എന്തുകൊണ്ട് ഇങ്ങനെയൊരു മറഡോണ?  തിരുശേഷിപ്പിലെ നിഴലും നിലാവും

ജീവിതങ്ങള്‍ കൊഴിഞ്ഞുവീണാല്‍ പിന്നെ അത് ഭൂതകാലത്തിന്റെ കാഴ്ചബംഗ്ലാവിലെ പ്രദര്‍ശനവസ്തുക്കളായി മാറും. അതിനരികിലൂടെയാണ് ഭാവിയിലേക്കുള്ള വഴിവെട്ടുന്നത്. 
നേപ്പിള്‍സില്‍ നടന്ന ഒരു മത്സരത്തിന് ശേഷം
നേപ്പിള്‍സില്‍ നടന്ന ഒരു മത്സരത്തിന് ശേഷം

റഡോണയുടെ ജീവിതത്തിനുമുണ്ട് ഒന്നാംപകുതിയും രണ്ടാംപകുതിയും. ആദ്യപകുതിയില്‍ ഇടതുകാലിന്റെ പെരുങ്കളിയാട്ടം. പ്രതിഭ, സര്‍ഗ്ഗാത്മകത, ഇതിഹാസം. രണ്ടാംപകുതിയില്‍ മദ്യം, മയക്കുമരുന്ന്, രോഗം. യവനകഥയുടെ വീഞ്ഞുമുത്തിയപോലെ ശരീരത്തിന്റെ ധൂര്‍ത്ത്. ഏതു പകുതിയാണ് ശരി?

രണ്ടുപകുതിയും ശരിയാണ്. രണ്ടും മറഡോണ തന്നെയാണ്. ആദ്യ പകുതിയില്‍ പ്രതിയോഗികളോട് കളിച്ചു. രണ്ടാം പകുതിയില്‍ തന്നോട് തന്നെ കളിച്ചു. പന്തും ജീവിതവും ഒരേ വികാരവായ്പോടെ തട്ടിക്കളിച്ചു. ഒരു ജീവിതം മറഡോണ തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ജീവിച്ചുതീര്‍ത്തു. ഫ്രീ കിക്കുകള്‍ തൊടുക്കുമ്പോള്‍ മുന്നിലുയര്‍ന്ന പ്രതിരോധത്തിന്റെ മതിലുകള്‍ അവജ്ഞയോടെ തള്ളി; കളിയിലും പുറത്തും. അടങ്ങാത്ത യാഗാശ്വമായി യുദ്ധഭൂമികളിലേക്കു കുതിച്ചുകൊണ്ടേയിരുന്നു ആ കാലുകള്‍.

ജീവിതങ്ങള്‍ കൊഴിഞ്ഞുവീണാല്‍ പിന്നെ അത് ഭൂതകാലത്തിന്റെ കാഴ്ചബംഗ്ലാവിലെ പ്രദര്‍ശനവസ്തുക്കളായി മാറും. അതിനരികിലൂടെയാണ് ഭാവിയിലേക്കുള്ള വഴിവെട്ടുന്നത്. പ്രദര്‍ശനവസ്തുകള്‍ കാഴ്ചക്കാരെ ഓര്‍മ്മകളിലേക്കു കൊണ്ടുപോകും. ചരിത്രത്തെ തൊടും; സംസ്‌കാരത്തെ അറിയും. ഇല്ലാതായ മറഡോണ ഭാവിയോട് എന്തായിരിക്കും പറയുക?

ഒന്നര മണിക്കൂറിലും എക്‌സ്ട്രാ ടൈമിലും പെനാല്‍റ്റി ഷൂട്ടൗട്ടിലും അവസാനിക്കുന്ന കളി മാത്രമായിരുന്നില്ല മറഡോണയ്ക്ക് ജീവിതം. മറഡോണ പ്രതീകമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ പ്രതിഭാസമാകുന്നവര്‍ മരണശേഷം പ്രതീകമായി മാറും. മറഡോണ പ്രതീകമാണ്- കളിയുടെ, കലാപത്തിന്റെ, കാഴ്ചപ്പാടിന്റെ, ഉന്മാദത്തിന്റെ, ലഹരിയുടെ. 

ആരാണ് നൂറ്റാണ്ടിലെ ഏറ്റവും നല്ല കളിക്കാരന്‍ എന്നത് അവസാനിക്കാത്ത തര്‍ക്കമാകാം. ലോകഫുട്ബോള്‍ സംഘടനയ്ക്കുപോലും അതിനു കൃത്യമായ ഉത്തരമുണ്ടായില്ല. ഫിഫ മാഗസിനും ഫിഫ ഫുട്ബോള്‍ കമ്മിറ്റിയും നടത്തിയ വോട്ടെടുപ്പില്‍ പെലെ മുന്നിലെത്തി. ഫിഫ ഡോട് കോമിന്റെ കണക്കെടുപ്പില്‍ മറഡോണ ഒന്നാമതായി. അതുകൊണ്ട് മറഡോണയ്ക്കും പെലെയ്ക്കും ഈ ബഹുമതി പങ്കുവെച്ച് ഫിഫ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു.

രണ്ടുപേരും ഒരേ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളാണെങ്കിലും രണ്ടുപേര്‍ക്കും രണ്ട് ഭ്രമണപഥങ്ങളായിരുന്നു, രണ്ട് കാഴ്ചപ്പാടുകളായിരുന്നു. മാനത്തിരുന്നു കണ്ണിറുക്കി കാണിക്കാന്‍ മാത്രമുള്ളതല്ല നക്ഷത്രങ്ങള്‍ എന്ന് മറഡോണ തെളിയിച്ചു. അധികാര കേന്ദ്രങ്ങള്‍ക്കു നേരെ അസ്വസ്ഥമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മറഡോണ മടിച്ചില്ല. അര്‍ജന്റീനയിലെ കടലോര നഗരമായ മാര്‍ ദെല്‍ പ്ലാറ്റയില്‍ ചേര്‍ന്ന സമാന്തര ഉച്ചകോടിയില്‍ മറ്റൊരു മറഡോണയെ കണ്ടു. മാര്‍ ദെല്‍ പ്ലാറ്റയിലെ ലോകകപ്പ് സ്റ്റേഡിയമായിരുന്നു വേദി. അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പങ്കെടുക്കുന്ന ഉച്ചകോടിക്ക് ബദലായിരുന്നു ഈ ഒത്തുചേരല്‍. ഏതാണ്ട് അരലക്ഷം പേരുണ്ട് സ്റ്റേഡിയത്തില്‍. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കമ്പനികളും അസംസ്‌കൃത സാധനങ്ങള്‍ വില്‍ക്കുന്നതില്‍ അമേരിക്കക്കു മുന്‍ഗണന നല്‍കണമെന്നു നിഷ്‌ക്കര്‍ഷിച്ച സ്വതന്ത്ര വ്യാപാരക്കരാറിന് എതിരെയായിരുന്നു പ്രക്ഷോഭത്തിന്റെ കൊടിപറത്തിയ ഈ സമാന്തര ഉച്ചകോടി. വെനസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചു. വാക്കുകളില്‍ അഗ്‌നികൊളുത്തിയശേഷം ഷാവേസ് മറഡോണയെ ക്ഷണിച്ചു. ഫുട്ബോള്‍ വേദിയില്‍ തടിച്ചുകൂടിയവരെ സാക്ഷിനിര്‍ത്തി മറഡോണ പ്രഖ്യാപിച്ചു: ''ഞാന്‍ പൂര്‍ണ്ണമായും ഇടതുവിങ്ങിലാണ്.'' ഇതു പറയുന്ന പലരുമുണ്ട്. പക്ഷേ, മറഡോണ പറയുമ്പോള്‍ അതിന്റെ പ്രതിദ്ധ്വനി ഭൂചക്രവാളത്തോളം പരക്കും.

മറഡോണയും ഫിദല്‍ കാസ്‌ട്രോയും
മറഡോണയും ഫിദല്‍ കാസ്‌ട്രോയും

ഇടതുവിങ്ങില്‍നിന്നും മാറാത്ത രാഷ്ട്രീയം

ഇടതുവിങ്ങില്‍നിന്ന് മറഡോണ മാറിയില്ല. കാസ്ട്രോയുമായി അടുത്തതോടെ നിലപാട് ദൃഢമായി. കാസ്ട്രോ ക്ഷണിച്ചിട്ടാണ് മറഡോണ ലഹരിവിമോചന ചികിത്സയ്ക്ക് ക്യൂബയിലെത്തിയത്. അര്‍ജന്റീന വാതില്‍ അടച്ചപ്പോള്‍ ക്യൂബ തുറന്നു എന്നാണ് മറഡോണ ഇതിനെക്കുറിച്ച് പറഞ്ഞത്.

ക്യൂബയില്‍ ചികിത്സയ്ക്കിടെ കാസ്ട്രോ വിളിക്കും. അവര്‍ രാഷ്ട്രീയവും സോക്കറും സംസാരിക്കും. ''സോക്കറിന്റെ ചെ ഗുവേര'' എന്ന് കാസ്ട്രോ മറഡോണയെ വിശേഷിപ്പിച്ചു. സ്വന്തം ജീവിത കഥ മറഡോണ കാസ്ട്രോയ്ക്ക് കൂടി സമര്‍പ്പിച്ചു. മറഡോണ വലതുകയ്യില്‍ ചെ ഗുവേരയുടെ ചിത്രം പച്ചകുത്തി, ഇടതുകാലില്‍ കാസ്ട്രോയുടേയും. 'ദൈവം' കൊടുത്ത ഇടതുകാലില്‍. ഈ കാലുകൊണ്ടാണ് 'നൂറ്റാണ്ടിലെ ഗോള'ടിച്ചത്. ദൈവത്തിന്റെ കൈകൊണ്ട് നേടിയ ഗോള്‍ തിരുത്തിയ ഇടതുകാല്‍.

ഫിദല്‍ കാസ്ട്രോയുടെ മാത്രമല്ല, ഇവാ മൊറാലെസിന്റേയും ഹ്യൂഗോ ഷാവേസിന്റേയും ചങ്ങാതിയായി മറഡോണ. ഇത് സൗഹൃദം മാത്രമല്ല, നിലപാടുകളുടെ പ്രകടനപത്രിക കൂടിയായിരുന്നു. ''ലോകത്ത് ഇനി മറ്റൊരു ഷാവേസില്ല; മറ്റൊരു കാസ്ട്രോ ഇല്ല'' എന്ന് വേദനയോടെ ഓര്‍ക്കുന്ന മറഡോണയ്ക്ക് ബന്ധങ്ങള്‍ നയതന്ത്രപരമല്ല, വൈകാരികം തന്നെയാണ്. വികാരം അവരവരോടുള്ള സത്യസന്ധതയാണ്. മൂന്നാം ജന്മദിനത്തിന് അമ്മാവന്‍ സമ്മാനിച്ച തുകല്‍പ്പന്ത് കെട്ടിപ്പിടിച്ച് വര്‍ഷങ്ങളോളം ഉറങ്ങിയ കുഞ്ഞു ദ്യോഗോയുടെ അതെ വികാരതീവ്രതയായിരുന്നു അറുപതാം വയസ്സിലും. വിസില്‍ കേള്‍ക്കുമ്പോള്‍ തുടങ്ങുകയും മറ്റൊരു വിസില്‍ കേള്‍ക്കുമ്പോള്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന യന്ത്രപ്പാവകളല്ല കളിക്കാര്‍. കാറ്റടിക്കുന്നതും മഴപെയ്യുന്നതും അവര്‍ കാണാതെപോകരുത്. ഓടയിലെ ദുര്‍ഗ്ഗന്ധം അവര്‍ അറിയാതെപോകരുത്. ദാരിദ്ര്യത്തിന്റെ വിലാപം അവര്‍ കേള്‍ക്കാതെപോകരുത്. സിംഹാസനത്തിലിരിക്കുന്നവര്‍ മറക്കരുത്, കാട്ടിലെ തടിവെട്ടി കൊട്ടാരം പണിയുന്നത് മനഷ്യനാണെന്ന്. ബ്രസീലില്‍ പ്രസിഡന്റായിരുന്ന വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സാന്ത്വനമായി മറഡോണയുടെ ഫോണ്‍കോളെത്തി. ബൊളീവിയയില്‍ ഇവൊ മൊറാലസ് പുറത്തായപ്പോള്‍, ലിബിയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ മറഡോണയിലെ കളിക്കാരന്‍ മറഡോണയിലെ രാഷ്ട്രീയ നിലപാടിനു വഴിമാറി. ഇസ്രയേലിനെതിരെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗോളടിക്കുമ്പോള്‍ ചുരുട്ടിയ മുഷ്ടിയുയര്‍ത്തിക്കാണിക്കുന്ന അതേ ശക്തി തന്നെയായിരുന്നു അപ്പോഴെല്ലാം. 

അതേ, മറഡോണ തന്നെ വേദിയിലിരുന്ന് നടുവിരല്‍ ഉയര്‍ത്തി ആഹ്ലാദം ആഭാസ ആംഗ്യത്തിലുടെ ആഘോഷിച്ചു. റഷ്യന്‍ ലോകകപ്പില്‍ നൈജീരിയയ്‌ക്കെതിരെയുള്ള മത്സരം. അര്‍ജന്റീന ആദ്യ ഗോള്‍ അടിച്ചപ്പോള്‍ മറഡോണ ഷര്‍ട്ടൂരി വീശി. പിന്നെ ഉറങ്ങിപ്പോയി. വിജയമുറപ്പിച്ച രണ്ടാം ഗോളിന്റെ ആരവത്തിനിടയിലാണ് കണ്ണു തുറന്നത്. നടുവിരല്‍ നിവര്‍ത്തി വിജയം ആഘോഷിച്ചു. വി.ഐ.പി ഗാലറിക്കു കണ്ടുപരിചയമില്ല അത്തരം ശീലം. ഒരു കൂട്ടിലും ഒതുങ്ങാനാവില്ല മുരടനക്കി കൊമ്പുകോര്‍ക്കുന്ന ആ കാളക്കൂറ്റന്.

ഫിഫയിലെ അഴിമതി പുറത്തുവരുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് മറഡോണ വിളിച്ചുപറഞ്ഞു: ''ഫിഫയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ട്.'' ഫിഫയുടെ അധ്യക്ഷന്‍ ജോസഫ് ബ്ലാറ്റര്‍ക്കു സഹിച്ചില്ല. അര്‍ജന്റീനയുടെ ഏറ്റവും നല്ല കളിക്കാരന്‍ ഡി സ്റ്റെഫാനോയാണെന്ന് അയാള്‍ തിരിച്ചടിച്ചു. പക്ഷേ, അഴിമതിക്കേസില്‍ ബ്ലാറ്റര്‍ പിന്നീട് ശിക്ഷിക്കപ്പെട്ടു.

ഒരിക്കല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയെ കാണാന്‍ മറഡോണ റോമിലെത്തി. വത്തിക്കാന്‍ സിറ്റി കണ്ടപ്പോള്‍ മറഡോണ ദൈവത്തെ കണ്ടില്ല. കണ്ടത് സ്വര്‍ണ്ണം പൂശിയ മേലാപ്പുകളാണ്. ഇതിന്റെ ആഡംബരത്തില്‍ താമസിക്കുന്നവര്‍ എങ്ങനെ ദരിദ്രരാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മറഡോണ അദ്ഭുതപ്പെട്ടു. അവിടത്തെ പട്ടിണിക്കോലങ്ങളായ കുട്ടികളെ എങ്ങനെ ഉമ്മവെയ്ക്കും? ''വിശ്വാസം ഞാന്‍ അവസാനിപ്പിക്കുന്നു, കാഴ്ചയില്‍ വിശ്വസിക്കുന്നു'' മറഡോണ പ്രഖ്യാപിച്ചു.

ബഷീറിന്റെ പൊന്‍കുരിശു തോമ തൊടുത്തുവിട്ട 'പള്ളിക്കെന്തിനാ പൊന്‍കുരിശ്?' എന്ന ചിരിവിരിഞ്ഞ ആണവബോംബിന്റെ അതേ പ്രഹരശേഷി തന്നെയായിരുന്നു മറഡോണയുടെ വാക്കുകളിലെ സ്ഫോടനത്തിനും. പക്ഷേ, മറഡോണ പിന്നെയും വത്തിക്കാനിലെത്തി. അത് ഇപ്പോഴത്തെ പോപ്പ് ഫ്രാന്‍സിസിനെ കാണാനാണ്. അര്‍ജന്റീനയില്‍നിന്നാണ് ഫ്രാന്‍സിസ് പിതാവ്. ആദ്യമായാണ് ലാറ്റിനമേരിക്കയില്‍നിന്നൊരു പോപ്പ്; രണ്ടാമതായാണ് യൂറോപ്പിനു പുറത്തുനിന്നൊരു പോപ്പ്. യൂറോപ്പുകാരനല്ലാത്ത ആദ്യ പോപ്പ് പക്ഷേ, എട്ടാം നൂറ്റാണ്ടിലായിരുന്നു, ഗ്രിഗറി മൂന്നാമന്‍.

ഇതേ മറഡോണ തന്നെ നികുതിവെട്ടിപ്പില്‍ പ്രതിയായി. മയക്കുമരുന്നിന് അടിമയായി. സ്വന്തം കുഞ്ഞിന്റെ പിതൃത്വമേറ്റെടുക്കാന്‍ വിസമ്മതിച്ചു. കളിക്കളത്തിലെ മശിഹാ തമ്പുരാന്‍ തന്റെ ഓരോ വിഗ്രഹവും വാശിയോടെ തറയിലടിച്ചു. ഒരു വിഗ്രഹത്തിലും ഒതുങ്ങാത്ത ആ ദൈവം ഉടഞ്ഞ വിഗ്രഹങ്ങളിലേക്ക് ചുരുട്ടിന്റെ പുകയൂതി. തന്നെത്തന്നെ നിഷേധിച്ചു. അപ്പോഴും ആരാധകര്‍ പുതിയ കൃഷ്ണശിലകളില്‍ വിഗ്രഹങ്ങള്‍ കൊത്തുകയായിരുന്നു. മറഡോണയുടെ പേരില്‍ മതമുണ്ടായി; അര്‍ജന്റീനയിലെ റൊസാരിയോവിലാണ് സ്ഥാപിച്ചത്. രണ്ടു ലക്ഷത്തോളം അനുയായികള്‍. മറഡോണയുടെ മതത്തിനുമുണ്ട് പത്തു കല്പനകള്‍. ''പന്തില്‍ ഒരിക്കലും ചെളി പിടിക്കരുത്, എല്ലാത്തിനും മീതെ ഫുട്ബോളിനെ സ്‌നേഹിക്കുക, ദ്യോഗോയോട് കൂറ് പ്രഖ്യാപിക്കുക, ദ്യോഗോയുടെ അദ്ഭുതങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കുക'' എന്നിങ്ങനെ പോകുന്നു ആ കല്പനകള്‍.

1982ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മറഡോണയെ തളയ്ക്കാന്‍ ബെല്‍ജിയം പ്രതിരോധ നിരയുടെ ശ്രമം
1982ല്‍ സ്‌പെയിനില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മറഡോണയെ തളയ്ക്കാന്‍ ബെല്‍ജിയം പ്രതിരോധ നിരയുടെ ശ്രമം

ചോരയില്‍ കലര്‍ന്ന സോക്കറും ദാരിദ്ര്യവും

എന്തുകൊണ്ട് ഇങ്ങനെയൊരു മറഡോണ? ഉത്തരം ഒറ്റവാചകത്തില്‍ ഒതുങ്ങും. മറഡോണ ബാല്യം മറന്നില്ല. ഏതൊരു ലാറ്റിനമേരിക്കന്‍ കളിക്കാരന്റേയും തുടക്കം തന്നെയായിരുന്നു മറഡോണയുടേതും. ചേരിയില്‍, ദാരിദ്ര്യത്തില്‍. ബ്യൂനസ് അയറീസിലെ ചേരിയില്‍ ജനിച്ചു. വെള്ളവും വെളിച്ചവുമില്ലാത്ത വീട്. തകരഷീറ്റ് മേഞ്ഞ കൂരയ്ക്കകത്ത് പത്തുപേര്‍. കുടിയേറ്റക്കാരുടെ അര്‍ജന്റീനയില്‍ ഫുട്ബോളും കുടിയേറിയതാണ്. ഇംഗ്ലീഷുകാരാണ് കൊണ്ടുവന്നത്. ഇംഗ്ലണ്ടിലെ കുട്ടികള്‍ അവരുടെ ഭംഗിയുള്ള പുല്‍മൈതാനിയില്‍ ചിട്ടയോടെ പന്ത് തട്ടിയപ്പോള്‍ ബ്യൂനസ് അയറിസിലെ കുട്ടികള്‍ക്ക് അത് ചേരിയിലെ കുത്തിമറിയലായിരുന്നു.
 
അര്‍ജന്റീനയുടെ ചോരയില്‍ സോക്കര്‍ ലയിച്ചു. റെയില്‍വേ വര്‍ക്ക്ഷോപ്പുകള്‍ക്കരികിലും ഷിപ്പ്യാര്‍ഡിനടുത്തും തൊഴിലാളികള്‍ പന്തുതട്ടി. ട്രേഡ്യൂണിയന്‍ നേതൃത്വത്തിന് സോക്കര്‍ ദഹിച്ചില്ല. ബൂര്‍ഷ്വാസി സൃഷ്ടിക്കുന്ന വ്യാമോഹങ്ങളിലൊന്നാണ് സോക്കര്‍ എന്ന് അവര്‍ ആക്ഷേപിച്ചു. തൊഴിലാളികളെ വിപ്ലവകരമായ കടമകളില്‍നിന്നും ഇത് പിന്തിരിപ്പിക്കുമെന്ന് അവര്‍ വിമര്‍ശിച്ചു. സോക്കര്‍ ലോകവ്യാപകമാക്കുന്നത് സാമ്രാജ്യത്തത്തിന്റെ തന്ത്രമായി അവര്‍ വ്യാഖ്യാനിച്ചു. ചൂഷിതരെ വളരാന്‍ അനുവദിക്കാതെ സോക്കറിന്റെ ആവേശത്തില്‍ തളച്ചിടും. സോക്കറില്‍ ആകൃഷ്ടരായാല്‍പ്പിന്നെ തൊഴിലാളികള്‍ കാലുകൊണ്ടായിരിക്കും ചിന്തിക്കുക. ഗോത്രവികാരങ്ങളിലേക്ക് തിരിച്ചുപോകും. അതിന്റെ കൃത്രിമ സംതൃപ്തികളില്‍ ആറാടും. അപ്പം കിട്ടാത്ത സര്‍ക്കസ് മാത്രമാണ് സോക്കര്‍. ഇതിന് അടിമയായാല്‍ തൊഴിലാളിവര്‍ഗ്ഗം വര്‍ഗ്ഗശത്രുവിന്റെ പിന്നാലെ പോകും. വിപ്ലവം അസാധ്യമാകും. ഈ വ്യാഖ്യാനം പടരുമ്പോള്‍ തന്നെ അര്‍ജന്റീനോ ജൂനിയേഴ്സിനു രൂപം നല്‍കിയ ക്ലബ്ബ് 'ഷിക്കാഗോ രക്തസാക്ഷികള്‍' എന്ന പേരില്‍ പിറന്നു. മറ്റൊരു ക്ലബ്ബായ ഷക്കരീറ്റ ജൂനിയേഴ്സ് സ്ഥാപിച്ചത് മെയ് ഒന്നിന്. ട്രേഡ് യൂണിയന്‍ നേതൃത്വത്തിന്റെ യാന്ത്രികമായ ഇത്തരം കണ്ടെത്തലുകളെ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് അന്തോണിയോ ഗ്രാംഷി ഒറ്റവാചകം കൊണ്ട് തിരുത്തി: ''മനുഷ്യബന്ധത്തിന്റെ തുറന്ന ലോകമാണ് സോക്കര്‍.''

അര്‍ജന്റീന ആര്‍ത്തിയോടെ അതിന്റെ വെളിയിടങ്ങളില്‍ പന്തുതട്ടി. ആ ഞരമ്പുകളിലെ ചോര അതിന്റെ തലമുറകളിലേക്കു പടര്‍ന്നു. തെരുവില്‍ ആക്രി പെറുക്കിയും സിഗററ്റ് പാക്കറ്റിലെ അലുമിനിയം കടലാസ് പൊളിച്ചെടുത്തും ദ്യോഗോ ജീവിതം പഠിച്ചു. പന്തിന്റെ പിന്നാലെ പാഞ്ഞു. എട്ടാം വയസ്സില്‍ ലാസ് സെബോലിറ്റസ് എന്ന ക്ലബ്ബിലെത്തി. ആറു കൊല്ലം കഴിഞ്ഞപ്പോള്‍ അര്‍ജന്റീനോ ജൂനിയേഴ്സില്‍. അവിടെ തുടങ്ങുന്നു മറഡോണയുടെ ഒന്നാംപകുതി.

1978-ല്‍ ദേശീയ ടീമില്‍ ഇടം കിട്ടിയില്ല. '82-ല്‍ ബെല്‍ജിയവും എല്‍സാല്‍വദോറും ഇറ്റലിയും ചവിട്ടിക്കൂട്ടി. 1986-ലായിരുന്നു ആ വാല്‍നക്ഷത്രമുദിച്ചത്. കുന്തിരിക്കവും സുഗന്ധദ്രവ്യങ്ങളുമായി സോക്കര്‍ ലോകം ആ നക്ഷത്രത്തിനു പിന്നാലെ സഞ്ചരിച്ചു. ഒരു ഇടങ്കാല്‍ ഒരു പന്ത് തട്ടി. ആ പന്തില്‍ ലോകം തിരിഞ്ഞു. പന്തിനെ തൊടുമ്പോള്‍ ഞാന്‍ ആകാശത്തെ തൊടുന്നു എന്നാണ് മറഡോണ പറഞ്ഞത്. അന്ന് ആകാശം മണ്ണിലിറങ്ങി ആ കാലില്‍ ഉമ്മവെച്ചു. 1986 നവംബര്‍ 22. മെക്‌സിക്കോയിലെ അസ്ടെക് സ്റ്റേഡിയം. അര്‍ജന്റീന ഇംഗ്ലണ്ടിനോട്. കളിക്കു മുന്‍പ് ക്യാപ്റ്റന്‍ മറഡോണയോട് മാധ്യമപ്രവര്‍ത്തകര്‍ നാലുവര്‍ഷം മുന്‍പ് നടന്ന ഫാക്ലാന്റ് യുദ്ധത്തെക്കുറിച്ച് ചോദിച്ചു. ഇത് കളിയാണ്, യുദ്ധമല്ലെന്ന് മറുപടി. പക്ഷേ, കളി തുടങ്ങിയപ്പോള്‍ യുദ്ധത്തില്‍ മരിച്ച കുട്ടികള്‍ കാണാമരക്കൊമ്പിലിരുന്ന് കിളിക്കുഞ്ഞുങ്ങളായി കരയുന്നത് മറഡോണ കേട്ടു. മറഡോണ പൊട്ടിത്തെറിച്ചു.

ആദ്യം 'ദൈവത്തിന്റെ കൈ' കൊണ്ട് ഒരു ഗോള്‍. നാലു മിനിറ്റ് കഴിഞ്ഞപ്പോള്‍ ദൈവം കയ്യില്‍നിന്ന് കാലിലേക്കിറങ്ങി. കമന്റേറ്റര്‍ ബോക്‌സില്‍നിന്ന് ബി.ബി.സി റേഡിയോയുടെ ബ്രയന്‍ ബട്ലറുടെ ശബ്ദം... ''മറഡോണ ഇതാ ഒരു വരാല്‍മത്സ്യത്തെപ്പോലെ... ചെറിയ മനുഷ്യന്‍... ഇന്‍സൈഡിലേക്ക്... ടെറി ബുച്ചറെ വെട്ടിച്ചു കടന്നു... ഔട്ട്സൈഡിലേക്ക്... ടെറി ഫെന്‍വിക്കിനേയും വെട്ടിച്ചു... ഇതാ കുതിക്കുന്നു... ലോകത്തിലെ ഏറ്റവും വലിയ കളിക്കാരന്‍ താനാണെന്ന് മറഡോണ ഇതാ തെളിയിക്കുന്നു... ഇംഗ്ലീഷ് പ്രതിരോധത്തെ ഒന്നടങ്കം മറികടന്നു...''

ഇനി അര്‍ജന്റീന ടി.വി കമന്റേറ്റര്‍ വിക്ടര്‍ ഹ്യൂഗോ മൊറാലെസിലേക്ക്.
''...ഗോള്‍... മറഡോണാ... ഞാനൊന്ന് പൊട്ടിക്കരയട്ടെ... പറയൂ... ഏത് ഗ്രഹത്തില്‍നിന്നാണ് നിങ്ങള്‍ വരുന്നത്?''
10.8 സെക്കന്റ്, 44 ചുവട്, 12 തട്ട്, അഞ്ച് കളിക്കാരെ ഡ്രിബിള്‍ ചെയ്തു. ഗോളി പീറ്റര്‍ ഷില്‍ട്ടണേയും കടത്തിവെട്ടി... നൂറ്റാണ്ടിന്റെ ഗോള്‍.

പിന്നീട് സ്വര്‍ഗ്ഗത്തില്‍നിന്ന് നരകത്തിലേക്കും നരകത്തില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്കും മാറിമാറി നടക്കുകയായിരുന്നു മറഡോണ. ബൊക്ക ജൂനിയേഴ്സ് ഒരുക്കിയ വിടവാങ്ങല്‍ മത്സരത്തിനു ശേഷം മറഡോണ കാണികള്‍ക്കു മുന്നില്‍നിന്നു, കരച്ചിലിന്റെ വക്കില്‍. വല്ലാതെ മാറിപ്പോയ മറഡോണയായിരുന്നു അത്. 

പന്ത് ഉയര്‍ത്തിപ്പിടിച്ച് മറഡോണ പറഞ്ഞു: ''ഈ പന്തില്‍ അഴുക്കില്ല.'' പരോക്ഷമായി സ്വന്തം ജീവിതത്തെ വിലയിരുത്തുകയായിരുന്നു മറഡോണ. നേപ്പിള്‍സിലെ സ്വന്തം ആഡംബര വീടിന്റെ ടോയ്ലറ്റില്‍ വെച്ച് തുടങ്ങിയ മയക്കുമരുന്ന് ഉപയോഗം തന്നെ നയിച്ച ഭ്രമങ്ങളെക്കുറിച്ച് ഓര്‍ത്തിരിക്കാം. ശിക്ഷയെക്കുറിച്ച് ഓര്‍ത്തിരിക്കാം. മയക്കുമരുന്നു മാഫിയയുടെ പിന്നാലെ സഞ്ചരിച്ചത് ഓര്‍ത്തിരിക്കാം. 

1981ല്‍ ബ്യൂണസ് അയേഴ്‌സില്‍ നടന്ന മത്സരത്തിന് ശേഷം ആരാധകരുടെ സ്‌നേഹ പ്രകടനം
1981ല്‍ ബ്യൂണസ് അയേഴ്‌സില്‍ നടന്ന മത്സരത്തിന് ശേഷം ആരാധകരുടെ സ്‌നേഹ പ്രകടനം

നികുതിവെട്ടിപ്പിനെക്കുറിച്ച് ഓര്‍ത്തിരിക്കാം... അറസ്റ്റിനെക്കുറിച്ച് ഓര്‍ത്തിരിക്കാം. എയര്‍ഗണ്‍ നീട്ടി വെല്ലുവിളിച്ചതോര്‍ത്തിരിക്കാം... തിമിര്‍ത്താഘോഷിച്ച ലൈംഗിക ജീവിതത്തെക്കുറിച്ച് ഓര്‍ത്തിരിക്കാം...
വേദിയില്‍നിന്ന് മറഡോണയ്ക്കു നേരെ കാണികള്‍ ഒരു ബാനര്‍ പിടിച്ചു. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
''നിങ്ങള്‍ നിങ്ങളുടെ ജീവിതത്തോട് എന്തു കാണിച്ചു എന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല... നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ജീവിതം തന്നു...''

അതായിരുന്നു ദ്യോഗോ അര്‍മാന്റോ മറഡോണ. ജനനം-1960 ഒക്ടോബര്‍ 30. മരണം- 2020 നവംബര്‍ 25. ഫിദല്‍ കാസ്ട്രോ മരിച്ച അതേ ദിവസം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com