ആരുടെ വളര്‍ത്തുമൃഗമാണ് മനുഷ്യന്‍?

മനുഷ്യനാഗരികതയുടെ  പ്രത്യയശാസ്ത്രങ്ങളെ  താല്‍ക്കാലികമായെങ്കിലും റദ്ദ് ചെയ്തുകൊണ്ടാണ് കൊറോണ ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്
ആരുടെ വളര്‍ത്തുമൃഗമാണ് മനുഷ്യന്‍?

നമുക്കു മുന്‍പ് ഭൂമി ഭരിച്ചിരുന്നത് 
മനുഷ്യരായിരുന്നു
അവര്‍ക്ക് മാംസവും രക്തവും   
അസ്ഥിയുമുണ്ടായിരുന്നു
അവര്‍ ചിന്തിക്കുകയും ദുഃഖിക്കുകയും
ചിരിക്കുകയും പാടുകയും
പുസ്തകങ്ങളെഴുതുകയും ചെയ്തിരുന്നു.
(സച്ചിദാനന്ദന്‍)

നുഷ്യനാഗരികതയുടെ ഭാവനയും യാഥാര്‍ത്ഥ്യവുമെല്ലാം അങ്കലാപ്പിലായ കാലത്ത് അതിനെ ക്കുറിച്ച് പറയാന്‍ ഭാഷയെത്തന്നെ കൂട്ടുപിടിക്കുകയാണ്. ഭാവനയ്ക്കുമേല്‍ കടുംയാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ന്നാടുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന കാലം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്നത് ഭാവനയായി മാറുന്ന കാലത്തിലൂടെയുമാണ് നാം കടന്നുപോകുന്നത്. യാഥാര്‍ത്ഥ്യമേത് ഭാവനയേത് എന്ന് അത്രവേഗം തിരിച്ചറിയാനും പറ്റുന്നില്ല. കൊറോണ മനുഷ്യന്റെ ഇത്രകാലത്തെ സാംസ്‌കാരിക/ഭൗതിക ജീവിതങ്ങളുടെ അപ്രസക്തി ബോദ്ധ്യപ്പെടുത്തിയെങ്കിലും പുതിയ ചില ഭാവനയ്ക്ക് അത് ഇടമൊരുക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യവംശമാകെ വീ(കൂ)ട്ടിലടയ്ക്കപ്പെട്ടപ്പോള്‍ പക്ഷിമൃഗാദികള്‍ക്ക് കൈവന്ന സ്വാതന്ത്ര്യവും വാഹനങ്ങളോടാതിരുന്നപ്പോള്‍ അന്തരീക്ഷമലിനീകരണം കുറഞ്ഞതും ക്വാറികള്‍ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ കുന്നുകളുടെ ജീവിതത്തിലുണ്ടായ നിശ്വാസവുമെല്ലാം ചേര്‍ന്ന് മനുഷ്യനാണ് ഭൂമിയെ സംബന്ധിച്ച് യഥാര്‍ത്ഥ വൈറസെന്ന ചിന്ത (മനുഷ്യര്‍ക്കിടയില്‍) തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഇതര ജീവജാലങ്ങളെ ബാധിച്ച വൈറസാണ് മനുഷ്യനെന്ന ചിന്ത മനുഷ്യര്‍ക്കിടയില്‍നിന്നു മാത്രമേ ഉണ്ടാവൂ എന്നതും   അതിന്റെ മനുഷ്യകേന്ദ്രിത സ്വഭാവത്തെ തന്നെയാണ് വിളംബരം ചെയ്യുന്നത്. മനുഷ്യനെ ഭൂതകാലത്തിലെവിടെയോ നിര്‍ത്തി അന്യജീവജാതികള്‍ അവരെക്കുറിച്ച് സങ്കല്പിക്കുന്ന സച്ചിദാനന്ദന്റെ കവിതയും മറ്റൊരു മനുഷ്യഭാവനയാണ്. ഒരു വര്‍ഷം മുന്‍പെഴുതപ്പെട്ട ഈ കവിതയുടെ പ്രേരണ കൊറോണയല്ലെങ്കിലും (നമുക്കു മുന്‍പ്/ സച്ചിദാനന്ദന്‍ /ഭാഷാപോഷിണി/ 2019 മെയ്). 

നാഗരികതയ്ക്ക് സംഭവിക്കുന്ന ഏതു പരാജയത്തെയും പ്രകൃതിയുടെ വിജയമെന്ന് ഒരു ദ്വന്ദാത്മകസമീപനം സ്വീകരിച്ചുകൊണ്ട് പറയാവുന്നതാണ്. മനുഷ്യകുലത്തിനാകെ  സംഭവിക്കുന്ന രോഗാവസ്ഥയേയും ഇപ്രകാരമാണ് കാണുന്നത്. രോഗത്തെ പ്രതിരോധിക്കാനാവാത്തത് മനുഷ്യന്റെ ആര്‍ജ്ജിത വിജ്ഞാനത്തിന്റെ പോരായ്മയായും വ്യാഖ്യാനിക്കപ്പെടുന്നു. മനുഷ്യന്‍ ഒഴിഞ്ഞ ഇടത്തിലേക്ക് ഇതരചരാചരങ്ങള്‍ കടന്നുവരുന്നതും അവര്‍ റോഡുകളിലൂടെയും തീവണ്ടിപ്പാതകളിലൂടെയും സ്വച്ഛന്ദവിഹാരം നടത്തുന്നതും കൗതുകത്തോടെ വീക്ഷിക്കപ്പെടും. 'പണ്ടു നാം കാറ്റ് കൊള്ളാനിരുന്ന തീരങ്ങളില്‍' ഞണ്ടുകളും ആമകളും സൈ്വരവിഹാരം നടത്തുന്നുണ്ടാവും. ഇതെല്ലാം വീഡിയോകളായി ടെലിവിഷന്‍ കംപ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ വഴി മനുഷ്യര്‍ക്ക് മുന്നിലേക്കെത്തും. വീടുകളില്‍ അടച്ചിടപ്പെട്ട മനുഷ്യര്‍ പലവിധ വികാരങ്ങളോടെ അവയെല്ലാം കാണും, ഷെയര്‍ ചെയ്യും, കമന്റിടും. തങ്ങളുടെ ഡിജിറ്റല്‍ ലോകത്തിലെ ഓര്‍മ്മയിടങ്ങളില്‍ സംഭരിച്ചുവെയ്ക്കും.

കൊറോണ മനുഷ്യാവസ്ഥകള്‍ക്കുമേല്‍ സ്ഥാപിച്ചിട്ടുള്ളത് നീണ്ടുനില്‍ക്കുന്ന ഒരു ഭീതിദ കാലമാണ് എന്നതില്‍ സംശയമില്ല. അത്  ദൈര്‍ഘ്യം എത്രയെന്ന് ഇപ്പോഴാര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തതും അനന്തരകാലം ഭൂതകാലത്തിന്റെ വെറും തുടര്‍ച്ചയാവില്ലെന്ന് ഉറപ്പുള്ളതുമാണ്. കാല മെന്നത് മനുഷ്യകുലത്തിന് മറ്റേത് ജീവിയെക്കാളും പരമപ്രധാനമാണ്. അതിസൂക്ഷ്മമായ കാലഗണനയിലൂടെയാണത് മുന്നോട്ടുപോകുന്നത്. സഞ്ചാരം നിലച്ച് വീട്ടിലൊതുങ്ങി മാസ്‌ക്കണിഞ്ഞ ഈ നിശ്ചലകാലം താല്‍ക്കാലികമാണെന്നതു മാത്രമാണ് അതിനെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത്.

പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍നിന്നു വ്യത്യസ്തമായി മനുഷ്യജീവിതം സമ്പൂര്‍ണ്ണമായും ഏകാന്തവല്‍ക്കരിക്കപ്പെട്ടതാണ് കൊറോണക്കാലത്തിന്റെ സവിശേഷത. ഏതാനും ദിവസത്തേ ക്കുള്ള ദുരിതമായിരുന്നു പ്രളയത്തിന്റേത്. സഞ്ചാരസ്വാതന്ത്ര്യം പരിമിതപ്പെട്ടതൊഴിച്ചാല്‍ മറ്റു ക്ലേശങ്ങള്‍ ഒന്നും അനുഭവപ്പെടുന്നില്ലെങ്കിലും കൊറോണക്കാലം അതിദീര്‍ഘമായ ഏകാന്തവാസം നല്‍കുന്നു. ഇന്റര്‍നെറ്റ്, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ യന്ത്രസാമഗ്രികളിലൂടെ ലോകം ഇങ്ങോട്ട് സഞ്ചരിച്ചെത്തിയതിനാല്‍ വീടിനുപുറത്തേക്കുള്ള ഭാവനായാത്രകള്‍ സാദ്ധ്യമായി. പഴയ ചലനാത്മക കാലത്തിലേക്ക് മടങ്ങിപോകാം എന്ന ആഗ്രഹചിന്ത കൊണ്ടാണ് ഈ നിശ്ചിതകാലത്തെ ഓരോരുത്തരും അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കൊറോണക്കാലം കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് നഗരങ്ങളിലേക്കും സ്വന്തം കച്ചവടകേന്ദ്രങ്ങളിലേക്കും ഓഫീസുകളിലേക്കും മാത്രമല്ല സഞ്ചരിച്ചെത്തേണ്ടത്. വനാന്തര്‍ഭാഗങ്ങളിലേക്കും കടല്‍ക്കരയിലേക്കും മലകളിലേക്കും യാത്ര പോകേണ്ടതുണ്ട്. തെരുവുവില്പനക്കാര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും യാചകര്‍ക്കും വേണ്ടിയും നഗരമുണരേണ്ടതുണ്ട്. കാറ്റുകൊള്ളാന്‍ കടല്‍തീരത്തെത്തുന്നവര്‍ക്ക് കടലകൊറിക്കാന്‍ കടലവില്പനക്കാരനെത്തേണ്ടതുണ്ട്. എന്നും അതിഥികളായ തൊഴിലാളികള്‍ക്ക് പീടികവരാന്തകളില്‍ അന്നത്തെ അന്നത്തിനുവേണ്ടി നിരന്നുനില്‍ക്കേണ്ടതുണ്ട്. ലോകം പലപല ചക്രങ്ങളില്‍ പല വേഗങ്ങളില്‍ കറങ്ങിത്തുടങ്ങേണ്ടതുണ്ട്.

കോവിഡ് 19 ബാധിച്ച് മരിച്ചയാളെ അടക്കുന്ന സെമിത്തേരി ജീവനക്കാർ. ബ്രസീലിൽ നിന്ന്
കോവിഡ് 19 ബാധിച്ച് മരിച്ചയാളെ അടക്കുന്ന സെമിത്തേരി ജീവനക്കാർ. ബ്രസീലിൽ നിന്ന്

ഭാഷയും ഭാവനകളും

മനുഷ്യഭാവനയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും സങ്കേതം ഭാഷയാണ്. ഭാവനകള്‍ മെനയാനും അതിനുവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കാനായതുമാണ് മനുഷ്യവംശത്തിന്റെ നേട്ടമായി യുവാല്‍ ഹരാരി (Yuval Noah Harari) എടുത്തുകാട്ടുന്നത്. അതിനു സഹായിച്ച ആശയവിനിമയം ഭാഷയിലൂടെയാണ് സാദ്ധ്യമായത്. അതിനാല്‍ മനുഷ്യന് വൈറസിനെതിരെ കൂട്ടായി നീങ്ങാനാവും. എന്നാല്‍ തിരിച്ച് വൈറസിന് ഇങ്ങനെയൊരു നീക്കം നടത്താനാവില്ലെന്നതാണ് മനുഷ്യന്റെ മേല്‍ക്കോയ്മയായി അദ്ദേഹം കാണുന്നത്. (Yuval Noah Harari: The world after Coronavirus) ഭാഷകൊണ്ടാണ്  ഭാവനകളും ആശങ്കകളുമെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതേ ഭാഷ കൊണ്ടുതന്നെയാണ് ബാക്ടീരിയ/വൈറസ് എന്നീ ഭാവന/യാഥാര്‍ത്ഥ്യങ്ങളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധികളും മരണവും അതിജീവനവുമെല്ലാം ഭാഷയാണ് വിനിമയം ചെയ്യുന്നത്. കൊറോണ വൈറസിനും സ്വന്തം ഭാഷ ഉള്ളതുകൊണ്ടാണല്ലോ അത് നമ്മോട് സംസാരിക്കുന്നത്. മനുഷ്യനും കൊറോണയ്ക്കുമിടയില്‍ നടക്കുന്ന  ഭാഷാപരമായ വിനിമയമാണ് രോഗപ്രതിരോധവും വാക്സിന്‍ നിര്‍മ്മാണ പരീക്ഷണങ്ങളുമെല്ലാം. കൊറോണയോട് അതിന്റെ തന്നെ ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് ശാസ്ത്രം അതിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്. കൊറോണ നമ്മളെ കണ്ടെത്തിയതും  നമ്മള്‍ കൊറോണയെ കണ്ടെത്തിയതും  ഭാഷയിലാണ്. മനുഷ്യശരീരത്തില്‍ പ്രവേശിച്ച വൈറസ് പനി, ജലദോഷം  തുടങ്ങിയ സാധാരണ ലക്ഷണങ്ങളുടെ ഭാഷയില്‍ മനുഷ്യശരീരത്തോട് സംസാരിച്ചു തുടങ്ങി. തങ്ങള്‍ ഗ്രഹിച്ച ഭാഷയില്‍ ആരോഗ്യശാസ്ത്രം അതിനോട് പ്രതികരിക്കുകയും ചെയ്തു. ചിരപരിചിതമെങ്കിലും അര്‍ത്ഥവ്യതിയാനങ്ങളുള്ള ഒരു ഭാഷയാണതെന്ന് ക്രമേണ മനസ്സിലാവുന്നു. അതിന്റെ അര്‍ത്ഥവിവക്ഷകള്‍ കണ്ടെത്താനുള്ള പരിശ്രമം തുടരുന്നു. മനുഷ്യശരീരത്തിന് മനസ്സിലാകുന്ന ഭാഷയിലേക്ക് അത് വിവര്‍ത്തനം ചെയ്യാനുള്ള പഠനങ്ങള്‍ നടക്കുന്നു. 60 കൊല്ലം മുന്‍പേ പേരിട്ടു വിളിച്ച കൊറോണയോടല്ല, അതിന്റെ അനന്തരതലമുറകളിലൊന്നിനോടാണ് ഇപ്പോള്‍ സംസാരിക്കേണ്ടത്.

മനുഷ്യനാഗരികതയുടെ പ്രത്യയശാസ്ത്രങ്ങളെ താല്‍ക്കാലികമായെങ്കിലും റദ്ദ് ചെയ്തുകൊണ്ടാണ് കൊറോണ ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ശാശ്വതമായി അവയിലെത്ര റദ്ദ് ചെയ്യപ്പെടുമെന്നും പുനക്രമീകരിക്കപ്പെടുമെന്നും അറിയാനിരിക്കുന്നതേയുള്ളു. വൈറസ് ബാധിച്ചതും അല്ലാത്തതുമായ ശരീരങ്ങളുടെയെല്ലാം സാംസ്‌കാരിക/ഭൗതിക ജീവിതത്തെയാണ് കൊറോണ ബാധിച്ചത്. രോഗി എന്നും അരോഗി എന്നും രണ്ടായി തിരിക്കാന്‍ ആകാത്തവിധം അത് എല്ലാവരെയും ചൊല്പടിയിലാക്കി. രോഗികളെക്കാള്‍ രോഗമില്ലാത്തവരാണ് കൊറോണക്കാലത്തിന്റെ സവിശേഷത. ഭീതിയുടെ ഒരു കരിമ്പടംകൊണ്ട് ലോകത്തെ പൊതിഞ്ഞുകെട്ടാന്‍ കൊറോണയ്ക്ക് കഴിഞ്ഞിരിക്കുന്നു.

പുതിയ മനുഷ്യന്‍/മനുഷ്യേതര ജീവി

ജീവലോകത്തില്‍നിന്നും സൈബര്‍ ലോകം കടമെടുത്ത വാക്കാണ് വൈറസ്. അവ തമ്മിലുള്ള പാരസ്പര്യത്തെ ഏറ്റവും അടുത്തറിയുന്ന ഒരു ഘട്ടമാണ് കൊറോണക്കാലം.

കൊറോണയുടെ വരവ് മനുഷ്യനും അപ്പുറം എന്ന ചില ചിന്തകള്‍ക്ക് വീണ്ടും ആവേഗം നല്‍കിയിട്ടുണ്ട്. അതെല്ലാം നേരത്തെ സമൂഹത്തില്‍ ഉണ്ട്. മനുഷ്യനു മേല്‍ പ്രകൃതിയുടെ പ്രതികാരം എന്ന നിലയില്‍ അത് പ്രകൃതിദുരന്ത സമയങ്ങളിലെല്ലാം ഉയര്‍ന്നുവരാറുണ്ട്. മനുഷ്യന്റെ വികസന സങ്കല്പങ്ങളുടെ പോരായ്മകള്‍, പ്രകൃതിധ്വംസനം എന്നിവയും ശാസ്ത്രപുരോഗതിയും എല്ലാം ഈ സമയത്ത് ചോദ്യം ചെയ്യപ്പെടാറുണ്ട്. എന്നാല്‍ പ്രകൃതി ഇത്തരമവസ്ഥകളില്‍ സ്വയം പരിഹാരമൊന്നും നിര്‍ദ്ദേശിക്കാറില്ല. സ്വയം തിരിച്ചറിയാനും പരിഹാരനിര്‍ദ്ദേശം നല്‍കാനും കഴിയുന്ന ഒരു ചേതനാ വസ്തുവല്ല പ്രകൃതി. കൂട്ടമരണങ്ങള്‍  ശേഷിപ്പിച്ചവരില്‍  പ്രതിരോധശേഷി സൃഷ്ടിക്കപ്പെട്ടുവെന്ന് വരാം. മനുഷ്യസംസ്‌കാരം  ആര്‍ജ്ജിച്ചെടുത്ത അറിവും ആയുധങ്ങളും തന്നെയാണ് ഈ സന്ദര്‍ഭങ്ങളിലെല്ലാം ഇടപെടുന്നതും വിജയിക്കുന്നതും. മനുഷ്യന്‍/പ്രകൃതി എന്ന ദ്വന്ദസങ്കല്പമല്ല മനുഷ്യപ്രകൃതിയെന്ന നൈരന്തര്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്.

സയന്‍സ് ഫിക്ഷനുകളും സിനിമകളും യന്ത്രങ്ങളെയും മനുഷ്യനടക്കമുള്ള ജീവജാലങ്ങളെയും കുറിച്ച് അതീതഭാവനകള്‍ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യനും യന്ത്രവും എന്ന വൈരുദ്ധ്യം വെടിഞ്ഞ് അതിനെ ഒരു നൈരന്തര്യമായി കാണാന്‍ നാം ശീലിച്ചുവരുകയാണ്. യന്ത്രങ്ങളുടെ ഭീമാകാരരൂപങ്ങളും അവയെ സംബന്ധിച്ച സാങ്കേതികാജ്ഞതയും അവയെ അത്രയേറെ വൈകാരികമാക്കിയില്ല. സൈക്കിളുകള്‍ കാറുകള്‍ എന്നിങ്ങനെ ചില യന്ത്രങ്ങള്‍ മാത്രം കൂടുതല്‍ ഇണക്കമുള്ളതായി. യാന്ത്രികത എന്ന വാക്ക് യന്ത്രങ്ങളില്‍നിന്നാണ് രൂപംകൊണ്ടതെങ്കിലും മനുഷ്യാവസ്ഥയെയാണ് അത് സൂചിപ്പിച്ചത്. പല്‍ച്ചക്രങ്ങള്‍ക്കിടയിലൂടെ കയറിയിറങ്ങിപ്പോകുന്ന മനുഷ്യനെ ചാര്‍ളിചാപ്ലിന്‍ വളരെ പണ്ടേ സങ്കല്പിച്ചിരുന്നു (ങീറലൃി ഠശാല)െ. ഏറ്റവും പുതിയ സങ്കലനം മനുഷ്യനും ഡാറ്റയുമായിട്ടാണെന്ന് കൊറോണക്കാലത്തിനു മുന്‍പുതന്നെ വെളിവായതാണ്. എന്നാല്‍ കൊറോണാക്കാലം അതിനുമേല്‍ കൂടുതല്‍ വെളിച്ചം വീഴ്ത്തി. പഴയകാല യന്ത്രങ്ങളെപ്പോലെയല്ല ഡാറ്റ വഹിക്കുന്ന യന്ത്രങ്ങള്‍. സൈബര്‍ കാലത്തോടും അതിന്റെ ഉപകരണങ്ങളോടുമുള്ള ആസക്തി നേരത്തെ ആരംഭിച്ചതാണെങ്കിലും മനുഷ്യാവസ്ഥകളെ ആകെ നിരീക്ഷിക്കാനുള്ള സങ്കേതമായി അത് മാറിയത് അടുത്തകാലത്താണ്. അതിരറ്റ സഞ്ചാരസ്വാതന്ത്ര്യം നല്‍കുകയും  വഴികാട്ടിയായി കൂടെവരികയും നമ്മള്‍ സഞ്ചരിച്ച വഴികള്‍ മറക്കാതെ പറഞ്ഞുതരികയും ചെയ്യും. ഈ വിവരങ്ങള്‍ അന്യര്‍ക്കും പറഞ്ഞുകൊടുക്കും. നമ്മുടെ ഓര്‍മ്മകള്‍ ഇനിമുതല്‍ നഷ്ടപ്പെടുകയില്ല, അത് ഡാറ്റയായി സൂക്ഷിക്കപ്പെടും. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ മനുഷ്യന്റെ പല ഓര്‍മ്മകളും സ്വന്തം തലച്ചോറില്‍ സൂക്ഷിക്കേണ്ടതില്ലാതായിട്ടുണ്ട്. അതെല്ലാം ഏതൊക്കെയോ സെര്‍വറുകളില്‍ സൂക്ഷിക്കപ്പെടുന്നു. ഈ ഡാറ്റയും മനുഷ്യനും ഇനിമേല്‍ രണ്ടല്ല. മനുഷ്യനുവേണ്ടി മനുഷ്യനാല്‍ സൃഷ്ടിക്കപ്പെട്ടതാണത്. ഡാറ്റയും മനുഷ്യനും കൂടിച്ചേര്‍ന്നൊരു ജീവിതമാണ് ഇനി സംഭാവ്യം. കൊറോണയെ നേരിടുന്നത് ഇപ്പോള്‍ വ്യക്തിവിവരങ്ങളുടെ സൂക്ഷ്മതലത്തില്‍ നിന്നാണ്. ശരീരതാപവും മനസ്താപവുമൊക്കെ അതുകൊണ്ട് അളന്നെടുക്കാം.

ഓര്‍മ്മകളുടെ മറ്റൊരു പേരാണ് യഥാര്‍ത്ഥത്തില്‍ ഡാറ്റ എന്നത്. ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് ചെറിയ ചില സൂചകങ്ങളുടെ രൂപത്തിലാണ്. സൂക്ഷ്മതകളില്‍നിന്നാണ് ഓര്‍മ്മ വലിയ രൂപമാര്‍ജ്ജിക്കുന്നത്. പണ്ടത് ദൃശ്യമായ ഭൗതികവസ്തുക്കളായിരുന്നെങ്കില്‍ ഇന്നത് അദൃശ്യമായ ഡാറ്റകളാണ്. ഡാറ്റകള്‍ കൊണ്ടാണ് നമ്മള്‍ ഭൂതവും ഭാവിയും ഇനി രൂപപ്പെടുത്താന്‍ പോകുന്നത്. മനുഷ്യകുലത്തില്‍ വലിയൊരു പങ്ക് ഇല്ലാതായാലും ബാക്കിയാവുന്നവര്‍ക്ക് ഈ ഡാറ്റ വേര്‍തിരിച്ചെടുക്കാനും മനുഷ്യന്റെയും പ്രകൃതിയുടെയും  ജീവചരിത്രം പുനഃസൃഷ്ടിക്കാനുമാവും.

മനുഷ്യനാഗരികതയില്‍ പലതരത്തിലുള്ള വിരുദ്ധപ്രത്യയശാസ്ത്രങ്ങളുടെ സങ്കലനമുണ്ട്. അവയെ ഒരേസമയം ഒരുമിച്ചുകൊണ്ടുപോകാനും സവിശേഷസന്ദര്‍ഭങ്ങളില്‍ കൂടുതല്‍ യുക്തമായതിനൊപ്പം നില്‍ക്കാനും വേണ്ട യുക്തിബോധവും മനുഷ്യനുണ്ട്. മതവും ശാസ്ത്രവും പരസ്പരം വിയോജിച്ചു നില്‍ക്കാനുള്ള കാരണം ആധുനിക ശാസ്ത്രയുക്തികള്‍ വിശ്വാസത്തിന് ഉള്‍ക്കൊള്ളാനാവാത്തതായതിനാലാണ്. എന്നാല്‍ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ വിശ്വാസം യുക്തിരഹിതമാവുകയും ആ ഇടം ഭൗതികചിന്ത കയ്യേറുകയും ചെയ്യും. മനുഷ്യന്റെ സാധാരണജീവിതം ശാസ്ത്രീയതയിലും സാങ്കേതികതയിലും യുക്തിയിലുമാണ് മുന്നോട്ടുപോകുന്നത്. വിശ്വാസം പ്രബലമെങ്കിലും സ്ഥിരമല്ല. എന്നാല്‍ കൊറോണക്കാലം പല സ്വാതന്ത്ര്യങ്ങളേയും നിരോധിക്കുന്നതുപോലെ വിശ്വാസത്തിന്റെ സംഘബോധത്തേയും നിരോധിക്കുന്നു. ആയിരത്താണ്ടുകളായി പിന്തുടര്‍ന്നു വന്നിരുന്നതെന്നും അലംഘനീയമെന്നും കരുതപ്പെട്ടിരുന്ന വിശ്വാസങ്ങളാണ് ഈവിധം നിസ്സാരവല്‍ക്കരിക്കപ്പെട്ടത്. വിശ്വാസങ്ങള്‍ക്ക് അവയില്‍ ആരോപിക്കപ്പെടുന്ന അതിപ്രാചീനത കാരണം പ്രകൃതിയോടാണ് അടുപ്പം. പ്രാകൃതികവിശ്വാസം എന്നുപോലും പറയും. എങ്കിലും മൃഗാരാധനയും വൃക്ഷാരാധനയും ഒന്നും പ്രകൃത്യാലുള്ളതല്ല, മനുഷ്യസൃഷ്ടമാണ്.

മാസ്‌ക്ക് കെട്ടി കൈകൂപ്പിതൊഴുതുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം  ഉദാഹരണമായെടുത്താല്‍ കൊറോണ പ്രതിരോധത്തെ പരമ്പരാഗത മതവിശ്വാസങ്ങളും ആചാരങ്ങളുമായി ഇണക്കിചേര്‍ക്കാന്‍ ശ്രമിച്ച ഭരണാധികാരികളും  ലക്ഷ്യമാക്കിയത് ദൈവത്തിനും  സീസര്‍ക്കും  ഓരോ പങ്ക് കിട്ടുമെന്നായിരിക്കണം. പരസ്പരവിരുദ്ധമായ രണ്ട് ആശയങ്ങളെ ചേര്‍ത്തുനിര്‍ത്താനുള്ള പരിശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്നുപോലും അവര്‍ കരുതുന്നുണ്ടാവില്ല . പുതിയ ലോകക്രമത്തെകുറിച്ചുള്ള ചിന്ത എളുപ്പമല്ലാത്തതിനാല്‍ കൊവിഡനന്തരകാലം പഴയതിന്റെയെല്ലാം പിന്‍തുടര്‍ച്ചയാവുമെന്നേ അവര്‍ക്കിപ്പോള്‍ സങ്കല്പിക്കാനാവൂ. എന്നാല്‍ അത്തരം ആളുകള്‍ നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍ ശാസ്ത്രത്തിന്റെയും ആധുനിക സാങ്കേതികവിദ്യകളുടെയും മാര്‍ഗം തന്നെയാണ് പിന്തുടരുന്നത്. വ്യക്തികളും കുടുംബങ്ങളും സാമൂഹ്യമായ ഒറ്റപ്പെടലിനെ അതിജീവിക്കാന്‍ ശ്രമിച്ചത് പരമ്പരാഗതമായ യാതൊരു വിശ്വാസവും കൊണ്ടല്ല. മറിച്ച് ഡിജിറ്റല്‍ കാലത്തിന്റെ യുക്തികളും സങ്കേതങ്ങളുംകൊണ്ടാണ്. ഇന്റര്‍നെറ്റ് ടെലിവിഷനുകള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ വഴി ഏതാണ്ട് എല്ലാവരും ലോകവുമായി സംവദിച്ചു. ഇതിനു മുന്‍പുണ്ടായ ഏതൊരു പകര്‍ച്ചവ്യാധിയെക്കാളുമുപരി മനുഷ്യന്റെ ഒറ്റപ്പെടല്‍ ഇല്ലാതാക്കാന്‍ ഡിജിറ്റല്‍ ലോകത്തിന് സാധ്യമായി എന്നതാണ് പ്രധാനം. സ്പാനിഷ് ഫ്‌ലുവിന്റെയും പ്ലേഗിന്റെയുമൊക്കെ കാലത്ത് മാധ്യമങ്ങളില്ലാത്തതിനാല്‍ അറിവിന്റെ വ്യാപനവും ഇത്രയേറെയില്ല. അജ്ഞത അന്ന് അന്ധകാരം പോലുമായിരുന്നില്ല. ഒറ്റപ്പെടല്‍ എന്ന അവസ്ഥയ്ക്കും ഇന്നത്തെപോലെ നാനാര്‍ത്ഥങ്ങളില്ല. ഇന്ന് വൈറസിന്റെ ഭാവനാചിത്രങ്ങള്‍, അതിന്റെ പ്രവര്‍ത്തനം, രോഗവ്യാപനം സംബന്ധിച്ച ഡാറ്റകള്‍ എന്നിവയെല്ലാം ഓരോരുത്തരുടെയും മുന്നിലുണ്ട്.

ഡിജിറ്റല്‍ സാക്ഷരത

ദൃശ്യസാക്ഷരത പുതിയ കാലത്തിനനുസരിച്ച് ക്രമേണ വികസിച്ചുവന്നതാണ്. അത് ഇപ്പോഴും പൂര്‍ണ്ണമായെന്നും പറഞ്ഞുകൂടാ. ലോകം കൂടുതല്‍ ദൃശ്യാത്മകമായതിനെ പിന്തുടര്‍ന്നാണ് അത് ഡിജിറ്റലുമായത്. രണ്ടും കൂടിച്ചേര്‍ന്നതാണ് സൈബര്‍യുഗം. ഡിജിറ്റല്‍ കാലത്തിന്റെ ഒരു യന്ത്രം പോക്കറ്റില്‍ ഉണ്ടെന്നത് ഡിജിറ്റല്‍ അവബോധം ഉണ്ടെന്നതിന്റെ അളവല്ല. യന്ത്രസാക്ഷരതയല്ല ഡിജിറ്റല്‍ സാക്ഷരത. ഏതു കാര്യത്തിലുമെന്നപോലെ അതിലും പല തട്ടുകളുണ്ട്. ഒരു ഐ.ടി. പ്രൊഫഷണലിന്റെ അറിവ് എല്ലാവരിലും പ്രതീക്ഷിക്കാനാവില്ല. അല്‍ഗൊരിതങ്ങളെക്കുറിച്ചല്ല പ്രായോഗിക ഫലങ്ങളെക്കുറിച്ചുള്ള സാക്ഷരതയിലേക്ക് ഭരണകൂടങ്ങളെങ്കിലും എത്തിച്ചേരേണ്ടതുണ്ട്. ആധുനികതയുടെ കാലത്ത് സംഭവിച്ചതെന്തോ അത് ഇപ്പോഴും സംഭവിക്കുന്നു എന്ന് കരുതിയാല്‍ മതി. ആധുനികതയുടെ  യന്ത്രസാമഗ്രികള്‍ എമ്പാടും ഉപയോഗിക്കപ്പെട്ടപ്പോഴും ആധുനികത എന്ന അവബോധം അധികമാരും ഉള്ളില്‍ വഹിച്ചിരുന്നില്ല. ഇപ്പോള്‍ ഡിജിറ്റല്‍ ലോകത്തും ഏറെക്കുറെ അതുതന്നെ സംഭവിക്കുന്നു. കോടതികളും ഭരണകൂടങ്ങളും ഇപ്പോഴും മാറാത്ത നിയമങ്ങളും ചട്ടങ്ങളും ഫയലുകളും കൊണ്ടാണ് ഡിജിറ്റല്‍ സാങ്കേതികതയുമായി ഇടപെടാന്‍ ശ്രമിക്കുന്നത്. ഒറ്റ ക്ലിക്ക്കൊണ്ട് നിയമസാധുത കൈവരുന്ന സൈബര്‍നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് നമ്മള്‍ ഓഫീസ് നടപടികളുടെ പഴയ ഫയലുകള്‍ പൊടിതട്ടാന്‍ ശ്രമിക്കുന്നത്. ഒരു സാധാരണ പൗരന്‍ അബോധപൂര്‍വ്വമായിട്ടാണെങ്കിലും ഈവിധം നിരവധി കരാറുകളില്‍ ഏര്‍പ്പെടുന്നുണ്ട്. കൊറോണ നമ്മുടെ വിശ്വാസങ്ങളുടെ പൊടിതട്ടുക മാത്രമല്ല അവയെ തീയിട്ട് നശിപ്പിക്കുകയും ചെയ്യും. കൊറോണാനന്തരകാലം ആവശ്യപ്പെടുന്ന പരിഷ്‌ക്കാരങ്ങളിലൊന്ന് നമ്മുടെ ഓഫീസ് നടപടികള്‍ ഡിജിറ്റല്‍ സൗഹൃദമാക്കുക എന്നതായിരിക്കും. കോടതിഭാഷയും ഭരണഭാഷയുമൊക്കെ മാതൃഭാഷയാക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം അത് ഡിജിറ്റല്‍ ഭാഷയെക്കൂടി ഉള്‍ക്കൊള്ളുന്നതുമായിരിക്കണം. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതി നടപടികള്‍ നടത്താന്‍ കൊറോണ കാരണമായെങ്കില്‍ ഇതും സാദ്ധ്യമാവും.

ഭരണകൂടങ്ങളുടേയും കോടതികളുടേയും നടപടികളെല്ലാം അവരറിയാതെ തന്നെ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. വാദിയും പ്രതിയുമൊന്നും കോടതിയില്‍ വരേണ്ടതില്ല. വീഡിയോകള്‍വഴി തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാം. പ്രധാനമന്ത്രി വീഡിയോവഴി മുഖ്യമന്ത്രിമാരുമായി സംസാരിക്കുന്നു. വസ്തുയാഥാര്‍ത്ഥ്യവും പ്രതീതിയാഥാര്‍ത്ഥ്യവും തമ്മില്‍ അതിരുകളില്ലാതായി.

വൈറസുകള്‍ ഡിജിറ്റല്‍ കാലത്തിന്റെ സൃഷ്ടികളല്ല. മനുഷ്യകുലത്തിന് വിജ്ഞാനമുണ്ടായ കാലം മുതല്‍ അത് നിലവിലുണ്ട്. ഓരോ കാലത്തും അന്ന് മുന്നില്‍നിന്ന പ്രത്യയശാസ്ത്രങ്ങളുമായി പ്രതിപ്രവര്‍ത്തിച്ചുകൊണ്ടാണ് അത് നിലനിന്നിട്ടുള്ളത്. അങ്ങനെയാണ് പുതിയ സമൂഹരൂപീകരണം നടന്നുപോന്നതും. അതിനാല്‍  പുതിയ കൊറോണ  ഡിജിറ്റല്‍ കാലത്തിന്റെ രോഗമാണ്. അതിന്റെ രോഗനിര്‍ണ്ണയ രീതികള്‍ വിശകലനങ്ങള്‍ എന്നിവയെല്ലാം അത്തരമൊരു സാങ്കേതികതയിലാണ് നിലനില്‍ക്കുന്നത്. ഇതിനു മുന്‍പുണ്ടായ പല പകര്‍ച്ചവ്യാധികളും വ്യക്തി സവിശേഷതകളിലും പ്രാദേശികതകളിലും വ്യാഖ്യാനിക്കപ്പെട്ടുവെങ്കില്‍ ഇപ്പോഴത് കാലത്തിന്റെ രോഗമാണ്. ദേശമോ വ്യക്തികളോ അവിടെ പ്രസക്തമല്ല. ആരോഗ്യം ഒരു സാമൂഹ്യാവസ്ഥയായിത്തീരുന്നു.

ആഗോളീകരണത്തിന്റെ വിപരീതയുക്തി 

ആരോഗ്യം സാമ്പത്തികമായി സൃഷ്ടിച്ചെടുക്കാനാവുന്നതല്ല എന്നും കൊറോണയുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ജീവരാശി എന്നതുവിട്ട് മനുഷ്യരാശി എന്ന നിലയിലെങ്കിലുമുള്ള കരുതലുകളാണ് പ്രധാനമെന്നാണ് രോഗത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്ന നാടുകള്‍ വ്യക്തമാക്കുന്നത്.  മരുന്നുകള്‍ അല്ല ശരീരമാണ് രോഗം മാറ്റുന്നതെന്ന പോലെ ആരോഗ്യം ഒരേസമയം വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ആണ് നിലനില്‍ക്കുന്നത്. ഈ ശരീരങ്ങളോരോന്നും രാഷ്ട്രശരീരങ്ങളുമായി കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നതിനാല്‍ ആഗോളമായ പരിഹാരമില്ലാതെ രോഗശമനവും മനുഷ്യജീവിതത്തിന്റെ തുടര്‍ച്ചയും സാദ്ധ്യമാവുകയുമില്ല. സിസെക്കി (ടഹമ്ീഷ ദശ്വലസ)നെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയപോലെ ഇത് സൂചിപ്പിച്ചിട്ടുണ്ട്.

അതിരുകള്‍ ബാധകമാകാതെ സഞ്ചരിച്ച കൊറോണ മനുഷ്യര്‍ക്ക് പുതിയ അതിരുകള്‍ ഉണ്ടാക്കിക്കൊടുത്തു. ദേശത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍, ജില്ലകള്‍, പഞ്ചായത്തുകള്‍, വീടുകള്‍ എന്നിങ്ങനെയുള്ള ഭരണാതിര്‍ത്തികള്‍ക്ക് അത് പുതിയ അര്‍ത്ഥം നല്‍കി. ഓരോ ഭരണ പ്രദേശത്തു നിന്ന് അടുത്തതിലേക്ക് പ്രവേശിക്കുന്നത് ശത്രുരാജ്യത്ത് പ്രവേശിക്കുന്നതിലും കഠിനമായി. പുതിയതരം പാസ്പോര്‍ട്ടുകള്‍ നിലവില്‍ വന്നു.

ആഗോളവല്‍ക്കരണത്തിന്റെ ആദ്യകാലത്ത് പ്രാദേശിക ഭാഷകള്‍, സ്വത്വങ്ങള്‍ എന്നിവകൊണ്ട് അതിനെ നേരിടാനുള്ള പല ശ്രമങ്ങളുമുണ്ടായിരുന്നു. ആഗോളീകരണത്തിന്റെ വിപരീതയുക്തിയായി കൊറോണ കാലത്തെ ജീവിതം പരിഗണിക്കപ്പെട്ടേക്കാം. ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേടാവുന്നതല്ല രോഗമുക്തി എന്നത് അതിന്റെ ആഗോളാവസ്ഥയെയാണ് എടുത്തുകാട്ടുന്നത്. എന്നാല്‍, സാമൂഹ്യഅകലം കുറച്ച് വീടുകളില്‍ ഒറ്റപ്പെട്ടുകഴിഞ്ഞുകൊണ്ടു മാത്രമേ അതിനെ പ്രതിരോധിക്കാനുമാകൂ. രോഗത്തിന്റെ ആഗോളസ്വഭാവവും മരണനിരക്കുമൊന്നും അതിനെ നേരിടാനുള്ള തന്ത്രങ്ങളെ ഒട്ടും സങ്കീര്‍ണ്ണമാക്കുന്നില്ല. മാസ്‌ക്ക് കെട്ടുന്നതും സോപ്പുകൊണ്ട് കൈകഴുകുന്നതുമായ ലളിതവും ചെലവുകുറഞ്ഞതുമാണ് അതിന്റെ പ്രതിരോധം. അല്ലെങ്കില്‍ അതല്ലാതെ വേറെ പ്രതിരോധമില്ല.

എന്നാല്‍, ആഗോളീകരണത്തിന്റെ പഴയ യുക്തികളിലേക്ക് അതേപോലൊരു തിരിച്ചുപോക്ക് പലകാരണങ്ങള്‍കൊണ്ട് ഇനി സാദ്ധ്യമാണെന്ന് ആരും കരുതുന്നില്ല. മനുഷ്യര്‍ തമ്മിലുള്ള സഹവാസങ്ങള്‍, ഇടപെടലുകള്‍, നീണ്ടയാത്രകള്‍ എന്നിവയെല്ലാം ഒരു മാസ്‌ക്ക്‌കൊണ്ട് ദൃശ്യമായും ഡാറ്റകള്‍ മുഖേന അദൃശ്യമായും തടയപ്പെടും. മനുഷ്യന്‍ ദേശരാഷ്ട്രങ്ങളുടെ അതിരുകളിലേക്ക് തന്നെ ചുരുങ്ങുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കിലും അതുതന്നെ ചെറിയ യൂണിറ്റുകളായി മാറും. ഭാവനാദേശങ്ങള്‍ ഭാവനമാത്രമായെന്നും വരും.

രാജവംശങ്ങളുടെ കാലത്ത് സങ്കല്‍പ്പിക്കാന്‍ ആവാതിരുന്ന ഇടപെടലുകളാണ് ആധുനിക ദേശരാഷ്ട്രങ്ങള്‍ കൊറോണക്കാലത്ത് നടത്തുന്നത്. പൗരന്മാരെ ആധുനിക സാങ്കേതികതയുടെ സഹായത്തോടെ കര്‍ശനനിരീക്ഷണത്തിന് വിധേയമാക്കുന്ന സമ്പ്രദായം മുന്‍കാല പകര്‍ച്ചവ്യാധികളുടെ കാലത്ത് അജ്ഞാതമായിരുന്നു. ഓരോ ദേശരാഷ്ട്രവും തങ്ങളുടെ പ്രജ എന്ന നിലയ്ക്ക് സംരക്ഷണമതിലൊരുക്കുകയും അതിനു സമാന്തരമായി നിരീക്ഷണാധികാരങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. രാഷ്ട്രം ജനങ്ങളുമായി ഏറെ അടുക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും സ്നേഹാധിക്യത്താല്‍ ഇമവെട്ടാതെ നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കും. ജനാധിപത്യ രാജ്യമായാലും ഏകാധിപത്യ രാജ്യമായാലും ഈ സമീപനത്തില്‍ വ്യത്യാസമില്ല.

എന്നാല്‍ ദേശരാഷ്ട്രങ്ങള്‍ക്ക് അതിര്‍ത്തിയില്‍ ശത്രുരാജ്യത്തെ മനുഷ്യരെ മാത്രമേ തടയാനാകൂ. വൈറസുകള്‍ക്ക് രാജ്യാതിര്‍ത്തി ബാധകമല്ല എന്നത് കാര്യങ്ങളെ വീണ്ടും ആഗോളമാക്കുകയും ചെയ്യും.

യുഎസ് പ്രസിഡന്റ് ട്രംപിന്റേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റേയും ​ഗ്രാഫിറ്റി ചിത്രം. ജർമനിയിലെ മ്യൂണിക്കിൽ നിന്നുള്ള കാഴ്ച
യുഎസ് പ്രസിഡന്റ് ട്രംപിന്റേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങിന്റേയും ​ഗ്രാഫിറ്റി ചിത്രം. ജർമനിയിലെ മ്യൂണിക്കിൽ നിന്നുള്ള കാഴ്ച

സ്വര്‍ഗ്ഗത്തില്‍ ഒരു പഴത്തോട്ടം

മനുഷ്യവംശം ഒരു നൂറ്റാണ്ടിനുള്ളില്‍ അപ്രത്യക്ഷമാകുമെന്ന് നേരത്തേ പ്രവചിച്ച യുവാല്‍  ഹരാരി ഇപ്പോള്‍ കൊറോണാനന്തരം  മനുഷ്യരാകെ ഇല്ലാതാകുമെന്ന് കരുതുന്നില്ല. മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കും. മിക്കവരും ജീവിക്കും. എന്നാല്‍ ഇന്നത്തേതില്‍നിന്നും വ്യത്യസ്തമായ ഒരു ലോകമായിരിക്കും അത്. മൃഗങ്ങളും മരങ്ങളും  മാത്രം അവശേഷിക്കുന്ന ലോകത്തെ വിഭാവനം ചെയ്യാത്ത യുവാല്‍ ഹരാരി സ്വകാര്യതയോ ആരോഗ്യമോ എന്ന തെരഞ്ഞെടുപ്പിനു മുന്നില്‍ ആരോഗ്യത്തെ തന്നെ ജനങ്ങള്‍ തിരഞ്ഞെടുക്കും എന്ന് കരുതുന്നു. പരസ്പരം ആലോചിച്ച് ഒരു തീരുമാനമെടുക്കാന്‍ വൈറസുകള്‍ക്കാവില്ല എന്നതാണ് മനുഷ്യനും അവയും തമ്മിലുള്ള വ്യത്യാസം. ഒരു പഴം കുരങ്ങനു നല്‍കി അത് ഭക്ഷിക്കാനുള്ളതാണെന്ന് അതിന് മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റും. എന്നാല്‍, ഈ പഴം ഇപ്പോള്‍ കഴിക്കാതിരുന്നാല്‍ സ്വര്‍ഗ്ഗത്തില്‍ ഒരു പഴത്തോട്ടം കിട്ടുമെന്ന് പറഞ്ഞാല്‍ കുരങ്ങനത് അനുസരിക്കുകയില്ല. അതനുസരിക്കുന്നൊരാള്‍ മനുഷ്യന്‍ മാത്രമാണ്.

മനുഷ്യര്‍ ഇപ്പോള്‍ ജീവിക്കുന്നത് തങ്ങളുടെ കുലമാകെ മുടിഞ്ഞുപോകും എന്ന മുന്‍വിധിക്ക് കീഴടങ്ങി കൊണ്ടല്ല. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നും പ്രതിവിധി ശാസ്ത്രലോകം നാളെ കണ്ടെത്തുമെന്നുമുള്ള വിശ്വാസത്തിലാണ്. സാധാരണ ജീവിതം നാളെയോ മറ്റന്നാളോ എന്നൊരു ദൂരപരിധിക്കപ്പുറത്ത് ഉണ്ട്. ഉത്സവങ്ങള്‍, വിവാഹങ്ങള്‍, ശ്രാദ്ധം, ആചാരങ്ങള്‍, പരീക്ഷകള്‍, യാത്രകള്‍ എന്നിവയുള്ള ചലനാത്മക ലോകം. സഞ്ചാരവും കൂട്ടായ്മയുമാണ് മനുഷ്യന്‍ എന്ന സങ്കല്പവും യാഥാര്‍ത്ഥ്യവും. ശാസ്ത്രത്തിന്റെ തീര്‍പ്പുകള്‍ക്ക് മുന്നില്‍ ഇത്രയും വിനീത വിധേയരായി മനുഷ്യകുലം ഇതിനു മുന്‍പ് ഒരിക്കലും ഇങ്ങനെ നിന്നിട്ടുണ്ടാവില്ല മനുഷ്യനെന്നാല്‍ ഭാവനയുമാണ്. മാസ്‌ക്കണിയാതെ സുന്ദരികളും സുന്ദരന്മാരും അതിനിടയില്‍ മൃഗസഹസ്രങ്ങളും പക്ഷിവൃന്ദവും മരനിരകളും അവയ്ക്കിടയിലൂടെ കടന്നുപോകുന്ന വൈദ്യുതകമ്പികളും ചേര്‍ന്ന് ചലിക്കുന്ന ലോകം വിഭാവനംചെയ്യുന്നതും മനുഷ്യനാണ്. വീഡിയോ ക്യാമറയില്‍ ഷൂട്ട് ചെയ്താലും നിശ്ചലചിത്രം മാത്രം ലഭിക്കുന്ന ഈ കാലം കടന്നുപോകും. പരിവര്‍ത്തനം സംഭവിച്ച പുതിയൊരു മനുഷ്യവര്‍ഗ്ഗത്തിന്റെ വര്‍ത്തമാനമായി സച്ചിദാനന്ദന്റെ കവിത അവസാനിക്കുന്നതായി കണക്കാക്കാം:

നാം മനുഷ്യര്‍ ആണെന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്
അവര്‍ മൂഢരായ ശുഭാപ്തിവിശ്വാസികള്‍ മാത്രമാണ്
ഇനി മനുഷ്യര്‍ ഉണ്ടാവുകയേയില്ല
അവര്‍ നമ്മുടെ സന്തതികള്‍ക്ക് ഒരു ഗവേഷണവിഷയം മാത്രം.

ആരുടെ തോന്നലാണ് ഞാന്‍ എന്ന് കുഞ്ഞുണ്ണിമാഷ് കവിതയില്‍ ചോദിച്ചു ആരുടെ വളര്‍ത്തുമൃഗമാണ് മനുഷ്യന്‍ എന്നാണ് ചോദ്യമെങ്കില്‍ ഭാവനയുടെ എന്നതാകാം ഉത്തരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com