'മക്കളാല്‍ തോല്‍പ്പിക്കപ്പെടുന്നത് ആ 'അച്ഛന്‍' മാത്രമല്ല, അച്ഛന്മാരാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍ കൂടിയാണ്'

പിറക്കുന്നുണ്ടെങ്കില്‍ നല്ല തന്തക്ക് പിറക്കണം'' എന്നത് സംവാദത്തിന്റെ ഒരു ടേണിങ്ങ് പോയന്റില്‍ പലരും  എടുത്തിടുന്ന ഒരു തുറുപ്പുചീട്ടാണ്
കോടിയേരി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണൻ

''പിറക്കുന്നുണ്ടെങ്കില്‍ നല്ല തന്തക്ക് പിറക്കണം'' എന്നത് സംവാദത്തിന്റെ ഒരു ടേണിങ്ങ് പോയന്റില്‍ പലരും  എടുത്തിടുന്ന ഒരു തുറുപ്പുചീട്ടാണ്. എന്താണ് 'നല്ല തന്തയുടെ' നിര്‍വചനം എന്നു ചോദിച്ചാല്‍ പെട്ടുപോവുകയും ചെയ്യും. വി.എസ്. അച്യുതാനന്ദന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിയിരുന്ന കെ. സുരേഷ്‌കമാര്‍ ഐ.എ.എസിന്റെ മകന്‍ അനന്തു സുരേഷ് കുമാര്‍ എഴുതിയ ഫെയ്സ് ബുക്ക് കുറിപ്പ് പോസ്റ്റില്‍ 'നല്ല അച്ഛന്‍' എന്ന പിതൃ ആരാധന നിറഞ്ഞു നില്‍ക്കുന്നുണ്ട്. അത്രയും നല്ലത്. പല കാരണങ്ങളാല്‍ മലയാളികളുടെ ഹൃദയം കവര്‍ന്ന ഐ.എ.എസ് ഓഫിസറാണ് കെ. സുരേഷ് കുമാര്‍. സാധാരണ മനുഷ്യരുടെ അടിത്തട്ടനുഭവങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന അനുഭാവം ഏറെ ഉയര്‍ന്നുനില്‍ക്കുന്നു. നല്ല അച്ഛന്റെ നല്ല മകന്‍ എന്ന സൂചനകള്‍ ധാരാളമടങ്ങിയതാണ് ആ കുറിപ്പ്.  'മോശം അച്ഛന്‍'  'മോശം  മകന്‍' എന്ന്  'ധ്വനി'പ്പിക്കുന്ന വിധത്തില്‍ ചില പിതാക്കന്മാരുടേയും പുത്രന്‍മാരുടേയും പേര് കൂടി ആ കുറിപ്പിന്റെ ഒടുവില്‍ എടുത്തുപറയുന്നുണ്ട്. താരതമ്യത്തിന്റെ അപകടകരമായ ഒരു മനോഭാവം അവിടെയുണ്ട്. മറ്റു ചിലരോട് താരതമ്യപ്പെടുത്തുമ്പോള്‍ 'കണക്കില്‍ ആ കുട്ടിയേക്കാള്‍ എനിക്ക് മാര്‍ക്കുണ്ട്' എന്നു പറഞ്ഞ് അഭിമാനപുളകിതനാവുന്ന  ഒരു കുട്ടിയുടെ മനസ്സാണ് പ്രതിഫലിക്കുന്നത്. കണക്കില്‍ മാര്‍ക്ക് കുറഞ്ഞ മറ്റേ കുട്ടിക്ക് മലയാളത്തില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു. അച്ഛന്റെ പേര് പറയുമ്പോള്‍ ആദരവ് കിട്ടുന്നത് ഏതു കുട്ടിയും ആഗ്രഹിക്കുന്നതാണെങ്കിലും, 'മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടാന്‍' ആഗ്രഹിക്കുന്നു എന്നതും സവര്‍ണ്ണ യുക്തിയാണ് എന്നും കാണാതിരുന്നുകൂടാ. 

കോടിയേരി ബാലകൃഷ്ണനുമായി ബന്ധപ്പെട്ട് 'അച്ഛന്‍/മകന്‍' രാഷ്ട്രീയം പൊതുമണ്ഡലത്തില്‍ വീണ്ടും സജീവമായിരിക്കയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത് പാര്‍ട്ടി ശത്രുക്കള്‍ക്ക് ഒരു പ്രചാരണ വിഷയമാണ് എന്നതില്‍ ഒട്ടും സംശയമില്ല. ഇങ്ങനെയൊരു സംഭവം മറ്റൊരു പാര്‍ട്ടിയിലാണെങ്കില്‍ സി.പി.എമ്മിനും അത് ഒന്നാന്തരമൊരു പ്രചാരണ വിഷയമാണ്.

എന്നാല്‍, അനന്തു സുരേഷ് കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് മറ്റു ചില കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. നല്ല അച്ഛന്‍/നല്ല മകന്‍ ഈ വക സ്വയം ആലോചനകളിലേക്ക് അത് കടത്തിവിടുന്നു. നാം നല്ല അച്ഛന്മാരാണോ?
രണ്ടു കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ 'വ്യക്തിപരമായി'  എന്നെക്കുറിച്ചുള്ള  സ്വയം വിലയിരുത്തല്‍, വളരെ 'മോശം പിതാവാണ് ഞാന്‍' എന്ന ആത്മവിശകലനത്തിലാണ് എത്തിക്കുന്നത്. ഒരു മോശം അച്ഛന്റെ ആറ് ലക്ഷണങ്ങള്‍ ഞാന്‍ പ്രകടിപ്പിക്കുന്നു.

സുരേഷ് കുമാർ
സുരേഷ് കുമാർ

മോശം അച്ഛന്റെ ആറ് ലക്ഷണങ്ങള്‍

ഒന്ന്: എന്റെ മകള്‍/ഏഴാം ക്ലാസ്സുകാരി  എന്നോട് ദേഷ്യപ്പെടുമ്പോള്‍ ഞാന്‍ തിരിച്ചു ദേഷ്യപ്പെടുക മാത്രമല്ല, ചിലപ്പോള്‍ അടിക്കുകയും ചെയ്യുന്നു. ഏറെ കുറ്റബോധമുണ്ടാക്കുന്ന ഒരു സംഗതിയാണത്. ഇന്നലെ മൂന്നു മാസം മുന്‍പ്  മാത്രം വാങ്ങിയ ടാബ്  അവളുടെ കയ്യില്‍നിന്ന് അബദ്ധത്തില്‍ വീണ് സ്‌ക്രീന്‍ പൊട്ടി. ആദ്യം നിശ്ശബ്ദനായി നോക്കിനിന്ന് ക്ഷോഭമടക്കിയെങ്കിലും, 'ഞാനായി അത് നന്നാക്കിത്തരില്ല' എന്നു പറഞ്ഞപ്പോള്‍, ''അതിന് ഉപ്പാന്റെ പൈസകൊണ്ട് വാങ്ങിയതല്ല, ഞങ്ങള്‍ക്ക് കിട്ടിയ പെരുന്നാള്‍ പൈസ കൊണ്ടു വാങ്ങിയതല്ലേ, ഞങ്ങള്‍ തന്നെ നന്നാക്കിക്കോളാം,'' എന്ന് അവള്‍ പറഞ്ഞപ്പോള്‍, 'അഭിമാനക്ഷതം' വന്ന ഒരു പുരുഷന്‍/പിതാവായി ഞാനവളെ അടിച്ചു. സ്വന്തം പൈസകൊണ്ട് ടാബ് വാങ്ങുക എന്നത് അവരുടെ തന്നെ ഒരു ആഗ്രഹമായിരുന്നു. മകളെ അടിച്ച കാര്യം ഉമ്മയോട് പറഞ്ഞപ്പോള്‍, ഉമ്മ ചോദിച്ചു: ''നിന്റെ കയ്മന്നാണ് ഫോണ്‍ വീണ് പൊട്ടിയതെങ്കില്‍ നിന്നെ ആരെങ്കിലും അടിക്കോ? നീ വല്യ ആണ്ങ്ങളല്ലേ?''

മാരകമായി കുറ്റബോധമുണ്ടാക്കുന്ന ആ പരാമര്‍ശം കേട്ട ഉടന്‍ ഞാന്‍ മകളോട് മാപ്പ് പറഞ്ഞു.

രണ്ട്: കുട്ടികളെ അഭിനന്ദിക്കാന്‍ മടിക്കുന്നു. സ്വന്തം മക്കളെ പ്രത്യേകിച്ചും. ഒരു ചിത്രം വരച്ചു വന്നാല്‍, ''ഓ, എന്തൊരു ബോറ്'', ''കച്ചറ'' എന്നു പറയുന്നു. ഉപ്പയാല്‍ പ്രശംസിക്കപ്പെടാന്‍ ചെറിയ അവസരം മാത്രം കിട്ടുന്ന മകള്‍. ലാളിച്ചു വളര്‍ത്തുന്ന കുട്ടി ഒരു  മോശം കുട്ടിയാവുമോ? വേണ്ടത്ര സര്‍ഗ്ഗാത്മകതയില്ലാത്ത ഒരു കാര്യത്തിന് അമിതമായി പ്രശംസിക്കപ്പെടുമ്പോള്‍, 'ശരിക്കും പ്രശംസിക്കപ്പെടേണ്ട' സര്‍ഗ്ഗാത്മകതയിലേക്ക് അവര്‍ ഒരിക്കലും എത്തിച്ചേരുകയില്ല. മക്കളെ പ്രശംസിക്കാത്ത അച്ഛന്മാര്‍, മക്കള്‍ക്ക് കഠിനമായ നിരാശയാണ് നല്‍കുന്നത്. അല്ലെങ്കിലും ''അച്ഛന്മാര്‍ മഹാബോറന്മാരാണ്'' എന്ന് എസ്. സിതാര മുന്‍പ് പറഞ്ഞിട്ടുണ്ട്.

മൂന്ന്: ഒരിക്കലും ഞാനവള്‍ക്ക് മുടി ചീകി പേനെടുത്തു കൊടുക്കുന്നില്ല. ഇത് വളരെ ബാലിശമായി തോന്നാമെങ്കിലും 'പെണ്‍കുട്ടികളുള്ള അമ്മ'മാര്‍ ചെയ്യേണ്ടിവരുന്ന ഒരു സല്‍ക്കര്‍മ്മമാണത്. ഒരച്ഛന്‍ എന്ന നിലയില്‍ നമ്മള്‍ പരാജയപ്പെടുന്ന ഒരു സ്ഥലമാണത്. മകളുടെ /ഭാര്യയുടെ തല ചീകാന്‍ നാം സമയം കണ്ടെത്താറില്ല.

നാല്: രണ്ട് കുട്ടികളില്‍ ഇളയവനോട് എനിക്ക് പ്രത്യക്ഷത്തില്‍ത്തന്നെ സ്നേഹം കൂടുതലുണ്ട്. അവന്‍ ഇളയവനാണ്. ''നിന്റെ ബാല്യത്തിലെ ഏകാന്തതയെ പരിഹരിക്കുന്നത് അവനാണ്'' എന്ന് സാഹിത്യം കലര്‍ത്തി പറഞ്ഞാലും, അത് പ്രത്യക്ഷത്തില്‍ത്തന്നെ ഒരു പക്ഷപാതിത്വമാണ്. ഇളയത്, ഏറ്റവും ചെറിയവന്‍ - ഈ പരിഗണനകള്‍, അവന്റെ എല്ലാ കുസൃതികളേയും സാധുവാക്കുന്നു. ഒരു  അച്ഛന്‍ ഒരു കുട്ടിയോട് മാത്രം കൂടുതല്‍ പക്ഷപാതിയാവുന്നത് ഒരിക്കലും നീതീകരിക്കാവുന്നതല്ല. സംശയമില്ല, ഞാനൊരു മോശം അച്ഛനാണ്.

അഞ്ച്: കുസൃതി, വികൃതി - ഇത് രണ്ടും തിരിച്ചറിയുമ്പോഴേക്കും വൈകുന്നു. മക്കളുടെ കുസൃതിയെയാണ് പലപ്പോഴും 'കുരുത്തക്കേടായി' കണ്ട് 'കലമ്പു'ന്നത്. 'മക്കളെ കലമ്പുന്ന ജീവി'യാണ് ഞാന്‍. മക്കളെ കുസൃതികളുടെ കാര്യത്തില്‍ കലമ്പുമ്പോള്‍ നമ്മള്‍ സ്വന്തം കുട്ടിക്കാലം ഒറ്റയടിക്കു മറക്കുന്നു.

കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പ്രദര്‍ശിപ്പിക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. ശരിക്കും നാമവരുടെ കണ്‍സെന്റ് വാങ്ങാതെയാണ് ചിലപ്പോഴത് ചെയ്യുന്നത്. മിക്കവാറും എല്ലാ സോഷ്യല്‍ മീഡിയാ പിതാക്കന്മാരും ചെയ്യുന്ന ഈ സ്നേഹം നിറഞ്ഞ പ്രദര്‍ശനപരത  പരിശോധിക്കപ്പെടേണ്ടതാണ്. ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ റാസ ബീഗം ദമ്പതിമാരുടെ മകള്‍ പാടിയ പാട്ട് ഏറെ ഹൃദ്യമായിരുന്നു. എല്ലാവരും അതേറ്റു പാടി. പിന്നീട് 'ഇത്ര മില്യണ്‍' ആളുകള്‍ കണ്ട പാട്ട്  എന്ന് ടാഗ് ചെയ്യുമ്പോള്‍ അത് മാര്‍ക്കറ്റിങ്ങ്/പാരന്റിങ്ങ് ആയി. ഭൂമിയില്‍ രണ്ടു പേര്‍ മാത്രം കണ്ടാല്‍പ്പോലും അത് മനോഹരമായ പാട്ടാണ്. 'പ്രശസ്തി' ആ കുഞ്ഞു പ്രതിഭയ്ക്ക് നല്‍കുന്ന ബാധ്യത ഏറെ വലുതായിരിക്കും. അടുത്ത പാട്ട് ഇത്രയും മില്യണ്‍ കണ്ടില്ലെങ്കില്‍? ഒരു കുഞ്ഞു പ്രതിഭയേയും നമ്മള്‍ 'സൂപ്പര്‍ ഹിറ്റ് പ്രതിഭ'യായി അവതരിപ്പിക്കരുത്. അത്തരം അവതരണങ്ങള്‍ നാം അവരോട് ചെയ്യുന്ന അനീതിയാണ്. 'തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക' എന്നു പറയുന്നത് ഇത്തരം പ്രവണതകളെക്കൂടിയാണ്. കുട്ടികള്‍ എന്തു പാടിയാലും മനോഹരമാണ്. 

ലോകത്തെ ഏറ്റവും മനോഹരവും ക്ലേശം നിറഞ്ഞതുമായ 'പാരന്റിങ്ങ്' ഒരു 'മാതൃകല'യാണ്. ഒടുവില്‍, ഒരു പിതാവ് എന്ന നിലയില്‍ ഞാന്‍ തിരിച്ചറിയുന്ന കാര്യം, സ്ത്രീകള്‍/ഭാര്യമാര്‍ മക്കളെ കൂടാതെ അവരുടെ ഭര്‍ത്താക്കന്മാരേയും 'പരിചരിക്കുന്നു' എന്നതാണ്. വ്യക്തി എന്ന നിലയില്‍ ഏറ്റവും പരിതാപകരമായ ഒരു പതനമാണത്. രാവിലെ ഒരു ചായ പോലും ഞാനവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നില്ല. അച്ഛന്‍/ഭര്‍ത്താവ് എന്ന നിലയില്‍ ഞാന്‍ വമ്പിച്ച പരാജയമാണ്.

നാളെ 'ഞാന്‍ ഇന്ന'യാളുടെ മകനാണ്/മകളാണ് എന്നു കേട്ടാല്‍ അഭിനന്ദിക്കപ്പെടരുത്. അച്ഛന്റെ പേരില്‍ അഭിനന്ദിക്കപ്പെടുന്നത് സന്തോഷകരമാണെങ്കിലും 'ബഹുമാനിക്കപ്പെടുന്നത്' എന്തായാലും, അത്ര നല്ല കാര്യമല്ല. നിന്ദിതരും പീഡിതരും ഉപേക്ഷിക്കപ്പെട്ടവരും എത്രയോ ഉള്ള ഈ ലോകത്ത് പ്രത്യേകിച്ചും.

ഇപ്പോള്‍ കോടിയേരിയില്‍ പലരും ആരോപിക്കുന്ന കാര്യം 'അമിതമായ പുത്ര വാത്സല്യമാണ്'. 'വാത്സല്യം' എങ്ങനെയാണ് ഒരു ചീത്തക്കാര്യമാവുന്നത്? അച്ഛനു മുന്നില്‍ മക്കള്‍ 'മുട്ടിടിച്ചു നില്‍ക്കേണ്ടി'വരുന്നത് ഒരു നല്ല കാര്യമല്ല. അച്ഛന്‍ നല്‍കുന്ന ഫ്രീഡം എങ്ങനെ 'ഉപയോഗിക്കുന്നു' എന്നതാണ് മൗലികമായ ചോദ്യം. അത് അച്ഛന്‍മാരുടെ പ്രശ്നമല്ല.

മക്കളുടെ മാത്രം പ്രശ്നമായിത്തന്നെയാണ് അഡ്രസ്സ് ചെയ്യേണ്ടത്. അതുകൊണ്ട് സഖാവ് കോടിയേരിയെ എനിക്കിഷ്ടമാണ്. വാത്സല്യം ഒരു അശ്ലീലമല്ല. മുരടനും വിരസനുമായ അച്ഛനേക്കാള്‍, വാത്സല്യമുള്ള അച്ഛന്‍ ഒരു പ്രതീകമാണ്. ഫ്രീഡം വാഗ്ദാനം ചെയ്യുന്ന അച്ഛന്‍, ഒരു 'രാഷ്ട്രീയ അച്ഛനാണ്.' ആ വാത്സല്യത്തിന്റെ രാഷ്ട്രീയം തിരിച്ചറിയുക, പൊളിറ്റിക്കല്‍ കറക്ട്‌നസ് ആവുക എന്നതാണ് അച്ഛന്മാരാല്‍ സ്നേഹിക്കപ്പെടുന്ന ഏതു മക്കളുടേയും അടിയന്തരമായ കര്‍ത്തവ്യം. അല്ലെങ്കില്‍, സ്നേഹിച്ചതിന്റെ പേരില്‍ മക്കളാല്‍  തോല്‍പ്പിക്കപ്പെടുന്നത് ആ  'അച്ഛന്‍' മാത്രമല്ല, അച്ഛന്‍മാരാല്‍ നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍  കൂടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com