കവിതയുടെ ഇന്ദ്രജാലം

ലോകസാധാരണമായ വ്യവഹാരഭാഷയാണ് കവിതയിലുള്ളത്. എന്നാല്‍, അത് ലോകസാധാരണമായ യാഥാര്‍ത്ഥ്യ പ്രതീതികളെ മായ്ച്ചുകളഞ്ഞുകൊണ്ട് മറ്റൊരു ഭാഷാപ്രപഞ്ചം സൃഷ്ടിക്കുന്നു. മറ്റൊരു ആശയപ്രപഞ്ചത്തിന് ആവിഷ്‌കാരം നല്‍കുന്നു
കവിതയുടെ ഇന്ദ്രജാലം

ന്ദ്രജാലം യാഥാര്‍ത്ഥ്യത്തെ മറികടക്കുന്ന മായികമായൊരു ലോകത്തിന്റെ സൃഷ്ടിയാണല്ലൊ. യഥാതഥമായ ഭൗതിക ജീവിതാനുഭവത്തിന്റെ കാഴ്ചപ്പാടില്‍ അവിശ്വസനീയമായൊരു ലോകം. എന്നാല്‍, അത് അനുഭൂതി വിഷയമാകുമ്പോള്‍ അലോക സാധാരണമായി, യഥാര്‍ത്ഥം-അയഥാര്‍ത്ഥം എന്നീ വരമ്പുകള്‍ മായ്ച്ചുകളയുന്ന ആനന്ദകരമായ ഒരു പ്രതീതി വിസ്മയമായി അവതരിക്കുന്നു.

ഇതുതന്നെയല്ലേ ഉത്തമമായ കവിതയുടെ ആസ്വാദനത്തിലും സംഭവിക്കുന്നത്? ലോകസാധാരണമായ വ്യവഹാരഭാഷയാണ് കവിതയിലുള്ളത്. എന്നാല്‍, അത് ലോകസാധാരണമായ യാഥാര്‍ത്ഥ്യ പ്രതീതികളെ മായ്ച്ചുകളഞ്ഞുകൊണ്ട് മറ്റൊരു ഭാഷാപ്രപഞ്ചം സൃഷ്ടിക്കുന്നു. മറ്റൊരു ആശയപ്രപഞ്ചത്തിന് ആവിഷ്‌കാരം നല്‍കുന്നു. ലോകസാമാന്യമായ ഭാഷയിലെ നേരിട്ടുള്ള അര്‍ത്ഥത്തിന്-വാച്യാര്‍ത്ഥത്തിന്-കവിതയില്‍ സ്ഥാനമില്ല. അവിടെ വാച്യം എപ്പോഴും തടസ്സപ്പെടുന്നു-ലക്ഷണാവ്യാപാരത്തിന് ഇടനല്‍കുന്ന വാച്യം അയുക്തികമായ ഒരു വിസ്മയസ്ഥാനമാകുന്നു. പരിമിതികളകന്ന് ആസ്വാദകഹൃദയം ഭാവനാവ്യാപാരംകൊണ്ട് ആഹ്ലാദകരമായ മറ്റൊരു ലോകം സൃഷ്ടിക്കുന്നു. ഇതാണ് കവിതയുടെ ഇന്ദ്രജാല പ്രയോഗം. വ്യഞ്ജനാവ്യാപാരമെന്ന് 9-ാം നൂറ്റാണ്ടില്‍ ആനന്ദവര്‍ദ്ധനാചാര്യന്‍ (ധ്വന്യാലോകമെന്ന വിശിഷ്ടനിബന്ധത്തില്‍) കവിതയിലെ ഈ ഐന്ദ്രജാലികമായ അര്‍ത്ഥപ്രകാശനതന്ത്രത്തെ വ്യപദേശിക്കയുണ്ടായി. വ്യഞ്ജനകൊണ്ടു പ്രതീതമാകുന്ന വ്യംഗ്യാര്‍ത്ഥവും വ്യഞ്ജനാവ്യാപാരവും ധ്വനിയത്രേ. ഇതാണ് കവിതയുടെ ആത്മാവ്. ആത്മാവെന്നതുപോലെ പ്രത്യക്ഷാര്‍ത്ഥമെന്ന ശരീരത്തിനപ്പുറത്തു വിരിയുന്ന, വ്യാപിയും സുപ്രധാനവുമായ പ്രതീതിമാത്രഗോചരമായ ആസ്വാദസാരമത്രേ ധ്വനി. കവിതയിലെ ഐന്ദ്രജാലികമായ അനുഭൂതി.

കവിതയുടെ രൂപശില്പത്തെ കവി ശബ്ദതലത്തിലും അര്‍ത്ഥതലത്തിലും സശ്രദ്ധം വരുത്തുന്ന വ്യതിയാനങ്ങള്‍ അഥവാ വക്രതകള്‍കൊണ്ടു സമാകര്‍ഷകമാക്കുന്നു. സാദൃശ്യത്തേയും സാദൃശ്യേതര ബന്ധങ്ങളേയും ആശ്രയിച്ചു വാച്യാതിരിക്തമായി നിര്‍മ്മിക്കുന്ന വക്രതകള്‍, സൗന്ദര്യങ്ങള്‍ അഥവാ അലങ്കാരങ്ങള്‍ നിറഞ്ഞതാണ് കാവ്യഭാഷ. അത് ആസ്വാദകനായ സഹൃദയന്റെ പ്രതിഭയെ പ്രചോദിപ്പിക്കുകയും ഹൃദയത്തിലുറങ്ങിക്കിടക്കുന്ന ഭാവങ്ങളെ തൊട്ടുണര്‍ത്തുകയും ചെയ്യുന്നു. വിശദീകരിക്കാനാവാത്ത ആനന്ദാനുഭൂതിയില്‍ സഹൃദയനെ ആമഗ്‌നനാക്കുന്നു. ആഭരണംപോലെ സൗന്ദര്യം വളര്‍ത്തുന്നതാണ് കവിതയിലെ അലങ്കാരം എന്ന ധാരണ തെല്ലും ശരിയല്ല. വക്രതയുടെ വഴികളാണ് അലങ്കാരങ്ങള്‍. ഒരുദാഹരണം ചൂണ്ടിക്കാണിക്കാം: കാളിദാസന്റെ മേഘസന്ദേശത്തില്‍നിന്ന്: അളകയില്‍നിന്ന് രാമഗിരിയിലേയ്ക്കു നാടുകടത്തപ്പെട്ട യക്ഷന്‍ പ്രിയാവിരഹംമൂലം ഉല്‍ഭ്രാന്തഹൃദയനാണ്. വഴിവിട്ട കാമത്തിന്റെ സ്വപ്നാടനങ്ങള്‍ക്കറുതിയില്‍ പ്രിയപത്‌നിയോടുള്ള പ്രണയത്തിന്റെ മാധുര്യവും വേര്‍പാടിന്റെ വേദനയും യക്ഷന്റെ മനസ്സിനെ മഥിക്കുന്നു. വിലാപസ്വരത്തില്‍ അയാള്‍ ആത്മഗതംചെയ്യുന്നു:

ശ്യാമാസ്വംഗം ചകിതഹരണീപ്രേക്ഷണേ ദൃഷ്ടിപാതം
ഗണ്ഡച്ഛായാം ശശിനി ശിഖിനാം ബര്‍ഹഭാരേഷു കേശാന്‍
ഉത്പശ്യാമി പ്രതനുഷു നദീവീചിഷു ഭ്രൂവിലാസാന്‍
ഹന്തൈകസ്ഥം ക്വചിദപി ന തേ ചണ്ഡി സാദൃശ്യമസ്തി.
ഞാഴല്‍വള്ളികളില്‍ നിന്റെ ഉടലിനെയും
പേടിച്ചരണ്ട പേടമാനിന്റെ മിഴികളില്‍
നിന്റെ നോട്ടത്തെയും
തിങ്കളില്‍ നിന്റെ കവിള്‍ത്തടത്തിന്റെ കാന്തിയെയും
മയിലുകളുടെ പീലിത്തഴകളില്‍
നിന്റെ തലമുടിയെയും
ആറ്റിലെ ചിറ്റോളങ്ങളില്‍
നിന്റെ ചില്ലീവിലാസങ്ങളെയും
ഞാന്‍ ഉല്‍പ്രേക്ഷിക്കുന്നു;
എന്നാല്‍, കഷ്ടം, കോപക്കാരീ
നിന്റെ സാദൃശ്യം ഒരിടത്ത് ഒത്തിണങ്ങിനില്‍ക്കുന്നത്
എവിടെയും കാണാനില്ല!
ഈ പദ്യമുദ്ധരിച്ച് ഇതില്‍ തുടക്കംമുതല്‍ ഒടുക്കംവരെ വ്യാപിച്ചിരിക്കുന്ന ഉല്‍പ്രേക്ഷാലങ്കാരത്തിന്റെ സാഫല്യത്തെ ആനന്ദവര്‍ദ്ധനന്‍ പ്രശംസിക്കുന്നുണ്ട് ''ഇങ്ങനെ ഉപനിബന്ധിക്കുന്ന അലങ്കാരങ്ങള്‍ കവിതയുടെ ആത്മാവായ-അദൃശ്യവും ആസ്വാദവിഷയവുമായ-രസത്തെ അഭിവ്യഞ്ജിപ്പിക്കുന്നതാണ്'' എന്ന്.
ഉചിതമായി വിന്യസിക്കപ്പെട്ട അലങ്കാരങ്ങളെല്ലാം തന്നെ - കാവ്യഭാഷയുടെ പ്രത്യക്ഷത്തിലുള്ള വക്രതകളെല്ലാംതന്നെ - രസഭാവങ്ങളെ വ്യഞ്ജിപ്പിക്കുന്ന ഐന്ദ്രജാലിക സൗന്ദര്യങ്ങളാകുന്നു. ലഘുവായ മറ്റൊരു ഉദാഹരണം നോക്കുക: വാല്മീകിവിരചിതമായ രാമായണകാവ്യം ലവകുശന്മാര്‍ അയോദ്ധ്യയിലെ രാമരാജസദസ്സില്‍ പാടിയപ്പോള്‍ ശ്രോതാക്കളുടെ പ്രതികരണം രഘുവംശത്തില്‍ -
തദ്ഗീതശ്രവണൈകാഗ്രാ
സംസദശ്രുമുഖീ ബഭൗ
ഹിമനിഷ്യന്ദിനീ പ്രാതര്‍-
നിര്‍വാതേവ വനസ്ഥലീ (രഘുവംശം, 15. 42)
അവരുടെ ഗീതം കേള്‍ക്കുന്നതില്‍ മുഴുകി
കണ്ണീര്‍തൂകിയ സദസ്സ്
പുലര്‍കാലത്ത് മഞ്ഞുപൊഴിയുന്ന
കാറ്റില്ലാത്ത വനസ്ഥലിപോലെ ശോഭിച്ചു.

കാവ്യാലാപനം അത്രമേല്‍ ശ്രുതിമധുരമായിരുന്നു. അത് കരുണരസത്തില്‍ സദസ്യരെയെല്ലാം അലിയിച്ച് സീതാദേവിയുടെ വിശുദ്ധി ബോധ്യപ്പെടുത്തി. അനക്കമറ്റിരുന്നു നിശ്ശബ്ദമായി കണ്ണീര്‍തൂകിയ അവരുടെ ഹൃദയത്തില്‍ അറിവില്ലായ്മയുടെ ഇരുളകന്നു സത്യത്തിന്റെ പുലര്‍വെളിച്ചം പരന്നു. ഇലയനങ്ങാത്ത കാനനംപോലെ സ്തംഭിച്ചിരുന്ന സദസ്സിന്റെ പ്രതികരണം ഒരു മനോഹരമായ ഉപമയുടെ മുത്തുച്ചിപ്പിയില്‍ മഹാകവി അടക്കിവെച്ചിരിക്കയാണ്. ഐന്ദ്രജാലികമായ കരവിരുത്!

പുരാണേതിഹാസങ്ങളില്‍ ഐന്ദ്രജാലിക വിഭുത്വമാര്‍ന്ന കഥാപാത്രങ്ങളും സംഭവങ്ങളും എത്രമേല്‍ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്! ആയിരം കയ്യുള്ള കാര്‍ത്ത്യവീര്യാര്‍ജുനന്‍, പത്തു തലയുള്ള രാവണന്‍, ദീര്‍ഘബാഹുവായ കബന്ധന്‍, കുംഭകര്‍ണന്‍, ഭീഷ്മര്‍, സമുദ്രം ചാടിക്കടക്കുന്ന ഹനുമാന്‍ - അങ്ങനെ എത്രയോ പേര്‍! അര്‍ദ്ധനാരീശ്വരനായ പരമശിവന്‍ പ്രപഞ്ചസാരമായ ഒരദ്ഭുത വ്യക്തിത്വമാണല്ലൊ. 13-ാം നൂറ്റാണ്ടിലുണ്ടായ ഉണ്ണിച്ചിരുതേവീ ചരിതമെന്ന മണിപ്രവാള ചമ്പൂകാവ്യത്തില്‍ ചോകിരത്തെ (ശുകപുരത്തെ) ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തിലെ ശിവനെ വര്‍ണ്ണിക്കുന്നത് നോക്കുക:

ഇടത്തുപാടു ചേടിമാര്‍ വലത്തുപാടു പൂതമാ-
യടിത്തളിര്‍ പുണര്‍ക്കു പൊച്ചിലമ്പിനോടെലിമ്പുമി-
ട്ടുടുത്ത കുറയാം പുലിത്തൊലിക്കു കുറ പാതിയായ്
പിടിച്ചു ലീലയാ ശുകം ശുകന്നു മുന്നല്‍ മുദ്രയും
കുളുര്‍ത്ത കുങ്കുമത്വിഷാ തളിര്‍ത്ത ഭാഗമൊട്ടടം
മണിക്കടിമ്പു കുത്രചില്‍ ഫണിപ്രബദ്ധകുണ്ഡലം
കുഴല്‍കലാപകങ്ങളും മുഴക്കമുള്ള മാറ്റമും
തമ്മില്‍ക്കലര്‍ന്നു സുന്ദരം പുരണ്ട കെണ്ട താണ്ടിമൈ
പുരണ്ടിരുന്ന കണ്‍കളും കുരണ്ടകാന്തി നേര്‍വരും
കുരാല്‍ നിറത്തിരുക്കണും പകുത്തിരണ്ടുപക്കമും
പുകച്ചകില്‍ക്കൊഴുപ്പണിഞ്ഞ പൂമലര്‍ക്കരുംകുഴല്‍
പുറൈക്കൊരര്‍ദ്ധചന്ദ്രമുദ്രിതം കപര്‍ദ്ദമായ്
ക്വിചിച്ച മേനി പച്ചയായ് ക്വിചച്ചുവന്നു വിച്ചയായ്
ഉമൈക്കു വാമമംഗമായ്ത്തനക്കു ദക്ഷിണഞ്ചമ-
ച്ചിവണ്ണമുജ്ജ്വലാകൃതിസ്സമസ്തഭക്തരക്ഷണേ
നിസര്‍ഗ്ഗദക്ഷിണസ്സദാ സുഖേന യത്ര സന്നിധിം ദധാതു ദക്ഷിണാശിവഃ.
എത്രമേല്‍ ആശ്ചര്യജനകമായ ഇന്ദ്രജാലമാണ് ഈ പരമശിവസങ്കല്പം!

വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍ എന്ന കാവ്യത്തിലെ ഈ വരികള്‍ ശ്രദ്ധിക്കുക:
മെത്ത കൈവിടാതെന്‍ ഹൃദയത്തില്‍
നിദ്രചെയ്‌തൊരക്കാവ്യസങ്കല്പം
നൂറുനൂറരിമുല്ലകളൊത്തു
മൂരിനീര്‍ന്നെണീറ്റാവേശമോടെ
പക്കിലോമനപ്പാണ്ടെഴും രാവിന്‍
നല്‍ക്കരിംകുതിരപ്പുറത്തേറി
പൂനിലാപ്പുഴ നീന്തിയാകാശ-
സാനുവില്‍ കുതിത്തീപ്പൊരി ചിന്തി
ഊരിവീണൊരു ലാടത്തിനൊപ്പം
ദൂരെയമ്പിളിത്തെല്ലിനെത്തള്ളി
ദേവകിന്നരയക്ഷസംഗീത-
ക്കാവുപോലും കടന്നവസാനം
വിദ്യുദൈന്ദ്രധനുസ്സുകള്‍ ചൂഴും
സത്യസൗന്ദര്യഗോപുരം പൂകെ...
കാവ്യസങ്കല്പം, രാവ് എന്നീ അചേതനവും മൂര്‍ത്തവുമായ വസ്തുക്കളുടെ ധര്‍മ്മമാരോപിച്ചതുകൊണ്ടുണ്ടായ ചലനാത്മകത ചൈതന്യഭരിതമായ ഭാവാനുഭൂതിയായിത്തീരുന്നു. നിലാവ്, ആകാശം, സംഗീതം, സത്യസൗന്ദര്യങ്ങള്‍ എന്നീ അമൂര്‍ത്ത പദാര്‍ത്ഥങ്ങളെ മൂര്‍ത്ത വസ്തുധര്‍മ്മാരോപംകൊണ്ട് പ്രത്യക്ഷവല്‍ക്കരിക്കുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഡ്രാക്കുള' എന്ന കവിത ബ്രോം സ്റ്റോക്കറിന്റെ പ്രഖ്യാത കഥാപാത്രത്തെ മനുഷ്യചരിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന കൊടിയ തിന്മയുടെ പ്രതീകമായി അവതരിപ്പിക്കുന്നു-

ഞെക്കിക്കൊലപ്പെടുത്തുംമുമ്പു പത്‌നിയെ-
ക്കെട്ടിപ്പുണരും ദുരന്തപാത്രത്തിന്റെ
ചിത്തം കണക്കെക്കിടന്നിരമ്പും കടല്‍...

നീ വരുംനേരം കുരിശുയുദ്ധങ്ങളില്‍-
ത്തീവെച്ച വീടുകള്‍ക്കുള്ളിലെക്കുഞ്ഞുങ്ങള്‍
വേവും മണംകൊണ്ടു വീര്‍പ്പുമുട്ടുന്നു ഞാന്‍...

നീ നരകത്തിലെ ക്ഷുദ്രപ്രവാചകന്‍
നീചകാമത്തിന്‍ നിതാന്തനക്തഞ്ചരന്‍
രക്തദാഹത്തിന്റെ നിത്യപ്രഭു, ഭ്രൂണ-
ഭക്ഷകനായ ഭയത്തിന്‍ പുരോഹിതന്‍...

സ്വന്തമാതാവിന്‍ ഋതുകാലനഗ്‌നത
കണ്ടു കാമിക്കയാല്‍ ഷണ്ഡനായ്ത്തീര്‍ന്ന ഞാന്‍
വീണ്ടെടുപ്പില്ലാതെ വീണ മാലാഖപോല്‍
ആണ്ടുപോയ് നിന്റെ നിഷിദ്ധജലങ്ങളില്‍

കുരിശുയുദ്ധം, നാസിവിഷവാതകപ്രസരം, യഹൂദദഹനം, മാതൃകാമം, പത്‌നിയെ കെട്ടിപ്പുണര്‍ന്നു കൊല്ലുന്ന വികൃതഭീഷണരീതി, ജഡസംഭോഗം എന്നീവിധം പാശ്ചാത്യ സാഹിത്യ സംസ്‌കൃതിയിലെ ഹിംസാബിംബ പരമ്പരയിലൂടെ അടിച്ചമര്‍ത്തപ്പെട്ട അബോധകാമനകളുടെ അധോലോകം അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്ത സാര്‍വ്വജനീനമായ ഇരുണ്ട ഭാവപ്രപഞ്ചം അന്യവല്‍ക്കൃതമായ ആത്മസത്തയുടെ വാച്യാതിരിക്തമായ ആവിഷ്‌കാരമാകുന്നു.

അതേ, അതാണ് കവിത. വാക്കുകളുടെ ചെപ്പിലും പന്തിലും ശില്പസംവിധാന ചാതുരിയിലും കവി തീര്‍ച്ചയായും ഐന്ദ്രജാലികമായ കൈവിരുതു കാണിക്കുന്നു-വാഴക്കുന്നത്തേയും മുതുകാടിനേയും ഓര്‍മ്മിപ്പിക്കുന്നു!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com