'വുഹാന്റെ പുഷ്പങ്ങള്‍'- കൊറോണക്കാലത്തെ ഒരു ആന്‍ഫ്രാങ്ക് ഡയറി 

'വുഹാന്‍ ഡയറി'യിലെ ഓരോ പേജും പ്രസിദ്ധീകരിക്കപ്പെട്ട് മണിക്കൂറിനുള്ളില്‍ ബീജിങിലെ ഇന്റര്‍നെറ്റ് സെന്‍സറുകള്‍ ഇല്ലായ്മ ചെയ്തിരുന്നു
'വുഹാന്റെ പുഷ്പങ്ങള്‍'- കൊറോണക്കാലത്തെ ഒരു ആന്‍ഫ്രാങ്ക് ഡയറി 

ചൈനയിലെ ഏറ്റവും പ്രശസ്തമായ എഴുത്തുകാരിയല്ല തീര്‍ച്ചയായും ഫാങ് ഫാങ്. പക്ഷേ, കോവിഡ് 19 ബാധിച്ചു മരിച്ച അല്ലെങ്കില്‍ ജീവച്ഛവങ്ങള്‍പോലെ തടങ്കലില്‍ കഴിയുന്ന ലക്ഷക്കണക്കിന് ചൈനീസ് പൗരന്മാരുടെ ശബ്ദമെന്ന നിലയില്‍ ലോകം ഇന്ന് ഫാങിനെ ബഹുമാനിക്കുന്നു. ഇതിനുമുന്‍പും ഫാങ് മാനിക്കപ്പെട്ടിരുന്നു എന്നത് സത്യമാണ്. 2010-ല്‍ ചൈനയിലെ ഏറ്റവും പ്രശസ്തമായ ല്യൂക്സന്‍ സാഹിത്യപുരസ്‌കാരം (Lu Xun Literary Prize) നേടിയപ്പോഴും ഫാങിനെക്കുറിച്ചു വായനക്കാര്‍ കേട്ടിരുന്നു. പ്രക്ഷുബ്ധമായ ഗ്രേറ്റ് ലീപ്പ് ഫോര്‍വേഡ് വര്‍ഷങ്ങളിലൂടേയും സാംസ്‌കാരിക വിപ്ലവത്തിനു സമകാലീനമായിരുന്ന ചൈനയിലൂടേയും (1966-1976) ബാല്യവും കൗമാരവും കഴിച്ച ഫാങിനു സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചറിയാം. യൗവ്വനാരംഭത്തില്‍, 1970-കളില്‍, സാഹിത്യം ഐച്ഛികമായി ബിരുദമെടുക്കാന്‍ വുഹാന്‍ സര്‍വ്വകലാശാലയില്‍ ചേരുന്നതിനുമുന്‍പ് കുടുംബത്തെ സാമ്പത്തികമായി നിലനിറുത്താന്‍ നാല് വര്‍ഷം പോര്‍ട്ടറായി ജോലി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പാരമ്പര്യത്തിന്റെ കപ്പലോട്ട ചരിത്രങ്ങളെ ഖനനം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു കഥാകാരിയാവാന്‍ ഒരിക്കലും ഫാങിനു കഴിഞ്ഞിരുന്നില്ല. നഗരവീഥികളിലൂടെ ഉറുമ്പുകളെപ്പോലെ ഒഴുകിക്കൊണ്ടിരുന്ന ഫാക്ടറി തൊഴിലാളികളേയും മധ്യവര്‍ഗ്ഗ ജനതയേയും കുറിച്ചുള്ള കഥകളാണ് ഫാങ് എഴുതിയത്. സമരോല്‍സുകമാവേണ്ടിയിരുന്ന ഒരു ജീവിതത്തില്‍നിന്നും സ്വയമേവ കടന്നെത്തിയ സാമൂഹ്യബോധമായിരുന്നു ഫാങിനെ നയിച്ചത്. തീര്‍ച്ചയായും അത് സോഷ്യലിസ്റ്റ് റിയലിസമായിത്തന്നെ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍ മറ്റൊരു കാര്യത്തിലൂടെയാണ് ഫാങ് ശ്രദ്ധേയയാവുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിനു മീതെയുള്ള മരണത്തിന്റെ ചിറകടികള്‍, ക്രൗര്യത്തിന്റെ നിഴലാട്ടങ്ങള്‍, നിസ്സഹായതയുടെ സ്പന്ദനങ്ങള്‍ എന്നിവയെല്ലാം വര്‍ഷാദ്യം മുതല്‍ക്കേ സോഷ്യല്‍മീഡിയയിലൂടെ ഫാങ് പങ്കുവെച്ചുകൊണ്ടിരുന്നു. അടച്ചുപൂട്ടപ്പെട്ട ഒരു നഗരത്തെക്കുറിച്ചുള്ള ദിനസരിക്കുറിപ്പുകള്‍. കൊറോണയെ ചൈന നേരിട്ട രീതികളെ മാധ്യമങ്ങളിലൂടെ കണ്ട് ലോകത്തോട് ഫാങ് ചില യാഥാര്‍ത്ഥ്യങ്ങള്‍ പറയുന്നു. പ്രകീര്‍ത്തനങ്ങളുടെ ശബ്ദങ്ങളോട് വിയോജിക്കുന്ന ഫാങിന്റെ ഡയറി ഇപ്പോള്‍ ഇംഗ്ലീഷിലും ജര്‍മ്മനിലും പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ്.

ഫാങ് ഫാങ്
ഫാങ് ഫാങ്

വുഹാന്‍ ഡയറി 

''വുഹാന്‍ ഡയറി: കൊറോണയ്ക്ക് തുടക്കമായ നഗരത്തില്‍നിന്നുള്ള വിലക്കപ്പെട്ട ഡയറിക്കുറിപ്പുകള്‍'' (Wuhan Diary: The forbidden diary from the ctiy where the corona crisis began) എന്ന തലവാചകം അച്ചടിച്ച പുസ്തകത്തിന്റെ പുറഞ്ചട്ട ജര്‍മ്മന്‍ പ്രസാധകരായ ഹോഫ്മാന്‍ അന്‍ഡ് കാമ്പെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതിനുള്ള കാരണങ്ങളിലേക്ക് പിന്നീടെത്താം. വുഹാന്‍ നഗരം ലോക്ഡൗണിലായ ശേഷം, 2020 ജനുവരി 25-നാണ് ഫാങ് ഫാങ് തന്റെ ഡയറിയുടെ ആദ്യത്തെ താള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നത്. 2020 മാര്‍ച്ച് 24-ന് വുഹാനിലെ ലോക്ഡൗണ്‍ നീക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോഴാണ് അവസാനത്തെ താള്‍ പുറത്തുവന്നത്. ഒരു സ്വതന്ത്ര ചൈനീസ് മാധ്യമ പ്രവര്‍ത്തകനും ഡോക്ടറും ഒരു വ്യവസായിയും ബീജിംഗ് കൊറോണയെ കൈകാര്യം ചെയ്യുന്നതിനെതിരെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയതിനുശേഷം അപ്രത്യക്ഷമായ പശ്ചാത്തലത്തിലാണ് ഫാങിന്റെ 'വുഹാന്‍ ഡയറി' ശ്രദ്ധേയമായത്. ടിയാന്‍മെന്‍ രക്തച്ചൊരിച്ചിലിന്റെ വാര്‍ഷികമായ ജൂണ്‍ നാലിനു നിശ്ചയിച്ചിരുന്ന പ്രസിദ്ധീകരണ തീയതിയും പ്രസാധകര്‍ക്കു മാറ്റിവെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിനെ പ്രകോപിപ്പിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യാദൃശ്ചികമായാണ് പ്രകാശനത്തീയതി ജൂണ്‍ നാലായി നിശ്ചയിക്കപ്പെട്ടതെന്നും കമ്പനിവക്താവിനു ക്ഷമാപണം നടത്തേണ്ടിവരികയും ചെയ്തു. മാര്‍ച്ച് 19-ന് ഒരു ഓണ്‍ലൈന്‍ പോസ്റ്റിലൂടെ 'വുഹാന്‍ ഡയറി'യുടെ വിദേശ പ്രസിദ്ധീകരണം 'നല്ല പ്രവണതയല്ല' എന്ന് ചൈനീസ് ദേശീയവാദ ടാബ്ലോയിഡ് ആയ ഗ്ലോബല്‍ ടൈംസിന്റെ  മുഖപ്രസംഗം എഴുതി. ''തുടക്കത്തില്‍ ഫാങ് ഫാങിനെ പിന്തുണച്ച ചൈനക്കാര്‍ തന്നെയായിരിക്കും പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഫാങിനു ലഭിച്ച പ്രശസ്തിയുടെ വില നല്‍കേണ്ടി വരുന്നത്.'' ടാബ്ലോയിഡിന്റെ ഈ വിലയിരുത്തല്‍ ഓണ്‍ലൈനില്‍ 1,90,000-ലധികം ലൈക്കുകള്‍ നേടി. ചിലര്‍ ഫാങിനെ രാജ്യദ്രോഹി എന്നതിന്റെ ചൈനീസ് പദമായ 'ഹന്‍ജിയന്‍' (Hanjian) എന്നതുകൊണ്ടുപോലും വിശേഷിപ്പിക്കുകയുണ്ടായി. 

'വുഹാന്‍ ഡയറി'യിലെ 2020 ഫെബ്രുവരി 13-നു പ്രസിദ്ധീകരിച്ച പേജാണ് ഏറ്റവുമധികം വിവാദപരമായത്. ഒരു പ്രാദേശിക ശ്മശാനത്തിനുള്ളിലെ ഭീതിദമായ രംഗം ഫാങ് അതില്‍ വിവരിച്ചിട്ടുണ്ടായിരുന്നു. ഒരു ഡോക്ടര്‍ സുഹൃത്തില്‍നിന്നാണ് അനുബന്ധമായി ചേര്‍ത്തിരുന്ന ഫോട്ടോഗ്രാഫ് തനിക്കു ലഭിച്ചതെന്നാണ് ഫാങ് പറഞ്ഞിരുന്നത്. ഉടമസ്ഥരില്ലാതെ ചിതറിക്കിടക്കുന്ന മൊബൈല്‍ ഫോണുകളായിരുന്നു ചിത്രത്തില്‍. ശ്മശാനത്തിനുള്ളില്‍ അടക്കം ചെയ്യപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളായിരുന്നു അവ. ഫെബ്രുവരി 17-ലെ മറ്റൊരു പോസ്റ്റില്‍, ഫാങ് ഫാങ് ഒരു വുഹാനിലെ ആശുപത്രിരംഗങ്ങളായിരുന്നു വിഷയം. ഓരോ ദിവസവും അവര്‍ പുറത്തുവിടുന്ന മരണ സര്‍ട്ടിഫിക്കറ്റുകള്‍കൊണ്ട് ഒരു ലഘുപുസ്തകം നിര്‍മ്മിക്കാനാവുമായിരുന്നു എന്നാണ് ഫാങ് എഴുതിയത്. ശ്മശാനങ്ങളിലേക്കുള്ള ശവവാഹനങ്ങള്‍ ഓരോ ബോഡി ബാഗിനുള്ളിലും ഒന്നിലേറെ മൃതദേഹങ്ങള്‍ കൊണ്ടുപോവുകയാണെന്നും ഫാങ് പറഞ്ഞു. മാര്‍ച്ച് 25-ന് നാന്‍ജിംഗില്‍ നടന്ന ഒരു മരണാനന്തരചടങ്ങില്‍ ശവകുടീരത്തിലെ ജീവനക്കാരാണ് മരിച്ചവരുടെ ഓര്‍മ്മയ്ക്കായുള്ള അന്ത്യോപചാരപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നത്. ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അവിടെ കാണാനില്ലായിരുന്നു. വുഹാനില്‍നിന്നും രോഗം രാജ്യത്തിലുടനീളം പടരാതിരിക്കാന്‍ പ്രവിശ്യാ അധികാരികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി നടത്തിയപ്പോള്‍, ആക്രോശിച്ചപ്പോള്‍, ഒറ്റപ്പെട്ടുപോയ പ്രദേശവാസികളുടെ ഭയാശങ്കകളേയും പ്രതീക്ഷയേയും കുറിച്ച് ലോകത്തോട് പറയാന്‍ ഫാങ് പരിശ്രമിച്ചു. വുഹാന്‍ നഗരത്തിലെ നിശ്ശൂന്യമായിപ്പോയ കിഴക്കന്‍ തടാകക്കരയുടെ ചിത്രങ്ങളോടൊപ്പം അലകളില്ലാതെ മൃതസമാനമായ തടാകത്തെക്കുറിച്ചും ഫാങ് എഴുതി. നഗരനിവാസികള്‍ പരസ്പരം സഹായിക്കുന്നതിന്റേയും മുറിക്കുള്ളില്‍ പരാമാവധി സൂര്യപ്രകാശം ഉറപ്പുവരുത്തുന്നതിന്റേയും ചിത്രങ്ങള്‍ ഫാങ് പോസ്റ്റ് ചെയ്തു. മുറി പ്രകാശിപ്പിക്കുന്നതിലൂടെ അവര്‍ക്കു ലഭിക്കുന്ന ലളിതമായ ആനന്ദത്തെക്കുറിച്ചു വിവരിച്ചു. തിങ്ങിനിറഞ്ഞ ആശുപത്രികളില്‍നിന്നും അധികൃതര്‍ രോഗികളെ പിന്തിരിപ്പിക്കുന്നതും മുഖംമൂടികള്‍ കിട്ടുന്നതിലുള്ള കടുത്ത ക്ഷാമവും ഫാങ് ഫാങ് വിവരിച്ചു. സുഹൃത്തുകളായ പലരും മരിച്ചുപോയതിലുള്ള ഞെട്ടല്‍ പങ്കുവെച്ചു. ഒരിക്കല്‍, ഒരു ഡോക്ടര്‍ സുഹൃത്ത് തന്നോട് പറഞ്ഞ കാര്യം ഫാങ് വെളിപ്പെടുത്തുകയുണ്ടായി: ''മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗമാണിതെന്നു ഞങ്ങള്‍ ഡോക്ടര്‍മാര്‍ക്കെല്ലാമറിയാം. ഞങ്ങള്‍ ഇതു മേലധികാരോട് റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും അവരാരും ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ തയ്യാറായില്ല.''

തുടക്കം 'ക്വാറന്റൈന്‍ ഡയറി'യില്‍ നിന്നും 

2020 ഫെബ്രുവരി ഏഴിനു രാത്രി, സോഷ്യല്‍ മീഡിയയിലൂടെ കൊറോണ എന്ന പേരിലുള്ള ഒരു മാരക വൈറസ് ചൈനീസ് ജനതയെയാകെ തുടച്ചുനീക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തിപ്രാപിക്കാം എന്നു മുന്നറിയിപ്പ് നല്‍കിയ ഡോ. ലി വെന്‍ലിയാങ് (Dr. Li Wenliang)) വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ക്വാറന്റൈന്‍ വാര്‍ഡില്‍ മരിച്ചു. അന്നാണ് ഫാങിന്റെ ആദ്യത്തെ ഡയറിക്കുറിപ്പ് ഓണ്‍ലൈനില്‍ വരുന്നത്. എന്നാല്‍, പ്രസിദ്ധീകരിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമായി. പക്ഷേ, അതിനുമുന്‍പുതന്നെ ആയിരക്കണക്കിനു റീപോസ്റ്റുകളുമായി അതു വൈറലായിക്കഴിഞ്ഞിരുന്നു. 3.5 ദശലക്ഷം പേര്‍ ഓണ്‍ലൈനായി അതു വായിച്ചു. വുഹാന്‍ നഗരം അടച്ചുപൂട്ടപ്പെട്ടതിന്റെ 14-ാം ദിവസമാണ് 'വുഹാന്‍ ഡയറി' ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാര്യങ്ങള്‍ പിന്നീട് അത്ര സുഗമമായിട്ടല്ല മുന്നോട്ടുപോയത്. മാര്‍ച്ച് 20-ാം തീയതിയിലെ ഓണ്‍ലൈന്‍ ഡയറിത്താളില്‍ ഫാങിന് ഇങ്ങനെ എഴുതേണ്ടിവന്നു: ''നിങ്ങള്‍ എന്നെ ഭയപ്പെടുത്തുകയാണോ എന്നാല്‍ നോക്കാം!'' അത് വുഹാന്‍ ഡയറിയുടെ   57-ാമത്തെ പേജായിരുന്നു. ഫാങിനെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് എഴുതി: ''പ്രിയപ്പെട്ട ഇന്റര്‍നെറ്റ് സെന്‍സസര്‍ഷിപ്പ് അധികാരികളേ, വുഹാനിലെ ജനങ്ങളെ സംസാരിക്കാന്‍ നിങ്ങള്‍ അനുവദിക്കണം. അവരുടെ വേദനകളും വിഹ്വലതകളും പങ്കുവെയ്ക്കാന്‍ അനുവദിക്കണം. അതല്ലാതെ അവര്‍ക്ക് ഭ്രാന്തുപിടിക്കണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്...?''

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായി ചൈനീസ് അധികാരികള്‍ സ്ഥിരീകരിക്കുകയും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനു ശേഷം മാസങ്ങളോളം തുടര്‍ച്ചയായി 'വുഹാന്‍ ഡയറി'യിലെ ഓരോ പേജും പ്രസിദ്ധീകരിക്കപ്പെട്ട് മണിക്കൂറിനുള്ളില്‍ ബീജിങിലെ ഇന്റര്‍നെറ്റ് സെന്‍സറുകള്‍ ഇല്ലായ്മ ചെയ്തിരുന്നു. വീ ചാറ്റേഴ്സ് (WeChatters) എന്ന സാമൂഹ്യ മാധ്യമവേദിയിലെ ഫാങ്ങിന്റെ പേജിനുനേരെ ആയുധമുനകള്‍ നീണ്ടുവന്നു, ഒളിഞ്ഞും തെളിഞ്ഞും. എന്നിട്ടും ഓരോ പോസ്റ്റും നിലവിലെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. ചൈനയ്ക്കകത്തും പുറത്തും ദശലക്ഷക്കണക്കിനു പേര്‍ അതു പങ്കിട്ടു. ചിലര്‍ ഇല്ലായ്മ ചെയ്യപ്പെട്ട മുന്‍പേജുകള്‍ കണ്ടെടുത്തു വീണ്ടും പങ്കുവെച്ചു. എങ്കിലും അവ വീണ്ടും നഷ്ടപ്പെട്ടുപോവുന്ന അവസ്ഥയായി. അവസാനം ഫാങിന്റെ സെന്‍സര്‍ ചെയ്ത പോസ്റ്റുകള്‍ ചൈന ഡിജിറ്റല്‍ ടൈംസ്, ചൈനീസ് ഭാഷയില്‍ത്തന്നെ ആര്‍ക്കൈവുചെയ്യുന്നു. കൂടാതെ ഫാങിന്റെ സ്വകാര്യബ്ലോഗായ കെയ്ക്സിന്‍ (Caixin) അടക്കം ചൈനയിലെ കൊറോണാ പകര്‍ച്ചയെക്കുറിച്ചുള്ള ഔദ്യോഗികമല്ലാത്ത വിവരണങ്ങളെല്ലാം ശേഖരിച്ചു സംരക്ഷിക്കുന്നതിനുള്ള മറ്റ് ആര്‍ക്കൈവുകള്‍ നിലവിലെത്തുന്നു. ഫാങിന്റെ സെന്‍സര്‍ ചെയ്യപ്പെട്ട വീ ചാറ്റേഴ്സ് പോസ്റ്റ് ചൈന ഡിജിറ്റല്‍ ടൈംസ് പുറത്തുവിട്ടതില്‍ ആമുഖമായി അവര്‍ ഇങ്ങനെ ചേര്‍ത്തിരുന്നു, 'ഞങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം' എന്ന തലക്കെട്ടില്‍ : 'ലോക്ഡൗണിലൂടെ ഒറ്റപ്പെടുത്തപ്പെട്ടവരുടേയും കുടിയൊഴിപ്പിക്കപ്പെട്ടവരുടേയും വിലാപങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ് ഇതിലുള്ളത്. നിരാശരായ കൊറോണ ബാധിതരുടെ കാണാത്ത മുഖങ്ങളെ പരിചയപ്പെടാം. അതോടൊപ്പം നിഷ്ഠൂരമായ സെന്‍സറിങിനും മുഖംമിനുക്കാനുള്ള പ്രചാരവേലകള്‍ക്കുമിടയില്‍നിന്നു സത്യത്തെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ജേര്‍ണലിസ്റ്റുകളേയും...''

ഫാങിന്റെ ദിനസരിക്കുറിപ്പ് ഇങ്ങനെയാണ് തുടങ്ങുന്നത്: 

ഇന്നിതാ വീണ്ടും തെളിഞ്ഞ കാലാവസ്ഥയാണ്. തണുപ്പ് അല്‍പ്പമുണ്ട്, പക്ഷേ അധികമായില്ല. ഞാന്‍ ആകാശം നോക്കാന്‍ പുറത്തേയ്ക്കു നടന്നു. പ്രകാശിക്കാന്‍ സൂര്യനില്ലാത്ത ആകാശം ഇരുണ്ടതും മനംമടുപ്പിക്കുന്നതുമായിരുന്നു...

ഇന്നലെ ഞാന്‍ വീചാറ്റില്‍ പോസ്റ്റ് ചെയ്ത ലേഖനം വീണ്ടും അപ്രത്യക്ഷമായിരിക്കുന്നു. എന്റെ വെയ്ബോ (Weibo) അക്കൗണ്ടും വീണ്ടും തടയപ്പെട്ടിരിക്കുന്നു. എനിക്ക് ഇനിയൊരിക്കലും വെയ്ബോയില്‍ പോസ്റ്റുചെയ്യാന്‍ കഴിയില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, അവര്‍ ഇന്നലത്തെ പോസ്റ്റ് മാത്രമേ സെന്‍സര്‍ ചെയ്തിട്ടുള്ളൂ. പുതിയ പോസ്റ്റുകള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കാവുന്ന സ്ഥിതിയാണ്. അതിലെനിക്ക് ക്ഷണികമായ സന്തോഷമുണ്ടായെങ്കിലും ഇപ്പോഴും ഞാന്‍ പേടിച്ചരണ്ട പക്ഷിയെപ്പോലെയാണ്. എനിക്ക് എന്തു പറയാനുള്ള അനുവാദമാണുള്ളതെന്നും എന്തു പറയാനുള്ള അനുവാദമാണ് എനിക്കില്ലാത്തതെന്നും ഇപ്പോഴും എനിക്കറിയില്ല. പകര്‍ച്ചവ്യാധിക്കെതിരായ ഈ പോരാട്ടംപോലെ സുപ്രധാനമായ ഒരു കാര്യത്തെക്കുറിച്ചു പറയുമ്പോള്‍, സര്‍ക്കാരുമായി പൂര്‍ണ്ണമായും സഹകരിക്കുകയും എല്ലാ ഉത്തരവുകളും അനുസരിക്കുകയും ഞാന്‍ ചെയ്യുന്നുണ്ട്. പക്ഷേ, ഈ ഘട്ടത്തില്‍ നെഞ്ചില്‍ കൈചേര്‍ത്തുകൊണ്ട് എന്തെങ്കിലും ചെയ്യില്ല എന്നു പ്രതിജ്ഞ ചെയ്യാന്‍ എനിക്കു കഴിയുമെന്നു തോന്നുന്നില്ല. നിലവിലുള്ള സാഹചര്യത്തില്‍ അതു മതിയാവില്ലേ..? 

ചൈനയ്ക്കുള്ളിലെ എതിര്‍പ്പുകള്‍ 

ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഫാങിന്റെ 'വുഹാന്‍ ഡയറി' ചര്‍ച്ചാവിഷയമായിരിക്കുകയാണ്. രാജ്യത്തെ ചിന്താസമൂഹത്തെന്നെ അതു രണ്ടായി വിഭജിച്ചിരിക്കുന്നു. സോഷ്യല്‍മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം നേരത്തെ തന്നെ ചൈനയില്‍ ചര്‍ച്ചയായിട്ടുണ്ട്. ലിയു സിയാവോബയെപ്പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ പത്തുവര്‍ഷം മുന്‍പ് സ്വന്തം നിയമാവലികള്‍ പരിഷ്‌കരിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപ്രീതിക്കു വിഷയമായിരുന്നു. എങ്കിലും നിലവിലുള്ള പകര്‍ച്ചവ്യാധികള്‍ സംബന്ധമായ വിവരങ്ങളുടെ സെന്‍സറിങ് ആഭ്യന്തരമായിത്തന്നെ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഉയര്‍ത്തിയിരുന്നു. എങ്കിലും ഫാങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ചതില്‍ അനുകൂലികളോടൊപ്പം എതിരാളികള്‍ക്കും പങ്കുണ്ടായിരുന്നു. 'വുഹാന്‍ ഡയറി'യെ നിരര്‍ത്ഥകമെന്നു വിശേഷിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പ് അതിനായി 20 കാരണങ്ങള്‍ നിരത്തിയിരുന്നു. എന്നാല്‍, എതിര്‍പ്പുകള്‍ 'വുഹാന്‍ ഡയറി'യെ കൂടുതല്‍ പ്രശസ്തമാക്കുക മാത്രമായിരുന്നു. ഓരോ വുഹാന്‍ ഡയറി പോസ്റ്റും ആയിരക്കണക്കിനു ഫോളോവേഴ്സിനെ സൃഷ്ടിച്ചു. അവര്‍ ഫാങിന്റെ എഴുത്തുകളെ ഹ്യദയംകൊണ്ടാണ് വായിച്ചത്. അവര്‍ക്കിടയില്‍നിന്നുള്ള ഒരാള്‍ ഇങ്ങനെ കുറിച്ചു: ''പകര്‍ച്ചവ്യാധിയുടെ കാലത്ത് വുഹാന്‍ ജനതയുടെ രക്തത്തിലും കണ്ണുനീരിലും വിരിഞ്ഞ ചിന്തയുടെ പുഷ്പങ്ങളെയാണ് ഡോ. ലി വെന്‍ലിയാങിന്റെ 'ക്വാറന്റൈന്‍ ഡയറി'യും ഫാങിന്റെ 'വുഹാന്‍ ഡയറി'യും പ്രതിനിധാനം ചെയ്യുന്നത്. ഫെബ്രുവരിയുടെ വസന്തകാലത്ത് ആദ്യം വിരിഞ്ഞുനില്‍ക്കുന്ന വിടര്‍ന്ന പൂവുകള്‍ പോലെയാണവ. കാര്യങ്ങളെ സ്ഫടികപാളിയിലെന്നപോലെ സുവ്യക്തമായി കാണാനും അതിശയോക്തി കലരാത്തതരത്തില്‍ അനുഭവവേദ്യമാക്കാനും ഫാങിനു കഴിയുന്നുണ്ട്. അല്ലെങ്കില്‍ വിധിവശാലെന്നപോലെ ആ ജോലി ഫാങിലേക്കു വന്നെത്തിയിരിക്കുന്നു. ഫാങ് വിടര്‍ത്തിയ ഈ പൂവുകള്‍ എന്നും ഇതുപോലെ പൂത്തുലഞ്ഞു നില്‍ക്കട്ടെ. അവയെ എന്നും ഇതുപോലെ എല്ലാവരും കാണുമാറാവട്ടെ.''

ഫാങിന് ഒരു കത്ത് 

'വുഹാന്‍ ഡയറി'യെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് ഇപ്പോള്‍ പുതിയൊരു മാനംകൂടി കൈവന്നിരിക്കുകയാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ തലങ്ങളെ അതു നേരിട്ടു തന്നെ ചുംബിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതാകട്ടെ ചൈനയിലെ പുതുതലമുറ വുഹാനിലെ കൂണുകളെക്കുറിച്ചും ഒരുപോലെ ബോധ്യമുള്ളവരാണെന്ന സൂചന നല്‍കുന്നു. 16 വയസുള്ള ഒരു ആണ്‍കുട്ടി ഫാങ് ഫാങിന് എഴുതിയ ഒരു 'തുറന്ന കത്തി'ല്‍ ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിന്റെ പ്രക്ഷുബ്ധതയിലൂടെ കടന്നുവന്ന ഫാങ് ഫാങിനെപ്പോലുള്ളവര്‍ അതിന്റെ ആവര്‍ത്തനം പ്രതീക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ചിരുന്നു. വലിയ കോളിളക്കം സൃഷ്ടിക്കുന്നതായിരുന്നു ഇതെങ്കിലും ആയിരം ചീവിടുകളുടെ മുരള്‍ച്ചപോലെ അലോസരപ്പെടുത്തുന്നതായിരുന്നു അത്. ''ഫാങ് ഫാങ് ഉള്‍പ്പെടെയുള്ള നമ്മുടെ തലമുറ എല്ലായ്പ്പോഴും സാംസ്‌കാരിക വിപ്ലവം കടന്നുപോയി എന്നു കരുതുന്നു, കുറഞ്ഞത് നമ്മുടെ തലമുറയെങ്കിലും അതിനു സാക്ഷ്യം വഹിക്കില്ല എന്നു കരുതുന്നു...'', ചൈനയിലെ പ്രമുഖ അഴിമതി വിരുദ്ധപ്രവര്‍ത്തകനായ ലി യോങ് ഷോങ് പറയുന്നു. എന്നാല്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആ കത്ത് ദുസ്വപ്നങ്ങളുടേതായ ഒരു കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ ഉയിര്‍പ്പിക്കാന്‍ തക്കവണ്ണം ശക്തമായിരുന്നു. ഫാങ് അടക്കമുള്ള ചൈനയിലെ ഓണ്‍ലൈന്‍ ബുദ്ധിജീവി സമൂഹത്തിന്റെ പൊതുബോധതലങ്ങളില്‍ അതൊരു പ്രകമ്പനമായി നിലകൊണ്ടു. എന്നാല്‍, മാര്‍ച്ച് 18-ലെ 'വുഹാന്‍ ഡയറി'ത്താളില്‍ ഫാങ് തന്നെ പ്രകോപിപ്പിച്ച ചെറിയ പയ്യന് ഇങ്ങനെയൊരു മറുപടി നല്‍കി: ''മകനേ, നിന്റെ എല്ലാ സംശയങ്ങള്‍ക്കും ഉടന്‍ ഉത്തരം ലഭിക്കും, ഇന്നല്ലെങ്കില്‍ നാളെ. പക്ഷേ ഓര്‍ക്കുക: അവ നിനക്കു മാത്രമുള്ള ഉത്തരങ്ങളായിരിക്കും...''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com