'മതം ഭയത്തിന്റെ അടയാളമായി മാറി'- എംകെ മുനീർ

ബി.ജെ.പി ഉണ്ടാക്കിയ മാരകമായ ഒരു പ്രശ്‌നം വെറുപ്പിന്റെ രാഷ്ട്രീയം ഉണ്ടാക്കി എന്നതാണ്. ഇതോടെ ഇപ്പുറത്ത് തീവ്രമായി ചിന്തിക്കുന്ന, ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആശയമുള്ളവര്‍ രംഗത്തു വരും
'മതം ഭയത്തിന്റെ അടയാളമായി മാറി'- എംകെ മുനീർ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരന്തരമായ സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ സമരങ്ങളേയും മുന്നണികള്‍ക്കിടയിലെ പ്രശ്‌നങ്ങളേയും മുസ്ലിം ലീഗിന്റെ നിലപാടിനേയും കുറിച്ച് പ്രതിപക്ഷ ഉപനേതാവും എം.എല്‍.എയുമായ എം.കെ. മുനീര്‍ സംസാരിക്കുന്നു. സി.എ.എ പ്രതിഷേധത്തെ മതപരമായി ഉപയോഗിക്കുന്ന സംഘടനകളെ തിരിച്ചറിയണം. കേരളം സുരക്ഷിതമാണെന്നു തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറയുന്നു. ഒപ്പം യു.എ.പി.എ കേസില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. 
------

സി.എ.എയ്‌ക്കെതിരെ സി.പി.എമ്മുമായി യോജിച്ചുള്ള പോരാട്ടത്തില്‍നിന്ന് യു.ഡി.എഫ് പിന്‍വാങ്ങിയത് എന്തുകൊണ്ടാണ്? 

യോജിച്ചുള്ള പോരാട്ടം എന്ന ആശയംതന്നെ മുന്നോട്ട് വെച്ചത് യു.ഡി.എഫാണ്. മുഖ്യമന്ത്രിയും മതസംഘടനാ നേതാക്കളും കുറച്ചു സാംസ്‌കാരിക നായകന്മാരും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഇരിക്കാം എന്നാണ് അതിനു മുന്‍പ് മുഖ്യമന്ത്രി തീരുമാനിച്ചത്. ആ ഘട്ടത്തില്‍ ഒരുമിച്ചൊരു പോരാട്ടം നടത്തിക്കൂടെ എന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിക്കു മുന്നില്‍ വെക്കുന്നത്. അത് അദ്ദേഹത്തിനു തള്ളാന്‍ പറ്റാത്തതുകൊണ്ട് പറഞ്ഞത്, ഏതായാലും ഞങ്ങള്‍ ഒരു പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട്, നിങ്ങള്‍ കൂടി വന്നാല്‍ നമുക്കത് ഒരുമിച്ച് ചെയ്യാം എന്നാണ്. അങ്ങനെയാണ് തിരുവനന്തപുരത്ത് ഒരുമിച്ചുള്ള പ്രതിഷേധം നടന്നത്.

പിന്നീട് ഇടതുപക്ഷം എ.കെ.ജി സെന്ററില്‍ വെച്ച് എടുത്ത തീരുമാനമാണ് മനുഷ്യ മഹാശൃംഖല. അത് യു.ഡി.എഫുമായി ആലോചിച്ചെടുത്ത തീരുമാനമല്ല. അതിലേയ്ക്ക് ഞങ്ങളെ കൊണ്ടുവരാനോ ഒരുമിച്ച് പോരാട്ടം നടത്താനോ തീരുമാനം എടുത്തിട്ടുമില്ല. 

ഇത് ഇടതുപക്ഷം മാത്രം ചെയ്യേണ്ടതല്ല, യു.ഡി.എഫിനേയും കൂട്ടി ഒരുമിച്ചു നടത്തേണ്ടതാണ് എന്ന് മുഖ്യമന്ത്രിക്കു പറയാമായിരുന്നു. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് അതു ചെയ്യാം എന്നു പറഞ്ഞിരുന്നെങ്കില്‍ ഒരുമിച്ചുള്ള പ്രതിഷേധം തുടരുമായിരുന്നു. അതിനു തുരങ്കം വെച്ചത് മുഖ്യമന്ത്രിയാണ്.

ഇതിനിടയില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. സംയുക്തമായ ഒരു പ്രമേയം പാസ്സാക്കുക, മുന്നണികള്‍ ഒരുമിച്ച് പ്രസിഡന്റിനെ കാണാന്‍ പോകുക, നിലവിലുള്ള കേസുകളില്‍ സര്‍ക്കാര്‍ കക്ഷിചേരുക എന്നീ കാര്യങ്ങളാണ് യു.ഡി.എഫ് മുന്നോട്ട് വെച്ചത്. ഒരു ഭരണഘടനാ സംരക്ഷണസമിതി ഉണ്ടാക്കാനും തീരുമാനമായിരുന്നു. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അതിനു ചുമതലപ്പെടുത്തി.
ഇക്കാര്യങ്ങളൊക്കെ നടന്നുകൊണ്ടിരിക്കുന്നതിനിടയിലും ഇടതുപക്ഷം ഒറ്റയ്ക്കുള്ള സമരങ്ങള്‍ നിരന്തരം പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ത്തന്നെ പരിപാടികള്‍ നടന്നു.

അപ്പോള്‍ അവര്‍ തീരുമാനിക്കുക, ഞങ്ങള്‍ അതിന്റെയിടയിലേയ്ക്ക് പോയി നില്‍ക്കുക എന്ന അവസ്ഥയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ കോണ്‍ഗ്രസ്സ്, ഇവിടുത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോട് ദിവസവും പോയി നിങ്ങള്‍ സമരം ചെയ്യുന്നുണ്ടോ എന്നു ചോദിക്കുകയും ഉണ്ടെങ്കില്‍ ഞങ്ങള്‍ക്കും അതില്‍ കയറാന്‍ താല്പര്യമുണ്ട് എന്നും പറയേണ്ട ഒരു പാര്‍ട്ടിയല്ല. അങ്ങനെയാണ് രണ്ടു ചേരികളായി മാറിയത്.

സി.എ.എ പ്രക്ഷോഭത്തെ സി.പി.എം രാഷ്ട്രീയമായാണ് കണ്ടത് എന്നാണോ? 

അതെ, സി.പി.എം ഇതിനെ രാഷ്ട്രീയമായാണ് കണ്ടത്. ശബരിമല വിഷയത്തില്‍ അവര്‍ക്കു ഭൂരിപക്ഷ വോട്ടുകള്‍ മാറിയിട്ടുണ്ട്. അന്ന് അവര്‍ക്കു ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കാനും പറ്റിയില്ല. ഭൂരിപക്ഷത്തെ കിട്ടും എന്ന നിലയ്ക്കാണ് സ്ത്രീ പ്രവേശം, നവോത്ഥാനം എന്നൊക്കെയുള്ള രീതിയിലും നവോത്ഥാന നായകന്‍ എന്നൊരു പേരൊക്കെ പിണറായി വിജയനു കൊടുത്ത് കാര്യങ്ങള്‍ ചെയ്തത്. വനിതാമതിലും കെട്ടി. വനിതാമതില്‍ തീര്‍ത്തിട്ടും സ്ത്രീകളുടെയടക്കം വോട്ടുകള്‍ കിട്ടാതെ വന്നപ്പോള്‍ ഇത്തവണ ന്യൂനപക്ഷത്തെ പിടിക്കുന്നതാണ് നല്ലത് എന്നൊരു രാഷ്ട്രീയം അതിനകത്തുണ്ട്. സത്യത്തില്‍ ഇത് മുസ്ലിം സമുദായത്തിന്റെ മാത്രം പ്രശ്‌നം അല്ല. പക്ഷേ, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇതിനെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്നു നോക്കിയാല്‍ നമുക്കതു മനസ്സിലാക്കാന്‍ പറ്റും. അവര്‍ സംരക്ഷകര്‍ എന്ന കുപ്പായം അണിഞ്ഞു വന്നിരിക്കുകയാണ്. എപ്പോഴും ഒന്നും നോക്കാതെ വൈകാരികമായി എടുത്തുചാടുന്ന ഒരു പ്രശ്‌നം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ട്. ഇതെല്ലാം വോട്ടാകുമെന്നു വിചാരിക്കുന്നുണ്ടെങ്കിലും ശബരിമല വിഷയത്തില്‍ വനിതാമതില്‍ കെട്ടിയ സ്ത്രീകളടക്കം എങ്ങനെ അവര്‍ക്കെതിരായോ അതേപോലെ മനുഷ്യശൃംഖലയില്‍നിന്നുള്ള മുഴുവന്‍ ജനങ്ങളും അവര്‍ക്കെതിരാകും.

സി.എ.എയ്ക്കു മുന്‍പ് ആസാം വിഷയമുണ്ട്. ആസാം പ്രശ്‌നത്തില്‍ പൗരത്വ സംരക്ഷണറാലി ആദ്യം നടത്തിയ പ്രസ്ഥാനം മുസ്ലിം ലീഗാണ്. അന്നൊക്കെ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നു. അതുകഴിഞ്ഞ് സി.എ.എ വന്നു. അതിന്റെ ചര്‍ച്ചകള്‍ നടക്കുമ്പോഴൊന്നും അദ്ദേഹം മിണ്ടിയിട്ടില്ല. മൂന്നു ദിവസം കഴിഞ്ഞ് ഇതൊരു പ്രക്ഷോഭമായി വരാന്‍ തുടങ്ങി. ജാമിയ മിലിയയില്‍ അതിന്റെ പോരാട്ടം തുടങ്ങി. ക്യാംപസുകള്‍ ഇളകി. മലയാളി സമൂഹവും അതിന്റെ കൂടെയുണ്ട് എന്നു കണ്ടപ്പോള്‍ അതിന്റെ മുന്നില്‍ വന്ന് പിണറായി വിജയന്‍ നിന്നു. അപ്പോഴാണ് അദ്ദേഹം പറയുന്നത് ഇതിവിടെ നടപ്പാക്കില്ല എന്ന്. പക്ഷേ, അദ്ദേഹം അങ്ങനെ പറഞ്ഞതല്ലാതെ നടപ്പാക്കാതിരിക്കാനുള്ള ഒരു ചുവടുവെയ്പുപോലും നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ സി.പി.എം രാഷ്ട്രീയമായി ഇതിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാലോചിച്ച് എടുത്ത നിലപാടായിട്ടാണ് ഞങ്ങള്‍ കാണുന്നത്. അവര്‍ക്കിത് രാഷ്ട്രീയമായിരിക്കാം. ഞങ്ങള്‍ക്കിത് ജീവന്മരണ പോരാട്ടമാണ്.

ഇവിടെ ഒന്നും നടപ്പിലാക്കില്ല എന്നു പറയുമ്പോഴും എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. എന്‍.പി.ആര്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ കേരള സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. 2019 നവംബറില്‍ അതിന്റെ സര്‍ക്കുലര്‍ പോയിട്ടുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷനുമായി. എന്നിട്ടും മുഖ്യമന്ത്രി പറയുകയാണ് ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോയാല്‍ അയാളെ സസ്പെന്‍ഡ് ചെയ്യുമെന്ന്. ഉത്തരവിറക്കിയ ഡിപ്പാര്‍ട്ട്മെന്റിന്റെ തലപ്പത്തുള്ളവരെയല്ലേ സസ്പെന്‍ഡ് ചെയ്യേണ്ടത്. അത് ചീഫ് സെക്രട്ടറിയും അതിന്റെ മന്ത്രി പിണറായി വിജയനുമാണ്. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഇറക്കിയ ഉത്തരവ് ഭേദഗതി വരുത്തി സെന്‍സസ് മാത്രമാക്കുകയാണ്. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് സെന്‍സസ് ഡ്യൂട്ടി മാത്രം ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നല്‍കണം. കേരളസര്‍ക്കാര്‍ 2019 നവംബറില്‍ ഇറക്കിയ ഉത്തരവിന്റേയും ഗസറ്റ് നോട്ടിഫിക്കേഷന്റേയും നമ്പര്‍ പരാമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാറിന്റെ എല്ലാ സര്‍ക്കുലറും വന്നുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയപക്ഷം ആ ഉത്തരവ് നിലനില്‍ക്കുന്നില്ല എന്നെങ്കിലും കേന്ദ്രസര്‍ക്കാരിനോട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേരളം സുരക്ഷിതമാണ് എന്നു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ എല്ലാ തീരുമാനങ്ങളുടേയും ഒപ്പം നില്‍ക്കുകയും ചെയ്യുകയാണ് ഇവിടുത്തെ സര്‍ക്കാര്‍.

സംയുക്ത പ്രക്ഷോഭം വേണ്ടെന്ന് തുടക്കത്തിലേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടെടുത്തിരുന്നു. ആ സമയത്ത് അത് അംഗീകരിക്കാന്‍ മുന്നണിയിലുള്ളവര്‍പോലും തയ്യാറായിരുന്നില്ല? 

മുല്ലപ്പള്ളി വളരെ സത്യസന്ധനായ ഒരു മനുഷ്യനാണ്. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ പിന്നില്‍ എത്രയാളുണ്ടാകും എന്നൊരു കണക്ക് അദ്ദേഹം നോക്കിയിട്ടില്ല. ഒരഭിപ്രായം പറയുന്നത് അതിനെ അനുകൂലിക്കാന്‍ എത്രയാളുണ്ടാകും എന്നു നോക്കിയാണെങ്കില്‍ അതിന്റെ അര്‍ത്ഥം പിന്തുണ കിട്ടാന്‍ വേണ്ടിയാണ് അതു പറയുന്നത് എന്നാണ്. ഒരു കാര്യം പറഞ്ഞാല്‍ എല്ലാവരും എതിരാകുമെങ്കിലും അതു പറഞ്ഞേ തീരൂ എന്നു വിചാരിക്കുന്നിടത്താണ് അതിന്റെ ആത്മാര്‍ത്ഥത. 

മനുഷ്യച്ചങ്ങലയുടെ കാര്യത്തില്‍ ഞങ്ങളുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും അതിനാല്‍ ഞങ്ങള്‍ അതില്‍ പങ്കെടുക്കില്ല എന്നും പറഞ്ഞതിന് ഒരുപാട് പേര്‍ വ്യക്തിപരമായിവരെ എനിക്കെതിരെ തിരിഞ്ഞു. കുറേ ആളുകള്‍ വന്നു ഞാന്‍ രാജ്യദ്രോഹിയാണ് എന്ന നിലയില്‍ ചിത്രീകരിക്കുകയാണ്. പിണറായി വിജയനെതിരെ സംസാരിക്കാന്‍പോലും പാടില്ല എന്നുള്ള അവസ്ഥയാണ്. അതൊരു ഫാഷിസ്റ്റ് ശൈലിയാണ്. എന്നാലും നമ്മള്‍ ചില കാര്യങ്ങള്‍ പറയണ്ടേ. എ.കെ.ജി സെന്ററില്‍ എടുത്ത ഒരു തീരുമാനത്തിന്റെകൂടെ ഞങ്ങളിങ്ങനെ കുറെയാളുകള്‍ സമരമുണ്ടോ സമരമുണ്ടോ എന്ന് അന്വേഷിച്ച് ആ സമരത്തിന്റെ പിന്നാലെ പോകുക, മനുഷ്യച്ചങ്ങല എവിടെയെങ്കിലും കെട്ടുന്നുണ്ടെങ്കില്‍ അതിന്റെയിടയില്‍ പോയി നില്‍ക്കുക എന്നൊക്കെ പറയാന്‍ അത്രയും ദാരിദ്ര്യത്തില്‍ കിടക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല യു.ഡി.എഫ്. ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ മുല്ലപ്പള്ളിയോട് എങ്ങനെയാണോ പെരുമാറിയത് അതുപോലെയാണ് എന്നോടും പെരുമാറിയത്. നമ്മളുടെ കൂടെ ആരുണ്ടാകും, എന്തൊക്കെ തെറിവിളികള്‍ കിട്ടും എന്നൊക്കെ നോക്കിയാല്‍ പിന്നെ നമ്മള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. അക്കാര്യത്തില്‍ മുല്ലപ്പള്ളിയുടെ അതേ സ്റ്റാന്‍ഡില്‍ തന്നെയാണ് ഞാനും. 

ഇവിടെ പ്രളയമുണ്ടായ സമയത്ത് സാലറി ചലഞ്ച് പ്രഖ്യാപിച്ചു. പ്രളയം അനുഭവിച്ച മനുഷ്യരുടെ കയ്യില്‍നിന്നും തട്ടിപ്പറിക്കരുത് എന്നു ഞാന്‍ പറഞ്ഞതിന് എന്തൊക്കെ കേള്‍ക്കേണ്ടിവന്നു. അന്നു ഞാന്‍ സംസ്ഥാനത്തിരെ ദ്രോഹം നടത്തുന്നയാളായി. പക്ഷേ, പിന്നീട് സാലറി ചലഞ്ച് കൊള്ളയാണ് എന്നു ഹൈക്കോടതി പറഞ്ഞില്ലേ. സുപ്രീംകോടതി വരെ ശാസിച്ചില്ലേ. അതുകൊണ്ട് ചില കാര്യങ്ങള്‍ പറയുന്ന സമയത്ത് മധുരമായി തോന്നണമെന്നില്ല. പക്ഷേ, പിന്നീടത് എടുത്തുനോക്കുമ്പോള്‍ ശരിയായിരിക്കും. സന്ദര്‍ഭത്തിനനുസരിച്ചു സംസാരിച്ചില്ല എന്ന് ആക്ഷേപമുണ്ടാവുമെങ്കിലും അതായിരുന്നു സന്ദര്‍ഭമെന്നു കുറച്ചുകഴിഞ്ഞാല്‍ ബോധ്യമാകും.

ഇന്ത്യയില്‍ ഇതുവരെ ഉണ്ടാകാത്ത സവിശേഷമായ ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രതിഷേധത്തിന്റെ കാര്യത്തില്‍ പ്രാദേശിക രാഷ്ട്രീയം കൂട്ടിക്കലര്‍ത്തുന്നത് ശരിയാണോ? 

ഇപ്പോഴത്തെ പ്രതിഷേധത്തില്‍ പ്രാദേശിക രാഷ്ട്രീയം കൂട്ടിക്കലര്‍ത്തരുത് എന്നുതന്നെയാണ് അഭിപ്രായം. ദേശീയതലത്തില്‍ പ്രതിഷേധത്തിനു നേതൃത്വം കൊടുക്കുന്നത് കോണ്‍ഗ്രസ്സാണ്. സോണിയാഗാന്ധിയാണ് നേതൃത്വം കൊടുക്കുന്നത്. സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ അതിനു പിന്നിലുണ്ട്. എന്നാല്‍, കോണ്‍ഗ്രസ്സ് നിഷ്പ്രഭമാണെന്നും പിണറായി വിജയനാണ് ചാമ്പ്യന്‍ എന്നുമാണ് കേരളത്തിലെ പ്രചാരണം. കേരളത്തില്‍ മാത്രം എങ്ങനെയാണ് വ്യത്യസ്തമായ സമീപനം സ്വീകരിക്കുന്നത്. കേരളത്തിലും പോരാട്ടം രാഷ്ട്രീയവിമുക്തമാക്കാന്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതായിരുന്നു. സി.എ.എയ്‌ക്കെതിരെ ഞാന്‍ കോഴിക്കോട് ഉപവാസം നടത്തി. സി.പി.എമ്മിന്റെ എം.എല്‍.എമാരെയെല്ലാം ക്ഷണിച്ചിരുന്നെങ്കിലും ആരും വന്നില്ല. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കപില്‍ സിബല്‍ പങ്കെടുത്ത പരിപാടി നടത്തി. അതൊരു കോമണ്‍ പ്ലാറ്റ്ഫോം ആയിരുന്നു. സി.പി.എമ്മില്‍നിന്ന് ആരും ഉണ്ടായില്ലല്ലോ. കപില്‍ സിബലിനെ ഒരു കോണ്‍ഗ്രസ്സുകാരനായി മാത്രമേ അവര്‍ക്കു കാണാന്‍ കഴിയൂ.

ഇപ്പോഴത്തെ പ്രതിഷേധ സമരങ്ങളിലുള്ള പ്രതീക്ഷ എന്താണ്? 

ഏതു നിയമവും ജനങ്ങള്‍ക്കു ഗുണകരമാകണം. അങ്ങനെയല്ലാത്ത നിയമങ്ങള്‍ മാറ്റിയിട്ടുണ്ട്. പാര്‍ലമെന്റ് പാസ്സാക്കിയാലും പ്രസിഡന്റ് ഒപ്പുവെച്ചാലും സുപ്രീംകോടതിക്ക് അതില്‍ ഇടപെടാം. പ്രത്യേകിച്ചും ഇതു ഭരണഘടനയിലെ പ്രധാന അനുച്ഛേദങ്ങള്‍ക്ക് എതിരായിട്ടുള്ള നിയമമാണ്. മതത്തെ ഇതില്‍ ഉപയോഗിച്ചിരിക്കുന്നു. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മതത്തെ ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനയില്‍ പാര്‍ലമെന്റ് കൈവെക്കുന്നുണ്ടോ എന്നു നോക്കാനുള്ളതാണ് ഭരണഘടനാബെഞ്ച്. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ചിനുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്. പക്ഷേ, കുറച്ചുകൂടി വിപുലമായ ചര്‍ച്ചകള്‍ വേണമെന്നു തോന്നുകയാണെങ്കില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ബെഞ്ചിനു വിടാം. അതില്‍ തീര്‍ച്ചയായും നടപടിയുണ്ടാകും. അല്ലാതെ ബി.ജെ.പി പറയുന്നതുപോലെ ലോകാവസാനം വരെ നില്‍ക്കുന്ന ഒരു നിയമമൊന്നുമല്ല ഇത്. നിയമം മനുഷ്യര്‍ക്കുവേണ്ടിയുള്ളതാണ്. മനുഷ്യര്‍ക്കു ദ്രോഹമാകുന്ന നിയമങ്ങള്‍ തിരുത്തപ്പെട്ടിട്ടുണ്ട്. 

പ്രതിഷേധ സമരങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളുടെ ഇടപെടലിനെ മുസ്ലിം ലീഗ് എങ്ങനെയാണ് കാണുന്നത്? 

ഈ അവസരത്തെ ഉപയോഗിക്കാന്‍ വേണ്ടി പലരും കാത്തുനില്‍ക്കുന്നുണ്ട്. ബി.ജെ.പി ഉണ്ടാക്കിയ മാരകമായ ഒരു പ്രശ്‌നം വെറുപ്പിന്റെ രാഷ്ട്രീയം ഉണ്ടാക്കി എന്നതാണ്. എല്ലാവരിലും വെറുപ്പുണ്ടാക്കുക. വെറുപ്പ് പ്രചരിപ്പിക്കുന്ന ധാരാളം സൈറ്റുകള്‍ തന്നെയുണ്ട്. സി.എ.എ യ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ വെടിവെച്ചുകൊല്ലണം എന്ന് അവരുടെ മന്ത്രിമാര്‍ തന്നെ പറയുകയാണ്. ഇതോടെ ഇപ്പുറത്ത് തീവ്രമായി ചിന്തിക്കുന്ന, ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആശയമുള്ളവര്‍ രംഗത്തു വരും. ഇതു രണ്ടും പരസ്പരപൂരകങ്ങളാണ്. രാവിലെ അടികൂടുന്നുണ്ടെങ്കിലും രാത്രി കെട്ടിപ്പിടിച്ചുറങ്ങുന്നവരാണിവര്‍ എന്നു ഞാന്‍ പറയും. കാരണം ഇതില്‍ ഒന്നുണ്ടെങ്കിലെ മറ്റേതു വളരൂ. ഒരേപോലെ വിദ്വേഷം പ്രചരിപ്പിച്ചാലെ രണ്ടുപേര്‍ക്കും നില്‍ക്കാന്‍ പറ്റുള്ളൂ. ആര്‍.എസ്.എസ്സിനും എസ്.ഡി.പി.ഐയ്ക്കും നിലനില്‍ക്കാന്‍ ആവശ്യമായ ഉല്പന്നം വിദ്വേഷമാണ്. സി.എ.എയിലൂടെ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ നാശം ഇവിടെ ന്യൂനപക്ഷത്തിന്റെയിടയിലുള്ള തീവ്രവാദംകൂടി വളരും എന്നതാണ്. അതുകൊണ്ടാണ് മതേതരശക്തികള്‍ ഒന്നിച്ചുനിന്നു ദുഷ്ടശക്തികളെ തോല്‍പ്പിക്കണം എന്നു പറയുന്നത്. അതില്‍ കമ്യൂണിസം ഒപ്പമുണ്ടാകണം എന്നു വിശ്വസിക്കുന്നവര്‍ തന്നെയാണ് ഞങ്ങള്‍. ഇന്ത്യയില്‍ അതു വേണം എന്നുള്ളതുകൊണ്ടാണല്ലോ സോണിയാഗാന്ധി യെച്ചൂരിയെ കൂടെ നിര്‍ത്തുന്നത്. സി.എ.എ വിഷയത്തെ മതപരമായി ഉപയോഗിക്കുന്നവരെ നമ്മള്‍ തിരിച്ചറിയണം. അത് ഏതു ഭാഗത്ത് നിന്നുള്ളവരാണെങ്കിലും. മതത്തെ ഉപയോഗിക്കുന്നതിന്റെ തിരക്കിലാണവര്‍. മുസ്ലിംലീഗ് ഇതിനെ ഭരണഘടനാ വിഷയമായിട്ടാണ് കാണുന്നത്. ഇത്തരം സംഘടനകള്‍ സമരത്തിന് ഉപയോഗിക്കുന്ന പണത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി അറിഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെതിരായുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനു ഞങ്ങള്‍ എതിരല്ല. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ല എന്നൊരു ചിന്തയും ഞങ്ങള്‍ക്കില്ല. അങ്ങനെ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ ആ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ് വേണ്ടത്.

കേരളത്തില്‍ മുസ്ലിം സമുദായത്തില്‍നിന്നുണ്ടായ ഒരേയൊരു മുഖ്യമന്ത്രിയുടെ മകനാണ് താങ്കള്‍. മുസ്ലിം എന്ന ഐഡന്റിറ്റിയെ ഇക്കാലത്ത് താങ്കള്‍ എങ്ങനെയാണ് കാണുന്നത്? 

പണ്ടൊന്നും നമ്മള്‍ അങ്ങനെ നോക്കാറില്ലല്ലോ. വാപ്പ മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ മുസ്ലിം മുഖ്യമന്ത്രി എന്ന ഒരു വിശേഷണവും ഉണ്ടായിട്ടില്ല. വാപ്പ ആഭ്യന്തരവകുപ്പ് മന്ത്രിയും കൂടിയായിരുന്നു. എന്നാലിപ്പോള്‍ ബി.ജെ.പി ഉണ്ടാക്കിയ 'വെറുപ്പ് രാഷ്ട്രീയ'ത്തിന്റെ ഭാഗമായി ഓരോരുത്തരുടേയും ഐഡന്റിറ്റി പ്രശ്‌നമാകുകയാണ്. നമ്മള്‍ എത്ര നിഷ്പക്ഷമായി പ്രവര്‍ത്തിച്ചാലും അവസാനം അതില്‍ ഒരു മുസ്ലിം ഐഡന്റിറ്റി കാണാനുള്ള ശ്രമം ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കും. വെറുപ്പ് അതിന്റെ അങ്ങേയറ്റത്താണ്. ബി.ജെ.പിയുടെ ഭരണം കൊണ്ടുണ്ടായ മാറ്റം അതാണ്. സിന്ദൂരം തൊടുന്നത് കാക്കമാരില്‍നിന്നു രക്ഷനേടാനാണ് എന്നു പറയുന്ന ഒരു സ്ത്രീയുടെ വീഡിയോ വന്നല്ലോ. ഞാന്‍ അവരെയല്ല കുറ്റപ്പെടുത്തുന്നത്. അവരെ ആ മാനസികാവസ്ഥയിലേയ്ക്ക് പാകപ്പെടുത്തിയെടുക്കുന്നതില്‍ ബി.ജെ.പി വിജയിച്ചിരിക്കുന്നു. അവരുടെ മുഖത്ത് ആ വിദ്വേഷം കാണാം. ഒരുതരം ഹിസ്റ്റീരിക് മനോഭാവത്തിലാണവര്‍. മനുഷ്യന്‍ പരസ്പരം ശത്രുക്കളായി തിരിഞ്ഞുനില്‍ക്കുന്നവരായി. ഇതാണ് ഡിഹ്യൂമനൈസേഷന്‍. പൈശാചികത്വം സമൂഹത്തിനു കല്പിച്ചുകൊടുത്താല്‍ ഈ കാര്യങ്ങള്‍ ചെയ്തവര്‍ക്കു പിന്നെ ജോലിയില്ല. ബാക്കി അവര്‍ തമ്മിലായിക്കോളും. കുറച്ചുകാലം കൂടി കഴിഞ്ഞാല്‍ നമുക്ക് അടുത്തിരിക്കാന്‍ പറ്റാത്ത അവസ്ഥ വരും. കേരളത്തിലും വരാന്‍ തുടങ്ങി. അതിന് ഇവിടുത്തെ മുഖ്യമന്ത്രിക്കും പൊലീസിനും പങ്കുണ്ടെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. മതധ്രുവീകരണത്തിനു മുന്‍കൈ എടുക്കരുത്. വോട്ടുബാങ്ക് വെച്ചുകൊണ്ട് സര്‍ക്കാര്‍ ആളുകളെ വിഭജിച്ചു കൊണ്ടിരിക്കുകയാണ്. 
ഞാന്‍ എത്ര ശുദ്ധനായാലും എത്ര നന്മ ചെയ്താലും എന്റെ ഐഡന്റിറ്റി വളരെ പ്രധാനമാണ്. നിങ്ങള്‍ ഇന്ന ഐഡന്റിറ്റി ഉള്ള ആളാണെങ്കില്‍ നിങ്ങളെ വിശ്വസിക്കാന്‍ പറ്റില്ല എന്നതിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. അതേപോലെ ഇപ്പുറത്ത് എങ്ങനെ ഒരു ഹിന്ദുവിനെ വെറുക്കാം എന്നതാണ് കാണിക്കുന്നത്. ഇവിടം ഒരു മതരാഷ്ട്രമാവേണ്ടതാണ് എന്നൊക്കെ വിശ്വസിക്കുന്ന ഒരു പ്രചാരണം ഇപ്പുറത്തും ഉണ്ടാകുന്നു. പണ്ടൊക്കെ മതഘോഷയാത്ര സന്തോഷത്തിന്റേതായിരുന്നു. ഇന്ന് ഒരു മതഘോഷയാത്ര കടന്നുപോകുമ്പോള്‍ എങ്ങനെയെങ്കിലും കഴിഞ്ഞുകിട്ടിയാല്‍ മതി എന്നാണ് ആലോചിക്കുന്നത്. കാരണം ഒരു കലാപത്തിലേയ്ക്ക് അതു പോകുമോ എന്ന ഭയമാണ്. മതം സ്‌നേഹത്തില്‍നിന്നു മാറി ഭയത്തിന്റെ അടയാളമായി മാറി. മതവിശ്വാസം കൂടിക്കൂടി വരുന്നതിനനുസരിച്ചു മതത്തെ എല്ലാവരും പേടിക്കാന്‍ തുടങ്ങുകയാണ്.

അലന്‍-താഹ യു.എ.പി.എ കേസ് യു.ഡി.എഫ് ഏറ്റെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണ്? 

കേസ് വന്ന അന്നുമുതല്‍ ഇതിന്റെ കൂടെത്തന്നെയുണ്ട്. അലന്റെ പിതാവ് ഷുഹൈബ് എന്റെ സുഹൃത്ത് കൂടിയാണ്. തുടക്കത്തില്‍ അവരുടെ വീട്ടില്‍ പോയി സംസാരിച്ചിരുന്നില്ല. എങ്കിലും അവരുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയും കേസില്‍ പിന്തുണ കൊടുക്കുകയും ചെയ്തിരുന്നു. ഞങ്ങള്‍ മാവോയിസ്റ്റുകള്‍ ആണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കട്ടെ എന്നാണ് അലനും താഹയും ജയിലില്‍വെച്ചു പറഞ്ഞത്. അതിനര്‍ത്ഥം അവര്‍ അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന പ്രഖ്യാപനം തന്നെയാണ്. അതിനുശേഷമാണ് അവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അതുവരെ ഇവര്‍ക്കെന്തെങ്കിലും ബന്ധമുണ്ടാകുമോ, അങ്ങനെയല്ലെങ്കില്‍ ഇവരുടെ പാര്‍ട്ടി തന്നെ ഇങ്ങനെയൊരു നിലപാട് എടുക്കുമോ എന്നൊക്കെയൊരു സംശയം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, ആ രണ്ടു കുട്ടികളും മുഖ്യമന്ത്രി തെളിയിക്കട്ടെ എന്നു പറഞ്ഞതിനുശേഷം അവരോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വിഷയത്തില്‍ തുടക്കം മുതല്‍ സര്‍ക്കാറിന്റെ നിലപാടിനു ഞങ്ങള്‍ എതിരായിരുന്നു.

കേസെടുത്തതിനെതിരായുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ രമേശ് ചെന്നിത്തല യു.എ.പി.എ ചുമത്തിയിട്ടുണ്ട് എന്നാണ്. അതിന്റെ അര്‍ത്ഥം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെതിരെ യു.എ.പി.എ ചുമത്താനുള്ള അവകാശം രമേശ് ചെന്നിത്തലയ്ക്കില്ല, ഞങ്ങളുടെ പാര്‍ട്ടിക്കെതിരെ ഞങ്ങള്‍ തന്നെ യു.എ.പി.എ ചുമത്തിക്കോളും എന്നല്ലേ. അതാണല്ലോ ഇപ്പോള്‍ നടന്നത്.

ചായ കുടിക്കുമ്പോഴല്ല അലനേയും താഹയേയും പിടിച്ചത് എന്നാണ് പിണറായി പറഞ്ഞത്. അങ്ങനെയെങ്കില്‍ തോക്കുമായി അക്രമത്തിനു നിന്നപ്പോഴാണോ പിടിച്ചത് എന്നു പറയേണ്ടതും മുഖ്യമന്ത്രിയാണ്.

അവരുടെ കയ്യില്‍നിന്നു കണ്ടെടുത്തു എന്നു പറയുന്നത് ജമാഅത്തെ ഇസ്ലാമി നേതാവായ ഒ. അബ്ദുറഹ്മാന്റെ പുസ്തകവും ചില ഇടതുപക്ഷ പുസ്തകങ്ങളുമാണ്. അതായത് മറ്റു ചേരികളില്‍ ഉള്ളവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ പാടില്ല എന്നാണോ. എന്റെ വീട്ടില്‍ ഗോള്‍വാള്‍ക്കറുടെ 'വീ ഓര്‍ ഔര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ്' എന്ന പുസ്തകമുണ്ട്. വിചാരധാരയുണ്ട്. അതുകൊണ്ട് ഞാന്‍ ആര്‍.എസ്.എസ് ആകുന്നില്ല. ഇ.എം.എസ്സിന്റെ മുഴുവന്‍ പുസ്തകങ്ങളുമുണ്ട്. അച്യുതമേനോന്റെയുമുണ്ട്. എന്നുവെച്ചു ഞാന്‍ സി.പി.ഐയോ സി.പി.എമ്മോ അല്ല. ലെനിന്റെ പുസ്തകം വായിച്ചവര്‍ ലെനിനിസ്റ്റ് ആകുന്നില്ല. ഇനി അങ്ങനെ ഒരാശയം ഉണ്ട് എന്നാണെങ്കിലും ആശയം മനസ്സില്‍ വെയ്ക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ എവിടെയാണ് വകുപ്പ്. അലന്റേയും താഹയുടേയും കേസില്‍ ഇനിയും എല്ലാ പിന്തുണയും ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com