അക്കിത്തം കവിതകള്‍: പൊരുളും പ്രസക്തിയും

ജീവിച്ചിരിക്കെത്തന്നെ കവിയും കവിതയും ഇതിഹാസശോഭ കൈവരിക്കുക എന്ന ധന്യതയേറ്റുവാങ്ങിക്കൊണ്ടാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി നിത്യതയിലേക്ക് മടങ്ങിയത്
അക്കിത്തം/ ഫോട്ടോ: സജി എണ്ണയ്ക്കാട്
അക്കിത്തം/ ഫോട്ടോ: സജി എണ്ണയ്ക്കാട്

ജീവിച്ചിരിക്കെത്തന്നെ കവിയും കവിതയും ഇതിഹാസശോഭ കൈവരിക്കുക എന്ന ധന്യതയേറ്റുവാങ്ങിക്കൊണ്ടാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി നിത്യതയിലേക്ക് മടങ്ങിയത്. അതും എണ്‍പതു വര്‍ഷത്തിലേറെ നീണ്ടുനിന്ന തന്റെ സര്‍ഗ്ഗജീവിതത്തില്‍ തികച്ചും അര്‍ത്ഥവത്തായും ഭാവദീപ്തി പരത്തിയുമുള്ള കാവ്യസപര്യ നിര്‍വ്വഹിക്കുക എന്ന അപൂര്‍വ്വമായ സുകൃതത്തോടെയായിരുന്നു. കൂടാതെ കേരളത്തിലെ പല സാമൂഹിക പരിവര്‍ത്തന സംരംഭങ്ങളിലും സാക്ഷിയാവുക മാത്രമല്ല, അവയില്‍ സജീവമായി പങ്കെടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പാരമ്പര്യമായി ലഭിച്ച വേദാഭ്യസനം, സംസ്‌കൃത പഠനം, സാഹിത്യപരിചയം, അക്കാലത്തെ പ്രശസ്ത കവികളുമായുള്ള അടുപ്പം, ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ സ്വാംശീകരണം, സാമൂഹിക-സാമുദായിക നവോത്ഥാന പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തനം എന്നിവയെല്ലാം കൂടിച്ചേര്‍ന്നു വികാസം പ്രാപിച്ചതാണ് അക്കിത്തത്തിന്റെ വ്യക്തിജീവിതവും കാവ്യജീവിതവുമെന്ന് സംക്ഷിപ്തമായി പറയാം. അദ്ദേഹത്തിന്റെ കവിതകളിലുടനീളം അന്തര്‍ധാരയായി കാണപ്പെട്ട ചൈതന്യമായ വിശ്വമാനവികതയ്ക്കാധാരമായതും ഇവയെല്ലാമാണത്.

വിവിധ തലങ്ങളാലും മാനങ്ങളാലും ഉല്‍ക്കൃഷ്ടമാണ് അക്കിത്തത്തിന്റെ വിപുലമായ സര്‍ഗ്ഗസപര്യ. എന്നാല്‍, അതില്‍ പലതും വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. പലരും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുള്ളത് ഭാരതീയ സംസ്‌കൃതിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അദ്ദേഹം കണ്ടെടുത്ത മൂല്യങ്ങളേയും അവയുടെ ഭാവദീപ്തി പ്രകാശിപ്പിക്കും വിധത്തില്‍ നടത്തിയ കാവ്യാവിഷ്‌കാരങ്ങളേയും അവയുള്‍ക്കൊണ്ട ജീവിതവീക്ഷണങ്ങളേയുമാണ്. അതോടൊപ്പം ആ മൂല്യങ്ങള്‍ എങ്ങനെ ആധുനിക ജീവിതത്തിനു താങ്ങായും തണലായും തിരിനാളമായും ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടിയ കാവ്യസന്ദര്‍ഭങ്ങളും സാമാന്യമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

എന്നാല്‍, ഈ വസ്തുതകളൊക്കെ അക്കിത്തം കവിതകളുടെ സവിശേഷതകളായി നിലനില്‍ക്കെത്തന്നെ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്ന ചില ഘടകങ്ങള്‍ കൂടുതല്‍ വിശദമാക്കേണ്ടതായിട്ടുണ്ട്. അതില്‍ പ്രധാനം അക്കിത്തം മലയാള കാവ്യപഥത്തില്‍ പുതുതായി തീര്‍ത്ത സരണികളാണ്. മലയാള കാവ്യലോകം ചങ്ങമ്പുഴ സൃഷ്ടിച്ച മധുരമനോജ്ഞമായ മായിക സൗന്ദര്യത്തിന്റെ ലഹരിയിലാണ്ട് മയങ്ങിക്കിടന്ന വേളയില്‍ യാഥാര്‍ത്ഥ്യബോധത്തിന്റേയും ഞാനെന്ന ബോധത്തിന്റെ പരിമിതികളില്‍നിന്നും സങ്കുചിതത്വത്തില്‍നിന്നും ഉയര്‍ന്ന് അന്യന്റെ ദുഃഖവും ആഹ്ലാദവും ഉള്‍ക്കൊള്ളുന്ന മാനവികതാബോധത്തിലേക്കു നയിക്കുന്ന ചിന്താധാരകള്‍ തീര്‍ത്തതാണ് അതില്‍ പ്രധാനം. കപടലോകത്തില്‍ താന്‍ മാത്രമാണ് ശരിയെന്ന മിഥ്യാസങ്കല്പത്തെ തിരുത്തിക്കൊണ്ടാണ്, അനുവാചകര്‍ക്കിടയിലേക്ക്, 
ഒരു കണ്ണീര്‍ക്കണം
മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍
മറ്റുള്ളവര്‍ക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നൂ
നിത്യനിര്‍മ്മല പൗര്‍ണ്ണമി 
എന്ന വിശ്വസ്‌നേഹത്തിന്റെ ഉദാത്തമായ സന്ദേശം പകരുന്നത്. വ്യക്തിനിഷ്ഠവും അതില്‍ത്തന്നെ ആത്മനിഷ്ഠവുമായ സങ്കുചിതത്വത്തില്‍നിന്നും വസ്തുനിഷ്ഠവും അതിലുപരി സമഷ്ടിബോധത്തിന്റേയും വിശാലമായ തലങ്ങളിലേക്കു നയിക്കാന്‍ പ്രേരണയേകുന്ന മഹദ് സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടായിരുന്നു അക്കിത്തം മലയാള കവിതയില്‍ ചുവടുറപ്പിച്ചത്. അതിനദ്ദേഹത്തിനു സാധ്യമായത് സാമുദായികവും സാമൂഹികവും രാഷ്ട്രീയവുമായ നവോത്ഥാന പ്രസ്ഥാനങ്ങളും അവയ്ക്കു നേതൃത്വം നല്‍കിയ വ്യക്തികളുമായുണ്ടായ അടുപ്പവുമാണ്. അതിനാല്‍ യാഥാസ്ഥിതികത്വത്തിന്റെ പടവുകള്‍ അദ്ദേഹത്തിന് അനായാസം താങ്ങാനായി.

അതോടൊപ്പം പൗരാണികവും സമകാലികവുമായ വിശിഷ്ട ഗ്രന്ഥങ്ങളുമായുള്ള അടുപ്പവും അവയിലൂടെ നേടിയ പ്രപഞ്ചദര്‍ശനവും അദ്ദേഹത്തിന് ആര്‍ജ്ജവമാര്‍ന്ന നിലപാടുകള്‍ കൈക്കൊള്ളാന്‍ പ്രേരണയേകി. 'പുഴു' എന്ന കവിതയില്‍ കോറിയിടുന്ന
എന്നിട്ടും പൊടിവീല കണ്ണുനീര്‍ഃഗിരികളെ-
യെന്നപോല്‍ സ്വധര്‍മ്മരേണുക്കളെത്താണ്ടിപ്പോകെ
ഞാനരിച്ചേടത്തെല്ലാമക്ഷരങ്ങളെക്കാണ്‍മൂ
എന്ന അനുഭവത്തെ മുന്‍നിര്‍ത്തി താനാര്‍ജ്ജിച്ച ജ്ഞാനയോഗത്തിന്റെ മൂല്യങ്ങള്‍ കൊളുത്തിയ പ്രകാശത്തില്‍ തെളിഞ്ഞ പ്രപഞ്ച-പ്രകൃതി ദര്‍ശനം അദ്ദേഹത്തിന്റെ കാവ്യസപര്യയ്ക്ക് കരുത്തുറ്റ തുണയായെന്നു കാണാന്‍ കഴിയും. സമ്യക്കായ ഈ വീക്ഷണത്തിന്റെ ഒരു ഭാവതലം തന്നെയാണ് അക്കിത്തത്തിന്റെ ജൈവദര്‍ശനത്തിന്റേയും അടിസ്ഥാനം. പുല്ലും പുഴുവും തളിരും മരങ്ങളുമടങ്ങുന്നതും സമസ്ത ജീവജാലങ്ങളുമാണെന്നു കാണുന്നതുമായ ആരണ്യക സങ്കല്പത്തിലധിഷ്ഠിതമായ വസുധൈവ കുടുംബമെന്ന വീക്ഷണം അവതരിപ്പിക്കുന്നു
ജീവപരമ്പരമുഴുവന,മീബാ
ബീജോത്ഥിതമൊരു തരുവല്ലേ
പരമാര്‍ത്ഥത്തില്‍ ബ്രഹ്മാണ്ഡത്തില്‍
പൊരുളായുള്ളതൊരണുവല്ലേ
അതിലഭിരാമം നിന്നുതുടിക്കും
ദ്രുതനിസ്പൃഹമൊരു കലയില്ലേ?
എത്രമനോഹരമത്ഭുതകരമീ
വിസ്തൃതസര്‍ഗ്ഗവ്യാപാരം 
എന്ന കാവ്യസന്ദര്‍ഭവും ശ്രാവണപ്രഹര്‍ഷം എന്ന കവിതയിലെ

ഒടുങ്ങാത്ത സ്വപ്നത്തിന്റെ സര്‍ഗ്ഗസൗരഭവര്‍ണ്ണ-
ത്തുടിപ്പല്ലയോ കോരിക്കുടിപ്പു ജീവാത്മാക്കള്‍
ആയിരം ചരങ്ങളിലചരങ്ങളില്‍നിന്നീ
മായികമുഹൂര്‍ത്തത്തില്‍ മധുരോദയത്തോടെ
പുളകം കൊണ്ടുവര്‍ഷഖിന്നയിദ്ധരണി,പൊല്‍
പ്പുലര്‍ചിങ്ങത്തിന്‍ ചുടുചുണ്ടിലെ സീല്‍ക്കാരത്തില്‍
മണ്ണറതോറും ചത്തുകിടന്ന നിത്യാനന്ദ-
കണ്ണുകളെല്ലാം മിഴിഞ്ഞാശകള്‍ വിടര്‍ത്തുമ്പോള്‍
പാതിരാസങ്കല്പത്തിന്‍ സൗരഭം പരത്തുമ്പോള്‍
പാരിനെന്തൊരു വര്‍ണ്ണ നിര്‍വൃതിപ്പുളമ്പമ്പോ 
തുടങ്ങിയ വരികളും സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയൊക്കെ കേവലമായ കാല്പനിക പ്രകൃതിവര്‍ണ്ണനകള്‍ക്കുമപ്പുറം വിപുലവും സമഗ്രവുമായ ഒരു പ്രപഞ്ചദര്‍ശനം ഇതള്‍വിടര്‍ത്തുന്നത് ഉദാത്തമായ ചിന്താതരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണെന്നതും എടുത്തു പറയേണ്ടതാണ്. കാരണം കാല്പനികതയുടെ മായക്കാഴ്ചകള്‍ക്കപ്പുറം സമഗ്രമായ ഒരു ഭാവതലം വിടര്‍ത്താനുള്ള ജൈവദര്‍ശനത്തിന്റെ അപാരമായ സാധ്യതകളിലേക്കാണ് അക്കിത്തം കവിതകളിലെ പാരിസ്ഥിതിക മാനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

അക്കിത്തത്തെ വ്യത്യസ്തമായ കാവ്യതലത്തില്‍ കാണാന്‍ സാധ്യമാക്കുന്ന മറ്റൊരു ഘടകം അദ്ദേഹം പുലര്‍ത്തിയ സാമൂഹിക യാഥാര്‍ത്ഥ്യത്തിന്റെ ആവിഷ്‌കാരമാണ്. ഇവിടെയും അദ്ദേഹം വേറിട്ട ഒരു മാതൃകയാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. സാധാരണ കാണപ്പെടുന്ന രാഷ്ട്രീയ കവിതകളിലെ പ്രസ്താവനാ തുല്യമോ മുദ്രാവാക്യ സദൃശമോ ആയ സമ്പ്രദായങ്ങളില്‍നിന്നും വ്യത്യസ്തമായി തെരുവോരക്കാഴ്ചകളില്‍ കണ്ട ദുരന്തദൃശ്യങ്ങളെ കൃത്യതയോടേയും കാവ്യപരതയോടേയും സൂക്ഷ്മമതയോടെയും നിശിതമായി ചൂണ്ടിക്കാട്ടുന്ന കാവ്യാവിഷ്‌കാരമാണ് അക്കിത്തത്തിന്റെ റിയലിസ്റ്റ് ആവിഷ്‌കാരത്തെ ശ്രദ്ധേയമാക്കുന്നതെന്നറിയാന്‍
നിരത്തില്‍ കാക്കകൊത്തുന്നൂ
ചത്തപെണ്ണിന്റെ കണ്ണുകള്‍
മുലചപ്പിവലിക്കുന്നൂ
നരവര്‍ഗ്ഗനവാതിഥി പോലുള്ള സന്ദര്‍ഭങ്ങള്‍ ധാരാളം മതിയാകും.

അതുപോലെതന്നെ സൂക്ഷ്മതയോടെയാണ് കേരളീയ സമൂഹത്തിന്റെ പരിവര്‍ത്തനങ്ങള്‍ വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ആഘാതങ്ങളേയും അക്കിത്തം ചിത്രീകരിക്കുന്നത്. മിതത്വം പാലിക്കുന്ന വര്‍ണ്ണനകള്‍കൊണ്ട് കാച്ചിക്കുറുക്കിയെടുത്ത ആഖ്യാനരീതിയിലൂടെയാണ് ഗ്രാമീണ സംസ്‌കൃതിയില്‍നിന്നും നഗരകേന്ദ്രിതമായ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാകാന്‍ വിധിക്കപ്പെട്ട വ്യക്തിയുടെ ആന്തരിക സംഘര്‍ഷങ്ങളെ തന്മയത്വത്തോടെ  ആവിഷ്‌കരിക്കുന്നത്. ചുരുങ്ങിയ വാക്കുകളിലൂടെയുള്ള ആ ചിത്രീകരണം അക്കിത്തത്തിന്റെ ആഖ്യാനവൈഭവത്തെ വിളിച്ചറിയിക്കുക കൂടി ചെയ്യുന്നു. ഒപ്പം സ്വന്തം ജീവിതപരിസരങ്ങളില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ടു കഴിയേണ്ടിവരുന്ന ആധുനിക മനുഷ്യന്റെ ദൈന്യാവസ്ഥയേയും  ആലേഖനം ചെയ്യുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ വരികള്‍.
പണ്ടത്തെ മേശാന്തി നിന്നു തിരിയുന്നു
ചണ്ടിത്തമേറുമീ ഫാക്ടറിക്കുള്ളില്‍ ഞാന്‍
ഫാക്ടറിക്കുള്ളിലെ സൈറന്‍ മുഴങ്ങവേ
ഗേറ്റു കടന്നു പുറത്തു വന്നീടവേ
പട്ടിയെപ്പോലെ കിതച്ചുകിതച്ചു ഞാന്‍
പാര്‍ക്കുന്നിടത്തേക്കിഴഞ്ഞു നീങ്ങീടവേ
ചുറ്റും ത്രസിക്കും നഗരം പിടിച്ചെന്നെ
മറ്റൊരാളാക്കി ഞാന്‍ സമ്മതിക്കായ്കിലും

അക്കിത്തത്തെ ഏറ്റവും ശ്രദ്ധേയനാക്കുന്നതില്‍ വളരെ വലിയൊരു പങ്കാണ് അദ്ദേഹത്തിന്റെ കവിതകളിലെ ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്തിട്ടില്ലാത്ത ആധുനികത എന്ന ഘടകം. ഭാവപരമായി മലയാളത്തില്‍ ആധുനികതയുടെ പ്രത്യേകതകള്‍ ശക്തമാംവിധം ആദ്യമായി അവതരിപ്പിച്ചവരില്‍ ഒരാളാണ് അക്കിത്തം. ആധുനികത എന്ന ജീവിതാവസ്ഥയുടെ തികച്ചും കേരളീയമായ അനുഭവതലങ്ങളേയും പരിസരങ്ങളേയും അവയില്‍ തെളിഞ്ഞുകണ്ട ദുരന്തഭാവങ്ങളേയും പ്രതിസന്ധികളേയും സന്ദിഗ്ദ്ധാവസ്ഥകളേയും വളരെ സ്പഷ്ടമായും യാതൊരു ദുര്‍ഗ്രാഹ്യത കൂടാതേയും അവതരിപ്പിച്ച കവിയാണ് അക്കിത്തം എന്ന വസ്തുത എടുത്തു പറയേണ്ട ഒന്നാണ്. നേരത്തെ സൂചിപ്പിച്ച പണ്ടത്തെ മേശാന്തിയിലെ ജീവിതപശ്ചാത്തലവും സംഘര്‍ഷവും അതിന്റെ ഏറ്റവും മികച്ച മാതൃകയാണ്. ഇവിടെയും അക്കിത്തം വേറിട്ടുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ ആവിഷ്‌കാര മാതൃകയാലാണ്. വളരെ സുതാര്യമായ രീതിയിലും പാരമ്പര്യത്തിലധിഷ്ഠിതമായ കാവ്യമാതൃകകളവലംബിച്ചുമാണ് അദ്ദേഹം ആധുനികതയുടെ അവസ്ഥാവിശേഷങ്ങള്‍ ചിത്രീകരിച്ചിട്ടുള്ളത്. ആധുനികതാ പ്രസ്ഥാനത്തിലെ മറ്റു രണ്ട് ആദ്യകാല പ്രയോക്താക്കളായ ഡോ. അയ്യപ്പപ്പണിക്കരും എന്‍.എന്‍. കക്കാടും നൂതനമായ കാവ്യാവിഷ്‌കാരങ്ങളിലൂടെ അവ ആവിഷ്‌കരിച്ചപ്പോള്‍ രചനാതന്ത്രത്തിന്റെ പരീക്ഷണതലങ്ങളിലേക്കൊന്നും പോകാതെ വായനക്കാരോട് അയത്‌നലളിതമായും എന്നാല്‍, അഗാധമായ ഉള്‍ക്കാഴ്ച പുലര്‍ത്തിയും ഗഹനമായ ദാര്‍ശനിക തലങ്ങളിലേക്കു വിരല്‍ചൂണ്ടിയും അക്കിത്തത്തിന് ആധുനികത തീര്‍ത്ത ദുരന്തബോധത്തേയും അന്യവല്‍ക്കരണത്തേയും അവതരിപ്പിക്കാനായി എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു വസ്തുതയാണ്. അതിലൂടെ ഏതു കാലഘട്ടത്തേയും ഏതു തരം പരിതസ്ഥിതിയേയും ആവിഷ്‌കരിക്കാനുള്ള കരുത്ത് ഭാരതീയ-കേരളീയ കാവ്യപാരമ്പര്യത്തിനും സങ്കേതങ്ങള്‍ക്കുമുണ്ടെന്നു ഭംഗ്യന്തരേണ കാണിച്ചുതരിക കൂടിയാണ് അക്കിത്തം ചെയ്തത് എന്ന കാര്യം അടിവരയിട്ടു പറഞ്ഞുകൊള്ളട്ടെ. അക്കാര്യം കൂടുതല്‍ വിശദമാക്കുന്നത് അക്കിത്തം കവിതകളിലെ ആധുനികതയുടെ നേര്‍ക്കാഴ്ചകള്‍ എങ്ങനെയാണ് കാണപ്പെടുന്നതെന്നറിയാന്‍ കൂടുതല്‍ ഉപകരിക്കും. മാത്രമല്ല, എപ്രകാരമാണ് ആ ചിത്രീകരണങ്ങള്‍ വായനക്കാരുടെ മനസ്സില്‍ ശക്തമായി പതിയത്തക്കവിധം നിര്‍വ്വഹിച്ചിട്ടുള്ളതെന്നു മനസ്സിലാക്കാനും സഹായകമാവും.

ആധുനികത എന്ന പ്രസ്ഥാനത്തിന്റെ പ്രധാന സ്വഭാവങ്ങളായ സ്വത്വനാശം, അന്യതാബോധം, അപമാനവീകരണം എന്നിവയെ മുന്‍നിര്‍ത്തിയും അവയ്ക്കാധാരമായ കേരളീയ സാഹചര്യങ്ങളായ കാര്‍ഷിക സംസ്‌കൃതിയില്‍നിന്നും മുതലാളിത്ത വ്യവസ്ഥിതിയിലേക്കുള്ള പരിണാമം, ഗ്രാമങ്ങളിലെ പ്രകൃതി പരിസരങ്ങളില്‍നിന്നും നഗരത്തിന്റെ കൃത്രിമവും യാന്ത്രികവുമായ ജീവിതസാഹചര്യങ്ങളിലേക്കുള്ള കുടിയേറ്റം, മൂല്യങ്ങളെ കയ്യൊഴിക്കല്‍ തുടങ്ങിയവയെ അവലംബിച്ചുമാണ് അക്കിത്തം നേരത്തെ ചൂണ്ടിക്കാട്ടിയ പണ്ടത്തെ മേശാന്തി, കൂടാതെ കരതലാമലകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം തുടങ്ങിയ പല കവിതകളിലും ചിത്രീകരണം നിര്‍വ്വഹിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ തന്നെ വരികള്‍ സ്വീകരിച്ചുകൊണ്ടു പറഞ്ഞാല്‍
''ഉപ്പു കല്ലിനായുരിയരിച്ചോറിനായി-
പ്പട്ടണത്തില്‍ തൊഴിലാളിയായ ഞാന്‍
നേരറ്റ നായ്പ്പല്ലിടുക്കിലരയുന്ന
നെയ്യലുവത്തുണ്ടുപോലുരുകന്ന'' 
ആധുനിക കാലത്തെ മനുഷ്യാവസ്ഥയുടെ ദുരന്തമുഖം ചിത്രീകരിച്ചുകൊണ്ട് പ്രകൃതിയൊരുക്കിയ സ്വാഭാവികമായ പരിസരങ്ങളില്‍നിന്നുമകന്ന് തികച്ചും ലൗകികവും യാന്ത്രികവുമായ വ്യവഹാരങ്ങളുടെ ഭാഗമാക്കിയും തല്‍ഫലമായി തീര്‍ത്തും അപമാനവീകരിക്കപ്പെട്ടും സ്വന്തം ചുറ്റുപാടുകളില്‍നിന്നു മാത്രമല്ല, താന്താങ്ങളുടെ സ്വത്വത്തില്‍നിന്നുപോലും അന്യവല്‍ക്കരിക്കപ്പെട്ടും അങ്ങനെ തനിക്കുതന്നെ അപരിചിതനായിത്തീര്‍ന്ന ആധുനിക മനുഷ്യന്റെ അവസ്ഥയെ എത്ര സരളമായും എന്നാല്‍, അര്‍ത്ഥഗര്‍ഭമാര്‍ന്ന വ്യംഗ്യാര്‍ത്ഥ സൂചനകളാലുമാണ് അക്കിത്തം കോറിയിട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍
എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാക്ഷേത്രവും മക്കളേ
നിങ്ങള്‍ തന്‍ കുണ്ഠിതം കാണ്‍മതില്‍ ഖേദമു-
ണ്ടെങ്കിലും നിന്ദപ്പതില്ലെന്‍ വിധിയെ ഞാന്‍
എന്ന പ്രസിദ്ധമായ വരികള്‍ സ്പഷ്ടമാക്കുന്നു. ഇതോടൊപ്പം നഷ്ടപ്പെട്ടതെന്തൊക്കെയെന്നോര്‍ത്ത് (അതോ നഷ്ടപ്പെടുത്തിയതോ) നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യന്റെ പരാധീനതകളേയും വളരെ ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്ന സമീപനവും അക്കിത്തത്തിന്റെ രചനാരീതിയുടെ മൗലികത വെളിപ്പെടുത്തുന്ന ഘടകമാണ്. അവയെ കേവലമായ വര്‍ണ്ണനകളുടെ തലങ്ങള്‍ക്കപ്പുറം ചെന്ന് ദാര്‍ശനികതയുടെ തലങ്ങളിലേക്കുയര്‍ത്താനും ആ ദര്‍ശനത്തെ ഒട്ടും തന്നെ ദുര്‍ഗ്രാഹ്യത കൂടാതെ ആവിഷ്‌കരിക്കാനുമുള്ള അക്കിത്തത്തിന്റെ വൈഭവം കാരണമാണ് അദ്ദേഹം ഇതര ആധുനികരില്‍നിന്നും വേറിട്ടുനില്‍ക്കുന്നതെന്ന് വ്യക്തമായി പറയാം. ഇതിനുദാഹരണമാണ് ആധുനികതയുടേയും വികസനത്തിന്റേയും പേരില്‍ മനുഷ്യന്‍ തീര്‍ത്ത മൂല്യരാഹിത്യത്തിന്റേയും സര്‍വ്വനാശത്തിലേക്കു നയിക്കുന്നതുമായ പുരോഗതിയെന്നു പേരിട്ടു വിളിക്കുന്ന നാഗരികതയുടെ കണ്ണഞ്ചിപ്പിക്കുന്ന പുറംകാഴ്ചകളുടെ പൊള്ളത്തരത്തേയും പ്രതിസന്ധികളേയും വളരെ പ്രതീകാത്മകതയോടെ ചൂണ്ടിക്കാട്ടുന്നതും ഇന്ന് ഒരു പഴഞ്ചൊല്ലുപോലെയായി മാറിക്കഴിഞ്ഞതുമായ
കരഞ്ഞുചൊന്നേന്‍ ഞാനന്ന്
ഭാവിപൗരനോടിങ്ങനെ
വെളിച്ചം ദുഃഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം 
എന്ന വരികള്‍. ഇതിലൂടെ താന്‍ സൃഷ്ടിച്ച മായക്കാഴ്ചയുടെ പകിട്ടുകള്‍ ആത്യന്തികമായി തന്നെത്തന്നെ മദാന്ധനാക്കുകയും ജീവിതത്തിലെ നേര്‍ക്കാഴ്ചകള്‍ കാണാനാവാതേയും ദിശയറിയാതേയും നീങ്ങുന്ന സഞ്ചാരിയാക്കിത്തീര്‍ക്കുകയും ചെയ്യുകയാണെന്ന യാഥാര്‍ത്ഥ്യത്തെ ദുര്‍ഗ്രാഹ്യത ഒട്ടും തന്നെയില്ലാതെ അവതരിപ്പിക്കുകയാണ്. അതിനാലാണ് ഈ വരികള്‍ അനുവാചകര്‍ക്കിടയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു കാവ്യ സന്ദര്‍ഭമായി മാറിയതും.

സമാനമായ മറ്റൊരു കാവ്യമുഹൂര്‍ത്തമാണ് തന്റെ ചെയ്തികള്‍ എത്രമാത്രം നിഷ്ഫലമായൊരു ശൂന്യാവസ്ഥയാണ് തനിക്കുതന്നെ പകര്‍ന്നതെന്ന് തിരിച്ചറിയുന്ന ആധുനിക മനുഷ്യന്റെ നിസ്സഹായതയും സന്ദിഗ്ദ്ധാവസ്ഥയും അവയ്ക്കു മുന്നിലെ അമ്പരപ്പും കാട്ടിത്തരുന്ന ഈ വരികളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. കരതലാമലകം എന്ന കവിതയിലെ, ഈ യുഗത്തിന്റെ പൊട്ടിക്കരച്ചിലെന്‍
വായില്‍നിന്നു നീ കേട്ടുവെന്നോ സഖീ?
ഈ യുഗത്തിന്റെ വൈരൂപ്യദാരുണ-
ഛായയെന്‍ കണ്ണില്‍ കണ്ടുവെന്നോ സഖീ?
ഈയുഗത്തിന്റെ ദുര്‍ഗന്ധമെന്‍ ശ്വാസ-
വായുവിങ്കല്‍ നിന്നുള്‍ക്കൊണ്ടു നീയെന്നോ? എന്ന വരികളിലൂടെ തനിക്കു കൈമോശം വന്ന സ്വച്ഛതയും അവയ്ക്കാധാരമായ പഴയ സാഹചര്യങ്ങളേയും ഓര്‍ക്കുന്ന തിരിച്ചറിവിന്റേതായ വേളയില്‍ പിന്നിട്ട പാതയിലെ വിളക്കുകള്‍ തെളിച്ച ദീപനാളത്തിന്റെ മൂല്യമുള്‍ക്കൊള്ളാനുള്ള സന്ദേശം പരോക്ഷമായി നല്‍കുന്ന രചനാരീതിയും അക്കിത്തത്തിന്റെ മറ്റൊരു സവിശേഷതയായി പറയേണ്ടതുണ്ട്.

ഇത്തരത്തില്‍ ഔചിത്യദീക്ഷ ഉള്‍ക്കൊണ്ടും വ്യംഗ്യാര്‍ത്ഥ സൂചനകള്‍ പ്രയോഗിച്ചും ദാര്‍ശനിക ദീപ്തി പ്രകാശിപ്പിച്ചും നിര്‍വ്വഹിച്ച രചനാരീതിയാണ് അക്കിത്തത്തിന്റെ കാവ്യസപര്യയ്ക്ക് ഐതിഹാസികമായ മികവും ശോഭയും നല്‍കിയതെന്ന് അസന്ദിഗ്ദ്ധമായിത്തന്നെ പറയാം. ഒരേ സമയം സരളവും ഗഹനവുമായി നമ്മെ അനുഭവപ്പെടുത്തുകയും ക്ഷണനേരം കൊണ്ട് തമ്മില്‍ ഉദാത്തമായ കാവ്യാനുഭൂതിയുടെ ഭാവതലങ്ങള്‍ പകരുന്നതുമായുള്ള ആ സിദ്ധിവിശേഷത്തെ സഹൃദയരായ വായനക്കാര്‍ക്ക് എത്ര പ്രണമിച്ചാലും മതിവരില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com