ഊഴിയില്‍ ചെറിയവരുടെ ഇതിഹാസം

അക്കിത്തത്തിന്റെ കവിതകള്‍ ചെറിയ ലോകത്ത് വ്യാപരിക്കുന്ന ചെറിയ മനുഷ്യരെയാണ് മിഴിവോടെ അടയാളപ്പെടുത്തുന്നത്
ഊഴിയില്‍ ചെറിയവരുടെ ഇതിഹാസം

വിതയ്ക്ക് അതിന്റെ ജന്മദിനം തന്നെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാന്‍ അവകാശമുണ്ടെങ്കിലും ചരിത്രത്തിലിന്നുവരെ ഒരു കവിയും സ്വന്തം കവിതകളുടെ മേലുള്ള ഉടമാവകാശം സ്വയം ഉപേക്ഷിക്കാനൊരുങ്ങിയതിന് തെളിവില്ല. കവി, ആ മരണം കവിതകളെ തന്റെ കൈപിടിച്ചു മാത്രം നടക്കാന്‍ നിര്‍ബ്ബന്ധിച്ചു. താന്‍ വരച്ച ലക്ഷ്മണരേഖയുടെ പുറത്ത് സഞ്ചാരം നിരോധിച്ചു. സ്വന്തം കവിതകളെക്കുറിച്ചുള്ള അവസാന വാക്ക് പറയാനുള്ള അധികാരം തനിക്കാണ്, തനിക്കു മാത്രമാണെന്നു വെറുതെ വിശ്വസിച്ച് പോരുകയും ചെയ്തു. എന്നാല്‍, കവിയുടെ മരണാനന്തരം കവിത അതിന്റെ കര്‍ത്തൃഭുജശാഖി വിട്ട് വായനയുടെ അസീമ വിസ്തൃതമായ വിഹായസ്സില്‍ ചിറക് വിടര്‍ത്തുമെന്ന്, പ്രിയ കവി അക്കിത്തത്തിന്റെ വേര്‍പാടിന്റെ ഈ മുഹൂര്‍ത്തത്തില്‍ ആ കവിതകളെക്കുറിച്ചുള്ള ഈ ചെറുകുറിപ്പിന്റെ തുടക്കത്തില്‍ത്തന്നെ എഴുതാതിരിക്കാനാവില്ല. ഇവിടെ കവികളെ അവഗണിച്ച്, കവിത മാത്രം പരിഗണിക്കുന്ന പാരമ്പര്യം കാലേ പുഷ്‌കലമായിരുന്നു എങ്കിലും യൂറോപ്പില്‍ സാഹിത്യകൃതികളെ അവയ്ക്ക് പിന്നിലുള്ള കവി വ്യക്തിത്വങ്ങളുടെ വെളിച്ചത്തില്‍ വിശകലനവിധേയമാക്കുന്ന ശീലവും ശൈലിയും പുലര്‍ന്നിരുന്നു. 'കവികളുടെ ജീവിതങ്ങള്‍' ('Lives of Poet's') എന്ന ഡോ. സാമുവല്‍ ജോണ്‍സണ്‍ന്റെ പ്രശസ്ത കൃതിയാണ് അവിടെ ഈ മാതൃകയ്ക്ക് തുടക്കമിട്ടത്. കവിയുടെ ചെലവില്‍ കവിത വായിക്കുന്ന ഈ രീതിയുടെ മഹാനായ പ്രയോക്താവായിരുന്നു സാന്റ്‌മ്പോവ് (Sainte Beuve). ഫ്രോയിഡും അനുയായികളും ഈ വ്യാഖ്യാനരീതിയെ കൂടുതല്‍ കൃത്യമാക്കുകയും വ്യവസ്ഥാനുസൃതമാക്കുകയും ചെയ്തു.

അക്കിത്തം തന്റെ ജീവിതത്തിന്റെ വളവുതിരിവുകളില്‍ വച്ച് സ്വീകരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത നിലപാടുകളോടിണക്കിവച്ച് ആ കവിതകള്‍ക്കു മാര്‍ക്കിടാനുള്ള പാഴ്ശ്രമങ്ങള്‍ക്കിനി പ്രസക്തിയില്ലെന്നുതന്നെയാണ് പറഞ്ഞുവന്നത്. അക്കിത്തത്തിന്റെ വിവാദഗ്രസ്തവും അതുകൊണ്ടുതന്നെ കൂടുതല്‍ വിഖ്യാതവുമായ കവിത 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മാണ്. സത്യത്തില്‍ അത് ഒരു കവിതയുടെ സംജ്ഞാനാമത്തിനപ്പുറം ആ കാവ്യ സമഗ്രതയുടെ സാമാന്യനാമം തന്നെയാവുന്നു. പരിണാമരമണീയമായ പോയ നൂറ്റാണ്ടിന്റെ ബ്രഹദ് കഥാഖ്യാന(Grand narrative)മാണ് ആ രചനാ സാകല്യമെന്ന്, അക്കിത്തം കവിതകളുമായി മുഖപരിചയമുള്ള ആരും സതിക്കുന്ന കാര്യമാണ്.

യുഗസംക്രമങ്ങള്‍ക്കു സാക്ഷ്യംവഹിക്കേണ്ടിവരുന്ന കുലകൂടസ്ഥന്മാരും ഗണനാഥരുമായ മഹാപുരുഷന്മാരുടെ ചിത്തവിക്ഷോഭങ്ങളേയും ധര്‍മ്മസങ്കടങ്ങളേയും പറ്റി മഹാഭാരതം പോലുള്ള ഇതിഹാസ കാവ്യങ്ങള്‍ പാടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലെ കേരളം, ഇതിഹാസമാനമുള്ള ഒരു യുഗപരിവര്‍ത്തനത്തിനു സാക്ഷ്യംവഹിക്കുകയുണ്ടായി. പുതുകാലം കെട്ടഴിച്ചുവിട്ട കാറ്റില്‍ 'അനാചാരമണ്ഡലഛത്ര'ങ്ങള്‍ പറിഞ്ഞുകീറുകയും പറന്നുപോവുകയും ചെയ്തു. നമ്പൂതിരി മേധാവിത്വവും നാടുവാഴിത്തവും ഉലയുക മാത്രമല്ല, തുലയുക തന്നെ ചെയ്തു. ''ഇടിമുഴക്കങ്ങള്‍ സ്വര്‍ഗ്ഗങ്ങളെ ഇളക്കിമറിക്കുക''യും ''പൊട്ടിത്തെറികള്‍ ഭൂമിയുടെ അടിവേരുകളെ പിടിച്ചുലയ്ക്കുക''യും (Prometheus Unbound Aeschylus) ചെയ്ത ആ മഹാസന്ദര്‍ഭത്തിന്റെ സംഘര്‍ഷങ്ങളും സംത്രാസങ്ങളും അക്കിത്തം കവിതകളുടെ അരങ്ങില്‍ പല വടിവുകളില്‍ വന്നുപോകുന്നുണ്ട്. പാരമ്പര്യത്തെ ഭജിക്കാനും ഭഞ്ജിക്കാനുമുള്ള വിപരീത വാസനകളുടെ സംഗ്രാമ രംഗമായി മാറിയ കാലചേതനയുടെ ഭാവഘടനയും ഭാഷാശില്പവുമാണ് ആ കവിതകള്‍. ''അഴിക്കാന്‍ ഞാനഴിച്ചിട്ടു/മുണ്ടിപ്പൂണൂല്‍ പലപ്പഴും/അഴിഞ്ഞിട്ടില്ലതെന്‍ സൂക്ഷ്മ/ ശരീരത്തിങ്കലിപ്പഴും'' -എന്നെഴുതുമ്പോള്‍ അഭിജാതനായതില്‍ അഭിമാനിക്കുമ്പോള്‍ത്തന്നെ ആധുനികനാവാന്‍ അഭിലഷിക്കുകയും ചെയ്യുന്ന അക്കാലത്തെ മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ സംഘര്‍ഷ സങ്കുലമായ മനോനിലയാണ് അക്കിത്തം പ്രകാശിപ്പിക്കുന്നത്.

''രണ്ടുമൂന്നാനകള്‍, വില്ലീസണിക്കാള-/ വണ്ടികള്‍, പുത്തന്‍ കഥകളിക്കോപ്പുകള്‍/കട്ടിലില്‍/ക്കെട്ടിയ പട്ടുമേലാപ്പുകള്‍/തട്ടില്‍നിന്നാടിക്കളിക്കും ഗുളോപ്പുകള്‍/............/വാലിയക്കാരും വഴിപോക്കരും ചേര്‍ന്നു/ കാലഘട്ടത്തിന്‍ പ്രതാപവും പ്രൗഢിയും/ഉണ്ണാനറിയില്ല കര്‍ക്കിടമാസത്തി-/ലെന്നമട്ടയ്യോ, തകര്‍ന്നുപോയില്ലയോ?''- എന്ന ഭൂപ്രഭുവിനാശവും,'' കരിയിന്‍മേല്‍ കൂന്നുനിന്നു-/ചലിപ്പൂ താന്തകര്‍ഷകന്‍/അവന്റെ കട്ടിനിഴലു-/ണ്ടെന്റെ മാനസഭിത്തിയില്‍/അവന്റെ നെടുവീര്‍പ്പല്ലോ/നെല്ലോലകളവയ്ക്കുമേല്‍/ഉയരും കുലതന്‍ക്കുണ്ണി-/ലൂറും രക്തകണങ്ങളും/അവ ഭക്ഷിച്ചുപോരുന്ന-/തവനല്ലെന്ന വാസ്തവം/അറിഞ്ഞ ദിവസം കെട്ടു-/പോയെന്‍ കരളിലമ്പിളി'', -ഒപ്പം കര്‍ഷകജീവിതത്തിന്റെ വിലാപവും കവിതയില്‍ തുല്യമായ അനുപാതത്തില്‍ പരിചരിക്കപ്പെടുന്നുണ്ട്.

അടയാളപ്പെടുത്തുന്നു കീഴാളജീവിതങ്ങള്‍

'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'ത്തിലെ 'പാതാള'മെന്ന ഖണ്ഡത്തിലെ കമ്യൂണിസ്റ്റ് ഉപാലംഭവും, 'ഒടുവിലീയെമ്മസ്സും ദില്ലിയില്‍ സര്‍ക്കാരേറോപ്ലെയിനിലിറങ്ങവെ, പൊങ്ങി നിന്‍ ധന്യോഛ്വാസം/കരയുന്തിയ തഴമ്പന്നല്ലോ നവയുഗക്കതിരിന്‍ മണിക്കനമറിഞ്ഞു മലനാട്ടില്‍'' എന്ന് കമ്യൂണിസത്തിന്റെ നിസ്വവര്‍ഗ്ഗാഭിമുഖ്യത്തിന് മലയാള കവിത കുറിച്ച സാക്ഷ്യപത്രം പോലുള്ള വരികളും ഇടകലര്‍ന്നു കാണുന്നു. ആളുകള്‍ക്ക് തന്നിഷ്ടം പോലെ ഈ കവിയെ, ഏതു പേരിട്ടു വിളിക്കാനും ഏത് കക്ഷിയിലും പെടുത്താനും സ്വാതന്ത്ര്യമുണ്ടാവാം. എന്നാല്‍, ആ കവിതകളെ ഏതെങ്കിലുമൊരു കുറ്റിയില്‍ ആര്‍ക്കും കെട്ടിയിടാനാവില്ല. വിപരീതങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ഈ ഘടനയും ഇതിഹാസ ശൈലിയെ അനുസ്മരിപ്പിക്കുന്നുണ്ട്.

പ്രാചീന ഇതിഹാസങ്ങളും ഈ ആധുനിക ഇതിഹാസവും (അക്കിത്തത്തിന്റെ കവിതകളും) തമ്മില്‍ സാദൃശ്യമെന്നപോലെ കണ്ണില്‍ തറയ്ക്കുന്ന വ്യത്യാസവുമുണ്ട്. ഇതിഹാസങ്ങളില്‍ പ്രായേണ കാലത്തിന്റേയും സ്ഥലത്തിന്റേയും സുവിശാലമായ കാന്‍വാസില്‍ വലിയ അളവുകളില്‍ വരഞ്ഞിട്ട വലിയ മനുഷ്യരുടെ ചിത്രങ്ങളാണുള്ളത്. എന്നാല്‍, അക്കിത്തത്തിന്റെ കവിതകള്‍ ചെറിയ ലോകത്ത് വ്യാപരിക്കുന്ന ചെറിയ മനുഷ്യരെയാണ് മിഴിവോടെ അടയാളപ്പെടുത്തുന്നത്. രാമനും കൃഷ്ണനും രാവണനും കീചകനുമൊന്നുമല്ല, കറുപ്പനും ('കറുപ്പന്‍') കുട്ടപ്പനും ('കുട്ടപ്പന്‍ എന്ന കോമരം') ഉണ്ണീരിയും ('പശുവും മനുഷ്യനും') കാളിയും ചക്കിയും ('കാളി') നീലിയും ചക്കനും ('തൊയിരം വേണം') കരുവാന്‍ കുഞ്ഞൂട്ടിയും ('ഇറുമ്പിന്റെ കണ്ണുനീര്‍') വളവിങ്കല്‍ മൂസയും ('നീലിയാട്ടിലെ തണ്ണീര്‍പ്പന്തല്‍') അടക്കമുള്ള 'ഊഴിയില്‍ച്ചെറിയവരുടെ' അപൂര്‍വ്വവും അസാധാരണവുമായ ഒരിതിഹാസ കല്പനയാണ് അക്കിത്തത്തിന്റെ കവിതകളില്‍ നാം കാണുന്നത്. അതുവരെ അദൃശ്യരും നിശ്ശബ്ദരും ആയിരുന്ന കീഴാള ജനത, ചരിത്രത്തിന്റെ രംഗപുരോഭാഗത്തേയ്ക്ക് കടന്നുവന്ന, പരാമൃഷ്ടമായ ആ കാലം തന്നെയാണ് ഇതിഹാസ സങ്കല്പങ്ങളെ ഇങ്ങനെ കീഴ്മേല്‍ മറിച്ചതെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ.

എന്നാല്‍, 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ'മെന്ന് കവി തന്നെ നാമകരണം ചെയ്ത് പുറത്തിറക്കിയ സവിശേഷ ഖണ്ഡകവിതയില്‍, ഇതിഹാസ കവിസഹജമായ നിഷ്പക്ഷ വീക്ഷണം സമ്പൂര്‍ണ്ണമായും കൈവെടിഞ്ഞും എല്ലാ അനുപാതങ്ങളും അട്ടിമറിച്ചും കവിതയിലെ ആഖ്യാതാവ്, സ്വപക്ഷമേതെന്നു പരസ്യപ്പെടുത്താന്‍ മുതിര്‍ന്നിരിക്കുന്നു. കൃതിയില്‍നിന്ന് പ്രതീയമാനമാകുന്ന വസ്തുനിഷ്ഠമായ പക്ഷപാത (objective partisanship)ത്തിനു പകരം കടുത്ത ആത്മനിഷ്ഠമായ കക്ഷിപക്ഷപാതം (subjective partisanship) കാവ്യശരീരത്തിന്റെ വെളിയിലേക്കുന്തിനില്‍ക്കുന്ന അജൈവഘടനയായി ആ കവിതയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട ്. 1952-ലാണ് ആ കവിത വെളിച്ചം കണ്ട ത്. നിരോധിക്കപ്പെട്ടതിനാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സ്വയം വെളിപ്പെടുത്താനാവാത്ത, '48-'52 കാലത്ത്, കമ്യൂണിസത്തിനെതിരെയുള്ള അപവാദവ്യവസായത്തിന് അളവറ്റ, അതിരറ്റ സ്വാതന്ത്ര്യവും അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനവുമുണ്ടായിരുന്നു. അക്കാലത്ത് 'മാതൃഭൂമിയില്‍' വന്നിരുന്ന വാര്‍ത്തകള്‍ വളരെ 'ഡാമേജിങ്ങ്' ആയിരുന്നു''വെന്ന് അക്കിത്തം എന്നോടൊരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ സൂചിപ്പിക്കുകയുണ്ടായി. അധീശവര്‍ഗ്ഗബോധത്തെ ജനങ്ങളുടെ സാമാന്യബോധമായി മാറ്റുകയാണ് പത്രങ്ങളടക്കമുള്ള പ്രത്യയശാസ്ത്ര സംവിധാനങ്ങള്‍ ചെയ്യുന്നതെന്ന് അന്റോണിയോ ഗ്രാംഷിയുടെ ഒരു നിരീക്ഷണമുണ്ടല്ലോ. സാമാന്യ ബോധത്തിനകത്താണ് കവി അയാളുടെ ജീവിതം ജീവിക്കുന്നത്, ആ ജീവിതം 'തഥ്യ' അല്ല, 'മിഥ്യ' (illusion) ആണെന്ന് 'പിയറി മഷേറെ' പറയുന്നുണ്ട്. എന്നാല്‍, കവിത സാമാന്യ ബോധത്തില്‍നിന്ന് പുറത്തുകടന്ന് വിശേഷ ബോധത്തിന്റെ പടിവാതില്‍ക്കലോളം സഞ്ചരിച്ചെത്തുന്നു. 'മഷേറെ' ഇതിനെ 'കല്പന' (fiction) എന്നു വിളിക്കുന്നു. എന്നാല്‍, 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' സാമാന്യ ബോധത്തിന്റെ തടവറ ഭേദിച്ച് പുറത്തുകടക്കുന്നതിനു പകരം അതൊരു മണിയറയാണെന്ന മൗഢ്യത്തില്‍ അതിനകത്തു തന്നെ ചടഞ്ഞുകൂടാന്‍ മുതിര്‍ന്നു കാണുന്നു. അതുകൊണ്ട് ആ കവിത അക്കിത്തത്തിന്റെ കാവ്യസമൂഹത്തില്‍ ഒരപവാദമായി അപഭ്രംശമായി, കവിക്ക് തിരുത്താനാവാതെ പോയ കൈപ്പിഴയായി ബാക്കിയാവുകയും ചെയ്തു. ആ കവിതയുടെ പേരില്‍ കവിയെ വന്ദിക്കുന്നതും നിന്ദിക്കുന്നതും സാഹിത്യാഭിരുചിയുടെ ബാലചാപല്യമാണെന്ന് ആളുകളിപ്പോള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

അക്കിത്തം/ ഫോട്ടോ: കണ്ണൻ സൂരജ്
അക്കിത്തം/ ഫോട്ടോ: കണ്ണൻ സൂരജ്

''വെളിച്ചം ദുഃഖമാണുണ്ണീ/തമസ്സല്ലോ സുഖപ്രദം''
എന്ന അക്കിത്തത്തിന്റെ ഏറെ ഉദ്ധരിക്കപ്പെടുകയും വിവാദങ്ങളും വിമര്‍ശനങ്ങളും ഉണര്‍ത്തി വിടുകയും ചെയ്ത വരികളും ഒരു പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്. ദുഃഖം വെളിച്ചമാണ്, സുഖം തമസ്സാണ് എന്നൊരദിദര്‍ശനം ഈ ഈരടികളില്‍ ചിറകടിക്കുന്നുണ്ട്. ''ഏതൊന്നിന് തുല്യം പരിപാവനമായ് അശ്രുസൂര്യനല്ലാതെ'' എന്ന് മറ്റൊരിടത്ത് 'അശ്രു'വും 'സൂര്യനും', ദുഃഖവും വെളിച്ചവും ഒന്നുതന്നെയാണെന്ന് പറയുന്നുണ്ട്. ''ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ/ഉദിക്കയാണെന്നാന്മാവില്‍ ആയിരം സൗരമണ്ഡലം'' എന്നിങ്ങനെ മറ്റൊരിടത്ത് 'അശ്രു' സഹസ്രസൂര്യ പ്രഭ ചൊരിയുന്നുണ്ട്. പരസുഖാര്‍ത്ഥം ദുഃഖം ഏറ്റുവാങ്ങുമ്പോഴാണ്, മറ്റുള്ളവര്‍ക്കായ് കണ്ണീര്‍ പൊഴിക്കുമ്പോഴാണ്, മുള്‍ക്കിരീടം അണിയുമ്പോഴും കുരിശിലേറുമ്പോഴുമാണ് ജീവിതത്തിന്റെ ഇരുള്‍ക്കയങ്ങളില്‍ രവികിരണങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നതെന്ന് ആ കാവ്യലോകത്ത് ചിതറിക്കിടക്കുന്ന സൂചനകള്‍ ചേര്‍ത്തു വെയ്ക്കുമ്പോള്‍ സുവ്യക്തമാവുന്നുണ്ട്. ത്യാഗം (ദുഃഖം) തേജസ്സാവുമ്പോള്‍ ഭോഗം (സുഖം) തമസ്സു തന്നെയെന്നാണ് പറയുന്നത്. അപ്പോള്‍ തന്റെ തലമുറയിലെ മറ്റു മഹാകവികളായ 'ജി'യുടേയും ചങ്ങമ്പുഴയുടേയും വൈലോപ്പിള്ളിയുടേയും ഇടശ്ശേരിയുടേയും ഒ.എന്‍.വിയുടേയും വാങ്മയങ്ങളെന്നോണം അക്കിത്തത്തിന്റെ കവിതകളും 'ആത്മ'ത്തിനല്ല 'പര'ത്തിനാണ്, 'അഹ'ത്തിനല്ല 'സമൂഹ'ത്തിനാണ് പ്രഥമ പരിഗണനയെന്ന സാമ്യവാദത്തിന്റെ തൂവെളിച്ചത്തില്‍ സ്‌നാനപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com