കോവിഡ് പകര്‍ച്ചവ്യാധി ചരിത്രത്തില്‍ എന്തു മാറ്റമാണ് സൃഷ്ടിക്കാന്‍ പോകുന്നത്

ലോകത്തെ ഗണ്യമായ തോതില്‍ മാറ്റിമറിച്ച ജസ്റ്റീനിയന്റെ കാലത്തെ പ്ലേഗിനു മുന്‍പും പകര്‍ച്ചവ്യാധികള്‍ പലതവണ ജനതകളെ തുടച്ചുനീക്കിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു
യൂറോപ്പിൽ പടർന്നുപിടിച്ച ബ്യൂബോണിക് പ്ലേ​ഗിൽ പിടഞ്ഞുവീണു മരിച്ചവർ (ചിത്രകാരന്റെ ഭാവനയിൽ)
യൂറോപ്പിൽ പടർന്നുപിടിച്ച ബ്യൂബോണിക് പ്ലേ​ഗിൽ പിടഞ്ഞുവീണു മരിച്ചവർ (ചിത്രകാരന്റെ ഭാവനയിൽ)

''ആരോഗ്യവാന്മാരായ ആളുകള്‍ക്ക് അവരുടെ ശിരസ്സ് പൊടുന്നനെ ചുട്ടുപൊള്ളുന്നതായി തോന്നി. കണ്ണുകള്‍ ചുവന്നുകലങ്ങുകയും വീങ്ങുകയും ചെയ്തു. തൊണ്ട അല്ലെങ്കില്‍ നാവ് പോലുള്ള ആന്തരിക ഭാഗങ്ങളില്‍ രക്തം പൊടിയാനും തുടങ്ങി. മനുഷ്യരുടെ ശ്വാസോച്ഛാസം കനത്തതും അസ്വാഭാവികവുമായി അനുഭവപ്പെട്ടു.'' (1)

ലോകത്തെ ഗണ്യമായ തോതില്‍ മാറ്റിമറിച്ച ജസ്റ്റീനിയന്റെ കാലത്തെ പ്ലേഗിനു മുന്‍പും പകര്‍ച്ചവ്യാധികള്‍ പലതവണ ജനതകളെ തുടച്ചുനീക്കിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. 430 ബിസിയില്‍ ആതന്‍സും സ്പാര്‍ട്ടയും തമ്മിലുള്ള യുദ്ധം ആരംഭിച്ച് അധികം താമസിയാതെ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതിന്റെ വിവരണം ഗ്രീക്ക് ചരിത്രകാരന്‍ തുസിഡൈഡ്‌സ് പെലോപ്പോണേഷ്യന്‍ യുദ്ധത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ നല്‍കുന്നുണ്ട്. ആതന്‍സിലെ ജനങ്ങളെ അതു കൊന്നൊടുക്കുകയും അഞ്ച് വര്‍ഷത്തോളം അത് നീണ്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറയുന്നത്. മരണമടഞ്ഞവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നാണ് ചരിത്രം പറയുന്നത്. 

ചരിത്രാതീതകാലത്തെ പടര്‍ന്നുപിടിച്ച നിരവധി രോഗങ്ങളെക്കുറിച്ച് നമുക്കു നാനാവിധ സൂചനകള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പേ ചൈനയില്‍ ചരിത്രഗവേഷകര്‍ ചരിത്രാതീതകാലത്തെ ഒരു ജനാധിവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ആധുനിക കാലത്തെ ഒരു സ്‌ക്വാഷ് കോര്‍ട്ടിനേക്കാള്‍ വലിപ്പം കുറഞ്ഞ ഒരു വീടും 97 മനുഷ്യശരീരങ്ങളുടെ അവശിഷ്ടങ്ങളുമാണ് അവിടെ നിന്നു കണ്ടെത്തിയത്. ഏകദേശം 5,000 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഒരു പ്രദേശത്തെ മുഴുവന്‍ ഇല്ലാതാക്കിയ ഒരു പകര്‍ച്ചവ്യാധിയുടെ നീക്കിബാക്കിയാണ് ഈ അവശിഷ്ടങ്ങള്‍ എന്നതാണ് ചരിത്രകാരന്മാരുടെ അനുമാനം. മൃതദേഹങ്ങള്‍ ഒരു വീടിനുള്ളില്‍ നിറച്ച് പിന്നീട് കത്തിച്ച നിലയിലാണ് കാണപ്പെട്ടത്. കൗമാരക്കാര്‍, ചെറുപ്പക്കാര്‍, മധ്യവയസ്‌കരായവര്‍ എന്നിവരുടെ അസ്ഥികൂടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയതിനാല്‍ ഒരു പ്രായക്കാരെയും രോഗം വെറുതെ വിട്ടിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. പുരാവസ്തുപരവും നരവംശശാസ്ത്രപരവുമായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പകര്‍ച്ചവ്യാധി പെട്ടെന്നു പടര്‍ന്നു പിടിച്ച തരത്തിലുള്ളതാണെന്നും ശരിയായ തരത്തില്‍ ശ്മശാനങ്ങളില്‍ ശവമടക്ക് സാധ്യമല്ലാത്ത വിധം ഗുരുതരമായിരുന്നു സ്ഥിതി എന്നതുമാണ്. ഒരുപക്ഷേ, രോഗം പകര്‍ന്നുപിടിക്കുന്നത് തടയാന്‍ അതുവന്നു മരിച്ചവരുടെ ശരീരങ്ങള്‍ ഒന്നിച്ച് ദഹിപ്പിക്കുന്നത് സഹായിക്കുമെന്നും അതില്‍നിന്നുള്ള പുക അന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നും (മിയാസ്മ പോലുള്ള സിദ്ധാന്തങ്ങള്‍ ചൈനയിലും പ്രാചീനകാലത്തുതന്നെ പ്രചരിച്ചിരുന്നു.) അന്നത്തെ ആളുകള്‍ വിശ്വസിച്ചിരിക്കാം. 

പ്ലേ​ഗ് ബാധിച്ച് മരിച്ചു വീഴുന്നവർ (ചിത്രകാരന്റെ ഭാവനയിൽ) 
പ്ലേ​ഗ് ബാധിച്ച് മരിച്ചു വീഴുന്നവർ (ചിത്രകാരന്റെ ഭാവനയിൽ) 

ഹാമിന്‍ മംഗ എന്നു ഇപ്പോള്‍ വിളിക്കപ്പെടുന്ന ഈ പ്രദേശത്ത് ചരിത്രാതീത അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനു മുന്‍പ്, വടക്കുകിഴക്കന്‍ ചൈനയിലെ മിയാവോസിഗൗ എന്ന സ്ഥലത്ത് ഏകദേശം ഇതേ കാലഘട്ടത്തിലുള്ള മറ്റൊരു ചരിത്രാതീത കൂട്ട ശ്മശാനം കൂടി കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഏതോ പകര്‍ച്ചവ്യാധി ഒരു പ്രദേശത്തെ മുഴുവന്‍ ഇല്ലാതാക്കിയതായിട്ടാണ്. 

എന്നാല്‍, നേരത്തെ പരാമര്‍ശിച്ച 430 ബിസിയിലെ പകര്‍ച്ചവ്യാധി പ്ലേഗ് തന്നെയായിരുന്നോ എന്ന തര്‍ക്കത്തിനു ഇപ്പോഴും ശാസ്ത്രജ്ഞര്‍ക്കിടയില്‍ തീര്‍പ്പായിട്ടില്ല. ടൈഫോയ്ഡ്, എബോള തുടങ്ങി ഏതെങ്കിലും രോഗമായിരിക്കാം ഇതെന്നു വാദമുണ്ട്. യുദ്ധം നിമിത്തം ചില പ്രത്യേക പ്രദേശങ്ങളില്‍ ജനസാന്ദ്രത വര്‍ദ്ധിച്ചത് പകര്‍ച്ചവ്യാധിയെ വര്‍ദ്ധിപ്പിച്ചിരിക്കാമെന്നും അനുമാനമുണ്ട്. പ്ലേഗ് ഒടുവില്‍ ആതന്‍സിന്റെ നായകനായിരുന്ന പെരിക്ക്ള്‍സിന്റെ ജീവനെടുത്തത് യുദ്ധത്തില്‍ നിര്‍ണ്ണായകമായി. (2)

പെരിക്ക്ള്‍സിന്റെ നിയമപ്രകാരമുള്ള വിവാഹബന്ധത്തില്‍ ജനിച്ച രണ്ടു മക്കളുടേയും അന്ത്യം ആ കാലത്ത് പകര്‍ച്ചവ്യാധി മൂലമായിരുന്നു. ബിസി 404 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ ആതന്‍സിന്റെ പതനത്തിനു പെരിക്ക്ള്‍സിന്റെ മരണവും കാരണമായി. 

ഗാലന്‍ ജീവിച്ചിരുന്ന കാലത്തുണ്ടായ ആന്റണൈന്‍ പ്ലേഗ് ബിസി 194 മുതല്‍ 169 വരെ നീണ്ടുനിന്നു. വിവിധ യുദ്ധമുഖങ്ങളില്‍നിന്നു വിജയശ്രീലാളിതരായി തിരിച്ചെത്തിയ റോമന്‍സൈനികര്‍ ശത്രുക്കളില്‍നിന്നും പിടിച്ചെടുത്ത സമ്പത്തിനുമൊപ്പം രോഗത്തേയും റോമിലെത്തിക്കുകയായിരുന്നുവെന്നാണ് ചരിത്രം തെളിവുകള്‍ നല്‍കുന്നത്. ഈ രോഗവും പ്ലേഗ് ആയിരുന്നോ എന്നും തര്‍ക്കമുണ്ട്. (3) 

പകര്‍ച്ചവ്യാധി എന്ന അര്‍ത്ഥത്തിലാണ് പ്ലേഗ് എന്നു വിളിച്ചിരുന്നതെന്നും ഇത് യഥാര്‍ത്ഥത്തില്‍ വസൂരി ആയിരുന്നെന്നും ഒരു വിഭാഗം ചരിത്രഗവേഷകരും ശാസ്ത്രജ്ഞരും വാദിക്കുന്നുണ്ട്. രോഗം വന്ന് റോമന്‍ സൈനികര്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ഏതാണ്ട് 50 ലക്ഷം പേരാണത്രെ അന്നു റോമിലും റോമിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളിലുമായി മരിച്ചത്. 

പാര്‍ത്ഥിയക്കെതിരായ യുദ്ധത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയ സൈനികരാണ് ഈ പകര്‍ച്ചവ്യാധി ആദ്യമായി റോമന്‍ സാമ്രാജ്യത്തിലേക്ക് കൊണ്ടുവന്നതെന്നു ചരിത്രം പറയുന്നു. ഈ പകര്‍ച്ചവ്യാധി പാക്‌സ് റൊമാനയുടെ (റോമന്‍ സമാധാനം) (4) അന്ത്യം കുറിയ്ക്കുന്നതിലും കലാശിച്ചു. 

എഡി 180-നുശേഷം റോമന്‍ സാമ്രാജ്യം ക്ഷയോന്മുഖമായിത്തുടങ്ങി. ആഭ്യന്തരയുദ്ധങ്ങളാലും പുറത്തുനിന്നുള്ള ആക്രമണങ്ങളാലും അതിന്റെ അസ്ഥിവാരമിളകിത്തുടങ്ങി. പ്ലേഗിനെ തുടര്‍ന്നുണ്ടായ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ റോമിന്റെ അധീനതയിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ ക്രിസ്തുമതം പ്രചാരത്തിലാകുന്നതിനു കാരണമായി. 

വര്‍ഗ്ഗബന്ധങ്ങളും പകര്‍ച്ചവ്യാധികളും

ഓരോ ചരിത്രസന്ദര്‍ഭത്തിലും പടര്‍ന്നുപിടിച്ച പകര്‍ച്ചവ്യാധികള്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ എങ്ങനെ മാറ്റിമറിച്ചുവെന്നു പരിശോധിക്കുന്നത് ഭൂതകാലാനുഭവങ്ങളെ മുന്‍നിര്‍ത്തി വര്‍ത്തമാനകാലത്തെ തിരിച്ചറിയുന്നതിലും ഭാവിയെ പുതുക്കിപ്പണിയുന്നതിലും പ്രധാനമാണ്. ഓരോ രോഗവും നമ്മുടെ സാമ്പത്തികവും സാമൂഹികവും സൈനികവും മതപരവും രാഷ്ട്രീയവുമായ മണ്ഡലങ്ങളെ പുതുക്കിപ്പണിയുന്നതിലാണ് കലാശിച്ചിട്ടുള്ളത് എന്നു വിശദമായ അന്വേഷണത്തില്‍ വ്യക്തമാകുന്നുണ്ട്. പരമ്പരാഗത സമൂഹങ്ങളില്‍ സാധാരണഗതിയില്‍ വ്യാപകമായ രോഗപ്പകര്‍ച്ചകള്‍ അധ്വാനത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനു കാരണമാകുന്നു എന്നു കാണാനാകും. അധീശവര്‍ഗ്ഗങ്ങളുടെ പക്ഷത്തുനിന്നാകും മിക്കപ്പോഴും അന്നത്തെ ചരിത്രമെഴുത്ത് കാര്യങ്ങളെ വീക്ഷിച്ചിട്ടുള്ളത് എന്നത് കാര്യങ്ങളെ എളുപ്പമാക്കിത്തീര്‍ക്കുന്നു. ''ശവമടക്കൊക്കെ വലിയ പണം മുടക്കുള്ള കാര്യമായി മാറി'' എന്ന് ജസ്റ്റീനിയന്റെ കാലത്തെ പ്ലേഗിനെക്കുറിച്ച് ജോണ്‍ ഒഫ് ഏഫേസൂസ് എഴുതിയിട്ടുണ്ട്. ജോലിക്കാരേയും സേവകരേയുമൊന്നും കിട്ടാനില്ലെന്നും പഴയകാലങ്ങളെ പലയിടങ്ങളിലായി അടയാളപ്പെടുത്തിയവര്‍ പരാതിപ്പെടുന്നുണ്ട്. അഥവാ അങ്ങനെ ആരെയെങ്കിലും കിട്ടിയാല്‍ത്തന്നെ വലിയ വേതനമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും. കുറേയേറെ നൂറ്റാണ്ടുകള്‍ക്കപ്പുറം, ദശലക്ഷങ്ങളെ കൊന്നൊടുക്കിയ കറുത്തമരണം എങ്ങനെ നമ്മുടെ സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളെ പുതുക്കിപ്പണിതു എന്നതു സംബന്ധിച്ച് ഇന്നു സാഹിത്യത്തില്‍ തന്നെയും ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഇറ്റലിയില്‍ കറുത്ത മരണം പടര്‍ന്നുപിടിച്ച പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ജിയോവന്നി ബൊക്കാച്ചിയോയുടെ ഡെക്കാമെറോണില്‍ ആണും പെണ്ണുമടക്കം എണ്ണമറ്റ മനുഷ്യര്‍ രോഗികളായെന്നും അവര്‍ ഒന്നുകില്‍ എണ്ണം കുറഞ്ഞുവരുന്ന ചങ്ങാതിമാരെയോ അടുപ്പക്കാരെയോ അല്ലെങ്കില്‍ അനുപാതം തെറ്റിച്ച് ചെറിയ സേവനത്തിനു വലിയ വേതനം പ്രതീക്ഷിച്ചുവരുന്ന അത്യാര്‍ത്തിക്കാരായ സേവകരേയോ അവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നുവെന്നും പരാതിപ്പെടുന്നുണ്ടെന്നും ലെസ്റ്റര്‍ കെ. ലിറ്റ്ല്‍ എഡിറ്റ് ചെയ്ത 'പ്ലേഗ് ആന്റ് ദ എന്‍ഡ് ഒഫ് ആന്റിക്വിറ്റി' എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തിലുണ്ട്. 14-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍, രോഗത്തെ അതിജീവിച്ചവരും പുരോഹിതരിലെ നീചശ്രേണിയിലുള്ളവരുമായ ആളുകള്‍ വലിയ വേതനമാണ് അവരുടെ സേവനങ്ങള്‍ക്ക് പകരമായി ആവശ്യപ്പെടുന്നതെന്ന് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് സൈമണ്‍ സഡ്ബറി പരാതിപ്പെടുന്നുണ്ട്. ഈ വെളിച്ചത്തില്‍ വേണം ജസ്റ്റീനിയാനിക് പ്ലേഗിന്റെ കാലത്ത് ശവമടക്കിനു വലിയ ചെലവാണെന്നുള്ള ജോണ്‍ ഒഫ് ഏഫേസൂസിന്റെ പരാതിയെ കാണാനെന്നും ആ അധ്യായത്തില്‍ വാദമുണ്ട്. അക്കാലത്ത്, എഡി 544-ല്‍ കോണ്‍സ്റ്റാന്റോപ്പിളില്‍ വസ്ത്രങ്ങള്‍ അലക്കിവെളുപ്പിച്ചു കിട്ടുന്നതിനു ചെലവേറിയ കാര്യമായി എന്ന് ജോണ്‍ ഒഫ് ഏഫേസൂസ് പറയുന്നുണ്ട്. ഇങ്ങനെ ചെലവേറിയതിന്റെ ഫലമായി രാജസേവകരുടേയും ഉദ്യോഗസ്ഥരുടേയും പുരോഹിതന്മാരുടേയും വേഷവിതാനങ്ങള്‍ ലളിതവല്‍ക്കരിക്കപ്പെട്ടുവെന്നും പുസ്തകത്തിന്റെ ആദ്യ അധ്യായം ചൂണ്ടിക്കാട്ടുന്നു. 

കറുത്ത മരണത്തിന്റെ കാലത്ത്, ഇംഗ്ലണ്ടില്‍ വേതനത്താല്‍ നിശ്ചയിക്കപ്പെടുന്നതിലുമപ്പുറമായിരുന്നു ധനികരും അവരുടെ സേവകരും തമ്മിലുള്ള ബന്ധം. നേരത്തെയുള്ള പരിചയം ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമായിരുന്നു. അത്തരമൊരു ബന്ധംകൊണ്ട് ഇരുപക്ഷത്തിനും ഗുണമുണ്ടായിരുന്നു. എന്നാല്‍, ഒരുതരത്തിലുള്ള ഭയപ്പെടുത്തലിനും മെരട്ടലിനുമുള്ള സാധ്യത അത്തരമൊരു ബന്ധത്തില്‍ അന്തര്‍ഭവിച്ചിരുന്നു. എന്നാല്‍, പകര്‍ച്ചവ്യാധിയും കൂട്ടമരണങ്ങളും സൃഷ്ടിച്ച പുതിയ സാഹചര്യത്തില്‍ കമ്പോളശക്തികള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് അക്കാലത്തും ഗവണ്‍മെന്റുകള്‍ പരിശ്രമിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു. 1349-ല്‍ പുറപ്പെടുവിക്കപ്പെട്ട ഓര്‍ഡിനന്‍സ് ഒഫ് ലേബറേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത് ''ഇപ്പോള്‍ ജനങ്ങളില്‍ ഒരു വലിയ വിഭാഗം, വിശിഷ്യാ തൊഴിലാളികളും സേവകരും അടങ്ങുന്ന വിഭാഗം, പകര്‍ച്ചവ്യാധി മൂലം മരിച്ചുപോയതുകൊണ്ട് യജമാനന്മാരുടെ ആവശ്യവും തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ ദൗര്‍ല്ലഭ്യവും മുന്‍നിര്‍ത്തി അമിതമായ ശമ്പളം കിട്ടിയില്ലെങ്കില്‍ ജോലി ചെയ്യാന്‍ സന്നദ്ധത കാണിക്കുന്നില്ല''യെന്നാണ്. മൂന്നുവര്‍ഷം മുന്‍പ് നല്‍കിയിരുന്ന വേതനത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്കു നല്‍കരുതെന്നും ഓര്‍ഡിനന്‍സ് അനുശാസിക്കുന്നു. ജസ്റ്റീനിയാനിക് പ്ലേഗിന്റെ കാലത്തും സമാനമായ ഒരു ഉത്തരവ് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ചിരുന്നത്രേ. എഡി 544-ല്‍ പുറപ്പെടുവിച്ച ഈ ഉത്തരവില്‍ പ്ലേഗിനു പരിസമാപ്തിയായെന്നും വിലകളും വേതനവും പ്ലേഗിനു മുന്‍കാലങ്ങളിലേതുപോലെയാക്കണമെന്നും പറഞ്ഞു. 

ജോലിയുടെ വര്‍ദ്ധിച്ച മൂല്യം തൊഴിലാളികള്‍ക്ക് ചലനാത്മകത അനുഭവിക്കാവുന്ന പുതിയ സന്ദര്‍ഭം സൃഷ്ടിച്ചു. പ്രത്യക്ഷത്തില്‍ അത് തൊഴിലാളികളെ സംബന്ധിച്ച് ഗുണകരമായിരുന്നു. കടമകളോ കടപ്പാടുകളോ ഇല്ലാത്ത ഒരു കൂട്ടം പുതിയ തൊഴില്‍ദാതാക്കളെ അവര്‍ക്ക് കണ്ടെത്താനായി. തൊഴിലാളികള്‍ക്ക് കൂടുതല്‍ വേതനം കിട്ടുന്നിടത്തേക്ക് നീങ്ങാനും അപരിചിതരില്‍നിന്ന് ഉയര്‍ന്ന വേതനം ആവശ്യപ്പെടാനും കഴിഞ്ഞു. 
യൂറോപ്പില്‍ കറുത്ത മരണം ഫണം വിടര്‍ത്തിയാടിയ കാലത്ത് പല കര്‍ഷകര്‍ക്കും ഇപ്പോഴും ഫ്യൂഡല്‍ പ്രഭുക്കളോട് ബാധ്യതകളുണ്ടായിരുന്നു. (1348ല്‍ യൂറോപ്യന്‍ കര്‍ഷകരില്‍ പകുതിയോളം സെര്‍ഫുകളായിരുന്നു), അതിനാല്‍ അതുകൊണ്ടു തന്നെ മെച്ചപ്പെട്ട പ്രതിഫലം തേടാനുള്ള അവരുടെ അന്വേഷണവുമായി ഈ ചലനാത്മകത ബന്ധപ്പെട്ടിരിക്കുന്നു. 

ഈ ചരിത്രസന്ദര്‍ഭത്തിലാണ് ഇംഗ്ലണ്ടിലെ ഭരണാധികാരി ഇടയന്മാര്‍ക്കും കൃഷിപ്പണി ചെയ്യുന്നവര്‍ക്കും പാല്‍ക്കാരികള്‍ക്കും എന്തുവേതനം നല്‍കണമെന്നു കാണിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത്. ഒരുപ്രദേശത്തു നിന്നു മെച്ചപ്പെട്ട വേതനം തേടി മറ്റൊരിടത്തേക്കു പോകുന്ന തൊഴിലാളികളേയും കരകൗശലത്തൊഴിലാളികളേയും അറസ്റ്റ് ചെയ്യാനും തിരികെ അവരവരുടെ ഇടങ്ങളിലെത്തിക്കാനും ഉത്തരവിട്ടുകൊണ്ട് തൊഴിലാളികളുടെ ചലനക്ഷമത തടഞ്ഞ് പ്രശ്‌നത്തിനു പരിഹാരം തേടാന്‍ അക്കാലത്ത് ഇംഗ്ലണ്ടിലെ ഭരണാധികാരികള്‍ ശ്രമിക്കുന്നുണ്ട്. 

കമ്പോളശക്തികള്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളെ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് അക്കാലത്തും ഗവണ്‍മെന്റുകള്‍ പരിശ്രമിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു. 1349-ല്‍ പുറപ്പെടുവിക്കപ്പെട്ട ഓര്‍ഡിനന്‍സ് ഒഫ് ലേബറേഴ്‌സ് ചൂണ്ടിക്കാണിക്കുന്നത്. ''ഇപ്പോള്‍ ജനങ്ങളില്‍ ഒരു വലിയ വിഭാഗം, വിശിഷ്യാ തൊഴിലാളികളും സേവകരും അടങ്ങുന്ന വിഭാഗം, പകര്‍ച്ചവ്യാധി മൂലം മരിച്ചുപോയതുകൊണ്ട് യജമാനന്മാരുടെ ആവശ്യവും തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ളവരുടെ ദൗര്‍ല്ലഭ്യവും മുന്‍നിര്‍ത്തി അമിതമായ ശമ്പളം കിട്ടിയില്ലെങ്കില്‍ ജോലി ചെയ്യാന്‍ സന്നദ്ധത കാണിക്കുന്നില്ല''യെന്നാണ്. മൂന്നുവര്‍ഷം മുന്‍പ് നല്‍കിയിരുന്ന വേതനത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്കു നല്‍കരുതെന്നും ഓര്‍ഡിനന്‍സ് അനുശാസിക്കുന്നു. ജസ്റ്റീനിയാനിക് പ്ലേഗിന്റെ കാലത്തും സമാനമായ ഒരു ഉത്തരവ് ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പുറപ്പെടുവിച്ചിരുന്നത്രേ. എഡി 544-ല്‍ പുറപ്പെടുവിച്ച ഈ ഉത്തരവില്‍ പ്ലേഗിനു പരിസമാപ്തിയായെന്നും വിലകളും വേതനവും പ്ലേഗിനു മുന്‍കാലങ്ങളിലേതുപോലെയാക്കണമെന്നും പറഞ്ഞു. 

ഏഷ്യയില്‍നിന്ന് യൂറോപ്പിലേക്കു പടര്‍ന്നുപിടിച്ചതെന്നു കരുതുന്ന കറുത്ത മരണമെന്നു വിളിക്കുന്ന പ്ലേഗ് ചരിത്രഗതിയെ മാറ്റിമറിച്ച ഒരു സുപ്രധാന സംഭവവികാസമാണ്. യൂറോപ്യന്‍ ജനതയുടെ പകുതിയിലേറെപ്പേരെയും ഈ രോഗം ഇല്ലാതാക്കിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടതായി കരുതുന്ന യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണ് ഈ രോഗം വിതച്ചത്. രോഗം മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിമാടങ്ങളില്‍ മണ്ണിട്ടുമൂടുകയായിരുന്നു.

പ്ലേഗിനെ തുടര്‍ന്ന് ധാരാളം പേര്‍ മരിച്ചതോടെ, ജോലിക്ക് ആളെ കണ്ടെത്താന്‍ പ്രയാസമായിത്തീര്‍ന്നു. ഇത് തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനത്തിലേക്കും യൂറോപ്പിലെ സെര്‍ഫ്ഡം സമ്പ്രദായത്തിനു അന്ത്യം കുറിക്കുന്നതിലേക്കും നയിച്ചു. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് രോഗത്തെ അതിജീവിച്ച തൊഴിലാളികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള റൊട്ടിയും മാംസവും ലഭ്യമാകാന്‍ തുടങ്ങിയെന്നാണ്. തൊഴില്‍ കമ്പോളത്തില്‍ മത്സരം കുറഞ്ഞതോടെ, അതായത് കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാന്‍ ആളെ കിട്ടാതായതോടെ യന്ത്രങ്ങളുടെ സാധ്യത തൊഴിലുടമകള്‍ ആരാഞ്ഞുതുടങ്ങി. വ്യവസായവിപ്ലവം സാധ്യമാക്കിയ സാങ്കേതികവിദ്യയുടെ വികാസത്തിനു ഇതും കാരണമായിരിക്കാം. അങ്ങനെ യൂറോപ്പിന്റെ ചരിത്രഗതിയെ മാറ്റിമറിച്ച പ്ലേഗ് ലോകചരിത്രത്തെ തന്നെ മാറ്റി. ലോകത്തിന്റെ വര്‍ഗ്ഗഘടനയെത്തന്നെ മാറ്റി. പുതിയ വര്‍ഗ്ഗങ്ങള്‍ അധീശത്വത്തിനുവേണ്ടി മത്സരിക്കുകയും വ്യവസായ മുതലാളിത്തത്തില്‍ നിന്നുദ്ഭവിച്ച തൊഴിലാളിവര്‍ഗ്ഗം 20-ാം നൂറ്റാണ്ടില്‍ ആദ്യമായി ഭരണകൂടം പിടിച്ചെടുക്കുകയും ചെയ്തു. 

1347-ല്‍ ക്രിമിയയിലാണ് കറുത്ത മരണം ആദ്യം വരവ് അറിയിച്ചതെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ശൈത്യകാലത്ത് ഇത് ജനീവന്‍ വ്യാപാരികള്‍ മുഖാന്തിരം കോണ്‍സ്റ്റാന്റിനോപ്പിളിലേക്കും ഇറ്റലിയിലേക്കും പടര്‍ന്നു. 1348 ആയപ്പോഴേക്കും രോഗം പടിഞ്ഞാറന്‍ മെഡിറ്ററേനിയനിലെത്തി. വേനല്‍ക്കാലത്ത് യൂറോപ്പിലേക്കും വ്യാപിച്ച രോഗപ്പകര്‍ച്ചയ്ക്ക് ശീതകാലമെത്തിയതോടെ താല്‍ക്കാലിക വിരാമമായി. 1349-ല്‍ കറുത്ത മരണം വടക്കന്‍ യൂറോപ്പിലും 1350-ല്‍ സ്‌കാന്‍ഡിനേവിയയിലും റഷ്യയിലും അതിന്റെ പതാക ഉയര്‍ത്തി. 1720 വരെ പ്ലേഗ് ഇടയ്ക്കിടയ്ക്ക് അങ്ങുമിങ്ങുമായി പൊട്ടിപ്പുറപ്പെട്ടുകൊണ്ടേയിരുന്നു. എങ്കിലും മധ്യകാലത്തിന്റെ അന്ത്യദശകളില്‍ ഉണ്ടായ രീതിയില്‍ ഗൗരവകരമായ പ്രത്യാഘാതം അതുണ്ടാക്കിയിരുന്നില്ല. രോഗം പൂര്‍ണ്ണമായും ഉണ്ടാകാതിരിക്കാന്‍ നമുക്കു പിന്നേയും കാലമേറെ കാത്തിരിക്കേണ്ടി വന്നു. 

ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യകാല പകര്‍ച്ചവ്യാധികളില്‍ പ്രമുഖമായ ജസ്റ്റീനിയന്‍ പ്ലേഗ് എഡി 750 വരെയാണ് അതിന്റെ സ്വാധീനം തുടര്‍ന്നത്. അപ്പോഴേക്കും ഒരു പുതിയ ലോകക്രമമുണ്ടായി. ശക്തമായ ഒരു പുതിയ മതം- ഇസ്ലാം- അതിന്റെ സ്വാധീനവലയം യൂറോപ്പിന്റേയും ഏഷ്യയുടേയും വിവിധ ഭാഗങ്ങളിലേക്കു വികസിപ്പിച്ചു, അറേബ്യന്‍ ഉപദ്വീപിനൊപ്പം ജസ്റ്റീനിയന്‍ സാമ്രാജ്യത്തിന്റെ വലിയൊരു ഭാഗം ഉള്‍ക്കൊള്ളുന്ന പ്രദേശവും ഇസ്ലാമിക ഭരണത്തിന്‍ കീഴിലായി. അതേസമയം, പടിഞ്ഞാറന്‍ യൂറോപ്പിന്റെ ഭൂരിഭാഗവും ഫ്രാങ്കുകളുടെ നിയന്ത്രണത്തിലുമായി. ചരിത്രത്തിലെ ഗതിവിഗതികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ ഭാഗികമായി ഉത്തരവാദിയാകുന്നു എന്നു വരുന്നപക്ഷം ചരിത്രം രചിക്കുന്നത് മനുഷ്യരോ അദ്ധ്വാനശക്തിയോ മാത്രമല്ല, പ്രകൃതിക്ഷോഭങ്ങളെപ്പോലെ സൂക്ഷ്മജീവികള്‍ കൂടിയാണ് എന്നു പറയേണ്ടിവരും.

14ാം നൂറ്റാണ്ടിൽ ബ്യൂബോണിക് പ്ലേ​ഗിൽ മരിച്ചവരുടെ ശവക്കുഴികൾ 1980ൽ ​ഗവേഷകർ കണ്ടെത്തിയപ്പോൾ 
14ാം നൂറ്റാണ്ടിൽ ബ്യൂബോണിക് പ്ലേ​ഗിൽ മരിച്ചവരുടെ ശവക്കുഴികൾ 1980ൽ ​ഗവേഷകർ കണ്ടെത്തിയപ്പോൾ 

ഒരു ശരീരത്തെ ബാധിക്കാന്‍ സൂക്ഷ്മാണുക്കള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങളുള്ളതുപോലെ, സമൂഹത്തിന്റെ രാഷ്ട്രീയശരീരത്തെ ബാധിക്കുന്നതിനും മാറ്റിത്തീര്‍ക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. അത് സാമൂഹികമോ, സാമ്പത്തികമോ, മതപരമോ ഒക്കെയാകാം. ഈ പകര്‍ച്ചവ്യാധികളാകട്ടെ, കുറച്ചുകാലം നീണ്ടുനില്‍ക്കുന്നതോ ജസ്റ്റീനിയന്‍ പ്ലേഗ് പോലെ ആവര്‍ത്തിച്ചുള്ളതോ ആകാം. പലപ്പോഴും, അവര്‍ യുദ്ധത്തില്‍ പങ്കാളികളാകുന്നു;  ചിലപ്പോള്‍ വൈദേശിക ആക്രമണകാരികളോടു കൈ കോര്‍ക്കുന്നു. അല്ലെങ്കില്‍ ആക്രമിക്കപ്പെട്ടവരോടു കൂടെ ചേരുന്നു. പകരുന്ന സ്വഭാവത്തിലുള്ള രോഗങ്ങള്‍ ചിലപ്പോള്‍ ഒരു പ്രദേശത്തെ ബാധിക്കുന്നു. മറ്റുചിലപ്പോള്‍ വലിയൊരു ഭൂവിഭാഗത്തെ ബാധിക്കുന്നു. 

ഇംഗ്ലണ്ടിലെ സെര്‍ഫ്ഡം രീതിയില്‍, ജസ്റ്റീനിയാനിക് പ്ലേഗിന്റെ കാലത്ത്, പൗരാണികതയുടെ അന്ത്യദശയില്‍ അടിമത്തം റോമന്‍ സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളിലും  നിലനിന്നിരുന്നു. അടിമകള്‍ക്ക് തങ്ങളുടെ യജമാനന്മാരോട് ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുന്നത് സാധ്യമല്ലല്ലോ. സ്വാഭാവികമായും അവര്‍ ഉടമകളെ വിട്ട് ഓടിപ്പോയി വേതനം ആവശ്യപ്പെടാവുന്ന തരത്തിലുള്ള തൊഴിലുകള്‍ തേടി. ഇത് അന്നു നിലനിന്ന സമ്പദ്വ്യവസ്ഥയ്ക്കും സാമൂഹ്യസമ്പ്രദായങ്ങള്‍ക്കും വെല്ലുവിളിയായി. അതുകൊണ്ട് കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലും ജര്‍മാനിക് രാജ്യങ്ങളിലും നിയമവ്യവസ്ഥ ഒളിച്ചോടിയ അടിമകള്‍ക്കും അവരെ സഹായിച്ചവര്‍ക്കും കടുത്ത ശിക്ഷ നല്‍കാന്‍ അനുശാസിച്ചു. 

ആറാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും ഏഴാം നൂറ്റാണ്ടിലും വിസിഗോഥിക് സ്‌പെയിനിലും ലോംബാര്‍ഡ് ഇറ്റലിയിലും അടിമകളുടെ നിയമലംഘനങ്ങള്‍ അതിശക്തമായിത്തന്നെ അടിച്ചമര്‍ത്തി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ എഡി 700-ല്‍ വിസിഗോഥിക് സാമ്രാജ്യത്തില്‍ അടിമകളേയും അവരുടെ നിയമലംഘനങ്ങളേയും ശക്തമായി അടിച്ചമര്‍ത്തുന്നതിനു വലിയ ഒരു പൊലിസ് സേന തന്നെ സജ്ജമാക്കപ്പെട്ടുവെന്നു ചരിത്രം പറയുന്നു. ഇംഗ്ലണ്ടിലും മറ്റും കറുത്ത മരണം സെര്‍ഫ്ഡം ഇല്ലാതാക്കിയതുപോലെ, ജസ്റ്റീനിയാക് പ്ലേഗ് യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ അടിമത്തവും ഇല്ലാതാക്കി. ഇപ്പോള്‍ 21-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ആഗോളമാനമുള്ള ഒരു പകര്‍ച്ചവ്യാധി ചരിത്രഗതിവിഗതികളെ, അധീശത്വക്രമത്തെ, മാറ്റിത്തീര്‍ക്കാന്‍ പര്യാപ്തമാകുമോ എന്നാലോചിക്കുന്ന വേളയില്‍ മനുഷ്യരാശിയുടെ പഴയകാല പാഠങ്ങള്‍ ഓര്‍ത്തെടുക്കുന്നത് അതുകൊണ്ടുതന്നെ ഏറെ പ്രസക്തമാകുകയാണ്. 

വിശദീകരണങ്ങളും അടിക്കുറിപ്പുകളും

1. The History of Pelopponesian War by Thuscydides 431 BC,t ranslated by Richard Crawley, Second Year of the War-The Plague of Athens-Position and Policy of Pericles-Fall of Potidea.
2. Plague and the End of Antiqutiy, Edited by Lester K. Little. ഒന്നാം അധ്യായം Life and Afterlife of the First Plague Pandemic കാണുക 
3. മേല്‍പ്പറഞ്ഞ പുസ്തകം, അതേ അധ്യായം
4. റോമന്‍ സാമ്രാജ്യത്തിലുടനീളമുള്ള ആപേക്ഷിക സമാധാനത്തിന്റേയും സുസ്ഥിരതയുടേയും കാലഘട്ടമായിരുന്നു പാക്‌സ് റൊമാന (റോമന്‍ സമാധാനം), അഗസ്റ്റസിന്റെ (ബിസി 27 - എഡി 14) ഭരണകാലം മുതല്‍ 200 വര്‍ഷത്തിലേറെ നീണ്ടുനിന്നു. സാമ്രാജ്യത്തിനുള്ളിലെ നിയമം, ക്രമം, സുരക്ഷ എന്നിവ ഉറപ്പുനല്‍കുക എന്നതായിരുന്നു അഗസ്റ്റസിന്റേയും അദ്ദേഹത്തിന്റെ പിന്‍ഗാമികളുടേയും ലക്ഷ്യം, ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു വേര്‍പെടുത്തുക, സൈനിക ഇടപെടലിലൂടേയും ആക്രമണത്തിലൂടേയും അതിര്‍ത്തികളെ പ്രതിരോധിക്കുക, അല്ലെങ്കില്‍ വികസിപ്പിക്കുക എന്നിവയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com