ഇതു ദുഃഖിപ്പിക്കുന്നു, പ്രിയമുള്ള ഡെന്നിസ്... വല്ലാതെ ദുഃഖിപ്പിക്കുന്നു!

ആവിഷ്‌കരിക്കാന്‍ കഴിയുമായിരുന്നതു മൂശയില്‍ ബാക്കിനിര്‍ത്തി, ഇനിയുമിനിയും ഡെന്നിസിനു മാത്രം തെളിക്കാന്‍ കഴിയുന്ന പുതിയ ചാലുകളെ അനാഥമാക്കിക്കൊണ്ടാണ് പൊടുന്നനെയുള്ള വിടവാങ്ങല്‍
ഡെന്നിസ് ജോസഫ്
ഡെന്നിസ് ജോസഫ്

ഡെന്നിസ് ജോസഫ് എറണാകുളത്ത് താമസമാക്കി ഏറെ വൈകുംമുന്‍പേ ഞങ്ങള്‍ പരിചയപ്പെട്ടിരുന്നു. മാധവ ഫാര്‍മസി ജംഗ്ഷനിലെ ലിബര്‍ട്ടി ഹോട്ടലിന്റെ പാര്‍ട്ട്ണര്‍മാരിലൊരാളായ ഹസ്സനാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. അന്നേ ഡെന്നീസിന്റെ മനസ്സില്‍ സിനിമ ഇരമ്പുന്നുണ്ടായിരുന്നു.

സിനിമയിലേയ്ക്കു കടന്നുവരാനുള്ള ഭാഗ്യനിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നില്ല, സിനിമയുടെ പകിട്ടുകണ്ടു ഭ്രമിച്ചും ആ ഗ്ലാമറില്‍ കൊതിച്ചുമുള്ള ഉപരിതല വെമ്പലുമായിരുന്നില്ല ഡെന്നിസിന്റേത്. സഗൗരവതാല്പര്യം തന്നെയായിരുന്നു സിനിമയോട്. കുറുക്കുവഴികള്‍ തേടിയില്ല. മനസ്സില്‍ ഒരു സിനിമ പൂര്‍ണ്ണമായും സങ്കല്പിച്ച് അതിന്റെ ബ്ലൂപ്രിന്റുമായിട്ടേ ആരുടെ മുന്നിലും അവതരിക്കുമായിരുന്നുള്ളൂ. ആലോചനയുടെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ആദിമദ്ധ്യാന്ത്യ വ്യക്തതയുള്ള ചലച്ചിത്രവിഭാവനം നിരത്താന്‍ ഡെന്നിസിനു കഴിഞ്ഞു; പോക്കറ്റില്‍നിന്നും വിസിറ്റിംഗ് കാര്‍ഡെടുത്തു നീട്ടുംപോലെ, അനായാസേന. പിന്നെ പറഞ്ഞുറപ്പിക്കുകയും എഴുതി തികയ്ക്കുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ. ആദ്യഘട്ടത്തില്‍ അങ്ങനെ പറയുമ്പോള്‍ കിട്ടുന്ന രൂപത്തില്‍നിന്ന് ആ സിനിമയുടെ ഒരെടുപ്പു മനസ്സിലാക്കി അതു സ്വീകരിക്കുന്ന സംവിധായകന് ദൃശ്യാരോഹണത്തില്‍ അതിനോടു ചേര്‍ന്ന് അതിനെ ഉദ്ദീപിപ്പിക്കാന്‍ എളുപ്പമായിരുന്നു. 
 
കൂട്ടത്തില്‍ ഒന്നുകൂടി പറയട്ടെ. സിനിമയില്‍ ഏറ്റവും ക്ലേശകരമായ കര്‍മ്മം തിരക്കഥാരചനയാണെന്നു പറയുമായിരുന്നു ഡെന്നിസ്. സംവിധായകന് എഴുതിക്കിട്ടുന്നതങ്ങെടുക്കുക എന്ന ജോലിയല്ലേയുള്ളൂ എന്നായിരുന്നു വാദം. ഒരു സിനിമയുടെ ആത്യന്തിക രചയിതാവ് സംവിധായകനാണെന്നു സത്യസന്ധമായും വിശ്വസിക്കുന്ന ഞാന്‍ ഡെന്നിസുമായി തര്‍ക്കത്തിനു മുതിര്‍ന്നിട്ടില്ല. ഡെന്നിസിന്റെ ആഘോഷിക്കപ്പെട്ട തിരക്കഥകളായിരുന്നുവല്ലോ ഭൂമിയിലെ രാജാക്കന്മാരും ന്യൂഡല്‍ഹിയും. തമ്പി കണ്ണന്താനവും ജോഷിയുമല്ല ഇവ സംവിധാനം ചെയ്തിരുന്നതെങ്കില്‍ ഇന്നു കാണുന്ന ചിത്രങ്ങള്‍ ആ തിരക്കഥകളില്‍നിന്നുരുത്തിരിഞ്ഞു വരുമായിരുന്നുവോ? ചോദിച്ചില്ല. സംവിധായകനാണ് ദൃശ്യതാളമൊരുക്കി ചിത്രത്തെ ലക്ഷ്യവേപകമാക്കുന്നതെന്ന് ഡെന്നിസിനു നന്നായറിയാമായിരുന്നു. ഇത്തരം ചില സത്യങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെ നിഷേധിക്കുന്നതും പകരം മറ്റൊരു ഭാഷ്യം അതിന്മേല്‍ വിതാനിക്കുന്നതും ഡെന്നിസിന്റെ ഒരു ശീലവും വിനോദവുമായിരുന്നു. തന്നെ പ്രീതിപ്പെടുത്താന്‍ വേണ്ടി താന്‍ സമര്‍ത്ഥിച്ച പൊള്ളത്തരം ശരിവച്ചവരെ നോക്കി ഉള്ളാലെ ചിരിക്കുന്നതും ഡെന്നിസ് ചിരിക്കുന്നത് വിനോദത്തുടര്‍ച്ചയും.

ഡെന്നിസ് എന്നും മനസ്സില്‍ സിനിമയാണ് ആദ്യം കണ്ടത്. പിന്നീടത് ഇഴപിരിച്ച് മുഹൂര്‍ത്തസന്ധികളിലൂടെ കഥാപാത്രങ്ങളെ തീര്‍ത്ത് അവയിലൂടെ കഥയെ ഉണര്‍ത്തിയെടുക്കുന്ന ഒരു രീതിയായിരുന്നു ഡെന്നീസിന്റേത്. അന്നാളുകളില്‍ പുതിയൊരെഴുത്തുകാരനില്‍നിന്നും കേള്‍ക്കാന്‍ കഴിയുമായിരുന്ന കഥാനിര്‍ദ്ദേശത്തില്‍നിന്ന് പാടേ വ്യത്യസ്തമായിരുന്നു അത്.

ഇത്രയുമൊരുക്കങ്ങളുണ്ടായിരുന്നതുകൊണ്ട് ആരെ സമീപിക്കുമ്പോഴും തന്റെ കരിയറിന്റെ ഏതു ഘട്ടത്തിലും ഡെന്നീസിന് ആത്മവിശ്വാസത്തിന്റെ തന്റേടമുണ്ടായിരുന്നു. അതായിരുന്നു കൂസലില്ലാതിരുന്ന ആ ചലച്ചിത്രവ്യക്തിത്വത്തിന്റെ ഭൂമികയും.

ഡെന്നിസ് ജോസഫും മമ്മൂട്ടിയും
ഡെന്നിസ് ജോസഫും മമ്മൂട്ടിയും

മാതൃസഹോദരനായ നടന്‍ ജോസ് പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫായിരുന്നു ഡെന്നിസിന്റെ ആദ്യചിത്രം 'ഈറന്‍ സന്ധ്യ'യുടെ നിര്‍മ്മാതാവ്. പൂര്‍ത്തിയായ തിരക്കഥയുമായിട്ടാണ് അയാള്‍ ആദ്യചുവടു നീക്കിയത്. പക്ഷേ, നിര്‍ഭാഗ്യങ്ങളുടെ നിര്‍ഭാഗ്യമായിരുന്നു ഡെന്നിസിനെ കാത്തിരുന്നത്. സംവിധായകനായി കെ.എസ്. സേതുമാധവനെ ഉദ്ദേശിച്ചു. നടന്നില്ല. പിന്നെ നിയോഗം ജേസിക്കായി. മുന്‍പേ ഡെന്നിസിനും ജേസിക്കുമിടയിലുണ്ടായിരുന്ന അകാരണമായൊരു ഉലച്ചില്‍ തിരക്കഥയെ വിലയിരുത്തുന്നതിലും നിഴലിട്ടു. ഒരു തുടക്കക്കാരന്റെ രചനയില്‍ പരിചയക്കുറവുമൂലം ചില ന്യൂനതകള്‍ കടന്നുവരിക സഹജം. അതു തിരുത്തി നിവര്‍ത്തുക അസാദ്ധ്യമാവാറില്ല. ഇവിടെ പക്ഷേ, തിരക്കഥ മാറ്റിയെഴുതിയില്ലെങ്കില്‍ പ്രൊജക്ട് തന്നെ നടക്കില്ല എന്ന ദുര്‍ഘടസന്ധിയാണ് ഉണ്ടായത്. തിരുത്തിയെഴുതേണ്ട നിയോഗം എനിക്കായി. മറ്റു ചിത്രങ്ങളുടെ തിരക്കില്‍ ഞാനതൊഴിവാക്കാന്‍ ആവതു ശ്രമിച്ചു. ജേസിയും രാജന്‍ ജോസഫും വിതരണക്കാരായ സെന്‍ട്രല്‍ പിക്ചേഴ്സും നിര്‍ബ്ബന്ധിച്ചതിനു പുറമെ ഡെന്നിസ് ജോസഫ് തന്നെ നേരിട്ടാവശ്യപ്പെട്ടപ്പോള്‍ എനിക്കതു ചെറിയ തിരുത്തലുകളോടെ മാറ്റി എഴുതേണ്ടതായി വന്നു.

മൂന്നു ദിവസമോ മറ്റോ ആണ് ഞാന്‍ ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായിരുന്നത്. ഡെന്നിസ് സ്ഥലത്തുണ്ടെന്നറിയാമായിരുന്നെങ്കിലും ചിത്രീകരണസ്ഥലത്തെങ്ങും പ്രത്യക്ഷപ്പെട്ടില്ല. ഉള്‍ക്കടലിന്റെ പാര്‍ട്ട്ണര്‍മാരിലൊരാളായ അപ്പൂട്ടിയുടെ ലൊക്കേഷനിലായിരുന്നു മമ്മൂട്ടി ലൊക്കേഷനില്‍ താമസം. അക്കൂട്ടത്തില്‍ അവിടെയായിരുന്നു ഡെന്നിസും. ആദ്യചിത്രത്തിന്റെ രചന സംബന്ധമായി ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഒരെഴുത്തുകാരന് പിന്നെ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. ഡെന്നിസ് പിടിച്ചുനിന്നു. അന്ന് മലയാള സിനിമയിലെ ഏറ്റവും പ്രബലനായ നായകതാരത്തിനൊപ്പം അവിടെ താമസിച്ചു. അതൊരിക്കലും വളഞ്ഞവഴിക്കുള്ള സ്വാധീനം മൂലമോ ദീനാനുകമ്പയുടെ ആനുകൂല്യത്താലോ ആയിരുന്നില്ല. തനിക്ക് കഴിവുണ്ടെന്നും തന്നെ പ്രയോജനപ്പെടുത്താനാകുമെന്നുമുള്ള ബോദ്ധ്യമുണര്‍ത്തിക്കൊണ്ടു തന്നെയാണത് ഡെന്നിസിനു സാധിച്ചത്. ആ ബോദ്ധ്യത്തിന്റെ തുടര്‍ച്ചയായിരുന്നു ഡെന്നിസിന്റെ അടുത്ത ചിത്രമായ 'നിറക്കൂട്ട്.' ജോഷിയുമൊത്തുള്ള ഡെന്നിസിന്റെ ചരിത്രംകുറിച്ച ചലച്ചിത്ര കൂട്ടുകെട്ടിന് അതു തുടക്കവുമായി.

ആദ്യചിത്രത്തില്‍ ഡെന്നിസിന്റെ എഴുത്തുമനസ്സുമായി അങ്ങനെ ഞാനിടപഴകി. പിന്നീട് അടുത്തും അകലെയുമായി കാണാറുണ്ട്. ആദ്യം കണ്ടപ്പോഴുള്ള ആദരവും സൗഹൃദച്ചൂടും എപ്പോള്‍ കാണുമ്പോഴും അവസാനംവരെ, എന്നോടു പുലര്‍ത്തിയിട്ടുമുണ്ട്. പക്ഷേ, എന്നിരിക്കിലും താരതമ്യേന അദ്ദേഹവുമായി ഏറ്റവും കുറച്ചു ബാഹ്യതല സമ്പര്‍ക്കങ്ങള്‍ പുലര്‍ത്തിയിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് ഏതാണ്ടു നിര്‍മ്മമമായി ഡെന്നിസിന്റെ ചലച്ചിത്ര വേഴ്ചയേയും വാഴ്ചയേയും എനിക്ക് കാണാനാകുന്നു.

ഡെന്നിസിന്റെ ആദ്യപാദത്തിലെ ചലച്ചിത്രയാത്ര വിജയങ്ങളില്‍നിന്നു വിജയങ്ങളിലേയ്ക്കായി. തിരക്കഥാ വിപണിയില്‍ (അങ്ങനെയൊരു പ്രയോഗം തെറ്റാണ്; എങ്കിലും ആശയവ്യക്തതയ്ക്കുവേണ്ടി ക്ഷമാപണപൂര്‍വ്വം ഉപയോഗിക്കുകയാണ്.) ഡെന്നിസ് ഒരിക്കലും സ്വയം വില്‍ക്കാന്‍ നിന്നില്ല. അവനവനെ ബ്രാന്റ് ചെയ്‌തെടുത്ത്, ആ തിരക്കഥ തേടിവരേണ്ടത് തങ്ങളുടെ ആവശ്യമാണ് എന്ന തോന്നല്‍ സംവിധായകരിലും നിര്‍മ്മാതാക്കളിലും ഉണ്ടാക്കിയെടുക്കുകയായിരുന്നു. അങ്ങനെ കൈവന്ന ചിത്രങ്ങളില്‍ ഏറെയും വന്‍ വിജയങ്ങള്‍ കൂടിയായപ്പോള്‍ ഡെന്നിസ് ജോസഫിനു മതിപ്പേറി.

വൈവിധ്യമാര്‍ന്ന ജെനറുകളില്‍പ്പെട്ട പ്രമേയങ്ങള്‍ ഡെന്നിസ് കൈകാര്യം ചെയ്തു. അവയെല്ലാംതന്നെ സാങ്കേതികമായിക്കൂടി ഒരു slickness
ആവശ്യപ്പെടുന്നവയായിരുന്നു. ഡെന്നിസ് ജോസഫ് പങ്കാളിയായ ചിത്രങ്ങളെ സാമാന്യത്തില്‍നിന്നും വേറിട്ടു നിര്‍ത്താനും ഇതിടയാക്കി.

ഡെന്നിസ് ജോസഫ്
ഡെന്നിസ് ജോസഫ്

ഡെന്നിസ് ധാരാളം വായിക്കുമായിരുന്നു. എരിയുന്ന സിഗററ്റും ഏതെങ്കിലും പുസ്തകത്തിന്റെ പേപ്പര്‍ ബാക്ക് എഡിഷനും കയ്യിലില്ലാതെ ഡെന്നിസിനെ കണ്ടിട്ടുള്ളത് അപൂര്‍വ്വമാണ്. കണ്ടും കേട്ടും വായിച്ചും വിപുലമായ ഒരു ലോകം ഡെന്നിസ് സ്വന്തമാക്കി. സിനിമകള്‍ക്കുവേണ്ട കഥാബീജങ്ങളേയും ഘടനാമാതൃകകളേയും അവിടെനിന്നും യഥേഷ്ടം സ്വീകരിച്ചു. അത്തരം കഥകള്‍ ആ കൂട്ടുകളില്‍ പുതുതായിരുന്നു. അതവയ്ക്കു മാന്യമായ ജനപ്രീതി നേടിക്കൊടുത്തു.

Plagiarism എന്നു പുച്ഛിച്ചുതള്ളാനാകുമായിരുന്നില്ല ആ ഉപലംബസ്വീകാരങ്ങളെ. ഡെന്നീസ് മനസ്സര്‍പ്പിച്ച് എഴുതിയ സിനിമകളില്‍ നാം കണ്ട വാര്‍പ്പുകള്‍ ഒരിക്കലും നമുക്കന്യമായനുഭവപ്പെട്ടിട്ടില്ല. അത്തരം കഥകള്‍ ഇവിടെയെന്നതുപോലെ അന്യനാടുകളിലും സംഭവിക്കാമെന്ന തോന്നലാണ് മറിച്ച് അവ സൃഷ്ടിച്ചത്. അതിന് Plagiarism എന്ന വാക്കല്ല ഇണങ്ങുക; അവലംബം എന്ന വിശേഷണം പോലുമല്ല; 'ഉപലംബം' എന്നേ പറയാനാകു...

മുട്ടത്തു വര്‍ക്കിയുടെ നോവലിനു തിരക്കഥയൊരുക്കുമ്പോഴും ഡെന്നിസ് അവലംബിച്ചത് ഇതേ മാതൃകയാണ്. വളരെ വ്യത്യസ്തമായ പ്രമേയമായിരുന്നിട്ടും അഥര്‍വ്വത്തില്‍ വരെ ഈ structural uniformtiy പ്രകടമാണ്.

ഇഴയുന്ന രംഗങ്ങള്‍ ഡെന്നിസിന്റെ ചലച്ചിത്രമനസ്സിന് ചതുര്‍ത്ഥിയായിരുന്നു. ഡെന്നിസ് ജോസഫിന്റെ ചലച്ചിത്രാഖ്യാനത്തിലെ പ്രവാഹശ്രുതി എന്നും ചടുലമായിരുന്നു. അവയ്ക്ക് അവയുടേതായ ഒരാവേഗ താളവുമുണ്ടായിരുന്നു.

ഡെന്നിസ് ജോസഫിലെ തിരക്കഥാകൃത്ത് ഒരു വലിയ പരിധിവരെ സംവിധായകന്റെ കണ്ണുകൊണ്ടുകൂടി പ്രമേയ കല്പന നിവര്‍ത്തിച്ചിരുന്നു. ഛായാഗ്രാഹകന്റെ വീക്ഷണവും കലാസംവിധായകന്റെ വീക്ഷണവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അഭിനേതാക്കള്‍ നിഷ്ഠാപൂര്‍വ്വം പുലര്‍ത്തേണ്ട അളവുമാത്രകള്‍ ഡെന്നിസിനറിയാമായിരുന്നു. താന്‍ സഹവര്‍ത്തിച്ച എല്ലാ ചിത്രങ്ങളുടേയും സംഗീതഭാഗങ്ങളില്‍ വളരെ കൃത്യതയോടെ ശ്രദ്ധാപൂര്‍വ്വം ഡെന്നിസ് ഇടപെട്ടിരുന്നു. ഒരു പൂര്‍ണ്ണ ചലച്ചിത്രകാരന് ആവശ്യമായ ദംശങ്ങള്‍ പല മാത്രകളിലായി ഡെന്നിസിന്റെ സര്‍ഗ്ഗപരമായ മൂശയില്‍ ലീനമായിരുന്നു. ആ ശകലങ്ങളെ ഏകോപിപ്പിച്ച് ഒരു തുലന തുടിയില്‍ ചേരുംപടി ഇണക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ, മലയാളത്തിലെ മുന്‍നിര ചലച്ചിത്രകാരന്മാരുടെയിടയില്‍ ഡെന്നിസ് സ്ഥാനമുറപ്പിക്കുമായിരുന്നു. തന്റെ തന്നെ സത്തയിലെ ശകലങ്ങളെ അടര്‍ത്തിയെടുത്ത് പുന:രടുക്കി നേര്‍മുനകോര്‍ക്കുക വേദനാപൂര്‍ണ്ണമായ ഒരു process ആണ്. ഡെന്നിസ് അതെന്നുമൊഴിവാക്കി. സംവിധാനചുമതല ഏറ്റെടുത്ത ചിത്രങ്ങളിലെല്ലാം തന്നിലെ തിരക്കഥാകാരന്റെ അനുസരണയുള്ള കുഞ്ഞാടാക്കി തന്നിലെ സംവിധായകനെ തളച്ചിട്ടു. visual mounting-ല്‍ സര്‍ഗ്ഗപരമായ മേധാവിത്വസ്വച്ഛത്തിന് സംവിധായകനെ പറത്തിവിടാതിരുന്നതിനു ന്യായം പറയാന്‍ മുന്‍പേ സൂചിപ്പിച്ച പൊയ്വാദമുഖവും ഉണ്ടായിരുന്നിരിക്കാം.

ഇടയ്ക്ക് ഡെന്നിസ് ജോസഫ് കഥകളെഴുതുമായിരുന്നു. നല്ല കഥകള്‍. ശില്പഭംഗിയുള്ള കഥകള്‍. ഒരു ചെറുകഥാകൃത്തെന്ന നിലയില്‍ ഡെന്നിസില്‍ പ്രതീക്ഷകളര്‍പ്പിക്കാന്‍ അവ വകനല്‍കി. പക്ഷേ, വളരെക്കുറച്ചു കഥകള്‍ മാത്രമാണ് ഡെന്നിസ് എഴുതിയത്. മടി എന്നതിനെ ഞാന്‍ വിശേഷിപ്പിക്കില്ല. സിനിമയിലൊഴികെ മറ്റെല്ലാ എഴുത്തിലും ഡെന്നിസ് ഒരുപാട് പിശുക്കു കാണിച്ചിരുന്നു. ഡെന്നിസ് എഴുതിയ കഥകളില്‍ പലതിലും ഡെന്നിസ് ഉണ്ടായിരുന്നു. ജീവിതത്തിലെ നിത്യമുറിവുകള്‍കൊണ്ട് മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തുന്ന നൊമ്പരവര്‍ഷങ്ങളുടെ സ്പന്ദനങ്ങള്‍ അവയില്‍ ഇടചേര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ അതിലേയ്ക്കു നിര്‍ബ്ബാധം ഊളിയിട്ടിറങ്ങുക ആഹ്ലാദകരമായിരുന്നിരിക്കില്ല.

വേലിയേറ്റങ്ങള്‍ക്കൊപ്പം വേലിയിറക്കങ്ങളും കാലത്തിന്റെ ചാക്രികപ്രവാഹത്തിലുണ്ട്. ഇറക്കവഴികള്‍ പല ദിക്കില്‍നിന്നും തുറക്കാം. അപ്രതിരോധ്യമാണ് നീരിറക്കങ്ങള്‍. കാലം മാറുമ്പോള്‍ മനസ്സിന്റെ സഞ്ചാരവേഗത്തില്‍ മാറ്റങ്ങള്‍ വരും. ജാഗ്രതയോടെ ഒപ്പത്തിനൊപ്പം മുന്നിട്ടു നിന്നില്ലെങ്കില്‍ അതിനു തീര്‍ക്കാനാവുന്ന അപരിചിതത്വം അമ്പരപ്പിക്കുന്നതാണ്.

ലിബര്‍ട്ടി ഹോട്ടലിലെ മേശയ്ക്കിരുവശവുമിരുന്നു ചൂടുചായ പങ്കിടുമ്പോള്‍ ഡെന്നിസില്‍ ഞാന്‍ കണ്ടത് സിനിമയിലെ വരുംകാല സാദ്ധ്യതകളെ മുന്‍പേ പഠിച്ചെടുക്കാനുള്ള വെമ്പലും കുതിപ്പും അതിന്റെ ഉള്ളുരുക്കവുമാണ്. ചലച്ചിത്ര വിദ്യാര്‍ത്ഥിയുടെ ആ മനസ്സു വേവുണ്ടായിരുന്നതു കൊണ്ടാണ് ഡെന്നിസിനു ആരുമായും അതിപ്പോള്‍ കെ. ബാലചന്ദ്രനും മണിരത്‌നവും രജനികാന്തുമായാലും മമ്മൂട്ടിയും മോഹന്‍ലാലുമടക്കം ഏതു താരചക്രവര്‍ത്തിയായാലും അവരില്‍ മതിപ്പുണര്‍ത്തുംവിധം ഇടപഴകാന്‍ നിഷ്പ്രയാസം കഴിഞ്ഞിരുന്നത്. സാധാരണക്കാര്‍ക്കും വമ്പന്മാര്‍ക്കും പ്രത്യേകം പ്രത്യേകം രീതികള്‍ ഡെന്നിസ് ജോസഫിന്റെ ഇടപെടല്‍ പ്രകൃതത്തിലുണ്ടായിരുന്നില്ല.

കാലത്തിനു മുന്‍പേ കുതിക്കാനുള്ള ആ വെമ്പല്‍ ഇടയ്ക്കുവച്ച് ആര്‍ക്കും കൈമോശം വരാം. കടിഞ്ഞാണ്‍ മുറുക്കുന്നിടത്ത് യാഗാശ്വം നില്‍ക്കാതെ വരുമ്പോഴേ അതു ശ്രദ്ധയില്‍പ്പെടൂ. പിന്നെ തിരിച്ചുപിടിക്കാന്‍ ചെറിയ ശ്രമം പോരാ; പ്രേക്ഷകരുടെ രസതന്ത്രവും സിനിമയുടെ ഭാവരൂപ ചേരുവകളും അതിനകം മറ്റൊന്നായി മാറിയിരിക്കും. വേറെയുമുണ്ട് ദുര്യോഗസാധ്യത. വിജയപാതയിലൂടെയുള്ള ഘോഷയാത്രയ്ക്കിടയില്‍ ആത്മബലമായ അടിസ്ഥാന ധാരണകളോടു നിരക്കാത്ത ചില ളശഃമശേീിെല്‍ ശാഠ്യപൂര്‍വ്വം ചെന്നുകുടുങ്ങാം.

'ആകാശദൂത്' എന്ന ചിത്രത്തില്‍ മരണത്തെ മുഖാമുഖം കണ്ട് അതിനു കീഴടങ്ങും മുന്‍പേ തന്റെ പറക്കമുറ്റാത്ത മക്കളെ സുരക്ഷിതത്വത്തിന്റെ തണലുകളിലെത്തിക്കാന്‍ പ്രാണന്‍ കയ്യില്‍ പിടിച്ചുകൊണ്ടു പിടയുന്ന ഒരമ്മ മനസ്സിന്റെ നെഞ്ചെരിവായിരുന്നു പ്രേക്ഷകമനസ്സിനെ മഥിച്ചതും കീഴടക്കിയതും. പക്ഷേ, ഡെന്നിസ് ശഠിച്ചു പറഞ്ഞത് ആ ചിത്രത്തിന്റെ പ്രകൃതത്തിനിണങ്ങാതെ അതില്‍ ബലാല്‍ നിവേശിപ്പിച്ച സംഘട്ടനരംഗങ്ങളാണ് ചിത്രത്തെ വിജയിപ്പിച്ചതെന്നാണ്!

അറിഞ്ഞുകൊണ്ടങ്ങനെ കള്ളം പറയാം. പക്ഷേ, പറഞ്ഞത് അതില്‍ വിശ്വസിച്ചുകൊണ്ടാകുമ്പോഴോ?

മുഖസ്തുതി പറഞ്ഞാല്‍ മനസ്സുകൊണ്ട് അതിലഭിരമിക്കുമായിരുന്നു ഞാനടക്കം പലരേയും പോലെ ഡെന്നിസ് ജോസഫും. പക്ഷേ, അതൊരിക്കലും പുറത്തുകാണിക്കില്ല. നേരല്ലേ നേരുതന്നെയല്ലേ ഈ പറഞ്ഞതെന്ന നിസ്സാര ഭാവം പുലര്‍ത്തി അവിടെയും സ്‌കോര്‍ ചെയ്യും. വിമര്‍ശനങ്ങള്‍ക്കു നേരെ വാദമുഖങ്ങള്‍ നിരത്തി അവയുടെ കൊമ്പും മുനയുമൊടിക്കുന്നതിലുമുണ്ടായി ഇതേ വിരുത്. 

അപദാനങ്ങള്‍ പാടിനടന്നവരേയും ഒളിയമ്പുകളെയ്തവരേയും ഒരുപോലെ അകലത്തില്‍ നിറുത്തി ഡെന്നിസ്. പുകഴ്ത്തലുകള്‍ക്കു മുന്‍പില്‍ ഈ പറയുന്നതില്‍ പലതും തനിക്ക് ഇണങ്ങുന്നതല്ലെന്ന് ഡെന്നിസിനോളം അറിഞ്ഞവര്‍ ആരുമില്ല. ഇകഴ്ത്തുന്നവരെ പുച്ഛിക്കാന്‍ കഴിഞ്ഞത് അവര്‍ ചൂണ്ടിക്കാണിച്ചതല്ല. അതിലുമേറെ പിഴവുകളും കുറവുകളും അതിലുണ്ടെന്നു സ്വയമറിഞ്ഞിരുന്നതുകൊണ്ടാണ്. ഡെന്നിസിനെക്കാള്‍ അലിവില്ലാതെ ഡെന്നിസിനെ വിമര്‍ശിക്കുന്ന മറ്റൊരാളുണ്ടായിട്ടില്ല.

താനെത്രയുണ്ടെന്നും അത്രയേ ഉള്ളൂവെന്നും അറിയുക ചെറിയ കാര്യമല്ല.

അതല്ലാതുള്ള ഭാവം ഒരാവരണമാണ്. ആ ആവരണത്തിനു കനമേറിയേറി അതിനു താഴെയുള്ള യഥാര്‍ത്ഥം പ്രാപ്യമാകാതെ പോകാമെന്നത് വല്ലാത്ത അപകട മുനയാണ്. അതിലൂടെയായിരുന്നു ഡെന്നിസിന്റെ പിന്നെ പിന്നിട്ടുള്ള സഞ്ചാരം. തുടര്‍ച്ചയായി താനല്ലാത്ത മറ്റൊന്നായി ഭാവിക്കുമ്പോള്‍ അവനവന്റെ ഉള്ളറയില്‍ നിതാന്ത ശ്രദ്ധയോടെ ചെറുത്തുനില്‍ക്കാനായില്ലെങ്കില്‍ സ്വയം നഷ്ടപ്പെടുക എന്ന വലിയ ദുരന്തമാണ് പിന്നെ.

I am confused between what I know I really am, and what I pretend I am എന്ന പൊള്ളുന്ന അവസ്ഥയിലെത്തിപ്പെടുകയെന്നത് വീണ്ടെടുപ്പു ദുഷ്‌കരമാക്കുന്ന ഒരവസ്ഥാദുര്യോഗമാണ്.

മോഹൻലാലും ഡെന്നിസും
മോഹൻലാലും ഡെന്നിസും

തുടര്‍ച്ചയായ വിജയം, പലവുരു ആവര്‍ത്തിച്ചാവര്‍ത്തിച്ചു മടുപ്പുണര്‍ത്തുന്ന സഞ്ചാരമാര്‍ഗ്ഗങ്ങള്‍... ഇവ രണ്ടും ആപല്‍ക്കരമായ ഒരു ചെടിപ്പ് സൃഷ്ടിക്കും. പിന്നെ മനസ്സ് അതിനിണങ്ങാത്ത തലങ്ങളില്‍ ഒട്ടും ഏകാഗ്രതയില്ലാതെ അലയും. Flirting with indifference എന്നു പറയാമതിന്. ഈ അവസ്ഥയില്‍നിന്നു സ്വയംകുടഞ്ഞു മോചിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നത്തെ വീഴ്ച നിലയില്ലാ കയത്തിലേയ്ക്കാണ്. 

ബോധാബോധങ്ങള്‍ക്കതീതനായി ലഹരിത്തോണിയില്‍ ദിക്കറ്റു നടത്തിയ യാത്രയ്ക്കിടയില്‍ പെട്ടെന്നൊരു നിമിഷം ഡെന്നിസ് ജോസഫ് ഞടുങ്ങിയുണര്‍ന്ന്, തിരിച്ചറിവിന്റെ പൊള്ളുന്ന വെളിച്ചത്തില്‍ തന്റെ സത്തയ്‌ക്കേറ്റ പരിക്കുകള്‍ സ്വയം നഗ്‌നനായി കണ്ടറിഞ്ഞിരിക്കണം. ശീലങ്ങളൊക്കെ ഉപേക്ഷിച്ചു തുടക്കത്തിലെ അതേ വേവു മനസ്സോടെ പുതിയ കാലത്തിന്റെ ആത്മഭാവങ്ങളില്‍ സ്വയമടയാളപ്പെടുത്താനുള്ള യജ്ഞം സാഫല്യത്തോടടുക്കാന്‍ കുതിക്കുമ്പോഴാണ് സമയതീരത്തിനക്കരെനിന്നും അലിവില്ലാത്ത പിന്‍വിളി!

പറയാനാകുമായിരുന്നതു പറയാതെ, ആവിഷ്‌കരിക്കാന്‍ കഴിയുമായിരുന്നതു മൂശയില്‍ ബാക്കിനിര്‍ത്തി, ഇനിയുമിനിയും ഡെന്നിസിനു മാത്രം തെളിക്കാന്‍ കഴിയുന്ന പുതിയ ചാലുകളെ അനാഥമാക്കിക്കൊണ്ടാണ് പൊടുന്നനെയുള്ള വിടവാങ്ങല്‍.

ഇതു ദുഃഖിപ്പിക്കുന്നു, പ്രിയമുള്ള ഡെന്നിസ്... വല്ലാതെ ദുഃഖിപ്പിക്കുന്നു!

സ്വസ്തി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com