'ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നി; പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു, ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം'

നിയമപാലകനില്‍നിന്നും കുറ്റവാളിയിലേയ്ക്കുള്ള ഈ പരിണാമത്തിന്റെ സഞ്ചാരപഥമെന്താണ്?  ഗൗരവപൂര്‍ണ്ണമായി പഠനവിധേയമാക്കേണ്ട വിഷയമാണിത്
'ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ എന്തോ പന്തികേട് തോന്നി; പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു, ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം'

who will keep the Keepers? കാവല്‍ക്കാരെ  ആര് സൂക്ഷിക്കും?  ഇതൊരു മൗലിക പ്രശ്‌നമാണ്, എവിടെയും. പ്രത്യേകിച്ച് പൊലീസില്‍. കാവല്‍ക്കാരന്‍ വഴിതെറ്റിയാല്‍, അതിന്റെ പരിണതഫലം എന്തായിരിക്കും? ഈ  ചോദ്യം സര്‍വ്വീസിന്റെ ആരംഭത്തില്‍ത്തന്നെ മനസ്സിലുണര്‍ന്നു. അതിനു കാരണമായത് ഒരു മുന്‍ പൊലീസുദ്യോഗസ്ഥനാണ്. ഇപ്പോള്‍ അയാള്‍ ജയിലിലാണ്. വര്‍ഷങ്ങളായി ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു.  

ആദ്യം കാണുമ്പോള്‍ അയാള്‍ എറണാകുളം ജില്ലയില്‍ സബ്ബ് ഇന്‍സ്പെക്ടര്‍; ഞാനാകട്ടെ, കുന്നംകുളത്ത് എ.എസ്.പിയും. രണ്ടാളും സര്‍വ്വീസില്‍ തുടക്കക്കാര്‍. പക്ഷേ, അയാളന്നു സസ്പെന്‍ഷനിലാണ്. അച്ചടക്കനടപടിയുടെ ഭാഗമായ അന്വേഷണത്തിന്റെ ചുമതല എനിക്കായിരുന്നു. തൃശൂര്‍ ജില്ലയില്‍ ആയിരുന്നു ജോലിനോക്കിയിരുന്നതെങ്കിലും എങ്ങനെയോ ആ ഉത്തരവാദിത്വം എനിക്ക് വന്നു. വളരെ ഗുരുതരമായ ആരോപണമായിരുന്നു സസ്പെന്‍ഷനിലായിരുന്ന ആ ഉദ്യോഗസ്ഥന്റെ പേരില്‍. 

കുടുംബസമേതം എറണാകുളം പൊലീസ് ക്വാര്‍ട്ടേഴ്സിലായിരുന്നു അയാളന്ന് താമസം. എന്തോ ചില തര്‍ക്കങ്ങളെത്തുടര്‍ന്ന് ഭാര്യ പിണങ്ങി അവരുടെ വീട്ടില്‍ പോയി. മധ്യസ്ഥര്‍ മുഖേന ഇരു വീട്ടുകാരും തമ്മില്‍ ചില സന്ധിസംഭാഷണം ഒക്കെ നടന്നുവരികയായിരുന്നു. അതിന്റെയൊക്കെ പിന്‍ബലത്തിലാകണം ഭാര്യ ഒരു ദിവസം വൈകുന്നേരം സ്വമേധയാ തിരികെ വന്നു, അമ്മയോടൊപ്പം. അപ്രതീക്ഷിതമായ ഈ മടങ്ങിവരവ് വലിയ പ്രശ്‌നം സൃഷ്ടിച്ചു. അവര്‍ ക്വാര്‍ട്ടേഴ്സില്‍ കയറി. ഭര്‍ത്താവ് അവിടെ ഉണ്ടായിരുന്നു. അയാളുടെ പെരുമാറ്റത്തില്‍ എന്തോ കാര്യമായ പന്തികേടുണ്ടെന്നവര്‍ക്കു തോന്നി. വളരെ പെട്ടെന്ന് തന്നെ അവര്‍ അതിന്റെ കാര്യം കണ്ടുപിടിച്ചു. ആ വീട്ടില്‍ മറ്റൊരു യുവതിയുടെ സാന്നിദ്ധ്യം. ആ സ്ത്രീയാകട്ടെ, നഗരത്തിലെ കുപ്രസിദ്ധയായ വേശ്യയും. പൊലീസുദ്യോഗസ്ഥന്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ വച്ച് ഇങ്ങനെ പിടിക്കപ്പെട്ടപ്പോള്‍ അത് സ്വാഭാവികമായും വലിയൊരു പ്രശ്‌നമായി. താല്‍ക്കാലികമായെങ്കിലും അയാള്‍ക്ക് യൂണിഫോം നഷ്ടമായി. 

ഇക്കാര്യത്തില്‍ അച്ചടക്കനടപടിയുടെ ഭാഗമായ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാന്‍ ആ ഉദ്യോഗസ്ഥനുമായി ഇടപഴകിയത്. ഈ അന്വേഷണം അര്‍ദ്ധ ജുഡീഷ്യല്‍ (Quasi-Judicial) പ്രക്രിയയാണ്. വക്കീലന്മാരില്ലാത്ത കോടതി എന്ന് വേണമെങ്കില്‍ പറയാമെന്നു തോന്നുന്നു. ജഡ്ജിയുടേയും പ്രോസിക്യൂട്ടറുടേയും ഭാഗം നിര്‍വ്വഹിക്കേണ്ടത് അന്വേഷണോദ്യോഗസ്ഥന്‍ തന്നെയാണ്. അപ്പോള്‍ പിന്നെ സംഗതി എളുപ്പമായല്ലോ എന്ന് കരുതരുത്. നിയമങ്ങളും ചട്ടങ്ങളും വ്യവസ്ഥ ചെയ്യുന്ന നടപടിക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്. അതില്‍ വീഴ്ചയുണ്ടായാല്‍ കോടതികളുടെ പരിശോധന (Judicial Scrutiny)  സാദ്ധ്യമാണ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥന് സ്വാഭാവിക നീതി ഉറപ്പുവരുത്തേണ്ടതുണ്ട്.

ഈ അന്വേഷണ പ്രക്രിയ മുന്നോട്ട് പോയപ്പോള്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യപ്പെട്ടു. പൊലീസുദ്യോഗസ്ഥനെന്ന നിലയില്‍ നേരെചൊവ്വെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ എസ്.ഐയ്ക്കു കഴിയേണ്ടതാണ്. കാരണം, അസാധാരണമാം വിധം കഴിവുള്ള ഉദ്യോഗസ്ഥനായിരുന്നു അയാള്‍. സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതിനും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തുന്നതിനുമൊക്കെ പ്രദര്‍ശിപ്പിച്ച വൈഭവം പ്രശംസനീയമായിരുന്നു. അച്ചടക്കനടപടിയുടെ നിയമങ്ങളും ചട്ടങ്ങളുമെല്ലാം സൂക്ഷ്മമായി മനസ്സിലാക്കി അതിലൂടെ തനിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ വളരെ സമര്‍ത്ഥമായി കണ്ടെത്താന്‍ ശ്രമിച്ചു അയാള്‍. അന്വേഷണത്തിലുടനീളം അയാളുടെ പെരുമാറ്റം കുറ്റമറ്റതായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. അന്വേഷണത്തിന്റെ അവസാന ഘട്ടത്തില്‍ എന്നോട് വ്യക്തിപരമായി സഹായത്തിന് അപേക്ഷിക്കുകയും ചെയ്തു.

ഇക്കാര്യങ്ങളെല്ലാം അങ്ങേയറ്റം ഭംഗിയായി നിര്‍വ്വഹിക്കുമ്പോഴും അയാളെന്നില്‍ അവശേഷിപ്പിച്ച ചിത്രം വിരുദ്ധ സ്വഭാവസവിശേഷതകളുടെ മിശ്രിതമാണ് ആ മനുഷ്യന്‍ എന്നതായിരുന്നു. ഒരുവശത്ത് അയാളില്‍ അതിസമര്‍ത്ഥനായ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു; ഒപ്പം ഒരു ചെകുത്താനും ഉള്ളിലെവിടെയോ പതിയിരിപ്പുണ്ടെന്ന് ഞാന്‍ സംശയിച്ചു. കാരണം, ആ ഉദ്യോഗസ്ഥന്റെ  സ്വഭാവത്തില്‍ ഗുരുതരമായ ചില പാളിച്ചകള്‍ പ്രകടമായിരുന്നു. വലിയ പതനങ്ങളില്‍നിന്നുപോലും പാഠം പഠിക്കാനുള്ള മനസ്സ് തീരെ കണ്ടില്ല. ഒരാത്മപരിശോധനയും നടത്തുന്നതായി എനിക്ക് തോന്നിയില്ല. അഥവാ, പരിശോധിച്ചെങ്കില്‍ അത് സ്വയം തെറ്റ് തിരുത്താനായിരുന്നില്ല. മറിച്ച് ഭാവിയില്‍ എങ്ങനെ പിടിക്കപ്പെടാതെ വഴിതെറ്റി നടക്കാം എന്നതിനായിരിക്കണം.  സ്വന്തം സാമര്‍ത്ഥ്യത്തില്‍ അമിത ആത്മവിശ്വാസമുണ്ടായിരുന്നെന്നു തോന്നുന്നു. ഇത്തരം കുറേ 'അതിസമര്‍ത്ഥരായ' മനുഷ്യരെ അധികാരത്തിന്റെ വീഥികളില്‍ പലേടത്തും കണ്ടിട്ടുണ്ട്. അവര്‍ സ്വാര്‍ത്ഥലക്ഷ്യത്തോടെ  ബോധപൂര്‍വ്വം തെറ്റായ പാത തെരഞ്ഞെടുക്കുന്നു. അതു സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യം ഉപയോഗിച്ച് അതിജീവിക്കാം എന്നവര്‍ക്കുറപ്പാണ്. അധാര്‍മ്മികതയ്ക്ക് പരിഹാരം അതിബുദ്ധി എന്നതാണ് തത്ത്വശാസ്ത്രം. കടുവയുടെ പുറത്താണവരുടെ  യാത്ര. 

എനിക്കുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ ഞാന്‍ ആ ഉദ്യോഗസ്ഥനുമായി തുറന്ന് സംസാരിച്ചു. തെറ്റുതിരുത്തി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, സമാന്യം ദീര്‍ഘമായിത്തന്നെയാണ് സംസാരിച്ചത്. തിരുത്തണമെങ്കില്‍ ആദ്യം തനിക്കുണ്ടായ വീഴ്ചയെപ്പറ്റി ബോധ്യം വേണ്ടേ? വിനയം നടിച്ച് അയാള്‍ അതൊക്കെ കേട്ടു, അപ്പോഴത് ആവശ്യമായതു കൊണ്ടു മാത്രം. എല്ലാം പൂര്‍ത്തിയായപ്പോള്‍ ഒരു കാര്യം എന്റെ മനസ്സില്‍ വ്യക്തമായിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ഒരു ശരാശരിക്കാരനല്ല. ശരിയായ പാതയില്‍ തിരികെ വന്നാല്‍ അയാള്‍ പൊലീസിനും സമൂഹത്തിനും വലിയ മുതല്‍ക്കൂട്ടാകും. മറിച്ചായാല്‍...

അന്വേഷണ റിപ്പോര്‍ട്ട് കഴിയുന്നത്ര സൂക്ഷ്മതയോടെയാണ് തയ്യാറാക്കിയത്. സ്വന്തം ഭാഗം ന്യായീകരിക്കാനും 'നിരപരാധിത്വം' തെളിയിക്കാനും അയാള്‍ കഠിനമായി ശ്രമിച്ചെങ്കിലും വസ്തുനിഷ്ഠമായിത്തന്നെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാള്‍ക്കെതിരായ ഗുരുതരമായ കുറ്റം പൂര്‍ണ്ണമായും തെളിഞ്ഞുവെന്ന നിഗമനത്തിലാണ് ഞാനെത്തിച്ചേര്‍ന്നത്. റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കേണ്ട എറണാകുളം ഡി.ഐ.ജിക്ക് ഉടനെ അതയച്ചു. എന്നെ സംബന്ധിച്ചിടത്തോളം ആ അദ്ധ്യായം അവിടെ അവസാനിച്ചു.

പിന്നീട് ആ ഉദ്യോഗസ്ഥനെക്കുറിച്ച് കേള്‍ക്കുന്നത് ഏതാണ്ട് 15 വര്‍ഷത്തിനുശേഷം ഞാന്‍ ഹൈദ്രബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ കേന്ദ്ര ഡെപ്യുട്ടേഷനില്‍ ജോലി ചെയ്യുമ്പോഴാണ്. സംസ്ഥാനത്തിന്റെ മൊത്തം ശ്രദ്ധയാകര്‍ഷിച്ച വലിയൊരു കുറ്റകൃത്യത്തില്‍ അയാള്‍ ഉള്‍പ്പെട്ടു. വാര്‍ത്ത അതിര്‍ത്തികടന്ന് ഹൈദ്രാബാദിലും എത്തി. ഇപ്പോഴും അയാള്‍ ജയിലിലാണ്. ഡ്യൂട്ടിയുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ അമിതാവേശംകൊണ്ടോ അശ്രദ്ധകൊണ്ടോ സംഭവിച്ച ഏതെങ്കിലും അപഭ്രംശമല്ല അയാളെ ഈ അവസ്ഥയിലാക്കിയത്. മറിച്ച് കൃത്യമായി ആസൂത്രണം ചെയ്ത് സൂക്ഷ്മതയോടെ നടത്തിയ കൊലപാതകം  തന്നെയായിരുന്നു അത്.

നിയമപാലകനില്‍നിന്നും കുറ്റവാളിയിലേയ്ക്കുള്ള ഈ പരിണാമത്തിന്റെ സഞ്ചാരപഥമെന്താണ്? ഗൗരവപൂര്‍ണ്ണമായി പഠനവിധേയമാക്കേണ്ട വിഷയമാണിത്. അനുഭവത്തിന്റെ വെളിച്ചത്തില്‍ ചില നിരീക്ഷണങ്ങളും ചിന്തകളും പങ്കുവെയ്ക്കട്ടെ. പൊലീസുദ്യോഗസ്ഥന്‍ അടിസ്ഥാനപരമായി മനുഷ്യനാണ്. സംവിധാനം നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത അയാള്‍ക്കുണ്ട്, ശാരീരിക ക്ഷമതയുമുണ്ട്. പരിശീലനത്തിലൂടെ ആര്‍ജ്ജിക്കുന്ന കുറേ അറിവും വൈദഗ്ദ്ധ്യവുമുണ്ട്. അതിനപ്പുറം കുടുംബം, സമൂഹം, ഇവയിലൂടെയെല്ലാം കൈവരുന്ന  മൂല്യബോധവും അയാള്‍ക്കുണ്ട്. ഇത്തരം ഒരു വ്യക്തിക്ക് സവിശേഷമായ കുറെ അധികാരങ്ങള്‍ സിദ്ധിക്കുകയാണ്, പൊലീസ് യൂണിഫോമിലൂടെ. ഈ അധികാരങ്ങള്‍ വളരെ വിപുലമാണ്. അതെങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. അതാണ് ജനാധിപത്യത്തിന്റെ വെല്ലുവിളിയും. 

ജനാധിപത്യത്തില്‍ 'Obedience to the unenforceable' (നിയമത്തിലൂടെ നിര്‍ബ്ബന്ധിക്കാനാവാത്തത് സ്വയം പാലിക്കുക) എന്ന ആശയത്തിന്റെ മഹത്വത്തെക്കുറിച്ച് വിഖ്യാത നിയമജ്ഞനായിരുന്ന നാനിപാല്‍ക്കിവാല പ്രസ്താവിക്കുന്നുണ്ട്. ജനാധിപത്യ സംസ്‌കാരത്തിന്റെ ഔന്നത്യം അതാണ് എന്ന അദ്ദേഹത്തിന്റെ പക്ഷം പൊലീസുദ്യോഗസ്ഥന്‍ ആകും മുന്‍പേ എന്നെ ആകര്‍ഷിച്ചതാണ്. നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍, സാധാരണ ജനങ്ങള്‍ ഇത് വളരെ പാലിക്കുന്നുണ്ട്. നാട്ടിലൊരു ദുരന്തമുണ്ടാകുമ്പോള്‍ ആളുകള്‍ സഹായവുമായി എത്തുന്നത് നിയമം അതാവശ്യപ്പെടുന്നതുകൊണ്ടല്ലല്ലോ. നിയമത്തിലൂടെ അധികാരത്തിന്റെ ഉപകരണമാകുന്ന പൊലീസുദ്യോഗസ്ഥനും ഈ ആശയം ബാധകമാണ്. 

നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും ഉത്തരവുകളിലൂടെയും എന്തെല്ലാം മാതൃകാപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാലും അത് നടപ്പാക്കുന്ന പൊലീസുദ്യോഗസ്ഥന്‍ യാന്ത്രികമായി പ്രവര്‍ത്തിച്ചതുകൊണ്ടായില്ല. അധികാരം സാമൂഹ്യനന്മയ്ക്കുവേണ്ടിയാണ് എന്ന അവബോധത്തോടെ നിയമം നിര്‍ബ്ബന്ധിക്കാത്ത ചില ബാധ്യതകള്‍ കൂടി നിറവേറ്റുമ്പോഴാണ് നീതി ഉറപ്പാകുന്നത്. എന്നുമാത്രമല്ല,  യാന്ത്രികമായ പ്രവര്‍ത്തനം സമൂഹത്തിന് ദോഷകരവുമാകാം. എണ്ണം തികയ്ക്കാന്‍ വേണ്ടി പെറ്റിക്കേസ് പിടിക്കുന്നതുപോലെയാകുമത്.
 
നിയമത്തിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും സാധ്യമാകുന്ന കാര്യങ്ങളുമുണ്ട്, അതിലൂടെ മാത്രം സാധ്യമാകാത്തതുമുണ്ട്. ഉദാഹരണത്തിന് പൊലീസ് സ്റ്റേഷനില്‍ വരുന്ന പരാതിക്കാരന് നിര്‍ബ്ബന്ധമായും ഇരിക്കാന്‍ കസേര നല്‍കണം എന്നത് നിര്‍ദ്ദേശങ്ങളിലൂടെ പ്രായോഗികമായി നടപ്പാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ആ പരാതിക്കാരനോട് എസ്.ഐ അനുതാപപൂര്‍വ്വം ഇടപെടണം എന്ന് ഏത് നിയമത്തിനാണ് ഉറപ്പുവരുത്താനാകുക? നിയമം യാന്ത്രികമായി പാലിച്ചതുകൊണ്ടുമാത്രം സാധ്യമാകാത്ത ആ തലത്തിലേയ്ക്ക് ഉയരുമ്പോഴാണ് നിയമപാലനം സാര്‍ത്ഥകമാകുന്നത്. പൊലീസുദ്യോഗസ്ഥന്‍,  പാല്‍ക്കിവാല ഊന്നല്‍ നല്‍കുന്ന ആശയം  ഉള്‍ക്കൊണ്ട്  പ്രവര്‍ത്തിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്.  ചുമതലാബോധമില്ലാത്ത ഭര്‍ത്താവിന്റെ വരുമാനത്തില്‍നിന്ന് നിശ്ചിത തുക പ്രതിമാസം ഭാര്യയ്ക്ക് നല്‍കണം എന്ന് കോടതി ഉത്തരവിലൂടെ നടപ്പാക്കാം. എന്നാല്‍, അയാള്‍ ഭാര്യയെ സ്‌നേഹിക്കണമെന്നത് യാഥാര്‍ത്ഥ്യമാക്കാന്‍ കോടതി ഉത്തരവിലൂടെ സാധ്യമല്ലല്ലോ.
 
പൊലീസ് സംവിധാനത്തിന്റെ ഭാഗമാകുന്ന മനുഷ്യന്‍ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നതില്‍ അയാളുടെ വ്യക്തിത്വം ഒരു പ്രധാന ഘടകം തന്നെയാണ്.  നല്ല പൊലീസുദ്യോഗസ്ഥനാകാനുള്ള അടിസ്ഥാന യോഗ്യത നല്ല മനുഷ്യനാകുക എന്നതു തന്നെയാണ്. പാല്‍ക്കിവാല വിഭാവനം ചെയ്ത ഉദാത്തമായ തലത്തിലേയ്ക്കുയരുന്ന വ്യക്തിത്വങ്ങളും പൊലീസിലുണ്ട്, അതിന്റെ നേര്‍വിപരീത പ്രവണതയുള്ളവരുമുണ്ട്. 

പൊലീസുദ്യോഗസ്ഥന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ അയാളുടെ മൂല്യബോധം ഒരു പങ്കുവഹിക്കുന്നുവെന്നത് ശരിയായിരിക്കാം. പക്ഷേ, ശരാശരി മനുഷ്യന്റെ പ്രവൃത്തികളെ എല്ലായ്പോഴും നയിക്കുന്നത് ഉന്നതമായ മൂല്യബോധം മാത്രമായിരിക്കില്ല എന്നറിയാന്‍ നമ്മള്‍ മനഃശാസ്ത്രവിദഗ്ദ്ധനൊന്നുമാകേണ്ടതില്ല. സാഹചര്യങ്ങളനുസരിച്ച് പല പ്രേരണകളും, പ്രലോഭനങ്ങളും, സമ്മര്‍ദ്ദങ്ങളും എല്ലാം മനുഷ്യന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാം. പുതുതായി യൂണിഫോറവും അധികാരവും സിദ്ധിക്കുന്ന പൊലീസുകാരനും സബ്ബ് ഇന്‍സ്പെക്ടര്‍ക്കും ഐ.പി.എസ് ഉദ്യോഗസ്ഥനും എല്ലാം ഇതു ബാധകമാണ്. എന്നുമാത്രമല്ല പൊലീസുദ്യോഗസ്ഥന്‍ ജാഗ്രത പുലര്‍ത്തേണ്ട മറ്റൊരു സംഗതിയുണ്ട് . അയാളുടെ  സ്വഭാവ ദൗര്‍ബ്ബല്യങ്ങള്‍ മനസ്സിലാക്കി അതിനെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന സ്ഥാപിത താല്പര്യക്കാര്‍ ചുറ്റും കൂടാന്‍ ശ്രമിക്കും. അത് അയാളോടുള്ള ആഭിമുഖ്യമോ സൗഹൃദമോ അല്ലെന്നും അയാളുടെ ഔദ്യോഗിക സ്ഥാനം ചൂഷണം ചെയ്യുന്നതിനുവേണ്ടിയാണെന്നും മനസ്സിലാക്കാനുള്ള വിവേകം പൊലീസ് ഉദ്യോഗസ്ഥനുണ്ടാകണം. അധികാരത്തോട്  അടുക്കാനുള്ള അമിത വ്യഗ്രത സമൂഹത്തിലെ കറുത്ത ശക്തികള്‍ക്കാണ്, എന്നും എവിടെയും. 

ഇതിനെ പ്രതിരോധിക്കണമെങ്കില്‍ പൊലീസുദ്യോഗസ്ഥന്  സ്വഭാവദാര്‍ഢ്യം കൂടിയേ തീരൂ. അതേതെങ്കിലും പരിശീലനംകൊണ്ട് മാത്രം വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതല്ല. അതിനുപകരം അയാളില്‍ തെറ്റായ പ്രവണതകള്‍ ശക്തമാണെങ്കില്‍ അതാ ഉദ്യോഗസ്ഥനെ എങ്ങോട്ടാണ് നയിക്കുക? ഉദാഹരണത്തിന്,  മദ്യാസക്തി വലിയ ദൗര്‍ബ്ബല്യം ആയി മാറി, പൊലീസുദ്യോഗസ്ഥനെ അനഭിലഷണീയമായ ബന്ധങ്ങളിലേയ്ക്കും അത് അപമാനകരമായ അവസ്ഥകളിലൂടെ ഗുരുതരമായ പ്രശ്നങ്ങളിലേയ്ക്കും നയിച്ച എത്രയോ സംഭവങ്ങളുണ്ട്. ആ മാര്‍ഗ്ഗം സ്വീകരിച്ച് ജീവിതം തന്നെ അകാലത്തില്‍ ദുരന്തമായി പര്യവസാനിച്ച  സഹപ്രവര്‍ത്തകരുടെ  പല മുഖങ്ങളും ഓര്‍ക്കുന്നു. 

ആ ഭ്രമണപഥത്തില്‍നിന്നു പുറത്തുചാടാന്‍ ശ്രമിച്ച ഒരു ഉദ്യോഗസ്ഥന്‍ കാല്‍നൂറ്റാണ്ട് മുന്‍പ് എന്നോടൊപ്പം തിരുവനന്തപുരം നഗരത്തിലുണ്ടായിരുന്നു. നിയന്ത്രണമില്ലാത്ത ജീവിതം അയാളുടെ ആരോഗ്യത്തെത്തന്നെ കാര്യമായി കാര്‍ന്നുതുടങ്ങിയിരുന്നു. ആ അവസ്ഥയില്‍ 'അടങ്ങി ഒതുങ്ങി' ജോലി ചെയ്തുകൊള്ളാമെന്നൊരു ഉറപ്പ് ആദ്യം ഒരു സുഹൃത്ത് മുഖേനയും പിന്നീട് നേരിട്ടും അദ്ദേഹം എനിക്ക് നല്‍കി. ഞാനതിനെ പ്രോത്സാഹിപ്പിച്ചു. തുടക്കത്തില്‍ അദ്ദേഹമത് കൃത്യമായി പാലിക്കുകയും ചെയ്തു. ജോലിയില്‍ മിടുക്കനായിരുന്നുവെന്നു മാത്രമല്ല, പെരുമാറ്റത്തില്‍ തികഞ്ഞ മാന്യതയും അന്തസ്സും പുലര്‍ത്തി, എല്ലാ പേരോടും. പക്ഷേ, ക്രമേണ രീതികള്‍ മാറി. ചിലപ്പോള്‍ പെട്ടെന്ന് ജോലിസ്ഥലത്തുനിന്ന് അപ്രത്യക്ഷമാകും. പിന്നീട് രണ്ടോ, മൂന്നോ ദിവസം കഴിഞ്ഞേ പ്രത്യക്ഷപ്പെടൂ. എനിക്ക് 'രോഗം' മനസ്സിലായി. പഴയ സുഹൃത്തുക്കള്‍ - അതോ ശത്രുക്കളോ - വീണ്ടും അയാളില്‍ പിടിമുറുക്കുകയായിരുന്നു. എങ്കിലും ജോലിയിലുള്ളപ്പോള്‍ അയാളുടെ പ്രവൃത്തി കുറ്റമറ്റതായിരുന്നു.

അങ്ങനെയിരിക്കെ നഗരത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അപ്രതീക്ഷിതമായി ഒരു പ്രശ്നത്തില്‍ അയാള്‍ ചെന്നുപെട്ടു. അസാധാരണമായ സുരക്ഷാ ഭീഷണിയാണ് അന്ന് കേന്ദ്ര ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന സ്റ്റേറ്റ് കാര്‍ എന്ന വ്യാജേനയും അക്രമികള്‍ വരാമെന്നും അതുകൊണ്ട് അത്തരം വാഹനങ്ങള്‍പോലും പരിശോധിക്കണം എന്നും കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു. ട്രാഫിക് ചുമതലയുണ്ടായിരുന്ന നമ്മുടെ ഉദ്യോഗസ്ഥന്‍ പരിശോധിച്ചപ്പോള്‍ ഒരു  വണ്ടിയിലുണ്ടായിരുന്നത് അന്നത്തെ ചീഫ് സെക്രട്ടറി ആയിരുന്നു. അദ്ദേഹം പരിഹാസരൂപേണ ''പാവം ചീഫ് സെക്രട്ടറി ആണേ'' എന്നു പറഞ്ഞു. 'sorry sir' എന്നു പറഞ്ഞ് അദ്ദേഹത്തെ യാത്രയാക്കി. പ്രധാനമന്ത്രി സുരക്ഷിതനായി മടങ്ങി. പക്ഷേ, നമ്മുടെ ഉദ്യോഗസ്ഥന്റെ സുരക്ഷ അപകടത്തിലായി. അദ്ദേഹം വെപ്രാളപ്പെട്ട് എന്നെ വന്നു കണ്ട്, ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഭവം പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിതെറ്റുകളൊന്നും നോക്കാതെ  ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അപ്രീതിക്കു പാത്രമായ പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയെന്ന കുറുക്കുവഴി ഡിപ്പാര്‍ട്ട്‌മെന്റില്‍ സാധാരണമായിരുന്നു. അതായിരുന്നു അയാളുടെ ഭയം. അദ്ദേഹം ആ സമയത്ത് ഡി.വൈ.എസ്.പി പ്രമോഷന്റെ വക്കിലായിരുന്നു. കേന്ദ്ര ഏജന്‍സിയുടെ കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നതിനാല്‍ നടപടിയില്‍ തെറ്റൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു.
 
അടുത്ത ദിവസം പൊലീസ് ഹെഡ്ക്വാര്‍ട്ടേര്‍സില്‍ ഡി.ജി.പി ഇക്കാര്യത്തില്‍ ഒരു യോഗം വിളിച്ചു. ആദ്യം അദ്ദേഹം ഇന്‍സ്പെക്ടറെ കുറ്റപ്പെടുത്തി സംസാരിച്ചു. എങ്കിലും ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് നിലപാടെടുത്തപ്പോള്‍ അദ്ദേഹം മയപ്പെട്ടു. അങ്ങനെ കഷ്ടിച്ച് അച്ചടക്കനടപടിയും  സസ്പെന്‍ഷനും ഒഴിവായി. അധികം കഴിയാതെ അദ്ദേഹത്തിന് പ്രൊമോഷനും കിട്ടി. പോകും മുന്‍പ് എന്നെ കാണാന്‍ വന്നപ്പോഴും ആരോഗ്യപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. 

പക്ഷേ, അധികം കഴിയും മുന്‍പ് പ്രശ്നങ്ങള്‍ വഷളായതായി കേള്‍ക്കുവാനിടയായി. ഞാനും അതിനിടെ വിജിലന്‍സിലേയ്ക്ക് മാറിയിരുന്നു. ആഘോഷങ്ങള്‍ തുടര്‍ന്നപ്പോള്‍ അയാള്‍ ഓഫീസിലേതിനേക്കാള്‍ കൂടുതല്‍ സമയം ആശുപത്രിയിലായിയെന്നു തോന്നുന്നു.  ഒരു ദിവസം ഞാന്‍  ഫോണ്‍ ചെയ്ത് അദ്ദേഹത്തോട് സംസാരിച്ചു. സാധാരണപോലെ ബഹുമാനത്തിലാണ് അദ്ദേഹം സംസാരിച്ചതെങ്കിലും എന്തോ ഒരു വല്ലായ്മ എനിക്ക് അനുഭവപ്പെട്ടു. സംഭാഷണം തീര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നപോലെ തോന്നി. പെട്ടെന്നത് അവസാനിക്കുകയും ചെയ്തു, തികഞ്ഞ അച്ചടക്കത്തോടെ, മര്യാദയോടെ. തൊട്ടടുത്ത ദിവസം ഞാന്‍ അര്‍ഹമായ അവധിയില്‍ കുടുംബസമേതം ഊട്ടിയിലേയ്ക്ക് പോയി. അവിടെ ചെന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് എനിക്ക് തിരുവനന്തപുരത്തുനിന്ന്  ഫോണ്‍ വന്നു. യാത്രയുടെ തലേ ദിവസം ഞാന്‍ സംസാരിച്ച സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്തയായിരുന്നു അത്. അവസാനം സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി എന്നൊരു ബോധം അദ്ദേഹത്തെ ഭരിച്ചിരിക്കാമെന്ന് എനിക്ക് തോന്നി.  

ഒരുപക്ഷേ, ആ ഉദ്യോഗസ്ഥന്‍  മറ്റേതെങ്കിലും ജോലിയിലായിരുന്നെങ്കില്‍ ആ  ജീവിതം ഇങ്ങനെ ഒടുങ്ങുമായിരുന്നില്ല. അങ്ങനെ എനിക്ക് തോന്നുന്നു, വേദനയോടെ. അദ്ദേഹത്തെ ഈ പതനത്തിലേക്ക് നയിച്ചത് ശത്രുക്കളൊന്നുമല്ല, മിത്രങ്ങള്‍ തന്നെയാണ്. ഒരുപക്ഷേ, ആ മിത്രങ്ങളുടെ സൗഹൃദം അയാളിലെ പൊലീസുദ്യോഗസ്ഥനോടു് മാത്രമായിരുന്നു, മനുഷ്യനോടായിരുന്നില്ല. എല്ലാ മനുഷ്യനിലും സങ്കീര്‍ണ്ണമായ പല പ്രവണതകളും അന്തര്‍ലീനമായിരിക്കാം. പക്ഷേ, പൊലീസ് പോലെ അധികാര സംവിധാനത്തിന്റെ ഭാഗമാകുന്ന വ്യക്തിയില്‍ പ്രകടമാകുന്ന ദൗര്‍ബ്ബല്യം ചൂഷണം ചെയ്യപ്പെടും, അന്ത്യം വരെ; സംശയമില്ല.
        
അപ്പോള്‍ പിന്നെ ചെറുതായെങ്കിലും കുറ്റവാസനയുള്ള വ്യക്തിയാണ് പൊലീസ് യൂണിഫോമിലൂടെ  അധികാരത്തിലേയ്ക്ക് ചുവടുവെച്ച് കയറുന്നതെങ്കിലോ? ഏതെങ്കിലും വിധത്തില്‍ പൊലീസ് സംവിധാനത്തിനുള്ളില്‍ പെട്ടാല്‍ പിന്നീടവര്‍ക്ക് കാര്യങ്ങള്‍ താരതമ്യേന സുഗമമായി. ശരാശരി മനുഷ്യനെ ചിലപ്പോഴെങ്കിലും  തെറ്റില്‍നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ഘടകം പൊലീസ് നടപടികളെക്കുറിച്ചുള്ള ഭയമാണല്ലോ. എന്നാല്‍, കുറ്റവാസനയുള്ള  വ്യക്തി പൊലീസ് സംവിധാനത്തില്‍ കയറിപ്പറ്റുന്നതോടുകൂടി ഈ ഘടകം ഏതാണ്ട് ഇല്ലാതാകുന്നു. 

അതാണ് നമ്മളാദ്യം കണ്ടത്. ഔദ്യോഗിക വസതി തന്നെ കുറ്റകരമായ പ്രവൃത്തിക്കിടമാക്കാന്‍ മറ്റാര്‍ക്കാണ്  ധൈര്യം വരിക, 'നിയമപാലകന'ല്ലാതെ. സര്‍വ്വീസിന്റെ തുടക്കത്തില്‍ത്തന്നെ അയാളിലെ ദുഷ്പ്രവണത പ്രകടമായിരുന്നു. അതുകൊണ്ടു മാത്രമാണല്ലോ  സസ്പെന്‍ഷനും അച്ചടക്കനടപടിയും അയാള്‍ക്ക് നേരിടേണ്ടിവന്നത്. ഗുരുതരമായ കുറ്റകൃത്യം അന്വേഷണത്തില്‍ തെളിഞ്ഞിട്ടും എന്തുകൊണ്ട് അയാള്‍ക്ക് സുഗമമായി ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞു? അത്ര ഗുരുതരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കു പോലും  നമ്മുടെ സംവിധാനത്തില്‍ വലിയ പിന്തുണ കിട്ടുന്നുണ്ട്, പലപ്പോഴും.
 
കുറ്റവാസനയുള്ള മനുഷ്യന്‍ പൊലീസ് സംവിധാനത്തിന്റെ ഭാഗമാകുന്നത് വലിയ സാമൂഹ്യ വിപത്താണ്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൊലീസ് പ്രവേശനം നല്‍കരുതെന്നു തന്നെയാണ് ഭരണഘടനാ കോടതികളുടെ ഉത്തരവുകള്‍. എന്നാല്‍, അത്തരക്കാര്‍ക്ക് മിക്കപ്പോഴും വലിയ രാഷ്ട്രീയ പിന്തുണയാണ് ലഭിക്കുന്നത്. ഏതാണ്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒരേ തൂവല്‍പക്ഷികള്‍ തന്നെയാണ്.
  
ദുഷ്പ്രവണതയുള്ള പൊലീസുദ്യോഗസ്ഥന്‍ അധികാരലഹരിയില്‍ നടത്തുന്ന ലക്കും ലഗാനുമില്ലാത്ത പ്രയാണത്തിനിടയില്‍ ചിലപ്പോള്‍ ചില അപകടങ്ങള്‍ പിണയാം. അത്തരമൊരു അപകടത്തില്‍പ്പെട്ട കഥാനായകനെയാണ് നമ്മള്‍ ആദ്യം കണ്ടത്. പക്ഷേ, അതുകൊണ്ടു പ്രശ്‌നമൊന്നുമില്ല. രാഷ്ട്രീയം, ജാതി, മതം, പ്രദേശം തുടങ്ങിയ എല്ലാ ഘടകങ്ങളില്‍നിന്നും ഉള്ള ശക്തികള്‍ 'ഞങ്ങളുമുണ്ട് കൂടെ' എന്ന ഭാവത്തില്‍ സഹായത്തിനെത്തും. കാരണം, നിയമപരമായ അധികാരം കയ്യാളുന്ന വ്യക്തി  എന്ത് വൃത്തികേടിനും കൂട്ടുനില്‍ക്കുന്നവന്‍ കൂടി ആയാല്‍ മിക്കവാറും എല്ലാ അധികാരശക്തികള്‍ക്കും അത്തരക്കാരെ ആവശ്യമാണ്. പലപ്പോഴും ഒറ്റപ്പെട്ടുപോകുന്നത് നേരേ ചൊവ്വെ പോകുന്നവനാണ്. കാരണം, അയാളെക്കൊണ്ട് 'നമുക്കെ'ന്ത് പ്രയോജനം? പൊതുവേ രാഷ്ട്രീയക്കാരെയാണ് ഇക്കാര്യത്തില്‍ എല്ലാ പേരും കുറ്റപ്പെടുത്തുന്നത്. അത് ഏറെക്കുറെ ശരിയാണ്താനും. പക്ഷേ, ചിലപ്പോഴെങ്കിലും ആത്മീയാചാര്യന്മാര്‍ മുതല്‍ പല  നന്മമരങ്ങളും  ഇത്തരക്കാരെ  പിന്തുണയ്ക്കുന്നുണ്ട്  എന്നതാണ് സത്യം. അങ്ങനെ ആ ജൈത്രയാത്ര തുടരും. യാത്രയ്ക്കിടയില്‍ അപൂര്‍വ്വമായി ആര്‍ക്കും രക്ഷിക്കാനാവാത്ത വളരെ വലിയ പതനമുണ്ടായാല്‍, പിന്നെ രക്ഷയില്ല. പൊതുസമൂഹവും പഴയ രക്ഷകര്‍  തന്നെയും  പുതിയ സംഹാരവേഷത്തില്‍ പ്രത്യക്ഷപ്പെടും. അവസാനം സൗഹൃദത്തിനു സഹതടവുകാര്‍ മാത്രം ബാക്കി എന്ന അവസ്ഥയിലാകാം. 

ഏതുവിധേനയെങ്കിലും കുറ്റവാസനയുള്ള വ്യക്തി സേനയില്‍ ചേര്‍ന്നാല്‍ പിന്നീട് അയാളെ നിയന്ത്രിക്കേണ്ടത് മുഖ്യമായും  പൊലീസിലെ ഉദ്യോഗസ്ഥ ശ്രേണിയാണ്. അവര്‍ കര്‍ശന നിലപാടെടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍  ദുഷ്പ്രവണതകളെ കുറേയേറെ നിയന്ത്രിക്കാന്‍ കഴിയും. പക്ഷേ, പ്രായോഗികമായി പലപ്പോഴും സംഭവിക്കുന്നത് അധികാരശ്രേണിയില്‍ത്തന്നെ എവിടെയെങ്കിലുമൊക്കെ ഇത്തരക്കാര്‍ക്ക് സംരക്ഷകരുണ്ടാകുമെന്നതാണ്. അങ്ങനെ വരുമ്പോള്‍ പല ഉദ്യോഗസ്ഥന്‍മാരും ഇവരെ നിയന്ത്രിക്കുന്നതിനു മടിക്കും. സാന്ദര്‍ഭികമായി, പ്രസക്തമെന്ന് കരുതുന്ന ഒരനുഭവം കുറിക്കട്ടെ. വിജിലന്‍സില്‍ ആദ്യം എസ്.പി ആയപ്പോള്‍ അന്നവിടെ ഡയറക്ടറായിരുന്നത് എന്‍. കൃഷ്ണന്‍നായര്‍ സാറായിരുന്നു. അദ്ദേഹം എന്റെ ഒരു പഴയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞു. ഞാന്‍ ജില്ലയില്‍ ജോലി ചെയ്തിരുന്ന കാലത്തേതാണ് അതു്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ''ഡി.ഐ.ജി അത് വളരെ ശാസ്ത്രീയമായിത്തന്നെ കുളമാക്കി.'' അതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ഡിസിപ്ലിനറി അതോറിറ്റി എന്ന നിലയില്‍ എന്റെ ശിക്ഷകളെല്ലാം റലലേൃൃലി േ(മറ്റുള്ളവരെ പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്) ആണത്രെ; അത് reformatory (കുറ്റവാളിയെ നവീകരിക്കാന്‍ പ്രേരിപ്പിക്കുന്നത്)  ആകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ എന്തൊക്കെയോ 'പുരോഗമനാശയങ്ങള്‍' എന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം എഴുതിപ്പിടിപ്പിച്ചു. അത്രയ്ക്ക് ഞാന്‍ 'പുരോഗമി'ച്ചിട്ടില്ലായിരുന്നുവെന്നത് സത്യമാണ്. കാരണം, പൊലീസുദ്യോഗസ്ഥരുടെ വഴിപിഴച്ച ചെയ്തികളോട് എനിക്ക് ഒരുകാലത്തും ഉദാരമനസ്‌കത ഇല്ലായിരുന്നു. ഡി.ഐ.ജിയുടെ സംരക്ഷണവലയത്തിലുണ്ടായിരുന്ന ചിലരും എന്റെ ഈ 'ക്രൂരത'യ്ക്കിരയായെന്നു തോന്നുന്നു. പക്ഷേ, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പ്രത്യേകിച്ച് ഒരു  ഉല്‍ക്കണ്ഠയും ഉണ്ടാക്കിയില്ല.  കൗതുകകരമായ ഒരു 'തമാശ'യായിട്ടേ എനിക്ക് തോന്നിയുള്ളൂ. ഭാഗ്യമെന്ന് പറയട്ടെ, 'തമാശകള്‍' ആസ്വദിക്കാനുള്ള മനസ്സ് അന്നേ എനിക്ക്  ഉണ്ടായിരുന്നു. ധാരാളം 'തമാശകള്‍' പിന്നീടും ഉണ്ടായിട്ടുണ്ട്. ഞങ്ങളുടേത് രസകരമായ ജോലിയാണല്ലോ.    
   
പൊലീസിലെ ചില ഉപസംസ്‌കാര പ്രവണതകളും ക്രിമിനല്‍ വാസനയുള്ളവര്‍ക്കു് വലിയ പ്രോത്സാഹനമാകുന്നുമുണ്ട്. വടകര പൊലീസ് സ്റ്റേഷനില്‍ പരിശീലനകാലത്ത് ഒരു പൊലീസുകാരനെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി മറ്റൊരിടത്ത് അയയ്ക്കാന്‍ നിര്‍ദ്ദേശം വന്നു. കാരണം എനിക്ക് അജ്ഞാതമായിരുന്നു. അയാള്‍ മൂന്നാംമുറയുടെ പേരില്‍ അറിയപ്പെടുന്ന ആളാണെന്നും ആ 'യോഗ്യത'യുടെ പേരില്‍ ഒരു കേസന്വേഷണ സംഘത്തിലേയ്ക്ക് അയാളെ നിയോഗിച്ചതാണെന്നുമാണ് എന്റെ സഹപ്രവര്‍ത്തകര്‍ സ്വകാര്യമായി എന്നോടു പറഞ്ഞത്. ഇങ്ങനെ 'യോഗ്യന്മാരെ' തെരഞ്ഞ് കണ്ടെത്തി പ്രോത്സാഹിപ്പിച്ചുകൊണ്ട് കുറ്റാന്വേഷണത്തിന് കുറുക്കുവഴി തേടുമ്പോള്‍ ഫലത്തില്‍ പൊലീസ് സേനയ്ക്കുള്ളില്‍ത്തന്നെ ക്രിമിനല്‍ പ്രവണതകള്‍ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്.

അതുപോലെ ക്രമസമാധാനപാലനത്തിന്റെയൊക്കെ പേരില്‍ താല്‍ക്കാലികമായെങ്കിലും അമിതാധികാര പ്രവണതകളുടെ നേരെ വകുപ്പുതലത്തില്‍ മാത്രമല്ല, സാമൂഹ്യമായിപ്പോലും മുഖം തിരിക്കുന്ന ഘട്ടങ്ങളുമുണ്ടാകാം. ചുരുക്കത്തില്‍ ഗുരുതരമായ ചില വ്യക്തിത്വ പ്രശ്നങ്ങളോടെ പൊലീസിന്റെ ഭാഗമാകുന്നവര്‍ക്ക് പലപ്പോഴും സ്വതന്ത്രമായ അപഥസഞ്ചാരത്തിനു പറ്റിയ മേച്ചില്‍പ്പുറങ്ങളാണ് അവിടെ  ലഭിക്കുന്നത്. ഫലമോ, അതില്‍ ചിലര്‍ക്കെങ്കിലും ഉള്ളിലൊളിഞ്ഞിരുന്ന ചെറുകുറ്റവാളിക്ക് ഇങ്ങനെ  സൈ്വരവിഹാരം നടത്തി, കാലക്രമേണ അതിന്റെ വിശ്വരൂപം പ്രാപിക്കാന്‍ അവസരം  കൈവരും. അതിലൊരാളെയാണ് നാം കണ്ടത്.  

അയാള്‍ സര്‍വ്വീസില്‍ തിരികെ കയറുക മാത്രമായിരുന്നില്ല. അയാള്‍ക്ക് പ്രമോഷനുകളും ലഭിച്ചു. രണ്ടു പ്രാവശ്യം. ഇതെങ്ങനെ സംഭവിക്കുന്നു? പ്രമോഷന് പബ്ലിക്ക് സര്‍വ്വീസ് കമ്മിഷന്‍ അംഗം ചെയര്‍മാനായ കമ്മിറ്റി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളും മറ്റു സര്‍വ്വീസ് രേഖകളുമെല്ലാം പരിശോധിക്കുന്നതാണ്. പക്ഷേ, ആ കമ്മിറ്റിയെ പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. കാരണം, ഇവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളൊക്കെ അതിശ്രേഷ്ഠമായിരിക്കും, മിക്കപ്പോഴും.

സര്‍വ്വീസിലുടനീളം ഗുരുതരമായ സ്വഭാവദൂഷ്യങ്ങളുടേയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ഉദ്യോഗസ്ഥന്റെ അവസാനകാലത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഞാന്‍ കാണുവാനിടയായി. ആ റിപ്പോര്‍ട്ടിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. കാരണം അയാള്‍ക്ക് ഐ.പി.എസിനുള്ള അര്‍ഹത നിശ്ചയിക്കുന്നതില്‍ പരിഗണിക്കുന്ന ഒന്നാണിത്. ആ റിപ്പോര്‍ട്ട് മാത്രം വായിച്ച് വ്യക്തിയെ വിലയിരുത്തിയാല്‍ മഹാത്മാഗാന്ധി പുനരവതരിച്ച് കേരളാ പൊലീസില്‍ അംഗമായോ എന്ന് ഏത് കമ്മിറ്റിയും കരുതും. അത്ര ഗംഭീരമായിരുന്നു ആ വാഗ്വിലാസം. അത് ഫലം കണ്ടു. അയാള്‍ക്കും ലഭിച്ചു ഐ.പി.എസ്. അങ്ങനെ ആ 'മഹാത്മാവും' സേവിച്ചു, ദൈവത്തിന്റെ സ്വന്തം നാടിനെ. അപ്പോള്‍ പിന്നെ, Who will keep the keepers? ചോദ്യം ബാക്കിയാകുന്നു.


(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com