'വിദ്വേഷത്തിനും ഹിംസയ്ക്കും ഇരയാകുന്നത് അപ്പറഞ്ഞ മതങ്ങള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്' 

'വിദ്വേഷത്തിനും ഹിംസയ്ക്കും ഇരയാകുന്നത് അപ്പറഞ്ഞ മതങ്ങള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത്' 
ഐക്യരാഷ്ട്ര സഭ/ ഫയൽ
ഐക്യരാഷ്ട്ര സഭ/ ഫയൽ

ഡിസംബര്‍ ആദ്യവാരത്തില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ 'സമാധാനത്തിന്റെ സംസ്‌കാരം' എന്ന വിഷയം മുന്‍നിര്‍ത്തിയുള്ള പ്രമേയങ്ങളില്‍ ചര്‍ച്ച നടന്നു. മതങ്ങളുടേയും സംസ്‌കാരങ്ങളുടേയും പേരിലുള്ള വിദ്വേഷത്തിനും ഹിംസയ്ക്കുമെതിരേയുള്ളതായിരുന്നു പ്രമേയങ്ങള്‍. ദൗര്‍ഭാഗ്യവശാല്‍ യു.എന്‍. ചര്‍ച്ചകള്‍ കേന്ദ്രീകരിക്കപ്പെട്ടത് അബ്രഹാമിക മതങ്ങളില്‍ മാത്രമാണ്. ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ അബ്രഹാമിക മതങ്ങള്‍ക്കു നേരെയാണ് വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അസ്ത്രപ്രയോഗങ്ങളുണ്ടാകുന്നത് എന്ന മുന്‍വിധി ആ ചര്‍ച്ചയില്‍ മുഴങ്ങിനിന്നു.

അത്ര വസ്തുതാപരമല്ലാത്ത ആ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ പ്രതിനിധിയായ അശീഷ് ശര്‍മ്മ സഭയില്‍ സംസാരിച്ചത്. 2006 തൊട്ട് ഈ വിഷയത്തെക്കുറിച്ച് നടന്നുപോരുന്ന യു.എന്‍. ചര്‍ച്ചകളിലെല്ലാം അബ്രഹാമിക മതങ്ങള്‍ മാത്രമേ പരാമര്‍ശിക്കപ്പെടാറുള്ളൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂതവിരോധവും ഇസ്ലാമോഫോബിയയും ക്രിസ്റ്റ്യാനോ ഫോബിയയും യാഥാര്‍ത്ഥ്യമാണെന്നും അത്തരം ഫോബിയകള്‍ അപലപിക്കപ്പെടേണ്ടതുണ്ടെന്നും സമ്മതിക്കുമ്പോള്‍ത്തന്നെ വിദ്വേഷത്തിനും ഹിംസയ്ക്കും ഇരയാകുന്നത് അപ്പറഞ്ഞ മതങ്ങള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം കാണാതെ പോകരുത് എന്നായിരുന്നു ശര്‍മ്മയുടെ വാദം.

ഇന്ത്യന്‍ പ്രതിനിധി സൂചിപ്പിച്ചതുപോലെ, ഹൈന്ദവ ഫോബിയ, ബൗദ്ധ ഫോബിയ, ശിഖ ഫോബിയ തുടങ്ങിയ പ്രയോഗങ്ങള്‍ പ്രചാരം നേടിയിട്ടില്ലെങ്കിലും അബ്രഹാമിക മതങ്ങള്‍ക്കു പുറത്തുള്ള മതങ്ങളും വിദ്വേഷത്തിന്റേയും ഹിംസയുടേയും ഇരകളാണ്. ബുദ്ധമതം, ഹിന്ദുമതം, ശിഖമതം ആദിയായ മതങ്ങള്‍ക്കും അവയോട് ബന്ധപ്പെട്ട സംസ്‌കാരങ്ങള്‍ക്കും നേരെയും വെറുപ്പിന്റെ വിഷപ്പുക പ്രസരിപ്പിക്കപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനില്‍ 2001-ലേ താലിബാന്‍ തീവ്രവാദികള്‍ ബാമിയാനിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധപ്രതിമകള്‍ സ്‌ഫോടനം വഴി നശിപ്പിച്ചത് ഉദാഹരണങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ മാര്‍ച്ച് 25-ന് കാബൂളിലെ സിഖ് ഗുരുദ്വാര ഐ.എസ്. ഭീകരവാദികളാല്‍ ആക്രമിക്കപ്പെടുകയും 25 പേര്‍ കൊല്ലപ്പെടുകയും ചെയ്തത് മറ്റൊരുദാഹരണം. പാകിസ്താനിലാണെങ്കില്‍ ഒട്ടേറെ ഹിന്ദുക്ഷേത്രങ്ങള്‍ പല സന്ദര്‍ഭങ്ങളില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ 23-ന് കറാച്ചിക്കടുത്ത് ല്യാറിയിലെ ഹനുമാന്‍ ക്ഷേത്രവും തൊട്ടടുത്തുള്ള ഹിന്ദു വസതികളും തകര്‍ക്കപ്പെട്ടത് മറക്കാറായിട്ടില്ല. പഞ്ചാബ് പ്രവിശ്യയിലെ ഗുരുനാനാക് പാലസ് ഉള്‍പ്പെടെ പല സിഖ് ആരാധനാലയങ്ങളും പാകിസ്താനില്‍ ആക്രമിക്കപ്പെടുകയോ നിലംപരിശാക്കപ്പെടുകയോ ചെയ്തതും ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.

മുകളില്‍ സൂചിപ്പിച്ച ആക്രമണങ്ങളത്രയും അഴിച്ചുവിട്ടത് അബ്രഹാമിക മതങ്ങളില്‍പ്പെടുന്ന ഒരു വിഭാഗമാണ്. 2014-'15 കാലയളവില്‍ ഇറാഖില്‍ അബ്രഹാമിക മതങ്ങളുടെ ഭാഗമല്ലാത്ത യസീദി മതത്തിന്റെ അനുയായികള്‍ അത്യന്തം ക്രൂരമായ നരനായാട്ടിനിരയായി. ഐ.എസ്. ഭീകരവാദികളാണ് അവര്‍ക്കെതിരെ വിദ്വേഷാഗ്‌നി ആളിക്കത്തിക്കുകയും ആ മതാനുയായികളെ നിര്‍ദാക്ഷിണ്യം വേട്ടയാടുകയും യസീദി യുവതികളെ ലൈംഗിക അടിമകളാക്കി മാറ്റുകയും ചെയ്തത്. എന്നിട്ടും ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങള്‍ 'സംസ്‌കാരങ്ങളുടെ സഖ്യ'ത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അബ്രഹാമിക മതങ്ങളിലേയ്ക്ക് ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ട് എന്ന് ഏറെ പ്രസക്തമായ ചോദ്യമത്രേ ഇന്ത്യയുടെ പ്രതിനിധി ഉയര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ മതങ്ങള്‍ എന്ന നിലയിലാണ് ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ മാത്രം പരാമര്‍ശിക്കപ്പെടുന്നത് എന്നാണ് വാദമെങ്കില്‍ അതിനു നിലനില്‍പ്പില്ല. ലോകത്തിലെ ജൂത ജനസംഖ്യ ഒന്നരക്കോടിയില്‍ താഴെ മാത്രമാണ്. ഹിന്ദു ജനസംഖ്യ 102 കോടിയും ബൗദ്ധ ജനസംഖ്യ 53.5 കോടിയും സിഖ് ജനസംഖ്യ മൂന്ന് കോടിയും വരും. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സംസ്‌കാരങ്ങളുടെ സഖ്യം (U.N. Alliance of Civilizations) എന്ന സംഘടന പ്രമേയങ്ങള്‍ പാസ്സാക്കുമ്പോള്‍ അത്തരം മതങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടണം. 'സമാധാനത്തിന്റെ സംസ്‌കാരം' അബ്രഹാമിക മതങ്ങള്‍ക്കു മാത്രമായി നീക്കിവെച്ചുകൂടാ. എല്ലാ മതങ്ങള്‍ക്കും വേണ്ടിയാവണം യു.എന്‍. സംസാരിക്കുന്നതെന്ന് ഇന്ത്യയെ പ്രതിനിധാനം ചെയ്ത ശര്‍മ്മ അഭിപ്രായപ്പെടുകയുണ്ടായി.

നമ്മുടെ ധാര്‍മിക ബാധ്യതകള്‍

ഇന്ത്യയുടെ വാദം തെറ്റാണെന്ന് യു.എന്നിലെ നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരംഗരാഷ്ട്ര പ്രതിനിധിക്കും പറയാന്‍ കഴിയില്ല. മതാത്മക വിദ്വേഷത്തിനും ഹിംസയ്ക്കും പാത്രീഭവിക്കുന്നവര്‍ എല്ലാ മതസമുദായങ്ങള്‍ക്കകത്തുമുണ്ട്. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള സംസ്‌കാരങ്ങളുടെ സഖ്യം എന്ന കൂട്ടായ്മ മതവെറുപ്പിന്റെ ഇരകളുടെ പട്ടികയില്‍ അബ്രഹാമികേതര മതങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ന്യായം മാത്രമാണ്. പാകിസ്താന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ ലശ്കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നടത്തിപ്പോന്നിട്ടുള്ള സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും.

പക്ഷേ, ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹിന്ദു, ബുദ്ധ, സിഖ് മതങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് ഇന്ത്യക്കാരായ നാം സംസാരിക്കുമ്പോള്‍ നമ്മുടെ രാജ്യത്തിനകത്ത് ഭരണകൂടം വെറുപ്പിന്റേയും ഹിംസയുടേയും സംസ്‌കാരത്തിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടേ മതിയാവൂ. നാം സമാധാനത്തിന്റെ സംസ്‌കാരം മനസാവാചാ കര്‍മണാ ഉള്‍ക്കൊള്ളുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു എന്നു ദൃഢസ്വരത്തില്‍ പറയുക മാത്രമല്ല, മറ്റുള്ളവരെ അത് ബോധ്യപ്പെടുത്താനും നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ഏതെങ്കിലും വേദിയോ രാഷ്ട്രമോ നമുക്കെതിരെ വിദ്വേഷത്തിന്റെ സംസ്‌കാരം പടര്‍ത്തുന്നവര്‍ എന്ന ആരോപണമുന്നയിച്ചാല്‍ അവരുടെ വായടപ്പിക്കാനുള്ള ധാര്‍മ്മിക ത്രാണി നമുക്കുണ്ടാവൂ.

ആ മേഖലയില്‍ വര്‍ത്തമാന ഇന്ത്യയുടെ അവസ്ഥയെന്താണ്? ആഭ്യന്തര തലത്തില്‍ സമസ്താര്‍ത്ഥത്തില്‍ നാം സമാധാനത്തിന്റെ സംസ്‌കാരത്തോടൊപ്പം  നില്‍ക്കുന്നു എന്നവകാശപ്പെടാനാകുമോ? പോയ ഏതാനും വര്‍ഷങ്ങളില്‍ പശു രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ ആള്‍ക്കൂട്ടക്കൊലകള്‍ അപരമത വെറുപ്പിന്റെ കരാളതയാണ് വെളിപ്പെടുത്തിയത്. പൗരത്വഭേദഗതി നിയമത്തിന്റെ അടിത്തട്ടില്‍ ചുരുണ്ടുകിടക്കുന്നതും അപരമത വെറുപ്പ് തന്നെയല്ലേ? പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയ ചില മതവിഭാഗങ്ങള്‍ക്ക് ആ നിയമം അതിവേഗം പൗരത്വത്തിനു സൗകര്യം നല്‍കുമ്പോള്‍ മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ആ സൗകര്യം നിഷേധിക്കുന്നു. പൗരത്വവിഷയത്തില്‍ മതത്തിന്റെ പേരിലുള്ള വിവേചനം സമാധാനത്തിന്റെ സംസ്‌കാരം എന്ന ആശയവുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.

സമാധാനത്തിന്റെ സംസ്‌കാരത്തിനു പകരം വിദ്വേഷത്തിന്റെ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നു എന്നു വിമര്‍ശകര്‍ നിരീക്ഷിക്കുന്ന മറ്റൊരു നടപടിയത്രേ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നവംബറില്‍ കൊണ്ടുവന്ന ''നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് 2020.'' ലവ് ജിഹാദ് എന്ന ഭീഷണിയെ ചെറുക്കാനുള്ള നിയമപരിഷ്‌കരണം എന്ന നിലയിലാണ് ആ ഓര്‍ഡിനന്‍സിന്റെ വരവ്. ഇസ്ലാം മതത്തിലേക്ക് ആളെ കൂട്ടാന്‍ വല്ല മതതീവ്രവാദ കുബുദ്ധികളും പ്രണയത്തെ ഉപകരണമാക്കുന്നുവെങ്കില്‍ അതു നിശ്ചയമായും തടയപ്പെടേണ്ടതു തന്നെയാണ്. പക്ഷേ, അതിനുപകരം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന വിവാഹ വിഷയത്തിലുള്‍പ്പെടെയുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ കത്രികപ്രയോഗം നടത്തുന്നതിനു ന്യായീകരണമൊട്ടുമില്ല. ജാതിമിശ്ര വിവാഹവും മതമിശ്ര വിവാഹവും ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് തെറ്റല്ലാത്തിടത്തോളം കാലം നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ് വഴി അത്തരം വിവാഹങ്ങള്‍ക്കു നേരെ നിയമഖഡ്ഗം ഉയര്‍ത്താവുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടുകൂടാ.

ഇന്ത്യയില്‍ മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണ് മതമിശ്ര വിവാഹം നടക്കുന്നത്. മതങ്ങള്‍ സൃഷ്ടിച്ച പ്രാകൃത വേലിക്കെട്ടുകളെ അതിവര്‍ത്തിക്കുന്ന അത്തരം വിവാഹങ്ങളെ അഹമഹമികയാ പ്രോത്സാഹിപ്പിക്കുകയാണ് പരിഷ്‌കൃത സമൂഹങ്ങള്‍ ചെയ്യേണ്ടത്. ജാതിമതങ്ങളുടെ പേരിലുള്ള സാമൂഹിക ഭിത്തികള്‍ തകര്‍ക്കാന്‍ മിശ്രഭോജനത്തേക്കാള്‍ ശക്തമായ ഉപകരണം മിശ്ര വിവാഹമാണെന്ന് ബി.ആര്‍. അംബേദ്കര്‍ തന്റെ 'ജാതി നിര്‍മൂലനം' എന്ന കൃതിയില്‍ നിരീക്ഷിച്ചിട്ടുണ്ടെന്ന വസ്തുത ഇത്തരുണത്തില്‍ സ്മര്‍ത്തവ്യമാണ്. സലാമത്ത് അന്‍സാരി കേസില്‍ (2020) അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍, പ്രായപൂര്‍ത്തിയെത്തിയ രണ്ടു വ്യക്തികളുടെ ഒരുമിച്ചുള്ള ജീവിതത്തില്‍ ഇടപെടാന്‍ ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ ഭരണകൂടത്തിനോ അവകാശമില്ലെന്നു വ്യക്തമാക്കിയ കാര്യവും ഇവിടെ ഓര്‍ക്കാം. ഭരണഘടനയുടെ 21-ാം വകുപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലാണ് കോടതി ആ തീര്‍പ്പിലെത്തിയത്.

മുകളില്‍ എടുത്തുകാട്ടിയ ആള്‍ക്കൂട്ടക്കൊലകളും വിവേചനപരമായ പൗരത്വഭേദഗതി നിയമവും മതപരിവര്‍ത്തന സ്വാതന്ത്ര്യത്തിലുള്ള അതിരുവിട്ട ഇടപെടലുകളും മറ്റും സമാധാനത്തിന്റെ സംസ്‌കാരം എന്ന ആശയത്തിനെതിരാണ്. ഐക്യരാഷ്ട്രസഭ അബ്രഹാമിക മതങ്ങളോട് കാണിക്കുന്ന പക്ഷപാതിത്വത്തിനു നേരെയുള്ള നമ്മുടെ വിമര്‍ശനത്തിനു കാമ്പും കരുത്തുമുണ്ടാകണമെങ്കില്‍ നാം ഒരു മതത്തോടും വെറുപ്പും വിവേചനവും പുലര്‍ത്തുന്നില്ല എന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നമുക്കു സാധിക്കണം. മോദി സര്‍ക്കാറിന്റെ മുന്‍പാകെയുള്ള ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com