വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

വാക്‌സിന്‍- ഭയത്തിന്റെ കച്ചവടസാദ്ധ്യതകള്‍

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്‌സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്

2011 നവംബറിലാണ് ഒരു ജര്‍മന്‍ ബയോളജിസ്റ്റും വൈറോളജിസ്റ്റുമായ ഡോ. സ്റ്റെഫാന്‍ ലാങ്ക (Dr.Stefan Lanka), മീസില്‍സ് എന്ന രോഗത്തിനു കാരണമായി പറയപ്പെടുന്ന വൈറസ് (Measles morbillivirus) യഥാര്‍ത്ഥത്തില്‍ ഉണ്ട് എന്നും അതിന്റെ വലിപ്പം (Diameter) ഇത്രയാണ് എന്നും തെളിയിക്കുന്ന ഒരു പഠനമെങ്കിലും ഹാജരാക്കുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ച് വെല്ലുവിളിച്ചത്. തുടര്‍ന്ന് 2012 ജനുവരിയില്‍ ജര്‍മനിയില്‍ത്തന്നെയുള്ള ഡോക്ടര്‍ ഡേവിഡ് ബാര്‍ഡന്‍സ് (Dr. David Bardens) ആറ് പഠനങ്ങള്‍ ഡോ. സ്റ്റെഫാന്‍ ലാങ്കയുടെ മുന്‍പില്‍ ഹാജരാക്കുകയും പാരിതോഷികം ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ഈ പഠനങ്ങള്‍ മീസില്‍സ് വൈറസ് ഉണ്ട് എന്നതിന് മതിയായ തെളിവുകളല്ല എന്നു ചൂണ്ടിക്കാട്ടി ഡോ. സ്റ്റെഫാന്‍ ലാങ്ക പാരിതോഷികം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കേസ് കോടതിയിലെത്തി. തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ കോടതി ഈ വൈറസ് വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വലിപ്പം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ അതിന്റെ രാസ-ജൈവ ഘടന കൃത്യമായി നിര്‍ദ്ധാരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും സംശയാതീതമായി തെളിയിക്കുന്ന പഠനങ്ങളല്ല വാദി ഹാജരാക്കിയത് എന്ന് വിധി പ്രസ്താവിക്കുകയും ചെയ്തു. 

ഡോ. സ്റ്റെഫാൻ ലാങ്ക
ഡോ. സ്റ്റെഫാൻ ലാങ്ക

ഒരു വൈറസ് രോഗകാരിയാണ് എന്നു തെളിയിക്കണമെങ്കില്‍ ഏറ്റവും പ്രാഥമികമായി രോഗബാധിതമായ ഒരു ശരീരത്തില്‍നിന്നും ആ വൈറസിനെ വേര്‍തിരിച്ചെടുക്കേണ്ടതുണ്ട്. ഇതു സാധിച്ചുകഴിഞ്ഞാല്‍ അതിന്റെ വലിപ്പം നിര്‍ണ്ണയിക്കുകയും അതിന്റെ ഒരു ചിത്രമെടുക്കുകയും (Eletcron Micrograph) ചെയ്യുക എന്നത് സാധ്യമാണ്. ഇങ്ങനെയൊരു പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആ വൈറസുമായി ബന്ധപ്പെട്ട തുടര്‍പഠനങ്ങള്‍ക്കു സാധ്യതയുള്ളു. മീസില്‍സ് വൈറസിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു പഠനം ഇതുവരെ ഉണ്ടായിട്ടില്ല എന്നുതന്നെയാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. അതായത് മീസില്‍സ് വൈറസ് കോക്കിന്റെ നിബന്ധനകള്‍ക്ക് (Koch's postulates) വിധേയമാകുന്നതല്ല എന്നു സാമാന്യേന പറയാം. അഥവാ, കൃത്യമായ പഠനങ്ങളും നേരിട്ടുള്ള തെളിവുകളുമാണ് സയന്‍സിന്റെ അടിസ്ഥാനം എന്ന് അംഗീകരിക്കുകയാണെങ്കില്‍ മീസില്‍സ് വൈറസ് എന്ന ഒന്നില്ല എന്നും പറയാം. 

റോബര്‍ട്ട് കോക്കിന്റെ നിബന്ധനകള്‍

ജര്‍മന്‍ മൈക്രോ ബയോളജിസ്റ്റായിരുന്ന റോബര്‍ട്ട് കോക്ക് (Heinrich Hermann Robert Koch) ആണോഗ്രകാരിയായ ഒരു സൂക്ഷ്മജീവിയും രോഗവും തമ്മിലുള്ള ബന്ധം നിര്‍ണ്ണയിക്കുന്നതിന് ആവശ്യമായ നിബന്ധനകള്‍ രൂപപ്പെടുത്തിയത്. ഈ നാല് നിബന്ധനകളാണ് കോക്കിന്റെ നിബന്ധനകള്‍ (Koch's postulates) എന്നറിയപ്പെടുന്നത്: 1) (രോഗകാരി- pathogen എന്നു കരുതപ്പെടുന്ന) സൂക്ഷ്മജീവികള്‍ രോഗബാധിതമായ ശരീരത്തില്‍ ധാരാളമായി ഉണ്ടായിരിക്കുകയും രോഗബാധിതമല്ലാത്ത ശരീരത്തില്‍ ഇല്ലാതിരിക്കുകയും വേണം 2) സൂക്ഷ്മജീവിയെ രോഗബാധിത ശരീരത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുകയും ഒരു 'കള്‍ച്ചറില്‍' വളര്‍ത്തുകയും വേണം. 3) ഇങ്ങനെ വളര്‍ത്തിയ സൂക്ഷ്മജീവികളെ ആരോഗ്യമുള്ള ഒരു ശരീരത്തില്‍ പ്രവേശിപ്പിച്ചാല്‍ ആ ശരീരത്തിന് രോഗബാധയുണ്ടാവണം. 4) രണ്ടാമത് രോഗബാധയുണ്ടായ ശരീരത്തില്‍നിന്നും ഈ സൂക്ഷ്മജീവിയെ വേര്‍തിരിച്ചെടുക്കുകയും ഇങ്ങനെ വേര്‍തിരിച്ചെടുക്കപ്പെടുന്ന സൂക്ഷ്മജീവികള്‍ ആദ്യത്തേതിനു സമാനമായിരിക്കുകയും വേണം. ഇവ തീര്‍ത്തും യുക്തമായ നിബന്ധനകളാണെന്നത് തീര്‍ച്ചയാണ്. 

റോബർട്ട് കോക്ക്
റോബർട്ട് കോക്ക്

ഈ നിബന്ധനകളനുസരിച്ച് ഒരു സൂക്ഷ്മജീവി രോഗകാരിയാണ് എന്ന് തീരുമാനിക്കപ്പെട്ടാല്‍ അതില്‍ സംശയത്തിന് അവകാശമില്ല. പക്ഷേ, മീസില്‍സ് വൈറസിന്റെ കാര്യത്തില്‍ ഇത്തരം പഠനങ്ങള്‍ നടന്നിട്ടില്ല എന്നു തന്നെയാണ് മേല്‍പ്പറഞ്ഞ കോടതിവിധി സൂചിപ്പിക്കുന്നത്. ഇത് മീസില്‍സ് വൈറസിന്റെ മാത്രം കാര്യമല്ല. എച്ച്.ഐ.വി വൈറസുമായി ബന്ധപ്പെട്ടും ഇതേ ചോദ്യമുയര്‍ന്നിട്ടുണ്ട്. പക്ഷേ, 1890-ല്‍ രൂപീകരിക്കപ്പെട്ട ഈ നിബന്ധനകള്‍ കാലഹരണപ്പെട്ടതാണെന്നും അതുകൊണ്ട് വൈറസുകളുടെ കാര്യത്തില്‍ ഇത്തരം നിബന്ധനകള്‍ പാലിക്കപ്പെടേണ്ടതില്ലെന്നുമുള്ള വളരെ വിചിത്രമായ ഒരു വാദമാണ് എച്ച്.ഐ.വി ഗവേഷണരംഗത്തെ പ്രമുഖരായിരുന്ന ഡോ. റോബര്‍ട്ട് ഗാലോ (Dr. Robert Galo), ഡോ. ലൂക്ക് മൊണ്ടാനിയേ (Dr. Luc Montagnier) തുടങ്ങിയവരുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് പ്രത്യക്ഷ പ്രമാണത്തെ മാത്രം ആധാരമാക്കുക എന്ന സയന്‍സിന്റെ അടിസ്ഥാന തത്ത്വത്തെ മാത്രമല്ല, സാമാന്യ ബുദ്ധിയേയും വെല്ലുവിളിക്കുന്ന വാദമാണ് എന്നതില്‍ സംശയമൊന്നുമില്ല. 

എച്ച്.ഐ.വി കോക്കിന്റെ നിബന്ധനകള്‍ അനുസരിക്കുന്നില്ല എന്നും കോക്കിന്റെ നിബന്ധനകള്‍ കാലഹരണപ്പെട്ടതാണെന്നും വിക്കിപീഡിയയും പറയുന്നുണ്ട്! എയ്ഡ്‌സ് ഗവേഷണത്തിന് ലൂക്ക് മൊണ്ടാനിയേയുമായി 2008- ലെ നൊബേല്‍ സമ്മാനം പങ്കിട്ട ഫ്രാങ്കോയിസ് ബാരേ സിനോസ്സി (Francoise Barre Sinoussi, Director, RRI, Institute Pasteur, France) 'ഒരു പുതിയ വൈറസിനെ കണ്ടെത്തുന്നതില്‍ (അഥവാ അങ്ങനെയൊരു വൈറസ് ഉണ്ട് എന്നു സ്ഥാപിക്കുന്നതില്‍) വൈറസിനെ വേര്‍തിരിച്ചെടുക്കുക (ശുദ്ധീകരിക്കുക) എന്ന പ്രക്രിയയ്ക്ക് എന്തു പ്രാധാന്യമാണുള്ളത്' എന്ന ചോദ്യത്തിന് മറുപടിയായി: ''ആന്റിബോഡി കണ്ടെത്തുന്നതിനുള്ള കിറ്റുകള്‍ തയ്യാറാക്കണമെങ്കില്‍ വൈറസിനെ ശുദ്ധീകരിച്ചെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം, ഈ കിറ്റുകള്‍ കൃത്യതയുള്ളതാവണമല്ലോ. ശുദ്ധീകരിക്കാത്ത വൈറസിനെ ഉപയോഗിച്ചാണ് ടെസ്റ്റ് കിറ്റുകള്‍ തയ്യാറാക്കുന്നതെങ്കില്‍ (രോഗനിര്‍ണ്ണയം നടത്തുമ്പോള്‍) വൈറസ് ഉള്‍ക്കൊള്ളുന്ന ദ്രാവകത്തിലുള്ള മറ്റു (പ്രോട്ടീനുകളുടെ) ആന്റിബോഡികളും കണ്ടെത്തപ്പെടാന്‍ സാധ്യതയുണ്ട്'' എന്നു പറയുന്നു. 

അതായത് കോക്കിന്റെ നിബന്ധകളനുസരിച്ച് വൈറസുകളെ ശുദ്ധീകരിച്ചെടുത്താല്‍ മാത്രമേ രോഗനിര്‍ണ്ണയത്തിനാവശ്യമായ കിറ്റുകളും മരുന്നുകളും മറ്റും തയ്യാറാക്കാന്‍ പറ്റൂ എന്നര്‍ത്ഥം. എന്നാല്‍ എച്ച്.ഐ.വി വൈറസിനെ ഈ രീതിയില്‍ വേര്‍തിരിച്ചെടുത്തിട്ടില്ല എന്ന്, ബാരേ സിനോസ്സിക്കൊപ്പം നൊബേല്‍ സമ്മാനം പങ്കിട്ട ലൂക്ക് മൊണ്ടാനിയേ (Luc Montagnier) വളരെ വ്യക്തമായി പറയുന്നുണ്ട്. 2003 മെയ് 15-ന് ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്! തീര്‍ത്തും കപടമായ മാര്‍ഗ്ഗങ്ങളിലൂടെ മരുന്നു കച്ചവടത്തിനിറങ്ങിയ ശാസ്ത്രജ്ഞന്‍മാരുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ് കോക്കിന്റെ നിബന്ധനകള്‍ എന്നത് വളരെ വ്യക്തമാണ്.

ഡോ. ലൂക്ക് മൊണ്ടാനിയേ
ഡോ. ലൂക്ക് മൊണ്ടാനിയേ

വാക്‌സിനു പൊതുവെ നല്‍കപ്പെടുന്ന നിര്‍വ്വചനം: ''ഒരു വാക്‌സിന്‍, സാധാരണയായി രോഗകാരിയായ സൂക്ഷ്മജീവിക്കു സമാനമായ ഒരു വസ്തുവിനെ ഉള്‍ക്കൊള്ളുന്നു. ഇത് നിര്‍ജ്ജീവമാക്കിയതോ ദ്ദുര്‍ബ്ബലമാക്കിയതോ ആയ സൂക്ഷ്മജീവിയോ അല്ലെങ്കില്‍ അത് നിര്‍മ്മിക്കുന്ന വിഷപദാര്‍ത്ഥങ്ങളോ ആ സൂക്ഷ്മജീവിയിലുള്ള ഏതെങ്കിലുമൊരു പ്രോട്ടീനോ ആകാം'' എന്നാണ്. ഒരാളുടെ ശരീരദ്രവങ്ങളില്‍ സ്വാഭാവികമായിത്തന്നെ നിരവധി സൂക്ഷ്മജീവികളും, കോശവിസര്‍ജ്ജ്യങ്ങളും വിഷപദാര്‍ത്ഥങ്ങളും പ്രോട്ടീന്‍ തന്‍മാത്രകളും മറ്റ് ഘടകങ്ങളും ഉണ്ടാവുമെന്നിരിക്കെ രോഗബാധിതമായ ശരീരത്തില്‍ വൈറസ് ഉല്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥത്തേയോ അതിലടങ്ങിയ പ്രോട്ടീനോ എങ്ങനെ കൃത്യമായി തിരിച്ചറിയും എന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം തന്നെയാണ്. അതുകൊണ്ടാണ് ഒരു വൈറസിനെതിരെ ഫലപ്രദമായ ഒരു മരുന്ന്/വാക്‌സിന്‍ നിര്‍മ്മിക്കണമെങ്കില്‍ ആ വൈറസിന്റെ ജൈവ രാസഘടന കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട് എന്ന ബാരേ സിനോസ്സിയുടെ അഭിപ്രായം വളരെ പ്രസക്തമാവുന്നത്. മാത്രമല്ല, വൈറസുകള്‍ക്ക് മാത്രമുള്ളതാണ് എന്നു കരുതപ്പെട്ടിരുന്ന പല പ്രത്യേകതകളും ശരീര കോശങ്ങള്‍ക്കും ഉണ്ട് എന്ന് പിന്നീട് വ്യക്തമായിട്ടുമുണ്ട്.

ഓസ്‌ട്രേലിയയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ (Perth School of Medicine) ശാസ്ത്രജ്ഞയായ എലെനി പപ്പദോപ്യൂലോസ് (Eleni Papadopulos Eleopulose) ഇത് വ്യക്തമാക്കുന്നുണ്ട്: '...മൊണ്ടാനിയേ നിരീക്ഷിച്ച റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ റെട്രോവൈറസിന്റെ സാന്നിദ്ധ്യം തെളിയിക്കുന്നു. പക്ഷേ, അങ്ങനെ സ്ഥിരീകരിക്കണമെങ്കില്‍ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ റെട്രോവൈറസിന്റെ മാത്രം സവിശേഷതയായിരിക്കണമല്ലോ. പക്ഷേ, ശരീരത്തിലെ എല്ലാ കോശങ്ങളിലും റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ നടക്കുന്നതായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു (അതിനാല്‍ റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ റെട്രോ വൈറസുകളുടെ സാന്നിദ്ധ്യത്തിനുള്ള സൂചകമല്ല).'' ഒരാള്‍ വൈറസ് ബാധിതനാണോ എന്നു കണ്ടു പിടിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ഞഠജഇഞ (Reverse Transcription- Polymerase Chain Reaction) എന്ന പരിശോധനാരീതി റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ രീതി കണ്ടുപിടിച്ചതിന് നൊബേല്‍ സമ്മാനം നേടിയ ഡോ. കാരി മുള്ളിസ്, ഇത് ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നും രോഗനിര്‍ണ്ണയത്തിന് ഉപയോഗിക്കുമ്പോള്‍ ഇതിന്റെ ഫലങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. 

ഹെൻറിച്ച് ഹെർമൻ റോബർട്ട്
ഹെൻറിച്ച് ഹെർമൻ റോബർട്ട്

എച്ച്.ഐ.വിയും എബോളയും

എച്ച്.ഐ.വി എന്ന വൈറസാണ് എയ്ഡ്‌സ് രോഗങ്ങള്‍ക്കു കാരണം എന്ന സിദ്ധാന്തത്തെ തുറന്നെതിര്‍ത്തിരുന്ന ഡോ. കാരി മുള്ളിസ് ''എച്ച്.ഐ.വി എന്ന വൈറസാണ് എയ്ഡ്‌സ് രോഗങ്ങള്‍ക്കു കാരണം എന്നു തെളിയിക്കുന്ന 'ഒരു പഠനം പോലും' നിലവിലില്ല'' എന്നും അസന്ദിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. മീസില്‍സ് വൈറസ് മാത്രമല്ല, എച്ച്.ഐ.വി വൈറസും രോഗബാധിതമായ ഒരു ശരീരത്തില്‍നിന്നു വേര്‍തിരിച്ചെടുക്കപ്പെടുകയോ അതിന്റെ ഘടന പൂര്‍ണ്ണമായി നിര്‍ദ്ധാരണം ചെയ്യപ്പെടുകയോ അതിന്റെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ചിത്രം രേഖപ്പെടുത്തപ്പെടുകയോ ഉണ്ടായിട്ടില്ല എന്നു തന്നെയാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല, ഇത് H1N1, എബോള തുടങ്ങിയ മറ്റു 'മഹാമാരി'കള്‍ക്കും ബാധകവുമാണ്. ലോകമെമ്പാടുമുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ''മാരിവില്ലൊത്ത'' വൈറസുകള്‍ കംപ്യൂട്ടര്‍ നിര്‍മ്മിത ചിത്രങ്ങള്‍ മാത്രമാണെന്ന് ഡോ. ഡി ഹാര്‍വെന്‍ വ്യക്തമാക്കുന്നുണ്ട്: 

''ഈ ചിത്രങ്ങള്‍ നിറപ്പകിട്ടേറിയതും വളരെ ആകര്‍ഷകവുമാണ്. ഇത് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ നല്ല ഒരു ഉദാഹരണമാണ്. എച്ച്.ഐ.വി വേര്‍തിരിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ അതിന്റെ ഒരു ചിത്രം ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് എടുക്കാന്‍ കഴിയുമെന്നുമുള്ള തെറ്റായ ഒരു സന്ദേശം ജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും എത്തിക്കാന്‍ ഇത്തരം ചിത്രങ്ങള്‍ക്കു കഴിയുന്നുണ്ട്... ഇതൊന്നും തന്നെ ഒരു എയ്ഡ്‌സ് രോഗിയില്‍നിന്നും നേരിട്ടുള്ള ചിത്രങ്ങളല്ല. വിവിധ ലബോറട്ടറികളില്‍ തയ്യാറാക്കപ്പെട്ട സങ്കീര്‍ണ്ണമായ 'സെല്‍ കള്‍ച്ചറുകളില്‍' നിന്നുള്ളവയാണ്... എച്ച്.ഐ.വി വേര്‍തിരിക്കപ്പെടുകയോ ശുദ്ധീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് എച്ച്.ഐ.വിയാണ് എയ്ഡ്‌സിനു കാരണം എന്ന സിദ്ധാന്തം അടിസ്ഥാനപരമായിത്തന്നെ  പുനഃപരിശോധിക്കപ്പെടേണ്ടതാണ്.''

കോക്കിന്റെ നിബന്ധനകള്‍ കാലഹരണപ്പെട്ടതാണ് എന്ന വാദത്തിന് ഇവരുന്നയിക്കുന്ന വാദങ്ങള്‍ പരിഹാസ്യമാണ്. തന്റെ ഒന്നാമത്തെ നിബന്ധന റോബര്‍ട്ട് കോക്കു തന്നെ നിരാകരിക്കാന്‍ കാരണം 'രോഗലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍' ഉണ്ട് എന്നതാണത്രേ! ഉദാഹരണത്തിന് പോളിയോ 'വൈറസ് ബാധിതരില്‍' ഒരു ശതമാനം പേര്‍ മാത്രമേ  'രോഗ ബാധിതര്‍' ആവൂ എന്നാണ് ഇവരുടെ വാദം. ഇത് ശരിയായിരിക്കാം, പക്ഷേ, വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ ഇത് ഒരു തടസ്സമല്ലല്ലോ. കോക്കിന്റെ നിബന്ധനകളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തില്‍, കോക്കിന്റെ മൂന്നാമത്തെ നിബന്ധനയെക്കുറിച്ച് ഇങ്ങനെ പറയുന്നു: '...കോക്ക് തന്നെ ക്ഷയത്തിന്റേയും കോളറയുടേയും കാര്യത്തില്‍ തെളിയിച്ചതു പോലെ രോഗകാരിയായ ഒരു വൈറസുമായി സമ്പര്‍ക്കത്തില്‍ വരുന്ന എല്ലാവര്‍ക്കും രോഗം വരണമെന്നില്ല. ഇതിനു കാരണം ആ വ്യക്തിയുടെ ആരോഗ്യത്തിന്റെ പൂര്‍ണ്ണതയോ കൃത്യമായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധശേഷിയോ മുന്‍പ് രോഗം വന്നതിനാലോ വാക്സിനേഷന്‍ ചെയ്തതിനാലോ വന്നുകൂടിയ ആര്‍ജ്ജിത രോഗപ്രതിരോധശേഷിയോ ആകാം.'' ഇത് വ്യക്തമാക്കുന്നത് ഒരു സൂക്ഷ്മജീവി രോഗകാരിയാണെങ്കില്‍ക്കൂടെ അതുമായി സമ്പര്‍ക്കത്തില്‍ വരുന്ന ആളുടെ ആരോഗ്യവും രോഗ പ്രതിരോധശേഷിയും തന്നെയാണ് രോഗബാധിതനാവാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുന്നത് എന്ന്, ഇവര്‍ തന്നെ സമ്മതിക്കുന്നു എന്നുതന്നെയാണ്! ഇതില്‍നിന്നും വൈറസുകളെ (അവ യാഥാര്‍ത്ഥ്യമാണെങ്കില്‍) തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം കൃത്യമായ രോഗ പ്രതിരോധശേഷി ലഭിക്കത്തക്കവിധമുള്ള ആരോഗ്യസംരക്ഷണമാണ് എന്നതും വളരെ വ്യക്തമാണ്. 

ഇതെല്ലാം വളരെ പ്രധാനപ്പെട്ട, ധാര്‍മ്മികമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മീസില്‍സ് വൈറസിനെ കൃത്യമായി വേര്‍തിരിച്ചെടുക്കാതെ എങ്ങനെയാണ് അതുതന്നെയാണ് രോഗ കാരണം എന്നു ഉറപ്പിച്ചു തീരുമാനിക്കുക? എങ്ങനെയാണ് അതിനെതിരെ ഒരു വാക്സിന്‍ നിര്‍മ്മിക്കുക? ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ പിടിപെടാന്‍ 'സാധ്യത മാത്രമുള്ള' മീസില്‍സ് എന്ന രോഗത്തിനും മറ്റു നിരവധി രോഗങ്ങള്‍ക്കുമെതിരെയുള്ള വാക്സിനുകള്‍ എന്ന പേരില്‍ ആരോഗ്യമുള്ള എല്ലാ കുഞ്ഞുങ്ങളുടേയും രക്തത്തില്‍ മെഡിക്കല്‍ സയന്‍സ് കുത്തി വെയ്ക്കുന്നതെന്താണ്? 'പരിപാവനമായ', ശുദ്ധ യുക്തിയെ മാത്രം ആധാരമാക്കി മാനവരാശിയുടെ 'ഏക മോക്ഷകാരക സത്യമായി' നില കൊള്ളുന്ന, സയന്‍സ് എന്ന അപ്രമാദ മതം, അതിന്റെ അടിയുറച്ച ഭക്തരുടെ കുഞ്ഞുങ്ങളുടെ രക്തത്തിലും ഇല്ലാത്ത ഒന്നിനെതിരെയുള്ള പ്രതിരോധ മരുന്ന് എന്ന പേരില്‍ 'പാമ്പെണ്ണ' (Snake oil) തന്നെയാണ് കുത്തിവെച്ചുകൊണ്ടിരിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താന്‍ പറ്റുമോ?

കാരി മുള്ളിസ്
കാരി മുള്ളിസ്

ലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍

മനുഷ്യശരീരം ഒരു ആവാസവ്യവസ്ഥയാണ്. ഏതാണ്ട് 20,000 (ഇരുപതിനായിരം) ജീനുകള്‍ നമ്മുടെ ശരീരത്തിലുണ്ട് എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇത് ഒരു നെല്‍ച്ചെടിയിലുള്ള ജീനുകളുടെ പകുതിയോളം പോലും വരില്ല. പക്ഷേ, മനുഷ്യശരീരത്തിലുള്ള ഏതാണ്ട് നൂറു ട്രില്ല്യണോളം (10^14) വരുന്ന ബാക്ടീരിയകളും ഫംഗസുകളുമടങ്ങുന്ന സൂക്ഷ്മജീവികളുടെ, ഏതാണ്ട് ഒരു ലക്ഷം ജീനുകള്‍ കൂടി ചേര്‍ന്നാലേ മനുഷ്യന്റെ ജീനോം പൂര്‍ണ്ണമാവുകയുള്ളു! 'ഞാന്‍' 'എന്റേത്' എന്നൊക്കെ ഏറ്റവും അടിസ്ഥാനപരമായി പറയാന്‍ പറ്റുന്ന 'എന്റെ ശരീരത്തില്‍' 'ഞാന്‍' വളരെക്കുറച്ചേ ഉള്ളൂ എന്നും എന്റെ അസ്തിത്വത്തെ നിര്‍ണ്ണയിക്കുന്നതില്‍ എന്നില്‍നിന്നും വ്യതിരിക്തമായ വ്യക്തിത്വമുള്ള ഈ സൂക്ഷ്മജീവികള്‍ക്കുള്ള പങ്ക് അസാധാരണമാണ് എന്നുമുള്ള സത്യം ജീവിതം എന്ന പ്രതിഭാസത്തെ തീര്‍ത്തും വ്യത്യസ്തമായ ഒരു കോണിലൂടെ നോക്കിക്കാണാന്‍ മനുഷ്യനെ പ്രേരിപ്പിക്കേണ്ടതാണ്. 

ദഹനം മുതല്‍ നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്ന ഈ സൂക്ഷ്മജീവികളുടെ സമതുലിതാവസ്ഥ ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഈ സൂക്ഷ്മജീവികള്‍ പ്രധാനമായും മനുഷ്യ ശരീരത്തിലെത്തുന്നത് 'സ്വാഭാവികമായ പ്രസവത്തി'ലൂടെയും പിന്നീട്, മുലപ്പാലിലൂടെയുമാണ്. മനുഷ്യ ശരീരത്തിലെ സൂക്ഷ്മജീവികളുടെ സഞ്ചയത്തേയും അവയെക്കുറിച്ചുള്ള പഠനത്തേയും 'മൈക്രോബയോം - Microbiome' എന്നു പറയുന്നു. ഇത് ഒരു പഠനവിഷയമാവാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ടു ദശകങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ശരീരത്തിലെ മൈക്രോബയോമിന്റെ വിന്യാസത്തില്‍ വരുന്ന മാറ്റങ്ങള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവും. മാനസിക സമ്മര്‍ദ്ദം (Chronic stress), കൃത്രിമമായ മധുരവും (Artificial Sweetener) മറ്റു രാസപദാര്‍ത്ഥങ്ങളുമടങ്ങിയ ഭക്ഷണങ്ങള്‍, സിസേറിയന്‍ മൂലമുള്ള ജനനം, മുലപ്പാലിന്റെ ലഭ്യതക്കുറവ്, കീടനാശിനികള്‍, അണുനാശിനികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയെല്ലാം ശരീരത്തിലെ മൈക്രോബയോമിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വര്‍ഷങ്ങളിലൂടെയുള്ള മനുഷ്യപരിണാമത്തില്‍ മനുഷ്യന്റെ സന്തതസഹചാരികളായ, മനുഷ്യനേക്കാള്‍ എത്രയോ മുന്‍പ് രൂപമെടുത്ത, കോടിക്കണക്കിനു സൂക്ഷ്മരൂപികളിലൊന്ന് ഏകപക്ഷീയമായി മനുഷ്യന് തീര്‍ത്തും വിനാശകാരിയായി ഭവിക്കും എന്ന ചിന്ത ഏതാണ്ട് 200 വര്‍ഷത്തെ ശ്രദ്ധാപൂര്‍വ്വമായ പ്രചരണങ്ങളിലൂടെയും ബലപ്രയോഗങ്ങളിലൂടെയും മനുഷ്യനില്‍ അടിച്ചേല്പിക്കപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെയാണ് 'രോഗലക്ഷണങ്ങളില്ലാത്ത രോഗബാധിതര്‍' എന്ന പ്രയോഗം നിശിതമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുന്നത്.

ലൂയി പാസ്ചർ 
ലൂയി പാസ്ചർ 

ലൂയി പാസ്ചര്‍ എന്ന 'തട്ടിപ്പുകാരന്‍'

നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാനാവാത്ത സൂക്ഷ്മജീവികളാണ് (Micro Organisms) രോഗങ്ങള്‍ക്ക് കാരണം എന്നും ഓരോ രോഗത്തിനും ഓരോ സൂക്ഷ്മജീവി കാരണമാവുന്നു എന്നുമുള്ള 'രോഗാണു സിദ്ധാന്ത'ത്തിന്റെ (Germ Theory) ഉപജ്ഞാതാവായി പൊതുവെ കരുതപ്പെടുന്നത് ഫ്രെഞ്ച് ബയോളജിസ്റ്റായിരുന്ന ലൂയി പാസ്ചറാണ്. റോബര്‍ട്ട് കോക്ക് (Robert Koch) എന്ന ജര്‍മന്‍ ബയോളജിസ്റ്റും ഈയൊരു സിദ്ധാന്തത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഈ സിദ്ധാന്തം ഇന്നത്തെ രാസചികിത്സ ലൂയി പാസ്ചര്‍ പദ്ധതിയുടെ ഏറ്റവും അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. എന്നു മാത്രമല്ല ജീവശാസ്ത്രം, രസതന്ത്രം, സൂക്ഷ്മജീവശാസ്ത്രം (MIcro Biology) തുടങ്ങിയ ശാസ്ത്രമേഖലകള്‍ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തി എന്ന് പരിഗണിക്കപ്പെടുന്ന ലൂയി പാസ്ചര്‍ സയന്‍സിന്റെ ലോകത്ത് ഇന്നും ഒരു അതികായനായിട്ടുതന്നെയാണ് വാഴ്ത്തപ്പെടുന്നത് എന്നാല്‍ സയന്‍സിലെ അതികായനായ ലൂയി പാസ്ചറെക്കുറിച്ചുള്ള വിക്കിപ്പീഡിയ ലേഖനത്തില്‍ പക്ഷേ, അസാധാരണമെന്നു തോന്നാവുന്ന ഒരു ചെറിയ പരാമര്‍ശം നമുക്കു കാണാം: 

''പാസ്ചര്‍ അസാധാരണമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ യശസ് പലവിധത്തിലുള്ള വിവാദങ്ങള്‍കൊണ്ട് കളങ്കിതമായിരുന്നു. പാസ്ചര്‍ തന്റെ സൈദ്ധാന്തിക എതിരാളികളെ ജയിക്കാന്‍ വേണ്ടി ഗവേഷണങ്ങളില്‍ കള്ളത്തരം കാട്ടിയിരുന്നു'' (വിക്കിപീഡിയയ്ക്കു പോലും മറച്ചുവെയ്ക്കാന്‍ കഴിയാത്തവിധത്തില്‍ ഈ തട്ടിപ്പുകള്‍ പരസ്യവുമാണ് എന്നതാണ് വാസ്തവം!). ഇതിന്റെ വിശദാംശങ്ങള്‍ ലൂയി പാസ്ചറുടെ സ്വകാര്യ ലബോറട്ടറി നോട്ട് ബുക്കുകള്‍ പരിശോധിച്ച ജെറാള്‍ഡ് ഗീസണ്‍ (Gerald L. Geison) എന്ന ഗവേഷകന്‍ 1995-ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലും (The private science of Louise Pasteur), ഈഥല്‍ ഹ്യൂം (Ethel Hume) 1923ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിലും (Bechamp or Pasteur? A Lost Chapter in the History of Biology) മറ്റു നിരവധി ലേഖനങ്ങളിലും കാണാം. സയന്‍സ് എന്നു വിളിക്കപ്പെടുന്ന ബൃഹത്തായ സംവിധാനം മാനുഷികമായ ദൗര്‍ബല്യങ്ങള്‍ക്കു കീഴടക്കാനാവാത്തതാണെന്നും നിരീക്ഷിക്കപ്പെടുന്ന കണിശമായ വസ്തുതകള്‍ക്കനുസരിച്ച് (Hard Data and Empirical evidence) സിദ്ധാന്തങ്ങള്‍ സ്വയം രൂപാന്തരീകരണത്തിനു വിധേയമാവുമെന്നും അപൂര്‍വ്വമായി കടന്നുകൂടുന്ന മാനുഷിക ദൗര്‍ബല്യങ്ങളെ സയന്‍സ് സ്വയം ശുദ്ധീകരിക്കുമെന്നും ഒക്കെയാണ് സാധാരണ ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കപ്പെടാറുള്ളത്. 

തീര്‍ത്തും ജനാധിപത്യപരമായി മാത്രം പ്രവര്‍ത്തിക്കുന്നതും 'സത്യത്തെ' ഏറ്റവുമുയര്‍ന്ന തത്ത്വമായി അംഗീകരിക്കുകയും മാനവിക നന്മയല്ലാതെ വേറൊരു ലക്ഷ്യവുമില്ലാത്തതുമായ സയന്‍സിന്റെ ഏറ്റവും പ്രാഥമികമായ തത്ത്വങ്ങള്‍ അവഗണിച്ച് ആത്മസുഖത്തിനുവേണ്ടി കാപട്യം കാണിക്കാന്‍ തയ്യാറായ ഒരു വ്യക്തി നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും സയന്‍സിലെ 'അതികായനായി' നിലനില്‍ക്കുന്നത് എങ്ങനെയാണ് എന്നതാണ് പ്രസക്തമായ ചോദ്യം. ജെറാള്‍ഡ് ഗീസണ്‍ എഴുതുന്നു: ''പാസ്ചര്‍, ചക്രവര്‍ത്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും നല്ല ബന്ധം സ്ഥാപിച്ചിരുന്നു. തന്റെ ഫെര്‍മെന്റേഷനെക്കുറിച്ചും മറ്റുമുള്ള പ്രസിദ്ധീകരണങ്ങള്‍ അവര്‍ക്കയച്ചുകൊടുക്കാറുമുണ്ടായിരുന്നു. പ്രത്യേകിച്ചും ഡ്യൂമാസ് അദ്ദേഹത്തെ ലൂയി നെപ്പോളിയന് പരിചയപ്പെടുത്തിക്കൊടുത്ത 1863-നുശേഷം, പാസ്ചര്‍ തന്റെ ഗവേഷണങ്ങളില്‍ ചക്രവര്‍ത്തിയുടെ താല്പര്യങ്ങള്‍ പരസ്യമായിത്തന്നെ ഉള്‍പ്പെടുത്തിയിരുന്നു. 1865-ല്‍ ചക്രവര്‍ത്തി അദ്ദേഹത്തെ കോംപീനിലുള്ള (ഫ്രാന്‍സിലെ ഒരു ടൗണ്‍) തന്റെ ഏറ്റവും മനോഹരമായ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അവിടെ ചെലവഴിച്ച ഒരാഴ്ച, തന്റെ ഭാര്യക്കയച്ച കത്തുകളില്‍, രാജകീയാധികാരത്തിനും ആര്‍ഭാടത്തിനും ധനത്തിനുംവേണ്ടി തന്റെ (സയന്‍സിനോടുള്ള) അഭിനിവേശത്തെ പാസ്ചര്‍ മറന്നുകളഞ്ഞു.'' പാസ്ചര്‍ ഇന്നും ആസ്വദിക്കുന്ന സയന്‍സിലെ അതികായത്വം എങ്ങനെ വന്നുകൂടി എന്നതിനുള്ള ഒരു വിശദീകരണമായിത്തന്നെ ഇതിനെ കണക്കാക്കാം.

'ഒരു രോഗം ഒരു രോഗാണു' എന്ന ലളിതമായ ഒരു ബൈനറി സമവാക്യത്തിലേക്ക് അതിസങ്കീര്‍ണ്ണമായ ജീവപ്രതിഭാസത്തെ ചുരുക്കാനും യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ പ്രാമാണിക തത്ത്വമായ ജീവിതത്തിന്റെ 'ആക്രമണ പ്രത്യാക്രമണ മാതൃകയ്ക്ക് ' ജീവശാസ്ത്രപരമായ സാധൂകരണം നല്‍കാനും രോഗാണു സിദ്ധാന്തത്തിനു കഴിഞ്ഞു. സൂക്ഷ്മജീവികള്‍ അപകടകാരികളാണെന്നും ഇവയെ ആക്രമിച്ച് നശിപ്പിക്കേണ്ടതാണെന്നുമുള്ള ചിന്ത ഫാര്‍മസ്യൂട്ടിക്കല്‍ ഡ്രഗുകള്‍ക്കൊപ്പം മറ്റു നിരവധി ഉല്പന്നങ്ങളുടേയും വിപണനസാധ്യത വര്‍ദ്ധിപ്പിച്ചു. ടൂത്ത്‌പേസ്റ്റ് മുതല്‍ സോപ്പ് വരെയുള്ള നിരവധി നിത്യോപയോഗ സാധനങ്ങളുടെ പ്രധാന ധര്‍മ്മം ഈ 'കീടാണുക്കളെ' നശിപ്പിക്കുകയാണല്ലോ. അടിമക്കച്ചവടത്തിലൂടെയും യുദ്ധങ്ങളിലൂടെയും കൊളോണിയല്‍ കൊള്ളയിലൂടെയും പലിശക്കച്ചവടത്തിലൂടെയും (Banking Industry) അളവറ്റ ധനം ആര്‍ജ്ജിച്ച വന്‍കിട മുതലാളിമാര്‍ രോഗാണു സിദ്ധാന്തത്തിന്റെ വിപണനസാദ്ധ്യതയെ കുത്തകവല്‍ക്കരിച്ചത് 18-ാം നൂറ്റാണ്ടിന്റെ അവസാനം വരെ യൂറോപ്യന്‍ മെഡിക്കല്‍ സ്‌കൂളുകളില്‍ പാഠ്യവിഷയമായിരുന്ന ഹോമിയോപ്പതി, നാച്ചുറോപ്പതി തുടങ്ങിയ വൈദ്യപദ്ധതികളെ ക്രമാനുഗതമായി തകര്‍ത്തുകൊണ്ടുതന്നെയാണ്. അമേരിക്കയിലേയും യൂറോപ്പിലേയും പ്രധാന സര്‍വ്വകലാശാലകള്‍ക്കു കീഴിലുള്ള മെഡിക്കല്‍ സ്‌കൂളുകള്‍ക്ക് ഭീമമായ ധനസഹായം നല്‍കി അവയുടെ ഭരണകാര്യങ്ങളില്‍ പങ്കാളിത്തമുറപ്പിച്ചാണ് മറ്റു വൈദ്യപദ്ധതികളെ തകര്‍ത്ത് തങ്ങളുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ഗ്ഗമായി വൈദ്യശാസ്ത്രത്തെ ഇവര്‍ വികസിപ്പിച്ചത്. ആക്രമണകാരികളായ സൂക്ഷ്മജീവികളും പ്രത്യാക്രമണം നടത്താന്‍ ശ്രമിക്കുന്ന ശരീരവും തമ്മില്‍ നിരന്തരം നടക്കുന്ന യുദ്ധമാണ് മനുഷ്യന്റെ നിലനില്‍പ്പിനെ നിര്‍ണ്ണയിക്കുന്നത് എന്നും ഈ യുദ്ധത്തില്‍ അനിവാര്യമായും തോറ്റുപോകുന്ന ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധം തങ്ങള്‍ നിര്‍മ്മിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് എന്നുമുള്ള ചിന്തയെ മനുഷ്യന്റെ സംഗ്രഹിത ബോധത്തില്‍ (Collective Consciounsess) ആഴത്തില്‍ അടിച്ചേല്പിക്കാന്‍ ഈ വ്യവസായികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായിട്ടാണ് വാക്സിനേഷന്‍ പോലുള്ള കൃത്രിമവും അശാസ്ത്രീയവുമായ പദ്ധതികള്‍ക്കു വിപുലമായ സാമൂഹികാംഗീകാരം ലഭിക്കുന്നത്. 

ആൽഫ്രഡ് റസ്സൽ വാലസ്
ആൽഫ്രഡ് റസ്സൽ വാലസ്

വാക്സിനേഷന്‍ എന്ന തീര്‍ത്തും അശാസ്ത്രീയവും അപകടകരവുമായ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിമര്‍ശകനായിരുന്നു ആല്‍ഫ്രഡ് റസ്സല്‍ വാലസ് (Alfred Russel Wallace, 1823  1913). ചാള്‍സ് ഡാര്‍വിന്റെ സഹപ്രവര്‍ത്തകനായിരുന്ന അദ്ദേഹം പരിണാമസിദ്ധാന്തത്തിനു വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരാളായിട്ടാണ് കണക്കാക്കപ്പെടുന്നത്. 'വാക്‌സിനേഷന്‍ ഒരു വ്യാമോഹം (Vaccination a Delusion, 1898)' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഈ ലേഖനം ഞാന്‍ എഴുതിയത് ക്രൂരവും നീതിരഹിതവും മാരകവുമായ വാക്സിനേഷന്‍ നിയമങ്ങളെ നിര്‍ത്തലാക്കാന്‍ (ബ്രിട്ടീഷ്) പാര്‍ലമെന്റിനെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്... ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ മാത്രം പ്രശ്‌നമല്ല, അവരുടെ കുട്ടികളുടെ ജീവിതത്തേയും സമൂഹത്തിന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ് എന്നാണ് ഞാന്‍ നമ്മുടെ ജനപ്രതിനിധികളോട് പറയാന്‍ ആഗ്രഹിക്കുന്നത്; മറ്റുള്ളവരെ അന്ധമായി വിശ്വസിക്കാതെ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുക എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിങ്ങള്‍ അതിനുത്തരം പറയേണ്ടിവരും...''

പ്രസിദ്ധീകരിക്കപ്പെട്ട നിരവധി ലേഖനങ്ങളും പഠനങ്ങളും ഉദ്ധരിച്ച്, ആല്‍ഫ്രഡ് റസ്സല്‍ വാലസ് വാക്സിനേഷന്‍ എന്ന അശാസ്ത്രീയ പദ്ധതിയുടെ മാരകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്: ''വാക്സിനേഷന്‍ വ്യാപകമായി കേവലം ആറുവര്‍ഷങ്ങള്‍ക്കു ശേഷം, 1804-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട, ചെല്‍സിയ ആശുപത്രിയിലെ ഡോ. ബി. മോസ്ലിയുടെ പുസ്തകത്തില്‍ വാക്സിനേറ്റ് ചെയ്യപ്പെട്ടിട്ടും വസൂരി ബാധിച്ച നിരവധിയാളുകളെക്കുറിച്ചുള്ള വിവരങ്ങളും വാക്സിനേഷന്‍ മൂലമുള്ള മറ്റു മാരകമായ അസുഖങ്ങളെക്കുറിച്ചും മരണങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങളും അടങ്ങിയിരുന്നു. ഇത് 1806-ലെ റോയല്‍ ജെന്നേറിയന്‍ സൊസൈറ്റിയുടെ (Royal Jennerian Socitey) റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. ഡോ. വില്യം റൗളി (Dr. William Rowli) 1805ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ വാക്സിനേഷനുശേഷമുള്ള 75 മരണങ്ങളുള്‍പ്പെടെയുള്ള 504 കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്... വാക്സിനേഷന്‍ മൂലം രോഗബാധിതരായ കുറച്ചു കുട്ടികളെ രണ്ടു ദിവസത്തോളം തന്റെ പ്രഭാഷണത്തിന്റെ ഭാഗമായി അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു.'' തുടര്‍ന്ന് അദ്ദേഹം: '...വാക്സിനേഷനെക്കുറിച്ച് മെഡിക്കല്‍ രംഗത്തുള്ളവര്‍ മാത്രമേ അഭിപ്രായം പറയാവൂ എന്ന ഒരു തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ഇത് ശരിയല്ല. കാരണം, അവര്‍ (മെഡിക്കല്‍ രംഗത്തുള്ളവര്‍) തല്പരകക്ഷികളാണ് (ശിലേൃലേെലറ ജമൃശേല)െ. കേവലം സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രമല്ല, തൊഴില്‍ മാന്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യം കൂടി അവര്‍ക്കുണ്ട്... ഇരുമ്പ് കപ്പലാണോ മരം കൊണ്ടുള്ള കപ്പലാണോ സുരക്ഷിതം എന്നു തീരുമാനിക്കുന്നത് ഇവ നിര്‍മ്മിക്കുന്ന ആളുകളല്ല; നാവികരും ലാഭനഷ്ടങ്ങളുടെ സ്ഥിതി വിവരക്കണക്കുകളുമാണല്ലോ'', എന്നാല്‍ വാക്സിനേഷന്റെ കാര്യത്തില്‍ എല്ലാ തീരുമാനങ്ങളും ''തല്പരകക്ഷികളാണ്'' കൈക്കൊള്ളുന്നത് എന്നും വാക്സിനേഷനു വിപുലമായ സാമൂഹിക സ്വീകാര്യത ലഭിക്കുന്നതിനു നിരവധിയായ പഠനങ്ങളെ പൂര്‍ണ്ണമായും തമസ്‌കരിക്കുകയും സ്ഥിതിവിവരക്കണക്കുകളില്‍  ഗുരുതരമായ കൃത്രിമത്വം കാണിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്: 

''എപ്പോഴും വാക്സിനേഷന് അനുകൂലമായ തരത്തില്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ രംഗത്തുള്ളവരും വസ്തുതകളേയും കണക്കുകളേയും കൃത്രിമമായി അവതരിപ്പിക്കുന്നതിന്റെ കൂടുതല്‍ ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാനാവും... നിര്‍ബന്ധിത വാക്സിനേഷന്റെ കാര്യത്തില്‍ ഡോക്ടര്‍മാരും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും, അവരെത്ര ഉന്നതസ്ഥാനീയരാണെങ്കിലും എത്ര ബഹുമാന്യരാണെങ്കിലും ഒട്ടും വിശ്വാസയോഗ്യരല്ല. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഈ കാലഘട്ടം വരെ നോക്കുകയാണെങ്കില്‍ കണക്കുകളിലുള്ള അവിശ്വസനീയമായ വിഡ്ഢിത്തങ്ങള്‍ - പക്ഷേ, എപ്പോഴും വാക്സിനേഷനനുകൂലമായി മാത്രം - വാക്സിന്‍ അപകടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക രേഖകളിലുള്ള തുടര്‍ച്ചയായ കൃത്രിമത്വങ്ങള്‍ ഇതൊക്കെ വാക്സിനേഷനെ ന്യായീകരിക്കാന്‍വേണ്ടി മാത്രമാണ്. വാക്സിനേഷനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴൊക്കെ ഇത് നമുക്ക് ഓര്‍മ്മയുണ്ടായിരിക്കണം.'' നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇദ്ദേഹം വിവരിച്ച കാര്യങ്ങള്‍ തന്നെയാണ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്നതു തന്നെയാണ് വസ്തുത!

വാക്സിൻ വിരുദ്ധരുടെ ന്യായങ്ങൾ

ശരീരത്തില്‍ ഉണ്ടാക്കുന്ന ചെറിയ മുറിവുകളില്‍ പശുവിന്റെ വ്രണങ്ങളില്‍നിന്നുള്ള ചലം പുരട്ടി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച എഡ്വേഡ് ജന്നറുടെ (Edward Jenner) 'ഇനോക്യൂലേഷന്‍' (inoculation), സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുഗുണമായി പുരോഗമിച്ചപ്പോള്‍ കൂടുതല്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടാമെന്നായി. ഉദാഹരണത്തിന്, എം.എം.ആര്‍ വാക്സിനില്‍, കോഴിമുട്ടയിലെ കോശങ്ങള്‍, മൂന്നു മാസം പ്രായമുള്ള മനുഷ്യഭ്രൂണത്തിന്റെ ശ്വാസകോശങ്ങളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന കോശങ്ങള്‍, ഗര്‍ഭിണിയായ പശുവിനെ കൊല്ലുന്ന സമയത്ത് അതിന്റെ ഗര്‍ഭാശയത്തിലുള്ള പശുക്കുട്ടിയുടെ ഹൃദയത്തില്‍നിന്ന് ശേഖരിക്കുന്ന രക്തത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന സിറം, മനുഷ്യ രക്തത്തില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ആല്‍ബുമിന്‍, നിയോമൈസിന്‍, സോര്‍ബിറ്റോള്‍, ഹൈഡ്രോലൈസ്ഡ് ജെലാറ്റിന്‍, സോഡിയം ഫോസ്ഫേറ്റ്, ഉപ്പ് (സോഡിയം ക്ലോറൈഡ്) എന്നിവയ്ക്കു പുറമേ വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. മറ്റു ചില വാക്സിനുകളില്‍ തൈമര്‍സോള്‍, ഫോര്‍മാല്‍ഡീഹൈഡ്, അലുമിനിയം സംയുക്തങ്ങള്‍ തുടങ്ങിയ പല രാസപദാര്‍ത്ഥങ്ങളും ലോഹ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും മാരകമായ വിഷപദാര്‍ത്ഥങ്ങളാണ്. വളരെ ചെറിയ തോതില്‍ മാത്രമേ ഇവയുടെ അളവ് വാക്സിനുകളിലുള്ളു അതുകൊണ്ട് ഇവ സുരക്ഷിതമാണ് എന്ന് വാക്സിന്‍ അനുകൂലികള്‍ വാദിക്കുന്നുണ്ടെങ്കിലും-ബ്ലഡ്, ബ്രെയിന്‍, ബാരിയര്‍) അടക്കമുള്ള ശാരീരിക പ്രതിരോധ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും വികസിക്കാത്ത നവജാത ശിശുക്കളുടെ രക്തത്തില്‍ ഇത്തരം വിഷങ്ങള്‍ ചെറിയ തോതില്‍പ്പോലും കലരുമ്പോള്‍ മാരകമായ ഫലങ്ങളാണ് ഉണ്ടാവുക എന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. മീസില്‍സ്, പോളിയോ തുടങ്ങിയ രോഗങ്ങള്‍ കാര്യമായി കുറഞ്ഞത് വാക്സിനുകളുടെ ഫലമായിട്ടാണ് എന്ന വാദം ലഭ്യമായ സ്റ്റാറ്റിസ്റ്റിക്‌സിന്റെ നിര്‍ദ്ധാരണത്തില്‍ത്തന്നെ തകര്‍ന്നടിയുന്നതു കാണാം. മാത്രമല്ല, ഓട്ടിസം പോലുള്ള വൈകല്യങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവും വാക്സിനുകളുടെ വ്യാപകമായ പ്രചാരത്തിനു ശേഷമാണ് എന്നും കാണേണ്ടതുണ്ട്. വാക്സിനേഷന്‍ മൂലമുള്ള ശാരീരിക പ്രശ്‌നങ്ങളെ ആ അര്‍ത്ഥത്തില്‍ (പ്രത്യേകിച്ചും ഇന്ത്യയെപ്പോലൊരു മൂന്നാംലോക രാജ്യത്ത്) തിരിച്ചറിയാന്‍ പോലും പറ്റില്ല എന്നതും ഒരു വസ്തുതയാണ്. വാക്സിനേഷന്‍ മൂലം ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഒരു ശാരീരിക പ്രശ്‌നം ഉണ്ടായാല്‍ അതു പരിശോധിക്കേണ്ടതും 'തല്പരകക്ഷികള്‍' തന്നെയാണല്ലോ. സ്വന്തം തൊഴില്‍മഹത്വവും സുരക്ഷിതത്വവും ഉറപ്പു വരുത്താന്‍ പ്രതിജ്ഞാബദ്ധരായ ഇവരൊരിക്കലും ഇത്തരം ശാരീരിക പ്രശ്‌നങ്ങളെ വാക്സിനേഷനുമായി ബന്ധിപ്പിക്കില്ല എന്നതും തീര്‍ച്ചയാണല്ലോ. 

വാക്സിന്‍ നിര്‍മ്മാണ വ്യവസായത്തിന് വളരെയധികം സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയാണ് മോറിസ് ഹില്ലെമാന്‍. അമേരിക്കന്‍ മിലിട്ടറിയുടെ, വാള്‍ട്ടര്‍ റീഡ് ആര്‍മി മെഡിക്കല്‍ സെന്ററിന്റെ വൈറോളജി വിഭാഗം തലവനായിരുന്ന മോറിസ് ഹില്ലെമാന്‍, വൈറസുകളെക്കുറിച്ചും വാക്സിനുകളെക്കുറിച്ചുമുള്ള പഠനം ആരംഭിക്കുന്നത് 1941-ല്‍ അമേരിക്കന്‍ മിലിട്ടറി ആരംഭിച്ച ജൈവായുധ ഗവേഷണ പദ്ധതിയുടെ (Biological weapons Research Project) ഭാഗമായിട്ടാണ് എന്നു വിചാരിക്കാന്‍ ന്യായമുണ്ട്. ഈ ജൈവായുധ ഗവേഷണ പദ്ധതിയുടെ ആദ്യത്തെ ഡയറക്ടര്‍, ജര്‍മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ 'മെര്‍ക്കി'ന്റെ ആയിരുന്നു. 1957-ല്‍ ഹില്ലെമാന്‍ മെര്‍ക്കിന്റെ വൈറസ് / സെല്‍ ബയോളജി ഗവേഷണ വിഭാഗത്തിന്റെ തലവനായി നിയമിതനായി. മെര്‍ക്കില്‍വെച്ചാണ് അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട വാക്സിനുകള്‍ 'ഡിസൈന്‍' ചെയ്തത്. ഇന്ന് പ്രധാനമായും പ്രചാരത്തിലുള്ള 14 വാക്സിനുകളില്‍ 8 എണ്ണവും (MMR ഉള്‍പ്പെടെ) ഇദ്ദേഹം തനിച്ച് നിര്‍മ്മിച്ചതാണ്. 40 വാക്സിനുകള്‍ ഈ ഭയങ്കരന്‍ ഒറ്റയ്ക്ക് കണ്ടുപിടിച്ചിട്ടുണ്ടത്രേ! ഇത്, ഒരു വാക്സിന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം തരുന്നുണ്ട്! റിട്ടയര്‍മെന്റിനു ശേഷം ലോകാരോഗ്യ സംഘടനയുടെ ഉപദേശകനായി നിയമിതനായ ഹില്ലെമാന്‍ ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിച്ച വ്യക്തി എന്ന പേരിലാണ് അറിയപ്പെടുന്നത്! 

ലോകം മുഴുവന്‍, പ്രതീക്ഷാനിര്‍ഭരമായ മിഴികളോടെ ഒരു വാക്സിനുവേണ്ടി കാത്തിരിക്കുകയാണല്ലോ ഇപ്പോള്‍. അഥവാ അങ്ങനെയൊരു ചിത്രമാണ് നിറം പിടിപ്പിച്ച കഥകളിലൂടെ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുന്നത്. സാങ്കേതികമായി ഇതെത്രമാത്രം യുക്തിഭദ്രമാണ് എന്നതിനെക്കുറിച്ചുള്ള എല്ലാ ചിന്തകളും അസാധുവാക്കപ്പെടുന്ന തരത്തില്‍ ഭയം എന്ന രാഷ്ട്രീയ ആയുധത്തിന്റെ മുന്‍പില്‍ മനുഷ്യന്‍ ചുരുങ്ങി ജീവിക്കുന്ന കാഴ്ചയും ഇതോടൊപ്പം നാം കാണണം. നാളിതുവരെ മനുഷ്യന്‍ ആര്‍ജ്ജിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ വളരെ ലളിതവും ഋജുവും ആകേണ്ട ജീവിതം എന്ന പ്രക്രിയ തീര്‍ത്തും അസാധ്യവും ദുഷ്‌കരവുമായ മഹാഭൂരിപക്ഷം വരുന്ന ലോകജനതയുടെ ജീവിതം വീണ്ടും ദുഷ്‌കരവും അസാധ്യവുമാകത്തക്കവിധത്തില്‍ ഒരു 'പുതിയ സ്വാഭാവികത' പിറവികൊണ്ടിരിക്കുന്നു എന്നത് തീര്‍ത്തും സ്വാഭാവികവും അനിവാര്യവുമാണ് എന്ന തലത്തിലേക്ക് നമ്മുടെ ചിന്തകളും വികാരങ്ങളും നൂതനമായ രീതികളില്‍ ആക്രമിക്കപ്പെടുന്നുണ്ട് എന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നത് വളരെ പ്രധാനമാണ്. ആധുനിക കാലത്ത് 'മഹാമാരി' എന്ന് അവതരിപ്പിക്കപ്പെട്ട എല്ലാ വൈറസുകളും ഭയത്തിന്റെ വാഹകര്‍ മാത്രമാണെന്നും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമത്തിലൂടെ മനുഷ്യമസ്തിഷ്‌കത്തില്‍ രൂപപ്പെട്ട ഉയര്‍ന്ന സിദ്ധികളുടെ അടരുകളെ 'ആക്രമണം അല്ലെങ്കില്‍ പലായനം' എന്ന പ്രാകൃത ബൈനറിയില്‍ പരിമിതപ്പെടുത്താനാണ് ഭയത്തിന്റെ രാഷ്ട്രീയ സാധ്യതകള്‍ ഉപയോഗിക്കപ്പെടുന്നത് എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. സയന്‍സിന്റെ കച്ചവട സാധ്യതയും ആക്രമണ സാധ്യതയും തിരിച്ചറിഞ്ഞ് അതിനെ കുത്തകവല്‍ക്കരിക്കാനുള്ള ശ്രമം തുടങ്ങിയ നാള്‍ മുതല്‍ തന്നെ അതിനെതിരെയുള്ള പ്രതിരോധവും ആരംഭിച്ചിട്ടുണ്ട്. ഈ സമാന്തര ശാസ്ത്രപദ്ധതി ലോകമെമ്പാടുമുള്ള വിവിധ ജ്ഞാനപദ്ധതികളുടെ തുടര്‍ച്ചയെ വളരെ ഗൗരവപൂര്‍വ്വം തന്നെ ഉള്‍ക്കൊള്ളുന്നുണ്ട് എന്നത് തീര്‍ത്തും ആശാവഹമാണ്. ആഴത്തില്‍ വേരുകളുള്ള ഇന്ത്യയുടെ വൈദ്യപാരമ്പര്യം കപടസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ജനനത്തേയും ജീവിതത്തേയും മരണത്തേയും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന സത്യാനന്തര കാലഘട്ടത്തില്‍ ലോകജനതയ്ക്ക് ഒരു പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് കൃത്യമായി തിരിച്ചറിയപ്പെടുന്നുമുണ്ട്.

References: 
1) Virus Mania - Torsten Engelbrecht, Claus Kohnlein (Trafford Publishing, 2007)
2) BÉCHAMP OR PASTEUR? A Lost Chapter in the History of Biology - Ethel Douglas Hume (A Distant Mirror, 2020)
3) Vaccination a delusion, Its Penal Enforcement a Crime - Alfred Russel Wallace (Swan Sonnenschein & Co., Limd, 1898)
4) Ecoscience: Population, Resources, Environment Ehrlich, Paul R. & Ehrlich, Anne H. & Holdren, John P. (W. H. Freeman, 1977)
5) The Private Science of Louis Pasteur - Gerald L. Geison (Princeton Universtiy Press, 2014)
6) Inventing the Aids Virus - Peter H. Duesberg (Regnery Publishing, 1996)
7) Death By Medicine - Garry Null, Ph.D, Etc. (Praktikos Books, 2010)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com