ഗവര്‍ണര്‍ പദവി ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ ആയുധമോ?

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭരണവും നയവും നിര്‍വ്വഹിക്കുമ്പോള്‍ ഇടനിലക്കാരനായ ഗവര്‍ണര്‍മാരുടെ ദൗത്യമെന്താണ്?
കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ചരിത്ര കോൺ​ഗ്രസിൽ പൗരത്വ ബില്ലിനെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യായീകരിച്ച് സംസാരിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രതിഷേധിക്കുന്നു
കണ്ണൂർ സർവകലാശാല സംഘടിപ്പിച്ച ചരിത്ര കോൺ​ഗ്രസിൽ പൗരത്വ ബില്ലിനെ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ന്യായീകരിച്ച് സംസാരിച്ചപ്പോൾ വേദിയിലുണ്ടായിരുന്ന ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രതിഷേധിക്കുന്നു

കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന മുറയ്ക്ക് രാജ്ഭവനുകളില്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നത് അസാധാരണമല്ല. അങ്ങനെ ഭരണഘടനാ പദവിയില്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതും ഇതാദ്യമല്ല. മുന്‍കാലങ്ങളില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ്സിന് രാഷ്ട്രീയ വാര്‍ദ്ധക്യം ബാധിച്ച മുതിര്‍ന്ന നേതാക്കളെ സ്വസ്ഥമായി പുനഃപ്രതിഷ്ഠിക്കാനുള്ള പദവിയായിരുന്നു ഈ സ്ഥാനമാനങ്ങള്‍. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഈ പദവിയുടെ 'രാഷ്ട്രീയ സാധ്യതകള്‍' ബി.ജെ.പി ഉപയോഗപ്പെടുത്തിത്തുടങ്ങി. അധികാരം നേടാനും ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പിലാക്കാനുമുള്ള രാഷ്ട്രീയ ആയുധമായി ഗവര്‍ണര്‍ പദവിയെ ബി.ജെ.പി തരംതാഴ്ത്തുകയായിരുന്നു. ഗവര്‍ണര്‍ പദവിയെക്കുറിച്ചുള്ള ശുദ്ധിയുടെ സങ്കല്പം തന്നെ ഇല്ലാതായി. രാജ്ഭവനുകള്‍ ഉപജാപത്തിന്റെ കേന്ദ്രങ്ങളായി മാറി.

ബംഗാള്‍, ഗോവ, മണിപ്പൂര്‍, മേഘാലയ, ബീഹാര്‍, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരുടെ ഓഫീസും പദവിയും ബി.ജെ.പി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്നതാണ് സമീപകാലത്ത് കണ്ടത്. ഈ സംസ്ഥാനങ്ങളിലെല്ലാം ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനാ നടപടിക്രമങ്ങളും അട്ടിമറിക്കപ്പെട്ടു. പല ഘട്ടത്തിലും ജനാധിപത്യ സംവിധാനം നിലനിര്‍ത്താന്‍ കോടതികള്‍ക്ക് ഇടപെടേണ്ടിവന്നു. പലപ്പോഴും രൂക്ഷമായ ഭാഷയിലാണ് നീതിന്യായ വ്യവസ്ഥ ഗവര്‍ണര്‍മാരെ വിമര്‍ശിച്ചത്. അരുണാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണര്‍ ജെ.പി. രാജ്ഖോവയെ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കുകയായിരുന്നു. സുപ്രീം കോടതിയുടെ നിശിതവിമര്‍ശനം നേരിട്ടിട്ടും രാജ്ഖോവ സ്ഥാനമൊഴിയാന്‍ വിസമ്മതിച്ചിരുന്നു.

കർണാടക ​ഗവർണറായ വാജുഭായ് വാലയും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും
കർണാടക ​ഗവർണറായ വാജുഭായ് വാലയും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും

2014-ല്‍ അരുണാചലിലെ അറുപതംഗ നിയമസഭയിലേയ്ക്ക് 42 പേരുടെ ഭൂരിപക്ഷവുമായാണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്. ബി.ജെ.പിക്കു കിട്ടിയത് 11 സീറ്റ്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ അഞ്ചുപേരും രണ്ടു സ്വതന്ത്രരുമായിരുന്നു സര്‍ക്കാര്‍ രൂപീകരണ സമയത്ത് മറ്റു പാര്‍ട്ടികളുടെ കക്ഷിനില. 2011 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്തുള്ള നബാം തുക്കി തന്നെയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, ഡിസംബറില്‍, ആരോഗ്യ കുടുംബക്ഷേമ മന്ത്രി കലിഖോ പുലിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയതോടെയാണ് കോണ്‍ഗ്രസ്സില്‍ വിമതസ്വരം ഉയര്‍ന്നു തുടങ്ങിയത്. കലിഖോ പുലിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതോടെ ഉള്‍പ്പാര്‍ട്ടി കലഹം മൂര്‍ച്ഛിച്ചു. കലിഖോ പുലിനൊപ്പം നിന്ന 21 കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ വിമത ശബ്ദമുയര്‍ത്തി. നാടകീയ സംഭവങ്ങള്‍ക്കു പിന്നാലെ ഇവര്‍ പാര്‍ട്ടി വിട്ടു.

വിമതരില്‍ 14 പേരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നോട്ടീസ് നല്‍കി. ഇതിനിടെ, സ്പീക്കറെ ഇംപീച്ച് ചെയ്യണമെന്നാശ്യപ്പെട്ട് വിമത എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ സ്പീക്കറെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിനു ഗവര്‍ണര്‍ തീയതിയും തീരുമാനിച്ചു. അതേസമയം, നോട്ടീസ് റദ്ദാക്കിയ സ്പീക്കര്‍ നിയമസഭാ മന്ദിരം പൂട്ടാന്‍ ഉത്തരവിട്ടു. 'സുവര്‍ണ്ണാവസരമാണ്' ഇതെന്നു തിരിച്ചറിഞ്ഞ ബി.ജെ.പി സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളില്‍ വിമതര്‍ക്കൊപ്പം ചേര്‍ന്നു. കോണ്‍ഗ്രസ്സ് വിമതരും 11 ബി.ജെ.പി അംഗങ്ങളും നിയമസഭാ മന്ദിരത്തിനു സമീപത്തെ ഹോട്ടല്‍മുറിയില്‍ സഭ ചേര്‍ന്നു പുതിയ നേതാവിനെ തെരഞ്ഞെടുത്തു. സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്നു പ്രഖ്യാപിച്ച് ഗവര്‍ണര്‍ നല്‍കിയ ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ 2016 ജനുവരിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി.

ഇതിനെതിരെ നബാം തുക്കി സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു ജനാധിപത്യം കശാപ്പു ചെയ്യപ്പെടുമ്പോള്‍ നോക്കിനില്‍ക്കാനാവില്ലെന്ന സുപ്രീംകോടതിയുടെ കടുത്ത പരാമര്‍ശം. പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കോണ്‍ഗ്രസ്സ് വിമതരും ബി.ജെ.പി അംഗങ്ങളും ചേര്‍ന്നു സര്‍ക്കാര്‍ രൂപീകരിച്ചു. കലിഖോ പുല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍, പുലിനെ മുഖ്യമന്ത്രിയാക്കിയ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ജൂലൈയില്‍ സുപ്രീംകോടതി വിധിച്ചു. ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്ഖോവയുടെ ഭരണഘടനാവിരുദ്ധമായ ഇടപെടലുകളെ കോടതി നിശിതമായാണ് വിമര്‍ശിച്ചത്. ഏതു കക്ഷിയെ ആരു നയിക്കണമെന്നതുള്‍പ്പെടെയുള്ള രാഷ്ട്രീയക്കളികളില്‍ ഗവര്‍ണര്‍ ഇടപെടരുതെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിക്കുകയായിരുന്നു. പുലിന്റെ ആത്മഹത്യയിലാണ്  ആ രാഷ്ട്രീയനാടകം അവസാനിച്ചത്. പെമാ ഖന്‍ഡുവിലൂടെ ബി.ജെ.പി അധികാരവും പിടിച്ചു.

ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്. മഹാരാഷ്ട്ര ​ഗവർണർ ഭ​ഗത് സിങ് കോശ്യാരിയും എൻസിപി നേതാവ് അജിത് പവാറും സമീപം
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ്. മഹാരാഷ്ട്ര ​ഗവർണർ ഭ​ഗത് സിങ് കോശ്യാരിയും എൻസിപി നേതാവ് അജിത് പവാറും സമീപം

അടുത്ത രാഷ്ട്രീയനാടകം ഉത്തരാഖണ്ഡിലായിരുന്നു. 2016-ല്‍ ഭരണത്തില്‍നിന്നും മാറ്റി നിര്‍ത്തപ്പെട്ടപ്പോഴാണ് ബി.ജെ.പി ഗവര്‍ണറെ (കൃഷന്‍ കാന്ത് പോള്‍) ഉപയോഗിച്ച് അവിടെ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. നിയമസഭ ചേര്‍ന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ടു തേടാനിരിക്കെയാണ് തലേന്നു രാത്രി കേന്ദ്ര സര്‍ക്കാര്‍ നാടകീയ നീക്കങ്ങളിലൂടെ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചത്. രാത്രി വളരെ വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിസഭാ യോഗം വിളിച്ചുകൂട്ടിയതും രാഷ്ട്രപതിഭരണത്തിനു ശുപാര്‍ശ നല്‍കിയതും. ഒടുവില്‍, കോടതി ഇടപെടലിലൂടെയാണ് ഉത്തരാഖണ്ഡിലും ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിസ്സാരമല്ലെന്നും അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ ഗവര്‍ണര്‍ ഇടപെടേണ്ടതുള്ളുവെന്നും പറഞ്ഞ കോടതി രാഷ്ട്രപതിഭരണം അനുവദിച്ചാല്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം ഇതിനു ശ്രമം നടത്തുമെന്നു വ്യക്തമാക്കുകയും ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ പാര്‍ട്ടിയാണോ എന്നായിരുന്നു ഡിവിഷന്‍ബെഞ്ചിന്റെ ചോദ്യം. കോടതി നിര്‍ദ്ദേശപ്രകാരം വിശ്വാസവോട്ട് നടന്നു. വോട്ടെടുപ്പില്‍ റാവത്ത് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു.

പലതവണ കോടതി ആവര്‍ത്തിച്ചിട്ടും അതൊന്നും കണക്കിലെടുക്കാതെയാണ് പിന്നീടും ഗവര്‍ണര്‍മാര്‍ ബി.ജെ.പിയുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിച്ചത്. 2017 മാര്‍ച്ചില്‍ ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ്സിനെ ഒഴിവാക്കിയ ഗവര്‍ണര്‍മാര്‍ ബി.ജെ.പിയെ വളഞ്ഞവഴിയിലൂടെ ഭരണത്തിലെത്താന്‍ സഹായിക്കുകയായിരുന്നു. ഗോവയില്‍ ഗവര്‍ണറായിരുന്ന മൃദുല സിന്‍ഹ 17 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ രൂപീകരണത്തിനു ക്ഷണിച്ചില്ല. പിന്നാലെ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയും ചെയ്തു. സ്വതന്ത്രരേയും മൂന്നു കോണ്‍ഗ്രസ്സ് എം.എല്‍.എമാരേയും വശത്താക്കിയ ബി.ജെ.പി അധികാരം പിടിച്ചു. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി. മണിപ്പൂരില്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയുടെ സഹായത്തോടെ ബി.ജെ.പി അധികാരത്തിലെത്തി. മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മേഘാലയയിലും മേയില്‍ കര്‍ണാടകത്തിലും ഗവര്‍ണര്‍മാര്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചു.

21 സീറ്റ് നേടി ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ്സിനെ അരികിലിരുത്തിയാണ് ബി.ജെ.പി മേഘാലയയില്‍ അധികാരത്തിലെത്തിയത്. പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവര്‍ ഉത്തര കൊറിയയില്‍ പോകണമെന്ന പരാമര്‍ശം നടത്തിയ തഥാഗത റോയിയായിരുന്നു അന്ന് ഗവര്‍ണര്‍.  ആര്‍.എസ്.എസ് പ്രചാരകനായ അദ്ദേഹം പശ്ചിമബംഗാളിലെ ബി.ജെ.പി. മുന്‍ പ്രസിഡന്റായിരുന്നു. കര്‍ണാടകയില്‍ അധികാരത്തിനുവേണ്ടിയുള്ള പിടിവലിയില്‍ അവസാനം ബി.ജെ.പി തന്നെ ജയിച്ചു. ഭരണഘടനയുടെ സാങ്കേതിക പഴുതുകളിലൂടെ നടത്തിയ ഈ കുടിലനീക്കം രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ (ഗവര്‍ണറും സ്പീക്കറും) തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിതെളിച്ചു. വിശ്വാസ വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ സമയപരിധി നിശ്ചയിച്ചത് കോടതിയില്‍ സ്പീക്കര്‍ രമേഷ് കുമാര്‍ ചോദ്യം ചെയ്തു. സഭയുടെ പരമാധികാരി താനാണെന്നായിരുന്നു ആ നിയമനടപടിയിലൂടെ അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍, എം.എല്‍.എമാരുടെ രാജി, അയോഗ്യത, സഭാ നടത്തിപ്പിലെ സ്പീക്കറുടെ അധികാരം, ഗവര്‍ണറുടെ ഇടപെടല്‍ ഇതിലെല്ലാം ഭാവിയിലേക്കുള്ള കീഴ്വഴക്കമാണ് രമേഷ് കുമാറിലൂടെ കര്‍ണാടക സംഭവങ്ങള്‍ സൃഷ്ടിച്ചത്.

അമിത് ഷായും ​ഗോവ ​ഗവർണറായിരുന്ന മൃദുല സിൻഹയും
അമിത് ഷായും ​ഗോവ ​ഗവർണറായിരുന്ന മൃദുല സിൻഹയും

കര്‍ണാടകയില്‍, 117 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്സും ജനതാദളും കത്തിലൂടെ ഗവര്‍ണറെ അറിയിച്ചിട്ടും യെദ്യൂരപ്പയെയാണ് ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഭരണഘടനയുടെ 361-ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണര്‍ ഈ തീരുമാനമെടുത്തത്. എന്നാല്‍, നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തീരുമാനങ്ങളാണ് ഗവര്‍ണര്‍ എടുക്കുകയെന്ന അനുമാനത്തിലാണ് ഭരണഘടന ഗവര്‍ണര്‍ക്ക് ഈ അധികാരം നല്‍കിയത്. തീരുമാനം ദുരുദ്ദേശ്യപരമാണെന്നു ബോധ്യപ്പെട്ടാല്‍ സുപ്രീം കോടതിക്ക് ഇടപെടല്‍ സാധ്യമായിരുന്നു. എന്നാല്‍, അതുണ്ടായില്ല. അര്‍ദ്ധരാത്രി മുതല്‍ രാവിലെ അഞ്ചര വരെ തുറന്നിരുന്ന കോടതി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനാകില്ലെന്നാണ് വിധിച്ചത്. ജനാധിപത്യത്തിലെ അടിസ്ഥാനശിലകളുടെ സംരക്ഷണം സുപ്രീം കോടതിയുടെ ബാധ്യതയും കടമയുമായിരുന്നു. ഈ കടമ നിര്‍വ്വഹിക്കാന്‍ സുപ്രീംകോടതി തുനിഞ്ഞില്ല.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം പക്ഷം ചേര്‍ന്ന ബംഗാള്‍ മുന്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി 2017-ല്‍ ബീഹാറില്‍ ഇത്തരമൊരു രാഷ്ട്രീയനാടകം നടത്തിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാതിരുന്ന ഗവര്‍ണര്‍ ജനതാദള്‍ (ജെ.ഡി.യു) - ബി.ജെ.പി സര്‍ക്കാരിന് അധികാരത്തിലേയ്ക്കു വഴിയൊരുക്കുകയായിരുന്നു. സര്‍ക്കാരും ഇപ്പോഴത്തെ ഗവര്‍ണറായ ജഗ്ദീപ് ധന്‍കറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ നിയമസഭാ സമ്മേളനം വരെ മാറ്റിവയ്‌ക്കേണ്ടി വന്നു. ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതിയും നല്‍കിയില്ല. താന്‍ റബ്ബര്‍ സ്റ്റാംപ് അല്ലെന്നും മമത ബാനര്‍ജി നിരന്തരം തന്നെ അവഹേളിക്കുകയുമാണെന്നാണ്  ബി.ജെ.പിക്കാരനായ അദ്ദേഹത്തിന്റെ വാദം.

ഗവര്‍ണറുടെ ഓഫിസിന്റെ ദുരുപയോഗം, ഗവര്‍ണറുടെ വിവേചനാധികാരത്തിന്റെ ദുര്‍വ്വിനിയോഗം എന്നിവയാണ് ഏറ്റവുമൊടുവില്‍ മഹാരാഷ്ട്രയില്‍ കണ്ടത്. അതിരാവിലെയാണ് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ആര്‍.എസ്.എസുകാരനായ ഭഗത് സിംഗ് കോശ്യാരി സ്വീകരിച്ചത്. ബി.ജെ.പി സര്‍ക്കാരിനു കളമൊരുക്കാന്‍ കീഴ്വഴക്കങ്ങള്‍ മറികടന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സവിശേഷാധികാരം പ്രയോഗിക്കുകയും ചെയ്തു. പുലര്‍ച്ചെ രാഷ്ട്രപതിഭരണം പിന്‍വലിക്കാനായി കേന്ദ്രമന്ത്രിസഭ ചേരാതെ സവിശേഷ അധികാരം ഉപയോഗിച്ചു പ്രധാനമന്ത്രി രാഷ്ട്രപതിക്കു ശുപാര്‍ശ നല്‍കുകയായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനത്തിനു കേന്ദ്രമന്ത്രിസഭ പിന്നീട് അനുമതി നല്‍കിയാല്‍ മതിയാകും. കേന്ദ്രമന്ത്രിസഭയുടെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്കു തീരുമാനമെടുക്കാം. പുലര്‍ച്ചെ 5.47-നാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത്. തുടര്‍ന്ന് രാജ്ഭവനില്‍ ഒരുക്കങ്ങള്‍ തിരക്കിട്ടു പൂര്‍ത്തിയാക്കി. എട്ട് മണിയോടെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോളാണ് കോണ്‍ഗ്രസ്സ്-എന്‍.സി.പി., ശിവസേന നേതാക്കള്‍പോലും വിവരം അറിയുന്നത്. ഗവര്‍ണറുടെ നടപടി പരിശോധിച്ചാല്‍, സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് ആദ്യമേ വ്യക്തമാക്കിയ പാര്‍ട്ടിയാണ് ബിജെ.പി. ഭരണ പ്രതിസന്ധി അവരാണ് തുടങ്ങിവച്ചത്. എന്നാല്‍, ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസ്സും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു സര്‍ക്കാരുണ്ടാക്കി. അപ്പോള്‍, ബി.ജെ.പിക്കു ഗവര്‍ണര്‍ ഇതുവരെ 'കൂളിങ് പീരിയഡ്' അനുവദിച്ചിരുന്നു. ആ സമയം കഴിഞ്ഞപ്പോള്‍ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കാനുള്ള റിപ്പോര്‍ട്ട് എത്തി. പുലര്‍കാലത്തുതന്നെ രാഷ്ട്രപതിഭരണം പിന്‍വലിച്ച് ഉത്തരവുമിറങ്ങി.

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ ആരിഫാഖാനും തിരുവനന്തപുരത്ത് നടന്ന പുതുവർഷാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ
​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഭാര്യ ആരിഫാഖാനും തിരുവനന്തപുരത്ത് നടന്ന പുതുവർഷാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ

പദവിയുടെ പവര്‍ അധികാരവും അലങ്കാരവും

ജനാധിപത്യ വ്യവസ്ഥയില്‍ ഗവര്‍ണര്‍ പദവി ആവശ്യമില്ലാത്തതാണെന്ന വാദം ഇതാദ്യമുയരുന്നതല്ല. കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമായി നിലനിന്നുപോരുന്ന ഈ പദവികൊണ്ട് വാസ്തവത്തില്‍ പ്രയോജനമൊന്നുമില്ലെന്ന് ഒരു വിഭാഗം രാഷ്ട്രീയക്കാര്‍ വാദിക്കുന്നു. രണ്ട് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഇടയില്‍ ഒരു രാജ്യത്തെ ഏക നോമിനേറ്റഡ് ബ്യൂറോക്രാറ്റ് സംവിധാനമാണ് ഗവര്‍ണര്‍ പദവി. അത് ജനാധിപത്യത്തിനുതന്നെ വിരുദ്ധമാണ്. ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം പ്രത്യക്ഷത്തില്‍ പറയുന്നതോടെ അതു കൂടുതല്‍ അരോചകമായി മാറുന്നു. യാതൊരു ജനകീയ താല്പര്യവും നിറവേറ്റാനില്ലാത്ത, യഥാര്‍ത്ഥ ഫെഡറലിസത്തിനു ഹാനികരമായ, സംസ്ഥാന ഭരണത്തിനു വിലങ്ങുതടിയാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ വരുത്തിവെയ്ക്കുന്നതുമായ ഈ പദവി അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള ഭരണഘടനാ ഭേദഗതികള്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ വാദം. മുന്‍ ഗവര്‍ണര്‍മാരായിരുന്ന ഡോ. പട്ടാഭി സീതാരാമയ്യ, കെ.എം. മുന്‍ഷി, സരോജിനി നായിഡു എന്നിവരൊക്കെ അതിഥികളെ സ്വീകരിക്കാന്‍ മാത്രമുള്ള ഒരു അലങ്കാരപദവിയാണ് ഗവര്‍ണര്‍ സ്ഥാനം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെ വിജയലക്ഷ്മി പണ്ഡിറ്റ് ഈ പദവി അനാവശ്യമാണെന്നു പൊതുവേദിയില്‍ പറഞ്ഞു.

രാഷ്ട്രീയ നേതാക്കളില്‍ എന്‍.ടി. രാമറാവുവാണ് ഒരു ജനാധിപത്യക്രമത്തില്‍ ഗവര്‍ണറുടെ പ്രസക്തി എന്താണെന്ന ചോദ്യം ഏറ്റവും ശക്തിയായി ഉന്നയിച്ചത്. അത് അദ്ദേഹത്തെ ഗൂഢാലോചനയിലൂടെ പുറത്താക്കുന്നതിനു മുന്‍പായിരുന്നു. ഗവര്‍ണറെ പിരിച്ചുവിടുന്നതിനു മുന്‍പും കൃത്യമായ ചട്ടങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. 1989-ല്‍ വി.പി. സിങ് അധികാരമേറ്റപ്പോള്‍ എല്ലാ ഗവര്‍ണര്‍മാരേയും പിരിച്ചുവിട്ടു. 2012-ല്‍ 14 ഗവര്‍ണര്‍മാരെ ഒരുമിച്ചു മാറ്റാനുള്ള നീക്കമുണ്ടായി. കേന്ദ്രത്തിന് അനഭിമതരായാല്‍ ഏതു നിമിഷവും പുറത്താക്കപ്പെടാവുന്ന സാഹചര്യമുണ്ട് ഗവര്‍ണര്‍ക്ക്. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നാല്‍ ഗവര്‍ണറുടെ 'വിവേചനാധികാരം' പ്രധാനമാണ്. വിവേചനാധികാരം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ താല്പര്യം മാത്രമായി മാറുന്നതാണ് ചരിത്രം. വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്നാണ് ഭരണഘടനാ നിര്‍മ്മാണ സമിതി കരുതിയിരുന്നത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചും പ്രോ ടേം സ്പീക്കര്‍മാരെക്കൊണ്ട് സഭാനടപടികളില്‍ തിരിമറി നടത്തിയും കുതിരക്കച്ചവടം വഴിയും ആ പ്രതീക്ഷയെ രാഷ്ട്രീയക്കാര്‍ ദുരുപയോഗം ചെയ്യുകയാണുണ്ടായത്.

ചെറുതും വലുതുമായ ഫെഡറല്‍ ഭരണസമ്പ്രദായമുള്ള ഇരുപത്തിയഞ്ചോളം രാജ്യങ്ങള്‍ ലോകത്തുണ്ട്. ഇക്കൂട്ടത്തില്‍ സങ്കീര്‍ണ്ണവുമായ ജനാധിപത്യ വ്യവസ്ഥയുള്ള രാജ്യമാണ് ഇന്ത്യ. അതുപോലെ യു.എസ്., ബ്രസീല്‍, ജര്‍മനി, മെക്‌സിക്കോ എന്നിവയൊക്കെ ശക്തമായ പ്രാദേശിക സര്‍ക്കാരുകളുള്ള രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വ്യവസ്ഥയുണ്ടെന്നു കരുതപ്പെടുന്ന യു.എസിലേതുപോലെ മിക്ക ഫെഡറല്‍ രാജ്യങ്ങളിലും ദേശീയ സര്‍ക്കാര്‍, പ്രാദേശിക സര്‍ക്കാരിനെ ഭരണഘടനാപരമായി മേല്‍നോട്ടം നടത്താന്‍ തങ്ങളുടെ പ്രതിനിധിയെ അയയ്ക്കുന്ന പതിവില്ല. പിന്നെ എന്തിന് ഇന്ത്യ ഈ മാതൃക പിന്തുടരുന്നുവെന്നാണ് ഗവര്‍ണര്‍ പദവി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ വാദിക്കുന്നത്. അതേസമയം ഓസ്ട്രേലിയയും കാനഡയുമടക്കം 15 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പരമോന്നത അധികാരി എലിസബത്ത് രാജ്ഞിയാണ്. ഈ രാജ്യങ്ങളില്‍ ഇപ്പോഴും ഗവര്‍ണര്‍മാരുണ്ട്. പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശേഷിപ്പുകള്‍ പിന്തുടരുന്ന നമ്മുടെ ജനാധിപത്യ വ്യവസ്ഥയില്‍ പ്രാദേശിക സര്‍ക്കാരുകളെ കൂടുതല്‍ ശക്തമാക്കാനുള്ള ഫെഡറല്‍ ഘടന സ്വീകരിക്കണമെന്നാണ് പദവിയെ എതിര്‍ക്കുന്നവരുടെ കാലാകാലങ്ങളായുള്ള വാദം.

യോഗ്യതകളും തത്ത്വങ്ങളും പിഴവുകളും

ഗവര്‍ണറുടെ സ്ഥാനവും അദ്ദേഹത്തിന്റെ അധികാര ഉപയോഗവും പലപ്പോഴും വിവാദവിഷയമായിട്ടുണ്ട്. ഭരണപരമായ വിഷയങ്ങളില്‍ മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍ എന്ന് സുപ്രീംകോടതി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1974-ല്‍ ഷംസീര്‍ സിങ്ങിന്റെ കേസില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇത്തരമൊരു വിധി പ്രഖ്യാപിച്ചത്. എന്നാല്‍, ഭരണഘടന നല്‍കുന്ന സവിശേഷമായ വിവേചനാധികാരം ഉപയോഗിക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട തത്ത്വങ്ങളും നിയമങ്ങളും സംബന്ധിച്ച് അവ്യക്തത തുടര്‍ന്നു. ഭരണഘടനയാണ് അവസാനവാക്കെന്നു പറയുമ്പോഴും അതിലെ പിഴവുകള്‍ ഗവര്‍ണര്‍മാര്‍ സമര്‍ത്ഥമായി രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, ഗവര്‍ണര്‍മാരുടെ വിവേചനാധികാരം സംബന്ധിച്ച് വ്യക്തത നല്‍കുന്ന റിപ്പോര്‍ട്ടായിരുന്നു 1988-ലെ സര്‍ക്കാരിയ കമ്മിഷന്റേത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച് രാഷ്ട്രീയപ്പാര്‍ട്ടിക്ക് അഥവാ സംഘത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലെങ്കില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരം പ്രയോഗിക്കാം. എന്നാല്‍, നിയമസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുടെ പിന്തുണ ഉറപ്പിക്കാവുന്ന വിഭാഗത്തിനാവണം മന്ത്രിസഭാ രൂപീകരണത്തിന് അവസരം നല്‍കേണ്ടത്. അതേസമയം, ഭൂരിപക്ഷം സംബന്ധിച്ചു തീരുമാനമെടുക്കുന്ന കാര്യം നിയമസഭയ്ക്കു വിട്ടുകൊടുക്കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. പക്ഷപാതത്തോടെ വിവേചനാധികാരം വിനിയോഗിച്ചുവെന്ന ആക്ഷേപം ഇല്ലാതാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കേണ്ടതെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, കര്‍ണാടകയിലടക്കം സംഭവിച്ചത് മറ്റൊന്നാണ്. വിവേചനാധികാരം രാഷ്ട്രീയ താല്പര്യങ്ങള്‍ക്കു വഴങ്ങുന്നതാണ് അവിടെ കണ്ടത്. ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളിലുള്ള തര്‍ക്കമായിരുന്നു അവിടെ നടന്നത്. അങ്ങനെയാണ്  അധികാരം ആര്‍ക്കെന്നും എത്രമാത്രം ഇടപെടലുകള്‍ നടത്താമെന്നുമൊക്കെ ഇഴകീറി പരിശോധിക്കപ്പെടുന്ന ഓരോ ഘട്ടവും വന്നത്. ഇതിനിടയില്‍ എം.എല്‍.എമാരുടെ രാജി, അയോഗ്യത, സഭാ നടത്തിപ്പിലെ സ്പീക്കറുടെ അധികാരം, ഗവര്‍ണറുടെ ഇടപെടല്‍ ഇതിനെല്ലാം ഭാവിയിലേയ്ക്കുള്ള ചില കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

സത്യസന്ധമായും ഭരണഘടനാപരമായ ഉത്തരവാദിത്വബോധത്തോടെയും വേണം ഗവര്‍ണര്‍ പെരുമാറേണ്ടതെന്ന് 2006-ല്‍ രാമേശ്വര്‍ പ്രസാദ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബീഹാര്‍ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ ശുപാര്‍ശയും വിജ്ഞാപനവും ഈ കേസില്‍ കോടതി റദ്ദാക്കി. സര്‍ക്കാരിയ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് അഞ്ചംഗ ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ ഉത്തരവ് റദ്ദാക്കിയത്. വ്യക്തിശുദ്ധി ഉറപ്പിച്ചുവേണം ഗവര്‍ണര്‍മാരെ ആ പദവിയില്‍ നിയോഗിക്കാനെന്ന് ഒരു പടികൂടി കടന്നു കോടതി പറഞ്ഞു. നാലു മാനദണ്ഡങ്ങളാണ് അന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞത്. ഒന്ന്, ഏതെങ്കിലുമൊരു ജീവിതമേഖലയില്‍ കഴിവും പ്രാഗല്ഭ്യവും തെളിയിച്ച ആളായിരിക്കണം. രണ്ട്, സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ആളാകണം മൂന്ന്, പ്രാദേശിക രാഷ്ട്രീയത്തില്‍നിന്നു വിട്ടുമാറി നില്‍ക്കുന്ന വ്യക്തിത്വമാകണം. നാല്, മുന്‍കാലങ്ങളില്‍ വിശേഷിച്ച് സമീപകാലത്ത് രാഷ്ട്രീയത്തില്‍ ഭാഗഭാക്കാകാത്ത ആളാകണം.

സര്‍ക്കാരിയ കമ്മിഷന്‍ മാത്രമല്ല, പിന്നീട് വന്ന എം.എം. പുഞ്ചി കമ്മിഷനും ഗവര്‍ണറുടെ അധികാരപരിധികളെക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2001-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഒരു ഭരണഘടനാ പുനരവലോകന കമ്മിഷനെ നിയമിച്ചു. ഇതിന്റെ ഭാഗമായി ജസ്റ്റിസ് ജീവന്‍ റെഡ്ഡിയും മറ്റുള്ളവരും ഇതേ വിഷയങ്ങള്‍ വിലയിരുത്തി. ഗവര്‍ണര്‍മാരെ സംബന്ധിച്ച് സര്‍ക്കാരിയ കമ്മിഷന്റെ ശുപാര്‍ശകള്‍ പിന്നീട് റെഡ്ഡിയും അംഗീകരിച്ചു. ഇപ്പോഴത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോണ്‍ഗ്രസ്സില്‍നിന്ന് ജനതാദളിലെത്തി അവിടെനിന്ന് ബി.എസ്.പിയിലെത്തി. ഏറ്റവുമൊടുവില്‍ ബി.ജെ.പിയില്‍ ചേക്കേറിയ മുഹമ്മദ് ഖാന്‍ സമീപകാലത്തും തന്റെ രാഷ്ട്രീയമണ്ഡലത്തില്‍ സജീവമായിരുന്നു.

ഗവര്‍ണര്‍ പദവി എന്തിന്?

സ്വാതന്ത്ര്യാനന്തരം പ്രവിശ്യകളുടെ മേല്‍നോട്ടം നിര്‍വ്വഹിക്കാനും അധികാരം ഉറപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ മാര്‍ഗ്ഗമായിരുന്നു ഗവര്‍ണര്‍ പദവി. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം പ്രവിശ്യകളില്‍ പരിമിതമായ വോട്ടവകാശം ലഭിച്ചു. ജനപ്രതിനിധി സഭകളുമുണ്ടായി. ഈ സഭകളെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പദവിയാണ് ഗവര്‍ണറുടേത്. ഇന്ത്യന്‍ നേതാക്കളെല്ലാം ഈ പദവിയെ ആദ്യമേ തന്നെ എതിര്‍ത്തിരുന്നു. എന്നിട്ടും, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണസഭ ഗവര്‍ണര്‍മാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. രണ്ടു കാരണങ്ങളുണ്ടായിരുന്നു ഇതിന്. ഒന്ന്, വിഘടനവാദം ഇല്ലാതാക്കാന്‍, പുതിയ രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുമേല്‍ ഒരു നിയന്ത്രണം കേന്ദ്രസര്‍ക്കാരിനില്ലാതെ പോയാല്‍ അതു വിഘടനവാദങ്ങള്‍ക്കു ശക്തിപകരും എന്നായിരുന്നു കണക്കുകൂട്ടല്‍. അതുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡത നിലനിര്‍ത്താന്‍ ഗവര്‍ണര്‍ പദവി അനിവാര്യമാണെന്ന കണ്ടെത്തലില്‍ നിയമനിര്‍മ്മാണസഭ എത്തിച്ചേര്‍ന്നു. രണ്ട്, സംസ്ഥാനങ്ങളില്‍ കാര്യപ്രാപ്തിയും അനുഭവപരിചയവുമുള്ള ജനപ്രതിനിധികളുടെ അഭാവമുണ്ടെങ്കില്‍ അതു പരിഹരിക്കാന്‍ ഗവര്‍ണര്‍ക്കു കഴിയുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, രണ്ടു കാരണങ്ങളും ഇന്ന് അപ്രസക്തമാണ്.

വിവേചനാധികാരം വിവാദമായ നാളുകള്‍

മണിപ്പൂര്‍
28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പി ജയിച്ചത് 21 സീറ്റുകളില്‍. സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി.

ഗോവ
17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്സ് ഭൂരിപക്ഷമുള്ള ഒറ്റകക്ഷിയായി. ബി.ജെ.പിക്കു കിട്ടിയത് 13 സീറ്റ്. സര്‍ക്കാരുണ്ടാക്കിയത് ബി.ജെ.പി.

ജാര്‍ഖണ്ഡ്
2005-ല്‍ 81 സീറ്റുകളില്‍ 30 സീറ്റുകള്‍ ബി.ജെ.പിക്കു കിട്ടി. പക്ഷേ, സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് 17 സീറ്റുകളുള്ള ജെ.എം.എമ്മിനെ.

ജമ്മു കശ്മീര്‍
2002-ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് 28 സീറ്റുകളില്‍ ജയിച്ചു. എന്നാല്‍, ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് കോണ്‍ഗ്രസ്സിനേയും പി.ഡി.പിയേയും.

ഡല്‍ഹി
2013-ല്‍ ബി.ജെ.പിക്കു കിട്ടിയത് 31 സീറ്റുകള്‍. എന്നാല്‍, 27 സീറ്റുകളില്‍ വിജയിച്ച ആംആദ്മി സര്‍ക്കാരുണ്ടാക്കി.

ഹരിയാന
1982-ല്‍ കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാത്. എന്നാല്‍, ഗവര്‍ണര്‍ ജി.ഡി. തപ്സി സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിച്ചത് ബി.ജെ.പി-എല്‍.കെ.ഡി കൂട്ടുകെട്ടിനെ.

രാജ്ഭവന്റെ അധികാരപരിധികള്‍

ഭരണഘടനയുടെ 153-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു ഗവര്‍ണര്‍ വേണം. ഭരണനിര്‍വ്വഹണ അധികാരം ആ പദവിയില്‍ നിക്ഷിപ്തമാണ്. രാഷ്ട്രപതിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. കാലാവധി അഞ്ചു വര്‍ഷം. എന്നാല്‍, രാഷ്ട്രപതിയുടെ ഇഷ്ടാനുസരണം അധികാരത്തില്‍ തുടരാം. ഇന്ത്യന്‍ പൗരനാകണം, 35 വയസ്സ് പൂര്‍ത്തിയാകണം എന്നിവയാണ് നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍. 168-ാം ചട്ടം അനുസരിച്ച് സംസ്ഥാനത്തിന്റ നിയമനിര്‍മ്മാണം ഗവര്‍ണറും നിയമസഭയും യോജിച്ചാണ്. ജയില്‍തടവുകാര്‍ക്കു മാപ്പനുവദിക്കുക, ശിക്ഷയില്‍ ഇളവ് നല്‍കുക എന്നീ അധികാരങ്ങളും ഗവര്‍ണര്‍ക്കുണ്ട്. ബില്ലുകള്‍ അംഗീകരിക്കാനുള്ള ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ചു പറയുന്ന ചട്ടത്തില്‍ (ആര്‍ട്ടിക്കിള്‍ 200, 201) അതിനുള്ള സമയപരിധി വ്യക്തമാക്കുന്നില്ല. അതുകൊണ്ടുതന്നെ, ഗവര്‍ണര്‍ക്ക് ബില്‍ വേണമെങ്കില്‍ രാഷ്ട്രപതിക്കു ശുപാര്‍ശ ചെയ്യാം, അതല്ലെങ്കില്‍ ബില്ലിന്മേല്‍ തീരുമാനമെടുക്കാതെ എത്രനാള്‍ വേണമെങ്കിലും നീട്ടിവയ്ക്കാം. 356-ാം ചട്ടപ്രകാരം ഭരണഘടന സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനും അധികാരമുണ്ട്. 1959-ല്‍ ഇ.എം.എസ്. സര്‍ക്കാരിനെ പിരിച്ചുവിട്ട കോണ്‍ഗ്രസ്സ് നടപടിയില്‍ തുടങ്ങുന്ന ചരിത്രം ഇന്നും പല രൂപത്തില്‍ ആവര്‍ത്തിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com