോട്ട് ഫേവറിറ്റ്!

പക്ഷേ, നേപ്പിള്‍സില്‍ റൊമാനിയയെ നേരിട്ട അര്‍ജന്റീനയ്ക്കുവേണ്ടി ഗാലറിയിലെ അരലക്ഷം കണ്ഠനാളങ്ങള്‍ ആര്‍ത്തുവിളിച്ചു. എന്നാല്‍, ഇറ്റലിയില്‍ മറ്റൊരു വേദിയും മറഡോണയ്ക്ക് കൂക്കുവിളിയല്ലാതെ മറ്റൊന്നും നല്‍കിയില്ല. അപ്പോഴും ഘനീഭൂതമായിക്കിടന്ന നാപ്പോളിയോടുള്ള അറപ്പും വെറുപ്പും മറഡോണയ്ക്കും അര്‍ജന്റീനയ്ക്കും കൂടി പകര്‍ന്നുനല്‍കുകയായിരുന്നു ഇറ്റലിക്കാര്‍. ദേശീയ ടീം എന്ന വികാരം നല്‍കിയ ഇച്ഛാശക്തിക്കു മുന്നില്‍ മയക്കുമരുന്നിന്റെ ലഹരി മറഡോണയെ വിട്ടകന്നുനിന്ന ഹ്രസ്വകാലം.

സെമിഫൈനല്‍ ലൈനപ്പ് വന്നപ്പോള്‍ ഇറ്റലിയും അര്‍ജന്റീനയും നേര്‍ക്കുനേര്‍, വേദി സാന്‍ പാവ്‌ലോ സ്റ്റേഡിയം, നേപ്പിള്‍സ്!

ആരെ തുണയ്ക്കും ഹോം ക്രൗഡ്?

''നിങ്ങള്‍ക്കു വേണ്ടപ്പോള്‍ ഞാനുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ടീമിനു നിങ്ങളെ വേണം'', മറഡോണയുടെ വാക്കുകള്‍ നേപ്പിള്‍സിലെ ജനത ഇടയലേഖനം പോലെ ഏറ്റുവാങ്ങി. രാജ്യത്തിന്റെ തെക്കും വടക്കും ഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിഭാഗീയതയെ അയാള്‍ മുതലെടുക്കുകയാണെന്ന് ആരോപണങ്ങളുയര്‍ന്നു. പക്ഷേ, കാലാകാലം ഇറ്റലിയുടെ ഇതരഭാഗങ്ങള്‍ അടിച്ചേല്പിച്ചുകൊണ്ടിരുന്ന വിവേചനത്തിന് നേപ്പിള്‍സുകാര്‍ ഗാലറിയില്‍ മറുപടി നല്‍കുകതന്നെ ചെയ്തു, അര്‍ജന്റീനയ്ക്കു ജയ് വിളിച്ചുകൊണ്ട്!

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറഡോണ എടുത്ത ഷോട്ട് വാള്‍ട്ടര്‍ സെംഗ കാത്ത വലയിലേക്ക് ഉരുണ്ടുകയറുമ്പോള്‍ നേപ്പിള്‍സിനു പുറത്തുള്ള ഇറ്റലിക്കാരുടെ മനസ്സില്‍ അയാളോടുള്ള പക പിന്നെയും പടര്‍ന്നുകയറുകയായിരുന്നു. ഫൈനലില്‍ പശ്ചിമജര്‍മനി അര്‍ജന്റീനയോട് നാലു വര്‍ഷം പഴക്കമുള്ള കണക്കുതീര്‍ത്തപ്പോള്‍ അവര്‍ അല്പം ആശ്വസിച്ചു. എങ്കിലും ലൂസിഫര്‍ നേപ്പിള്‍സില്‍ ജീവിക്കുന്നു എന്നവര്‍ പോസ്റ്ററെഴുതി. ഇറ്റലിയുടെ ഒരു ഭാഗത്ത് ദൈവവും മറു ഭാഗത്ത് ചെകുത്താനുമായി ഒരേയൊരു മറഡോണ. ഇറ്റലിയിലെ ഏറ്റവും വെറുക്കപ്പെടുന്ന വ്യക്തിത്വത്തെ കണ്ടെത്താനുള്ള അഭിപ്രായ സര്‍വേയില്‍ ആ പേര് ഒന്നാമതായി ഇടംപിടിച്ചു!

എര്‍മിനിയ ഗിലിയാനോ- ഫോര്‍സെല്ലയിലെ കമോറ സംഘത്തിന്റെ ആസ്ഥാനത്തേക്ക് അയാളൊരു കാന്തം പോലെ മറഡോണയെ നിരന്തരം ആകര്‍ഷിച്ചുകൊണ്ടിരുന്നു. ''നിനക്ക് എന്തു പ്രശ്‌നം വന്നാലും നോക്കാന്‍ ഞങ്ങളുണ്ട്'' എന്ന അയാളുടെ വാക്കുകള്‍, അരക്ഷിതാവസ്ഥകള്‍ വലയം ചെയ്ത ചേരിപ്പുരയില്‍ ജനിച്ചുവീണവനു സ്വയമൊരു സിനിമയിലേക്കു നടന്നുകയറുന്ന അനുഭൂതിയാണ് സമ്മാനിച്ചത്. പാതിരാ പിന്നിട്ട നേരത്ത് തന്റെ മോട്ടോര്‍ സൈക്കിളിനു പിന്നാലെ മറഡോണയെക്കൊണ്ട് ഡ്രൈവ് ചെയ്യിച്ച് നഗരികാണിക്കല്‍ നടത്തിയിട്ടുണ്ടയാള്‍; ഹൈ പ്രൊഫൈല്‍ സൗഹൃദത്തിന്റെ പെരുമ കാണിച്ച് മേനി നടിക്കാന്‍ വേണ്ടി മാത്രം.

പക്ഷേ, കമോറയുടെ മടയില്‍ ദൈവം കുടിയിരിക്കുന്നത് പലര്‍ക്കും ദഹിക്കുന്നുണ്ടായിരുന്നില്ല. ഞരമ്പുകള്‍ക്കു തീപിടിപ്പിക്കാന്‍ പെണ്ണിനും കൊക്കെയ്നും വേണ്ടി അയാള്‍ നടത്തിയ ഫോണ്‍ കോളുകള്‍ ടാപ്പ് ചെയ്യപ്പെട്ടു. അന്വേഷണമായി. കൊക്കെയ്ന്‍ ഉപയോഗിച്ചതിനു മാത്രമല്ല, അന്തിക്കൂട്ടിനു വന്നവളുമായി അതു പങ്കുവച്ചത് മയക്കുമരുന്ന് വിതരണത്തിന്റെ വകുപ്പിലും കുറ്റമായി.

ഇരുട്ടിന്റെ മറവിലുള്ള കച്ചവടം മാത്രം ചെയ്തുപോന്ന കമോറയുടെ സമാന്തര സംവിധാനങ്ങള്‍ക്കും ഗിലിയാനോമാരുടെ മറഡോണ ബന്ധം തലവേദനയായി. കോടതിയുടേയും വിചാരണകളുടേയും പകല്‍വെളിച്ചത്തിലേക്കു കടന്നുനില്‍ക്കേണ്ടിവരുമെന്നായപ്പോള്‍ അവരും മറഡോണയെ കൈവെടിഞ്ഞു.

കേസ് ഒത്തുതീര്‍പ്പായി, ഒരു വര്‍ഷത്തെ സസ്പെന്റഡ് സെന്റന്‍സും വന്‍തുക പിഴയും.

ജയിലില്‍ കിടക്കേണ്ടാത്ത തടവുശിക്ഷാ കാലത്തും അയാള്‍ നാപ്പോളിക്കുവേണ്ടി ബൂട്ട് കെട്ടി. പക്ഷേ, അവിടത്തെ സംരക്ഷണവും അവസാനിച്ചിരുന്നു. ഡോപ്പ് ടെസ്റ്റില്‍ അയാള്‍ പിടിക്കപ്പെട്ടു. ആര്‍ക്കും അതില്‍ അത്ഭുതമുണ്ടായില്ല. അയാളുടെ രാത്രിജീവിതങ്ങള്‍ അത്രത്തോളം കുപ്രസിദ്ധമായിക്കഴിഞ്ഞിരുന്നു.
അയാള്‍ പരാതി പറഞ്ഞില്ല; പരിഭവിക്കുക മാത്രം ചെയ്തു; ''മറഡോണയില്‍നിന്ന് നാപ്പോളിയെ രക്ഷിച്ചുകൊള്ളാന്‍ ഞാന്‍ എന്നേ നിങ്ങളോടു പറഞ്ഞിരുന്നതല്ലേ?''

അയാളെ തീര്‍ത്തുകളയാന്‍ തക്കംപാര്‍ത്തിരുന്നവര്‍ കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി. അന്നത്തെ നിയമമനുസരിച്ച് ആറുമാസം ശിക്ഷ പ്രതീക്ഷിക്കാവുന്ന കുറ്റത്തിന് 15 മാസത്തെ വിലക്ക് വന്നു; ഇറ്റലിയുടെ ഫുട്‌ബോള്‍ ചരിത്രം അന്നോളം കണ്ടുള്ളതില്‍വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ വിലക്ക്. ഫിഫയും അതേറ്റെടുത്തു.

നേപ്പിൾസിന്റെ ആകാശനീലിമ
നേപ്പിൾസിന്റെ ആകാശനീലിമ

നേപ്പിള്‍സ് എന്ന കാപ്സ്യൂള്‍

പെട്ടെന്നു കയ്യില്‍ കിട്ടിയതെല്ലാം പാക്ക് ചെയ്ത് ക്ലോഡിയ കാത്തിരുന്നു അവളേയും കുട്ടികളേയും കൂട്ടി ദ്യോഗോ മറഡോണ ഇറ്റലിയോട് വിടപറഞ്ഞു. മധ്യധരണ്യാഴിയെക്കാള്‍ ഉച്ചത്തില്‍ ആര്‍ത്തിരമ്പിയ ജനസമുദ്രത്തിനു നടുവിലേക്ക് ഏഴു വര്‍ഷം മുന്‍പുതന്നെ സ്വാഗതം ചെയ്ത നേപ്പിള്‍സില്‍നിന്നു മടങ്ങിപ്പോകുമ്പോള്‍ അയാള്‍ തനിച്ചായിരുന്നു.

ഡീഗോ മറഡോണയുടെ ജീവചരിത്രത്തിന്റെ സംഗ്രഹമാണ് നേപ്പിള്‍സിലെ ജീവിതം. അയാള്‍ നേരിട്ട സകല ഉയര്‍ച്ചതാഴ്ചകളുടേയും അയാള്‍ പ്രകടിപ്പിച്ച സകല വിരുദ്ധഭാവങ്ങളുടേയും ആകെത്തുക അവിടെ ജീവിച്ച ഏഴു വര്‍ഷം അടയാളപ്പെടുത്തിയിട്ടുണ്ട്.

പൂര്‍ത്തിയാക്കാത്ത ഒരു ലോകകപ്പ് കൂടി അയാളുടെ കരിയറില്‍ പിന്നീട് എഴുതിച്ചേര്‍ക്കാനുണ്ടായിരുന്നെങ്കിലും മറഡോണ എന്ന ഫുട്‌ബോളറുടെ പതനം അതിനകം പൂര്‍ത്തിയാകുകയും മിത്തുകള്‍ മാത്രം ശേഷിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com