മാടായിപ്പാറയില്‍ വേഗപാത; മായ്ക്കരുത് ചരിത്ര രേഖകള്‍

ഇപ്പോഴത്തെ അലൈന്‍മെന്റ് പ്രകാരം അതിവേഗ റെയില്‍പദ്ധതി കടന്നുപോകുന്നത് മാടായിപ്പാറയിലൂടെയാണ്. അതീവജൈവ പ്രാധാന്യമുള്ള സ്ഥലവുമെന്ന സവിശേഷതയ്ക്കപ്പുറം വ്യത്യസ്തമായ ചരിത്രശേഷിപ്പുകള്‍ കൂടിയുള്ള സ്ഥലമാണ് ഇത്
അച്ചി: കടൽ കടന്നെത്തുന്ന പരദേവത/ ഫോട്ടോ: സുധീഷ് കോമത്ത്
അച്ചി: കടൽ കടന്നെത്തുന്ന പരദേവത/ ഫോട്ടോ: സുധീഷ് കോമത്ത്

വകേരള സൃഷ്ടിക്കായി സില്‍വര്‍ ലൈന്‍ എന്ന പേരില്‍ തിരുവനന്തപുരത്തെ കാസര്‍കോടുമായി ബന്ധിപ്പിച്ചുകൊണ്ടു ഒരതിവേഗ റെയില്‍ കേരളത്തിനെ കീറിമുറിച്ചുപോകാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. കിഫ്ബിയില്‍നിന്നും ഹഡ്‌കോയില്‍നിന്നും മാത്രമല്ല, ജപ്പാന്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍ ഏജന്‍സി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, ജര്‍മന്‍ വികസന ബാങ്ക് തുടങ്ങിയവയില്‍നിന്നും വായ്പയെടുത്ത് കേരളാ റെയില്‍ ഡെവലപ്മെന്റ് കോര്‍പ്പറേറ്റ് ലിമിറ്റഡിന്റെ (കെ-റെയില്‍) നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയും അത് വിഭാവനം ചെയ്യുന്ന വേഗപ്പാച്ചിലും കേരളത്തിന്റെ ജൈവവൈവിധ്യം ഇല്ലാതാക്കും. മനുഷ്യരെ അഭയാര്‍ത്ഥികളാക്കി മാറ്റും. മാത്രമല്ല, അവരുടേയും അവരുടെ പൂര്‍വ്വികരുടേയും ഈ മണ്ണിന്റേയും ചരിത്രത്തെ ചതച്ചരച്ചുകളയുകകൂടി ചെയ്യും. ഭൂമിയുടേയും മനുഷ്യര്‍ അവര്‍ കുടിപാര്‍ക്കുന്ന ഇടങ്ങളില്‍ തീര്‍ക്കുന്ന സാമൂഹ്യബന്ധങ്ങളുടേയും ഘടനയെ ഇത്തരം നിര്‍മ്മിതികള്‍ മാറ്റിമറിക്കുന്നതിനു മുന്നെ നിര്‍ബ്ബന്ധമായും അവ കടന്നുപോകുന്ന പ്രദേശങ്ങളില്‍ പരിസ്ഥിതി ആഘാതമെത്രയുണ്ടെന്നു പഠിക്കണം. മാത്രമല്ല, അത് കടന്നുപോകുന്ന ചരിത്രപ്രധാനമായ പ്രദേശങ്ങളില്‍ പുരാവസ്തുപഠനങ്ങള്‍ നടത്തുകയും വേണം. ഉപരിപ്ലവമായ, കണ്ണില്‍ പൊടിയിടാനുള്ള ഒരു പാരിസ്ഥിതികപഠനം നടത്തിയതായി കെ-റെയിലിന്റെ വെബ്സൈറ്റു നോക്കിയാല്‍ കാണാം. എന്നാല്‍, ഈ റെയില്‍ ഇല്ലാതാക്കാന്‍ പോകുന്ന ചരിത്രപ്രധാനമായ ഇടങ്ങളെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? അവിടങ്ങളില്‍ പുരാവസ്തുപഠനങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ടോ? എന്നന്നേക്കുമായി നഷ്ടപ്പെടാന്‍ പോകുന്ന പുരാവസ്തു തെളിവുകളെ ഉത്ഖനനത്തിലൂടെ സംരക്ഷിച്ചിട്ടുണ്ടോ? ഒന്നും ചെയ്തിട്ടില്ല.  ലോകത്തിലെ പലേയിടങ്ങളിലും ചരിത്ര സംരക്ഷണത്തിനായി അത്തരം പഠനങ്ങള്‍ നടത്തുന്നുമുണ്ട്; അവ ഭാവിയിലേക്കായി സംരക്ഷിച്ചു നിര്‍ത്തിയിട്ടുമുണ്ട്. ഇവിടെ അതില്ലാതെ പോകുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നതെന്താണെന്നു ചെറുതായി സൂചിപ്പിക്കാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്. കൂടാതെ ഇത്തരം തേച്ചുമായ്ക്കല്‍ ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ പരിപ്രേക്ഷ്യമെന്തെന്ന് സൂചിപ്പിക്കാനും. 

കണ്ണൂര്‍ ജില്ലയിലെ മാടായിയില്‍നിന്നും ഈ അടുത്തകാലത്ത് കണ്ടെത്തിയ പുരാവസ്തു തെളിവുകളെ പരിചയപ്പെടുത്തിക്കൊണ്ടും മാടായിയുടെ സമീപകാല ചരിത്രത്തെ ലഘുവായി സ്പര്‍ശിച്ചും അവ മാടായിയുടേയും മലബാറിന്റേയും ആധുനിക-പൂര്‍വ്വകാല സാമൂഹ്യ-കച്ചവട ബന്ധത്തിന്റെ ചരിത്രത്തെ എങ്ങനെ പുനരാലോചനയ്ക്കു വിധേയമാക്കാന്‍ സഹായിക്കുമെന്നും വിശദീകരിച്ചും കൊണ്ടാണ് ഈ കുറിപ്പ് മുന്നോട്ടുപോകുന്നത്. വേഗ റെയില്‍ കടന്നുപോകുന്ന ഒരു പ്രധാന ഇടമാണ് മാടായിയും മാടായിപ്പാറയും. അതുകൊണ്ടാണ്, മാടായിപ്പാറയെ ഒരു ഉദാഹരണമായി എടുത്തത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ ലേഖകര്‍ മറ്റു ചരിത്രകാരന്മാരുടേയും പുരാവസ്തു വിദഗ്ദ്ധരുടേയും സഹായത്താല്‍ മാടായിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളിലൂടെ കണ്ടെത്തിയ പുരാവസ്തു തെളിവുകള്‍ ഈ പ്രദേശത്തെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ടെന്നും അവിടെ ശാസ്ത്രീയമായ ഉത്ഖനനം അനിവാര്യമാണെന്നും അടിവരയിടുന്നുണ്ട്. വേഗ തീവണ്ടിയുടെ ചക്രത്തില്‍ ചതഞ്ഞരയുന്നതിനു മുന്‍പേ അത് നടത്തേണ്ടതുമുണ്ട്. ഒരുകാര്യംകൂടി ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. മാടായിപ്പാറയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇപ്പോഴും മുഴച്ചുനില്‍ക്കുന്നത് അതിന്റെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യമാണ്. അത് നിസ്സംശയം പ്രധാനവും സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍, അതേപോലെ, നീണ്ടതും വ്യത്യസ്തവുമായ ചരിത്രശേഷിപ്പുകള്‍ കൂടിയുള്ള ഇടമാണ് മാടായിപ്പാറയും പരിസരപ്രദേശവും. ഇവകൂടെ ഇത്തരം സംരക്ഷണ ചര്‍ച്ചകളില്‍ ഇടംപിടിക്കേണ്ടതുണ്ട്. അവ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടും.
 
 

മാടായിക്കാവ്. ഉത്തരകേരളത്തിലെ ശാക്തേയക്കാവുകളിൽ പ്രഥമ സ്ഥാനമാണ് മാടായിക്കാവിനുള്ളത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പൂജാ രീതികളാണ് ശാക്തേയ കാവുകളിലുള്ളത്
മാടായിക്കാവ്. ഉത്തരകേരളത്തിലെ ശാക്തേയക്കാവുകളിൽ പ്രഥമ സ്ഥാനമാണ് മാടായിക്കാവിനുള്ളത്. സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ പൂജാ രീതികളാണ് ശാക്തേയ കാവുകളിലുള്ളത്

അടുത്തറിയാം ചരിത്രത്തെ

ചരിത്രകുതുകികള്‍ക്ക് അപരിചിതമായ സ്ഥലമല്ല മാടായി. മധ്യകാല മലയാളത്തിലെ കച്ചവടകേന്ദ്രം, മാലിക്ക്ദിനാര്‍ സ്ഥാപിച്ച പള്ളികളിലൊന്ന് സ്ഥിതിചെയ്യുന്നയിടം, പെരുമാളുടെ മക്കത്തുപോക്കിന്റേയും പെരുമാള്‍വാഴ്ചയുടെ തിരോധാനത്തിന്റേയും കാലനിര്‍ണ്ണയം സാധ്യമാക്കിയ ഇടം, വടക്കേ മലബാറില്‍ ജൂതന്മാര്‍ താമസിച്ചതിന്റെ തെളിവായി കൊണ്ടാടപ്പെടുന്ന ജൂതക്കുളമുള്ളയിടം, മുരിക്കഞ്ചേരി കേളു നിര്‍മ്മിച്ച കോട്ടയുള്ള ഇടം, കോലത്തിരിയുടെ ഒരു താവഴിയായ വടക്കേയിളംകൂറിന്റെ കുലദേവത തിരുവര്‍കാട്ടു ഭഗവതി കുടിയിരിക്കുന്ന ഇടം, അടിമക്കച്ചവടം നടന്നതിന്റെ തെളിവുകള്‍ അവശേഷിക്കുന്ന ഇടം തുടങ്ങി അനേകം വിശേഷണങ്ങളാല്‍ പ്രസിദ്ധമായ പ്രദേശമാണ് മാടായി. എന്നാല്‍, ഈ ലേഖകരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ ചില മൂര്‍ത്തമായ പുരാവസ്തു-പുരാരേഖാ തെളിവുകളോടെ മാടായിയുടെ നീണ്ടകാല കച്ചവടബന്ധത്തേയും ചരിത്രത്തേയും അടുത്തറിയാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു. മാത്രമല്ല, മലബാറിന്റെ നിലവിലുള്ള കച്ചവടചരിത്രമെഴുത്തിലെ ചില അവ്യക്തതകള്‍ ഇല്ലാതാക്കാന്‍ ഇവിടെനിന്നും കിട്ടുന്ന തെളിവുകള്‍ മുതല്‍ക്കൂട്ടാകുമെന്നും കരുതുന്നു.
 
മലബാറിന്റെ ആധുനിക-പൂര്‍വ്വകാല കച്ചവടചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ലായി കണക്കാക്കുന്നത് ക്രിസ്തുവര്‍ഷം ഒന്നു മുതല്‍ മൂന്നാം നൂറ്റാണ്ടു വരെ റോമക്കാരുമായുണ്ടായിരുന്ന കച്ചവട/കൈമാറ്റ ബന്ധത്തെയാണ്; രണ്ടാമത്തേത്, ഏഴാം നൂറ്റാണ്ടോടുകൂടി ആരംഭിച്ച അറബ്-ചൈനീസ് കച്ചവടത്തേയും. മുസിരിസ് പ്രധാന തുറമുഖമായി പ്രത്യക്ഷപ്പെടുന്ന റോമന്‍ കച്ചവടകാലത്ത് മാടായി ഒരു തുറമുഖമായിരുന്നുവെന്നു കാര്യമായി ആരും നിരീക്ഷിച്ചിട്ടില്ല. എന്നാല്‍ ഡോ. അതിയമാന്‍, സംഘം കൃതികളില്‍/പഴംതമിഴ് പാട്ടുകളില്‍ കാണുന്ന 'മാന്തെ'യും കെ.എന്‍. ഗണേശ്, 'വാകൈ'യും മാടായിയായിരിക്കാമെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു തെളിവുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ മാടായി മധ്യകാലത്തെ (അതായത് ക്രിസ്തുവര്‍ഷം 7-8 നൂറ്റാണ്ടുകള്‍ക്കുശേഷം) അറബ്/മുസ്ലിം കച്ചവടക്കാരുടെ വരവോടെയുണ്ടായ നഗരമെന്ന നിലയില്‍ മാത്രം, പക്ഷേ, കുറിക്കപ്പെട്ടു. ഇവിടെ ഒരുകാര്യം കൂടി ഓര്‍ക്കണം, റോമന്‍ കച്ചവട/കൈമാറ്റത്തിന്റെ ചരിത്രം പറഞ്ഞുകഴിഞ്ഞാല്‍ കേരളചരിത്രത്തില്‍ പിന്നെ പ്രത്യക്ഷപ്പെടുന്നത് അറബ്-ചൈനീസ് കച്ചവടത്തിന്റെ കഥയാണ്. അതില്‍ത്തന്നെ അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ വര്‍ത്തകസംഘങ്ങളേയും തരിസാപ്പള്ളി ചെപ്പേടിനേയും സാക്ഷ്യപ്പെടുത്തിയും ചില സഞ്ചാരികളുടെ കുറിപ്പുകള്‍ അടിസ്ഥാനമാക്കിയും ക്രിസ്തുവര്‍ഷം 7-8 നൂറ്റാണ്ടുകളിലും തുടര്‍ന്നും ഇവിടെയുണ്ടായ കച്ചവടചരിത്രം. റോമന്‍ കച്ചവടത്തിനു ശേഷവും അറബി കച്ചവടം തുടങ്ങുന്നതിനുമിടയില്‍ നാലു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളിലെ കച്ചവട ചരിത്രം അവ്യക്തമായി തുടരുകയും ചെയ്യുന്നു. (രാജന്‍ ഗുരുക്കളും രാഘവവാര്യരും തങ്ങളുടെ പുസ്തകത്തില്‍ ജൂതന്മാര്‍ക്കും അറബികള്‍ക്കും മലബാറുമായുണ്ടായിരുന്ന കൈമാറ്റം നാലാം നൂറ്റാണ്ടുവരെ തുടര്‍ന്നു എന്നും പിന്നീട് ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം ഈ കച്ചവടബന്ധത്തില്‍ ഇടര്‍ച്ചയുണ്ടായി എന്നും പറയുന്നുണ്ട് (2018:98). അതേസമയം ഈ കാലഘട്ടത്തില്‍ സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും വലിയ മാറ്റങ്ങള്‍ക്ക് കേരളം വിധേയമായിക്കൊണ്ടിരിക്കുന്നതായും ചരിത്രകാരന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈ മാറ്റം ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്നോ ഫ്യൂഡല്‍ വ്യവസ്ഥ എന്നോ വിളിക്കുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടനയിലേക്കുള്ള കേരളത്തിന്റെ മാറ്റമായാണ് വിശദീകരിക്കപ്പെട്ടത്. അത്തരത്തിലുള്ളൊരു സാമൂഹ്യമാറ്റത്തെക്കുറിച്ചുള്ള ചരിത്രസങ്കല്പമാണോ ഈ കാലത്തെ വിദേശിയരുമായുള്ള മലബാറിന്റെ കച്ചവടത്തെ പരാമര്‍ശിക്കത്തക്കതല്ലാതാക്കിയത് എന്നും അറിയില്ല. 

എന്നാല്‍, മാടായിപ്പള്ളി പരിസരത്തും മാടായിക്കോട്ടയിലും മറ്റും നടത്തിയ അന്വേഷണങ്ങളില്‍ ഭൗമോപരിതലത്തില്‍നിന്നും നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി മണ്ണുനീക്കിയയിടങ്ങളില്‍നിന്നും പാത്രക്കഷണങ്ങളും/കലപ്പൊട്ടുകളം (postherds) മുത്തുമണികളും കിട്ടുകയുണ്ടായി. അവ പുതിയ ആലോചനകള്‍ക്കു വഴിവെയ്ക്കുന്നവയുമായിരുന്നു. നേരത്തേതന്നെ മാടായിപ്പള്ളി പരിസരത്ത് കെട്ടിടം പണിക്കായി മണ്ണുനീക്കിയപ്പോള്‍ ധാന്യങ്ങളും മറ്റും സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജാറുകള്‍ കിട്ടിയതായി പത്രവാര്‍ത്തകള്‍ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ അവയുടെ ചില ഭാഗങ്ങള്‍ കേരള പുരാവസ്തു വകുപ്പിന്റെ കയ്യിലുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. മാടായി പള്ളിയുടേയും കോട്ടയുടേയും പരിസരത്തുനിന്നും ഭൗമോപരിതലത്തില്‍നിന്ന് ഈ ലേഖകര്‍ക്കു കിട്ടിയ കലപ്പൊട്ടുകളില്‍ ടെര്‍ക്വിയ്ക്ക് ഗ്ലൈസിഡ് പോട്ടറിയും ഒലിവുഗ്രീന്‍ നിറത്തിലും വെള്ളയും നീലയും കലര്‍ന്ന നിറത്തിലുള്ളതുമായ ചൈനീസ് പാത്രക്കഷണങ്ങളും കറുപ്പും ചുവപ്പും നിറത്തോടുകൂടിയ കലപ്പൊട്ടുകളും മറ്റു തിരിച്ചറിയാന്‍ കഴിയാത്ത കുറച്ചു കലപ്പൊട്ടുകളും കണ്ടപ്പോള്‍ ഈ മേഖലയില്‍ പ്രാവീണ്യമുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി അന്വേഷിക്കണമെന്ന് ഉറപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരിയിലെ ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ ചരിത്രവിഭാഗത്തിന്റേയും കേരള ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിന്റേയും കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റേയും ജര്‍മനിയിലെ റൂര്‍ യൂണിവേഴ്സിറ്റിയുടേയും ഇറ്റലിയിലെ കീറ്റി യൂണിവേഴ്സിറ്റിയുടേയും യു.കെയിലെ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയുടേയും സഹകരണത്തോടെ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ചരിത്രകാരന്മാരേയും പുരാവസ്തു ശാസ്ത്രജ്ഞന്മാരേയും ഭാഷാപണ്ഡിതരേയും പങ്കെടുപ്പിച്ചുകൊണ്ട് രണ്ട് അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രൊഫ. ഷെറിന്‍ രത്നാഗര്‍, വൈ. സുബ്ബരായാലു, എം.ജി.എസ്. നാരായണന്‍, രാജന്‍ ഗുരുക്കള്‍, കേശവന്‍ വെളുത്താട്ട്, രാഘവ വാര്യര്‍, മൈക്കിള്‍ തരകന്‍, വി. ശെല്‍വകുമാര്‍, അതിയമാന്‍, ഓഫിറ ഗാംലിയല്‍, വാസ്‌കോ ല സാല്‍വിയ, മേനാച്ചേ ആന്‍സി തുടങ്ങിയവര്‍ പങ്കെടുത്ത ഈ കോണ്‍ഫറന്‍സുകളുടെ ഭാഗമായി അവരെല്ലാവരും മാടായി സന്ദര്‍ശിക്കുകയും അതിന്റെ ചരിത്ര പ്രാധാന്യത്തെ തിരിച്ചറിയുകയും ചെയ്യുകയുണ്ടായി. 

തുടര്‍ന്നാണ് ഭൗമോപരിതലത്തില്‍നിന്നും നശിച്ചുപോകാതിരിക്കാനായി പെറുക്കിയെടുത്ത പാത്രക്കഷണങ്ങളേയും മുത്തുമണികളേയും സൂക്ഷ്മമായി വിദഗ്ദ്ധരുടെ സഹകരണത്തോടെ പരിശോധിക്കാന്‍ തുടങ്ങിയത്. അപ്പോഴാണ്, മാടായിയുടേയും മലബാറിന്റേയും നാളിതുവരെയുള്ള കച്ചവടചരിത്രത്തെ തിരുത്തിയെഴുതാന്‍ കഴിയുന്ന തെളിവുകളാണ് ഇവിടെയുള്ളത് എന്ന സൂചനകള്‍ കിട്ടിയത്. 

പുരാവസ്തു തെളിവുകളിലേക്ക് 

ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടു മുതല്‍ മൂന്നു നൂറ്റാണ്ടുവരെയുണ്ടായ റോമന്‍ കച്ചവടത്തിന്/കൈമാറ്റത്തിനുശേഷം ഏഴു-എട്ടു നൂറ്റാണ്ടുകളിലെ അറബ്-ചൈനീസ് കച്ചവടബന്ധമുണ്ടാകുന്നതുവരെയുള്ള കാലത്തെ കച്ചവടത്തെക്കുറിച്ചുള്ള അവ്യക്തതകള്‍ നീക്കാന്‍ കഴിയുന്ന തെളിവുകളുണ്ടെന്നതാണ് ഒന്നാമത്തെ കാര്യം. അതിലേറ്റവും പ്രധാനം സസ്സാനിയന്‍ പാത്രക്കഷണങ്ങളുടെ സാന്നിധ്യമാണ്. ഇറാനിയന്‍ സാമ്രാജ്യം എന്നുകൂടി അറിയപ്പെടുന്ന സസ്സാനിയന്‍സ് ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ശക്തി പ്രാപിച്ചത്. അറബികളുടെ ഉയര്‍ച്ചയോടെയാണ് സസ്സാനിയന്‍ ഭരണകൂടം അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്. അഞ്ചാം നൂറ്റാണ്ടാകുമ്പോഴേക്കും സസ്സാനിയക്കാര്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍തൊട്ട് തെക്കുകിഴക്കന്‍ ചൈന കടല്‍വരെ നീണ്ടുകിടക്കുന്ന കടല്‍വാണിജ്യത്തിന്റെ ചുക്കാന്‍ കൈപ്പിടിയിലാക്കുന്നുണ്ട്. ഇതോടെ റോമാക്കാരുടെ തിരോധാനം ഉണ്ടാക്കിയ വിടവില്‍ അവര്‍ പുതിയ നാഥന്മാരായി എന്നു പറയാം. പേര്‍ഷ്യ, സൗത്ത് അറേബ്യ, പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര തീരങ്ങള്‍, നോര്‍ത്ത് ആഫ്രിക്ക, സിലോണ്‍, തെക്കു കിഴക്കന്‍ ഏഷ്യ, ചൈന തുടങ്ങിയ ഇടങ്ങളിലെ കച്ചവടകേന്ദ്രങ്ങളെ കണ്ണിചേര്‍ത്ത് പുതിയ കടല്‍ വാണിജ്യബന്ധം സസ്സാനിയന്‍സ് തീര്‍ത്തെടുക്കുന്നുണ്ട്.

ഈ സസ്സാനിയന്‍ സാന്നിധ്യത്തിന്റെ തെളിവുകളെന്ന നിലയിലാണ് മാടായിയില്‍നിന്നും കിട്ടുന്ന സസ്സാനിയന്‍ ലഡ്ഡ്-ഗ്ലൈസിഡ് ആംഫോറയുടേയും ടെര്‍ക്വിയിഖ് ആല്‍ക്കലയന്‍/ ടെര്‍ക്വിയിഖ് ഗ്ലൈസിഡ് പോട്ടറിയുടേയും പാത്രക്കഷണങ്ങള്‍ നില്‍ക്കുന്നത്. അമേരിക്കന്‍ പുരാവസ്തു ശാസ്ത്രജ്ഞനായ ഡേവിഡ് ഹില്ലിന്റെ അഭിപ്രായത്തില്‍ അവയില്‍ ചിലവ അഞ്ച്-ഏഴ് നൂറ്റാണ്ടുകളില്‍ പ്രചാരത്തിലുള്ളവയും ചിലവ ഒന്‍പതാം നൂറ്റാണ്ടുവരെ പ്രചാരത്തിലുള്ളവയുമാണ്. മാത്രമല്ല, അവയുടെ നിര്‍മ്മാണകേന്ദ്രം ബസ്‌റയായിരിക്കണമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. 

നിലവിലുള്ള പുരാവസ്തുപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിലുള്ള ടെര്‍ക്വിയിഖ് ആല്‍ക്കലൈന്‍/ഗ്ലൈസിഡ് പോട്ടറി കിഴക്കന്‍ ആഫ്രിക്ക മുതല്‍ ജപ്പാന്‍വരെയുള്ള പ്രദേശങ്ങളില്‍നിന്നും ലഭിക്കുന്നുണ്ടെന്നും അവ പാര്‍ഥിയന്‍ കാലത്ത് മെസൊപ്പൊട്ടാമിയയില്‍നിന്നും വളര്‍ന്നുവന്നതാണെന്നും സസ്സാനിയന്‍ അന്ത്യകാലത്തും അബ്ബാസിദുകളുടെ കാലത്തും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു എന്നുമാണ്. ഡേവിഡ് ഹില്‍ ആവര്‍ത്തിക്കുന്ന കാര്യം വൈറ്റ് വെയറിന്റെ കഷണങ്ങള്‍ മെസൊപ്പൊട്ടാമിയയില്‍നിന്നും വന്നതായിരിക്കണം എന്നാണ്. 

മലബാറുമായുള്ള സസ്സാനിയന്‍ കച്ചവടബന്ധത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നേരത്തേയുണ്ട്. പ്രൊഫ. പയസ് മലേകണ്ടത്തില്‍ തന്റെ 'മാരിടൈം ഇന്ത്യ' എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ ഇത് ചര്‍ച്ചചെയ്യുന്നുണ്ട്. ഈ സസ്സാനിയന്‍ ബന്ധത്തെ തോമസ് കാനായുടേയും 74 കുടുംബങ്ങളുടേയും മലബാറിലേക്കുള്ള കുടിയേറ്റത്തെ പറയുന്നതിനായി/സാധുകരിക്കുന്നതിനായി ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അപ്പോഴും വാമൊഴികളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ പുരാവസ്തു തെളിവുകളുടെ അടിസ്ഥാനത്തിലല്ല അദ്ദേഹം ഇതു പറയുന്നത്. മാത്രമല്ല, അവിടെ ചര്‍ച്ച കച്ചവടത്തില്‍നിന്നും മാറി ക്രിസ്ത്യാനികളുടെ വരവിനെക്കുറിച്ചാകുന്നതും കാണാം. പട്ടണത്തുനിന്നും ഇത്തരം കലപ്പൊട്ടുകള്‍ കിട്ടിയതായി വി. ശെല്‍വകുമാറും വിഴിഞ്ഞത്തുനിന്നും കിട്ടിയതായി അജിത്തും കൂട്ടരും അവരുടെ ലേഖനങ്ങളില്‍ നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത് പറഞ്ഞവര്‍ ഏഴാം നൂറ്റാണ്ടിനു ശേഷമുള്ള കച്ചവടത്തെളിവിലേക്കാണ് സസ്സാനിയന്‍ ബന്ധത്തെ ചേര്‍ത്തുനിര്‍ത്തുന്നത്. ഇങ്ങനെയൊരു നിരീക്ഷണത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചത് ചിലപ്പോള്‍ ക്രിസ്തുവര്‍ഷം നാലു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളിലെ മലബാറിലെ കച്ചവടത്തെക്കുറിച്ച് നിലവിലുള്ള ചരിത്രധാരണകള്‍ ആയിരിക്കണം. സൂക്ഷ്മമായ ഉത്ഖനനവും പഠനവും മാടായിക്കും മലബാറിനും സസ്സാനിയന്മാരുമായി ഉണ്ടായിരുന്ന കച്ചവടബന്ധത്തെ കൂടുതലറിയാനും റോമന്‍ കച്ചവട/കൈമാറ്റ ബന്ധത്തിന്റെ തകര്‍ച്ചയെത്തടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ കരകളെ ബന്ധിപ്പിച്ചുണ്ടായ കച്ചവടശൃംഖലയേയും അത് മലബാറിനെ സ്വാധീനിച്ചതെങ്ങനെയെന്നും മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. 

തെക്കന്‍ ഇറാഖില്‍ ക്രിസ്തുവര്‍ഷം മൂന്നാം നൂറ്റാണ്ടിനു പത്താം നൂറ്റാണ്ടിനുമിടയില്‍ ഉണ്ടാക്കിയതാണെന്നു വിശ്വസിക്കുന്ന ടോര്‍പ്പിഡോ അംഫോറയുടെ പൊട്ടുകളും മടായിപ്പള്ളി പരിസരത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. കിട്ടിയ രണ്ടു ശകലങ്ങളിലൊന്നില്‍ കൈവിരലമര്‍ന്നതിന്റെ പാടുള്ളത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കറുത്ത നിറത്തോടുകൂടിയ ഒരു ജാറിന്റെ ശകലമാണ് മാടായിയില്‍നിന്നും ലഭിച്ച മറ്റൊരു പാത്രക്കഷണം. ഈ ജാറിന്റെ അകത്തും പുറത്തും കാണുന്ന സുഷിരങ്ങള്‍ നീറ്റുകക്ക സെറാമിക് ടെംപറയി ഉപയോഗിച്ചതു കൊണ്ടാകണമെന്നും നിരീക്ഷിച്ചിട്ടുണ്ട്. ആംഫോറയുടെ ശകലത്തിന്റെ കൂടെ കാണുന്ന കറുത്തനിറത്തിലുള്ള കലപ്പൊട്ട്). അത്തരം ജാറുകള്‍ ക്രിസ്തുവര്‍ഷം നാലുമുതല്‍ എട്ടു വരെയുള്ള നൂറ്റാണ്ടുകളില്‍ തെക്കേ ഇറാഖില്‍ നിര്‍മ്മിച്ചവയാവണമെന്നാണ് പണ്ഡിതമതം. 

ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലുള്ള സൗത്ത് അറേബ്യന്‍/ യമനീസ് പാത്രക്കഷണങ്ങളും മാടായിയില്‍നിന്നു കിട്ടിയിട്ടുണ്ട്. ഇവ യമനിലെ സാബിദില്‍ നിര്‍മ്മിച്ചെടുത്തവയാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഇവ നേരിയ കറുത്ത തിളക്കമുള്ളതോ തിളക്കമില്ലാത്തതോ ആയ ശകലങ്ങളാണ്. അവ റെഡ്ഡിഷ്-ബ്രൗണ്‍ ക്ലേയില്‍ നിര്‍മ്മിച്ചവയുമാണ്. 

ഇതോടൊപ്പം സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ് മാടായിയില്‍നിന്നും കിട്ടിയ ഒലിവുഗ്രീന്‍ നിറത്തിലുള്ള ചൈനീസ് സെലെഡനിന്റെ അവശിഷ്ടം. ക്രിസ്തുവര്‍ഷം 618 മുതല്‍ 907 വരെ ചീനയിലുണ്ടായിരുന്ന താങ്ങ് ഭരണകാലത്ത് ചീനക്കാരായ വര്‍ത്തകര്‍ കൊല്ലം സന്ദര്‍ശിച്ചതായി നേരത്തെ ചരിത്രകാരന്മാര്‍ പരാമര്‍ശിച്ചിട്ടുണ്ട് (വാരിയര്‍, ഗുരുക്കള്‍ 2013 : 143). മാടായിയില്‍നിന്നും കിട്ടിയ ഒലിവു ഗ്രീന്‍ നിറത്തിലുള്ള സെലെഡനിന്റെ വട്ടത്തിലുള്ള അടി ഭാഗം ഡേവിഡ് ഹില്ലിന്റെ അഭിപ്രായത്തില്‍ യൂ (Yue) അല്ലെങ്കില്‍ ലോങ്വാന്‍ (Longquan) സെലെഡനിന്റേതായിരിക്കണം. കൂടുതല്‍ കെമിക്കല്‍/കോമ്പോസിഷനല്‍ വിശകലനം ചെയ്താല്‍ മാത്രമേ ഈ പാത്രക്കഷണത്തിന്റെ കാലവും തരവും കൃത്യമായി പറയുവാന്‍ കഴിയുകയുള്ളൂവെങ്കിലും യൂ (Yue) ആണെങ്കില്‍ ഒന്‍പതു പത്തു നൂറ്റാണ്ടുകളിലേതും ലോങ്വാന്‍ ആണെങ്കില്‍ 12-ാം നൂറ്റാണ്ടിലേതുമായിരിക്കണം ഇവ. ഇവയും മാടായിയില്‍ സൂക്ഷ്മമായ ഉത്ഖനനവും ശാസ്ത്രീയമായ വിശകലനവും അത്യാവശ്യമാണെന്നു വിളിച്ചുപറയുന്നുണ്ട്. 

ചൈനീസ് ഭരണകൂടങ്ങളായ സോങ് (9601-1229), യുവാന്‍ (1229-1316), മിങ് (1368-1644) കാലത്ത് മാടായിയുമായുണ്ടായിരുന്ന കച്ചവട ബന്ധങ്ങളെ സൂചിപ്പിക്കുന്ന പുരാവസ്തു തെളിവുകളും മാടായിപ്പള്ളി പരിസരത്തുനിന്നും മാടായികോട്ടയുടെ പരിസരത്തുനിന്നും ലഭിക്കുന്നുണ്ട്. പരന്ന പിഞ്ഞാണപാത്രങ്ങളുടെ പൊട്ടുകള്‍, ആപ്പിള്‍ ഗ്രീന്‍ നിറത്തോടുകൂടിയതും അകത്തും പുറത്തും തിളക്കമുള്ളതുമായ സെലെഡന്‍, ഒലിവു നിറത്തിലുള്ള കോപ്പ പാത്രത്തിന്റെ പൊട്ടുകളെന്നു തോന്നിക്കുന്നവ എന്നിവയും മാടായിയില്‍നിന്നും കിട്ടിയിട്ടുണ്ട്. ഇവ സൂചിപ്പിക്കുന്നത് ഏതാണ്ട് 8-9 നൂറ്റാണ്ടു നീണ്ടുനിന്ന മാടായിയും മലബാറുമായുള്ള ചൈനീസ് കച്ചവട ബന്ധത്തിന്റെ തെളിവുകള്‍ ഇവിടെ അവശേഷിക്കുന്നുണ്ട് എന്നാണ്. ഉത്ഖനനത്തിലൂടെ മാത്രമേ അതിന്റെ വ്യാപ്തിയും ആഴവും മനസ്സിലാക്കാന്‍ കഴിയൂ. 

മുകളില്‍ പറഞ്ഞവ കൂടാതെ ബ്ലാക്ക് ആന്റ് റെഡ്, ബ്ലാക്ക്, റെഡ് സ്ലിപ്ഡ് തുടങ്ങിയ പാത്രങ്ങളുടെ പൊട്ടുകളും ശ്രീലങ്കയില്‍നിന്നും വന്നതാകാമെന്നു തോന്നുന്ന പാത്രത്തിന്റെ ശകലങ്ങളും മാടായിയില്‍നിന്നും കിട്ടിയിട്ടുണ്ട്. ഇവയെല്ലാം മാടായിപ്പള്ളിയുടേയോ മാടായിക്കോട്ടയുടേയോ പരിസരങ്ങളില്‍നിന്നാണ് ലഭ്യമാകുന്നത്. ചിലവ ഭൗമോപരിതലത്തില്‍ അങ്ങിങ്ങായി കണ്ടവയും മറ്റു ചിലവ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി നീക്കിയ മണ്ണില്‍നിന്നും കിട്ടിയവയുമാണ്. തഞ്ചാവൂരിലെ തമിഴ് യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ. ശെല്‍വകുമാറിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടേയും കേരളചരിത്ര ഗവേഷണ കൗണ്‍സിലിന്റേയും മാടായിയിലുള്ള സൊസൈറ്റി ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചിന്റേയും സഹകരണത്തോടെ മാടായിയും പരിസരവും സര്‍വ്വേയും മാപ്പിങ്ങും ചെയ്യാനുള്ള പ്രവൃത്തികളാരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി ഉത്ഖനനം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി അപേക്ഷയും തയ്യാറാക്കിയിട്ടുണ്ട്. 

തിരുവർക്കാട്ട് ഭ​ഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രധാന ഭദ്രകാളി ക്ഷേത്രം മാടായിക്കാവാണ്/ ഫോട്ടോ: സുധീഷ് കോമത്ത്
തിരുവർക്കാട്ട് ഭ​ഗവതി ക്ഷേത്രം. കൊടുങ്ങല്ലൂർ ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രധാന ഭദ്രകാളി ക്ഷേത്രം മാടായിക്കാവാണ്/ ഫോട്ടോ: സുധീഷ് കോമത്ത്

തെളിവുകളില്‍നിന്നും ചരിത്രത്തിലേക്ക് 

മാടായിയില്‍നിന്നും കിട്ടിയ തെളിവുകള്‍ നല്‍കുന്ന ചരിത്രസൂചനകളെ ഇനി വിശദമാക്കാം. റോമന്‍ കച്ചവടത്തിന്റെ തകര്‍ച്ചയ്ക്കും അറബ്/ചൈനീസ് കച്ചവടത്തിന്റെ തുടക്കത്തിനുമിടയില്‍ തെക്കേ അറേബ്യന്‍/യമനി കച്ചവടത്തിന്റേയും സസ്സാനിയന്‍ ബന്ധത്തിന്റേയും താങ്ങ് ചൈനയുടേയും സാന്നിധ്യം ഇവിടെയുണ്ടായിരുന്നിരിക്കണം. മുകളില്‍പ്പറഞ്ഞ പുരാവസ്തു തെളിവുകളില്‍ യമനിസ്/തെക്കേ അറേബ്യന്‍ പാത്രക്കഷണങ്ങള്‍ നിലവിലുള്ള പണ്ഡിത മതമനുസരിച്ച് ക്രിസ്തുവര്‍ഷം നാലാം നൂറ്റാണ്ടിലുണ്ടാക്കപ്പെട്ടവയായിരിക്കണം. ഇത് കാണിക്കുന്നത് റോമാ കച്ചവടക്കാരോടൊപ്പം യമനിസ്/തെക്കേ അറേബ്യന്‍ കച്ചവടക്കാരുടെ സാന്നിധ്യവും മലബാറിലും മാടായിയിലും ഉണ്ടായിരുന്നു വെന്നും റോമാക്കാരുടെ തിരോധാനത്തിനുശേഷവും ആ സാന്നിധ്യം തുടര്‍ന്നിരുന്നു എന്നുമാണ്. ചരിത്രകാരന്മാര്‍ ഇതു കാണാതെപോയത് ചിലപ്പോള്‍, റോമന്‍ കച്ചവടത്തെ പഠിക്കാന്‍ അധിക പ്രാധാന്യം കൊടുത്തതുകൊണ്ടാകാം. അങ്ങനെ സംഭവിച്ചത് പുരാവസ്തു തെളിവുകളേക്കാളും സാഹിത്യ തെളിവുകള്‍ റോമന്‍ കച്ചവടത്തെക്കുറിച്ചു പറയുന്നതായി കണ്ടെത്തിയതുകൊണ്ടാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. യവനപ്രിയത ചരിത്രചിന്തകളെ ഭരിച്ചതുകൊണ്ട് മറ്റു തെളിവുകള്‍ കിട്ടുമ്പോഴും പുതിയ ആലോചനകള്‍ മുന്നോട്ടുവെയ്ക്കാനുള്ള ധൈര്യം ചരിത്രകാരന്മാര്‍ കാട്ടാതെ പോയി. ഇവിടെ ഒരുകാര്യം കൂടി പറയട്ടെ. നേരത്തെ തമിഴ്നാട്ടിലെ അരിക്കമേട് ക്രിസ്തു വര്‍ഷത്തിലെ ആദ്യനൂറ്റാണ്ടുകളില്‍ സജീവമായിരുന്ന ഒരു കച്ചവട തുറമുഖം എന്ന നിലയിലായിരുന്നു വ്യവഹരിക്കപ്പെട്ടത്. എന്നാല്‍, ഇന്നങ്ങനെയല്ല. ബി. സി. രണ്ടാം നൂറ്റാണ്ടു മുതല്‍ ക്രിസ്തുവര്‍ഷം പത്താം നൂറ്റാണ്ടുവരെ സജീവമായി നിലനിന്ന തുറമുഖമായിരുന്നു അരിക്കമേട് എന്ന് അടുത്തകാലത്ത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Begley 1996). ഈ തുടര്‍ച്ചയെക്കുറിച്ചുള്ള അറിവ്, സമാനമായ കച്ചവടത്തുടര്‍ച്ച മാടായിയിലും ഉണ്ടായിരുന്നേക്കാമെന്നതിന്റെ സൂചനകളായിക്കൂടെന്നില്ല. മാടായിയില്‍നിന്നും കിട്ടുന്ന പുരാവസ്തു തെളിവുകള്‍ അത് സൂചിപ്പിക്കുന്നുണ്ടെന്നു പറയേണ്ടതുണ്ട്. 

അതേസമയം, ക്രിസ്തുവര്‍ഷം നാല്-അഞ്ച് നൂറ്റാണ്ടുകളോടെ സസ്സാനിയന്‍ ഭരണം ശക്തമാകുകയും മെഡിറ്ററേനിയന്‍ മുതല്‍ തെക്കന്‍ ചൈന വരെയുള്ള സമുദ്ര വാണിജ്യപാത അവരുടെ നിയന്ത്രണത്തിലാകുകയും ചെയ്തതോടെ തെക്കന്‍ അറേബ്യന്‍/യമനിസ്‌കള്‍ക്ക് മലബാറുമായുണ്ടായിരുന്ന കച്ചവടബന്ധനത്തിനു തടസ്സം നേരിട്ടു എന്നുവേണം അനുമാനിക്കാന്‍. ഈ മാറ്റത്തെക്കുറിച്ച് പ്രൊഫ. പയസ് മലയേക്കണ്ടത്തില്‍ പരാമര്‍ശിക്കുന്നത് നേരത്തെ സൂചിപ്പിച്ചുവല്ലോ. സസ്സാനിയന്‍സിന്റെ വളര്‍ച്ച മൂന്ന് കച്ചവടപാതകളുടെ നിയന്ത്രണം അവരുടെ കൈകളിലേക്കെത്തിച്ചു; സില്‍ക് കച്ചവടപാതയും പേര്‍ഷ്യന്‍ പാതയും ചെങ്കടല്‍ പാതയും. യഥാര്‍ത്ഥത്തില്‍ അവ മാത്രമല്ല, സസ്സാനിയന്‍സിന്റെ വളര്‍ച്ച ശക്തമാകുന്നതോടെ അവര്‍ക്ക് ഇന്ത്യന്‍ മഹാസമുദ്രതീരങ്ങള്‍ കേന്ദ്രികരിച്ചുള്ള കച്ചവടത്തേയും മെഡിറ്ററേനിയന്‍ തീരത്തെ കച്ചവടത്തേയും പുനര്‍നിര്‍ണ്ണയിക്കാന്‍ സാധിച്ചു എന്നുവേണം പറയാന്‍. നേരത്തെ റോമന്‍ കച്ചവടക്കാര്‍ മലബാറില്‍നിന്നുമുള്ള ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ഇടങ്ങളില്‍ ഇതോടെ സസ്സാനിയന്‍സോ അവരുടെ സമ്മതത്തോടെ മറ്റുള്ളവരുമായി ചരക്കുകള്‍ എത്തിക്കുന്നവര്‍. മലബാറില്‍നിന്നുള്ള കച്ചവടം നിര്‍ബ്ബാധം തുടര്‍ന്നു അതേസമയം ഇവിടെയെത്തിയ കച്ചവടക്കാര്‍ വ്യത്യസ്തരായിക്കൊണ്ടിരുന്നു. 

പക്ഷേ, ഈ സസ്സാനിയന്‍ വളര്‍ച്ച ബൈസാന്റിയന്‍ ഭരണകൂടത്തിനു നഷ്ടമുണ്ടാക്കിയപ്പോള്‍ മലബാറുമായി കച്ചവടബന്ധമുണ്ടാക്കാന്‍ അവര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടി. ലിയോ ഒന്നാമന്റേയും ജസ്റ്റിനിയന്‍ ഭരണത്തിന്റെ ആദ്യ പകുതിയിലും (457-541) ബൈസാന്റിയന്‍ ഭരണം സാമ്പത്തികമായി വികാസം പ്രാപിക്കുന്നുണ്ട്. അത് പുതിയ കച്ചവടകേന്ദ്രങ്ങളേയും അവിടെയെത്തുന്ന മേത്തരം സാധനങ്ങള്‍ ഉപയോഗിക്കുന്ന ഒരു മധ്യവര്‍ഗ്ഗത്തേയും ഉണ്ടാക്കിയെടുക്കുന്നുമുണ്ട്. ഈ കാലത്ത് മധ്യ-പൗരസ്ത്യ ദേശങ്ങളിലും സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലും പുതുതായി വളര്‍ന്നുവന്ന കമ്പോളങ്ങളില്‍ മലബാറില്‍നിന്നുള്ള സുഗന്ധദ്രവ്യങ്ങളുടേയും മറ്റും ആവശ്യകത കൂടുന്നുമുണ്ട്. മാത്രമല്ല, ചൈനീസ് സില്‍ക്കും ചൈനീസ് ആഡംബര പാത്രങ്ങളും വലിയതോതില്‍ വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഈ കച്ചവടത്തിലേക്ക് എത്തിപ്പെടാനായി ബൈസാന്റിയന്‍ ഭരണകൂടം ശ്രമിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ജസ്റ്റിനിയന്‍ ഭരണകാലത്ത് അവര്‍ എത്യോപ്യന്‍ ക്രിസ്തീയ ഭരണകൂടത്തിന്റെ സഹായത്തോടെ സൗത്ത് അറേബ്യ, ഗള്‍ഫ്, സൊകോത്ര തുടങ്ങിയ ഇടങ്ങളിലുള്ള കച്ചവടക്കാരുടെ (പലരും ജൂതരായിരുന്നു) സഹായത്തോടെ മലബാറുമായി കച്ചവടബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതു കാണാം. അങ്ങനെയെത്തിയവര്‍ മലബാറില്‍നിന്നുള്ള കച്ചവട വസ്തുക്കള്‍ ആഫ്രിക്കയിലെ സ്വാലി തീരത്തെത്തിക്കുകയും അവിടെനിന്നു ബോട്ടുകളിലായി മറ്റിടങ്ങളിലേക്ക് ബൈസാന്റിയന്‍ ആവശ്യം നിറവേറ്റാന്‍ കൊണ്ടുപോകുകയുമാണുണ്ടായത്. ഇത് കാണിക്കുന്നത്, അഞ്ചും ആറും നൂറ്റാണ്ടുകളിലും മലബാറുമായി ഒന്നിലധികം ശക്തികള്‍ കച്ചവടബന്ധം തുടരുന്നതിനെയാണ്. റോമന്‍ കച്ചവടത്തിനും ഏഴാം നൂറ്റാണ്ടില്‍ തുടങ്ങിയ അറബ്-ചൈനീസ് കച്ചവടത്തിനും ഇടയിലുള്ള കേരളചരിത്രം എഴുതുമ്പോള്‍ നമ്മള്‍ ഈ തുടര്‍ച്ചയുടെ സാധ്യത കാണാതെ പോയി. 

സത്യത്തില്‍ വി. ശെല്‍വകുമാറും കൂട്ടരും പട്ടണത്തുനിന്നും കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ എ.ഡി. 300 മുതല്‍ 500 വരെയുള്ള കാലത്തും ഇവിടെ കച്ചവടം ഉണ്ടായതായി പറയുന്നുണ്ട്. മാത്രമല്ല, പട്ടണത്തുനിന്നും സസ്സാനിയന്‍ കാലത്തെ (224-651 എ.ഡി.) മെസൊപ്പൊട്ടാമിയയില്‍നിന്നുമുള്ള ടോര്‍പ്പിഡോ ജാറുകളും എ.ഡി. 5 മുതല്‍ 7 വരെയുള്ള പില്‍ക്കാല റോമന്‍ പാത്രങ്ങളായ അലിയ/അക്വബ ആംഫോറയും ഗ്ലൈസിഡ് പാര്‍ഥോ-സസ്സാനിയന് പാത്രങ്ങളും സൗത്ത് അറേബ്യന്‍ നിര്‍മ്മിതങ്ങളാണെന്നു തോന്നിക്കുന്ന പാത്രക്കഷണങ്ങളും കിട്ടിയിട്ടുണ്ട് (സെലാന്‍ഡ് 2014:373). ഇതും തെളിവുകളുടെ അഭാവമല്ല, സൂക്ഷ്മനിരീക്ഷണം മാറ്റിവെച്ചതിന്റെ ലക്ഷണമല്ലേ എന്നു തോന്നിപ്പിക്കുന്നു. 

ഇനി മറ്റൊരു രീതിയിലുള്ള തെളിവുകള്‍ നമ്മോടു പറയുന്നതെന്താണെന്നു നോക്കാം. ബെര്‍ണിക്കയില്‍നിന്നും കിട്ടിയ പുരാവസ്തു തെളിവുകളില്‍ ഇന്ത്യയില്‍നിന്നും സൗത്ത് അറേബ്യയില്‍നിന്നുമുള്ള പാത്രങ്ങള്‍, തമിഴ് ബ്രഹ്മി എഴുത്തുള്ള കലപ്പൊട്ടുകള്‍, തേക്ക്, കുരുമുളക് എന്നിവ അടങ്ങുന്നുണ്ട്. ബെര്‍ണിക്ക ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിനു ശേഷം സജീവമല്ലാത്ത തുറമുഖമാണ്. ഇവിടെ കടല്‍വഴിയുള്ള കച്ചവടം അഞ്ചാം നൂറ്റാണ്ടുവരെ തുടര്‍ന്നിട്ടുണ്ടെങ്കില്‍, മലബാര്‍ജന്യ വസ്തുക്കള്‍ അവിടെനിന്നും ലഭിക്കുന്നത് ക്രിസ്തുവര്‍ഷം നാല്-അഞ്ച് നൂറ്റാണ്ടുകളുടെ പ്രാധാന്യത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതിലേക്ക് നിര്‍ബ്ബന്ധിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ ക്രിസ്തുവര്‍ഷം മൂന്നു മുതല്‍ ഏഴു വരെയുള്ള നൂറ്റാണ്ടുകളില്‍ വളര്‍ന്നുവരുന്ന തുറമുഖങ്ങളേയും അവിടങ്ങളിലെ സമൃദ്ധിയേയും ഇന്ത്യന്‍ മഹാസമുദ്ര കേന്ദ്രിത കച്ചവടത്തിനേയും അതുണ്ടാക്കുന്ന ചരിത്രത്തേയും പുനരാലോചിക്കേണ്ടതുണ്ടെന്ന് ഈ തെളിവുകള്‍ പറയുന്നു. 

അത്തരത്തിലുള്ളൊരു പുനരാലോചന പുതിയ ചോദ്യങ്ങള്‍ ചോദിക്കുന്നവ കൂടിയായിരിക്കണം. ഈ കച്ചവടത്തില്‍ മാടായി അടക്കമുള്ള മലബാര്‍ തീരത്തെ സാധാരണക്കാരായ മനുഷ്യര്‍ക്ക് എന്തുതരം കര്‍ത്തൃത്വമാണുള്ളത്? ഐവിന്ദ് ഹെല്‍ഡസ് സീലാന്‍ഡ് നിരീക്ഷിച്ചതുപോലെ 4 മുതല്‍ 7 നൂറ്റാണ്ടുവരെയുണ്ടായ കച്ചവടം പാശ്ചാത്യനാടുകളുടെ ആഡംബര താല്പര്യങ്ങളെ ശമിപ്പിക്കാനായി മാത്രമുണ്ടായവയാകില്ല; അവ മലബാറിലെ സാധാരണക്കാരായ മനുഷ്യരുടെ താല്പര്യങ്ങളുംകൂടി അടങ്ങിയതായിരിക്കണം. അതു പക്ഷേ, നമ്മള്‍ അന്വേഷിക്കാതെപോയി. മാത്രമല്ല, ഈ കടല്‍വാണിജ്യം സാമൂഹ്യമണ്ഡലത്തില്‍ ഉണ്ടാക്കുന്ന മാറ്റത്തെ ആശയങ്ങളുടേയും ഭൗതിക സംസ്‌കാരത്തിന്റേയും ഒരുതരത്തിലുള്ള പ്രാക്-ആഗോളീകരണത്തിന്റേയും സംസ്‌കാരത്തിന്റെ സങ്കരവല്‍ക്കരണത്തിന്റേയും ഭാഷകളുടെ മിശ്രണത്തിന്റേയും അടിസ്ഥാനത്തില്‍ സമീപിക്കേണ്ടതുമാണ് (2014:387). ഇതിന്റെ കൂടെത്തന്നെ ചോദിക്കേണ്ട മറ്റനേകം ചോദ്യങ്ങള്‍ കൂടിയുണ്ട്. ഉദാഹരണത്തിന് ഇക്കാലത്തു പുതിയ നഗരങ്ങള്‍ വളരുന്നുണ്ടോ? നഗരങ്ങളില്‍ തൊഴില്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നുണ്ടോ? കച്ചവടവും നഗരങ്ങളും വേന്തന്‍ന്മാരുടേയോ വെളിര്‍മാരുടേയോ നിലനില്‍പ്പില്ലാതാക്കുകയോ പുതിയ രാഷ്ട്രീയ ഘടനയുണ്ടാക്കാന്‍ ഇടയാക്കുകയോ ചെയ്തിട്ടുണ്ടോ? കടല്‍ കടന്നുള്ള കച്ചവടത്തിനു ഭരണകൂടത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ് എന്ന കാഴ്ചപ്പാട് പുനഃപരിശോധിക്കേണ്ടതുണ്ടോ? മാടായിയില്‍നിന്നും മറ്റും ഉത്ഖനനം വഴി കിട്ടിയേക്കാവുന്ന പുരാവസ്തു തെളിവുകള്‍ ഇത്തരം ചോദ്യങ്ങളെ സമീപിക്കാന്‍ സഹായിച്ചേക്കും. 

മാടായിക്കാവിലെ പെരുംകലശത്തിൽ നിന്ന്/ ഫോട്ടോ: സുധീഷ് കോമത്ത്
മാടായിക്കാവിലെ പെരുംകലശത്തിൽ നിന്ന്/ ഫോട്ടോ: സുധീഷ് കോമത്ത്

വര്‍ത്തമാന കാലത്തിലേക്ക് 

മുകളില്‍ പറഞ്ഞതു മാത്രമല്ല, മാടായിയുടെ ചരിത്രം. പഴംതമിഴ് പാട്ടുകളുടെ കാലത്തെ വേളിര്‍ മന്നനായ നന്നന്റേയും കന്നുകാലിമേക്കലിന്റേയും ചതുപ്പുനിലങ്ങള്‍ കൃഷിഭൂമിയാക്കുന്നതിന്റേയും മൂഷകവംശകാവ്യത്തിലെ രാമഘടന്റേയും അതുലന്റേയും സ്വരൂപവാഴ്ചകളുടേയും അടിമത്തത്തിന്റേയും പോര്‍ച്ചുഗീസ്-ഡച്ച് അധിനിവേശങ്ങളുടേയും ഇക്കേരി നായകന്മാരുടെ വരവിന്റേയും പോക്കിന്റേയും മറ്റും കഥകള്‍കൂടി പറയുന്നതാണ് മാടായിയും മാടായിപ്പാറയും. ഇംഗ്ലീഷുകാര്‍ക്ക് മാടായിപ്പാറ നികുതി പിരിക്കാന്‍ കഴിയാത്ത പുറമ്പോക്കു ഭൂമിയായതുകൊണ്ടു അവിടെ വലിയ ഇടപെടലുകളൊന്നും ഉണ്ടായില്ല. എന്നാല്‍, 20-ാം നൂറ്റാണ്ടിന്റെ മധ്യമാകുമ്പോഴേക്കും മാടായിപ്പാറയില്‍നിന്നും ചൈനാ ക്ലേ കുഴിച്ചെടുത്തു തുടങ്ങി. അതിന്റെ തുടര്‍ച്ചയും അതിനെതിരെയുള്ള പ്രതിഷേധങ്ങളും സമരങ്ങളുമാണ് ഇന്ന് മാടായിപ്പാറയെ ചരിത്രത്തിലേക്കെത്തിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരമെന്നതുകൊണ്ട് മാടായിപ്പാറയുടെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനങ്ങള്‍ തുടങ്ങി. മനുഷ്യരുടെ കണ്ണുതുറപ്പിക്കുന്നതായിരുന്നു അത്തരം പഠനങ്ങള്‍. സമരങ്ങളും പഠനങ്ങളൂം മാടായിപ്പാറയെ ഒരു പരിധിവരെ സംരക്ഷിച്ചുനിര്‍ത്തി. ചൈനാ ക്ലേ ഖനനം നിര്‍ത്തിയെങ്കിലും അതുണ്ടാക്കിയ ആഘാതത്തില്‍നിന്നും മാടായിപ്പാറ മോചിതയായിട്ടില്ല. മാത്രമല്ല, പാറയിലിപ്പോഴും പലരീതിയിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്; കടന്നുകയറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്; അവയ്‌ക്കെതിരെ ചെറുത്തുനില്‍പ്പുകളും ഉണ്ടാകുന്നുണ്ട്. ചെറുത്തുനില്‍പ്പുകള്‍ ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിലൂന്നിയുമാണ് മുന്നോട്ടു പോകുന്നത്. അവ ശക്തിപ്രാപിച്ചു കൊണ്ടേയിരിക്കട്ടെ. 

മാടായിപ്പാറയെ സംരക്ഷിക്കാനുള്ള മറ്റൊരു തരത്തിലുള്ള വര്‍ത്തമാനങ്ങളില്‍ ഇടംപിടിക്കുന്നത് അതിന്റെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന ജൂതക്കുളവും മാടായിക്കാവും വടുകുന്ദക്ഷേത്രവും മാടായിക്കോട്ടയും മാടായിപ്പള്ളിയും മറ്റുമാണ്; ചരിത്രത്തിന്റെ സ്ഥിരപ്രതിഷ്ഠകളായി ഭൂമിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന നിര്‍മ്മിതികള്‍. ഇവയ്ക്കപ്പുറത്തു മണ്‍മറഞ്ഞുപോയ ചരിത്രശേഷിപ്പുകള്‍ കൂടി മാടായിപ്പാറയിലുണ്ട് എന്നു നമ്മള്‍ അറിഞ്ഞതേയില്ല. മുകളില്‍ ചര്‍ച്ചചെയ്ത തെളിവുകള്‍ അവയിലേക്കുള്ള വെളിച്ചങ്ങളാണ്. പക്ഷേ, അവയും എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ പോകുകയാണ്. ഈ ഭയമാണ്/അപകടകരമായ അവസ്ഥയാണ് ചരിത്രത്തെ മുകളില്‍ വിശദമായി പറയാന്‍ നിര്‍ബ്ബന്ധിതമാക്കിയത്. എങ്ങനെയാണ് നഷ്ടപ്പെടാന്‍ പോകുന്നതെന്ന് ഇനിപ്പറയാം. 

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ ലൈന്‍ എന്ന പേരില്‍ നിര്‍മ്മിക്കാന്‍ പോകുന്ന വേഗ റെയില്‍പാതയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ തത്ത്വത്തിലുള്ള അംഗീകാരം കിട്ടിയെന്നാണ് ഇതു നടപ്പിലാക്കാന്‍ പോകുന്ന ഷീശി േ്‌ലിൗേൃല കമ്പനി ആയ കെ-റെയില്‍ അവരുടെ വെബ്സൈറ്റ് പറയുന്നത്. ഇപ്പോള്‍ ഈ പുതിയ റെയില്‍പ്പാത പോകുന്ന വഴിയേതെന്നും അവര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ നിര്‍ദ്ദേശിക്കപ്പെട്ട അതിവേഗ റെയില്‍പ്പാത കീറിമുറിക്കാന്‍ പോകുന്ന ഒരു പ്രധാന ഇടമാണ് മാടായിപ്പാറ. അവരുടെ വെബ്സൈറ്റില്‍ പറയുന്നത് ഈ റെയില്‍ വന്നാലുണ്ടാകുന്ന പരിസ്ഥിതി ആഘാതത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമൊക്കെ പഠനം നടത്തിയിട്ടാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നാണ്. പക്ഷേ, അതു വിശ്വസനീയമല്ല. 

വേഗ-റെയില്‍ വേണമോ വേണ്ടയോ എന്നതിനെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല, മറിച്ച് ഇത്തരത്തിലുള്ള ഏതൊരു വലിയ പദ്ധതികള്‍ വരുമ്പോഴും അവ ഭൂമിയുടെ ഘടനയെ മാറ്റിമറിക്കുന്നുണ്ടെങ്കില്‍ നിര്‍ബ്ബന്ധമായും അത്തരം പ്രദേശങ്ങളില്‍ പുരാവസ്തു പര്യവേഷണങ്ങള്‍ അതിനു മുന്നോടിയായി നടത്തേണ്ടതുണ്ട്; അവിടെനിന്നും കിട്ടുന്ന തെളിവുകള്‍ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യണം. ഇല്ലായെങ്കില്‍ നാം മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള തെളിവുകള്‍ എന്നെന്നേക്കുമായി അസ്തമിക്കും എന്നു മാത്രമല്ല, അത്തരം തെളിവുകള്‍ വഴി ഉണ്ടാക്കിയെടുക്കാവുന്ന ചരിത്രാനുഭവങ്ങള്‍ മണ്‍മറഞ്ഞുംപോകും. കേരളചരിത്രത്തിന്റെ ആധുനിക പൂര്‍വ്വകാലം സൂക്ഷ്മമായി ഇനിയും പഠിക്കേണ്ടതുണ്ട്; അതിനിത്തരം തെളിവുകള്‍ അത്യാവശ്യവുമാണ്. മാത്രമല്ല, ചരിത്രത്തെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതിനു തടയിടാന്‍ ഇവയുടെ രേഖപ്പെടുത്തലുകള്‍ ഉപകരിക്കുകയും ചെയ്യും. ഇങ്ങനെ കണ്ടെത്തുന്ന പല തെളിവുകളുടേയും ചരിത്രപരമായ പ്രാധാന്യം നമുക്കിന്നു തിരിച്ചറിയാന്‍ കഴിയണമെന്നില്ല; അതേസമയം അവയുടെ സംരക്ഷണം വരുംതലമുറയ്ക്ക് നമ്മുടെ പൂര്‍വ്വകാലത്തെ കൂടുതല്‍ തെളിമയോടെ കാണാന്‍ വഴിവെയ്ക്കുകയും ചെയ്യും.  

പ്രകൃതിയും സംസ്‌കൃതിയും

റെയില്‍പ്പാത കടന്നുപോകുന്ന മാടായിപ്പാറയിലേക്കു വരുകയാണെങ്കില്‍ അതാദ്യം ഇല്ലാതാക്കുക പ്രകൃതിയും മനുഷ്യനും അവ തീര്‍ത്ത സംസ്‌കാരവും ഇഴചേര്‍ന്നുനില്‍ക്കുന്ന മാടായിക്കാവിനെയായിരിക്കും. സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത് കാവിന്റെ പടിഞ്ഞാറു വശത്തുകൂടിയാണ്. മാടായിപ്പാറയിലെ വിശുദ്ധവനമായി കണക്കാക്കുന്ന ഇടമാണത് മാടായിക്കാവ്, അവിടെ നീരുറവയും കാണാം. ഇവിടുത്തെ ജൈവവൈവിധ്യത്തെ നേരത്തെതന്നെ പഠിച്ചിട്ടുണ്ട്; അവ കാവ് എത്രമാത്രം പ്രാധാന്യമുള്ളതാണെന്നു വരച്ചുകാട്ടിയിട്ടുമുണ്ട്. അതുപോലെ ശ്രദ്ധിക്കേണ്ടതാണ് മാടായിക്കാവ് പറയുന്ന മനുഷ്യരുടെ ചരിത്രവും. മരക്കലമേറി എത്തി ഈ നാടിനെ ഉണ്ടാക്കിയ കുടിയേറ്റക്കാരുടെ കഥ ഈ കാവ് പറയും. അവര്‍ പിന്നീട് ഇവിടുത്തെ ജനതയെ അടിമകളാക്കി വില്‍പ്പന നടത്തിയതിന്റെ കഥയും പറയും. മധ്യകാല മലബാറിലെ തറക്കൂട്ടങ്ങളേയും മൂപ്പുവാഴ്ചയടക്കമുള്ള അധികാരബന്ധങ്ങളേയും കുറിച്ചു പറയും. ഇവയെല്ലാം ഇന്നു കുഴിച്ചുമൂടേണ്ട ചരിത്രസത്യങ്ങളാണെന്ന് ഏകാധിപത്യ ഭരണരീതിയോടു പ്രതിപത്തിയുള്ളവര്‍ക്കു തോന്നിയേക്കാം; വേഗ റെയില്‍ അത് സാക്ഷാല്‍ക്കരിച്ചു കൊടുക്കുകയും ചെയ്യും. 

കൊളോണിയല്‍ ഭരണത്തിന്റെ സാക്ഷ്യമായി ഇന്നും നിലനില്‍ക്കുന്ന റസ്റ്റ്ഹൗസ് ആണ് രണ്ടാമത് ഇല്ലാതാകുന്ന മന്ദിരം. ഹെര്‍മന്‍ ഗുണ്ടര്‍ട്ടും വില്ല്യം ലോഗനും മറ്റും വന്നു താമസിക്കുകയും മലബാറിനെക്കുറിച്ചും മറ്റും എഴുതുകയും ചെയ്തത് ഈ വിശ്രമകേന്ദ്രത്തിലിരുന്നാണെന്നു നമുക്കറിയാം. കൊളോണിയല്‍ അധിനിവേശത്തിനെ ന്യായീകരിക്കുന്നതും കൊളോണിയല്‍ ആധുനികത പ്രചരിപ്പിക്കുന്നതുമായ ആശയങ്ങളാണ് ഇവിടങ്ങളില്‍നിന്നും കൂടുതലായും ഉല്പാദിപ്പിച്ചിട്ടുണ്ടാകുകയെങ്കിലും ഈ ചരിത്രസ്മാരകം നമ്മള്‍ അടിമകളായതിന്റെ നാള്‍വഴികള്‍ ഓര്‍മ്മിപ്പിക്കുന്നവ കൂടിയാണ്. നവ ഉദാരവല്‍ക്കരണ കാലത്ത് അത്തരം ചരിത്രത്തിന്റെ തികട്ടിവരലുകള്‍ ആര്‍ക്കാണ് ദോഷം ചെയ്യുക എന്ന് കോര്‍പ്പറേറ്റ് മൂലധനത്തിനറിയാം; നമ്മളെക്കാളും. 

ദക്ഷിണേഷ്യയില്‍ത്തന്നെ മാടായിയില്‍ മാത്രമുള്ള ഒരു ഇസ്ലാമിക അവാന്തര വിഭാഗമാണ് അഹ്ലുല്‍-ഖുറാനികല്‍. 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യപരിവര്‍ത്തന ചിന്തകളില്‍ ആകൃഷ്ടരായ ഒരു ചെറുവിഭാഗം മുസ്ലിങ്ങള്‍, ഹദീസിനെ നിയമമായി കാണുന്നത് അനിസ്ലാമികമാണെന്നു വാദിച്ച് വിശുദ്ധഗ്രന്ഥമായ ഖുറാനിലേക്ക് തിരിച്ചുപോകാനും സാമൂഹ്യസമത്വത്തിനുവേണ്ടി വാദിക്കാനും തുടങ്ങിയപ്പോള്‍ ഉണ്ടായിവന്നതാണിവര്‍. ഇസ്ലാമിനെ ഏകമുഖമുള്ള മതമായി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ചരിത്രപരമായി അങ്ങനെയല്ലെന്ന് ആവര്‍ത്തിച്ചു കാണിക്കാന്‍ കഴിയുന്ന ഒരു വിഭാഗത്തിന്റെ അനുഭവങ്ങളും സ്മരണകളുമുറങ്ങുന്ന ഖബറിടവും ആരാധനാലയവുമാണ്, ചരിത്രതെളിവാണ്, വേഗ റെയിലിനായി മണ്ണിട്ടു മൂടപ്പെടുന്ന മാടായിപ്പാറയിലെ മൂന്നാമത്തെ ഇടം. ഈ മണ്ണിട്ടുമൂടല്‍ എന്തുതരം രാഷ്ട്രീയത്തേയും സാമൂഹ്യതയേയുമാണ് വളര്‍ത്തുക എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളു. 

നഷ്ടപ്പെടുന്ന നാലാമത്തേ ഇടം മാടായിക്കോട്ടയാണ്. മുരിക്കഞ്ചേരിക്കേളു നിര്‍മ്മിച്ച ഈ കോട്ട ചരിത്രത്തില്‍ ഇടംപിടിക്കുന്നത് ഏതെങ്കിലും രാജാവിന്റെ നിര്‍മ്മിതിയായതുകൊണ്ടല്ല, മറിച്ച് മാടായിയിലെ മനുഷ്യര്‍ അവരുടെ രക്ഷയ്ക്കായി നിര്‍മ്മിച്ചതായതുകൊണ്ടാണ്. മുരിക്കഞ്ചേരി കേളുവിന്റെ പാട്ടില്‍ ഇങ്ങനെ പറയുന്നു: ''അടുത്തിലത്തറയിലെ തീയ്യന്മാരും വെങ്ങരത്തറയിലെ കോലയമ്മാറും മാടായിത്തറയിലെ പുലയമ്മാറും പിറവിയത്ത് നാട്ടിലെ ചോനവരും അവരെ തിരുമനസ്സുണ്ടായിറ്റ്, കോട്ടപ്പണിയല്ലെടുത്തു ഞാന്‍'' (നമ്പൂതിരി: 72). അതായത്, ഇവിടുത്തെ ഓരോ മനുഷ്യരും അവരുടെ അദ്ധ്വാനം സേവനമായി നല്‍കി ഉണ്ടാക്കിയതാണ് ഈ കോട്ട. 

പക്ഷേ, പണിതീര്‍ന്ന് അവിടെ നല്‍വാഴ്വുണ്ടായപ്പോള്‍ കേളുവിനേയും കൂട്ടരേയും പുറത്താക്കി ഈ കോട്ട സ്വന്തമാക്കാന്‍ കോലത്തിരി എത്തുകയാണ്. മുരിക്കഞ്ചേരിയുടെ ഈ പാട് നാട്ടിപ്പാട്ടയും മറ്റും ഈ അടുത്തകാലം വരെ വയലുകളില്‍ ഉയര്‍ന്നതായിരുന്നു. ഓരോ തവണ ആവര്‍ത്തിച്ചു പാടുമ്പോഴും ഇവിടുത്തെ ജനത തങ്ങള്‍ക്ക് അഭിലഷണീയമല്ലാത്ത രാജത്വത്തെ എതിര്‍ക്കുകതന്നെയാണ് അതുവഴി ചെയ്തുകൊണ്ടിരുന്നത്. ഈ ചരിത്രവും മായ്ക്കപ്പെടേണ്ടതുതന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com