കന്നി മണ്ണില്‍ വിതയ്ക്കപ്പെട്ട വസൂരി വിത്തുകളും മുതലാളിത്തവും

അമേരിക്കയിലെ ആദിമസംസ്‌കാരങ്ങളെ തച്ചുടച്ച് യൂറോപ്യന്‍ ആധിപത്യത്തിനും മുതലാളിത്തത്തിനും അവിടത്തെ മണ്ണില്‍ വേരുറപ്പിക്കാനായത് വെള്ളക്കാരന്റെ കുടിലതകളോട് രോഗം കൈകോര്‍ത്തതുകൊണ്ടു കൂടിയാണ്
1897ൽ ഇന്ത്യയിൽ ബ്യൂബോണിക് പ്ലേ​ഗ് പടർന്നു പിടിച്ചപ്പോൾ
1897ൽ ഇന്ത്യയിൽ ബ്യൂബോണിക് പ്ലേ​ഗ് പടർന്നു പിടിച്ചപ്പോൾ

'രണത്തിന്റെ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് മിക്ക ദിവസവും രാവിലെ ഉണര്‍ന്നിരുന്നത്. തിരുവാതിര ഞാറ്റുവേല രാവും പകലും തകര്‍ക്കുകയായിരുന്നു. നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന ഗ്രാമത്തിനു മുകളില്‍ മരണം കാണാത്ത ഒരു കൂറ്റന്‍ പരുന്തിനെപ്പോലെ ചിറകുവിരുത്തി വട്ടമിട്ടു പറക്കുന്നുണ്ടെന്നു തോന്നി. തണുത്ത കാറ്റോടൊപ്പം ഭയം അടഞ്ഞ വാതിലുകളുടെ വിടവുകളിലൂടെ അരിച്ചു കയറിയിരുന്നു.'

തെക്കന്‍ മലബാറില്‍ വസൂരി പടര്‍ന്ന നാളുകളുടെ ഒരു ചിത്രം ആ പ്രദേശത്തെ മറ്റു പല സാഹിത്യകാരന്മാരുടെ കൃതികളിലുമെന്നപോലെ എം.ടിയുടെ 'അസുരവിത്തി'ലുമുണ്ട്. എം.ടിയുടെ നാട്ടില്‍നിന്ന് അകലെയല്ലാതെ ഒരു കുന്നിന്‍പുറത്ത് അക്കാലത്ത് രോഗബാധിതരെ ഇലയില്‍ പൊതിഞ്ഞു കൊണ്ടുപോയി തള്ളിയിരുന്നു. ഇങ്ങനെ 'കെട്ടിയെടുത്തവരെ' അവിടെത്തന്നെ കിടന്നു മരിക്കാന്‍ വിടുകയും അവിടെ കിടന്നു മരിക്കുന്നവരെ അവിടെത്തന്നെ കുഴിവെട്ടി മൂടുകയും ചെയ്തിരുന്നുവത്രെ.

ഇന്ന് ആ കുന്നിന്‍പുറത്ത് തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് ഒരു ആശുപത്രിയാണ്. മരണം കയറിയിറങ്ങിയ ഇടങ്ങളില്‍ ശാസ്ത്രജ്ഞാനം അമൃതം വര്‍ഷിച്ചു തുടങ്ങിയതിന്റെ ഫലമായി വസൂരി ലോകത്തു നിന്ന് ഏതാണ്ടു തുടച്ചുനീക്കപ്പെട്ടു. എന്നാല്‍, പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അവ മനുഷ്യരാശിയെ ഭയപ്പെടുത്തുന്നു. ഭയത്തില്‍നിന്ന് അഭയത്തിലേക്കും മൃതിയില്‍നിന്നു ജീവനിലേക്കും മനുഷ്യനെ ഉണര്‍ത്തുന്നതില്‍ ഇന്നു തടസ്സം നില്‍ക്കുന്നത് ശാസ്ത്രജ്ഞാനത്തിന്റെ അഭാവമല്ല, മറിച്ച് പാശ്ചാത്യസംസ്‌കൃതിയോടൊപ്പം പടര്‍ന്ന മുതലാളിത്തമാണ്.

രോഗാണുക്കളാണ് രോഗമുണ്ടാക്കുന്നതെന്നു മനുഷ്യര്‍ തീര്‍ച്ചപ്പെടുത്തുന്നത് 19ാം നൂറ്റാണ്ടില്‍ ലബോറട്ടറി റവലൂഷന്റെ തുടര്‍ച്ചയിലാണ്. പ്ലേഗിനു കാരണമാകുന്ന യെര്‍സിനീയ പെസ്റ്റിസ്, ക്ഷയത്തിനു കാരണമാകുന്ന ട്യൂബ്ര്ക്ക്ള്‍ ബാസിലസ് എന്നിവയെ തിരിച്ചറിയാനായത് ഫലപ്രദമായ തെറാപ്പികള്‍ക്കും മരുന്നുകള്‍ക്കും വഴിവെച്ചു. ഇവ തടയേണ്ടുന്നതിനു ഫലപ്രദമായ രീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനും. എന്നാല്‍, പകര്‍ച്ചവ്യാധികളെ ഇല്ലാതാക്കുന്നതിനു ബയോമെഡിസിനുകള്‍ക്കാകുമെന്ന അമിതമായ വിശ്വാസവും, രോഗങ്ങളെ തടയുന്നതിനു അതിനു കാരണമാകുന്ന സാമൂഹ്യസാഹചര്യങ്ങളെ നേരിടേണ്ടതില്ലെന്നും രോഗാണുക്കളെ ആക്രമിച്ചാല്‍ മതിയെന്നുമുള്ള തോന്നലും നിര്‍ഭാഗ്യവശാല്‍ ലബോറട്ടറി വിപ്ലവത്തിനുശേഷം വ്യാപകമായി ഉണ്ടായി. മനുഷ്യന്റെ സാമൂഹ്യജീവിതം രോഗപ്പകര്‍ച്ചകളെ തടയുന്നതില്‍ നിര്‍ണ്ണായകമാണെന്ന തത്ത്വം മറന്നതിന്റെ കൂടി ഫലമായാണ് ഇന്നു വികസിത നാടുകളില്‍ കൊവിഡ് 19നെ തുടര്‍ന്നു കൂട്ടമരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. ഓരോരുത്തരും സ്വയം നന്നായാല്‍ മതി, നാടു നന്നാകും എന്ന കപടയുക്തി പകര്‍ച്ചവ്യാധികളെപ്പോലെയുള്ള മനുഷ്യന്റെ പ്രതികൂലാവസ്ഥകളിലേക്കു വലിച്ചുനീട്ടിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഉദാഹരണങ്ങള്‍ കൂടിയാണ് ഈ മരണങ്ങള്‍.

20ാം നൂറ്റാണ്ട് പകുതിയെത്തുംവരെ ഒരു ദശലക്ഷത്തിലധികം വരെ ആളുകളുടെ ജീവനെടുത്ത വസൂരി രോഗം ഇന്ത്യയിലും വന്‍തോതില്‍ ജീവനാശം ഉണ്ടാക്കിയിട്ടുണ്ട്. ഈ രോഗം എവിടെയാണ് ഉദ്ഭവിച്ചതെന്നും എവിടെ നിന്നാണ് പടര്‍ന്നുപിടിച്ചതെന്നും ആര്‍ക്കും കൃത്യമായി അറിയില്ല; ഗോവസൂരി, ഒട്ടക വസൂരി, കുരങ്ങു വസൂരികള്‍ എന്നിവ ഉള്‍പ്പെടുന്ന ജനുസ്സിലെ വൈറസ് ആയിട്ടാണ് ശാസ്ത്രലോകം ഇതിനെ കണക്കാക്കുന്നത്. ആളുകള്‍ മൃഗങ്ങളെ വളര്‍ത്താന്‍ തുടങ്ങിയ കാലത്താണ് മനുഷ്യരെ ഇത് ആദ്യമായി ബാധിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. 1157 ബി.സിയില്‍ മരിച്ച റാംസെസ് അഞ്ചാമന്‍ ഉള്‍പ്പെടെയുള്ള ഈജിപ്ഷ്യന്‍ മമ്മികളില്‍ വസൂരിയുടെ അടയാളങ്ങള്‍ കണ്ടെത്തിയുണ്ട്. പ്രാചീന റോമിലേക്ക് ഇതു പടര്‍ന്നുപിടിച്ചത് ഇന്നത്തെ ബാഗ്ദാദിനടുത്തുനിന്നാണെന്നു കരുതപ്പെടുന്നു. റോമാക്കാര്‍ 162ല്‍ തങ്ങളുടെ ശത്രുക്കളിലൊരാളായ പാര്‍ഥിയക്കാരോട് യുദ്ധം ചെയ്യാന്‍ പോയപ്പോഴായിരുന്നു അത്. മാര്‍ക്കസ് അറീലിയസ് എന്ന ചക്രവര്‍ത്തി എ.ഡി. 180ല്‍ മരണമടഞ്ഞത് വസൂരി വന്നാണ് എന്നും വിശ്വസിക്കപ്പെടുന്നു.

ആൽഫ്രെഡ് ക്രോസ്ബി
ആൽഫ്രെഡ് ക്രോസ്ബി

15ാം നൂറ്റാണ്ടില്‍ യൂറോപ്പിലും ഏഷ്യയിലും വസൂരി പടര്‍ന്നുപിടിച്ചു. മെര്‍ക്കന്റൈല്‍ മുതലാളിത്തവും വാണിജ്യവും വാണിജ്യാര്‍ത്ഥമുള്ള ഗതാഗതവും കടല്‍കര യാത്രകളും ശക്തിപ്പെട്ട ഒരു സന്ദര്‍ഭത്തിലായിരുന്നു ഈ രോഗം വ്യാപകമായത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ പകര്‍ച്ചവ്യാധികളുടെ സ്വാധീനം ശക്തിപ്പെടുന്നത് മിക്കപ്പോഴും വാണിജ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്ന അവസരങ്ങളിലാണ് എന്നു ചരിത്രം പരിശോധിക്കുമ്പോള്‍ കാണാം. അമേരിക്കന്‍ ചരിത്രകാരനായ ആല്‍ഫ്രഡ് ക്രോസ്ബി 1972ലെ തന്റെ പുസ്തകമായ The Columbian Exchange: Biological and Cultural Consequences of 1492ല്‍ നടത്തിയ രസകരമായ ഒരു നിരീക്ഷണം മനുഷ്യര്‍ മാത്രമല്ല മനുഷ്യനോടൊപ്പം ഒരു ജീവലോകവും സഞ്ചരിക്കുന്നു എന്നതാണ്.  മനുഷ്യനുണ്ടായ കാലം മുതല്‍ അവന്‍ തന്റെ സഞ്ചാരം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ക്രോസ്ബി ചൂണ്ടിക്കാട്ടിയത് യാത്ര ചെയ്യുന്നത് മനുഷ്യര്‍ മാത്രമല്ല. മനുഷ്യര്‍ ഉപയോഗിക്കുന്ന സസ്യങ്ങളും മൃഗങ്ങളും കൂടിയാണ് എന്നാണ്. കൂടെ സൂക്ഷ്മജീവികളും അവര്‍ മനുഷ്യര്‍ക്ക് നല്‍കുന്ന രോഗങ്ങളും സഞ്ചരിച്ചു. എലികള്‍, കാക്കകള്‍, ഈച്ചകള്‍, മറ്റു ജീവികള്‍ എന്നിവയും ആ സഞ്ചാരങ്ങളില്‍ മനുഷ്യര്‍ക്കൊപ്പമുണ്ടായിരുന്നു. ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഓരോ പ്രദേശത്തിന്റെയും സവിശേഷതകളായി അവിടങ്ങളില്‍ മാത്രം കാണപ്പെടുന്ന സസ്യങ്ങള്‍, മൃഗങ്ങള്‍, ബാക്ടീരിയകള്‍ എന്നിവ ലോകത്തില്‍ പലയിടത്തും ഉണ്ടായിരുന്നു. എന്നാല്‍ ഒരു പ്രദേശത്തിനു സവിശേഷമെന്നു കരുതുന്ന ജീവിവര്‍ഗങ്ങള്‍ പെട്ടെന്ന് ലോകമെമ്പാടും കാണപ്പെടാന്‍ തുടങ്ങി. ഈ ശ്രദ്ധേയമായ പ്രതിഭാസത്തെ ക്രോസ്ബി 'കൊളംബിയന്‍ എക്‌സ്‌ചേഞ്ച്' എന്നു വിളിച്ചു. 1492ല്‍ ആദ്യമായി അമേരിക്കയിലേക്ക് കടന്ന ക്രിസ്റ്റഫര്‍ കൊളംബസില്‍നിന്നാണ് ഈ പേര് സിദ്ധിച്ചത്.

ശിശുഘാതകനായ വസൂരി

യൂറോപ്പില്‍ വസൂരി നിമിത്തം ജനതയുടെ ശരാശരി 30 ശതമാനം ആളുകളാണ് മരണമടഞ്ഞത്. വലിയ ആളുകളേക്കാള്‍ കുട്ടികളെയായിരുന്നുവത്രെ ഇതു കൂടുതല്‍ ബാധിച്ചത്. ചില പ്രദേശങ്ങളില്‍ ജനിച്ചുവീഴുന്ന കുട്ടികളില്‍ 90 ശതമാനവും ഈ രോഗം നിമിത്തം മരണമടഞ്ഞു. 'സാധാരണയായി കുട്ടികള്‍ക്ക് പേരിടുന്നതിനുപോലും വസൂരി ബാധയില്‍നിന്ന് അവര്‍ രക്ഷപ്പെടുന്നതുവരെ മാതാപിതാക്കള്‍ കാത്തിരിക്കുമായിരുന്നു' എന്ന് ഈസ്റ്റ് സ്ട്രഡ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി അധ്യാപകനായ ജോഷ്വാ എസ് ലൂമിസ് എന്ന ചരിത്രകാരന്‍ എഴുതുന്നു. (1)

വിദൂരസ്ഥങ്ങളായ ദേശങ്ങളിലേക്കു നടത്തുന്ന യൂറോപ്യന്മാരുടെ പര്യവേക്ഷണശ്രമങ്ങളും അന്യദേശങ്ങളിലെ ജനതകളുമായുള്ള ഇടപഴകലുകളും അവര്‍ക്ക് കൂടുതല്‍ പ്രതിരോധശേഷി നല്‍കിയെന്നും അദ്ദേഹമെഴുതുന്നുണ്ട്.

കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ പകര്‍ച്ചവ്യാധി എന്നറിയപ്പെടുന്ന ഒന്നാണ് വസൂരി. 1980ലാണ് ലോകാരോഗ്യസംഘടന ലോകം വസൂരിയില്‍നിന്നു വിമുക്തമായി എന്നു പ്രഖ്യാപിക്കുന്നത്. ബിസിഇ 430 തൊട്ട് ഗ്രീക്ക് നഗരരാഷ്ട്രങ്ങളെ ബാധിച്ച, തൂസിഡൈഡ്‌സിന്റെ വിവരണങ്ങളിലുള്ള പ്ലേഗ് യഥാര്‍ത്ഥത്തില്‍ വസൂരി ആയിരുന്നുവെന്നും പറയുന്നുണ്ട്. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹോ കുങ് എന്ന ചൈനീസ് ആല്‍കെമിസ്റ്റ് ആണ് ഈ രോഗത്തെക്കുറിച്ച് വ്യക്തവും വിശദവുമായ വിവരണം നല്‍കുന്നത്. എന്നാല്‍, 17ാം നൂറ്റാണ്ടുവരെ ഈ രോഗത്തിന്റെ ചികിത്സാക്രമങ്ങളെ സ്വാധീനിച്ചിരുന്നത് 10ാം നൂറ്റാണ്ടിലെ പേഴ്‌സ്യന്‍ ഭിഷഗ്വരനായ റ്‌ഹേസെസ് (Rhazes) എഴുതിയ 'എ ട്രീറ്റിസ് ഓണ്‍ ദ സ്മാള്‍ പോക്‌സ് ആന്റ് മീസില്‍സ്' എന്ന ഗ്രന്ഥമാണ്. ചൈന, ഇന്ത്യ, ആഫ്രിക്കന്‍ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ മനുഷ്യരാശിയോടൊപ്പം നൂറ്റാണ്ടുകളോളം ഈ രോഗവും ഉണ്ടായിരുന്നുവെന്നതിന്റെ തെളിവുകളുണ്ട്. ഇന്ത്യയില്‍ ഈ രോഗം ദേവീസാന്നിധ്യം കൊണ്ടുണ്ടാകുന്നതാണെന്നു വിശ്വസിച്ചുപോന്നപോലെ വിവിധ ആഫ്രിക്കന്‍ ഗോത്രങ്ങള്‍, ജപ്പാനിലെ ഐനു ഗോത്രജനത തുടങ്ങിയ വിഭാഗങ്ങളും ഈ രോഗത്തിനു ദൈവികത കല്‍പ്പിച്ചിരുന്നു. ഭൂമിയുടേയും സ്വര്‍ഗ്ഗത്തിന്റേയും അതിരുകള്‍ ബാധകമല്ലാത്ത ഒരു ദേവത മനുഷ്യരെ പ്രേതങ്ങളാക്കി മാറ്റുന്നതിനു ഭൂമിയില്‍ വിതയ്ക്കുന്ന വിത്തുകളാണ് വസൂരിക്ക് കാരണമാകുന്നതെന്ന് എന്നായിരുന്നു ഐനു വിശ്വാസം. തെക്കേ അമേരിക്കയിലെ ആദിമനിവാസികള്‍ ഈ രോഗം മൂലം ചത്തൊടുങ്ങാന്‍ ആരംഭിച്ചപ്പോള്‍ സ്പാനിഷ് അധിനിവേശകര്‍ അതിനെ തങ്ങള്‍ക്കുവേണ്ടിയുള്ള  ദൈവത്തിന്റെ ഇടപെടലായിട്ടാണ് കണ്ടത്.

ആഫ്രിക്കന്‍ അടിമക്കച്ചവടവും കുടിയേറ്റ കോളനീകരണവും (Settler colonialism) അമേരിക്കന്‍ രാജ്യങ്ങളിലേക്ക് സ്‌മോള്‍ പോക്‌സും കൊണ്ടുവന്നു. അമേരിക്കയിലെ ആദിമ നിവാസികളില്‍ 90 ശതമാനവും ചത്തൊടുങ്ങി. 'കൊളംബിയന്‍ എക്‌സ്‌ചേഞ്ച്' എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിച്ച ചരിത്രകാരനായ ആല്‍ഫ്രഡ് ഡബ്ല്യു. ക്രോസ്ബി ഒരു പ്രദേശത്തെ ജനത 'പകര്‍ച്ചവ്യാധിക്ക് കന്നിമണ്ണായി' തീരാമെന്ന അര്‍ത്ഥത്തില്‍ ഢശൃഴശി ീെശഹ ലുശറലാശര എന്ന പദം കൂടി ഉപയോഗിച്ചു. അതായത് രോഗം ബാധിക്കുന്ന ജനങ്ങള്‍ക്ക് അവരെ ബാധിക്കുന്ന രോഗങ്ങളുമായി മുന്‍കാല ബന്ധമൊന്നുമില്ലാത്തതിനാല്‍ ശാരീരികമായ സ്വാഭാവിക രോഗപ്രതിരോധം അവര്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് അര്‍ത്ഥം. അമേരിക്കയിലെ ആദ്യത്തെ ഇത്തരം പകര്‍ച്ചവ്യാധി അല്ലെങ്കില്‍, ക്രോസ്ബി മറ്റൊരു രീതിയില്‍ പറയുന്ന 'ആദ്യത്തെ പുതിയ ലോക പാന്‍ഡെമികിന്'  1518 അവസാനത്തോടെയാണ് തുടക്കമാകുന്നത്.

സ്‌പെയിനില്‍ നിന്നെത്തിയ ആരോ ആണ് ഹിസ്പാനിയോള (2) യിലേക്ക് വസൂരിയുടെ വിത്തുകള്‍ കൊണ്ടുവരുന്നതത്രെ. രോഗം പ്രത്യക്ഷപ്പെടുന്നതിനു കാല്‍ നൂറ്റാണ്ട് മുന്‍പായിരുന്നു കൊളംബസ് അവിടെ എത്തിയത്. തദ്ദേശവാസികളായ ടെയ്‌നോ ജനത രോഗത്താല്‍ ഏതാണ്ടു നാമാവശേഷമാക്കപ്പെട്ടു. ആദിമ അമേരിക്കന്‍ ഗോത്രങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച വസൂരി രോഗം പ്രദേശം തങ്ങള്‍ക്കുവേണ്ടി ഒഴിപ്പിച്ചുതരുന്നതിനു നടന്ന ഒടുവില്‍ ദൈവം ഇടപെടുകയാണ് എന്ന രീതിയാലാണത്രെ യൂറോപ്യന്മാരും അവരുടെ പുരോഹിതന്മാരും അതിനെ വ്യാഖ്യാനിച്ചത്.  തദ്ദേശജനതയുടെ മൂന്നിലൊന്നിനെ വസൂരി ബാധിച്ചിരിക്കുന്നു എന്നു ചൂണ്ടിക്കാണിച്ച് പുരോഹിതന്മാര്‍ അയച്ച കത്തിനോട് സ്‌പെയിനിലെ രാജാവ് പ്രതികരിച്ചത് ആഹ്ലാദത്തോടെയായിരുന്നു. ആദിമ ജനതകള്‍ക്കിടയില്‍ രോഗം ശമിക്കുന്നില്ല എന്നത് ശുഭസൂചകമായാണ് രാജാവ് കണക്കാക്കിയത്.

ഹിസ്പാനിയോള എന്ന ദ്വീപില്‍നിന്ന് പ്യൂര്‍ട്ടോറിക്കയിലേക്കും രോഗം പടര്‍ന്നുപിടിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ അത് ആസ്‌ടെക് തലസ്ഥാനമായ ടെനോക്ടിട്‌ലാനിലേക്കെത്തി (ഇപ്പോഴത്തെ മെക്‌സിക്കോ നഗരം). രോഗത്താല്‍ തളര്‍ന്ന തലസ്ഥാനത്തെ 1521ല്‍ ഹെര്‍നേന്‍ കോര്‍ട്ടെസിന് (3) അതുകൊണ്ടുതന്നെ എളുപ്പം കീഴടക്കാനായി. കൂട്ടമരണങ്ങളായിരുന്നു അന്നു നടന്നത്. ശവമടക്കിനു സ്ഥലമില്ലാതെയായി. വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ ഒന്നടങ്കം മരിച്ചുപോയതുകൊണ്ട് വീടുകള്‍ ഒന്നടങ്കം മരിച്ചവരെ അടക്കം ചെയ്യാന്‍ ഉപയോഗിച്ചു. ഇന്‍കാ സാമ്രാജ്യത്തേയും വസൂരി രോഗം ബാധിച്ചു. സ്‌പെയിന്‍കാര്‍ എത്തുന്നതിനു മുന്‍പേ തന്നെ വസൂരി അവിടെയെത്തുകയും രോഗം ഒരിടത്തുനിന്നു മറ്റൊരു ജനാധിവാസകേന്ദ്രത്തിലേക്കു പടര്‍ന്നുപിടിക്കുകയും ചെയ്തു.

പുതുലോക പകര്‍ച്ചവ്യാധികള്‍ എത്ര പേരെ കൊന്നെന്നു പറയുന്നത് ഇന്നും അസാധ്യമാണ്. വസൂരി, അഞ്ചാംപനി, ടൈഫോയ്ഡ്, ഡിഫ്തീരിയ തുടങ്ങി നിരവധി രോഗങ്ങളാണ് യൂറോപ്യന്മാര്‍ അമേരിക്കന്‍ മണ്ണിലേക്കും അവിടത്തെ തദ്ദേശീയ ജനതകള്‍ക്കിടയിലേക്കും ഇറക്കുമതി ചെയ്തത്. ലോകചരിത്രത്തില്‍ ഏറ്റവും വലിയ ജനസംഖ്യാ ദുരന്തമായിട്ടാണ് അമേരിക്ക യൂറോപ്യന്മാര്‍ കണ്ടെത്തിയത് വിശേഷിപ്പിക്കപ്പെടുന്നത്. ഈ ദുരന്തം യൂറോപ്പിന്റേയും അമേരിക്കയുടേയും ചരിത്രത്തെ മാത്രമല്ല, ആഫ്രിക്കയുടെ ചരിത്രത്തേയും മാറ്റിമറിച്ചു. ജോലിയെടുക്കുന്നതിനു ആരോഗ്യമുള്ളവര്‍ ഇല്ലാതെ വന്നതുകൊണ്ട് ആഫ്രിക്കയില്‍നിന്ന് യൂറോപ്യന്മാര്‍ അടിമകളെ നിര്‍ബ്ബാധം കൊണ്ടുവരാനാരംഭിച്ചു.

1898ൽ ബോംബെയിലുണ്ടായ പ്ലേ​ഗിൽ മരിച്ചവരുടെ മൃതദേ​ഹങ്ങൾ ശ്മശാനത്തിലേക്ക് മാറ്റുന്നു. ഫ്രെഡറിക് ആൽവരെ വരച്ച ചിത്രം
1898ൽ ബോംബെയിലുണ്ടായ പ്ലേ​ഗിൽ മരിച്ചവരുടെ മൃതദേ​ഹങ്ങൾ ശ്മശാനത്തിലേക്ക് മാറ്റുന്നു. ഫ്രെഡറിക് ആൽവരെ വരച്ച ചിത്രം

ലോകത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതില്‍ യൂറോപ്പിലെ കറുത്ത മരണം വലിയൊരു പങ്കുവഹിച്ചതുപോലെ കറുത്ത മരണത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഭൂഖണ്ഡങ്ങളില്‍നിന്നു ഭൂഖണ്ഡങ്ങളിലേക്കുള്ള വിഭവങ്ങള്‍ക്കും അധികാരത്തിനും വേണ്ടിയുള്ള അന്വേഷണങ്ങളേയും ത്വരിതപ്പെടുത്തി. 15, 16 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ സാഹസികരുടെ സമുദ്രാന്തരയാത്രകളെ തുടര്‍ന്നുള്ള ജൈവ ആഗോളവല്‍ക്കരണം എന്ന പൊതുവായ ഒരു പ്രക്രിയയ്ക്കും തുടക്കമായി. (4) അതിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കൊളംബിയന്‍ എക്‌സ്‌ചേഞ്ച്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭൂഖണ്ഡങ്ങള്‍ പിളര്‍ന്നു (Continental drift) മാറിയതിനെ തുടര്‍ന്നു വ്യത്യസ്ത പാരിസ്ഥിതിക പ്രവിശ്യകളായി മാറിയ ഭൂവിഭാഗങ്ങളെ 14ാം നൂറ്റാണ്ടിനുശേഷം ശക്തിപ്പെട്ട കപ്പല്‍ ഗതാഗതം വളരെ പെട്ടെന്നു വീണ്ടും അടുപ്പിക്കുകയായിരുന്നു, വിശേഷിച്ചും ക്രിസ്റ്റഫര്‍ കൊളംബസിന്റെ 1492ല്‍ ആരംഭിച്ച സമുദ്രയാത്രയുടെ പശ്ചാത്തലത്തിലായിരുന്നു ഈ പുന:സമാഗമങ്ങള്‍. ഇതിന്റെ അനന്തരഫലങ്ങള്‍ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ ലോക ചരിത്രത്തെ തന്നെ ആഴത്തില്‍ മാറ്റിത്തീര്‍ത്തിട്ടുണ്ട്, ഈ മാറ്റം ഏറ്റവുമധികം സ്പഷ്ടമാകുന്നത് അമേരിക്കന്‍, യൂറോപ്പ്, ആഫ്രിക്ക. ഭൂഖണ്ഡങ്ങളിലാണ്. വ്യത്യസ്തമായ ശാരീരിക, സാംസ്‌കാരിക സവിശേഷതകളുള്ള ജനതകള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ പില്‍ക്കാല നിവാസികളാത്തീരുകയായിരുന്നു അതോടെ. അത് ഓരോ ജനവിഭാഗവും ഇത്രയും കാലം പരിചയിച്ചിട്ടില്ലാത്ത രോഗങ്ങളേയും മറ്റൊരു കൂട്ടര്‍ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച് ലോകമെമ്പാടും വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ആല്‍ഫ്രഡ് ഡബ്ല്യൂ ക്രോസ്ബി 1972ല്‍ ഇതു സംബന്ധിച്ച് എഴുതിയ പുസ്തകത്തിന്റെ തലക്കെട്ടില്‍ നിന്നുള്ള കൊളംബിയന്‍ എക്‌സ്‌ചേഞ്ച് എന്ന പദസമുച്ചയം തന്നെ പില്‍ക്കാലത്ത് ഈ ജൈവ കോളനീകരണത്തേയും ആഗോളവല്‍ക്കരണത്തേയും സൂചിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. കൊളംബിയന്‍ കൈമാറ്റത്തിന്റെ ഭാഗമായി കൈമാറ്റം ചെയ്യപ്പെട്ടവ രോഗങ്ങള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിരുന്നു.

ഏകപക്ഷീയമായിരുന്നു മിക്കവാറും ഇതില്‍ രോഗങ്ങളുടെ കൈമാറ്റം എന്നാണ് ചരിത്രകാരന്മാര്‍ വാദിക്കുന്നത്. എന്നാല്‍, സിഫിലിസ് എന്ന രോഗം അമേരിക്കയിലെ ആദിമ നിവാസികള്‍ക്കിടയില്‍നിന്നുണ്ടായതാകാം എന്നും വാദമുണ്ട്. ഒരു വ്യത്യസ്ത ഇനം ക്ഷയരോഗത്തിനു അമരിന്ത്യന്മാര്‍ ഇരകളായിട്ടുണ്ട്. ഒരുപക്ഷേ, പസിഫിക് സീലുകള്‍പോലുള്ള ചില സമുദ്രജന്തുക്കളില്‍നിന്നാകണം അവര്‍ക്കിത് പകര്‍ന്നു കിട്ടിയത്. എന്നാല്‍, യൂറോപ്യന്മാര്‍ ആദിമ അമേരിക്കന്‍ നിവാസികള്‍ക്കു പകര്‍ന്നുനല്‍കിയ പോലുള്ള ഒരു രോഗവും യൂറോപ്യന്മാര്‍ക്ക് അവര്‍ നല്‍കുകയുണ്ടായിട്ടില്ല. ഇങ്ങനെ ആദിമ അമേരിക്കന്‍ നിവാസികള്‍ യൂറോപ്പിലേക്കും മറ്റും രോഗങ്ങള്‍ കയറ്റുമതി ചെയ്യാതിരുന്നതിനു കാരണം അമേരിക്കയിലേക്കുള്ള ആദിമ ജനതകളുടെ കുടിയേറ്റത്തിനും പാര്‍പ്പുറപ്പിക്കലിനും വ്യത്യസ്തമായ ഒരു ചരിത്രമാണ് ഉണ്ടായിരുന്നത് എന്നതിനാലാണ്. അതുപോലെ അവിടത്തെ പാരിസ്ഥിതിക ചരിത്രവും യൂറോപ്പില്‍നിന്നു വിഭിന്നമാണ്. ബിസിഇ 25,000 മുതല്‍ 15,000 വരെയുള്ള കാലഘട്ടത്തിലാണ് അമേരിക്കന്‍ വന്‍കരകളിലേക്ക് ഏഷ്യയില്‍നിന്നുള്ള കുടിയേറ്റം നടക്കുന്നത്. നായ്ക്കളെ ഒഴികെ കാര്യമായി ഒരു മൃഗത്തേയും അമേരിക്കയിലെ ആദിമനിവാസികള്‍ ഇണക്കിവളര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ കന്നുകാലികളില്‍നിന്നോ ഒട്ടകങ്ങളില്‍നിന്നോ പന്നികളില്‍നിന്നോ പകരുതന്നതരം രോഗങ്ങള്‍ (Zoonosis) അമേരിക്കയില്‍ എവിടെയും ഉണ്ടായിരുന്നില്ല.

(അവസാനിച്ചു)

വിശദീകരണങ്ങളും അടിക്കുറിപ്പുകളും

എപ്പിഡെമിക്‌സ്: ദ ഇംപാക്ട് ഒഫ് ജെംസ് ആന്റ് ദെയര്‍ പവര്‍ ഓവര്‍ ഹ്യൂമാനിറ്റി ജോഷ്വാ എസ് ലൂമിസ്, പ്രേഗര്‍ പബ്ലിഷേഴ്‌സ്
സ്പാനിഷ് അധീനതയിലുണ്ടായിരുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങള്‍
മധ്യ അമേരിക്കയില്‍ പര്യവേക്ഷണം നടത്തിയ മോണ്ടെസുമയേയും അദ്ദേഹത്തിന്റെ വിശാലമായ ആസ്‌ടെക് സാമ്രാജ്യത്തേയും അട്ടിമറിക്കുകയും സ്‌പെയിനിന്റെ ആധിപത്യം ഉറപ്പിക്കുകയും ചെയ്ത സ്പാനിഷ് കോണ്‍ക്വിസ്‌റ്റേഡര്‍.
ന്യൂ ഡിസീസെസ് ആന്‍ഡ് ട്രാന്‍സ് അറ്റ്‌ലാന്റിക് എക്‌സ്‌ചേഞ്ചസ്, ദ ബേര്‍ഡന്‍സ് ഒഫ് ഡിസീസ്: എപിഡെമിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റെസ്‌പോണ്‍സ് ഇന്‍ വെസ്‌റ്റേണ്‍ ഹിസ്റ്ററി, ജെ.എന്‍ ഹേയ്‌സ്. റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രസ്, ലണ്ടന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com