

സന്ധ്യ കഴിഞ്ഞനേരം; ആലപ്പുഴ ബീച്ചിലെ വിജയ് പാര്‍ക്കില്‍ തിരക്ക് കുറഞ്ഞു തുടങ്ങുന്നു. അല്പം അകലെ ആരോ കടലിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കുന്നതും തിരയടിച്ച് തിരികെ വീഴ്ത്തുന്നതും ചിലരുടെ ശ്രദ്ധയില്‍പ്പെട്ടു. വസ്ത്രം കൊണ്ടതൊരു സ്ത്രീയാണെന്നു മനസ്സിലായി. സംശയം തോന്നി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ആരോ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും കൂടി അവളെ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറ്റി. അങ്ങനെ അവള്‍, പ്രിയ പൊലീസ് സ്റ്റേഷനിലെത്തി.
കോട്ടയം ജില്ലയാണ് തന്റെ സ്വദേശമെന്നും പ്രീഡിഗ്രിക്കു പഠിക്കുകയാണെന്നും 18 വയസ്സ് പ്രായമുണ്ടെന്നും പൊലീസിനോട് പറഞ്ഞു. അവള്‍ കരച്ചിലിന്റെ വക്കത്തായിരുന്നു. കൂടുതല്‍ ചോദിച്ചതില്‍ ക്രമേണ അവളുടെ അവസ്ഥ വ്യക്തമായി. പരിചയത്തിലുള്ള ഒരു യുവാവുമായി അവള്‍ പ്രണയത്തിലായിരുന്നു. ആ യുവാവ് അവളെ കബളിപ്പിച്ചുവത്രെ. മനംനൊന്ത്, അവള്‍ വീടുവിട്ടിറങ്ങി. ലക്ഷ്യമില്ലാതെ ചുറ്റിത്തിരിഞ്ഞ് ആലപ്പുഴയിലെത്തി. ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയിലാണ് കടലില്‍ മുങ്ങാന്‍ ശ്രമിച്ചതെന്നും അവള്‍ വ്യക്തമാക്കി. പ്രിയയെ തല്‍ക്കാലം ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വനിതാപൊലീസിന്റെ ചുമതലയില്‍ സൂക്ഷിക്കുന്നതിനും രക്ഷിതാക്കളെ വരുത്തുന്നതിനും ഏര്‍പ്പാടാക്കി. തളിരിടും മുന്‍പേ കരിയുന്ന പല കൗമാര പ്രണയങ്ങളുടേയും പരിസമാപ്തി പൊലീസ് സ്റ്റേഷനുകളിലാണല്ലോ.
വനിതാപൊലീസിന്റെ കസ്റ്റഡിയില്‍വെച്ച് മറ്റൊരത്യാഹിതമുണ്ടായി. പ്രിയയെ സൂക്ഷിച്ചിരുന്ന മുറിയില്‍നിന്നും എങ്ങനെയോ അവള്‍ക്കൊരു ബ്ലേഡ് ലഭിച്ചു. അതുപയോഗിച്ച് രാത്രി അസമയത്ത് അവള്‍ കയ്യുടെ ഞരമ്പ് മുറിച്ചു. രക്തം ഏറെ വാര്‍ന്നുപോയി. ഭാഗ്യവശാല്‍ മരണം സംഭവിക്കുന്നതിനു മുന്‍പ് ഗാര്‍ഡു നിന്ന വനിതാപൊലീസിന്റെ ശ്രദ്ധയില്‍പ്പട്ടു. ഉടന്‍ ആശുപത്രിയിലാക്കി. തക്കസമയത്ത് വൈദ്യസഹായം ലഭിച്ചതുകൊണ്ട് അവളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു. ആ പാവം കുട്ടിയുടെ ദുരന്തം നമുക്ക് തല്‍ക്കാലം മാറ്റിവെയ്ക്കാം. അതേത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലുണ്ടായ ചില സാധാരണ സംഭവങ്ങളിലേയ്ക്ക് നമുക്ക് ശ്രദ്ധ തിരിക്കാം.
പൊലീസ് കസ്റ്റഡിയില്‍ സംഭവിക്കുന്ന ആത്മഹത്യ, ആത്മഹത്യാശ്രമം ഇവയെല്ലാം സ്വാഭാവികമായും വലിയ സംഭവങ്ങളാണ്. കാരണം മനുഷ്യജീവന്‍ വിലപ്പെട്ടതാണല്ലോ. അതിനപ്പുറം ജീവനും സ്വത്തും സംരക്ഷിക്കുകയാണ് പൊലീസിന്റെ കടമ എന്നാണല്ലോ പ്രമാണം. അപ്പോള്‍ പിന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍, പൊലീസ് ഭാഷയില്‍ പറഞ്ഞാല്‍ ആരുടെയെങ്കിലുമൊക്കെ 'പണി പോയതുതന്നെ.' കാരണം കസ്റ്റഡിയിലുള്ള വ്യക്തിയുടെ സുരക്ഷ കസ്റ്റോഡിയന്റെ (സൂക്ഷിപ്പുകാരന്‍) ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധ്യമായ കരുതലുകള്‍ സ്വീകരിക്കേണ്ടത് ചുമതലയുള്ള പൊലീസുദ്യോഗസ്ഥരാണ്. സ്വാഭാവികമായും സ്റ്റേഷനിലെ സ്റ്റാഫിനിടയില്‍ അത് പലതരത്തിലുള്ള ഉല്‍ക്കണ്ഠകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കും.
അതിനിടയിലുണ്ടായ ഒരു സംഭാഷണം ഇങ്ങനെ പോയി. ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജായി കൊണ്ടുവന്ന പ്രിയയോട് 'പ്രായവും പക്വതയും' വന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ചോദിക്കുകയാണ്: ''മോളുടെ വീട് കോട്ടയത്തല്ലേ?'' അതേ എന്ന് മറുപടി. ''കോട്ടയത്ത് ധാരാളം റബ്ബര്‍ മരങ്ങളൊക്കെയുള്ളതാണല്ലോ?'' എന്ന് ഹെഡ് കോണ്‍സ്റ്റബിള്‍. പെണ്‍കുട്ടി ഒന്നും പറയാതെ മിഴിച്ചിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ വീണ്ടും ''മോള് കരുതും, റബ്ബര്‍ മരത്തിന് ബലം പോരെന്ന്. അങ്ങനൊന്നുമല്ല. നല്ല ബലമാണ്; ഒരാള്‍ക്ക് സുഖമായിട്ട് റബ്ബര്‍ മരത്തില്‍ തൂങ്ങിച്ചാകാം.'' നിസ്സഹായയായിരിക്കുന്ന കുട്ടിയോട് ഹെഡ് കോണ്‍സ്റ്റബിള്‍ തുടര്‍ന്നു: ''മോള് ചങ്ങനാശ്ശേരി വഴി അല്ലേ ആലപ്പുഴ വന്നത്.'' ''അതേ'' എന്നു മറുപടി. ''അതിനിടെ എത്ര പാലങ്ങളുണ്ട്? അതില്‍നിന്നെങ്ങാനും താഴോട്ട് ചാടിക്കൂടായിരുന്നോ?'' പെണ്‍കുട്ടിക്ക് മറുപടിയില്ല. ''അതൊന്നും ചെയ്യാതെ ബീച്ചില്‍വന്ന് ചാവാന്‍ പോയപ്പം അതും സമ്മതിക്കാതെ പിടിച്ച് പൊലീസ് സ്റ്റേഷനില്‍ കൊണ്ടിട്ടു. ഇനി എല്ലാവരും കൂടി അനുഭവിച്ചോ'' ഹെഡ് കോണ്‍സ്റ്റബിളിന്റെ ആത്മഗതം. പ്രധാന സംഭവങ്ങളുണ്ടാകുമ്പോള്‍ ഔദ്യോഗിക റിപ്പോര്‍ട്ടിനപ്പുറം സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ പലരീതിയിലും മനസ്സിലാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നതിനാലാണ് ഈ സംഭാഷണം എന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതെന്നെ ചിന്തിപ്പിച്ചു.
എന്തുകൊണ്ടാണ് തന്റെ മകളുടെ മാത്രം പ്രായമുള്ള വലിയൊരു ദുരന്തത്തില്‍പ്പെട്ടു കിടക്കുന്ന കുട്ടിയോട് ധാരാളം ജീവിതാനുഭവമുള്ള പൊലീസുദ്യോഗസ്ഥന്‍ ഇങ്ങനെ സംസാരിച്ചത്? അതിതീവ്രമായ വേദന അനുഭവിക്കുന്ന ആ കുട്ടിയോട് അനുകമ്പയോ അനുതാപമോ പ്രകടിപ്പിക്കുകയല്ലേ സാമാന്യമായ മനുഷ്യസ്വഭാവം? എന്തേ പൊലീസുദ്യോഗസ്ഥനില്‍ ഇത്തരമൊരു സ്വഭാവ വ്യതിയാനം? മനുഷ്യത്വം കാണിക്കുന്നതിനു പകരം എന്തുകൊണ്ട് ക്രൂരമായ ഈ 'ഫലിതം?' ഈ 'ഫലിത'ത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഏക ഉല്‍ക്കണ്ഠ, തങ്ങള്‍ നേരിടാന്‍ സാദ്ധ്യതയുള്ള അച്ചടക്കനടപടിയെക്കുറിച്ച് മാത്രമായിരുന്നുവെന്ന് തോന്നുന്നു. അവിടെ ആ കുട്ടിയുടെ ദുരന്തം അയാള്‍ക്ക് വിഷയമാകുന്നില്ല. ഒറ്റപ്പെട്ട ഒരു ഹെഡ് കോണ്‍സ്റ്റബിളിന്റെ മാത്രം വ്യക്തിപരമായ സ്വഭാവവൈകല്യമാണോ ഇത്? നിശ്ചയമായും ഇത് പൊലീസിന്റെ പൊതുസ്വഭാവമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ ഇത്തരം 'ഫലിതങ്ങളും' സ്വാര്‍ത്ഥമായ ഉല്‍ക്കണ്ഠകളും ഔദ്യോഗിക ജീവിതത്തില്‍ കുറേ കണ്ടിട്ടുമുണ്ട്.
പൊലീസ് സ്റ്റേഷനില്‍, അധികാര സംവിധാനത്തിന്റെ ഉള്ളില്‍പ്പെടുന്ന മനുഷ്യരെ വാക്കുകള്‍കൊണ്ട് മുറിവേല്പിപ്പിക്കുന്ന പ്രവൃത്തി എത്രത്തോളം ക്രൂരമാകാന്‍ കഴിയും എന്ന് ഇതു കാണിക്കുന്നു. ഇത്ര ക്രൂരമാകുന്നത് അത്യപൂര്‍വ്വമാകാം. പക്ഷേ, പൊലീസ് സ്റ്റേഷനില്‍ ചെന്നുപെടുന്ന വ്യക്തിയുടെ നിസ്സഹായതയെ വാക്കുകളാല്‍ ചൂഷണം ചെയ്യുന്ന രീതി പലേടത്തും ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. ഹൈദ്രാബാദില്‍, നാഷണല്‍ പൊലീസ് അക്കാദമിയിലെ ഒരനുഭവം ഓര്‍ക്കുന്നു. ഞാനന്നവിടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഓരോ വര്‍ഷവും പുതുതായി ഐ.പി.എസ്സില്‍ ചേര്‍ന്ന് പരിശീലനത്തിനെത്തുന്ന പ്രൊബേഷണര്‍മാരെ ഒരു പ്രായോഗിക പരീക്ഷണത്തിനു വിധേയരാക്കിയിരുന്നു. അവര്‍ ഹൈദ്രാബാദിലെ ഏതെങ്കിലും ഒരു പൊലീസ് സ്റ്റേഷനില്‍ പോകണം. സാധാരണ പൗരന്‍ എന്ന നിലയില്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് അവിടെ ഒരു പരാതി പറയണം. ഐ.പി.എസ് സെലക്ഷന്‍ ആയ കാര്യം പറയാന്‍ പാടില്ല. പൊലീസ് നടപടി ആവശ്യമായ പരാതി ആയിരിക്കണം. സ്വന്തം ഭാവനയ്ക്കനുസൃതമായി യാത്രയ്ക്കിടയില്‍ എന്തെങ്കിലും മോഷണം പോയെന്നോ അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്നോ ഒക്കെയാകാം പരാതി. പൊലീസ് സ്റ്റേഷനില്‍ ചെന്ന് അവരുടെ പ്രശ്‌നം പറഞ്ഞ്, അതിനു പരിഹാരം നേടാന്‍ ശ്രമിക്കുമ്പോള്‍ അവിടെ ഉണ്ടാകുന്ന അനുഭവം നേരിട്ട് ബോദ്ധ്യപ്പെടുകയാണ് ഉദ്ദേശ്യം. ആരുടേയും ശുപാര്‍ശയില്ലാതെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തുന്ന ഒരു പൗരന്റെ അനുഭവം, അതിന്റെ ഗുണവും ദോഷവും എല്ലാം പുതുതായി യൂണിഫോം ധരിക്കാന്‍ പോകുന്ന നവാഗതര്‍ അറിയേണ്ടതാണല്ലോ. കാരണം, അവരാണല്ലോ നാളെ പൊലീസിനെ നയിക്കേണ്ടത്. ഈ പരീക്ഷണത്തിന്റെ അവസാന ഭാഗമെന്നത് ഐ.പി.എസ് പ്രൊബേഷണര്‍മാര്‍, തങ്ങളുടെ അനുഭവം, ഞങ്ങള്‍ എല്ലാ ഫാക്കല്‍റ്റിയുടേയും സാന്നിദ്ധ്യത്തില്‍ അവതരിപ്പിക്കുകയാണ്. അതൊരു വലിയ പാഠമാണ്. വളരെ സുഗമമായി പൊലീസ് സ്റ്റേഷനില്‍നിന്ന് 'രക്ഷപ്പെടുന്നവര്‍' കുറവാണ്. ദുരനുഭവങ്ങള്‍ ആണ് അധികവും.
ജോലിയും മനുഷ്യത്വവും
ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നത് ഒറീസ്സയില്‍നിന്നു വന്ന ഒരു വനിതാ പ്രൊബേഷണറുടെ കാര്യമാണ്. അവരുണ്ടാക്കിയ 'കഥ' നമ്മളാദ്യം കണ്ട പ്രിയയുടേതുമായി അല്പം സാമ്യമുള്ളതാണ് എന്ന് പറയാമെന്നു തോന്നുന്നു. അതങ്ങനെ പോയി. ഒറീസ്സക്കാരിയായ അവളാദ്യമായി ഹൈദ്രാബാദില്‍ വരികയാണ്. കോളേജില്‍ അവളുടെ സീനിയറായി പഠിച്ചിരുന്ന ഒരു പയ്യനുമായി അവള്‍ പ്രണയത്തിലായി. പ്രണയം വീട്ടിലറിഞ്ഞ് പ്രശ്‌നമായപ്പോള്‍ രണ്ടുപേരും കൂടി ഒളിച്ചോടി, അവിടെ വന്നതാണ്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പുറപ്പെട്ടതാണെങ്കിലും അവിടെ എത്തിയപ്പോള്‍ അയാള്‍ അവളെ ഉപേക്ഷിച്ച് മുങ്ങിയെന്നും കയ്യില്‍ പൈസയൊന്നുമില്ലാതെ നഗരത്തില്‍ ഒറ്റപ്പെട്ടുവെന്നും മറ്റുമായിരുന്നു വനിതാ ഐ.പി.എസ് പ്രൊബേഷണറുടെ കഥ. അങ്ങനെ പൊലീസ് സഹായം തേടി അവള്‍ സ്റ്റേഷനിലെത്തിയതാണ്. അവിടെ അപ്പോള്‍ ഉണ്ടായിരുന്നത് ഒരു എ.എസ്.ഐ ആയിരുന്നു. കുറേനേരം പുറത്തു കാത്തുനിന്നതിനുശേഷം എ.എസ്.ഐയെ കാണാനവള്‍ക്ക് അവസരം കിട്ടി. മുന്നിലെത്തിയപ്പോള്‍, അയാള്‍ അവളെ തല മുതല്‍ കാലുവരെ ഒരു നോട്ടം. അവള്‍ നില്‍ക്കുകയാണ്. ആ നോട്ടത്തില്‍ തന്നെ ഐ.പി.എസിന്റെ ധൈര്യം ചോര്‍ന്നുതുടങ്ങി. 'ക്യാ ബാത്ത് ഹേ?' എന്താ കാര്യമെന്ന് ഹിന്ദിയില്‍ എ.എസ്.ഐ ചോദിച്ചു. പ്രൊബേഷണര്‍, അവളുടെ കഥ അവതരിപ്പിക്കാന്‍ ശ്രമിച്ചു. പകുതി ആയപ്പോഴേയ്ക്കും നിയമപാലകന്‍ ഇടപെട്ടു. ''മതി, മതി എനിക്ക് കാര്യം പിടികിട്ടി. നിന്റെ റ്റൈപ്പ് കുറേണ്ണത്തിനെ ഞാന്‍ കണ്ടിട്ടുണ്ട്. കോളേജെന്നും പറഞ്ഞിറങ്ങും വീട്ടില്‍നിന്ന്. പിന്നെ വേണ്ടാതീനങ്ങളാണ്. ഈ ഒരുത്തന്റെ കൂടെ മാത്രമേ പോയിട്ടുണ്ടെന്നെങ്ങനെ അറിയാം. ഇപ്പോ പൈസ തീര്‍ന്നെന്ന്. പൈസ ഉണ്ടാക്കാന്‍ വഴി നിനക്കറിയാമല്ലോ.'' സദാചാര പൊലീസ് ലൈനില്‍ തുടങ്ങിയ നിയമപാലകന്‍ അങ്ങനെ മുന്നേറിയപ്പോള്‍, വനിതാ ഐ.പി.എസ് പ്രൊബേഷണര്‍ നിന്നു വിയര്‍ത്തു. ഇതിനിടയില്‍ വന്നും പോയുമിരുന്ന ചില പൊലീസുകാരും അവരെ സൂക്ഷ്മനിരീക്ഷണം നടത്തുന്നുണ്ട്. ''ഇവിടെ വനിതാ പൊലീസ് ഇല്ലേ സാറെ.'' പൊലീസിനെ അന്നും ആധുനികവല്‍ക്കരിക്കുകയായിരുന്നല്ലോ. അതുമൊക്കെ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പഠിച്ചിട്ടുണ്ട്. ആ വിജ്ഞാനമാണ് നമ്മുടെ പ്രൊബേഷണര്‍ പ്രയോഗിച്ചത്, ആത്മരക്ഷാര്‍ത്ഥം. ഉടന്‍ മറുപടിയും കിട്ടി. ''അവള്‍ക്ക് കണ്ട ആണുങ്ങളുടെ കൂടെയെല്ലാം ഒറീസ്സ, ആന്ധ്രയെല്ലാം ചുറ്റിക്കറങ്ങാം ഒരു കുഴപ്പവുമില്ല. ഇപ്പോള്‍ വനിതയെത്തന്നെ വേണം.'' നാഷണല്‍ പൊലീസ് അക്കാദമിയിലെ ക്ലാസ്സ് മുറിയില്‍ സ്റ്റേഷന്‍ അനുഭവം വിവരിക്കുമ്പോള്‍പോലും അവരുടെ ദുരനുഭവത്തിന്റെ ആഘാതം പ്രകടമായിരുന്നു. കൃത്രിമമായി സൃഷ്ടിച്ച സാഹചര്യമാണെന്ന വ്യക്തമായ ബോധം ഉണ്ടായിട്ടുപോലും വാക്കുകള്‍ അത്രയ്ക്ക് മുറിവേല്പിച്ചു, ആ യുവ ഉദ്യോഗസ്ഥയെ. ഇത്തരം അനുഭവങ്ങളുടെ തീക്ഷ്ണത എത്ര വലുതാണെന്നത് സത്യത്തില്‍ എനിക്കും കൂടുതല്‍ ബോദ്ധ്യപ്പെട്ടു.
എന്തുകൊണ്ടിതു സംഭവിക്കുന്നു?
ഈ ചോദ്യത്തിനുത്തരം തേടാന്‍ ശ്രമിക്കുമ്പോള്‍ നാം പരിശോധിക്കേണ്ടത് പൊലീസ് സംവിധാനത്തില്‍ നിലനില്‍ക്കുന്ന ഉപസംസ്‌കാരത്തെ(sub culture)യാണ്. സത്യസന്ധമായി പറയട്ടെ, ഐ.പി.എസില്‍ ചേരുന്നതിനു മുന്‍പുതന്നെ ഇക്കാര്യത്തെക്കുറിച്ച് എനിക്ക് ചില ഉല്‍ക്കണ്ഠകളുണ്ടായിരുന്നു. പൊലീസ് പരിശീലനത്തെക്കുറിച്ച് പല 'പീഡന'കഥകളും നേരത്തെ വായിച്ചിട്ടുമുണ്ട്. നാഷണല്‍ പൊലീസ് അക്കാദമിയിലും സംസ്‌കാരശൂന്യമായ പെരുമാറ്റങ്ങളും നടപടികളും ഉണ്ടാകാനിടയുണ്ടോ എന്ന അവ്യക്തമായ ഭയം മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നു. അതെങ്ങനെ അതിജീവിക്കും എന്നതിനെക്കുറിച്ച് അല്പം തല പുണ്ണാക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഉത്തരമൊന്നും കിട്ടിയിരുന്നില്ല എന്നതാണ് വാസ്തവം. ശാരീരികവും മാനസികവുമായി അതികഠിനമായിരുന്നു പരിശീലനം. 'അതികഠിനം' എന്നതിനപ്പുറം ശക്തമായ വിശേഷണമുണ്ടെങ്കില്‍ അതായിരിക്കും കൂടുതല്‍ ഉചിതം. പരിശീലനം 'അതികഠിനം' എന്ന് വിശേഷിപ്പിക്കുമ്പോള്‍, ഒരിക്കല്‍പോലും അനഭിലഷണീയമായ പെരുമാറ്റം ഒരു പരിശീലകന്റെ ഭാഗത്തുനിന്നും ഉണ്ടായതായി എനിക്കനുഭവപ്പെട്ടില്ല. അതിനു മുഖ്യകാരണം അന്നവിടെ ഡയറക്ടര്‍ ആയിരുന്ന എ.എ. അലി ഐ.പി.എസ് ആയിരുന്നു. വാക്കിലും പ്രവൃത്തിയിലും മാന്യതയും അന്തസ്സും പാലിച്ചിരുന്നുവെന്നതിനപ്പുറം ഉന്നതമായ മൂല്യങ്ങള്‍ പുലര്‍ത്തിയിരുന്ന മാതൃകാ പൊലീസുദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
അദ്ദേഹവുമായി ബന്ധപ്പെട്ട ഒരനുഭവം ഇവിടെ കുറിക്കാവുന്നതാണ്. ഡിസംബര്‍ മധ്യത്തിലായിരുന്നു ഞങ്ങളുടെ ട്രെയിനിങ് തുടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞ് പുതുവല്‍സരപ്പിറവി വലിയ ആഘോഷമായിരുന്നു. ഐ.പി.എസ് മെസ്സിലെ പ്രൗഢഗംഭീരമായ ഹാളില്‍ കലാപരിപാടികളും മറ്റുമായി ആഘോഷം രാവേറെ നീണ്ടു. അവസാനം ഞങ്ങള്‍ പ്രൊബേഷണര്‍മാരെല്ലാം ഡയറക്ടറുടെ ചുറ്റും കൂടി അടുത്ത ദിവസത്തെ ട്രെയിനിങ് ഒഴിവാക്കണമെന്ന് പറഞ്ഞ് അല്പം 'ബഹളം' വെച്ചു. ഡയറക്ടര്‍ അലി ചെറുതായി കൈ ഉയര്‍ത്തി പ്രഖ്യാപിച്ചു: 'thet radition in IPS is to celebrate the new year till day break', (IPSന്റെ പാരമ്പര്യം പുതുവര്‍ഷം, വെളുക്കും വരെ ആഘോഷിക്കുകയും) ഇത്രയും പറഞ്ഞ് ഒന്ന് നിര്‍ത്തിയശേഷം ചെറുചിരിയോടെ കൂട്ടിച്ചേര്‍ത്തു: 'and then to put on the uniform and go to work' (അതിനുശേഷം യൂണിഫോം ധരിച്ച് ജോലിക്കു പോകുകയുമാണ്.) സമുന്നതമായ ആ വ്യക്തിത്വത്തിന്റെ തണലില്‍ ദുരനുഭവങ്ങളില്ലാതെ ഞാന്‍, അല്ല ഞങ്ങള്‍ രക്ഷപ്പെട്ടു. എല്ലാക്കാലത്തും അതായിരുന്നില്ല അക്കാദമിയിലെ പരിശീലനത്തിന്റെ അവസ്ഥ.
പൊലീസിലെ 'അപകടം പിടിച്ച' ചില പ്രവണതകളെക്കുറിച്ച് അക്കാദമിയില്‍വെച്ച് ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം ഞങ്ങളുടെ കൗണ്‍സിലര്‍ ആയിരുന്ന രാകേഷ് ജാരുഹാര്‍ ഐ.പി.എസില്‍ നിന്നായിരുന്നു. ചെറിയ ഗ്രൂപ്പുകളിലായി ഐ.പി.എസ് ട്രെയിനികളെ ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി മികച്ച പൊലീസുദ്യോഗസ്ഥരാക്കാന്‍ ഉതകുന്നതാണ് കൗണ്‍സലിംഗ്. അത്തരമൊരു പരിപാടിയില്‍ ജാരുഹാര്‍ തന്റെ ഒരു പഴയ അനുഭവം അനുസ്മരിച്ചു. അന്നദ്ദേഹം ബീഹാറില്‍ ജില്ലാ എസ്.പി ആയിരുന്നു. സര്‍വ്വീസില്‍ ആറോ ഏഴോ വര്‍ഷമേ ആയിട്ടുള്ളു. ഒരു വി.ഐ.പി സന്ദര്‍ശനം സംബന്ധിച്ച് ജില്ലാ പൊലീസ് സൂപ്രണ്ടായ ജാരുഹാര്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അതിനിടയില്‍ ഒരു ഹവില്‍ദാര്‍ (ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കുള്ള ഉദ്യോഗസ്ഥന്‍) എന്തോ ഒരു സംശയമുന്നയിച്ചു. അതദ്ദേഹത്തിന് ഇഷ്ടമായില്ല. അടുത്ത നിമിഷം അനിഷ്ടം പുറത്തു വന്നു. ഉച്ചത്തില്‍ 'തേരാ ബാപ്' ('നിന്റെ തന്ത') തുടങ്ങി സംസ്‌കാരശൂന്യം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഭാഷയിലാണ് വാക്കുകള്‍ പുറത്ത് വന്നത്. അതദ്ദേഹത്തെ തന്നെ പിന്നീട് ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചു. കാരണം, അത്തരം ഭാഷയും രീതിയും നേരത്തെ തനിക്കന്യമായിരുന്നു. ചുരുങ്ങിയ കാലത്തിനിടയില്‍ തനിക്കു സംഭവിച്ച പരിണാമം അദ്ദേഹത്തെ തന്നെ അത്ഭുതപ്പെടുത്തി. 'Police service can have a dehumanising effect on you' (പൊലീസ് ജോലിക്ക് നിങ്ങളുടെ മനുഷ്യത്വം നഷ്ടപ്പെടുത്തുന്ന ഫലമുണ്ടാകാം) എന്നാണ് ഈ സംഭവം ഓര്‍മ്മിച്ച് അദ്ദേഹം ഞങ്ങളോടന്നു പറഞ്ഞത്. ശക്തമായ ഭാഷയില്‍ അദ്ദേഹം അതാവര്‍ത്തിച്ചു. പൊലീസ് ജോലിയില്‍ മാനവികത ചോര്‍ന്നു പോകാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന ആദ്യപാഠം ഞാന്‍ അവിടെ പഠിച്ചു. രാകേഷ് ജാരുഹാറിന്റെ വാക്കുകള്‍ ഒരു ഡയറിയിലും കുറിച്ചിട്ടില്ല. പക്ഷേ, മനസ്സിന്റെ ഏറ്റവും അഗാധതലത്തില്‍ അത് ചെന്ന് തറച്ചു. മനുഷ്യത്വം നഷ്ടപ്പെടുത്തി, മനുഷ്യന്‍ എന്തു നേടാനാണ് ? സ്വന്തം അനുഭവത്തില്‍നിന്നും ആര്‍ജ്ജിച്ച ഉള്‍ക്കാഴ്ച, അതിനാധാരമായ സംഭവം, തന്റെ പെരുമാറ്റത്തിന്റെ പാളിച്ച വിളിച്ചോതുന്നതായിരുന്നെങ്കിലും ഞങ്ങള്‍ക്കു പകരാന്‍ ധൈര്യവും സന്മനസ്സും കാണിച്ച രാകേഷ് ജാരുഹാര്‍ സാറിന് ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട്.
പൊലീസ് ഫലിതങ്ങളിലെ ഹിംസ
ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൊലീസ് സംവിധാനത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഉയരങ്ങളില്‍ തുടങ്ങി കൂടുതല്‍ ഉയരങ്ങളിലേയ്ക്കുള്ള പ്രയാണം. അവിടെ പ്രവര്‍ത്തിക്കുന്നവര്‍ക്കും സര്‍വ്വീസില്‍ സംഭവിക്കാവുന്ന അപകടകരമായ ഒരവസ്ഥയിലേയ്ക്കാണ് ഇവിടെ വിരല്‍ചൂണ്ടുന്നത്.
അത്തരം ഒരു 'ഫലിതം' വര്‍ഷം മുപ്പതോളം കഴിഞ്ഞെങ്കിലും ഞാനിന്നുമോര്‍ക്കുന്നു. ആയിടെ മാത്രം എന്നോടൊപ്പം ജോലിചെയ്യാന്‍ ഇടവന്ന ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ദേഹമാസകലം മുറിവേല്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവമുണ്ടായി. ഭാഗ്യവശാല്‍ യഥാസമയം സംഭവം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടും നല്ല ചികിത്സ ലഭിച്ചതുകൊണ്ടും ആ ജീവന്‍ രക്ഷിക്കാനായി. ആ സമയം അദ്ദേഹം റിട്ടയര്‍മെന്റിന്റെ വക്കത്തായിരുന്നു. ഇക്കാര്യം ഞാന്‍ ഉടനെ ഉയര്‍ന്ന ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ അറിയിച്ചു. അദ്ദേഹം ചോദിച്ചു: ''എന്തിനാ ഹേമചന്ദ്രാ, അയാളിങ്ങനെ ചെയ്തത്?'' ആത്മഹത്യാശ്രമത്തിലുള്ള ഉല്‍ക്കണ്ഠയാലായിരിക്കാം അദ്ദേഹത്തിന്റെ ചോദ്യം എന്ന് കരുതി മറുപടി പറയാന്‍ തുടങ്ങും മുന്‍പേ എല്ലാ സംശയവും ദൂരീകരിച്ച് അടുത്ത ചോദ്യം: ''അവിടെ പൊട്ടാസ്യം സയനൈഡ് കിട്ടാന്‍ അത്രയ്ക്ക് ബുദ്ധിമുട്ടാണോ?'' എന്തോ, എനിക്കാ 'തമാശ' ആസ്വദിക്കാനായില്ല. A rich man's joke is always funny (സമ്പന്നന്റെ തമാശ എപ്പോഴും രസകരം) എന്നതിന് മേലുദ്യോഗസ്ഥന്റെ തമാശ എപ്പോഴും ആസ്വാദ്യം എന്നൊരു പാഠഭേദം ഞങ്ങള്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ ശീലിച്ചിരുന്നത് എനിക്കറിയാമായിരുന്നെങ്കിലും ഇപ്പോഴത്തെ 'തമാശ' എനിക്കൊട്ടും ആസ്വദിക്കാനായില്ല.
30 കൊല്ലത്തിലധികം പൊലീസ് വകുപ്പില്‍ ജോലി ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ റിട്ടയര്‍മെന്റിന് തൊട്ട് മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍, അതിന്റെ കാരണത്തെക്കുറിച്ച് ഉല്‍ക്കണ്ഠയോ താല്പര്യമോ ഒന്നും അദ്ദേഹം പ്രകടിപ്പിച്ചില്ല എന്നതാണ് സത്യം. മാനവികത നഷ്ടമാകുമ്പോഴാണ് ഒരു സഹപ്രവര്‍ത്തകന്റെ ആത്മഹത്യ, എന്തുകൊണ്ട് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചില്ല എന്ന രീതിയിലുള്ള 'തമാശ'യായി മാറുന്നത്. എന്തുകൊണ്ട് ആത്മഹത്യ എന്ന ഉല്‍ക്കണ്ഠ നഷ്ടമാകുന്നത് മറ്റെന്താണ് സൂചിപ്പിക്കുന്നത്? ഉയര്‍ന്ന പൊലീസുദ്യോഗസ്ഥന് സ്വന്തം സഹപ്രവര്‍ത്തകന്റെ ദുരന്തത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കാമെങ്കില്‍ നമ്മളാദ്യം കണ്ട പെണ്‍കുട്ടിയോട് ഹെഡ്‌കോണ്‍സ്റ്റബിള്‍ അങ്ങനെ പെരുമാറിയതില്‍ അത്ഭുതമുണ്ടോ? മാനവികതയുടെ നഷ്ടം പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ പലരീതിയില്‍ പ്രതിഫലിക്കാം. പക്ഷേ, ഒന്നുണ്ട്, അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടമായാല്‍ ഉദ്യോഗസ്ഥന്റെ റാങ്കിന് എന്ത് പ്രസക്തി?
പൊലീസ് 'ഫലിതാ'ഖ്യാനം ഉപസംഹരിക്കുന്നതിന് മുന്‍പ് ചില ചിതറിയ ചിന്തകള്‍കൂടി പങ്കു വയ്ക്കട്ടെ. അധികാരം മനുഷ്യസ്വഭാവത്തേയും പെരുമാറ്റത്തേയും ശക്തമായി സ്വാധീനിക്കുന്ന ഘടകം തന്നെയാണ് . അധികാര പ്രക്രിയയില്‍ പൊലീസുമായി ഇടപഴകുന്ന മനുഷ്യര്‍ അവരുടെ ജീവിതത്തിലെ ദുര്‍ഘടസന്ധിയിലൂടെ കടന്നുപോകുന്നവരായിരിക്കും. നമ്മളിവിടെ കണ്ട ഉദാഹരണങ്ങള്‍ തന്നെ അത് വ്യക്തമാക്കുന്നതാണ്. ഏതൊരാളേയും താല്‍ക്കാലികമായെങ്കിലും വല്ലാതെ ദുര്‍ബലനും നിസ്സഹായനുമാക്കുന്ന അവസ്ഥയാണത്. ഈ സാഹചര്യത്തില്‍ അധികാരത്തിന്റെ രൂപത്തില്‍ അയാളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പൊലീസുദ്യോഗസ്ഥന്‍ എന്ത് ചെയ്യുന്നു? അത് അയാളുടെ മൂല്യബോധവും അയാളെ നിയന്ത്രിക്കേണ്ടുന്ന ആഭ്യന്തര സംവിധാനവും എല്ലാം ആശ്രയിച്ചിരിക്കും. മൂല്യബോധമില്ലാതെ അധികാരചിഹ്നങ്ങളിലും പ്രകടനപരതയിലുമൊക്കെ അഭിരമിക്കുന്ന പൊലീസുദ്യോ ഗസ്ഥന്‍ അധികാരം തന്റെ വിശിഷ്ടാവകാശമായി കണ്ട് തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാം. അധികാരം ദുഷിപ്പിക്കുന്ന അവസ്ഥയാണത്.
ഭരണഘടന, നിയമം ഇവയൊക്കെ മാറ്റിവെച്ച് രാഷ്ട്രീയ വിധേയത്വത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ അധികാരവിനിയോഗം നടത്തുമ്പോള്‍ ഉദാത്തമായ മൂല്യങ്ങള്‍ക്കെന്ത് പ്രസക്തി? അടിസ്ഥാന മൂല്യങ്ങള്‍ നിരാകരിച്ചുകൊണ്ടോ അതിനു വിരുദ്ധമായോ ഉള്ള പ്രവര്‍ത്തനം ശീലമാക്കുന്ന പൊലീസുദ്യോഗസ്ഥന്റെ നിയമപാലനം അധമത്വത്തിന്റെ പാതയിലാണ്. ആ പാതയില്‍ സഞ്ചരിക്കുമ്പോള്‍ നിങ്ങള്‍ ഹെഡ്‌കോണ്‍സ്റ്റബിളായാലും ഐ.പി.എസ് ഉദ്യോഗസ്ഥനായാലും നിങ്ങളുടെ ഫലിതം ബീഭത്സമാകാം, അസഹ്യമാകാം. അത് സ്വാഭാവികം മാത്രം.
മഹാഭാരതത്തെ ആസ്പദമാക്കി കുട്ടിക്കൃഷ്ണമാരാര് രചിച്ച 'ഭാരതപര്യടനം' എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ 'വ്യാസന്റെ ചിരി' എന്നൊരു ലേഖനമുണ്ട്. മഹാഭാരതത്തില്‍നിന്ന് ഹാസ്യാത്മകമായ ചില സംഭവങ്ങള്‍ അതില്‍ വിവരിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്നുണ്ട്. മഹാതപസ്വിയായ വിഭാണ്ഡകന്റേയും പുത്രന്‍ ഋശ്യശൃംഗന്റേയും കഥ ('വൈശാലി' എന്ന മനോഹരമായ ജനപ്രിയ സിനിമയ്ക്കാധാരമായത്) വിവരിച്ചുകൊണ്ടാണ് മഹാഭാരതത്തിലെ ഹാസ്യത്തിന്റെ സവിശേഷത മുഖ്യമായും വ്യക്തമാക്കുന്നത്. വ്യാസന്റെ പരിഹാസത്തിന്, അതിന്റെ പിന്നിലുള്ള സഹാനുഭൂതിമൂലം സൗന്ദര്യവും സംസ്‌കാരോല്‍ക്കര്‍ഷവും കൈവരുന്നുവെന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഈ സഹാനുഭൂതി നഷ്ടമാകുമ്പോള്‍ പല പൊലീസ് ഫലിതങ്ങളും സംസ്‌കാരശൂന്യവും അസഹ്യവുമാകുന്നു.
(തുടരും)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates