ഐഡിയോളജിയില്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു

ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനോളം വേരുകളുള്ള മറ്റൊരു പാര്‍ട്ടി ഇരുപതാം നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായിരുന്നില്ല
ഐഡിയോളജിയില്‍ ബിജെപിയുടെ ബി ടീമായി കോണ്‍ഗ്രസ്സ് മാറിക്കഴിഞ്ഞു

ന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. 135 വയസ്സ് പിന്നിട്ടിരിക്കുന്നു  അത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിനോളം വേരുകളുള്ള മറ്റൊരു പാര്‍ട്ടി ഇരുപതാം നൂറ്റാണ്ടില്‍ രാജ്യത്തുണ്ടായിരുന്നില്ല. സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേര്‍ന്നു വളര്‍ന്ന ആ രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നു കോണ്‍ഗ്രസ്സുകാര്‍ മാത്രമല്ല, ജനാധിപത്യ വ്യവസ്ഥയില്‍ താല്പര്യമുള്ള മറ്റുള്ളവരും ആഗ്രഹിക്കുന്നുണ്ട്. കാരണം, ശക്തമായ പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവനാഡി. പ്രതിപക്ഷം ദുര്‍ബ്ബലവും ശിഥിലവുമായാല്‍ ഏകകക്ഷി സര്‍വ്വാധിപത്യമായിരിക്കും ഫലം. ഇന്നത്തെ ഭരണകക്ഷിയെ ദേശീയതലത്തില്‍ നേരിടാന്‍ മാത്രം പ്രാപ്തിയുള്ള മറ്റൊരു പാര്‍ട്ടിയും തല്‍ക്കാലം രാജ്യത്തില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ്സുകാരല്ലാത്ത ജനാധിപത്യ സ്‌നേഹികളും കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ ഉല്‍ക്കണ്ഠാകുലരാകുന്നത്.

'ദൃശ്യവും സക്രിയവുമായ ഒരു മുഴുസമയ' നേതൃത്വം ഇപ്പോള്‍ കോണ്‍ഗ്രസ്സിനില്ല എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ പരമദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ അധ്യക്ഷപദവിയിലിരുന്ന രാഹുല്‍ ഗാന്ധി രാജിവെച്ച് പിന്‍വലിഞ്ഞു. ഒരുത്തമ നേതാവിനു യോജിച്ച നടപടിയായിരുന്നില്ല അത്. ബി.ജെ.പിക്കെതിരേയുള്ള തന്റെ പോരാട്ടത്തെ ചില സഹപ്രവര്‍ത്തകര്‍ പിന്നില്‍നിന്നു കുത്തിത്തോല്‍പ്പിച്ചു എന്നതായിരുന്നു രാഹുലിന്റെ പരാതി. അത് ശരിയായാലും തെറ്റായാലും പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഒളിച്ചോടുന്നത് ഉത്തരവാദിത്വനിഷ്ഠയുള്ള ഒരു നേതാവിന് ഒട്ടും ഭൂഷണമല്ല. തുടര്‍ന്നു സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായെങ്കിലും കപ്പിത്താനില്ലാത്ത നൗകയായി കോണ്‍ഗ്രസ്സ് പരിണമിച്ചു എന്നത് സത്യം മാത്രമാണ്.

ഒന്നേകാല്‍ വര്‍ഷമായി തുടരുന്ന അനഭിലഷണീയമായ ആ അവസ്ഥാവിശേഷത്തെ അഡ്രസ്സ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് 23 കോണ്‍ഗ്രസ്സ് നേതാക്കള്‍ പാര്‍ട്ടിയില്‍ പരിവര്‍ത്തനവും കാര്യക്ഷമവും സജീവവുമായ പൂര്‍ണ്ണസമയ നേതൃത്വവും ആവശ്യപ്പെട്ടുകൊണ്ട് ആഗസ്റ്റ് ഏഴിന് ഇടക്കാല  അധ്യക്ഷയ്ക്ക് കത്തെഴുതിയത്. കത്തിനെ അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാന്‍ മറുപക്ഷത്തുള്ളവര്‍ തയ്യാറായില്ല. കത്തയച്ച സമയവും സന്ദര്‍ഭവും ശരിയായില്ല എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ആന്റണിയടക്കമുള്ള മുതിര്‍ന്ന ചില നേതാക്കള്‍ 'ക്രൂരം' എന്നാണ് കത്തിനെ വിശേഷിപ്പിച്ചത്. കത്തിന്റെ ഉള്ളടക്കത്തിലേക്ക് കണ്ണുതുറന്നു നോക്കാന്‍ അവര്‍ തുനിഞ്ഞില്ല.

ഈ വൈമുഖ്യത്തിനു നിദാനം ഇന്ദിരാഗാന്ധിയുടെ കാലംതൊട്ട് കോണ്‍ഗ്രസ്സില്‍ വളര്‍ന്നുവന്ന 'കുടുംബവാഴ്ചാ സിന്‍ഡ്രോം' ആണ്. കോണ്‍ഗ്രസ്സാവുക എന്നതിനര്‍ത്ഥം നെഹ്‌റു-ഇന്ദിര കുടുംബത്തോട് അന്ധമാംവിധം വിശ്വസ്തത പുലര്‍ത്തുക എന്നതാണെന്ന സിദ്ധാന്തം തല്പരകക്ഷികള്‍ അനുക്രമം അരക്കിട്ടുറപ്പിച്ചു പോന്നിട്ടുണ്ട്. കോണ്‍ഗ്രസ്സില്‍ ഗണ്യമായ സ്വാധീനം ചെലുത്തിപ്പോന്ന നേതാക്കളെല്ലാം 'അവസാന വാക്കി'ന് ഉറ്റുനോക്കിയിരുന്നത് 'കുടുംബ'ത്തിലേക്കാണ്. രാജീവ് ഗാന്ധിക്കു ശേഷം സോണിയയിലേക്കും രാഹുലിലേക്കും നോക്കുകയെന്ന ശീലം ഈ വിശ്വസ്ത, വിധേയ വിഭാഗം പിന്തുടര്‍ന്നു പോന്നു.

സക്രിയ, മുഴുസമയ നേതൃത്വം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയവരെ വിമതരായാണ് ഈ വിഭാഗം കാണുന്നത്. അവര്‍ വിഷയത്തെ വിശ്വസ്തരും വിമതരും തമ്മിലുള്ള സംഘര്‍ഷമായി ചിത്രീകരിക്കുന്നു. വിശ്വസ്ത, വിധേയ വിഭാഗം വാസ്തവത്തില്‍ തല്‍സ്ഥിതിവാദക്കാരാണ്. അന്തിമ തീരുമാനങ്ങള്‍ കുടുംബം കൈക്കൊള്ളട്ടെ എന്നു ശഠിക്കുന്നവര്‍. വിമതര്‍ പരിഷ്‌കരണവാദികളാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പിനും പുരോഗതിക്കും അതിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വേണമെന്നു കരുതുന്നവര്‍. അങ്ങനെ നോക്കുമ്പോള്‍ വിശ്വസ്തവിഭാഗ-വിമതവിഭാഗ സംഘര്‍ഷമല്ല, മറിച്ച് തല്‍സ്ഥിതിവാദ-പരിഷ്‌കരണവാദ സംഘര്‍ഷമാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ കാണുന്നത് എന്നതത്രേ ശരി.

കുടുംബവാഴ്ചയും പരിഷ്‌കരണവും

പരിഷ്‌കരണവാദികളില്‍ ചിലരെങ്കിലും നേരത്തേ തല്‍സ്ഥിതിവാദക്കാരും കുടുംബവാഴ്ചയോട് ചേര്‍ന്നു നിന്നവരുമായിരുന്നില്ലേ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റിന് കത്തയച്ച ഗ്രൂപ്പ് 23-ല്‍പ്പെട്ടവരെ അസ്വസ്ഥമാക്കുന്ന ഘടകം എന്ത് എന്നാണ് പരിശോധിക്കേണ്ടത്. കത്തിലെ പുറത്തുവന്ന ഉള്ളടക്കമനുസരിച്ച് അവരുടെ ആശങ്കയുടേയും ആവലാതിയുടേയും അടിസ്ഥാനം നേതൃരാഹിത്യവും പാര്‍ട്ടിക്കകത്ത് നിലനില്‍ക്കേണ്ട ജനാധിപത്യത്തിന്റെ അഭാവവുമാണ്. പാര്‍ട്ടി പ്രസിഡന്റിനേയും പ്രവര്‍ത്തക സമിതി അംഗങ്ങളേയും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കണമെന്നു അവരാവശ്യപ്പെടുന്നുണ്ട്.

കര്‍മ്മകുശലനായ അധ്യക്ഷനും പ്രാതിനിധ്യസ്വഭാവവും അര്‍പ്പണബോധവുമുള്ള പ്രവര്‍ത്തക സമിതിയുമില്ലെങ്കില്‍ മുഖ്യ പ്രതിയോഗിയായ ബി.ജെ.പിയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനു സാധിക്കുകയില്ലെന്ന് ഗ്രൂപ്പ് 23 വിശദീകരിക്കുന്നു. ദൃശ്യവും സക്രിയവുമായ പൂര്‍ണ്ണസമയ നേതൃത്വം കോണ്‍ഗ്രസ്സിനില്ലാത്ത അവസ്ഥയില്‍ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ അനുദിനം ക്ഷീണിക്കുകയാണെന്നും ആ രുഗ്ണാവസ്ഥയുടെ ഗുണഭോക്താവ് ഭാരതീയ ജനതപ്പാര്‍ട്ടിയാണെന്നുമുള്ള അവരുടെ വിലയിരുത്തല്‍ തികച്ചും ശരിയാണെന്നു സമ്മതിക്കുമ്പോള്‍ത്തന്നെ, കോണ്‍ഗ്രസ്സ് അഭിമുഖീകരിക്കുന്ന പ്രശ്‌നം നാഥനില്ലായ്മ മാത്രമാണോ എന്ന ചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല.

നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ (1947- 1964) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു മൂര്‍ത്തവും ശക്തവുമായ ഒരു പ്രത്യയശാസ്ത്രമുണ്ടായിരുന്നു. മതേതര ബഹുസ്വര ജനാധിപത്യ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരുന്നു ആ പ്രത്യയശാസ്ത്രം. ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് കോണ്‍ഗ്രസ്സ് നെഹ്‌റുവിയന്‍ ആശയധാരയില്‍നിന്നു പതുക്കെപ്പതുക്കെ വ്യതിചലിക്കാന്‍ തുടങ്ങി. എണ്‍പതുകളുടെ മധ്യത്തില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ആ വ്യതിചലനത്തിനു ആക്കം കൂടി. ബി.ജെ.പിയേയും ഇതര പ്രതിപക്ഷ പാര്‍ട്ടികളേയും തടുക്കാന്‍ മതേതരത്വമല്ല, വര്‍ഗ്ഗീയ വികാരങ്ങളെ തലോടുന്നതാണ് നല്ലതെന്ന ചിന്താഗതിയിലേക്ക് പാര്‍ട്ടി മാറി.

രാമാനന്ദ് സാഗറിന്റെ 'രാമായണം' എന്ന ദൂരദര്‍ശന്‍ മെഗാ സീരിയലില്‍ രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ എന്ന നടനെ കോണ്‍ഗ്രസ്സ് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയവിധം നോക്കൂ. അഖില ഭാരതതലത്തില്‍ ഹിന്ദുക്കളില്‍ വളരെ വലിയ ഒരു വിഭാഗത്തെ ഭക്തിപരവശരാക്കിയ പരിപാടിയായിരുന്നു രാമായണം. അരുണ്‍ ഗോവിലിനേയും സീതയുടെ റോളില്‍ പ്രത്യക്ഷപ്പെട്ട ദീപിക ചിഖ്വാലിയയേയും സാമാന്യ ജനം ഒറിജിനല്‍ രാമനും സീതയുമായി നെഞ്ചേറ്റിയ സന്ദര്‍ഭം. ആ കാലയളവിലാണ് രാജീവ് ഗാന്ധി തന്റെ പ്രതിയോഗിയായ വി.പി. സിംഗിനെ അലഹബാദില്‍ തോല്‍പ്പിക്കാന്‍ അരുണ്‍ ഗോവിലിനെ രംഗത്തിറക്കിയത്. കോണ്‍ഗ്രസ്സിന്റെ നിരവധി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഗോവില്‍ എന്ന 'ശ്രീരാമന്‍' പ്രസംഗിച്ചു. മറ്റു ചിലപ്പോള്‍ രാമനായി വേദിയില്‍നിന്നു ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കാനും ആ നടന്‍ നിയോഗിക്കപ്പെട്ടു. അതുകൊണ്ടൊന്നും വി.പി. സിംഗിനെ പരാജയപ്പെടുത്താന്‍ സാധിച്ചില്ലെന്നത് മറ്റൊരു കാര്യം. പക്ഷേ, ജനങ്ങളുടെ മതവികാരം ചൂഷണം ചെയ്ത് വോട്ടും അധികാരവും നേടാന്‍ ശ്രമിച്ചതിലൂടെ മതേതര ജനാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ കണ്ഠത്തില്‍ കത്തിവെക്കുകയാണ് കോണ്‍ഗ്രസ്സ് അന്നു ചെയ്തത്.

ആ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു. രാജീവ് ഗാന്ധിയില്‍നിന്നു രാഹുല്‍ ഗാന്ധിയിലെത്തിയപ്പോഴും മതവികാര രാഷ്ട്രീയത്തിന്റെ മാസ്മരിക മാര്‍ഗ്ഗത്തില്‍നിന്നു കോണ്‍ഗ്രസ്സ്  മാറിയില്ല. തന്റെ പ്രപിതാമഹനായ നെഹ്‌റു ചെയ്യാതിരുന്നത് (ദേവാലയങ്ങളും മഠങ്ങളും കയറിയിറങ്ങി ഭക്തപ്രീണനം നടത്തുന്ന രീതി) മടിയൊട്ടുമില്ലാതെ രാഹുല്‍ ചെയ്യുന്നതിനു രാഷ്ട്രം സാക്ഷിയായി. ഏറ്റവും ഒടുവില്‍, പ്രധാനമന്ത്രി മോദി അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദുത്വവികാരം ജ്വലിപ്പിച്ചപ്പോള്‍ അയോദ്ധ്യ സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സ് കൂട്ടുപിടിച്ചത് പരശുരാമനെയാണ്. വിഷ്ണുവിന്റെ ആറാം അവതാരമായി കണക്കാക്കപ്പെടുന്ന പരശുരാമന്റെ ജന്മദിനം സംസ്ഥാനത്ത് പൊതു അവധിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.പിയിലെ കോണ്‍ഗ്രസ്സ് നേതാവ് ജിതിന്‍ പ്രസാദ് രംഗത്തു വന്നതോര്‍ക്കാം.

നെഹ്‌റുവിയന്‍ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ് പ്രത്യയശാസ്ത്രതലത്തില്‍ പുലര്‍ത്തിപ്പോന്ന വ്യതിരിക്തത ഇപ്പോള്‍ തേഞ്ഞുമാഞ്ഞില്ലാതായിരിക്കുന്നു. ഐഡിയോളജിയുടെ വിഷയത്തില്‍ ബി.ജെ.പിയുടെ ബി ടീമായി മാറിക്കഴിഞ്ഞിട്ടുണ്ട് കോണ്‍ഗ്രസ്സ്. സ്വാതന്ത്ര്യപ്രക്ഷോഭ നാളുകള്‍ തൊട്ട് ആ പാര്‍ട്ടി ഹൃദയത്തോട് ചേര്‍ത്തുപിടിച്ച മതേതര ദേശീയത ഏറിയകൂറും ബി.ജെ.പിയുടെ ഹൈന്ദവ ദേശീയതയ്ക്ക് വഴിമാറിയിരിക്കുന്നു. പേരില്‍ മാത്രമല്ല, പ്രത്യയശാസ്ത്രത്തിലും ഭാരതീയ ജനതപ്പാര്‍ട്ടിയില്‍നിന്നു വ്യത്യസ്തമായിരിക്കേണ്ടതുണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. പോയ നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ പാര്‍ട്ടിയില്‍നിന്നു ചോര്‍ന്നു പോയ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം വീണ്ടെടുക്കാന്‍ അതിനു സാധിക്കണം. നാഥനില്ലായ്മ മാത്രമല്ല, പ്രത്യയശാസ്ത്രമില്ലായ്മയും വര്‍ത്തമാനകാല കോണ്‍ഗ്രസ്സ് നേരിടുന്ന ബലഹീനതയാണ്. ആ മേഖലയിലും വേണം സമൂലമായ ഇടപെടലുകളും ഉടച്ചുവാര്‍ക്കലുകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com